ഒരു കമ്യൂണിസ്റ്റ് നമ്പൂതിരിയുടെ ആചാരവിപ്ലവം അഥവാ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ വേളി
ഇ എം എസ് എന്തു സ്ത്രീധനം വാങ്ങിയെന്നറിയുമോ സഗാവേ?
എന്നിങ്ങനെ.
അതില്‍ പരാമര്‍ശിച്ചതും താന്‍ സ്ത്രീധനം വാങ്ങിയതിനെ നമ്പൂതിരിപ്പാട് ന്യായീകരിക്കുന്നതുമായ മറുപടി ചിന്തയില്‍ 1985ല്‍ പ്രസിദ്ധീകരിച്ചതില്‍ ഇപ്രകാരം പറയുന്നു:
സാമൂഹ്യ പരിഷ്കാര പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങിയത് കൂട്ടുകുടുംബവ്യവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ രൂപത്തിലാണ്. 1958-ല്‍ പാസാക്കിയ മദിരാശി മരുമക്കത്തായ (ഭേദഗതി) നിയമം കേരള നമ്പൂതിരി നിയമം എന്നിവയാണ് ഈ പരിഷ്കരണത്തിന് അവസരം കുറിച്ചത്.
മക്കത്തായ-മരുമക്കത്തായ വ്യത്യാസമില്ലാതെ കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥയാകെ അതോടെ തകര്‍ന്നു.
ഇതോടൊപ്പം നമ്പൂതിരിമാരെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള മറ്റൊരു ആചാര പരിഷ്കാരത്തിനും നീക്കമുണ്ടായിരുന്നു. വിവാഹ വ്യവസ്ഥയിലെ വൈജാത്യങ്ങള്‍ അവസാനിപ്പിച്ചു സ്ത്രീ-പുരുഷ ബന്ധം ക്രമീകരിക്കുകയായിരുന്നു ആവശ്യം.തുടര്‍ന്ന് നമ്പൂതിരി സമുദായത്തില്‍ നിലനിന്ന അനാചാരങ്ങള്‍ വിവരിക്കുന്നു. പിന്നെ പരിഷ്കരണ നടപടികള്‍ വിവരിക്കുന്നു. ഇതൊക്കെ വിവരിക്കുന്നതോ? ഇനി പറയുന്ന കാര്യം സ്ഥാപിക്കാനാണത്.
ഇതെല്ലാമുള്‍ക്കൊള്ളുന്ന സാമൂഹ്യ പരിഷ്കാര പ്രസ്ഥാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്. അതില്‍ വലിയൊരളവോളം വളര്‍ച്ചയുണ്ടായിക്കഴിഞ്ഞിരുന്നുവെങ്കിലും അതു പൂര്‍ത്തിയാകാത്ത ഒരു ഘട്ടത്തിലാണ് (നാല്‍പ്പത്തിയെട്ടു വര്‍ഷം മുമ്പ്) എന്റെ വിവാഹം.താന്‍ വിവാഹം കഴിച്ച കാലത്ത് സാമൂഹ്യപരിഷ്കാരം പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ടാണ് താന്‍ അന്നു സ്ത്രീധനം വാങ്ങിയത്. ഇതാണ് നമ്പൂതിരിപ്പാട് പറയാന്‍ ശ്രമിക്കുന്നത്. 1936 മുതല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗവും അതിനും വര്‍ഷങ്ങള്‍ മുമ്പുമുതലേ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് സാമൂഹ്യപരിഷ്കാരം പൂര്‍ത്തിയാകാത്ത ഒരു ഘട്ടത്തില്‍ കല്ല്യാണം കഴിച്ചപ്പോള്‍ സ്ത്രീധനം വാങ്ങിച്ചതും മതാചാരങ്ങള്‍ സകലവും പാലിച്ചതും തെറ്റല്ലെന്നു പറയാനാണ് നമ്പൂതിരിപ്പാട് ഇങ്ങനെ പരത്തിപ്പറഞ്ഞു യത്നിക്കുന്നത്. ഈ പറയുന്നത് ശരിയാണോ തെറ്റാണോ എന്നു ഗവേഷണം ചെയ്യേണ്ട കാര്യംപോലുമില്ല. ഇതിനു വിരുദ്ധമായ ഒരു ചിത്രം നമ്പൂതിരിപ്പാടു തന്നെ ആത്മകഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനെക്കുറിച്ചു പറയുംമുമ്പ്:
"ഈ പരിഷ്കരണത്തിന് അവസരം കുറിച്ചത്" എന്ന പ്രയോഗം ശ്രദ്ധിക്കുക. പ്രശസ്തമായ നമ്പൂതിരിപ്പാട് ശൈലിക്ക് ഉദാഹരണമാണിത്. "അതുവേണ്ടെന്നോ ആ തുക പോരെന്നോ പറയാതെ വിവാഹം നടത്താന്‍ ഏര്‍പ്പാട് ചെയ്യുകയാണുണ്ടായത്,"എന്നതുപോലെ സൂത്രത്തിലുള്ള ഒരു വാക്യമാണിത്.
അമ്പതുകളുടെ അവസാനം വന്ന ഈ നിയമങ്ങളാണ് കേരളത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥ തകര്‍ത്തതെന്നാണ് നമ്പൂതിരിപ്പാട് പറഞ്ഞുവരുന്നത്.
1937ല്‍ താന്‍ സ്ത്രീധനം വാങ്ങിയത് തെറ്റല്ലെന്നു പറയാന്‍ സമുദായത്തില്‍ അന്നു നിലനിന്ന പരിത:സ്ഥിതിയെ കുറച്ചു പുറകോട്ടുതള്ളണം അദ്ദേഹത്തിന്. അതിനാല്‍ സാമൂഹ്യ പരിഷ്കാര പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങിയത് "കൂട്ടുകുടുംബവ്യവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള നീക്ക"ത്തില്‍ 1950കളുടെ അവസാനത്തിലാണെന്നു തന്റെ പാര്‍ട്ടിക്കാരെ വിശ്വസിപ്പിക്കുകയാണ് നമ്പൂതിരിപ്പാട്. സാമൂഹ്യപരിഷ്കാരത്തെ അമ്പതുകളുടെ അവസാനത്തിലുണ്ടായ നിയമങ്ങളോടു കൂട്ടിക്കെട്ടുന്ന നമ്പൂതിരിപ്പാട് തന്നെ തനിക്കുള്ള മറുപടി മുമ്പേ പറഞ്ഞിട്ടുണ്ട്. ആത്മകഥയിലെ ഈ ഉദ്ധരണി ചിന്തയിലെ ചോദ്യോത്തരത്തില്‍ പറഞ്ഞ തട്ടിപ്പിന്റെ പൊരുത്തക്കേടും ശരികേടും വ്യക്തമാക്കും.
ഇതിനെല്ലാം സഹായകമായ രണ്ട് നിയമങ്ങള്‍ ഒരേ സമയത്ത് മദിരാശി നിയമസഭ പാസാക്കി- മലബാര്‍ നമ്പൂതിരി നിയമവും മരുമക്കത്തായ നിയമവും. ഏകഭാര്യാത്വം നിര്‍ബന്ധമായിത്തീരുന്ന ഒരു സ്ഥിതിയിലേക്കുള്ള ആദ്യത്തെ കാല്‍വെപ്പ്; തറവാട്ടു മുതലില്‍ എല്ലാ അംഗങ്ങള്‍ക്കും സമമായുള്ള അവകാശം വകവെച്ചുകിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വത്ത് ഭാഗിച്ചുകിട്ടാന്‍ പോലുമുള്ള സൌകര്യം- ഇതെല്ലാം ബ്രാഹ്മണാബ്രാഹ്മണവ്യത്യാസമില്ലാതെ എല്ലാ സവര്‍ണഹിന്ദുക്കള്‍ക്കും ബാധകമാവുന്ന നിയമങ്ങളാണ്.ആത്മകഥയില്‍നിന്നുള്ള ഈ ഉദ്ധരണി എടുത്തിരിക്കുന്ന അദ്ധ്യായത്തിന്റെ പേരും അന്വര്‍ത്ഥമാണ്, വൈവാഹികവിപ്ലവം. വ്യവസ്ഥയുടെ വേരറുക്കുന്ന നിയമം വെറുതെ മുകളില്‍നിന്നടിച്ചേല്പിച്ച നിയമമായിരുന്നില്ല, സമുദായത്തിലാകെ നടന്ന മുന്നേറ്റത്തിന്റെ ഫലമായി സമുദായത്തിനുള്ളില്‍ വ്യാപകമായി ചര്‍ച്ചചെയ്തു രൂപം കൊടുത്തതായിരുന്നു എന്നു നമ്പൂതിരിപ്പാട് തന്നെ വ്യക്തമാക്കുന്നു. പിന്നെ നമ്പൂതിരിപ്പാടിനെ സംബന്ധിച്ചിടത്തോളമുള്ള ന്യായീകരണം ഇതാണ്. ഈ നിയമങ്ങള്‍ വേരറുക്കുകയേ ചെയ്തുള്ളൂ. ആകെത്തകരുന്നത് അമ്പതുകളുടെ അവസാനം വന്ന നിയമങ്ങളിലൂടെയാണ്. ഒരു മഹാവിപ്ലവകാരി ആയതുകൊണ്ട് നമ്പൂതിരിപ്പാട് പിന്തിരിപ്പത്തത്തിന്റെ വേരറുമ്പോഴൊന്നും പുരോഗമനം സ്വീകരിക്കില്ല. ആകെത്തകരണം അദ്ദേഹത്തിന്. ആകെത്തകര്‍ക്കാന്‍ വേണ്ടിയാണ് 1932ലോ മറ്റോ സമുദായിക പരിഷ്കാരം മതിയാക്കി യോഗക്ഷേമസഭ വിട്ടു നമ്പൂതിരിപ്പാട് വിപ്ലവത്തിനൊരുമ്പെട്ടത്. ആകെത്തകരുന്നതിന്നിടക്ക് കിട്ടാവുന്നതെല്ലാം കൈപ്പറ്റാം, സ്ത്രീധനമായാലും ശരി, ആഢ്യന്‍ നമ്പൂതിരി കുടുംബത്തിലെ (ഏലംകുളത്തെക്കാള്‍ മുന്തിയ) വധുവിനെയായാലും ശരി.
ഇവ നിയമസഭയില്‍ ചര്‍ചചെയ്തംഗീകരിച്ച് നിയമമായത് 1932ലോ 1933ലോ ആണ്. അന്ന് ഞാന്‍ വെല്ലൂര്‍ ജയിലിലാണ്. പക്ഷേ, നമ്പൂതിരി ബില്‍ തയ്യാറാക്കലും മരുമക്കത്തായ ബില്‍ തയ്യാറാക്കിയവരുമായി ബന്ധപ്പെടലും [ആര് ബന്ധപ്പെടുക? നമ്പൂതിരിപ്പാടിന്റെ സ്ഫടികസങ്കാശമായ ശൈലിയെ വാഴ്ത്തുന്നവര്‍ പറയട്ടെ] മറ്റും ഞാന്‍ പുറത്തായിരുന്നപ്പോള്‍തന്നെ കഴിഞ്ഞിരുന്നു. ഇത് സംബന്ധിച്ച പ്രചാരണവും സംഘടനാജോലിയും നടത്തുന്നതിന് നമ്പൂതിരിയുവജനസംഘം നിയമിച്ച സബ്‌കമ്മിറ്റിയുടെ പ്രസിഡന്റ് ഡി എച്ച് നമ്പൂതിരിപ്പാടും സെക്രട്ടറി ഞാനുമായിരുന്നു. ബില്‍ പൊതുജനാഭിപ്രായത്തിന് വിതരണം ചെയ്ത ഘട്ടത്തില്‍ അത് സംബന്ധിച്ച ഒരു ചെറിയ മെമ്മോറാണ്ടം തയ്യാറാക്കി ഞാനയച്ചു കൊടുക്കുകയും ചെയ്തു.
അതായത്, വിവാഹസബ്‌കമ്മിറ്റിയുടെ സംഘടനാവേലയും യുവവളണ്ടിയര്‍മാരുടെ പിക്കറ്റിങ്ങുപോലുള്ള നടപടികളും മുഖേന തുടങ്ങിവെച്ച വൈവാഹിക പരിഷ്കാരങ്ങള്‍ക്ക് മലബാര്‍ പ്രദേശത്തെ സംബന്ധിച്ചിടത്തോളം നിമയപ്രാബല്യം കിട്ടി. (ഇത് ഒരതിര്‍ത്തിവരെ കൊച്ചി-തിരുവിതാംകൂറിനും ബാധകമാണ്. മലബാര്‍ നിയമത്തിലുള്ള ആളോഹരി ഭാഗവ്യവസ്ഥയൊഴിച്ച് മറ്റ് വ്യവസ്ഥകളടങ്ങുന്ന നമ്പൂതിരി ബില്ലുകള്‍ അവിടത്തെ നിയമസഭകളും അംഗീകരിച്ചു; അവക്ക് നിയമപ്രാബല്യം കിട്ടി.) തലമുറ തലമുറയായി തുടര്‍ന്നുപോന്ന ഒരു വ്യവസ്ഥയുടെ വേരറ്റു. (ആത്മകഥ, 1995, ചിന്താപബ്ലിഷേഴ്സ്, 148,149)
നോക്കണം, നമ്പൂതിരി സമുദായത്തില്‍ ഉത്പതിഷ്ണുക്കള്‍ വിധവാവിവാഹം പോലും നടത്തിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമുള്ള അവസ്ഥയെപ്പറ്റിയാണ് ഇ എം എസ് പറയുന്നത്.
ആളോഹരി ഭാഗവും ഒരു ഭാര്യമാത്രം എന്ന നിയമവും സര്‍ക്കാര്‍ സ്വയം താലത്തില്‍ നല്കിയതായിരുന്നോ അതല്ല നമ്പൂതിരി സമുദായത്തില്‍നിന്നുയര്‍ന്ന ആവശ്യങ്ങളുടെയും നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നോ? 1920കളുടെ തുടക്കത്തിലേ സമുദായത്തിലെ അഭ്യസ്തവിദ്യരായ ഉത്പതിഷ്ണുവിഭാഗം ആളോഹരിഭാഗത്തിനുവേണ്ടി വാദിക്കുന്നുണ്ട്. 14 വയസ്സുള്ള കുഞ്ചു അവരുടെ അഭിപ്രായത്തെ ശരിവെച്ചാണ് ആളോഹരി ഭാഗത്തിനുവേണ്ടി യോഗക്ഷേമസഭയുടെ ജൂനിയര്‍ സഭയില്‍ പ്രമേയത്തെ അനുകൂലിച്ച് പോയി വോട്ടുചെയ്തത്.
ഏതായാലും മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ ഇങ്ങനെ നിയമമുണ്ടാവുകയും (അതിന്റെ അടിസ്ഥാനത്തിലായിരുന്നല്ലോ ഏലംകുളം മനയ്ക്കല്‍ ആളോഹരി ഭാഗം നടന്നതും വിറ്റു പാര്‍ട്ടിക്കു സംഭാവന കൊടുക്കാന്‍ ഇ എം എസ്സിനു സ്വത്തു കിട്ടുന്നതും) അതു സമുദായത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത കാര്യം പറയാതെ മുപ്പതുകളിലെ നിയമത്തിന് 1958ലുണ്ടായ ഭേദഗതി ഇവിടെ ഉയര്‍ത്തിക്കാട്ടുന്നത് സത്യസന്ധതയല്ല.
ആത്മകഥയിലെ താഴെക്കാണുന്ന ഭാഗവും നമ്പൂതിരിപ്പാട് 1985-ല്‍ പറഞ്ഞതിന്റെ കാപട്യം വെളിപ്പെടുത്തുന്നു.
ഇതു മാത്രമല്ല 1985-ലെ മറുപടിയിലെ സത്യസന്ധതയില്ലായ്മ. മോഴിക്കുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെക്കുറിച്ച് പറയുന്ന അവാസ്തവം വേറൊരു പോസ്റ്റില്‍.
സുഹൃത്തെ,
ReplyDeleteആദർശവും വിപ്ലവവും പ്രസംഗിക്കാനുള്ളതാണ്, സ്വജീവിതത്തിൽ പ്രയോഗിക്കാനുള്ളതല്ല.നമ്പൂരിയായതിനാൽ ഒട്ടും പ്രയോഗിച്ചില്ലെങ്കിലും മാറ്റ് കുറയുകയുമില്ല.ഇദ്ദേഹത്തിന്റെ പാർട്ടിയിലെ കേരളത്തിലെ ഏത് നേതാവാണ് പ്രസംഗിക്കുകയല്ലാതെ പ്രയോഗിച്ചിട്ടുള്ളത്. ബംഗാളിൽ സ്ഥിതി കുറേക്കുടി ഭേദമാണ്. അവിടെ ജ്യോതിബാസു ഉൾപ്പെടെ നാലഞ്ചു നേതാക്കൾ ശവശരീരദാനം നടത്തി മതവിശ്വാസമില്ലെന്നെങ്കിലും തെളിയിച്ചു. അവിടെ ഒരു ലക്ഷം പാർട്ടി അംഗങ്ങൾ ശരീരദാനത്തിനുള്ള സമ്മതി പത്രം കൊടുത്തിട്ടുള്ളതായി അറിയുന്നു. കേരളത്തിലെ ഈ പാർട്ടിയിലെ നേതാക്കന്മാരും അംഗങ്ങളും കള്ളന്മാരാണ്.വെറും ഊച്ചാളികൾ !