Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

24 Sep 2009

ഇ എം എസ്സും കോപ്പും (ഒന്ന്)

 If Malayalam doesn't display properly on your screen download the text of this post as a pdf file from here.

(ഇത് ബൂര്‍ഷ്വാ പ്രൊപ്പഗന്‍ഡയാണ്. അരസികനായ ഒരു പരേതനെപ്പറ്റി വിരസമായ ഒരു കുറിപ്പ്.)
തന്‍റെ കോപ്പിനെപ്പറ്റി ഇ എം എസ്സു തന്നെ പറഞ്ഞിട്ടുണ്ട്.
[...] എന്നെപ്പറ്റി ചില വിശിഷ്ട സാഹിത്യകാരന്മാര്‍ പറയുന്നത് 'സാഹിത്യവിഷയങ്ങളൊന്നും കൈകാര്യം ചെയ്യാനുള്ള 'കോപ്പ്' ഇ എം എസിനില്ല' എന്നാണ്. അത് ഞാന്‍ സമ്മതിക്കുന്നു. അതേ അവസരത്തില്‍ അവര്‍ക്കില്ലാത്ത ഒരു 'കോപ്പ്' എനിക്കുണ്ട്. ആ കോപ്പെന്താണ്? ഈ നാട്ടിലെ ജനങ്ങളുമായിട്ടുള്ള അടുപ്പം. ഈ നാട്ടില്‍ മാത്രമല്ല ലോകത്താകെയുള്ള മാര്‍ക്സിസ്റ്റ് സിദ്ധാന്തവുമായുള്ള അടുപ്പം- ഈ രണ്ടുംകൊണ്ട് അവര്‍ക്കില്ലാത്ത 'കോപ്പ്' എനിക്കുണ്ടായിട്ടുണ്ട്. ഈ 'കോപ്പ്' കാണാനവര്‍ക്കു കഴിയുന്നില്ല.
(ഇ എം എസിന്‍റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, ഡി സി ബുക്സ്, 1996, p 268)


