Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

27 Jun 2010

ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതിനെപ്പറ്റി ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പുസ്തകം ചിലയിടങ്ങളിലെങ്കിലും അവിശ്വസനീയമായ തുറന്നുപറച്ചിലാണ്. ഉദാഹരണത്തിന് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടിനെക്കുറിച്ചു പറയുന്നിടത്ത്. അന്ന് പാര്‍ട്ടിയെടുത്ത നിലപാടിനെ ഇ എം എസ് പാടേ തള്ളിക്കളയുന്നു. ദേശീയ സമരത്തെ ഒറ്റുകൊടുത്തു എന്ന് പറയുന്നില്ലെങ്കിലും ചെയ്തതെന്താണെന്നു പറയുന്നതിലൂടെ ഒറ്റുകൊടുത്തത് എങ്ങനെ എന്നു വായിക്കുന്നവര്‍ക്കാര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.1941 ജൂണ്‍ 22-ന് നാത്സി ജര്‍മ്മനിയും സംഘവും സോവിയറ്റ് യൂനിയനെ ആക്രമിച്ച കാലം മുതലൊന്നും കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ ഭാഗം ചേരുകയും യുദ്ധത്തെ ജനകീയ യുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തില്ല. ആറുമാസം കഴിഞ്ഞ് 1941 ഡിസംബറിലാണ് ഈ നിലപാടു മാറ്റം വന്നതെന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. രണ്ടു വിഷമകരമായ മാര്‍ഗ്ഗങ്ങളാണ് അന്നു പാര്‍ട്ടിയുടെ മുന്‍പിലുണ്ടായിരുന്നത്രെ.
ഒന്നുകില്‍ സാര്‍വദേശീയ ഫാസിസ്റ്റ് വിരുദ്ധസഖ്യത്തെ അവഗണിച്ച്, അതിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുപോലും ദേശീയശത്രുവിനെതിരായുള്ള സമരം തുടര്‍ന്നുകൊണ്ടുപോവുക; അല്ലെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ ജനങ്ങളില്‍നിന്നെല്ലാം ഒറ്റപ്പെടുക. ആറു മാസത്തോളം ഇതില്‍ ആദ്യത്തെ വഴി പിന്തുടര്‍ന്ന പാര്‍ട്ടി നേതൃത്വം 1941 ഡിസംബറില്‍ രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു.
ഇങ്ങനെ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാന്‍ പ്രേരണയായത് രാജസ്ഥാനിലെ ദിയോളിക്യാമ്പ് ജയിലുകളില്‍ കിടന്നിരുന്ന സഖാക്കള്‍ തയ്യാറാക്കിയ ദിയോളിരേഖകളും ബോംബെയിലെ പാര്‍ട്ടി രഹസ്യകേന്ദ്രത്തിലെ സഖാക്കളുടെ നിലപാടും പിന്നെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു ലഭിച്ച ഒരു കത്തുമാണെന്ന് നമ്പൂതിരിപ്പാട് പറയുന്നു.
'ജാപ്പനീസ് യുദ്ധഭ്രാന്തന്മാരുമായി ഒത്തുചേരുന്ന' സുഭാഷ് ബോസിന്റെ നേതൃത്വത്തിനും 'സ്വാതന്ത്ര്യം എന്ന ദേശീയാവശ്യം അംഗീകരിപ്പിക്കുന്നതിന് ബ്രിട്ടനെ നിര്‍ബന്ധിപ്പിക്കാന്‍' (അംഗീകരിക്കാന്‍ ബ്രിട്ടനെ നിര്‍ബന്ധിക്കുന്നതിന് എന്നാവണം ഉദ്ദേശിക്കുന്നത്) ബഹുജനസമരം ആരംഭിച്ച ഗാന്ധി, പാട്ടേല്‍ നേതൃത്വത്തിനും എതിരായിട്ടായിരുന്നു ജനകീയ യുദ്ധം എന്ന മുദ്രാവാക്യം പാര്‍ട്ടി ഉയര്‍ത്തിയത്. ഗവണ്‍മെന്റിന്റെ യുദ്ധസന്നാഹങ്ങളെക്കുറിച്ചുള്ള മൌലിക വിമര്‍ശനം അതിലുണ്ടായിരുന്നത്രെ. ജനങ്ങളുടെ ദേശാഭിമാന ബോധം ബ്രിട്ടീഷു സര്‍ക്കാര്‍ ഉയര്‍ത്തിയില്ല എന്നൊക്കെയാണ് ആ വിമര്‍ശനം. അതല്ലേ ബ്രിട്ടീഷു സര്‍ക്കാരിന്റെ പരിപാടി. ഇന്ത്യയിലെ ജനങ്ങളുടെ ദേശാഭിമാനബോധം ഉയര്‍ത്തിയിട്ട് അവരെക്കൊണ്ടു യുദ്ധത്തെ പിന്തുണപ്പിക്കുക!
