ചില മഹാജീവിതങ്ങളില്‍ യാദൃച്ഛികതകള്‍ക്ക് അളവറ്റ ശക്തിയാണ്. അവിശ്വസനീയമായ യാദൃച്ഛികതകളുടെ ആഖ്യായികപോലെ തോന്നുന്നു കെ സി ജോര്‍ജ് എഴുതിയ എന്റെ ജീവിതയാത്ര എന്ന ആത്മകഥ. 1985 ലാണ് നാഷനല്‍ ബുക് സ്റ്റാള്‍ ഇതു പ്രസിദ്ധീകരിച്ചത്. 660 പേജുണ്ട്. ഇതിലെ ഒന്നാം അദ്ധ്യായം മനോരമയില്‍ വായിച്ച വിഷ്ണുഭാരതീയന്‍ ഇദ്ദേഹത്തിനെഴുതിയ ഒരു കത്ത് പിന്നീടൊരു അദ്ധ്യായത്തില്‍ കൊടുത്തിട്ടുണ്ട്. മനോരമയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നോ എന്ന കാര്യം പുസ്തകത്തിലില്ല. തിരുവിതാംകൂറിലെ ഏറ്റവും ഉന്നതനായ കമ്യൂണിസ്റ്റ് നേതാവ് എന്നതിനെക്കാള്‍ പുന്നപ്ര വയലാര്‍ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ കര്‍ത്താവ് എന്ന നിലയ്ക്കാണോ ഇപ്പോള്‍ കെ സി ജോര്‍ജ് കൂടുതലും അറിയപ്പെടുന്നത്? പിളര്‍പ്പിനുശേഷം സി പി എമ്മില്‍ കയറാത്ത നേതാക്കളുടെയൊക്കെ വില ചരിത്രത്തില്‍ കുത്തനെയിടിഞ്ഞിട്ടുണ്ട്. മലബാറിലും തിരുവിതാംകൂറിലും ഒരുപോലെ ഓടിനടന്നു പ്രവര്‍ത്തിച്ച ഫയര്‍ബ്രാന്‍ഡ് ആക്റ്റിവിസ്റ്റും പണ്ഡിതനായ മാര്‍ക്സിസ്റ്റുമായിരുന്ന കെ ദാമോദരനെ നിഷ്പ്രഭനാക്കി മണ്ടനും പ്രക്ഷോഭരംഗത്തു കാണാത്തവനുമായ ഇ എം എസ് മാര്‍ക്സിസ്റ്റ് ചിന്തകനായി വിരാജിച്ചതുപോലെ.
താന്‍ ഏറെക്കുറെ ഇല്ലാത്ത (നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇല്ലാത്ത) പുന്നപ്ര വയലാര്‍ സംഭവങ്ങളുടെ കഥനത്തിനിടയില്‍ ഇദ്ദേഹം ഇ എം എസിനെക്കുറിച്ചുന്നയിക്കുന്ന ഒരു ഗുരുതരമായ ആരോപണമാണ് (ഇതും, ഇതും കാണുക) കെ സി ജോര്‍ജിന്റെ ആത്മകഥ ചികയാന്‍ പ്രേരണയായത്. പുന്നപ്ര വെടിവെപ്പ് നടന്നതിന്റെ അടുത്ത ദിവസം ഇ എം എസ് നമ്പൂതരിരിപ്പാട് യോഗക്ഷേമസഭയുടെ ഒരു യോഗത്തില്‍ പങ്കെടുത്തു പ്രസംഗിച്ചപ്പോള്‍ ആ സംഭവത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നതാണ് ജോര്‍ജ് വേറൊരാളുടെ വായിലൂടെ പറഞ്ഞുവെയ്ക്കുന്ന ആരോപണം. ഇ എം എസ് അങ്ങനെ ചെയ്താല്‍ അതില്‍ അത്ഭുതമില്ല. കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പേരില്‍ ആയിരത്തിലധികം പേജുള്ള ഒരു ചരിത്രം എഴുതിയതില്‍ പുന്നപ്ര വയലാര്‍ സംഭവത്തെ അദ്ദേഹം ശ്ലോകത്തില്‍ കഴിച്ചതു കണ്ടാലറിയാം നമ്പൂതിരിപ്പാട് ഇതിനൊക്കെ എന്തു പ്രാധാന്യം കൊടുത്തിരുന്നുവെന്ന്.
