Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

22 Jan 2010

മാര്‍ക്സിസ്റ്റ് ക്ലാസിക്കുകള്‍ കണ്ടിട്ടുപോലുമില്ലാത്ത ഇ എം എസ് മുണ്ടശ്ശേരിയെ പിടിച്ചടക്കുന്നത്


ഇ എം എസ്സിന്റെ സുപ്രസിദ്ധമായ ചില സാഹിത്യസിദ്ധാന്തങ്ങള്‍ ഗുളികരൂപത്തില്‍ നല്കുന്ന ഒരു ലേഖനമാണിത്. സാംസ്കാരിക രംഗത്തെ വര്‍ഗസമരരാഷ്ട്രീയം എന്ന ഈ ലേഖനം 1995-ല്‍ പ്രസിദ്ധീകരിച്ചതും വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചതുമാണ്. ഈ ലേഖനത്തില്‍ ജോസഫ് മുണ്ടശ്ശേരിയെ പിടിച്ചടക്കാന്‍ ഇ എം എസ് നടത്തുന്ന നിര്‍ലജ്ജമായ ശ്രമം കാണാം.


ഒന്ന്

മരിച്ചുപോയ മുണ്ടശ്ശേരിക്കെതിരെ പതിവു വിമര്‍ശനങ്ങള്‍ പതിവുശീലില്‍.  സാഹിത്യകാരന്മാര്‍ പാര്‍ട്ടിക്കാരായാല്‍ അവര്‍ക്കു ഹൃദയച്ചുരുക്കം വരുമെന്നു മുണ്ടശ്ശേരി പറഞ്ഞത്രേ. മുണ്ടശ്ശേരി ജീവനോടെയിരുന്നെങ്കില്‍  ഹൃദയച്ചുരുക്കത്തെ ഇ എം എസ്  ചര്‍വ്വിതചര്‍വ്വണം ചെയ്യുന്നതു കാണുകമാത്രംകൊണ്ട്  ഹൃദയം ചുരുങ്ങിയോ വീര്‍ത്തോ പൊട്ടി മരിക്കുമായിരുന്നു അദ്ദേഹം. നര്‍മ്മബോധം, ആസ്വാദനശേഷി എന്നിവയൊന്നും എന്തെന്നറിയാത്തവര്‍ക്ക്, അരസികന്മാര്‍ക്ക്,  എന്ത് ആവര്‍ത്തനവിരസത! എന്നാല്‍ "പുരോഗമന രാഷ്ട്രീയത്തോട് പ്രതിബദ്ധത ഇല്ലാത്തവരെ മുഴുവന്‍ മറുചേരിയില്‍ അണിനിരത്തുന്ന പ്രവണതയ്ക്ക് എതിരെ മുണ്ടശ്ശേരി പ്രഭൃതികള്‍ നടത്തിയ സമരം പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സഹായിച്ചു" എന്നു പറഞ്ഞുകൊണ്ട് മുണ്ടശ്ശേരിയെ ഇ എം എസ് ഈ ലേഖനത്തില്‍ പിടിച്ചടക്കാന്‍ നോക്കുന്നു. ഏതുകാലത്തെ മുണ്ടശ്ശേരിയെപ്പറ്റിയാണ് ഇ എം എസ് ഇങ്ങനെ പറയുന്നത്? ലൈംഗിക അരാജകത്വത്തിന്റെ വക്താക്കളെന്ന് ഇ എം എസ് തന്നെ മുണ്ടശ്ശേരിയെയും എം പി പോളിനെയും അധിക്ഷേപിച്ച കാലത്തെ! കേസരി ബാലകൃഷ്ണപിള്ളയ്ക്ക് 'ലൈംഗികവിപ്ലവകാരിത്വം' മാത്രമേയുള്ളൂ ('രാഷ്ട്രീയവിപ്ലവകാരിത്വം' ഇല്ല) എന്നു കണ്ട് എം പി പോളും മുണ്ടശ്ശേരിയുംഅദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ചു എന്നാണ് ഇക്കാലത്തെപ്പറ്റി ഇ എം എസ് തന്നെ പറഞ്ഞിട്ടുള്ളത്.  (ഏ ബാലകൃഷ്ണപിള്ള: ബൂര്‍ഷ്വ പണ്ഡിതമൂഢന്‍മാരുടെ ഉത്തമ മാതൃക, 1949) അക്കാലത്ത് മുണ്ടശ്ശേരി പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സഹായിച്ചുവെന്ന് പറയുന്നു ഇ എം എസ്. തെറ്റുതിരുത്തുകയാണ് ഇ എം എസ്സെങ്കില്‍ ആദ്യം വേണ്ടത് അവര്‍ക്കെതിരെ നീചമായ ആക്രമണം അഴിച്ചുവിട്ടതില്‍ ഖേദിക്കുകയായിരുന്നു.
