Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

7 Sept 2010

ഗോവിന്ദപ്പിള്ളയുടെ ശ്രീധരമേനോന്‍ നിന്ദയിലെ ചില അവാസ്തവങ്ങള്‍

ശ്രീധരമേനോനെ ആക്രമിക്കുന്ന ഒരു ലേഖനം പി ഗോവിന്ദപ്പിള്ള മലയാളം വാരികയിലെഴുതിയിരിക്കുന്നു. പി ഡി എഫ് നോക്കുക.  ഗോവിന്ദപ്പിള്ള പല അവാസ്തവങ്ങളും അതില്‍ പറയുന്നു. എന്തിനാണാവോ അദ്ദേഹം അങ്ങനെ ചെയ്യുന്നത്?
പക്ഷേ സര്‍ സി പി രാമസ്വാമി അയ്യരുടെ മര്‍ദ്ദനവാഴ്ചയെ ന്യായീകരിക്കാനും അദ്ദേഹത്തെ വാഴ്ത്താനും തീരുമാനിച്ചിരുന്ന മേനോന്...
കേരളവും സ്വാതന്ത്ര്യസമരവും എന്ന പുസ്തകത്തില്‍ ശ്രീധരമേനോന്‍ സി പിയുടെ  മര്‍ദ്ദനവാഴ്ചയെ ന്യായീകരിക്കുന്നില്ലെന്നു മാത്രമല്ല, റൌഡികളെ ഉപയോഗിച്ചു പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും നേതാക്കളെ ആക്രമിക്കാനും സി പി തുനിഞ്ഞതിനെപ്പറ്റി പറയുന്നുമുണ്ട്. സര്‍ സി പിയുടെ കുതന്ത്രങ്ങള്‍ എന്ന തലക്കെട്ടിനു കീഴെയും അല്ലാതെയും മേനോന്‍ ദിവാന്‍റെ നെറികേടുകളെപ്പറ്റിയും സ്വേച്ഛാധിപത്യത്തെപ്പറ്റിയും പറയുന്നു.
മേനോന്റെ കമ്യൂണിസ വിരോധത്തെപ്പറ്റിയും ഗോവിന്ദപ്പിള്ള എഴുതിയിരിക്കുന്നു. പക്ഷേ,
"പുന്നപ്രയിലെയും വയലാറിലെയും മഹത്തായ കമ്യൂണിസ്റ്റ് വിപ്ലവം" എന്നൊക്കെയാണ് കള്ളക്കളികള്‍ നിറഞ്ഞ ആ കലാപങ്ങളെ മേനോന്‍ വാഴ്ത്തുന്നത്. ഇതു പക്ഷേ മേനോന്റെ ചരിത്രബോധത്തെയാണ് കാട്ടുന്നതെന്നു പറയാന്‍ വയ്യ. 
ഇ എം എസ് നമ്പൂതിരിപ്പാട് എന്ന തന്നെപ്പൊക്കി തട്ടിപ്പു ചരിത്രകാരന്‍ തന്റെ നാലു കേരളചരിത്രങ്ങളില്‍ ഒരിടത്തും പരാമര്‍ശിക്കാതെ വിട്ട കയ്യൂരിനെപ്പറ്റി ഒന്നൊന്നര പേജില്‍ എഴുതിയിട്ടുമുണ്ട്.അപ്പോള്‍ മേനോന്റെ കമ്യൂണിസ്റ്റ് വിരോധംകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് നഷ്ടമില്ല, നേട്ടമേയുള്ളൂ. ഒന്നുകില്‍ ഗോവിന്ദപ്പിള്ള മേനോന്റെ പുസ്തകം നോക്കിയിട്ടില്ല. അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പതിവു രീതിയനുസരിച്ചുള്ള  നുണപ്രചരണമാവണം അദ്ദേഹം ഉദ്ദേശിച്ചത്.

ഇ എം എസ്സിനെപ്പറ്റി ഈ പറയുന്നതിനെ ഓര്‍മ്മത്തെറ്റ് എന്നു പറയാനാവുമോ എന്നറിഞ്ഞുകൂട.
1930-ല്‍ ഉപ്പു സത്യാഗ്രഹം തുടങ്ങി സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുക്കുകയും...
ഇ എം എസ് 1930 ല്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തില്ല. അതിനെ ന്യായീകരിക്കാന്‍ പല തന്ത്രങ്ങളും ആത്മകഥയില്‍ പയറ്റുന്നുമുണ്ട്. സത്യാഗ്രഹം വേഗം പിന്‍വലിക്കുമെന്നൊരു ശ്രുതിയുണ്ടായിരുന്നു. അപ്പോള്‍ അതില്‍ പങ്കെടുത്തു ജയിലില്‍‌ പോയാല്‍ പഠിപ്പു നഷ്ടപ്പെടുന്നതുമാത്രമേ മെച്ചമുണ്ടാവൂ എന്ന ന്യായവാദം. അന്ന് തൃശ്ശൂരില്‍നിന്ന് അതില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ അവര്‍ കോളജ് വിട്ട് സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കാന്‍ സമയമായിട്ടില്ല എന്നു പറഞ്ഞ്  കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചയയ്ക്കുകയായിരുന്നു എന്ന് പിന്നോട്ടു പ്രക്ഷേപിക്കുന്ന ന്യായീകരണം (ഇതു പിന്നീട് കോങ്ങോട്ടില്‍ രാമന്‍ മേനോന്‍ അദ്ദേഹത്തോട് പറഞ്ഞതാണത്രെ) എന്നിങ്ങനെ. ഇതൊക്കെ മറന്നു പോവാമെന്നു വെയ്ക്കാം. പക്ഷേ 1930 ലെ സമരത്തില്‍ പങ്കെടുക്കാഞ്ഞതും അതിനു മുമ്പ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് സൈമണ്‍ കമ്മിഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ക്ലാസ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടും നേരം വന്നപ്പോള്‍ ഭയപ്പെട്ട് ക്ലാസില്‍ കയറിയതും ഇദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചിരുന്നതായും അതുകൊണ്ട് 1932 ലെ നിയമലംഘനസമരത്തില്‍ മുന്‍പിന്‍ നോക്കാതെ പങ്കെടുത്ത് ജയിലില്‍ പോവാന്‍ തയ്യാറായതും ഇദ്ദേഹം ആത്മകഥയില്‍ സാമാന്യം വിസ്തരിക്കുന്നത് മറന്നു പോയാല്‍ ഇ എം എസ്സിന്റെ സ്വാതന്ത്ര്യസമരത്തിലെ പങ്കിനെപ്പറ്റി പറയാന്‍ താങ്കള്‍ ആളല്ല പീജീ.