ബ്രിട്ടീഷു സര്‍ക്കാര്‍ ദേശീയ സമരത്തോടെടുത്ത നിലപാട് 'അഹങ്കാരപൂരിതമായ ഇന്ത്യാവിരുദ്ധ നിലപാടാ'യിരുന്നു എന്നും നമ്പൂതിരിപ്പാട് പറയുന്നു.
ദേശീയ നേതാക്കളാവശ്യപ്പെട്ടതുപോലെ യുദ്ധാവസാനം ഇന്ത്യ സ്വതന്ത്രമാകുമെന്നു പറയാനോ, അതിന്റെ മുന്നോടിയായി ഒരു ദേശീയഗവണ്‍മെന്റ് രൂപീകരിക്കാനോ, അങ്ങനെ ജനങ്ങളെയാകെ യുദ്ധത്തിനനുകൂലമായി അണിനിരത്താനോ അവര്‍ തയ്യാറായില്ല. അതിനു പകരം പ്രധാനമന്ത്രി ചര്‍ച്ചില്‍ ചെയ്തത് അത്തരം ആവശ്യങ്ങളെയെല്ലാം ഔദ്ധത്യപൂര്‍വ്വം നിരാകരിക്കുകയാണ്, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനെതിരായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ശക്തിപ്പെടുത്തുകയാണ്.
ഈ ഉദ്ധരണിയില്‍നിന്ന് വ്യക്തമാവുന്ന ചില കാര്യങ്ങള്‍.
1.ദേശീയ നേതാക്കള്‍  സോവിയറ്റ് യൂനിയന് എതിരല്ല. എന്നു മാത്രമല്ല, ഒരു ദേശീയ ഗവണ്‍മെന്റ് രൂപീകരിച്ച് ജനങ്ങളെയാകെ യുദ്ധത്തിന് അനുകൂലമായി അണിനിരത്താനാണ് അവര്‍ ആവശ്യപ്പെട്ടത്.
2. എന്നാല്‍ ഇതെല്ലാം ബ്രിട്ടീഷ് ഗവണ്‍മെന്റ് അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു.

തുടര്‍ന്നു പറയുന്നു,
അതുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തെ ജനകീയ യുദ്ധമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഈ നയത്തിനെതിരായ സമരംകൂടി ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടായിരുന്നു.
എന്നാല്‍ അങ്ങനെയെന്തെങ്കിലും സമരം നടത്തിയതായി നമ്പൂതിരിപ്പാട് പറയുന്നില്ല.
