Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

12 Dec 2009

ഇ എം എസ് എന്ന പണ്ഡിത ആഭാസന്‍

പണ്ഡിതാഭാസന്‍ എന്നത് ഇ എം എസിന്റെ സ്വന്തം പ്രയോഗമാണ്. കേസരി ബാലകൃഷ്ണപിള്ളയ്ക്കു നേരെയാണ് അതു പ്രയോഗിച്ചത്. 1949-ല്‍. philistine എന്ന പദത്തിനു മൊഴിമാറ്റം കണ്ടുപിടിച്ചതാണ് നമ്പൂതിരിപ്പാട്. നമ്പൂതിരിപ്പാടിന്റെ നിരക്ഷരപരിഭാഷയില്‍ philistine എന്ന പദത്തിന്റെ വിവക്ഷകളറിയാത്തതുകൊണ്ടാണ് ആഭാസന്‍ പണ്ഡിതനുമായിപ്പോയത്. ഫിലിസ്റ്റീന്‍ എന്ന പദത്തിന് Shorter Oxford ഇങ്ങനെ അര്‍‌ത്ഥം കൊടുത്തിട്ടുണ്ട്.

An uneducated or unenlightened person; a person indifferent or hostile to culture, or whose interests and tastes are commonplace and material.
കേരളത്തില്‍ philistine എന്നറിയപ്പെടാന്‍ ഇ എം എസ്സിനെക്കാള്‍ യോഗ്യനായി മറ്റൊരാളുണ്ടാവില്ല. അതിനുതെളിവാണ് താഴെക്കാണുന്ന ഇ എം എസ് ലേഖനം. പക്ഷേ സാധാരണമായി ഫിലിസ്തീന്‍ എന്ന നാമം അര്‍ത്ഥമാക്കുന്ന തരമല്ല.  അരുന്ധതീറോയിയുടെ നോവെലിനെപ്പറ്റി  (ഞാന്‍ വായിച്ചിട്ടില്ല, വിരസമായിത്തോന്നി) ലൈംഗികവൈകൃതം ആരോപിച്ച ഇ എം എസ്സിനെ ഫിലിസ്റ്റീന്‍ എന്നു പറയാം. എന്നാല്‍ മകളുടെ നോവെലിനെപ്പറ്റി നല്ലതു പറഞ്ഞു എന്നതിന്റെ പേരില്‍ മേരി റോയിയെപ്പറ്റി ലൈംഗികവൈകൃതം പരോക്ഷമായി ആസ്വദിക്കുന്നവളെന്നു പറഞ്ഞയാളെ, നവകേരളശില്പിയോ ഏതു കോപ്പനോ ആവട്ടെ അയാള്‍, ആഭാസനെന്നു പറയാതെ വയ്യ.
അത് 1997-ലാണ്.  
കേരളത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ കാലങ്ങളായി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് പ്രതിയോഗിക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തുക എന്നത്.  ഇതിന്റെ വേര് ഈ പണ്ഡിത ആഭാസനില്‍ തന്നെയാവണം.  ബാലകൃഷ്ണപിള്ള ലൈംഗിക കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കുന്നതുകൊണ്ടു മാത്രം എം പി പോളും മുണ്ടശ്ശേരിയും അദ്ദേഹത്തോടൊപ്പം നില്ക്കുന്നു എന്നാണ് 1949 ലെ ഇ എം എസ് പറയുന്നത്.  (താഴെക്കാണുന്ന ലേഖനത്തില്‍ ബൂര്‍ഷ്വാചേരിയില്‍തന്നെ എന്ന ഭാഗം നോക്കുക) 1948-ലെ ഇ എം എസ്സും 1997-ലെ ഇ എം എസ്സും തമ്മില്‍ എത്ര അന്തരമുണ്ട്? വലുതായൊന്നും ഇല്ലെന്നാണ് തോന്നുന്നുത്. 


No comments:

Post a Comment