ഗോവിന്ദപ്പിള്ള ഇങ്ങനെ ഇകഴ്ത്തുന്ന ശ്രീധരമേനോനെപ്പറ്റി ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞത് ചേര്‍ത്തുവെയ്ക്കുന്നത് രസമാണ്. കെ എന്‍ ഗണേശിന്റെ കേരളത്തിന്റെ ഇന്നലെകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് 1990 ല്‍ ഇ എം എസ് നടത്തിയ പ്രസംഗം തമിഴകത്തിന്റെയും ആര്യാവര്‍ത്തത്തിന്റെയും തണലില്‍ എന്ന പേരില്‍ പല സമാഹാരങ്ങളിലായി പല പതിപ്പുകളിറങ്ങിയിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെ:
ഐതിഹ്യങ്ങളെ തീര്‍ത്തും തള്ളിക്കളഞ്ഞുകൊണ്ടും ഭൌതികവസ്തുക്കളുടെ തെളിവിനെമാത്രം ആസ്പദമാക്കിക്കൊണ്ടും ചരിത്രം രചിക്കുന്ന രീതി വന്നുകഴിഞ്ഞിട്ടുണ്ട്. അതനുസരിച്ച് രണ്ടു ഗ്രന്ഥങ്ങളെങ്കിലും പഠിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ശ്രീധരമേനോന്റെ കേരള ചരിത്രം, ഗോപാലകൃഷ്ണന്റെ കേരള സംസ്കാര ചരിത്രം.
അക്കൂട്ടത്തില്‍പ്പെട്ട ഒന്നാണ് ഗണേശിന്റെ പുസ്തകമെന്നു തുടര്‍ന്നു പറയുന്നുണ്ട്. അതായത് ഗോപാലകൃഷ്ണനെയും ഗണേശിനെയും പോലുള്ള രണ്ടു പാര്‍ട്ടിക്കാരായ ചരിത്രകാരന്മാരെപ്പോലെതന്നെ വസ്തുനിഷ്ഠ ചരിത്രകാരനാണ് നമ്പൂതിരിപ്പാടിന്റെ കണ്ണില്‍ ശ്രീധരമേനോന്‍. ഗോവിന്ദപ്പിള്ള തന്റെ ലേഖനത്തില്‍ അവതരിപ്പിക്കുന്ന നീണ്ട ലിസ്റ്റിലെ ചരിത്രകാരന്മാരുടെ അതേ വിശേഷം തന്നെയാണ് മറ്റുവാക്കുകളില്‍ ഇ എം എസ് ശ്രീധരമേനോന് ചാര്‍ത്തിക്കൊടുത്തത്. ആ പ്രസംഗം ചെയ്ത അതേ കാലത്ത്  ഇ എം എസ് കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന പുസ്തകത്തില്‍ പ്രാചീന കേരളത്തെക്കുറിച്ചു പറയാന്‍ ശ്രീധരമേനോന്റെ ഗോവിന്ദപ്പിള്ള പഴിക്കുന്ന അതേ പുസ്തകത്തില്‍നിന്ന് നെടുങ്കന്‍ ഉദ്ധരണികള്‍ പലതും ചേര്‍ത്തിട്ടുണ്ട്. 
ഗോവിന്ദപ്പിള്ള പറഞ്ഞ കുഴപ്പമൊന്നും ഇ എം എസ്സിനു തോന്നിയിട്ടില്ല. പിന്നെന്തിനാണ് ഇ എം എസ്സിനെ ചവച്ചു നടക്കുന്ന പി ഗോവിന്ദപ്പിള്ളയ്ക്കു ഇത്ര അരിശം?
(സര്‍ സി പി എന്ന നീചനായ ദിവാനെ ന്യായീകരിച്ചുകൊണ്ടാണ് ശ്രീധരമേനോന്‍ അയാളുടെ ജീവചരിത്രം രചിച്ചതെന്ന് സി പി യുടെ സുഹൃത്തായ നൂറാണി എഴുതിയത് വായിച്ചശേഷം മേനോനോട് മതിപ്പു വളരെ കുറവാണെനിക്ക്. പുന്നപ്രയും വയലാറും പോട്ടെ. ഭരണകാലം മുഴുവന്‍ റൌഡികളായിരുന്നു സാമൂഹ്യപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കൈകാര്യം ചെയ്യാന്‍ സി പിയുടെ ആയുധം.)

