skip to main |
skip to sidebar
1946 ഒക്റ്റോബര്‍ 24ന് പുന്നപ്രയില്‍ വലിയൊരു വെടിവെപ്പു നടന്നു. കുറെ പൊലീസുകാരും കുറെയേറെ തൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്നു ദിവസം കഴിഞ്ഞ് ഒക്റ്റോബര്‍ 27 ന് വയലാറിലും വലിയ തോതിലൊരു വെടിവെപ്പ് നടന്നു. അതേ ദിവസം തന്നെ മറ്റു പലയിടങ്ങളിലും ധാരാളം പേരെ പൊലീസും പട്ടാളവും വെടിവെച്ചു കൊന്നു. എല്ലാ സംഭവങ്ങളിലുമായി എത്ര പേര്‍ മരിച്ചെന്നതിനെക്കുറിച്ച് പല കണക്കുമുണ്ട്. അഞ്ഞൂറെന്നും ആയിരമെന്നുമൊക്കെ. പലരായി പറഞ്ഞ കണക്കുകള്‍ പൊരുത്തപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്തവിധം വൈരുധ്യമുള്ളതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അനുസ്മരണം പോലെയല്ലാതെ ചില കാര്യങ്ങള്‍ അനുസ്മരിക്കാനാണ് ഈ കുറിപ്പ്. കുറെ കുപ്പ ചികഞ്ഞ് കണ്ടെത്തേണ്ട കാര്യങ്ങളെക്കുറിച്ച് തുടക്കമെന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയുകമാത്രമേ ഇവിടെ ചെയ്യുന്നുള്ളൂ.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ കഥകള്‍ പ്രകാരം ഒക്റ്റോബര്‍ 24 ന് പുന്നപ്രയില്‍ നടന്നത് ആസൂത്രിതമായ ഒരു ആക്രമണമായിരുന്നു. പതിന്നായിരക്കണക്കിന് തൊഴിലാളികള്‍ അതില്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍നിന്നു വന്ന ജാഥകള്‍ ഒരുമിച്ചു ചേര്‍ന്ന് അപ്ലോണ്‍ അറോജ് എന്ന സ്റ്റേറ്റു കോണ്‍ഗ്രസ്സുകാരന്റെ വീട്ടില്‍ നടത്തിയിരുന്ന പൊലീസ് കേമ്പ് ആക്രമിക്കുകയായിരുന്നു. പൊലീസ് കേമ്പ് ആക്രമിക്കുന്നതിനുവേണ്ടി സമര നേതാക്കന്മാര്‍ കൂടി തീരുമാനമെടുത്തതിനെപ്പറ്റി കെ സി ജോര്‍ജ് പുന്നപ്ര വയലാര്‍ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നതു നോക്കുക.

എല്ലാം ആസൂത്രിതം! യുദ്ധനായകനാണ് പറയുന്നത്. ഇതിന് അനുസരിച്ചുള്ള വിവരണങ്ങള്‍ ഇഷ്ടംപോലെ കൊടുത്തിട്ടുമുണ്ട് അവര്‍ പറഞ്ഞത് എന്ന അദ്ധ്യായത്തില്‍. വളണ്ടിയര്‍ സേനയ്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്. എല്ലാ വീടുകളിലും വിശിഷ്ടമായ വിഭങ്ങളുണ്ടാക്കി കഴിക്കുന്നത്, പൊലീസ് കേമ്പ് നാലുപുറത്തുനിന്നും വളയുന്നത്, കേമ്പിന്റെ തലവന്‍ നാടാര്‍ എന്ന സബ് ഇന്‍സ്പെക്റ്റര്‍ മെഗാഫോണിലൂടെ ജനങ്ങളോടു പിരിഞ്ഞുപോവാനാവശ്യപ്പെടുന്നത്, ജനം കേമ്പ് പിരിച്ചുവിടാനാവശ്യപ്പെട്ട് മുന്നോട്ടു കുതിക്കുന്നത്, മുന്നറിയിപ്പായി പൊലീസ് ചെങ്കൊടി ഉയര്‍ത്തുന്നത്, ഫലമില്ലാതെ വെടിവെയ്ക്കുന്നത്. അതിന്നിടെ ഒരാളുടെ വിവരണത്തിലെങ്കിലും ഇന്‍സ്പെക്റ്റര്‍ കൈകൂപ്പി പിരിഞ്ഞുപോവാനായി യാചിച്ചു എന്നും കാണാം. ഇതൊക്കെ 1972-ല്‍ കെ സി ജോര്‍ജ് വിപുലീകരിച്ചു പ്രസിദ്ധീകരിച്ച പുന്നപ്ര വയലാറില്‍.
ഇങ്ങനെയൊന്നുമായിരുന്നില്ല എന്നും കഥ. 1947 ല്‍ കെ സി ജോര്‍ജ് എഴുതിയ പുന്നപ്ര വയലാര്‍ എന്ന പുസ്തകത്തില്‍ കേമ്പാക്രമണവുമില്ല, അതിനുള്ള പദ്ധതിയുമില്ല. ഒരു വലിയ ജാഥ ആക്രമംമൂലം വീടുവിട്ടുപോയ ആളുകളെ അവരവരുടെ വീടുകളില്‍ കൊണ്ടുപോയി പാര്‍പ്പിക്കുക എന്ന നിരുപദ്രവകരമായ ഉദ്ദേശ്യത്തോടെ പോവുമ്പോള്‍ കേമ്പിലെ പൊലീസുകാര്‍ അങ്ങോട്ടുകേറി ആക്രമിച്ചു എന്നായിരുന്നു അന്നത്തെ കഥ.
ഇതാ ഇവിടെക്കാണുക:
ഐതിഹാസിക മാനങ്ങളില്ലാത്ത, ദൈന്യതനിറഞ്ഞ ഈ കഥയായിരുന്നു 1970 കള്‍വരെയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വ്യാഖ്യാനമെന്ന നിലയ്ക്ക് പ്രാബല്യത്തിലുണ്ടായിരുന്നത് എന്നു വേണം കരുതാന്‍. ഇതുപക്ഷേ, പാര്‍ട്ടിയുടെ ഔദ്യോഗിക വ്യാഖ്യാനം മാത്രമായിരുന്നു. സര്‍ സി പിക്കും ആക്ഷന്‍ കമ്മിറ്റിക്കും ഇടയില്‍ സന്ധിസംഭാഷണത്തിനു ശ്രമിച്ച എസ് എന്‍ ഡി പി സംഘത്തലവന്‍ ആര്‍ ശങ്കര്‍ പുറപ്പെടുവിച്ച പ്രസ്താവന (ഒക്റ്റോബര്‍ 30ന്) സാമാന്യം ദീര്‍ഘമായി ഉദ്ധരിക്കുന്നുണ്ട് ശ്രീകണ്ഠന്‍ നായര്‍ തന്റെ ആത്മകഥയില്‍. അതില്‍ തൊഴിലാളികള്‍ പൊലീസിനെ അങ്ങോട്ടു കയറി ആക്രമിച്ച കാര്യവും പറയുന്നുണ്ട്.
ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ടി വി കെ എഴുതിയ ടി വി തോമസ് ജീവചരിത്രത്തില്‍ കാണുന്നത് കെ കെ കുഞ്ഞന്റെ വിവരണമാണ്. (ടി വി കെ യുടെ പതിവു ശൈലിയില്‍ ഏതു പുസ്തകം ഏതു വര്‍ഷം എന്നൊന്നുമില്ല.) അതുപ്രകാരവും തൊഴിലാളികള്‍ അങ്ങോട്ടു കയറി ആക്രമിച്ച ഒരു കാര്യമില്ല. എണ്‍പതുകളുടെ മദ്ധ്യത്തില്‍ പോലും 1947 ല്‍ കെ സി ജോര്‍ജ് അവതരിപ്പിച്ച കള്ളത്തിന്റെ സ്വാധീനം നിലനിന്നു എന്നു വേണം ഇതില്‍നിന്നു കരുതാന്‍.
എന്തിനായിരുന്നു ഇങ്ങനെയൊരു കള്ളം കെ സി ജോര്‍ജ് അവതരിപ്പിച്ചത്? എളുപ്പത്തില്‍ പറയാവുന്ന ഒരു കാരണം 1947 ല്‍ പുസ്തകം ഇറങ്ങുമ്പോള്‍ പുന്നപ്ര വയലാറുമായി ബന്ധപ്പെട്ടുള്ള വിവിധ കേസുകള്‍ നടക്കുന്നുണ്ടായിരുന്നു എന്നതാണ്. എന്നാല്‍ 1956 ല്‍ ഈ പുസ്തകത്തിന് പുതിയൊരു എഡിഷനുണ്ടായിരുന്നു. അത് ആദ്യത്തെ എഡിഷനില്‍നിന്ന് ഒരു അധ്യായം കുറച്ചായിരുന്നു. പേജുകള്‍ ലാഭിക്കാനായിരുന്നു അങ്ങനെ ചെയ്തതെന്ന് കെ സി ജോര്‍ജ് ആ എഡിഷനുള്ള മുഖവുരയില്‍ പറയുന്നുണ്ട്. കേസ് ആയിരുന്നു ഈ നുണ പറയാന്‍ കാരണമെങ്കില്‍ ജോര്‍ജിന് അത് അന്നു തിരുത്താവുന്നതേയുണ്ടായിരുന്നുള്ളൂ. വേറൊരു സാധ്യത ഈ കലാപത്തെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുണ്ടായ പ്രചാരണങ്ങളാണ്. ഇന്നിപ്പോള്‍ പറയുക ഈ സംഭവം പാര്‍ട്ടിയുടെ സ്വാധീനം ജനങ്ങളില്‍ ആഴത്തില്‍ വേരോടുന്നതിനു കാരണമായി എന്നാണെങ്കിലും 1947 ല്‍ കെ സി ജോര്‍ജിന്റെ പുസ്തകത്തില്‍ കാണുന്നത്, അവകാശവാദങ്ങളല്ല, പരാതിയും പരിഭവവും മാത്രം. നാട്ടുകാര്‍ക്കെതിരായി കമ്യൂണിസ്റ്റുകള്‍ ഇങ്ങനെ പച്ചയ്ക്കു പരിഭവം പറയുമോ എന്നു ശങ്കിച്ചുപോവും അതു വായിച്ചാല്‍. പിന്നെ എക്കാലത്തും എന്ന പോലെ, മാധ്യമങ്ങള്‍ക്കെതിരെ. സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരെ. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ കമ്യൂണിസ്റ്റുകള്‍ക്കൊപ്പം നിന്ന നേതാക്കള്‍ക്കെതിരെ, കമ്യൂണിസ്റ്റുകളല്ലാത്ത ഇടതുപക്ഷക്കാര്‍ക്കെതരിരെ. ഒരു കുട്ട പരിഭവമാണ് കെ സി ജോര്‍ജ് ചൊരിയുന്നത്. ഏതായാലും ഒരു കാര്യം വ്യക്തമാണ്. സംഭവത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍ പാര്‍ട്ടിയോടുള്ള സമീപനം ജനങ്ങള്‍ക്കിടയില്‍ ഒട്ടും നല്ലതായിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇരുപതിനായിരം പേര്‍ പങ്കെടുക്കുന്ന പ്രകടനം നടത്തി തിരിച്ചുവരവ് നടത്തിയതൊക്കെ പതിവ് അവകാശവാദമാണെങ്കിലും 1948 ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒറ്റ സീറ്റില്‍പ്പോലും വിജയിക്കാനായില്ലെന്ന വാസ്തവം അവിടെയിരിക്കുന്നു. കെ സി ജോര്‍ജിന്റെ പുസ്തകത്തിന്റെ ആദ്യത്തെ എഡിഷന് ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ അവതാരികയില്‍ (ഇതു പിന്നീട് വിപുലീകരിച്ച എഡിഷനില്‍ ഒഴിവാക്കുകയും നമ്പൂതിരിപ്പാടിനെതിരായുള്ള ഒരു അധ്യായം എഴുതിച്ചേര്‍ക്കുകയും ചെയ്തു) വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുന്നപ്ര വയലാറിനെക്കുറിച്ചു പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകള്‍ ജനവിധി തേടുകയെന്നു പറഞ്ഞിരുന്നു. (പുറം ഒന്ന്, രണ്ട്, മൂന്ന്.) ജനങ്ങള്‍ക്കിടയില്‍ നല്ലപിള്ള ചമയാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ കെ സി ജോര്‍ജ് ഈ കള്ളം അവതരിപ്പിച്ചത്?
ഇതു മാത്രമല്ല, ഈ പുസ്കത്തിലെ പരിഹാസ്യമായ വൈരുധ്യങ്ങളെപ്പറ്റി ദശകങ്ങള്‍ക്കു മുമ്പുതന്നെ ശ്രീകണ്ഠന്‍ നായര്‍ തന്റെ ആത്മകഥയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം അതുപോലെ വിപുലീകരിച്ച എഡിഷനിലും കാണാം. പിടിച്ചെടുത്ത തോക്കുകളുടെ എണ്ണം ഒമ്പതാണെന്ന് ഒരിടത്തും ഏഴാണെന്നു മറ്റൊരിടത്തും പറയുന്നത്, (ഇതു ചിലരുടെ കണക്കു പ്രകാരം 16 വരെ ആവുന്നുണ്ട്) കന്നി 25ആം തിയ്യതി കോണ്‍ഗ്രസ് കമ്മിറ്റി കൂടി പൊതുപണിമുടക്കിന് പിന്തുണ നല്കുമെന്നു പറഞ്ഞതു നടക്കാത്തതിനാല്‍ അന്നു തന്നെ തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗം കൂടി ഗവണ്‍മെന്റിന്റെ ആക്രമണത്തെ നേരിടാന്‍ തീരുമാനിക്കുകയും ഇക്കാര്യം പാര്‍ട്ടിയുടെ പ്രൊവിന്‍ഷ്യല്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യുന്നതിന് അന്നുതന്നെ പത്രോസിനെ കോഴിക്കോട്ടേക്ക് അയക്കുന്നതും പത്രോസ് അന്നുതന്നെ കോഴിക്കോട്ടെത്തുന്നതിലെയും പരിഹാസ്യമായ വൈരുധ്യം- ഇവയെല്ലാം ശ്രീകണ്ഠന്‍ നായര്‍ ചൂണ്ടിക്കാണിക്കുന്നു.
സംഭവം കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞ് പുസ്തകം വിപുലീകരിച്ചെഴുതുമ്പോള്‍ മരണസംഖ്യയുടെ കണക്ക് എടുക്കുക എന്നത് അസാധ്യമാണെന്ന് ജോര്‍ജ് പറയുന്നുണ്ട്. പാര്‍ട്ടിയുടെ ഉത്തരവാദിത്വബോധം വ്യക്തമാക്കാന്‍ ഇതു മാത്രം മതി. എന്തേ ഇരുപത്തഞ്ചുകൊല്ലം മുന്‍പ് കണക്കെടുത്തു കൂടായിരുന്നോ? സംഭവം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിയും മുന്‍പു തന്നെ പാര്‍ട്ടിയുടെ സ്വാധീനശേഷി കൂടിയ മേഖലകളായി ചേര്‍ത്തലയും ആലപ്പുഴയും മാറിയിട്ടും അഞ്ഞൂറെന്നും ആയിരമെന്നുമൊക്കെ കൊട്ടക്കണക്കു പോലെ മരണസംഖ്യ പറയേണ്ടി വരുന്ന വിധത്തില്‍ നിരുത്തരവാദമായിരുന്നു പാര്‍ട്ടിയുടെ ഈ സംഭവത്തോടുള്ള സമീപനം. മേലെപ്പറഞ്ഞ വിധത്തില്‍ സംഭവത്തെക്കുറിച്ച് വലിയൊരു നുണ തന്നെ കൊണ്ടുനടന്ന കാലത്ത് വസ്തുതകള്‍ അറിയാന്‍ താത്പര്യം ഉണ്ടാവുകയില്ലെന്നത് സ്വാഭാവികം മാത്രം.
കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും ഒന്നാം ഭാഗം
കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം
സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂറിലെ പാര്‍ടി നേതാവും ആയിരുന്ന കെ സി ജോര്‍ജ് ഒരു പ്രത്യേക തരക്കാരനായിരുന്നു. സമരകാലത്ത് ഒരു ദിവസം എറണാകുളം ഓഫീസില്‍ ഒരാളിരിക്കുന്നതു ഞാന്‍ കണ്ടു. മുഷിഞ്ഞുനാറിയ വസ്ത്രങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ ധരിച്ചിരുന്നു. തങ്ങളുടെ നേതാവായ എം എ, എല്‍ എല്‍ ബി ക്കാരനാണ് അദ്ദേഹം എന്ന് എന്നെ പരിചയപ്പെടുത്തി. എനിക്ക് ആ മനുഷ്യനെ പിടിച്ചില്ല. അയാള്‍ എഴുന്നേറ്റു നടന്നപ്പോള്‍ എനിക്ക് കൂടുതല്‍ കുഴപ്പം തോന്നി. അയാള്‍ മുടന്തനായിരുന്നു. ഇദ്ദേഹം തിരുവിതാംകൂറിലെ എല്ലാ പാര്‍ട്ടിയിലും പെട്ട ആളുകളുടെ പ്രയിപ്പെട്ട നേതാവായിരുന്നു. ഇദ്ദേഹം സ്വയം ഒരു നേതാവാണെന്നു ഭാവിച്ചില്ല. എന്നാല്‍, ജനങ്ങള്‍ ഇദ്ദേഹത്തെ നേതാവായി അംഗീകരിച്ചു. എല്ലാവരും മോഡേണ്‍ ഹോട്ടലിലും സുഗുണവിലാസത്തിലും ആഹാരം കഴിച്ചപ്പോള്‍ ഈ സഖാവ് ഒന്നരയണയ്ക്കു ഊണുകിട്ടുന്ന ഹോട്ടല്‍ തിരക്കിനടക്കുകയായിരുന്നു. സഖാവ് ജോര്‍ജിനോടുള്ള എന്റെ മമത പരിചയംകൊണ്ടു വര്‍ദ്ധിച്ചു. സഖാക്കള്‍ ഭാസി, സി എസ്, എം എന്‍ തുടങ്ങിയവരെയും ഞാന്‍ കണ്ടുമുട്ടി. (ഏ കെ ഗോപാലന്‍, എന്റെ ജീവിതകഥ, തിരുവിതാംകൂര്‍ സമരം എന്ന അദ്ധ്യായത്തില്‍നിന്ന്.)