ഇക്കാലത്ത് യുദ്ധത്തില്‍ ബ്രിട്ടന് സോപാധികമായ പിന്തുണ നല്കാന്‍ അവസരം വന്ന കോണ്‍ഗ്രസ് നേതൃത്വം' 'ബ്രിട്ടീഷ് അധികാരികളുമായി മാത്രമല്ല അമേരിക്ക, ചൈന എന്നിവിടങ്ങളിലെ സുഹൃദ്ശക്തികളുമായും ചര്‍ച്ചകളിലേര്‍പ്പെട്ടു'. 'ജര്‍മനിയെയും ജപ്പാനെയും നിലംപരിശാക്കാന്‍ സോവിയറ്റ് യൂണിയനും ചൈനയ്ക്കും കരുത്തുനല്കുമെന്നതായിരുന്നു ആ നിലപാടിന്റെ അടിസ്ഥാനം' എന്നും നമ്പൂതിരിപ്പാട് പറയുന്നു. (അമേരിക്ക, ചൈന എന്നൊന്നും കേട്ടു ഞെട്ടേണ്ട. ജനകീയയുദ്ധം എന്ന അക്കാലത്തെ പ്രബന്ധത്തില്‍ നമ്പൂതിരിപ്പാട് ഭാവിയുടെ പ്രതീക്ഷയായി എടുത്തുപറയുന്ന ഒരാളാണ് ചിയാങ് കൈഷേക്.)
ദേശീയനേതാക്കള്‍‌ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ എന്തുചെയ്തു?
കോണ്‍ഗ്രസ് നേതൃത്വം ക്വിറ്റിന്ത്യാസമരത്തിനു മുന്നോടിയായി ചര്‍ചകള്‍ നടത്തവെ, കമ്യൂണിസ്റ്റ് പാര്‍ടിയും ചര്‍ചകളിലേര്‍പെട്ടുകൊണ്ടിരിക്കയായിരുന്നു- നിരോധനം പിന്‍വലിപ്പിക്കാനും തടവുകാരെ വിട്ടയക്കാനും സഖാക്കള്‍ക്കെതിരെയുള്ള വാറണ്ടുകള്‍ പിന്‍വലിപ്പിക്കാനുമുള്ള ചര്‍ചകള്‍. [ഇ എം എസ് നമ്പൂതിരിപ്പാടിനും വാറണ്ടും തലയ്ക്കുമേല്‍ (10000 രൂപ എന്നു പറയുന്നു) ഇനാമും ഉണ്ടായിരുന്നു.] ഭാഗികമായി അവ അംഗീകരിക്കപ്പെട്ടു. അങ്ങനെയാണ് ബോംബെയില്‍ പാര്‍ട്ടിയുടെ കേന്ദ്രഓഫീസും കോഴിക്കോട്ട് സംസ്ഥാന ഓഫീസും ആരംഭിച്ചതും വാരികകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയതും. ഈ പശ്ചാത്തലത്തിലാണ് മുന്‍ അധ്യായത്തില്‍ പറഞ്ഞതുപോലെ ഞാന്‍ ഒളിവില്‍നിന്ന് പുറത്തുവന്നത്. ഞാന്‍ നേരെ പോയത് ബോംബെയിലെക്കാണ്. ക്വിറ്റ് ഇന്ത്യാ സമരകാഹളം മുഴക്കിയ എ ഐ സി സിയുടെ നിര്‍ണായക സമ്മേളനത്തിന്റെ സമയത്ത് ഞാനവിടെയെത്തി.


ഇതു വായിച്ച് ഇ എം എസ് സമ്മേളനത്തിനുകൂടി എന്നൊന്നും ധരിക്കരുത്. നമ്പൂതിരിപ്പാട് അവിടെ ഒരു തമാശകൂടി പറയുന്നുണ്ട്. മൂന്ന് പഴയ ഇടതുപക്ഷ സുഹൃത്തുക്കള്‍ ബോംബെ ഓഫീസില്‍ വന്ന് അദ്ദേഹത്തെ കണ്ട കാര്യം. അവര്‍ വന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിനു പിന്തുണ തേടാന്‍. 'നിങ്ങളുടെ ഒളിവു ജീവിതം ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാവും," അവര്‍ പറഞ്ഞു. നമ്പൂതിരിപ്പാടിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഏറ്റവും ഐറണി നിറഞ്ഞ സന്ദര്‍ഭം ഇതാവണം.  അവരെ നിരാശരാക്കി തിരിച്ചയയ്ക്കുകയല്ലാതെ നമ്പൂതിരിപ്പാടിനു വഴിയില്ലല്ലോ.
