എഴുത്തച്ഛനും ആശാനും തമ്മില്‍ - ജാതി - ജന്മി - നാടുവാഴി മേധാവിത്വത്തിന്റെയും ബൂര്‍ഷ്വാ പരിവര്‍ത്തനത്തിന്റെയും കാലഘട്ടങ്ങളിലെ കവിതകള്‍ തമ്മില്‍- അരഡസന്‍ നൂറ്റാണ്ടുകളുടെ അന്തരമാണുള്ളത്. (ഇ എം എസ് നമ്പുതിരിപ്പാട്, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, first edition 1990, reprint 1998)
ഒന്നും രണ്ടുമല്ല, അരഡസന്‍ നൂറ്റാണ്ടുകള്‍! പതിനഞ്ചാം നൂറ്റാണ്ടിന്റെ പാതിമുതല്‍ പതിനാറാം നൂറ്റാണ്ടിന്റെ പാതിവരെയുള്ള കാലമാണ് എഴുത്തച്ഛന്റെ ജീവിതകാലമായി പരിഗണിക്കപ്പെടുന്നത്. 1873-1924 കാലത്ത് ജീവിച്ച കുമാരനാശാനും എഴുത്തച്ഛനും തമ്മില്‍ ആറുനൂറ്റാണ്ടിന്റെ അന്തരം നമ്പൂതിരിപ്പാട് കാണുന്നത് ഏതു കാലഗണനവെച്ചാണാവോ. നമ്പൂതിരിപ്പാടിന്റെ കാലഗണന മരമണ്ടന്‍ ഗണനയാണ്. പന്ത്രണ്ടാം നൂറ്റാണ്ട് കേരളഫ്യൂഡലിസത്തിന്റെ (അങ്ങനെയൊന്നില്ലെന്നും ഇ എം എസ് ആണയിട്ടിട്ടുണ്ട്) ഏറ്റവും ഉയര്‍ന്ന കാലമെന്നൊരു പ്രമേയം നമ്പൂതിരിപ്പാട് പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. അന്നാണത്രെ മലയാളം രൂപംകൊണ്ടത്. ഫ്യൂഡലിസത്തിന്റെ പുരോഗമനപരമായ കാര്യങ്ങളെ അവിടെക്കൊണ്ടിടേണ്ട ബാദ്ധ്യത നമ്പൂതിരിപ്പാടിനുണ്ട്. നമ്പൂതിരിപ്പാടിന്റെ നിലപാടുപ്രകാരം ഫ്യൂഡല്‍ പുരോഗമനക്കാരായ ചെറുശ്ശേരിയും എഴുത്തച്ഛനുമൊക്കെ കുറെ പിന്നോട്ടു മാറുന്നത് അതിന്റെ പേരിലാണ്. മലയാള ഭാഷയുടെ വികാസത്തെപ്പറ്റി പറയുമ്പോള്‍ നമ്പൂതിരിപ്പാട് പറയും പോലെ:
ചരിത്രത്തില്‍ രണ്ടുമൂന്ന് നൂറ്റാണ്ടുകളുടെ വ്യത്യാസമൊരു വ്യത്യാസമല്ലല്ലോ.(മലയാളഭാഷ- കേരളപാണിനിയുടെ കാലത്തും അതിനുശേഷവും, 1989, പ്രബന്ധങ്ങള്‍, 239)
മലയാളഭാഷയുടെ ഉദ്ഭവം, കേരള ചരിത്രം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഇ എം എസ് കാലഗണനാരീതിയെപ്പറ്റി ജാതി-ജന്മി-നാടുവാഴി മേധാവിത്വമെന്ന ഇഎംഎസ്സിത്തെപ്പറ്റിയുള്ള ഒരു പോസ്റ്റില്‍കൂടുതലായി പറയും.
സാഹിത്യത്തെ സംബന്ധിച്ച് ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയതു വായിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് സാഹിത്യ നിരൂപണമെന്നത് എഴുത്തുകാരെ വര്‍ഗ്ഗം തിരിക്കലാണോ എന്നു സംശയം തോന്നും. ഇയ്യാള്‍ ഫ്യൂഡല്‍, അയാള്‍ ബൂര്‍ഷ്വാ, അതിനപ്പുറത്തെ ആള്‍ പിന്തിരിപ്പന്‍ ഫ്യൂഡല്‍ മൂരാച്ചി സംഭോഗശൃംഗാരി, കാമവെറിയന്‍ (വെൺമണിയെപ്പറ്റി പറയുമ്പോള്‍ നമ്പൂതിരിപ്പാട് തീത്തുപ്പും), ലൈംഗികവൈകൃതം പരോക്ഷമായി ആസ്വദിക്കുന്നവള്‍ (അരുന്ധതി റോയിയെപ്പറ്റി, അതുകണ്ടതുമുതലാണ് ഈ ബ്ലോഗെര്‍ക്ക് ഇ എം എസ്സിനോട് ഇത്ര ഇഷ്ടം തോന്നിത്തുടങ്ങിയത്). [തിരുത്ത്. അരുന്ധതി റോയിയെപ്പറ്റിയല്ല നമ്പൂതിരിപ്പാട് അങ്ങനെ പറഞ്ഞത്. അവരുടെ അമ്മ മേരി റോയിയെപ്പറ്റിയാണ്. റിപ്പോര്‍ട്ട് ഇവിടെ.] വര്‍ഗ്ഗനിര്‍ണ്ണയമാണ് മാര്‍ക്സിസ്റ്റ് നിരൂപണത്തിന്റെ ജീവന്‍ എന്നാണ് ഇ എം എസ് പറയുന്നത്.
പക്ഷേ അതുകൊണ്ടു മാത്രം ഒരു നിരൂപണരീതി മാര്‍ക്സിസ്റ്റാവുകയില്ല. എന്തുകൊണ്ടെന്നാല്‍, തൊഴിലാളി വര്‍ഗത്തിന്റെ ദൃഷ്ടികോണിലൂടെ വര്‍ഗസമരം വളര്‍ന്നുവരുന്നതിന്റെ യഥാര്‍ത്ഥമായ ഒരു ചിത്രം വരച്ചുകാട്ടുകയും അതിന്റെ അടിസ്ഥാനത്തില്‍ കവികളെയും അവരുടെ കൃതികളെയും വിലയിരുത്തുകയും ചെയ്യലാണ് മാര്‍ക്സിസ്റ്റ് നിരൂപണത്തിന്റെ ജീവന്‍. (കുമാരനാശാന്റെ സാമൂഹ്യവീക്ഷണവും കവിതയും, 1974, പ്രബന്ധങ്ങള്‍, 165)
മാക്സിം ഗോര്‍ക്കിയുടെ ഒന്നോ രണ്ടോ ലേഖനങ്ങളില്‍നിന്ന് മാര്‍ക്സിസ്റ്റ് സാഹിത്യ സിദ്ധാന്തം പഠിച്ച ഇ എം എസ്സ് പറയുന്നത് ഗൌരവത്തിലെടുക്കേണ്ട കാര്യമില്ല. എന്നാല്‍ നമ്പൂതിരിപ്പാട് ഫലിതങ്ങള്‍ കിട്ടുന്ന മുറയ്ക്ക് ആസ്വദിക്കുന്നതില്‍ തെറ്റില്ലല്ലോ. കുമാരനാശാനെ നമ്പൂതിരിപ്പാട് വിവിധ കാലങ്ങളില്‍ എങ്ങനെയൊക്കെ വര്‍ഗ്ഗം തിരിച്ചു എന്നതാണ് ഇത്തവണത്തെ ഫലിതം.
