കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നെറികേടുകളെപ്പറ്റിയുള്ള അന്വേഷണമാണ് പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ ആത്മകഥകള്‍ ചികയാന്‍ പ്രേരണയായത്. കെ സി ജോര്‍ജെന്ന പൊങ്ങച്ചക്കാരന്റെ ആത്മകഥയ്ക്കുശേഷം (ഭാഗം 1, ഭാഗം 2) എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍ (1987 ല്‍ പ്രകാശനം) അത്ഭുതപ്പെടുത്തി. ജയില്‍ജീവിതം വിവരിക്കുന്ന ഇതിലെ ഒരു ഭാഗം കമ്യൂണിസ്റ്റുകാര്‍ക്ക് പതിവില്ലാത്ത സത്യസന്ധതകൊണ്ടും പതിവുള്ള വിപ്ലവവീര്യത്തിന്റെ അശ്ലീലമായ ആധിക്യം ഇല്ലാത്തതുകൊണ്ടും വളരെ ശ്രദ്ധേയമായി തോന്നി. അഗ്നിവീഥികള്‍ പൂര്‍ണ്ണമായും ആത്മകഥയല്ല, ഒട്ടും കെട്ടുറപ്പുള്ള രചനയുമല്ല. തുടക്കം പരമ്പരാഗതമായ ആത്മകഥന ശൈലിയിലാണ്. കുടുംബപശ്ചാത്തലം ബാല്യം എന്നിവയുടെ വിവരണമുണ്ട് ആദ്യത്തെ ഒരു മുപ്പതു പേജോളം. പ്രക്ഷോഭണങ്ങളിലേര്‍പ്പെട്ട താരുണ്യവും യൌവ്വനവും (ഉദ്ദേശം നാല്പതുപേജില്‍) ജയില്‍വാസവും (വീണ്ടുമൊരു നാല്പതുപേജ്), തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വളരെക്കുറച്ചു മാത്രം ആത്മകഥനവും വളരെക്കൂടുതല്‍ സിദ്ധാന്തം പറച്ചിലും, ഒടുക്കം തനിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള കയ്പേറിയ മറുപടി, ഇങ്ങനെയാണ് അഗ്നിവീഥികളുടെ രൂപം. ജയില്‍വാസകാലവും അതിനു മുമ്പുള്ള പ്രക്ഷോഭണകാലവും വളരെ രസകരമായി എന്നാല്‍ നിറംപിടിപ്പിക്കാതെ, വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കാതെ വിവരിച്ചിട്ടുണ്ട്. ഈ രണ്ടു ഭാഗങ്ങള്‍ക്കുമിടയില്‍ എങ്ങനെയോ ഒരു തുടര്‍ച്ചയില്ലായ്മ വന്നിട്ടുണ്ട്. പ്രഭാത് ബുക് ഹൌസ് എന്ന നിരക്ഷകുക്ഷികള്‍ എത്ര നിരുത്തരവാദപരമായാണ് ഈ പുസ്തകങ്ങളൊക്കെ അടിച്ചിറക്കുന്നത്. മലയാളം ലേശമെങ്കിലും അറിയുന്ന ഒരാള്‍ പ്രൂഫ് നോക്കുന്നില്ല, ഉള്ളടക്കത്തിന് അലക്കം തട്ടുന്നതു നോക്കാന്‍ ആരുമില്ല, പുസ്തകത്തെ സംബന്ധിച്ച പശ്ചാത്തലവിവരങ്ങള്‍ അവതരിപ്പിക്കില്ല- അങ്ങടിച്ചിറക്കുക, പഴയശീലം.