പക്ഷേ കെ സി ജോര്‍ജിന്റെ ആത്മകഥ വായിച്ചപ്പോള്‍ കടിച്ചവനെക്കാള്‍ വലിയതു മാളത്തിലിരിക്കുന്നല്ലോ എന്നാണ് തോന്നിയത്. എന്തിന്, കുടിലതന്ത്രക്കാരന്‍ നമ്പൂതിരി ഇതിലും ഭേദമാണല്ലോ എന്നുപോലും തോന്നി.
ആത്മകഥനം രസകരമാക്കാനുള്ള ജോര്‍ജിന്റെ പൊടിക്കൈകള്‍ ഇന്നത്തെ വായനക്കാരില്‍ വിപരീതഫലമാണ് ചെയ്യാനിട. തന്റെ വീരശൂരപരാക്രമങ്ങള്‍ എത്രയെണ്ണമാണെന്നോ ജോര്‍ജ് വര്‍ണ്ണിക്കുന്നത്. 1938 ല്‍ പൊലീസ് വാനിനുപിന്നാലെ അരമുക്കാല്‍ മണിക്കൂര്‍ കാര്‍ ചെയ്സ് നടത്തി വാനില്‍ കൊണ്ടുപോയിരുന്ന പത്തുപന്ത്രണ്ടു സമരക്കാരെ ഒരു വനപ്രദേശത്തുനിന്ന് മോചിപ്പിച്ച് പൊലീസിനെക്കൊണ്ടുതന്നെ നഗരത്തില്‍ തിരിച്ചെത്തിച്ച പരാക്രമമൊക്കെ ജോര്‍ജ് വര്‍ണ്ണിക്കുന്നതു കേട്ടാല്‍ വേലുത്തമ്പി, പഴശ്ശി പിന്നെ കെ സി ജോര്‍ജ് എന്നൊക്കെ വേണ്ടിവരും പറയുക.
ഏതായാലും ചരിത്രപ്രധാനമായ യാദൃച്ഛികതകള്‍ കുറെയെണ്ണം ഇവിടെയൊന്നു പറയുകയാണ്. ജോര്‍ജ് കഥനം തുടങ്ങുന്നത് ഗവേഷകനായ ഒരു സായ്പുമായുള്ള കൂടിക്കാഴ്ച വിവരിച്ചുകൊണ്ടാണ്. സുറിയാനി നസ്രാണിയായി ജോര്‍ജ് എങ്ങനെ കമ്യൂണിസ്റ്റായി എന്നന്വേഷിക്കുന്ന ഗവേഷകനോട് തന്റെ ജീവിതകഥ സാമാന്യം ദീര്‍ഘമായി വിവരിക്കുന്ന രീതിയിലാണ് ആത്മകഥയുടെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങള്‍. ഈ ഗവേഷകനെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രംകൊണ്ട് ബ്രെയ്ന്‍വാഷ് ചെയ്തുകളയാമെന്നാണ് ജോര്‍ജ് വിചാരിച്ചതെന്നു തോന്നുന്നു. ക്രിസ്തു ഒരു കമ്യൂണിസ്റ്റ് വിശുദ്ധനാണെന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുമായിരുന്നു എന്നൊക്കെയാണ് മൂപ്പര്‍ ധ്വരയെ തെര്യപ്പെടുത്തുന്നത്. ഗവേഷകന്‍ ഇതൊക്കെ ചിരിച്ചുകൊണ്ട് കേട്ടതും ജോര്‍ജുതന്നെ പറയുന്നുണ്ട്. പെബ്ബിന്റെ സോവിയറ്റ് കമ്യൂണിസത്തില്‍നിന്നും ജോണ്‍ സ്റ്റുവേര്‍ട്ട് വീല്‍ പറഞ്ഞതുമൊക്കെ ഉദ്ധരിക്കുന്നുണ്ട് ധ്വരയോട് ജോര്‍ജ്. പെബ്ബ് വെബ്ബാവണം. മറ്റേയാള്‍ മില്ലാണല്ലോ. വീണ്ടും കാണുകയാണെങ്കില്‍ താന്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായെന്ന് അദ്ദേഹം തന്നോടു പറയാനിടവരുമെന്ന് പറഞ്ഞാണ് ജോര്‍ജ് ഗവേഷകനുമായുള്ള സംഭാഷണം അവസാനിപ്പിക്കുന്നത്.
