Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

28 Mar 2010

സി പി എമ്മും സൈബര്‍ക്രൈമും- ജനാധിപത്യവിശ്വാസികള്‍ ശ്രദ്ധിക്കുക

പിണറായി വിജയന്റെ വീടെന്ന വ്യാജേന ഇമെയിലില്‍ പ്രചരിച്ച വിവരത്തെപ്പറ്റി പൊലീസിനെക്കൊണ്ട്  നടപടിയെടുപ്പിച്ച് പിണറായി വിജയനും സി പി ഐ (എം) എന്ന ജനാധിപത്യവിരുദ്ധ സംഘടനയും ഒരു കാര്യത്തില്‍ വിജയിച്ചു, ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ മനസ്സില്‍ ഭയം നിറയ്ക്കാന്‍. ഇങ്ങനെ ഭയമുണ്ടായാലുള്ള മെച്ചം സി പി എം നേതാക്കന്മാരെപ്പറ്റി പറയാന്‍ ബ്ലോഗെര്‍മാരാരും ധൈര്യപ്പെടില്ല. നവസാക്ഷരയുടെ മുറിഇംഗ്ലീഷില്‍ ഗഹനമായ ആശയങ്ങളെന്നു ധരിച്ച് വങ്കത്തരം വിളമ്പി  നാണംകെടുന്ന വനിതാ നേതാവിന് ഒരു സര്‍വ്വകലാശാല ഡോക്റ്ററേറ്റ് നല്കിയാല്‍ പോലും അതൊന്നും ബ്ലോഗിലോ ഗ്രൂപ്പുകളിലോ ചര്‍ച്ചയാവാതെ കഴിക്കാം.  ഇതാ എട്ടാം പ്രതിയെക്കൂടി പിടിച്ചത്രെ. ദേശാഭിമാനി വിവരിക്കുന്നു. തനിക്കു കിട്ടിയ ഒരു മെയില്‍ ഏതോ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തതിന്റെ മാത്രം പേരിലാണ് ഇയ്യാളെ ചെന്നൈ വിമാനത്താവളത്തില്‍നിന്നു പിടികൂടി കേരളത്തിലേക്കു കൊണ്ടുപോരുന്നത്. വിമാനത്താവളത്തില്‍ കണ്ടവരുണ്ടോ എന്ന പരസ്യം പതിച്ചിരുന്നത്രെ.




തനിക്കു കിട്ടിയ ഒരു ഇമെയില്‍ ഫോര്‍വേഡ് ചെയ്തു എന്നതിന് ഒരു വ്യക്തിയെ ഈ വിധത്തില്‍ വേട്ടയാടുന്നത് നേരും നെറിയുമുള്ള ഒരു ജനാധിപത്യസര്‍ക്കാറിന് ചേരുന്ന കാര്യമല്ല. വിപ്ലവവായാടിത്തരം പുലമ്പുന്ന സി പി എം നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിടാവുന്ന നിയമമൊക്കെ നമ്മുടെ നാട്ടിലില്ലേ. ഇവരുടെയൊക്കെ ദുര്‍ഭാഷണം കേട്ട് ഇവരെ ജയിലിടണമെന്ന് ആരെങ്കിലും ആവശ്യപ്പെടാറുണ്ടോ?
ബ്ലോഗും ഫെയ്സ്ബുക്കും ട്വിറ്ററും നെറ്റ്ലോഗും Hi5ഉം ഒക്കെയായി ഇന്റെര്‍നെറ്റില്‍ നിരങ്ങുന്ന പു ക സ കവിയായ ഒരു സി പി അബൂബക്കര്‍ വിവരംകെട്ട ഭാഷയില്‍  ലിറ്റററി എഡിറ്റോറിയല്‍  എന്ന വ്യാജേന പ്രധാനമന്ത്രിക്കെതിരെ വ്യാജമായ കാര്യങ്ങള്‍ ആരോപിച്ച് നികൃഷ്ടമായി വ്യക്തിഹത്യ നടത്തിയാല്‍ അത് അഭിപ്രായസ്വാതന്ത്ര്യം. അതിനെപ്പറ്റി ഇവിടെ പറയുന്നു.
Foul-mouthed politician in the guise of literary editor
എന്നാല്‍ കാലിക്കോസെന്‍ട്രിക്കെന്ന ഈ ബ്ലോഗെര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലറുടെ അക്കാഡമിക് യോഗ്യത ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റെഴുതിയാല്‍ അതു സൈബര്‍ക്രൈം. അതിനെപ്പറ്റി യൂനിവേഴ്സിറ്റി സൈബര്‍ ക്രൈം പൊലീസിന് പരാതി നല്കിയെന്നു പത്രത്തോടു പറയുന്നത് വലിയ വായില്‍ ജനാധിപത്യത്തെക്കുറിച്ച് പുലമ്പുന്ന പു ക സ കവിതന്നെ! പത്രവാര്‍ത്ത ഇവിടെക്കാണാം.  വിരോധമുള്ളവരെ നേരിടാനും എതിരഭിപ്രായങ്ങള്‍ ഉണ്ടാവുന്നത് തടയാനും എന്തു ജനാധിപത്യം ധ്വംസനവും നടത്താന്‍ തയ്യാറുള്ള ഒരു പ്രസ്ഥാനം നഗ്നമായ അധികാരദുര്‍വിനിയോഗം നടത്തുകയാണ്.
ഇതൊക്കെ അനുവദിച്ചുകൊടുത്താല്‍ പിന്നെയെന്ത് ജനാധിപത്യം? പിന്നെയെന്ത് അഭിപ്രായ സ്വാതന്ത്ര്യം?
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സാര്‍വ്വലൌകികസ്നേഹഗായകന്‍ പു ക സ കവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാളെ എന്നെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവാം. എന്റെ മുറിക്കുള്ളില്‍നിന്നും കമ്പ്യൂട്ടറിനുള്ളില്‍നിന്നും കിട്ടിയ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ നിരോധന ഉറകളുടെ എണ്ണാവണ്ണങ്ങളും ബ്ലൂഫില്മുകളുടെ രുചിവൈവിധ്യവും ആ ഫാഷിസ്റ്റ് പത്രത്തില്‍ എന്റെ അംശദേശങ്ങളുടെ വിവരത്തോടെ പ്രസിദ്ധീകരിക്കാം. (പത്തുകൊല്ലം മുമ്പ് എന്നെ അങ്ങനെ ആദരിച്ചിട്ടുണ്ട് അവര്‍.) സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു നൈറ്റ് വിജിലിന്റെ ഇടയ്ക്ക് സാമൂഹ്യപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരന്റെ ചുമലിലോ മാറിലോ ചാരിയിരുന്നതിന് പിറ്റേന്ന് ചൂലുമായി അവിടെ അടിച്ചുതളി നടത്താന്‍ വനിതാനേതാക്കളെയെത്തിച്ച പ്രസ്ഥാനമാണ്.  എന്റെ കയ്യിലുള്ള പല ചലച്ചിത്രങ്ങളും അവരുടെ കണ്ണില്‍  hardcore porn ആയിരിക്കും.  Obscure Object of Desire പോലുള്ള നീലച്ചിത്രങ്ങള്‍ മുന്‍പില്‍ നിരത്തിവെച്ച  പ്രതിയുടെ ഒരു ചിത്രവും ചിലപ്പോള്‍ മഞ്ഞപ്പത്രം പ്രസിദ്ധീകരിക്കാം.
ഏതു തെമ്മാടിത്തരത്തിനും കുറെ നട്ടെല്ലില്ലാ ജീവികളുടെ ദൃഢമൂകമായ പിന്തുണയും ഇവര്‍ക്കുണ്ടാവും. 
പിണറായി വിജയന്റെ വീടിന്റെ ചിത്രം എന്നു പറഞ്ഞു കള്ളച്ചിത്രം പ്രചരിപ്പിച്ചവന്‍ സി പി എമ്മിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകളുടെ മൂത്രപ്പുരയ്ക്കകത്ത് കേമറ വെച്ചു വീഡിയോ ഷൂട്ട് ചെയ്തവനെക്കാള്‍ വലിയ കുറ്റവാളിയായിരിക്കും. എത്രയോ വ്യാജ മെയിലുകള്‍ ദിവസവും നൂറായിരം പകര്‍‌പ്പുകളായി എക്കൌണ്ടുകളില്‍നിന്ന് എക്കൌണ്ടുകളിലേക്കു സഞ്ചരിക്കുന്നു. പലരും അവ കണ്ടപാടേ വിശ്വസിച്ച് ഗ്രൂപ്പുകളിലേക്കോ കോണ്‍റ്റാക്റ്റ് ലിസ്റ്റിലെ അംഗങ്ങള്‍ക്കോ ഫോര്‍വേഡ് ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യ, പുതിയ നിയമങ്ങള്‍. അവയെക്കുറിച്ചൊന്നും ആളുകള്‍ക്കു ബോധം നല്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. പിണറായി വിജയന്റെ വീട് മുന്‍പേ പത്രത്തില്‍ വാര്‍ത്തയായതാണ്. ആ വീടെന്നു പറഞ്ഞു കിട്ടിയ മെയില്‍ എത്രയോ വിവരദോഷികള്‍ നിഷ്കളങ്കമായും അല്ലാതെയും ആര്‍ക്കൊക്കെയോ അയച്ചുകൊടുത്തുകാണും. ഇവര്‍ നിജസ്ഥിതി പരിശോധിക്കാതെ അയച്ചുകൊടുക്കാന്‍ പാടില്ലായിരുന്നു എന്നു പറയാം. അയച്ചുകൊടുത്തെങ്കില്‍ നിയമത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ കുറ്റക്കാരുമാണ്. നിയമം ഭരിക്കുന്നവര്‍ക്ക് ജനത്തെ പീഡിപ്പിക്കാനും ഭയപ്പെടുത്തി വിമര്‍ശനത്തെ ഇല്ലാതാക്കാനുമാണെങ്കില്‍ ഇങ്ങനെയൊക്കെത്തന്നെയാണ് അവര്‍ നിയമത്തെ വ്യാഖ്യാനിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
എന്നാല്‍ ഇതേ ഐ റ്റി നിയമം അനുസരിച്ച് പ്രൊപ്രയറ്ററി സോഫ്റ്റ്വെയര്‍ ക്രേക്ക് ചെയ്ത് ഉപയോഗിക്കുന്നതും കുറ്റകരമാവണമല്ലോ.  ക്രേക്ക് ചെയ്ത സോഫ്റ്റ്വെയര്‍  എത്രയോ സര്‍ക്കാര്‍ ആപ്പീസുകളില്‍ ഉപയോഗിക്കുന്നു. സി പി എം ആപ്പീസിലും സി പി എം നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നു. ഈ എട്ടാം പ്രതിയെ പിടികൂടി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുറ്റവാളിയായി അവതരിപ്പിക്കുന്ന പൊലീസ് സി പി എം നിയന്ത്രണത്തിലുള്ള ആപ്പീസുകള്‍ റെയ്ഡ് ചെയ്ത് അവിടെയുള്ള കമ്പ്യൂട്ടറുകളിലെ ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗത്തെ കുറ്റകൃത്യമായി കണ്ട് സംസ്ഥാനസെക്രട്ടറിയെ കുറ്റവാളിയായി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുമോ? 
Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code used for a computer, computer programme, computer system or computer network, when the computer source code is required to be kept or maintained by law for the time being in force, shall be punishable with imprisonment up to three years, or with fine which may extend up to two lakh rupees, or with both. 
സി പി എം മുതലാളി നടത്തുന്ന സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളൊക്കെ ഫ്രീ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഓടുന്നവയൊന്നുമല്ലല്ലോ. അവിടെയൊക്കെ കാശുകൊടുത്തുവാങ്ങിയ സോഫ്റ്റ്വെയര്‍ മാത്രമേ ഉപയോഗിക്കുള്ളൂ എന്നുമില്ലല്ലോ. പകരം ഐ റ്റി ആക്റ്റ് പ്രകാരം മൂന്നുകൊല്ലം വരെ തടവും രണ്ടുലക്ഷം വരെ പിഴയും കിട്ടാവുന്ന കുറ്റം ചെയ്തുകൊണ്ട് ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടല്ലോ?
നിയമം ന്യായാന്യായവിവേചനശേഷിയോടെ എടുത്തു പ്രയോഗിക്കേണ്ടതാണ്. ഇവിടെ പക്ഷേ നിയമം ഏതെങ്കിലും നിരപരാധികളെ വേട്ടയാടിപ്പിടിച്ച് ഭയത്തെ വിതയ്ക്കാനും വിരുദ്ധാഭിപ്രായങ്ങളെ നുള്ളിക്കളയാനും  ദുരുപയോഗം ചെയ്യുകയാണ്. ഇതു ജനാധിപത്യവിരുദ്ധമാണ്. അസഹിഷ്ണുത നിറഞ്ഞ ഒരു പ്രസ്ഥാനത്തിന്റെ സ്വേച്ഛാപ്രമത്തതയാണ്. 
ജനാധിപത്യമൂല്യങ്ങള്‍ ജീവവായുപോലെ ആവശ്യമുള്ളവര്‍ ഇതിനെ എന്തുവിലകൊടുത്തും ചെറുക്കണം. ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യാനും നടപടികള്‍ സ്വീകരിക്കാനും ജനാധിപത്യതത്പരരെ ക്ഷണിക്കുന്നു. ഈ സന്ദേശം സമാനമനസ്കരുടെ ഇടയില്‍ ചര്‍ച്ചചെയ്യണമെന്ന് താത്പര്യപ്പെടുന്നു.

19 Mar 2010

സി പി എം മറന്ന ഇ എം എസ് നമ്പൂതിരിപ്പാട്

ഇന്ന് ഇ എം എസ് ചരമദിനമാണല്ലോ. സംസ്ഥാനകമ്മിറ്റിയുടെ വക വഴിവാട് പുഷ്പാര്‍ച്ചനയല്ലാതെ ഒന്നും ഉണ്ടായതായി കാണുന്നില്ല. സി പി എം കേന്ദ്രകമ്മിറ്റിയുടെ വെബ്‌സൈറ്റിലും ഒന്നും കാണാനില്ല. കഴിഞ്ഞ വര്‍ഷം യുവബുദ്ധിജീവികളുടെ ഈ ഫോറം ഓര്‍ത്തത് ആര്‍ക്കൈവിലുണ്ട്. ഇത്തവണ അവര്‍ ഓര്‍ത്തതേയില്ലെന്നു തോന്നുന്നു. കേരള സമൂഹത്തിനുമേല്‍ കെട്ടിവെയ്ക്കപ്പെട്ട ഈ വ്യക്തിത്വം ഒരു പന്തീരാണ്ടുകാലം തികച്ച് പാര്‍ട്ടിക്കാരുടെ ഓര്‍മ്മയില്‍പ്പോലും ശേഷിച്ചില്ലെന്നു തോന്നുന്നു.
അവസരവാദത്തിന്റെ കാലാനുക്രമമായ വളര്‍ച്ചയുടെ ലിഖിതരേഖയെന്ന് പറയാം സമ്പൂര്‍ണ്ണകൃതികളെ. 1995-ല്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കലാണ് പാര്‍ട്ടി ലക്ഷ്യമെന്ന് പറഞ്ഞ ഇ എം എസിനെപ്പറ്റി 1974 ലെ ഇ എം എസ് പറയുന്നത് ഇപ്രകാരം.
മുതലാളിത്തം സമാധാനപരമായി സോഷ്യലിസത്തിലേക്ക് നീങ്ങുമെന്ന് ബഹുജനങ്ങളോട് പറയുന്നത് അവരെ വഞ്ചിക്കുകയാണ്. (സഞ്ചിക 43, പേജ് 57)
സി പി എം ലക്ഷ്യം- ശങ്കരഭാഷ്യം എന്ന പോസ്റ്റില്‍ സ്കേന്‍ചെയ്തു ചേര്‍ത്ത ചോദ്യോത്തരത്തിലെ പ്രസക്തമായ പേജ് 1974 ലെ വിപ്ലവം സമാധാനപരമാവുമോ? എന്ന ചോദ്യോത്തരവുമായി ചേര്‍ത്തുവായിക്കുക.

1974 ല്‍ നല്കിയ മറുപടി ഇതാ:



ഈ പെറ്റിഷനില്‍ ഒപ്പുവെയ്ക്കാന്‍ ക്ഷണിക്കുന്നു.




15 Mar 2010

സി പി ഐ (എം) ലക്ഷ്യമെന്ത്? ശങ്കരഭാഷ്യം

സി പി ഐ (എം) എന്ന പാര്‍ട്ടിയുടെ പരിപാടി ഇന്ത്യയില്‍ വിപ്ലവം നടത്തുകയും എന്തൊക്കെയോ പേരിലുള്ള ചില പ്രത്യേക ജാതി ഭരണകൂടം സ്ഥാപിക്കുകയും പണക്കാരെയൊക്കെ പാപ്പരാക്കുകയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ അധികാരത്തിലെത്തിക്കുകയും ഇതിനൊക്കെയായി ചോരച്ചാലുകള്‍ നീന്തിക്കേറുന്ന ചില ഇടപാടുകളൊക്കെ ചെയ്യുകയും ആണെന്നൊക്കെ ധരിച്ചുവെച്ചിരിക്കുന്ന കുറെ വിവരദോഷികളുണ്ട്,  പാര്‍ട്ടിയിലും നാട്ടിലും. 1995ല്‍ ചിന്തയില്‍ ഒരു ചോദ്യത്തിനുത്തരമായി ഇ എം എസ് നമ്പൂതിരിപ്പാട് കൊടുത്ത മറുപടി വായിച്ച് ഇവരൊക്കെ വിപ്ലവക്കഞ്ഞി അടുപ്പത്തുനിന്നു വാങ്ങിവെച്ചേയ്ക്കെട്ടെ എന്നുമാത്രം തത്കാലം പറയുന്നു. 
പിടിച്ചൊതുക്കിക്കളഞ്ഞില്ലായിരുന്നെങ്കില്‍  ജീവിതത്തിന്റെ അത്രയും കാലം ചെയ്തതിനെയെല്ലാം വെല്ലുന്ന ഒരു സദ്പ്രവൃത്തി പ്രിയ ഗോര്‍ബി സഖാവിനെപ്പോലെ നമ്മുടെ സഖാവും ചെയ്യില്ലായിരുന്നെന്ന് ആരു കണ്ടു! 

സി പി (ഐ) എം ന്റെ ലക്ഷ്യം എന്ത്? എന്ന പോസ്റ്റ് ഇതിന്റെ കൂടെ വായിക്കുക.

ഇവിടെ ഒരു ഒപ്പ് വെയ്ക്കാന്‍ മറക്കല്ലേ...

14 Mar 2010

ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക

ഈ വര്‍ഷം ജനുവരി മാസത്തില്‍ ലെഫ്റ്റ് വേഡ് എന്ന പ്രസാധക സ്ഥാപനം ഇ എം എസ് നമ്പൂതിരിപ്പാടിന്റെ  History, Society and Land Relations, Selected Essays എന്നൊരു പുസ്തകം
പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ വിശേഷത അതിന്റെ കോപ്പിറൈറ്റിനെ സംബന്ധിച്ചതാണ്. ക്രിയേറ്റീവ് കോമണ്‍സ്  ആട്രിബ്യൂഷന്‍-ഷെയര്‍ എലൈക് 2.5 ഇന്‍ഡ്യ എന്ന ലൈസെന്‍സോടെയാണ് അതു പ്രസിദ്ധീകരിച്ചത്. ആര്‍ക്കും ആ പുസ്തകം ഏതു രൂപത്തിലും പ്രസിദ്ധീകരിക്കാം, ഉള്ളടക്കം മാറ്റാം. അത് ഇ എം എസ് കൃതിയാണെന്നു വ്യക്തമാക്കണമെന്നു മാത്രം. പ്രസാധകരുടെ അനുമതി തേടുകപോലും വേണ്ട. 

പുസ്തകത്തിന്റെ ഈ പേജ് കാണുക.
ഈ ലൈസെന്‍സ് ഫലപ്രദമാവണമെങ്കില്‍ പുസ്തകത്തിന്റെ ഒരു ഡിജിറ്റല്‍ കോപ്പി വേണം. അതു പക്ഷേ പ്രസാധകര്‍ ലഭ്യമാക്കിയിട്ടില്ലെന്നു തോന്നുന്നു. അച്ചടിച്ചതിന്റെ ചെലവ് തിരിച്ചുകിട്ടിയശേഷം ഒരു പക്ഷേ അവര്‍ ലഭ്യമാക്കുമായിരിക്കും. 
ഇവിടെ ശ്രദ്ധേയമായൊരു വസ്തുത, ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാവേണ്ടതിന്റെ ആവശ്യകതയാണ്. ഇക്കാലത്ത് ഗവേഷണത്തിന് ഇതു കൂടിയേ കഴിയൂ. ഇ എം എസ് കൃതികളുടെ കോപ്പിറൈറ്റ് കൈവശം വെച്ചിരിക്കുന്നത് സി പി ഐ (എം) ആണ്. അവര്‍ വിചാരിച്ചാല്‍ ഇ എം എസ് കൃതികള്‍ നിഷ്പ്രയാസം ഓണ്‍ലൈനായി ലഭ്യമാക്കാം.
മാറിയ കാലത്തെ പുതിയ ആവശ്യകത മനസ്സിലാക്കുന്നതിന്റെ സൂചനയാണ് മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ ലൈസെന്‍സ് എന്നു തോന്നുന്നു. എന്നാല്‍ മലയാളം പുസ്തകങ്ങളുടെ കാര്യത്തില്‍ കേരള സംസ്ഥാന കമ്മിറ്റി ഇത്തരമൊരു തിരിച്ചറിവ് നേടാന്‍ ഇനിയെത്ര വര്‍ഷം എടുക്കും?വാസ്തവത്തില്‍ സമ്പൂര്‍ണ്ണകൃതികള്‍ക്കുവേണ്ടി മുഴുവന്‍ റ്റെക്സ്റ്റും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടാവും എന്നിരിക്കെ ഒരു വിഷമവുമില്ലാതെ അവര്‍ക്ക് ചെയ്യാവുന്ന കാര്യമാണിത്. യൂനികോഡിലേക്ക് കണ്‍വേര്‍ട് ചെയ്ത്  searchable ആയ റ്റെക്സ്റ്റ് അപ്‌ലോഡ് ചെയ്യാന്‍ സെര്‍വറുകള്‍ പോലും ഇഷ്ടംപോലെ ലഭ്യമാണ്. ഉചിതമായ ലൈസെന്‍സ് നല്കുകയാണെങ്കില്‍ വിക്കിമീഡിയ ഫൌണ്ടേഷനെ സെര്‍വറുകള്‍ ഇവ ഹോസ്റ്റ് ചെയ്തോളും.   ഇങ്ങനെ ചെയ്യുന്ന പക്ഷം ഇ എം എസ് കൃതികളെപ്പറ്റി ഒരു amateur ഗവേഷണ ശാഖ തന്നെ ബ്ലോഗിലും personal websites ലുമായി വളര്‍ന്നു വരാനിടയുണ്ട്. അതാവട്ടെ പിന്നീട് മറ്റു മാധ്യമങ്ങളിലേക്കും പടര്‍ന്നുകയറുകയും ചെയ്യും.
ഇതിന് വേണ്ടപ്പെട്ട ആളുകളില്‍ പ്രേരണ ചെലുത്തുന്നതിന് സി പി ഐ എം അനുകൂല ബ്ലോഗെര്‍മാര്‍ ശ്രദ്ധിക്കണമെന്ന്  താത്പര്യപ്പെടുന്നു. വേണമെങ്കില്‍ ഇതിനായി ഒരു ഓണ്‍ലൈന്‍ പെറ്റിഷനും ഉണ്ടാക്കാവുന്നതാണ്. ഇതിന് ആരെങ്കിലും മുന്‍കൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു.

12 Mar 2010

ഡോക്റ്റര്‍ സിന്ധു ജോയ്- ഒരു വായനാനുഭവം

 Dr.Sindhu Joy's updates ....................
ഇത്ര unique ആയ ഒരു ബ്ലോഗ് ഞാനിതുവരെ കണ്ടിട്ടില്ല. എഴുതുന്ന ഓരോ വാക്യവും ഇത്രയും originality യോടുകൂടി എഴുതുന്ന ഒരെഴുത്തുകാരനെയോ എഴുത്തുകാരിയെയോ ഞാന്‍ കണ്ടിട്ടില്ല. ബ്ലോഗിന്റെ പേരില്‍ തന്നെ കാണുന്ന കുത്തുകളുടെ എണ്ണം നോക്കൂ. Ellipsis നെപ്പോലും periphrasis ആക്കി മാറ്റി ഭാഷയെ വിപ്ലവീകരിക്കുന്ന ഈ പുതുമ യുവതലമുറയെന്തേ ശ്രദ്ധിക്കാതെ പോവുന്നത്?
ഭാഷയുടെ വിപ്ലവീകരണത്തിന് ഒരുദാഹരണം ഇതാ:
My new-fangled niece Elaina.
(പുത്തന്‍‌ മരുമകള്‍ എലൈന എന്നു ഞാനിതിനെ മനസ്സിലാക്കട്ടെ? പക്ഷേ ആ മൌലികതയോടെ ഈ പ്രയോഗത്തെ പരിഭാഷപ്പെടുത്താന്‍ ആര്‍ക്കെങ്കിലുമാവുമോ?) 
വീണ്ടും നോക്കൂ, 
സിന്ധു ജോയ് കാഫ്കയുടെ കഥ വായിച്ചത്

അതില്‍നിന്ന് ഉജ്ജ്വലമാംവിധം മൌലികമായ ഭാഷാചാരുതകള്‍ ചിലതിതാ:
Dear friends, previous few days I was analysing as many literature as I can.
passionate novels like. Gone With The Wind- Margaret Mitchell... Romeo And Juliet- William Shakespeare Othello- William Shakespeare The Tempest- William Shakespeare.etc

at the moment I m dedicating my chock-full focus on franz kafkas writings to be grave I m at the moment researching on kafka
ഇത്ര മനോഹരമായ ഇംഗ്ലീഷ് അരുന്ധതി റോയിക്കുപോലും അപ്രാപ്യമായിരിക്കും.
ഞാന്‍ നേരത്തേ എഴുതിയത്:
"Living as of Sindhu Joy"
തന്റെ new-fangled niece ന്റെ പിറവിയെപ്പറ്റിയും ഡോക്റ്ററായി തന്റെ ജീവിതത്തില്‍ വന്ന alter നെപ്പറ്റിയുമൊക്കെ എഴുതുന്ന നമ്മുടെ ബ്ലോഗെര്‍ ഒരു പൂര്‍വ്വസൂരിയെ ഓര്‍മ്മിപ്പിക്കുന്നു. ഒഖില്‍ ചന്ദ്ര സെന്‍ ആണ് ആ ദേഹം. 1890(?)കളിലെപ്പോഴോ അദ്ദേഹം റെയില്‍വേ അധികാരികള്‍ക്കെഴുതിയ ഒരു കത്തിനെ തുടര്‍ന്നാണ് തീവണ്ടികളില്‍ കക്കൂസ് ഉണ്ടാക്കാന്‍ തുടങ്ങിയതെന്നൊക്കെയാണ് കഥ. അദ്ദേഹം ശരിക്കും ജീവിച്ചിരുന്ന വ്യക്തിയാണോ, അദ്ദേഹത്തിന്റേതായി പറയുന്ന jackfruit letter ശരിക്കുമുള്ളതാണോ എന്നതൊക്കെ സംശയാസ്പദമാണ്. 2002ല്‍ റ്റൈംസ് ഓഫ് ഇന്‍ഡ്യയില്‍ വന്ന ഒരു കുറിപ്പില്‍ ഇതിനെപ്പറ്റി പറയുന്നുണ്ട്. അത് ഇവിടെക്കാണാം.
Dear Sir,
I am arrive by passenger train at Abmedpur station and my belly is too much swelling with jackfruit. I am therefore went to privy. Just I doing the nuisance the guard making whistle blow for train to go off and I am running with lota in one hand and dhoti in the next. When
I am fall over and expose all my shockings to man and woman on platform. I am got leaved at Abmedpur station. This too much bad, if passengers go to make dung, the damn guard not wait train five minutes for him? I am therefore pray your honour to make big fine on that guard for public sake otherwise I am making big report to papers.
Yours faithfull servant
Okhil Ch Sen


പിന്നീട് ചേര്‍ത്തത് 
ഏപ്രില്‍ 10, 2010

9 Mar 2010

വനിതാദിനം, ദേശാഭിമാനി പരിഭാഷ, വൃന്ദ കാരാട്ട്

ഇത് ഒരു ചെറിയ കുറിപ്പാണ്, ച്ചാല്‍ ക്ഷുദ്രലേഖനം. വൃന്ദ കാരാട്ട് വനിതാദിനത്തെപ്പറ്റി പീപ്പ്ള്‍സ് ഡെമോക്രസിയിലെഴുതിയ ഒരു ലേഖനം ദേശാഭിമാനിയില്‍ പരിഭാഷപ്പെടുത്തി വന്നപ്പോള്‍ ചില ചെറിയ കൈത്തെറ്റുകള്‍ സംഭവിച്ചതിനെപ്പറ്റിയാണ്. മിസ് കാരാട്ടിനും പറ്റി ചില അബദ്ധങ്ങള്‍. ആ അബദ്ധം പരിഭാഷയിലെത്തിയപ്പോഴേക്കും വിപ്ലവവിരുദ്ധനായ കാലിക്കോസെന്‍ട്രിക്കിനെപ്പോലുള്ളവര്‍ക്കു ചിരിക്കാന്‍ വകയും ആയി. വനിതാ ദിനത്തിന്റെ സോഷ്യലിസ്റ്റ് പാരമ്പര്യം ആണ് പരിഭാഷ. മൂലകൃതി ഇവിടെ.  മാര്‍ക്സ് Kugelmann ന് അയച്ച കത്തുകള്‍ പലതും പ്രസിദ്ധമാണ്. അടിസ്ഥാന മാര്‍ക്സിസ്റ്റ് കൃതികള്‍ വായിച്ചിട്ടുള്ളവര്‍ക്ക് കൂഗെല്‍മേന്‍ (കൂഗിള്‍മേന്‍) എന്ന പേര് അപരിചിതമാവാനേ വയ്യ. പീ ഡെ യിലെ ലേഖനത്തില്‍ ഇദ്ദേഹത്തിന്റെ പേരിലെ ഒരക്ഷരം മാറിപ്പോയി. Kudelmann എന്ന്. വെറുമൊരു ടൈപ്പോ ആവാം. പക്ഷേ അതു ദേശാഭിമാനി പരിഭാഷിച്ചത് ഖുടേല്‍മാന്‍ എന്ന്! ഒരു ലഘുസൈദ്ധാന്തികന്റെയെങ്കിലും കാഴ്ചയില്‍പ്പെടാതെ ഈ പരിഭാഷ അച്ചടിക്കില്ലെന്നുറപ്പ്. Kugelmannനെ അറിയാത്ത ദേശാഭിമാനി സൈദ്ധാന്തികര്‍ക്ക് മാര്‍ക്സിസമെന്നു പറഞ്ഞാല്‍ കുഞ്ഞഹമ്മദെന്നേ അര്‍ത്ഥം വരാനിടയുള്ളൂ.

The date chosen was March 19 to commemorate the 1848 revolution when there was an armed uprising against the Prussian king. 
ഇതു പരിഭാഷചെയ്തപ്പോള്‍ പ്രഷ്യ റഷ്യയായിപ്പോയി. 
1848ല്‍ റഷ്യയില്‍ സായുധസമരം ആരംഭിച്ച മാര്‍ച്ച് 19ന്റെ വാര്‍ഷികനാളിലായിരുന്നു ഈ പ്രകടനങ്ങള്‍. 
നോക്കണം ദേശാഭിമാനി തര്‍ജ്ജന്യകന്‍ തിരുത്തിയതാണ്. 1848 ല്‍ റഷ്യയില്‍ വിപ്ലവം നടന്നിട്ടില്ലെന്ന് ദേശാഭിമാനിക്കാരന് അറിയാവുന്നതുകൊണ്ട് വിപ്ലവം എന്ന പദത്തെ കളഞ്ഞു.  എന്തു പ്റഷ്യ, ഏതു പ്റഷ്യ. റഷ്യയെ വിട്ടു കളിയില്ല!
(മേലെപ്പറഞ്ഞ ഖുടേല്‍മാന്‍ ഭാഷ്യവും പ്ര കളഞ്ഞ റഷ്യയുമാണ് പരിഹാസ്യമെന്നു പറഞ്ഞവ.)

മിസ് കാരാട്ട് പറയുകയാണ്:
In Tsarist Russia, women observed the day on the last Sunday of February (according to the Julian calendar but according to the Gregorian calendar used in the rest of the world the date was March 8. ) 
പരിഭാഷ ഇങ്ങനെയും:
സാറിസ്റ്റ് റഷ്യയില്‍, ജൂലിയന്‍കലണ്ടര്‍പ്രകാരം ഫെബ്രുവരിയിലെ അവസാന ഞായറാഴ്ചയാണ് വനിതാദിനം ആചരിച്ചിരുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ നിലനിന്ന ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ഇത് മാര്‍ച്ച് എട്ടിനായിരുന്നു.
ദേശാഭിമാനിക്കാരന് കാര്യമേ മനസ്സിലായിട്ടില്ല. അതു പോട്ടെ, മിസ് കാരാട്ട് പറയുന്ന വിധത്തില്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഫിബ്രവരിയിലെ അവസാനത്തെ ഞായറൊക്കെ ഗ്രിഗോറിയന്‍ കലെണ്ടര്‍ പ്രകാരം മാര്‍ച്ച് 8 ആവുന്ന സൂത്രമെന്താണ്? വ്യാഖ്യാനസാദ്ധ്യതകള്‍ ഏറെ. കൊഴണാശ്ശേരിക്കാരും ചേലനാട്ടുകാരും ഒരു കൈ നോക്കുന്നോ?

5 Mar 2010

സ്ത്രീധനം വാങ്ങിയതിനെ ന്യായീകരിക്കാന്‍ ഇ എം എസ് പറഞ്ഞ വേറൊരു നുണ

ഈ വിഷയത്തില്‍ രണ്ടു പോസ്റ്റുകള്‍ നേരത്തേ എഴുതിയിരുന്നു.
ഒരു കമ്യൂണിസ്റ്റ് നമ്പൂതിരിയുടെ ആചാരവിപ്ലവം അഥവാ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ വേളി
ഇ എം എസ് എന്തു സ്ത്രീധനം വാങ്ങിയെന്നറിയുമോ സഗാവേ? 
എന്നിങ്ങനെ.
അതില്‍ പരാമര്‍ശിച്ചതും താന്‍ സ്ത്രീധനം വാങ്ങിയതിനെ നമ്പൂതിരിപ്പാട് ന്യായീകരിക്കുന്നതുമായ  മറുപടി ചിന്തയില്‍ 1985ല്‍ പ്രസിദ്ധീകരിച്ചതില്‍ ഇപ്രകാരം പറയുന്നു:

സാമൂഹ്യ പരിഷ്കാര പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങിയത് കൂട്ടുകുടുംബവ്യവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ രൂപത്തിലാണ്. 1958-ല്‍ പാസാക്കിയ മദിരാശി മരുമക്കത്തായ (ഭേദഗതി) നിയമം കേരള നമ്പൂതിരി നിയമം എന്നിവയാണ് ഈ പരിഷ്കരണത്തിന് അവസരം കുറിച്ചത്.
മക്കത്തായ-മരുമക്കത്തായ വ്യത്യാസമില്ലാതെ കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥയാകെ അതോടെ തകര്‍ന്നു.
ഇതോടൊപ്പം നമ്പൂതിരിമാരെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള മറ്റൊരു ആചാര പരിഷ്കാരത്തിനും നീക്കമുണ്ടായിരുന്നു. വിവാഹ വ്യവസ്ഥയിലെ വൈജാത്യങ്ങള്‍ അവസാനിപ്പിച്ചു സ്ത്രീ-പുരുഷ ബന്ധം ക്രമീകരിക്കുകയായിരുന്നു ആവശ്യം. 
തുടര്‍ന്ന് നമ്പൂതിരി സമുദായത്തില്‍ നിലനിന്ന അനാചാരങ്ങള്‍ വിവരിക്കുന്നു. പിന്നെ പരിഷ്കരണ നടപടികള്‍ വിവരിക്കുന്നു. ഇതൊക്കെ വിവരിക്കുന്നതോ? ഇനി പറയുന്ന കാര്യം സ്ഥാപിക്കാനാണത്.
ഇതെല്ലാമുള്‍ക്കൊള്ളുന്ന സാമൂഹ്യ പരിഷ്കാര പ്രസ്ഥാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്. അതില്‍ വലിയൊരളവോളം വളര്‍ച്ചയുണ്ടായിക്കഴിഞ്ഞിരുന്നുവെങ്കിലും അതു പൂര്‍ത്തിയാകാത്ത ഒരു ഘട്ടത്തിലാണ് (നാല്‍പ്പത്തിയെട്ടു വര്‍ഷം മുമ്പ്) എന്റെ വിവാഹം.
താന്‍  വിവാഹം കഴിച്ച കാലത്ത് സാമൂഹ്യപരിഷ്കാരം പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ടാണ് താന്‍ അന്നു സ്ത്രീധനം വാങ്ങിയത്. ഇതാണ് നമ്പൂതിരിപ്പാട് പറയാന്‍ ശ്രമിക്കുന്നത്. 1936 മുതല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗവും അതിനും വര്‍ഷങ്ങള്‍ മുമ്പുമുതലേ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായ ഇ എം  ശങ്കരന്‍ നമ്പൂതിരിപ്പാട് സാമൂഹ്യപരിഷ്കാരം പൂര്‍ത്തിയാകാത്ത ഒരു ഘട്ടത്തില്‍ കല്ല്യാണം കഴിച്ചപ്പോള്‍ സ്ത്രീധനം വാങ്ങിച്ചതും മതാചാരങ്ങള്‍ സകലവും പാലിച്ചതും തെറ്റല്ലെന്നു പറയാനാണ് നമ്പൂതിരിപ്പാട് ഇങ്ങനെ പരത്തിപ്പറഞ്ഞു യത്നിക്കുന്നത്. ഈ പറയുന്നത്  ശരിയാണോ തെറ്റാണോ എന്നു ഗവേഷണം ചെയ്യേണ്ട കാര്യംപോലുമില്ല. ഇതിനു വിരുദ്ധമായ ഒരു ചിത്രം നമ്പൂതിരിപ്പാടു തന്നെ ആത്മകഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനെക്കുറിച്ചു പറയുംമുമ്പ്:
"ഈ പരിഷ്കരണത്തിന് അവസരം കുറിച്ചത്" എന്ന പ്രയോഗം ശ്രദ്ധിക്കുക. പ്രശസ്തമായ നമ്പൂതിരിപ്പാട് ശൈലിക്ക് ഉദാഹരണമാണിത്. "അതുവേണ്ടെന്നോ ആ തുക പോരെന്നോ പറയാതെ വിവാഹം നടത്താന്‍ ഏര്‍പ്പാട് ചെയ്യുകയാണുണ്ടായത്,"എന്നതുപോലെ സൂത്രത്തിലുള്ള ഒരു വാക്യമാണിത്. 
അമ്പതുകളുടെ അവസാനം വന്ന ഈ നിയമങ്ങളാണ് കേരളത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥ തകര്‍ത്തതെന്നാണ് നമ്പൂതിരിപ്പാട് പറഞ്ഞുവരുന്നത്.
1937ല്‍ താന്‍ സ്ത്രീധനം വാങ്ങിയത് തെറ്റല്ലെന്നു പറയാന്‍ സമുദായത്തില്‍ അന്നു നിലനിന്ന പരിത:സ്ഥിതിയെ കുറച്ചു പുറകോട്ടുതള്ളണം അദ്ദേഹത്തിന്. അതിനാല്‍ സാമൂഹ്യ പരിഷ്കാര പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങിയത് "കൂട്ടുകുടുംബവ്യവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള നീക്ക"ത്തില്‍ 1950കളുടെ അവസാനത്തിലാണെന്നു തന്റെ പാര്‍ട്ടിക്കാരെ വിശ്വസിപ്പിക്കുകയാണ് നമ്പൂതിരിപ്പാട്.  സാമൂഹ്യപരിഷ്കാരത്തെ അമ്പതുകളുടെ അവസാനത്തിലുണ്ടായ നിയമങ്ങളോടു കൂട്ടിക്കെട്ടുന്ന നമ്പൂതിരിപ്പാട് തന്നെ തനിക്കുള്ള മറുപടി മുമ്പേ പറഞ്ഞിട്ടുണ്ട്. ആത്മകഥയിലെ ഈ ഉദ്ധരണി ചിന്തയിലെ ചോദ്യോത്തരത്തില്‍ പറഞ്ഞ തട്ടിപ്പിന്റെ പൊരുത്തക്കേടും ശരികേടും വ്യക്തമാക്കും.
ഇതിനെല്ലാം സഹായകമായ രണ്ട് നിയമങ്ങള്‍ ഒരേ സമയത്ത് മദിരാശി നിയമസഭ പാസാക്കി- മലബാര്‍ നമ്പൂതിരി നിയമവും മരുമക്കത്തായ നിയമവും. ഏകഭാര്യാത്വം നിര്‍ബന്ധമായിത്തീരുന്ന ഒരു സ്ഥിതിയിലേക്കുള്ള ആദ്യത്തെ കാല്‍വെപ്പ്; തറവാട്ടു മുതലില്‍ എല്ലാ അംഗങ്ങള്‍ക്കും സമമായുള്ള അവകാശം വകവെച്ചുകിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വത്ത് ഭാഗിച്ചുകിട്ടാന്‍ പോലുമുള്ള സൌകര്യം- ഇതെല്ലാം ബ്രാഹ്മണാബ്രാഹ്മണവ്യത്യാസമില്ലാതെ എല്ലാ സവര്‍ണഹിന്ദുക്കള്‍ക്കും ബാധകമാവുന്ന നിയമങ്ങളാണ്.
ഇവ നിയമസഭയില്‍ ചര്‍ചചെയ്തംഗീകരിച്ച് നിയമമായത് 1932ലോ 1933ലോ ആണ്. അന്ന് ഞാന്‍ വെല്ലൂര്‍ ജയിലിലാണ്. പക്ഷേ, നമ്പൂതിരി ബില്‍ തയ്യാറാക്കലും മരുമക്കത്തായ ബില്‍ തയ്യാറാക്കിയവരുമായി ബന്ധപ്പെടലും [ആര് ബന്ധപ്പെടുക? നമ്പൂതിരിപ്പാടിന്റെ സ്ഫടികസങ്കാശമായ ശൈലിയെ വാഴ്ത്തുന്നവര്‍ പറയട്ടെ] മറ്റും ഞാന്‍ പുറത്തായിരുന്നപ്പോള്‍തന്നെ കഴിഞ്ഞിരുന്നു. ഇത് സംബന്ധിച്ച പ്രചാരണവും സംഘടനാജോലിയും നടത്തുന്നതിന് നമ്പൂതിരിയുവജനസംഘം നിയമിച്ച സബ്‌കമ്മിറ്റിയുടെ പ്രസിഡന്റ് ഡി എച്ച് നമ്പൂതിരിപ്പാടും സെക്രട്ടറി ഞാനുമായിരുന്നു. ബില്‍ പൊതുജനാഭിപ്രായത്തിന് വിതരണം ചെയ്ത ഘട്ടത്തില്‍ അത് സംബന്ധിച്ച ഒരു ചെറിയ മെമ്മോറാണ്ടം തയ്യാറാക്കി ഞാനയച്ചു കൊടുക്കുകയും ചെയ്തു.
അതായത്, വിവാഹസബ്‌കമ്മിറ്റിയുടെ സംഘടനാവേലയും യുവവളണ്ടിയര്‍മാരുടെ പിക്കറ്റിങ്ങുപോലുള്ള നടപടികളും മുഖേന തുടങ്ങിവെച്ച വൈവാഹിക പരിഷ്കാരങ്ങള്‍ക്ക് മലബാര്‍ പ്രദേശത്തെ സംബന്ധിച്ചിടത്തോളം നിമയപ്രാബല്യം കിട്ടി. (ഇത് ഒരതിര്‍ത്തിവരെ കൊച്ചി-തിരുവിതാംകൂറിനും ബാധകമാണ്. മലബാര്‍ നിയമത്തിലുള്ള ആളോഹരി ഭാഗവ്യവസ്ഥയൊഴിച്ച് മറ്റ് വ്യവസ്ഥകളടങ്ങുന്ന നമ്പൂതിരി ബില്ലുകള്‍ അവിടത്തെ നിയമസഭകളും അംഗീകരിച്ചു; അവക്ക് നിയമപ്രാബല്യം കിട്ടി.) തലമുറ തലമുറയായി തുടര്‍ന്നുപോന്ന ഒരു വ്യവസ്ഥയുടെ വേരറ്റു. (ആത്മകഥ, 1995, ചിന്താപബ്ലിഷേഴ്സ്, 148,149)
ആത്മകഥയില്‍നിന്നുള്ള ഈ ഉദ്ധരണി എടുത്തിരിക്കുന്ന അദ്ധ്യായത്തിന്റെ പേരും അന്വര്‍ത്ഥമാണ്, വൈവാഹികവിപ്ലവം. വ്യവസ്ഥയുടെ വേരറുക്കുന്ന നിയമം വെറുതെ മുകളില്‍നിന്നടിച്ചേല്പിച്ച നിയമമായിരുന്നില്ല, സമുദായത്തിലാകെ നടന്ന മുന്നേറ്റത്തിന്റെ ഫലമായി സമുദായത്തിനുള്ളില്‍ വ്യാപകമായി ചര്‍ച്ചചെയ്തു രൂപം കൊടുത്തതായിരുന്നു എന്നു നമ്പൂതിരിപ്പാട് തന്നെ വ്യക്തമാക്കുന്നു. പിന്നെ നമ്പൂതിരിപ്പാടിനെ സംബന്ധിച്ചിടത്തോളമുള്ള ന്യായീകരണം ഇതാണ്. ഈ നിയമങ്ങള്‍ വേരറുക്കുകയേ ചെയ്തുള്ളൂ. ആകെത്തകരുന്നത് അമ്പതുകളുടെ അവസാനം വന്ന നിയമങ്ങളിലൂടെയാണ്. ഒരു മഹാവിപ്ലവകാരി ആയതുകൊണ്ട് നമ്പൂതിരിപ്പാട് പിന്തിരിപ്പത്തത്തിന്റെ വേരറുമ്പോഴൊന്നും പുരോഗമനം സ്വീകരിക്കില്ല. ആകെത്തകരണം അദ്ദേഹത്തിന്. ആകെത്തകര്‍ക്കാന്‍ വേണ്ടിയാണ് 1932ലോ മറ്റോ സമുദായിക പരിഷ്കാരം മതിയാക്കി യോഗക്ഷേമസഭ വിട്ടു  നമ്പൂതിരിപ്പാട് വിപ്ലവത്തിനൊരുമ്പെട്ടത്. ആകെത്തകരുന്നതിന്നിടക്ക് കിട്ടാവുന്നതെല്ലാം കൈപ്പറ്റാം, സ്ത്രീധനമായാലും ശരി, ആഢ്യന്‍ നമ്പൂതിരി കുടുംബത്തിലെ (ഏലംകുളത്തെക്കാള്‍ മുന്തിയ) വധുവിനെയായാലും ശരി.
നോക്കണം, നമ്പൂതിരി സമുദായത്തില്‍ ഉത്പതിഷ്ണുക്കള്‍ വിധവാവിവാഹം പോലും നടത്തിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമുള്ള അവസ്ഥയെപ്പറ്റിയാണ് ഇ എം എസ് പറയുന്നത്.  
ആളോഹരി ഭാഗവും ഒരു ഭാര്യമാത്രം എന്ന നിയമവും സര്‍ക്കാര്‍ സ്വയം താലത്തില്‍ നല്കിയതായിരുന്നോ അതല്ല നമ്പൂതിരി സമുദായത്തില്‍നിന്നുയര്‍ന്ന ആവശ്യങ്ങളുടെയും നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും  അടിസ്ഥാനത്തിലായിരുന്നോ? 1920കളുടെ തുടക്കത്തിലേ സമുദായത്തിലെ അഭ്യസ്തവിദ്യരായ ഉത്പതിഷ്ണുവിഭാഗം ആളോഹരിഭാഗത്തിനുവേണ്ടി വാദിക്കുന്നുണ്ട്. 14 വയസ്സുള്ള കുഞ്ചു അവരുടെ അഭിപ്രായത്തെ ശരിവെച്ചാണ് ആളോഹരി ഭാഗത്തിനുവേണ്ടി യോഗക്ഷേമസഭയുടെ ജൂനിയര്‍ സഭയില്‍ പ്രമേയത്തെ അനുകൂലിച്ച് പോയി വോട്ടുചെയ്തത്.
 ഏതായാലും മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ ഇങ്ങനെ നിയമമുണ്ടാവുകയും (അതിന്റെ അടിസ്ഥാനത്തിലായിരുന്നല്ലോ ഏലംകുളം മനയ്ക്കല്‍ ആളോഹരി ഭാഗം നടന്നതും വിറ്റു പാര്‍ട്ടിക്കു സംഭാവന കൊടുക്കാന്‍ ഇ എം എസ്സിനു സ്വത്തു കിട്ടുന്നതും) അതു സമുദായത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത കാര്യം പറയാതെ മുപ്പതുകളിലെ നിയമത്തിന് 1958ലുണ്ടായ ഭേദഗതി ഇവിടെ ഉയര്‍ത്തിക്കാട്ടുന്നത് സത്യസന്ധതയല്ല.
ആത്മകഥയിലെ താഴെക്കാണുന്ന ഭാഗവും നമ്പൂതിരിപ്പാട് 1985-ല്‍ പറഞ്ഞതിന്റെ കാപട്യം വെളിപ്പെടുത്തുന്നു.

ഇതു മാത്രമല്ല 1985-ലെ മറുപടിയിലെ സത്യസന്ധതയില്ലായ്മ. മോഴിക്കുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെക്കുറിച്ച്  പറയുന്ന അവാസ്തവം വേറൊരു പോസ്റ്റില്‍.

4 Mar 2010

സി പി (ഐ) എം ന്റെ ലക്ഷ്യം എന്ത്?

സി പി (ഐ) എം പാര്‍ട്ടി പരിപാടിയും ഭരണഘടനയും ആണ് ഇക്കാര്യങ്ങള്‍ പറയേണ്ടത്. ഭരണഘടന ഇവിടെയുണ്ട്. അതില്‍ ലക്ഷ്യം പറയുന്ന ആദ്യവാക്യം ഇങ്ങനെ:
ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം.
പാര്‍ട്ടി പരിപാടി പറയുന്നത് പക്ഷേ വേറൊന്നാണ്:
സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുകയെന്ന തങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്‌) മുറുകെപ്പിടിക്കുന്നു. ഇന്നത്തെ ഭരണകൂടത്തിന്‍െറയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു ഗവണ്‍മെന്‍റിന്‍െറയും കീഴില്‍ അത്‌ നേടിയെടുക്കാന്‍ കഴിയില്ലെന്ന്‌ വ്യക്‌തമാണ്‌. തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്‍കീഴില്‍ മാത്രമേ യഥാര്‍ഥ സോഷ്യലിസ്‌റ്റ്‌ സമൂഹം സ്‌ഥാപിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത്‌ സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ, സാമ്പത്തിക വികസനത്തിന്‍െറ നിലവാരവും തൊഴിലാളിവര്‍ഗത്തിന്‍െറയും അതിന്‍െറ സംഘടനയുടെയും രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ പക്വതയും കണക്കിലെടുത്തുകൊണ്ട്‌ ഇന്ത്യന്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്‌) , ജനങ്ങളുടെ മുമ്പില്‍വെക്കുന്ന അടിയന്തരലക്ഷ്യം ഇതാണ്‌:
ഉറച്ച തൊഴിലാളി-കര്‍ഷകസഖ്യത്തിന്‍െറ അടിസ്‌ഥാനത്തില്‍, തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍, എല്ലാ അസ്സല്‍ ഫ്യൂഡല്‍വിരുദ്ധ, കുത്തകവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ശക്‌തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്‍െറ അടിസ്‌ഥാനത്തില്‍ ജനകീയജനാധിപത്യം സ്‌ഥാപിക്കുക. ഇന്നത്തെ ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ്‌ ജനകീയ ജനാധിപത്യ ഭരണകൂടം സ്‌ഥാപിക്കുകയെന്നതാണ്‌ ഇതിനുള്ള പ്രഥമവും പ്രധാനവുമായ മുന്നുപാധി. ഇന്ത്യന്‍ വിപ്ലവത്തിന്‍െറ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്‍െറ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന്‌ കളമൊരുക്കാനും ഇതുകൊണ്ട്‌ മാത്രമേ കഴിയൂ.
പാര്‍ട്ടി ഭരണഘടന തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിനെപ്പറ്റി പറയുന്നു.  പാര്‍ട്ടി പരിപാടി തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്നൊരിടത്തും പറയുന്നേയില്ല. തൊഴിലാളിവര്‍ഗ ഭരണകൂടം (proletarian statehood)  എന്നു പറയുന്നുണ്ട്. അതുവഴി മാത്രമേ സോഷ്യലിസം സ്ഥാപിക്കാനാവൂ എന്നും. തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം (dictatorship of the proletariat) എന്നതില്‍നിന്നു വ്യത്യസ്തമായ തൊഴിലാളിവര്‍ഗ ഭരണകൂടം (proletarian statehood)എന്താണെന്നു പരിപാടി വിശദീകരിക്കുന്നില്ല. രണ്ടും ഒന്നു തന്നെയാണോ. സര്‍വ്വാധിപത്യം എന്ന പദത്തിന്റെ അസുഖകരമായ വിവക്ഷകള്‍ ഒഴിവാക്കാന്‍ പദാവലിയില്‍ അല്പം വെള്ളം ചേര്‍ത്തതാണോ?
രണ്ടു വിധത്തില്‍ ഇക്കാര്യം ആളുകള്‍ മനസ്സിലാക്കുന്നുണ്ടെന്നു തോന്നുന്നു.

1. ജനകീയജനാധിപത്യം എന്നത് തൊഴിലാളിവര്‍ഗ്ഗ ഭരണകൂടത്തിനു മുമ്പുള്ള ഒരു ഇടക്കാലഘട്ടമാണ്. ജനകീയജനാധിപത്യത്തിനുകീഴില്‍  സോഷ്യലിസമുണ്ടാവില്ല. സോഷ്യലിസം വരണമെങ്കില്‍ ജനകീയ ജനാധിപത്യത്തില്‍നിന്നു പുരോഗമിച്ച് തൊഴിലാളി വര്‍ഗ്ഗ ഭരണകൂടം നിലവില്‍ വരണം.
2. ജനകീയജനാധിപത്യം തന്നെയാണ് തൊഴിലാളിവര്‍ഗ്ഗ തൊഴിലാളിവര്‍ഗ ഭരണകൂടം. കാരണം ജനകീയജനാധിപത്യം തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍  വരേണ്ടുന്ന ഒന്നായാണ് പരിപാടിയില്‍ സങ്കല്പിക്കുന്നത്. 
ഏതായാലും മാര്‍ക്സിസത്തിന്റെ കാതലായി കമ്യൂണിസ്റ്റുകാര്‍ പറഞ്ഞുവരുന്ന തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം (dictatorship of the proletariat)  എന്ന സങ്കല്പം മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പരിപാടിയിലില്ല.

സൌകര്യംപോലെ, ഇഷ്ടംപോലെ മനസ്സിലാക്കാം എന്ന നിലയില്‍ അറിഞ്ഞുതന്നെ ഈ അവ്യക്തത വെച്ചിരിക്കുകയാണെന്നു തോന്നുന്നു. തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം വേണ്ട കഠിനഹൃദയര്‍ക്ക് അതും അതല്ല ജനകീയജനാധിപത്യം മതിയെന്നുള്ള മൃദുലഹൃദയര്‍ക്ക് അതും ഒരുപോലെ ഒരുസമയം എടുക്കാവുന്ന അഴുകൊഴമ്പന്‍ സാധനമാണ് ഈ പരിപാടി. പക്ഷേ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം വേണ്ടവര്‍ക്ക് രഹസ്യമായി അതിന്റെ ചെത്തവും ചൂരും ലേശമൊക്കെ ബാക്കിയുണ്ടെന്നേ ആശ്വസിക്കാനാവൂ. പദാവലി തന്നെ മാറിപ്പോയി.  ഭരണഘടനയില്‍ തുടക്കത്തില്‍ ഇപ്പോഴും കാണുന്ന തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്തുചെയ്യും എന്നറിയാതെ അവിടെ ബാക്കിവെച്ചതാവണം. ആണിക്കല്ല് എങ്ങനെ പിഴുതെറിയും?
വേണ്ടവര്‍ക്ക് വേണ്ടതെടുക്കാം എന്ന വിധത്തില്‍ പരിപാടി ഉണ്ടായാല്‍ പലമെച്ചവുമുണ്ട്. ലേശം വിപ്ലവചിന്താഗതിയുള്ള ഒരു പണ്ഡിതന്‍ മനസ്സിലാക്കിയതു നോക്കുക:
ഒരു വിപ്ലവ പാര്‍ട്ടി എന്ന നിലയില്‍ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ സായുധ കലാപത്തിലൂടെ ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടം പിടിച്ചെടുത്ത് സോഷ്യലിസത്തിലേക്കും കമ്മ്യൂണിസത്തിലേക്കും ഇന്ത്യന്‍ സമൂഹത്തെ നയിക്കുകയെന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൌലികമായ സമീപനവും ആത്യന്തികലക്ഷ്യവും. (ഇ എം എസ്, വാക്കും സമൂഹവും, 229)
ഇ എം എസ് വാക്കും സമൂഹവും എന്ന പുസ്തകത്തില്‍ ഡോ. ഗോപിനാഥന്‍ എഴുതിയിരിക്കുകയാണ്. [1998-ല്‍ ഗോപിനാഥന്‍ ഇതെഴുതുന്നത് നിസ്സാരമായി അവഗണിക്കാവുന്ന തെറ്റല്ല. പ്രത്യേകിച്ചും ഇ എം എസിനെക്കുറിച്ചുള്ള പുസ്തകത്തില്‍ ഇ എം എസ് ധാരാളം എഴുതിക്കൂട്ടിയ ഒരു വിഷയത്തില്‍ ഇങ്ങനെ ഇ എം എസ് വിരുദ്ധമായ ആശയം പ്രകടിപ്പിക്കുമ്പോള്‍. പക്ഷേ എന്തു ചെയ്യാം. ഇ എം എസ് കൃതികള്‍ ശ്രദ്ധയോടെ വായിച്ചിരുന്നെങ്കില്‍ ഡോ ഗോപിനാഥന്‍ ആ പുസ്തകം രചിക്കില്ലായിരുന്നു. രക്ഷയില്ലാത്ത ഒരു വലയമാണത്.]
നിലപാടില്ലായ്മയ്ക്ക് ഈ വിധം സൌകര്യങ്ങളൊക്കെയുണ്ട്. സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബൂബക്കറും അവര്‍ക്കുവേണ്ടതും ഡോ ഗോപിനാഥനെപ്പോലുള്ളവര്‍ അവര്‍ക്കുവേണ്ടതും എടുത്തുകൊള്ളും.
എന്നാലും സി പി എം നേതാക്കള്‍ തങ്ങള്‍ കുഴിച്ചിട്ട തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ആശയം ഇടക്കിടെ എടുത്തു പയറ്റുന്നതു കാണാം. ആര്‍ക്കറിയാം, കൊന്നുകുഴിച്ചിട്ട കാര്യം അവര്‍ തന്നെ മറന്നു കാണും.

3 Mar 2010

ഡി സി ബുക്സ് ഫലിതങ്ങള്‍

നമ്പൂരി, നസ്രാണി, പള്ളിക്കൂടം, എസ് എം എസ്, കോടതി, സര്‍ദാര്‍ജി, സാഹിത്യ ഫലിതങ്ങള്‍ വെവ്വേറെ പുസ്തകമായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കാന്‍ പോവുന്നത്രെ. D C Book of Joke എന്നാണ് പരസ്യം അതിപ്പറ്റി പറയുന്നത്.
ഡി സി ബുക്സിന്റെ ഏറ്റവും മികച്ച ഫലിതപുസ്തകം പക്ഷേ  മലയാളം ബ്രിട്ടാനിക്കയാണ്.  ആ D C Book of Jokeനെപ്പറ്റി ഇവിടെ വായിക്കുക.