റഷ്യന്‍ വിപ്ലവത്തോട് പ്രതിബദ്ധനായി അതിന്റെ പുരോഗതിയെ സഹായിക്കുന്നതിന് വേണ്ടി സോദ്ദേശമായി രചിച്ച കൃതിയല്ല ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും. പക്ഷേ ഗോര്‍കിയേയും ഷോളോഖോവിനെയും മറ്റും പോലെയുള്ള ബദ്ധപ്രതിജ്ഞരായ നോവല്‍ കര്‍താക്കളെപ്പോലെ വിപ്ലവപ്രസ്ഥാനത്തെ സഹായിക്കാന്‍ അബോധപൂര്‍വ്വമായെങ്കിലും ശ്രമിച്ച ഒരുത്തമ കലാസാഹിത്യകാരന്റെ മനോഹര കൃതികളില്‍ ഏറ്റവും മനോഹരമാണ് യുദ്ധവും സമാധാനവും.(വായനയുടെ ആഴങ്ങളില്‍, 271-275)ഈ ഉദ്ധരണിയിലെ രണ്ടാമത്തെ വാക്യം ഇ എം എസിന്റെ പ്രശസ്തമായ ലളിതസുതാര്യശൈലിക്ക് ഉത്തമനിദര്‍ശനമാണ്. (ഈ ശൈലിയെ സുകുമാര്‍ അഴീക്കോട് വാനോളം പുകഴ്ത്തിയതിനെപ്പറ്റി വേറൊരു പോസ്റ്റില്‍ പിന്നീട് എഴുതും) ഇതു വായിച്ചാല്‍ എന്താണു മനസ്സിലാവുക? എത്ര രീതിയില്‍ ഈ വാക്യത്തെ വ്യാഖ്യാനിക്കാം?
അബോധപൂര്‍വ്വമായെങ്കിലും ശ്രമിച്ച എന്നാല്‍ എന്താണ് അര്‍ത്ഥം? നമ്പൂതിരിപ്പാടാരാ സൈക്കോഅനലിസ്റ്റോ? ശ്രമിക്കുക എന്നത് ബോധപൂര്‍വ്വമായ പ്രവൃത്തിയാണ്. അബോധപൂര്‍വ്വമായി സഹായിച്ചു എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. അബോധപൂര്‍വ്വമായി ശ്രമിക്കുന്നതെങ്ങനെയെന്നു നമ്പൂതിരിപ്പാട് പറഞ്ഞിട്ടില്ല. "ഗോര്‍കിയേയും ഷോളോഖോവിനെയും മറ്റും പോലെയുള്ള ബദ്ധപ്രതിജ്ഞരായ നോവല്‍ കര്‍താക്കളെപ്പോലെ വിപ്ലവപ്രസ്ഥാനത്തെ സഹായിക്കാന്‍ അബോധപൂര്‍വ്വമായെങ്കിലും ശ്രമിച്ച" എന്നു പറഞ്ഞാലോ? ഗോര്‍ക്കിയും ഷോളഹോവും അബോധപൂര്‍വ്വമായി വിപ്ലവപ്രസ്ഥാനത്തെ സഹായിച്ചവരാണെന്നാണോ? അല്ലെങ്കില്‍ ഗോര്‍ക്കിയെയും ഷോളഹോവിനെയും പോലെ ബോള്‍ഷെവിക്കു സാഹിത്യകാരനായിരുന്നു ടോള്‍സ്റ്റോയ് എന്നാണോ? വങ്കത്തരമാണ് നമ്പൂതിരിപ്പാട് എഴുതിയത്. പോരാത്തതിന് ടോള്‍സ്റ്റോയിയുടെ മുഴുവന്‍ കൃതികളും വായിച്ച് അതില്‍ മികച്ചതാണ് യുദ്ധവും സമാധാനവും എന്നു നിശ്ചയിച്ചതുപോലെ അതിനെപ്പറ്റി അഭിപ്രായം പറയുന്ന ശരികേടും.