പഴയ ഫ്യൂഡല്‍ സംസ്കാരം നിലനില്ക്കുമ്പോള്‍ത്തന്നെ പുതിയ ബൂര്‍ഷ്വാസംസ്കാരം കരുപ്പിടിച്ചു. രണ്ടിന്റെയും സന്ദേശവാഹകര്‍ പലപ്പോഴും ഇണങ്ങിപ്രവര്‍ത്തിക്കുക മാത്രമല്ല, ചിലപ്പോള്‍ ഒരേ വ്യക്തിയില്‍ത്തന്നെ രണ്ടിന്റെയും സ്വഭാവം പ്രകടമാക്കുകകൂടി ചെയ്തു.
ഇതിന്റെ ഉജ്ജ്വലമായ രണ്ടുദാഹരണങ്ങളാണ് കുമാരനാശാന്‍, വള്ളത്തോള്‍ എന്നീ രണ്ട് മഹാകവികള്‍. സാമൂഹ്യചുറ്റുപാട്, സാംസ്കാരികമായ പരിശീലനം എന്നിവ മൌലികമായി രണ്ടുപേര്‍ക്കും ഒന്നുതന്നെ- ഹൈന്ദവതയില്‍ അലിഞ്ഞുചേര്‍ന്ന ഫ്യൂഡല്‍ സംസ്കാരം. ഇതിന്റെ പ്രതിഫലനം രണ്ടുപേരുടെയും ആദ്യകാല കൃതികളില്‍ കാണുകയും ചെയ്യാം. എന്നാല്‍, രണ്ടുപേരുടെയും സാഹിത്യരചനാ ചരിത്രത്തില്‍ ഒരു ഘട്ടമെത്തുമ്പോഴേക്ക് ഇരുവരുടെയും സാംസ്കാരികസ്വഭാവവും കൃതികളുടെ ഉള്ളടക്കവും മാറി.
വീണപൂവു തൊട്ട് അവസാനംവരെ ആശാന്റെ, സാഹിത്യമഞ്ജരിതൊട്ട് വള്ളത്തോളിന്റെ- ഈ രണ്ടിനത്തിലും പെട്ട കവികൃതികളെ പഴയവയുമായി താരതമ്യപ്പെടുത്തിനോക്കുക. ഇരുവരുടെയും സാഹിത്യകാരവ്യക്തിത്വത്തില്‍ മൌലികമായ മാറ്റം വന്നിട്ടുള്ളതായി കാണാം. ഇരുവരുടെയും ജീവിതത്തിലും സാഹിത്യസംരംഭങ്ങളിലും വന്ന ഈ മാറ്റം കണക്കിലെടുത്തിട്ടല്ലാതെ അവരെ വിലയിരുത്താന്‍ ശ്രമിക്കുന്നത് ആസ്വാദകരെയും നിരൂപകരെയും തെറ്റായ മാര്‍ഗ്ഗങ്ങളിലെക്ക് നയിക്കുകയേയുള്ളൂ. അതാണ് മാര്‍ക്സിസ്റ്റുകാരല്ലാത്ത നിരൂപകരില്‍ അധികംപേര്‍ക്കും ഉള്ള ദൌര്‍ബല്യം.
ആശാനിലും വള്ളത്തോളിലുമുണ്ടായ ഈ മാറ്റത്തിനു കാരണമെന്ത്? കുലീനഫ്യൂഡല്‍വര്‍ഗ്ഗങ്ങളില്‍നിന്നും വിദേശീയ ബൂര്‍ഷ്വാമേധാവികളില്‍നിന്നും സ്വതന്ത്രമായി ബൂര്‍ഷ്വാവര്‍ഗ്ഗം ക്രമേണ ഇവിടെ വളര്‍ന്നുകൊണ്ടിരുന്നു. അതിന്റെ ചിന്താഗതികള്‍ പ്രതിഫലിക്കുന്ന ഒരു ബുദ്ധിജീവിഭാഗം രൂപം കൊള്ളുകയായിരുന്നു. ഹൈന്ദവമേധാവിത്വത്തിലുള്ള കുലീനഫ്യൂഡല്‍ സംസ്കാരത്തിനെതിരായി കലാപക്കൊടി ഉയര്‍ത്തിയിട്ടുള്ള ഒരു ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ പ്രതിനിധികളായി ആശാനും വള്ളത്തോളും മാറാന്‍ തുടങ്ങിയിരുന്നു.
അതേ അവസരത്തില്‍, ബൂര്‍ഷ്വാവളര്‍ച്ചയുടെ അനുപേക്ഷണീയഫലമായി രൂപംകൊള്ളുകയും വളരുകയും ചെയ്യുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെയും മറ്റ് അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെയും വികാരവിചാരങ്ങള്‍ക്കുകൂടി അവ്യക്തമായ രൂപം നല്കാന്‍ ഈ മഹാകവികള്‍ക്കു കഴിഞ്ഞിരുന്നു. (സാഹിത്യകാരന്റെ പ്രതിഭയും സമൂഹവും, 1984, പ്രബന്ധങ്ങള്‍, 277-78)
ഇവിടെ ഇ എം എസ് പറയുന്ന പ്രകാരം ആശാന്‍ (വള്ളത്തോളും) തുടക്കത്തില്‍ ഫ്യൂഡല്‍ സംസ്കാരത്തിന്റെ പ്രതിനിധിയാണ്. വീണപൂവ് മുതല്‍ പക്ഷേ മാറ്റം തുടങ്ങുന്നു. 'ഹൈന്ദവമേധാവിത്വത്തിലുള്ള കുലീനഫ്യൂഡല്‍ സംസ്കാരത്തിനെതിരായി കലാപക്കൊടി ഉയര്‍ത്തിയിട്ടുള്ള ഒരു ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ പ്രതിനിധി'യായാണ് മാറ്റം. അവിടെയും നില്ക്കാതെ 'അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെയും വികാരവിചാരങ്ങള്‍ക്കുകൂടി അവ്യക്തമായ രൂപം നല്കാന്‍' ഈ മഹാകവികള്‍ക്കു കഴിഞ്ഞിരുന്നു.