22 Jul 2010

മലയാളം ബ്രിട്ടാനിക്കാതട്ടിപ്പും ഉപഭോക്തൃകോടതി വിധിയും

മലയാളം ബ്രിട്ടാനിക്ക എന്ന പുസ്തകത്തിനെതിരെ കോഴിക്കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ആറു വര്‍ഷമായി ഇഴഞ്ഞുവന്ന കേസ് ഒടുക്കം വിധിയായി. വളരെ രസകരമാണ് ഉത്തരവ്. പരാതിക്കാരന് പുസ്തകത്തിന്റെ വില, ആയിരം രൂപ നഷ്ടപരിഹാരം, അഞ്ഞൂറു രൂപ കോടതിച്ചെലവ് എന്നിവ നല്കാന്‍ ഡി സി ബുക്സിനോടു നിര്‍ദ്ദേശിക്കുന്ന ഈ ഉത്തരവ് പരാതിക്കാരന്റെ ആവശ്യം ഭാഗികമായി അംഗീകരിക്കുന്നുവത്രെ.
കേസിലെ എതിര്‍കക്ഷികളില്‍ ഒരാളായ ഡി സി ബുക്സിനെ മാത്രമാണ് വിധി പരാമര്‍ശിക്കുന്നതു പോലും. ബാക്കിയുള്ള എതിര്‍കക്ഷികള്‍ക്കുനേരെ ഫോറം അങ്ങു കണ്ണടച്ചു കളഞ്ഞു!  മലയാളം ബ്രിട്ടാനിക്ക എന്ന പൊട്ടച്ചരക്കിന്റെ എഡിറ്ററായി പുസ്തകത്തില്‍ കാണുന്ന തിയോഡോര്‍ പാപ്പസ് എന്നയാളെപ്പറ്റി ഓര്‍ഡറില്‍ പരാമര്‍ശമേയില്ല. 
ഇത്തരം ഫോറങ്ങളില്‍ അത്യാവശ്യം വിദ്യാഭ്യാസം നേടാത്തവരെ രാഷ്ട്രീയസ്വാധീനത്തിനും മറ്റും മേല്‍ ഇരുത്തിയാല്‍ എന്തുണ്ടാവുമെന്ന് ഈ വിധി വ്യക്തമായി കാണിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യജ്ഞാനം ഇല്ലാത്ത ഒരു വ്യക്തിയാണ് ഈ ജഡ്ജ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് വായിച്ചുതുടങ്ങുമ്പോഴേ അറിയാം. Cross reference എന്നു കേട്ടിട്ടില്ലാത്ത ആള്‍ gross reference എന്ന് രണ്ടു തവണ ആവര്‍ത്തിക്കുന്നത് രണ്ടാമത്തെ പേജിന്റെ ഏതാണ്ട് തുടക്കത്തിലേ കാണാം. "updated dictionary of National Biography of Oxford University contended mistakes:" എന്നൊക്കെ എഴുതാന്‍ ചില്ലറ വിവരക്കേടൊന്നും പോരാ. Content (ഉള്ളടക്കം) noun എങ്കില്‍ verb contend എന്നായിരിക്കണം വിചാരം! Oxford Universityയുടെ ദേശീയ ജീവചരിത്രത്തിന്റെ ഡിക്ഷനറി! Oxford Dictionary of National Biography എന്നതാണ് സാധനം. 
മലയാളം ബ്രിട്ടാനിക്ക എന്ന പേരില്‍ പരസ്യംചെയ്ത  തട്ടിപ്പു പുസ്തകം എങ്ങനെയൊക്കെ ആളെപ്പറ്റിക്കുന്നു എന്നു വെളിപ്പെടുത്താന്‍ വിപുലമായ ഉദാഹരണങ്ങളും വസ്തുതകളും നിരത്തുന്നതായിരുന്ന പരാതി. ഏതാനും കാര്യങ്ങള്‍ ഇവിടെ പറയാം.
1.മലയാളം ബ്രിട്ടാനിക്ക ഇറക്കുന്നു എന്നു വ്യാപകമായി പ്രചാരണം നടത്തിയ പ്രസാധകര്‍ അവസാനം പ്രസിദ്ധീകരിച്ചത് മലയാളം എന്‍സൈക്ലോപീഡിയ, ഡെസ്ക് റെഫറന്‍സ് എന്നു പേരുള്ള ഒരു പുസ്തകമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഉള്ളടക്കം കേരളത്തിലെ വായനക്കാര്‍ക്ക് അനുയോജ്യമായി adapt ചെയ്തു പ്രസിദ്ധീകരിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇറക്കിയതാവട്ടെ Britannica Concise Encyclopedia എന്ന ഒരു ഒറ്റ വാല്യം പുസ്തകത്തിന്റെ തര്‍ജ്ജമയും. തര്‍ജ്ജമ എന്നു പറഞ്ഞാല്‍ എന്തു തരമാണെന്ന് ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും.
2. പുസ്തകം നിറയെ അസംബന്ധവും വിവരക്കേടുമാണ്. ആറു കിലോമീറ്റര്‍ നീളമുള്ള പാമ്പിനെയൊക്കെക്കാണാം പുസ്തകത്തില്‍. ഇത്തരം വിവരക്കേടുകളുടെ ഡസന്‍ കണക്ക് ഉദാഹരണങ്ങള്‍ നിരത്തിയിരുന്നു.
3. പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പ് നുണകളുടെ ഒരു കൂമ്പാരമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഉള്ളടക്കം ലോകത്താദ്യമായി മലയാളത്തിലാണ് പരിഭാഷ ചെയ്യപ്പെടുന്നതെന്ന കാര്യത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് രവി ഡി സി അവിടെ തട്ടിവിട്ടിരിക്കുന്നു. അതുമാത്രമല്ല, പുസ്തകത്തിലെ entries ന്റെ എണ്ണത്തെക്കുറിച്ചും അതില്‍ നുണ പറയുന്നു.
4. ക്രോസ് റെഫെറെന്‍സുകള്‍ മിക്കതും വ്യാജമാണ്. ഒന്നാം പേജില്‍ ഇരുപതിലധികം വരുന്ന ക്രോസ് റെഫറന്‍സുകള്‍ മുക്കാലും വ്യാജമാണ്.  ഇതിലും മോശമാണ് തുടര്‍ന്നങ്ങോട്ട്.
5. ഒരേ ലേഖനം രണ്ടു പേരില്‍ ആവര്‍ത്തിക്കുന്നു എത്രയോ ഇടത്ത്.  ഉദാഹരണത്തിന് നാരകം എന്ന  പേരിലും സാത്തുക്കുടി എന്ന പേരിലും ലേഖനങ്ങളുണ്ട്. രണ്ടിന്റെയും ഉള്ളടക്കം ഒന്നുതന്നെ. പക്ഷേ രണ്ടു മണ്ടന്‍മാര്‍ വെവ്വേറെ പരിഭാഷ ചെയ്തതിനാല്‍ ഇത്തരം ആവര്‍ത്തനങ്ങളില്‍ പരിഹാസ്യമായ വൈരുദ്ധ്യമുണ്ട്. സുഹൃത്സഭ, സൊസൈറ്റി ഓഫ് ഫ്രണ്ട്സ് എന്നീ പേരുകളില്‍ ഒരേ ഉള്ളടക്കം ആവര്‍ത്തിക്കുന്നു. പക്ഷേ രണ്ടിലുമുള്ള വൈരുദ്ധ്യം നോക്കൂ.
ദൈവമെന്ന വാക്ക് കേട്ടാലുടനെ അവര്‍ക്ക് വിറയലുണ്ടായി എന്നു പറഞ്ഞുകൊണ്ട് ഒരു ജഡ്ജിയാണ് ഈ പേരു നല്കിയത് (പുറം 2309)
ദൈവവചനംവിറയലോടെ ശ്രവിക്കുവാന്‍ ഇവരോട് കല്പിച്ച ഒരു ന്യായാധിപന്‍ ഇവര്‍ക്ക് പേരു നല്കിയ വര്‍ഷം (പുറം 2264)
ഇങ്ങനെ പരിഹാസ്യമായ വൈരുദ്ധ്യങ്ങളോടെ രണ്ടുപേരില്‍ ആവര്‍ത്തിക്കുന്ന എന്‍ട്രികള്‍ ഡസന്‍ കണക്കാണ്.

ഇതും ഇതിലപ്പുറവും ഉദാഹരണങ്ങള്‍ നിരത്തി ഈ പുസ്തകം റെഫെറന്‍സിനോ മറ്റെന്തിനെങ്കിലുമോ ഉതകില്ല എന്നു ചൂണ്ടിക്കാണിച്ച പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെയാവണം വിധി എഴുതിയത്. വായിച്ചാലും മനസ്സിലായെങ്കിലല്ലേ. തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍ അതു വ്യക്തമാക്കും.
2008-ല്‍ സമാനമായ ഒരു കേസില്‍ സംസ്ഥാന ഉപഭോക്തൃകോടതിയുടെ ഒരു വിധിയുണ്ടത്രെ. പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ പ്രസാധനം നിറുത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ മാത്രം ഗൌരവമുള്ളതല്ലെന്ന്. അതും ഇതുമായി എന്തു ബന്ധം? ആ പുസ്തകത്തില്‍ അങ്ങനെയുള്ള തെറ്റുകളേയുള്ളൂ എന്നു സംസ്ഥാന ഫോറം വിധിച്ചാല്‍ എല്ലാ പുസ്തകത്തിലും അത്തരം തെറ്റുകളേ ഉണ്ടാവൂ എന്നുണ്ടോ? എന്നാല്‍ ഇങ്ങനെയൊരു വിധിയുടെ പകര്‍പ്പ് എതിര്‍ കക്ഷികള്‍ ഹാജരാക്കിയതായി പരാതിക്കാരനോ പരാതിക്കാരന്റെ വക്കീലോ അറിഞ്ഞിട്ടില്ല. exhibit ആയി അങ്ങനെയൊന്നും ലിസ്റ്റ് ചെയ്തിട്ടുമില്ല.
എന്നാല്‍ ഈ വിധി അവിടെയൊന്നും നില്ക്കുന്നില്ല. ഇതു നോക്കൂ.
The opposite parties have later on corrected the mistake in erratum of 300 pages.
We equally appreciate the effort taken by the opposite party for rectifying the mistakes and publishing the erratum.
എതിര്‍കക്ഷി മലയാളം ബ്രിട്ടാനിക്കയിലെ തെറ്റുകള്‍ അടങ്ങുന്ന ഒരു erratum 300 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചത്രെ. ഇങ്ങനെയൊരു കാര്യം ഡി സി ബുക്സ് ചെയ്തതായി അവര്‍ തന്നെ പറഞ്ഞിട്ടില്ല. പിന്നെ വിധി എഴുതിയ ഫോറം അംഗത്തിന് ഇതെവിടെന്നു കിട്ടി? 
കാര്യമിത്രയേയുള്ളൂ. ഡി സി ബുക്സ് അവരുടെ കൌണ്ടര്‍ അഫിഡവിറ്റില്‍ Oxford Dictionary of National Biography (DNB) യിലെ ആദ്യ എഡിഷനിലെ തെറ്റുകളെപ്പറ്റിയും അതിനു പിന്നീട് പ്രസാധകരിറക്കിയ 300 പേജുള്ള erratum ത്തെപ്പറ്റിയും പറഞ്ഞിരുന്നു, തങ്ങളുടെ തെറ്റുകളെ ന്യായീകരിക്കാനായി.  അഞ്ചുകൊല്ലം മുന്‍പ് പുതിയ എഡിഷനിറങ്ങിയപ്പോള്‍ വന്ന വാര്‍ത്തയില്‍ നൂറ്റിപ്പത്തുകൊല്ലം മുമ്പിറങ്ങിയ DNBയുടെ ആദ്യ എഡിഷനിലെ  തെറ്റുകളെപ്പറ്റിയും അതിനുണ്ടായ 300 പേജ് ഇറാറ്റത്തെപ്പറ്റിയും പരാമര്‍ശിക്കുന്നു. വാര്‍ത്ത ഇവിടെക്കാണാം. DNBയുടെ ഇറാറ്റത്തെപ്പറ്റി വിധിയിലും പറയുന്നുണ്ട്. എന്നാല്‍ ഫോറം ആ erratum ഡി സി ബുക്സ് മലയാളം ബ്രിട്ടാനിക്കക്ക് ഇറക്കിയ erratum ആയിക്കൂടി വിചാരിച്ചുപോയി! ഇല്ലാത്ത ഒരു erratum പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞ് ഡി സി ബുക്സിനെ ശ്ലാഘിക്കാനും അവര്‍ മറന്നില്ല.
 ഒരു വകയ്ക്കും കൊള്ളാത്ത ചവറ് മൂന്നു വാല്യത്തിലിറക്കി രണ്ടായിരത്തിനടുത്തു രൂപയും വാങ്ങി പത്തിരുപത്തയ്യായിരം പേരുടെ പിടലിക്ക് കെട്ടിവെച്ച മിടുക്കിന് പ്രസാധകര്‍ എന്തായാലും പ്രശംസ അര്‍ഹിക്കുന്നുണ്ട്.
വിധി പൂര്‍ണ്ണരൂപത്തില്‍ താഴെക്കാണാം.

