മാക്സിം ഗോര്‍ക്കി ഇ എം എസ്സിനെ സംബന്ധിച്ചിടത്തോളം മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് ചിന്തകനായിരുന്നു. ഉറച്ച മാര്‍ക്സിസ്റ്റ് ദാര്‍ശനികനായിരുന്നു. ഇ എം എസ് മാക്സിം ഗോര്‍ക്കിയുടെ പേര് എപ്പോഴെല്ലാം പറഞ്ഞോ അപ്പോഴൊക്കെ സ്വന്തം മണ്ടത്തരം അദ്ദേഹം വിളിച്ചുപറയുകയായിരുന്നു. കാരണം വളരെക്കനത്ത വാക്കുകളില്‍ ഗോര്‍ക്കിയെപ്പറ്റി അദ്ദേഹം നൂറുതവണ ഘോഷിച്ചതൊന്നും ആയിരുന്നില്ല ഗോര്‍ക്കി.
ഒന്നോ രണ്ടോ ലേഖനങ്ങളില്‍ ഒരു വിവരക്കേട് പറ്റിപ്പോയി അതു പ്രസിദ്ധീകരിച്ചും പോയി ആ ധാരണ കുറക്കാലം മാറിയതുമില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. എന്നാല്‍ ദശകങ്ങളോളം വങ്കത്തരം നൂറുരൂപത്തില്‍ പറഞ്ഞും എഴുതിയും പ്രസിദ്ധീകരിച്ചും ജീവിച്ച ഒരു മഹാപണ്ഡിതന്‍ മഹാപ്രതിഭാസം തന്നെ. അതും എന്തുമാതിരി മണ്ടത്തരം! അതിലും പ്രധാനമായത് മറ്റൊരു കാര്യമാണ്. ഇദ്ദേഹത്തെ വായിച്ചവര്‍ (ആരെങ്കിലും വായിച്ചിരുന്നെങ്കില്‍) എന്തൊരു മന്ദബുദ്ധികളായിരുന്നു! ("നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ കൂട്ടത്തില്‍ ഇത്രയേറെ വിഷയങ്ങളെപ്പറ്റി വായിക്കുകയും എഴുതുകയും ചെയ്യുന്ന മറ്റൊരാളുമില്ലെന്ന് എനിക്കുമാത്രമല്ല, കേരളീയര്‍ക്കാകമാനം അറിയാം", എന്ന് ഇ എം എസ്സിനെപ്പറ്റി ഗുപ്തന്‍ നായര്‍. കളിയാക്കുകയാണോ ഗുപ്തന്‍ നായര്‍ എന്നു വ്യക്തമല്ല.)
ചരിത്രപരമായ ഭൌതികവാദത്തിന്റെതായ ഈ വീക്ഷണത്തിന് സൌന്ദര്യശാസ്ത്രപരമായ വ്യാഖ്യാനം നല്‍കുന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകരില്‍ പ്രധാനിയാണ് മാക്സിം ഗോര്‍ക്കി. അസാമാന്യപ്രതിഭാശാലിയായ സാഹിത്യകാരന്‍, മാര്‍ക്സിസം-ലെനിനിസത്തിന്റെ കര്‍ശനമായ വീക്ഷണത്തോടെ സൌന്ദര്യശാസ്ത്രപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരൂപകന്‍ എന്നീ രണ്ടു നിലയില്‍ പ്രശസ്തനായിരുന്നു ഗോര്‍ക്കി. തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, 220)
അനശ്വര സാഹിത്യകാരനും മാര്‍ക്സിസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവനുമായ മാക്സിം ഗോര്‍ക്കി (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്, 196)
പലപ്പോഴും പല പാളിച്ചകള്‍ക്കിരയായിട്ടുണ്ടെങ്കിലും ഗോര്‍ക്കി ഒരു മാര്‍ക്സിസ്റ്റായിരുന്നു. (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്, 268)