സ്വന്തം ജീവിതത്തിലെ വളരെച്ചുരുങ്ങിയ കാലം മാത്രമാണ് ഇദ്ദേഹം ഈ പുസ്തകത്തിലവതരിപ്പിച്ചത്. അഞ്ചുവര്‍ഷത്തിനുമേല്‍ ജയില്‍വാസം അനുഭവിച്ചു എന്നു പറയുന്നുണ്ടെങ്കിലും ആദ്യത്തെ ആറുമാസത്തെ ജയിലനുഭവം മാത്രമാണ് ഇതിലുള്ളത്. പ്രധാന പ്രവര്‍ത്തന മേഖലയായ ട്രേഡ്‌യൂനിയന്‍ പ്രസ്ഥാനത്തെപ്പറ്റി വളരെ സംക്ഷിപ്തമായ ഒരു അവലോകനം മാത്രം. തന്റെ ഓരോ ജയില്‍വാസത്തെയും പറ്റി വെവ്വേറെ ജയില്‍ ഡയറികളും ഘട്ടംഘട്ടമായ ആത്മകഥനങ്ങളും എഴുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു കോമാളിയുമായി താരതമ്യംചെയ്യുമ്പോള്‍ ശേഖറിനോ കെ സി ജോര്‍ജിനോ എം എന്‍ ഗോവിന്ദന്‍ നായര്‍ക്കോ ഒന്നും ജീവിച്ച കാലം മുഴുവന്‍ പ്രതിപാദിക്കുന്ന ആത്മകഥ എഴുതാന്‍പോലും പാങ്ങില്ലായിരുന്നോ? സമ്പന്ന കുടുംബത്തില്‍ ജനിച്ച് ദരിദ്രനായി ജീവിച്ച എന്‍ സിയുടെ കാര്യത്തില്‍ ഉപജീവനത്തിനുവേണ്ടിയുള്ള പാച്ചിലില്‍ പുസ്തകമെഴുത്ത് അനാകര്‍ഷകമായി തോന്നിയോ? ഓര്‍മ്മക്കുറിപ്പുകളും ഭൂതകാലത്തെ ചികയലുമെല്ലാം ഇന്നത്തെപ്പോലെ ആനുകാലികങ്ങളുടെ താത്പര്യമായിരുന്നില്ല മുന്‍കാലങ്ങളില്‍ എന്നതും പ്രസാധനം ഇന്നത്തെക്കാള്‍ പാടുപെട്ട ഏര്‍പ്പാടായിരുന്നു എന്നതും കാരണമായിരിക്കാം.
ജീവിച്ചിരിക്കെ പുസ്തകരൂപത്തില്‍ ഇതു പ്രസിദ്ധമായിട്ടില്ല. മരണശേഷം ഇദ്ദേഹം ശേഷിപ്പിച്ച പ്രകാശിതവും അപ്രകാശിതവുമായ ലേഖനങ്ങളെ എഡിറ്റു ചെയ്തു പുസ്തകമാക്കിയ് ടി വി കെ. അതേസമയം ആത്മകഥ എന്നുദ്ദേശിക്കപ്പെട്ടതുതന്നെയായിരുന്നു ഈ ലേഖനങ്ങള്‍. അഗ്നിവീഥികള്‍ എന്ന പേര് എന്‍ സി തന്നെ കൊടുത്തതാണ്.
എന്‍ സി ശേഖര്‍ എന്ന എന്‍ ചന്ദ്രശേഖരപിള്ള തിരുവിതാംകൂറില്‍ ജനിച്ച് ജീവിതത്തിന്റെ അരനൂറ്റാണ്ടോളം കണ്ണൂരില്‍ ജീവിച്ചു. 1931 ല്‍ എന്‍ സി ശേഖര്‍ ഉള്‍പ്പെടുന്ന സംഘമാണ് പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പായ കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിക്കുന്നത്. കമ്യൂണിസ്ററ് ലീഗാണ് ആദ്യമായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മലയാളം പരിഭാഷ തയ്യാറാക്കുന്നതെന്നു പറയുന്നു. 