Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

27 Dec 2009

അറക്കവാളുപോലറുത്തുപാടിയ വിപ്ലവകവിയും ഇ എം എസ് നമ്പൂതിരിപ്പാടും

ഒടുവിലിക്കരിഞ്ഞ മണ്ണില്‍ നിന്ന്
കണ്ണുനീരണിഞ്ഞ്
അമര്‍ന തേങ്ങലാര്‍ന്
അറക്കവാളുപോലറുത്ത് പാടുവാന്‍
വന്നു നില്‍കയാണ് ഞാന്‍.


ഇങ്ങനെ അറക്കവാളുകൊണ്ടറുത്ത് ഈര്‍ച്ചപ്പൊടി (അറക്കപ്പൊടി)യുണ്ടാക്കുന്നത് കൃഷ്ണന്‍കുട്ടി എന്ന വിപ്ലവകവിയാണ്.  ആദ്യമായി ഈ കവിയുടെ പേരുകേള്‍ക്കുന്നത് ഇ എം എസ്സിന്റെ വായനയുടെ ആഴങ്ങളില്‍ എന്ന ഗ്രന്ഥത്തിലെ നിരൂപണത്തില്‍നിന്നാണ്.
നമ്പൂതിരിപ്പാട് ആരെയും കയ്യയഞ്ഞ് സ്തുതിക്കാറില്ല. തോപ്പില്‍ഭാസിയായാലും പാട്ടബാക്കിയായാലും തായാട്ട് ശങ്കരനായാലും. എന്നാല്‍ കൃഷ്ണന്‍കുട്ടി വിപ്ലവകവിയെ കലവറയില്ലാതെയാണ് നമ്പൂതിരിപ്പാട് സ്തുതിക്കുന്നത്.

കവന അറക്കപ്പൊടി ചൊരിയുന്ന കൃഷ്ണന്‍കുട്ടിയെയല്ലെങ്കില്‍ പിന്നെ ആരെയാണ് ഇ എം എസ് സ്തുതിക്കുക. 
അങ്ങനെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാരുടെ കവിതകളെ 'പടപ്പാട്ടു'കളെന്നു വിശേഷിപ്പിച്ചു പരിഹസിക്കുന്ന യാഥാസ്ഥിതിക ബൂര്‍ഷ്വാ നിരൂപകരുടെ ദൃഷ്ടിയില്‍ ഈ സമാഹാരത്തിന്റെ കര്‍താവ് 'പടപ്പാട്ടുകാര'നെന്ന് പറഞ്ഞു അവഗണിക്കുകയും അപഹസിക്കുകയും ചെയ്യപ്പെട്ടേക്കാം.
പക്ഷേ, ഈ ലേഖകന്‍ ഉള്‍പെടെ തൊഴിലാളിവര്‍ഗത്തിന്റെ സാഹിത്യാസ്വദകര്‍കും ജനകോടികള്‍കും ഇതു ഏതാനും ഉല്‍കൃഷ്ടകവിതകളുടെ സമാഹാരമായി തോന്നും. എന്തുകൊണ്ടെന്നാല്‍. സമൂഹ്യമായും സാംസ്കാരികമായും ഏറ്റവും മുന്നണിയില്‍ നില്‍കുന്ന ജനവിഭാഗങ്ങളുടെ വികാരസാഹചര്യങ്ങള്‍ക് രൂപം നല്കുന്ന കവിതകളാണ് അവയെല്ലാം. 