1921ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു എന്നു പറയുന്ന ജോര്‍ജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അംഗത്വം നിലനിറുത്തുന്നതില്‍ (നാലണ അംഗത്വം ഏറെക്കുറെ മുടങ്ങാതെ...) കൂടുതലായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഏറ്റുപറയുന്നുണ്ട്. എങ്കിലും താന്‍ അത്യന്തം താത്പര്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് അവകാശവാദം. അതെങ്ങനെയാണ് ശ്രദ്ധിച്ചതെന്നു നമുക്കു നോക്കാം.
തിരുവനന്തപുരത്ത് ബി എല്‍-ന് പഠിക്കുമ്പോള്‍ സഹപാഠിനിയെ കളിയാക്കിക്കൊണ്ട് ഫാന്‍സി ഡ്രസ് അവതരിപ്പിച്ച ജോര്‍ജിനെ കോളജില്‍നിന്നു പുറത്താക്കി. ഒരു ദിവസമെങ്കിലും തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുമെന്നു വെല്ലുവിളിപോലെ പ്രിന്‍സിപ്പലിനോട് പറഞ്ഞ് ജോര്‍ജ് നിയമബിരുദം എടുക്കാനായി അലഹബാദിലേക്കു വണ്ടികയറുന്നു. അവിടെച്ചെന്നപ്പോള്‍ യൂനിവേഴ്സിറ്റി അടച്ചിരിക്കയാണ്. ഒരു മാസം കഴിഞ്ഞേ തുറക്കുകയുള്ളൂ. ഉടനെ നാഗ്പൂര്‍ യൂനിവേഴ്സിറ്റിയിലേക്കു തിരിച്ചു. അവിടെ ഫീസൊക്കെയടച്ചു ചേര്‍ന്നു. ആദ്യത്തെ ദിവസം ക്ലാസ് ആരംഭിച്ച് അരമണിക്കൂറേ ആയുള്ളൂ. അതാ സമരത്തിന്റെ ആരവം. സമരക്കാര്‍ ക്ലാസിലെത്തി എല്ലാവരോടു ക്ലാസ് ബഹിഷ്കരിക്കാന്‍ പറഞ്ഞു. ജോര്‍ജ് ഭാണ്ഡം മുറുക്കി. ലക്നൌവിലേക്ക്. ലക്നൌ യൂനിവേഴ്സിറ്റിയില്‍ ചെന്നപ്പോള്‍ അവിടെയും അടച്ച സമയമാണ്, ഒരു മാസം കഴിഞ്ഞേ ക്ലാസ് ആരംഭിക്കൂ. കാക്കാന്‍ തീരുമാനിച്ച ജോര്‍ജ് അവിടെ ഒരു പാലത്തിനുമുകളില്‍ വിഹരിക്കുന്ന വാനരപ്പടയില്‍നിന്നു പില്‍ക്കാല സമരജീവിതത്തിലേക്കു വേണ്ട വിലപ്പെട്ട യുദ്ധപാഠങ്ങള്‍ പഠിച്ചു. യുദ്ധത്തിന്റെ അടവുകളും തന്ത്രങ്ങളുമെല്ലാം (മുന്നേറുക, പിന്‍വാങ്ങുക, പുന:സംഘടിപ്പിക്കുക, പിന്നെയും മുന്നേറുക) ആ കുരങ്ങന്മാരില്‍നിന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയതെന്നു പറയാം. (വാനരന്‍ പഠിപ്പിച്ച പാഠം എന്ന അദ്ധ്യായം)
ലക്നൌവില്‍ ഒരു മാസം കാത്ത് ക്ലാസ് തുടങ്ങി അഞ്ചാറു ദിവസമായപ്പോഴേക്കും സമരം തുടങ്ങി അവിടെയും യൂനിവേഴ്സിറ്റി അടച്ചു. ഇങ്ങനെയൊക്കെ ചുറ്റും സമരം നടക്കുമ്പോഴും അതിലൊന്നും പങ്കെടുക്കാതിരിക്കാന്‍ തനിക്കെങ്ങനെയോ സാധിച്ചു എന്നാണ് ജോര്‍ജ് പറയുന്നത്. (മഹാവിപ്ലവകാരിയായ തനിക്ക് എങ്ങനെ അതുകഴിഞ്ഞു എന്നു ജോര്‍ജ് ആശ്ചര്യം കൂറുമ്പോള്‍ എം എന്‍ ഗോവിന്ദന്‍നായര്‍ തന്റെ ആത്മകഥയില്‍ ജോര്‍ജിനെപ്പറ്റി പറയുന്നത് അതിന്റെ കൂടെ വായിക്കാവുന്നതാണ്. സി പി ക്കെതിരായ ആരോപണങ്ങളടങ്ങുന്ന മെമ്മോറാണ്ടം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പിന്‍വലിച്ചശേഷം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന മെമ്മോറാണ്ടം വീണ്ടും കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഇടതരുള്‍പ്പെടുന്ന യൂത്ത് ലീഗ് 1939-ലോ 1940ലോ എറണാകുളം കേന്ദ്രമാക്കി ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ കെ സി ജോര്‍ജ് പങ്കെടുക്കുന്നതു കണ്ടപ്പോഴാണ് അദ്ദേഹം ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നു താന്‍ ആദ്യമായി മനസ്സിലാക്കുന്നതെന്നാണ് എം എന്‍ പറയുന്നത്. അതുവരെ അദ്ദേഹത്തിന്റെ ധാരണ മറിച്ചായിരുന്നത്രെ. അതിനുമുമ്പ് ഇദ്ദേഹം തിരുവിതാംകൂറില്‍ നടത്തിയ പരാക്രമങ്ങള്‍ എം എന്‍ അറിയാഞ്ഞിട്ടോ എന്തോ.) ഏതായാലും വാനരനില്‍നിന്ന് യുദ്ധതന്ത്രവും ലക്നൌ യൂനിവേഴ്സ്റ്റിയില്‍നിന്ന് ഒരു ബിരുദവും കരസ്ഥമാക്കി തിരുവിതാംകൂറില്‍വന്ന് അദ്ദേഹം വക്കീലായി പ്രാക്റ്റീസ് തുടങ്ങി.
ഭാഷകൊണ്ടൊരു യുദ്ധം എന്നൊരദ്ധ്യായമുണ്ട്. അതും വീമ്പു പറച്ചിലാണ്. മലയാളമറിയാത്തവരോടു മലയാളത്തില്‍ സംസാരിച്ച് അവരെ സംഭ്രമിപ്പിച്ചു താന്‍ വിജയിച്ച അനുഭവങ്ങളാണ് അവിടെ വര്‍ണ്ണിക്കുന്നത്. അല്പത്തരത്തെ നേട്ടമാക്കാന്‍ ഇയ്യാളെ കഴിച്ചേ ആളുള്ളൂ എന്നു തോന്നും വായിച്ചാല്‍.
1937ല്‍ മാത്രമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പാതി ടൈപ്പ് ചെയ്തതും പാതി എഴുതിയതുമായ ഒരു പ്രതി തനിക്കു ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ആദ്യകാലത്ത് തനിക്ക് രാഷ്ട്രീയത്തോട് അനിഷ്ടം തോന്നാനുള്ള കാരണം തിരുവിതാംകൂറില്‍ അന്നു രാഷ്ട്രീയരംഗം സാമുദായികമായി ചേരിതിരിഞ്ഞ അവസ്ഥയാണ് എന്ന ദ്ദേഹം പറയുന്നുണ്ട്. 1931ലോ മറ്റോ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് എന്‍ സി ശേഖറിന്റെയും മറ്റും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് തുടങ്ങിയിരുന്നെന്നാലോചിക്കണം. രാഷ്ട്രീയത്തിലേക്ക് എന്നൊരു അദ്ധ്യായമുണ്ട്. അതില്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനമായി പറയുന്നത് ആകെക്കൂടി ആലപ്പുഴവരെ ഒന്നു പോയിനോക്കിയ കാര്യമാണ്. തൊഴിലാളിപ്രവര്‍ത്തനത്തിനുവേണ്ടിയാണ് പോയത്. തൊഴിലാളികള്‍ അതിനു പാകമായിട്ടില്ല എന്നു കണ്ട് തിരിച്ചുപോരുകയും ചെയ്തു. 1936 ല്‍ മുനിസിപ്പല്‍ ഇലക്‌ഷനില്‍ മത്സരിച്ചതാണ് ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളായിട്ടല്ല. അതില്‍ വിജയിച്ചു. മുനിസിപ്പല്‍ കൌണ്‍സില്‍ യോഗത്തില്‍ തിരുവനന്തപുരത്ത് ഒരു ജനനനിയന്ത്രണ ക്ലിനിക് തുടങ്ങണമെന്ന് ഇദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നത്രെ. ആരും പിന്തുണച്ചില്ല. 1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആരംഭിച്ചതോടെ സംഘടനാ പ്രവര്‍ത്തനം ഇദ്ദേഹം നടത്തിയതായി പറയുന്നുണ്ട്.