ജാതി-നാടുവാഴി മേധാവിത്വത്തിന്റെ സംസ്കാരം കേരളത്തിലെ സാധാരണജനങ്ങള്‍ക്കിടയില്‍ എത്തിച്ച എഴുത്തച്ഛനെപ്പോലെ പിന്നീട് ഉയര്‍ന്നുവരാന്‍ തുടങ്ങിയ ബൂര്‍ഷ്വാ സംസ്കാരത്തിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ടാണ് ആശാന്‍ രംഗപ്രവേശം ചെയ്തത്. (എഴുത്തച്ഛന്‍, ആശാന്‍, ചങ്ങമ്പുഴ, പ്രബന്ധങ്ങള്‍, 255)
കുമാരനാശാന്റെ വര്‍ഗ്ഗം വളര്‍ന്നുകൊണ്ടിരുന്ന ബൂര്‍ഷ്വാസിയായിരുന്നു. അതുകൊണ്ടാണ് മുണ്ടശ്ശേരി മാസ്റ്റര്‍ ആശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്നു വിളിച്ചപ്പോള്‍ ഭേദഗതി ഞാന്‍ നിര്‍ദ്ദേശിച്ചത്. അപൂര്‍ണ്ണമായ ബൂര്‍ഷ്വാ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം. (പ്രബന്ധങ്ങള്‍, 292)
നേരത്തേ ഫ്യൂഡല്‍ പാരമ്പര്യത്തില്‍നിന്നു വന്നെന്നു പറഞ്ഞ ആശാന്‍ ഇവിടെ ബൂര്‍ഷ്വ ആയി. അപൂര്‍ണ്ണമായ വിപ്ലവത്തിന്റെയെങ്കിലും ശുക്രനക്ഷത്രം തന്നെ.
താന്‍ ജീവിച്ചിരുന്ന കാലത്ത് കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന ബൂര്‍ഷ്വാസിയുടെ ഒരു പ്രതിനിധി ആയിരുന്നു ആശാന്‍. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടു കിടക്കുന്ന പിന്നോക്കസമുദായങ്ങളില്‍ ഒന്നില്‍നിന്നു [ഈഴവസമുദായത്തില്‍നിന്ന് എന്നാണ് നമ്പൂതിരിപ്പാട് ഉദ്ദേശിക്കുന്നത്] മുയര്‍ന്നുവരുന്ന ബൂര്‍ഷ്വാസിയുടെ, വിശേഷിച്ചു ഈ വര്‍ഗത്തിനുള്ള, എല്ലാ മേന്മകളും കുറവുകളും അദ്ദേഹത്തില്‍ പ്രതിഫലിച്ചിരുന്നു. വൈയക്തികതയെ മിക്കവാറും പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്ന ശൈലി, രചന, പദപ്രയോഗം മുതലായവ ഉള്‍പ്പെടെ ആശാന്‍ കവിതയ്ക്കുള്ള എല്ലാ ഗുണങ്ങളുടെയും ദോഷങ്ങളുടെയും ഉറവിടം ആശാന്റെ വ്യക്തിത്വത്തിനും കൃതികള്‍ക്കുമുള്ള ഈ ബൂര്‍ഷ്വാസ്വഭാവമത്രെ. (കുമാരനാശാന്റെ സാമൂഹ്യവീക്ഷണവും കവിതയും, 1974, പ്രബന്ധങ്ങള്‍, 166)
ആദ്യത്തെ ഉദ്ധരണിയിലെ ഫ്യൂഡല്‍ സാമൂഹ്യചുറ്റുപാട്, സാംസ്കാരികമായ പരിശീലനം എന്നിവ ഇവിടെ ബൂര്‍ഷ്വാ ആയി മാറിയിട്ടുണ്ട്. ഈഴവ സമുദായത്തില്‍നിന്ന് വളര്‍ന്നുവരാന്‍ തുടങ്ങിയ ഒരു ബൂര്‍ഷ്വാവര്‍ഗ്ഗത്തിലെ അംഗമായ കുമാരനാശാന് ഫ്യൂഡല്‍ സാമൂഹ്യചുറ്റുപാട് ഉണ്ടാവുക സാദ്ധ്യമാണോ അല്ലയോ എന്നത് ഈ ബ്ലോഗെറെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല. പക്ഷേ ഇ എം എസ്സിനെ സംബന്ധിച്ചിടത്തോളം ഇതാണ് മൌലികമായ പ്രശ്നം. അതിലേക്കു വീണ്ടും വരാം.
നാരായണപിള്ളയും ശങ്കരനും ചൂണ്ടിക്കാണിക്കുന്നതുപോലെ ആശാന്‍ ഒരു വിപ്ലവകാരിയല്ല. പതുക്കെ പതുക്കെയും ഭാഗികമായും പരിവര്‍ത്തനങ്ങള്‍ വരുത്തുകയെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്. (ഇതുതന്നെ ബൂര്‍ഷ്വാസിയുടെ സ്വഭാവമാണ്. താരതമ്യേന കൂടുതല്‍ തീവ്രവാദികളെന്നറിയപ്പെടുന്ന ബൂര്‍ഷ്വാവിഭാഗങ്ങള്‍പോലും സര്‍വതോമുഖമായ ഒരു സാമൂഹ്യ-രാഷ്ട്രീയ വിപ്ലവത്തെ ഭയപ്പെടുന്നു. അപ്പോള്‍ താരതമ്യേന കൂടുതല്‍ മിതവാദികളായ വിഭാഗത്തിന്റെ കാര്യം പറയാനുമില്ലല്ലോ.) എന്നാല്‍ സര്‍വതോമുഖമായ ഒരു സാമൂഹ്യ-രാഷ്ട്രീയ വിപ്ലവത്തിലൂടെ അല്ലാതെ മോചനമില്ലാത്ത ഒരു വിഭാഗത്തിന്റെ വക്താവാണ് ആശാന്‍. മിശ്രവിവാഹത്തോളമെത്തുന്ന സാമൂഹ്യപരിവര്‍ത്തനങ്ങള്‍; വിദേശ മേധാവിത്വവും രാജവാഴ്ചയും അവസാനിപ്പിച്ച് പൂര്‍ണ്ണജനാധിപത്യം സ്ഥാപിക്കലില്‍ ചെന്നെത്തുന്ന രാഷ്ട്രീയപരിവര്‍ത്തനങ്ങള്‍, നാട്ടിന്‍പുറങ്ങളിലെ പട്ടിണിപ്പാവങ്ങളെ ചൂഷണത്തില്‍നിന്നു മോചിപ്പിക്കാനുതകുന്ന സാമ്പത്തിക പരിവര്‍ത്തനങ്ങള്‍- ഇതെല്ലാം കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു സമഗ്രവിപ്ലവം, പിന്നോക്കസമുദായങ്ങളിലെ ബഹുജനങ്ങള്‍ക്ക് വിശേഷിച്ചും, ആണ് ആവശ്യമായിരുന്നത്. ഇതിന്റേതായ കാഴ്ചപ്പാട് ആശാനില്ലായിരുന്നു. ഈ പരിതഃസ്ഥിതിയില്‍, ശുഭപ്രതീക്ഷാനിര്‍ഭരമായ കാഴ്ചപ്പാടോടെ മുന്നോട്ടു പോവുകയെന്ന അര്‍ത്ഥത്തില്‍ റൊമാന്റിക് സാഹിത്യത്തിന്റെ പ്രതിനിധിയാവാന്‍ അദ്ദേഹത്തിനു കഴിയാതെപോയതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇതാണ് യഥാര്‍ത്ഥത്തില്‍ ആശാന്‍ കൃതികള്‍ക്കുള്ള വിഷാദാത്മകത്വത്തിന്റെ ഉറവിടം. (പ്രബന്ധങ്ങള്‍,167)
വിലക്ഷണമായ വാക്യങ്ങള്‍, നിരര്‍ത്ഥകമായ കുത്തും കോമയും ഒക്കെ ഉറവിടത്തിലേതു തന്നെ.