ബോധപൂര്‍വ്വമായിട്ടല്ലാതെ പുരോഗമന സാഹിത്യകൃതികള്‍ രചിക്കുന്ന സാഹിത്യകാരന്മാരുണ്ട്. കലാകാരന്മാരുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറഞ്ഞതാണ്. ആശയപരമായി നോക്കിയാല്‍, വര്‍ഗബന്ധത്തിന്‍റെ ദൃഷ്ടിയില്‍ നോക്കിയാല്‍, ടോള്‍സ്റ്റോയി ഒരു പിന്തിരിപ്പനായിരുന്നു. വിപ്ലവവിരുദ്ധനായിരുന്നു. പക്ഷേ കലാകാരന്‍ എന്ന നിലയ്ക്ക് ജീവിതയാഥാര്‍ഥ്യം നോക്കിക്കണ്ടപ്പോള്‍ അദ്ദേഹത്തെ റഷ്യന്‍വിപ്ലവത്തിന്റെ കണ്ണാടി എന്നാണ് ലെനിന്‍ വിശേഷിപ്പിച്ചത്. ടോള്‍സ്റ്റോയിയുടെ കൃതികളെന്നാല്‍ റഷ്യയില്‍ വളര്‍ന്നുകൊണ്ടിരുന്ന കാര്‍ഷികവിപ്ലവത്തിന്റെ കണ്ണാടിയാണ്. അവ ബോധപൂര്‍വമല്ലാതെ അബോധപൂര്‍വമായി വിപ്ലവത്തെ സഹായിച്ചു. ടോള്‍സ്റ്റോയ് എന്ന വ്യക്തിയുടെ ആശയപരമായ നിലപാട്, വര്‍ഗപരമായ അടിസ്ഥാനം, ഇവയും കലാകാരന്‍ എന്ന നിലക്ക് ലോകയാഥാര്‍ഥ്യം അദ്ദേഹം കണ്ടതും സംബന്ധിച്ച് വലിയൊരു വൈരുധ്യമുണ്ടായിരുന്നു. ആശയപരമായും വര്‍ഗപരമായും പിന്തിരിപ്പനായ ഒരാള്‍ കലാകാരനെന്ന നിലക്ക് ജീവിതം പഠിച്ച് ജീവിതത്തില്‍നിന്ന് സംഭവങ്ങളെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ച അവസരത്തില്‍ വിപ്ലവകാരിയായിത്തീര്‍ന്നു. (പ്രബന്ധങ്ങള്‍, 290)വര്‍ഗ്ഗപരമായും ആശയപരമായും പിന്തിരിപ്പന്‍ ആയ ഒരാള്‍ ലോകയാഥാര്‍ഥ്യം കണ്ട് വിപ്ലവകാരിയായിപ്പോയ കഥ ഇ എം എസ് എത്രയോ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. ഇ എം എസ്സ് ലാവണ്യശാസ്ത്രാരിഷ്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവകളാണ് ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറഞ്ഞതും മാര്‍ക്സ് ബല്‍സാക്കിനെപ്പറ്റി പറഞ്ഞതും. ഇതില്‍ ബല്‍സാക്കിനെപ്പറ്റി ഇ എം എസ് മാര്‍ക്സിനെക്കൊണ്ട് പറയിച്ച ആ അജ്ഞാത സാധനം എന്തെന്ന് ഈ പോസ്റ്റില്‍ പിന്നീട് പറയുന്നു.
വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തില്‍ ഗോര്‍ക്കിയുടെ അമ്മയെപ്പറ്റിയുള്ള ലേഖനത്തില്‍ ഇ എം എസ് ടോള്‍സ്റ്റോയിയെപ്പറ്റിയും ചിലതെല്ലാം പറയുന്നത് രസമാണ്.