നോക്കണം, കോണ്‍ഗ്രസ്സ് ഒരു ആഗോളവീക്ഷണത്തോടെ യുദ്ധത്തെ സോപാധികമായി പിന്തുണയ്ക്കുന്നതിനെപ്പറ്റി വിദേശശക്തികളോടുപോലും ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാരോട് സ്വന്തം കാര്യത്തിനു വിലപേശുകയായിരുന്നു. ജയില്‍ മോചനത്തെപ്പറ്റി, വാറണ്ടു പിന്‍വലിക്കുന്നതിനെപ്പറ്റി, നിരോധനം നീക്കുന്നതിനെപ്പറ്റി ഒക്കെ. ഈ ചര്‍ച്ച നടക്കുന്നത് കോണ്‍ഗ്രസ്സുകാരെപ്പോലെ സോപാധിക പിന്തുണ നല്കാമെന്ന വാഗ്ദാനത്തിനുമേലല്ലല്ലോ. ദേശീയതാത്പര്യങ്ങളെ തള്ളിക്കളഞ്ഞ് സോവിയറ്റ് യൂനിയന്റെ താത്പര്യമായിരുന്നു അവരുടെ മുന്‍പില്‍.  അതും ബ്രിട്ടീഷുകാരുടെ താത്പര്യവും യോജിപ്പിലെത്തിയപ്പോള്‍ കിട്ടാവുന്നത് നേടുക എന്ന നിലയ്ക്കുള്ള ചര്‍ച്ച.
വെറുതെ ഓഫീസുണ്ടാക്കുകയും വാരിക തുടങ്ങുകയുമല്ല ഉണ്ടായത്. ആദ്യമായി ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെളിവില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം കിട്ടി. അതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധമായിരുന്നു. ഇങ്ങനെ ദേശതാത്പര്യത്തെ വഞ്ചിച്ച് നിയമവിധേയമായശേഷം ഇവര്‍ എന്തു ചെയ്തു?
ഒരു വര്‍ഷം തികയുംമുമ്പേ അവര്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സുകൂടി. കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തിലോ കോണ്‍ഗ്രസ്സിലോ ഗൌരവമുള്ള ഒരു ചര്‍ച്ചയും നടന്നില്ലെന്ന് ഇ എം എസ് പറയുന്നു. നേരത്തേ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക മാത്രമായിരുന്നു ഏര്‍പ്പാട്. പിന്നെ പാട്ടും കളിയും. അല്ലെങ്കിലെന്തു ചര്‍ച്ചചെയ്യാന്‍. ഒറ്റിക്കൊടുത്ത് നേടിയ അംഗീകാരം ആഘോഷിക്കുന്ന ഈ സമ്മേളനത്തില്‍ എന്ത് ചര്‍ച്ചചെയ്യാന്‍?
അതുകൊണ്ട് സമ്മേളനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസും നയത്തിന്റെ ശരിയെക്കുറിച്ചല്ല, നേതൃത്വം അംഗീകരിച്ച നയം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. റിപ്പോര്‍ട്, പ്രസംഗങ്ങള്‍, പൊതുസമ്മേളനം, കലാപരിപാടികള്‍, (പാട്ട്, നൃത്തം, നാടകം,  നാടന്‍കലാരൂപങ്ങള്‍, എന്നിവയെല്ലാം വിദഗ്ധമായി ആസൂത്രണം ചെയ്യപ്പെട്ടിരുന്നു) എല്ലാം തന്നെ വഴിതെറ്റിയ ദേശാഭിമാനികളുടെ ഏജന്റുമാര്‍ക്കെതിരെ പ്രയോഗിക്കേണ്ട ആയുധങ്ങളായി പരിണമിച്ചു. ഇതിന്റെയെല്ലാം ഫലമായി പാര്‍ടിയുടെ രാഷ്ട്രീയശത്രുക്കളെ ആക്രമിച്ചു തോല്‍പ്പിക്കാമെന്ന് അത്മവിശ്വാസം പതിനായിരക്കണക്കിന് അനുഭാവികളിലും ആയിരക്കണക്കിന് പ്രവര്‍ത്തകരിലും വേരുറച്ചു. 