ആശാനും വള്ളത്തോളും രണ്ടുപേരും ബൂര്‍ഷ്വാ ജനാധിപത്യപ്രസ്ഥാനത്തിന്റെ സന്ദേശവാഹകന്മാരാണ്. [...] ഈ വര്‍ഗ്ഗസ്വഭാവമാണ് രണ്ടുപേരുടെയും കൃതികള്‍ക്കുള്ള മേന്മയ്ക്കെന്നതുപോലെ കുറവുകള്‍ക്കും അടിസ്ഥാനമായി നില്ക്കുന്നത്. തങ്ങള്‍ പ്രാതിനിധ്യം വഹിക്കുന്ന ബൂര്‍ഷ്വാജനാധിപത്യപ്രസ്ഥാനത്തിന്റെ ചരിത്രപ്രാധാന്യം കിടക്കുന്നത് അധ്വാനിക്കുന്ന ബഹുജനങ്ങളെ സമരരംഗത്തില്‍ ഇറക്കുന്നു എന്നതാണെന്ന പരമാര്‍ത്ഥം കാണാന്‍ രണ്ടുപേര്‍ക്കും കഴിയുന്നില്ല. (വള്ളത്തോള്‍ക്കവിതകളും ദേശീയപ്രസ്ഥാനവും, 1957, പ്രബന്ധങ്ങള്‍, 73-74)
"തൊഴിലാളിവര്‍ഗ്ഗത്തിന്റെയും മറ്റ് അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെയും വികാരവിചാരങ്ങള്‍ക്കുകൂടി അവ്യക്തമായ രൂപം നല്കാന്‍ ഈ മഹാകവികള്‍ക്കു കഴിഞ്ഞിരുന്നു" എന്ന മുകളില്‍ ഉദ്ധരിച്ച ഭാഗം ഇതിനോടു ചേര്‍ത്തു വായിക്കുക.
കലാപകാരിയും അപൂര്‍ണ്ണ വിപ്ലവത്തിന്റെ (കുറച്ചു താഴെയായി പറയുന്ന വിധത്തില്‍ വിപ്ലവത്തിന്റെ തന്നെയും) ശുക്രനക്ഷത്രവും ആയ ആശാന്‍ വിപ്ലവവിരുദ്ധനും ആയിരുന്നു! ഇ എം എസ്സിന്റെ പതിവ് വൈരുദ്ധ്യവാദം തന്നെ. വിപ്ലവകാരിയായിരുന്നില്ല എന്നു പറഞ്ഞാലും അരവിപ്ലവകാരിയായിരുന്നു. അപൂര്‍ണ്ണമായ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്നു പറയുമ്പോഴും അത്രയേ അര്‍ത്ഥമുള്ളൂ. പാതി ഫ്യൂഡല്‍, പാതി ബൂര്‍ഷ്വാ.ഇങ്ങനെ വര്‍ഗ്ഗംതിരിക്കുന്നതില്‍ എന്തുകാര്യമെന്നു വിവരദോഷികള്‍ ചോദിച്ചേക്കുമെന്ന് മുന്‍കൂട്ടി കണ്ട് ഇ എം എസ് ഉത്തരം പറഞ്ഞതു കണ്ടില്ലേ. പോരെങ്കില്‍ വീണ്ടുമിതാ.
...ഓരോ കലാകാരനെയും വര്‍ഗാടിസ്ഥാനത്തില്‍ പരിശോധിക്കുക എന്നുള്ളതാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാനം. സാമൂഹ്യാടിസ്ഥാനം പരിശോധിച്ചാല്‍ അതാത് സാഹിത്യകാരന്‍ ജീവിക്കുകയും വളര്‍ന്നു വരികയും ചെയ്ത സമൂഹത്തിന്റെ സ്വഭാവം നോക്കി ആ സമൂഹത്തിന്റെ സൃഷ്ടിയാണ് സാഹിത്യകാരന്‍ എന്നുള്ള നിലക്ക് ആ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യം എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ട് എന്ന് പരിശോധിക്കുകയാണ് സോഷ്യോളജിക്കല്‍ ക്രിട്ടിസിസം. അതിന്റെ പൂര്‍ണ്ണരൂപമാണ് മാര്‍ക്സിയന്‍ ക്രിട്ടിസിസം. അതിനെ മറ്റുള്ളവയില്‍നിന്ന് വേര്‍തിരിക്കുന്നത് കലാകാരന്റെ വര്‍ഗാടിസ്ഥാനം കൂടി പരിശോധിക്കുന്നു എന്നുള്ളതാണ്. വര്‍ഗാടിസ്ഥാനത്തില്‍കൂടി നോക്കിയാണ് ആശാനെയും മറ്റുപലരെയും കുറിച്ചുള്ള ലേഖനങ്ങള്‍ ഞാനെഴുതിയത്. (സംസ്കാരം, സാഹിത്യം, രാഷ്ട്രീയം, പ്രബന്ധങ്ങള്‍, 292-93)
ആശാന്റെ വര്‍ഗ്ഗാടിസ്ഥാനം നിര്‍ണ്ണയിക്കാന്‍ നമ്പൂതിരിപ്പാട് പലകാലങ്ങളിലായി വളരെയേറെ യത്നിച്ചിട്ടുണ്ട് എന്നു മുകളിലെ ഉദ്ധരണികള്‍ കാണിക്കുന്നു. എന്നാല്‍ 'മാര്‍ക്സിസ്റ്റ് നിരൂപണത്തിന്റെ ജീവന്‍' എന്നു പറയുന്ന ഈ വിഷയത്തില്‍ നമ്പൂതിരിപ്പാട് വിജയിച്ചോ? ഇല്ല. ഈ ജീവന്മരണ പ്രശ്നത്തില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെടുന്നു. ഈഴവ വര്‍ഗ്ഗത്തില്‍നിന്നുയര്‍ന്നുവന്ന ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ പ്രതിനിധിയെന്നു പറയുന്ന ആശാനെപ്പറ്റി ആദ്യത്തെ ഉദ്ധരണിയില്‍ കാണുന്ന വിധത്തിലും അല്ലാതെയും ഫ്യൂഡല്‍ വര്‍ഗ്ഗത്തിലെ അംഗമെന്നും പറഞ്ഞിട്ടുണ്ട് നമ്പൂതിരിപ്പാട്.
...മുതലാളിത്തപൂര്‍വ്വ ഫ്യൂഡല്‍സമൂഹത്തിലംഗമായി സാഹിത്യത്തിലേക്കു കടന്നുവന്ന ആദ്യകാലത്തെ ആശാന്‍ വീണപൂവുതൊട്ടുള്ള കൃതികള്‍ രചിക്കാന്‍ തുടങ്ങിയത് പുതിയ ഒരു (ബൂര്‍ഷ്വാ) വ്യക്തിത്വത്തോടെയാണ് (പ്രബന്ധങ്ങള്‍, 280)
മുകളില്‍ക്കൊടുത്ത ഒരുദ്ധരണി ഇതിനു നേരേ ചേര്‍ത്തുവെയ്ക്കട്ടെ.
