Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

8 Dec 2009

ഇ എം എസ്സിന്റെ ഒരു മഞ്ഞക്കൊച്ചു പുസ്തകം




ആശാനും മലയാള സാഹിത്യവും എന്നാണ് പുറംചട്ടയില്‍ മുന്നിലുള്ളത്. ലേഖനമാണോ പ്രസംഗമാണോ എന്നൊന്നും കൊടുക്കേണ്ടിടത്തൊന്നും കൊടുത്തിട്ടില്ല. "ഈ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയതില്‍" എന്നാദ്യത്തെ വാക്യം വായിക്കുമ്പോഴാണ് ഇതു പ്രഭാഷണമാണെന്നറിയുന്നത്. പുസ്തകം അവസാനം വരെ വായിച്ചാലും എന്ന് എവിടെ നടത്തിയ പ്രഭാഷണം എന്നു മനസ്സിലാവില്ല. തൊഴിലാളി വർഗ്ഗത്തിനു വേണ്ടി വിളമ്പുന്ന വിജ്ഞാനമല്ലേ, അത്രയൊക്കെ മതി തലയും വാലും എന്നു വര്‍ഗ്ഗചിന്തകന്മാ‍ര്‍ വിചാരിച്ചുകാണും.

അവസാനം പിന്‍ചട്ടയില്‍ നോക്കുമ്പോഴാണ് കാണുന്നത് ഇത് കേരള സര്‍വ്വകലാശാല മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 1980-ല്‍ നടത്തിയ ആശാന്‍ സ്മാരക പ്രഭാഷണമാണെന്ന്.
പതിവുപോലെ എമണ്ടന്‍ വിവരക്കേടുകള്‍  വേണ്ടത്ര. ആശാനു ദ്വിതീയാക്ഷരപ്രാസത്തോടുണ്ടായിരുന്ന വിപ്രതിപത്തി വിവരിക്കുന്ന നാണംകെട്ട വിവരക്കേട് ഇ എം എസ് നിര്‍ണ്ണയിച്ച കുമാരനാശാന്റെ 'വര്‍ഗ്ഗാടിസ്ഥാനം' എന്ന പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ഇ എം എസ്സിനു പതിവുള്ള  കോപ്രായത്തിന് ഒരു ഉദാഹരണം ഇതാ:

ഗ്രീസ്, റോം മുതലായ പുരാതന യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രാകൃത കമ്യൂണിസം തകര്‍ന്ന് തല്‍സ്ഥാനത്ത് രൂപംകൊണ്ടത് അടിമയും ഉടമയും എന്ന ഒരു വര്‍ഗവിഭജനവും വര്‍ഗവൈരുധ്യവുമാണ്. ഇന്ത്യയിലങ്ങനെയല്ല വന്നത്. ഇന്ത്യയില്‍ പഴയ പ്രാകൃതകമ്യൂണിസത്തെ, അല്ലെങ്കില്‍ ഗോത്രവര്‍ഗസമൂഹത്തെ തകര്‍ത്തത് ആര്യന്‍മാരാണ്. ആര്യന്‍മാര്‍ തങ്ങളുടെ ആയോധനശക്തി ഉപയോഗിച്ച് ഗോത്രവര്‍ഗസമൂഹത്തെ തകർത്തു.
ആര്യന്മാര്‍ വന്ന് ആയോധനശക്തി ഉപയോഗിച്ച് ഇന്ത്യയില്‍ നിലനിന്ന സമൂഹങ്ങളെ തകര്‍ത്തു എന്നത് ഇന്നു വലിയ ചെലവുള്ള അക്കാഡമിക് ചരക്കല്ല. സ്കൂളിലും കൊളേജിലുമൊക്കെ അതു തന്നെയാണ് ഇപ്പോഴും പഠിപ്പിക്കുന്നതെന്നു തോന്നുന്നു. ഇക്കാര്യത്തില്‍ നിശ്ശങ്കം ഇങ്ങനെ പറയുന്ന ഇ എം എസ് കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന കൃതിയുടെ ഒന്നാം അദ്ധ്യായത്തില്‍ പറയുന്നത് ഈ വിധം:
ഇന്ത്യയില്‍ മാത്രമല്ല ലോകത്താകെ ചരിത്രാതീതകാലത്ത് രൂപംകൊണ്ട ആദ്യകാല സമൂഹങ്ങളിലൊന്നായി സിന്ധുനദീതട സമൂഹത്തെ എണ്ണാമെന്നുവന്നു. ഇനിയും അറിഞ്ഞിട്ടില്ലാത്ത കാരണങ്ങളാല്‍ ആ സമൂഹവും സംസ്കാരവും ജീര്‍ണിച്ച് നാമാവശേഷമായി, അതിനെ തുടര്‍ന്നാണ് ആര്യന്മാരുടെ ഗോത്രവര്‍ഗങ്ങള്‍ ഇന്ത്യയിലേക്കു കടന്നുവന്നത്. (16, കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍, 1990)
പത്തുവര്‍ഷംകൊണ്ട് നിലപാട് മാറാം. ഈ വിഷയത്തില്‍ അതു മാറുന്നതു സ്വാഭാവികവും. എന്നാല്‍ നിലാപാട് മാറ്റുകയാണെന്നു പറഞ്ഞുകൊണ്ടുവേണം അതു ചെയ്യാന്‍.
ആര്യന്‍മാര്‍ വന്ന് ഇല്ലാതാക്കിയത് പ്രാകൃതകമ്യൂണിസത്തെയാണ് എന്നു പറയുന്നതിലെ വിവരക്കേടാണ്  വേറൊരു കാര്യം.
ചരിത്രാതീതകാലത്ത് പ്രാകൃതകമ്യൂണിസം എന്ന് വിളിക്കപ്പെടുന്ന ഒരു സമൂഹമുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ മാവേലിനാടിന്റെ ഐതിഹ്യം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൂര്‍ണമായ സമത്വം, ഐശ്വര്യം ഇതെല്ലാമുള്ള ഒരു സമൂഹം. ആ തരത്തിലുള്ള ഒരു സമൂഹം ഇവിടെ കേരളത്തിലും നിലനിന്നിരുന്നു. ആ സമൂഹം പോയി വര്‍ഗസമൂഹം നിലവില്‍വന്നു. ഇതാണ് കേരള ചരിത്രം സംബന്ധിച്ച എന്റെ വ്യക്തമായ അഭിപ്രായം. (11, മഞ്ഞക്കൊച്ചുപുസ്തകം)

മാര്‍ക്സിസ്റ്റ് വീക്ഷണ പ്രകാരം പ്രാകൃതകമ്യൂണിസം എന്നത് ഉല്പാദനം മിച്ചം വെയ്ക്കാത്ത, വിപുലമായി കൃഷി ചെയ്യാന്‍ തുടങ്ങുംമുമ്പുള്ള സമൂഹമാണ്. അത് അപരിഷ്കൃതമായ സമൂഹമാണ്. ഇ എം എസ് പറയും  പോലെ ഐശ്വര്യമുള്ള ഒരു സമൂഹമല്ല.  ദുഷ്ടന്മാര്‍ വന്ന് ഇല്ലായ്മ ചെയ്തുകളഞ്ഞ ഐശ്വര്യമുള്ള സമൂഹത്തെപ്പറ്റിയുള്ള ഇ എം എസിന്റെ സങ്കടം മാര്‍ക്സിസ്റ്റ് നിലപാടല്ല. 

ഭാഷാചിന്തകനായ ഇ എം എസ്സിന്റെ വേറൊരു കോപ്രായം ഇതാ:

മലയാളത്തിനു ജന്‍മം നല്‍കിയതെന്ന് പറയപ്പെടുന്ന പ്രാചീന തമിഴ് (ചെന്തമിഴ്) അന്ന് തെക്കേ ഇന്ത്യയിലൊരിടത്തും ജനങ്ങളുടെ സംസാരഭാഷായായിരുന്നില്ല. അന്ന് ജനങ്ങള്‍ സംസാരിച്ചിരുന്ന കൊടുംതമിഴുകളില്‍ പലതും ചേര്‍നാണ് പിന്നീട് മലയാളമടക്കം ആധുനിക ദക്ഷിണേന്ത്യന്‍ ഭാഷകള്‍ രൂപംകൊണ്ടത്. ആ പ്രക്രിയ ഇപ്പോഴും പൂര്‍തിയായിട്ടില്ലെന്ന് തുളുവിന്റെ ഉദാഹരണം വ്യക്തമാക്കുന്നു.

