Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

24 Jan 2010

ഏതു വങ്കനാണ് ഈ മാതിരി മണ്ടത്തരങ്ങള്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെ പഠിപ്പിച്ചുവിട്ടത്?


ഇ എം എസ് നമ്പൂതിരിപ്പാട്, പൊട്ടക്കിണറ്റിലെ തവള, ഏഷ്യാറ്റിക് സമൂഹം
 ഇ എം എസ് നമ്പൂതിരിപ്പാട് എന്ന പേരു വഹിക്കുന്ന കൃതികളെല്ലാം ഇ എം എസ് എഴുതിയതാണെന്ന് അര്‍ത്ഥമുണ്ടോ? ഇല്ലെന്നാണ് താഴെക്കൊടുക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇ എം എസ്സിനുവേണ്ടി ആരൊക്കെ പേനയുന്തിക്കാണും? അറിയാന്‍ വഴിയൊന്നുമില്ല.വല്ല സഖാക്കളും മാനസാന്തരപ്പെട്ട് എന്നെങ്കിലും ഏറ്റുപറയുമോ എന്തോ. ഏതായാലും താഴെക്കൊടുത്ത വസ്തുതകള്‍ വായിച്ചിട്ടും ഇ എം എസ് കൃതികളെല്ലാം ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവനെ തല്ലണം. അതേതു പണ്ഡിതനായാലും ശരി.
സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എന്നൊരു കള്ളച്ചരിത്രപുസ്തകം സ്റ്റാലിന്റെ പേരിലറിയപ്പെടുന്നുണ്ട്. അതു സ്റ്റാലിനെഴുതിയതല്ലെന്ന് അന്നും ഇന്നും എല്ലാവര്‍ക്കും അറിയാം. അതുപോലെ ഇ എം എസ് നേതാവായിരിക്കെ മറ്റുള്ളവര്‍ എഴുതിയതും ഇ എം എസിന്റെ പേരില്‍ അറിയപ്പെട്ടിട്ടുണ്ടാവാം. അല്ലെങ്കില്‍ ഇ എം എസ് എഡിറ്ററായ പാര്‍ട്ടി പത്രത്തില്‍ മറ്റുള്ളവര്‍ എഴുതിയതുപോലും പലതും ഇ എം എസ് എന്ന പേരു പേറിയിട്ടുണ്ടാവാം. വസ്തുതകളിലേക്കു വരാം.
തിരഞ്ഞെടുത്ത പ്രസംഗങ്ങളില്‍ (1996, ഡി സി ബുക്സ്) ചേര്‍ത്തിരിക്കുന്ന വര്‍ഗസമരം ഇന്ത്യാചരിത്രത്തില്‍ എന്ന പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണിയാണ് താഴെക്കാണുന്നത്.  "1994 ഡിസംബര്‍ 2-ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്ററില്‍ നടത്തിയ പ്രഭാഷണം" എന്നാണ് ഈ പ്രസംഗത്തെപ്പറ്റി പുസ്തകത്തിലുള്ളത്.