ജാതി-നാടുവാഴി മേധാവിത്വത്തിന്റെ സംസ്കാരം കേരളത്തിലെ സാധാരണജനങ്ങള്‍ക്കിടയില്‍ എത്തിച്ച എഴുത്തച്ഛനെപ്പോലെ പിന്നീട് ഉയര്‍ന്നുവരാന്‍ തുടങ്ങിയ ബൂര്‍ഷ്വാ സംസ്കാരത്തിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ടാണ് ആശാന്‍ രംഗപ്രവേശം ചെയ്തത്. (എഴുത്തച്ഛന്‍, ആശാന്‍, ചങ്ങമ്പുഴ, പ്രബന്ധങ്ങള്‍, 255)
കേരളകാളിദാസനും കേരളപാണിനിയുമടക്കം സമകാലീനരായ സാഹിത്യ നായകന്മാരെ മുഴുവന്‍ സൃഷ്ടിച്ച ബൂര്‍ഷ്വാ നവോത്ഥാനത്തിന്റെ പൊതുചിത്രമാണ് ഇവിടെ കൊടുത്തത്. അതിനു നേതൃത്വം നല്കിയ സാംസ്കാരിക നായകന്മാരെ രണ്ടു വിഭാഗമായി വിഭജിക്കാം: ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തിന്റെ തലപ്പത്തിരിക്കുന്ന കുടുംബങ്ങളില്‍ ജനിച്ചവരും ആധുനിക വിദ്യാഭ്യാസത്തിലൂടെ ബൂര്‍ഷ്വാ സംസ്കാരം ഉള്‍ക്കൊണ്ടവരുമാണ് ഒരു വിഭാഗം. അതില്‍പ്പെടും കോയിത്തമ്പുരാക്കന്മാരും കൊടുങ്ങല്ലൂര്‍-കൊച്ചി രാജകുടുംബങ്ങളിലെ അംഗങ്ങളും മറ്റുമായ സാഹിത്യനായകന്മാര്‍.
രണ്ടാമത്തെ വിഭാഗക്കാരാകട്ടെ, ജാതി-ജന്മി-നാടുവാഴി സമൂഹത്തിലെ ഇടത്തരക്കാരില്‍നിന്നും താഴേക്കിടയില്‍നിന്നും വന്നവരാണ്. കോട്ടയത്തും കോഴിക്കോട്ടും നിന്നു പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മനോരമ, തൃശൂരെ വിദ്യാവിനോദിനി, മുതലായ ആനുകാലികങ്ങളുടെ അധിപന്മാര്‍; ഇന്ദുലേഖാ കര്‍ത്താവായ ചന്തുമേനോന്‍; പിന്നോക്ക ജാതിക്കാരില്‍നിന്നുയര്‍ന്നുവന്ന പണ്ഡിറ്റ് കറുപ്പന്‍ കുമാരനാശാന്‍ മുതലായവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.(മലയാളഭാഷ- കേരളപാണിനിയുടെ കാലത്തും അതിനുശേഷവും, 1989, പ്രബന്ധങ്ങള്‍, 243-44)
1989 ലെ ലേഖനം ഒരു കാര്യം വ്യക്തമാക്കുന്നു. ആദ്യ കാലത്തെ നിലപാടു തിരുത്തിയിട്ടല്ല നമ്പൂതിരിപ്പാട് ഫ്യൂഡല്‍ ആശാനെ ബൂര്‍ഷ്വാ ആശാനാക്കിയതോ മറിച്ചോ. ആശാന്‍ നമ്പൂതിരിപ്പാടിന് സൌകര്യംപോലെ ഫ്യൂഡലും ബൂര്‍ഷ്വയും ആയിട്ടുണ്ട്.
ശുക്രനക്ഷത്രത്തെപ്പറ്റി കുറച്ചുകൂടി പറയേണ്ടതുണ്ട്. ഇ എം എസ് തന്റെ പതിവു രീതിയില്‍ സ്വന്തം മുന്‍കാല കൃതികളെപ്പറ്റി മേനിനടിക്കുന്നതിന്റെ ഭാഗമായി പലയിടത്തും ഒരു ആശാന്‍ സ്മാരക പ്രഭാഷണത്തെപ്പറ്റി/പ്രബന്ധത്തെപ്പറ്റി പറഞ്ഞുകണ്ടതിനാല്‍ അതൊന്നു നോക്കാതെ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ശരിയല്ലെന്നു കരുതി ആ പ്രഭാഷണം തേടിപ്പിടിച്ചു. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഒരു മഞ്ഞക്കൊച്ചു പുസ്തകം. ഉദ്ദേശം 60 പേജു വരും. പ്രസാധകരുടെ ഉളുപ്പില്ലായ്മയെപ്പറ്റി വേറെ പോസ്റ്റില്‍ പറയാം. മൂന്നുഭാഗമായിട്ടാണ് പ്രഭാഷണം നടത്തിയതെന്നു തോന്നുന്നു. രണ്ടാത്തെ ഭാഗത്തിന്റെ പേര് വിപ്ലവത്തിന്റെ ശുക്രനക്ഷത്രം. അപൂര്‍ണ്ണ വിപ്ലവത്തിന്റെയല്ല, വിപ്ലവത്തിന്റെ. മുണ്ടശ്ശേരിയെപ്പറ്റി മിണ്ടുന്നില്ല. എല്ലാം തനിക്കാക്കി ഇ എം എസ്. ആത്മീയത മുന്‍പ് ഉദ്ധരിച്ച ലേഖനങ്ങളില്‍ ആശാന്റെ ദൌര്‍ബ്ബല്യമായിരുന്നു.