14 Apr 2010

ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി

ഇ എം എസ് എക്കാലത്തും അഭിമാനത്തോടെ പൊക്കിപ്പിടിച്ചു നടന്ന സ്വന്തം കൃതിയായ കേരളം മലയാളികളുടെ മാതൃഭൂമിയെപ്പറ്റി അദ്ദേഹം തന്നെ 1994 ല്‍ പറഞ്ഞ ഒരു നുണ അദ്ദേഹത്തിന്റെ ഭക്തന്മാരായ ഏതാനും ബ്ലോഗെര്‍മാരെ കുഴിയില്‍ക്കൊണ്ടുപോയി ചാടിച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്. 
കുഴിയില്‍ച്ചാടിയത് കൊഴണാശ്ശേരിക്കാരനും അയാളുടെ ബ്ലോഗില്‍ പിന്തുണയുമായെത്തിയ സി പി എം ബ്ലോഗെര്‍മാരുമാണ്.
ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും
അഗ്രിഗേറ്ററില്‍ ബുക്മാര്‍ക് ചെയ്തും ഷെയര്‍ ചെയ്തും കൊഴണാശ്ശേരിക്കാരനെ അവര്‍ ആവേശപൂര്‍വ്വം സ്വീകരിക്കുകയും കാലിക്കോസെന്‍ട്രിക്കിന് നേര്‍വഴി ഉപദേശിക്കുകയും ചെയ്തു.
പീറ ശാസ്ത്രജ്ഞനായ ഗോപാലകൃഷ്ണനൊപ്പം കാലിക്കോസെന്‍ട്രിക്കിന്റെയും ശനിദശ ആരംഭിച്ചെന്ന് ഒരു സി പി എമ്മുകാരന്‍ അവിടെ പറഞ്ഞിട്ടിട്ടുണ്ട്.  കാലിക്കോസെന്‍ട്രിക്കിന്റെ മുഖഭാവം വരെ ചിത്രീകരിച്ച ആ വിവരദോഷിയും കൂട്ടരും ഇ എം എസ് നേരിടുന്ന ശനിദശയെപ്പറ്റി അറിയാതിരിക്കാന്‍ കണ്ണ് ഇറുക്കിച്ചിമ്മിയിരിക്കുകയോ മണലില്‍ തലപൂഴ്ത്തിയിരിക്കുകയോ ആണ്. അത് കാലിക്കോസെന്‍ട്രിക്ക് തോണ്ടിയെടുത്തു ബ്ലോഗിലിട്ട ഇ എം എസ് വിവരക്കേടുകൊണ്ടോ കള്ളത്തരങ്ങളെക്കൊണ്ടോ അല്ല. താനേ വന്നുകൂടിയതാണ്. മുന്‍പൊരിക്കല്‍  പറഞ്ഞകാര്യം  ആവര്‍ത്തിക്കുകയാണ്. ഇ എം എസ് സമ്പൂര്‍ണ്ണകൃതികളോളം വലിയൊരു പ്രസാധന സംരഭം ഏതെങ്കിലുമൊരു എഴുത്തുകാരന്റെ കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുണ്ടായതാവട്ടെ ഇന്റെര്‍നെറ്റ് എന്ന മീഡിയത്തിന്റെ ആവിര്‍ഭാവത്തിനു ശേഷവും. ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതുപോയിട്ട് സമ്പൂര്‍ണ്ണകൃതികളെപ്പറ്റി എന്തെങ്കിലും വിവരം ലഭ്യമാവേണ്ടേ. ഇല്ല. സി പി എമ്മിന് പലവകുപ്പിലായി എത്ര വെബ്സൈറ്റുകളുണ്ട്. ഇ എം എസിന്റെ പേരില്‍ പഠന-ഗവേഷണ സ്ഥാപനങ്ങള്‍ തന്നെ കാണും കുറെ. എന്തിനാണ്  ആര്‍ക്കുവേണ്ടിയാണ് ഇവര്‍ "സമ്പൂര്‍ണ കൃതികള്‍" പ്രസിദ്ധീകരിക്കുന്നത്? ഇറങ്ങിയ സഞ്ചികകളുടെ ഇന്‍ഡെക്സെങ്കിലും ലഭ്യമാക്കാനാവില്ലേ? സി പി എമ്മുകാരായ ബ്ലോഗെര്‍മാര്‍ ഡസന്‍ കണക്കിനുണ്ട്. ഇവരൊക്കെ വേറെപ്പണിയൊന്നുമില്ലാത്തതുകൊണ്ട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒക്കെ ബ്ലോഗിലിട്ട് വിപ്ലവപ്രവര്‍ത്തനം നടത്തുകയാണ്. ഇവരൊക്കെ ഇ എം എസ് ഭക്തന്മാരായും വേഷംകെട്ടുമെങ്കിലും ആരും ഇ എം എസ് കൃതി ഒന്നുപോലും കണ്ടമട്ടില്ല.  തുടങ്ങിക്കുടുങ്ങിയ ഒരു പദ്ധതിയാണ് ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ എന്നുറപ്പാണ്.
സ്വന്തം കൃതിയെക്കുറിച്ച് ഇ എം എസ് പറഞ്ഞ നുണയിതാണ്.