ഇതേ കാര്യത്തെപ്പറ്റി 1994-ല്‍ നമ്പൂതിരിപ്പാട് പറഞ്ഞതുകൂടി ചേര്‍ത്തുവെയ്ക്കുന്നത് നമ്പൂതിരിപ്പാടിന്റെ പറച്ചിലിന്റെ പൊള്ളത്തരം വെളിച്ചത്താക്കും. 
"പക്ഷേ, നൂറുശതമാനവും ശരിയായിരുന്ന നിലപാടെടുക്കുന്നതിനിടയില്‍ ഞങ്ങള്‍ക്ക് ചില തെറ്റുകള്‍ പറ്റി[?! അതേ, നമ്പൂതിരിപ്പാട് പറഞ്ഞതുതന്നെ. എന്തൊരു സുതാര്യ ശൈലി!] അതു ഞങ്ങള്‍ ഏറ്റു പറയുകയും തിരുത്തുകയും ചെയ്തു. പക്ഷേ, സാഹിത്യം സാമൂഹ്യപുരോഗതിക്ക് എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ ഞങ്ങളുടെ നിലപാട് തികച്ചും ശരിയായിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു കാക്കനാടന്‍ തന്റെ ലേഖനത്തില്‍ ഇങ്ങനെ പറഞ്ഞത്: "ദശകങ്ങളായി പറഞ്ഞുപോരുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം (ഞാന്‍) ചെയ്യുന്നത്."ഇനി തികച്ചും ശരിയായ കാര്യം ചെയ്ത ഞങ്ങള്‍ക് എന്തു തെറ്റുപറ്റിയെന്നും അത് ഞങ്ങള്‍ എങ്ങനെ തിരുത്തിയെന്നും ഇപ്പോഴത്തെ ഞങ്ങളുടെ നിലപാടെന്താണെന്നുമുള്ള മാത്യുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാം. "കല സാമൂഹ്യപുരോഗതിക്ക്" എന്ന നിലപാട് തികച്ചും ശരിയാണെങ്കിലും, സാമൂഹ്യപുരോഗതി എന്താണെന്ന കാര്യത്തില്‍ പുരോഗമന സാഹിത്യകാരന്‍മാര്‍കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു[?! സാമൂഹ്യപുരോഗതി എന്തെന്നറിയാത്ത പുരോഗമന-വിപ്ലവകാരികള്‍!] 1947-ല്‍ ഇന്ത്യ സ്വതന്ത്രയായതിനെതുടര്‍ന് ആ സംഭവത്തെ വിലയിരുത്തുന്ന കാര്യത്തില്‍ പുരോഗമന സാഹിത്യകാരന്‍മാരി‍ല്‍പെട്ട കമ്യൂണിസ്റ്റുകാരും അല്ലാത്തവരും തമ്മില്‍ അഭിപ്രായവ്യത്യാസം വന്നു. കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ നിലപാടംഗീകരിക്കാത്തവരെ പുരോഗമന സാഹിത്യകാരന്‍മാരായി അംഗീകരിക്കുകയില്ലെന്ന തികച്ചും വിഭാഗീയമായ നിലപാട് ഞങ്ങളെടുത്തു. നേരെമറിച്ച്, സാഹിത്യകാരന്മാര്‍ രാഷ്ട്രീയപാര്‍ടികളിലംഗങ്ങളായാല്‍ അവര്‍ക് 'ഹൃദയച്ചുരുക്കം' വരുമെന്നും മറ്റുമുള്ള നിലപാടുകള്‍ കമ്യൂണിസ്റ്റിതര സാഹിത്യകാരന്മാരും എടുത്തു. ഇത് പുരോഗമന സാഹിത്യപ്രസ്ഥാനത്തെ ഭിന്നിപ്പിച്ചു. തകര്‍ത്തു.
തുടര്‍ന്ന് പ്രസ്ഥാനം പിളരുന്നതില്‍ തങ്ങളുടെ വിഭാഗീയത വഹിച്ച പങ്കിനെപ്പറ്റി പരാമര്‍ശിക്കുന്നു ഇ എം എസ്. അതുകഴിഞ്ഞ്:

അതേയവസരത്തില്‍ കമ്യൂണിസ്റ്റിതര സാഹിത്യകാരന്മാരുടെ "ഹൃദയച്ചുരുക്കം" "പട്ടാളച്ചിട്ട" മുതലായ വാദഗതികളും ഞങ്ങള്‍ക്കെതിരായ വിഭാഗീയതയുടെ പ്രകടനമായിരുന്നു. പ്രസ്ഥാനത്തെ ഭിന്നിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കെന്നപോലെ കമ്യൂണിസ്റ്റിതര സാഹിത്യകാരന്‍മാര്‍ക്കും പങ്കുണ്ടായിരുന്നുവെന്നര്‍ഥം." (പുരോഗമന സാഹിത്യം ഇന്നലെ, ഇന്ന്, നാളെ, വായനയുടെ ആഴങ്ങളില്‍ 124, 125)
ഇനി ഇതേ സംബന്ധിച്ച് 1988-ല്‍ ഇ എം എസ് എന്തു പറഞ്ഞെന്നും നോക്കാം:
ഈ വാദങ്ങളുന്നയിക്കുന്നതില്‍ [ഹൃദയച്ചുരുക്കം, പട്ടാളച്ചിട്ട എന്നിവയാണ് ഇ എം എസ് ഉദ്ദേശിക്കുന്നത്] മറ്റാരെയുംകാള്‍ മുന്നിലായിരുന്നു മുണ്ടശ്ശേരി മാസ്റ്റര്‍ എന്നുകൂടി ഓര്‍മ്മിക്കുക. (തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 179)
മുണ്ടശ്ശേരി ഇങ്ങനെ കമ്യൂണിസ്റ്റുകളെ എതിര്‍ക്കാന്‍ കാരണമെന്തെന്നും അതേ പ്രസംഗത്തില്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കുന്നുണ്ട്.
സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്നു പുതിയ ഭരണാധികാരികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കമ്യൂണിസ്റ്റുകാര്‍ നീങ്ങാന്‍ തുടങ്ങിയത് അവര്‍ക്കു ദഹിച്ചില്ല. അന്നാണ് മുണ്ടശ്ശേരി മാസ്റ്ററുടെ രൂപഭദ്രതാവാദം മുന്നോട്ടു വന്നതും അതിന്റെ ആക്രമണത്തിനെതിരെ കമ്യൂണിസ്റ്റുകാര്‍ പ്രതിരോധനിര ഉയര്‍ത്തിയതും. (തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ ,178)
കമ്യൂണിസ്റ്റുകാരുടെ പ്രതിരോധനിര എങ്ങനെയായിരുന്നു എന്നു ഞാന്‍ നേരത്തേ എഴുതിയ പോസ്റ്റില്‍ ഉദ്ധരിക്കുന്ന ഇ എം എസ് ലേഖനത്തില്‍ിന്നു വ്യക്തമാണ്. ഇ എം എസ് എന്ന പണ്ഡിതാഭാസന്‍ എന്ന  പോസ്റ്റില്‍ മുണ്ടശ്ശേരിക്കും എം പി പോളിനുമെതിരെ ലൈംഗികഅരാജകത്വത്തില്‍ താത്പര്യമുള്ളവരെന്ന നെറികേട് ഇ എം എസ് കള്ളപ്പേരിലെഴുതിയ ലേഖനത്തിലൂടെ ആരോപിച്ചതിനെപ്പറ്റി പറയുന്നുണ്ട്. മുണ്ടശ്ശേരിയെയോ എം പി പോളിനെയോ കേസരി ബാലകൃഷ്ണപിള്ളയെയോ നേരേനിന്നെതിര്‍ക്കാന്‍ കോപ്പില്ലാതിരുന്ന ഇ എം എസ് ആരോപണങ്ങള്‍ കള്ളപ്പേരിലെഴുതിയ ലേഖനത്തിലൂടെ വലിച്ചെറിഞ്ഞ് പകവീട്ടുന്ന കാഴ്ചയാണ് അതില്‍ കാണുന്നത്.
മുണ്ടശ്ശേരിയോടുള്ള ഒടുങ്ങാത്ത പക മുണ്ടശ്ശേരി മരിച്ചിട്ടും രണ്ടു ദശകം കൊണ്ടു നടന്നു, ഇ എം എസ്. അതിനെപ്പറ്റി ഇവിടെ പറയുന്നുണ്ട്. ഈ മുണ്ടശ്ശേരിയെയാണ് നമ്പൂതിരിപ്പാട് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഒറ്റയടിക്ക് ഒറ്റ പ്രസ്താവത്തിലൂടെ സ്വന്തം പ്രസ്ഥാനത്തിലേക്കു മുതലുകൂട്ടുന്നത്.