ആശാനും വള്ളത്തോളുമടക്കം അവരുടെ തലമുറയില്‍പ്പെട്ട ബൂര്‍ഷ്വാകവികളിലെല്ലാം ഒരുപോലെ കാണുന്ന ഒരു ദൌര്‍ബല്യത്തെക്കുറിച്ച് ഇവിടെ എടുത്തുപറയേണ്ടതുണ്ട്. 'ഇന്ത്യന്‍ സംസ്കാര'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൈന്ദവസംസ്കാരത്തിന്റെതായ ഉള്ളടക്കം. (255, പ്രബന്ധങ്ങള്‍)
പാശ്ചാത്യരാജ്യങ്ങളിലേതില്‍നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ ബൂര്‍ഷ്വാസി വളര്‍ന്നുവന്നത് ആധ്യാത്മികതയും അതിന്നാസ്പദമായ സാമൂഹ്യവ്യവസ്ഥയുമായി സന്ധി ചെയ്തിട്ടാണ്. സാമൂഹ്യവും സാംസ്കാരികവുമായ എല്ലാ മണ്ഡലങ്ങളിലും സയന്‍സിന്റെയും യുക്തിവാദത്തിന്റെയും കൊടിക്കൂറ പറപ്പിച്ച ബൂര്‍ഷ്വാസിക്കുപകരം ഇന്ത്യന്‍ ബൂര്‍ഷ്വാസി പഴഞ്ചന്‍ സാമൂഹ്യവ്യവസ്ഥയും മതവിശ്വാസങ്ങളുമായി ഒരു തീര്‍പ്പുണ്ടാക്കി. ഇന്നത്തെ ഏറ്റവും പരിഷ്കൃതമായ ശാസ്ത്രീയസാങ്കേതിക മുന്നേറ്റത്തില്‍ പോലും മതത്തിനും അന്ധവിശ്വാസങ്ങള്‍ക്കും രൂപം നല്കാനുള്ള പ്രവണതയാണ് ബൂര്‍ഷ്വാസി കാണിക്കുന്നത്. ഇത് ആശാനിലും പ്രതിഫലിച്ചു. ആചാരമര്യാദകളിലും വിവാഹബന്ധങ്ങളിലുമെല്ലാം നിലവിലിരുന്ന ജാതിമേധാവിത്വത്തിന്നെതിരായി ഒരുഗ്രന്‍ ബോംബു പൊട്ടിച്ച (ദുരവസ്ഥ രചിച്ച) ആശാന്‍ മുമ്പ് നാരായണഗുരുവിന്റെ ശിഷ്യനെന്നനിലയ്ക്കു നേടിയ ആധ്യാത്മികത വിട്ടുകളയാതെ സൂക്ഷിച്ചുപോന്നു. റൊമാന്റിക് കവിതകളായി വാഴ്ത്തപ്പെടുന്ന എല്ലാ കൃതികളിലും ഇതിന്റെ നിഴലാട്ടം കാണാം. (167, പ്രബന്ധങ്ങള്‍)
എന്നാല്‍ കേരള സര്‍വ്വകലാശാലയില്‍ പ്രഭാഷണത്തിനുപോയപ്പോള്‍ എന്തെങ്കിലും സെന്‍സേഷനലായി വേണമെന്നതുകൊണ്ടാവണം മുണ്ടശ്ശേരിയെപ്പറ്റി മിണ്ടാതെ ആശാന്‍ ശുക്രനക്ഷത്രമാവുന്നതും ആത്മീയതയൊക്കെ പുരോഗമനപരമാവുന്നതും.
ജാതിമേധാവിത്തത്തിനെതിരായ കലാപത്തില്‍ ഒരായുധമാണ് ആശാന്റെ ആത്മീയത. (29, ആശാനും മലയാള സാഹിത്യവും)
(ഈ ഉദ്ധരണിയുടെ മുന്‍പേ പോവുന്ന കാര്യം (ശ്രീ നാരായണഗുരു 'ജാതി-ജന്മി- നാടുവാഴി മേധാവിത്വ'ത്തിന്റെ സംസ്കാരം ജനങ്ങളിലെത്തിച്ച ആളാണെന്നത് ഒരുഗ്രന്‍ ഫലിതമാണ്. അതിനു കാരണമാവുന്ന ഇ എം എസ് വിവരക്കേടിനെപ്പറ്റി വേറൊരു പോസ്റ്റില്‍)
ആശാന്‍ പ്രാസവാദത്തിനെതിരാണെന്നും മറ്റും തട്ടിവിടുന്നു ഇ എം എസ്. ദുരവസ്ഥയില്‍ ദ്വിതീയാക്ഷപ്രാസം അനുഷ്ഠിച്ചില്ല എന്നര്‍ത്ഥത്തില്‍ വ്യക്തമായല്ലെങ്കിലും ചില പരോക്ഷ പ്രസ്താവനകളൊക്കെ നടത്തുന്നുമുണ്ട്.
ഇത് ഒരു കാര്യം വ്യക്തമാക്കുന്നു. അന്നത്തെ വാദപ്രതിവാദത്തില്‍ യാഥാസ്ഥിതികരെന്നും ഉല്‍പതിഷ്ണുക്കളെന്നും ഉള്ള രണ്ട് ചേരിയില്‍ നിന്നവരുടെ ഇടയില്‍ ആശാന്‍ ബുദ്ധിപരമായി നോക്കിയാല്‍ ദ്വിതീയാക്ഷരപ്രാസവാദത്തിനെതിരായ വാദത്തെ അനുകൂലിച്ചിരുന്നു. അതേഅവസരത്തില്‍ അദ്ദേഹത്തിന്റെ ചിരപരിചയം നിമിത്തം തന്റെ കൃതികളില്‍ പ്രാസനിര്‍ബന്ധം അനുസരിച്ചുപോന്നു. കവിതാരചന സംബന്ധിച്ച ഈ സാങ്കേതികവശം ഞാനിവിടെ ഒന്നു സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. ഇതിന്റെതന്നെ വേറൊരുവശം ദുരവസ്ഥയെക്കുറിച്ചു പറയുന്ന അവസരത്തിലെനിക്ക് പറയാന്‍ കാണും. (27, ആശാനും മലയാള സാഹിത്യവും)
ആ വേറൊരുവശം ഇതാ:
ആദ്യം പ്രാസവാദത്തിന്റെ കാര്യത്തിലും അന്നു ഉല്പതിഷ്ണുചേരിയില്‍നിന്നിരുന്ന രാജരാജവര്‍മയുടെ നിര്‍ദേശങ്ങള്‍ നടപ്പില്‍വരുത്താന്‍ കഴിയുന്നില്ല എന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ടുതന്നെ നളിനിയും ലീലയുമെല്ലാമെഴുതിയ ആശാനാണ് അവസാനം ദുരവസ്ഥയിലേക്കു വന്നപ്പോഴേക്കും ഈ കാവ്യസങ്കേതങ്ങള്‍, കവിതാരൂപങ്ങള്‍, എന്നിവയെ സംബന്ധിച്ച് തന്‍ പഠിച്ചുവച്ച സിദ്ധാന്തങ്ങളെയെല്ലാം മുറിച്ചുകടന്നുകൊണ്ട് ഒരു ധര്‍മാദര്‍ശത്താല്‍ പ്രേരിതനായി പ്രവര്‍തിക്കുന്നതെന്നോര്‍കുക. (34, ആശാനും മലയാള സാഹിത്യവും)
എന്നിട്ടെന്ത്? ഈ പോസ്റ്റില്‍ പിന്നീട് വായിക്കാവുന്നതുപോലെ തനിക്കൊരു കൈത്തെറ്റ് പറ്റിയെന്നു കുമ്പസാരിക്കേണ്ടിവന്നു, അഴീക്കോട് ഈ വിവരക്കേട് ചൂണ്ടിക്കാട്ടിയപ്പോള്‍. കൈത്തെറ്റെന്നാണോ ഇതിനെ പറയേണ്ടത്? ദശകങ്ങള്‍ കുമാരനാശാനെപ്പറ്റി പ്രസംഗിച്ചുനടന്ന ഇ എം എസ് ആശാനെപ്പറ്റി അനുസ്മരണപ്രഭാഷണം നടത്താന്‍ പോയി ഈ വിധം വിവരക്കേടു വിളമ്പുന്നത് ഒരു കൈത്തറ്റാണോ. ഒരു യൂനിവേഴ്സിറ്റിയില്‍ പോയി പ്രഭാഷണം നടത്തുകയാണ്. എന്നിട്ട് പ്രാസമൊപ്പിച്ചുള്ള കാവ്യം ദീര്‍ഘമായി ഉദ്ധരിക്കുക. എന്നിട്ടു പറയുക കവി ദ്വിതീയാക്ഷരപ്രാസത്തിനെതിരാണെന്ന്. ഇതിനു നിരക്ഷരനായ ഇ എം എസ്സിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇ എം എസ്സിനെ വിളിച്ചുകൊണ്ടുവന്ന് മൂന്നുദിവസമായി പ്രഭാഷണം നടത്തിച്ച വങ്കന്മാരെയാണ് പറയേണ്ടത്.