ഇതില്‍ ആദ്യത്തെ കോപ്പിനെപ്പറ്റി എനിക്കൊന്നും പറയാനില്ല. രണ്ടാമത്തെ കോപ്പിനെപ്പറ്റി ഗഡുക്കളായി ചിലതു പറയാനുദ്ദേശിക്കുന്നു. കുറച്ചുകാലം കമ്യൂണിസ്റ്റ് എന്നു പറയുന്ന ഒരു പാര്‍ട്ടിക്കാരനായിട്ടുണ്ടെങ്കിലും പതിന്നേഴു വയസ്സുമുതലുള്ള ഒരഞ്ചുകൊല്ലം (പതിനഞ്ചുകൊല്ലത്തിനപ്പുറം) മാര്‍ക്സിസ്റ്റ് സാഹിത്യം കാര്യമായി വായിച്ചിട്ടുണ്ടെങ്കിലും ഇ എം എസ്സിന്‍റെ രചനകളൊന്നും ഇക്കാലംവരെ വായിച്ചിട്ടില്ല ഞാന്‍. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ഇ എം എസ് അരുന്ധതി റോയിയെപ്പറ്റി പറഞ്ഞ ചില അഭിപ്രായങ്ങള്‍ rediff.com റിപോര്‍ടു ചെയ്തതു വായിച്ചപ്പോഴാണ് ഇദ്ദേഹത്തെ ഒന്നു വായിച്ചുനോക്കാന്‍ ആദ്യമായി താത്പര്യം തോന്നിയത്. പിന്നീട് രണ്ടു പുസ്തകങ്ങള്‍ കൈയ്യില്‍ കിട്ടി. ഒന്നു മേലുദ്ധരിച്ച തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍. പിന്നെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളും (ഇ.എം.എസ് നമ്പൂതിരിപ്പാട്, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി,first edition 1990, reprint 1998). ആദ്യത്തേത് വിവിധ വിഷയങ്ങളിലുള്ള പ്രസംഗങ്ങളും രണ്ടാമത്തേത് സാഹിത്യസംബന്ധിയായ ലേഖനങ്ങളും. അവിടെയിവിടെയായി വായിച്ചുതുടങ്ങിയപ്പോള്‍ മനസ്സിലായത് ഇ എം എസ് അത്ഭുതപ്രതിഭാസമാണെന്നാണ്. ഇ എം എസ്സിന്‍റെ വൈരുദ്ധ്യവാദം ജീവിച്ചിരിക്കെതന്നെ പ്രശസ്തമായിരുന്നല്ലോ. അതു സംബന്ധിച്ച് ചിലരൊക്കെ എഴുതിയ ലേഖനങ്ങളും മറ്റും കണ്ടിട്ടുണ്ട്. മറിച്ചും തിരിച്ചും പറഞ്ഞ് ആഗോള ഡയലക്റ്റിഷ്യന്‍ എന്നു വരെ പേരു സിദ്ധിച്ച ഈ രാഷ്ട്രീയക്കാരനെ പത്രം വായിക്കുന്ന ആര്‍ക്കും അറിയാമായിരുന്നു. അതേ സമയം മാര്‍ക്സിസത്തെപ്പറ്റി ഇദ്ദേഹത്തിനുള്ള അഗാധ പാണ്ഡിത്യവും പ്രശസ്തമായിരുന്നു. മൂലധനം ഇന്ന അദ്ധ്യാത്തില്‍ ഇന്ന ഖണ്ഡിക എന്നു പറയാവുന്ന വിധത്തില് മനഃപാഠമായിരുന്നു അദ്ദേഹത്തിന് എന്നൊക്കെ കേട്ടിട്ടുണ്ട്. കേട്ടതൊന്നുമേ സത്യമല്ലെന്ന് കണ്ടറിഞ്ഞപ്പോഴുണ്ടായ അത്ഭുതമാണ് ഈ ഉദ്യമത്തിനു കാരണം. ഇ എം എസ്സിന്‍റെ സൈദ്ധാന്തിക പാരമ്പര്യവും പേറി നടക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഈ പാര്‍ട്ടിയുടെയും വിശേഷിച്ച് അതിന്‍റെ നേതാവിന്‍റെയും ദാസന്മാരായ ധാരാളം ബുദ്ധിവ്യായാമക്കാരും ആണ് ഇപ്പോഴും കേരളത്തിലെ ആശയരംഗത്തെ പ്രബലശക്തി എന്നതിനാല്‍ ഈ ശ്രമത്തിനു കുറച്ചൊക്കെ പ്രസക്തിയുമുണ്ട്. കാര്യം ആദ്യമേ പറയാം. ഇ എം എസ്സിനു വിവരമില്ലായിരുന്നു. എന്നു വെച്ചാല്‍ മണ്ണും ചാണവും തിരിച്ചറിയാനുള്ള വിവരമില്ലായിരുന്നു. വിവരമില്ല എന്നു പറയുമ്പോള്‍ ഇ എം എസ്സിന് പ്രപഞ്ചോത്പത്തിവിജ്ഞാനം ഇല്ലെന്നോ നാനോസയന്‍സ് അറിയില്ലെന്നോ അല്ല പറയുന്നത്. ഇ എം എസ് എന്ന മഹാ മാര്‍ക്സിസ്റ്റ് ദാര്‍ശനികന് പരമ്പരാഗത മാര്‍ക്സിസത്തിന്‍റെ (ഇ എം എസ് പിന്തുടര്‍ന്ന തരം) പ്രഥമ പാഠങ്ങളായ കൃതികളില്‍ അറിവോ പലപ്പോഴും ഗ്രന്ഥകര്‍ത്താക്കളെ പരിചയം പോലുമോ ഇല്ലായിരുന്നു. എപ്പോഴോ എവിടെനിന്നോ കിട്ടിയ കണ്ടംമുറി വിജ്ഞാനവിവരക്കേട് ദശകങ്ങള്‍ കൊണ്ടു നടന്ന് നൂറ്റൊന്ന് ആവര്‍ത്തിച്ച ഇദ്ദേഹത്തെയാണ് മാര്‍ക്സിസ്റ്റ് ചിന്തകനായി കേരളം കൊണ്ടാടിയത്. പുസ്തകം വായിക്കാനും എഴുതാനും അറിയാവുന്ന ഇടതുപക്ഷക്കാരെ അവിടെയുമിവിടെയുമൊക്കെ കണ്ടിട്ടുണ്ട്. കെ. ദാമോദരന്‍, പി. ഗോവിന്ദപ്പിള്ള എന്നിവര്‍ ഉദാഹരണം. അവര്‍ക്കിടയിലാണ് മാര്‍ക്സിസത്തെപ്പറ്റി നിരക്ഷരനായ ഇ എം എസ് ആരിലും മീതെ ഉയര്‍ന്നു നില്ക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആദ്യമായല്ല ഇത്തരം സിദ്ധാന്തനിരക്ഷരര്‍ 'മേധാ'വിത്വം സ്ഥാപിച്ചു കാണുന്നത്. സ്റ്റാലിനാണ് ഇതില്‍ ഏറ്റവും കേമന്‍. സോവിയറ്റ് യൂനിയനില്‍ പ്രസിദ്ധീകൃതമായിരുന്ന എല്ലാ കൃതികളും വായിച്ചു കാണും ഇദ്ദേഹം എന്ന് സി പി സ്നോ എഴുതിയിട്ടുണ്ട്. അത്രയും വിപുലമായി വായിച്ചയാളാണെങ്കിലും ഇത്ര അരസികനായ എഴുത്തുകാരനും പ്രഭാഷകനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ കാണാനിടയില്ല. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍ ഇദ്ദേഹത്തിന്‍റെ പങ്ക് ഡയലെക്റ്റിക്സിന്‍റെ അടിസ്ഥാനപ്രമാണമായി ഏംഗല്‍സും ശിഷ്യന്മാരും പറഞ്ഞ negation of negation എന്ന തത്ത്വത്തെ വിട്ടുകളഞ്ഞു എന്നതാണെന്ന് അല്‍ത്തൂസര്‍ പരിഹസിച്ചിട്ടുണ്ട്. negation of negation അംഗീകരിക്കയാണെങ്കില്‍ മുതലാളിത്തത്തെ നിഷേധിച്ചുവന്ന സോഷ്യലിസം വീണ്ടും മുതലാളിത്തംകൊണ്ടു നിഷേധിക്കപ്പെടുമെന്നു വരുമല്ലോ എന്നോര്‍ത്താണ് സ്റ്റാലിന്‍ ഇപ്രകാരം വിട്ടുകളഞ്ഞതെന്നും അല്‍ത്തൂസര്‍ കളിയാക്കുന്നുണ്ട്. സ്റ്റാലിന്‍റെ ശരിയായ ശിഷ്യനാണ് ഇ എം എസ് എന്നു പറയാവുന്നതാണ്. (മുതലാളിത്തത്തിനു ഫ്യൂഡലിസത്തിലേക്കു തിരിച്ചുപോവാന്‍ പറ്റാത്തതുപോലെ സോഷ്യലിസത്തില്‍നിന്നു മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്ക് അസാദ്ധ്യമാണെന്ന് ഗോര്‍ബച്ചേവ് ആണിക്കല്ല് തോണ്ടുന്ന സമയത്തും ഇ എം എസ് സിദ്ധാന്തിച്ചത് ഓര്‍ക്കുക.) സ്റ്റാലിന്‍റെ രചനാശൈലിയെ ഇ എം എസ് വാനോളം പുകഴ്ത്തുന്നുണ്ട് സ്റ്റാലിനെ വിലയിരുത്തുമ്പോള്‍ എന്ന പേരില്‍ പ്രസംഗസമാഹാരത്തില്‍ കാണുന്ന പ്രഭാഷണത്തില്‍.
[...] എന്താണ് ലെനിനിസം എന്ന് പഠിപ്പിക്കുന്നതിനുവേണ്ടി സ്റ്റാലിന്‍ തയ്യാറാക്കിയ വളരെ ലളിതവും എന്നാല്‍ പ്രൌഢവുമായ ഒരു പ്രസംഗപരമ്പരയുണ്ട്. അതാണ് ഫൌണ്ടേഷന്‍ ഓഫ് ലെനിനിസം [...]. സഖാവ് സ്റ്റാലിന്‍റെ ഗ്രന്ഥങ്ങള്‍ക്കും ലേഖനങ്ങള്‍ക്കുമെല്ലാം തനതായ ഒരു സവിശേഷതയുണ്ട്. ഇത്ര ചുരുക്കത്തില്‍ ഇത്ര ലളിതമായി കാര്യങ്ങള്‍ പറഞ്ഞുപോവുക സ്റ്റാലിന്‍റെ ഒരു സവിശേഷതയാണ്.