മര്‍ദ്ദനമേറ്റതായി ഇദ്ദേഹം പറയുന്ന ഏക സന്ദര്‍ഭം ചെങ്ങന്നൂരില്‍ ഒരു സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗം കലക്കാന്‍ പൊലീസിന്റെ പിന്തുണയോടെ റൌഡികള്‍ ശ്രമിച്ചപ്പോഴാണ്. പ്ലാറ്റ്ഫോറത്തിലിരുന്നവരെ താഴെയിറക്കാന്‍ റൌഡികള്‍ ബലംപ്രയോഗിച്ച നേരം പിന്നില്‍നിന്ന് തലയ്ക്ക് ലാത്തികൊണ്ടൊരു അടിയേല്‍ക്കുകയും തല അല്പം പൊട്ടുകയും ചെയ്തു. ഏതായാലും റൌഡികളെയും പൊലീസുകാരെയും നാട്ടുകാര്‍ കല്ലെറിഞ്ഞോടിക്കുകയായിരുന്നു.
ഏ കെ ഗോപാലന്റെ വകയിലെ ഒരനുജനെന്നു കെ സി ജോര്‍ജ് പറയുന്ന ഏ കെ നാരായണന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി തിരുവിതാംകൂറില്‍ വന്ന കാലത്ത് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് പത്തുപതിനഞ്ചുമിനിറ്റോളം തനിച്ചുനിന്ന് പൊലീസിന്റെ തല്ലുകൊണ്ട കാര്യം ജോര്‍ജ് ആവേശത്തോടെ വിവരിക്കുന്നുണ്ട്. പൊലീസ് മൈതാനത്തേക്കു പ്രവേശനം നിരോധിച്ചിരുന്നു. നാരായണന്‍ തന്ത്രത്തില്‍ മൈതാനത്തില്‍ കടന്നുകയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. നാരായണനെ മര്‍ദ്ദിക്കാന്‍ തുടങ്ങും മുമ്പ് മര്‍ദ്ദകവീരനായ ഒരു റാവുത്തര്‍ എന്ന ഇന്‍സ്പെക്റ്ററുമായി ജോര്‍ജ് അങ്ങോട്ടു കയറി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഡി എസ് പി വന്ന് ജോര്‍ജിനോടു ക്ഷമാപണം നടത്തി ഇന്‍സ്പെക്റ്ററെ അവിടെന്നു മാറ്റുകയും ചെയ്തകാര്യമൊക്കെ പറയുന്നുണ്ട്. പതിവുപോലെ വീമ്പുപറച്ചില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന നാരായണനെ തല്ലുന്നതിനു ജോര്‍ജ് കാഴ്ചക്കാരന്‍ മാത്രമായിരുന്നു എന്നു വേണം കരുതാന്‍.
റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് കെ സി ജോര്‍ജ് ഒരു യോഗത്തില്‍ പ്രസംഗിച്ചകാര്യം പറയുന്നതു രസമാണ്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയോ യൂത്ത് ലീഗിന്റെയോ പേരില്‍ യോഗം നടത്തിക്കൂട. രണ്ടിനും നിരോധനമുണ്ട്. ഇല്ലാത്ത ഒരു സാംസ്കാരികസമിതിയുടെ പേരില്‍ യോഗം നടത്തി. അക്രമരാഹിത്യത്തെക്കുറിച്ചായിരുന്നു പ്രസംഗം. കേള്‍ക്കാനാരുമുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാവുന്നത്. പിന്നീട് യൂത്ത് ലീഗ് നിയമം ലംഘിച്ച് ഒരു യോഗം നടത്തി. വമ്പിച്ചയോഗം. പൊന്നറ ശ്രീധര്‍, ശ്രീകണ്ഠന്‍ നായര്‍, പുതുപ്പള്ളി രാഘവന്‍ പിന്നെയും കുറെപ്പേര്‍ നിയമം ലംഘിച്ചു പ്രസംഗിച്ചു. ഈ സംഭവത്തോടെ ജോര്‍ജ് യൂത്ത് ലീഗിനോടു കൂടുതല്‍ അടുക്കുന്നതേയുള്ളൂ. അതുകൊണ്ട് നിയമം ലംഘിക്കാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. പ്രസംഗിച്ച എല്ലാവരെയും അറസ്റ്റു ചെയ്തു ലോക്കപ്പിലിട്ടു. പൊലീസ് സ്റ്റേഷന്റെ മുന്നിലെ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഒരു വക്കീലാപ്പീസില്‍ ജോര്‍ജും ഒന്നു രണ്ടു സ്നേഹിതന്മാരും ഉറക്കമിളച്ചു കാവലിരുന്നതിനാല്‍ ലോക്കപ്പിലടച്ചവരെ മര്‍ദ്ദിച്ചില്ല. അടുത്ത ദിവസം ഇവരുടെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത് ജോര്‍ജ് തന്നെ. തന്റെ അവസാനത്തെ കേസ് എന്നാണ് ജോര്‍ജ് അതിനെപ്പറ്റി പറയുന്നത്. കേസ് തോറ്റു എന്നും. ഇക്കാലത്തൊന്നും ജോര്‍ജ് യൂത്ത് ലീഗില്‍ ചേര്‍ന്നിരുന്നില്ല, സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ അവരെ സഹായിക്കുക മാത്രമേ ചെയ്തുള്ളൂവെന്നു പറയുന്നു. അതിനു മുന്‍പുതന്നെ എന്‍ സി ശേഖറിനെ അറസ്റ്റ് ചെയ്യുകയും 18 ദിവസം ശിക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ വിടുമ്പോള്‍ സ്വീകരിക്കാന്‍ ഹാരവുമായി ജോര്‍ജ് ജെയിലില്‍ പോവുന്നു. പക്ഷേ വിട്ടയുടന്‍ വീണ്ടും അറസ്റ്റ് ചെയ്തു ലോക്കപ്പിലേക്കു കൊണ്ടുപോയി. (കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പില്‍ മാസങ്ങളോളം ഇടുക എന്നതായിരുന്നു സി പി യുടെ കാലത്തെ പ്രധാന ശിക്ഷാരീതി എന്നു തോന്നുന്നു.) ഏതായാലും മാലയുമായി പോയ തനിക്ക് എന്‍ സി യുടെ കാര്യത്തില്‍ അന്വേഷണം നടത്താനോ എന്തെങ്കിലും ചെയ്യാനോ പറ്റിയില്ല എന്നു ജോര്‍ജ് പറയുന്നു. കാരണം യൂത്ത് ലീഗിന്റെ നിയമലംഘനത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ദ്രുതഗതിയിലാണ് നീങ്ങിയത്. ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതല്ലാതെ എന്തു കാര്യമാണ് ദ്രുതഗതിയില്‍ ഇദ്ദേഹം ചെയ്തതെന്നു പക്ഷേ പറയുന്നില്ല. ഒരു വമ്പിച്ച വിദ്യാര്‍ത്ഥി ജാഥ കടന്നുപോവുന്നതു നോക്കിനിന്ന കാര്യം പറയുന്നുണ്ട്. ജാഥയെ ലാത്തിചാര്‍ജ് ചെയ്തു. പക്ഷേ ഇദ്ദേഹം അപ്പോഴേക്കും വേറൊരു തിരിച്ചിലില്‍പ്പെടുന്നു. തന്റെ സഹപ്രവര്‍ത്തകനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് ഇദ്ദേഹം സ്റ്റേഷനില്‍ചെന്ന് പൊലീസ് കമ്മിഷനറെ വിരട്ടി സഹപ്രവര്‍ത്തകനെയും കൊണ്ടു മടങ്ങി. (യൂനിവേഴ്സിറ്റി കോളജിന്റെ കാമ്പസില്‍ കുതിരപ്പൊലീസ് വിദ്യാര്‍ത്ഥികളെ നേരിട്ട ഒരു സംഭവത്തിനും ജോര്‍ജ് സാക്ഷിയാണ്. തന്റെ തലയ്ക്കു മുകളിലൂടെയാണ് ഒരു കുതിര ചാടിയതെന്നൊക്കെ അദ്ദേഹത്തിനു തോന്നിയെങ്കിലും ഒരു പോറലും അദ്ദേഹത്തിനേല്‍ക്കുന്നില്ല.)