ആരാണ് പാര്‍ട്ടിയുടെ ശത്രുക്കള്‍? എന്തായാലും ബ്രിട്ടീഷ് സാമ്രാജ്യമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണയ്ക്കുന്ന  'ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗ്ഗവു'മല്ല. പിന്നെയാര്? ക്വിറ്റ് ഇന്ത്യാ സമരത്തിലേര്‍പ്പെട്ടിരുന്ന സ്വാതന്ത്ര്യസമരക്കാര്‍, അല്ലാതാര്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാരികളെ അന്നു കമ്യൂണിസ്റ്റുകാര്‍ പൊലീസിനും ഭരണകൂടത്തിനും ഒറ്റുകൊടുത്തിരുന്നു എന്നു പറയുന്നതില്‍ എന്തെങ്കിലും സംശയിക്കാനുണ്ടോ?  
'തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയുടെ കാഴ്ചപ്പാടില്‍നിന്നുതന്നെ ഇത് തികച്ചും വികലമായ ധാരണയായിരുന്നു എന്ന് ഇന്ന് വ്യക്തമായിട്ടുണ്ട്', എന്നാണ് അന്നത്തെ പിഴച്ച നിലപാടുകളെപ്പറ്റി ഇ എം എസ് തന്നെ പറയുന്നത്.

ഇത്രയും വികലമായ രാഷ്ട്രീയധാരണയും കമ്യൂണിസ്റ്റേതര സംഘടനാശൈലിയുമുള്ള പാര്‍ട്ടി ക്വിറ്റ് ഇന്ത്യാ സമരകാലത്തെ നിശിതമായ ആക്രമണങ്ങളെ അതിജീവിക്കുക മാത്രമല്ല പില്‍ക്കാലത്ത് ഇത്രയും വേഗതയില്‍ വളരുകകൂടി ചെയ്തതെങ്ങനെയെന്ന് ആരും അത്ഭുതപ്പെട്ടേക്കാം.
അതു പുരോഗമനകാരികളായ ആളുകള്‍ക്ക് സോവിയറ്റ് യൂനിയനോടുള്ള താത്പര്യം കൊണ്ടാണെന്നാണ് ഇ എം എസ് നല്കുന്ന ഉത്തരം.
ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ സോവിയറ്റ് യൂനിയനെ ദുര്‍ബലപ്പെടുത്തുന്ന യാതൊന്നും ചെയ്തുകൂടെന്ന ഒറ്റയുക്തികൊണ്ടാണ് എല്ലാവരും അടങ്ങിയിരുത്. അതുകൊണ്ടാണ് യുദ്ധാനന്തര കാലഘട്ടത്തില്‍ ഉള്‍പാര്‍ട്ടി സമരത്തിന്റെ ഒരു പുതിയ ഘട്ടമെന്ന രീതിയില്‍, തങ്ങളുടെ വികാര-വിചാരങ്ങളെല്ലാം ഒതുക്കിക്കഴിഞ്ഞവര്‍ തുറന്ന സമരമാരംഭിച്ചത്. 
ഇങ്ങനെ തുറന്ന സമരമാരംഭിച്ച കൂട്ടത്തില്‍ താനില്ലായിരുന്നു എന്നും ഇ എം എസ് വ്യക്തമാക്കുന്നുണ്ട്. താനും കേരള ഘടകവും പി സി ജോഷിയുടെ വിശ്വസ്ത പിന്തുണക്കാരായിരുന്നു.
നയമാറ്റം കുറിക്കുന്ന 1946-ലെ കേന്ദ്രകമ്മിറ്റി പ്രമേയത്തിനും 1948 ലെ കല്‍ക്കത്താ കോണ്‍ഗ്രസിലെ മൌലികമായ തെറ്റുതിരുത്തലിനും പിന്നില്‍ രണദിവെയായിരുന്നു എന്നും മറുവശത്ത് പി സി ജോഷിയായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. കുപ്രസിദ്ധമായ കല്‍ക്കത്താ തീസിനെപ്പറ്റിയും അന്നത്തെ ഇടതുപക്ഷ പാളിച്ചയെപ്പറ്റിയും രണദിവെയുടെ ഇടതുതീവ്രവാദത്തെപ്പറ്റിയും  ഇ എം എസ് ഈ കൃതിക്കു മുമ്പും പിമ്പും എന്തൊക്കെ അപവദിച്ചിട്ടുണ്ടെന്ന് ഇതു വായിക്കുമ്പോള്‍ ഓര്‍ത്തുപോവുന്നു.
രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സുവരെ ജോഷിയുടെ നയം വിശ്വസ്തതയോടെ നടപ്പാക്കിയ സംസ്ഥാന കമ്മിറ്റിയാണ് ഇവിടെയുണ്ടായിരുന്നതെന്ന് ഇത്തരുണത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്. ആശയപരമായും രാഷ്ട്രീയമായുമുള്ള ഈ ദൌര്‍ബല്യവും സോവിയറ്റ് നാടിനോടുള്ള വൈകാരികമായ അടുപ്പവും പാര്‍ട്ടിയുടെ കേരള ഘടകത്തെ മറ്റു പല ഘടകങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തി.
ഇ എം എസ് തന്റെയും സഖാക്കളുടെയും ദൌര്‍ബല്യം വ്യക്തമാക്കുന്നു.
1987 ല്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുംമുമ്പേ എഴുതിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിലപാടിനെക്കൂടിയാണ് നമ്പൂതിരിപ്പാട് ഇവിടെ തള്ളിപ്പറയുന്നതെന്നത് ശ്രദ്ധേയമാണ്.
പിശകുകളോടും പാകപ്പിഴകളോടും കൂടിയാണെങ്കിലും മൊത്തത്തില്‍ ശരിയായ ഒരു നയം ക്വിറ്റിന്ത്യാ സമരകാലത്തു പാര്‍ടി അംഗീകരിച്ചു.
(ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം, നാലാംഭാഗം, ആഗസ്റ്റു സമരവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും എന്ന അദ്ധ്യായം കാണുക)
ഇക്കാലത്തിനിടക്ക് നടന്നതും കേരളത്തെ സംബന്ധിച്ചു പ്രാധാന്യമുള്ളതുമായ ഒരു കാര്യത്തെപ്പറ്റി അതായത് കയ്യൂര്‍ സമരത്തിലെ പ്രതികളെ തൂക്കിലേറ്റിയതിനെപ്പറ്റി  ഇ എം എസ് പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും അവരുമായി നല്ല ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്ത കാലത്തെപ്പറ്റി പറയുന്നതിന്റെകൂടെ കയ്യൂര്‍കാര്യം പറയാന്‍ ഇ എം എസ്സിനു മടിയുണ്ട്. അതുകൊണ്ട് ലേശം കാലക്രമം തെറ്റിച്ച് അതിനെ തന്റെ ഒളിവുജീവിതത്തിനിടെ പറഞ്ഞൊപ്പിക്കുന്നു നമ്പൂതിരിപ്പാട്.
കോണ്‍ഗ്രസ്സിന്റെ പ്രതീകാത്മക വ്യക്തിസത്യാഗ്രഹ പരിപാടിയില്‍നിന്നു വ്യത്യസ്തമായി [സാമ്രാജ്യത്വവുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ കാലത്തെപ്പറ്റിയാണ് പറയുന്നത്] സാമ്രാജ്യത്വത്തിനെതിരെ മറ്റുതരത്തിലുള്ള പുതിയ പ്രതിരോധ മാര്‍ഗ്ഗങ്ങളും കൈക്കൊള്ളാമെന്ന് ആ കാലഘട്ടം തെളിയിച്ചു. 
ഈ മറ്റു പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നു പറഞ്ഞാല്‍ പാര്‍ട്ടിക്കത്ത് പ്രസിദ്ധീകരിക്കലും സി പി എസ് യു (ബി ) ചരിത്രം പ്രസിദ്ധീകരിക്കലുമാണ്.