1979-ല്‍ ഇ എം എസ് ചെയ്ത പ്രസംഗമാണ് 'സ്റ്റാലിനെ വിലയിരുത്തുമ്പോള്‍' എന്ന പേരില്‍ കാണുന്നത് (പ്രസംഗങ്ങള്‍, 113-131) സ്റ്റാലിനെ വിലയിരുത്തി പ്രസംഗിക്കാന്‍ പോവുമ്പോള്‍ സോവിയറ്റ് യൂനിയന്‍റെയും സ്റ്റാലിന്‍റെയും ചരിത്രമൊന്ന് പരിശോധിച്ചിട്ടു പോവാന്‍ ഇദ്ദേഹത്തിനാവില്ല. അതുകൊണ്ട് ഇങ്ങനെയൊരു മണ്ടത്തരം അതില്‍ക്കാണാം.
അദ്ദേഹം സോവിയറ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത് ലെനിന്‍ മരിച്ചതുമുതല്‍ക്കാണ്. (പ്രസംഗങ്ങള്‍, 115)


ഇതാണ് ഇ എം എസിന്‍റെ കമ്യൂണിസ്റ്റ് വിജ്ഞാനം! ലെനിന്‍ മരിച്ചത് 1924ലും സ്റ്റാലിന്‍ സെക്രട്ടറിയായത് 1922ലുമാണെന്ന് ഏതാണ്ട് അക്കാലം മുതലേ കമ്യൂണിസ്റ്റ് നേതാവായ ഇ എം എസിന് അറിഞ്ഞുകൂടാ. ഈ പ്രഭാഷണം എഴുതിതയ്യാറാക്കി വായിച്ചതാണെന്നു വേണം കരുതാന്‍. കാരണം അതില്‍ ലെനിന്‍റെ ഒസ്യത്തില്‍നിന്നുള്ള അത്ര ചെറുതല്ലാത്ത ഒരുദ്ധരണി കാണുന്നുണ്ട്. സ്റ്റാലിനെ സംബന്ധിക്കുന്ന ഭാഗമാണ് ഇ എം എസ് ഉദ്ധരിക്കുന്നത്. ലെനിന്‍റെ വില്‍പ്പത്രം വായിക്കുന്ന ആര്‍ക്കും ഏറ്റവും ശ്രദ്ധേയമായി തോന്നുന്ന കാര്യം സ്റ്റാലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശമാണ്.
Stalin is too rude and this defect, although quite tolerable in our midst and in dealing among us Communists, becomes intolerable in a Secretary-General. That is why I suggest that the comrades think about a way of removing Stalin from that post and appointing another man in his stead who in all other respects differs from Comrade Stalin in having only one advantage, namely, that of being more tolerant, more loyal, more polite and more considerate to the comrades, less capricious, etc.


ലെനിന്‍റെ വില്‍പ്പത്രത്തില്‍നിന്ന് ഉദ്ധരിക്കുകയും അതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഈ സ്റ്റാലിനിസ്റ്റ് പക്ഷേ ആ ഭാഗം വിട്ടുകളഞ്ഞു! ഇങ്ങനെയിങ്ങനെയൊക്കെയുള്ള ദോഷങ്ങളുണ്ടെങ്കിലും അതിനെയെല്ലാം കവച്ചുവെയ്ക്കുന്ന ഇന്നിന്ന ഗുണങ്ങളുണ്ടെന്നു പറഞ്ഞാല്‍ കാര്യം എളുപ്പമായല്ലോ. അപ്പോള്‍ സിദ്ധാന്തനിരക്ഷരതയില്‍ മാത്രമല്ല ഇ എം എസ് സ്റ്റാലിന്‍റെ ശിഷ്യനാവുന്നത്. നിര്‍ലജ്ജം വസ്തുതകളെ മറച്ചുവെയ്ക്കുന്നതിലും ഇദ്ദേഹം സ്റ്റാലിനെപ്പോലെയാണ്. ഒരു വിപ്ലവവാര്‍ഷിക വേളയില്‍ ട്രോട്സ്കിയെ വാഴ്ത്തിക്കൊണ്ട് സ്റ്റാലിന്‍ എഴുതിയ ലേഖനം പിന്നീട് ഒരിക്കലും പ്രസിദ്ധീകരിക്കാതെ മൂടിവെച്ച കാര്യം E H Carr എഴുതിയ സോവിയറ്റ് യൂനിയന്‍റെ ചരിത്രത്തില്‍ പറയുന്നുണ്ട്. എന്തിന്, ലെനിന്‍ ആമുഖമെഴുതിയ ജോണ്‍ റീഡിന്‍റെ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള്‍ എന്ന പുസ്തകം സോവിയറ്റ് യൂനിയനില്‍ നിരോധിച്ചാണല്ലോ സ്റ്റാലിന്‍ മാര്‍ക്സിസത്തെ സൈദ്ധാന്തികമായി പോഷിപ്പിച്ചത്. വിഷയം മാറിപ്പോവരുത്. ഇ എം എസിന്‍റെ സൈദ്ധാന്തിക നിലപാടുകളല്ല ഇവിടെ വിഷയം, വിവരക്കേടാണ്. പ്രബന്ധങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ് വീക്ഷണം സാഹിത്യത്തില്‍ എന്നൊരു മുഖവുരയുണ്ട്. അതിലിങ്ങനെ കാണാം.
1937-ല്‍ എഴുതിയ ഒരു ലേഖനത്തോടെയാണല്ലോ ഈ സമാഹാരം തുടങ്ങുന്നത്.അതെഴുതാനുള്ള പ്രേരണ വന്നത് ജീവത്സാഹിത്യപ്രസ്ഥാനത്തിനെതിരായി വന്ന ആരോപണങ്ങളില്‍നിന്നാണ്. അതിന് ആശയപരമായ പ്രചോദനം നല്കിയതാകട്ടെ, വിശ്വമഹാസാഹിത്യകാരനായിരുന്ന മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ലോക പുരോഗമന സാഹിത്യ സമ്മേളനത്തിന്‍റെ ആഹ്വാനമായിരുന്നു. ''സംസ്കാരനായകന്മാരേ, നിങ്ങള്‍ ഏതു ചേരിയില്‍?'' എന്ന ചോദ്യത്തോടെയാണ് ആ ആഹ്വാനം ഉപസംഹരിച്ചത്.