വ്യക്തിപരമായി ഒരു കാര്യത്തിലും മുന്‍കൈ എടുത്തില്ലെങ്കിലും പാര്‍ട്ടിക്ക് വളരെ പ്രയോജനമുള്ള നേതാവായിരുന്നു കെ സി ജോര്‍ജ്. അദ്ദേഹത്തിന് പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ബഹുമാനമായിരുന്നു. വ്യഭിചാരമില്ല, കള്ളുകുടിയുമില്ല, ഒരു വൃത്തികേടുമില്ല. അദ്ദേഹം എത്തുമ്പോള്‍ ഇരിക്കുന്ന ആളുകള്‍ എണീക്കും. (ജി യദുകുലകുമാര്‍ കെ വി പത്രോസ്- കുന്തക്കാരനും ബലിയാടും എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന വര്‍ഗ്ഗീസ് വൈദ്യനുമായുള്ള അഭിമുഖത്തില്‍നിന്നും.)
കൊച്ചിയില്‍ ഒളിവുജീവിതം നയിക്കുന്ന കാലത്ത് ഇദ്ദേഹം അവിടെ ആരെയെങ്കിലും പാര്‍ട്ടിയിലേക്കു കൊണ്ടുവന്നതായി പോലും പറയുന്നില്ല. ഇദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ടി വി തോമസ് അവിടെ വന്നു താമസിക്കാന്‍ തുടങ്ങിയതിനുശേഷമാണ് മഹാരാജാസ് കോളെജിലെ കുറെ വിദ്യാര്‍ത്ഥികളുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയതെന്നു പറഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ കുറ്റിയടിച്ചുകൂടിയ കാലത്ത് ഇദ്ദേഹം തിരുവിതാംകൂറിലേക്കു തീരെ പോയിട്ടില്ലെന്നു പറഞ്ഞുകൂടാ. ഒരിക്കല്‍ പോയി, കൃഷ്ണപിള്ള പറഞ്ഞതുപ്രകാരം. ഇദ്ദേഹം കോഴിക്കോട്ട് ജാപ്പുവിരുദ്ധ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന 1942-44 കാലം. ജപ്പാന്‍കാര്‍ വന്നാല്‍ മാലയിട്ടു സ്വീകരിക്കുമെന്ന് സി പി രാമസ്വാമി അയ്യര്‍ പറഞ്ഞതായി വാര്‍ത്തവന്നിരുന്നത്രെ. ഈ വാര്‍ത്ത തിരുവിതാംകൂറിലെ ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം പ്രചരിച്ചിട്ടുണ്ടെന്നു നോക്കിവരാനായാണ് തിരുവിതാംകൂറില്‍ ഒന്നു ചുറ്റണമെന്ന് കൃഷ്ണപിള്ള ഇദ്ദേഹത്തോടു പറഞ്ഞതത്രെ. കെ സി ജോര്‍ജ് ഒന്നു ജയിലു കേറുകയെങ്കിലും ചെയ്യട്ടെയെന്ന് കൃഷ്ണപിള്ള ഉദ്ദേശിച്ചിരുന്നോ എന്തോ. വെളുത്തമുണ്ടും കാക്കിക്കുപ്പായവും തോര്‍ത്തുകൊണ്ട് തലയിലൊരു കെട്ടുമായി ഇദ്ദേഹം "ഒളിവില്‍ ഒരു യാത്ര" നടത്തി. സാധാരണക്കാര്‍ കയറുന്ന ചായക്കടകളിലും വണ്ടിയിലും മറ്റുമുള്ള സംഭാഷണം കേട്ട് ഇദ്ദേഹത്തിന് അറിയേണ്ട വിവരങ്ങള്‍ ലഭിച്ചു. വഴിയില്‍ ഒരാള്‍ ഇദ്ദേഹത്തെ പിന്തുടരുന്നു. ബസ്സിലിരുന്നു ശ്രദ്ധിക്കലും ഇദ്ദേഹമിറങ്ങിയിടത്ത് ഇറങ്ങലും ചെല്ലുന്നിടത്തെല്ലാം ചെല്ലലും. ഇതു വിവരിക്കുമ്പോഴും സി ഐ ഡി പല്ലവിയുണ്ട്. കുറെ ആലോചിച്ചപ്പോള്‍ ആളെപിടി കിട്ടിയത്രെ. പഴയ സഹപാഠി. ഇങ്ങനെ സി ഐ ഡി നാടകമെല്ലാം എഴുതുമ്പോള്‍ വിശ്വാസ്യതവേണമെന്ന നിര്‍ബന്ധം പോലുമില്ല ജോര്‍ജിന്.
"കൊച്ചിയെ സംബന്ധിച്ചിടത്തോളം ഒരു അഭയാര്‍ത്ഥിയായും തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ഒരു പിടികിട്ടാപ്പുള്ളിയായി ഒളിവിലും ഞാന്‍ ഒന്നൊന്നരക്കൊല്ലത്തോളം എറണാകുളത്തു കഴിച്ചുകൂട്ടിയ കാലത്തെ ജീവിതത്തെപ്പറ്റി അല്പമെങ്കിലും അറിഞ്ഞെങ്കില്‍ മാത്രമേ ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ ശരിയായി വിലിയിരുത്താന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഞാന്‍ എറണാകുളം ക്യാമ്പിലേക്കു മടങ്ങുകയാണ്."
ഈ ലൈനിലൊക്കെയാണ് വാചകമടി. പക്ഷേ ആ 'മടക്കം' വല്ലാതെ നിരാശപ്പെടുത്തുമെന്നുമാത്രം. സീതീസ് ബില്‍ഡിങ് ഒരു ക്യാമ്പായിമാറി. തിരുവിതാംകൂറിന്റെ നാനാഭാഗത്തുനിന്നും കോണ്‍ഗ്രസ്സിലെ സജീവപ്രവര്‍ത്തകരായ യുവാക്കള്‍ ഓഫീസില്‍ വന്നുകൊണ്ടിരുന്നു. അവിടെ ഇദ്ദേഹവും ബഷീറും സ്ഥിരതാമസക്കാരായും പിന്നെ അടിക്കടി വരുന്നവരായി കെ ദാമോദരനും ടി എം രാഘവനും പിന്നീട് ടി വി തോമസും ഉണ്ടായിരുന്നു. "ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ ശരിയായി വിലിയിരുത്താന്‍" "ഒന്നൊന്നരക്കൊല്ലത്തോളം എറണാകുളത്തു കഴിച്ചുകൂട്ടിയ കാലത്തെ ജീവിതത്തെപ്പറ്റി"വിശദീകരിക്കാന്‍ എറണാകുളം ക്യാമ്പിലേക്കു മടങ്ങിയ ഇദ്ദേഹം മേല്പറഞ്ഞ ക്യാമ്പ് വിശേഷം മൂന്നോ നാലോ വാക്യം പറഞ്ഞതൊഴിച്ചാല്‍ പിന്നെ മൂന്നു ഖണ്ഡികയില്‍ പറയുന്നത് പോക്കുമുതലാളിയുടെ ഹോട്ടലിലെ ചോറ്, മീന്‍കറി എന്നിവയെപ്പറ്റിയും അവിടെ ഇവര്‍ പറ്റുസൂക്ഷിക്കുന്നതിനെപ്പറ്റിയുമാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇതാണ് ഈ ആത്മകഥയുടെ വിശേഷം. പ്രക്ഷോഭപരിപാടികളെപ്പറ്റി പറയുന്നതിലും വായനാസുഖം ചോറും മീന്‍കറിയും പകര്‍ച്ചയും, ആഴ്ചയിലൊരിക്കലോ അതില്‍ക്കൂടുതലോ കാണുന്ന സിനിമയും നല്കുമെന്നതില്‍ സംശയമില്ല. ശ്രീകണ്ഠന്‍ നായരുടെ ഡബിള്‍ റേഷന്‍ വിട്ടുപോയിട്ടില്ല. കുറ്റം പറയരുതല്ലോ, ഉള്ളപ്പോള്‍ അങ്ങനെ തിന്നുമെങ്കിലും ഇല്ലാത്തപ്പോള്‍ മുണ്ടുമുറുക്കി പട്ടിണി കിടക്കാന്‍ ശ്രീകണ്ഠന് ഒരു പ്രയാസവുമുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം വകവെച്ചുകൊടുക്കുന്നുണ്ട്. മുറ്റമടിക്കാനും മറ്റുള്ളവര്‍ ഇട്ടഴിച്ചിട്ടുപോയ കുപ്പായവും മുണ്ടും അലക്കാനും ജോര്‍ജിനും മടിയുണ്ടായിരുന്നില്ലെന്നതും ഓര്‍ക്കാം. സിനിമയ്ക്കു പോവുന്നതും കരിഞ്ചന്ത ടിക്കറ്റ് വാങ്ങാന്‍ നോക്കി കബളിപ്പിക്കപ്പെട്ടതും മൂന്നുനാലു പേജില്‍ വിവരിച്ചയുടനെ ഒരു പോക്കറ്റടി സംഭത്തെപ്പറ്റി മൂന്നദ്ധ്യായങ്ങളിലായി പത്തുപത്തര പേജില്‍ ഉപന്യസിച്ചിട്ടുണ്ട് ഇദ്ദേഹം. (മനോരമ ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: വന്നതാണ് സാധനം. വായനക്കാരെക്കൂടി പരിഗണിക്കേണ്ടേ, വിപ്ലവം മാത്രം പോരല്ലോ.) സ്ഥാനമോഹിയെന്ന് ഇദ്ദേഹം ആക്ഷേപിക്കുന്ന ശ്രീകണ്ഠന്‍നായരുടെ ആത്മകഥ വായിച്ചുനോക്കിയിരുന്നെങ്കില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ആത്മകഥ എങ്ങനെയിരിക്കണമെന്ന് മനസ്സിലാക്കാമായിരുന്നു ഇദ്ദേഹത്തിന്. കുറച്ചൊക്കെ പൊങ്ങച്ചം മാറ്റിവെച്ചാല്‍ ബാക്കി മുഴുവന്‍ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭത്തിന്റെയും ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെയും ചരിത്രമാണ് ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞ കാല ചിത്രങ്ങള്‍ എന്ന പേരില്‍ എഴുതിയത്.
എറണാകുളത്തുവെച്ച് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ഇടതുപക്ഷം ഉണ്ടാക്കുന്നതിനുള്ള ഒരു യോഗം നടത്തി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശമായിരുന്നു ഇത്. യോഗം വിളിച്ചുകൂട്ടുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ടി വി തോമസ് ആകയാല്‍ തോമസ് ആയിരിക്കും സെക്രട്ടറി എന്നായിരുന്നു എല്ലാവരുടെയും ധാരണ. പക്ഷേ സെക്രട്ടറിയായി കെ സി ജോര്‍ജ് നിര്‍ദ്ദേശിച്ചത് എം എന്‍ ഗോവിന്ദന്‍നായരെ. നായരാവട്ടെ യോഗത്തില്‍ പങ്കെടുക്കാത്ത ആളും. ടി വി തോമസിനെപ്പറ്റി പറയുന്നതില്‍ പലയിടത്തും മുള്ളുണ്ട്. ആലപ്പുഴയിലെ കന്നിട്ടയിലെ തൊഴിലാളി യൂനിയന്റെ വാര്‍ഷികത്തെപ്പറ്റി ആലോചിക്കുന്നതിന് പത്രോസും മാത്യുവുമെല്ലാം എറണാകുളത്തു വരുന്നു. ടി വി തോമസിനെ ആ യൂനിയന്റെ പ്രസിഡണ്ടാക്കണം എന്ന നിര്‍ദ്ദേശവുമായിട്ടാണത്രെ അവര്‍ വന്നത്. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം തനിക്കിഷ്ടമല്ലെന്നാണ് ടി വിയുടെ നിലപാട്. പക്ഷേ അവര്‍ക്കു നിര്‍ബന്ധം, ടി വി തന്നെ വേണമെന്ന്. "പല ന്യായങ്ങള്‍ പറഞ്ഞ് അതില്‍നിന്ന് ഒഴിഞ്ഞു മാറാനായിരുന്നു ടി വിയുടെ ശ്രമം. അവസാനമായി അതൊരു തീരുമാനമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ എങ്കില്‍പ്പിന്നെ എനിക്കൊന്നും പറയാനില്ലെന്നു പറഞ്ഞ് ടി വി അതു സ്വീകരിക്കുകയാണു ചെയ്തത്." അങ്ങനെ ടി വിയെ എറണാകുളത്തുനിന്ന് ജോര്‍ജ് പറഞ്ഞുവിടുന്നു. ടി വി യല്ലേ ആള്‍. അങ്ങോര്‍ ആലപ്പുഴപോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആലപ്പുഴ കയര്‍ വര്‍ക്കേഴ്സ് യൂനിയന്റെകൂടി പ്രസിഡന്റായി. "ടി വി തോമസിനെ അന്ന് നിര്‍ബന്ധിച്ച് സ്വീകരിപ്പിച്ചില്ലായിരുന്നെങ്കില്‍ ടി വിയുടെ ആ പ്രത്യേക കഴിവ് ആരുമറിയാതെ പോകുമായിരുന്നില്ലേ എന്ന് എനിക്കു തോന്നിയിട്ടുണ്ട്." ഇക്കാര്യം പില്‍ക്കാലത്ത് ടി വി തോമസിനോടു പറയുകയും തോമസിന്റെകൂടി അപ്രൂവല്‍ നേടുകയും ചെയ്തു ഇദ്ദേഹം. പൊലീസിനും സി പി യ്ക്കും മുമ്പില്‍ കുലുങ്ങാതെ ഉറച്ചു നില്‍ക്കുന്ന തന്റെ ചിത്രത്തില്‍ വാരിക്കോരി ചായം പൂശുന്ന ഇദ്ദേഹം മറ്റുള്ളവരെ പേടിക്കുടലന്മാരായി വരച്ചുവെച്ചിട്ടുമുണ്ട്. ഒരു ദിവസം എറണാകുളത്ത് ഇവര്‍ താമസിക്കുന്ന സീതി ബില്‍ഡിങ്ങില്‍ പൊലീസുദ്യോഗസ്ഥന്റെ വേഷം ധരിച്ച ഒരാള്‍ വന്ന് ജോര്‍ജിനെ തിരക്കുന്നു. ഇയ്യാളെ കണ്ടപാടെ അവിടെയുണ്ടായിരുന്ന വറുഗ്ഗീസ് വൈദ്യനും ശ്രീകണ്ഠന്‍ നായരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതും ഉരുണ്ടുപെരണ്ടു വീണതും (ഇരുവരും പരസ്പരം ആരോപിച്ചതാണിത്) ഇദ്ദേഹം രസകരമായി വിവരിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥന്‍ ജോര്‍ജിന്റെ സുഹൃത്തായ പട്ടാള ആപ്പീസറായിരുന്നുവത്രെ. ഈ ആപ്പീസര്‍ ജോര്‍ജിനെ നഗരത്തില്‍ പരക്കെ അന്വേഷിച്ചിട്ടും ആരും അദ്ദേഹത്തെപ്പറ്റി പറഞ്ഞുകൊടുത്തില്ലത്രെ. അത്രയ്ക്കു കൂറായിരുന്ന എറണാകുളത്തെ ജനത്തിന് ഇദ്ദേഹത്തോടെന്ന്. അങ്ങനെ അന്വേഷിച്ചലഞ്ഞാണ് ഒടുക്കം ആ സുഹൃത്തായ ആപ്പീസര്‍ ജോര്‍ജിന്റെയടുക്കല്‍ എത്തിയത്. ഈ കഥ പറയുമ്പോള്‍ ഒരു കാര്യം ജോര്‍ജ് തുറന്നു പറയുന്നുണ്ട്. താന്‍ എറണാകുളത്ത് യാതൊരു പൊതുജനസമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്ന്. "എറണാകുളത്ത് സമരമൊക്കെ ഒടുങ്ങിയതുകൊണ്ട്" "എറണാകുളത്തുകാരോട് തനിക്കുണ്ടായ മുന്‍വിധി" തിരിച്ചറിയുകയാണ് ജോര്‍ജ്. നല്ല കമ്യൂണിസ്റ്റ്. (പുറം 465)
എറണാകുളത്തെ അലസമായ ഒളിവുജീവിതം ഇദ്ദേഹത്തിനു പിന്നീട് വലിയ നാണക്കേടു തോന്നിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. കാരണം വീണ്ടും ഇതേ കാര്യങ്ങള്‍ ആത്മകഥയില്‍ ആവര്‍ത്തിക്കുന്നുണ്ട്.
"എന്റെ ചുറ്റുപാടിനെപ്പറ്റി എനിക്കുണ്ടായിരുന്ന മുന്‍വിധിയും മനോനിഷ്ഠമായ സമീപനവും മൂലമാണ് എറണാകുളത്തെ ജനങ്ങളുമായി ബന്ധപ്പെടുന്നതിന് എനിക്കു കഴിയാതെ പോയതെന്ന് അല്പം വൈകി മാത്രമാണു മനസ്സിലായത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് ഉണ്ടായിക്കൂടാത്ത ഒരു വലിയ തെറ്റാണ് എനിക്കു പറ്റിയത്." (പുറം 476)
ആദ്യകാലത്ത് ജാതി, സമുദായ സ്വാധീനമുള്ളതാണ് രാഷ്ട്രീയം എന്നു പറഞ്ഞു മാറിനിന്നു. പിന്നീട് ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലഘട്ടം എറണാകുളത്തുകാര്‍ കൊള്ളരുതാത്തവര്‍ എന്നു പറഞ്ഞ് പകര്‍ച്ചകഴിച്ചും വാചകമടിച്ചും കഴിച്ചു. എങ്കിലെന്ത്? നേതാവാവാന്‍ ഇതൊന്നും പ്രതിബന്ധമല്ലല്ലോ. മലബാറില്‍ ഉണ്ടുറങ്ങിയും സിദ്ധാന്തം പഠിച്ചും ഒളിവുജീവിതം നയിച്ച ഇ എം എസ്സ് ഇതിനു മറ്റൊരുദാഹരണം.
തന്റെ ലാളിത്യമാകുന്ന ഔന്നത്യം വെളിവാക്കുന്ന കുറെ ഉദാഹരണങ്ങള്‍ ഇദ്ദേഹം കൊടുക്കുന്നത് വളരെ അരോചകമായി അനുഭവപ്പെട്ടു. ഇദ്ദേഹവും സുഹൃത്തായ വി. അച്യുതമേനോനും എറണാകുളത്ത് ഒരു റോഡിലൂടെ നടക്കുകയാണ്. ഒരു ചെറുപ്പക്കാരന്‍ ഒരു കേന്‍വാസ് ചാരുകസേരയും വില്പനയ്ക്കുവെച്ചിരിക്കുന്നത് കണ്ട് ജോര്‍ജ് അതിന്റെ വില ചോദിച്ചു. "യജമാനനിഷ്ടമുള്ളതു തന്നാല്‍ മതി" എന്നായിരുന്നു മറുപടി.
