ശ്രീധരമേനോനെ ആക്രമിക്കുന്ന ഒരു ലേഖനം പി ഗോവിന്ദപ്പിള്ള മലയാളം വാരികയിലെഴുതിയിരിക്കുന്നു. പി ഡി എഫ് നോക്കുക. ഗോവിന്ദപ്പിള്ള പല അവാസ്തവങ്ങളും അതില്‍ പറയുന്നു. എന്തിനാണാവോ അദ്ദേഹം അങ്ങനെ ചെയ്യുന്നത്?
പക്ഷേ സര്‍ സി പി രാമസ്വാമി അയ്യരുടെ മര്‍ദ്ദനവാഴ്ചയെ ന്യായീകരിക്കാനും അദ്ദേഹത്തെ വാഴ്ത്താനും തീരുമാനിച്ചിരുന്ന മേനോന്...
കേരളവും സ്വാതന്ത്ര്യസമരവും എന്ന പുസ്തകത്തില്‍ ശ്രീധരമേനോന്‍ സി പിയുടെ മര്‍ദ്ദനവാഴ്ചയെ ന്യായീകരിക്കുന്നില്ലെന്നു മാത്രമല്ല, റൌഡികളെ ഉപയോഗിച്ചു പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും നേതാക്കളെ ആക്രമിക്കാനും സി പി തുനിഞ്ഞതിനെപ്പറ്റി പറയുന്നുമുണ്ട്. സര്‍ സി പിയുടെ കുതന്ത്രങ്ങള്‍ എന്ന തലക്കെട്ടിനു കീഴെയും അല്ലാതെയും മേനോന്‍ ദിവാന്‍റെ നെറികേടുകളെപ്പറ്റിയും സ്വേച്ഛാധിപത്യത്തെപ്പറ്റിയും പറയുന്നു.
മേനോന്റെ കമ്യൂണിസ വിരോധത്തെപ്പറ്റിയും ഗോവിന്ദപ്പിള്ള എഴുതിയിരിക്കുന്നു. പക്ഷേ,
"പുന്നപ്രയിലെയും വയലാറിലെയും മഹത്തായ കമ്യൂണിസ്റ്റ് വിപ്ലവം" എന്നൊക്കെയാണ് കള്ളക്കളികള്‍ നിറഞ്ഞ ആ കലാപങ്ങളെ മേനോന്‍ വാഴ്ത്തുന്നത്. ഇതു പക്ഷേ മേനോന്റെ ചരിത്രബോധത്തെയാണ് കാട്ടുന്നതെന്നു പറയാന്‍ വയ്യ.
ഇ എം എസ് നമ്പൂതിരിപ്പാട് എന്ന തന്നെപ്പൊക്കി തട്ടിപ്പു ചരിത്രകാരന്‍ തന്റെ നാലു കേരളചരിത്രങ്ങളില്‍ ഒരിടത്തും പരാമര്‍ശിക്കാതെ വിട്ട കയ്യൂരിനെപ്പറ്റി ഒന്നൊന്നര പേജില്‍ എഴുതിയിട്ടുമുണ്ട്.അപ്പോള്‍ മേനോന്റെ കമ്യൂണിസ്റ്റ് വിരോധംകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് നഷ്ടമില്ല, നേട്ടമേയുള്ളൂ. ഒന്നുകില്‍ ഗോവിന്ദപ്പിള്ള മേനോന്റെ പുസ്തകം നോക്കിയിട്ടില്ല. അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പതിവു രീതിയനുസരിച്ചുള്ള നുണപ്രചരണമാവണം അദ്ദേഹം ഉദ്ദേശിച്ചത്.
ഇ എം എസ്സിനെപ്പറ്റി ഈ പറയുന്നതിനെ ഓര്‍മ്മത്തെറ്റ് എന്നു പറയാനാവുമോ എന്നറിഞ്ഞുകൂട.
1930-ല്‍ ഉപ്പു സത്യാഗ്രഹം തുടങ്ങി സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുക്കുകയും...