തുടര്‍ന്ന് ആഹ്വാനത്തെ ഇ എം എസ് വ്യാഖ്യാനിക്കുന്നു. അല്പം കഴിഞ്ഞ് വീണ്ടും:
1930-കളുടെ മധ്യഭാഗത്ത് ആഗോളമായി പ്രത്യക്ഷപ്പെട്ട രണ്ട് വിരുദ്ധ ശക്തികളെ ചൂണ്ടിക്കാണിച്ചാണ് ഗോര്ക്കി ലോകത്തിലെ സാംസ്കാരികനായകന്മാരോട് നിങ്ങള്‍ ഏതു ചേരിയില്‍ എന്നു ചോദിച്ചത്. അതിന്‍റെ [sic] തന്നെ ഇന്ത്യന്‍ രൂപമാണ് 1936-ല്‍ ലക്നൌവില്‍ വച്ചു രൂപംകൊണ്ട ഇന്ത്യന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്‍റെ ആശയപരമായ അടിത്തറ.
(വാക്യങ്ങള്‍ ചേര്‍ച്ചയോടെ കോര്‍ത്തെഴുതുന്ന വിദ്യ ഇ എം എസ്സിന് അന്യമാണ്. അച്ചട്ടായി എഴുതാനറിയില്ല എന്നേ ഗോവിന്ദപ്പിള്ള പറഞ്ഞുള്ളൂ. എഴുതാനേ അറിയില്ല എന്നതാണ് വാസ്തവം. ക്ഷമിക്കേണ്ടതാണ്, ഔപചാരിക വിദ്യാഭ്യാസം കമ്മിയായിരുന്നല്ലോ.)ചുരുക്കത്തില്‍ പു ക സ യുടെപോലും അടിവേരു നീളുന്നത് ഈ സമ്മേളനത്തിലേക്കും അവിടെ ഗോര്‍ക്കി നടത്തിയ ആഹ്വാനത്തിലേക്കുമാണ് ഈ ആഹ്വാനത്തെപ്പറ്റി ഇവിടെ മുഖവുരയില്‍ മാത്രമല്ല പറഞ്ഞത് വേറെയിടത്തും കണ്ടു. 1981-ല്‍ നടത്തിയ ഒരു പ്രസംഗം മാര്‍ക്സിസവും സൌന്ദര്യശാസ്ത്രവും എന്ന പേരില്‍ (പ്രബന്ധങ്ങള്‍,194- 202) കാണുന്നുണ്ട്. അതില്‍ ഇങ്ങനെ പറയുന്നു.
മറ്റ് സാംസ്കാരിക നായകന്മാരോടൊപ്പം ഗോര്‍ക്കിയും ലളിതവും ഋജുവുമായ ഒരു ചോദ്യം ചോദിക്കുന്നു. "ലോകത്തെമ്പാടുമുള്ള സാംസ്കാരി നായകന്മാരേ, നിങ്ങള്‍ ആരുടെ ഭാഗത്താണ്? മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ഒരു പുതിയ സാംസ്കാരിക പ്രസ്ഥാനത്തിന്‍റെ തുടക്കം കുറിച്ചു ഇത്.


ഇനി മറ്റൊരിടത്ത് ഇങ്ങനെ കാണുന്നു:
സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്‍റെ ഓര്‍മ്മ പോകുന്നത് 1930-കളുടെ അവസാന വര്‍ഷങ്ങളിലേക്കാണ്. അന്നാണ് കേരളത്തില്‍ ഒരു ജീവല്‍ സാഹിത്യസംഘടന രുപം കൊണ്ടത്.ഈ ജീവല്‍ സാഹിത്യസംഘടന അഖിലേന്ത്യാതലത്തിലുള്ള പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍റെ ഭാഗമായിട്ടാണ് ഇവിടെ രൂപം കൊണ്ടത്. ആ അഖിലേന്ത്യാതലത്തിലുള്ള പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനുതന്നെ ആവേശം കിട്ടിയത് മൊസ്കോവില്‍വെച്ച് മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ഒരു സമ്മേളനത്തിന്‍റെ അഭ്യര്‍ത്ഥനയാണ്. ആ അഭ്യര്‍ത്ഥനയില്‍ ഗോര്‍ക്കി ചോദിച്ചു: "സാംസ്കാരിക നായകന്‍മാരേ, നിങ്ങള്‍ ഏത് ചേരിയിലാണ്? നിങ്ങള്‍ സമാധാനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ചേരിയിലോ അതോ യുദ്ധത്തിന്‍റെയും ഫാസിസത്തിന്‍റെയും ചേരിയിലോ" (സംസ്കാരം, സാഹിത്യം, രാഷ്ട്രീയം, പ്രബന്ധങ്ങള്‍, 287)