വിശ്വോത്തര സാഹിത്യകാരനും മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് ദര്‍ശനത്തില്‍ അടിയുറച്ചുനില്ക്കുന്ന ബുദ്ധിജീവിയുമായിരുന്ന മാക്സിം ഗോര്‍ക്കി ( തെരഞ്ഞെടുത്ത പ്രബന്ധങ്ങള്, 273)ഇതെല്ലാം ഇ എം എസ് നിരക്ഷരനായിരുന്നു എന്നതിനു തെളിവുമാത്രമാണ്. മാക്സിം ഗോര്‍ക്കി മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് ചിന്തകനായിരുന്നെന്ന് ഇ എം എസ് എന്ന വിഡ്ഢിയല്ലാതെ വേറെയാരും പറഞ്ഞിട്ടുണ്ടാവില്ല. മാര്‍ക്സിസം-ലെനിനിസത്തെക്കുറിച്ച് ഒരു ചുക്കും ഗോര്‍ക്കി എഴുതിയിട്ടുമില്ല. ബോള്‍ഷെവിക്കുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഒരു പുസ്തകം ഗോര്‍ക്കിയുടേതായി ഉണ്ട്. വിപ്ലവാനന്തര കാലത്ത് ബോള്‍ഷെവിക്കുകളോടു തെറ്റിപ്പിരിഞ്ഞ കാലത്തെ Untimely thoughts: essays on revolution, culture, and the Bolsheviks, 1917-1918. അതുപോലും സൈദ്ധാന്തിക ലേഖനങ്ങളല്ല. ഇങ്ങനെയൊരു കാലത്തെപ്പറ്റിയോ പുസ്തകത്തെപ്പറ്റിയോ ഇ എം എസ് കേട്ടിരിക്കാനിടയില്ല. മാര്‍ക്സിസ്റ്റ് വിരുദ്ധമായ ആശയങ്ങള്‍ നിറഞ്ഞ വ്യക്തിത്വത്തിന്റെ ശിഥിലീകരണം എന്ന പരട്ട പ്രബന്ധത്തെ അനര്‍ഘകൃതിയായി പരിഗണിച്ച് അതില്‍നിന്ന് മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം വശത്താക്കിക്കളഞ്ഞ ഇ എം എസ്സിന് ഗോര്‍ക്കി എന്നാല്‍ താന്‍ നാലഞ്ചു പതിറ്റാണ്ടുമുമ്പും പിന്നെയിപ്പോഴും (1994-ല്‍) വായിച്ച അമ്മ എന്ന നോവല്‍ മാത്രമാണ്. പിന്നെയിപ്പറഞ്ഞ പരട്ട പ്രബന്ധവും. (ഈ പരട്ട പ്രബന്ധം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മാര്‍ക്സിസ്റ്റുകള്‍ക്ക് ഇദ്ദേഹം ശിപാര്‍ശചെയ്യുന്നതിനെപ്പറ്റി ഞാന്‍ നേരത്തേ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു.)
ഇ എം എസ് അമ്മ വായിച്ചത്
അങ്ങനെ രണ്ടാംവട്ടം അമ്മ വായിച്ച് ഇ എം എസ് ഒരു ലേഖനമെഴുതി. ഗോര്‍കിയുടെ അമ്മയും രൂപഭദ്രതാവാദവും. അമ്മ വീണ്ടും വായിച്ചപ്പോള്‍ അത് രൂപഭദ്രതാവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന ഒരു കൃതിയായി ഇ എം എസ്സിനു തോന്നിയത്രേ. രണ്ടു 'മനോഹരം', ഒരു 'കാവ്യാത്മകം' എന്നിങ്ങനെ ചില്ലറ പദപ്രയോഗത്തിലൂടെ അമ്മയ്ക്ക് പുരോഗമനപരമായ ഉള്ളടക്കം മാത്രമല്ല കാവ്യാത്മകമായ രൂപവുമുണ്ടെന്ന് ഇ എം എസ് അങ്ങു പറഞ്ഞുവെയ്ക്കുകയാണ്. മുദ്രാവാക്യം എഴുതാന്‍ പോലും കൊള്ളാത്ത ഒരു പരട്ട കവിയെ വാഴ്ത്തുന്ന ഇ എം എസ്സിന്റെ കാവ്യാത്മകതയല്ലേ. അത് എന്തിനു കൊള്ളും?