മാര്‍ക്സ് ഒരു ലേഖനത്തില്‍ ഒരിക്കല്‍ അടിമത്തം, ഫ്യൂഡലിസം എന്നിവ രണ്ടിനുമിടയ്ക്ക് ഏഷ്യാറ്റിക് സമൂഹം എന്നുള്ള പദം പ്രയോഗിച്ചിട്ടുണ്ട്. ഏംഗല്‍സ് ആ പദം പ്രയോഗിച്ചിട്ടില്ല. മാര്‍ക്സ് തന്നെ അങ്ങനെ ഒരിക്കല്‍ പ്രയോഗിച്ചതല്ലാതെ പിന്നീട് അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. എന്തുകൊണ്ടെന്നാല്‍ ഏഷ്യാറ്റിക് സമൂഹം എന്നുള്ള പദത്തിന്റെ അര്‍ത്ഥം ഏഷ്യയ്ക്കു പൊതുവായൊരു സമൂഹമുണ്ടായിരുന്നു എന്നാണ്. അതു തെറ്റായിരുന്നു. അക്കാര്യം മാര്‍ക്സിനുതന്നെ ബോദ്ധ്യപ്പെട്ടു. ഏഷ്യയില്‍ത്തന്നെ വിവിധ രാജ്യങ്ങളുണ്ട്. ചൈനയുണ്ട്, ഇന്ത്യയുണ്ട്, ഇന്ന് ഇറാനെന്നു വിളിക്കുന്ന പഴയ പേര്‍ഷ്യയുണ്ട്. ഇങ്ങനെ വിവിധ രാജ്യങ്ങള്‍ ഏഷ്യയിലുണ്ട്. ഇവ ഓരോന്നിനും അതിന്റേതായ സവിശേഷതകളോടുകൂടിയ സമൂഹമുണ്ട്. ആ നിലയ്ക്ക് ഈ രാജ്യങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് ഏഷ്യന്‍ സാമൂഹ്യവ്യവസഥ എന്നു പറയുന്നത് തെറ്റാണെന്ന് മാര്‍ക്സിനും ഏംഗല്‍സിനും ബോദ്ധ്യപ്പെട്ടു.അതിന്റെ ഫലം മാര്‍ക്സിന്റെ മൂലധനം വായിച്ചാല്‍ നമുക്കു കാണാന്‍ കഴിയും. (തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 218)
 ഇതിനെയല്ലേ മാര്‍ക്സിസ്റ്റ് പ്രമാണികഗ്രന്ഥങ്ങളിലുള്ള അഗാധപാണ്ഡിത്യമെന്നു നമ്മള്‍ വിളിക്കേണ്ടത്? ഒറ്റയൊരിക്കല്‍ ഒരു ലേഖനത്തില്‍ മാത്രമാണ് മാര്‍ക്സ് അങ്ങനെ പറഞ്ഞത്. അടുക്കിപ്പെറുക്കാന്‍ അമ്പത് വലിയ വാല്യങ്ങള്‍ വേണ്ടിവന്ന മാര്‍ക്സ്-ഏംഗല്‍സ് സമാഹൃത കൃതികള്‍ (സമ്പൂര്‍ണ്ണമല്ല, അതിനിയും ജെര്‍മ്മന്‍ ഭാഷയില്‍ പോലും പൂര്‍ത്തിയായിട്ടില്ല, ഇ എം എസ്സ് പത്തുവര്‍ഷം കൊണ്ടു നൂറു സഞ്ചികയില്‍ സമ്പൂര്‍ണ്ണമായി, അതായത് ഇ എം എസ് ഇനിയില്ലെന്ന്)  മനഃപാഠമായതുകൊണ്ടാണല്ലോ ഇങ്ങനെ പറയാന്‍ പറ്റുന്നത്. നമ്പൂതിരിപ്പാടിന് മൂലധനം പോലും മനഃപാഠമായിരുന്നെന്ന് എതിരാളികള്‍ പോലും പറയുന്നതുകേട്ടിട്ടുണ്ട്. അതവിടെ ഇരിക്കട്ടെ.
മാര്‍ക്സ് ഒറ്റയൊരിക്കലല്ല പലയിടത്തും ഏഷ്യാറ്റിക് സമൂഹം എന്ന ആശയം പ്രയോഗിച്ചിട്ടുണ്ട്. എന്നുമാത്രമവുമല്ല മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം വലിയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു ഇടവരുത്തുമാറ് പ്രാധാന്യമുള്ള ഒരു കാര്യമായിരുന്നു ഏഷ്യാറ്റിക് വ്യവസ്ഥയെക്കുറിച്ചുള്ള മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും വീക്ഷണം. ഏംഗല്‍സ് ഒരിടത്തും ഈ പദം പ്രയോഗിച്ചില്ലെന്നു പറയുന്നതില്‍ ഒരു കഥയുമില്ല. കാരണം ഈ "പദം" അല്ല പ്രധാനപ്പെട്ട കാര്യം അതിനു പിന്നിലെ ആശയമാണ്. പദങ്ങള്‍ ഏഷ്യാറ്റിക് സമൂഹമെന്നും ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്‌ഷന്‍ എന്നും  ഏഷ്യാറ്റിക് സിസ്റ്റമെന്നും ഓറിയെന്‍റല്‍ ഡെസ്പോട്ടിസമെന്നുമൊക്കെ മാറിമാറി വരുന്നുണ്ട്.  മാറ്റമില്ലാതെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ തുടര്‍ന്ന സമൂഹത്തെപ്പറ്റിയുള്ള  വീക്ഷണം ഏംഗല്‍സും പങ്കുവെച്ചിരുന്നു. ഈ ആശയം തെറ്റാണെന്നു ബോദ്ധ്യപ്പെട്ടുവെന്ന് മൂലധനം വായിച്ചാല്‍ നമുക്കു മനസ്സിലാവുമെന്ന് ഇ എം എസ് പറയുന്നത് മൂലധനത്തിന്റെ ഒന്നാം വാല്യത്തില്‍ ഇതേ ആശയം ഉപയോഗിച്ചിരിക്കുന്നു എന്ന കാര്യം അറിഞ്ഞുകൂടാത്തതുകൊണ്ടാണ്.