കൊള്ളാം. ഇപ്പോള്‍ സമ്മേളനം മോസ്കോവിലായി. ഗോര്‍ക്കിയെ ഉദ്ധരിച്ചിരിക്കയാണ്. 1934-ല്‍ സോവിയറ്റ് യൂനിയനില്‍ നടന്ന സോവിയറ്റ് റൈറ്റേര്‍സ് കോണ്‍ഗ്രസ്സാണ് ഉദ്ദേശിച്ചതെങ്കില്‍ അവിടെ ഗോര്‍ക്കി നടത്തിയ പ്രസംഗം ഇവിടെ കാണാം. അതില്‍ ഇങ്ങനെ അഭ്യര്‍ത്ഥനയൊന്നുമില്ല.
മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ലോക പുരോഗമന സാഹിത്യ സമ്മേളനം? അങ്ങനെയൊന്നു നടന്നിട്ടുണ്ടെങ്കിലല്ലേ? 1935-ല്‍ പാരിസില്‍ നടന്ന International Writers' Conference for the Defense of Culture ആണുദ്ദേശിക്കുന്നതെങ്കില്‍ അതില്‍ ഗോര്‍ക്കി പങ്കെടുത്തിട്ടില്ല. അതില്‍ പങ്കെടുത്ത പ്രമുഖരെ ഇവിടെ കാണാം. (ഇതില്‍ ഗോര്‍ക്കി പങ്കെടുത്തെന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ എങ്ങനെയോ ഒരു ധാരണവന്നിട്ടുണ്ട്. കവി സച്ചിദാനന്ദന്‍ Frontline മാഗസിനിലെഴുതിയ ഒരു ലേഖനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് തിരക്കിയപ്പോള്‍ ആ ധാരണയുടെ ഉറവിടം മുല്‍ക്ക്‌രാജ് ആനന്ദിന്‍റെ ഒരു ഓര്‍മ്മപ്പിശകാണെന്നാണ് അദ്ദേഹം നല്കുന്ന സൂചന.) Masters of culture, on whose side you are? എന്ന ഗോര്‍ക്കിയുടെ ചോദ്യം പ്രസിദ്ധമാണ്. അതു പക്ഷേ, പാരിസിലോ മറ്റെവിടെയെങ്കിലുമോ നടന്ന ഏതെങ്കിലും സമ്മേളനത്തിലെ ആഹ്വാനമല്ല. 1932-ല്‍ പ്രസിദ്ധീകരിച്ച ഗോര്‍ക്കിയുടെ ഒരു ലേഖനമാണത്. അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായി ആണ് അതെഴുതിയിരിക്കുന്നത്. ചാര്‍ലി ചാപ്ലിനെയും ജാസ് സംഗീതത്തെയുമൊക്കെ നിന്ദിക്കുന്ന ഈ ലേഖനം മഞ്ഞച്ചെകുത്താന്‍റെ നഗരം എന്ന പേരിലൊരു പുസ്തകത്തിലുള്‍പ്പെടുത്തി റാദുഗ പബ്ലിഷേര്‍സ് മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടക്കാത്ത സമ്മേളനത്തില്‍ പോവാത്ത ആളുടെ നടത്താത്ത ആഹ്വാനത്തിനുമേല്‍ ഇ എം എസ് എന്തൊക്കെ ചരിത്രമാണ് കെട്ടിപ്പൊക്കുന്നത്! മാക്സിം ഗോര്‍ക്കിയെപ്പറ്റി ഇ എം എസിനുള്ള ധാരണ വിചിത്രമാണ്. അതിനെപ്പറ്റി കുറച്ചേറെ പറയാനുള്ളതുകൊണ്ട് അത് വേറൊരു പോസ്റ്റില്‍ പറയാം.
ടോള്‍സ്റ്റോയിയെപ്പറ്റിയോ? പുസ്തകം വായിച്ചാല്‍ നമ്പൂതിരിപ്പാടിന് മനസ്സിലാവില്ലെന്നതിന് നല്ല ഉദാഹരണമാണ് ടോള്‍സ്റ്റോയിയെപ്പറ്റിയുള്ള ഇദ്ദേഹത്തിന്‍റെ ജല്പനങ്ങള്‍.അതിങ്ങനെയൊക്കെ പോകുന്നു:
ആശയപരമായി നോക്കിയാല്‍, വര്‍ഗബന്ധത്തിന്‍റെ ദൃഷ്ടിയില്‍ നോക്കിയാല്‍, ടോള്‍സ്റ്റോയി ഒരു പിന്തിരിപ്പനായിരുന്നു. വിപ്ലവവിരുദ്ധനായിരുന്നു. (പ്രബന്ധങ്ങള്‍, 290)
ഈ വങ്കത്തരമൊന്നും ഉദ്ധരിച്ചു സമയം കളയാന്‍ വയ്യാത്തതുകൊണ്ടും അതിന്‍റെ നര്‍മ്മം ശരിക്കാസ്വദിക്കണമെങ്കില്‍ ആ ഭാഗം പൂര്‍ണ്ണമായി വായിക്കണമെന്നതുകൊണ്ടും ആ പേജ് ഇവിടെ കൊടുക്കുന്നു.ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവല്‍ അത്യുജ്വലമാണ്. അദ്ദേഹമൊരു ഫ്യൂഡല്‍വര്‍ഗത്തിന്‍റെ പ്രതിനിധിയാണ്. ഫ്യൂഡല്‍ ബന്ധത്തിന്‍റേതായ ആശയങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ സങ്കല്‍പങ്ങള്‍, സ്വപ്നങ്ങള്‍, മുതലായതെല്ലാം ഫ്യൂഡല്‍ വര്‍ഗ്ഗത്തിന്‍െതായിരുന്നു. പക്ഷേ, അദ്ദേഹം യുദ്ധവും സമാധാനവും എന്ന ആ ബൃഹദ്ഗ്രന്ഥം -നോവല്‍- എഴുതിയപ്പോള്‍ അതില്‍ വന്നത് റഷ്യന്‍സമൂഹമാണ്. റഷ്യന്‍ സമൂഹത്തിനകത്ത് വളര്‍ന്നുകൊണ്ടിരുന്ന വിപ്ലവശക്തികളാണ്. അതുകൊണ്ടാകണം ലെനിന്‍ ടോള്‍സ്റ്റോയിയുടെ നോവലുകളെ "റഷ്യന്‍ വിപ്ലവത്തിന്‍റെ കണ്ണാടി" എന്നു വിളിച്ചത്. (പ്രബന്ധങ്ങള്‍, 300)


ടോള്‍സ്റ്റോയിയും അദ്ദേഹത്തിന്‍റെ യുദ്ധവും സമാധാനവും അന്നു ഞങ്ങള്‍ വായിച്ചിരുന്നില്ല. പിന്നീട് വായിച്ചു. അപ്പോള്‍ കാണാന്‍ കഴിഞ്ഞു, റഷ്യന്‍ സമൂഹത്തെ കാര്‍ന്നുകൊണ്ടിരിക്കുന്ന ഫ്യൂഡല്‍ സമൂഹത്തെ ടോള്‍സ്റ്റോയി സത്യസന്ധമായി കണ്ടു- ആ ഫ്യൂഡല്‍ സമൂഹത്തിനകത്ത് വളര്‍ന്നുവരുന്ന വിപ്ലവശക്തികളെ വളരെ വ്യക്തമായി വിവരിക്കാനൊന്നും ടോള്‍സ്റ്റോയിക്ക് കഴിഞ്ഞിട്ടില്ലെന്നത് നേരാണ്. പക്ഷേ, ആ സമൂഹത്തിന്‍റെ തകര്‍ച്ച അദ്ദേഹം കണ്ടു. അതിനാല്‍ അദ്ദേഹത്തിന്‍റെ നോവല്‍ ഒരു വിശ്വപ്രശസ്ത സാഹിത്യകൃതിയായി തീര്‍ന്നു. (പ്രബന്ധങ്ങള്‍, 302)