രണ്ട്

ചെറുശ്ശേരി-തുഞ്ചന്‍-കുഞ്ചന്‍, ഇവര്‍ക്കു മുമ്പ് മലയാളത്തിനു തനതായ സാഹിത്യമില്ലായിരുന്നു എന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്. ഇതൊരു നാലാംകിട വിവരക്കേടാണെന്നു പറയേണ്ടതില്ലല്ലോ. മൂന്നുനൂറ്റാണ്ടുകളുടെ അന്തരം വരുന്ന കവികളെ ചേര്‍ത്ത് അവര്‍ക്കു മുമ്പേ തനതായ സാഹിത്യമില്ലായിരുന്നു എന്നു പറയുന്നത് നമ്മുടെ നമ്പൂതിരിപ്പാടാണെന്നതുകൊണ്ട് അതില്‍ അത്ഭുതം വേണ്ട. കാരണം ഇങ്ങോര്‍ എഴുത്തച്ഛനും ആശാനും തമ്മില്‍ അരഡസന്‍ നൂറ്റാണ്ടുകളുടെ അന്തരമാണുള്ളത് എന്നു പറഞ്ഞ ദേഹമാണ്. അതിനെപ്പറ്റി ഇവിടെ വായിക്കാം. "ചരിത്രത്തില്‍ രണ്ടുമൂന്ന് നൂറ്റാണ്ടുകളുടെ വ്യത്യാസമൊരു വ്യത്യാസമല്ലല്ലോ" എന്നൊരു ഇ  എം എസ്സിസവും നിലവിലുണ്ട്.  
മറ്റൊരിടത്തു പറഞ്ഞത് തുഞ്ചനുമുമ്പ് മലയാളസാഹിത്യം ഇല്ലായിരുന്നു എന്നാണ്.
തുഞ്ചത്തെഴുത്തച്ഛന്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഭാഷാരൂപാന്തരങ്ങള്‍ സൃഷ്ടിക്കുന്നതുവരെ, കേരളത്തിലെ ജനതയ്ക്ക് തങ്ങളുടെതായ സാഹിത്യമേ ഉണ്ടായിരുന്നില്ല. (സാഹിത്യവും സമൂഹവും, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, 136)
അതു വായിച്ചപ്പോള്‍ ചെറുശ്ശേരിയോ എന്ന് അത്ഭുതപ്പെട്ടിരുന്നു. ഇപ്പോള്‍ ചെറുശ്ശേരിയെക്കൂടി ചേര്‍ത്ത്  നമ്പൂതിരിപ്പാട് അതിനു മുമ്പില്ല എന്നാണ് പറയുന്നത്. താന്‍ കേട്ടിട്ടില്ലാത്ത സാഹിത്യമൊന്നും തനതായ മലയാള സാഹിത്യമല്ല എന്നതാണ് നമ്പൂതിരിപ്പാടിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനം.
ഞാന്‍ ചുറ്റും നോക്കി. ഞാന്‍ കണ്ടു. ഞാനതിനെപ്പറ്റി എഴുതി. അതു മഹത്തായ സിദ്ധാന്തമായി. ഇതാണ് ഇ എം എസ്സിസം.
ഇക്കാര്യം അഭിമാനിക്കേണ്ടുന്ന കാര്യമാണെന്ന പോലെ ഇ എം എസ് ജീവിതകാലം മുഴുവന്‍ പറഞ്ഞുനടന്നിട്ടുമുണ്ട്. തന്റെ വിഖ്യാത ചരിത്രഗ്രന്ഥമായ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അവതരിപ്പിച്ച മഹത്തായ കണ്ടുപിടിത്തമായ ജാതി-ജന്മി-നാടുവാഴി മേധാവിത്വം എന്ന സിദ്ധാന്തം എങ്ങനെ ഉണ്ടായിയെന്ന് ഇദ്ദേഹം പറയുന്നതു നോക്കുക.
ഇത് ഞാനൊരു താത്ത്വികപഠനത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നെത്തിയ നിഗമനമല്ല. ഞാന്‍ ഈ കേരളം നോക്കിക്കണ്ടപ്പോള്‍, കേരളത്തിലെ അന്നത്തെ സ്ഥിതി കാണുകയും കേരളത്തെക്കുറിച്ച് ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ഞാന്‍ കണ്ടത് ഇവിടത്തെ ജാതിമേധാവിത്വവും ജന്മിമേധാവിത്വവും നാടുവാഴിമേധാവിത്വവുമായിരുന്നു.(തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 219)