പുരോഗമനപരമായ ഉള്ളടക്കത്തിന്റെയും ഭദ്രമായ രൂപത്തിന്റെയും അടിവേര് ഒന്നുതന്നെയാണ്- സാമൂഹ്യ യാഥാര്‍ഥ്യത്തിന്റെ സത്യസന്ധവും കാവ്യാത്മകവുമായ ചിത്രീകരണം. ഗോര്‍കിയുടെ അമ്മയിലെ വിപ്ലവപരമായ ഉള്ളടക്കം തന്നെയാണ് അതിന്റെ കാവ്യാത്മകമായ രൂപവും നിര്‍ണ്ണയിക്കുന്നത്. (ഗോര്‍കിയുടെ അമ്മയും രൂപഭദ്രതാവാദവും, വായനയുടെ ആഴങ്ങളില്‍, 291)(ഊന്നല്‍ ഞാന്‍ നല്കിയത്.) പുരോഗനമനപരമായ ഉള്ളടക്കമുണ്ടെങ്കില്‍ രൂപം താനേ കേമമായിക്കൊള്ളും എന്നു തന്നെയാണ് ഇ എം എസ് പറയുന്നത്. അതേ, അതുകൊണ്ടാല്ലോ കൃഷ്ണന്‍കുട്ടി വിപ്ലവകാരി കേമനായ കവിയായിപ്പോയത്. പുരോഗമനപരമായ ഉള്ളടക്കം ഉണ്ട്, കാരണംആംഗ്ലോഇന്ത്യന്‍ ഡ്രൈവു പഠിക്കാന്‍ പോവാത്ത, ഡേറ്റിംഗിനു പോവാത്ത, അറക്കവാളുപോലെറുത്തു പാടുന്ന കവിതയല്ലേ. അത്രയുമായാല്‍ പിന്നെ കാവ്യാത്മകമായ രൂപം താനേ ഉണ്ടാവും.
ടോള്‍സ്റ്റോയിക്കൊപ്പം വരുന്ന ഗോര്‍ക്കി
ഈ ലേഖനത്തില്‍ പക്ഷേ ഇ എം എസ് ഗോര്‍ക്കിയെപ്പറ്റി പതിവുപല്ലവിയില്‍ വരാത്ത ചില കാര്യങ്ങള്‍കൂടി പറയുന്നു.
ടോള്‍സ്റ്റോയിയെപ്പോലുള്ള മറ്റു റഷ്യന്‍ നോവല്‍ കര്‍താക്കളില്‍നിന്ന് വ്യത്യസ്തനായിരുന്നു ഗോര്‍കി. അദ്ദേഹത്തിന് റഷ്യയിലെ തൊഴിലാളി വര്‍ഗവിപ്ലവ പ്രസ്ഥാനത്തോട് പ്രകടമായ പ്രതിബദ്ധതയുണ്ടായിരുന്നു. ലെനിന്റെ സുഹൃത്തായിരുന്ന അദ്ദേഹം റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ചയെ ചിത്രീകരിക്കാനാണ് അമ്മയിലൂടെ ഗോര്‍കി ശ്രമിക്കുന്നത്. [വാക്യത്തിന്റെ വൈകല്യം പുസ്തകത്തിലേത്.] അദ്ദേഹം പാര്‍ടിയുടെ പട്ടാളച്ചിട്ടക്ക് വിധേയനായിരുന്നു എന്നും അദ്ദേഹത്തിന് ഹൃദയച്ചുരുക്കം ഉണ്ടായിരുന്നു എന്നും രൂപഭദ്രതാവാദക്കാര്‍പോലും പറയുമെന്ന് തോന്നുന്നില്ല. റഷ്യന്‍ നോവല്‍ കര്‍താക്കളുടെ ഇടയില്‍ ടോള്‍സ്റ്റോയിക്കുള്ളത്ര തന്നെ ഉയര്‍ന്ന സ്ഥാനം ഗോര്‍കിക്കുണ്ടെന്ന് അവര്‍ സമ്മതിക്കും. (വായനയുടെ ആഴങ്ങളില്‍, 289)പാര്‍ട്ടിയുടെ പട്ടാളച്ചിട്ടയ്ക്കു വിധേയനായിരുന്നില്ല ഗോര്‍ക്കി