കേരളചരിത്രത്തെ സംബന്ധിച്ച് ഞാന്‍ ചരിത്രഗ്രന്ഥം പഠിക്കാന്‍ തുടങ്ങിയ കാലത്ത് പരശുരാമന്‍ കടലില്‍നിന്ന് പൊക്കിയെടുത്തതാണ് കേരളം എന്നുള്ളതായിരുന്നു പ്രബലമായ ധാരണ. അതിന് ചില വ്യാഖ്യാനങ്ങള്‍ ചിലര്‍ നല്‍കിയിരുന്നു. പിന്നീടു വന്നത് ജാതിവ്യവസ്ഥയാണ്. വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു. അതേസമയത്ത് കേരളത്തിലെ മറ്റൊരു പ്രബല ജാതിയായ ഈഴവര്‍ സിലോണില്‍നിന്ന് (ഇപ്പോഴത്തെ ശ്രീലങ്ക) വന്നവരാണ്. ഇതെല്ലാം പുസ്തകത്തിലുണ്ടായിരുന്നതാണ്. ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു. ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്. ആര് എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം. (വര്‍ഗ്ഗസമരം ഇന്ത്യാ ചരിത്രത്തില്‍ എന്ന 1994 ലെ പ്രസംഗത്തില്‍നിന്നാണ് ഈ ഉദ്ധരണി. തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 1996, ഡി സി ബുക്സ്, പുറം 220)
"എന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥം" കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയാണ്. 1948-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയില്‍ വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു എന്നതിനെ താന്‍ ചോദ്യം ചെയ്തു എന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. എന്നാല്‍ കൃതി വാസ്തവത്തിലെന്താണ് പറയുന്നതെന്നു നോക്കാം. താഴെക്കാണുന്ന സ്കേന്‍ നോക്കുക.

ഇതില്‍ നമ്പൂതിരിമാര്‍ പുറമേനിന്നു വന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നുവന്നു, എവിടെനിന്നുവന്നു എന്നു തുടങ്ങിയ കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ.
എന്ന് 1948-ല്‍ താന്‍ എഴുതിവെച്ച കൃതിയെപ്പറ്റിയാണ് നമ്പൂതിരിപ്പാട് മേല്‍പ്പറഞ്ഞ നുണ പറയുന്നത്.
(സ്കേന്‍ ചെയ്ത പേജു പ്രകാരം തെക്കേ ഇന്ത്യയിലെ പ്രദേശങ്ങളില്‍നിന്നു വന്നതിനെപ്പറ്റിയാണ് ഇ എം എസ് പറയുന്നത്. ആ വ്യത്യാസം പക്ഷേ ഇവിടെ അപ്രസക്തമാണ്. ആന്ധ്രയില്‍നിന്നു വന്നവര്‍ തന്നെ ആര്യസംസ്കാരത്തിന്റെ വരവോടെ അവിടെ എത്തിയതാണെന്ന് തുടര്‍ന്നു പറയുന്നുണ്ട് നമ്പൂതിരിപ്പാട്.)
ഏതായാലും ഒരു കാര്യം ഉറപ്പാണ്. ആ വങ്കന്റെ ബ്ലോഗില്‍ ആഘോഷിക്കാനും ഉപദേശം ചൊരിയാനും ആവേശം കാട്ടിയ സി പി എം ബ്ലോഗെര്‍മാരൊന്നും ഇവിടെ ചര്‍ച്ചയ്ക്കു വരില്ല. ഇ എം എസ് പറഞ്ഞതെന്തെന്ന് നിഷേധിക്കാനാവാത്ത വിധം തെളിയിക്കുന്നതുകൊണ്ടല്ല, തെറ്റു ധരിക്കരുത്. അവരൊക്കെ വളരെ തിരക്കുപിടിച്ച ആളുകളായതുകൊണ്ടാണ്. 
(1948-ലെ പുസ്തകത്തിലെ നിലപാട് പിന്നീട് ഇ എം എസ് തിരുത്തി എന്നു പറയുന്നു. 1964-ല്‍ ഇതേ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനെഴുതിയ മുഖവുരയില്‍ നമ്പൂതിരിമാരുടെ വരവിനെ നിഷേധിക്കുന്നുണ്ട് നമ്പൂതിരിപ്പാട്. ഈ നിലപാട് മാറ്റത്തെക്കുറിച്ചൊക്കെ ദീര്‍ഘമായി എഴുതിയ ഒരാള്‍ക്ക് 1948 ല്‍ താനെന്താണ് എഴുതിയതെന്നു മറന്നുപോവാനൊന്നും ഇടയില്ല. സൌകര്യപൂര്‍വ്വം ഒരു നുണ തട്ടിവിട്ടതാണ് ചിന്തകന്‍ എന്നാണ് തോന്നുന്നത്.)

9 Apr 2010

ഡോ ബി ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി!


ഇതിനോടുകൂടി സപ്തംബര്‍ 2008ല്‍ ഡോ ഇക്ബാലിനെപ്പറ്റി ഞാനെഴുതിയ പോസ്റ്റ് ചേര്‍ത്തുവായിക്കുമ്പോഴാണ് രസം.
ബൌദ്ധിക സ്വത്താവകാശവും ബൌദ്ധിക സത്യസന്ധതയും
ഒരു പ്രബന്ധത്തിന്റെ മുക്കാല്‍ഭാഗവും കോപ്പിയടിച്ചെഴുതി സെമിനാറില്‍ അവതരിപ്പിച്ച ഡോ ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി പറയുന്നത് എന്തു തരം ഐറണിയാണ് സുഹൃത്തുക്കളേ? ഇയ്യാള്‍ക്ക് അപ്പറയുന്ന സംഗതി എള്ളോളമുണ്ടായിരുന്നെങ്കില്‍ (അല്ലെങ്കില്‍ ഞാന്‍ പറഞ്ഞശേഷം ഉണ്ടായിപ്പോയെങ്കില്‍) ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സിലിന്റെ വെബ്സൈറ്റിലെങ്കിലും കടപ്പാട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടാമായിരുന്നു.
ഡോക്റ്റര്‍ ഇക്ബാല്‍ അടിസ്ഥാനപരമായി ഒരു സി പി എമ്മുകാരനാണ് എന്നു പറഞ്ഞാല്‍ അതില്‍  അങ്ങോരെപ്പറ്റി പറയാനുള്ളതെല്ലാം അടങ്ങിയിരിക്കുന്നു. 
______________________________
ഡിസംബര്‍ 11
ഇന്നിതാ മനോരമയിലും ഈ ദേഹം ബൌദ്ധികസത്യസന്ധതയെപ്പറ്റി വാചകമടിക്കുന്നു!

28 Mar 2010

സി പി എമ്മും സൈബര്‍ക്രൈമും- ജനാധിപത്യവിശ്വാസികള്‍ ശ്രദ്ധിക്കുക

പിണറായി വിജയന്റെ വീടെന്ന വ്യാജേന ഇമെയിലില്‍ പ്രചരിച്ച വിവരത്തെപ്പറ്റി പൊലീസിനെക്കൊണ്ട്  നടപടിയെടുപ്പിച്ച് പിണറായി വിജയനും സി പി ഐ (എം) എന്ന ജനാധിപത്യവിരുദ്ധ സംഘടനയും ഒരു കാര്യത്തില്‍ വിജയിച്ചു, ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ മനസ്സില്‍ ഭയം നിറയ്ക്കാന്‍. ഇങ്ങനെ ഭയമുണ്ടായാലുള്ള മെച്ചം സി പി എം നേതാക്കന്മാരെപ്പറ്റി പറയാന്‍ ബ്ലോഗെര്‍മാരാരും ധൈര്യപ്പെടില്ല. നവസാക്ഷരയുടെ മുറിഇംഗ്ലീഷില്‍ ഗഹനമായ ആശയങ്ങളെന്നു ധരിച്ച് വങ്കത്തരം വിളമ്പി  നാണംകെടുന്ന വനിതാ നേതാവിന് ഒരു സര്‍വ്വകലാശാല ഡോക്റ്ററേറ്റ് നല്കിയാല്‍ പോലും അതൊന്നും ബ്ലോഗിലോ ഗ്രൂപ്പുകളിലോ ചര്‍ച്ചയാവാതെ കഴിക്കാം.  ഇതാ എട്ടാം പ്രതിയെക്കൂടി പിടിച്ചത്രെ. ദേശാഭിമാനി വിവരിക്കുന്നു. തനിക്കു കിട്ടിയ ഒരു മെയില്‍ ഏതോ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തതിന്റെ മാത്രം പേരിലാണ് ഇയ്യാളെ ചെന്നൈ വിമാനത്താവളത്തില്‍നിന്നു പിടികൂടി കേരളത്തിലേക്കു കൊണ്ടുപോരുന്നത്. വിമാനത്താവളത്തില്‍ കണ്ടവരുണ്ടോ എന്ന പരസ്യം പതിച്ചിരുന്നത്രെ.