പരശുരാമന്‍ ഒരറ്റത്തുനിന്നു മഴുവെറിഞ്ഞു എന്നൊക്കെ പറയുന്നതുപോലെ നവകേരളശില്പിയായ ഞാനന്ന് നിന്ന് കേരളം നോക്കിക്കണ്ടപ്പോള്‍ ഈ ഞാന്‍ കണ്ടതെല്ലാമാണ് ഇ എം എസ്സിസമെന്ന മഹാസിദ്ധാന്തം. ജാതി-ജന്മി-നാടുവാഴി മേധാവിത്വമെന്ന മഹാസിദ്ധാന്തം എന്തെന്ന് ഇ എം എസ്സിനു തന്നെ അറിഞ്ഞുകൂടാത്തതും വിവരക്കേടും തരംതാണ തട്ടിപ്പുമാണ്. ഇതിനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞതിനെല്ലാം വിപരീതമായി ഇദ്ദേഹം തന്നെ പറയുന്നതിനെ മാത്രം മുന്‍നിറുത്തിയാണ് ഞാനിതു പറയുന്നത്. അതിനെക്കുറിച്ച് വേറൊരവസരത്തില്‍.

 ഇ എം എസ്സിന്റെ മലയാള സാഹിത്യ സിദ്ധാന്തത്തിലേക്കു വീണ്ടും വരാം. പതിവുപോലെ ഈ ലേഖനത്തില്‍ പറയുന്നതുപ്രകാരവും മൂന്നു ഘട്ടങ്ങളുണ്ട് മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക്. ഒന്നാം ഘട്ടം മേല്‍പ്പറഞ്ഞ ത്രയം, ചെറുശ്ശേരി, തുഞ്ചന്‍, കുഞ്ചന്‍. പിന്നെ പത്തൊമ്പതാംനൂറ്റാണ്ടിലെ രണ്ടാം ത്രയം: ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍. മൂന്നാമതായി പു ക സ സാഹിത്യം. എന്നുവെച്ചാല്‍ വിപ്ലവകവി സഖാവ് കൃഷ്ണന്‍കുട്ടിയും മറ്റും അറക്കവാളുകൊണ്ടറുത്തു പാടിയ കാലഘട്ടം.
പ്രാചീനമലയാളസാഹിത്യത്തെപ്പറ്റി കാലിക്കറ്റ് യൂനിവേര്‍സിറ്റി പ്രസിദ്ധീകരിച്ച ഒരു ഗവേഷണ ഗ്രന്ഥം നിരൂപണം ചെയ്ത് പ്രാചീനമലയാള സാഹിത്യം എന്നൊന്നില്ലെന്നു പറഞ്ഞുകൊണ്ട് ഗവേഷകരുടെ വിവരക്കേട് തിരുത്തിക്കൊടുത്ത മഹാപണ്ഡിതനായ നമ്പൂതിരിപ്പാടിന് അവിടെ ഘട്ടങ്ങള്‍ പക്ഷേ മൂന്നല്ല നാലാണ്. പ്രാചീനമലയാള സാഹിത്യം സങ്കല്പവും യാഥാര്‍ത്ഥ്യവും എന്നു പേരുള്ള  നിരൂപണം 28.04.96 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് അതുള്‍പ്പെടുന്ന സമാഹാരമായ നമ്മുടെ ഭാഷ (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1997) യില്‍ കാണുന്നത്.  നിരൂപണം ചെയ്ത പുസ്തകത്തില്‍ പറയുന്നതും താനതുവരെ കേട്ടിട്ടില്ലാത്തതുമായ കാലത്തിനെയും എവിടെയെങ്കിലും കൊള്ളിക്കേണ്ടേ.