എന്നതുകൊണ്ട് എന്താണ് നമ്പൂതിരിപ്പാട് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. പാര്‍ട്ടിക്കാരനല്ലെന്നാണോ? ഗോര്‍ക്കി പാര്‍ട്ടിക്കാരനായിരുന്ന കാലമുണ്ടായിരുന്നു. പാര്‍ട്ടിയുടെ വിരോധിയായ കാലവുമുണ്ടായിരുന്നു. ഏതായാലും 'അടിയുറച്ച മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ദാര്‍ശനികനായ' ഗോര്‍ക്കിയെ അല്ല ഇദ്ദേഹം രൂപഭദ്രതാവാദക്കാര്‍ (മുണ്ടശ്ശേരിയുടെ പ്രേതം) എന്ന സാങ്കല്പിക ശത്രുവിനു നേരേ ഉയര്‍ത്തിക്കാട്ടുന്നത്. ഇത് അവസരവാദം ആവാനിടയില്ല. താന്‍ ദശകങ്ങള്‍ ആവര്‍ത്തിച്ചുനടന്ന മണ്ടത്തരം മണ്ടത്തരമാണെന്ന് ആരോ പറഞ്ഞുകൊടുത്ത പ്രകാരം മയപ്പെടുത്തുകയാണ് ഇവിടെ ഇ എം എസ് ചെയ്യുന്നതെന്നു തോന്നുന്നു. ഏതായാലും ആ മണ്ടത്തരം മയപ്പെടുത്തിയെങ്കിലും അടുത്ത ശ്വാസത്തില്‍ വേറെ മണ്ടത്തരം പറഞ്ഞേ നമ്പൂതിരിപ്പാട് നിറുത്തുന്നുള്ളൂ.
'റഷ്യന്‍ നോവല്‍ കര്‍താക്കളുടെ ഇടയില്‍ ടോള്‍സ്റ്റോയിക്കുള്ളത്ര തന്നെ ഉയര്‍ന്ന സ്ഥാനം ഗോര്‍കിക്കുണ്ടെന്ന് അവര്‍ സമ്മതിക്കും' എന്നാണ് പുതിയ കണ്ടുപിടിത്തം.ഈ അവര്‍ ഇല്ലാത്ത ഒരു വസ്തു ആകയാല്‍ ആരാണ് ഇതിനെ ചോദ്യം ചെയ്യുക. [ഇങ്ങനെ സാങ്കല്പികമായി അവരെ കണ്ടുപിടിച്ചാണ് രൂപഭദ്രതാവാദം എന്നതിനോട് ഈ സൈദ്ധാന്തികന്‍ നിഴല്‍യുദ്ധം ചെയ്തതെന്നാണ് ഗുപ്തന്‍ നായരുടെ ഇ എം എസിന്റെ തിരുത്തലിന് ഒരു തിരുത്ത് എന്ന ലേഖനത്തില്‍നിന്നു മനസ്സിലാവുന്നത്. രൂപവും ഭാവവും രണ്ടാണെന്നു പറഞ്ഞ മുണ്ടശ്ശേരിക്കെതിരായിരുന്നു ഈ നിഴല്‍യുദ്ധം മുഖ്യമായും. എഴുപത്തിയേഴില്‍ മരിച്ചുപോയ മുണ്ടശ്ശേരിക്കാവുമോ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇ എം എസ് എന്ന പ്രതികാരബുദ്ധി താന്‍ പറയാത്തത് തന്റെ പേരില്‍ ആരോപിച്ച് തനിക്കെതിരെ നിഴല്‍യുദ്ധം നടത്തുന്നത് തടയാന്‍. ഇ എം എസ്സിന്റെ ഈ വൃത്തികേടിനെ കുറിക്കാന്‍ ബൌദ്ധികസത്യസന്ധത എന്ന കടിച്ചാല്‍ പൊട്ടാത്ത പദമൊക്കേ ഇവിടെ ഉപയോഗിക്കേണ്ട കാര്യമുണ്ടോ എന്നു സംശയമുണ്ട്. ചെറ്റത്തരമല്ലേ നമ്പൂതിരിപ്പാട് കാണിക്കുന്നത്. മുണ്ടശ്ശേരിയോ ഗുപ്തന്‍ നായരോ ഇ എം എസ്സിന്റെ പരട്ടവിജ്ഞാനമല്ല പങ്കിടുന്നതെന്നും രൂപം ഭാവം എന്നീ വിഷയങ്ങളില്‍ അവര്‍ക്കുള്ള വിജ്ഞാനത്തിന്റെ ഉറവിടം ഇ എം എസ്സിന്റേതുപോലെ സ്റ്റാലിനിസ്റ്റ് കോപ്രാട്ടിക്കൃതികളല്ലെന്നും ഗുപ്തന്‍ നായരുടെ ലേഖനം വായിച്ചാല്‍ വ്യക്തമാവും. ഗുപ്തന്‍ നായരുടെ ലേഖനത്തില്‍നിന്ന് സ്കേന്‍ ചെയ്തു ചേര്‍ത്തിരിക്കുന്ന പേജു നോക്കൂ. (ഇ എം എസ്- വിയോജനക്കുറിപ്പുകള്‍ എന്നൊരു പുസ്തകത്തിലാണ് ഈ ലേഖനം കണ്ടത്)
മുണ്ടശ്ശേരിയും ഗുപ്തന്‍ നായരും എവിടെ ഇ എം എസ് എവിടെ എന്നറിയാന്‍ അത്രയും മതി.]
പക്ഷേ ഇ എം എസ് എന്തെല്ലാം പറഞ്ഞാലും നോവലിസ്റ്റുകളുടെ കൂട്ടത്തില്‍ ടോള്‍സ്റ്റോയിയുടെ അത്ര ഉയര്‍ന്ന സ്ഥാനം അമ്മ എന്ന നോവലിന്റെ പേരില്‍ ഗോര്‍ക്കിക്ക് പമ്പരവിഡ്ഢികളേ കൊടുക്കൂ. സ്വന്തം കൃതിയെക്കുറിച്ച് ഗോര്‍ക്കിക്കു തന്നെ മതിപ്പില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്. റഷ്യയിലെ കമ്യൂണിസ്റ്റുകള്‍ക്കാവട്ടെ അത്രയും ഇല്ലായിരുന്നു. ലെനിന്‍ ഈ കൃതിയെപ്പറ്റി timely book എന്നു മാത്രം പറഞ്ഞത് ഗോര്‍ക്കി തന്നെ വിവരിക്കുന്നുണ്ട്. പ്ലെഹനോവ് അതിനെ കണക്കിനു കളിയാക്കുന്നുമുണ്ട്. സാഹിത്യത്തില്‍ ഗോര്‍ക്കിയുടെ സ്ഥാനം ഉറപ്പിക്കുന്നത് നോവലുകളെക്കാള്‍ (ആത്മകഥാപരമായ trilogy യെ നോവലായി പരിഗണിക്കുന്നില്ലെങ്കില്‍) മറ്റു കൃതികളാണ് എന്നത് ഗോര്‍ക്കിയെക്കുറിച്ച് സാമാന്യമായി അറിയുന്നവര്‍ക്കറിയാം. ഇതൊന്നും പക്ഷേ ഇ എം എസ്സിനെപ്പോലുള്ള അവസരവാദി രാഷ്ട്രീയക്കാര്‍ സാഹിത്യത്തെപ്പറ്റി പറയുമ്പോള്‍ അവര്‍ക്കു ബാധകമല്ലല്ലോ. നോക്കണം 19-ആം നൂറ്റാണ്ടിലെ റഷ്യന്‍ നോവലുകള്‍ എത്രയോ എണ്ണം ലോകസാഹിത്യത്തിലെ ഏറ്റവും ഉത്കൃഷ്ടമായ കൃതികളുടെ കൂട്ടത്തില്‍ വ്യാപകമായി പറയാറുണ്ട്. ലേര്‍മന്തോവ്, ഗണ്‍ചറോവ്, ഗോഗോള്‍, ദസ്തായെവ്സ്കി, തുര്‍ഗെന്യെവ്, അങ്ങനെ പലരുടെയും കൃതികള്‍. ഇക്കൂട്ടത്തില്‍ ടോള്‍സ്റ്റോയ് വരും. ഗോര്‍ക്കി നാലയലത്തൊന്നും