ഇ എം എസ് 1930 ല്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തില്ല. അതിനെ ന്യായീകരിക്കാന്‍ പല തന്ത്രങ്ങളും ആത്മകഥയില്‍ പയറ്റുന്നുമുണ്ട്. സത്യാഗ്രഹം വേഗം പിന്‍വലിക്കുമെന്നൊരു ശ്രുതിയുണ്ടായിരുന്നു. അപ്പോള്‍ അതില്‍ പങ്കെടുത്തു ജയിലില്‍ പോയാല്‍ പഠിപ്പു നഷ്ടപ്പെടുന്നതുമാത്രമേ മെച്ചമുണ്ടാവൂ എന്ന ന്യായവാദം. അന്ന് തൃശ്ശൂരില്‍നിന്ന് അതില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ അവര്‍ കോളജ് വിട്ട് സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കാന്‍ സമയമായിട്ടില്ല എന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചയയ്ക്കുകയായിരുന്നു എന്ന് പിന്നോട്ടു പ്രക്ഷേപിക്കുന്ന ന്യായീകരണം (ഇതു പിന്നീട് കോങ്ങോട്ടില്‍ രാമന്‍ മേനോന്‍ അദ്ദേഹത്തോട് പറഞ്ഞതാണത്രെ) എന്നിങ്ങനെ. ഇതൊക്കെ മറന്നു പോവാമെന്നു വെയ്ക്കാം. പക്ഷേ 1930 ലെ സമരത്തില്‍ പങ്കെടുക്കാഞ്ഞതും അതിനു മുമ്പ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് സൈമണ്‍ കമ്മിഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ക്ലാസ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടും നേരം വന്നപ്പോള്‍ ഭയപ്പെട്ട് ക്ലാസില്‍ കയറിയതും ഇദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചിരുന്നതായും അതുകൊണ്ട് 1932 ലെ നിയമലംഘനസമരത്തില്‍ മുന്‍പിന്‍ നോക്കാതെ പങ്കെടുത്ത് ജയിലില്‍ പോവാന്‍ തയ്യാറായതും ഇദ്ദേഹം ആത്മകഥയില്‍ സാമാന്യം വിസ്തരിക്കുന്നത് മറന്നു പോയാല്‍ ഇ എം എസ്സിന്റെ സ്വാതന്ത്ര്യസമരത്തിലെ പങ്കിനെപ്പറ്റി പറയാന്‍ താങ്കള്‍ ആളല്ല പീജീ.
ഗോവിന്ദപ്പിള്ള ഇങ്ങനെ ഇകഴ്ത്തുന്ന ശ്രീധരമേനോനെപ്പറ്റി ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞത് ചേര്‍ത്തുവെയ്ക്കുന്നത് രസമാണ്. കെ എന്‍ ഗണേശിന്റെ കേരളത്തിന്റെ ഇന്നലെകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് 1990 ല്‍ ഇ എം എസ് നടത്തിയ പ്രസംഗം തമിഴകത്തിന്റെയും ആര്യാവര്‍ത്തത്തിന്റെയും തണലില്‍ എന്ന പേരില്‍ പല സമാഹാരങ്ങളിലായി പല പതിപ്പുകളിറങ്ങിയിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെ:
ഐതിഹ്യങ്ങളെ തീര്‍ത്തും തള്ളിക്കളഞ്ഞുകൊണ്ടും ഭൌതികവസ്തുക്കളുടെ തെളിവിനെമാത്രം ആസ്പദമാക്കിക്കൊണ്ടും ചരിത്രം രചിക്കുന്ന രീതി വന്നുകഴിഞ്ഞിട്ടുണ്ട്. അതനുസരിച്ച് രണ്ടു ഗ്രന്ഥങ്ങളെങ്കിലും പഠിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ശ്രീധരമേനോന്റെ കേരള ചരിത്രം, ഗോപാലകൃഷ്ണന്റെ കേരള സംസ്കാര ചരിത്രം.
അക്കൂട്ടത്തില്‍പ്പെട്ട ഒന്നാണ് ഗണേശിന്റെ പുസ്തകമെന്നു തുടര്‍ന്നു പറയുന്നുണ്ട്. അതായത് ഗോപാലകൃഷ്ണനെയും ഗണേശിനെയും പോലുള്ള രണ്ടു പാര്‍ട്ടിക്കാരായ ചരിത്രകാരന്മാരെപ്പോലെതന്നെ വസ്തുനിഷ്ഠ ചരിത്രകാരനാണ് നമ്പൂതിരിപ്പാടിന്റെ കണ്ണില്‍ ശ്രീധരമേനോന്‍. ഗോവിന്ദപ്പിള്ള തന്റെ ലേഖനത്തില്‍ അവതരിപ്പിക്കുന്ന നീണ്ട ലിസ്റ്റിലെ ചരിത്രകാരന്മാരുടെ അതേ വിശേഷം തന്നെയാണ് മറ്റുവാക്കുകളില്‍ ഇ എം എസ് ശ്രീധരമേനോന് ചാര്‍ത്തിക്കൊടുത്തത്. ആ പ്രസംഗം ചെയ്ത അതേ കാലത്ത് ഇ എം എസ് കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന പുസ്തകത്തില്‍ പ്രാചീന കേരളത്തെക്കുറിച്ചു പറയാന്‍ ശ്രീധരമേനോന്റെ ഗോവിന്ദപ്പിള്ള പഴിക്കുന്ന അതേ പുസ്തകത്തില്‍നിന്ന് നെടുങ്കന്‍ ഉദ്ധരണികള്‍ പലതും ചേര്‍ത്തിട്ടുണ്ട്.