"പെട്ടെന്നെന്റെ ഭാവം മാറി. ആരെന്നാ പറഞ്ഞത്? യജമാനനെന്നോ?" ഞാന്‍ ശബ്ദമുയര്‍ത്തി ദേഷ്യഭാവത്തില്‍ ചോദിച്ചു. അയാള്‍ ആകെ പരുങ്ങി എന്റെ കണ്ണിലേക്കു തുറിച്ചുനോക്കിക്കൊണ്ട് നില്ക്കുകയാണ്... "നിങ്ങളെന്നെ അറിയുമോ? ഞാനാരാണെന്നാ വിചാരിച്ചത്? യജമാനന്‍ പോലും!" അയാള്‍ എന്തോ വലിയ അബദ്ധം പറ്റിയതുപോലെ ക്ഷമാപണരൂപത്തില്‍, എനിക്കറിഞ്ഞുകൂടാ എന്നു പറഞ്ഞപ്പോള്‍, "വഴിയേ പോകുന്ന എമ്പോക്കികളെയൊക്കെ യജമാനന്‍ എന്നു വിളിക്കാന്‍ നാണമില്ലല്ലോ. നിങ്ങള്‍ക്കാരാണ് യജമാനന്‍? സ്വതന്ത്രമായി സ്വന്തം ജോലിചെയ്തുജീവിക്കുന്ന നിങ്ങള്‍ എന്തിനാണ് മറ്റുള്ളവരെ യജമാനന്‍ എന്നുവിളിക്കുന്നത്? ഇതു നിറുത്തണം കേട്ടോ."
ഭാഗ്യത്തിന് ഈ പെര്‍ഫോമന്‍സ് സുഹൃത്തായ അച്യുതമേനോനില്‍ ഉളവാക്കിയ തോന്നല്‍ കൂടി ജോര്‍ജ് പറയുന്നുണ്ട്. നേരംപോക്കിനുള്ള ഒരഭിനയമായിരുന്നു അതെന്നാണ് അങ്ങോര്‍ക്കു തോന്നിയതത്രെ. (പുറം 470) വക്കീലായിരിക്കെ ആപ്പീസില്‍ കാണാന്‍ വരുന്നവരും ഗുമസ്തന്മാരും ഇദ്ദേഹം പുറത്തുപോകുമ്പോഴും അകത്തു വരുമ്പോഴും എഴുന്നേറ്റുനിന്ന് ബഹുമാനിക്കുന്നത് കാരണം പ്രാക്റ്റീസ് നിറുത്താന്‍പോവുകയാണെന്ന് മുഖ്യഗുമസ്തനായ പാച്ചുപ്പിള്ളയോട് പറയുന്നത് വിശദമായി വര്‍ണ്ണിക്കുന്നതാണ് ഇതുപോലെ പല്ലുപുളിക്കുന്ന മറ്റൊരു വിനയപ്രകടനം. "ഞാനിതിനുമുമ്പ് പല വക്കീല്‍ ഓഫീസിലും ഇരുന്നിട്ടുണ്ട്. അവിടെയെല്ലാം ഇതില്ലെങ്കിലാണ് പരാതി. ഇവിടുന്ന് അതിഷ്ടപ്പെടുന്നില്ലെങ്കില്‍ അതിനിയും ഉണ്ടാവുകയില്ല" എന്നു പാച്ചുപ്പിള്ളയെക്കൊണ്ടു പറയിച്ചേ ഇദ്ദേഹത്തിന്റെ വിനയം തൃപ്തിയടയുകയുള്ളൂ. (പുറം 471)
രസകരമായൊരു സംഭവം സ്വയം വിമര്‍ശനം എന്നു പേരിട്ട അദ്ധ്യായത്തില്‍ വിവരിക്കുന്നു. തമ്പ്രാന്‍ കമ്യൂണിസ്റ്റും അടിയാന്‍ കമ്യൂണിസ്റ്റും തമ്മിലുള്ള അന്തരമാണ് അതില്‍. 1948-49 കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാടുമൊത്ത് ഒളിവില്‍ കഴിയുമ്പോള്‍ ചൊവ്വരയിലെ ഒരില്ലം രണ്ടുമൂന്നാഴ്ച ഷെല്‍റ്റര്‍ ആയി ഉപയോഗിച്ചതിനെപ്പറ്റിയാണത്. ജോര്‍ജിനെ ആ ഇല്ലത്തിനടുത്തൊരു അടിയാന്റെ വീട്ടിലാണ് താമസിപ്പിച്ചത്. നമ്പൂതിരിപ്പാടിനെ മറ്റൊരിടത്തും. അടിയാന്‍ അയ്യപ്പനും ജോര്‍ജും തമ്മില്‍ മങ്ങിയ നിലാവുള്ള ഒരു രാത്രി കുടിലിന്റെ മുറ്റത്തുവെച്ചു നടന്ന സംഭാഷണത്തിലെ ഒരു ഭാഗം ഇതാ.
"എന്റെ അടുത്ത ചോദ്യം: ഞാനാരാണെന്നു വല്ലവരും പറഞ്ഞോ എന്നായിരുന്നു. അയ്യപ്പന്‍ ഒന്നു മടിച്ചിട്ട്, പേരൊന്നും പറഞ്ഞില്ല. ഒരു കമ്യൂണിസ്റ്റാണ്, വലിയ ആളാണ് എന്നുമാത്രം പറഞ്ഞു. അല്പം നിര്‍ത്തീട്ട്, കൊച്ചുതമ്പുരാനും കമ്യൂണിസ്റ്റാ എന്നുകൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളോ? അയ്യപ്പന്റെ മറുപടി പെട്ടെന്നായിരുന്നു. ആണെ. അടിയങ്ങളും അതാണെ എന്നായിരുന്നു. ആ മറുപടി ആത്മധൈര്യം തുളുമ്പുന്നതായിരുന്നെന്ന് എനിക്കു തോന്നി."
തുടര്‍ന്ന് ജോര്‍ജ് അയ്യപ്പനെ ഉദ്ബോധിപ്പിക്കുന്നു. കള്ളി, മാടം, കരിക്കാടി, അടിയന്‍ എന്നീ പദങ്ങളൊക്കെ നിരോധിക്കുന്നു.
എറണാകുളത്തെ റിക്ഷാതൊഴിലാളികളെ ജോര്‍ജ് സംഘടിപ്പിച്ചു എന്നൊക്കെ പലയിടത്തും കാണുന്നുണ്ട്. കഥയെന്താണെന്ന് ജോര്‍ജു തന്നെ പറയുന്നുണ്ട്. തിരുവിതാംകൂറില്‍നിന്നു ക്രിമിനല്‍ കേസില്‍പ്പെട്ട് ഒളിച്ചോടിയെത്തിയവരാണ് എറണാകുളത്തെ റിക്ഷാക്കാര്‍ കൂടുതലുമത്രെ. തന്നെപ്പോലെ തന്നെ എന്നു ജോര്‍ജ്. റെയില്‍വേ സ്റ്റേഷനിലും ബോട്ടുജെട്ടിയിലുമുള്ള കുറെപ്പേരെ കണ്ടു സംസാരിച്ചു. ഒരു യോഗം വിളിച്ചു. പതിനഞ്ചു പേര്‍. അടുത്ത യോഗത്തിന് അഞ്ച്. അതും ആദ്യം വന്നവരല്ല.
"എന്റെ ആ പരിപാടി പരാജയമടഞ്ഞു എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ," എന്നു ജോര്‍ജ് തന്നെ പറയുന്നുണ്ടെങ്കിലും തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ദേഹത്തിന് എറണാകുളത്തെ ജീവിതത്തിന്നിടയില്‍ എന്തെങ്കിലും പൊതുജനപ്രവര്‍ത്തനം നല്കേണ്ടേയെന്ന് അനുയായികള്‍ക്കു തോന്നിയതുകൊണ്ടാവണം ഇദ്ദേഹം റിക്ഷാതൊഴിലാളികളെ സംഘടിപ്പിച്ചു എന്നൊരു കഥയുണ്ടായത്. (പുറം 477-480)
ഇദ്ദേഹം വീരോചിതമായി പൊരുതിയ ഒരു കാര്യം തോര്‍ത്തും സോപ്പും പൊതുവായി ഉപയോഗിക്കുന്നതിനെതിരായാണ്.
തോര്‍ത്തും സോപ്പും പൊതുവായി ഉപയോഗിക്കുന്നത് സൌഹൃദത്തിന്റെയും സഹകരണത്തിന്റെയും ഒരു ചിഹ്നമായിപ്പോലും യുവാക്കള്‍ കരുതുന്നതായിട്ട് ഹോസ്റ്റല്‍ ജീവിതത്തിലും മറ്റും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സൌകര്യവും സന്ദര്‍ഭവും ലഭിക്കുമ്പോഴെല്ലാം ഞാന്‍ അതിനെതിരെ പ്രചരണം നടത്താറുണ്ട്. അതിലൊന്ന് 1944-ല്‍ കോഴിക്കോട്ടു പാര്‍ട്ടി ഓഫീസില്‍ വച്ചാണ് നടന്നത്.
അതൊരു സംഭവം തന്നെ. പാര്‍ട്ടി ആപ്പീസാണെങ്കിലും സ്വന്തമായി ഒരു മുറി പൂട്ടും താക്കോലുമായി കൈവശം വെയ്ക്കുന്ന നേതാവ് നനഞ്ഞ തോര്‍ത്തുമാത്രം മുറിക്കുപുറത്ത് ഒരു അയയില്‍ ഇടും. ഒരിക്കല്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ തോര്‍ത്ത് മറ്റാരോ ഉപയോഗിച്ചതായി മനസ്സിലായി. തുടര്‍ന്ന് അന്വേഷണമായി. അവസാനം പുള്ളിയെ പിടിച്ചു. കോപാകുലനായി ജോര്‍ജ് അയാളോട് പറയുകയാണ്.
"ഞാന്‍ ആരെന്ന് നിങ്ങള്‍ക്കറിയാമോ? ... എനിക്ക് സിഫിലിസോ ഗൊണേറിയയോ ഇല്ലെന്നോ ഉണ്ടെന്നോ നിങ്ങള്‍ക്കറിയാമോ? അവിടെല്ലാമിട്ടു തോര്‍ത്തുന്ന മുണ്ട് നിങ്ങള്‍ നിങ്ങളുടെ മുഖത്തിട്ടു തോര്‍ത്തും. പോരെ... നമ്മുടെ ഇത്തരം ദുശ്ശീലങ്ങളെപ്പറ്റി ഞാന്‍ പിന്നെയും അല്പം കൂടി സംസാരിച്ചുകഴിഞ്ഞപ്പോള്‍ സി എം (സി എം കുഞ്ഞുരാമന്‍ നായര്‍ എന്ന ഓഫീസ് സെക്രട്ടറി) വളരെ കാര്യമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചു. "കെ സി ഈ വിഷയത്തെപ്പറ്റി ഒരു പുസ്തകമെഴുതണം. വളരെ അത്യാവശ്യമാണ്."
ഭാഗ്യവശാല്‍ വൃഷണവും മുഖവും തോര്‍ത്തുന്ന മുണ്ടിനെപ്പറ്റി ഒരു ഗ്രന്ഥം കെ സി ജോര്‍ജ് രചിച്ചിച്ല. എന്‍ സി ശേഖറിന്റെ കോണകത്തില്‍നിന്നു മുറിച്ചെടുത്ത തുണ്ടുകള്‍കൊണ്ട് എണ്ണപുരട്ടി ദോശ ചുട്ടപ്പോള്‍ പക്ഷേ ഇദ്ദേഹം ശേഖറിനെ കോണം ചെറുതായാലും പാര്‍ട്ടി വളരുന്നുണ്ടല്ലോ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കുഞ്ഞനന്തന്‍ നായര്‍ ഓര്‍ക്കുന്നുണ്ട്.
തിരുവിതാംകൂറില്‍നിന്നുള്ള കെ പി സി സി അംഗമായി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു, വമ്പിച്ച ഭൂരിപക്ഷത്തോടെ. തോല്പിച്ചത് ജി രാമചന്ദ്രനെ. അതിനെപ്പറ്റി ജോര്‍ജു തന്നെ പറയുന്നത് ഇങ്ങനെ:
"ഞാന്‍ ഒന്നും ചെയ്തില്ല. ഒന്നും അറിഞ്ഞുമില്ല. ആരൊക്കെയോ എന്തൊക്കെയോ ചെയ്തു. ഞാന്‍ ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു എന്നുള്ള വിവരമാണ് എനിക്കു ലഭിച്ചത്.
അറസ്റ്റ് കൊടുക്കാതെയുള്ള എന്റെ എറണാകുളത്തെ താമസം നീണ്ടുപോകുന്നതുകൊണ്ട് രാഷ്ട്രീയരംഗത്തുള്ള എന്റെ വിലയിടിയുമെന്നുള്ള എന്റെ ഭയം തെറ്റായിരുന്നു എന്നും എനിക്കു വ്യക്തമാക്കിത്തന്ന സംഭവമായിരുന്നു അത് എന്ന് ജോര്‍ജ് ഈ വിജയത്തെ വിലയിരുത്തുന്നുണ്ട്.
വൈകാതെ അറസ്റ്റ് സംഭവിക്കുകയും ചെയ്തു. പൊന്നാനിയിലേക്ക് ഒരു സ്റ്റഡി ക്ലാസ് നടത്താന്‍ കമ്യൂണിസ്റ്റ് സാഹിത്യവും കക്ഷത്തുവെച്ചു പോവുമ്പോഴാണ് തിരുവിതാംകൂര്‍ പൊലീസിന്റെ പിടിയിലാവുന്നതും പിന്നീട് കുറെക്കാലം വിവിധ ലോക്കപ്പുകളില്‍ സുഖവാസം നടത്തേണ്ടിവരുന്നതും. പറവൂരിനടുത്തുനിന്ന് അറസ്റ്റ് ചെയ്തു കാറില്‍ നാടെല്ലാം കറക്കി, പല ലോക്കപ്പുകളില്‍ പാര്‍പ്പിച്ച്, പൊലീസുവക സല്‍ക്കാരമെല്ലാം നല്കി, കമ്യൂണിസ്റ്റ് രഹസ്യ സംഘടനയുടെ ഗൂഢാലോചനക്കാരനായ നേതാവെന്നു ലേബലും കൊടുത്ത് ജോര്‍ജിനെ പ്രതിഷ്ഠിക്കുന്നത് തിരുവിതാംകൂര്‍ ഭരണകൂടമാണെന്നു തോന്നും. കയ്യിലുള്ള എന്തോ പീറസാഹിത്യത്തിന്റെ പേരിലാണ് കമ്യൂണിസ്റ്റ് ഗൂഢാലോചനക്കാരനെന്ന ലേബല്‍ സി പി രാമസ്വാമി അയ്യര്‍ തന്നെ നിയമസഭയിലെ പ്രസ്താവനവഴി ജോര്‍ജിന് നല്കുന്നത്. പോരെങ്കില്‍ ജോര്‍ജിനെതിരെയുള്ള സി പിയുടെ പ്രസ്താവനയ്ക്കു മറുപടി ഗാന്ധി വകയും. സി പി ജോര്‍ജിനെ തന്തയില്ലാത്തവനെന്നു വിളിച്ചെന്നാണ് പറയുന്നത്. പക്ഷേ, ജോര്‍ജിനെ വളരെ കരുതലോടെയാണ് സി പി കൊണ്ടുനടന്നത്. ലോക്കപ്പിനുള്ളില്‍ കട്ടില്‍, പായ, ബീഡി ഇതൊക്കെ നല്കിയിരുന്നു. അതേസമയം മറ്റുള്ളവരുടെ കാര്യമോ? തിരുവനന്തപുരത്ത് ലോക്കപ്പില്‍ എത്തുമ്പോള്‍ അവിടെ ഒമ്പതു മാസമായി ലോക്കപ്പില്‍ നരകതുല്യമായി കഴിയുന്ന നാലു കോണ്‍ഗ്രസ്സുകാരെയാണ് ജോര്‍ജ് കാണുന്നത്. ജോര്‍ജ് പക്ഷേ അവിടെ ഒരു ദിവസം മാത്രം കഴിച്ചുകൂട്ടുന്നേയുള്ളൂ. പൊലീസ് കമ്മീഷനറായ കരീം സാഹിബ് ഇദ്ദേഹത്തെ തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ വന്ന് കാണുന്നുണ്ട്. ജോര്‍ജിനു പനിയുണ്ടെന്നു പറഞ്ഞപ്പോള്‍ അതു മലബന്ധംകൊണ്ടായിരിക്കുമെന്നു പറഞ്ഞതിന്റെ പേരില്‍ കരീം സാഹിബ്ബിനോടു തട്ടിക്കയറുന്നു ജോര്‍ജ്. അടുത്ത ചോദ്യം ജോര്‍ജ് എന്താണ് കല്യാണം കഴിക്കാത്തതെന്നായിരുന്നു. ഇതോടെ ജോര്‍ജ് പൊലീസുദ്യോഗസ്ഥനെ ചീത്തവിളിക്കാന്‍ തുടങ്ങി. ഇങ്ങനെയൊക്കെയാണെങ്കിലും പരുഷമായി പൊലീസ് പെരുമാറിയ ഒരു സംഭവംപോലും ജോര്‍ജിനു പറയാനില്ലെന്നതാണ് രസകരമായ വസ്തുത. തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ ആറുമാസമാണ് ഇദ്ദേഹം ഉണ്ടുറങ്ങി കഴിച്ചത്. അക്കാലത്ത് ഇദ്ദേഹം ഒരു പട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നുണ്ട്. ഈ ചങ്ങാത്തം ഏഴെട്ടു പേജിലായി വര്‍ണ്ണിക്കുന്നുണ്ട്.
***
ഭീകരനായ ഈ കമ്യൂണിസ്റ്റിനെ പൊലീസുകാര്‍ തിരുവനന്തപുരത്തു കോടതിയില്‍ ഹാജരാക്കി കഴക്കൂട്ടത്തെ ലോക്കപ്പിലേക്ക് തിരിച്ചുകൊണ്ടുപോവുന്നത് ഒരിക്കല്‍ ട്രെയിനില്‍. ഒരു കൊല്ലത്തെ ജയില്‍ ശിക്ഷ കിട്ടി ഇദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോവുന്നു. അവിടെയും വി ഐ പി പദവി തന്നെ.