വരില്ല. നമ്പൂതിരിപ്പാടിനു വരും, കാരണം വിവരമില്ലായ്മ തന്നെ. അങ്ങനെ നമ്പൂതിരിപ്പാട് വിചാരിച്ചാല്‍ അതിനെപ്പറ്റി കുറ്റംപറയേണ്ടതില്ല ഒന്നുമില്ലെങ്കില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ റഷ്യയിലെ ഏറ്റവും പ്രശസ്തനായ സാഹിത്യകാരനെങ്കിലുമായിരുന്നു ഗോര്‍ക്കി എന്നു പറഞ്ഞുകൂടേ. ശരി, എന്നാല്‍ താന്‍ ആരോടാണോ സംവാദത്തിലേര്‍പ്പെടുന്നത് അവര്‍ അങ്ങനെ വിചാരിക്കുന്നെന്നു പറയുന്നത് നെറികേടാണ്.
മുണ്ടശ്ശേരിയുടെ പ്രേതം ഇ എം എസ്സിനെ അവസാനം വരെ വേട്ടയാടിയിരുന്നു എന്നു തോന്നുന്നു. സ്വയം കൊണ്ടാടുന്ന കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ ചരിത്രമില്ലെന്നും ചരിത്രമെഴുതാന്‍ ഇ എം എസ് കൊള്ളില്ലെന്നും പറഞ്ഞ മുണ്ടശ്ശേരിയെ അത്ര എളുപ്പം മറക്കാന്‍ ഇ എം എസ്സിന് ആവില്ലല്ലോ. നല്ലകാലത്ത് എന്തൊക്കെ മുണ്ടശ്ശേരി മാറ്റി പറഞ്ഞിട്ടുണ്ടെങ്കിലും ശരി. മരിച്ചിടത്തും വെറുതെവിടാതെ മുണ്ടശ്ശേരി പറയാത്ത കാര്യങ്ങള്‍ മുണ്ടശ്ശേരിയുടെ തലയില്‍ കെട്ടിവെച്ച് ചിത്രവധം ചെയ്തു രസിക്കുകയാണ് ഇ എം എസ് ന്റെ ദുഷ്ടബുദ്ധി.
1994-ല്‍ അമ്മ എന്ന നോവല്‍ നിരൂപണം ചെയ്യുന്ന ഇ എം എസ് ആ കൃതിയെക്കുറിച്ച് ഒന്നും പറയുന്നില്ല. രണ്ടു പേജ് കഥ സംഗ്രഹിച്ചതൊഴിച്ചാല്‍. ഇങ്ങനെ ചില മൊഴിമുത്തുകള്‍ ഇല്ലെന്നു പറഞ്ഞുകൂടാ.
മറ്റു വര്‍ഗ്ഗങ്ങളിലും ജനവിഭാഗങ്ങളിലും പെട്ട വിപ്ലവകാരികളെ കൂടി തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരാക്കി മാറ്റുന്ന മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനത്തിന്റെ കാവ്യാത്മകമായ ചിത്രീകരണമാണ് ഗോര്‍കിയുടെ അമ്മ.അമ്മ അലിഗറിയാണെന്നാണോ നമ്പൂതിരിപ്പാട് പറയുന്നത്? ആര്‍ക്കറിയാം. അങ്ങനെയാണെങ്കിലും ആ പ്രസ്താവത്തിന്റെ ഗൌരവമറിയാതെ എവിടെയോ എന്തോ കണ്ടോ അല്ലെങ്കില്‍ ആരെയോ മര്‍ക്കടനെപ്പോലെ അനുകരിച്ചോ നടത്തുന്ന ഈ നിരുത്തരവാദപരമായ ജല്പനത്തിന് ഒരര്‍ത്ഥവും പ്രസക്തിയും ഇല്ല, ഇ എം എസ്സിന്റെ വിവരക്കേടിന് ഉദാഹരണം എന്നല്ലാതെ.