1931 ല്‍ ആദ്യമായി കൃഷ്ണപിള്ളയെ കോഴിക്കോട്ടു വെച്ചു കണ്ടപ്പോള്‍ കമ്യൂണിസ്റ്റ് ലീഗ് പ്രസിദ്ധീകരിച്ചിരുന്ന കമ്യൂണിസ്റ്റ് വിജ്ഞാപനത്തിന്റെ ഒരു പ്രതി കൃഷ്ണപിള്ളയ്ക്കു കൈമാറിയെന്ന് ഇദ്ദേം പറയുന്നു. അന്ന് അപാരമായ ഗാന്ധി ഭക്തിയുണ്ടായിരുന്ന കൃഷ്ണപിള്ള ഇദ്ദേഹവുമായി ഉഗ്രമായ തര്‍ക്കത്തിലേര്‍പ്പെട്ടുവത്രെ. വടകര സമ്മേളനത്തിനു പോവാന്‍ കാശു തികയാതെ കോഴിക്കോട്ടു പരിചയമുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ചെന്നതായിരുന്നു ശേഖര്‍. നേതാവ് നേരത്തേ വടകരയ്ക്കു പോയിരുന്നു. അവിടെ എത്താനുള്ള പണം കൃഷ്ണപിള്ളയാണ് കൊടുക്കുന്നത്. തര്‍ക്കം വളരെ ഉച്ചത്തിലായിരുന്നെങ്കിലും അതുകഴിഞ്ഞ് വളരെ സ്നേഹപൂര്‍വ്വമാണ് കൃഷ്ണപിള്ള പണം തന്ന് യാത്രയാക്കിയതെന്നാണ് ശേഖര്‍ പറയുന്നത്. കമ്യൂണിസവുമായി പരിചയിച്ചതില്‍ തങ്ങള്‍ക്കുള്ള കുറെ വര്‍ഷത്തെ സീനിയോറിറ്റിയെ താഴ്ത്തിക്കെട്ടാന്‍ നമ്പൂതിരിപ്പാട് തന്റെ ചരിത്രങ്ങളിലൂടെ ശ്രമിച്ചതിനെതിരെ കടുത്ത വിരോധം പ്രകടിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിന്റെ അവസാന ഭാഗത്തെ ഒരു ലേഖനത്തില്‍. യൂത്ത് ലീഗ് ഒറ്റപ്പെട്ട ഒരു ഗ്രൂപ്പായിരുന്നെന്നും മറ്റു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടു ബന്ധമില്ലായിരുന്നെന്നും പറഞ്ഞ് അതിനൊരു പ്രാധാന്യവും കൊടുക്കാതിരിക്കുക എന്നതാണ് നമ്പൂതിരിപ്പാട് ചെയ്തത്. തിരുവിതാംകൂറിലെ പ്രബല ഇടതുപക്ഷ സംഘടനയായിരുന്ന യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്യൂണിസ്റ്റ് ലീഗുകാര്‍ ഭാഗഭാക്കായിരുന്നു എന്നതു തന്നെ നമ്പൂതിരിപ്പാടിന്റെ ഈ അവഗണനയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. മാത്രവുമല്ല, ആലപ്പുഴയിലെ തൊഴിലാളി സംഘടനയില്‍ നേതൃത്വനിരയിലുണ്ടായിരുന്ന പൊന്നറ ശ്രീധര്‍ ഈ യൂനിയനുകള്‍ക്ക് ഇടതുപക്ഷ നിറം കൊടുക്കുന്നതില്‍ ഒരു പങ്കം വഹിച്ചിട്ടില്ലെന്നു വരാനിടയില്ല.
