Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

19 Dec 2009

നമ്പൂതിരിപ്പാട് ഫലിതം: വീണിടത്ത് കിടന്ന് ഉരുളുന്ന ഇ എം എസ് അല്പത്തരം

സമ്പൂര്‍ണ്ണകൃതികള്‍ മറിച്ചുനോക്കുന്തോറും നമ്പൂതിരിപ്പാട് ഫലിതം കൂടുതല്‍ക്കൂടുതല്‍ അശ്ലീലമായിവരുന്നു. മണ്ടത്തരവും വിവരക്കേടും ഈ വിധം അശ്ലീലമാവുമെന്നു വിചാരിച്ചില്ല. 1980-ല്‍ ഇ എം എസ് ഒരു ചോദ്യത്തിന് ഉത്തരം നല്കിയതാണ് ചിത്രമായി ചേര്‍ത്തിരിക്കുന്നത്. ഇ എം എസ് നടത്തിയ പരിഭാഷയിലെ ഒരു വൈകല്യത്തെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ആശയപ്പാപ്പരത്തിന് ഉദാഹരണമായി വേണു തന്റെ ഒരു പുസ്തകത്തില്‍ പറഞ്ഞതിനെപ്പറ്റിയാണ് ഒരു സംഘം വിദ്യാര്‍ത്ഥികളുടെ ചോദ്യം.


From previous philosophy there remains “the science of thought and its laws—formal logic and dialectics.”
എന്ന ലെനിന്റെ വാക്യത്തെ നമ്പൂതിരിപ്പാട് പരിഭാഷ ചെയ്തത്
"ഭൂതകാല ദര്‍ശനങ്ങളില്‍ ബാക്കിനില്ക്കുന്നത് ചിന്തയുടെയും അതിന്റെ നിയമങ്ങളുടെയും ശാസ്ത്രമായിരിക്കും- യുക്തിയുടെ രൂപങ്ങളും വൈരുധ്യ ദര്‍ശനവും."
ഇതില്‍ ഫോര്‍മല്‍ ലോജിക് എന്നതിനെ യുക്തിയുടെ രൂപങ്ങള്‍ ('യുക്തിയുടെ രൂപഭേദങ്ങള്‍' എന്നാണ് താന്‍ പറഞ്ഞതെന്ന സൂചനയും നമ്പൂതിരിപ്പാട് തരുന്നുണ്ട്, ശരിക്കും പറഞ്ഞത് ഏതാണാവോ) എന്നു മൊഴിമാറ്റിയതിനെപ്പറ്റിയാണ് വേണു വിമര്‍ശിക്കുന്നത് എന്നാണു മനസ്സിലാവുന്നത്. രൂപപരമായ ലോജിക് എന്നതിനെ യുക്തിയുടെ രൂപങ്ങള്‍ എന്ന് ദാര്‍ശനിക പാപ്പരത്തം അനുഭവിക്കുന്ന  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ താത്ത്വികാചാര്യന്‍ തെറ്റായി എടുക്കുന്നു.

നമ്പൂതിരിപ്പാടിന്റെ നിരക്ഷരത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദാര്‍ശനികമായ പാപ്പരത്തിന്റെ ദൃഷ്ടാന്തമായിക്കണ്ട വേണു വേറെക്കുറെ കാര്യങ്ങള്‍ പറയുന്ന മറ്റൊരു ദൃഷ്ടാന്തമാണ്. പച്ചവിവരക്കേടിനെ പച്ചവിവരക്കേടായി കാണാനുള്ള കഴിവില്ലായ്മ. ('സംപ്രത്യയപരമായ ദമിതാവസ്ഥ?' കടപ്പാട്, പി കെ പോക്കര്‍ഡോട്ട്കോം) നമ്പൂതിരിപ്പാടിന്റെ പച്ചമണ്ടത്തരത്തെ Marxist cant ഉപയോഗിച്ച് വിവരിക്കുമ്പോള്‍ ആ പച്ചവിവരക്കേടിനു സിദ്ധിക്കുന്നത് സംവാദത്തിന്റെ ലോകത്ത് അതിനൊരിക്കലും കിട്ടാന്‍ പാടില്ലാത്ത നിലനില്പാണ്.
നമ്പൂതിരിപ്പാടിന്റെ പച്ചവിവരക്കേടിന് ഏറ്റവും പറ്റിയ ഉദാഹരണമല്ല ഈ വികലപരിഭാഷ. എന്നാല്‍ ചോദ്യത്തിനുത്തരം പറയുന്നതിന്റെ കൂട്ടത്തില്‍ വേണുവിനെ കളിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നമ്പൂതിരിപ്പാട് പറയുന്ന കാര്യങ്ങള്‍ നമ്പൂതിരിപ്പാടിന്റെ അല്പത്തരത്തിനുള്ള തരക്കേടില്ലാത്ത ദൃഷ്ടാന്തമാണ്.
വേണുവിനെതിരായി നമ്പൂതിരിപ്പാട് ഒന്നാമതായി പറയുന്നത് ലോജിക് എന്ന പദത്തെ മലയാളമാക്കിയില്ല എന്നാണ്. ലോജിക് എന്ന പദം എല്ലാ മലയാളികള്‍ക്കും അറിയാമെന്നാണോ വേണു കരുതുന്നതെന്നാണ് നമ്പൂതിരിപ്പാട് ചോദിക്കുന്നത്.
ഏതായാലും കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടെ ദാര്‍ശനിക പാപ്പരത്തത്തിന് ഉദാഹരണം തേടി പുറപ്പെട്ട ഈ താത്വികാചാര്യന്‍ ലോജിക് എന്ന ഇംഗ്ലീഷ് പദത്തിന് മലയാളം കണ്ടുപിടിക്കാന്‍ കഴിയാതെ വിമര്‍ശിച്ചിട്ടുള്ളത് രസകരമായിരിക്കുന്നു.
ഇത്ര തുച്ഛമായ ഒരു കാര്യം പറയാന്‍ അത്ര അല്പനായ ഒരാള്‍ക്കേ കഴിയൂ. ഈ അല്പത്തരം രണ്ടു തവണ പറഞ്ഞുറപ്പിച്ചേ നമ്പൂതിരിപ്പാട് അടങ്ങുന്നുള്ളൂ. ലോജിക് എന്ന സംജ്ഞകൊണ്ട് വിവക്ഷിതമാവുന്ന കാര്യം പറയാന്‍ എഴുത്തിലായാലും പറച്ചിലിലായാലും കേരളത്തില്‍ മുഖ്യമായി ഉപയോഗിക്കപ്പെടുന്ന പദം ലോജിക് എന്നതു തന്നെയാണ് ഈ സൈദ്ധാന്തികന് അറിഞ്ഞുകൂടേ? യുക്തിയെന്നോ തര്‍ക്കമെന്നോ തര്‍ക്കവിദ്യയെന്നോ തര്‍ക്കശാസ്ത്രമെന്നോ ന്യായശാസ്ത്രമെന്നോ മാറിയും മറിഞ്ഞും വരുന്ന പദങ്ങള്‍ എല്ലാം ചേര്‍ന്നാലും (ഉപയോഗത്തിന്റെ വ്യാപ്തിയിലും പ്രയോജനത്തിലും) ലോജിക്കിനൊപ്പമെത്തില്ലെന്ന കാര്യം അറിഞ്ഞുകൂടെങ്കില്‍ ഈ അല്പജ്ഞന്‍ വായാടിത്തം കുറയ്ക്കുകയെങ്കിലും വേണമായിരുന്നു.
തര്‍ജ്ജമ ചെയ്യുന്നത് പാണ്ഡിത്യപ്രകടനത്തിനല്ല എന്നു പറഞ്ഞുകൊണ്ടാണ് നമ്പൂതിരിപ്പാട് തുടങ്ങുന്നത്. വേണു ചെയ്യുന്നത് വെറുമൊരു പദാനുപദതര്‍ജ്ജമയാണ്. പാണ്ഡിത്യ പ്രദര്‍ശനം നടത്തുന്നത് വാസ്തവത്തില്‍ formal logic നെ മലയാളിക്കു മനസ്സിലാക്കിക്കാനായി വ്യാഖ്യാനം ചമയ്ക്കുന്ന നമ്പൂതിരിപ്പാടാണ്. ലോജിക് എന്നതു മനസ്സിലാകാത്ത മലയാളിക്ക് യുക്തിയുടെ രൂപഭേദങ്ങള്‍ എന്നു പറഞ്ഞാല്‍ formal logic ന്റെ അര്‍ത്ഥം പിടികിട്ടുമെന്നു വിശ്വസിക്കണമെങ്കില്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെപ്പോലെ മൂഢനാവണം.
ഏതായാലും അവസാനം നമ്പൂതിരിപ്പാട് സ്വയം കുഴികുഴിച്ചുവെയ്ക്കുന്നുമുണ്ട്:
ഫോര്‍മല്‍ എന്ന ഇംഗ്ലീഷ് പദം ഉപയോഗിക്കുമ്പോള്‍ ഇംഗ്ലീഷ് അറിയാവുന്ന വായനക്കാര്‍ക്കു മനസ്സിലാവുന്ന കാര്യം രൂപപരമായ എന്ന മലയാളം പ്രയോഗിച്ചാല്‍ ഇംഗ്ലീഷ് അറിയാത്ത മലയാളികള്‍ക്കു മനസ്സിലാവുമോ? ഇല്ലെന്നാണ് എനിക്കു തോന്നുന്നത്.
ഇതു നമ്പൂതിരിപ്പാട്  പറയുന്നത് ശരിയാണ്. എന്നാല്‍ ഇതേപോലെ formal logic എന്ന പദത്തെ യുക്തിയുടെ രൂപഭേദങ്ങള്‍ എന്നു വികലമായി മൊഴിമാറ്റിയതുകൊണ്ട് രൂപപരമായ ലോജിക്കെന്ന അര മൊഴിമാറ്റത്തിലും കവിഞ്ഞ് ഒരു ചുക്കും കൂടുതല്‍ തെളിയുന്നില്ലെന്നു സമ്മതിക്കാനുള്ള മാന്യത ഇല്ലായ്മയും ലോജിക്കിനു മലയാളം പറയാന്‍ പറ്റാത്തത്തിന് വേണുവിനെ കളിയാക്കാന്‍ ശ്രമിക്കുന്ന അല്പത്തരവുമാണ് ശരിയല്ലാത്തത്.

അടുത്ത നമ്പൂതിരിപ്പാട് ഫലിതം- ഇ എം എസ്സും ചൈനയിലെ പെണ്ണുങ്ങളുടെ പേറും

No comments:

Post a Comment