 ജാതി-ജന്മി-നാടുവാഴി മേധാവിത്വ"മെന്ന് ഞാന്‍ വിളിക്കുന്ന കേരളീയ ഫ്യൂഡലിസത്തിന്റെ സംസ്കാരം നാല് ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതിലാദ്യത്തേത് ഈ ഗ്രന്ഥത്തില്‍ [നമ്പൂതിരിപ്പാട് നിരൂപണം ചെയ്യുന്ന ഗവേഷണ ഗ്രന്ഥം] പരാമര്‍ശിക്കപ്പെട്ടിട്ടുള്ള രചനകള്‍. (നമ്മുടെ ഭാഷ,  പുറം 53)

"പിന്നീട് കുപ്രസിദ്ധമായിത്തീര്‍ന്ന വെണ്മണി സാഹിത്യത്തിന്റെ മുന്‍ഗാമികളാണ്" ആ രചനകള്‍ എന്നും നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഒരു വര്‍ഷത്തിനുശേഷം നാലുഘട്ടം കണ്ട ഇ എം എസിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ തരംപോലെ മാറാവുന്ന എണ്ണവും ഘട്ടങ്ങളുമെല്ലാം ആണ്. വിവരമില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ വായില്‍ത്തോന്നിയത് തരംപോലെ വിളിച്ചുപറഞ്ഞതെല്ലാം മഹാസിദ്ധാന്തമായിപ്പോയ കഥതന്നെ വീണ്ടുംവീണ്ടും ആവര്‍ത്തിക്കുന്നത്.