[ഇത്രയും ഭാഗം നാലുമാസം മുമ്പ് ഇ എം എസ്സിനെക്കുറിച്ച് പരമ്പരയായി പോസ്റ്റുകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എഴുതിയതാണ്. ഇ എം എസ്സും കോപ്പും രണ്ടാം ഭാഗം അവസാനിക്കുന്നത് മൂന്നാം ഭാഗം ഏഷ്യാറ്റിക് സൊസൈറ്റിയും ഇ എം എസ്സും ആയിരിക്കും എന്നു പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ പഠിക്കേണ്ടുന്ന വിഷയമാണ് എന്നതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ പഠനമെല്ലാം ഇ എം എസ് തന്നെ നിര്‍വ്വഹിച്ചതായി കാണ്കയാല്‍ കൂടുതല്‍ പഠിക്കേണ്ടതില്ലെന്നുകണ്ടു ബാക്കിഭാഗം ചേര്‍ക്കുന്നു] 


സമ്പൂര്‍ണ്ണകൃതികള്‍ സഞ്ചിക 75-ല്‍ സഖാക്കള്‍ സുഹൃത്തുക്കള്‍ എന്നൊരു ഭാഗമുണ്ട്. അവിടെ സുശോഭന്‍ സര്‍ക്കാര്‍ എന്ന പേരുള്ള ഒരു ലേഖനമുണ്ട്. സുശോഭന്‍ സര്‍ക്കാറിന്റെ ബഹുമാനാര്‍ത്ഥം പ്രസിദ്ധീകരിച്ച ഒരു ലേഖനസമാഹാരത്തിന്റെ നിരൂപണമാണ് ഈ ലേഖനം എന്നാണ് വ്യക്തമാവുന്നത്. അതൊന്നും സഞ്ചയിച്ചവര്‍ക്കു മനസ്സിലായ മട്ടില്ല. ഇതിനെ അനുസ്മരണക്കുറിപ്പുകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവിട്ടത് അതുകൊണ്ടാവണം. 1978-80 കാലത്തെപ്പോഴോ ആണ് ഇതെഴുതിയതെന്ന് ഊഹിക്കാം. കാരണം ഈ സഞ്ചികയിലുള്ളത് അക്കാലത്തെ കൃതികളാണ്. (18.03.2010നു ചേര്‍ത്തത്-സുശോഭന്‍ സര്‍ക്കാര്‍ എന്ന ലേഖനം 1980ല്‍ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഇ എം എസിന്റെ സഖാക്കള്‍ സുഹൃത്തുക്കള്‍ എന്ന കൃതിയില്‍ മലയാളത്തില്‍‌ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ പുസ്തകത്തില്‍ കാണുന്നതു പ്രകാരം 1980 ജനുവരി മാസത്തിലാണ് ഈ ലേഖനം ചിന്താ വാരികയില്‍ പ്രസിദ്ധീകൃതമാവുന്നത്.) 
