Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

15 Jan 2010

ഒരു കമ്യൂണിസ്റ്റ് നമ്പൂതിരിയുടെ ആചാരവിപ്ലവം അഥവാ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ വേളി


സ്ത്രീധനത്തിനെതിരായ പ്രവര്‍ത്തനം അജണ്ടയിലെ പ്രധാനപ്പെട്ട ഒരിനമായിരുന്ന യോഗക്ഷേമസഭയുടെ നേതാവായ ഇ എം എസ് നമ്പൂതിരിപ്പാട് സ്ത്രീധനം വാങ്ങി സകല മതപരമായ ചടങ്ങുകളും പാലിച്ച് വേളികഴിച്ച കഥ സഖാവുതന്നെ പറഞ്ഞതു സ്കേന്‍ ചെയ്ത് ഇ എം എസ് എന്തു സ്ത്രീധനം വാങ്ങിയെന്നറിയുമോ സഗാവേ? എന്ന പേരില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. നമ്പൂതിരിപ്പാടിന്റെ അന്തര്‍ജ്ജനം വനിതയിലെ അഭിമുഖത്തില്‍ പറഞ്ഞുപോയ സത്യം (അഭിമാനത്തോടെ പറഞ്ഞതായിരുന്നോ അറിവില്ലായ്മകൊണ്ടു പറഞ്ഞതായിരുന്നോ എന്നറിയില്ല) നമ്പൂതിരിപ്പാട് ചിന്തയില്‍ വിശദീകരിക്കുന്നത് എന്തൊരു തരംതാണ രീതിയിലാണ്! സ്വന്തം ശരികേട് ന്യായീകരിക്കാന്‍ തരംപോലെ പറയുന്ന ഈ മഹാചിന്തകന്‍ എന്തൊക്കെ  അസംബന്ധങ്ങളാണ് പറഞ്ഞുകൂട്ടുന്നത്!
ഒരു സ്ഥലത്ത്, ഒരു സന്ദര്‍ഭത്തില്‍, അതിപ്രധാനമായി തോന്നുന്നത് മറ്റൊരിക്കല്‍ മറ്റൊരിടത്ത് അത്രതന്നെ പ്രധാനമല്ലെന്ന് വന്നേക്കാം. (1985-ല്‍ ചിന്തയില്‍ നല്കിയ ഉത്തരത്തില്‍നിന്ന്)