ഗോവിന്ദപ്പിള്ള പറഞ്ഞ കുഴപ്പമൊന്നും ഇ എം എസ്സിനു തോന്നിയിട്ടില്ല. പിന്നെന്തിനാണ് ഇ എം എസ്സിനെ ചവച്ചു നടക്കുന്ന പി ഗോവിന്ദപ്പിള്ളയ്ക്കു ഇത്ര അരിശം?
(സര്‍ സി പി എന്ന നീചനായ ദിവാനെ ന്യായീകരിച്ചുകൊണ്ടാണ് ശ്രീധരമേനോന്‍ അയാളുടെ ജീവചരിത്രം രചിച്ചതെന്ന് സി പി യുടെ സുഹൃത്തായ നൂറാണി എഴുതിയത് വായിച്ചശേഷം മേനോനോട് മതിപ്പു വളരെ കുറവാണെനിക്ക്. പുന്നപ്രയും വയലാറും പോട്ടെ. ഭരണകാലം മുഴുവന്‍ റൌഡികളായിരുന്നു സാമൂഹ്യപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കൈകാര്യം ചെയ്യാന്‍ സി പിയുടെ ആയുധം.)
"ഒന്നുകില്‍ ഗോവിന്ദപ്പിള്ള മേനോന്റെ പുസ്തകം നോക്കിയിട്ടില്ല......"
ReplyDeleteഒന്നും ഉറപ്പു പറയാന്‍ പറ്റില്ല.
വില്‍ ദുരാന്റിന്റെ The Story of Philosophy-യെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഒരു ലേഖനത്തില്‍ "അരിസ്റ്റോട്ടിലിനേയും അക്വീനാസിനെയും ബേക്കണേയും......പോലെയുള്ള ദാര്‍ശനികരെ പരിചയപ്പെടുത്തുന്ന കൃതി" എന്ന് ഗോവിന്ദപ്പിള്ള വിശേഷിപ്പിച്ചിരുന്നത് ഓര്‍ക്കുന്നു("ലോകത്തെ പഠിപ്പിക്കുന്ന പുസ്തകം" എന്ന ലേഖനം, 2010 ഫിബ്രവരി 21-27 -ലെ മാതൃഭൂമിയില്‍. ലേഖനത്തിന്റെ വിഷയം ദുരാന്റിന്റെ Story of Civilization എന്ന പുസ്തകമാണ്)
അക്വീനാസിനെക്കുറിച്ചു Durant Story of Philosophy-യില്‍ ഒന്നും പറയുന്നില്ല. അക്വീനാസിനെപ്പോലുള്ള മദ്ധ്യകാല സ്കൊളാസ്ടിക് ചിന്തകരെ ഒന്നോടെ ഒഴിവാക്കിയത് അവരുടെ തത്വചിന്ത പ്രച്ഛന്ന വേഷത്തിലുള്ള ദൈവശാസ്ത്രം ആയതിനാലാണെന്ന വിശദീകരണം പോലും Durant തരുന്നുണ്ട്.
പുസ്തകം കാണാതെ എഴുതുന്നതാകാം, ഓര്‍മ്മ ചതിക്കുന്നതാകാം.
ശ്രീധരമേനോൻ മികച്ച ചരിത്രകാരനാണ് എന്ന അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ, അതതു സമയത്തെ ഭരണകർത്താക്കളുടെ താളത്തിനു തുള്ളാൻ നിന്നു കൊടുക്കാത്ത ചരിത്രകാരൻ എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു.
ReplyDeleteഗോവിന്ദപ്പിള്ളയ്ക്ക് റിട്ടയർമെന്റ് നൽകേണ്ടകാലം എന്നേ അതിക്രമിച്ചു. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് ഒരതിരുവേണ്ടേ?
ഉദരനിമിത്തം ബഹുകൃത വേഷം.
ReplyDeleteകേരളവും സ്വാതന്ത്ര്യ സമരവും എന്ന പുസ്തകത്തിൽ സി.പി.യെ വിമർശിച്ചുതന്നെയാണ് ശ്രീധരമേനോൻ എഴുതിയിരിക്കുന്നത്. ആനി ബസന്റിനെയും മറ്റും തല്ലിക്കുന്ന കാര്യങ്ങൾ എഴുതിയിട്ടുണ്ട്.
ReplyDeleteബാക്കി പുസ്തകങ്ങൾ കാണാതെ നൂറാണിയുടെ അഭിപ്രായം വിലമതിക്കാൻ പറ്റില്ല.