1938 ആഗസ്റ്റ് 18-ന് നിയമലംഘനം ആരംഭിക്കാന്‍ തീരമാനിച്ചതനുസരിച്ച് ഒന്നാം തീയതി പ്രാക്റ്റീസ് നിറുത്തിയതായി ഇദ്ദേഹം പത്രത്തില്‍ പരസ്യം ചെയ്തത്രെ. ഇത്തരം നാടകീയതകള്‍ വേണ്ടത്രയുണ്ട് ആത്മകഥയില്‍. 18 ന് നടക്കാതെ നീണ്ടുപോയി ആഗസ്ത് 28ന് നിയമലംഘനം നടക്കുമ്പോളാണ് മുകളില്‍ പറഞ്ഞ കാര്‍ ചെയ്സും മറ്റും നടക്കുന്നത്. അന്നു പുലര്‍ച്ചെ ഇദ്ദേഹം ഉറക്കമില്ലാതെ കിടന്ന് ആ ദിവസം എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കുന്നു. തനിക്ക് സമരത്തില്‍ പങ്കെടുക്കാനോ അതു കാണാനോ അനുവാദമില്ലെന്ന് അദ്ദേഹം പറയുന്നു. ഈ നിരോധനം (സഹപ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയത്) തന്നെ അല്പം അസ്വസ്ഥനാക്കിയെന്നദ്ദേഹം പറയുന്നു. അന്നു നാലു മണിക്ക് ജോര്‍ജ് കോണ്‍ഗ്രസ് ആപ്പീസില്‍ അസ്വസ്ഥനായിരിക്കുന്നു. എല്ലാവരും കടപ്പുറത്തേക്കു പോയിക്കഴിഞ്ഞു. എന്തു നടക്കുന്നു എന്നു കാണുകയെങ്കിലും വേണമെന്ന ചിന്തയോടെ തന്റെ മേലുള്ള നിരോധനം ലംഘിച്ച് ഒരു ജഡ്ക്കയില്‍ കയറി അദ്ദേഹം പുറപ്പെടുന്നു. പുത്തന്‍ചന്ത പൊലീസ് സ്റ്റേഷന്റെ തെക്കുവശത്തെ വഴിയില്‍ക്കൂടി ജഡ്ക്ക അതിവേഗം ഓടിച്ചു പോകുമ്പോള്‍ ഒരു കാര്‍ പെട്ടെന്ന് ജഡ്ക്കയുടെ മുന്‍പില്‍ വന്നുനിന്ന് വഴി തടഞ്ഞു. കെ പി നീലകണ്ഠപ്പിള്ള ചാടിയിറങ്ങി അദ്ദേഹത്തെ ശകാരിച്ചു.
"നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍; പോകേണ്ടെന്നു പറഞ്ഞിരുന്നതല്ലേ." അപ്പോളാണ് ഞാന്‍ ഒരു വലിയ തെറ്റാണ് ചെയ്തതെന്ന ബോധം എനിക്കുണ്ടായത്. പിന്നീട് നിയമലംഘനത്തെപ്പറ്റിയുള്ള വിവരങ്ങളറിയാന്‍ എനിക്കു വെമ്പലായിരുന്നു.
അന്ന് തിരുവനന്തപുരത്ത് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.
അടുത്ത നിയമലംഘനം മൂന്നു ദിവസം കഴിഞ്ഞാണ്. പൊലീസ് യുദ്ധസന്നാഹം ഒരുക്കിയിരുന്നു. എല്ലാം ശരിയായി കാണത്തക്കവിധത്തില്‍ റോഡിന്റെ തെക്കുവശത്തുള്ള ഉയര്‍ന്ന മണല്‍ത്തിട്ടയില്‍ ആളുകളുടെ ഇടയില്‍ മുന്‍പന്തിയില്‍ ഞാന്‍ നിലയുറപ്പിച്ചു. (ഗാന്ധിത്തൊപ്പി ധരിച്ചിട്ടുണ്ട്.) പൊലീസ് കമ്മീഷനര്‍ എല്ലാവരോടും മാറിപ്പോവാന്‍ പറയുന്നു. പൊലീസുകാര്‍ ലാത്തിവീശുന്നു. എല്ലാവരും ഓടുന്നു. ജോര്‍ജ് മാത്രം ശേഷിക്കുന്നു. കമ്മിഷനര്‍ എന്തിനാണ് ഇവിടെ നില്ക്കുന്നതെന്ന് ഇംഗ്ലീഷില്‍ ചോദിക്കുന്നു. ഇതെല്ലാം കാണാനെന്നാണ് ജോര്‍ജിന്റെ മറുപടി. ഒരു