Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

14 Mar 2010

ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക

ഈ വര്‍ഷം ജനുവരി മാസത്തില്‍ ലെഫ്റ്റ് വേഡ് എന്ന പ്രസാധക സ്ഥാപനം ഇ എം എസ് നമ്പൂതിരിപ്പാടിന്റെ  History, Society and Land Relations, Selected Essays എന്നൊരു പുസ്തകം
പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ വിശേഷത അതിന്റെ കോപ്പിറൈറ്റിനെ സംബന്ധിച്ചതാണ്. ക്രിയേറ്റീവ് കോമണ്‍സ്  ആട്രിബ്യൂഷന്‍-ഷെയര്‍ എലൈക് 2.5 ഇന്‍ഡ്യ എന്ന ലൈസെന്‍സോടെയാണ് അതു പ്രസിദ്ധീകരിച്ചത്. ആര്‍ക്കും ആ പുസ്തകം ഏതു രൂപത്തിലും പ്രസിദ്ധീകരിക്കാം, ഉള്ളടക്കം മാറ്റാം. അത് ഇ എം എസ് കൃതിയാണെന്നു വ്യക്തമാക്കണമെന്നു മാത്രം. പ്രസാധകരുടെ അനുമതി തേടുകപോലും വേണ്ട. 

പുസ്തകത്തിന്റെ ഈ പേജ് കാണുക.
ഈ ലൈസെന്‍സ് ഫലപ്രദമാവണമെങ്കില്‍ പുസ്തകത്തിന്റെ ഒരു ഡിജിറ്റല്‍ കോപ്പി വേണം. അതു പക്ഷേ പ്രസാധകര്‍ ലഭ്യമാക്കിയിട്ടില്ലെന്നു തോന്നുന്നു. അച്ചടിച്ചതിന്റെ ചെലവ് തിരിച്ചുകിട്ടിയശേഷം ഒരു പക്ഷേ അവര്‍ ലഭ്യമാക്കുമായിരിക്കും. 
ഇവിടെ ശ്രദ്ധേയമായൊരു വസ്തുത, ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാവേണ്ടതിന്റെ ആവശ്യകതയാണ്. ഇക്കാലത്ത് ഗവേഷണത്തിന് ഇതു കൂടിയേ കഴിയൂ. ഇ എം എസ് കൃതികളുടെ കോപ്പിറൈറ്റ് കൈവശം വെച്ചിരിക്കുന്നത് സി പി ഐ (എം) ആണ്. അവര്‍ വിചാരിച്ചാല്‍ ഇ എം എസ് കൃതികള്‍ നിഷ്പ്രയാസം ഓണ്‍ലൈനായി ലഭ്യമാക്കാം.
മാറിയ കാലത്തെ പുതിയ ആവശ്യകത മനസ്സിലാക്കുന്നതിന്റെ സൂചനയാണ് മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ ലൈസെന്‍സ് എന്നു തോന്നുന്നു. എന്നാല്‍ മലയാളം പുസ്തകങ്ങളുടെ കാര്യത്തില്‍ കേരള സംസ്ഥാന കമ്മിറ്റി ഇത്തരമൊരു തിരിച്ചറിവ് നേടാന്‍ ഇനിയെത്ര വര്‍ഷം എടുക്കും?വാസ്തവത്തില്‍ സമ്പൂര്‍ണ്ണകൃതികള്‍ക്കുവേണ്ടി മുഴുവന്‍ റ്റെക്സ്റ്റും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടാവും എന്നിരിക്കെ ഒരു വിഷമവുമില്ലാതെ അവര്‍ക്ക് ചെയ്യാവുന്ന കാര്യമാണിത്. യൂനികോഡിലേക്ക് കണ്‍വേര്‍ട് ചെയ്ത്  searchable ആയ റ്റെക്സ്റ്റ് അപ്‌ലോഡ് ചെയ്യാന്‍ സെര്‍വറുകള്‍ പോലും ഇഷ്ടംപോലെ ലഭ്യമാണ്. ഉചിതമായ ലൈസെന്‍സ് നല്കുകയാണെങ്കില്‍ വിക്കിമീഡിയ ഫൌണ്ടേഷനെ സെര്‍വറുകള്‍ ഇവ ഹോസ്റ്റ് ചെയ്തോളും.   ഇങ്ങനെ ചെയ്യുന്ന പക്ഷം ഇ എം എസ് കൃതികളെപ്പറ്റി ഒരു amateur ഗവേഷണ ശാഖ തന്നെ ബ്ലോഗിലും personal websites ലുമായി വളര്‍ന്നു വരാനിടയുണ്ട്. അതാവട്ടെ പിന്നീട് മറ്റു മാധ്യമങ്ങളിലേക്കും പടര്‍ന്നുകയറുകയും ചെയ്യും.
ഇതിന് വേണ്ടപ്പെട്ട ആളുകളില്‍ പ്രേരണ ചെലുത്തുന്നതിന് സി പി ഐ എം അനുകൂല ബ്ലോഗെര്‍മാര്‍ ശ്രദ്ധിക്കണമെന്ന്  താത്പര്യപ്പെടുന്നു. വേണമെങ്കില്‍ ഇതിനായി ഒരു ഓണ്‍ലൈന്‍ പെറ്റിഷനും ഉണ്ടാക്കാവുന്നതാണ്. ഇതിന് ആരെങ്കിലും മുന്‍കൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു.

2 comments:

  1. ആവശ്യത്തിനു താങ്കള്‍ ഒക്കെ ഗവേഷണം ചെയ്ത് കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ടല്ലോ സുഹൃത്തേ...അതു പോരെ?

    ReplyDelete
  2. നെയ്യേറിയാല്‍ മുറുക്കം കൂടുകയല്ലേയുള്ളൂ?
    അതോ നഞ്ചെന്തിന് നാനാഴി എന്നാണോ?

    ReplyDelete