ചെന്തമിഴില്‍നിന്നോ സംസ്കൃതത്തില്‍നിന്നോ ഉണ്ടായതല്ല മലയാളമെന്ന് ഇതില്‍നിന്നു വ്യക്തമാവും. (കൊച്ചുമഞ്ഞപ്പുസ്തകം, 18,)

മലയാളഭാഷയുടെ വളര്‍ച്ചയില്‍ സംസ്കൃതം വലിയൊരു പങ്കുവഹിച്ചിട്ടുണ്ടല്ലോ. പ്രാചീന ദ്രാവിഡഭാഷയായ ചെന്തമിഴും ആര്യഭാഷയായ സംസ്കൃതവും ചേര്‍ന്നു മലയാളം ഉത്ഭവിച്ചെന്നു പറയുന്നത് ഒരതിശയോക്തി ആവില്ല. (പത്രഭാഷ, പ്രബന്ധങ്ങള്‍, 186)
ഈ ഉളുപ്പില്ലായ്മയെ വലിയ കോപ്പായി അംഗീകരിച്ചുകൊണ്ടു നടന്നവരും നടക്കുന്നവരുമാണ് ഈ നാട്ടിലെ അക്കാഡമിക്കുകളെന്ന് അറിയപ്പെടുന്നവരിലെ പുരോഗാമികള്‍. ഇ എം എസ് പഴഞ്ചരക്കാണെന്നു വന്നേക്കാം. പക്ഷേ, ഇവരുടെ സംപ്രത്യയപരമായ ദമിതാവസ്ഥയെ (പ്രയോഗത്തിന് പികെപോക്കര്‍ഡോട്കോമിനോട് കടപ്പാട്, അര്‍ത്ഥം മനസ്സിലായില്ല, ധ്വജഭംഗം എന്നു മനസ്സിലാക്കിയാലും കുഴപ്പമില്ല) തുണിയുരിച്ച്  കാട്ടാതെ വയ്യ. 

(കൊച്ചുമഞ്ഞപ്പുസ്തകം 15)


(ഇ എം എസ് കൃതികള്‍ കിട്ടാന്‍ പ്രയാസമുണ്ട്. മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാരാരും ഇദ്ദേഹത്തിന്റെ കൃതികള്‍ വാങ്ങുകയോ വായിക്കുകയോ ചെയ്യുന്നതായി കാണുന്നില്ല. സമ്പൂര്‍ണ്ണകൃതികള്‍ ഉള്ള ലൈബ്രറിയാവട്ടെ ഫോട്ടോകോപ്പിപോലും വിലക്കിയിരിക്കുന്നു. സമ്പൂര്‍ണ്ണകൃതികളും ഡിജിറ്റല്‍ കേമറയുമുള്ള ആരെങ്കിലും പേജുകളുടെ ചിത്രം അയച്ചുതരാന്‍ തയ്യാറുണ്ടെങ്കില്‍ അറിയിക്കാന്‍ അപേക്ഷ. ഇ എം എസ്സിനെക്കുറിച്ച് പുരോഗാമികള്‍ എഴുതിയ പുസ്തകങ്ങള്‍ കിട്ടാനും ആഗ്രഹമുണ്ട്. ഉദാഹരണത്തിന് പോക്കര്‍ എന്ന തത്ത്വചിന്തകന്റെ  ഇ എം എസ് പുസ്തകം.)

ഇ എം എസ്സും കോപ്പും (ഒന്ന്) 

ഇ എം എസ്സും കോപ്പും 2, മഹാദാര്‍ശനികന്‍ മാര്‍ക്സിസ്റ്റ് ഗോര്‍ക്കി 

ഇ എം എസ് നിര്‍ണ്ണയിച്ച കുമാരനാശാന്റെ 'വര്‍ഗ്ഗാടിസ്ഥാനം'

No comments:

Post a Comment