അന്ന് (1937-ല്‍) സ്ത്രീധനം വാങ്ങിയത് അത്ര പ്രധാനമല്ലെന്നു പറയാനാണല്ലോ ഈ സാമാന്യപ്രസ്താവം. 1937-ല്‍ സ്ത്രീധനം വാങ്ങി വേളികഴിക്കുന്നതിനു കുറച്ചുവര്‍ഷം മുമ്പ് യോഗക്ഷേമസഭ വിട്ടു നമ്പൂതിരിപ്പാട്. പിന്നീട് ഉറച്ച കമ്യൂണിസ്റ്റായ ഇ എം എസ് 1944-ല്‍ വീണ്ടും വന്നു യോഗക്ഷേമസഭയുടെ 34ആം വാര്‍ഷികത്തില്‍ ആദ്ധ്യക്ഷ്യം വഹിക്കാന്‍. ഒരു അദ്ധ്യക്ഷപ്രസംഗവും നടത്തി നമ്മുടെ നമ്പൂതിരി. നമ്പൂതിരി മനുഷ്യനാകാന്‍ എന്ന പേരില്‍ 'ചരിത്രപ്രസിദ്ധമായ' ഈ പ്രസംഗം പലവിധ സമാഹാരങ്ങളിലും പ്രസിദ്ധീകരിക്കുന്നത്  ഇന്നും തുടരുന്നു.  ഞാന്‍ ഈ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഉദ്ധരിക്കുന്നത്  ഈ സമാഹാരത്തില്‍നിന്ന്- ഇ എം എസിന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, എഡിറ്റര്‍ സി. ഭാസ്കരന്‍, ഡി സി ബുക്സ്, 1996, pp19-61. ഈ പ്രസംഗത്തില്‍ സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രസംഗിച്ച നമ്പൂതിരിപ്പാട് സ്ത്രീധനത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. 
അതിനുമുമ്പ് താന്‍ യോഗക്ഷേമസഭ വിടാനുള്ള കാരണം നമ്പൂതിരിപ്പാട് പറയുന്നതു നോക്കാം. പത്തുകൊല്ലം മുമ്പ് താന്‍ സമുദായപ്രവര്‍ത്തനത്തില്‍നിന്നു വിട്ടുപോയത് ലക്ഷ്യം നേടി ഇനിയൊന്നും ചെയ്യാനില്ലെന്ന അവസ്ഥയുണ്ടായതുകൊണ്ടല്ലെന്നു പറഞ്ഞ് നമ്പൂതിരിപ്പാട് തുടരുന്നു:
കാല്‍നൂറ്റാണ്ടുകാലത്തെ സമുദായപ്രവര്‍ത്തനത്തിന്റെ ഫലം സമുദായത്തിലെ ചെറിയൊരു വിഭാഗത്തെ മാത്രമേ സ്പര്‍ശിച്ചിട്ടുള്ളുവെന്നും സമുദായത്തിലെ ബഹുഭൂരിപക്ഷം സ്ത്രീപുരുഷന്മാര്‍ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയില്‍ത്തന്നെ കിടക്കുകയാണെന്നും എനിക്കന്ന് ബോദ്ധ്യമുണ്ടായിരുന്നു. അങ്ങനെയുള്ള സമുദായത്തെ ഇനി മുന്നോട്ടു നീക്കേണ്ടത് ഏതു വഴിക്കാണെന്നും അതിനെന്തുചെയ്യണമെന്നും എനിക്കു വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. [...] പക്ഷേ എന്റെ ഈ അഭിപ്രായം സമുദായത്തെക്കൊണ്ടു സ്വീകരിപ്പിക്കാനെനിക്കു കഴിഞ്ഞില്ല. (നമ്പൂതിരി മനുഷ്യനാകാന്‍)
സമുദായത്തിലെ ബഹുഭൂരിപക്ഷം സ്ത്രീപുരുഷന്മാര്‍ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയില്‍ത്തന്നെ കിടക്കുമ്പോള്‍ സമുദായത്തെ മുന്നോട്ടു നീക്കേണ്ടത് എങ്ങനെയെന്നു നല്ല ബോദ്ധ്യമുള്ള ഈ നമ്പൂതിരിയുവാവ്  ചെയ്തത് നല്ല സമ്പന്നമായ (സ്ത്രീധനം നല്കാന്‍ കെല്പുള്ള) ഒരു കുടുംബത്തിലെ നല്ലൊരു കന്യകയെ (വിധവയല്ല) നല്ല തുക (6500 രൂപ) സ്ത്രീധനം  വാങ്ങി വേളി കഴിച്ചു എന്നതാണ്.
ഇതിനു തന്നെ കുറ്റം പറയാന്‍ പാടുണ്ടോ എന്നാണ് സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട് 1985ല്‍ ചിന്തയില്‍ പറയുന്നതിന്റെ പൊരുള്‍. (എന്റെ മഹാവിപ്ലവപ്രവര്‍ത്തനത്തിന്നിടെ "യാഥാസ്ഥിതകത്വത്തിനു കീഴടങ്ങലെന്നു പെറ്റി ബൂര്‍ഷ്വാ വിപ്ലവകാരികളും യുക്തിവാദികളും വിശേഷിപ്പിക്കാറുള്ള ചില നടപടികള്‍ ഞാന്‍ ചെയ്തിട്ടുണ്ടാവും".)
വീണ്ടും 1944-ലെ പ്രസംഗത്തില്‍നിന്ന്:

 സമുദായത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച വിധവാവിവാഹം, പൂണൂല്‍പൊട്ടിക്കല്‍, ഘോഷാബഹിഷ്കരണം എന്നിവയൊക്കെ കഴിഞ്ഞ് കുറെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും യാഥാസ്ഥിതികത്വം മേല്‍ക്കൈ നേടിയതിനെപ്പറ്റിയാണ് ഇ എം എസ് പറയുന്നത്. സ്വയം ഈ യാഥാസ്ഥിതികത്വം പാലിച്ച് സ്ത്രീധനം തരമാക്കിയശേഷം!
വീണ്ടും:
ഈ പരിപാടിയുടെ പ്രധാനമായ ഉന്നം പെണ്‍കൊട കഴിയാന്‍ ഇന്നുള്ള വിഷമങ്ങള്‍ തീര്‍ക്കുകയെന്നതായിരിക്കണമെന്നു ഞാനഭിപ്രായപ്പെടുന്നു.
പെണ്‍കൊടകഴിക്കാനുള്ള വിഷമത്തിന് പലകാരണങ്ങളും പലരും പറയുന്നത് കേട്ടിട്ടുണ്ട്. സ്ത്രീധനസമ്പ്രദായമുള്ള കാലത്തോളം ഇതു നിലനില്‍ക്കുമെന്നും അതുകൊണ്ടത് അവസാനിപ്പിക്കാന്‍ യോഗക്ഷേമസഭ കാര്യമായെന്തെങ്കിലും ചെയ്യണമെന്ന് ഒരുപക്ഷം.

സ്ത്രീധനസമ്പ്രദായമാണ് സ്ത്രീകളെ കന്യകമാരാക്കി ഇരുത്താന്‍ അനവധി കുടുംബങ്ങളെ നിര്‍ബന്ധിക്കുന്നതെന്നതിനു സംശയമില്ല. (മൂന്ന് ഉദ്ധരണികളും നമ്പൂതിരി മനുഷ്യനാകാന്‍ എന്ന പ്രസംഗത്തില്‍നിന്ന്)
ഇതൊക്കെ 1944ല്‍ പറഞ്ഞ ഇ എം എസ്സാണ് 1937ല്‍ സ്ത്രീധനം വാങ്ങി എല്ലാ പ്രാകൃതമായ ചടങ്ങുകളും പാലിച്ച് വേളികഴിച്ചത്. അതു കഴിഞ്ഞ് വീണ്ടും പുരോഗമനപ്രഭാഷണം! വേളിക്കുമുമ്പും വേളിക്കുപിമ്പും മഹാവിപ്ലവി, പുരോഗമനക്കാരന്‍, മഹാത്യാഗി, പിന്നെയെന്തൊക്കെയല്ല. 
ഇതെല്ലാമുള്‍ക്കൊള്ളുന്ന സാമൂഹ്യ പരിഷ്കാര പ്രസ്ഥാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത്. അതില്‍ വലിയൊരളവോളം വളര്‍ച്ചയുണ്ടായിക്കഴിഞ്ഞിരുന്നുവെങ്കിലും അതു പൂര്‍ത്തിയാകാത്ത ഒരു ഘട്ടത്തിലാണ് (നാല്‍പ്പത്തിയെട്ടുവര്‍ഷം മുമ്പ്) എന്റെ വിവാഹം.(1985-ലെ ചിന്താപംക്തിയില്‍)