ബ്രിട്ടീഷ് സാമ്രാജ്യവുമായി വിലപേശുന്നതിനെതിരെ ഒരു ബദല്‍ മാര്‍ഗം ആ കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ന്നു വന്നു. ബഹുജനസമരങ്ങളിലൂടെ സാമ്രാജ്യത്വത്തിന്റെ വേരറുക്കലായിരുന്നു അത്.
കയ്യൂര്‍ സംഭവം തന്നെ ഏറ്റവും നല്ല ഉദാഹരണം. ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ പ്രകടനം നടത്തിയ കയ്യൂരിലെ ജനങ്ങള്‍ പൊലീസുമായേറ്റുമുട്ടി. കല്ലെറിയപ്പെട്ട ഒരു പൊലീസുകാരന്‍ ജീവരക്ഷക്കായി പുഴയിലേക്കു ചാടി; അയാള്‍ മുങ്ങിമരിച്ചു. തുടര്‍ന്നു നടന്ന കേസിന്റെ അന്ത്യത്തില്‍ നാലുസഖാക്കള്‍ക്ക് മരണശിക്ഷ വിധിക്കപ്പെട്ടു. അവര്‍ 1943 മാര്‍ച്ച് 29 ന് രക്തസാക്ഷികളായി.
പാര്‍ട്ടി ഒളിവിലായിരിക്കുന്ന കാലത്തെപ്പറ്റി പറയുമ്പോള്‍ തൂക്കിലേറ്റിയ കാര്യം കൂടി പറഞ്ഞാല്‍ 1943 ല്‍ തങ്ങള്‍ ബ്രിട്ടീഷുകാരുമായി കൂട്ടായിരിക്കുന്ന കാലത്ത് തൂക്കിലേറ്റപ്പെട്ടതിനെപ്പറ്റി പറയുന്ന പൊരുത്തക്കേട് ഒഴിവാക്കാമല്ലോ.
കോണ്‍ഗ്രസ്സിന്റെ വിലപേശലിനെതിരായ ബദല്‍! വിലപേശാതെ സ്വയം പാടേ വിറ്റാണ് ആ ബദല്‍ അവതരിപ്പിച്ചത് എന്ന് ഈ പുസ്തകം തന്നെ വ്യക്തമാക്കുന്നു.
'ഇത്രയും വികലമായ ധാരണ', 'കമ്യൂണിസ്റ്റ് സാര്‍വ്വദേശീയതയ്ക്കു നിരക്കാത്ത നിലപാട്' എന്നൊക്കെ പറയുമ്പോഴും ഇ എം എസ് നമ്പൂതിരിപ്പാട് ഒരു വൈരുധ്യവാദിയാണെന്ന കാര്യം ഓര്‍ക്കണം. വൈരുദ്ധ്യമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഹൃദയം. അതുകൊണ്ട് മേലെ ഞാനുദ്ധരിച്ചതിനോടു നിരക്കാത്ത കാര്യങ്ങളും ഇദ്ദേഹം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. പക്ഷേ അതുകൊണ്ടെന്ത്? അതൊന്നും ഈ പറഞ്ഞതിനെ അപ്രസക്തമാക്കില്ലല്ലോ. 
1987 ല്‍ ആണ് ഈ പുസ്തകം ഇംഗ്ലീഷില്‍ എഴുതപ്പെട്ടതാണെന്നാണ് Google Books ല്‍ കാണുന്ന ഇതിന്റെ പകര്‍പ്പില്‍നിന്നു മനസ്സിലാവുന്നത്. 1987 ല്‍ മലയാളം പരിഭാഷയും വന്നു. ആ എഡിഷനാണ് എനിക്ക് ഒരു ലൈബ്രറിയില്‍നിന്നു കിട്ടിയത്. ഈ പുസ്തകത്തിന് പിന്നീട് പതിപ്പുണ്ടായോ? അതോ പല ഇ എം എസ് കൃതികളും തമസ്കരിക്കപ്പെട്ട കൂട്ടത്തില്‍ ഇതും പെട്ടോ?