ചക്കരക്കടവില്‍നിന്ന് ആ അര്‍ദ്ധരാത്രിയില്‍ ബന്ധനസ്ഥനായി ആരംഭിച്ച നീണ്ട യാത്രയ്ക്കിടെ ഉണ്ടായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമെല്ലാം അഞ്ചാംകെട്ടില്‍ എത്തിയതോടെ ഞാന്‍ മറന്നു. എനിക്കു വേണ്ടപ്പെട്ടവരുടെ മധ്യത്തില്‍. ഞാന്‍ ഇനിയും ജയിലിനുള്ളില്‍ ബന്ധനസ്ഥനാണെന്നുള്ള പരമാര്‍ത്ഥം ഞാന്‍ മറന്നു. സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയതുപോലെ എനിക്കു തോന്നി. (പുറം 551)
വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദം നല്കിയ ധൈര്യം കൊണ്ടാവണം പലരെയും കെ സി ജോര്‍ജ് ചികിത്സിച്ചു കളയുന്നുണ്ട്. സി കേശവന്റെ ഉദരരോഗത്തെ ചികിത്സിക്കുന്നത് ഹിറ്റ്സ് ബാത്തുകൊണ്ട്. സിറ്റ്സ് ബാത്ത് അഥവാ ഹിപ്പ് ബാത്തിനെ ഹിറ്റ്സ് ബാത്ത് എന്നാണ് ജോര്‍ജ് വിളിക്കുന്നത്. ഈ ചികിത്സ വലിയ അപകടമില്ലെന്നു വെയ്ക്കാം. ചുഴലിദീനമുള്ള ചെല്ലപ്പന്‍ എന്ന പയ്യനെ ബലമായി കുളിപ്പിച്ച് ചികിത്സിച്ചതും കുഴപ്പത്തിലെത്തിയില്ല. (പക്ഷേ കോഴിക്കോട്ട് പോയി കുറച്ചു മാസം താമസിച്ചു ജോര്‍ജ് തിരിച്ചുവന്നപ്പോഴേക്കും ചെല്ലപ്പന്‍ ദീനംമൂത്ത് മരിച്ചുപോയി. ഇതുപോലെ ജോര്‍ജ് പോയതിന്റെ ദുഃഖം താങ്ങാനാവാതെ ചാമിയെന്നൊരു പയ്യനും മരിച്ചുപോയതായി ജോര്‍ജ് എഴുതിയിട്ടുണ്ട്.) കാട്ടായിക്കോണം ശ്രീധറിന്റെ പ്രേമത്തെ ചികിത്സിച്ചു മാറ്റിയതും കുഴപ്പമില്ല. പക്ഷേ പിശാശിനെ പേടിയുണ്ടായിരുന്ന കാട്ടായിക്കോണം സദാനന്ദനെ ചികിത്സിക്കാന്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം യക്ഷികളുടെ ആവാസസ്ഥാനമെന്നു വിശ്വാസമുണ്ടായിരുന്ന അമ്പലത്തിനു സമീപം രാത്രി തനിച്ചാക്കി കൂട്ടുകാര്‍ കടന്നുകളഞ്ഞതു കുറെ കടന്നകയ്യായിപ്പോയിയെന്ന് ജോര്‍ജു തന്നെ സമ്മതിക്കുന്നുണ്ട്. പേടിത്തൊണ്ടനായ സദാനന്ദന്‍ യക്ഷി പിടിക്കാതിരിക്കാന്‍ മുണ്ടും കുപ്പായവും ഊരി കയ്യില്‍വെച്ചുവത്രെ. നൂല്‍ബന്ധമില്ലാത്ത പുരുഷന്മാരെ യക്ഷികള്‍ സമീപിക്കില്ല പോലും. മനോരമയ്ക്കുവേണ്ടി ഖണ്ഡശഃ എഴുതുമ്പോള്‍ നൂലുബന്ധമൊക്കെ അഴിക്കണം. നവയുവാവായ കാട്ടായിക്കോണം തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കെ സി ജോര്‍ജിനെ ആദ്യമായി തിരുവനന്തപുരത്തു തുറന്ന പാര്‍ട്ടി ആപ്പീസില്‍ (ജോര്‍ജിന്റെ ഭാഷയില്‍ മൂട്ടവനം) വന്നു കാണുമ്പോഴാണ് അയാളുടെ പ്രേമം ജോര്‍ജ് ചികിത്സിച്ചുമാറ്റുന്നത്. പക്ഷേ ഈ കാട്ടായിക്കോണം പിന്നീട് സി പി എം കാരനായപ്പോള്‍ അവര്‍ക്കു ചരിത്രം തിരുത്തിയെഴുതണമല്ലോ. "ഉള്ളൂര്‍ ഗോപിയും കെ സി ജോര്‍ജുമൊക്കെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍," എന്ന് ഒളിവുകാല സ്മൃതികളില്‍ നായനാര്‍ എഴുതി കാട്ടായിക്കോണത്തെ ജോര്‍ജിന്റെയും മേല്‍ പൊക്കിവെയ്ക്കുന്നു.
ഈ ഭീകര കമ്യൂണിസ്റ്റിനെ തിരുവനന്തപുരത്തുനിന്ന് പെരുമ്പാവൂര്‍ക്ക് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നത് രസമുള്ള വിവരണമാണ്. നടക്കേണ്ടിടത്തൊക്കെ ജോര്‍ജ് മുന്‍പില്‍ നടക്കും. പത്തുമുപ്പതടി പിന്നില്‍ പൊലീസും. കോടതിയില്‍ ജോര്‍ജ് കമ്യൂണിസ്റ്റാണെന്നാണ് കേസ്. വേണമെങ്കില്‍ തനിക്കത് നിഷേധിക്കാമായിരുന്നെങ്കിലും "എനിക്കാവശ്യം എന്നെ ഒരു കമ്യൂണിസ്റ്റായി മുദ്രകുത്തണം എന്നുള്ളതായിരുന്നു" എന്ന് ജോര്‍ജ്. കമ്യൂണിസ്റ്റ് സാഹിത്യവും കക്ഷത്തുവെച്ച് പൊന്നാനിക്കു പുറപ്പെട്ടത് ഏതായാലും നല്ല സമയത്താണ്. പില്‍ക്കാല ജീവിതത്തില്‍ പറയാനായി ഒന്നാന്തരം ജയില്‍വാസവും കേസും തടികേടാവാതെ സംഘടിപ്പിക്കാനായി. കുറ്റം സമ്മതിച്ച് ഒരു വര്‍ഷം കഠിനതടവും വാങ്ങി ജോര്‍ജ് തിരിച്ച് സെന്‍ട്രല്‍ ജയിലിലേക്ക്.
"ഞാന്‍ കമ്യൂണിസ്റ്റാണെന്നുള്ള ഗവണ്മെന്റിന്റെ അംഗീകാരം പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ തിരുവിതാംകൂറിലെ ബൂര്‍ഷ്വാ പത്രങ്ങള്‍ക്കു കമ്യൂണിസ്റ്റ് വിരുദ്ധപ്രചരണം നടത്തുന്നതിനു രംഗം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ കമ്യൂണിസം എന്ന ആശയത്തോടുള്ള അലര്‍ജി ആ പ്രചരണത്തില്‍ക്കൂടിത്തന്നെ നീക്കപ്പെട്ടതിന്റെ ചരിത്രമാണ് പിന്നീടുള്ള ചരിത്രം."
അസാദ്ധ്യ പദ്ധതി തന്നെ! പക്ഷേ ഇതോടുകൂടി ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യമുണ്ട്. തിരുവിതാംകൂറിലായാലും മലബാറിലായാലും ഓര്‍മ്മക്കുറിപ്പുകളെഴുതിയ നേതാക്കള്‍ പറഞ്ഞുവെച്ച ഒരു കാര്യം. അന്ന് കമ്യൂണിസ്റ്റ് എന്നു പറയുക വലിയ അഭിമാനമായിരുന്നു എന്ന്. ജയിലില്‍ രാഷ്ട്രീയ തടവുകാര്‍ മാത്രമായിരുന്നില്ല ഈ നേതാവിനു കൂട്ട്. റൌഡികളും കള്ളന്മാരുമായും സൌഹൃദം സ്ഥാപിക്കാന്‍ ഇദ്ദേഹത്തിന് പ്രത്യേക പാടവമുണ്ടായിരുന്നു എന്നു തോന്നും. പെരുമ്പാവൂരും ലോക്കപ്പില്‍ ഇദ്ദേഹത്തിനൊരു കൂട്ടുകാരനെ കിട്ടി. പത്മനാഭപിള്ള അഥവാ മമ്മദ് എന്ന എണ്‍പതിനോടടുത്തു പ്രായമുള്ള ഒരു മോഷ്ടാവ്. ഈ സൌഹൃദം അവിടെ കഴിഞ്ഞില്ലെന്നും സെന്‍ട്രല്‍ ജയില്‍, ആലപ്പുഴ സബ് ജെയില്‍ എന്നിവിടങ്ങളില്‍ തുടര്‍ന്നെന്നും ഇദ്ദേഹം പറയുന്നു. ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിപ്ലകാരികളായ രാഷ്ട്രീയക്കാരോട് നിയമവ്യവസ്ഥയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന കുറ്റവാളികള്‍ക്കുള്ള മമതയെപ്പറ്റി ജോര്‍ജ് അന്യത്ര ഉപന്യസിക്കുന്നുമുണ്ട്. കാഞ്ഞിരപ്പള്ളി കുര്യന്‍, കാള പരമേശ്വരന്‍, മൂവാറ്റു പുഴക്കാരന്‍ കേശവന്‍ നായര്‍ എന്നീ റൌഡികളെ "magic of the heart" എന്ന "മന്ത്ര"മുപയോഗിച്ച് മനസ്സുമാറ്റിയ കാര്യം പറയുമ്പോഴാണ് ഇത്.
ആലപ്പുഴ സബ് ജെയിലിന്റെ ഉദ്ഘാടനം ജോര്‍ജിനെയും കൂട്ടരെയും പ്രവേശിപ്പിച്ചുകൊണ്ടാണ്. ഏറെ സൌകര്യങ്ങള്‍ ആലപ്പുഴ സബ് ജയില്‍ ജീവിതം ഒരു യഥാര്‍ത്ഥ ജയില്‍ ജീവിതമല്ലാതാക്കി മാറ്റി എന്നാണ് ഇദ്ദേഹം പറയുന്നത്. സൌകര്യങ്ങള്‍ക്കു പുറമേ സഹപാഠിയായിരുന്ന ജയിലര്‍ ഹസ്സനുമായുള്ള അടുത്ത സൌഹൃദം, കുമ്പളത്തു ശങ്കുപിള്ളയുടെ സാന്നിദ്ധ്യം, റൌഡികളായ ചങ്ങാതിമാര്‍ എന്നീ ഘടകങ്ങളും അതിനു പിന്നിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. (പുറം 592) ആലപ്പുഴ സബ് ജെയിലില്‍നിന്ന് രക്ഷപ്പെടാനുള്ള പാര്‍ട്ടി പദ്ധതിയുണ്ടായിരുന്നത്രെ. ഒരേ സമയം നൂറ്റമ്പത് മൈലകലെയുള്ള ഇടവാക്കുടി എന്ന സ്ഥലത്ത് തടവിലായിരുന്ന കൃഷ്ണപിള്ളയും ഇദ്ദേഹവും ഒരുമിച്ച് ജയില്‍ ചാടുമെന്നായിരുന്നു പദ്ധതി. രണ്ടും ഒത്തുവരാതിരുന്നതുകൊണ്ട് ചാട്ടവും നടന്നില്ല. ജയില്‍ ചാട്ടവും കമ്യൂണിസ്റ്റ് വീരലക്ഷണമായിരുന്നു. ഏ കെ ജിയുടെ ജയില്‍ ചാട്ടം ഒരു സംഭവമായിരുന്നല്ലോ. പുന്നൂസും ചാടിയിട്ടുണ്ടെന്നു തോന്നുന്നു.
"ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഭൂഗര്‍ഭസംഘടന പ്രവര്‍ത്തിക്കാനുള്ള [sic] പരിപാടിയാണു രൂപീകരിച്ചിരുന്നത്. അതുകൊണ്ട് ഒരാള്‍ മാത്രം ചാടിയതുകൊണ്ട് പരിപാടി നടപ്പാക്കാന്‍ കഴിയുകയില്ലല്ലോ. ഒരു വീരസാഹസിക പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയല്ല കമ്യൂണിസ്റ്റുകാര്‍ ജയില്‍ ചാടുന്നത്. പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയാണ്. (പുറം 586)
ഇതൊക്കെ കേട്ടാല്‍ തോന്നുക ജയിലിലാവുന്നതിനു മുന്‍പ് ഇങ്ങോരെന്തോ മലമറിക്കുകയായിരുന്നെന്നാണ്.
സൂര്യപ്രകാശം കാണാതെ ഞാന്‍ ജയിലറയില്‍ കിടന്നു നരകിച്ചു ചാകുകയേയുള്ളു എന്നുള്ള സര്‍ സി പിയുടെ പ്രഖ്യാപനം അതേപടി ഞാന്‍ വിശ്വസിച്ചിരുന്നില്ലെങ്കിലും കുറെക്കാലം ജയിലില്‍ കഴിയേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു.(പുറം 592)
ഏതായാലും ശിക്ഷാകാലം മുഴുവനുമൊന്നും ജോര്‍ജ് ജെയിലില്‍ കിടന്നില്ല. യുദ്ധം ജനകീയമായില്ലേ. പിന്നെ കമ്യൂണിസ്റ്റുകാരെന്തിന് ജയിലില്‍ കിടക്കണം? പക്ഷേ തന്നെ വിടാന്‍ അതാണു കാരണമെന്ന് ജോര്‍ജ് പറയുന്നില്ല. നാണക്കേടുകൊണ്ടാവണം. വിടുന്നതും വിശേഷരീതിയില്‍ തന്നെ. ജയിലര്‍തന്നെ വറുഗീസ് വൈദ്യനെ ജയിലിലേക്കു വരുത്തി അദ്ദേഹത്തിന്റെ കൂടെ ജോര്‍ജിനെ പറഞ്ഞുവിടുകയാണ്. ഇതേ കാലത്തു തന്നെ കൃഷ്ണപിള്ളയും ജയില്‍ മോചിതനാവുന്നു. കല്ല്യാണവും കഴിക്കുന്നു. കല്യാണം കഴിഞ്ഞ കൃഷ്ണപിള്ളയും ഭാര്യയും കൂടി ഏഴംകുളത്ത് ജോര്‍ജിന്റെ വീട്ടില്‍ ഒരാഴ്ച താമസിക്കാനായിരുന്നു പരിപാടിയെങ്കിലും "രണ്ടു ദിവസത്തെ താമസത്തിനിടയില്‍ ഞാനും കൃഷ്ണപിള്ളയുംകൂടി തിരുവിതാംകൂറില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പരിപാടി തയ്യാറാക്കി". തുടര്‍ന്ന് കൃഷ്ണപിള്ളയുടെ ഭാര്യയെ അവിടെ വിട്ട് അവര്‍ ആലപ്പുഴയ്ക്കു പോവുന്നു.
ക്രിപ്സ് മിഷന്റെ ഇന്ത്യാസന്ദര്‍ശനം സംബന്ധിച്ച് 1942-മാര്‍ച്ച് മാസം 25-ആം തീയതി ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്ന രാഷ്ട്രീയത്തടവുകാരെയെല്ലാം മോചിപ്പിച്ചു. അതിന്റെ ഭാഗമായി മലബാര്‍ ജില്ലയിലെ തടങ്കല്‍പ്പുള്ളികളായിരുന്ന ഇ എം എസ്സും മറ്റും വിമോചിതരായി. (പുറം 596)
കൊള്ളാം. കെ സി ജോര്‍ജിന് എണ്‍പതുകളില്‍ ഈ പുസ്തകം എഴുതുമ്പോള്‍ ഇത്ര ഓര്‍മ്മത്തെറ്റോ? ഇ എം എസ് 1942 ല്‍ ഒളിവുജീവിതം വിട്ടു പുറത്തുവരികയേ ഉണ്ടായുള്ളൂ. ജയിലില്‍ പോയില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ സമുന്നത നേതാവിന് ഇതൊന്നും ഓര്‍മ്മയില്ലെങ്കില്‍ പിന്നെ എന്താണ് ഓര്‍മ്മയുണ്ടാവുക?
ജയില്‍ മോചിതനായ കമ്യൂണിസ്റ്റ് നേതാവിന് ആലപ്പുഴ ഒരു സ്വീകരണം നല്കാന്‍ നേതാവു തന്നെ പങ്കെടുത്ത യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും ടി വി തോമസിന്റെ എതിര്‍പ്പുകാരണം അതു നടന്നില്ല. ട്രേഡ് യൂനിയന്‍ വേറെ, പാര്‍ട്ടി വേറെ എന്നായിരുന്നു തോമസിന്റെ നിലപാട്.
തൊഴിലാളി യോഗത്തില്‍ ഞാന്‍ സംസാരിക്കുന്നതുതന്നെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാക്കിയേക്കുമെന്നുള്ള ഭയം ടി വി തോമസ് പ്രകടിപ്പിച്ചതായി ഞങ്ങളുടെ ചര്‍ച്ചായോഗത്തില്‍ ഉണ്ടായിരുന്ന സ്വാമി പത്മനാഭന്‍ വെളിപ്പെടുത്തി. ടി. വി. അതില്‍ പങ്കെടുത്തിരുന്നുമില്ല. ട്രേഡ് യൂനിയനെ ആ ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റായി മുദ്രകുത്തി അടിച്ചമര്‍ത്തുമെന്നുള്ള ഭയമാണ് ടി വിക്കുണ്ടായിരുന്നത്. (പുറം 600)
പത്രോസാവട്ടെ നേരേ തിരിച്ചും. ഏതായാലും പത്രോസിന്റെ പക്ഷക്കാര്‍ കമ്യൂണിസ്റ്റു നേതാവിനെ ഒരു ചെറിയ യോഗത്തില്‍ പ്രസംഗിപ്പിച്ചു, ചേര്‍ത്തലയില്‍. നൂറു നൂറ്റമ്പതു പേര്‍ കേള്‍ക്കാനുണ്ടായിരുന്ന യോഗം മഴ പെയ്തു തടസ്സപ്പെട്ടു.
അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം നടന്ന പുന്നപ്ര-വയലാര്‍ സമരത്തില്‍ക്കൂടി പുന്നപ്ര പ്രദേശം പ്രശസ്തിയിലേക്കുയര്‍ന്നത് അന്നു പെയ്ത മഴ അവിടെ അന്ന് വിതറപ്പെട്ട കമ്യൂണിസത്തിന്റെ വിത്ത് നനച്ചു വളര്‍ത്തിയതു കൊണ്ടാണോ എന്നു തോന്നിപ്പോവും. (പുറം 604)
ഇതു വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. ടി വി തോമസിന്റെ വിവേകവും പത്രോസിന്റെ തെമ്മാടിത്തരവും ഏറ്റുമുട്ടിയതില്‍ പത്രോസിന്റെ പക്ഷത്തിനു മുന്‍തൂക്കം കിട്ടിയതില്‍ കെ സി ജോര്‍ജിന്റെ കൈ എന്തെന്ന്. "ഐതിഹാസികമായ സമരങ്ങള്‍" നടത്തിയ ആലപ്പുഴ തൊഴിലാളി വര്‍ഗ്ഗത്തിനെ കമ്യൂണിസം പഠിപ്പിച്ചത് താന്‍ അന്ന് വിളിച്ചു ചേര്‍ത്ത മഴയില്‍ കലങ്ങിയ യോഗം ആണെന്നു പറയുന്നത് ശകലം അല്പത്തരമല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെ വിത്തിട്ട് പോയ കമ്യൂണിസ്റ്റുകാരന്‍ പുന്നപ്രയിലെയും വയലാറിലെയും കൂട്ടക്കൊലകള്‍ക്കുശേഷം ആലപ്പുഴയില്‍നിന്ന് പിടികൊടുക്കാതെ ഓടിപ്പോവുന്നതാണ് കാണുന്നത്.1943-ലെ ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തിരുവിതാംകൂറില്‍നിന്ന് പങ്കെടുത്തത് രണ്ടുപേരായിരുന്നു, പൂര്‍ണ്ണ പ്രതിനിധിയായി ജോര്‍ജും വോട്ടില്ലാത്ത കാന്‍ഡിഡേറ്റ് മെംബറായി കെ വി പത്രോസും. പുന്നൂസല്ല, ടി വി അല്ല, എം എന്‍ അല്ല പത്രോസ്! പത്രോസിന്റേതായി ഉണ്ടായ ഒരു ഹ്രസ്വകാലത്തിന് കെ സി ജോര്‍ജിന്റെ സംഭാവനയെന്താണെന്ന് വല്ല സൂചനയും അതു തരുന്നുണ്ടോ ആവോ?
ടി വി തോമസിനെപ്പറ്റി പറയുന്നിടത്തൊക്കെ ചില മുനയുള്ള പരാമര്‍ശങ്ങള്‍ കാണാം. തൊഴിലാളികള്‍ക്കിടയില്‍ ടി വി തോമസിനോളം ജനകീയ അംഗീകാരമുള്ള വേറൊരു നേതാവില്ലെന്നത് ഈ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി നേതാവില്‍ അസൂയയുളവാക്കിയോ എന്തോ.
ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് സി പി ചില നേതാക്കളെ തടവിലാക്കി. ജോര്‍ജിനെ അറസ്റ്റു ചെയ്തു പാളയം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ അക്കാമ്മ ചെറിയാനുമുണ്ട്. അവരുമായി സംസാരിച്ചു നില്‍ക്കെ അറസ്റ്റ് ഇല്ലെന്നും പോവാമെന്നും വിവരം കിട്ടി ജോര്‍ജ് പോവുന്നു. സി പിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് പോവാനനുവദിച്ചതെന്ന് ജോര്‍ജ് ഊഹിക്കുന്നു.
ഐക്യകക്ഷികളുടെ യുദ്ധസംരംഭങ്ങളുടെ നേരെയുള്ള കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയമായിരിക്കും അതിനു കാരണമെന്ന് എനിക്കു തോന്നി. (പുറം 614)
ജനകീയയുദ്ധവും പക്ഷം ചേരലുമൊന്നും പച്ചയ്ക്കു പറയാന്‍ വയ്യാത്തതുകൊണ്ട് ശ്ലോകത്തില്‍ കഴിക്കുകയാണ് ജോര്‍ജ്. ഇക്കാലത്ത് ജീവാനന്ദം എന്ന തെക്കന്‍ തിരുവിതാംകൂറുകാരനായ കമ്യൂണിസ്റ്റിനെ തടങ്കലില്‍നിന്നു വിടുവിക്കാനായി ജോര്‍ജ് സി പിയെ പോയിക്കാണുകയും അതു സാധിക്കുകയും ചെയ്തതായി ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. മുന്‍പ് തന്തയില്ലാത്തവനെന്നു വിളിച്ചി സി പിയെ ഒരിക്കലും കാണില്ലെന്ന് പിന്നീട് ഇദ്ദേഹം പറയുന്നുണ്ടെങ്കിലും.
കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച.
നേരത്തേ പറഞ്ഞ ഇല്ലാത്ത സാസ്കാരിക സംഘടനയുടെ പേരില്‍ യോഗം നടത്തി പ്രസംഗിച്ചതിന് അനുബന്ധമായി ഒരു കാര്യമുണ്ടായിരുന്നു. യോഗം നടക്കുന്ന ദിവസം യോഗസ്ഥലത്തിനടുത്തുള്ള ഒരു ഫോണും ഐ ജി ആപ്പീസിലെ ഫോണും തമ്മില്‍ ഉണ്ടായ സംഭാഷണം ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഒരു സുഹൃത്ത് കേട്ടത് പിന്നീട് ജോര്‍ജിനോട് പറയുകയുണ്ടായത്രെ. ജോര്‍ജിനെ ഒന്നാം നമ്പര്‍ ശത്രുവെന്ന നിലയ്ക്ക് നേരിടണമെന്നും നല്ല പാഠം പഠിപ്പിക്കണമെന്നുമായിരുന്നു ഐ ജി ആപ്പീസില്‍നിന്ന് യോഗസ്ഥലത്തെ ഉദ്യോഗസ്ഥന് ഫോണിലൂടെ കിട്ടിയ നിര്‍ദ്ദേശം. അതെന്തായാലും യോഗം നടത്തി ജോര്‍ജ് അയാളുടെ പാട്ടിനുപോയ കാര്യം നേരത്തെ പറഞ്ഞു.
ആഗസ്ത് 13ആം തിയ്യതിയിലെ പൊലീസ് മര്‍ദ്ദനം ഉണ്ടാക്കിയ ഭീതി മാറ്റുന്നതിനുവേണ്ടി തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രകടനം സംഘടിപ്പിക്കാന്‍ ഇദ്ദേഹം കെ വി പരമേശ്വരനോടു പറയുന്നു. പന്ത്രണ്ടുപേര്‍ പ്രകടനം നടത്തുന്നു. ആ യുവധീരന്മാരെ തനിക്ക് ഒരിക്കലും വിസ്മരിക്കാന്‍ സാധ്യമല്ലെന്ന് ജോര്‍ജ്. അസാധാരണ ധൈര്യമുള്ളവര്‍ക്കേ ആ സമയത്ത് അങ്ങനെയൊരു ജാഥയില്‍ പങ്കെടുക്കാന്‍ കഴിയുള്ളൂ എന്നും അദ്ദേഹം പറയുന്നു. ജാഥ നടക്കുമ്പോള്‍ അദ്ദേഹം എന്തു ചെയ്തു? പ്രകടനത്തിന്റെ പിന്നില്‍ നീങ്ങി. കുറെ ദൂരം നീങ്ങിയപ്പോള്‍ ഒരു വാന്‍ നിറയെ പൊലീസ് വന്നു പ്രകടനം തടഞ്ഞു. ലാത്തിചാര്‍ജ് നടത്തി. ചിലരുടെ തലപൊട്ടി. എല്ലാവരെയും വാനില്‍ വലിച്ചിട്ടു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
"ഞാന്‍ ഓഫീസിലേക്കു മടങ്ങിപ്പോയി."
അതിനടുത്ത ഒരു ദിവസമാണ് ഓണം. തിരുവോണത്തിന് വീട്ടില്‍ പോവണമെന്ന് ജോര്‍ജിന് നിര്‍ബന്ധമാണ്. പോയി. മടങ്ങി വന്നപ്പോള്‍ അറസ്റ്റുണ്ടായി. ലോക്കപ്പില്‍ അപ്പോഴുമുണ്ട് എന്‍ സി ശേഖര്‍. കോടതിയില്‍ ഹാജരാക്കിയിട്ടുപോലുമില്ല. ലോക്കപ്പില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ അബ്ദുള്‍ കരീം എന്ന ഉന്നത പൊലീസുദ്യോഗസ്ഥന്‍ ജോര്‍ജിനെ സന്ദര്‍ശിക്കുന്നു. വെറുതെ കാണാന്‍ വന്നതാണെന്നു പറയുന്നു. അബ്ദുള്‍ കരീം മീററ്റ് ഗൂഢാലോചനക്കേസിലൊക്കെ കമ്യൂണിസ്റ്റുകളെ വേട്ടയാടി പരിചയമുണ്ടായിരുന്ന ആളാണത്രെ. അബ്ദുള്‍ കരീമുമായി വേറെയും കൂടിക്കാഴ്ചകളുണ്ട്. ജോര്‍ജിന്റെ പ്രീതി പിടിച്ചുപറ്റാന്‍ വെമ്പുന്ന ഈ പൊലീസുദ്യോഗസ്ഥന്‍ എന്തൊക്കെയോ സംശയങ്ങളുയര്‍ത്തുന്നു. ഏതായാലും ഒന്നാം നമ്പര്‍ ശത്രുവായ ജോര്‍ജിനെ തൊട്ടടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി. ശിക്ഷ അന്നുതന്നെ വിധിച്ചു. ഒമ്പതു മാസം വെറും തടവ്. അന്ന് ജയിലില്‍ പോവുന്നത് തടിനന്നാക്കാനും പഠിക്കാനും വിശ്രമത്തിനും ഒക്കെ നല്ലതായി കണക്കാക്കിയിരുന്ന കാലമാണെന്നോര്‍ക്കണം. ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിലും നല്ലത് ജയിലില്‍ പോവുന്നതാണെന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ ജോര്‍ജിന്റെ അമ്മതന്നെ അഭിപ്രായപ്പെടുന്നുണ്ട്. നേരേമറിച്ച് കുളിക്കാനും വസ്ത്രം അലക്കാനും സൌകര്യമില്ലാതെ, വെളിമ്പ്രദേശത്ത് കക്കൂസില്‍ പോവേണ്ടുന്ന, കലത്തില്‍ മൂത്രമൊഴിച്ച് അതിന്റെ മണവുംകൊണ്ട് വൃത്തിയില്ലാത്ത തറയില്‍ കിടക്കേണ്ടുന്ന ലോക്കപ്പ് വാസം അങ്ങേയറ്റം നരകം പിടിച്ചതുമായിരുന്നു. പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ നേരേ ജയിലില്‍ പോകാനാവസരമുണ്ടായത് ജോര്‍ജിന്റെ അസാധാരണമായ ഭാഗ്യം തന്നെ. ഈ സമയത്ത് ഏ കെ ഗോപാലന്‍ തിരുവിതാംകൂര്‍ ജാഥ നയിച്ചെത്തി കോട്ടയം ലോക്കപ്പിലായി. ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെയും സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കാത്തതിനെതിരെയും അദ്ദേഹം നിരാഹാരസമരം നടത്തിയെങ്കിലും സര്‍ക്കാര്‍ പൊതുമാപ്പ് നല്കി എല്ലാവരെയും വിട്ടയയ്ക്കുന്നതുവരെ അദ്ദേഹം ലോക്കപ്പില്‍ തന്നെ കിടന്നു.
ഒന്നാം നമ്പര്‍ ശത്രു കഷ്ടിച്ച് രണ്ടു മാസം ജയിലില്‍ കഴിച്ചതെങ്ങനെ എന്നു പറയുന്നതു നോക്കുക. എല്ലാ നേതാക്കന്മാരും ജയിലിലുണ്ട്. മലബാറുകാരനെങ്കിലും കെ ദാമോദരന്‍ അന്നവിടെ തടവിലാണ്. അയാള്‍ ഹിന്ദി ക്ലാസ് എടുത്തു. പട്ടം മുതല്‍പേര്‍ ജയിലില്‍ ഹിന്ദി പഠിച്ചു. ആ ചുരുങ്ങിയ കാലത്തെ ജയില്‍ ജീവിതം ഏറ്റവും സന്തോഷകരമായ ദിവസങ്ങളായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് എന്നാണ് ജയില്‍വാസത്തെപ്പറ്റി ജോര്‍ജ് പറയുന്നത്. (കക്കൂസിന്റെ വൃത്തി ഒഴിച്ചാല്‍ ജയില്‍വാസം സുഖമായി പണിയെടുക്കാതെ ഭക്ഷണം കഴിച്ച് സൈദ്ധാന്തികവ്യായാമം നടത്താനുള്ള അവസരമായിരുന്നെന്ന് നായനാരുടെ ജയില്‍ ഡയറി വായിച്ചാല്‍ മനസ്സിലാവും.) സൂര്യനു കീഴിലുള്ള സകലവിഷയങ്ങളെപ്പറ്റിയും പരസ്പരം ചര്‍ച്ച ചെയ്തും പാട്ടുപാടിയും രാജാവിന്റെ ജന്മദിനമായ തുലാം 7 വരെ കഴിച്ചു. പിന്നെ വിമോചനവുമായി. തുലാം ഏഴിനാണ് അക്കമ്മ ചെറിയാന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ രാജാവിനു നിവേദനം നല്കാന്‍ കിഴക്കേകൊട്ടയിലേക്കു മാര്‍ച്ച് ചെയ്തതും രാജാവ് നിവേദനം സ്വീകരിക്കാനോ വളണ്ടിയര്‍മാരെ കാണാനോ കൂട്ടാക്കാതെ വേറെ വഴിക്കു രക്ഷപ്പെട്ടതും. അതിനു മുമ്പുതന്നെ പ്രശസ്തമായ ആലപ്പുഴ പണിമുടക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു. ജയിലില്‍നിന്നിറങ്ങി വിശ്രമമില്ലാതെ ആലപ്പുഴ പണിമുടക്കിലേക്കു നീങ്ങുകയാണ്. പൊന്നറ ശ്രീധറും ശ്രീകണ്ഠന്‍നായരും സമരത്തെ സഹായിക്കാന്‍ ആലപ്പുഴയ്ക്കു പോവാന്‍ തീരുമാനിച്ചും. ഞാനും. എന്നാല്‍ തിരുവനന്തപുരത്ത് നിന്നുകൊണ്ട് പണിമുടക്കിനു പ്രചരണം സംഘടിപ്പിക്കുകയും ഫണ്ട് പിരിക്കുകയും ചെയ്യുന്ന ജോലി ഞാനേറ്റെടുക്കണമെന്ന് പൊന്നറ ശ്രീധര്‍ പറഞ്ഞതു ഞാന്‍ സ്വീകരിച്ചു. പൊന്നറ ആലപ്പുഴ പോയി വിവരങ്ങള്‍ ശേഖരിച്ച് രണ്ടുദിവസംകൊണ്ടു മടങ്ങിയെത്തി. ഫണ്ട് പിരിവിനുശേഷം പൊന്നറയുമൊത്ത് ആലപ്പുഴയ്ക്കു പോയ ഞാന്‍ മനസ്സില്‍ മായാത്ത ചിത്രങ്ങളുമായിട്ടാണ് മടങ്ങിയത്.ആലപ്പുഴപോയി മടങ്ങിവന്നു. അവിടെ എന്തെങ്കിലും ചെയ്തതായി പറയുന്നില്ല. തിരുവട്ടാര്‍ താണുപിള്ളയും ശ്രീകണ്ഠന്‍നായരുമൊക്കെ ആലപ്പുഴ ക്യാമ്പ് ചെയ്തു പണിമുടക്കു സമരത്തെ സഹായിക്കുകയായിരുന്നു എന്നു പറയുന്നതില്‍നിന്നു മനസ്സിലാവുന്നത് താന്‍ അവിടെ നിന്നില്ല എന്നാണ്. ഇദ്ദേഹത്തിന്റെ രീതിയനുസരിച്ച് അവിടെ നില്ക്കാന്‍ ഒരു സാദ്ധ്യതയുമില്ല. ലാത്തിചാര്‍ജും വെടിവെപ്പുമായാണ് സി പി പണിമുടക്കിനെ നേരിട്ടത്. പണിമുടക്കിനെപ്പറ്റി ഒന്നും പറയാതെ ആശയം ഭൌതികശക്തിയാവുന്നതിനെപ്പറ്റിയും തൊഴിലാളിവര്‍ഗ്ഗം തന്റെ ഗുരുവായതിനെപ്പറ്റിയുമൊക്കെ പറഞ്ഞ് സ്വന്തം തടിരക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ആത്മകഥനത്തെയാണ് ഇവിടെ കാണുന്നത്. ഇതു കഴിഞ്ഞ് ഒന്നു രണ്ടു യോഗങ്ങളിലൊക്കെ പങ്കെടുത്തു പ്രസംഗിച്ചപ്പോഴേക്ക് അറസ്റ്റ് വാറണ്ട് വീണ്ടും വന്നു. ചങ്ങനാശ്ശേരിയില്‍വെച്ച് ഇതറിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് പോയി അറസ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചു. അന്ന് കോണ്‍ഗ്രസ്സുകാരുടെ രീതി വാറണ്ടുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ടുപോയി അറസ്റ്റ് കൊടുക്കുക എന്നതാണ്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പൊലീസുകാര്‍ കാത്തുനില്പുണ്ടായിരുന്നു. അറസ്റ്റ് അന്നു വേണ്ട, വീട്ടില്‍പ്പോയി കുളിച്ച് വിശ്രമിച്ചിട്ട് പിറ്റേന്നാകാം എന്നായി സുഹൃത്തുക്കള്‍. പൊലീസുകാര്‍ക്കും വിരോധമില്ല. പക്ഷേ രാത്രി ഒരു മണിയോടെ പട്ടത്തിന്റെ ഒരു ദൂതന്‍ മതില്‍ ചാടിക്കടന്നു വന്നിരിക്കുന്നു. അറസ്റ്റ് കൊടുക്കാതെ എറണാകുളത്തേക്കു പോവണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട്. പട്ടത്തിനോടും സ്റ്റേറ്റ് കോണ്‍ഗ്രസ്സിനോടും ശേഷിക്കുന്ന മതിപ്പുപോലും ഇല്ലാതായ കാലത്ത് പട്ടം പറഞ്ഞതുപ്രകാരം ഇദ്ദേഹം ചെയ്യുമെന്നതൊക്കെ ലേശം അവിശ്വസനീയമായി തോന്നുന്നു. ഏതായാലും രാത്രി രണ്ടരയോടെ അതിസാഹസികമായി വീട്ടിനു പുറത്ത് കാവല്‍ നിന്ന സി ഐ ഡികളെ കബളിപ്പിച്ച് വേളി സ്റ്റേഷനില്‍ പോയി വണ്ടി കയറുകയാണ് ജോര്‍ജ്. അങ്ങനെയാണ് ജോര്‍ജിന്റെ അണ്ടര്‍ഗ്രൌണ്ട് ജീവിതം ആരംഭിക്കുന്നത്. എറണാകുളത്ത് കൊച്ചി ദിവാന്റെ സി പി വിരോധം ഉപയോഗപ്പെടുത്തി അലട്ടില്ലാത്ത ഒരു ജീവിതം. കൂട്ടിന് വൈക്കം മുഹമ്മദ് ബഷീര്‍. വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെപ്പറ്റി ദുഃഖം പ്രകടിപ്പിക്കുന്നുണ്ട് ഇദ്ദേഹം. നിയമം ലംഘിച്ചു നടത്തിയ സമ്മേളനത്തില്‍ വെടിവെപ്പും ലാത്തിചാര്‍ജുമൊക്കെ പ്രതീക്ഷിച്ചതായിരുന്നു . ഭാഗ്യത്തിന് ഒന്നുമുണ്ടായില്ല. ഗറില്ലാസമരം പോലെ എന്നാണ് അതിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിന്റെ പേര്. പട്ടത്തിന്റെ നിര്‍ദ്ദേശം ആ സമ്മേളനത്തില്‍ പങ്കെടുക്കാതെ രക്ഷപ്പെടുത്തി.