ഈ ലേഖനത്തില്‍നിന്നു ചില ഉദ്ധരണികളിതാ:
ആദ്യമേ ഈ അവലോകനത്തില്‍ ചര്‍ച്ചചെയ്യുന്ന വിഷയമെന്താണെന്നു വ്യക്തമാക്കുന്ന ഈ ഭാഗം നോക്കുക:
മൂന്നാമത്തെ ലേഖനം മൊഹിത്‌സെന്നിന്റെതാണ്. ഏഷ്യാറ്റിക് ഉല്‍പാദനീതിയെക്കുറിച്ച് പ്രത്യക്ഷത്തില്‍ പരാമര്‍ശിച്ചുകൊണ്ടുള്ളതല്ല അത്. വര്‍ഗാധിഷ്ഠിത രീതിശാസ്ത്രവും ഇന്ത്യയുമെന്ന മുഖ്യവിഷയം സംബന്ധിച്ച അതില്‍ ഏഷ്യാറ്റിക് ഉല്‍പാദനരീതിയെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ അവലോകനത്തില്‍ നമുക്ക് ആ പ്രശ്നത്തിലൊതുങ്ങി നില്‍ക്കാം. (സഞ്ചിക 75, 297)
അതായത്, ഈ ലേഖനം സുശോഭന്‍ സര്‍ക്കാറിനെപ്പറ്റിയല്ല, ഏഷ്യാറ്റിക് ഉല്‍പാദനരീതിയെ സംബന്ധിച്ചാണ്.
ഏഷ്യാറ്റിക് സൊസൈറ്റി എന്ന ആശയം മാര്‍ക്സില്‍ ഉദയം ചെയ്തത് അമൂര്‍ത്തമായിട്ടല്ല എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. മുതലാളിത്തവികസനത്തെ സംബന്ധിച്ച് [...] പഠനം നടത്തുന്നതിന്നിടയില്‍ [...] പ്രാങ് മുതലാളിത്ത സാമൂഹ്യരൂപങ്ങളെന്നു വിളിക്കാവുന്ന സ്ഥിതിയില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളെ കണ്ടെത്താന്‍ മാര്‍ക്സിനു ഇടവന്നു. (സഞ്ചിക 75, 299)
1857 ലെ ശിപായി ലഹളയും ജനകീയ കലാപവും മൃഗീയമായി അടിച്ചമര്‍ത്തപ്പെടുന്നതിനുമുമ്പും പിമ്പുമുള്ള നിര്‍ണ്ണായകഘട്ടത്തിലെ സവിശേഷ സംഭവവികാസങ്ങളെ വിലയിരുത്താന്‍ മാര്‍ക്സ് ശ്രമം നടത്തുകയായിരുന്നു. ഇതിന്റെയും മറ്റ് പഠനങ്ങളുടെയും (ചൈന ഉള്‍പ്പെടെ ഏഷ്യയിലെ മറ്റ് ചില രാജ്യങ്ങളെ സംബന്ധിച്ച) ഫലമായി ഒരു കാര്യം അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞു. പ്രാകൃതകമ്യൂണിസം, അടിമത്തം, നാടുവാഴിത്തം, മുതലാളിത്തം എന്ന രീതിയില്‍ നേരത്തെ കണ്ടെത്തിയ ചിട്ടപ്പടിയുള്ള സമൂഹത്തിന്റെ വളര്‍ച്ച ഈ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അപൂര്‍ണമാണ്. പൌരാണിക ഫ്യൂഡല്‍ സമൂഹത്തിനു തൊട്ടുമുമ്പായി ഏഷ്യാറ്റിക് എന്ന പദം ഉള്‍പ്പെടുത്തിയത് ആ യാഥാര്‍ഥ്യം മുറുകെപ്പിടിക്കുന്നതിന് അദ്ദേഹം നടത്തിയ ആദ്യത്തെ ശ്രമത്തിന്റെ ഭാഗമാണ്. (സഞ്ചിക 75, 299-300)
ഇങ്ങനെ 'ഒരു പദം' 'ഉള്‍പ്പെടുത്തിയ'തിനെ ഈ ലേഖനത്തിലുടനീളം ഇ എം എസ് ശരിവെയ്ക്കുകയാണ്. പതിവുപോലെ മാര്‍ക്സിനു തെറ്റിയിട്ടില്ല, മാര്‍ക്സിനെ തെറ്റായി വായിച്ചതാണ് പ്രശ്നം എന്നാണ് ഇ എം എസ് പറയുന്നതിന്റെ പൊരുള്‍. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇ എം എസ് നമ്പൂതിരിപ്പാട് കാര്യവട്ടത്തെ യൂനിവേഴ്സിറ്റി സെന്ററില്‍ നടത്താന്‍ പോവുന്ന പ്രസംഗത്തില്‍ ഏഷ്യാറ്റിക് സൊസൈറ്റിയെപ്പറ്റി പറയാന്‍ പോവുന്ന കാര്യങ്ങളോരോന്നും ഈ ലേഖനത്തില്‍ മുന്‍കൂറായി ഖണ്ഡിച്ചിരിക്കുന്നു.