സമുദായത്തിലെ പരിഷ്കാരം പൂര്‍ത്തിയാകാത്ത കാലഘട്ടത്തിലായതുകൊണ്ട് എന്റെ വിവാഹം അങ്ങനെ ആയിപ്പോയിയെന്ന്. സമുദായത്തിലെ പരിഷ്കരണ നടപടികള്‍ തന്റെ വിപ്ലവചിന്താഗതിയോളം ഉയരാത്തതിനാല്‍ സമുദായ പ്രവര്‍ത്തനം നിറുത്തി വിപ്ലവപ്രവര്‍ത്തനം തുടങ്ങിയയാളാണ് ഈ അവസരവാദം  എഴുന്നള്ളിക്കുന്നത്. 
പിന്നെ പറയുന്നത് താന്‍ വെറുമൊരു സാമൂഹ്യപരിഷ്കാര പ്രവര്‍ത്തകനല്ലെന്നും "രാഷ്ട്രീയ രംഗത്തുകൂടി പുരോഗമന ചിന്താഗതി വച്ചു പുലര്‍‌ത്തുകയും അതു പ്രവൃത്തിയില്‍ വരുത്തുകയും ചെയ്ത ഒരാളാണ് ഞാന്‍" എന്നും.
ആരാണീ ഞാന്‍! എന്നിട്ടീഞാനെന്തു ചെയ്തു? ഞാന്‍ ചെയ്തത് എന്താണെന്നു മനസ്സിലാക്കാനുള്ള ഏറ്റവും നല്ല ഉപാധി ഞാന്‍ 1944-ല്‍ ചെയ്ത പ്രസംഗത്തിലെ ഈ ഭാഗമാണ്. കമ്യൂണിസ്റ്റുകാരനായ ഒരു നമ്പൂതിരിക്ക് അയാള്‍ കമ്യൂണിസ്റ്റുകാരനാണെന്ന കാരണത്താല്‍തന്നെ ആചാരവിപ്ലവം നടത്തണം.
 ഞാനന്ന് ഒരു ആചാരവിപ്ലവം നടത്തി. സ്ത്രീധനം വാങ്ങി, അഗ്നിസാക്ഷിയായി, ഷോഡശക്രിയകളോടെ നടത്തിയ ആ ആചാരവിപ്ലവം നാട്ടാരാരും അറിഞ്ഞിരുന്നില്ല. ചുരുങ്ങിയ പക്ഷം സ്ത്രീധനം വാങ്ങിയ കാര്യമെങ്കിലും. വെറും ഏഴു വര്‍ഷത്തിനുശേഷം സമുദായത്തിന്റെ ഒരു മഹാസമ്മേളനത്തിനു പോയി 'കമ്യൂണിസ്റ്റുകാരനായ ഒരു നമ്പൂതിരിക്ക് അയാള്‍ കമ്യൂണിസ്റ്റുകാരനാണെന്ന കാരണത്താല്‍തന്നെ ആചാരവിപ്ലവം നടത്തണം എന്നു പറയാന്‍' കഴിയുമാറ് ഭദ്രമായിരുന്നു ആ രഹസ്യം!   പക്ഷേ എന്തു ചെയ്യാം, അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ അന്തര്‍ജ്ജനം ഒരു അഭിമുഖത്തില്‍ അതെല്ലാം വലിച്ചുപുറത്തിട്ടുകളഞ്ഞു!

'പുരോഗമനചിന്താഗതി സ്ഥലകാല ഭേദങ്ങള്‍ക്ക് അതീതമല്ല' എന്ന് ഇ എം എസ് പഠിപ്പിച്ചതിനാല്‍ ഇന്ന് നമുക്കറിയാം. 1937-ഉം 1944-ലും തമ്മില്‍ സ്ഥലകാലഭേദങ്ങള്‍ എന്തുമാത്രമുണ്ടായിരുന്നു  (1944, വീണ്ടും യോഗക്ഷേമസഭയില്‍ പോയി പുരോഗമനം പ്രസംഗിച്ച വര്‍‌ഷം) എന്ന് 1985-ല്‍ സ്വന്തം അനാചാരത്തെ ന്യായീകരിക്കുമ്പോള്‍ ഇ എം എസ് ഓര്‍മ്മിച്ചില്ല. പകരം എന്റെ മക്കളൊന്നും സ്ത്രീധനം വാങ്ങിയില്ല എന്നു പറഞ്ഞു തടിതടപ്പുകയാണ്.  താനന്നു സ്വസമുദായത്തെയും സമുദായോന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയും കമ്യൂണിസ്റ്റുകാരെയും പരിഗണിക്കാതെ ഒരു വേളിയും വന്‍തുകയും ഒരുമിച്ചു വരിച്ചത് ശരികേടായിപ്പോയെന്ന് അരനൂറ്റാണ്ടു കഴിഞ്ഞുപോലും നമ്പൂതിരിപ്പാടിനു തോന്നിയില്ല. എന്തൊരു വ്യക്തിത്വം! 
അതിനുവേണ്ടി അവലംബിക്കുന്ന ന്യായങ്ങളോ?
അതുവേണ്ടെന്നോ ആ തുക പോരെന്നോ പറയാതെ വിവാഹം നടത്താന്‍ ഏര്‍പ്പാട് ചെയ്യുകയാണുണ്ടായത്. (ചിന്ത, 1985)

ആര്? ഞാനാവാം, വേറെയാരെങ്കിലുമാവാം. കര്‍ത്താവിനെ പ്രകടമാക്കാതെ മലയാളത്തില്‍ വാക്യമെഴുതാം. ഞാനാണ് എന്നാല്‍ ഞാനല്ല എന്നു ധ്വനിപ്പിക്കാന്‍ അത് ഇത്ര സൂത്രത്തില്‍ പ്രയോഗിച്ച ഉദാഹരണം വേറെ ഏറെയുണ്ടാവില്ല. ഭാഷാവിദഗ്ധനല്ലേ നമ്പൂതിരിപ്പാട്!
എന്നാല്‍ ബൂര്‍ഷ്വാ നേതൃത്വത്തിലുള്ള സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തന്നെ തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള സര്‍വതോമുഖമായ വിപ്ലവ പ്രസ്ഥാനമാക്കി മാറ്റാനാണ് ഞാന്‍ ശ്രമിച്ചത്. (ചിന്ത, 1985)

സ്ത്രീധനം വാങ്ങി പാര്‍ട്ടിക്കുകൊടുത്തു എന്നാണോ വിശ്വസ്ത സഖാക്കള്‍ ഇതിനെ വ്യാഖ്യാനിക്കുക? മുകളിലെ ഉദ്ധരണി തുടരുന്നു:

അതിന്റെ ഫലമായി വിപ്ലവപ്രസ്ഥാനത്തിന്റെ എല്ലാ വശങ്ങളും കൂടുതല്‍ കൂടുതല്‍ ശക്തി സമ്പാദിച്ചിട്ടുണ്ടു താനും.

ഏത്? സ്ത്രീധനം വാങ്ങിച്ചതുകൊണ്ട് വിപ്ലവപ്രസ്ഥാനത്തിന്റെ എല്ലാ വശങ്ങളും കൂടുതല്‍ കൂടുതല്‍‌ ശക്തി സമ്പാദിച്ചതുകൊണ്ടുണ്ടായ പിന്തിരിപ്പന്‍മാരുടെ വിരോധം മാത്രമല്ലേ ഈ ദുഷ്പ്രചരണമെല്ലാം!

8 comments:

 1. ഇ എം എസ്സിനെപ്പറ്റി പോസ്റ്റുകള്‍ ചെയ്തുതുടങ്ങിയപ്പോള്‍ വ്യക്തിജീവിതത്തെപ്പറ്റി പറയില്ല എന്നായിരുന്നു വിചാരം. പക്ഷേ, വായിച്ചുതുടങ്ങിയപ്പോള്‍...
  ഇ എം എസ് അല്ല ഇന്നു പ്രശ്നം. ഇ എം എസ് എന്ന പേരിലറിയപ്പെടുന്ന നുണയാണ്. നട്ടെല്ലില്ലാത്ത പണ്ഡിതന്മാര്‍ക്ക് ഇ എം എസ് സ്തുതിപാടിയാല്‍ സ്ഥാനമാനങ്ങള്‍ തരമാവും എന്നു പറയുമ്പോള്‍... ആ അവസ്ഥയില്ലേ, അതാണ് ഇ എം എസ് എന്ന നുണ എന്നു ഞാന്‍ പറയുന്നത്. പക്ഷേ intemperate ഭാഷയ്ക്ക് അതൊന്നും ന്യായീകരണമല്ല. ചെറ്റത്തരം പോലുള്ള പദങ്ങളെ ഇ എം എസ്സിന്റെ ഇഷ്ടപ്രയോഗങ്ങള്‍ എന്നു പറഞ്ഞു വേണമെങ്കില്‍ ന്യായീകരിക്കാം. എം പി പോളിനും മുണ്ടശ്ശേരിക്കും ലൈംഗികഅരാജകത്വത്തിലാണ് താത്പര്യമെന്നു പറയുകയും നീചമായ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത ഇ എം എസ്സിനെ എന്തും പറയുകയും അതിനെ ന്യായീകരിക്കാവുന്നതേയുള്ളൂ. പക്ഷേ, അങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണെന്നു തിരിച്ചറിഞ്ഞ് ഞാനത് tone down ചെയ്യുന്നു.

  ReplyDelete
 2. മാഷേ, tone down ചെയ്യുന്നതും ചെയ്യാത്തതും നിങ്ങളുടെ ഇഷ്ടം. Party icons-നെ അധിക്ഷേപിക്കുന്നത് ഇന്ന് ദൈവങ്ങളെ അധിക്ഷേപിക്കുന്നതിനെക്കാള്‍ വലിയ കുറ്റമാണ്. ഏതെങ്കിലും മതത്തില്‍ ലൈംഗിക അരാജകത്വമാണെന്നു പറഞ്ഞാല്‍ ഒരു തമാശ കേട്ടതുപോലെ ആള്‍ക്കാര്‍ ചിരിക്കും, പാര്‍ട്ടിയില്‍ ലൈംഗിക അരാജകത്വമായിരുന്നു എന്നു കേട്ടാല്‍ തല്ലാന്‍ വരും. ആ നിലയിലാണ് നമ്മുടെ സഹിഷ്ണുത.

  ReplyDelete
 3. ഇതിനെ മതപണ്ഡിതന്മാരേപ്പോലെ ഇതിനെ വ്യാഖ്യാനിച്ച് ശരിയാക്കാൻ പണ്ഡിതരെപ്പോഴാണെത്തുക എന്നു കാത്തിരിക്കുകയാണ്‌ ഞാൻ.

  ReplyDelete
 4. അതിനു പ്രാപ്തി (തൊലിക്കട്ടി)യുള്ള ഒറ്റ സൈദ്ധാന്തികനേ ഉണ്ടായിരുന്നുള്ളൂ. അതാരാണെന്നു പ്രത്യേകം പറയേണ്ടല്ലോ.

  ReplyDelete
 5. കിടിലന്‍ സഖാക്കള്‍ ഫോളോവേഴ്സ് ലിസ്റ്റിലും മറ്റും ഉണ്ടായിട്ടും മറുപടിയിടാത്തത് അത്ഭുതപ്പെടുത്തുന്നു. കണ്ടമട്ടിന് പിന്നണിയില്‍ ഒരു വലിയ സന്നാഹം നടത്തുകയാണോ എന്ന് തോന്നുന്നു !

  ReplyDelete
 6. പ്രസിദ്ധനായ ഒരു ഹാസസാഹിത്യകാരന്‍ പറഞ്ഞതായി കേട്ടിട്ടുള്ള കഥ:-
  കല്യാണാലോചന തകൃതിയായി നടക്കുന്നു. വരന്‍ some man.
  ഉടന്‍ വന്നു, മറുപടി: പാടില്ല!
  .....
  അടുത്തതായി ആലോചിച്ചത്. വരന്‍ ബ്രാഹ്മണന്‍.
  മറുപടി: പാടില്ല!
  ....
  ...
  അടുത്തതായി വരന്‍ ഒരു നമ്പൂതിരി.
  അതേ മറുപടി. പാടില്ല!
  ....
  ....
  ...
  ...
  അടുത്തതായി വരന്‍ some നമ്പൂതിരിപ്പാട്.
  ഇത്തവണ മറുപടി: ആവാം!?

  ReplyDelete
 7. emsine polulla anishyedyanaya oru nethavine apakeerthippeduthunna reethiyil blogukal prasudheekarikkunnathu thikachum lajjakaramanu suhrythe

  ReplyDelete
 8. സംസ്കൃതം പഠിച്ചത് വരെ തെറ്റായി പോയി എന്ന് പില്‍കാലത്ത് പറഞ്ഞ ഇ.എം.എസ്സിനോട് ഈ ബ്ലോഗ്ഗിന്റെ ഉടമയ്ക്കുള്ള വിദ്വേഷം മനസ്സിലാവുന്നില്ല..വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു..ഇതിലൊന്നും പുതുതായി ഒന്നുമില്ല..ഇ.എം.എസ് കംമുനിസത്തിലെ അവസാന വാക്കല്ല..പലര്‍ക്കും എന്നപോലെ ഇ.എം.എസ്സിനും തെറ്റ് പറ്റിയിട്ടുണ്ട്..ഇവിടെ ആരോപിക്കുന്ന വിഷയങ്ങള്‍ക് തീരെ നിലവാരം പോര..എന്തായാലും ഒരു "പൈങ്കിളി" യെ വസ്തുനിഷ്ട്ടം എന്ന് തോന്നിക്കുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു :)

  അതാണ്‌ ഇ.എം.എസ്സില്‍ നിന്നും ഞങ്ങള്‍ പഠിച്ചതും !

  ReplyDelete

Google Buzz Public Feed for Calicocentric --