ഇ എം എസ് സാഹിത്യനിരൂപണ രംഗത്ത് ചിലതൊക്കെ ചെയ്തിട്ടുണ്ടെന്ന് സ്വയം അവകാശപ്പെടുന്നുണ്ട്. ആദ്യമായി കേരളത്തില്‍ വര്‍ഗ്ഗാടിസ്ഥാനത്തില്‍ എഴുത്തുകാരെ പരിശോധിച്ചത് അദ്ദേഹമാണത്രേ. അതേ, നമ്പൂതിരിപ്പാടിനെപ്പോലെ സൈദ്ധാന്തിക മേഖലയിലെ ഒരു കോമാളിക്കേ ഇതിനൊക്കെ കഴിയൂ.
സാഹിത്യത്തെപ്പറ്റി പറയുമ്പോഴൊക്കെ നമ്പൂതിരിപ്പാട് ചീത്തവിളിക്കാനായി ഒരു പ്രമേയം സ്ഥിരം കൊണ്ടുവന്നു കാണുന്നുണ്ട്. വെണ്മണി എന്നാണ് ആ പ്രമേയത്തിന്റെ പേര്. അശ്ലീലം, ഭോഗാസക്തി, കാമവൈകൃതം എന്നിങ്ങനെ കുറെ പ്രയോഗങ്ങള്‍ ഈ പ്രമേയത്തോടു ചേര്‍ന്ന് അനിവാര്യമാണ്. ഈ പ്രമേയം ആ പേരിലറിയപ്പെട്ട കവികളെയാണോ സാഹിത്യപ്രസ്ഥാനത്തെയാണോ സൂചിപ്പിക്കുന്നതെന്നൊന്നും വ്യക്തമാക്കാന്‍ നമ്പൂതിരിപ്പാട് പണിപ്പെട്ടുകാണുന്നില്ല. ഏതായാലും ഈ അപ്രമേയവിലാസത്തിന്റെയും വര്‍ഗ്ഗനിര്‍ണ്ണയം ഇ എം എസ് നടത്തുന്നുണ്ട്. ജീര്‍ണ്ണിച്ച, പിന്തിരിപ്പനായ ജാതി- ജന്മി-നാടുവാഴി വ്യവസ്ഥയുടെ സൃഷ്ടി എന്നാണ് അതിനെപ്പറ്റി ചൊല്ലിപ്പഠിച്ചതും പഠിപ്പിച്ചതും.
തുഞ്ചത്തെഴുത്തച്ഛനെയും വെൺമണിയെയും പരസ്പരം താരതമ്യപ്പെടുത്തിയാല്‍ സംഗതി കുറെക്കൂടി വ്യക്തമാവും. കേരളത്തിലെ ഫ്യൂഡല്‍ സമൂഹത്തിന്റെ പ്രതിനിധികളാണ് രണ്ടുപേരും. പക്ഷേ, ഒരാള്‍ (എഴുത്തച്ഛന്‍) ഫ്യൂഡല്‍ സംസ്കാരത്തിന്റെ ശ്രേഷ്ഠമായ വശത്തിന്റെ പ്രതിനിധിയായിരുന്നു. വെൺമണിയാകട്ടെ, തകര്‍ച്ചയിലേക്ക് നീങ്ങിക്കഴിഞ്ഞ കേരള ഫ്യൂഡലിസത്തിന്റെ വികാര വിചാരങ്ങളെയാണ് പ്രതിനിധാനം ചെയ്തത്. (ഭാവരൂപങ്ങളെപ്പറ്റി വീണ്ടും, പ്രബന്ധങ്ങള്‍, 318)
വീണ്ടും
ഇന്ത്യയിലും ആദ്യകാലത്തെ ചാതുര്‍വര്‍ണ്യം, പിന്നീട് രൂപംകൊണ്ട ജാതിവ്യവസ്ഥ, ഇവയ്ക്ക് ആദ്യകാലത്ത് പുതുജീവന്‍ ഉണ്ടായിരുന്നു. ആ കാലത്ത് സമൂഹത്തിന്റെ പുരോഗതിയെ അവ സഹായിച്ചു. പക്ഷേ, അധികം കഴിയുന്നതിനുമ്പ് ആ സമൂഹം മുരടിച്ചു. ആ സമൂഹത്തിന്റെ തലപ്പത്തിരിക്കുന്ന ഭരണവര്‍ഗങ്ങളുടെ വീക്ഷണം ജീര്‍ണ്ണമായി.
ഇതാണ് എഴുത്തച്ഛനില്‍നിന്ന് വെണ്മണിയിലേക്കുള്ള മാറ്റത്തിന്നടിസ്ഥാനം. ഭാഷയുടെയും രചനയുടെയും കാര്യമെടുത്തുനോക്കിയാല്‍ എഴുത്തച്ഛന്റേതിനെപ്പോലെതന്നെ ജനകീയമാണ് വെണ്മണിക്കൃതികളും. പക്ഷേ, എന്തുചെയ്യാം, വെണ്മണിക്കൃതികളുടെ ഉള്ളടക്കം മാറി. വടക്കേ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഉജ്വലമായ സാംസ്കാരിക സമ്പത്ത് കേരളത്തിലെ സാധാരണക്കാര്‍ക്ക് പകര്‍ന്നുകൊടുത്ത എഴുത്തച്ഛന്‍ ജാതി-ജന്മി-നാടുവാഴി സമൂഹത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ ഭോഗാസക്തിക്കു രൂപംനല്‍കുന്ന വെണ്മണിക്ക് വഴിമാറിക്കൊടുക്കേണ്ടി വന്നു. (മലയാളഭാഷ- കേരളപാണിനിയുടെ കാലത്തും അതിനുശേഷവും, 1989, പ്രബന്ധങ്ങള്‍, 242)
ഭാഷാപരമായ ലാളിത്യം, കവിതാപരമായ മേന്മ, എന്നിവ ബൂര്‍ഷ്വാനവോത്ഥാനത്തിന്റെ സൃഷ്ടിയായിരുന്നു. എന്നാല്‍ അവയെത്തന്നെ ഫ്യൂഡല്‍ ജീര്‍ണ്ണതയുടെ പ്രകടരൂപമായ മൃഗീയ കാമവികാരം പ്രകടിപ്പിക്കുന്നതിനുപയോഗിച്ച കവികളുമുണ്ടായിരുന്നു. വെണ്മണിപ്രസ്ഥാനം അതിനുദാഹരണമാണ്. (മലയാളഭാഷ- കേരളപാണിനിയുടെ കാലത്തും അതിനുശേഷവും, 1989, പ്രബന്ധങ്ങള്‍, 244)
അവസാനത്തെ രണ്ടും ചേര്‍ത്തു വായിക്കുമ്പോള്‍ (ഒരേ ലേഖനത്തില്‍നിന്നാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഉദ്ധരണികള്‍) വെണ്മണി ഫ്യൂഡലായിരുന്നോ ബൂര്‍ഷ്വ ആയിരുന്നോ ഇനി അതല്ല എഴുത്തച്ഛന്‍ ബൂര്‍ഷ്വാ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നോ എന്നൊക്കെ സംശയം തോന്നാം.