മൂന്ന്

"... മാര്‍ക്സിന്റെ ഭാഷയില്‍ 'പ്രപഞ്ചത്തെ വ്യാഖ്യാനിക്കുക മാത്രമല്ല, മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നു'"  
ലോകത്തെ വ്യാഖ്യാനിക്കുന്നതിനെയും മാറ്റിത്തീര്‍ക്കുന്നതിനെയും പറ്റിയാണ് മാര്‍ക്സ് പറഞ്ഞത്. പ്രപഞ്ചത്തെയല്ല.
ലോകത്തിനു പകരം പ്രപഞ്ചം എന്നായാല്‍ അതിനിത്രവലിയ കുഴപ്പമുണ്ടോ എന്ന് ഇ എം എസ്സിസ്റ്റ് സഖാക്കള്‍ കുപിതരാവുന്നത് എനിക്കു കാണാന്‍ കഴിയുന്നുണ്ട്. ശബ്ദതാരാവാലിയില്‍ പ്രപഞ്ചത്തിന് കൊടുത്ത ഒന്നാമത്തെ അര്‍ത്ഥം ലോകം എന്നല്ലേ എന്നും ഇവര്‍ ചോദിച്ചേക്കും. വരട്ടെ, അപ്പോള്‍ പറയാം. ഇ എം എസ് ഈ വിവരക്കേട്  1995ല്‍ മാത്രമല്ല പറഞ്ഞത്. 1960കളിലെഴുതിയ കാള്‍ മാര്‍ക്സ് പുതുയുഗത്തിന്റെ വഴികാട്ടി എന്ന ലേഖനത്തിലും (സഞ്ചിക 39,  പുറം 161) പറഞ്ഞിട്ടുണ്ട്. മുപ്പതു വര്‍ഷത്തിന്നിടയിലും ഫോയെര്‍ബാഹിനെപ്പറ്റിയുള്ള പതിനൊന്നാമത്തെ തീസിസ് ആയ
The philosophers have only interpreted the world, in various ways; the point is to change it.
എന്നത് എന്താണെന്നു മനസ്സിലാക്കാന്‍ ഇ എം എസ്സിനു കഴിഞ്ഞില്ല. അതിലത്ഭുതമില്ല. ഇ എം എസ്സ് ഉദ്ധരിച്ചിടത്തൊന്നും ഇത് ഇന്നയിടത്തുനിന്നാണെന്നു പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ അത് അച്ചടിച്ച രൂപത്തില്‍ ഇ എം എസ് കണ്ടിട്ടുണ്ടെങ്കിലല്ലേ. എവിടെയോ ആരോ പറഞ്ഞതുകേട്ടു. അതു ജീവിതകാലം മുഴുവന്‍ പ്രയോഗിച്ചു നടന്നു. മാര്‍ക്സിസ്റ്റ് സാഹിത്യത്തിലുള്ള ഇ എം എസ്സിന്റെ വിവരത്തെപ്പറ്റി വിശദമായി വീണ്ടും പറയാം. അടിസ്ഥാന മാര്‍ക്സിസ്റ്റു പുസ്തകങ്ങള്‍ വായിക്കുന്നതുപോയിട്ട് കയ്യിലെടുത്തിട്ടുപോലുമില്ല എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ ഇ എം എസ് തന്നെ പറഞ്ഞത് ഇവിടെ പറയുക മാത്രം തത്കാലം ചെയ്യാം.
ദേബിപ്രസാദ് ചതോപാദ്ധ്യായയുടെ ഒരു കൃതി നിരൂപണം ചെയ്തുകൊണ്ട് Social Scientist എന്ന ജേണലില്‍ ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ ഒരു ലേഖനം Jstor ല്‍ ലഭ്യമാണ്. ഇവിടെ. അതിലിങ്ങനെ പറയുന്നുണ്ട്:
All students of Lenin's writings know that every single piece he wrote-whether they are fairly big tomes like Development of Capitalism in Russia, Imperialism, State and Revolution, and so on, or shorter
propaganda material like What is to be Done, Two Tactics of Social Democracy and so on, or whether they are still shorter articles, notes,
letters, and so on-were the weapons with which he fought non-proletarian ideologies and substantiated the proletarian Marxist theoretical positions.

Development of Capitalism in Russia  എന്നത് ഇ എം എസ് പറയും പോലെ വലിയൊരു പുസ്തകമാണ്. എന്നാല്‍ അതുപോലെ വലുതാണ്   Imperialism, the Highest Stage of Capitalism (നൂറു പേജ്) , State and Revolution (നൂറ്റിപ്പത്തു പേജ്) എന്നാണ് ഇ എം എസ് പറയുന്നത്.  രണ്ടും ഇ എം എസ് കണ്ടിട്ടേയില്ലെന്നു വ്യക്തം.  ആ രണ്ടും ലെനിന്റെ ഏറ്റവും പ്രസിദ്ധമായ കൃതികളില്‍പ്പെടും. ഇവ രണ്ടിനെക്കാള്‍ വലിയ What Is To Be Done?, Two Tactics of Social-Democracy in the Democratic Revolution എന്നിവയോ, ചെറുതും! ഇവയൊന്നും നമ്പൂതിരിപ്പാട് വായിച്ചില്ലെന്നതോ പോട്ടെ, കണ്ടിട്ടുപോലുമില്ല എന്നാണ് ഇതില്‍നിന്നു മനസ്സിലാവുന്നത്.
ആ ലേഖനത്തില്‍ നേരെനിന്ന ഹെഗെലിനെ മാര്‍ക്സും ഏംഗല്‍സും തലകുത്തനെ നിറുത്തിയെന്നും പറയുന്നുണ്ട്.
They were, in other words, turning Hegel upside down, or to put it in Marx's own words, to put Hegel back on his head.
ഇ എം എസിനെ പ്രസിദ്ധീകരിച്ച Social Scientist എന്ന ജേണലിന്റെ നിലവാരം അതില്‍നിന്നു മാത്രം വ്യക്തമാണ്.