സമരവും പ്രതീക്ഷിച്ച് അക്ഷമനായി എറണാകുളത്ത് കഴിയുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. എറണാകുളത്ത് എത്തിയ ഉടന്‍ അവിടത്തെ പൊലീസ് കമ്മിഷനര്‍ ഇദ്ദേഹത്തെ വിളിപ്പിച്ച് സൌഹൃദ സംഭാഷണം നടത്തുന്നു. പിന്നീട് ഒന്നരക്കൊല്ലത്തെ എറണാകുളത്തെ ഒളിവുജീവിതത്തിനിടെ ഒരിക്കലും കൊച്ചി പൊലീസ് തന്റെ കാര്യത്തില്‍ ഇടപെട്ടില്ല. എത്രയോ പൊലീസുദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് വളരെ മര്യാദയായി ഗുഡ് മോണിങ്/ഈവനിങ് മിസ്റ്റര്‍ ജോര്‍ജ് എന്നു പറഞ്ഞ് മര്യാദയോടെ സംസാരിക്കുന്നത് ഈ കഥയിലുണ്ട്. ഒരുത്തനും അപമര്യാദയായി സംസാരിച്ച കഥയില്ല. പൊങ്ങച്ചക്കാരന്റെ selective memory ആവാം അല്ലാതിരിക്കാം പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പൊലീസ് എന്നു പറഞ്ഞാല്‍ തനിക്ക് നല്ല കണ്ണോടെ അവരെ കാണാന്‍ വയ്യ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതിലെ ഹിപ്പോക്രസി ലേശം കടന്നുപോയില്ലേ. വേറൊരു രസകരമായ കാര്യം പൊലീസ് സ്റ്റേഷനുകളിലും അല്ലാതെയും റൌഡികളും അറിയപ്പെടുന്ന കുറ്റവാളികളുമായി ഇയ്യാള്‍ക്കുള്ള ബന്ധമാണ്. അവരൊക്കെ കാണുന്ന മാത്രയില്‍ ഇദ്ദേഹത്തെ ഗുരുവായി അങ്ങ് അംഗീകരിക്കുന്നു. ഇത്തരം പലരുമായുള്ള ബന്ധത്തെപ്പറ്റിയും പറഞ്ഞുപൊലിപ്പിക്കുന്നുണ്ട് നേതാവ്. കമ്യൂണിസ്റ്റുകാരെ ഒതുക്കാന്‍ സി പി പ്രത്യേകം കൊണ്ടുവന്നു എന്നു പറയുന്ന കരീംസാഹിബ് എന്ന ഐ ജിയെപ്പറ്റി ഇദ്ദേഹം കുറെയേറെ പറയുന്നുണ്ട്. കരീംസാഹിബ് എന്നൊരു അദ്ധ്യായം തന്നെയുണ്ട്. ഇവരുടെ കൂടിക്കാഴ്ചകളിലൊക്കെ കരീംസാഹിബ് വിനീതനും ജോര്‍ജ് അധികാരത്തെ വെല്ലുവിളിക്കുന്നവനുമാണ്. തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ കരീംസാഹിബ് ഇദ്ദേഹത്തെ കാണാന്‍ വന്നത് പതിനെട്ടു വയസ്സു തോന്നിക്കുന്ന ഒരു യുവാവുമൊത്താണ്. മകനാണെന്നാണ് ജോര്‍ജിനു തോന്നിയത്. ക്ഷേമാന്വേഷണം നടത്തിയപ്പോള്‍ തനിക്കു പനി തോന്നുന്നെന്നു ജോര്‍ജ് പറഞ്ഞപ്പോള്‍ അതു മലബന്ധംകൊണ്ടായിരിക്കുമെന്ന് കരീം അഭിപ്രായപ്പെട്ടു. തനിക്കത് ഇതുവരെ ഉണ്ടായിട്ടില്ലെന്നു പറഞ്ഞത് വിശ്വസിക്കാതിരുന്ന കരീമുമായി ജോര്‍ജ് മുഷിഞ്ഞു സംസാരിക്കുന്നു. എന്തേ കല്യാണം കഴിച്ചില്ലെന്നാണ് പിന്നെ ചോദിക്കുന്നത്. ഇതോടെ ശബ്ദമുയര്‍ത്തി ജോര്‍ജ് അയാളെ ശകാരിക്കുന്നു. കരീം പിന്നെ അധികനേരം അവിടെ നില്ക്കാതെ സ്ഥലം വിടുന്നു. ഒന്നരവര്‍ഷം ഇദ്ദേഹം എറണാകുളത്തു കൂടിയതിന്നിടെ സി പിക്കെതിരായി യൂത്ത് ലീഗിന്റെ മെമ്മോറാണ്ടം പരിപാടി, വൈസ്റോയിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പ്രതിഷേധം എന്നിവയും അതു നേരിടുന്നതിനായി സി പിയുടെ വക വ്യാപകമായ അറസ്റ്റും മര്‍ദ്ദനവും നടക്കുന്നു. ഒന്നിലും ഇദ്ദേഹം കാര്യമായി എന്തെങ്കിലും ചെയ്തതായി പറയുന്നില്ല. കുറെ ലഘുലേഖകള്‍ തയ്യാറാക്കിയതായും അച്ചടിച്ചതായും പറയുന്നുണ്ട്. കൊച്ചിയിലെ സര്‍ക്കാരിന്റെ ഒത്താശയോടെ കൊച്ചിയിലിരുന്ന് ഇതൊക്കെ ചെയ്യുന്നത് വലിയ ഒളിപ്രവര്‍ത്തനമൊന്നുമല്ല. അതു തിരുവിതാംകൂറിലെത്തിക്കുന്നതാണ് സാഹസം. അത് ഇദ്ദേഹമാവട്ടെ ചെയ്തതുമില്ല. ശ്രീകണ്ഠന്‍നായരായിരുന്നു അതിന്റെ ചുമതല ഏറ്റെടുത്തതെന്നു പറയുന്നു. എത്ര അണയ്ക്കു ചായയും ചോറും തിന്നു, വാടകകൊടുത്തു എന്നൊക്കെയുള്ള കണക്കു സൂക്ഷിപ്പും ഭക്ഷണം വാങ്ങുന്ന കടയിലെ പറ്റുപുസ്തകത്തില്‍ എഴുതലുമൊക്കെയാണ് ഇക്കാലത്തെ ഇദ്ദേഹത്തിന്റെ ഒളിപ്രവര്‍ത്തനങ്ങള്‍.
ഇദ്ദേഹം തന്നെ പറയുന്നതു നോക്കുക:
തിരുവിതാംകൂറിനു പുറത്തുള്ള പത്രങ്ങള്‍ക്കു പ്രസ്താവനനല്കുന്ന ജോലി മാത്രമായി എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഒതുങ്ങിനില്ക്കുകയായിരുന്നു എനിക്കുതന്നെ ചിലപ്പോള്‍ തോന്നിയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ വാമപക്ഷമായി പ്രവര്‍ത്തിക്കുന്നതിന് ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനം ഞാന്‍ ചെയ്തുകൊണ്ടിരുന്നു.
മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും വായിച്ചവര്‍ വേറെയില്ലാത്തിടത്ത് പ്രസ്താവന എഴുതിക്കൊടുക്കുന്നവന്‍ തന്നെ സംഘാടകനും സൈദ്ധാന്തികനും.
വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കന്മാരെയും പ്രവര്‍ത്തകരെയും വളരെപ്പേരെ സമ്മേളനത്തിനടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തു. സമ്മേളനം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നേതാക്കന്മാര്‍ ജയിലില്‍വെച്ച് മെമ്മോറാണ്ടത്തിലെ ആരോപണങ്ങള്‍ നിരുപാധികം പിന്‍വലിക്കുകയും ചെയ്തു. പക്ഷേ ഇവരെ മോചിപ്പിച്ചില്ല. ആരോപണങ്ങള്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സിനെക്കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെടാന്‍ കാരണമാക്കി. പോരാത്തതിന് നേതാക്കന്മാരൊക്കെ ജയിലിലും. ഇങ്ങനെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നിഷ്ക്രിയമായ അവസ്ഥയില്‍ യൂത്ത് ലീഗിന്റെ ഒരു യോഗം എറണാകുളത്തുവെച്ചു കൂടാന്‍ തീരുമാനിച്ചു. അവിടെ വെച്ചാണ് ബദല്‍ മെമ്മൊറാണ്ടം നല്കുന്നതിനും അത് അച്ചടിച്ചു തിരുവിതാംകൂറില്‍ വിതരണം ചെയ്യാനും തീരുമാനിക്കുന്നത്. ഏ കെ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നൂറിലധികം പേരുണ്ടായിരുന്നു എന്നാണ് ജോര്‍ജ് ഓര്‍ക്കുന്നത്. അറസ്റ്റില്‍നിന്ന് ഒഴിഞ്ഞുമാറി നില്ക്കുന്നത് നാട്ടുകാരുടെ ഇടയില്‍ ഭീരുവെന്ന ദുഷ്പേര് സമ്പാദിക്കുമോ എന്ന് ഇദ്ദേത്തിനു തന്നെ ഉത്കണ്ഠയുണ്ടായതുകൊണ്ട് നിയമം ലംഘിച്ചു ജയിലില്‍ പോവാന്‍ തീരുമാനിച്ചിരുന്ന കാലമായിരുന്നത്രേ. പക്ഷേ ഈ യോഗം അവസാനം ഒരു പ്രമേയം പാസാക്കി. ജോര്‍ജിനെ ഞെട്ടിച്ച ഒരു പ്രമേയം. ജോര്‍ജ് സെക്രട്ടറിയാവണമെന്നും എറണാകുളം കേന്ദ്രമാക്കി സമരം നയിക്കണമെന്നുമായിരുന്നു ആ പ്രമേയം. സെക്രട്ടറി എന്നു പറഞ്ഞാല്‍ സെക്രട്ടറി മാത്രം. കമ്മിറ്റിയൊന്നുമില്ല. ജോര്‍ജിന്റെ എതിര്‍പ്പൊന്നും വിലപ്പോയില്ല. പ്രമേയം പാസായി. സമരം നടത്തുന്നതില്‍ അന്നു കോണ്‍ഗ്രസ് ഡിക്റ്റേറ്റര്‍ക്കുണ്ടായിരുന്ന സ്ഥാനമാണ് യൂത്ത് ലീഗ് യോഗം ഇദ്ദേഹത്തിന് നല്കിയതെന്ന് ജോര്‍ജ്. ഏകാധിപത്യപ്രവര്‍ത്തന സമ്പ്രദായം എന്നു വിമര്‍ശനവും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്. (ഡിക്റ്റേറ്റര്‍ ആയിട്ടാണ് നമ്പൂതിരിപ്പാട് ആദ്യമായി സമരം നടത്തുന്നതും തുടര്‍ന്നു ജയിലില്‍ പോവുന്നതും. അത് 1932 ല്‍.) ഈ ഡിക്റ്റേറ്റര്‍ എന്തു ചെയ്തു എന്നു നോക്കാം. മെമ്മോറാണ്ടം തപാലില്‍ അയച്ചുകൊടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയ പ്രമേയത്തോടെയാണ് സമ്മേളനം അവസാനിച്ചത്. ഇതു താന്‍ തന്നെ കൊണ്ടുപോയി അയച്ചതായി ജോര്‍ജ് പറയുന്നു. മെമ്മൊറാണ്ടത്തിന്റെ ആയിരം കോപ്പികള്‍ അച്ചടിപ്പിക്കുന്നതിനും ഏര്‍പ്പാട് ചെയ്തു. പി ടി പുന്നൂസിനെ നിയമം ലംഘിക്കാന്‍ കാഞ്ഞിരപ്പള്ളിക്കയച്ചു. ഒരു ഓഫീസ് തുറന്നു. "ഓഫീസ് തുറന്നതോടെ സമരവും ആരംഭിച്ചു." അതു പറഞ്ഞു നമ്മള്‍ കാണുന്ന സമരം പുതിയ ആപ്പീസിലെ മുറികള്‍ ആര്‍ക്ക് എന്നതിനെ സംബന്ധിച്ചു വല്ല സമരവുമാണോ? ബഷീര്‍ ഒരു മുറി കരസ്ഥമാക്കിയതിനെപ്പറ്റിയൊക്കെ പറയുന്നുണ്ട്. സമരം എല്ലായിടത്തും പരിപാടിയനുസരിച്ചു നടന്നുകൊണ്ടിരുന്നു. പുതിയ ഇടങ്ങളിലേക്കു വ്യാപിക്കുകയും പുതിയ പ്രവര്‍ത്തകര്‍ രംഗത്തുവരികയും ചെയ്തു. ഇതിലൊക്കെ താന്‍ എന്തെങ്കിലും ചെയ്തതായി ജോര്‍ജിനു പറയാനൊന്നുമില്ല, കുറച്ച് ലഘുലേഖ നേരത്തേ പറഞ്ഞതുപോലെ അച്ചടിച്ച് വിതരണത്തിനായി മറ്റുള്ളവരെ ഏല്പിക്കുന്നതൊഴിച്ചാല്‍. യൂത്ത് ലീഗിന്റെ മെമ്മൊറാണ്ടസമരവും അവസാനിച്ചിരുന്നു എന്ന് ആനുഷംഗികമായ ഒരു പ്രസ്താവത്തോടെ കാര്യങ്ങള്‍ കഴിയുകയും ചെയ്തു. (പതിവുപോലെ സി ഐ ഡികളുടെ സാന്നിദ്ധ്യത്തിന് ഒട്ടും കുറവില്ല. പോരാത്തതിന് ഒരു ഒറ്റുകാരനുമുണ്ട്. പഴയ ആപ്പീസിന്റെയും പുതിയ ആപ്പീസിന്റെയും പരിസരത്തൊക്കെ അവര്‍ ചുറ്റി നടപ്പുണ്ട്.)
വൈസ്റോയിയുടെ വരവിനോടനുബന്ധിച്ചുള്ള പ്രതിഷേധവും ഇങ്ങനെയൊക്കെ. സഖാവ് ജോര്‍ജ് എറണാകുളത്ത് സുരക്ഷിതമായിരിക്കുകയും സമരം നടത്തുന്നവര്‍ തിരുവിതാംകൂറില്‍ തല്ലുകൊള്ളുകയും. അങ്ങനെയിരിക്കെ കൃഷ്ണപിള്ള ജോര്‍ജിനെ ആളെവിട്ട് കോഴിക്കോട്ടേക്ക് വിളിപ്പിക്കുന്നു. അവിടെ കെ പി സി സി ആപ്പീസില്‍ ജോര്‍ജ് കൃഷ്ണപിള്ള, ഇ എം എസ് എന്നിവരെ കാണുന്നു. യൂത്ത് ലീഗിന്റെ സമരം സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാക്കുമെന്നും അതിനാല്‍ അതു പിന്‍വലിക്കണമെന്നും നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നു. (കെ പി സി സി നേതാക്കളായിരിക്കെതന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരും കമ്യൂണിസ്റ്റുകാരും ആയിരുന്ന ഇതേ നേതാക്കന്മാരാണ് കുറെ മാസങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്സിനെ പിളര്‍ത്തി കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ മൊത്തത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കി മാറ്റുന്നത് എന്നൊരു ഐറണി ഓര്‍ക്കാതെ വയ്യ.) ജോര്‍ജിനോടൊപ്പം കെ ദാമോദരനും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തെന്നാണ് പറയുന്നത്. പക്ഷേ അവസാനം നേതൃത്വത്തിന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നു. സര്‍വ്വാധിപതി കോഴിക്കോട്ടു പോയി സമരം പിന്‍വലിക്കാമെന്നു സമ്മതിച്ചു പോരുന്നു. ഇവിടെ ജോര്‍ജ് പറയാതെ പോവുന്ന ചില കാര്യങ്ങളുണ്ട്. ഒരു കൊല്ലം മുന്‍പുവരെ ജോര്‍ജ് യൂത്ത് ലീഗ് സമരത്തിന്റെ ഒരു അനുഭാവി മാത്രമായിരുന്നു. ജോര്‍ജ് നേതാവയതില്‍പിന്നെ അന്നത്തെ നേതാക്കന്മാര്‍ക്ക് എന്തു സംഭവിച്ചു? സര്‍വ്വാധിപതിയുടെ ഈ നീക്കങ്ങളോട് അവരുടെയൊക്കെ നിലപാടെന്തായിരുന്നു? പൊന്നറ ശ്രീധര്‍ എറണാകുളത്തെ യോഗത്തിനു പങ്കെടുത്തില്ല എന്നകാര്യം എല്ലാവരും ശ്രദ്ധിച്ചു എന്നു മാത്രം കാണുന്നുണ്ട്. ഏതായാലും എങ്ങനെയൊക്കെയോ ഇദ്ദേഹം നേതാവാവുകയും മാസങ്ങള്‍കൊണ്ട് പ്രസ്ഥാനത്തെതന്നെ ഇല്ലാതാക്കുന്നതിന് ഉപകരണമാവുകയും ചെയ്തു. ഇതേ കാലത്ത് എറണാകുളത്ത് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആപ്പീസ് തുറന്ന് സംഘടനയുടെ പ്രവര്‍ത്തനകേന്ദ്രം അങ്ങോട്ടു മാറ്റുന്നുണ്ട്. എം എന്‍ ഗോവിന്ദന്‍ നായര്‍ സജീവ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി എറണാകുളത്തിനും തിരുവിതാംകൂറിനും ഇടയ്ക്ക് ഓടുന്നുണ്ട്. ഇതൊന്നും പക്ഷേ കെ സി ജോര്‍ജിന്റെ ഓര്‍മ്മയിലില്ല!