ഗോര്‍കിയെ ടോള്‍സ്റ്റോയിയുമായി താരതമ്യപ്പെടുത്തുന്നത് ഈ സന്ദര്‍ഭത്തില്‍ സഹായകരമായിരിക്കും. ഗോര്‍കിയെപ്പോലെ റഷ്യന്‍ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തോട് പ്രതിബദ്ധതയുള്ള ഒരു നോവല്‍ കര്‍താവായിരുന്നില്ല ടോള്‍സ്റ്റോയി. പക്ഷേ അദ്ദേഹവും ഗോര്‍കിയെപ്പോലെ റഷ്യന്‍ വിപ്ലവത്തെ കലാസുഭഗമായ സത്യസന്ധതയോടെ ചിത്രീകരിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രചനകളെ റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്ന് ലെനിന്‍ വിശേഷിപ്പിച്ചത്. ഗോര്‍കിയുടെ അമ്മപോലെ ടോള്‍സ്റ്റോയിയുടെ നോവലുകളും റഷ്യന്‍ തൊഴിലാളിവര്‍ഗവിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ചയെ സഹായിച്ചു.റഷ്യന്‍ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തോട് പ്രതിബദ്ധതയുള്ള ഒരു നോവല്‍ കര്‍താവായിരുന്നില്ല ടോള്‍സ്റ്റോയി എന്നു പറയുന്നത് എന്തൊരു വിവരക്കേടാണ്! ഇദ്ദേഹത്തിന്റെ പ്രധാന നോവലുകളായ യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവ റഷ്യയില്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം തുടങ്ങുന്നതിനു ദശകങ്ങള്‍ക്കുമുമ്പേ രചിക്കപ്പെട്ടതാണ്. പ്രബന്ധത്തില്‍നിന്നുദ്ധരിച്ചിടത്ത് പറയുന്നത് കാര്‍ഷിക വിപ്ലവത്തിന്റെ കണ്ണാടിയെന്നും ഇവിടെ വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തില്‍നിന്നുദ്ധരിച്ചിടത്ത് വിപ്ലവത്തിന്റെ കണ്ണാടിയെന്നുമാണ്. (രണ്ടും തൊണ്ണൂറുകളിലെഴുതിയത്.) സാഹചര്യത്തില്‍നിന്ന് ഊഹിക്കാവുന്നത് തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തെപ്പറ്റിയാണ് ഈ ലേഖനത്തില്‍ ഇ എം എസ് പറയുന്നത് എന്നാണ്. 1994 ആവുമ്പോഴേക്കും വാര്‍ദ്ധക്യസഹജമായ അപചയം ഇദ്ദേഹത്തിന്റെ ബുദ്ധിയെ ബാധിച്ചതുകൊണ്ടാകാം ഇത്. [എന്നാല്‍ ഇക്കാലമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും ധൈഷണികമായ കാലഘട്ടം എന്നാണ് ചിലര്‍ പറയുന്നത്. ഇ എം എസ് അന്തോണിയോ ഗ്രാംഷിയെക്കണ്ട കാലം.]
പക്ഷേ ഗോര്‍കിയും ടോള്‍സ്റ്റോയിയും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്. വിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ചയെ സഹായിക്കണമെന്ന് ബോധപൂര്‍വമായ ഉദ്ദേശ്യം ഗോര്‍കിക്കെന്നപോലെ ടോള്‍സ്റ്റോയിക്കില്ലായിരുന്നു. പ്രതിഭാശാലിയയായ കലാകാരന്‍ എന്ന നിലക്ക് യാഥാര്‍ഥ്യം കാണുകയും സത്യസന്ധമായി ചിത്രീകരിക്കുകയുമാണ് അദ്ദേഹം ചെയ്തത്. റഷ്യന്‍ സമൂഹത്തില്‍ ഉയര്‍നുവരാന്‍ തുടങ്ങിയ വിപ്ലവശക്തികളെ പ്രതിഭാശാലിയായ നോവല്‍ കര്‍താവെന്ന നിലയ്ക്ക് അദ്ദേഹം സത്യസന്ധമായി ചിത്രീകരിച്ചു. അപ്പോള്‍ സ്വയം വിപ്ലവകാരിയല്ലാത്ത അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിപ്ലവസ്വഭാവം കൈവന്നുവെന്നര്‍ഥം.(വായനയുടെ ആഴങ്ങളില്‍, 292)
മാര്‍ക്സ്-ബല്‍സാക്ക് മര്‍ക്കടമുഷ്ടി
ബല്‍സാക്ക് എന്ന പേര് കേരളത്തില്‍ ഏറ്റവും അധികം ഉച്ചരിച്ചത് ഇ എം എസ് നമ്പൂതിരിപ്പാടവണം. സാഹിത്യത്തെപ്പറ്റി പറയുമ്പോഴൊക്കെ മാര്‍ക്സ് ബല്‍സാക്കിനെപ്പറ്റി പറഞ്ഞത് എന്നും പറഞ്ഞ് നമ്പൂതിരിപ്പാട് തുടങ്ങും. ബല്‍സാക്കിന്റെ ഏതെങ്കിലും കൃതി ഇദ്ദേഹം വായിച്ചിരിക്കാന്‍ ഒരു സാദ്ധ്യതയുമില്ല. മാര്‍ക്സ് ബല്‍സാക്കിനെപ്പറ്റി പറഞ്ഞതായി ഇദ്ദേഹം പറയുന്നത് വ്യാജമാണെന്നതിനാല്‍ അതും വായിക്കാനിടയില്ല.