4 comments:

  1. "ജയില്‍ മോചനത്തെപ്പറ്റി, വാറണ്ടു പിന്‍വലിക്കുന്നതിനെപ്പറ്റി, നിരോധനം നീക്കുന്നതിനെപ്പറ്റി ഒക്കെ."
    1930കളില്‍ ഗാന്ധി ബ്രിട്ടണിലും മറ്റും പോയി ചര്‍ച്ച നടത്തിയത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടണമെന്ന് പറയാനായിരുന്നോ? ഭഗത്സിംഗിനെയും മറ്റും വിട്ടു കിട്ടുവാന്‍ ചോദിക്കാതെ എന്നത്തെയും പോലെ ഗാന്ധി കോണ്‍ഗ്രസ്സുകാരെ മാത്രമാണ് വിട്ട് കിട്ടുവാന്‍ ബ്രിട്ടണോട് അന്നൊക്കെ ആവശ്യപ്പെട്ടത് (എന്നിട്ടും കോണ്‍ഗ്രസ്സാണ് സ്വാതന്ത്ര്യം നേടി തന്നത് എന്ന് നാം പഠിക്കുന്നു). അതായത് സ്വന്തം ആളുകളെ വിട്ടു കിട്ടുവാന്‍ അന്നത്തെ പാര്‍ട്ടികള്‍ സ്വയം നോക്കേണ്ടിയിരുന്നു എന്ന് ഈ പോസ്റ്റ് വായിക്കുമ്പോള്‍ മനസ്സിലാക്കാം....

    ഏത് പാര്‍ട്ടിയാണ് അക്കാലത്ത് ബ്രിട്ടണെ അനുകൂലിക്കാതെ പൂര്‍ണ്ണമായി എതിര്‍ത്തിരുന്നത്?

    ഓ.ടോ.: ബാധ്യത കൊണ്ട് കടം കയറിയ ബ്രിട്ടണ്‍ മറ്റ് രാജ്യങ്ങള്‍ തലയില്‍ നിന്ന് ഒഴിച്ച് വെച്ചപ്പോള്‍ കിട്ടിയതാണ് ഇന്ത്യയ്ക്കും മറ്റും സ്വാതന്ത്ര്യം എന്നും അതിന് സമ്മര്‍ദ്ദം ചെലുത്തിയത് ബ്രിട്ടണ് പണം കടം കൊടുത്ത അമേരിക്കയാണെന്നും ദാ കഴിഞ്ഞ ആഴ്ച കുറേ ജൂത സംഘടനകളും പറഞ്ഞ് കഴിഞ്ഞു....

    ReplyDelete
  2. ഓ ഒന്ന് കൂടി ക്വിറ്റ് ഇന്ത്യ സമരം കൊണ്ട് വല്ല ഗുണവും ഉണ്ടായോ? 42ല്‍ തുടങ്ങി വെച്ച ആ സംഭവത്തിന് എന്താണ് സംഭവിച്ചത്? എന്തിന് ഗാന്ധി അത് പാതിയില്‍ ഉപേക്ഷിച്ചു? :)

    ReplyDelete
  3. ഇ.എം.എസ്സിന്റെ പുസ്തകം വായിച്ചു. നന്നായിട്ടുണ്ട്. അടുത്ത തവണ സ്കാന്‍ ചെയ്യുന്നതിന്റെ കൂടെ, യൂണിക്കോഡാക്കി ഇട്ടിരുന്നെങ്കില്‍ [ടൈപ്പ് ചെയ്തോ മറ്റോ] നന്നായിരുന്നു. വീണ്ടും വരാം.

    ReplyDelete
  4. നൂറു സഞ്ചികകളിലെ ഇ എം എസ് സമ്പൂര്‍ണ്ണകൃതികള്‍ പെട്ടെന്നൊരു ദിവസം മുക്കിയ സി പി എം പാരമ്പര്യം പേറുന്ന ചുമട്ടുകഴുതയുടെ ഉളുപ്പില്ലായ്മയുടെ പ്രകാശനമായിപ്പോയല്ലോ അത് 'ഞാനേ'.

    ReplyDelete