[അടുത്ത പോസ്റ്റ്- നമ്പൂതിരിപ്പാടിന്റെ ലെനിന്‍-ടോള്‍സ്റ്റോയ് ബല്‍സാക്ക്-മാര്‍ക്സ് മണ്ടത്തരങ്ങളെപ്പറ്റി ഒരിക്കല്‍ക്കൂടി]
പിന്നീടു ചേര്‍ത്തത്:
ReplyDelete"എഴുപത്തിയേഴില്‍ മരിച്ചുപോയ മുണ്ടശ്ശേരിക്കാവുമോ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇ എം എസ് എന്ന പ്രതികാരബുദ്ധി താന്‍ പറയാത്തത് തന്റെ പേരില്‍ ആരോപിച്ച് തനിക്കെതിരെ നിഴല്‍യുദ്ധം നടത്തുന്നത് തടയാന്‍. ഇ എം എസ്സിന്റെ ഈ വൃത്തികേടിനെ കുറിക്കാന്‍ ബൌദ്ധികസത്യസന്ധത എന്ന കടിച്ചാല്‍ പൊട്ടാത്ത പദമൊക്കേ ഇവിടെ ഉപയോഗിക്കേണ്ട കാര്യമുണ്ടോ എന്നു സംശയമുണ്ട്. ചെറ്റത്തരമല്ലേ നമ്പൂതിരിപ്പാട് കാണിക്കുന്നത്."
മരിച്ചുപോയ മുണ്ടശ്ശേരിയെ ഇങ്ങനെ ആവര്‍ത്തിച്ചു നിന്ദിക്കുമ്പോള്‍ നിന്ദിക്കുന്ന കാര്യം അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന് ഉദ്ധരിക്കുക എന്ന മര്യാദപോലും കാണിക്കാത്ത ഈ നെറികേടിനെ വാഴ്ത്തുന്നവരാണ് കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന കെട്ടവര്‍ഗ്ഗം.
നംബൂതിരിയാണെന്ന കാരണത്താല്‍ എല്ലാവരും തലയില്‍ കയറ്റിവച്ച് ചുമന്ന തൊഴിലാളി,അടിയാള ചിന്തയുടെ അന്തകനാണ് നംബൂരിച്ഛന്‍ !!!
ReplyDeleteഅങ്ങനെയുണ്ടോ ചിത്രകാരാ? നമ്പൂതിരി ആയതുകൊണ്ട് പൂജാരി പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചതിനു (പഴനിയിലായിരുന്നോ?) നിന്നുകൊടുത്തതിന്റെ ഔചിത്യവും സ്ത്രീധനം വാങ്ങി മതാചാരപ്രകാരം വേളി കഴിച്ചതും ചോദിച്ചുകൊണ്ട് ഒരാള്‍ എഴുതിയതിന് നമ്പൂതിരിപ്പാട് കൊടുത്ത മറുപടിയില്‍ അമ്പലത്തില്‍ പോയ കാര്യത്തെപ്പറ്റി ഒന്നും മിണ്ടാതെ വേളി 'അന്നത്തെ' സാമൂഹ്യ സാഹചര്യം അനുസരിച്ചായിരുന്നു എന്നുളുപ്പില്ലാതെ പറഞ്ഞു തടിതപ്പുന്ന ഇ എം എസ്സിനെ കാണുന്നുണ്ട്.
ReplyDeleteസ്ത്രീധനം എന്ന അനാചാരിത്തിനെതിരെ പോരാടിയ യോഗക്ഷേമസഭയുടെ നേതാവായിരിക്കെ സ്ത്രീധനം വാങ്ങി ഷോഡശക്രിയകളോടെ വേളി കഴിച്ച വിപ്ലവകാരി എന്തൊരു മഹാന്‍!