1994-ലാണ് നമ്പൂതിരിപ്പാട് ഇതു പറഞ്ഞത്. കൃഷ്ണന്‍കുട്ടി ഇപ്പോഴും ജാഥകളില്‍ മുന്നണിയിലാണോ നില്‍ക്കുന്നതെന്ന് അറിയില്ല. 
ഈ സമാഹാരത്തിന്റെ കര്‍താവ് മറ്റ് പലരെയും പോലെ, അബോധപൂര്‍വമായല്ല, തികച്ചും ബോധപൂര്‍വമായാണ് തന്റെ രചനകള്‍ നടത്തിയത്. അവയെ 'പടപ്പാട്ടു'കള്‍ എന്ന് വിളിച്ച് അപഹസിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വകവെയ്ക്കാതെ അദ്ദേഹം മുമ്പോട്ട് പോവുകതന്നെ ചെയ്യും.
ഇങ്ങനെയാണ് നമ്പൂതിരിപ്പാട് കൃഷ്ണന്‍കുട്ടി സ്തുതി അവസാനിപ്പിക്കുന്നത്. എന്താണ് നമ്പൂതിരിപ്പാട് ആത്മവിശ്വാസമില്ലാത്തതുപോലെ (സംപ്രത്യയപരമായ ദമിതാവസ്ഥയിലെന്നപോലെ) പടപ്പാട്ടുകാരനെന്നു പറഞ്ഞു പരിഹസിക്കും പരിഹസിക്കും എന്നാവര്‍ത്തിക്കുന്നതെന്നു മനസ്സിലാവുന്നില്ല. മറ്റുപലരെയും പോലെ അബോധപൂര്‍വ്വമല്ല, ബോധപൂര്‍വ്വമാണ് കള്ളും കഞ്ചാവുമേശാത്ത വിപ്ലവകവി കൃഷ്ണന്‍കുട്ടി രചന നടത്തുന്നത്. ഇത്ര ബോധപൂര്‍വ്വമായി പണിയുന്ന ഈ അറക്കക്കാരന്‍ ഇക്കാലത്ത് എന്താണാവോ അറക്കുന്നത്? കാലത്തിനൊത്തു കവനം മാറിയിട്ടുണ്ടെങ്കില്‍ ചെങ്കല്ലായിരിക്കുമെന്നാണ് തോന്നുന്നത്.
വിപ്ലവക വനത്തിലെ ഈ മുത്തെടുത്തു തന്നതിനോട് ഇ എം എസ് നമ്പൂതിരിപ്പാടിനോടു കടപ്പാടുണ്ട്.

3 comments:

 1. കാലിക്കോ,

  ഈ പോസ്റ്റ് കൊണ്ട് താങ്കള്‍ എന്താണു ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.വളരെ മോശം കവിയായ ഒരാളെ ഇ.എം എസ് പുകഴ്ത്തി പറഞ്ഞു എന്നായിരിക്കും താങ്കള്‍ ഉദ്ദേശിച്ചത്.അതും ഇ.എം.എസിനിട്ട് കൊട്ടാന്‍ ഒരു വടി ആകട്ടെ എന്നു താങ്കള്‍ കരുതിക്കാണും.

  എന്തായാലും ആ ലേഖനം മുഴുവന്‍ സ്കാന്‍ ചെയ്ത് ഇട്ടതു നന്നായി.അതിടാതെ താങ്കള്‍ ഈ പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ എന്നെപ്പോലെയുള്ളവര്‍ തെറ്റിദ്ധരിച്ചേനെ.കാരണം അതു കുഴുവന്‍ വായിച്ചപ്പോള്‍ എന്തുകൊണ്ടാണു ഇ.എം എസ് ഈ കവിയെപ്പറ്റി പറ്യുന്നതെന്ന് മനസ്സിലായി.

  അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍

  അങ്ങനെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാരുടെ കവിതകളെ 'പടപ്പാട്ടു'കളെന്നു വിശേഷിപ്പിച്ചു പരിഹസിക്കുന്ന യാഥാസ്ഥിതിക ബൂര്‍ഷ്വാ നിരൂപകരുടെ ദൃഷ്ടിയില്‍ ഈ സമാഹാരത്തിന്റെ കര്‍താവ് 'പടപ്പാട്ടുകാര'നെന്ന് പറഞ്ഞു അവഗണിക്കുകയും അപഹസിക്കുകയും ചെയ്യപ്പെട്ടേക്കാം.
  പക്ഷേ, ഈ ലേഖകന്‍ ഉള്‍പെടെ തൊഴിലാളിവര്‍ഗത്തിന്റെ സാഹിത്യാസ്വദകര്‍കും ജനകോടികള്‍കും ഇതു ഏതാനും ഉല്‍കൃഷ്ടകവിതകളുടെ സമാഹാരമായി തോന്നും. എന്തുകൊണ്ടെന്നാല്‍. സമൂഹ്യമായും സാംസ്കാരികമായും ഏറ്റവും മുന്നണിയില്‍ നില്‍കുന്ന ജനവിഭാഗങ്ങളുടെ വികാരസാഹചര്യങ്ങള്‍ക് രൂപം നല്കുന്ന കവിതകളാണ് അവയെല്ലാം.