ഏഷ്യാറ്റിക് സൊസൈറ്റി എന്ന സങ്കല്‍പ്പത്തോട് ഏംഗല്‍സ് യോജിച്ചിരുന്നില്ല എന്നവകാശപ്പെടുന്നവരുടെ ശ്രദ്ധ ഈ സന്ദര്‍ഭത്തില്‍ ദൂറിങിനെതിരെ എന്ന കൃതിയിലെ ഒരു സുപ്രധാന വാചകത്തിലേക്ക് ക്ഷണിച്ചുകൊള്ളട്ടെ.
Oriental Despotism ത്തെപ്പറ്റി ഏംഗല്‍സ് പറയുന്നത് ഉദ്ധരിച്ചശേഷം ഇങ്ങനെ തുടരുന്നു.
പദപ്രയോഗത്തിലുള്ള വ്യത്യാസം ഒഴിച്ചുനിര്‍ത്തിയാല്‍ മാര്‍ക്സും ഏംഗല്‍സും ഒരേ ആശയം തന്നെയാണ് പ്രകടിപ്പിച്ചതെന്ന് കാണാവുന്നതാണ്. പ്രാകൃത കമ്യൂണിസത്തില്‍നിന്ന് അടിമത്തത്തിലേക്കും പിന്നീട് ഫ്യൂഡലിസത്തിലേക്കും അവസാനമായി മുതലാളിത്തത്തിലേക്കും എന്ന പരിവര്‍ത്തനപ്രക്രിയയിലൂടെ കടന്നുപോയിട്ടില്ലാത്ത ഒട്ടേറെ രാജ്യങ്ങളുണ്ട്. മാര്‍ക്സ് ഏഷ്യാറ്റിക്കെന്നും ഏംഗല്‍സ് പൌരസ്ത്യമെന്നും വിളിച്ചത് ഈ സമൂഹത്തെയാണ്. പദപ്രയോഗമെന്തായാലും ഈ സമൂഹങ്ങള്‍ നൂറ്റാണ്ടുകളോളം ചലനമറ്റ നിലയില്‍ ശേഷിച്ചുവെന്നതാണ് അതിലടങ്ങിയ സാരാംശം. (സഞ്ചിക 75, 301)
ഏഷ്യയില്‍ സമൂഹത്തിന്റെ പരിവര്‍ത്തനരഹിതമായ സ്വഭാവം എന്ന ആശയത്തെക്കുറിച്ച് രണ്ടുകാര്യങ്ങള്‍ എടുത്തുപറയുന്നത് പ്രയോജനപ്രദമായിരിക്കും. ഒന്നാമതായി, ഇന്ത്യയെ സംബന്ധിച്ച് മാര്‍ക്സ് എഴുതിയ കാര്യങ്ങള്‍ യാന്ത്രികമായി വായിക്കുന്നതുമൂലം വിശ്വസിച്ചേക്കാനിടയാവുന്നതുപോലെ ഇവിടെ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് അതിനര്‍ത്ഥമില്ല. തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. [...] ഈ മാറ്റങ്ങളൊക്കെത്തന്നെ ഇന്ത്യന്‍ സാമൂഹ്യസംഘടനയുടെ അടിസ്ഥാനമാതൃകയെ (ജാതിയെ ആസ്പദമാക്കിയുള്ള സാമൂഹ്യമായ തൊഴില്‍ വിഭജനത്തോടുകൂടിയ സ്വയം പര്യാപ്തമായ ഗ്രാമീണ സമൂഹം) ഏറെക്കുറെ സ്പര്‍ശിക്കാതെ വിടുകയാണുണ്ടായതെന്ന് ഊന്നിപ്പറയുക മാത്രമാണ് മാര്‍ക്സ് ചെയ്തത്. അതു ശരിയുമാണ്. (സഞ്ചിക 75, 302)
ഏഷ്യാറ്റിക് സൊസൈറ്റി എന്ന മാര്‍ക്സിന്റെ വീക്ഷണം തെറ്റായിരുന്നു എന്ന വാദത്തെയാണ് ഇവിടെ ഖണ്ഡിക്കുന്നത്. ഈ വാദം മാര്‍ക്സ്  ആദ്യകാലത്ത് പുലര്‍ത്തിപോന്നതും പിന്നീട് തിരുത്തിയതുമാണെന്ന വാദത്തെയും ഈ ലേഖനത്തില്‍ തീര്‍ത്തും തള്ളിക്കളയുന്നുണ്ട്, പരോക്ഷമായി. 