ലെനിന്‍റെ കണ്ണാടി പ്രയോഗമാണ് ഈ ഫ്യൂഡല്‍ പിന്തിരിപ്പന്‍ മൂരാച്ചിയില്‍ ഇ എം എസ്സിനു താത്പര്യം വരാനുള്ള കാരണം. അന്നു ഞങ്ങള്‍ വായിച്ചിരുന്നില്ല, പിന്നെ വായിച്ചു എന്നതില്‍ ചിരിക്കാനുള്ള കോളുണ്ട്. പിന്നീടായിരിക്കും ഈ ഞങ്ങള്‍ അതു കണ്ണാടിയാണെന്നു മനസ്സിലാക്കിയത്. ഇവിടെ ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറഞ്ഞ കാര്യം ആവര്‍ത്തിക്കാന്‍ മാത്രമേ ഈ വിനയവാന്‍ ഉദ്ദേശിച്ചുള്ളൂ. പക്ഷേ വിവരമില്ലാത്തതുകൊണ്ട് പുസ്തകം വായിച്ചാല്‍ പോലും മനസ്സിലാവാത്തതുകൊണ്ട് പറഞ്ഞതൊന്നും ലെനിന്‍ പറഞ്ഞ കാര്യങ്ങളായില്ലെന്നു മാത്രം.
ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറയുന്നത് ലെനിന്‍ തന്നെ സംക്ഷേപിച്ചത് ഇങ്ങനെ:
Tolstoy is original, because the sum total of his views, taken as a whole, happens to express the specific features of our revolution as a peasant bourgeois revolution. From this point of view, the contradictions in Tolstoy’s views are indeed a mirror of those contradictory conditions in which the peasantry had to play their historical part in our revolution.


ഈ ലേഖനം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ ക്കാണാം.
ബൂര്‍ഷ്വാ വിപ്ലവമെന്നു കമ്യൂണിസ്റ്റുകാര്‍ പറയുന്ന സംഗതിയുടെ പ്രതിനിധിയാണ് ലെനിന്‍റെ ദൃഷ്ടിയില്‍ ഇ എം എസ്സിന്‍റെ ഈ ഫ്യൂഡല്‍ മൂരാച്ചി. Landlord എന്നു ലെനിന്‍ പരിഹാസത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. അതിനര്‍ത്ഥം ടോള്‍സ്റ്റോയ് ഫ്യൂഡല്‍ പിന്തിരിപ്പനാണെന്നാണ് ലെനിന്‍ പറഞ്ഞത് എന്നു മനസ്സിലാക്കണമെങ്കില്‍ ഇ എം എസ്സിനോളം വിവരക്കേടു വേണം. അപ്പോള്‍ പിന്നെ മുതലാളിയായ ഫ്രെഡെറിഹ് ഏംഗല്‍സോ?
ലെനിന്‍ തുടരുന്നു:
On the one hand, centuries of feudal oppression and decades of accelerated post-Reform pauperisation piled up mountains of hate, resentment, and desperate determination. The striving to sweep away completely the official church, the landlords and the landlord government, to destroy all the old forms and ways of landownership, to clear the land, to replace the police-class state by a community of free and equal small peasants—this striving is the keynote of every historical step the peasantry has taken in our revolution; and, undoubtedly, the message of Tolstoy’s writings conforms to this peasant striving far more than it does to abstract “Christian Anarchism”, as his “system” of views is sometimes appraised.


ലെനിന്‍റെ കണ്ണില്‍ ഇത്രയ്ക്കൊക്കെ വിപ്ലവകരമായ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ടോള്‍സ്റ്റോയുടെ വീക്ഷണം. ഇതാണ് ഇ എം എസ്സിന് ഫ്യൂഡല്‍ പിന്തിരിപ്പന്‍ വീക്ഷണമാവുന്നത്!
(ഈ ബ്ലോഗര്‍ക്ക് ലെനിന്‍റെ വീക്ഷണത്തോടു താത്പര്യമില്ല. മാര്‍ക്സിസ്റ്റു സാഹിത്യത്തില്‍ വിവരമില്ലാത്ത ഇ എം എസ്സിന് ലെനിന്‍റെ ഒരു ലഘുവായ ലേഖനം പോലും മനസ്സിലാക്കാനുള്ള ബൌദ്ധിക നിലവാരമില്ലെന്നു കാണിക്കാനാണ് ലെനിന്‍ ഉദ്ദേശിച്ച അര്ത്ഥത്തെപ്പറ്റി പറഞ്ഞത്.)
(തുടരും)
തിരുത്ത്
ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ച തിരുത്ത്. സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കു തിരിച്ചുപോവുന്നത് മുതലാളിത്തില്‍നിന്ന് ഫ്യൂഡലിസത്തിലേക്കു തിരിച്ചുപോവുന്നതിനോടല്ല ഗുരുവചനത്തില്‍ താരതമ്യപ്പെടുത്തിയത്. മനുഷ്യന് കുരങ്ങാവാന്‍ പറ്റാത്തതുപോലെ എന്നായിരുന്നു മൊഴി.

8 comments:

 1. നിരാശപ്പെടുത്തിയല്ലോ കാലിക്കട്ടറേ... പ്രതിപാദിച്ചിരിക്കുന്ന മൂന്നു കാര്യങ്ങളും വലിയ കാര്യമായിട്ടു തോന്നിയില്ല... ഇതു പോരാ തലക്കെട്ടു ന്യായീകരിക്കാന്‍

  ReplyDelete
 2. "ലെനിന്‍ മരിച്ചത് 1924ലും സ്റ്റാലിന്‍ സെക്രട്ടറിയായത് 1922ലുമാണെന്ന്".. ഏതാണ്ട് അക്കാലം മുതലേ കമ്യൂണിസ്റ്റ് നേതാവായ ഇ എം എസിന് അറിഞ്ഞുകൂടാ.

  മിടുക്കാ....1922-24-ല്‍തന്നെ ഇ.എം.എസ്.കമ്മ്യൂണിസ്റ്റു നേതാവായിരുന്നു അല്ലേ? അതായത്, വെറും 14 വയസ്സില്‍..!!

  ഇനിയും പോരട്ടെ...കാത്തിരിക്കുന്നു..