എമ്മെന്റെ ആത്മകഥയില്‍ വിവരിക്കുന്ന ഒരു കാര്യം ചില സൂചനകളൊക്കെ തരുന്നുണ്ട്. എം എന്‍ ഗോവിന്ദന്‍നായര്‍ പോയി എറണാകുളത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ് ആപ്പീസ് തുടങ്ങുന്നു. 1939 ഒക്റ്റോബറിലാണെന്നു തോന്നുന്നു ഇത്. പക്ഷേ ആപ്പീസിന്റെ ചുമതല ഏറ്റെടുക്കേണ്ടിയിരുന്ന നേതാക്കള്‍ പറഞ്ഞ സമയത്ത് എത്തിയില്ല. അപ്പോഴേക്കും തിരുവനന്തപുരത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് ആപ്പീസ് പൊലീസ് കയ്യേറി കഴിഞ്ഞിരുന്നു. സി പിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം ബഹിഷ്കരിക്കാനും മറ്റുമുള്ള നടപടികളെ ദിവാന്‍ ഉടന്‍ നിരോധിച്ചു. സി പിയുടെ ദുശ്ചെയ്തികള്‍ വിവരിക്കുന്ന ഒരു ലഘുലേഖ സി പിയുടെ കാര്‍ട്ടൂണ്‍ സഹിതം അച്ചടിച്ചത് തിരുവിതാംകൂറിലേക്ക് ഒളിച്ചുകടത്താന്‍ എന്തു ചെയ്യണമെന്നറിയാതെ എമ്മെന്‍ വിഷമിക്കുന്നു. ഉപദേശം തേടാനായി ആകെയുള്ളത് യൂത്ത് ലീഗ് നേതാവായി സീതീസ് ബില്‍ഡിംഗില്‍ വാഴുന്ന കെ സി ജോര്‍ജ്. ജോര്‍ജിനെപ്പോയി കണ്ടു. ജോര്‍ജ് സഹായിച്ചില്ല എന്ന് എമ്മെന്‍ പറയുന്നില്ല. പക്ഷേ വായിക്കുന്നവര്‍ക്ക് മനസ്സിലാവുക മറ്റൊന്നല്ല. ഒടുക്കം പെട്ടിയും ചുമന്ന് എമ്മെന്‍ തന്നെ പോവുകയാണ്.
(തുടരും)
ചില മഹാജീവിതങ്ങളില്‍ യാദൃച്ഛികതകള്‍ക്ക് അളവറ്റ ശക്തിയാണ്. അവിശ്വസനീയമായ യാദൃച്ഛികതകളുടെ ആഖ്യായികപോലെ തോന്നുന്നു കെ സി ജോര്‍ജ് എഴുതിയ എന്റെ ജീവിതയാത്ര എന്ന ആത്മകഥ.
1985 ലാണ് നാഷനല്‍ ബുക് സ്റ്റാള്‍ ഇതു പ്രസിദ്ധീകരിച്ചത്. 660 പേജുണ്ട്. ഇതിലെ ഒന്നാം അദ്ധ്യായം മനോരമയില്‍ വായിച്ച വിഷ്ണുഭാരതീയന്‍ ഇദ്ദേഹത്തിനെഴുതിയ ഒരു കത്ത് പിന്നീടൊരു അദ്ധ്യായത്തില്‍ കൊടുത്തിട്ടുണ്ട്. മനോരമയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നോ എന്ന കാര്യം പുസ്തകത്തിലില്ല. തിരുവിതാംകൂറിലെ ഏറ്റവും ഉന്നതനായ കമ്യൂണിസ്റ്റ് നേതാവ് എന്നതിനെക്കാള്‍ പുന്നപ്ര വയലാര്‍ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ കര്‍ത്താവ് എന്ന നിലയ്ക്കാണോ ഇപ്പോള്‍ കെ സി ജോര്‍ജ് കൂടുതലും അറിയപ്പെടുന്നത്? പിളര്‍പ്പിനുശേഷം സി പി എമ്മില്‍ കയറാത്ത നേതാക്കളുടെയൊക്കെ വില ചരിത്രത്തില്‍ കുത്തനെയിടിഞ്ഞിട്ടുണ്ട്. മലബാറിലും തിരുവിതാംകൂറിലും ഒരുപോലെ ഓടിനടന്നു പ്രവര്‍ത്തിച്ച ഫയര്‍ബ്രാന്‍ഡ് ആക്റ്റിവിസ്റ്റും പണ്ഡിതനായ മാര്‍ക്സിസ്റ്റുമായിരുന്ന കെ ദാമോദരനെ നിഷ്പ്രഭനാക്കി മണ്ടനും പ്രക്ഷോഭരംഗത്തു കാണാത്തവനുമായ ഇ എം എസ് മാര്‍ക്സിസ്റ്റ് ചിന്തകനായി വിരാജിച്ചതുപോലെ.
താന്‍ ഏറെക്കുറെ ഇല്ലാത്ത (നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇല്ലാത്ത) പുന്നപ്ര വയലാര്‍ സംഭവങ്ങളുടെ കഥനത്തിനിടയില്‍ ഇദ്ദേഹം ഇ എം എസിനെക്കുറിച്ചുന്നയിക്കുന്ന ഒരു ഗുരുതരമായ ആരോപണമാണ് (ഇതും, ഇതും കാണുക) കെ സി ജോര്‍ജിന്റെ ആത്മകഥ ചികയാന്‍ പ്രേരണയായത്. പുന്നപ്ര വെടിവെപ്പ് നടന്നതിന്റെ അടുത്ത ദിവസം ഇ എം എസ് നമ്പൂതരിരിപ്പാട് യോഗക്ഷേമസഭയുടെ ഒരു യോഗത്തില്‍ പങ്കെടുത്തു പ്രസംഗിച്ചപ്പോള്‍ ആ സംഭവത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നതാണ് ജോര്‍ജ് വേറൊരാളുടെ വായിലൂടെ പറഞ്ഞുവെയ്ക്കുന്ന ആരോപണം. ഇ എം എസ് അങ്ങനെ ചെയ്താല്‍ അതില്‍ അത്ഭുതമില്ല. കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പേരില്‍ ആയിരത്തിലധികം പേജുള്ള ഒരു ചരിത്രം എഴുതിയതില്‍ പുന്നപ്ര വയലാര്‍ സംഭവത്തെ അദ്ദേഹം ശ്ലോകത്തില്‍ കഴിച്ചതു കണ്ടാലറിയാം നമ്പൂതിരിപ്പാട് ഇതിനൊക്കെ എന്തു പ്രാധാന്യം കൊടുത്തിരുന്നുവെന്ന്.
പക്ഷേ കെ സി ജോര്‍ജിന്റെ ആത്മകഥ വായിച്ചപ്പോള്‍ കടിച്ചവനെക്കാള്‍ വലിയതു മാളത്തിലിരിക്കുന്നല്ലോ എന്നാണ് തോന്നിയത്. എന്തിന്, കുടിലതന്ത്രക്കാരന്‍ നമ്പൂതിരി ഇതിലും ഭേദമാണല്ലോ എന്നുപോലും തോന്നി.
ആത്മകഥനം രസകരമാക്കാനുള്ള ജോര്‍ജിന്റെ പൊടിക്കൈകള്‍ ഇന്നത്തെ വായനക്കാരില്‍ വിപരീതഫലമാണ് ചെയ്യാനിട. തന്റെ വീരശൂരപരാക്രമങ്ങള്‍ എത്രയെണ്ണമാണെന്നോ ജോര്‍ജ് വര്‍ണ്ണിക്കുന്നത്. 1938 ല്‍ പൊലീസ് വാനിനുപിന്നാലെ അരമുക്കാല്‍ മണിക്കൂര്‍ കാര്‍ ചെയ്സ് നടത്തി വാനില്‍ കൊണ്ടുപോയിരുന്ന പത്തുപന്ത്രണ്ടു സമരക്കാരെ ഒരു വനപ്രദേശത്തുനിന്ന് മോചിപ്പിച്ച് പൊലീസിനെക്കൊണ്ടുതന്നെ നഗരത്തില്‍ തിരിച്ചെത്തിച്ച പരാക്രമമൊക്കെ ജോര്‍ജ് വര്‍ണ്ണിക്കുന്നതു കേട്ടാല്‍ വേലുത്തമ്പി, പഴശ്ശി പിന്നെ കെ സി ജോര്‍ജ് എന്നൊക്കെ വേണ്ടിവരും പറയുക.
ഏതായാലും ചരിത്രപ്രധാനമായ യാദൃച്ഛികതകള്‍ കുറെയെണ്ണം ഇവിടെയൊന്നു പറയുകയാണ്. ജോര്‍ജ് കഥനം തുടങ്ങുന്നത് ഗവേഷകനായ ഒരു സായ്പുമായുള്ള കൂടിക്കാഴ്ച വിവരിച്ചുകൊണ്ടാണ്. സുറിയാനി നസ്രാണിയായി ജോര്‍ജ് എങ്ങനെ കമ്യൂണിസ്റ്റായി എന്നന്വേഷിക്കുന്ന ഗവേഷകനോട് തന്റെ ജീവിതകഥ സാമാന്യം ദീര്‍ഘമായി വിവരിക്കുന്ന രീതിയിലാണ് ആത്മകഥയുടെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങള്‍. ഈ ഗവേഷകനെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രംകൊണ്ട് ബ്രെയ്ന്‍വാഷ് ചെയ്തുകളയാമെന്നാണ് ജോര്‍ജ് വിചാരിച്ചതെന്നു തോന്നുന്നു. ക്രിസ്തു ഒരു കമ്യൂണിസ്റ്റ് വിശുദ്ധനാണെന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുമായിരുന്നു എന്നൊക്കെയാണ് മൂപ്പര്‍ ധ്വരയെ തെര്യപ്പെടുത്തുന്നത്. ഗവേഷകന്‍ ഇതൊക്കെ ചിരിച്ചുകൊണ്ട് കേട്ടതും ജോര്‍ജുതന്നെ പറയുന്നുണ്ട്. പെബ്ബിന്റെ സോവിയറ്റ് കമ്യൂണിസത്തില്‍നിന്നും ജോണ്‍ സ്റ്റുവേര്‍ട്ട് വീല്‍ പറഞ്ഞതുമൊക്കെ ഉദ്ധരിക്കുന്നുണ്ട് ധ്വരയോട് ജോര്‍ജ്. പെബ്ബ് വെബ്ബാവണം. മറ്റേയാള്‍ മില്ലാണല്ലോ. വീണ്ടും കാണുകയാണെങ്കില്‍ താന്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായെന്ന് അദ്ദേഹം തന്നോടു പറയാനിടവരുമെന്ന് പറഞ്ഞാണ് ജോര്‍ജ് ഗവേഷകനുമായുള്ള സംഭാഷണം അവസാനിപ്പിക്കുന്നത്.
1921ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു എന്നു പറയുന്ന ജോര്‍ജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അംഗത്വം നിലനിറുത്തുന്നതില്‍ (നാലണ അംഗത്വം ഏറെക്കുറെ മുടങ്ങാതെ...) കൂടുതലായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഏറ്റുപറയുന്നുണ്ട്. എങ്കിലും താന്‍ അത്യന്തം താത്പര്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് അവകാശവാദം. അതെങ്ങനെയാണ് ശ്രദ്ധിച്ചതെന്നു നമുക്കു നോക്കാം.
തിരുവനന്തപുരത്ത് ബി എല്‍-ന് പഠിക്കുമ്പോള്‍ സഹപാഠിനിയെ കളിയാക്കിക്കൊണ്ട് ഫാന്‍സി ഡ്രസ് അവതരിപ്പിച്ച ജോര്‍ജിനെ കോളജില്‍നിന്നു പുറത്താക്കി. ഒരു ദിവസമെങ്കിലും തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുമെന്നു വെല്ലുവിളിപോലെ പ്രിന്‍സിപ്പലിനോട് പറഞ്ഞ് ജോര്‍ജ് നിയമബിരുദം എടുക്കാനായി അലഹബാദിലേക്കു വണ്ടികയറുന്നു. അവിടെച്ചെന്നപ്പോള്‍ യൂനിവേഴ്സിറ്റി അടച്ചിരിക്കയാണ്. ഒരു മാസം കഴിഞ്ഞേ തുറക്കുകയുള്ളൂ. ഉടനെ നാഗ്പൂര്‍ യൂനിവേഴ്സിറ്റിയിലേക്കു തിരിച്ചു. അവിടെ ഫീസൊക്കെയടച്ചു ചേര്‍ന്നു. ആദ്യത്തെ ദിവസം ക്ലാസ് ആരംഭിച്ച് അരമണിക്കൂറേ ആയുള്ളൂ. അതാ സമരത്തിന്റെ ആരവം. സമരക്കാര്‍ ക്ലാസിലെത്തി എല്ലാവരോടു ക്ലാസ് ബഹിഷ്കരിക്കാന്‍ പറഞ്ഞു. ജോര്‍ജ് ഭാണ്ഡം മുറുക്കി. ലക്നൌവിലേക്ക്. ലക്നൌ യൂനിവേഴ്സിറ്റിയില്‍ ചെന്നപ്പോള്‍ അവിടെയും അടച്ച സമയമാണ്, ഒരു മാസം കഴിഞ്ഞേ ക്ലാസ് ആരംഭിക്കൂ. കാക്കാന്‍ തീരുമാനിച്ച ജോര്‍ജ് അവിടെ ഒരു പാലത്തിനുമുകളില്‍ വിഹരിക്കുന്ന വാനരപ്പടയില്‍നിന്നു പില്‍ക്കാല സമരജീവിതത്തിലേക്കു വേണ്ട വിലപ്പെട്ട യുദ്ധപാഠങ്ങള്‍ പഠിച്ചു. യുദ്ധത്തിന്റെ അടവുകളും തന്ത്രങ്ങളുമെല്ലാം (മുന്നേറുക, പിന്‍വാങ്ങുക, പുന:സംഘടിപ്പിക്കുക, പിന്നെയും മുന്നേറുക) ആ കുരങ്ങന്മാരില്‍നിന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയതെന്നു പറയാം. (വാനരന്‍ പഠിപ്പിച്ച പാഠം എന്ന അദ്ധ്യായം)
ലക്നൌവില്‍ ഒരു മാസം കാത്ത് ക്ലാസ് തുടങ്ങി അഞ്ചാറു ദിവസമായപ്പോഴേക്കും സമരം തുടങ്ങി അവിടെയും യൂനിവേഴ്സിറ്റി അടച്ചു. ഇങ്ങനെയൊക്കെ ചുറ്റും സമരം നടക്കുമ്പോഴും അതിലൊന്നും പങ്കെടുക്കാതിരിക്കാന്‍ തനിക്കെങ്ങനെയോ സാധിച്ചു എന്നാണ് ജോര്‍ജ് പറയുന്നത്. (മഹാവിപ്ലവകാരിയായ തനിക്ക് എങ്ങനെ അതുകഴിഞ്ഞു എന്നു ജോര്‍ജ് ആശ്ചര്യം കൂറുമ്പോള്‍ എം എന്‍ ഗോവിന്ദന്‍നായര്‍ തന്റെ ആത്മകഥയില്‍ ജോര്‍ജിനെപ്പറ്റി പറയുന്നത് അതിന്റെ കൂടെ വായിക്കാവുന്നതാണ്. സി പി ക്കെതിരായ ആരോപണങ്ങളടങ്ങുന്ന മെമ്മോറാണ്ടം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പിന്‍വലിച്ചശേഷം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന മെമ്മോറാണ്ടം വീണ്ടും കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഇടതരുള്‍പ്പെടുന്ന യൂത്ത് ലീഗ് 1939-ലോ 1940ലോ എറണാകുളം കേന്ദ്രമാക്കി ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ കെ സി ജോര്‍ജ് പങ്കെടുക്കുന്നതു കണ്ടപ്പോഴാണ് അദ്ദേഹം ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നു താന്‍ ആദ്യമായി മനസ്സിലാക്കുന്നതെന്നാണ് എം എന്‍ പറയുന്നത്. അതുവരെ അദ്ദേഹത്തിന്റെ ധാരണ മറിച്ചായിരുന്നത്രെ. അതിനുമുമ്പ് ഇദ്ദേഹം തിരുവിതാംകൂറില്‍ നടത്തിയ പരാക്രമങ്ങള്‍ എം എന്‍ അറിയാഞ്ഞിട്ടോ എന്തോ.) ഏതായാലും വാനരനില്‍നിന്ന് യുദ്ധതന്ത്രവും ലക്നൌ യൂനിവേഴ്സ്റ്റിയില്‍നിന്ന് ഒരു ബിരുദവും കരസ്ഥമാക്കി തിരുവിതാംകൂറില്‍വന്ന് അദ്ദേഹം വക്കീലായി പ്രാക്റ്റീസ് തുടങ്ങി.
ഭാഷകൊണ്ടൊരു യുദ്ധം എന്നൊരദ്ധ്യായമുണ്ട്. അതും വീമ്പു പറച്ചിലാണ്. മലയാളമറിയാത്തവരോടു മലയാളത്തില്‍ സംസാരിച്ച് അവരെ സംഭ്രമിപ്പിച്ചു താന്‍ വിജയിച്ച അനുഭവങ്ങളാണ് അവിടെ വര്‍ണ്ണിക്കുന്നത്. അല്പത്തരത്തെ നേട്ടമാക്കാന്‍ ഇയ്യാളെ കഴിച്ചേ ആളുള്ളൂ എന്നു തോന്നും വായിച്ചാല്‍.