കാള്‍ മാര്‍ക്സ് പുതുയുഗത്തിന്റെ വഴികാട്ടി എന്ന ലേഖനത്തില്‍ 1844-45 കാലത്ത് ഏംഗല്‍സ് എഴുതിയ ലേഖനത്തില്‍ പറഞ്ഞതുപോലെ എന്നു പറഞ്ഞുകൊണ്ട് ഒരു വ്യാജ ഉദ്ധരണി കൊടുത്തിട്ടുണ്ട്. (സഞ്ചിക 39,  പുറം 150) 
ചിന്തയും അസ്തിത്വവും തമ്മില്‍, ആത്മാവും പ്രകൃതിയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്; ഇതില്‍ ഏതാണ് ആദ്യം ഉണ്ടായത്; ഇതാണ് തത്വശാസ്ത്രത്തിന്റെ വിശേഷിച്ചും ആധുനിക തത്വശാസ്ത്രത്തിന്റെ മുമ്പിലുള്ള മൌലികമായ മഹാപ്രശ്നം..."
മൂലകൃതിയോട് നീതി പുലര്‍ത്താതെ നടത്തിയ ഈ ഉദ്ധരണി Ludwig Feuerbach and the End of Classical German Philosophy എന്ന കൃതിയില്‍നിന്നുള്ളതാണ്. അതാവട്ടെ 1886ലെ കൃതിയും. എവിടെന്നു കിട്ടി ഇ എം എസ് ന് 1844-45 കാലം? ഹ്യൂമനിസവും വര്‍ഗസമരവും സാഹിത്യത്തില്‍ എന്ന പേരില്‍ കെ. ദാമോദരനെ വിമര്‍ശിക്കുന്ന ഒരു ലേഖനത്തില്‍ (1972-ല്‍ എഴുതിയത്, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, 122) ഇതേ ഉദ്ധരണിയുണ്ട്. സ്റ്റാലിന്റെ സി പി എസ് യു ചരിത്രത്തില്‍നിന്ന് ഉദ്ധരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അവിടെ ഉദ്ധരിക്കുന്നത്. 
"അദ്ദേഹം മാര്‍ക്സിനെ ഉദ്ധരിക്കുന്നു:
ചിന്തയും അസ്തിത്വവും തമ്മിലും
..."
ശരിക്കും സി പി എസ് യു ചരിത്രത്തിലുള്ളതാവട്ടെ,
Engels says:
"The question of the relation of thinking to being,...
അതിവിടെ കാണാം.

(മാര്‍ക്സിസ്റ്റ് കൃതികളെ ഇ എം എസ് ദുര്‍വ്യാഖ്യാനം ചെയ്തതിന് ഇ എം എസ്സിനെമാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇ എം എസ്സിനു വിവരക്കേടുകള്‍ എഴുതിക്കൊടുത്ത സഖാക്കള്‍ക്കുമുണ്ട് ഉത്തരവാദിത്വം. ഇ എം എസ്സിന്റെ പേരിലറിയപ്പെടുന്ന കൃതികള്‍ എല്ലാം ഇ എം എസ് എഴുതിയതാണോ? അല്ലേയല്ല. അതിനെക്കുറിച്ചാണ് അടുത്ത പോസ്റ്റില്‍.)

1 comment:

  1. പോപ്പുലര്‍ മാര്‍ക്സിസ്റ്റ് കൃതികള്‍ കാണുകപോലും ചെയ്യാത്ത ഇ എം എസ് നമ്പൂതിരിപ്പാടെന്ന മാര്‍ക്സിസ്റ്റ് ചിന്തകന്‍!

    ReplyDelete