ഇതോടനുബന്ധിച്ച് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇന്നത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മിക്കവയും ഏഷ്യാറ്റിക് അഥവാ പൌരസ്ത്യസമൂഹങ്ങളില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നവയാണ് എന്നുള്ളത് ഒരു വസ്തുതയാണ്. അവ നിസംശയമായും മുതലാളിത്തപരമായ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ടെങ്കിലും പരിവര്‍ത്തനരഹിതമെന്നു പറയപ്പെടുന്ന സമൂഹഘടനയുടെ അടിത്തറ മുതലാളിത്തം തകര്‍ത്തിട്ടില്ല. (സഞ്ചിക 75, 306)
 താന്‍ വിമര്‍ശിക്കുന്ന മൂന്നു നിലപാടുകള്‍ എണ്ണിപ്പറയുന്ന ലേഖനകര്‍ത്താവ് രണ്ടാമത്തെ പ്രതിപക്ഷനിലപാടായി ഇതും അവതരിപ്പിക്കുന്നു:

മാര്‍ക്സ് ആദ്യഘട്ടത്തില്‍ മാത്രമാണ് ഏഷ്യാറ്റിക് സൊസൈറ്റിയെന്ന സങ്കല്‍പ്പം എടുത്തുപയോഗിച്ചിരുന്നത്. പില്‍ക്കാലകൃതികളില്‍ അദ്ദേഹം തന്നെയും അതുപേക്ഷിക്കുകയുണ്ടായി. [ഏംഗല്‍സ്?] ഒരിക്കലും ഏഷ്യാറ്റിക് ഉല്‍പ്പാദന രീതിയെന്ന സിദ്ധാന്തത്തോട് യോജിച്ചിരുന്നില്ല. (സഞ്ചിക 75, 298)
(സമ്പൂര്‍ണ്ണകൃതികളുടെ എഡിറ്റര്‍ ദേശാഭിമാനിക്കളരിയില്‍ അഭ്യസിച്ചുവന്നവനാണെന്ന് അവസാനത്തെ അസംബന്ധവാക്യം വ്യക്തമാക്കുന്നു.)

ഇങ്ങനെ അവതരിപ്പിക്കുന്നതല്ലാതെ ലേഖനത്തിലൊരിടത്തും പില്‍ക്കാലകൃതികളില്‍ മാര്‍ക്സ് ഈ നിലപാട് ഉപേക്ഷിച്ചു എന്ന വാദത്തിനെതിരേ നേരേചൊവ്വേ മറുപടി നല്കുന്നില്ല. അതേസമയം മാര്‍ക്സിനു തിരുത്തേണ്ടതായതൊന്നും ഉണ്ടായില്ലെന്നും മാര്‍ക്സിനെ തെറ്റായി വായിച്ചതാണ് പ്രശ്നമെന്നുമാണ് ലേഖനത്തിന്റെ ധ്വനി. ഏംഗല്‍സിന് ഈ നിലപാടുണ്ടായിരുന്നില്ലെന്നത് തെറ്റായ വാദമാണെന്നു പക്ഷേ തെളിച്ചുപറഞ്ഞിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍:
1994ലെ ഇ എം എസ്സിനെസംബന്ധിച്ചിടത്തോളം, മാര്‍ക്സ് ഒറ്റ ലേഖനത്തില്‍ ഒരിക്കല്‍ മാത്രം പറഞ്ഞതും പിന്നീട് തെറ്റെന്നു മനസ്സിലാക്കിയതും ഏംഗല്‍സ് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലാത്തതുമാണ് ഏഷ്യാറ്റിക് സമൂഹമെന്ന 'പദം'. ആ പ്രസംഗത്തില്‍ ഇ എം എസ് എഴുന്നെള്ളിച്ച ചുക്കും ചുണ്ണാമ്പും അറിയാത്ത വങ്കത്തരം ഇ എം എസ് എന്ന സൈദ്ധാന്തികന്റെ ബൌദ്ധിക-വൈജ്ഞാനിക നിലവാരത്തിനു തികച്ചും യോജിക്കുന്നതുമാണ്.