1937ല്‍ മാത്രമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പാതി ടൈപ്പ് ചെയ്തതും പാതി എഴുതിയതുമായ ഒരു പ്രതി തനിക്കു ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ആദ്യകാലത്ത് തനിക്ക് രാഷ്ട്രീയത്തോട് അനിഷ്ടം തോന്നാനുള്ള കാരണം തിരുവിതാംകൂറില്‍ അന്നു രാഷ്ട്രീയരംഗം സാമുദായികമായി ചേരിതിരിഞ്ഞ അവസ്ഥയാണ് എന്ന ദ്ദേഹം പറയുന്നുണ്ട്. 1931ലോ മറ്റോ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് എന്‍ സി ശേഖറിന്റെയും മറ്റും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് തുടങ്ങിയിരുന്നെന്നാലോചിക്കണം. രാഷ്ട്രീയത്തിലേക്ക് എന്നൊരു അദ്ധ്യായമുണ്ട്. അതില്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനമായി പറയുന്നത് ആകെക്കൂടി ആലപ്പുഴവരെ ഒന്നു പോയിനോക്കിയ കാര്യമാണ്. തൊഴിലാളിപ്രവര്‍ത്തനത്തിനുവേണ്ടിയാണ് പോയത്. തൊഴിലാളികള്‍ അതിനു പാകമായിട്ടില്ല എന്നു കണ്ട് തിരിച്ചുപോരുകയും ചെയ്തു. 1936 ല്‍ മുനിസിപ്പല്‍ ഇലക്‌ഷനില്‍ മത്സരിച്ചതാണ് ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളായിട്ടല്ല. അതില്‍ വിജയിച്ചു. മുനിസിപ്പല്‍ കൌണ്‍സില്‍ യോഗത്തില്‍ തിരുവനന്തപുരത്ത് ഒരു ജനനനിയന്ത്രണ ക്ലിനിക് തുടങ്ങണമെന്ന് ഇദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നത്രെ. ആരും പിന്തുണച്ചില്ല. 1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആരംഭിച്ചതോടെ സംഘടനാ പ്രവര്‍ത്തനം ഇദ്ദേഹം നടത്തിയതായി പറയുന്നുണ്ട്.
മര്‍ദ്ദനമേറ്റതായി ഇദ്ദേഹം പറയുന്ന ഏക സന്ദര്‍ഭം ചെങ്ങന്നൂരില്‍ ഒരു സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗം കലക്കാന്‍ പൊലീസിന്റെ പിന്തുണയോടെ റൌഡികള്‍ ശ്രമിച്ചപ്പോഴാണ്. പ്ലാറ്റ്ഫോറത്തിലിരുന്നവരെ താഴെയിറക്കാന്‍ റൌഡികള്‍ ബലംപ്രയോഗിച്ച നേരം പിന്നില്‍നിന്ന് തലയ്ക്ക് ലാത്തികൊണ്ടൊരു അടിയേല്‍ക്കുകയും തല അല്പം പൊട്ടുകയും ചെയ്തു. ഏതായാലും റൌഡികളെയും പൊലീസുകാരെയും നാട്ടുകാര്‍ കല്ലെറിഞ്ഞോടിക്കുകയായിരുന്നു.
ഏ കെ ഗോപാലന്റെ വകയിലെ ഒരനുജനെന്നു കെ സി ജോര്‍ജ് പറയുന്ന ഏ കെ നാരായണന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി തിരുവിതാംകൂറില്‍ വന്ന കാലത്ത് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് പത്തുപതിനഞ്ചുമിനിറ്റോളം തനിച്ചുനിന്ന് പൊലീസിന്റെ തല്ലുകൊണ്ട കാര്യം ജോര്‍ജ് ആവേശത്തോടെ വിവരിക്കുന്നുണ്ട്. പൊലീസ് മൈതാനത്തേക്കു പ്രവേശനം നിരോധിച്ചിരുന്നു. നാരായണന്‍ തന്ത്രത്തില്‍ മൈതാനത്തില്‍ കടന്നുകയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. നാരായണനെ മര്‍ദ്ദിക്കാന്‍ തുടങ്ങും മുമ്പ് മര്‍ദ്ദകവീരനായ ഒരു റാവുത്തര്‍ എന്ന ഇന്‍സ്പെക്റ്ററുമായി ജോര്‍ജ് അങ്ങോട്ടു കയറി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഡി എസ് പി വന്ന് ജോര്‍ജിനോടു ക്ഷമാപണം നടത്തി ഇന്‍സ്പെക്റ്ററെ അവിടെന്നു മാറ്റുകയും ചെയ്തകാര്യമൊക്കെ പറയുന്നുണ്ട്. പതിവുപോലെ വീമ്പുപറച്ചില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന നാരായണനെ തല്ലുന്നതിനു ജോര്‍ജ് കാഴ്ചക്കാരന്‍ മാത്രമായിരുന്നു എന്നു വേണം കരുതാന്‍.
റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് കെ സി ജോര്‍ജ് ഒരു യോഗത്തില്‍ പ്രസംഗിച്ചകാര്യം പറയുന്നതു രസമാണ്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയോ യൂത്ത് ലീഗിന്റെയോ പേരില്‍ യോഗം നടത്തിക്കൂട. രണ്ടിനും നിരോധനമുണ്ട്. ഇല്ലാത്ത ഒരു സാംസ്കാരികസമിതിയുടെ പേരില്‍ യോഗം നടത്തി. അക്രമരാഹിത്യത്തെക്കുറിച്ചായിരുന്നു പ്രസംഗം. കേള്‍ക്കാനാരുമുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാവുന്നത്. പിന്നീട് യൂത്ത് ലീഗ് നിയമം ലംഘിച്ച് ഒരു യോഗം നടത്തി. വമ്പിച്ചയോഗം. പൊന്നറ ശ്രീധര്‍, ശ്രീകണ്ഠന്‍ നായര്‍, പുതുപ്പള്ളി രാഘവന്‍ പിന്നെയും കുറെപ്പേര്‍ നിയമം ലംഘിച്ചു പ്രസംഗിച്ചു. ഈ സംഭവത്തോടെ ജോര്‍ജ് യൂത്ത് ലീഗിനോടു കൂടുതല്‍ അടുക്കുന്നതേയുള്ളൂ. അതുകൊണ്ട് നിയമം ലംഘിക്കാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. പ്രസംഗിച്ച എല്ലാവരെയും അറസ്റ്റു ചെയ്തു ലോക്കപ്പിലിട്ടു. പൊലീസ് സ്റ്റേഷന്റെ മുന്നിലെ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഒരു വക്കീലാപ്പീസില്‍ ജോര്‍ജും ഒന്നു രണ്ടു സ്നേഹിതന്മാരും ഉറക്കമിളച്ചു കാവലിരുന്നതിനാല്‍ ലോക്കപ്പിലടച്ചവരെ മര്‍ദ്ദിച്ചില്ല. അടുത്ത ദിവസം ഇവരുടെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത് ജോര്‍ജ് തന്നെ. തന്റെ അവസാനത്തെ കേസ് എന്നാണ് ജോര്‍ജ് അതിനെപ്പറ്റി പറയുന്നത്. കേസ് തോറ്റു എന്നും. ഇക്കാലത്തൊന്നും ജോര്‍ജ് യൂത്ത് ലീഗില്‍ ചേര്‍ന്നിരുന്നില്ല, സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ അവരെ സഹായിക്കുക മാത്രമേ ചെയ്തുള്ളൂവെന്നു പറയുന്നു. അതിനു മുന്‍പുതന്നെ എന്‍ സി ശേഖറിനെ അറസ്റ്റ് ചെയ്യുകയും 18 ദിവസം ശിക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ വിടുമ്പോള്‍ സ്വീകരിക്കാന്‍ ഹാരവുമായി ജോര്‍ജ് ജെയിലില്‍ പോവുന്നു. പക്ഷേ വിട്ടയുടന്‍ വീണ്ടും അറസ്റ്റ് ചെയ്തു ലോക്കപ്പിലേക്കു കൊണ്ടുപോയി. (കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പില്‍ മാസങ്ങളോളം ഇടുക എന്നതായിരുന്നു സി പി യുടെ കാലത്തെ പ്രധാന ശിക്ഷാരീതി എന്നു തോന്നുന്നു.) ഏതായാലും മാലയുമായി പോയ തനിക്ക് എന്‍ സി യുടെ കാര്യത്തില്‍ അന്വേഷണം നടത്താനോ എന്തെങ്കിലും ചെയ്യാനോ പറ്റിയില്ല എന്നു ജോര്‍ജ് പറയുന്നു. കാരണം യൂത്ത് ലീഗിന്റെ നിയമലംഘനത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ദ്രുതഗതിയിലാണ് നീങ്ങിയത്. ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതല്ലാതെ എന്തു കാര്യമാണ് ദ്രുതഗതിയില്‍ ഇദ്ദേഹം ചെയ്തതെന്നു പക്ഷേ പറയുന്നില്ല. ഒരു വമ്പിച്ച വിദ്യാര്‍ത്ഥി ജാഥ കടന്നുപോവുന്നതു നോക്കിനിന്ന കാര്യം പറയുന്നുണ്ട്. ജാഥയെ ലാത്തിചാര്‍ജ് ചെയ്തു. പക്ഷേ ഇദ്ദേഹം അപ്പോഴേക്കും വേറൊരു തിരിച്ചിലില്‍പ്പെടുന്നു. തന്റെ സഹപ്രവര്‍ത്തകനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് ഇദ്ദേഹം സ്റ്റേഷനില്‍ചെന്ന് പൊലീസ് കമ്മിഷനറെ വിരട്ടി സഹപ്രവര്‍ത്തകനെയും കൊണ്ടു മടങ്ങി. (യൂനിവേഴ്സിറ്റി കോളജിന്റെ കാമ്പസില്‍ കുതിരപ്പൊലീസ് വിദ്യാര്‍ത്ഥികളെ നേരിട്ട ഒരു സംഭവത്തിനും ജോര്‍ജ് സാക്ഷിയാണ്. തന്റെ തലയ്ക്കു മുകളിലൂടെയാണ് ഒരു കുതിര ചാടിയതെന്നൊക്കെ അദ്ദേഹത്തിനു തോന്നിയെങ്കിലും ഒരു പോറലും അദ്ദേഹത്തിനേല്‍ക്കുന്നില്ല.)
1938 ആഗസ്റ്റ് 18-ന് നിയമലംഘനം ആരംഭിക്കാന്‍ തീരമാനിച്ചതനുസരിച്ച് ഒന്നാം തീയതി പ്രാക്റ്റീസ് നിറുത്തിയതായി ഇദ്ദേഹം പത്രത്തില്‍ പരസ്യം ചെയ്തത്രെ. ഇത്തരം നാടകീയതകള്‍ വേണ്ടത്രയുണ്ട് ആത്മകഥയില്‍. 18 ന് നടക്കാതെ നീണ്ടുപോയി ആഗസ്ത് 28ന് നിയമലംഘനം നടക്കുമ്പോളാണ് മുകളില്‍ പറഞ്ഞ കാര്‍ ചെയ്സും മറ്റും നടക്കുന്നത്. അന്നു പുലര്‍ച്ചെ ഇദ്ദേഹം ഉറക്കമില്ലാതെ കിടന്ന് ആ ദിവസം എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കുന്നു. തനിക്ക് സമരത്തില്‍ പങ്കെടുക്കാനോ അതു കാണാനോ അനുവാദമില്ലെന്ന് അദ്ദേഹം പറയുന്നു. ഈ നിരോധനം (സഹപ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയത്) തന്നെ അല്പം അസ്വസ്ഥനാക്കിയെന്നദ്ദേഹം പറയുന്നു. അന്നു നാലു മണിക്ക് ജോര്‍ജ് കോണ്‍ഗ്രസ് ആപ്പീസില്‍ അസ്വസ്ഥനായിരിക്കുന്നു. എല്ലാവരും കടപ്പുറത്തേക്കു പോയിക്കഴിഞ്ഞു. എന്തു നടക്കുന്നു എന്നു കാണുകയെങ്കിലും വേണമെന്ന ചിന്തയോടെ തന്റെ മേലുള്ള നിരോധനം ലംഘിച്ച് ഒരു ജഡ്ക്കയില്‍ കയറി അദ്ദേഹം പുറപ്പെടുന്നു. പുത്തന്‍ചന്ത പൊലീസ് സ്റ്റേഷന്റെ തെക്കുവശത്തെ വഴിയില്‍ക്കൂടി ജഡ്ക്ക അതിവേഗം ഓടിച്ചു പോകുമ്പോള്‍ ഒരു കാര്‍ പെട്ടെന്ന് ജഡ്ക്കയുടെ മുന്‍പില്‍ വന്നുനിന്ന് വഴി തടഞ്ഞു. കെ പി നീലകണ്ഠപ്പിള്ള ചാടിയിറങ്ങി അദ്ദേഹത്തെ ശകാരിച്ചു.
"നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍; പോകേണ്ടെന്നു പറഞ്ഞിരുന്നതല്ലേ." അപ്പോളാണ് ഞാന്‍ ഒരു വലിയ തെറ്റാണ് ചെയ്തതെന്ന ബോധം എനിക്കുണ്ടായത്. പിന്നീട് നിയമലംഘനത്തെപ്പറ്റിയുള്ള വിവരങ്ങളറിയാന്‍ എനിക്കു വെമ്പലായിരുന്നു.
അന്ന് തിരുവനന്തപുരത്ത് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.
അടുത്ത നിയമലംഘനം മൂന്നു ദിവസം കഴിഞ്ഞാണ്. പൊലീസ് യുദ്ധസന്നാഹം ഒരുക്കിയിരുന്നു. എല്ലാം ശരിയായി കാണത്തക്കവിധത്തില്‍ റോഡിന്റെ തെക്കുവശത്തുള്ള ഉയര്‍ന്ന മണല്‍ത്തിട്ടയില്‍ ആളുകളുടെ ഇടയില്‍ മുന്‍പന്തിയില്‍ ഞാന്‍ നിലയുറപ്പിച്ചു. (ഗാന്ധിത്തൊപ്പി ധരിച്ചിട്ടുണ്ട്.) പൊലീസ് കമ്മീഷനര്‍ എല്ലാവരോടും മാറിപ്പോവാന്‍ പറയുന്നു. പൊലീസുകാര്‍ ലാത്തിവീശുന്നു. എല്ലാവരും ഓടുന്നു. ജോര്‍ജ് മാത്രം ശേഷിക്കുന്നു. കമ്മിഷനര്‍ എന്തിനാണ് ഇവിടെ നില്ക്കുന്നതെന്ന് ഇംഗ്ലീഷില്‍ ചോദിക്കുന്നു. ഇതെല്ലാം കാണാനെന്നാണ് ജോര്‍ജിന്റെ മറുപടി. ഒരു കോണ്‍ഗ്രസ് നേതാവിന്റെ കാറും ഡ്രൈവറും റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. ആ കാറാണ് പിന്നീട് ജോര്‍ജ് ചെയ്സിനുപയോഗിക്കുക. നിയമം ലംഘിക്കുന്ന നേതാക്കള്‍ കുറെപ്പേരോടെ അവിടെയെത്തുന്നതോടെ യുദ്ധം ആരംഭിക്കുന്നു. പൊലീസ് നേതാക്കളുടെ കൂടെയുള്ളവരെ നേരിടുന്നു. ജനം കടപ്പുറത്തെ പൂഴി വാരി പൊലീസുകാരുടെ നേരെയെറിയുന്നു. ഇതിനിടയിലാണ് കുറെപ്പേരെ അറസ്റ്റ് ചെയ്തു ജോര്‍ജ് നില്ക്കുന്നതിനു സമീപം നിറുത്തിയിരുന്ന വാനില്‍ കയറ്റുന്നത്. പത്തുപതിനഞ്ചുപേരെ കയറ്റിയിട്ട് കൊണ്ടുപോയി കടലില്‍ എറിയാനാണ് കമ്മിഷനര്‍ കല്പിച്ചത്. വാന്‍ കിഴക്കോട്ടു പാഞ്ഞുപോയി. അപ്പോഴാണ് സഖാവ് ജോര്‍ജ് നേരത്തെ അവിടെ നിറുത്തിയിട്ടതായി പറഞ്ഞ കാറില്‍ ചാടിക്കയറി വിട്ടോ എന്നു കല്പിക്കുന്നതും തുടര്‍ന്നു ചെയ്സ് നടക്കുന്നതും. വാന്‍ കാഴ്ചയില്‍നിന്നു മറഞ്ഞിട്ടും അതിനെ പിന്തുടര്‍ന്ന് ഒരു കാട്ടുപ്രദേശത്തുവെച്ചു കണ്ടുപിടിച്ച് ഒരു പെര്‍ഫോമന്‍സുണ്ട് ജോര്‍ജിന്റെ വക. അതില്‍ ഒരു കേമറ പ്രയോഗവുമുണ്ട്, രസകരമായിട്ട്. ആരും ഇറങ്ങരുത്, ചുണയുണ്ടെങ്കില്‍ ഇറക്കട്ടെ എന്ന് അട്ടഹസിച്ചുകൊണ്ട് ഞാന്‍ വാനിന്റെ വാതില്‍ക്കല്‍ നിലയുറപ്പിച്ചു, ഇറങ്ങണം ഇറങ്ങണം എന്നുപറഞ്ഞുകൊണ്ട് നിസ്സഹായനായി ഇന്‍സ്പെക്റ്റര്‍ നിന്നു, എന്ന ലൈനില്‍ കാര്യങ്ങള്‍ പോകവേ ജോര്‍ജിന് കാറിലുള്ള സുഹൃത്തിന്റെ കയ്യിലെ കേമറ പെട്ടെന്നോര്‍മ്മ വന്നു. പിന്നെ അതെടുത്തു വാനിന്റെയും മറ്റും ഫോട്ടോ എടുക്കാന്‍ പോവുകയാണ് ജോര്‍ജ്. കേമറയിലൂടെ ജോര്‍ജ് നോക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇന്‍സ്പെക്റ്ററും പൊലീസുകാരും ചാടിക്കയറി വാന്‍ തിരിച്ചോടിച്ചു. വീണ്ടും ചെയ്സ്. തനിക്കു പടമെടുക്കാനറിയുമായിരുന്നില്ലെന്നും കേമറയില്‍ ഫിലിം ഇല്ലായിരുന്നെന്നും ജോര്‍ജ്. ഇങ്ങനെ ഇദ്ദേഹം കാര്‍ ചെയ്സ് നടത്തിയ ദിവസം ചെങ്ങന്നൂരും പുതുപ്പുള്ളിയിലും നടന്ന നിമയലംഘനം വെടിവെപ്പില്‍ കലാശിക്കുകയും ഓരോ രക്തസാക്ഷികള്‍ ഉണ്ടാവുകയും ചെയ്യുന്നു. നെയ്യാറ്റിന്‍കര വെടിവെപ്പ് നടന്നതും രാഘവന്‍ രക്തസാക്ഷിയായതും അതേ ദിവസം തന്നെയാണ്.
(തുടരും)