തനിക്കു കിട്ടിയ ഒരു ഇമെയില്‍ ഫോര്‍വേഡ് ചെയ്തു എന്നതിന് ഒരു വ്യക്തിയെ ഈ വിധത്തില്‍ വേട്ടയാടുന്നത് നേരും നെറിയുമുള്ള ഒരു ജനാധിപത്യസര്‍ക്കാറിന് ചേരുന്ന കാര്യമല്ല. വിപ്ലവവായാടിത്തരം പുലമ്പുന്ന സി പി എം നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിടാവുന്ന നിയമമൊക്കെ നമ്മുടെ നാട്ടിലില്ലേ. ഇവരുടെയൊക്കെ ദുര്‍ഭാഷണം കേട്ട് ഇവരെ ജയിലിടണമെന്ന് ആരെങ്കിലും ആവശ്യപ്പെടാറുണ്ടോ?
ബ്ലോഗും ഫെയ്സ്ബുക്കും ട്വിറ്ററും നെറ്റ്ലോഗും Hi5ഉം ഒക്കെയായി ഇന്റെര്‍നെറ്റില്‍ നിരങ്ങുന്ന പു ക സ കവിയായ ഒരു സി പി അബൂബക്കര്‍ വിവരംകെട്ട ഭാഷയില്‍  ലിറ്റററി എഡിറ്റോറിയല്‍  എന്ന വ്യാജേന പ്രധാനമന്ത്രിക്കെതിരെ വ്യാജമായ കാര്യങ്ങള്‍ ആരോപിച്ച് നികൃഷ്ടമായി വ്യക്തിഹത്യ നടത്തിയാല്‍ അത് അഭിപ്രായസ്വാതന്ത്ര്യം. അതിനെപ്പറ്റി ഇവിടെ പറയുന്നു.
Foul-mouthed politician in the guise of literary editor
എന്നാല്‍ കാലിക്കോസെന്‍ട്രിക്കെന്ന ഈ ബ്ലോഗെര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലറുടെ അക്കാഡമിക് യോഗ്യത ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റെഴുതിയാല്‍ അതു സൈബര്‍ക്രൈം. അതിനെപ്പറ്റി യൂനിവേഴ്സിറ്റി സൈബര്‍ ക്രൈം പൊലീസിന് പരാതി നല്കിയെന്നു പത്രത്തോടു പറയുന്നത് വലിയ വായില്‍ ജനാധിപത്യത്തെക്കുറിച്ച് പുലമ്പുന്ന പു ക സ കവിതന്നെ! പത്രവാര്‍ത്ത ഇവിടെക്കാണാം.  വിരോധമുള്ളവരെ നേരിടാനും എതിരഭിപ്രായങ്ങള്‍ ഉണ്ടാവുന്നത് തടയാനും എന്തു ജനാധിപത്യം ധ്വംസനവും നടത്താന്‍ തയ്യാറുള്ള ഒരു പ്രസ്ഥാനം നഗ്നമായ അധികാരദുര്‍വിനിയോഗം നടത്തുകയാണ്.
ഇതൊക്കെ അനുവദിച്ചുകൊടുത്താല്‍ പിന്നെയെന്ത് ജനാധിപത്യം? പിന്നെയെന്ത് അഭിപ്രായ സ്വാതന്ത്ര്യം?
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സാര്‍വ്വലൌകികസ്നേഹഗായകന്‍ പു ക സ കവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാളെ എന്നെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവാം. എന്റെ മുറിക്കുള്ളില്‍നിന്നും കമ്പ്യൂട്ടറിനുള്ളില്‍നിന്നും കിട്ടിയ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ നിരോധന ഉറകളുടെ എണ്ണാവണ്ണങ്ങളും ബ്ലൂഫില്മുകളുടെ രുചിവൈവിധ്യവും ആ ഫാഷിസ്റ്റ് പത്രത്തില്‍ എന്റെ അംശദേശങ്ങളുടെ വിവരത്തോടെ പ്രസിദ്ധീകരിക്കാം. (പത്തുകൊല്ലം മുമ്പ് എന്നെ അങ്ങനെ ആദരിച്ചിട്ടുണ്ട് അവര്‍.) സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു നൈറ്റ് വിജിലിന്റെ ഇടയ്ക്ക് സാമൂഹ്യപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരന്റെ ചുമലിലോ മാറിലോ ചാരിയിരുന്നതിന് പിറ്റേന്ന് ചൂലുമായി അവിടെ അടിച്ചുതളി നടത്താന്‍ വനിതാനേതാക്കളെയെത്തിച്ച പ്രസ്ഥാനമാണ്.  എന്റെ കയ്യിലുള്ള പല ചലച്ചിത്രങ്ങളും അവരുടെ കണ്ണില്‍  hardcore porn ആയിരിക്കും.  Obscure Object of Desire പോലുള്ള നീലച്ചിത്രങ്ങള്‍ മുന്‍പില്‍ നിരത്തിവെച്ച  പ്രതിയുടെ ഒരു ചിത്രവും ചിലപ്പോള്‍ മഞ്ഞപ്പത്രം പ്രസിദ്ധീകരിക്കാം.
ഏതു തെമ്മാടിത്തരത്തിനും കുറെ നട്ടെല്ലില്ലാ ജീവികളുടെ ദൃഢമൂകമായ പിന്തുണയും ഇവര്‍ക്കുണ്ടാവും. 
പിണറായി വിജയന്റെ വീടിന്റെ ചിത്രം എന്നു പറഞ്ഞു കള്ളച്ചിത്രം പ്രചരിപ്പിച്ചവന്‍ സി പി എമ്മിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകളുടെ മൂത്രപ്പുരയ്ക്കകത്ത് കേമറ വെച്ചു വീഡിയോ ഷൂട്ട് ചെയ്തവനെക്കാള്‍ വലിയ കുറ്റവാളിയായിരിക്കും. എത്രയോ വ്യാജ മെയിലുകള്‍ ദിവസവും നൂറായിരം പകര്‍‌പ്പുകളായി എക്കൌണ്ടുകളില്‍നിന്ന് എക്കൌണ്ടുകളിലേക്കു സഞ്ചരിക്കുന്നു. പലരും അവ കണ്ടപാടേ വിശ്വസിച്ച് ഗ്രൂപ്പുകളിലേക്കോ കോണ്‍റ്റാക്റ്റ് ലിസ്റ്റിലെ അംഗങ്ങള്‍ക്കോ ഫോര്‍വേഡ് ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യ, പുതിയ നിയമങ്ങള്‍. അവയെക്കുറിച്ചൊന്നും ആളുകള്‍ക്കു ബോധം നല്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. പിണറായി വിജയന്റെ വീട് മുന്‍പേ പത്രത്തില്‍ വാര്‍ത്തയായതാണ്. ആ വീടെന്നു പറഞ്ഞു കിട്ടിയ മെയില്‍ എത്രയോ വിവരദോഷികള്‍ നിഷ്കളങ്കമായും അല്ലാതെയും ആര്‍ക്കൊക്കെയോ അയച്ചുകൊടുത്തുകാണും. ഇവര്‍ നിജസ്ഥിതി പരിശോധിക്കാതെ അയച്ചുകൊടുക്കാന്‍ പാടില്ലായിരുന്നു എന്നു പറയാം. അയച്ചുകൊടുത്തെങ്കില്‍ നിയമത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ കുറ്റക്കാരുമാണ്. നിയമം ഭരിക്കുന്നവര്‍ക്ക് ജനത്തെ പീഡിപ്പിക്കാനും ഭയപ്പെടുത്തി വിമര്‍ശനത്തെ ഇല്ലാതാക്കാനുമാണെങ്കില്‍ ഇങ്ങനെയൊക്കെത്തന്നെയാണ് അവര്‍ നിയമത്തെ വ്യാഖ്യാനിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
എന്നാല്‍ ഇതേ ഐ റ്റി നിയമം അനുസരിച്ച് പ്രൊപ്രയറ്ററി സോഫ്റ്റ്വെയര്‍ ക്രേക്ക് ചെയ്ത് ഉപയോഗിക്കുന്നതും കുറ്റകരമാവണമല്ലോ.  ക്രേക്ക് ചെയ്ത സോഫ്റ്റ്വെയര്‍  എത്രയോ സര്‍ക്കാര്‍ ആപ്പീസുകളില്‍ ഉപയോഗിക്കുന്നു. സി പി എം ആപ്പീസിലും സി പി എം നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നു. ഈ എട്ടാം പ്രതിയെ പിടികൂടി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുറ്റവാളിയായി അവതരിപ്പിക്കുന്ന പൊലീസ് സി പി എം നിയന്ത്രണത്തിലുള്ള ആപ്പീസുകള്‍ റെയ്ഡ് ചെയ്ത് അവിടെയുള്ള കമ്പ്യൂട്ടറുകളിലെ ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗത്തെ കുറ്റകൃത്യമായി കണ്ട് സംസ്ഥാനസെക്രട്ടറിയെ കുറ്റവാളിയായി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുമോ? 
Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code used for a computer, computer programme, computer system or computer network, when the computer source code is required to be kept or maintained by law for the time being in force, shall be punishable with imprisonment up to three years, or with fine which may extend up to two lakh rupees, or with both. 
സി പി എം മുതലാളി നടത്തുന്ന സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളൊക്കെ ഫ്രീ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഓടുന്നവയൊന്നുമല്ലല്ലോ. അവിടെയൊക്കെ കാശുകൊടുത്തുവാങ്ങിയ സോഫ്റ്റ്വെയര്‍ മാത്രമേ ഉപയോഗിക്കുള്ളൂ എന്നുമില്ലല്ലോ. പകരം ഐ റ്റി ആക്റ്റ് പ്രകാരം മൂന്നുകൊല്ലം വരെ തടവും രണ്ടുലക്ഷം വരെ പിഴയും കിട്ടാവുന്ന കുറ്റം ചെയ്തുകൊണ്ട് ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടല്ലോ?
നിയമം ന്യായാന്യായവിവേചനശേഷിയോടെ എടുത്തു പ്രയോഗിക്കേണ്ടതാണ്. ഇവിടെ പക്ഷേ നിയമം ഏതെങ്കിലും നിരപരാധികളെ വേട്ടയാടിപ്പിടിച്ച് ഭയത്തെ വിതയ്ക്കാനും വിരുദ്ധാഭിപ്രായങ്ങളെ നുള്ളിക്കളയാനും  ദുരുപയോഗം ചെയ്യുകയാണ്. ഇതു ജനാധിപത്യവിരുദ്ധമാണ്. അസഹിഷ്ണുത നിറഞ്ഞ ഒരു പ്രസ്ഥാനത്തിന്റെ സ്വേച്ഛാപ്രമത്തതയാണ്. 
ജനാധിപത്യമൂല്യങ്ങള്‍ ജീവവായുപോലെ ആവശ്യമുള്ളവര്‍ ഇതിനെ എന്തുവിലകൊടുത്തും ചെറുക്കണം. ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യാനും നടപടികള്‍ സ്വീകരിക്കാനും ജനാധിപത്യതത്പരരെ ക്ഷണിക്കുന്നു. ഈ സന്ദേശം സമാനമനസ്കരുടെ ഇടയില്‍ ചര്‍ച്ചചെയ്യണമെന്ന് താത്പര്യപ്പെടുന്നു.