എന്നാല്‍ 1970 കളുടെ അവസാനത്തില്‍ ഇ എം എസ് എഴുതിയതായി സമ്പൂര്‍ണ്ണകൃതികളില്‍ കാണുന്ന ലേഖനം വാസ്തവത്തില്‍ ഇ എം എസ് എഴുതിയതല്ല. കാരണം ഏറെ സംവാദങ്ങളുണ്ടായ ഏഷ്യാറ്റിക് സമൂഹമെന്ന സങ്കല്‍പ്പത്തെക്കുറിച്ച് കുറച്ചെങ്കിലും ധാരണയുള്ളയാളാണ് അതെഴുതിയത്. ലേഖനത്തില്‍ ഇ എം എസ്സിന്റെ കുയുക്തികളും തട്ടിപ്പുകളുമുണ്ടെങ്കിലും അതു സ്വന്തം കൃതിയല്ല. മാര്‍ക്സ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ആശയമാണിതെന്ന വാദത്തിന് പ്രത്യക്ഷത്തില്‍ മറുപടി പറയാതെ തടിതപ്പുന്നത് ഉദാഹരണം. അപ്പോള്‍ ആരോ എഴുതിക്കൊടുത്തതില്‍ ഇ എം എസ് കൈക്രിയ നടത്തിയിട്ടുണ്ടാവാം എന്നുമാത്രം.
1994ലെ പ്രസംഗം ഇ എം എസ് നമ്പൂതിരിപ്പാട് പോയി ഉടലോടെ നടത്തിയതാണ്.  അവിടെ അദ്ദേഹം പറഞ്ഞ പരമവങ്കത്തരങ്ങള്‍ സ്വയം നിരൂപിച്ചെഴുതിയോ കേരള സംസ്ഥാന കമ്മിറ്റിക്കു കീഴിലെ ഏതെങ്കിലും മണ്ടന്‍ കൂലിയെഴുത്തുകാരന്‍ എഴുതിക്കൊടുത്തതോ  ആവാം. പക്ഷേ, 1994 ല്‍ ഇങ്ങനെ എഴുതിയ ഇ എം എസ് 1970കളുടെ അവസാനം എഴുതിയ മേല്‍പ്പറഞ്ഞ ലേഖനം എഴുതാന്‍ ഒരു വഴിയുമില്ല.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലെ ഇ എം എസ്സിനെ വിശ്വസിക്കണോ അതോ 1994 ലെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഇ എം എസ്സിനെ വിശ്വസിക്കണോ എന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാര്‍ തീരുമാനിക്കട്ടെ. ഒരു നിസ്സാര വിഷയത്തില്‍ പതിനഞ്ചുകൊല്ലം മുമ്പ് പഠിച്ച കാര്യങ്ങള്‍ സഖാവ് മറന്നുപോയത് വലിയ കാര്യമല്ലെന്ന് വിനീതവിധേയന്മാര്‍ പൊടുന്നനെ തീരുമാനത്തിലെത്തും മുന്‍പ് ഇക്കാര്യം കൂടി പരിഗണിക്കുന്നത് നന്നാവും.