  ( തുടരും)

  ReplyDelete
 2. ഒരു സമൂഹത്തില്‍ ഉണ്ടാകുന്ന എല്ലാ കൃതികളും ഉത്തമങ്ങളാവനമെന്നില്ല.എന്നാല്‍ സാമൂഹിക മാറ്റങ്ങളേയും പുരോഗതിയെയും ലക്ഷ്യമാക്കി എഴുതപ്പെടുന്ന കൃതികള്‍ അതിന്റെ ഉദ്ദേശ്യത്തിന്റെ അര്‍ത്ഥത്താല്‍ സ്വീകരിക്കപ്പെടുന്നു.ഇത്തരം നാടകങ്ങളും, കവിതകളും , കഥകളും ഒക്കെ എല്ലാ കാലത്തും എല്ലാ ദേശത്തും ഉണ്ടായിട്ടുണ്ട്.പൊന്‍‌കുന്നം വര്‍ക്കിയുടെ കഥകളൊക്കെ ഒരു പക്ഷേ ഇന്നു താങ്കള്‍ വായിച്ചാല്‍ ഇതെന്തു കഥ എന്നു തോന്നിപ്പോയേക്കാം.പക്ഷേ അവ രചിക്കപ്പെട്ട കാലവും അതിനുണ്ടായ സാഹചര്യങ്ങളും നോക്കുമ്പോള്‍ അത്തരം കൃതികള്‍ വലിയൊരൂ സേവനം ചെയ്തിരുന്നതായി കാണാം.ഇത്തരം കൃതികളൊന്നും ഒരു പക്ഷേ കാലാതിവര്‍ത്തികളായ ക്ലാസിക്കുകള്‍ ആയിത്തീരുന്നില്ലായിരിക്കാം.”നിങ്ങളെന്നെ കമ്മ്യൂണീസ്റ്റാക്കി” എന്ന നാടകം ഇന്നു കാണുമ്പോള്‍ ഒരു പക്ഷേ ഒരു വികാരവും തോന്നിയെന്നു വരില്ല.കാരണം അതില്‍ വിവരിച്ചിരിക്കുന്ന ജീവിത സാഹചര്യങ്ങള്‍ നമുക്ക് അന്യമാണ്.

  ഇപ്പോള്‍ ഈ കവിതയിലും അങ്ങനെതന്നെ.ഒരു മഹാകവിയൊന്നും ആയിരിക്കില്ല ഇത് എന്ന് ഇ.എം എസ് തന്നെ പറയുന്നുണ്ടല്ലോ.പക്ഷേ ഒരു കമ്മ്യൂണീസ്റ്റുകാരന്‍ എന്ന നിലയിലും സാമുഹിക മാറ്റങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന ഒരാളെന്ന നിലയിലും ഇത്തരം കവിതകളെ പ്രോത്സാഹിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ലക്ഷ്യമാണ്.ടി.എസ് തിരുമുമ്പ് ഒക്കെ എഴുതിയിരുന്ന വിപ്ലവ കവിതകള്‍ ഇന്നും മനപ്പാഠമായിരിക്കുന്ന ഒരു തലമുറ വടക്കന്‍ ജില്ലകളില്‍ ഇപ്പോളും ഉണ്ട്.അവയൊക്കെ ഇന്നു കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഇതിലെന്തു എന്ന് താങ്കളെപ്പോലെയുള്ളവര്‍ക്ക് തോന്നിയേക്കാം...

  ഇ.എം.എസിനു ഒരു ലക്ഷ്യമുണ്ട്.അതിലൂ‍ന്നി തന്നെയാണു അദ്ദേഹം സാഹിത്യ വിമര്‍ശനവും നടത്തുന്നത്...

  ഓര്‍ക്കുക ഇ.എം എസ് , എം കൃഷ്ണന്‍ നായര്‍ അല്ല..പക്ഷേ ഇ.എം.എസ് എന്തു പറയുന്നു എന്നറിയാന്‍ ഒരു സമൂഹം കാതോര്‍ത്തിരുന്നു.അതാണു അതിന്റെ വ്യത്യാസം

  ReplyDelete
 3. "ഇ.എം.എസിനു ഒരു ലക്ഷ്യമുണ്ട്."
  അതെന്തായിരുന്നു സുഹൃത്തേ ആ ലക്ഷ്യം?

  ReplyDelete

Google Buzz Public Feed for Calicocentric --