  ReplyDelete
 3. 1996ലിറങ്ങിയ (ഇന്ത്യാക്കാരനായ അമേരിക്കന്‍ പ്രൊഫസറ് എഴുതിയ‍)ഒരു കോഗ്നിറ്റിവ് ന്യൂറോളജി ബെസ്റ്റ് സെല്ലര്‍ നാട്ടിലെ പ്രശസ്ത ലൈബ്രറിയില്‍ വന്നത് 2001ല്. 2000ലിലിറങ്ങിയ ഒരു ലിറ്റററി ക്രിറ്റിസിസം പുസ്തഹന്‍ തിരുവനന്തപുരം മോഡേണ്‍ ബുക് ഹൌസില്‍ തപ്പിച്ചെന്നിട്ട് കിട്ടിയത് 2003ല്.

  ഇപ്പം ഈ ഗൂഗിളും വിക്കപ്പീഡിയയും ആമസോണുമൊക്കെ ഉള്ളതിന്റെ ഓരോ ഗുണങ്ങളേയ് !

  എന്നിട്ടും 1909ല് ജനിച്ച ഇ.എം.എസ് 1922 കാലം മുതല്‍ക്കേ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നെന്ന് കണ്ടുപിടിച്ചുകളഞ്ഞത് ഇത്തിരി കടുത്തുപോയി. എല്ലാറ്റിനും ആധാരമായി വിക്കിയുള്ളതുകൊണ്ട് പോട്ടെ എന്നങ്ങോട്ട് വയ്ക്കാനും പറ്റണില്ലേയ് ;)

  Being meticulous and being anal are different എന്നൊരു റീസേര്‍ച് ഗൈഡ് പറഞ്ഞത് വെറുതേ ഓര്‍മ്മവരുന്നു.

  ReplyDelete
 4. വലിയ കാര്യം എന്താണ് പ്രതീക്ഷിക്കുന്നതെന്നു മനസ്സിലാവുന്നില്ല. ഇ എം എസ്സിന്റെ സിദ്ധാന്തങ്ങളോ അവയുടെ ശരിതെറ്റുകളോ എനിക്കു വിഷയമല്ല. ഇ എം എസ്സിനു വിവരമില്ല എന്നതാണ് എന്റെ വിഷയം. ടോള്‍സ്റ്റോയ്‌യെപ്പറ്റി ലെനിന്‍ എഴുതിയതിനെക്കുറിച്ച് ഇ എം എസ് പറയുമ്പോള്‍ ലെനിന്‍ വിപ്ലവകാരിയായി കാണുന്ന ആളെ പിന്തിരിപ്പന്‍ ഫ്യൂഡല്‍ മൂരാച്ചിയായി മനസ്സിലാക്കും വിധമുള്ള നിരക്ഷരത വലിയ കാര്യമല്ലെങ്കില്‍ അതിലും വലിയ കാര്യമൊന്നും എനിക്കിനി പറയാനില്ല. ഇതെഴുതിക്കഴിഞ്ഞതില്‍പ്പിന്നെ മുണ്ടശ്ശേരി ഇദ്ദേഹത്തിന്‍റെ ആദ്യ ചരിത്രഗ്രന്ഥത്തെപ്പറ്റി എഴുതിയ ഒരു ലേഖനം വായിച്ചു. ഇ എം എസ്സിന്റെ പുസ്തകം ഒരു വകയ്ക്കും കൊള്ളില്ലെന്ന് മുണ്ടശ്ശേരി വക്രിക്കുന്നു. ആ പുസ്തകത്തില്‍ ഇല്ലാത്തത് ചരിത്രമാണെന്നാണ് ഗ്രന്ഥകാരന്റെ സുഹൃത്തായ മുണ്ടശ്ശേരി വളച്ചുകെട്ടിപ്പറഞ്ഞത്. എന്നിട്ടെന്ത്. അക്കാദമിയിലും ഇന്‍സ്റ്റിറ്റ്യൂട്ടിലുമൊക്കെ സ്ഥാനം മോഹിച്ച് പേനയുന്തുന്ന ഉത്തരാധുനിക പരിഷകള്‍ ഇപ്പോഴും അതില്‍നിന്ന് ഓരോന്നു തോണ്ടിയെടുത്ത് ഉളുപ്പില്ലാതെ പ്രദര്‍ശിപ്പിക്കുന്നു. അങ്ങനെ പ്രദര്‍ശിപ്പിച്ചാല്‍ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡ് കക്ഷത്തിലിരിക്കും.
  ചേലനാടന്‍ ഇനിയും വരട്ടെ എന്നു പറയുമ്പോള്‍ വന്നതിനെ കൈകാര്യം ചെയ്തുകളഞ്ഞു ആശാന്‍ എന്നൊരു ധ്വനിയുണ്ടല്ലോ. ഇ എം എസിന്‍റെ ജനനവര്‍ഷം നോക്കണമെന്നു തോന്നിയില്ല. അതാണ് ഏതാണ്ടില്‍ തട്ടിയത്. ഈ ഏതാണ്ട് ചേലനാടനു നീളുന്നതുപോലെ പിന്നോട്ടുമാത്രമല്ല മുന്നോട്ടും നീളും. അപ്പോള്‍ ഏത് ആണ്ടായിരുന്നു ശരിക്കും? (16 വയസ്സുള്ളപ്പോള്‍ മൂലധനം വായിക്കുകയും നേതാവാവുകയും ചെയ്ത സ്റ്റാലിനിസ്റ്റ് പാരമ്പര്യവും വേണമെങ്കില്‍ പറയാം.)
  വിക്കിപീഡിയകൊണ്ടുള്ള ഗുണം ചില്ലറയല്ല. വിക്കിപീഡിയ സ്റ്റാലിനിസത്തിനെതിരായ ഏറ്റവും മികച്ച ടൂളാണ്. ഏതെങ്കിലും സോവിയറ്റ് പോപ്പുലര്‍ സയന്‍സ് പുസ്തകം പറയുമോ Sergey Korolyov 6 വര്‍ഷം തടവുകാരനായിരുന്നെന്നും We will all vanish without a trace എന്ന് എപ്പോഴും പറയുമായിരുന്നു എന്നും? Katyn massacre നെപ്പറ്റി ഏതു സോവിയറ്റ് ഗ്രന്ഥമാണ് പറഞ്ഞു തരുക?