എന്‍ സി ശേഖര്‍ ഇടപെടാന്‍ പ്രയാസമുള്ള എടുത്തുചാട്ടക്കാരനായിരുന്നു എന്നത് പ്രസിദ്ധമാണ്. ഇക്കാര്യം പുസ്തകത്തില്‍ ചേര്‍ത്ത അച്യുതമേനന്റെ ലേഖനത്തിലും പറയുന്നുണ്ട്. ഈ പുസ്കകത്തില്‍ ഇതിനുള്ള ഉദാഹരണങ്ങള്‍ കാണുകയും ചെയ്യാം. കൃഷ്ണപിള്ളയില്‍ ഇദ്ദേഹം എടുത്തു പറയുന്ന ഗുണങ്ങളിലൊന്ന് ശൌര്യമാണ്. ജയിലിലായിരിക്കുമ്പോള്‍ പുഴുത്ത അരിയുടെ ചോറുകൊണ്ടു വിശപ്പടങ്ങാതെ ജയില്‍വളപ്പിലെ തെങ്ങില്‍നിന്ന് കരിക്ക് പറിച്ചയാളെ പരിഹസിച്ച ഒരു അഹിംസാവാദിയെ (ആ സമയത്ത് ജയിലിലുള്ള കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ അനുയായിയാണ് അയാള്‍) അടിച്ചതിന്റെ പേരില്‍ മെയിന്‍ ബ്ലോക്കിനു പുറത്തുള്ള ക്വാറന്റൈനില്‍ എന്‍ സിയെ അടയ്ക്കുന്നുണ്ട്. കുറൂരിനോട് ഇദ്ദേഹത്തിന്റെ വഴക്ക് സമരകാലത്തു തന്നെ തുടങ്ങുന്നുണ്ട്. കല്ലായിയിലെ കള്ളുഷാപ്പ് പിക്കറ്റിങ് നടത്തി ഓരോ ദിവസവും വളണ്ടിയര്‍മാര്‍ തല്ലുകൊണ്ടിരിക്കെ അവിടേക്കു തിരിഞ്ഞുനോക്കാതെ മാതൃഭൂമിയുടെ മാളികമുകളിലിരുന്ന സമരത്തിന്റെ ഡിക്റ്റേറ്റര്‍ കുറൂരിനെ ആപ്പീസില്‍പോയി ചീത്തവിളിക്കുന്നു എന്‍ സി. പുഴുത്ത അരിയുടെ ചോറിനെതിരെ പ്രതിഷേധിക്കുന്നതില്‍ കുറൂരിനുള്ള എതിര്‍പ്പിനെച്ചൊല്ലിയുള്ള വിരോധം, തടവുകാരുടെ കഷ്ടസ്ഥിതിക്ക് അല്പമെങ്കിലും ആശ്വാസം നല്കാന്‍ കണ്ണുരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശേഖരിച്ചു നല്കിയ വസ്ത്രങ്ങള്‍ വിതരണം ചെയ്യാതെ കെട്ടിവെച്ചതിലുള്ള അനിഷ്ടം, ഇതൊക്കെയുണ്ടെങ്കിലും കുറൂരിനെപ്പറ്റി നല്ലതും പറയുന്നുണ്ട്. (സത്യാഗ്രഹികള്‍ പരാതിപ്പെടരുത്, സുഖസൌകര്യങ്ങള്‍ കാംക്ഷിക്കരുത് എന്നൊക്കെയായിരുന്നു ഗാന്ധിയന്മാരുടെ നിലപാട്.) പിന്നീട് വടകര സമ്മേളനത്തിനു പോവാന്‍ പണമില്ലാതെ കുറൂരിനെ ചെന്നുകണ്ടപ്പോള്‍ ഒട്ടും അനിഷ്ടം പ്രകടിപ്പിക്കാതെ അദ്ദേഹം സഹായിച്ചകാര്യം പറയുന്നു. കുറൂര്‍ ഇദ്ദേഹത്തെ തന്റെ ഒപ്പം കൂട്ടുകയും ടിക്കെറ്റ് എടുത്തുകൊടുക്കുകയും ചെയ്തു. കേളപ്പനോടുള്ള നിലപാടിലും രണ്ടുവശവും കാണാനുള്ള സന്നദ്ധതയുണ്ട്. ജയിലില്‍ ചകിരിതല്ലിയതിന്റെ പേരില്‍ കേളപ്പനെ പുച്ഛിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൌമ്യശീലത്തെയും സഹായമനഃസ്ഥിതിയെയും ഇദ്ദേഹം എടുത്തു പറയുന്നുണ്ട്. പരാതി പറയാന്‍ പാടില്ലാത്തതുകൊണ്ടു കേളപ്പന്‍ ചകിരിതല്ലി. എന്‍ സിയും സഹതടവുകാരും ചകിരി തല്ലുന്ന ജോലി ചെയ്യില്ലെന്നു പറഞ്ഞു പ്രതിഷേധിച്ചു, അതോടെ ആ ജോലി നിറുത്തി അവര്‍ക്ക് മറ്റു ജോലികള്‍ കൊടുത്തു എന്നു പറയുന്നു. എന്‍ സി ക്ക് കിട്ടിയത് കമ്പോസിറ്ററുടെ ജോലി. എന്‍ സിയുടെ ആദ്യ ജയില്‍വാസ കാലം കഴിഞ്ഞ് ഒരു ദശകം കഴിഞ്ഞാണ് ഇ കെ നായനാര്‍ കണ്ണൂര്‍ ജയിലില്‍ ചകിരിതല്ലുന്നത്.