19 Mar 2010

സി പി എം മറന്ന ഇ എം എസ് നമ്പൂതിരിപ്പാട്

ഇന്ന് ഇ എം എസ് ചരമദിനമാണല്ലോ. സംസ്ഥാനകമ്മിറ്റിയുടെ വക വഴിവാട് പുഷ്പാര്‍ച്ചനയല്ലാതെ ഒന്നും ഉണ്ടായതായി കാണുന്നില്ല. സി പി എം കേന്ദ്രകമ്മിറ്റിയുടെ വെബ്‌സൈറ്റിലും ഒന്നും കാണാനില്ല. കഴിഞ്ഞ വര്‍ഷം യുവബുദ്ധിജീവികളുടെ ഈ ഫോറം ഓര്‍ത്തത് ആര്‍ക്കൈവിലുണ്ട്. ഇത്തവണ അവര്‍ ഓര്‍ത്തതേയില്ലെന്നു തോന്നുന്നു. കേരള സമൂഹത്തിനുമേല്‍ കെട്ടിവെയ്ക്കപ്പെട്ട ഈ വ്യക്തിത്വം ഒരു പന്തീരാണ്ടുകാലം തികച്ച് പാര്‍ട്ടിക്കാരുടെ ഓര്‍മ്മയില്‍പ്പോലും ശേഷിച്ചില്ലെന്നു തോന്നുന്നു.
അവസരവാദത്തിന്റെ കാലാനുക്രമമായ വളര്‍ച്ചയുടെ ലിഖിതരേഖയെന്ന് പറയാം സമ്പൂര്‍ണ്ണകൃതികളെ. 1995-ല്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കലാണ് പാര്‍ട്ടി ലക്ഷ്യമെന്ന് പറഞ്ഞ ഇ എം എസിനെപ്പറ്റി 1974 ലെ ഇ എം എസ് പറയുന്നത് ഇപ്രകാരം.
മുതലാളിത്തം സമാധാനപരമായി സോഷ്യലിസത്തിലേക്ക് നീങ്ങുമെന്ന് ബഹുജനങ്ങളോട് പറയുന്നത് അവരെ വഞ്ചിക്കുകയാണ്. (സഞ്ചിക 43, പേജ് 57)
സി പി എം ലക്ഷ്യം- ശങ്കരഭാഷ്യം എന്ന പോസ്റ്റില്‍ സ്കേന്‍ചെയ്തു ചേര്‍ത്ത ചോദ്യോത്തരത്തിലെ പ്രസക്തമായ പേജ് 1974 ലെ വിപ്ലവം സമാധാനപരമാവുമോ? എന്ന ചോദ്യോത്തരവുമായി ചേര്‍ത്തുവായിക്കുക.

1974 ല്‍ നല്കിയ മറുപടി ഇതാ:



ഈ പെറ്റിഷനില്‍ ഒപ്പുവെയ്ക്കാന്‍ ക്ഷണിക്കുന്നു.