നമ്പൂതിരിപ്പാടിന് വെണ്മണിബാധയുണ്ടായിരുന്നെന്നു തോന്നും, വെണ്മണിയിലുള്ള ഇദ്ദേഹത്തിന്റെ താത്പര്യം കാണുമ്പോള്‍. വെണ്മണിയെ പരാമര്‍ശിക്കാതെ സാഹിത്യത്തെപ്പറ്റി പറയാന്‍ വയ്യായിരുന്നു അദ്ദേഹത്തിന്.
രാഷ്ട്രീയവും സാഹിത്യവും സംസ്കാരവും തമ്മിലുള്ള ബന്ധമെന്തെന്ന് ചോദിച്ചാല്‍ അവയുടെ അടിസ്ഥാനം രാഷ്ട്രീയമാണ്. പക്ഷെ വര്‍ഗപരമായി എന്നത് പ്രത്യക്ഷത്തില്‍ വരണമെന്നില്ല. കലാകാരന്‍മാരുടെ കലയില്‍തന്നെ ഉണ്ടാവണമെന്നില്ല. പക്ഷെ കലാകാരന്റെ വ്യക്തിത്വം പുറത്തുവരുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം പുറത്തുവരുന്നു. ഈ നിലക്ക് മലയാളസാഹിത്യമാകെ പരിശോധിക്കുന്ന സമയത്ത് ഞാന്‍ മൂന്നു ഘട്ടങ്ങള്‍ കാണുന്നു- ഒന്ന്, വെൺമണി സാഹിത്യം. രണ്ട്, ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, പിന്നീടുള്ള സാഹിത്യകാരന്‍മാര്‍. മൂന്ന്, ഇപ്പോഴുള്ള പൈങ്കിളിസാഹിത്യം. പൈങ്കിളി സാഹിത്യം വെൺമണി സാഹിത്യത്തിന്റെ പരിഷ്കരിച്ച സാഹിത്യ രൂപമാണ്. വെൺമണി സാഹിത്യത്തോടുള്ള കലാപമാണ് ആശാന്‍ 'മാംസനിബദ്ധമല്ല രാഗം' എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്. (പ്രബന്ധങ്ങള്‍, 293)
തെറ്റു തിരുത്താനുള്ള ഇ എം എസ്സിന്റെ സന്നദ്ധതയും ആര്‍ജ്ജവവും ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാം
ഇതവസാനിപ്പിക്കുന്നതിനുമുമ്പ് എന്റെ ലേഖനത്തില്‍ പറ്റിയതും സുകുമാര്‍ അഴീക്കോട് ചൂണ്ടിക്കാണിച്ചതുമായ തെറ്റ് ഞാന്‍ സമ്മതിക്കുന്നു. കുമാരനാശാന്‍ ദ്വിതീയാക്ഷര പ്രാസത്തിന്റെ പക്ഷത്തായിരുന്നു. അല്ലെന്നു സൂചിപ്പിച്ചുകൊണ്ടുള്ള എന്റെ പരാമര്‍ശം ഒരു കൈത്തെറ്റായിരുന്നു. (ഭാവരൂപങ്ങളെപ്പറ്റി വീണ്ടും, പ്രബന്ധങ്ങള്‍, 324)
ഇ എം എസ്സിന് ഒരു കൈത്തെറ്റു പറ്റി. അഴീക്കോട് അതു ചൂണ്ടിക്കാണിച്ചു. എത്ര മാന്യമായി ഇ എം എസ് അതു തിരുത്തുന്നു! എന്നാലിതാ വേറൊരു കൈത്തെറ്റ്.
തുഞ്ചത്തെഴുത്തച്ഛന്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഭാഷാരൂപാന്തരങ്ങള്‍ സൃഷ്ടിക്കുന്നതുവരെ, കേരളത്തിലെ ജനതയ്ക്ക് തങ്ങളുടെതായ സാഹിത്യമേ ഉണ്ടായിരുന്നില്ല. (സാഹിത്യവും സമൂഹവും, പ്രബന്ധങ്ങള്‍, 136)
ഈ കൈത്തെറ്റിന്റെ അര്‍ത്ഥവ്യാപ്തി വായിക്കുന്നവര്‍ അന്വേഷിക്കാന്‍ താത്പര്യം.
ബൂര്‍ഷ്വാ നിയമവ്യവസ്ഥയില്‍ സി പി ഐ (എം) എന് വര്‍ദ്ധിച്ചുവരുന്ന താത്പര്യത്തെപ്പറ്റിപിണറായി വിജയന്റെ വീട് എന്നു പേരുള്ള ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇ എം എസ്സിനെ ഈ പോസ്റ്റില്‍ കുറച്ചേറെ ഉദ്ധരിച്ചതിന്റെ പേരില്‍ ഫെയര്‍ യൂസല്ലെന്നു പറഞ്ഞ് പകര്‍പ്പാവകാശ ലംഘനത്തിന് അവര്‍ ഈ ബ്ലോഗെര്‍ക്കെതിരെ കേസു കൊടുക്കുമോ എന്തോ.
(ഉദ്ധരണികളുടെ ഉറവിടം
1. ഇ.എം.എസ് നമ്പൂതിരിപ്പാട്, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി,first edition 1990, reprint 1998
2. ആശാനും മലയാള സാഹിത്യവും, ഇ എം എസ് നമ്പൂതിരിപ്പാട്, ചിന്ത പബ്ലിഷേഴ്സ്, 1995)
വായിച്ചിരുന്നു :)
ReplyDeleteലൈംഗികത പരോക്ഷമായി ആസ്വദിക്കുന്നവളെന്ന് ഇ എം എസ് പറഞ്ഞത് അരുന്ധതി റോയിയെപ്പറ്റിയല്ല. എനിക്കു തെറ്റിയതാണ്. അവരുടെ അമ്മ മേരി റോയിയെപ്പറ്റിയാണ് ഈ "പണ്ഡിതാഭാസന്‍"(നമ്പൂതിരിപ്പാടിന്റെ സ്വന്തം പ്രയോഗം) അങ്ങനെ പറഞ്ഞത്.തിരുത്ത് ലിങ്ക് ഉള്‍പ്പെടെ പോസ്റ്റില്‍ തിരുകിയിട്ടുണ്ട്.
ReplyDelete