കോണ്‍ഗ്രസ് നേതാവിന്റെ കാറും ഡ്രൈവറും റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. ആ കാറാണ് പിന്നീട് ജോര്‍ജ് ചെയ്സിനുപയോഗിക്കുക. നിയമം ലംഘിക്കുന്ന നേതാക്കള്‍ കുറെപ്പേരോടെ അവിടെയെത്തുന്നതോടെ യുദ്ധം ആരംഭിക്കുന്നു. പൊലീസ് നേതാക്കളുടെ കൂടെയുള്ളവരെ നേരിടുന്നു. ജനം കടപ്പുറത്തെ പൂഴി വാരി പൊലീസുകാരുടെ നേരെയെറിയുന്നു. ഇതിനിടയിലാണ് കുറെപ്പേരെ അറസ്റ്റ് ചെയ്തു ജോര്‍ജ് നില്ക്കുന്നതിനു സമീപം നിറുത്തിയിരുന്ന വാനില്‍ കയറ്റുന്നത്. പത്തുപതിനഞ്ചുപേരെ കയറ്റിയിട്ട് കൊണ്ടുപോയി കടലില്‍ എറിയാനാണ് കമ്മിഷനര്‍ കല്പിച്ചത്. വാന്‍ കിഴക്കോട്ടു പാഞ്ഞുപോയി. അപ്പോഴാണ് സഖാവ് ജോര്‍ജ് നേരത്തെ അവിടെ നിറുത്തിയിട്ടതായി പറഞ്ഞ കാറില്‍ ചാടിക്കയറി വിട്ടോ എന്നു കല്പിക്കുന്നതും തുടര്‍ന്നു ചെയ്സ് നടക്കുന്നതും. വാന്‍ കാഴ്ചയില്‍നിന്നു മറഞ്ഞിട്ടും അതിനെ പിന്തുടര്‍ന്ന് ഒരു കാട്ടുപ്രദേശത്തുവെച്ചു കണ്ടുപിടിച്ച് ഒരു പെര്‍ഫോമന്‍സുണ്ട് ജോര്‍ജിന്റെ വക. അതില്‍ ഒരു കേമറ പ്രയോഗവുമുണ്ട്, രസകരമായിട്ട്. ആരും ഇറങ്ങരുത്, ചുണയുണ്ടെങ്കില്‍ ഇറക്കട്ടെ എന്ന് അട്ടഹസിച്ചുകൊണ്ട് ഞാന്‍ വാനിന്റെ വാതില്‍ക്കല്‍ നിലയുറപ്പിച്ചു, ഇറങ്ങണം ഇറങ്ങണം എന്നുപറഞ്ഞുകൊണ്ട് നിസ്സഹായനായി ഇന്‍സ്പെക്റ്റര്‍ നിന്നു, എന്ന ലൈനില്‍ കാര്യങ്ങള്‍ പോകവേ ജോര്‍ജിന് കാറിലുള്ള സുഹൃത്തിന്റെ കയ്യിലെ കേമറ പെട്ടെന്നോര്‍മ്മ വന്നു. പിന്നെ അതെടുത്തു വാനിന്റെയും മറ്റും ഫോട്ടോ എടുക്കാന്‍ പോവുകയാണ് ജോര്‍ജ്. കേമറയിലൂടെ ജോര്‍ജ് നോക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇന്‍സ്പെക്റ്ററും പൊലീസുകാരും ചാടിക്കയറി വാന്‍ തിരിച്ചോടിച്ചു. വീണ്ടും ചെയ്സ്. തനിക്കു പടമെടുക്കാനറിയുമായിരുന്നില്ലെന്നും കേമറയില്‍ ഫിലിം ഇല്ലായിരുന്നെന്നും ജോര്‍ജ്. ഇങ്ങനെ ഇദ്ദേഹം കാര്‍ ചെയ്സ് നടത്തിയ ദിവസം ചെങ്ങന്നൂരും പുതുപ്പുള്ളിയിലും നടന്ന നിമയലംഘനം വെടിവെപ്പില്‍ കലാശിക്കുകയും ഓരോ രക്തസാക്ഷികള്‍ ഉണ്ടാവുകയും ചെയ്യുന്നു. നെയ്യാറ്റിന്‍കര വെടിവെപ്പ് നടന്നതും രാഘവന്‍ രക്തസാക്ഷിയായതും അതേ ദിവസം തന്നെയാണ്.
(തുടരും)
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
13 years ago
ഈ ഭാഗത്ത് തലക്കെട്ടിനെ സാധൂകരിക്കുംവിധം യാദൃച്ഛികതകള്‍ ഇല്ല. അവ വരാനിരിക്കുന്നേയുള്ളൂ.
ReplyDelete