  ReplyDelete
 5. ഒന്ന്‍ : ലെനിന്‍ മരിച്ചത് 1924ലും സ്റ്റാലിന്‍ സെക്രട്ടറിയായത് 1922ലുമാണെന്ന്
  ഡേറ്റുകളില്‍ ഉള്ള കൃത്യതക്കുറവ്, വിവരക്കേടാണെന്നു പറയാനാകില്ല...വിക്കിപ്പീടിയയും ഇന്‍സ്റ്റന്റ് വേരിഫിക്കേഷന്‍ മെക്കാനിസവും ഇല്ലാത്ത കാലഘട്ടത്തില്‍..എന്നിട്ടും കാലിക്കട്ടര്‍ക്കു പോലും പിഴച്ചു !
  പിന്നെ ലെനില്‍ വില്‍പത്രമൊക്കെ എഴുതി വച്ചു എന്നൊക്കെ കാച്ചുന്നിടത്ത് സംവാദത്തിനു സ്കോപ്പുണ്ടൊ എന്നു സംശയമുണ്ട്

  രണ്ട്: ഗോര്‍ക്കിയുടെ പ്രസ്ഥാവന
  അങ്ങിനൊരു പ്രസ്ഥാവന ഗോര്‍ക്കി നടത്തിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ലാത്ത സ്ഥിതിക്ക് എപ്പോള്‍ എന്ന കാര്യം മാത്രം വച്ചു ഈ എമ്മിനു വിവരമില്ലെന്നു പറയുന്നത് കാര്യമായിട്ടെടുക്കുന്നില്ല.

  മൂന്ന്‍: ടോള്‍സ്റ്റോയിയ്യോടുള്ള സമീപനം
  ലെനിന്റെ അഭിപ്രായം അതേപടി ഈ എമ്മസ്സിനും വേണമെന്നു പറയുന്നതല്ലേ വിവരക്കേട് ?

  ഇത്രയും വച്ചു ആടിനെ പട്ടിയാക്കിയതായിട്ടു തോന്നി...

  ReplyDelete
 6. ലെനിനും സ്റ്റാലിനും മലയാളിയുടെ മനസിലുള്ള ചിത്രത്തേക്കാള്‍ എത്രയോ വ്യത്യസ്തരാണ് എന്ന് അറിയണമെങ്കില്‍ വായിക്കേണ്ട ഒരു പുസ്തകമാണ്: Lenin, Stalin and Hitler: The Age of Social Catastrophe By Robert Gellately (ISBN 978-1-4000-3213-6). സോവിയറ്റ് യൂണിയന്‍ വീണതിന്നുശേഷം തുറന്നുകിട്ടിയ ആര്‍ക്കൈവ്സ് ആണ് ഇതിലെ പുതിയ വിവരങ്ങള്‍ക്ക് അടിസ്ഥാനം. ഏകദേശം 75 പേജുകള്‍ റഫറന്‍‌സിന് മാത്രമുണ്ട്. ഫ്ലോറിഡാ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രഫസറാണ് റോബര്‍ട്ട് ഗെലാറ്റെലി.

  ഹിറ്റ്‌ലറുടെ യഥാര്‍ഥ രൂപം ലോകത്തെ അറിയിക്കുന്നതില്‍ ശേഷിച്ച ജൂതന്മാരും ഹോളിവുഡും വിജയിച്ചെങ്കില്‍, ലെനിനും സ്റ്റാലിനും വിശുദ്ധരായി മാറിയതിന് കാരണം അന്ന് സോവിയറ്റ് ഇരുമ്പുമറയില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ പുറത്തുവരാതിരുന്നതും പ്രാദേശിക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവരെ പ്രചരണവിഗ്രഹങ്ങള്‍ ആക്കിയതുമാണ്. ഇ.എം.എസ്സൊക്കെ അതിന്റെ ഭാഗമായെന്നേയുള്ളൂ.

  എന്തും ചെയ്യാന്‍ മടിക്കാതിരുന്ന സ്റ്റാലിനെക്കുറിച്ചുള്ള ലെനിന്റെ സംശയത്തെപ്പറ്റി ടി പുസ്തകത്തില്‍ പലവട്ടം പറയുന്നുണ്ട്. പക്ഷേ, പ്രത്യയശാസ്ത്രത്തിലുള്ള പിടിപ്പിനേക്കാള്‍, കാര്യശേഷിയാണ് അവസാനം സ്റ്റാലിനെ പരമോന്നത അധികാരത്തില്‍ എത്തിക്കുന്നത്.

  ReplyDelete
 7. nalan::നളന്‍ said...
  പിന്നെ ലെനില്‍ വില്‍പത്രമൊക്കെ എഴുതി വച്ചു എന്നൊക്കെ കാച്ചുന്നിടത്ത് സംവാദത്തിനു സ്കോപ്പുണ്ടൊ എന്നു സംശയമുണ്ട്.

  ഞാന്‍ "കാച്ചി" എന്നു പറഞ്ഞതിലെ നിന്ദ നമ്പൂതിരിപ്പാടെന്ന അവസരവാദിക്കുനേരേ ഞാന്‍ തിരിച്ചുവിടുന്നു.

  ഈ വില്‍പ്പത്രത്തെപ്പറ്റി (ആ പദമുപയോഗിക്കാതെ, ലെനിന്‍ കേന്ദ്രകമ്മിറ്റിക്കു നല്കിയ കത്തുകള്‍ എന്നു പറഞ്ഞുകൊണ്ട്) നമ്പൂതിരിപ്പാട് എത്രയിടത്തു കാച്ചിക്കാണും ചങ്ങാതീ? വല്ലപിടിയുമുണ്ടോ? നമ്പൂതിരിപ്പാടിന്റെ സഞ്ചിക 56 ഒന്നെടുത്തു നോക്കുക. ഒരരഡസന്‍ മതിയാവുമോ, ചങ്ങാതിക്കു ബോദ്ധ്യമാവാന്‍? അത്രയും കാച്ചിയ നമ്പൂതിരിപ്പാടിനു ബോദ്ധ്യമുണ്ടെങ്കില്‍ പിന്നെ ചങ്ങാതി വെറുതെ വേവലാതിപ്പെടേണ്ട. അതു ലെനിന്റെ ഒസ്യത്തു തന്നെ.

  ReplyDelete

Google Buzz Public Feed for Calicocentric --