ഇത് ടോള്‍സ്റ്റോയിയുടെ കാര്യത്തില്‍ ലെനിന്‍ പറഞ്ഞുവെങ്കില്‍ ബത്സാക്കിന്റെ കാര്യത്തില്‍ മാര്‍ക്സ് നേരത്തെ പറഞ്ഞിരുന്നു. ബല്‍സാക് ആശയപരമായി നോക്കിയാലും വര്‍ഗപരമായി നോക്കിയാലും പിന്തിപ്പാണ്. പക്ഷേ ബല്‍സാക്കിന്റെ കൃതികള്‍ അന്നത്തെ യൂറോപ്യന്‍ വിപ്ലവത്തെ സഹായിക്കുന്നവയായിരുന്നു. (പ്രബന്ധങ്ങള്‍, 290)മാര്‍ക്സ് ബല്‍സാക്കിനെപ്പറ്റി പറഞ്ഞു എന്നു ഡജന്‍ കണക്കിന് ഇടത്ത് ഇ എം എസ് പറയുന്ന കാര്യം വിവരക്കേടുകൊണ്ടും വ്യാജമായി ഉദ്ധരിക്കാനുള്ള പ്രവണതകൊണ്ടും സംഭവിച്ചുപോയതാണ് (ഇ എം എസ്സിന്റെ വ്യാജ ഉദ്ധരണികളെപ്പറ്റി ഒരു കുറിപ്പ് വേറെ എഴുതുന്നുണ്ട്). വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തില്‍ കാണുന്ന ഗോര്‍കിയുടെ അമ്മയും രൂപഭദ്രതാവാദവും,റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്നീ രണ്ടു ലേഖനങ്ങളിലും ഈ ബല്‍സാക്ക് മണ്ടത്തരം കാണാം. 1972-ല്‍ എഴുതിയ ഹ്യൂമനിസവും വര്‍ഗസമരവും സാഹിത്യത്തില്‍ എന്ന ലേഖനത്തിലും (പ്രബന്ധങ്ങള്‍, 127) ഇതേ മണ്ടത്തരം കാണാം. പറഞ്ഞിട്ടുണ്ട്, പറഞ്ഞിട്ടുണ്ട് എന്നു പറയുകയല്ലാതെ പറഞ്ഞതെന്താണെന്ന് കൃത്യമായി പരാവര്‍ത്തനം ചെയ്യുകയോ ഉദ്ധരിക്കുകയോ ഇല്ല. ഏംഗല്‍സ് ഒരു കത്തില്‍ ബല്‍സാക്കിനെപ്പറ്റി പറഞ്ഞതാണ് ഇ എം എസ് മാര്‍ക്സിന്റെ പെടലിക്കു കെട്ടിവെച്ചത്. ഇയ്യാളെയാണ് അഗാധപണ്ഡിതന്‍ എന്ന് മാന്യവിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. മണ്ടന്മാര്‍ മണ്ടന്മാരായിരിക്കുന്നത് അവര്‍ അബദ്ധം ചെയ്യുന്നതുകൊണ്ടല്ല, മണ്ടത്തരത്തിലെ മര്‍ക്കടമുഷ്ടി അയയാതെ തുടരുന്നതുകൊണ്ടാണ് എന്നതിന് ഇ എം എസ്സിന്റെ നൂറ്റൊന്നാവര്‍ത്തിച്ച ഈ മാര്‍ക്സ് - ബല്‍സാക്ക് കോപ്രാട്ടി നല്ല ഉദാഹരണമാണ്. വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തില്‍ ഡോ. മോഹന്‍തമ്പി എഴുതിയ ഒരു പുസ്തകത്തിന്റെ നിരൂപണവുമുണ്ട് (പുറം 180-184). 