ഏഷ്യാറ്റിക് സമൂഹത്തെക്കുറിച്ചുള്ള ചര്‍ച്ചയെ സംബന്ധിച്ച് സുശോഭന്‍ സര്‍ക്കാര്‍ എന്ന ലേഖനം പറയുകയാണ്:
ഇതൊക്കെ പാഴ്വേലയാണെന്നും അമൂര്‍ത്തമായ താത്വികതലത്തിലുള്ള ഈ ചര്‍ച്ചകള്‍ക്ക് ഇന്നത്തെ പ്രായോഗികപ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം യാതൊരു പ്രാധാന്യവുമില്ലെന്നും അതുകൊണ്ട് അതവസാനിപ്പിക്കണമെന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ഥജീവിതപ്രശ്നത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ ഹ്രസ്വവീക്ഷണത്തോടുകൂടിയ സമീപനമാണിത്. (സഞ്ചിക 75, 299)
യഥാര്‍ഥ ജീവിതപ്രശ്നമാണിത്. എനിക്കല്ല, സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടിന്. അതിലാവട്ടെ  മണ്ണും ചാണവും അറിഞ്ഞും കൂടായിരുന്നു, നമ്പൂതിരിപ്പാടിന്. ഇനി സഖാക്കളെന്തു ചെയ്യും? സഖാക്കളെ വെറുതെ വിടാം. ഈ ലേഖനം ഇ എം എസ്സിനെ ചരിത്രകാരനെന്ന നിലയില്‍ വാഴ്ത്തുന്ന കെ. എന്‍. പണിക്കര്‍, പ്രഭാത് പട്നായ്ക്, രാജന്‍ഗുരുക്കള്‍ എന്നിവര്‍ക്കൊക്കെ ഞാന്‍ സമര്‍പ്പിക്കുന്നു. 
[ഏഷ്യാറ്റിക് സൊസൈറ്റി, മാര്‍ക്സിന് ഇന്ത്യയെക്കുറിച്ചുള്ള നിലപാട് എന്നീ വിഷയങ്ങളില്‍ സുനീതി കുമാര്‍ ഘോഷ് എഴുതിയ പണ്ഡിതോചിതമായ ലേഖനം ഇവിടെക്കാണാം. 1984ല്‍ ആണ് ആ ലേഖനം Monthly Review പ്രസിദ്ധീകരിക്കുന്നത്. 1984ലെ പണ്ഡിതനെയും 1994ലെ ഇ എം എസിനെയും താരതമ്യം ചെയ്യാനൊന്നുമില്ല. എങ്കിലും ഇ എം സ്സിനെ  വാഴ്ത്തുന്ന പണ്ഡിതന്മാരെ മനസ്സിലാക്കാന്‍ ഘോഷ് ഉപകരിക്കും] 
ജാതി-ജന്മി-നാടുവാഴി മേധാവിത്വമെന്ന ഇ എം എസ്സിന്റെ മഹാസിദ്ധാന്തത്തെപ്പറ്റി വൈകാതെ.

2 comments:

  1. ഇ എം എസ് സമ്പൂര്‍ണ്ണകൃതികള്‍ സമ്പൂര്‍ണ്ണമായി. ഇ എം എസ് യുഗം അവസാനിച്ചു. സ്ഥലകാലഭേദങ്ങളുടെ പരിമിതിയില്‍ മാത്രമായിരുന്നു ഇ എം എസ് എന്ന പണ്ഡിതന്റെ നിലനില്പ്. ഏംഗല്‍സ് അതിനെപ്പറ്റി ഒരിടത്തും പറഞ്ഞിട്ടേയില്ലാന്നാ 1994-ല്‍. അതിനെപ്പറ്റി പറഞ്ഞിട്ടില്ലേ? ഞാന്‍ കാട്ടിത്തരാമല്ലോ എന്ന് 1980-നോടടുത്ത്. കഴിഞ്ഞു, വൈരുധ്യവാദി. നൂറു വാല്യത്തില്‍ ഒരുമിച്ചതോടെ ഈ വിഗ്രഹം ഇനിയില്ല. ഉണ്ടെന്നു പറയാന്‍ ആരെങ്കിലും?

    ReplyDelete
  2. ഉഗ്രന്‍,

    ശ്രീരാമകൃഷ്ണന്‍റെ നെറ്റ് സാക്ഷരരായ കുട്ടിസഖാക്കള്‍ ഇതൊന്നും കാണുന്നില്ലേ? എന്താ ഒരു മറുപടിയും കാണുന്നില്ലല്ലോ? അതിന് മറുപടി എന്തെങ്കിലും വേണ്ടേ അല്ലേ? കഷ്ടം... കഷ്ടം...

    ReplyDelete

Google Buzz Public Feed for Calicocentric --