15 Mar 2010

സി പി ഐ (എം) ലക്ഷ്യമെന്ത്? ശങ്കരഭാഷ്യം

സി പി ഐ (എം) എന്ന പാര്‍ട്ടിയുടെ പരിപാടി ഇന്ത്യയില്‍ വിപ്ലവം നടത്തുകയും എന്തൊക്കെയോ പേരിലുള്ള ചില പ്രത്യേക ജാതി ഭരണകൂടം സ്ഥാപിക്കുകയും പണക്കാരെയൊക്കെ പാപ്പരാക്കുകയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ അധികാരത്തിലെത്തിക്കുകയും ഇതിനൊക്കെയായി ചോരച്ചാലുകള്‍ നീന്തിക്കേറുന്ന ചില ഇടപാടുകളൊക്കെ ചെയ്യുകയും ആണെന്നൊക്കെ ധരിച്ചുവെച്ചിരിക്കുന്ന കുറെ വിവരദോഷികളുണ്ട്,  പാര്‍ട്ടിയിലും നാട്ടിലും. 1995ല്‍ ചിന്തയില്‍ ഒരു ചോദ്യത്തിനുത്തരമായി ഇ എം എസ് നമ്പൂതിരിപ്പാട് കൊടുത്ത മറുപടി വായിച്ച് ഇവരൊക്കെ വിപ്ലവക്കഞ്ഞി അടുപ്പത്തുനിന്നു വാങ്ങിവെച്ചേയ്ക്കെട്ടെ എന്നുമാത്രം തത്കാലം പറയുന്നു. 
പിടിച്ചൊതുക്കിക്കളഞ്ഞില്ലായിരുന്നെങ്കില്‍  ജീവിതത്തിന്റെ അത്രയും കാലം ചെയ്തതിനെയെല്ലാം വെല്ലുന്ന ഒരു സദ്പ്രവൃത്തി പ്രിയ ഗോര്‍ബി സഖാവിനെപ്പോലെ നമ്മുടെ സഖാവും ചെയ്യില്ലായിരുന്നെന്ന് ആരു കണ്ടു! 

സി പി (ഐ) എം ന്റെ ലക്ഷ്യം എന്ത്? എന്ന പോസ്റ്റ് ഇതിന്റെ കൂടെ വായിക്കുക.

ഇവിടെ ഒരു ഒപ്പ് വെയ്ക്കാന്‍ മറക്കല്ലേ...

14 Mar 2010

ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക

ഈ വര്‍ഷം ജനുവരി മാസത്തില്‍ ലെഫ്റ്റ് വേഡ് എന്ന പ്രസാധക സ്ഥാപനം ഇ എം എസ് നമ്പൂതിരിപ്പാടിന്റെ  History, Society and Land Relations, Selected Essays എന്നൊരു പുസ്തകം
പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ വിശേഷത അതിന്റെ കോപ്പിറൈറ്റിനെ സംബന്ധിച്ചതാണ്. ക്രിയേറ്റീവ് കോമണ്‍സ്  ആട്രിബ്യൂഷന്‍-ഷെയര്‍ എലൈക് 2.5 ഇന്‍ഡ്യ എന്ന ലൈസെന്‍സോടെയാണ് അതു പ്രസിദ്ധീകരിച്ചത്. ആര്‍ക്കും ആ പുസ്തകം ഏതു രൂപത്തിലും പ്രസിദ്ധീകരിക്കാം, ഉള്ളടക്കം മാറ്റാം. അത് ഇ എം എസ് കൃതിയാണെന്നു വ്യക്തമാക്കണമെന്നു മാത്രം. പ്രസാധകരുടെ അനുമതി തേടുകപോലും വേണ്ട. 

പുസ്തകത്തിന്റെ ഈ പേജ് കാണുക.
ഈ ലൈസെന്‍സ് ഫലപ്രദമാവണമെങ്കില്‍ പുസ്തകത്തിന്റെ ഒരു ഡിജിറ്റല്‍ കോപ്പി വേണം. അതു പക്ഷേ പ്രസാധകര്‍ ലഭ്യമാക്കിയിട്ടില്ലെന്നു തോന്നുന്നു. അച്ചടിച്ചതിന്റെ ചെലവ് തിരിച്ചുകിട്ടിയശേഷം ഒരു പക്ഷേ അവര്‍ ലഭ്യമാക്കുമായിരിക്കും. 
ഇവിടെ ശ്രദ്ധേയമായൊരു വസ്തുത, ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാവേണ്ടതിന്റെ ആവശ്യകതയാണ്. ഇക്കാലത്ത് ഗവേഷണത്തിന് ഇതു കൂടിയേ കഴിയൂ. ഇ എം എസ് കൃതികളുടെ കോപ്പിറൈറ്റ് കൈവശം വെച്ചിരിക്കുന്നത് സി പി ഐ (എം) ആണ്. അവര്‍ വിചാരിച്ചാല്‍ ഇ എം എസ് കൃതികള്‍ നിഷ്പ്രയാസം ഓണ്‍ലൈനായി ലഭ്യമാക്കാം.
മാറിയ കാലത്തെ പുതിയ ആവശ്യകത മനസ്സിലാക്കുന്നതിന്റെ സൂചനയാണ് മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ ലൈസെന്‍സ് എന്നു തോന്നുന്നു. എന്നാല്‍ മലയാളം പുസ്തകങ്ങളുടെ കാര്യത്തില്‍ കേരള സംസ്ഥാന കമ്മിറ്റി ഇത്തരമൊരു തിരിച്ചറിവ് നേടാന്‍ ഇനിയെത്ര വര്‍ഷം എടുക്കും?വാസ്തവത്തില്‍ സമ്പൂര്‍ണ്ണകൃതികള്‍ക്കുവേണ്ടി മുഴുവന്‍ റ്റെക്സ്റ്റും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടാവും എന്നിരിക്കെ ഒരു വിഷമവുമില്ലാതെ അവര്‍ക്ക് ചെയ്യാവുന്ന കാര്യമാണിത്. യൂനികോഡിലേക്ക് കണ്‍വേര്‍ട് ചെയ്ത്  searchable ആയ റ്റെക്സ്റ്റ് അപ്‌ലോഡ് ചെയ്യാന്‍ സെര്‍വറുകള്‍ പോലും ഇഷ്ടംപോലെ ലഭ്യമാണ്. ഉചിതമായ ലൈസെന്‍സ് നല്കുകയാണെങ്കില്‍ വിക്കിമീഡിയ ഫൌണ്ടേഷനെ സെര്‍വറുകള്‍ ഇവ ഹോസ്റ്റ് ചെയ്തോളും.   ഇങ്ങനെ ചെയ്യുന്ന പക്ഷം ഇ എം എസ് കൃതികളെപ്പറ്റി ഒരു amateur ഗവേഷണ ശാഖ തന്നെ ബ്ലോഗിലും personal websites ലുമായി വളര്‍ന്നു വരാനിടയുണ്ട്. അതാവട്ടെ പിന്നീട് മറ്റു മാധ്യമങ്ങളിലേക്കും പടര്‍ന്നുകയറുകയും ചെയ്യും.
ഇതിന് വേണ്ടപ്പെട്ട ആളുകളില്‍ പ്രേരണ ചെലുത്തുന്നതിന് സി പി ഐ എം അനുകൂല ബ്ലോഗെര്‍മാര്‍ ശ്രദ്ധിക്കണമെന്ന്  താത്പര്യപ്പെടുന്നു. വേണമെങ്കില്‍ ഇതിനായി ഒരു ഓണ്‍ലൈന്‍ പെറ്റിഷനും ഉണ്ടാക്കാവുന്നതാണ്. ഇതിന് ആരെങ്കിലും മുന്‍കൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു.