Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

27 Aug 2010

എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നെറികേടുകളെപ്പറ്റിയുള്ള അന്വേഷണമാണ് പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ ആത്മകഥകള്‍ ചികയാന്‍ പ്രേരണയായത്. കെ സി ജോര്‍ജെന്ന പൊങ്ങച്ചക്കാരന്റെ ആത്മകഥയ്ക്കുശേഷം (ഭാഗം 1, ഭാഗം 2) എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍ (1987 ല്‍ പ്രകാശനം) അത്ഭുതപ്പെടുത്തി. ജയില്‍ജീവിതം വിവരിക്കുന്ന ഇതിലെ ഒരു ഭാഗം കമ്യൂണിസ്റ്റുകാര്‍ക്ക്  പതിവില്ലാത്ത സത്യസന്ധതകൊണ്ടും പതിവുള്ള വിപ്ലവവീര്യത്തിന്റെ അശ്ലീലമായ ആധിക്യം ഇല്ലാത്തതുകൊണ്ടും വളരെ ശ്രദ്ധേയമായി തോന്നി.  അഗ്നിവീഥികള്‍ പൂര്‍ണ്ണമായും ആത്മകഥയല്ല,   ഒട്ടും കെട്ടുറപ്പുള്ള രചനയുമല്ല. തുടക്കം പരമ്പരാഗതമായ ആത്മകഥന ശൈലിയിലാണ്. കുടുംബപശ്ചാത്തലം ബാല്യം എന്നിവയുടെ വിവരണമുണ്ട് ആദ്യത്തെ ഒരു മുപ്പതു പേജോളം. പ്രക്ഷോഭണങ്ങളിലേര്‍പ്പെട്ട താരുണ്യവും യൌവ്വനവും (ഉദ്ദേശം നാല്പതുപേജില്‍) ജയില്‍വാസവും (വീണ്ടുമൊരു നാല്പതുപേജ്), തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വളരെക്കുറച്ചു മാത്രം ആത്മകഥനവും വളരെക്കൂടുതല്‍ സിദ്ധാന്തം പറച്ചിലും, ഒടുക്കം തനിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള കയ്പേറിയ മറുപടി, ഇങ്ങനെയാണ് അഗ്നിവീഥികളുടെ രൂപം. ജയില്‍വാസകാലവും അതിനു മുമ്പുള്ള പ്രക്ഷോഭണകാലവും വളരെ രസകരമായി എന്നാല്‍ നിറംപിടിപ്പിക്കാതെ, വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കാതെ വിവരിച്ചിട്ടുണ്ട്. ഈ രണ്ടു ഭാഗങ്ങള്‍ക്കുമിടയില്‍ എങ്ങനെയോ ഒരു തുടര്‍ച്ചയില്ലായ്മ വന്നിട്ടുണ്ട്. പ്രഭാത് ബുക് ഹൌസ് എന്ന നിരക്ഷകുക്ഷികള്‍ എത്ര നിരുത്തരവാദപരമായാണ് ഈ പുസ്തകങ്ങളൊക്കെ അടിച്ചിറക്കുന്നത്. മലയാളം ലേശമെങ്കിലും അറിയുന്ന ഒരാള്‍ പ്രൂഫ് നോക്കുന്നില്ല, ഉള്ളടക്കത്തിന് അലക്കം തട്ടുന്നതു നോക്കാന്‍ ആരുമില്ല, പുസ്തകത്തെ സംബന്ധിച്ച പശ്ചാത്തലവിവരങ്ങള്‍ അവതരിപ്പിക്കില്ല- അങ്ങടിച്ചിറക്കുക, പഴയശീലം.
സ്വന്തം ജീവിതത്തിലെ വളരെച്ചുരുങ്ങിയ കാലം മാത്രമാണ് ഇദ്ദേഹം ഈ പുസ്തകത്തിലവതരിപ്പിച്ചത്. അഞ്ചുവര്‍ഷത്തിനുമേല്‍ ജയില്‍വാസം അനുഭവിച്ചു എന്നു പറയുന്നുണ്ടെങ്കിലും ആദ്യത്തെ ആറുമാസത്തെ ജയിലനുഭവം മാത്രമാണ് ഇതിലുള്ളത്. പ്രധാന പ്രവര്‍ത്തന മേഖലയായ ട്രേഡ്‌യൂനിയന്‍ പ്രസ്ഥാനത്തെപ്പറ്റി വളരെ സംക്ഷിപ്തമായ ഒരു അവലോകനം മാത്രം. തന്റെ ഓരോ ജയില്‍വാസത്തെയും പറ്റി വെവ്വേറെ ജയില്‍ ഡയറികളും ഘട്ടംഘട്ടമായ ആത്മകഥനങ്ങളും എഴുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു കോമാളിയുമായി താരതമ്യംചെയ്യുമ്പോള്‍ ശേഖറിനോ കെ സി ജോര്‍ജിനോ എം എന്‍ ഗോവിന്ദന്‍ നായര്‍ക്കോ ഒന്നും ജീവിച്ച കാലം മുഴുവന്‍ പ്രതിപാദിക്കുന്ന ആത്മകഥ എഴുതാന്‍പോലും പാങ്ങില്ലായിരുന്നോ? സമ്പന്ന കുടുംബത്തില്‍ ജനിച്ച് ദരിദ്രനായി ജീവിച്ച  എന്‍ സിയുടെ കാര്യത്തില്‍ ഉപജീവനത്തിനുവേണ്ടിയുള്ള പാച്ചിലില്‍ പുസ്തകമെഴുത്ത് അനാകര്‍ഷകമായി തോന്നിയോ? ഓര്‍മ്മക്കുറിപ്പുകളും ഭൂതകാലത്തെ ചികയലുമെല്ലാം ഇന്നത്തെപ്പോലെ ആനുകാലികങ്ങളുടെ താത്പര്യമായിരുന്നില്ല മുന്‍കാലങ്ങളില്‍ എന്നതും പ്രസാധനം ഇന്നത്തെക്കാള്‍ പാടുപെട്ട ഏര്‍പ്പാടായിരുന്നു എന്നതും കാരണമായിരിക്കാം.
ജീവിച്ചിരിക്കെ പുസ്തകരൂപത്തില്‍ ഇതു പ്രസിദ്ധമായിട്ടില്ല. മരണശേഷം ഇദ്ദേഹം ശേഷിപ്പിച്ച പ്രകാശിതവും അപ്രകാശിതവുമായ ലേഖനങ്ങളെ എഡിറ്റു ചെയ്തു പുസ്തകമാക്കിയ് ടി വി കെ. അതേസമയം ആത്മകഥ എന്നുദ്ദേശിക്കപ്പെട്ടതുതന്നെയായിരുന്നു ഈ ലേഖനങ്ങള്‍. അഗ്നിവീഥികള്‍ എന്ന പേര് എന്‍ സി തന്നെ കൊടുത്തതാണ്.
എന്‍ സി ശേഖര്‍ എന്ന എന്‍ ചന്ദ്രശേഖരപിള്ള തിരുവിതാംകൂറില്‍ ജനിച്ച് ജീവിതത്തിന്റെ അരനൂറ്റാണ്ടോളം കണ്ണൂരില്‍ ജീവിച്ചു. 1931 ല്‍ എന്‍ സി ശേഖര്‍ ഉള്‍പ്പെടുന്ന സംഘമാണ് പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പായ കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിക്കുന്നത്. കമ്യൂണിസ്ററ് ലീഗാണ് ആദ്യമായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മലയാളം പരിഭാഷ തയ്യാറാക്കുന്നതെന്നു പറയുന്നു. 1931 ല്‍ ആദ്യമായി കൃഷ്ണപിള്ളയെ കോഴിക്കോട്ടു വെച്ചു കണ്ടപ്പോള്‍ കമ്യൂണിസ്റ്റ് ലീഗ് പ്രസിദ്ധീകരിച്ചിരുന്ന കമ്യൂണിസ്റ്റ് വിജ്ഞാപനത്തിന്റെ ഒരു പ്രതി കൃഷ്ണപിള്ളയ്ക്കു കൈമാറിയെന്ന് ഇദ്ദേം പറയുന്നു. അന്ന് അപാരമായ ഗാന്ധി ഭക്തിയുണ്ടായിരുന്ന കൃഷ്ണപിള്ള ഇദ്ദേഹവുമായി ഉഗ്രമായ തര്‍ക്കത്തിലേര്‍പ്പെട്ടുവത്രെ. വടകര സമ്മേളനത്തിനു പോവാന്‍ കാശു തികയാതെ കോഴിക്കോട്ടു പരിചയമുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ചെന്നതായിരുന്നു ശേഖര്‍. നേതാവ് നേരത്തേ വടകരയ്ക്കു പോയിരുന്നു. അവിടെ എത്താനുള്ള പണം കൃഷ്ണപിള്ളയാണ് കൊടുക്കുന്നത്. തര്‍ക്കം വളരെ ഉച്ചത്തിലായിരുന്നെങ്കിലും അതുകഴിഞ്ഞ് വളരെ സ്നേഹപൂര്‍വ്വമാണ് കൃഷ്ണപിള്ള പണം തന്ന് യാത്രയാക്കിയതെന്നാണ് ശേഖര്‍ പറയുന്നത്. കമ്യൂണിസവുമായി പരിചയിച്ചതില്‍ തങ്ങള്‍ക്കുള്ള കുറെ വര്‍ഷത്തെ സീനിയോറിറ്റിയെ താഴ്ത്തിക്കെട്ടാന്‍ നമ്പൂതിരിപ്പാട് തന്റെ ചരിത്രങ്ങളിലൂടെ ശ്രമിച്ചതിനെതിരെ കടുത്ത വിരോധം പ്രകടിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിന്റെ അവസാന ഭാഗത്തെ ഒരു ലേഖനത്തില്‍. യൂത്ത് ലീഗ് ഒറ്റപ്പെട്ട ഒരു ഗ്രൂപ്പായിരുന്നെന്നും മറ്റു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടു ബന്ധമില്ലായിരുന്നെന്നും പറഞ്ഞ് അതിനൊരു പ്രാധാന്യവും കൊടുക്കാതിരിക്കുക എന്നതാണ് നമ്പൂതിരിപ്പാട് ചെയ്തത്. തിരുവിതാംകൂറിലെ പ്രബല ഇടതുപക്ഷ സംഘടനയായിരുന്ന യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്യൂണിസ്റ്റ് ലീഗുകാര്‍ ഭാഗഭാക്കായിരുന്നു എന്നതു തന്നെ നമ്പൂതിരിപ്പാടിന്റെ ഈ അവഗണനയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. മാത്രവുമല്ല, ആലപ്പുഴയിലെ തൊഴിലാളി സംഘടനയില്‍ നേതൃത്വനിരയിലുണ്ടായിരുന്ന പൊന്നറ ശ്രീധര്‍ ഈ യൂനിയനുകള്‍ക്ക് ഇടതുപക്ഷ നിറം കൊടുക്കുന്നതില്‍ ഒരു പങ്കം വഹിച്ചിട്ടില്ലെന്നു വരാനിടയില്ല.
എന്‍ സി ശേഖര്‍ ഇടപെടാന്‍ പ്രയാസമുള്ള എടുത്തുചാട്ടക്കാരനായിരുന്നു എന്നത് പ്രസിദ്ധമാണ്. ഇക്കാര്യം പുസ്തകത്തില്‍ ചേര്‍ത്ത അച്യുതമേനന്റെ ലേഖനത്തിലും പറയുന്നുണ്ട്. ഈ പുസ്കകത്തില്‍ ഇതിനുള്ള ഉദാഹരണങ്ങള്‍ കാണുകയും ചെയ്യാം. കൃഷ്ണപിള്ളയില്‍ ഇദ്ദേഹം എടുത്തു പറയുന്ന ഗുണങ്ങളിലൊന്ന് ശൌര്യമാണ്. ജയിലിലായിരിക്കുമ്പോള്‍ പുഴുത്ത അരിയുടെ ചോറുകൊണ്ടു വിശപ്പടങ്ങാതെ ജയില്‍വളപ്പിലെ തെങ്ങില്‍നിന്ന് കരിക്ക് പറിച്ചയാളെ പരിഹസിച്ച ഒരു അഹിംസാവാദിയെ (ആ സമയത്ത് ജയിലിലുള്ള കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ അനുയായിയാണ് അയാള്‍)  അടിച്ചതിന്റെ പേരില്‍ മെയിന്‍ ബ്ലോക്കിനു പുറത്തുള്ള ക്വാറന്റൈനില്‍ എന്‍ സിയെ അടയ്ക്കുന്നുണ്ട്. കുറൂരിനോട് ഇദ്ദേഹത്തിന്റെ വഴക്ക് സമരകാലത്തു തന്നെ തുടങ്ങുന്നുണ്ട്. കല്ലായിയിലെ കള്ളുഷാപ്പ് പിക്കറ്റിങ് നടത്തി ഓരോ ദിവസവും വളണ്ടിയര്‍മാര്‍ തല്ലുകൊണ്ടിരിക്കെ അവിടേക്കു തിരിഞ്ഞുനോക്കാതെ മാതൃഭൂമിയുടെ മാളികമുകളിലിരുന്ന സമരത്തിന്റെ ഡിക്റ്റേറ്റര്‍ കുറൂരിനെ ആപ്പീസില്‍പോയി ചീത്തവിളിക്കുന്നു എന്‍ സി. പുഴുത്ത അരിയുടെ ചോറിനെതിരെ പ്രതിഷേധിക്കുന്നതില്‍ കുറൂരിനുള്ള എതിര്‍പ്പിനെച്ചൊല്ലിയുള്ള വിരോധം, തടവുകാരുടെ കഷ്ടസ്ഥിതിക്ക് അല്പമെങ്കിലും ആശ്വാസം നല്കാന്‍ കണ്ണുരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശേഖരിച്ചു നല്കിയ വസ്ത്രങ്ങള്‍ വിതരണം ചെയ്യാതെ കെട്ടിവെച്ചതിലുള്ള അനിഷ്ടം, ഇതൊക്കെയുണ്ടെങ്കിലും കുറൂരിനെപ്പറ്റി നല്ലതും പറയുന്നുണ്ട്. (സത്യാഗ്രഹികള്‍ പരാതിപ്പെടരുത്, സുഖസൌകര്യങ്ങള്‍ കാംക്ഷിക്കരുത് എന്നൊക്കെയായിരുന്നു ഗാന്ധിയന്മാരുടെ നിലപാട്.)  പിന്നീട് വടകര സമ്മേളനത്തിനു പോവാന്‍ പണമില്ലാതെ കുറൂരിനെ ചെന്നുകണ്ടപ്പോള്‍ ഒട്ടും അനിഷ്ടം പ്രകടിപ്പിക്കാതെ അദ്ദേഹം സഹായിച്ചകാര്യം പറയുന്നു. കുറൂര്‍ ഇദ്ദേഹത്തെ തന്റെ ഒപ്പം കൂട്ടുകയും ടിക്കെറ്റ് എടുത്തുകൊടുക്കുകയും ചെയ്തു.  കേളപ്പനോടുള്ള നിലപാടിലും രണ്ടുവശവും കാണാനുള്ള സന്നദ്ധതയുണ്ട്. ജയിലില്‍ ചകിരിതല്ലിയതിന്റെ പേരില്‍ കേളപ്പനെ പുച്ഛിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൌമ്യശീലത്തെയും സഹായമനഃസ്ഥിതിയെയും  ഇദ്ദേഹം എടുത്തു പറയുന്നുണ്ട്. പരാതി പറയാന്‍ പാടില്ലാത്തതുകൊണ്ടു കേളപ്പന്‍ ചകിരിതല്ലി. എന്‍ സിയും സഹതടവുകാരും ചകിരി തല്ലുന്ന ജോലി ചെയ്യില്ലെന്നു പറഞ്ഞു പ്രതിഷേധിച്ചു, അതോടെ ആ ജോലി നിറുത്തി അവര്‍ക്ക് മറ്റു ജോലികള്‍ കൊടുത്തു എന്നു പറയുന്നു. എന്‍ സി ക്ക് കിട്ടിയത് കമ്പോസിറ്ററുടെ ജോലി. എന്‍ സിയുടെ ആദ്യ ജയില്‍വാസ കാലം കഴിഞ്ഞ് ഒരു ദശകം കഴിഞ്ഞാണ് ഇ കെ നായനാര്‍ കണ്ണൂര്‍ ജയിലില്‍ ചകിരിതല്ലുന്നത്.
1930 ലെ നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ ഉപ്പുകുറുക്കി സമരം നടത്താന്‍ കേളപ്പന്റെ നേതൃത്വത്തില്‍ ഒരു സംഘം കോഴിക്കോട്ടുനിന്ന് കാല്‍നടയായി പയ്യന്നൂര്‍ക്ക് ജാഥ നടത്തുമ്പോള്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ തിരുവിതാംകൂറില്‍നിന്നുള്ള 25 പേരടങ്ങുന്ന സംഘം പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് കാല്‍നടയായി യാത്ര തിരിക്കുന്നു. ഇക്കൂട്ടത്തില്‍ അംഗമായി പയ്യന്നൂര്‍ക്കുപോവുന്നതാണ് എന്‍ സിയുടെ സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. പിന്നീട് കോഴിക്കോട് നിയമലംഘനം നടത്തിയാണ് ജയിലിലാവുന്നത്. ആറുമാസം തടവാണ് കിട്ടുന്നത്. 
ജയിലില്‍ സമ്പത്തും സാമൂഹ്യപദവിയുമനുസരിച്ചാണ് ക്ലാസ് നല്കിയിരുന്നത്. ഏ,  ബി, സി എന്നിങ്ങനെ ക്ലാസുകള്‍. (തിരുവിതാംകൂറിലെ ജയിലുകളില്‍ ഇങ്ങനെ ക്ലാസ് വ്യത്യാസമില്ലായിരുന്നു.) കൂറൂരിന് പദവിക്കനുസരിച്ച് കിട്ടേണ്ടിയിരുന്നത് ഏ ക്ലാസ് ആയിരുന്നെങ്കിലും ബ്രിട്ടീഷ് മലബാറിലെ പ്രജയല്ലാതിരുന്നതിനാല്‍ ആ ആനുകൂല്യം ഉണ്ടായില്ല. എന്നുമാത്രമല്ല, മറ്റു സി ക്ലാസുകാര്‍ വിശപ്പടക്കാന്‍ ജയില്‍ വളപ്പിലെ കായും കനിയുമൊക്കെ തിന്നപ്പോള്‍ ഗാന്ധിയനാകയാല്‍ അങ്ങോര്‍ക്ക് പ്രതിഷേധംകൂടാതെ പുഴുത്ത അരിയുടെ ചോറുമാത്രം തിന്നേണ്ടിവന്നു.
ബാംഗ്ലൂര്‍ സ്വദേശിയായ വാസുദേവറാവു ജയില്‍ ഗോപുരത്തില്‍ ദേശീയ പതാക കെട്ടിയതിനു ശിക്ഷയായി അദ്ദേഹത്തെ കാല്‍വിലങ്ങ് അണിയിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധമുണ്ടാവുകയും അത് ഒരു ദിവസം അര്‍ദ്ധരാത്രി നടന്ന കടുത്ത ജയിലിനുള്ളിലെ ഭീകരമായ ലാത്തിചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. എന്‍ സി യുടെ പല്ലൊന്നു പൊട്ടിപോവുകയും ചുണ്ടു മുറിയുകയും ചെയ്തു. സി ക്ലാസ് തടവുകാരെ മാത്രമായിരുന്നു മര്‍ദ്ദിച്ചതെന്നാണ് മനസ്സിലാവുന്നത്. ജയിലിനുള്ളിലെ സമരത്തിന് കുറൂര്‍ എതിരായിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ അടിയും ഇടിയും ഏറ്റത് അദ്ദേഹത്തിനായിരുന്നത്രെ. അദ്ദേഹത്തിന്റെ കണ്ണട അടിച്ചുപൊട്ടിച്ചപ്പോള്‍ ചില്ല് പൊട്ടി കണ്ണില്‍ തറച്ചു. പിന്നീടദ്ദേഹത്തെ ചികിത്സയ്ക്കായി വെല്ലൂരേക്കു കൊണ്ടുപോവേണ്ടിവന്നു എന്നു പറയുന്നു.
ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് ബ്രിട്ടീഷുകാര്‍ നല്കിയ സംഭാവനചെറുതല്ല. ജയില്‍ വഴിയും അവര്‍ ഇക്കാര്യം ചെയ്തുപോന്നു. തൃശ്ശിനാപ്പള്ളി സ്വദേശിയും ബോംബെയില്‍നിന്നുള്ള  കമ്യൂണിസ്റ്റുകാരനുമായ വേദാന്തത്തെയും  ബോംബെ മേയറുടെ മകനും സമ്പന്നകുടുംബത്തിലെ അംഗവും അഭിഭാഷകനുമായ സൊറാബ് സോളി ബാട്‌ലിവാലയെന്ന സോഷ്യലിസ്റ്റിനെയും  തിരുവിതാംകൂറുകാരും കൊച്ചിക്കാരും മലബാറുകാരുമായ കോണ്‍ഗ്രസ് സത്യാഗ്രഹികളുടെ രാഷ്ട്രീയവിദ്യാഭ്യാസത്തിനായി കണ്ണൂര്‍ ജെയിലിലെത്തിച്ച ബ്രിട്ടീഷുകാരുടെ ജയില്‍ വ്യവസ്ഥ ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല.
ബാട്‌ലിവാല ആദര്‍ശനിഷ്ഠയുള്ള സോഷ്യലിസ്റ്റാണ്. ഏ ക്ലാസ് ആണ് വിധിച്ചതെങ്കിലും സി ക്ലാസ് മാത്രമേ സ്വീകരിക്കൂ എന്നദ്ദേഹം നിര്‍ബന്ധം പിടിച്ചതുകാരണം അധികൃതര്‍ വഴങ്ങുകയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് നമ്പൂതിരിപ്പാട് ഇവിടെ ഏ ക്ലാസ് തടവുകാരനായി വരുന്നുണ്ട്. അന്നും സി ക്ലാസുകാര്‍ക്ക് ജയിലില്‍ കൊടിയ മര്‍ദ്ദനമേല്ക്കുന്നുണ്ട്.
ജയില്‍വാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ കാലത്ത് ഭഗത് സിങ്ങിനെയും കൂട്ടരെയും തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത് പൊന്നറ ശ്രീധറും എന്‍ പി കുരുക്കളും ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് ലീഗ് സംഘവും മറ്റുചിലരും ചേര്‍ന്നാണ്. അന്ന് അഭിഭാഷനായിരുന്ന കെ സി ജോര്‍ജും മറ്റു ചില വക്കീലന്മാരും ഈ പ്രവര്‍ത്തനത്തിന് രണ്ടുരൂപ വീതം സംഭാവന നല്കിയെന്ന് ശേഖര്‍ ഓര്‍ക്കുന്നു, രണ്ടു രൂപ അന്നു വലിയ സംഖ്യയാണെന്നും. തുടര്‍ന്നു നടന്ന യോഗത്തില്‍ കടുത്ത ശ്വാസതടസ്സവും വെച്ച് കേസരി ബാലകൃഷ്ണപിള്ള പ്രസംഗിച്ചു.
ദീര്‍ഘവും മുഷിപ്പിക്കുന്നതുമായ മാര്‍ക്സിസ്റ്റ് സിദ്ധാന്ത ചര്‍ച്ചയാണ് ഇതിലെ ഒരു പ്രധാന വൈകല്യം. സിദ്ധാന്തം നമ്പൂതിരിപ്പാടിനു മാത്രമല്ല തനിക്കുമറിയാമെന്ന് തെളിയിക്കേണ്ട ആവശ്യകതയായിരിക്കാം അതിനു പ്രേരണ. ഒരിടത്തും ഒന്നാം നിര നേതാവായി ഇദ്ദേഹം സ്വയം പ്രതിഷ്ഠിക്കുന്നില്ല. ആദ്യം പൊന്നറ ശ്രീധറിന്റെയും പിന്നീട് കൃഷ്ണപിള്ളയുടെയും അനുയായിയായാണ് ഇദ്ദേഹത്തെ മനസ്സിലാവുന്നത്.
വളരെ പ്രാധാന്യമുള്ള ഒരു കാര്യം അവസാനഭാഗത്ത് ഇദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. നമ്പൂതിരിപ്പാട് എഴുതിയ ആദ്യത്തെ കേരളചരിത്രങ്ങളിലൊന്നും കയ്യൂരിനെപ്പറ്റി പരാമര്‍മേയില്ലെന്നതിനു കാരണം എന്തായിരുന്നുവെന്ന് ഒരു ഇന്‍സൈഡെര്‍ക്കുമാത്രം വെളിപ്പെടുത്താവുന്ന ആ കാര്യം ഇതാണ്. കയ്യൂര്‍ സാമ്രാജ്യത്വവിരുദ്ധ സമരമല്ലെന്നുള്ള കാര്യം മൊറാഴ കയ്യൂര്‍ സമരങ്ങളെ വിലയിരുത്തിക്കൊണ്ട് നമ്പൂതിരിപ്പാട് അന്നു പാര്‍ട്ടിയില്‍ സര്‍ക്കുലേറ്റ് ചെയ്ത രേഖയില്‍ പറഞ്ഞിരുന്നത്രെ. ഏതായാലും നാല്പതകളുടെ അവസാനത്തിലെ കേരളം മലയാളികളുടെ മാതൃഭൂമി മുതല്‍ 1967 ലെ Kerala: Yesterday, Today and Tomorrow വിലൂടെ  1990ലെ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തിലേക്കു വളര്‍ന്ന ഇ എം എസിന്റെ ചരിത്രത്തിലൊന്നിലും കയ്യൂരില്ല, മൊറാഴയും മട്ടന്നൂരുമേയുള്ളൂ. ചരിത്രമെഴുതി ചരിത്രമെഴുതി സ്വയംപ്രതിഷ്ഠിച്ച ഇ എം എസ് ചെയ്ത അപൂര്‍വ്വം ശരികളിലൊന്നല്ലേ ഇതെന്നാണ് എന്റെ സംശയം. വെള്ളത്തില്‍ച്ചാടിയ ഒരു പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്നത് അത്രവലിയ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭമായൊന്നും തോന്നുന്നില്ല. ഇതിനെക്കുറിച്ചുണ്ടായിട്ടുള്ള ചരിത്രങ്ങള്‍, കുഞ്ഞമ്പുവിന്റെ കീര്‍ത്തനവും കെ കെ എന്‍ കുറുപ്പിന്റെ അക്കാഡമിക് ചരിത്രവും, ഇല്ലായ്മയെ പൊലിപ്പിക്കുന്നതായേ തോന്നിയുള്ളൂ. അതേസമയം പ്രസ്ഥാനം ചെയ്ത വലിയൊരു നെറികേട് എന്ന നിലയില്‍ ഇതിനു ചരിത്രപ്രാധാന്യമുണ്ട്. നമ്പൂതിരിപ്പാടിന്റെ വിലയിരുത്തല്‍ എന്തുമാവട്ടെ, തൂക്കിലേറാന്‍ പോവുന്ന ആ പാവങ്ങളെ ഒന്നു ചെന്നു കാണേണ്ടുന്ന മര്യാദപോലും നമ്പൂതിരിപ്പാട് കാട്ടിയിട്ടില്ല. അഖിലേന്ത്യാ സെക്രട്ടറി ജോഷി പോലും അവരെ സന്ദര്‍ശിച്ചിരുന്നു. അന്നു കോഴിക്കോട്ട് ആപ്പീസു തുറന്ന് ഭരണം നടത്തുന്ന നമ്പൂതിരിപ്പാടിന് കഷ്ടി ഒരു നൂറുകിലോമീറ്റര്‍ സഞ്ചരിച്ച് അവരെ കാണാനാവാഞ്ഞിട്ടല്ല. കമ്യൂണിസ്റ്റുപാര്‍ട്ടി സര്‍ക്കാറിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാലമാണതെന്നും ഓര്‍ക്കണം. ജോഷിക്കും മറ്റും സന്ദര്‍ശിക്കാന്‍ ഒരു തടസ്സവുമുണ്ടായില്ല. മാത്രവുമല്ല 1938-42 കാലത്തെ കൃതികള്‍ സമാഹരിച്ചിരിക്കുന്ന സമ്പൂര്‍ണ്ണകൃതികളുടെ നാലാം സഞ്ചികയില്‍ ഒരിടത്തു മാത്രമാണ് കയ്യൂര്‍ പരാമര്‍ശിക്കപ്പെടുന്നത്. അതാവട്ടെ കോണ്‍ഗ്രസ്സിന്റെ വില്ലേജ് കമ്മിറ്റികളുടെ ലിസ്റ്റ് കൊടുത്തിടത്തും. അക്കാലത്തെ കൃതികള്‍ കുറെയേറെ നഷ്ടപ്പെട്ടുപോയി എന്നാണ് പറയുന്നത്. നഷ്ടപ്പെട്ടതിലും ഉണ്ടാവാനിടയില്ലല്ലോ, 1947 മുതല്‍ 1990 വരെയുള്ള ചരിത്രം നോക്കുമ്പോള്‍.
എന്‍ സി ശേഖറിന്റെ ഈ കൃതി വ്യക്തമാക്കുന്ന മറ്റൊരു കാര്യം ഇ എം എസിനു നേരെയുണ്ടായ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ ദൌര്‍ബല്യമാണ്. ഇ എം എസ്സിനെപ്പോലെ ഒരു കള്ളനാണയം എങ്ങനെ മൂത്തുവാണു എന്നറിയണമെങ്കില്‍ ഇ  എം എസ്സിനെ വിമര്‍ശിച്ച പ്രസ്ഥാനക്കാരുടെയും പ്രസ്ഥാനത്തില്‍നിന്നു വിട്ടുപോയവരുടെയും വാദങ്ങളിലെ വൈകല്യവും ദൌര്‍ബല്യവും നോക്കിയാല്‍ മതി. അതാവട്ടെ മിക്കവാറും വിദ്യാഭ്യാസനിലവാരവുമായി ബന്ധപ്പെട്ടതും. അറിവുണ്ടായിരുന്ന ചിലരാവട്ടെ (കെ ദാമോദരന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം) കമ്യൂണിസ്റ്റ് വിരുദ്ധത ആരോപിച്ചു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ എന്തോ  പലതും ഉള്ളിലൊതുക്കി മരിച്ചുപോയി. എന്‍ സി ശേഖര്‍ ഉന്നയിക്കുന്ന ഒരാരോപണം നോക്കുക. ഇ എം എസ് കേരളം: ഇന്നലെ ഇന്ന് നാളെ എന്ന കൃതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നത് 1939 ലാണെന്ന ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന വാസ്തവം മറച്ചുവെച്ച് അതു നടന്നത് 1940-42 കാലത്താണെന്നു പറയുന്നു ഇ എം എസ്. ഇവിടെ എന്‍ സിക്കു തെറ്റിപ്പോയി. ആ കൃതിയില്‍ 1939 ലെ പാറപ്പുറം സമ്മേളനത്തെപ്പറ്റിയോ ആ വര്‍ഷം അവസാനം നടന്ന ഏതെങ്കിലും നിര്‍ണ്ണായക നടപടികളെപ്പറ്റിയോ പരാമര്‍ശമില്ലെന്നതു ശരിയാണ്. പകരം 1940 ജനുവരി ഫിബ്രവരികാലത്ത് നടന്ന നിരവധി യോഗങ്ങളില്‍വെച്ചാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കാനുള്ള തീരുമാനം ഉണ്ടായത് എന്നാണ് പറയുന്നത്. 1939 അവസാനം എന്ന് ഒട്ടുമിക്കവരും അംഗീകരിച്ച കാലത്തില്‍നിന്നും രണ്ടുമാസം നീട്ടിയെടുത്തതിന് ഇ എം എസ്സിന് എന്തെങ്കിലും ഗൂഢോദ്ദേശ്യം ഉണ്ടോ എന്നു വ്യക്തമല്ല. എന്തെങ്കിലും കാണാതെ അങ്ങനെ ചെയ്യുന്ന ആളല്ല ഇ എം എസ്. പക്ഷേ 1940-42 കാലത്തെപ്പറ്റി ഇ എം എസ് പറയുന്നത് പാര്‍ട്ടി ഒളിവില്‍ പ്രവര്‍ത്തിച്ച കാലത്തെപ്പറ്റിയാണ്. എന്‍ സി ശേഖറിന്റെ തെറ്റായ വായന ആ കൃതി മലയാളത്തില്‍ അന്നു ലഭ്യമല്ലാതിരുന്നതുകൊണ്ടും ആവാം. 1946-47 ല്‍ മലബാര്‍ പാര്‍ട്ടിയിലെ സംഘടനാപരമായ പ്രതിസന്ധി പാര്‍ട്ടിക്കുള്ളിലെ പുറത്തുപറയാന്‍ കൊള്ളാത്ത അധികാരവടംവലി കാരണമായിരുന്നു എന്നും ഇതില്‍ കൃഷ്ണപിള്ള സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട് ഇ എം എസ്സിനെതിരെ മേശതിരിച്ചിട്ടുവെന്നും എന്‍ സി പറയുന്നു. 1943-45 കാലത്താണ് ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടാവുന്നത്. കൃഷ്ണപിള്ള സ്വന്തം നിലയ്ക്ക് കമ്മിറ്റി പിരിച്ചുവിടുന്നത് 1944ലും. കൃഷ്ണപിള്ളയുടെ 'പാര്‍ട്ടിബോധ'ത്തിന് തട്ടിയ ഈ 'ഉടവാ'ണ് കൃഷ്ണപിള്ളയ്ക്കും മേല്‍ ഇ എം എസ്സിന് ആധിപത്യം നേടിക്കൊടുത്തത്. കേരളത്തിലെല്ലായിടത്തും പാര്‍ട്ടിയുടെ സംഘാടകനായിരുന്ന കൃഷ്ണപിള്ളയും ഒളിത്താവളത്തിലിരുന്ന് മെയ്യനങ്ങാതെ പേനയുന്തിയ ഇ എം എസ്സും. കൃഷ്ണപിള്ളയുടെയും മേല്‍ നേതാവാവാന്‍ നമ്പൂതിരിപ്പാടിനെ സഹായിച്ചത് പാര്‍ട്ടി കേന്ദ്രനേതൃത്വവുമായുള്ള ബന്ധമാവണം. 
ഇ എം എസ് സ്വത്ത് പാര്‍ട്ടിക്കു കൊടുത്തില്ല എന്നു പറയുന്നുണ്ട് എന്‍ സി. പോക്കടം പോലെ കിടന്ന ഒരു ഭൂമി വിറ്റു കിട്ടിയ കാശ് കൊടുത്തെങ്കിലും ജോഷി ആ  പണം പിന്നീട് ഇ എം എസ്സിനു തിരിച്ചുകൊടുത്തെന്നാണ് പറയുന്നത്.  ആര്‍ക്കറിയാം. ഏതായാലും രസകരമായൊരു കാര്യം ഇദ്ദേഹം അതിനെപ്പറ്റി പറയുന്നുണ്ട്.അക്കാലത്ത് പലരും ഇതുപോലെ പാര്‍ട്ടിക്കു സ്വത്ത് കൊടുത്തിരുന്നത്രെ. വിപ്ലവം വന്നിങ്ങ് പടിക്കല്‍ കയറി എന്നോര്‍ത്തിട്ട്. ഏതായാലും മഹാമനസ്കതകൊണ്ടാണ് ഇ എം എസ് സ്വത്തു കൊടുത്തത് എന്നു വിചാരിക്കാന്‍ മന്ദബുദ്ധികളായ ഇ എം എസ് ഭക്തരേ തയ്യാറാവൂ. സ്വത്തു മുഴുവന്‍ പാര്‍ട്ടിക്കു കൊടുത്തു എന്നു പറയുന്നതിലെ തട്ടിപ്പ് ആരൊക്കെയോ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്തിട്ടുണ്ടല്ലോ. 1957 ലെ മുഖ്യമന്ത്രിപദം ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിന്റെ പ്രധാനഭാഗത്ത് വീടു സംഘടിപ്പിച്ചു എന്നും ആരോപണം ഉന്നയിക്കുന്നുണ്ട്. കയ്യൂരിനെപ്പറ്റി പറഞ്ഞതൊഴിച്ചാല്‍ മറ്റുള്ള ആരോപണങ്ങള്‍ക്കൊന്നും വലിയ വിശ്വാസ്യത തോന്നിയില്ല.
ഒരു തൊഴിലാളി കുടുംബത്തിലെ സ്ത്രീയെ കല്യാണം കഴിച്ച് ദാരിദ്ര്യത്തില്‍ കഴിഞ്ഞ ജീവിതമായിരുന്നു ഇദ്ദേഹത്തിന്. രാജ്യസഭയില്‍ അംഗമായിരിക്കുന്ന കാലത്ത് പാര്‍ട്ടിക്കു ലെവി കൊടുത്തില്ല എന്നതാണ് ഇ എം എസ് ഇദ്ദേഹത്തിനെതിരെ പരസ്യമായി ഉന്നയിച്ചിരുന്ന ആരോപണം. പാര്‍ട്ടിയില്‍നിന്ന് ഇദ്ദേഹം സ്വയം പിന്‍വാങ്ങിയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി അങ്ങനെയൊരു കാര്യം അനുവദിക്കാത്തതിനാല്‍ പുറത്താക്കി പാരമ്പര്യം പാലിച്ചു. അങ്ങനെ എത്ര പേര്‍. പുറത്തുപോയവര്‍ മിക്കവരും തങ്ങളുടെ വെറുപ്പ് പ്രകടിപ്പിച്ചത് നമ്പൂതിരിപ്പാടിന്റെ നേരെയായിരുന്നു എന്ന വസ്തുത ശ്രദ്ധേയമാണ്. എന്‍ സി നമ്പൂതിരിപ്പാടിനെപ്പറ്റി പറയുന്നു:
"സഹപ്രവര്‍ത്തകരെ കറിവേപ്പിലപോലെ എടുത്തുകളയുകയും പ്രസ്ഥാനചരിത്രത്തെ വികലമായ വ്യക്തിനിഷ്ഠവീക്ഷണംകൊണ്ട് വികൃതമാക്കാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ ഒന്നൊഴിയാതെ ദുരുപയോഗപ്പെടുത്താനുള്ള ഉപജാപങ്ങള്‍ ഒരു ജീവിതവ്രതമാക്കുകയും ചെയ്ത ഒരേയൊരു നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടാണെന്ന് തുറന്നു പ്രസ്താവിക്കാന്‍ എനിക്ക് അശേഷം മടിയില്ല." 
ഏതായാലും അകിടുപോലെ മുഖത്തു വീര്‍ത്ത മേദസ്സും തൂക്കി ഉളുപ്പില്ലാതെ നുണയും നെറികേടും വിളമ്പി നടക്കുന്ന ഇന്നത്തെ നേതാക്കള്‍ ശേഖറിന്റെ പിന്‍ഗാമികളല്ല.

24 Aug 2010

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച.

നേരത്തേ പറഞ്ഞ ഇല്ലാത്ത സാസ്കാരിക സംഘടനയുടെ പേരില്‍ യോഗം നടത്തി പ്രസംഗിച്ചതിന് അനുബന്ധമായി ഒരു കാര്യമുണ്ടായിരുന്നു. യോഗം നടക്കുന്ന ദിവസം യോഗസ്ഥലത്തിനടുത്തുള്ള ഒരു ഫോണും ഐ ജി ആപ്പീസിലെ ഫോണും തമ്മില്‍  ഉണ്ടായ സംഭാഷണം ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഒരു സുഹൃത്ത് കേട്ടത് പിന്നീട് ജോര്‍ജിനോട് പറയുകയുണ്ടായത്രെ. ജോര്‍ജിനെ ഒന്നാം നമ്പര്‍ ശത്രുവെന്ന നിലയ്ക്ക് നേരിടണമെന്നും നല്ല പാഠം പഠിപ്പിക്കണമെന്നുമായിരുന്നു ഐ ജി ആപ്പീസില്‍നിന്ന് യോഗസ്ഥലത്തെ ഉദ്യോഗസ്ഥന് ഫോണിലൂടെ കിട്ടിയ നിര്‍ദ്ദേശം. അതെന്തായാലും യോഗം നടത്തി ജോര്‍ജ് അയാളുടെ പാട്ടിനുപോയ കാര്യം നേരത്തെ പറഞ്ഞു.
ആഗസ്ത് 13ആം തിയ്യതിയിലെ പൊലീസ് മര്‍ദ്ദനം ഉണ്ടാക്കിയ ഭീതി മാറ്റുന്നതിനുവേണ്ടി തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രകടനം സംഘടിപ്പിക്കാന്‍ ഇദ്ദേഹം കെ വി പരമേശ്വരനോടു പറയുന്നു. പന്ത്രണ്ടുപേര്‍ പ്രകടനം നടത്തുന്നു. ആ യുവധീരന്മാരെ തനിക്ക് ഒരിക്കലും വിസ്മരിക്കാന്‍ സാധ്യമല്ലെന്ന് ജോര്‍ജ്. അസാധാരണ ധൈര്യമുള്ളവര്‍ക്കേ ആ സമയത്ത് അങ്ങനെയൊരു ജാഥയില്‍ പങ്കെടുക്കാന്‍ കഴിയുള്ളൂ എന്നും അദ്ദേഹം പറയുന്നു. ജാഥ നടക്കുമ്പോള്‍ അദ്ദേഹം എന്തു ചെയ്തു? പ്രകടനത്തിന്റെ പിന്നില്‍ നീങ്ങി. കുറെ ദൂരം നീങ്ങിയപ്പോള്‍ ഒരു വാന്‍ നിറയെ പൊലീസ് വന്നു പ്രകടനം തടഞ്ഞു. ലാത്തിചാര്‍ജ് നടത്തി. ചിലരുടെ തലപൊട്ടി. എല്ലാവരെയും വാനില്‍ വലിച്ചിട്ടു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
"ഞാന്‍ ഓഫീസിലേക്കു മടങ്ങിപ്പോയി."
അതിനടുത്ത ഒരു ദിവസമാണ് ഓണം. തിരുവോണത്തിന് വീട്ടില്‍ പോവണമെന്ന് ജോര്‍ജിന് നിര്‍ബന്ധമാണ്. പോയി. മടങ്ങി വന്നപ്പോള്‍ അറസ്റ്റുണ്ടായി. ലോക്കപ്പില്‍ അപ്പോഴുമുണ്ട് എന്‍ സി ശേഖര്‍. കോടതിയില്‍ ഹാജരാക്കിയിട്ടുപോലുമില്ല. ലോക്കപ്പില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ അബ്ദുള്‍ കരീം എന്ന ഉന്നത പൊലീസുദ്യോഗസ്ഥന്‍ ജോര്‍ജിനെ സന്ദര്‍ശിക്കുന്നു. വെറുതെ കാണാന്‍ വന്നതാണെന്നു പറയുന്നു. അബ്ദുള്‍ കരീം മീററ്റ് ഗൂഢാലോചനക്കേസിലൊക്കെ കമ്യൂണിസ്റ്റുകളെ വേട്ടയാടി പരിചയമുണ്ടായിരുന്ന ആളാണത്രെ.  അബ്ദുള്‍ കരീമുമായി വേറെയും കൂടിക്കാഴ്ചകളുണ്ട്. ജോര്‍ജിന്റെ പ്രീതി പിടിച്ചുപറ്റാന്‍ വെമ്പുന്ന ഈ പൊലീസുദ്യോഗസ്ഥന്‍ എന്തൊക്കെയോ സംശയങ്ങളുയര്‍ത്തുന്നു. ഏതായാലും ഒന്നാം നമ്പര്‍ ശത്രുവായ ജോര്‍ജിനെ തൊട്ടടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി. ശിക്ഷ അന്നുതന്നെ വിധിച്ചു. ഒമ്പതു മാസം വെറും തടവ്. അന്ന് ജയിലില്‍ പോവുന്നത് തടിനന്നാക്കാനും പഠിക്കാനും വിശ്രമത്തിനും ഒക്കെ നല്ലതായി കണക്കാക്കിയിരുന്ന കാലമാണെന്നോര്‍ക്കണം. ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിലും നല്ലത് ജയിലില്‍ പോവുന്നതാണെന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ ജോര്‍ജിന്റെ അമ്മതന്നെ അഭിപ്രായപ്പെടുന്നുണ്ട്. നേരേമറിച്ച് കുളിക്കാനും വസ്ത്രം അലക്കാനും സൌകര്യമില്ലാതെ, വെളിമ്പ്രദേശത്ത് കക്കൂസില്‍ പോവേണ്ടുന്ന, കലത്തില്‍ മൂത്രമൊഴിച്ച് അതിന്റെ മണവുംകൊണ്ട് വൃത്തിയില്ലാത്ത തറയില്‍ കിടക്കേണ്ടുന്ന ലോക്കപ്പ് വാസം അങ്ങേയറ്റം നരകം പിടിച്ചതുമായിരുന്നു. പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ നേരേ ജയിലില്‍ പോകാനാവസരമുണ്ടായത് ജോര്‍ജിന്റെ അസാധാരണമായ ഭാഗ്യം തന്നെ. ഈ സമയത്ത് ഏ കെ ഗോപാലന്‍ തിരുവിതാംകൂര്‍ ജാഥ നയിച്ചെത്തി കോട്ടയം ലോക്കപ്പിലായി. ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെയും സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കാത്തതിനെതിരെയും അദ്ദേഹം നിരാഹാരസമരം നടത്തിയെങ്കിലും സര്‍ക്കാര്‍ പൊതുമാപ്പ് നല്കി എല്ലാവരെയും വിട്ടയയ്ക്കുന്നതുവരെ അദ്ദേഹം ലോക്കപ്പില്‍ തന്നെ കിടന്നു.
ഒന്നാം നമ്പര്‍ ശത്രു കഷ്ടിച്ച് രണ്ടു മാസം ജയിലില്‍ കഴിച്ചതെങ്ങനെ എന്നു പറയുന്നതു നോക്കുക. എല്ലാ നേതാക്കന്മാരും ജയിലിലുണ്ട്. മലബാറുകാരനെങ്കിലും കെ ദാമോദരന്‍ അന്നവിടെ തടവിലാണ്. അയാള്‍ ഹിന്ദി ക്ലാസ് എടുത്തു. പട്ടം മുതല്‍പേര്‍ ജയിലില്‍ ഹിന്ദി പഠിച്ചു. ആ ചുരുങ്ങിയ കാലത്തെ ജയില്‍ ജീവിതം ഏറ്റവും സന്തോഷകരമായ ദിവസങ്ങളായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് എന്നാണ് ജയില്‍വാസത്തെപ്പറ്റി ജോര്‍ജ് പറയുന്നത്. (കക്കൂസിന്റെ വൃത്തി ഒഴിച്ചാല്‍ ജയില്‍വാസം സുഖമായി പണിയെടുക്കാതെ ഭക്ഷണം കഴിച്ച് സൈദ്ധാന്തികവ്യായാമം നടത്താനുള്ള അവസരമായിരുന്നെന്ന് നായനാരുടെ ജയില്‍ ഡയറി വായിച്ചാല്‍ മനസ്സിലാവും.) സൂര്യനു കീഴിലുള്ള സകലവിഷയങ്ങളെപ്പറ്റിയും പരസ്പരം ചര്‍ച്ച ചെയ്തും പാട്ടുപാടിയും രാജാവിന്റെ ജന്മദിനമായ തുലാം 7 വരെ കഴിച്ചു. പിന്നെ വിമോചനവുമായി. തുലാം ഏഴിനാണ് അക്കമ്മ ചെറിയാന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ രാജാവിനു നിവേദനം നല്കാന്‍ കിഴക്കേകൊട്ടയിലേക്കു മാര്‍ച്ച് ചെയ്തതും രാജാവ് നിവേദനം സ്വീകരിക്കാനോ വളണ്ടിയര്‍മാരെ കാണാനോ കൂട്ടാക്കാതെ വേറെ വഴിക്കു രക്ഷപ്പെട്ടതും. അതിനു മുമ്പുതന്നെ പ്രശസ്തമായ ആലപ്പുഴ പണിമുടക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു.  ജയിലില്‍നിന്നിറങ്ങി വിശ്രമമില്ലാതെ ആലപ്പുഴ പണിമുടക്കിലേക്കു നീങ്ങുകയാണ്. പൊന്നറ ശ്രീധറും ശ്രീകണ്ഠന്‍നായരും സമരത്തെ സഹായിക്കാന്‍ ആലപ്പുഴയ്ക്കു പോവാന്‍ തീരുമാനിച്ചും. ഞാനും. എന്നാല്‍ തിരുവനന്തപുരത്ത് നിന്നുകൊണ്ട് പണിമുടക്കിനു പ്രചരണം സംഘടിപ്പിക്കുകയും ഫണ്ട് പിരിക്കുകയും ചെയ്യുന്ന ജോലി ഞാനേറ്റെടുക്കണമെന്ന് പൊന്നറ ശ്രീധര്‍ പറഞ്ഞതു ഞാന്‍ സ്വീകരിച്ചു. പൊന്നറ ആലപ്പുഴ പോയി വിവരങ്ങള്‍ ശേഖരിച്ച് രണ്ടുദിവസംകൊണ്ടു മടങ്ങിയെത്തി. ഫണ്ട് പിരിവിനുശേഷം പൊന്നറയുമൊത്ത് ആലപ്പുഴയ്ക്കു പോയ ഞാന്‍ മനസ്സില്‍ മായാത്ത ചിത്രങ്ങളുമായിട്ടാണ് മടങ്ങിയത്.ആലപ്പുഴപോയി മടങ്ങിവന്നു. അവിടെ എന്തെങ്കിലും ചെയ്തതായി പറയുന്നില്ല. തിരുവട്ടാര്‍ താണുപിള്ളയും ശ്രീകണ്ഠന്‍നായരുമൊക്കെ ആലപ്പുഴ ക്യാമ്പ് ചെയ്തു പണിമുടക്കു സമരത്തെ സഹായിക്കുകയായിരുന്നു എന്നു പറയുന്നതില്‍നിന്നു മനസ്സിലാവുന്നത് താന്‍ അവിടെ നിന്നില്ല എന്നാണ്. ഇദ്ദേഹത്തിന്റെ രീതിയനുസരിച്ച് അവിടെ നില്ക്കാന്‍ ഒരു സാദ്ധ്യതയുമില്ല. ലാത്തിചാര്‍ജും വെടിവെപ്പുമായാണ് സി പി പണിമുടക്കിനെ നേരിട്ടത്. പണിമുടക്കിനെപ്പറ്റി ഒന്നും പറയാതെ ആശയം ഭൌതികശക്തിയാവുന്നതിനെപ്പറ്റിയും തൊഴിലാളിവര്‍ഗ്ഗം തന്റെ ഗുരുവായതിനെപ്പറ്റിയുമൊക്കെ പറഞ്ഞ് സ്വന്തം തടിരക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ആത്മകഥനത്തെയാണ് ഇവിടെ കാണുന്നത്. ഇതു കഴിഞ്ഞ് ഒന്നു രണ്ടു യോഗങ്ങളിലൊക്കെ പങ്കെടുത്തു പ്രസംഗിച്ചപ്പോഴേക്ക് അറസ്റ്റ് വാറണ്ട് വീണ്ടും വന്നു. ചങ്ങനാശ്ശേരിയില്‍വെച്ച് ഇതറിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് പോയി അറസ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചു. അന്ന് കോണ്‍ഗ്രസ്സുകാരുടെ രീതി വാറണ്ടുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ടുപോയി അറസ്റ്റ് കൊടുക്കുക എന്നതാണ്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പൊലീസുകാര്‍ കാത്തുനില്പുണ്ടായിരുന്നു. അറസ്റ്റ് അന്നു വേണ്ട, വീട്ടില്‍പ്പോയി കുളിച്ച് വിശ്രമിച്ചിട്ട്  പിറ്റേന്നാകാം എന്നായി സുഹൃത്തുക്കള്‍. പൊലീസുകാര്‍ക്കും വിരോധമില്ല. പക്ഷേ രാത്രി ഒരു മണിയോടെ പട്ടത്തിന്റെ ഒരു ദൂതന്‍ മതില്‍ ചാടിക്കടന്നു വന്നിരിക്കുന്നു. അറസ്റ്റ് കൊടുക്കാതെ എറണാകുളത്തേക്കു പോവണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട്. പട്ടത്തിനോടും സ്റ്റേറ്റ് കോണ്‍ഗ്രസ്സിനോടും ശേഷിക്കുന്ന മതിപ്പുപോലും ഇല്ലാതായ കാലത്ത് പട്ടം പറഞ്ഞതുപ്രകാരം ഇദ്ദേഹം ചെയ്യുമെന്നതൊക്കെ ലേശം അവിശ്വസനീയമായി തോന്നുന്നു. ഏതായാലും രാത്രി രണ്ടരയോടെ അതിസാഹസികമായി വീട്ടിനു പുറത്ത് കാവല്‍ നിന്ന സി ഐ ഡികളെ കബളിപ്പിച്ച് വേളി സ്റ്റേഷനില്‍ പോയി വണ്ടി കയറുകയാണ് ജോര്‍ജ്. അങ്ങനെയാണ് ജോര്‍ജിന്റെ അണ്ടര്‍ഗ്രൌണ്ട് ജീവിതം ആരംഭിക്കുന്നത്. എറണാകുളത്ത് കൊച്ചി ദിവാന്റെ സി പി വിരോധം ഉപയോഗപ്പെടുത്തി അലട്ടില്ലാത്ത ഒരു ജീവിതം. കൂട്ടിന് വൈക്കം മുഹമ്മദ് ബഷീര്‍. വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെപ്പറ്റി ദുഃഖം പ്രകടിപ്പിക്കുന്നുണ്ട് ഇദ്ദേഹം. നിയമം ലംഘിച്ചു നടത്തിയ സമ്മേളനത്തില്‍ വെടിവെപ്പും ലാത്തിചാര്‍ജുമൊക്കെ പ്രതീക്ഷിച്ചതായിരുന്നു ‍. ഭാഗ്യത്തിന് ഒന്നുമുണ്ടായില്ല. ഗറില്ലാസമരം പോലെ എന്നാണ് അതിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിന്റെ പേര്. പട്ടത്തിന്റെ നിര്‍ദ്ദേശം ആ സമ്മേളനത്തില്‍ പങ്കെടുക്കാതെ രക്ഷപ്പെടുത്തി.
സമരവും പ്രതീക്ഷിച്ച് അക്ഷമനായി എറണാകുളത്ത് കഴിയുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. എറണാകുളത്ത് എത്തിയ ഉടന്‍ അവിടത്തെ പൊലീസ് കമ്മിഷനര്‍ ഇദ്ദേഹത്തെ വിളിപ്പിച്ച് സൌഹൃദ സംഭാഷണം നടത്തുന്നു. പിന്നീട് ഒന്നരക്കൊല്ലത്തെ എറണാകുളത്തെ ഒളിവുജീവിതത്തിനിടെ ഒരിക്കലും കൊച്ചി പൊലീസ് തന്റെ കാര്യത്തില്‍ ഇടപെട്ടില്ല. എത്രയോ പൊലീസുദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് വളരെ മര്യാദയായി ഗുഡ് മോണിങ്/ഈവനിങ് മിസ്റ്റര്‍ ജോര്‍ജ് എന്നു പറഞ്ഞ് മര്യാദയോടെ  സംസാരിക്കുന്നത് ഈ കഥയിലുണ്ട്. ഒരുത്തനും അപമര്യാദയായി സംസാരിച്ച കഥയില്ല. പൊങ്ങച്ചക്കാരന്റെ selective memory ആവാം അല്ലാതിരിക്കാം പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പൊലീസ് എന്നു പറഞ്ഞാല്‍ തനിക്ക് നല്ല കണ്ണോടെ അവരെ കാണാന്‍ വയ്യ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതിലെ ഹിപ്പോക്രസി ലേശം കടന്നുപോയില്ലേ. വേറൊരു രസകരമായ കാര്യം പൊലീസ് സ്റ്റേഷനുകളിലും അല്ലാതെയും റൌഡികളും അറിയപ്പെടുന്ന കുറ്റവാളികളുമായി ഇയ്യാള്‍ക്കുള്ള ബന്ധമാണ്. അവരൊക്കെ കാണുന്ന മാത്രയില്‍ ഇദ്ദേഹത്തെ ഗുരുവായി അങ്ങ് അംഗീകരിക്കുന്നു. ഇത്തരം പലരുമായുള്ള ബന്ധത്തെപ്പറ്റിയും പറഞ്ഞുപൊലിപ്പിക്കുന്നുണ്ട് നേതാവ്. കമ്യൂണിസ്റ്റുകാരെ ഒതുക്കാന്‍ സി പി പ്രത്യേകം കൊണ്ടുവന്നു എന്നു പറയുന്ന കരീംസാഹിബ് എന്ന ഐ ജിയെപ്പറ്റി ഇദ്ദേഹം കുറെയേറെ പറയുന്നുണ്ട്. കരീംസാഹിബ് എന്നൊരു അദ്ധ്യായം തന്നെയുണ്ട്. ഇവരുടെ കൂടിക്കാഴ്ചകളിലൊക്കെ കരീംസാഹിബ് വിനീതനും ജോര്‍ജ് അധികാരത്തെ വെല്ലുവിളിക്കുന്നവനുമാണ്. തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ കരീംസാഹിബ് ഇദ്ദേഹത്തെ കാണാന്‍ വന്നത് പതിനെട്ടു വയസ്സു തോന്നിക്കുന്ന ഒരു യുവാവുമൊത്താണ്. മകനാണെന്നാണ് ജോര്‍ജിനു തോന്നിയത്. ക്ഷേമാന്വേഷണം നടത്തിയപ്പോള്‍ തനിക്കു പനി തോന്നുന്നെന്നു ജോര്‍ജ് പറഞ്ഞപ്പോള്‍ അതു മലബന്ധംകൊണ്ടായിരിക്കുമെന്ന് കരീം അഭിപ്രായപ്പെട്ടു. തനിക്കത് ഇതുവരെ ഉണ്ടായിട്ടില്ലെന്നു പറഞ്ഞത് വിശ്വസിക്കാതിരുന്ന കരീമുമായി ജോര്‍ജ് മുഷിഞ്ഞു സംസാരിക്കുന്നു. എന്തേ കല്യാണം കഴിച്ചില്ലെന്നാണ് പിന്നെ ചോദിക്കുന്നത്. ഇതോടെ ശബ്ദമുയര്‍ത്തി ജോര്‍ജ് അയാളെ ശകാരിക്കുന്നു. കരീം പിന്നെ അധികനേരം അവിടെ നില്ക്കാതെ സ്ഥലം വിടുന്നു. ഒന്നരവര്‍ഷം ഇദ്ദേഹം എറണാകുളത്തു കൂടിയതിന്നിടെ സി പിക്കെതിരായി യൂത്ത് ലീഗിന്റെ മെമ്മോറാണ്ടം പരിപാടി, വൈസ്റോയിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പ്രതിഷേധം എന്നിവയും അതു നേരിടുന്നതിനായി സി പിയുടെ വക വ്യാപകമായ അറസ്റ്റും മര്‍ദ്ദനവും നടക്കുന്നു. ഒന്നിലും ഇദ്ദേഹം കാര്യമായി എന്തെങ്കിലും ചെയ്തതായി പറയുന്നില്ല. കുറെ ലഘുലേഖകള്‍ തയ്യാറാക്കിയതായും അച്ചടിച്ചതായും പറയുന്നുണ്ട്. കൊച്ചിയിലെ സര്‍ക്കാരിന്റെ ഒത്താശയോടെ കൊച്ചിയിലിരുന്ന് ഇതൊക്കെ ചെയ്യുന്നത് വലിയ ഒളിപ്രവര്‍ത്തനമൊന്നുമല്ല. അതു തിരുവിതാംകൂറിലെത്തിക്കുന്നതാണ് സാഹസം. അത് ഇദ്ദേഹമാവട്ടെ ചെയ്തതുമില്ല. ശ്രീകണ്ഠന്‍നായരായിരുന്നു അതിന്റെ ചുമതല ഏറ്റെടുത്തതെന്നു പറയുന്നു. എത്ര അണയ്ക്കു ചായയും ചോറും തിന്നു, വാടകകൊടുത്തു എന്നൊക്കെയുള്ള കണക്കു സൂക്ഷിപ്പും ഭക്ഷണം വാങ്ങുന്ന കടയിലെ പറ്റുപുസ്തകത്തില്‍ എഴുതലുമൊക്കെയാണ് ഇക്കാലത്തെ ഇദ്ദേഹത്തിന്റെ ഒളിപ്രവര്‍ത്തനങ്ങള്‍.
ഇദ്ദേഹം തന്നെ പറയുന്നതു നോക്കുക:
തിരുവിതാംകൂറിനു പുറത്തുള്ള പത്രങ്ങള്‍ക്കു പ്രസ്താവനനല്കുന്ന ജോലി മാത്രമായി എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഒതുങ്ങിനില്ക്കുകയായിരുന്നു എനിക്കുതന്നെ ചിലപ്പോള്‍ തോന്നിയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ വാമപക്ഷമായി പ്രവര്‍ത്തിക്കുന്നതിന് ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനം ഞാന്‍ ചെയ്തുകൊണ്ടിരുന്നു.
മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും വായിച്ചവര്‍ വേറെയില്ലാത്തിടത്ത് പ്രസ്താവന എഴുതിക്കൊടുക്കുന്നവന്‍ തന്നെ സംഘാടകനും സൈദ്ധാന്തികനും.
വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കന്മാരെയും പ്രവര്‍ത്തകരെയും വളരെപ്പേരെ സമ്മേളനത്തിനടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തു. സമ്മേളനം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നേതാക്കന്മാര്‍ ജയിലില്‍വെച്ച് മെമ്മോറാണ്ടത്തിലെ ആരോപണങ്ങള്‍ നിരുപാധികം പിന്‍വലിക്കുകയും ചെയ്തു. പക്ഷേ ഇവരെ മോചിപ്പിച്ചില്ല. ആരോപണങ്ങള്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സിനെക്കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെടാന്‍ കാരണമാക്കി. പോരാത്തതിന് നേതാക്കന്മാരൊക്കെ ജയിലിലും. ഇങ്ങനെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നിഷ്ക്രിയമായ അവസ്ഥയില്‍ യൂത്ത് ലീഗിന്റെ ഒരു യോഗം എറണാകുളത്തുവെച്ചു കൂടാന്‍ തീരുമാനിച്ചു. അവിടെ വെച്ചാണ് ബദല്‍ മെമ്മൊറാണ്ടം നല്കുന്നതിനും അത് അച്ചടിച്ചു തിരുവിതാംകൂറില്‍ വിതരണം ചെയ്യാനും തീരുമാനിക്കുന്നത്. ഏ കെ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  നൂറിലധികം പേരുണ്ടായിരുന്നു എന്നാണ് ജോര്‍ജ് ഓര്‍ക്കുന്നത്.  അറസ്റ്റില്‍നിന്ന്  ഒഴിഞ്ഞുമാറി നില്ക്കുന്നത് നാട്ടുകാരുടെ ഇടയില്‍ ഭീരുവെന്ന ദുഷ്പേര് സമ്പാദിക്കുമോ എന്ന് ഇദ്ദേത്തിനു തന്നെ ഉത്കണ്ഠയുണ്ടായതുകൊണ്ട് നിയമം ലംഘിച്ചു ജയിലില്‍ പോവാന്‍ തീരുമാനിച്ചിരുന്ന കാലമായിരുന്നത്രേ. പക്ഷേ ഈ യോഗം അവസാനം ഒരു പ്രമേയം പാസാക്കി. ജോര്‍ജിനെ ഞെട്ടിച്ച ഒരു പ്രമേയം. ജോര്‍ജ് സെക്രട്ടറിയാവണമെന്നും എറണാകുളം കേന്ദ്രമാക്കി സമരം നയിക്കണമെന്നുമായിരുന്നു ആ പ്രമേയം. സെക്രട്ടറി എന്നു പറഞ്ഞാല്‍ സെക്രട്ടറി മാത്രം. കമ്മിറ്റിയൊന്നുമില്ല. ജോര്‍ജിന്റെ എതിര്‍പ്പൊന്നും വിലപ്പോയില്ല. പ്രമേയം പാസായി. സമരം നടത്തുന്നതില്‍ അന്നു കോണ്‍ഗ്രസ് ഡിക്റ്റേറ്റര്‍ക്കുണ്ടായിരുന്ന സ്ഥാനമാണ് യൂത്ത് ലീഗ് യോഗം ഇദ്ദേഹത്തിന് നല്കിയതെന്ന് ജോര്‍ജ്. ഏകാധിപത്യപ്രവര്‍ത്തന സമ്പ്രദായം എന്നു വിമര്‍ശനവും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്. (ഡിക്റ്റേറ്റര്‍ ആയിട്ടാണ് നമ്പൂതിരിപ്പാട് ആദ്യമായി സമരം നടത്തുന്നതും തുടര്‍ന്നു ജയിലില്‍ പോവുന്നതും. അത് 1932 ല്‍.) ഈ ഡിക്റ്റേറ്റര്‍ എന്തു ചെയ്തു എന്നു നോക്കാം. മെമ്മോറാണ്ടം തപാലില്‍ അയച്ചുകൊടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയ പ്രമേയത്തോടെയാണ് സമ്മേളനം അവസാനിച്ചത്. ഇതു താന്‍ തന്നെ കൊണ്ടുപോയി അയച്ചതായി ജോര്‍ജ് പറയുന്നു. മെമ്മൊറാണ്ടത്തിന്റെ ആയിരം കോപ്പികള്‍ അച്ചടിപ്പിക്കുന്നതിനും ഏര്‍പ്പാട് ചെയ്തു. പി ടി പുന്നൂസിനെ നിയമം ലംഘിക്കാന്‍ കാഞ്ഞിരപ്പള്ളിക്കയച്ചു. ഒരു ഓഫീസ് തുറന്നു. "ഓഫീസ് തുറന്നതോടെ സമരവും ആരംഭിച്ചു." അതു പറഞ്ഞു നമ്മള്‍ കാണുന്ന സമരം പുതിയ ആപ്പീസിലെ മുറികള്‍ ആര്‍ക്ക് എന്നതിനെ സംബന്ധിച്ചു വല്ല സമരവുമാണോ? ബഷീര്‍ ഒരു മുറി കരസ്ഥമാക്കിയതിനെപ്പറ്റിയൊക്കെ പറയുന്നുണ്ട്. സമരം എല്ലായിടത്തും പരിപാടിയനുസരിച്ചു നടന്നുകൊണ്ടിരുന്നു. പുതിയ ഇടങ്ങളിലേക്കു വ്യാപിക്കുകയും പുതിയ പ്രവര്‍ത്തകര്‍ രംഗത്തുവരികയും ചെയ്തു. ഇതിലൊക്കെ താന്‍ എന്തെങ്കിലും ചെയ്തതായി ജോര്‍ജിനു പറയാനൊന്നുമില്ല, കുറച്ച് ലഘുലേഖ നേരത്തേ പറഞ്ഞതുപോലെ അച്ചടിച്ച് വിതരണത്തിനായി മറ്റുള്ളവരെ ഏല്പിക്കുന്നതൊഴിച്ചാല്‍. യൂത്ത് ലീഗിന്റെ മെമ്മൊറാണ്ടസമരവും അവസാനിച്ചിരുന്നു എന്ന് ആനുഷംഗികമായ ഒരു പ്രസ്താവത്തോടെ കാര്യങ്ങള്‍ കഴിയുകയും ചെയ്തു. (പതിവുപോലെ സി ഐ ഡികളുടെ സാന്നിദ്ധ്യത്തിന് ഒട്ടും കുറവില്ല. പോരാത്തതിന് ഒരു ഒറ്റുകാരനുമുണ്ട്. പഴയ ആപ്പീസിന്റെയും പുതിയ ആപ്പീസിന്റെയും പരിസരത്തൊക്കെ അവര്‍ ചുറ്റി നടപ്പുണ്ട്.)
വൈസ്റോയിയുടെ വരവിനോടനുബന്ധിച്ചുള്ള പ്രതിഷേധവും ഇങ്ങനെയൊക്കെ. സഖാവ് ജോര്‍ജ് എറണാകുളത്ത് സുരക്ഷിതമായിരിക്കുകയും സമരം നടത്തുന്നവര്‍ തിരുവിതാംകൂറില്‍ തല്ലുകൊള്ളുകയും. അങ്ങനെയിരിക്കെ കൃഷ്ണപിള്ള ജോര്‍ജിനെ ആളെവിട്ട്  കോഴിക്കോട്ടേക്ക് വിളിപ്പിക്കുന്നു. അവിടെ കെ പി സി സി ആപ്പീസില്‍ ജോര്‍ജ് കൃഷ്ണപിള്ള, ഇ എം എസ് എന്നിവരെ കാണുന്നു. യൂത്ത് ലീഗിന്റെ സമരം സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാക്കുമെന്നും അതിനാല്‍ അതു പിന്‍വലിക്കണമെന്നും നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നു. (കെ പി സി സി നേതാക്കളായിരിക്കെതന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരും കമ്യൂണിസ്റ്റുകാരും ആയിരുന്ന ഇതേ നേതാക്കന്മാരാണ് കുറെ മാസങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്സിനെ പിളര്‍ത്തി  കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ മൊത്തത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കി മാറ്റുന്നത്  എന്നൊരു ഐറണി ഓര്‍ക്കാതെ വയ്യ.) ജോര്‍ജിനോടൊപ്പം കെ ദാമോദരനും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തെന്നാണ് പറയുന്നത്. പക്ഷേ അവസാനം നേതൃത്വത്തിന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നു. സര്‍വ്വാധിപതി കോഴിക്കോട്ടു പോയി സമരം പിന്‍വലിക്കാമെന്നു സമ്മതിച്ചു പോരുന്നു. ഇവിടെ ജോര്‍ജ്  പറയാതെ പോവുന്ന ചില കാര്യങ്ങളുണ്ട്. ഒരു കൊല്ലം മുന്‍പുവരെ ജോര്‍ജ് യൂത്ത് ലീഗ് സമരത്തിന്റെ ഒരു അനുഭാവി മാത്രമായിരുന്നു. ജോര്‍ജ് നേതാവയതില്‍പിന്നെ അന്നത്തെ നേതാക്കന്മാര്‍ക്ക് എന്തു സംഭവിച്ചു? സര്‍വ്വാധിപതിയുടെ ഈ നീക്കങ്ങളോട് അവരുടെയൊക്കെ നിലപാടെന്തായിരുന്നു? പൊന്നറ ശ്രീധര്‍ എറണാകുളത്തെ യോഗത്തിനു പങ്കെടുത്തില്ല എന്നകാര്യം എല്ലാവരും ശ്രദ്ധിച്ചു എന്നു മാത്രം കാണുന്നുണ്ട്. ഏതായാലും എങ്ങനെയൊക്കെയോ ഇദ്ദേഹം നേതാവാവുകയും മാസങ്ങള്‍കൊണ്ട് പ്രസ്ഥാനത്തെതന്നെ ഇല്ലാതാക്കുന്നതിന് ഉപകരണമാവുകയും ചെയ്തു. ഇതേ കാലത്ത് എറണാകുളത്ത് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആപ്പീസ് തുറന്ന് സംഘടനയുടെ പ്രവര്‍ത്തനകേന്ദ്രം അങ്ങോട്ടു മാറ്റുന്നുണ്ട്. എം എന്‍ ഗോവിന്ദന്‍ നായര്‍ സജീവ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി എറണാകുളത്തിനും തിരുവിതാംകൂറിനും ഇടയ്ക്ക് ഓടുന്നുണ്ട്. ഇതൊന്നും പക്ഷേ കെ സി ജോര്‍ജിന്റെ ഓര്‍മ്മയിലില്ല! 
എമ്മെന്റെ ആത്മകഥയില്‍ വിവരിക്കുന്ന ഒരു കാര്യം ചില സൂചനകളൊക്കെ തരുന്നുണ്ട്.  എം എന്‍ ഗോവിന്ദന്‍നായര്‍ പോയി എറണാകുളത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ് ആപ്പീസ് തുടങ്ങുന്നു. 1939 ഒക്റ്റോബറിലാണെന്നു തോന്നുന്നു ഇത്. പക്ഷേ ആപ്പീസിന്റെ ചുമതല ഏറ്റെടുക്കേണ്ടിയിരുന്ന നേതാക്കള്‍ പറഞ്ഞ സമയത്ത് എത്തിയില്ല. അപ്പോഴേക്കും തിരുവനന്തപുരത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് ആപ്പീസ് പൊലീസ് കയ്യേറി കഴിഞ്ഞിരുന്നു. സി പിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം ബഹിഷ്കരിക്കാനും മറ്റുമുള്ള നടപടികളെ ദിവാന്‍ ഉടന്‍ നിരോധിച്ചു. സി പിയുടെ ദുശ്ചെയ്തികള്‍ വിവരിക്കുന്ന ഒരു ലഘുലേഖ സി പിയുടെ കാര്‍ട്ടൂണ്‍ സഹിതം അച്ചടിച്ചത് തിരുവിതാംകൂറിലേക്ക് ഒളിച്ചുകടത്താന്‍ എന്തു ചെയ്യണമെന്നറിയാതെ എമ്മെന്‍ വിഷമിക്കുന്നു. ഉപദേശം തേടാനായി ആകെയുള്ളത് യൂത്ത് ലീഗ് നേതാവായി സീതീസ് ബില്‍ഡിംഗില്‍ വാഴുന്ന കെ സി ജോര്‍ജ്. ജോര്‍ജിനെപ്പോയി കണ്ടു. ജോര്‍ജ് സഹായിച്ചില്ല എന്ന് എമ്മെന്‍ പറയുന്നില്ല. പക്ഷേ വായിക്കുന്നവര്‍ക്ക് മനസ്സിലാവുക മറ്റൊന്നല്ല. ഒടുക്കം പെട്ടിയും ചുമന്ന് എമ്മെന്‍ തന്നെ പോവുകയാണ്. 
(തുടരും)   

22 Aug 2010

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും

ചില മഹാജീവിതങ്ങളില്‍ യാദൃച്ഛികതകള്‍ക്ക് അളവറ്റ ശക്തിയാണ്. അവിശ്വസനീയമായ യാദൃച്ഛികതകളുടെ ആഖ്യായികപോലെ തോന്നുന്നു കെ സി ജോര്‍ജ് എഴുതിയ എന്റെ ജീവിതയാത്ര  എന്ന ആത്മകഥ1985 ലാണ് നാഷനല്‍ ബുക് സ്റ്റാള്‍ ഇതു പ്രസിദ്ധീകരിച്ചത്. 660 പേജുണ്ട്. ഇതിലെ ഒന്നാം അദ്ധ്യായം മനോരമയില്‍ വായിച്ച വിഷ്ണുഭാരതീയന്‍ ഇദ്ദേഹത്തിനെഴുതിയ ഒരു കത്ത് പിന്നീടൊരു അദ്ധ്യായത്തില്‍ കൊടുത്തിട്ടുണ്ട്. മനോരമയില്‍ ഖണ്ഡശഃ  പ്രസിദ്ധീകരിച്ചിരുന്നോ എന്ന കാര്യം പുസ്തകത്തിലില്ല. തിരുവിതാംകൂറിലെ ഏറ്റവും ഉന്നതനായ കമ്യൂണിസ്റ്റ് നേതാവ് എന്നതിനെക്കാള്‍ പുന്നപ്ര വയലാര്‍ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ കര്‍ത്താവ് എന്ന നിലയ്ക്കാണോ ഇപ്പോള്‍ കെ സി ജോര്‍ജ് കൂടുതലും അറിയപ്പെടുന്നത്? പിളര്‍പ്പിനുശേഷം സി പി എമ്മില്‍ കയറാത്ത നേതാക്കളുടെയൊക്കെ വില ചരിത്രത്തില്‍ കുത്തനെയിടിഞ്ഞിട്ടുണ്ട്. മലബാറിലും തിരുവിതാംകൂറിലും ഒരുപോലെ ഓടിനടന്നു പ്രവര്‍ത്തിച്ച ഫയര്‍ബ്രാന്‍ഡ് ആക്റ്റിവിസ്റ്റും പണ്ഡിതനായ മാര്‍ക്സിസ്റ്റുമായിരുന്ന കെ ദാമോദരനെ നിഷ്പ്രഭനാക്കി മണ്ടനും പ്രക്ഷോഭരംഗത്തു കാണാത്തവനുമായ ഇ എം എസ്  മാര്‍ക്സിസ്റ്റ് ചിന്തകനായി വിരാജിച്ചതുപോലെ.
താന്‍ ഏറെക്കുറെ ഇല്ലാത്ത (നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇല്ലാത്ത) പുന്നപ്ര വയലാര്‍ സംഭവങ്ങളുടെ കഥനത്തിനിടയില്‍ ഇദ്ദേഹം ഇ എം എസിനെക്കുറിച്ചുന്നയിക്കുന്ന ഒരു ഗുരുതരമായ ആരോപണമാണ്  (ഇതും, ഇതും കാണുക) കെ സി ജോര്‍ജിന്റെ ആത്മകഥ ചികയാന്‍ പ്രേരണയായത്. പുന്നപ്ര വെടിവെപ്പ് നടന്നതിന്റെ അടുത്ത ദിവസം ഇ എം എസ് നമ്പൂതരിരിപ്പാട് യോഗക്ഷേമസഭയുടെ ഒരു യോഗത്തില്‍ പങ്കെടുത്തു പ്രസംഗിച്ചപ്പോള്‍ ആ സംഭവത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നതാണ് ജോര്‍ജ് വേറൊരാളുടെ വായിലൂടെ പറഞ്ഞുവെയ്ക്കുന്ന ആരോപണം. ഇ എം എസ് അങ്ങനെ ചെയ്താല്‍ അതില്‍ അത്ഭുതമില്ല. കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പേരില്‍ ആയിരത്തിലധികം പേജുള്ള ഒരു ചരിത്രം എഴുതിയതില്‍ പുന്നപ്ര വയലാര്‍ സംഭവത്തെ അദ്ദേഹം ശ്ലോകത്തില്‍ കഴിച്ചതു കണ്ടാലറിയാം നമ്പൂതിരിപ്പാട് ഇതിനൊക്കെ എന്തു പ്രാധാന്യം കൊടുത്തിരുന്നുവെന്ന്.
പക്ഷേ കെ സി ജോര്‍ജിന്റെ ആത്മകഥ വായിച്ചപ്പോള്‍ കടിച്ചവനെക്കാള്‍ വലിയതു മാളത്തിലിരിക്കുന്നല്ലോ എന്നാണ് തോന്നിയത്. എന്തിന്, കുടിലതന്ത്രക്കാരന്‍ നമ്പൂതിരി ഇതിലും ഭേദമാണല്ലോ എന്നുപോലും തോന്നി.
ആത്മകഥനം രസകരമാക്കാനുള്ള ജോര്‍ജിന്റെ പൊടിക്കൈകള്‍ ഇന്നത്തെ വായനക്കാരില്‍ വിപരീതഫലമാണ് ചെയ്യാനിട. തന്റെ വീരശൂരപരാക്രമങ്ങള്‍ എത്രയെണ്ണമാണെന്നോ ജോര്‍ജ് വര്‍ണ്ണിക്കുന്നത്. 1938 ല്‍ പൊലീസ് വാനിനുപിന്നാലെ അരമുക്കാല്‍ മണിക്കൂര്‍ കാര്‍ ചെയ്സ് നടത്തി വാനില്‍ കൊണ്ടുപോയിരുന്ന പത്തുപന്ത്രണ്ടു സമരക്കാരെ ഒരു വനപ്രദേശത്തുനിന്ന് മോചിപ്പിച്ച് പൊലീസിനെക്കൊണ്ടുതന്നെ നഗരത്തില്‍ തിരിച്ചെത്തിച്ച പരാക്രമമൊക്കെ ജോര്‍ജ് വര്‍ണ്ണിക്കുന്നതു കേട്ടാല്‍ വേലുത്തമ്പി, പഴശ്ശി പിന്നെ കെ സി ജോര്‍ജ് എന്നൊക്കെ വേണ്ടിവരും പറയുക.
ഏതായാലും ചരിത്രപ്രധാനമായ യാദൃച്ഛികതകള്‍ കുറെയെണ്ണം ഇവിടെയൊന്നു പറയുകയാണ്. ജോര്‍ജ് കഥനം തുടങ്ങുന്നത് ഗവേഷകനായ ഒരു സായ്പുമായുള്ള കൂടിക്കാഴ്ച വിവരിച്ചുകൊണ്ടാണ്. സുറിയാനി നസ്രാണിയായി ജോര്‍ജ് എങ്ങനെ കമ്യൂണിസ്റ്റായി എന്നന്വേഷിക്കുന്ന ഗവേഷകനോട് തന്റെ ജീവിതകഥ സാമാന്യം ദീര്‍ഘമായി വിവരിക്കുന്ന രീതിയിലാണ് ആത്മകഥയുടെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങള്‍.  ഈ ഗവേഷകനെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രംകൊണ്ട് ബ്രെയ്ന്‍വാഷ് ചെയ്തുകളയാമെന്നാണ് ജോര്‍ജ് വിചാരിച്ചതെന്നു തോന്നുന്നു. ക്രിസ്തു ഒരു കമ്യൂണിസ്റ്റ് വിശുദ്ധനാണെന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുമായിരുന്നു എന്നൊക്കെയാണ് മൂപ്പര്‍ ധ്വരയെ തെര്യപ്പെടുത്തുന്നത്.  ഗവേഷകന്‍ ഇതൊക്കെ ചിരിച്ചുകൊണ്ട് കേട്ടതും ജോര്‍ജുതന്നെ പറയുന്നുണ്ട്. പെബ്ബിന്റെ സോവിയറ്റ് കമ്യൂണിസത്തില്‍നിന്നും ജോണ്‍ സ്റ്റുവേര്‍ട്ട് വീല്‍ പറഞ്ഞതുമൊക്കെ ഉദ്ധരിക്കുന്നുണ്ട് ധ്വരയോട് ജോര്‍ജ്. പെബ്ബ് വെബ്ബാവണം. മറ്റേയാള്‍ മില്ലാണല്ലോ. വീണ്ടും കാണുകയാണെങ്കില്‍ താന്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായെന്ന് അദ്ദേഹം തന്നോടു പറയാനിടവരുമെന്ന് പറഞ്ഞാണ് ജോര്‍ജ് ഗവേഷകനുമായുള്ള സംഭാഷണം അവസാനിപ്പിക്കുന്നത്.
1921ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു എന്നു പറയുന്ന ജോര്‍ജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അംഗത്വം നിലനിറുത്തുന്നതില്‍ (നാലണ അംഗത്വം ഏറെക്കുറെ മുടങ്ങാതെ...) കൂടുതലായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഏറ്റുപറയുന്നുണ്ട്. എങ്കിലും താന്‍ അത്യന്തം താത്പര്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് അവകാശവാദം. അതെങ്ങനെയാണ് ശ്രദ്ധിച്ചതെന്നു നമുക്കു നോക്കാം.
തിരുവനന്തപുരത്ത് ബി എല്‍-ന് പഠിക്കുമ്പോള്‍ സഹപാഠിനിയെ കളിയാക്കിക്കൊണ്ട് ഫാന്‍സി ഡ്രസ് അവതരിപ്പിച്ച ജോര്‍ജിനെ കോളജില്‍നിന്നു പുറത്താക്കി. ഒരു ദിവസമെങ്കിലും തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുമെന്നു വെല്ലുവിളിപോലെ പ്രിന്‍സിപ്പലിനോട് പറഞ്ഞ് ജോര്‍‌ജ് നിയമബിരുദം എടുക്കാനായി അലഹബാദിലേക്കു വണ്ടികയറുന്നു. അവിടെച്ചെന്നപ്പോള്‍ യൂനിവേഴ്സിറ്റി അടച്ചിരിക്കയാണ്. ഒരു മാസം കഴിഞ്ഞേ തുറക്കുകയുള്ളൂ. ഉടനെ നാഗ്പൂര്‍ യൂനിവേഴ്സിറ്റിയിലേക്കു തിരിച്ചു. അവിടെ ഫീസൊക്കെയടച്ചു ചേര്‍ന്നു. ആദ്യത്തെ ദിവസം ക്ലാസ് ആരംഭിച്ച് അരമണിക്കൂറേ ആയുള്ളൂ. അതാ സമരത്തിന്റെ ആരവം. സമരക്കാര്‍ ക്ലാസിലെത്തി എല്ലാവരോടു ക്ലാസ് ബഹിഷ്കരിക്കാന്‍ പറഞ്ഞു. ജോര്‍ജ് ഭാണ്ഡം മുറുക്കി. ലക്നൌവിലേക്ക്. ലക്നൌ യൂനിവേഴ്സിറ്റിയില്‍ ചെന്നപ്പോള്‍ അവിടെയും അടച്ച സമയമാണ്, ഒരു മാസം കഴിഞ്ഞേ ക്ലാസ് ആരംഭിക്കൂ. കാക്കാന്‍ തീരുമാനിച്ച ജോര്‍ജ് അവിടെ ഒരു പാലത്തിനുമുകളില്‍ വിഹരിക്കുന്ന വാനരപ്പടയില്‍നിന്നു പില്‍ക്കാല സമരജീവിതത്തിലേക്കു വേണ്ട വിലപ്പെട്ട യുദ്ധപാഠങ്ങള്‍ പഠിച്ചു. യുദ്ധത്തിന്റെ അടവുകളും തന്ത്രങ്ങളുമെല്ലാം (മുന്നേറുക, പിന്‍വാങ്ങുക, പുന:സംഘടിപ്പിക്കുക, പിന്നെയും മുന്നേറുക) ആ കുരങ്ങന്മാരില്‍നിന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയതെന്നു പറയാം. (വാനരന്‍ പഠിപ്പിച്ച പാഠം എന്ന അദ്ധ്യായം)
ലക്നൌവില്‍ ഒരു മാസം കാത്ത് ക്ലാസ് തുടങ്ങി അഞ്ചാറു ദിവസമായപ്പോഴേക്കും സമരം തുടങ്ങി അവിടെയും യൂനിവേഴ്സിറ്റി അടച്ചു. ഇങ്ങനെയൊക്കെ ചുറ്റും സമരം നടക്കുമ്പോഴും അതിലൊന്നും പങ്കെടുക്കാതിരിക്കാന്‍ തനിക്കെങ്ങനെയോ സാധിച്ചു എന്നാണ് ജോര്‍ജ് പറയുന്നത്. (മഹാവിപ്ലവകാരിയായ തനിക്ക് എങ്ങനെ അതുകഴിഞ്ഞു എന്നു ജോര്‍ജ് ആശ്ചര്യം കൂറുമ്പോള്‍ എം എന്‍ ഗോവിന്ദന്‍നായര്‍ തന്റെ ആത്മകഥയില്‍ ജോര്‍ജിനെപ്പറ്റി പറയുന്നത് അതിന്റെ കൂടെ വായിക്കാവുന്നതാണ്. സി പി ക്കെതിരായ ആരോപണങ്ങളടങ്ങുന്ന മെമ്മോറാണ്ടം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്   പിന്‍വലിച്ചശേഷം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന മെമ്മോറാണ്ടം വീണ്ടും കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഇടതരുള്‍പ്പെടുന്ന യൂത്ത് ലീഗ്  1939-ലോ 1940ലോ  എറണാകുളം കേന്ദ്രമാക്കി ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ കെ സി ജോര്‍ജ് പങ്കെടുക്കുന്നതു കണ്ടപ്പോഴാണ് അദ്ദേഹം ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നു താന്‍ ആദ്യമായി മനസ്സിലാക്കുന്നതെന്നാണ് എം എന്‍ പറയുന്നത്. അതുവരെ അദ്ദേഹത്തിന്റെ ധാരണ മറിച്ചായിരുന്നത്രെ. അതിനുമുമ്പ് ഇദ്ദേഹം തിരുവിതാംകൂറില്‍ നടത്തിയ പരാക്രമങ്ങള്‍ എം എന്‍ അറിയാഞ്ഞിട്ടോ എന്തോ.) ഏതായാലും വാനരനില്‍നിന്ന് യുദ്ധതന്ത്രവും ലക്നൌ യൂനിവേഴ്സ്റ്റിയില്‍നിന്ന് ഒരു ബിരുദവും കരസ്ഥമാക്കി തിരുവിതാംകൂറില്‍വന്ന് അദ്ദേഹം വക്കീലായി പ്രാക്റ്റീസ് തുടങ്ങി.
ഭാഷകൊണ്ടൊരു യുദ്ധം എന്നൊരദ്ധ്യായമുണ്ട്. അതും വീമ്പു പറച്ചിലാണ്. മലയാളമറിയാത്തവരോടു മലയാളത്തില്‍ സംസാരിച്ച് അവരെ സംഭ്രമിപ്പിച്ചു താന്‍ വിജയിച്ച അനുഭവങ്ങളാണ് അവിടെ വര്‍ണ്ണിക്കുന്നത്. അല്പത്തരത്തെ നേട്ടമാക്കാന്‍ ഇയ്യാളെ കഴിച്ചേ ആളുള്ളൂ എന്നു തോന്നും വായിച്ചാല്‍. 
1937ല്‍  മാത്രമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പാതി ടൈപ്പ് ചെയ്തതും പാതി എഴുതിയതുമായ ഒരു പ്രതി തനിക്കു ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ആദ്യകാലത്ത് തനിക്ക് രാഷ്ട്രീയത്തോട് അനിഷ്ടം തോന്നാനുള്ള കാരണം തിരുവിതാംകൂറില്‍ അന്നു രാഷ്ട്രീയരംഗം സാമുദായികമായി ചേരിതിരിഞ്ഞ അവസ്ഥയാണ് എന്ന ദ്ദേഹം പറയുന്നുണ്ട്.  1931ലോ മറ്റോ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് എന്‍ സി ശേഖറിന്റെയും മറ്റും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് തുടങ്ങിയിരുന്നെന്നാലോചിക്കണം. രാഷ്ട്രീയത്തിലേക്ക് എന്നൊരു അദ്ധ്യായമുണ്ട്. അതില്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനമായി പറയുന്നത് ആകെക്കൂടി ആലപ്പുഴവരെ ഒന്നു പോയിനോക്കിയ കാര്യമാണ്. തൊഴിലാളിപ്രവര്‍ത്തനത്തിനുവേണ്ടിയാണ് പോയത്. തൊഴിലാളികള്‍ അതിനു പാകമായിട്ടില്ല എന്നു കണ്ട് തിരിച്ചുപോരുകയും ചെയ്തു. 1936 ല്‍ മുനിസിപ്പല്‍ ഇലക്‌ഷനില്‍ മത്സരിച്ചതാണ് ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളായിട്ടല്ല. അതില്‍ വിജയിച്ചു. മുനിസിപ്പല്‍ കൌണ്‍സില്‍ യോഗത്തില്‍ തിരുവനന്തപുരത്ത് ഒരു ജനനനിയന്ത്രണ ക്ലിനിക് തുടങ്ങണമെന്ന് ഇദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നത്രെ. ആരും പിന്തുണച്ചില്ല. 1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആരംഭിച്ചതോടെ സംഘടനാ പ്രവര്‍ത്തനം ഇദ്ദേഹം നടത്തിയതായി പറയുന്നുണ്ട്.
മര്‍ദ്ദനമേറ്റതായി ഇദ്ദേഹം പറയുന്ന ഏക സന്ദര്‍ഭം ചെങ്ങന്നൂരില്‍ ഒരു സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗം കലക്കാന്‍ പൊലീസിന്റെ പിന്തുണയോടെ റൌഡികള്‍ ശ്രമിച്ചപ്പോഴാണ്. പ്ലാറ്റ്ഫോറത്തിലിരുന്നവരെ താഴെയിറക്കാന്‍ റൌഡികള്‍ ബലംപ്രയോഗിച്ച നേരം പിന്നില്‍നിന്ന് തലയ്ക്ക് ലാത്തികൊണ്ടൊരു അടിയേല്‍ക്കുകയും തല അല്പം പൊട്ടുകയും ചെയ്തു. ഏതായാലും റൌഡികളെയും പൊലീസുകാരെയും നാട്ടുകാര്‍ കല്ലെറിഞ്ഞോടിക്കുകയായിരുന്നു.
ഏ കെ ഗോപാലന്റെ വകയിലെ ഒരനുജനെന്നു കെ സി ജോര്‍ജ്  പറയുന്ന ഏ കെ നാരായണന്‍  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി തിരുവിതാംകൂറില്‍ വന്ന കാലത്ത് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് പത്തുപതിനഞ്ചുമിനിറ്റോളം തനിച്ചുനിന്ന് പൊലീസിന്റെ തല്ലുകൊണ്ട കാര്യം ജോര്‍ജ് ആവേശത്തോടെ വിവരിക്കുന്നുണ്ട്. പൊലീസ് മൈതാനത്തേക്കു പ്രവേശനം നിരോധിച്ചിരുന്നു. നാരായണന്‍ തന്ത്രത്തില്‍ മൈതാനത്തില്‍ കടന്നുകയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. നാരായണനെ മര്‍ദ്ദിക്കാന്‍ തുടങ്ങും മുമ്പ് മര്‍ദ്ദകവീരനായ ഒരു റാവുത്തര്‍ എന്ന ഇന്‍‌സ്പെക്റ്ററുമായി ജോര്‍ജ് അങ്ങോട്ടു കയറി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഡി എസ് പി വന്ന് ജോര്‍ജിനോടു ക്ഷമാപണം നടത്തി ഇന്‍‌സ്പെക്റ്ററെ അവിടെന്നു മാറ്റുകയും ചെയ്തകാര്യമൊക്കെ പറയുന്നുണ്ട്. പതിവുപോലെ വീമ്പുപറച്ചില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന നാരായണനെ തല്ലുന്നതിനു ജോര്‍ജ് കാഴ്ചക്കാരന്‍ മാത്രമായിരുന്നു എന്നു വേണം കരുതാന്‍.
റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് കെ സി ജോര്‍ജ് ഒരു യോഗത്തില്‍ പ്രസംഗിച്ചകാര്യം പറയുന്നതു രസമാണ്.  സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയോ യൂത്ത് ലീഗിന്റെയോ  പേരില്‍ യോഗം നടത്തിക്കൂട. രണ്ടിനും നിരോധനമുണ്ട്. ഇല്ലാത്ത ഒരു സാംസ്കാരികസമിതിയുടെ പേരില്‍ യോഗം നടത്തി. അക്രമരാഹിത്യത്തെക്കുറിച്ചായിരുന്നു പ്രസംഗം. കേള്‍ക്കാനാരുമുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാവുന്നത്. പിന്നീട് യൂത്ത് ലീഗ് നിയമം ലംഘിച്ച് ഒരു യോഗം നടത്തി. വമ്പിച്ചയോഗം. പൊന്നറ ശ്രീധര്‍, ശ്രീകണ്ഠന്‍ നായര്‍, പുതുപ്പള്ളി രാഘവന്‍ പിന്നെയും കുറെപ്പേര്‍ നിയമം ലംഘിച്ചു പ്രസംഗിച്ചു. ഈ സംഭവത്തോടെ ജോര്‍ജ് യൂത്ത് ലീഗിനോടു കൂടുതല്‍ അടുക്കുന്നതേയുള്ളൂ. അതുകൊണ്ട് നിയമം ലംഘിക്കാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. പ്രസംഗിച്ച എല്ലാവരെയും അറസ്റ്റു ചെയ്തു ലോക്കപ്പിലിട്ടു. പൊലീസ് സ്റ്റേഷന്റെ മുന്നിലെ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഒരു  വക്കീലാപ്പീസില്‍ ജോര്‍ജും ഒന്നു രണ്ടു സ്നേഹിതന്മാരും ഉറക്കമിളച്ചു കാവലിരുന്നതിനാല്‍ ലോക്കപ്പിലടച്ചവരെ മര്‍ദ്ദിച്ചില്ല. അടുത്ത ദിവസം ഇവരുടെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത് ജോര്‍ജ് തന്നെ. തന്റെ അവസാനത്തെ കേസ് എന്നാണ് ജോര്‍ജ് അതിനെപ്പറ്റി പറയുന്നത്. കേസ് തോറ്റു എന്നും. ഇക്കാലത്തൊന്നും ജോര്‍ജ് യൂത്ത് ലീഗില്‍ ചേര്‍ന്നിരുന്നില്ല, സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ അവരെ സഹായിക്കുക മാത്രമേ ചെയ്തുള്ളൂവെന്നു പറയുന്നു. അതിനു മുന്‍പുതന്നെ എന്‍ സി ശേഖറിനെ അറസ്റ്റ് ചെയ്യുകയും 18 ദിവസം ശിക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ വിടുമ്പോള്‍ സ്വീകരിക്കാന്‍ ഹാരവുമായി ജോര്‍ജ് ജെയിലില്‍ പോവുന്നു. പക്ഷേ വിട്ടയുടന്‍ വീണ്ടും അറസ്റ്റ് ചെയ്തു ലോക്കപ്പിലേക്കു കൊണ്ടുപോയി. (കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പില്‍ മാസങ്ങളോളം ഇടുക എന്നതായിരുന്നു സി പി യുടെ കാലത്തെ പ്രധാന ശിക്ഷാരീതി എന്നു തോന്നുന്നു.) ഏതായാലും മാലയുമായി പോയ തനിക്ക് എന്‍ സി യുടെ കാര്യത്തില്‍ അന്വേഷണം നടത്താനോ എന്തെങ്കിലും ചെയ്യാനോ പറ്റിയില്ല എന്നു ജോര്‍ജ് പറയുന്നു. കാരണം യൂത്ത് ലീഗിന്റെ നിയമലംഘനത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ദ്രുതഗതിയിലാണ് നീങ്ങിയത്. ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതല്ലാതെ എന്തു കാര്യമാണ് ദ്രുതഗതിയില്‍ ഇദ്ദേഹം ചെയ്തതെന്നു പക്ഷേ പറയുന്നില്ല. ഒരു വമ്പിച്ച വിദ്യാര്‍ത്ഥി ജാഥ കടന്നുപോവുന്നതു നോക്കിനിന്ന കാര്യം പറയുന്നുണ്ട്. ജാഥയെ ലാത്തിചാര്‍ജ് ചെയ്തു. പക്ഷേ ഇദ്ദേഹം അപ്പോഴേക്കും വേറൊരു തിരിച്ചിലില്‍പ്പെടുന്നു. തന്റെ സഹപ്രവര്‍ത്തകനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് ഇദ്ദേഹം സ്റ്റേഷനില്‍ചെന്ന് പൊലീസ് കമ്മിഷനറെ വിരട്ടി സഹപ്രവര്‍ത്തകനെയും കൊണ്ടു മടങ്ങി. (യൂനിവേഴ്സിറ്റി കോളജിന്റെ കാമ്പസില്‍ കുതിരപ്പൊലീസ് വിദ്യാര്‍ത്ഥികളെ നേരിട്ട ഒരു സംഭവത്തിനും ജോര്‍ജ് സാക്ഷിയാണ്. തന്റെ തലയ്ക്കു മുകളിലൂടെയാണ് ഒരു കുതിര ചാടിയതെന്നൊക്കെ അദ്ദേഹത്തിനു തോന്നിയെങ്കിലും ഒരു പോറലും അദ്ദേഹത്തിനേല്‍ക്കുന്നില്ല.)
1938 ആഗസ്റ്റ് 18-ന് നിയമലംഘനം ആരംഭിക്കാന്‍ തീരമാനിച്ചതനുസരിച്ച് ഒന്നാം തീയതി പ്രാക്റ്റീസ് നിറുത്തിയതായി ഇദ്ദേഹം പത്രത്തില്‍ പരസ്യം ചെയ്തത്രെ. ഇത്തരം നാടകീയതകള്‍ വേണ്ടത്രയുണ്ട് ആത്മകഥയില്‍. 18 ന് നടക്കാതെ നീണ്ടുപോയി ആഗസ്ത് 28ന് നിയമലംഘനം നടക്കുമ്പോളാണ് മുകളില്‍ പറഞ്ഞ കാര്‍ ചെയ്സും മറ്റും നടക്കുന്നത്. അന്നു പുലര്‍ച്ചെ ഇദ്ദേഹം ഉറക്കമില്ലാതെ കിടന്ന് ആ ദിവസം എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കുന്നു. തനിക്ക് സമരത്തില്‍ പങ്കെടുക്കാനോ അതു കാണാനോ അനുവാദമില്ലെന്ന് അദ്ദേഹം പറയുന്നു. ഈ നിരോധനം (സഹപ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയത്) തന്നെ അല്പം അസ്വസ്ഥനാക്കിയെന്നദ്ദേഹം പറയുന്നു. അന്നു നാലു മണിക്ക് ജോര്‍ജ് കോണ്‍ഗ്രസ് ആപ്പീസില്‍ അസ്വസ്ഥനായിരിക്കുന്നു. എല്ലാവരും കടപ്പുറത്തേക്കു പോയിക്കഴിഞ്ഞു. എന്തു നടക്കുന്നു എന്നു കാണുകയെങ്കിലും വേണമെന്ന ചിന്തയോടെ തന്റെ മേലുള്ള നിരോധനം ലംഘിച്ച് ഒരു ജഡ്ക്കയില്‍ കയറി അദ്ദേഹം പുറപ്പെടുന്നു. പുത്തന്‍ചന്ത പൊലീസ് സ്റ്റേഷന്റെ തെക്കുവശത്തെ വഴിയില്‍ക്കൂടി ജഡ്ക്ക അതിവേഗം ഓടിച്ചു പോകുമ്പോള്‍ ഒരു കാര്‍ പെട്ടെന്ന് ജഡ്ക്കയുടെ മുന്‍പില്‍ വന്നുനിന്ന് വഴി തടഞ്ഞു. കെ പി നീലകണ്ഠപ്പിള്ള ചാടിയിറങ്ങി അദ്ദേഹത്തെ ശകാരിച്ചു. 
"നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍; പോകേണ്ടെന്നു  പറഞ്ഞിരുന്നതല്ലേ." അപ്പോളാണ് ഞാന്‍ ഒരു വലിയ തെറ്റാണ് ചെയ്തതെന്ന ബോധം എനിക്കുണ്ടായത്. പിന്നീട് നിയമലംഘനത്തെപ്പറ്റിയുള്ള വിവരങ്ങളറിയാന്‍ എനിക്കു വെമ്പലായിരുന്നു. 
അന്ന് തിരുവനന്തപുരത്ത് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.
അടുത്ത നിയമലംഘനം മൂന്നു ദിവസം കഴിഞ്ഞാണ്. പൊലീസ് യുദ്ധസന്നാഹം ഒരുക്കിയിരുന്നു. എല്ലാം ശരിയായി കാണത്തക്കവിധത്തില്‍ റോഡിന്റെ തെക്കുവശത്തുള്ള ഉയര്‍ന്ന മണല്‍ത്തിട്ടയില്‍ ആളുകളുടെ ഇടയില്‍ മുന്‍പന്തിയില്‍ ഞാന്‍ നിലയുറപ്പിച്ചു. (ഗാന്ധിത്തൊപ്പി ധരിച്ചിട്ടുണ്ട്.) പൊലീസ് കമ്മീഷനര്‍ എല്ലാവരോടും മാറിപ്പോവാന്‍ പറയുന്നു. പൊലീസുകാര്‍ ലാത്തിവീശുന്നു. എല്ലാവരും ഓടുന്നു. ജോര്‍ജ് മാത്രം ശേഷിക്കുന്നു. കമ്മിഷനര്‍ എന്തിനാണ് ഇവിടെ നില്ക്കുന്നതെന്ന് ഇംഗ്ലീഷില്‍ ചോദിക്കുന്നു. ഇതെല്ലാം കാണാനെന്നാണ് ജോര്‍ജിന്റെ മറുപടി. ഒരു കോണ്‍ഗ്രസ് നേതാവിന്റെ കാറും ഡ്രൈവറും റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. ആ കാറാണ് പിന്നീട് ജോര്‍ജ് ചെയ്സിനുപയോഗിക്കുക. നിയമം ലംഘിക്കുന്ന നേതാക്കള്‍ കുറെപ്പേരോടെ അവിടെയെത്തുന്നതോടെ യുദ്ധം ആരംഭിക്കുന്നു. പൊലീസ് നേതാക്കളുടെ കൂടെയുള്ളവരെ നേരിടുന്നു. ജനം കടപ്പുറത്തെ പൂഴി വാരി പൊലീസുകാരുടെ നേരെയെറിയുന്നു. ഇതിനിടയിലാണ് കുറെപ്പേരെ അറസ്റ്റ് ചെയ്തു ജോര്‍ജ് നില്ക്കുന്നതിനു സമീപം നിറുത്തിയിരുന്ന വാനില്‍ കയറ്റുന്നത്. പത്തുപതിനഞ്ചുപേരെ കയറ്റിയിട്ട് കൊണ്ടുപോയി കടലില്‍ എറിയാനാണ് കമ്മിഷനര്‍ കല്പിച്ചത്. വാന്‍ കിഴക്കോട്ടു പാഞ്ഞുപോയി. അപ്പോഴാണ് സഖാവ് ജോര്‍ജ് നേരത്തെ അവിടെ നിറുത്തിയിട്ടതായി പറഞ്ഞ കാറില്‍ ചാടിക്കയറി വിട്ടോ എന്നു കല്പിക്കുന്നതും തുടര്‍‌ന്നു ചെയ്സ് നടക്കുന്നതും. വാന്‍ കാഴ്ചയില്‍നിന്നു മറഞ്ഞിട്ടും അതിനെ പിന്തുടര്‍ന്ന് ഒരു കാട്ടുപ്രദേശത്തുവെച്ചു കണ്ടുപിടിച്ച് ഒരു പെര്‍ഫോമന്‍സുണ്ട് ജോര്‍ജിന്റെ വക. അതില്‍ ഒരു കേമറ പ്രയോഗവുമുണ്ട്, രസകരമായിട്ട്. ആരും ഇറങ്ങരുത്, ചുണയുണ്ടെങ്കില്‍ ഇറക്കട്ടെ എന്ന് അട്ടഹസിച്ചുകൊണ്ട് ഞാന്‍ വാനിന്റെ വാതില്‍ക്കല്‍ നിലയുറപ്പിച്ചു, ഇറങ്ങണം ഇറങ്ങണം എന്നുപറഞ്ഞുകൊണ്ട് നിസ്സഹായനായി  ഇന്‍സ്പെക്റ്റര്‍ നിന്നു, എന്ന ലൈനില്‍ കാര്യങ്ങള്‍ പോകവേ ജോര്‍ജിന് കാറിലുള്ള സുഹൃത്തിന്റെ കയ്യിലെ കേമറ പെട്ടെന്നോര്‍മ്മ വന്നു. പിന്നെ അതെടുത്തു വാനിന്റെയും മറ്റും ഫോട്ടോ എടുക്കാന്‍ പോവുകയാണ് ജോര്‍ജ്. കേമറയിലൂടെ ജോര്‍ജ് നോക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇന്‍സ്പെക്റ്ററും പൊലീസുകാരും ചാടിക്കയറി വാന്‍ തിരിച്ചോടിച്ചു. വീണ്ടും ചെയ്സ്. തനിക്കു പടമെടുക്കാനറിയുമായിരുന്നില്ലെന്നും കേമറയില്‍ ഫിലിം ഇല്ലായിരുന്നെന്നും ജോര്‍ജ്. ഇങ്ങനെ ഇദ്ദേഹം കാര്‍ ചെയ്സ് നടത്തിയ ദിവസം ചെങ്ങന്നൂരും പുതുപ്പുള്ളിയിലും നടന്ന നിമയലംഘനം വെടിവെപ്പില്‍ കലാശിക്കുകയും ഓരോ രക്തസാക്ഷികള്‍ ഉണ്ടാവുകയും ചെയ്യുന്നു. നെയ്യാറ്റിന്‍കര വെടിവെപ്പ് നടന്നതും രാഘവന്‍ രക്തസാക്ഷിയായതും  അതേ ദിവസം തന്നെയാണ്.
(തുടരും)

22 Jul 2010

മലയാളം ബ്രിട്ടാനിക്കാതട്ടിപ്പും ഉപഭോക്തൃകോടതി വിധിയും

മലയാളം ബ്രിട്ടാനിക്ക എന്ന പുസ്തകത്തിനെതിരെ കോഴിക്കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ആറു വര്‍ഷമായി ഇഴഞ്ഞുവന്ന കേസ് ഒടുക്കം വിധിയായി. വളരെ രസകരമാണ് ഉത്തരവ്. പരാതിക്കാരന് പുസ്തകത്തിന്റെ വില, ആയിരം രൂപ നഷ്ടപരിഹാരം, അഞ്ഞൂറു രൂപ കോടതിച്ചെലവ് എന്നിവ നല്കാന്‍ ഡി സി ബുക്സിനോടു നിര്‍ദ്ദേശിക്കുന്ന ഈ ഉത്തരവ് പരാതിക്കാരന്റെ ആവശ്യം ഭാഗികമായി അംഗീകരിക്കുന്നുവത്രെ.
കേസിലെ എതിര്‍കക്ഷികളില്‍ ഒരാളായ ഡി സി ബുക്സിനെ മാത്രമാണ് വിധി പരാമര്‍ശിക്കുന്നതു പോലും. ബാക്കിയുള്ള എതിര്‍കക്ഷികള്‍ക്കുനേരെ ഫോറം അങ്ങു കണ്ണടച്ചു കളഞ്ഞു!  മലയാളം ബ്രിട്ടാനിക്ക എന്ന പൊട്ടച്ചരക്കിന്റെ എഡിറ്ററായി പുസ്തകത്തില്‍ കാണുന്ന തിയോഡോര്‍ പാപ്പസ് എന്നയാളെപ്പറ്റി ഓര്‍ഡറില്‍ പരാമര്‍ശമേയില്ല. 
ഇത്തരം ഫോറങ്ങളില്‍ അത്യാവശ്യം വിദ്യാഭ്യാസം നേടാത്തവരെ രാഷ്ട്രീയസ്വാധീനത്തിനും മറ്റും മേല്‍ ഇരുത്തിയാല്‍ എന്തുണ്ടാവുമെന്ന് ഈ വിധി വ്യക്തമായി കാണിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യജ്ഞാനം ഇല്ലാത്ത ഒരു വ്യക്തിയാണ് ഈ ജഡ്ജ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് വായിച്ചുതുടങ്ങുമ്പോഴേ അറിയാം. Cross reference എന്നു കേട്ടിട്ടില്ലാത്ത ആള്‍ gross reference എന്ന് രണ്ടു തവണ ആവര്‍ത്തിക്കുന്നത് രണ്ടാമത്തെ പേജിന്റെ ഏതാണ്ട് തുടക്കത്തിലേ കാണാം. "updated dictionary of National Biography of Oxford University contended mistakes:" എന്നൊക്കെ എഴുതാന്‍ ചില്ലറ വിവരക്കേടൊന്നും പോരാ. Content (ഉള്ളടക്കം) noun എങ്കില്‍ verb contend എന്നായിരിക്കണം വിചാരം! Oxford Universityയുടെ ദേശീയ ജീവചരിത്രത്തിന്റെ ഡിക്ഷനറി! Oxford Dictionary of National Biography എന്നതാണ് സാധനം. 
മലയാളം ബ്രിട്ടാനിക്ക എന്ന പേരില്‍ പരസ്യംചെയ്ത  തട്ടിപ്പു പുസ്തകം എങ്ങനെയൊക്കെ ആളെപ്പറ്റിക്കുന്നു എന്നു വെളിപ്പെടുത്താന്‍ വിപുലമായ ഉദാഹരണങ്ങളും വസ്തുതകളും നിരത്തുന്നതായിരുന്ന പരാതി. ഏതാനും കാര്യങ്ങള്‍ ഇവിടെ പറയാം.
1.മലയാളം ബ്രിട്ടാനിക്ക ഇറക്കുന്നു എന്നു വ്യാപകമായി പ്രചാരണം നടത്തിയ പ്രസാധകര്‍ അവസാനം പ്രസിദ്ധീകരിച്ചത് മലയാളം എന്‍സൈക്ലോപീഡിയ, ഡെസ്ക് റെഫറന്‍സ് എന്നു പേരുള്ള ഒരു പുസ്തകമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഉള്ളടക്കം കേരളത്തിലെ വായനക്കാര്‍ക്ക് അനുയോജ്യമായി adapt ചെയ്തു പ്രസിദ്ധീകരിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇറക്കിയതാവട്ടെ Britannica Concise Encyclopedia എന്ന ഒരു ഒറ്റ വാല്യം പുസ്തകത്തിന്റെ തര്‍ജ്ജമയും. തര്‍ജ്ജമ എന്നു പറഞ്ഞാല്‍ എന്തു തരമാണെന്ന് ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും.
2. പുസ്തകം നിറയെ അസംബന്ധവും വിവരക്കേടുമാണ്. ആറു കിലോമീറ്റര്‍ നീളമുള്ള പാമ്പിനെയൊക്കെക്കാണാം പുസ്തകത്തില്‍. ഇത്തരം വിവരക്കേടുകളുടെ ഡസന്‍ കണക്ക് ഉദാഹരണങ്ങള്‍ നിരത്തിയിരുന്നു.
3. പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പ് നുണകളുടെ ഒരു കൂമ്പാരമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഉള്ളടക്കം ലോകത്താദ്യമായി മലയാളത്തിലാണ് പരിഭാഷ ചെയ്യപ്പെടുന്നതെന്ന കാര്യത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് രവി ഡി സി അവിടെ തട്ടിവിട്ടിരിക്കുന്നു. അതുമാത്രമല്ല, പുസ്തകത്തിലെ entries ന്റെ എണ്ണത്തെക്കുറിച്ചും അതില്‍ നുണ പറയുന്നു.
4. ക്രോസ് റെഫെറെന്‍സുകള്‍ മിക്കതും വ്യാജമാണ്. ഒന്നാം പേജില്‍ ഇരുപതിലധികം വരുന്ന ക്രോസ് റെഫറന്‍സുകള്‍ മുക്കാലും വ്യാജമാണ്.  ഇതിലും മോശമാണ് തുടര്‍ന്നങ്ങോട്ട്.
5. ഒരേ ലേഖനം രണ്ടു പേരില്‍ ആവര്‍ത്തിക്കുന്നു എത്രയോ ഇടത്ത്.  ഉദാഹരണത്തിന് നാരകം എന്ന  പേരിലും സാത്തുക്കുടി എന്ന പേരിലും ലേഖനങ്ങളുണ്ട്. രണ്ടിന്റെയും ഉള്ളടക്കം ഒന്നുതന്നെ. പക്ഷേ രണ്ടു മണ്ടന്‍മാര്‍ വെവ്വേറെ പരിഭാഷ ചെയ്തതിനാല്‍ ഇത്തരം ആവര്‍ത്തനങ്ങളില്‍ പരിഹാസ്യമായ വൈരുദ്ധ്യമുണ്ട്. സുഹൃത്സഭ, സൊസൈറ്റി ഓഫ് ഫ്രണ്ട്സ് എന്നീ പേരുകളില്‍ ഒരേ ഉള്ളടക്കം ആവര്‍ത്തിക്കുന്നു. പക്ഷേ രണ്ടിലുമുള്ള വൈരുദ്ധ്യം നോക്കൂ.
ദൈവമെന്ന വാക്ക് കേട്ടാലുടനെ അവര്‍ക്ക് വിറയലുണ്ടായി എന്നു പറഞ്ഞുകൊണ്ട് ഒരു ജഡ്ജിയാണ് ഈ പേരു നല്കിയത് (പുറം 2309)
ദൈവവചനംവിറയലോടെ ശ്രവിക്കുവാന്‍ ഇവരോട് കല്പിച്ച ഒരു ന്യായാധിപന്‍ ഇവര്‍ക്ക് പേരു നല്കിയ വര്‍ഷം (പുറം 2264)
ഇങ്ങനെ പരിഹാസ്യമായ വൈരുദ്ധ്യങ്ങളോടെ രണ്ടുപേരില്‍ ആവര്‍ത്തിക്കുന്ന എന്‍ട്രികള്‍ ഡസന്‍ കണക്കാണ്.

ഇതും ഇതിലപ്പുറവും ഉദാഹരണങ്ങള്‍ നിരത്തി ഈ പുസ്തകം റെഫെറന്‍സിനോ മറ്റെന്തിനെങ്കിലുമോ ഉതകില്ല എന്നു ചൂണ്ടിക്കാണിച്ച പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെയാവണം വിധി എഴുതിയത്. വായിച്ചാലും മനസ്സിലായെങ്കിലല്ലേ. തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍ അതു വ്യക്തമാക്കും.
2008-ല്‍ സമാനമായ ഒരു കേസില്‍ സംസ്ഥാന ഉപഭോക്തൃകോടതിയുടെ ഒരു വിധിയുണ്ടത്രെ. പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ പ്രസാധനം നിറുത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ മാത്രം ഗൌരവമുള്ളതല്ലെന്ന്. അതും ഇതുമായി എന്തു ബന്ധം? ആ പുസ്തകത്തില്‍ അങ്ങനെയുള്ള തെറ്റുകളേയുള്ളൂ എന്നു സംസ്ഥാന ഫോറം വിധിച്ചാല്‍ എല്ലാ പുസ്തകത്തിലും അത്തരം തെറ്റുകളേ ഉണ്ടാവൂ എന്നുണ്ടോ? എന്നാല്‍ ഇങ്ങനെയൊരു വിധിയുടെ പകര്‍പ്പ് എതിര്‍ കക്ഷികള്‍ ഹാജരാക്കിയതായി പരാതിക്കാരനോ പരാതിക്കാരന്റെ വക്കീലോ അറിഞ്ഞിട്ടില്ല. exhibit ആയി അങ്ങനെയൊന്നും ലിസ്റ്റ് ചെയ്തിട്ടുമില്ല.
എന്നാല്‍ ഈ വിധി അവിടെയൊന്നും നില്ക്കുന്നില്ല. ഇതു നോക്കൂ.
The opposite parties have later on corrected the mistake in erratum of 300 pages.
We equally appreciate the effort taken by the opposite party for rectifying the mistakes and publishing the erratum.
എതിര്‍കക്ഷി മലയാളം ബ്രിട്ടാനിക്കയിലെ തെറ്റുകള്‍ അടങ്ങുന്ന ഒരു erratum 300 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചത്രെ. ഇങ്ങനെയൊരു കാര്യം ഡി സി ബുക്സ് ചെയ്തതായി അവര്‍ തന്നെ പറഞ്ഞിട്ടില്ല. പിന്നെ വിധി എഴുതിയ ഫോറം അംഗത്തിന് ഇതെവിടെന്നു കിട്ടി? 
കാര്യമിത്രയേയുള്ളൂ. ഡി സി ബുക്സ് അവരുടെ കൌണ്ടര്‍ അഫിഡവിറ്റില്‍ Oxford Dictionary of National Biography (DNB) യിലെ ആദ്യ എഡിഷനിലെ തെറ്റുകളെപ്പറ്റിയും അതിനു പിന്നീട് പ്രസാധകരിറക്കിയ 300 പേജുള്ള erratum ത്തെപ്പറ്റിയും പറഞ്ഞിരുന്നു, തങ്ങളുടെ തെറ്റുകളെ ന്യായീകരിക്കാനായി.  അഞ്ചുകൊല്ലം മുന്‍പ് പുതിയ എഡിഷനിറങ്ങിയപ്പോള്‍ വന്ന വാര്‍ത്തയില്‍ നൂറ്റിപ്പത്തുകൊല്ലം മുമ്പിറങ്ങിയ DNBയുടെ ആദ്യ എഡിഷനിലെ  തെറ്റുകളെപ്പറ്റിയും അതിനുണ്ടായ 300 പേജ് ഇറാറ്റത്തെപ്പറ്റിയും പരാമര്‍ശിക്കുന്നു. വാര്‍ത്ത ഇവിടെക്കാണാം. DNBയുടെ ഇറാറ്റത്തെപ്പറ്റി വിധിയിലും പറയുന്നുണ്ട്. എന്നാല്‍ ഫോറം ആ erratum ഡി സി ബുക്സ് മലയാളം ബ്രിട്ടാനിക്കക്ക് ഇറക്കിയ erratum ആയിക്കൂടി വിചാരിച്ചുപോയി! ഇല്ലാത്ത ഒരു erratum പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞ് ഡി സി ബുക്സിനെ ശ്ലാഘിക്കാനും അവര്‍ മറന്നില്ല.
 ഒരു വകയ്ക്കും കൊള്ളാത്ത ചവറ് മൂന്നു വാല്യത്തിലിറക്കി രണ്ടായിരത്തിനടുത്തു രൂപയും വാങ്ങി പത്തിരുപത്തയ്യായിരം പേരുടെ പിടലിക്ക് കെട്ടിവെച്ച മിടുക്കിന് പ്രസാധകര്‍ എന്തായാലും പ്രശംസ അര്‍ഹിക്കുന്നുണ്ട്.
വിധി പൂര്‍ണ്ണരൂപത്തില്‍ താഴെക്കാണാം.

27 Jun 2010

ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതിനെപ്പറ്റി ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പുസ്തകം ചിലയിടങ്ങളിലെങ്കിലും അവിശ്വസനീയമായ തുറന്നുപറച്ചിലാണ്. ഉദാഹരണത്തിന് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടിനെക്കുറിച്ചു പറയുന്നിടത്ത്. അന്ന് പാര്‍ട്ടിയെടുത്ത നിലപാടിനെ ഇ എം എസ് പാടേ തള്ളിക്കളയുന്നു. ദേശീയ സമരത്തെ ഒറ്റുകൊടുത്തു എന്ന് പറയുന്നില്ലെങ്കിലും ചെയ്തതെന്താണെന്നു പറയുന്നതിലൂടെ ഒറ്റുകൊടുത്തത് എങ്ങനെ എന്നു വായിക്കുന്നവര്‍ക്കാര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.1941 ജൂണ്‍ 22-ന് നാത്സി ജര്‍മ്മനിയും സംഘവും സോവിയറ്റ് യൂനിയനെ ആക്രമിച്ച കാലം മുതലൊന്നും കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ ഭാഗം ചേരുകയും യുദ്ധത്തെ ജനകീയ യുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തില്ല. ആറുമാസം കഴിഞ്ഞ് 1941 ഡിസംബറിലാണ് ഈ നിലപാടു മാറ്റം വന്നതെന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. രണ്ടു വിഷമകരമായ മാര്‍ഗ്ഗങ്ങളാണ് അന്നു പാര്‍ട്ടിയുടെ മുന്‍പിലുണ്ടായിരുന്നത്രെ.
ഒന്നുകില്‍ സാര്‍വദേശീയ ഫാസിസ്റ്റ് വിരുദ്ധസഖ്യത്തെ അവഗണിച്ച്, അതിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുപോലും ദേശീയശത്രുവിനെതിരായുള്ള സമരം തുടര്‍ന്നുകൊണ്ടുപോവുക; അല്ലെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ ജനങ്ങളില്‍നിന്നെല്ലാം ഒറ്റപ്പെടുക. ആറു മാസത്തോളം ഇതില്‍ ആദ്യത്തെ വഴി പിന്തുടര്‍ന്ന പാര്‍ട്ടി നേതൃത്വം 1941 ഡിസംബറില്‍ രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു.
ഇങ്ങനെ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാന്‍ പ്രേരണയായത് രാജസ്ഥാനിലെ ദിയോളിക്യാമ്പ് ജയിലുകളില്‍ കിടന്നിരുന്ന സഖാക്കള്‍ തയ്യാറാക്കിയ ദിയോളിരേഖകളും ബോംബെയിലെ പാര്‍ട്ടി രഹസ്യകേന്ദ്രത്തിലെ സഖാക്കളുടെ നിലപാടും പിന്നെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു ലഭിച്ച ഒരു കത്തുമാണെന്ന് നമ്പൂതിരിപ്പാട് പറയുന്നു.
'ജാപ്പനീസ് യുദ്ധഭ്രാന്തന്മാരുമായി ഒത്തുചേരുന്ന' സുഭാഷ് ബോസിന്റെ നേതൃത്വത്തിനും 'സ്വാതന്ത്ര്യം എന്ന ദേശീയാവശ്യം അംഗീകരിപ്പിക്കുന്നതിന് ബ്രിട്ടനെ നിര്‍ബന്ധിപ്പിക്കാന്‍' (അംഗീകരിക്കാന്‍ ബ്രിട്ടനെ നിര്‍ബന്ധിക്കുന്നതിന് എന്നാവണം ഉദ്ദേശിക്കുന്നത്) ബഹുജനസമരം ആരംഭിച്ച ഗാന്ധി, പാട്ടേല്‍ നേതൃത്വത്തിനും എതിരായിട്ടായിരുന്നു ജനകീയ യുദ്ധം എന്ന മുദ്രാവാക്യം പാര്‍ട്ടി ഉയര്‍ത്തിയത്. ഗവണ്‍മെന്റിന്റെ യുദ്ധസന്നാഹങ്ങളെക്കുറിച്ചുള്ള മൌലിക വിമര്‍ശനം അതിലുണ്ടായിരുന്നത്രെ. ജനങ്ങളുടെ ദേശാഭിമാന ബോധം ബ്രിട്ടീഷു സര്‍ക്കാര്‍ ഉയര്‍ത്തിയില്ല എന്നൊക്കെയാണ് ആ വിമര്‍ശനം. അതല്ലേ ബ്രിട്ടീഷു സര്‍ക്കാരിന്റെ പരിപാടി. ഇന്ത്യയിലെ ജനങ്ങളുടെ ദേശാഭിമാനബോധം ഉയര്‍ത്തിയിട്ട് അവരെക്കൊണ്ടു യുദ്ധത്തെ പിന്തുണപ്പിക്കുക!
ബ്രിട്ടീഷു സര്‍ക്കാര്‍ ദേശീയ സമരത്തോടെടുത്ത നിലപാട് 'അഹങ്കാരപൂരിതമായ ഇന്ത്യാവിരുദ്ധ നിലപാടാ'യിരുന്നു എന്നും നമ്പൂതിരിപ്പാട് പറയുന്നു.
ദേശീയ നേതാക്കളാവശ്യപ്പെട്ടതുപോലെ യുദ്ധാവസാനം ഇന്ത്യ സ്വതന്ത്രമാകുമെന്നു പറയാനോ, അതിന്റെ മുന്നോടിയായി ഒരു ദേശീയഗവണ്‍മെന്റ് രൂപീകരിക്കാനോ, അങ്ങനെ ജനങ്ങളെയാകെ യുദ്ധത്തിനനുകൂലമായി അണിനിരത്താനോ അവര്‍ തയ്യാറായില്ല. അതിനു പകരം പ്രധാനമന്ത്രി ചര്‍ച്ചില്‍ ചെയ്തത് അത്തരം ആവശ്യങ്ങളെയെല്ലാം ഔദ്ധത്യപൂര്‍വ്വം നിരാകരിക്കുകയാണ്, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനെതിരായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ശക്തിപ്പെടുത്തുകയാണ്.
ഈ ഉദ്ധരണിയില്‍നിന്ന് വ്യക്തമാവുന്ന ചില കാര്യങ്ങള്‍.
1.ദേശീയ നേതാക്കള്‍  സോവിയറ്റ് യൂനിയന് എതിരല്ല. എന്നു മാത്രമല്ല, ഒരു ദേശീയ ഗവണ്‍മെന്റ് രൂപീകരിച്ച് ജനങ്ങളെയാകെ യുദ്ധത്തിന് അനുകൂലമായി അണിനിരത്താനാണ് അവര്‍ ആവശ്യപ്പെട്ടത്.
2. എന്നാല്‍ ഇതെല്ലാം ബ്രിട്ടീഷ് ഗവണ്‍മെന്റ് അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു.

തുടര്‍ന്നു പറയുന്നു,
അതുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തെ ജനകീയ യുദ്ധമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഈ നയത്തിനെതിരായ സമരംകൂടി ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടായിരുന്നു.
എന്നാല്‍ അങ്ങനെയെന്തെങ്കിലും സമരം നടത്തിയതായി നമ്പൂതിരിപ്പാട് പറയുന്നില്ല.
ഇക്കാലത്ത് യുദ്ധത്തില്‍ ബ്രിട്ടന് സോപാധികമായ പിന്തുണ നല്കാന്‍ അവസരം വന്ന കോണ്‍ഗ്രസ് നേതൃത്വം' 'ബ്രിട്ടീഷ് അധികാരികളുമായി മാത്രമല്ല അമേരിക്ക, ചൈന എന്നിവിടങ്ങളിലെ സുഹൃദ്ശക്തികളുമായും ചര്‍ച്ചകളിലേര്‍പ്പെട്ടു'. 'ജര്‍മനിയെയും ജപ്പാനെയും നിലംപരിശാക്കാന്‍ സോവിയറ്റ് യൂണിയനും ചൈനയ്ക്കും കരുത്തുനല്കുമെന്നതായിരുന്നു ആ നിലപാടിന്റെ അടിസ്ഥാനം' എന്നും നമ്പൂതിരിപ്പാട് പറയുന്നു. (അമേരിക്ക, ചൈന എന്നൊന്നും കേട്ടു ഞെട്ടേണ്ട. ജനകീയയുദ്ധം എന്ന അക്കാലത്തെ പ്രബന്ധത്തില്‍ നമ്പൂതിരിപ്പാട് ഭാവിയുടെ പ്രതീക്ഷയായി എടുത്തുപറയുന്ന ഒരാളാണ് ചിയാങ് കൈഷേക്.)
ദേശീയനേതാക്കള്‍‌ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ എന്തുചെയ്തു?
കോണ്‍ഗ്രസ് നേതൃത്വം ക്വിറ്റിന്ത്യാസമരത്തിനു മുന്നോടിയായി ചര്‍ചകള്‍ നടത്തവെ, കമ്യൂണിസ്റ്റ് പാര്‍ടിയും ചര്‍ചകളിലേര്‍പെട്ടുകൊണ്ടിരിക്കയായിരുന്നു- നിരോധനം പിന്‍വലിപ്പിക്കാനും തടവുകാരെ വിട്ടയക്കാനും സഖാക്കള്‍ക്കെതിരെയുള്ള വാറണ്ടുകള്‍ പിന്‍വലിപ്പിക്കാനുമുള്ള ചര്‍ചകള്‍. [ഇ എം എസ് നമ്പൂതിരിപ്പാടിനും വാറണ്ടും തലയ്ക്കുമേല്‍ (10000 രൂപ എന്നു പറയുന്നു) ഇനാമും ഉണ്ടായിരുന്നു.] ഭാഗികമായി അവ അംഗീകരിക്കപ്പെട്ടു. അങ്ങനെയാണ് ബോംബെയില്‍ പാര്‍ട്ടിയുടെ കേന്ദ്രഓഫീസും കോഴിക്കോട്ട് സംസ്ഥാന ഓഫീസും ആരംഭിച്ചതും വാരികകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയതും. ഈ പശ്ചാത്തലത്തിലാണ് മുന്‍ അധ്യായത്തില്‍ പറഞ്ഞതുപോലെ ഞാന്‍ ഒളിവില്‍നിന്ന് പുറത്തുവന്നത്. ഞാന്‍ നേരെ പോയത് ബോംബെയിലെക്കാണ്. ക്വിറ്റ് ഇന്ത്യാ സമരകാഹളം മുഴക്കിയ എ ഐ സി സിയുടെ നിര്‍ണായക സമ്മേളനത്തിന്റെ സമയത്ത് ഞാനവിടെയെത്തി.


ഇതു വായിച്ച് ഇ എം എസ് സമ്മേളനത്തിനുകൂടി എന്നൊന്നും ധരിക്കരുത്. നമ്പൂതിരിപ്പാട് അവിടെ ഒരു തമാശകൂടി പറയുന്നുണ്ട്. മൂന്ന് പഴയ ഇടതുപക്ഷ സുഹൃത്തുക്കള്‍ ബോംബെ ഓഫീസില്‍ വന്ന് അദ്ദേഹത്തെ കണ്ട കാര്യം. അവര്‍ വന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിനു പിന്തുണ തേടാന്‍. 'നിങ്ങളുടെ ഒളിവു ജീവിതം ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാവും," അവര്‍ പറഞ്ഞു. നമ്പൂതിരിപ്പാടിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഏറ്റവും ഐറണി നിറഞ്ഞ സന്ദര്‍ഭം ഇതാവണം.  അവരെ നിരാശരാക്കി തിരിച്ചയയ്ക്കുകയല്ലാതെ നമ്പൂതിരിപ്പാടിനു വഴിയില്ലല്ലോ.
നോക്കണം, കോണ്‍ഗ്രസ്സ് ഒരു ആഗോളവീക്ഷണത്തോടെ യുദ്ധത്തെ സോപാധികമായി പിന്തുണയ്ക്കുന്നതിനെപ്പറ്റി വിദേശശക്തികളോടുപോലും ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാരോട് സ്വന്തം കാര്യത്തിനു വിലപേശുകയായിരുന്നു. ജയില്‍ മോചനത്തെപ്പറ്റി, വാറണ്ടു പിന്‍വലിക്കുന്നതിനെപ്പറ്റി, നിരോധനം നീക്കുന്നതിനെപ്പറ്റി ഒക്കെ. ഈ ചര്‍ച്ച നടക്കുന്നത് കോണ്‍ഗ്രസ്സുകാരെപ്പോലെ സോപാധിക പിന്തുണ നല്കാമെന്ന വാഗ്ദാനത്തിനുമേലല്ലല്ലോ. ദേശീയതാത്പര്യങ്ങളെ തള്ളിക്കളഞ്ഞ് സോവിയറ്റ് യൂനിയന്റെ താത്പര്യമായിരുന്നു അവരുടെ മുന്‍പില്‍.  അതും ബ്രിട്ടീഷുകാരുടെ താത്പര്യവും യോജിപ്പിലെത്തിയപ്പോള്‍ കിട്ടാവുന്നത് നേടുക എന്ന നിലയ്ക്കുള്ള ചര്‍ച്ച.
വെറുതെ ഓഫീസുണ്ടാക്കുകയും വാരിക തുടങ്ങുകയുമല്ല ഉണ്ടായത്. ആദ്യമായി ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെളിവില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം കിട്ടി. അതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധമായിരുന്നു. ഇങ്ങനെ ദേശതാത്പര്യത്തെ വഞ്ചിച്ച് നിയമവിധേയമായശേഷം ഇവര്‍ എന്തു ചെയ്തു?
ഒരു വര്‍ഷം തികയുംമുമ്പേ അവര്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സുകൂടി. കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തിലോ കോണ്‍ഗ്രസ്സിലോ ഗൌരവമുള്ള ഒരു ചര്‍ച്ചയും നടന്നില്ലെന്ന് ഇ എം എസ് പറയുന്നു. നേരത്തേ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക മാത്രമായിരുന്നു ഏര്‍പ്പാട്. പിന്നെ പാട്ടും കളിയും. അല്ലെങ്കിലെന്തു ചര്‍ച്ചചെയ്യാന്‍. ഒറ്റിക്കൊടുത്ത് നേടിയ അംഗീകാരം ആഘോഷിക്കുന്ന ഈ സമ്മേളനത്തില്‍ എന്ത് ചര്‍ച്ചചെയ്യാന്‍?
അതുകൊണ്ട് സമ്മേളനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസും നയത്തിന്റെ ശരിയെക്കുറിച്ചല്ല, നേതൃത്വം അംഗീകരിച്ച നയം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. റിപ്പോര്‍ട്, പ്രസംഗങ്ങള്‍, പൊതുസമ്മേളനം, കലാപരിപാടികള്‍, (പാട്ട്, നൃത്തം, നാടകം,  നാടന്‍കലാരൂപങ്ങള്‍, എന്നിവയെല്ലാം വിദഗ്ധമായി ആസൂത്രണം ചെയ്യപ്പെട്ടിരുന്നു) എല്ലാം തന്നെ വഴിതെറ്റിയ ദേശാഭിമാനികളുടെ ഏജന്റുമാര്‍ക്കെതിരെ പ്രയോഗിക്കേണ്ട ആയുധങ്ങളായി പരിണമിച്ചു. ഇതിന്റെയെല്ലാം ഫലമായി പാര്‍ടിയുടെ രാഷ്ട്രീയശത്രുക്കളെ ആക്രമിച്ചു തോല്‍പ്പിക്കാമെന്ന് അത്മവിശ്വാസം പതിനായിരക്കണക്കിന് അനുഭാവികളിലും ആയിരക്കണക്കിന് പ്രവര്‍ത്തകരിലും വേരുറച്ചു. 
ആരാണ് പാര്‍ട്ടിയുടെ ശത്രുക്കള്‍? എന്തായാലും ബ്രിട്ടീഷ് സാമ്രാജ്യമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണയ്ക്കുന്ന  'ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗ്ഗവു'മല്ല. പിന്നെയാര്? ക്വിറ്റ് ഇന്ത്യാ സമരത്തിലേര്‍പ്പെട്ടിരുന്ന സ്വാതന്ത്ര്യസമരക്കാര്‍, അല്ലാതാര്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാരികളെ അന്നു കമ്യൂണിസ്റ്റുകാര്‍ പൊലീസിനും ഭരണകൂടത്തിനും ഒറ്റുകൊടുത്തിരുന്നു എന്നു പറയുന്നതില്‍ എന്തെങ്കിലും സംശയിക്കാനുണ്ടോ?  
'തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയുടെ കാഴ്ചപ്പാടില്‍നിന്നുതന്നെ ഇത് തികച്ചും വികലമായ ധാരണയായിരുന്നു എന്ന് ഇന്ന് വ്യക്തമായിട്ടുണ്ട്', എന്നാണ് അന്നത്തെ പിഴച്ച നിലപാടുകളെപ്പറ്റി ഇ എം എസ് തന്നെ പറയുന്നത്.

ഇത്രയും വികലമായ രാഷ്ട്രീയധാരണയും കമ്യൂണിസ്റ്റേതര സംഘടനാശൈലിയുമുള്ള പാര്‍ട്ടി ക്വിറ്റ് ഇന്ത്യാ സമരകാലത്തെ നിശിതമായ ആക്രമണങ്ങളെ അതിജീവിക്കുക മാത്രമല്ല പില്‍ക്കാലത്ത് ഇത്രയും വേഗതയില്‍ വളരുകകൂടി ചെയ്തതെങ്ങനെയെന്ന് ആരും അത്ഭുതപ്പെട്ടേക്കാം.
അതു പുരോഗമനകാരികളായ ആളുകള്‍ക്ക് സോവിയറ്റ് യൂനിയനോടുള്ള താത്പര്യം കൊണ്ടാണെന്നാണ് ഇ എം എസ് നല്കുന്ന ഉത്തരം.
ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ സോവിയറ്റ് യൂനിയനെ ദുര്‍ബലപ്പെടുത്തുന്ന യാതൊന്നും ചെയ്തുകൂടെന്ന ഒറ്റയുക്തികൊണ്ടാണ് എല്ലാവരും അടങ്ങിയിരുത്. അതുകൊണ്ടാണ് യുദ്ധാനന്തര കാലഘട്ടത്തില്‍ ഉള്‍പാര്‍ട്ടി സമരത്തിന്റെ ഒരു പുതിയ ഘട്ടമെന്ന രീതിയില്‍, തങ്ങളുടെ വികാര-വിചാരങ്ങളെല്ലാം ഒതുക്കിക്കഴിഞ്ഞവര്‍ തുറന്ന സമരമാരംഭിച്ചത്. 
ഇങ്ങനെ തുറന്ന സമരമാരംഭിച്ച കൂട്ടത്തില്‍ താനില്ലായിരുന്നു എന്നും ഇ എം എസ് വ്യക്തമാക്കുന്നുണ്ട്. താനും കേരള ഘടകവും പി സി ജോഷിയുടെ വിശ്വസ്ത പിന്തുണക്കാരായിരുന്നു.
നയമാറ്റം കുറിക്കുന്ന 1946-ലെ കേന്ദ്രകമ്മിറ്റി പ്രമേയത്തിനും 1948 ലെ കല്‍ക്കത്താ കോണ്‍ഗ്രസിലെ മൌലികമായ തെറ്റുതിരുത്തലിനും പിന്നില്‍ രണദിവെയായിരുന്നു എന്നും മറുവശത്ത് പി സി ജോഷിയായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. കുപ്രസിദ്ധമായ കല്‍ക്കത്താ തീസിനെപ്പറ്റിയും അന്നത്തെ ഇടതുപക്ഷ പാളിച്ചയെപ്പറ്റിയും രണദിവെയുടെ ഇടതുതീവ്രവാദത്തെപ്പറ്റിയും  ഇ എം എസ് ഈ കൃതിക്കു മുമ്പും പിമ്പും എന്തൊക്കെ അപവദിച്ചിട്ടുണ്ടെന്ന് ഇതു വായിക്കുമ്പോള്‍ ഓര്‍ത്തുപോവുന്നു.
രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സുവരെ ജോഷിയുടെ നയം വിശ്വസ്തതയോടെ നടപ്പാക്കിയ സംസ്ഥാന കമ്മിറ്റിയാണ് ഇവിടെയുണ്ടായിരുന്നതെന്ന് ഇത്തരുണത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്. ആശയപരമായും രാഷ്ട്രീയമായുമുള്ള ഈ ദൌര്‍ബല്യവും സോവിയറ്റ് നാടിനോടുള്ള വൈകാരികമായ അടുപ്പവും പാര്‍ട്ടിയുടെ കേരള ഘടകത്തെ മറ്റു പല ഘടകങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തി.
ഇ എം എസ് തന്റെയും സഖാക്കളുടെയും ദൌര്‍ബല്യം വ്യക്തമാക്കുന്നു.
1987 ല്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുംമുമ്പേ എഴുതിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിലപാടിനെക്കൂടിയാണ് നമ്പൂതിരിപ്പാട് ഇവിടെ തള്ളിപ്പറയുന്നതെന്നത് ശ്രദ്ധേയമാണ്.
പിശകുകളോടും പാകപ്പിഴകളോടും കൂടിയാണെങ്കിലും മൊത്തത്തില്‍ ശരിയായ ഒരു നയം ക്വിറ്റിന്ത്യാ സമരകാലത്തു പാര്‍ടി അംഗീകരിച്ചു.
(ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം, നാലാംഭാഗം, ആഗസ്റ്റു സമരവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും എന്ന അദ്ധ്യായം കാണുക)
ഇക്കാലത്തിനിടക്ക് നടന്നതും കേരളത്തെ സംബന്ധിച്ചു പ്രാധാന്യമുള്ളതുമായ ഒരു കാര്യത്തെപ്പറ്റി അതായത് കയ്യൂര്‍ സമരത്തിലെ പ്രതികളെ തൂക്കിലേറ്റിയതിനെപ്പറ്റി  ഇ എം എസ് പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും അവരുമായി നല്ല ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്ത കാലത്തെപ്പറ്റി പറയുന്നതിന്റെകൂടെ കയ്യൂര്‍കാര്യം പറയാന്‍ ഇ എം എസ്സിനു മടിയുണ്ട്. അതുകൊണ്ട് ലേശം കാലക്രമം തെറ്റിച്ച് അതിനെ തന്റെ ഒളിവുജീവിതത്തിനിടെ പറഞ്ഞൊപ്പിക്കുന്നു നമ്പൂതിരിപ്പാട്.
കോണ്‍ഗ്രസ്സിന്റെ പ്രതീകാത്മക വ്യക്തിസത്യാഗ്രഹ പരിപാടിയില്‍നിന്നു വ്യത്യസ്തമായി [സാമ്രാജ്യത്വവുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ കാലത്തെപ്പറ്റിയാണ് പറയുന്നത്] സാമ്രാജ്യത്വത്തിനെതിരെ മറ്റുതരത്തിലുള്ള പുതിയ പ്രതിരോധ മാര്‍ഗ്ഗങ്ങളും കൈക്കൊള്ളാമെന്ന് ആ കാലഘട്ടം തെളിയിച്ചു. 
ഈ മറ്റു പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നു പറഞ്ഞാല്‍ പാര്‍ട്ടിക്കത്ത് പ്രസിദ്ധീകരിക്കലും സി പി എസ് യു (ബി ) ചരിത്രം പ്രസിദ്ധീകരിക്കലുമാണ്.
ബ്രിട്ടീഷ് സാമ്രാജ്യവുമായി വിലപേശുന്നതിനെതിരെ ഒരു ബദല്‍ മാര്‍ഗം ആ കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ന്നു വന്നു. ബഹുജനസമരങ്ങളിലൂടെ സാമ്രാജ്യത്വത്തിന്റെ വേരറുക്കലായിരുന്നു അത്.
കയ്യൂര്‍ സംഭവം തന്നെ ഏറ്റവും നല്ല ഉദാഹരണം. ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ പ്രകടനം നടത്തിയ കയ്യൂരിലെ ജനങ്ങള്‍ പൊലീസുമായേറ്റുമുട്ടി. കല്ലെറിയപ്പെട്ട ഒരു പൊലീസുകാരന്‍ ജീവരക്ഷക്കായി പുഴയിലേക്കു ചാടി; അയാള്‍ മുങ്ങിമരിച്ചു. തുടര്‍ന്നു നടന്ന കേസിന്റെ അന്ത്യത്തില്‍ നാലുസഖാക്കള്‍ക്ക് മരണശിക്ഷ വിധിക്കപ്പെട്ടു. അവര്‍ 1943 മാര്‍ച്ച് 29 ന് രക്തസാക്ഷികളായി.
പാര്‍ട്ടി ഒളിവിലായിരിക്കുന്ന കാലത്തെപ്പറ്റി പറയുമ്പോള്‍ തൂക്കിലേറ്റിയ കാര്യം കൂടി പറഞ്ഞാല്‍ 1943 ല്‍ തങ്ങള്‍ ബ്രിട്ടീഷുകാരുമായി കൂട്ടായിരിക്കുന്ന കാലത്ത് തൂക്കിലേറ്റപ്പെട്ടതിനെപ്പറ്റി പറയുന്ന പൊരുത്തക്കേട് ഒഴിവാക്കാമല്ലോ.
കോണ്‍ഗ്രസ്സിന്റെ വിലപേശലിനെതിരായ ബദല്‍! വിലപേശാതെ സ്വയം പാടേ വിറ്റാണ് ആ ബദല്‍ അവതരിപ്പിച്ചത് എന്ന് ഈ പുസ്തകം തന്നെ വ്യക്തമാക്കുന്നു.
'ഇത്രയും വികലമായ ധാരണ', 'കമ്യൂണിസ്റ്റ് സാര്‍വ്വദേശീയതയ്ക്കു നിരക്കാത്ത നിലപാട്' എന്നൊക്കെ പറയുമ്പോഴും ഇ എം എസ് നമ്പൂതിരിപ്പാട് ഒരു വൈരുധ്യവാദിയാണെന്ന കാര്യം ഓര്‍ക്കണം. വൈരുദ്ധ്യമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഹൃദയം. അതുകൊണ്ട് മേലെ ഞാനുദ്ധരിച്ചതിനോടു നിരക്കാത്ത കാര്യങ്ങളും ഇദ്ദേഹം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. പക്ഷേ അതുകൊണ്ടെന്ത്? അതൊന്നും ഈ പറഞ്ഞതിനെ അപ്രസക്തമാക്കില്ലല്ലോ. 
1987 ല്‍ ആണ് ഈ പുസ്തകം ഇംഗ്ലീഷില്‍ എഴുതപ്പെട്ടതാണെന്നാണ് Google Books ല്‍ കാണുന്ന ഇതിന്റെ പകര്‍പ്പില്‍നിന്നു മനസ്സിലാവുന്നത്. 1987 ല്‍ മലയാളം പരിഭാഷയും വന്നു. ആ എഡിഷനാണ് എനിക്ക് ഒരു ലൈബ്രറിയില്‍നിന്നു കിട്ടിയത്. ഈ പുസ്തകത്തിന് പിന്നീട് പതിപ്പുണ്ടായോ? അതോ പല ഇ എം എസ് കൃതികളും തമസ്കരിക്കപ്പെട്ട കൂട്ടത്തില്‍ ഇതും പെട്ടോ?

25 Jun 2010

പ്രാചീന കേരള ചരിത്രത്തെ പന്തുതട്ടിക്കളിച്ച ഇ എം എസ്

ചരിത്രത്തെപ്പറ്റി പറയുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചു പറയുക തൊഴിലാളിവര്‍‌ഗ്ഗത്തിനു മാത്രമാണ് ശരിയായ ചരിത്രം രചിക്കാനാവുക എന്നാണ്.
ചരിത്രത്തെ ശാസ്ത്രമായി വികസിപ്പിച്ചെടുക്കാന്‍ കഴിയുക തൊഴിലാളിവര്‍ഗത്തിനു മാത്രമാണ്. എന്തെന്നാല്‍ സ്വന്തം വര്‍ഗതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചരിത്രവസ്തുതകള്‍ മറച്ചുവയ്ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരേ ഒരു വര്‍ഗമാണത്. യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നതിനും മുന്‍ വിധികളില്ലാതെ അവയെ വ്യാഖ്യാനിക്കുന്നതിനും, പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടതല്ലെന്നു തോന്നുന്ന അനേകം വസ്തുതകളുടെ സങ്കീര്‍ണമായ ബന്ധത്തെ കൂട്ടിയിണക്കുന്നതിനും, അങ്ങനെ ചരിത്രത്തിലെ സാമൂഹ്യവികാസനിയമങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും തൊഴിലാളിവര്‍ഗത്തിനു മാത്രമേ കഴിയുകയുള്ളൂ. (കേരളം ഇന്നലെ, ഇന്ന്, നാളെ, സഞ്ചിക 65, P 31)
 "ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം" എന്നാണ് ഇതിനെ ഇ എം എസ് വിളിക്കുക. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍മാരായി അറിയപ്പെടുന്നവരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പേനയുന്താന്‍ തയ്യാറുള്ളവരുമായ അക്കാഡമിക്കുകള്‍ പോലും ഈ വര്‍ഗസമീപനം ശരിയായി പാലിക്കാത്തതിനാല്‍ ഈ ചരിത്രപുരുഷന്റെ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. (ഇടതുപക്ഷ ചരിത്രകാരന്‍മാരായി അറിയപ്പെടുന്ന രാജന്‍ഗുരുക്കളും രാഘവവാരിയരും ചേര്‍ന്നെഴുതിയ കേരളചരിത്രത്തെപ്പറ്റി നിരൂപിച്ചിട്ട് "ചരിത്രകാരന്‍ പ്രത്യയശാസ്ത്രത്തിന് അതീതരായിരിക്കണ"മെന്ന അവരുടെ വീക്ഷണത്തെ പരിഹസിക്കുന്ന ഇ എം എസ് ഉദാഹരണം. ചരിത്രവും ചരിത്രരചനയും, ചിന്ത, 2009, പുറം 38) ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം  ശരിയായി ഉള്‍ക്കൊള്ളുന്നതും അതില്‍ ആധികാരികതയുള്ളതും പിന്നെ ആര്‍ക്കാണ്? തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍ എന്നു സ്വയം വിശേഷിപ്പിച്ച ഇ എം എസ് ആണ് തൊഴിലാളിവര്‍ഗത്തിനുവേണ്ടി ഇതു ചെയ്യുകയെന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.
കേരളചരിത്രത്തെ സംബന്ധിച്ചും ഇന്ത്യാചരിത്രത്തെ സംബന്ധിച്ചും മൌലികമായ പ്രശ്നമെന്ന് ഒരു കാലത്ത് വ്യാപകമായി കരുതിപ്പോന്ന ആര്യദ്രാവിഡ സംസ്കാരങ്ങളുടെ സംഘര്‍ഷം/ബന്ധം എന്ന പ്രശ്നവുമായി ബന്ധപ്പെട്ട് 1948 മുതല്‍ തൊണ്ണൂറുകള്‍വരെയുള്ള കാലത്ത് ഇ എം എസ് എടുത്ത വിവിധനിലപാടുകള്‍ ഒന്നു നോക്കുകയേ വേണ്ടൂ, തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍  ശാസ്ത്രീയചരിത്രം എങ്ങനെ എഴുതിയെന്നറിയാന്‍.
ജീവിതകാലം മുഴുവന്‍ പൊക്കിക്കൊണ്ടുനടന്ന കേരളം മലയാളികളുടെ മാതൃഭൂമി (1948) യില്‍ തുടങ്ങാം. ഈ കൃതിയില്‍ ഈ വിഷയത്തെപ്പറ്റി  ഇ എം എസ് എന്തു പറഞ്ഞു എന്നറിയാന്‍ ഇപ്പോള്‍ ലഭ്യമായ എഡിഷന്‍വെച്ചു സാധിക്കുമെന്നു തോന്നുന്നില്ല. എന്തെന്നാല്‍ ഒരു അദ്ധ്യായം കൂട്ടിച്ചേര്‍ത്തതൊഴിച്ചാല്‍ 1948 ല്‍ പ്രസിദ്ധീകരിച്ച രൂപത്തില്‍ തന്നെയാണ് പുസ്തകം ഇപ്പോഴുമെന്നാണ് വിവിധ മുഖവുരകളില്‍ ഇ എം എസ് പറയുന്നതെങ്കിലും അതു സത്യമാണെന്നു തോന്നുന്നില്ല. ആ പുസ്തകത്തില്‍ എന്തൊക്കെയോ തട്ടിപ്പുകള്‍ (തുറന്നുപറയാത്ത തിരുത്തുകള്‍) നടന്നിട്ടുണ്ടെന്നു വേണം കരുതാന്‍. ഈ പുസ്തകം 1948 ല്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞ് കുറെ മാസങ്ങള്‍ക്കുശേഷം എഴുതിയ മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം (സഞ്ചിക 10, pp 26-52) എന്ന ലേഖനവുമായി ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ താരതമ്യം ചെയ്യുമ്പോഴാണ് ഈ സംശയം ഉയരുന്നത്. 1948-ല്‍ പുസ്തകം ഇറങ്ങിയപ്പോള്‍ മുണ്ടശ്ശേരി ഇതിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. അതിനുള്ള മറുപടിയാണ് മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം എന്ന ഇ എം എസ് ലേഖനം. ഈ ലേഖനത്തില്‍ മുണ്ടശ്ശേരിയെ ചീത്തവിളിച്ചുകൊണ്ട് കേരളം മലയാളികളുടെ മാതൃഭൂമിയിലെ നിലപാടുകളെ ശരിവെയ്ക്കുകയാണ് ഇ എം എസ്. അപ്പോള്‍ ആ ലേഖനത്തില്‍ ശരിവെയ്ക്കുന്ന നിലപാടാണല്ലോ പുസ്തകത്തില്‍ കാണേണ്ടത്. എന്നാല്‍ പലയിടത്തും കാണുന്നത് അതിനു കടകവിരുദ്ധമായ നിലപാടും! കേരളം മലയാളികളുടെ മാതൃഭൂമി 2009-ലെ പതിപ്പാണ് എന്റെ കൈവശമുള്ളത് .
ഈ ഉദാഹരണം നോക്കുക:
തങ്ങളുടെ കുടുംബസമ്പ്രദായം നിലനിര്‍ത്തുകയും എന്നാല്‍ ബ്രാഹ്മണമേധാവിത്വത്തിന്‍കീഴില്‍പോലും സമുദായത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനം നിലനിറുത്തുകയും ചെയ്യാന്‍ നായന്മാര്‍ക്ക് കഴിഞ്ഞെങ്കില്‍, ആര്യന്മാരെക്കാള്‍ കുറയാതെയോ ഒരുപക്ഷേ കൂടുതല്‍ തന്നെയോ വളര്‍ച്ചയെത്തിയ ഒരു സമുദായമായിരുന്നിരിക്കണം നായന്‍മാരെന്ന് ഊഹിക്കാം.  (കേരളം മലയാളികളുടെ മാതൃഭൂമി, 1989, പുറം 64)
ആര്യസംസ്കാരത്തെക്കാള്‍ മെച്ചപ്പെട്ടതോ, അല്ലെങ്കില്‍, ആര്യസംസ്കാരത്തോളം വളരുകയെങ്കിലും ചെയ്തതോ ആയ പ്രാചീനകേരളസംസ്കാരത്തിന്റെ മഹനീയത വ്യക്തമാക്കാന്‍- പ്രാചീന കേരളസംസ്കാത്തെക്കാള്‍ ഉയര്‍ന്നതും പുരോഗമനപരവുമായ ഒന്നാണ് ആര്യസംസ്കാരമെന്നും അതാണ് ആര്യസംസ്കാരത്തിന്റെ വിജയത്തിനു കാരണമെന്നുമുള്ള ഇ എം എസിന്റെ അഭിപ്രായത്തെ എതിര്‍ക്കാന്‍  [...] വല്ല പുതുഗവേഷണഫലങ്ങളും പ്രൊഫസര്‍ മുണ്ടശ്ശേരിയുടെ കൈവശമുണ്ടായിരുന്നെങ്കില്‍ നമുക്കദ്ദേഹത്തിന്റെ വാദം സ്വീകരിക്കാമായിരുന്നു. (മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം, 1948 സഞ്ചിക 10, pp 26-52)
ഒരു കൃതി പിന്നീട് തിരുത്തിയെഴുതുന്നുണ്ടെങ്കില്‍ അതിന്റെ മുഖവുരയില്‍ അതു വ്യക്തമാക്കുക എന്ന മര്യാദയൊന്നും നമ്മുടെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദത്തുപുത്രന് ബാധകമല്ലെന്നു തോന്നുന്നു. എന്നുമാത്രമല്ല, തിരുത്തിയിട്ടില്ല എന്ന് വിവിധ മുഖവുരകളില്‍ പറയുന്നുമുണ്ട്. ആര്യന്മാരെക്കാള്‍ വളര്‍ച്ചയെത്തിയ ഒരു സമുദായം (നായന്മാര്‍) പ്രാചീനകേരളത്തില്‍ ഉണ്ടായിരുന്നു എന്ന് 1947 ല്‍ എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമിയുടെ  പ്രാരംഭ എഡിഷനില്‍ പറഞ്ഞെങ്കില്‍ അതേകാര്യം പറഞ്ഞതിന്റെ പേരില്‍ മുണ്ടശ്ശേരിയെ പിന്നീട് ലേഖനത്തിലൂടെ പുലയാട്ടേണ്ടതില്ല. (1948 ആഗസ്റ്റിലാണ് മുണ്ടശ്ശേരിക്കെതിരായി ലേഖനം പ്രസിദ്ധീകരിച്ചു എന്നു പറയുന്നത്.)  ഇ എം എസ്സിന്റെ മാഗ്നം ഓപ്പസ് കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയെപ്പറ്റിയും അതില്‍ പില്‍ക്കാലത്ത് കാട്ടിക്കൂട്ടിയതിനെപ്പറ്റിയും വേറൊരു പോസ്റ്റില്‍ എഴുതാം.
ഏതായാലും കേരളചരിത്രം കുത്തിമറിക്കാന്‍ തുടങ്ങിയ കാലത്ത് ഇ എം എസ്സിന്റെ നിലപാടെന്തായിരുന്നു എന്ന്  മുണ്ടശ്ശേരിയെ തെറിവിളിക്കുന്ന 1948 ലെ ലേഖനത്തില്‍നിന്നു മുകളിലുദ്ധരിച്ച ഖണ്ഡത്തില്‍നിന്നു വ്യക്തമാണ്. കുറെക്കൂടി വ്യക്തമായി ഇക്കാര്യം പറയുന്നു ആ ലേഖനത്തിലെ ഈ ഖണ്ഡിക.
പ്രാചീനകേരളസംസ്കാരത്തിന്റെ മേല്‍ ആര്യസംസ്കാരത്തിനു നേടാന്‍ കഴിഞ്ഞ ഈ ജയത്തിനു കാരണം ആര്യസംസ്കാരത്തിന്റെ മേന്മയാണ്; പ്രാചീനസംസ്കാരത്തെക്കാള്‍ വളര്‍ച്ചയെത്തിയ ഒരു സാമൂഹ്യഘടനയും സാമ്പത്തികരീതിയും അതിനുണ്ടായിരുന്നുവെന്ന പരമാര്‍ത്ഥമാണ്. (സഞ്ചിക 10, പുറം 34)
ഇങ്ങനെ നാല്പത്തെട്ടില്‍ പറഞ്ഞ ഇ എം എസ് പക്ഷേ മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ഒന്നു മലക്കം മറിഞ്ഞ് ആര്യമേധാവിത്വസിദ്ധാന്തത്തെ തള്ളിപ്പറഞ്ഞു. 1952 ല്‍ National Question of Kerala എന്ന ഇംഗ്ലീഷിലെഴുതിയ പുസ്തകത്തിലാണിത്. നോക്കണം, തന്റെ ചരിത്രഗ്രന്ഥം മുണ്ടശ്ശേരിയുടെ നിശിതമായി വിമര്‍ശനം നേരിട്ടപ്പോള്‍ കള്ളപ്പേരില്‍ (ഇ എം എസ് അന്ന് ഒളിവിലായിരുന്നതുകൊണ്ട് പി എസ് എന്ന പേരുവെച്ചാണ് മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം എന്ന ലേഖനം 1948 ല്‍ ഇറങ്ങിയതെന്നാണ് സഞ്ചികയിലെ അനുബന്ധക്കുറിപ്പില്‍ കാണുന്നത്, ഏതായാലും ആ കള്ളപ്പേര് ഉപയോഗപ്പെടുത്തി ആത്മപ്രശംസ ചൊരിയുന്നുണ്ട് ലേഖനത്തില്‍ ഇ എം എസ്) തെറിവിളിച്ച് അരിശംതീര്‍ത്ത ഇ എം എസ് തന്റെ മിക്ക നിലപാടുകളും തള്ളിക്കളഞ്ഞ് മുണ്ടശ്ശേരിയുടെ പലനിലപാടുകളും സ്വീകരിച്ചുകൊണ്ട് പുസ്തകമെഴുതിയത് ഇംഗ്ലീഷിലാണ്. മൂന്നുവര്‍ഷം കഴിഞ്ഞാണ് അതിനൊരു മലയാളം പരിഭാഷയുണ്ടായത്. (1952 ലെ National Question of Kerala എന്ന പുസ്തകം ഇ എം എസ് എഴുതിയതല്ലെന്നു കരുതാന്‍ ഇഷ്ടംപോലെ ന്യായങ്ങളുണ്ട്. അതിനെപ്പറ്റി പിന്നീട്.)
വാസ്തവത്തില്‍, ദ്രാവിഡമേന്മയെപ്പറ്റിയുള്ള ഈ പുതിയ സിദ്ധാന്തവും ആര്യമേന്മയെസംബന്ധിച്ച സിദ്ധാന്തംപോലെതന്നെ അശാസ്ത്രീയമാണ്. (സഞ്ചിക 11, പുറം 132)
"പ്രാചീന കേരളചരിത്രത്തെ സംബന്ധിച്ച ദ്രാവിഡപക്ഷത്തെയും ആര്യന്‍ പക്ഷത്തെയും ഉപേക്ഷിക്കുന്നതുകൊണ്ട് രണ്ടുകൂട്ടരും എന്നെ എതിര്‍ക്കുമെന്നതും സ്വാഭാവികമാണ്" എന്നൊരു ആശങ്ക ഇംഗ്ലീഷ് പതിപ്പിനുള്ള മുഖവുരയില്‍ കാണാം (സഞ്ചിക 11, പുറം 116).
1955-ല്‍ എഴുതിയ മലയാളപതിപ്പിനുള്ള മുഖവുരയില്‍ കാര്യങ്ങള്‍ കുറെക്കൂടി തെളിച്ചും അടിവരയിട്ടും പറഞ്ഞിട്ടുണ്ട്. പ്രസക്തമായ ഭാഗത്തിന്റെ സ്കേന്‍ ഇവിടെ നല്കുന്നു
1952ലെ കൃതിയിലെ നിലപാടു മാറ്റം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെയും കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിന്റെയും അടിസ്ഥാനത്തിലാണെന്നാണ് അതിന്റെ മുഖവുരയില്‍ പറയുന്നത്. ഒരു ദശകത്തിനുശേഷം വീണ്ടും നമ്പൂതിരിപ്പാട് ചരിത്രം രചിച്ചു. അതും ഇംഗ്ലീഷില്‍. Kerala: Yesterday, Today and Tomorrow.  ഈ കൃതിയെക്കുറിച്ച് സഞ്ചിക എഡിറ്ററുടെ കുറിപ്പ് പറയുന്നത് ഇത് കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പാണെന്നാണ്. ഏതു വിവിരദോഷിയാണ് ഇതുള്‍പ്പെടുന്ന 65-ആം സഞ്ചിക എഡിറ്റു ചെയ്തതെന്നറിഞ്ഞുകൂടാ. ഇതിലെ പലഭാഗങ്ങളും 1952 ലെ കേരളത്തിന്റെ ദേശീയ പ്രശ്നം എന്ന കൃതിയുടെ പകര്‍പ്പാണ്. അതില്‍‌ ആര്യ-ദ്രാവിഡ വിഷയത്തില്‍ പറയുന്നത് 1952 ലെ കൃതിയില്‍ പറയുന്ന അതേ കാര്യം തന്നെ. (ഏതായാലും പരിഭാഷ ചെയ്ത ഡോ. ഡി. ജയദേവദാസിനു പരിഭാഷ ചെയ്യുന്നതുപോയിട്ട്, പകര്‍ത്തിയെഴുതാന്‍പോലും യോഗ്യതയുണ്ടെന്നു തോന്നുന്നില്ല. അറുപതാം പേജില്‍ ഏംഗല്‍സിന്റെ ഒരു കത്ത് പരിഭാഷ ചെയ്തിരിക്കുന്നത് എത്രമാത്രം നിരക്ഷരശൈലിയിലാണെന്നു നോക്കിയാല്‍ ഇക്കാര്യം മനസ്സിലാവും.)
"യഥാര്‍ത്ഥത്തില്‍ ദ്രാവീഡിയന്‍ഔന്നത്യത്തെസംബന്ധിച്ച ഈ പുതിയ സിദ്ധാന്തം ആര്യന്‍ഔന്നത്യത്തെ സംബന്ധിച്ച സിദ്ധാന്തത്തെപ്പോലെ തന്നെ അശാസ്ത്രീയമാണ്" എന്നാണ് ഈ കൃതി പറയുന്നത് (സഞ്ചിക 65, പുറം 30).
അപ്പോള്‍ 1951 മുതല്‍ 1966 വരെ ഇ എം എസ് ആര്യമേധാവിത്വം അംഗീകരിച്ചില്ലെന്നു നമുക്കു വേണമെങ്കില്‍ പറയാം. പക്ഷേ ഇക്കാലത്തിനിടക്ക് എത്ര മലക്കംമറിച്ചില്‍ നടത്തിയിട്ടുണ്ടാവുമെന്നറിയണമെങ്കില്‍ അക്കാലത്ത് എഴുതിയ ഓരോ കൃതിയും നോക്കേണ്ടിവരും. അതിലൊന്നും വലിയ കാര്യമില്ല.
1981 ല്‍ നമ്പൂതിരിപ്പാട് കേരളചരിത്രവും സംസ്കാരവും: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം എന്നൊരു ചെറിയ കൃതി രചിച്ചു എന്നു കാണുന്നു. തന്റെ മഹത്തായ ആശാന്‍ സ്മാരക പ്രഭാഷണത്തെ വ്യാഖ്യാനിച്ചുകൊണ്ടും അതില്‍ പറഞ്ഞതില്‍ കവിഞ്ഞു പറയാന്‍ വേണ്ടിയുമാണ് ഈ കൃതി രചിച്ചത്.
അതിലിങ്ങനെ പറയുന്നു.
പക്ഷേ, ആര്യസംസ്കാരത്തെക്കാള്‍ പഴക്കമുള്ളതും മേന്‍മയേറിയതുമാണ് ദ്രാവിഡസംസ്കാരമെന്നു പറയുന്നതും ആ ദ്രാവിഡസംസ്കാരത്തില്‍ കേരളത്തിനും പങ്കുണ്ടെന്ന് ഊറ്റംകൊള്ളുന്നതും അര്‍ത്ഥശൂന്യമാണ്. നിരവധി നൂറ്റാണ്ടുകളോളം കാലത്തെ വളര്‍ച്ചയിലൂടെ ആര്യബ്രാഹ്മണസംസ്കാരം വടക്കെ ഇന്ത്യയില്‍ വളര്‍ന്നതിന് ശേഷമാണ് സംഘകാലകൃതികള്‍ പ്രതിഫലിപ്പിക്കുന്ന ദ്രാവിഡസംസ്കാരം തെക്ക് വളര്‍ന്നുവന്നതെന്നതാണ് സത്യം. (കേരളചരിത്രവും സംസ്കാരവും: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ചിന്ത, 2009, പുറം 45)
വീണ്ടും
വടക്കേ ഇന്ത്യയിലേതിനെ അപേക്ഷിച്ച് തെക്കേ ഇന്ത്യയിലേത് താണനിലയിലുള്ള ഒരു സംസ്കാരമായിരുന്നു. അതുകൊണ്ടു വടക്കേ ഇന്ത്യയില്‍നിന്നുള്ള ആക്രമണങ്ങളെ അതിജീവിച്ച് സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ തെക്കെ ഇന്ത്യയിലെ സമൂഹത്തിനു കഴിഞ്ഞില്ല.(പുറം 47) 
 ഈ ഉദ്ധരണിയില്‍ മൂന്നിടത്തെങ്കിലും മുന്‍ ഇ എം എസ്സിനെ 1981-ലെ ഇ എം എസ് നിഷേധിക്കുന്നുണ്ട്.
1. ആര്യസംസ്കാരം ദ്രാവിഡസംസ്കാരത്തെക്കാള്‍ കേമമാണെന്നു പറയുന്നിടത്ത്
2. ദ്രാവിഡസംസ്കാരത്തില്‍ കേരളത്തിനു പങ്കില്ലെന്നു പറയുന്നിടത്ത്
3. ദ്രാവിഡ സംസ്കാരം ആര്യസംസ്കാരത്തിനു നിരവധി നൂറ്റാണ്ടുകള്‍ പിന്നീടാണ് വന്നതെന്നു പറയുന്നിടത്ത്
ഏതായാലും 1981 ല്‍ മുണ്ടശ്ശേരി ജീവിച്ചിരിപ്പില്ല. ഇ എം എസ് നമ്പൂതിരിപ്പാട് വീണ്ടും ഇ എം എസ് നമ്പൂതിരിപ്പാട് ആയി. ആര്യന്‍സംസ്കാരം വീണ്ടും ദ്രാവിഡസംസ്കാരത്തെക്കാള്‍ മേന്മയേറിയതായി.
ഇനി 1990ലെ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന കൃതി എന്തു പറയുന്നു എന്നു നോക്കാം.
ആര്യാവര്‍ത്തത്തില്‍ രൂപംകൊണ്ടതും തമിഴകത്തേതും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഏതിനാണ് കൂടുതല്‍ പഴക്കമുള്ളത്, ഏതാണ് കൂടുതല്‍ ഉജ്ജ്വലമായിരുന്നത്? ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിലാണ് ആര്യപക്ഷപാതികളും ദ്രാവിഡപക്ഷപാതികളും അന്യോന്യം ഏറ്റുമുട്ടുന്നത്.
നിഷ്പക്ഷമായും സത്യസന്ധമായും വസ്തുതകള്‍ പരിശോധിക്കുന്ന ഒരാള്‍ക്കും ദ്രാവിഡപക്ഷപാതികളുടെ നിലപാടംഗീകരിക്കാന്‍ വയ്യ. തമിഴകത്ത് രചിക്കപ്പെട്ട സംഘകാലകൃതികള്‍, ആര്യാവര്‍ത്തത്തിലെ ഋഗ്വേദാദി സംസ്കൃതസാഹിത്യ കൃതികളെ അപേക്ഷിച്ച് പഴക്കം കുറഞ്ഞവയാണെന്നു മാത്രമല്ല, വിവിധ സാഹിത്യ-വിജ്ഞാന ശാഖകളില്‍ രചിക്കപ്പെട്ട സംസ്കൃതസാഹിത്യത്തെ അപേക്ഷിച്ച് തമിഴ് സാഹിത്യം ദരിദ്രമാണുതാനും. (കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍, ചിന്ത, 2008, പുറം 12)
1990-ല്‍ ചരിത്രം രചിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രശ്നം അവതരിപ്പിക്കുന്നതുതന്നെ കുഞ്ചു വളര്‍ന്നതേയില്ലെന്നല്ലേ കാണിക്കുന്നത്? വളര്‍ന്നാലെന്ത് വളര്‍ന്നില്ലെങ്കിലെന്ത്, കുഞ്ചു ഒരു പ്രതിഭാസമാണ്. കാരണം കുഞ്ചു എല്ലാം പറഞ്ഞിട്ടുണ്ട്. കുഞ്ചു പറയാത്തതൊന്നുമില്ല. ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നു കുഞ്ചു പറഞ്ഞു. അല്ല ആദിനായരില്‍നിന്നുണ്ടായവരാണെന്നും കുഞ്ചു പറഞ്ഞു. ജാതി വ്യവസ്ഥ നമ്പൂതിരിമാര്‍ കൊണ്ടുവന്നതാണെന്നു പറഞ്ഞു. അല്ല ഇവിടെത്തന്നെ ഉണ്ടായതാണെന്നു പറഞ്ഞു. സ്വകാര്യസ്വത്ത് നമ്പൂതിരി വന്നതിനുശേഷമാണ് ഉണ്ടായതെന്നു പറഞ്ഞു, അല്ല നായന്‍മാര്‍ തന്നെ സ്വകാര്യ സ്വത്ത് വികസിപ്പിച്ചിരുന്നു എന്നു പറഞ്ഞു. ബാബിലോണിയയിലേക്കും ഫിനീഷ്യയിലേക്കും തേക്ക് 5000, 3000, 2000 എന്നീ വര്‍ഷങ്ങള്‍ക്കു മുമ്പ് കയറ്റി അയച്ചിരുന്നു എന്നു പറഞ്ഞു. അന്നാടുകളിലേക്കു നായന്‍മാര്‍ കപ്പലോട്ടി കച്ചവടം നടത്തിയിരുന്നു എന്നു പറഞ്ഞു. ഇല്ല ഒരു കച്ചവടവും ഇവിടത്തുകാര്‍ ചെയ്തിരുന്നില്ല, വരുന്നവര്‍ വാങ്ങിക്കൊണ്ടുപോയതല്ലാതെ എന്നും പറഞ്ഞു. കുരുക്ഷേത്രത്തിലെ യുദ്ധത്തിന് കേരളത്തില്‍നിന്ന് അരികൊണ്ടു പോയത് കൃഷി അക്കാലത്തേ വന്‍തോതില്‍ വികസിച്ചതിന്റെ തെളിവാണെന്നു പറഞ്ഞു. എന്നാല്‍ ആര്യന്മാര്‍ വരുന്നതിനുമുമ്പ് ഇവിടെ വികസിച്ച ഒരു സംസ്കാരം ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ലെന്നും അരികൊണ്ടുപോയത് പിന്നീട് മഹാഭാരത്തില്‍ കൂട്ടിച്ചേര്‍ത്തതാവാം എന്നും പറഞ്ഞു. ക്രിസ്തുവിനു ആയിരം വര്‍ഷം മുമ്പാണ് നമ്പൂതിരിമാര്‍ കേരളത്തില്‍ വന്നതെന്നു പറഞ്ഞ് മുണ്ടശ്ശേരിയുടെ മേല്‍ കുതിര കയറി. പിന്നെയത് ബി സി രണ്ടാം ശതകം മുതല്‍ എന്നായി. പോരാഞ്ഞ്  "കേരളത്തിന്  രണ്ടുമൂവായിരത്തിലധികം കൊല്ലത്തെ പഴക്കമില്ല, രണ്ടുമൂവായിരത്തിനുമുമ്പുള്ള കേരളത്തെക്കുറിച്ച് ഒരു തെളിവുമില്ല" എന്നും സമ്മതിച്ചു.
ജാത്യാലുള്ളത് തൂത്താല്‍ പോവില്ലെന്നു പറഞ്ഞതുപോലെ, എന്തൊക്കെ പഠിച്ചാലും, എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാലും കുഞ്ചു അവസാനം കുഞ്ചു തന്നെ. നമ്പൂതിരിപ്പാട് ആര്യനും നമ്പൂതിരിയും തന്നെ. അതൊക്കെക്കഴിഞ്ഞിട്ടേ നായരും തീയ്യരുമൊക്കെയുള്ളൂ.
അപ്പോള്‍ ഇങ്ങനെ പറഞ്ഞുകൂടേ? സ്വയം ഒരു ചരിത്രവിദ്യാര്‍ത്ഥിയെന്നു വിളിച്ച നമ്പൂതിരിപ്പാട്  നിതാന്തമായ അന്വേഷണത്തിന്റെ ഭാഗമായി തെറ്റുകളില്‍നിന്നു ശരിയിലേക്കു നീങ്ങുകയായിരുന്നു. ഈ നിലപാടു മാറ്റങ്ങള്‍ കാണിക്കുന്നത് അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണയും സത്യാന്വേഷണത്വരയും ആണെന്ന്? മുണ്ടശ്ശേരിയെ പുലയാട്ടുകയും അദ്ദേഹത്തിന്റെ വാദങ്ങളെ താന്‍ മുമ്പെതിര്‍ത്തതെന്നു സമ്മതിക്കാതെ സ്വന്തം വാദമായി എടുക്കുകയും ചെയ്ത ഇ എം എസ് ഏതായാലും നല്ലൊരു ചരിത്ര വിദ്യാര്‍ത്ഥിതന്നെ! ചരിത്രത്തിലെ ഇദ്ദേഹത്തിന്റെ സത്യാന്വേഷണത്തെപ്പറ്റി പക്ഷേ വീണ്ടും പറയാനുണ്ട്. യാതൊരു തത്ത്വദീക്ഷയുമില്ലായ്മ മാത്രമാണ് ഇങ്ങനെ നിര്‍ലജ്ജം നിലപാടുമാറ്റാന്‍ (സത്യത്തില്‍ നിലപാടേ ഇല്ലാതിരിക്കാന്‍‌) ഇദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് മറ്റൊരുദാഹരണം പറഞ്ഞുകൊണ്ട് കാണിക്കാം. അത് ഈ പോസ്റ്റിന്റെ രണ്ടാം ഭാഗമാവും.

ചരിത്രപുരുഷനായ ഇ എം എസ് 'കേരളചരിത്ര'ത്തെ എടുത്ത് അമ്മാനമാടുന്നതു കാണുമ്പോള്‍ ചാപ്ലിന്റെ  Great Dictator എന്ന ചലച്ചിത്രത്തിലെ ഒരു രംഗമാണ് ഓര്‍മ്മവരുന്നത്. കൈകൊണ്ടും കാല്‍കൊണ്ടും മേശപ്പുറത്തു കമിഴ്ന്നുകിടന്ന് ആസനംകൊണ്ടും ഭൂഗോളത്തെ മാറിമാറി തഴുകുകയും തൊഴിക്കുകയും ചെയ്യുന്ന ചാപ്ലിന്റെ സര്‍വ്വാധിപതിയെപ്പോലെ ഇ എം എസ് ചരിത്രത്തെ പന്തുതട്ടിക്കളിച്ചു. ചലച്ചിത്രത്തിലെ ഭൂഗോളം പോലെ മുള്ളുകുത്തിയാല്‍ പൊട്ടിപ്പോവുന്നതുമാണ് ഇ എം എസ് തട്ടിക്കളിച്ച ഊതിവീര്‍പ്പിച്ച കേരളചരിത്രവും. ശുദ്ധവങ്കത്തരം. ഇടതുപക്ഷ ചരിത്രകാരന്മാര്‍ക്കുപോലും  ചരിത്രരചന നടത്തുമ്പോള്‍ ഇ എം എസ് ചരിത്രത്തെ ദൂരെ നിറുത്തണം, പിന്നീട് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നാണംകെട്ട് ഇ എം എസ് സ്തുതി പാടുമെങ്കിലും.


നമ്പൂതിരിപ്പാട് ഉന്നയിക്കുന്ന വിഷയങ്ങളില്‍ താത്പര്യമോ അദ്ദേഹം മാറിമാറി സ്വീകരിച്ച പക്ഷങ്ങളിലേതെങ്കിലുമൊന്നിനോടു പക്ഷപാതമോ ഈ ബ്ലോഗെര്‍ക്കില്ല.

21 Jun 2010

ഇ എം എസ്സിന്റെ നുണചരിത്രം

കാട്ടുമാടം നാരായണന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച വന്നേരിനാട് എന്ന പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ട് 1994 ജൂണില്‍ എഴുതിയ ചരിത്രരചനയില്‍ ഐതിഹ്യങ്ങളും അഭ്യൂഹങ്ങളും എന്ന ലേഖനം ലജ്ജയില്ലാതെ നുണ പറയാനുള്ള ഇ എം എസ്സിന്റെ മിടുക്ക് തെളിയിക്കുന്നു ( ഇ എം എസ്, ചരിത്രവും ചരിത്രരചനയും- മാര്‍ക്സിസ്റ്റ് വീക്ഷണം, ചിന്ത പബ്ലിഷേഴ്സ്, 2009, pp 39-42)
...കേരളത്തില്‍ ഇന്നു ജീവിക്കുന്ന നമ്പൂതിരിമാരെല്ലാം പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്ന പഴഞ്ചന്‍ ചരിത്രസിദ്ധാന്തമാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് ... അടങ്ങിയത്.
ഈ ചരിത്രസിദ്ധാന്തത്തെ 1948-ല്‍ പ്രസിദ്ധീകരിച്ച കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിലും അതിന്റെ പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളിലും ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അവയെ സംഗ്രഹിച്ചുകൊണ്ട് 1990-ല്‍ പ്രസിദ്ധീകരിച്ച കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി. 
തുടര്‍ന്നു വരുന്നത് പറയുന്ന കാര്യവുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു വങ്കന്‍ ഉദ്ധരണി.


മേലുദ്ധരിച്ചിടത്ത് പറയുന്നത് നാണംകെട്ട നുണയാണ്. കേരളം മലയാളികളുടെ മാതൃഭൂമി (1948) എന്ന കൃതിയില്‍ 'ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നതില്‍ സംശയമില്ല' എന്നു പറഞ്ഞ് വിശദീകരിക്കുന്നത് പഴഞ്ചന്‍ എന്നു പറഞ്ഞ് ഇവിടെ ഇ എം എസ് പുച്ഛിക്കുന്ന അതേ 'ചരിത്രസിദ്ധാന്ത'മാണ്.
ഈ പുസ്തകത്തിനു 'പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളില്‍' പറഞ്ഞു എന്നു പറയുന്നതില്‍ ചില്ലറ വാസ്തവം ഇല്ലാതില്ല. രണ്ടാം പതിപ്പിനുള്ള 1964-ലെ മുഖവുരയില്‍ ഇങ്ങനെ പറയുന്നുണ്ട്.
നമ്പൂതിരി പുറമേനിന്നുവന്ന ഒരുവനാണെന്ന സിദ്ധാന്തം സ്വീകരിക്കാന്‍ വിഷമമാകത്തക്കവണ്ണം കേരളത്തില്‍ നമ്പൂതിരിയുടെ 'കുടുംബം സ്വത്ത് രാഷ്ട്രീയം' എന്നിവയുടെ സംഘടന നായരുടേതിനോട് അത്രമാത്രം സദൃശവും ഉത്തരേന്ത്യന്‍ ബ്രാഹ്മണന്റേതില്‍നിന്ന് അത്രമാത്രം വ്യത്യസ്തവുമാണ്.
പക്ഷേ അതുകൊണ്ടെന്തു കാര്യം? 1990-ലെ കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍  എന്ന കൃതിയില്‍ വീണ്ടും ഈ പഴഞ്ചന്‍ സിദ്ധാന്തങ്ങള്‍ തന്നെയാണ് നമ്പൂതിരിപ്പാട് എടുത്തു പെരുമാറുന്നത്. നമ്പൂതിരിമാരുടെ വരവിനെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ 'പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു' എന്നൊക്കെ വിവേകം തട്ടിമൂളിച്ച് തൊട്ടടുത്ത ഖണ്ഡികയില്‍ ടിയാന്‍ പറയുന്നത് ഇങ്ങനെ:
ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്. (കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍, ചിന്ത പബ്ലിഷേഴ്സ്, 2008, പേജ് 19,)
അതായത് പഴഞ്ചനെന്ന് വന്നേരിനാട് എന്ന പുസ്തകത്തെ വിമര്‍ശിച്ചു പറയുന്ന അതേ വീക്ഷണം 1948ലെ magnum opusല്‍ മാത്രമല്ല നാലുദശകങ്ങള്‍ക്കുശേഷമെഴുതിയ തന്റെ മേന്മയേറിയ ചരിത്രഗ്രന്ഥത്തിലും ആവര്‍ത്തിച്ചശേഷമാണ് 1994-ല്‍ ടിയാന്‍ മലര്‍ന്നുകിടന്നു മേലോട്ടു തുപ്പുന്നത്.
ഇതേ വിഷയത്തില്‍ 1948-ലെ കൃതിയെക്കുറിച്ച് 1994-ലെ ഒരു പ്രസംഗത്തില്‍ നുണ പറഞ്ഞ കാര്യം നേരത്തെ ഒരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു. ഇവിടെ പരാമര്‍ശിക്കുന്ന ലേഖനത്തിലാവട്ടെ 1990ലെ കൃതിയെക്കുറിച്ചുകൂടി നുണ പറഞ്ഞിരിക്കുന്നു. ദശകങ്ങള്‍ നീണ്ട തന്റെ ചരിത്രപഠനത്തിന്റെ ഏറ്റവും മികച്ച ഉത്പന്നമായാണ് നമ്പൂതിരിപ്പാട് കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന കൃതിയെ കാണുന്നത് എന്നതാണ് രസകരമായ വസ്തുത.
ഈ കൃതിയെക്കുറിച്ച് ഇതേ സമാഹാരത്തില്‍ മറ്റൊരു കള്ളം കൂടി ഇ എം എസ് പറയുന്നുണ്ട്. രാഘവവാരിയര്‍, രാജന്‍ ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ കേരളചരിത്രം എന്ന പുസ്തകത്തിന് പാര്‍ട്ടിക്കൂറ് പോരാ എന്നു മസൃണവിമര്‍ശനം ചെയ്യുമ്പോഴാണത്.
(തിരുത്ത്, 25.06.10: ഇവിടെ മസൃണവിമര്‍ശനം എന്നു പറഞ്ഞത് എനിക്കുപറ്റിയ തെറ്റാണ്. രാഘവവാരിയര്‍ക്കും രാജന്‍ ഗുരുക്കള്‍ക്കും മാര്‍ക്സിസ്റ്റു വീക്ഷണമില്ലെന്നാണ് ഇ എം എസ് പറയുന്നത്. "ചരിത്രത്തില്‍ വര്‍ഗവിവേചനത്തിനും വര്‍ഗസമരത്തിനുമുള്ള സ്ഥാനം അവര്‍ അംഗീകരിക്കുന്നില്ല" എന്ന് ഇ എം എസ് അവരെ പഴിക്കുന്നു.
ചരിത്രസാമഗ്രികള്‍ ഉപയോഗിച്ചില്ലെന്ന മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് തന്റെ ആദ്യ കൃതിയിലെ (കേരളം: മലയാളികളുടെ മാതൃഭൂമി) ആദ്യഭാഗങ്ങള്‍ (പ്രാചീനകേരളം പ്രതിപാദിക്കുന്ന ഭാഗം) അവസാനകൃതിയായ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ നിന്ന് എടുത്തുകളഞ്ഞു എന്നാണ് ഇ എം എസ് പറയുന്നത്. ഇതും നുണയാണ്. എന്തൊക്കെയോ എടുത്തുകളഞ്ഞിട്ടുണ്ടാവാം. പക്ഷേ പ്രാചീന കേരളത്തെക്കുറിച്ച്1948 ലെപുസ്തകത്തിലുള്ളതും പിന്നീട് 1951-52 കാലത്ത് എഴുതിയ പുസ്തകത്തില്‍ മലക്കംമറിഞ്ഞു തള്ളിയതുമായ വങ്കത്തരങ്ങളൊരുവിധം എല്ലാം തന്നെ ഇതിലുണ്ട്. മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ ഇ എം എസ് ഉള്‍ക്കൊണ്ടതെങ്ങനെയെന്നത് കെങ്കേമമായ ഒരു തമാശയാണ്. കള്ളപ്പേരില്‍ മുണ്ടശ്ശേരിയെ തെറിവിളിച്ചും ഉളുപ്പില്ലാതെ ആത്മപ്രശംസ നടത്തിയും എഴുതിയ നികൃഷ്ട ലേഖനം (മുണ്ടശ്ശേരിയുടെ ചരിത്രവീക്ഷണം അഥവാ റാവുസാഹേബ് സോഷ്യലിസം) ഇ എം എസ് നമ്പൂതിരിപ്പാട് എന്ന വ്യക്തിയുടെ അധികം അറിയപ്പെടാത്ത വശം വ്യക്തമാക്കുന്നതും ചരിത്രപ്രാധാന്യം അര്‍ഹിക്കുംവിധം രാഷ്ട്രീയവും സദാചാരപരവുമായ എല്ലാ മര്യാദകളെയും ലംഘിക്കുന്നതുമാണ്.  പക്ഷേ ആ ലേഖനം എഴുതിയ നമ്പൂതിരിപ്പാട് വെറും മൂന്നുവര്‍ഷത്തിനുള്ളില്‍ മലക്കംമറിഞ്ഞ് താന്‍ അസഭ്യവര്‍ഷം നടത്തിയ മുണ്ടശ്ശേരിയുടെ നിലപാടുകള്‍ സ്വീകരിക്കുന്നത് കൌതുകകരമായ കാഴ്ചയാണ്. അതിനെപ്പറ്റി പിന്നീട്.
ഇ എം എസ് ഈ പറയുന്ന നുണയൊന്നും അദ്ദേഹത്തിന്റെ മഹാഗ്രന്ഥങ്ങളെപ്പറ്റിയുള്ള ശ്രദ്ധേയമായ വസ്തുതകള്‍പോലുമല്ല, എന്തെന്നാല്‍, രണ്ടു പുസ്തകങ്ങളും അവയിലെ നിലപാടുകളും തന്നെ കുഴിച്ചുമൂടിയ ചരിത്രമുണ്ട് ഇ എം എസ്സിന്റെ ചരിത്രരചനയില്‍. എങ്കിലും 1948 ലെയും 1990ലെയും കൃതികളെക്കുറിച്ച് പൊങ്ങച്ചം പറയുന്ന പതിവ് ഇ എം എസ്സിനുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ വന്‍തട്ടിപ്പുകളുടെ മുന്‍പില്‍ നിസ്സാരമായ ഈ കൊച്ചുകള്ളത്തെപ്പറ്റി എഴുതുന്നത്.  
 (മുന്‍പത്തെ ഈ പോസ്റ്റ് വായിച്ചു മുണ്ടുപൊക്കിക്കാണിച്ച ശ്യം ബാലകൃഷ്ണന്‍ എന്ന ഒരു വിഡ്ഢി ബ്ലോഗെറെ (അതിനെപ്പറ്റി ഇവിടെ പറയുന്നു) മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കണം ഇ എം എസ് വന്നേരിനാടിനെ വിമര്‍ശിച്ചു ലേഖനം ചമച്ചത്. നമ്പൂതിരിമാരെല്ലാം "പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്നതി"നെയാണ് ഇ എം എസ് വിമര്‍ശിക്കുന്നതെന്നും മഹാരാഷ്ട്രകൂടി ചേര്‍ത്ത് ഒന്നും രണ്ടും ഇടത്തുനിന്നല്ല മൂന്നിടത്തുനിന്നായാണ് വന്നതെന്നാണ് ശരിയായതും ഇ എം എസ് സ്വീകരിച്ചതുമായ നിലപാടെന്നതല്ലേ ചെമപ്പന്‍ മഹാസത്യം, വിഡ്ഢീ?)