1992-ലാണ് ആ നിരൂപണം എഴുതിയത്. ഗോര്‍ക്കിയെപ്പറ്റിയും ടോള്‍സ്റ്റോയിയെപ്പറ്റിയും പറഞ്ഞ നേരത്തേ സൂചിപ്പിച്ച ഗോര്‍കിയുടെ അമ്മയും രൂപഭദ്രതാവാദവും,റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്നീ ലേഖനങ്ങളെഴുതുന്നതിനു മുമ്പാണ് ഇതെഴുതിയത്. ഡോ തമ്പിയുടെ പുസ്തകം മാര്‍ക്സിയന്‍ സാഹിത്യ സിദ്ധാന്തത്തെപ്പറ്റിയാണെന്നാണ് മനസ്സിലാവുന്നത്. തമ്പിയുടെ പുസ്തകത്തില്‍നിന്ന് ബല്‍സാക്കിനെപ്പറ്റി പറയുന്ന ഭാഗം തന്നെ ഇ എം എസ് ഉദ്ധരിക്കുന്നുണ്ട്. ആ ഉദ്ധരണിയില്‍ മാര്‍ക്സിന്റെ പേരല്ല ഉള്ളത്, ഏംഗല്‍സിന്റേതാണ്. പക്ഷേ ഉദ്ധരിക്കുന്നതിനു മുമ്പുതന്നെ അതു മാര്‍ക്സിന്റെ പേരില്‍ കെട്ടിവെയ്ക്കുന്നു ഇ എം എസ്.
മാര്‍ക്സും ഏംഗല്‍സും ബല്‍സാക്കിനെക്കുറിച്ചും ലെനിന്‍ ടോള്‍സ്റ്റോയിയെക്കുറിച്ചും നടത്തിയ നിരീക്ഷണങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഡോ തമ്പി തുടരുന്നു:
രാഷ്ട്രീയമായി ബല്‍സാക്ക് നിയമങ്ങളോട് ബഹുമാനമുള്ളവനും നാശോന്മുഖമായ ഫ്യൂഡല്‍ പ്രഭുത്വത്തിന്റെ അനുഭാവിയുമായിരുന്നെന്ന് ഏംഗല്‍സ് വ്യക്തമാക്കുന്നു.തന്റെ വിരക്കേട് തമ്പിയുടെ വായില്‍ തിരുകിവെയ്ക്കുകയാണ് ഇ എം എസ്. ഡോ. തമ്പിക്കറിയാം ബല്‍സാക്കിനെപ്പറ്റി പറഞ്ഞതു മാര്‍ക്സാണോ ഏംഗല്‍സാണോ എന്ന്. എവിടെയാണു പറഞ്ഞതെന്നും അറിയാം. മാര്‍ക്സിസ്റ്റ് സാഹിത്യത്തില്‍ നിരക്ഷരകുക്ഷിയായ ഇ എം എസ്സിന് ഇതൊന്നും അറിയില്ല. അറിഞ്ഞില്ലെങ്കിലെന്ത്, അറിയാവുന്ന ഡോ തമ്പി വെറുമൊരു പുസ്തകമെഴുത്തുകാരനും സഖാവ് ഇ എം എസ് ആഗോള മാര്‍ക്സിസ്റ്റ് ദാര്‍ശനികനുമാണ്. തന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ നിരൂപണം ഇ എം എസ് എഴുതിയത് ഡോ. തമ്പി വായിച്ചുണ്ടാവില്ലേ. മാര്‍ക്സ് സാഹിത്യത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞിടത്തൊക്കെ മാര്‍ക്സ് ബല്‍സാക്കിനെപ്പറ്റി എന്നു പറഞ്ഞു തുടങ്ങുന്ന തട്ടിപ്പ് ഈ ഒറ്റ നിരൂപണത്തിലെ ഉദ്ധരണിയില്‍ മാത്രം (തമ്പിയുടെ പുസ്തകത്തില്‍നിന്ന് ഉദ്ധരിക്കുന്നു എന്നതുകൊണ്ടുമാത്രം) ഇല്ലാതായിപ്പോയത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ? പറയാന്‍ വയ്യ.
No comments:
Post a Comment