1930 ലെ നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ ഉപ്പുകുറുക്കി സമരം നടത്താന്‍ കേളപ്പന്റെ നേതൃത്വത്തില്‍ ഒരു സംഘം കോഴിക്കോട്ടുനിന്ന് കാല്‍നടയായി പയ്യന്നൂര്‍ക്ക് ജാഥ നടത്തുമ്പോള്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ തിരുവിതാംകൂറില്‍നിന്നുള്ള 25 പേരടങ്ങുന്ന സംഘം പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് കാല്‍നടയായി യാത്ര തിരിക്കുന്നു. ഇക്കൂട്ടത്തില്‍ അംഗമായി പയ്യന്നൂര്‍ക്കുപോവുന്നതാണ് എന്‍ സിയുടെ സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. പിന്നീട് കോഴിക്കോട് നിയമലംഘനം നടത്തിയാണ് ജയിലിലാവുന്നത്. ആറുമാസം തടവാണ് കിട്ടുന്നത്.
ജയിലില്‍ സമ്പത്തും സാമൂഹ്യപദവിയുമനുസരിച്ചാണ് ക്ലാസ് നല്കിയിരുന്നത്. ഏ, ബി, സി എന്നിങ്ങനെ ക്ലാസുകള്‍. (തിരുവിതാംകൂറിലെ ജയിലുകളില്‍ ഇങ്ങനെ ക്ലാസ് വ്യത്യാസമില്ലായിരുന്നു.) കൂറൂരിന് പദവിക്കനുസരിച്ച് കിട്ടേണ്ടിയിരുന്നത് ഏ ക്ലാസ് ആയിരുന്നെങ്കിലും ബ്രിട്ടീഷ് മലബാറിലെ പ്രജയല്ലാതിരുന്നതിനാല്‍ ആ ആനുകൂല്യം ഉണ്ടായില്ല. എന്നുമാത്രമല്ല, മറ്റു സി ക്ലാസുകാര്‍ വിശപ്പടക്കാന്‍ ജയില്‍ വളപ്പിലെ കായും കനിയുമൊക്കെ തിന്നപ്പോള്‍ ഗാന്ധിയനാകയാല്‍ അങ്ങോര്‍ക്ക് പ്രതിഷേധംകൂടാതെ പുഴുത്ത അരിയുടെ ചോറുമാത്രം തിന്നേണ്ടിവന്നു.
ബാംഗ്ലൂര്‍ സ്വദേശിയായ വാസുദേവറാവു ജയില്‍ ഗോപുരത്തില്‍ ദേശീയ പതാക കെട്ടിയതിനു ശിക്ഷയായി അദ്ദേഹത്തെ കാല്‍വിലങ്ങ് അണിയിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധമുണ്ടാവുകയും അത് ഒരു ദിവസം അര്‍ദ്ധരാത്രി നടന്ന കടുത്ത ജയിലിനുള്ളിലെ ഭീകരമായ ലാത്തിചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. എന്‍ സി യുടെ പല്ലൊന്നു പൊട്ടിപോവുകയും ചുണ്ടു മുറിയുകയും ചെയ്തു. സി ക്ലാസ് തടവുകാരെ മാത്രമായിരുന്നു മര്‍ദ്ദിച്ചതെന്നാണ് മനസ്സിലാവുന്നത്. ജയിലിനുള്ളിലെ സമരത്തിന് കുറൂര്‍ എതിരായിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ അടിയും ഇടിയും ഏറ്റത് അദ്ദേഹത്തിനായിരുന്നത്രെ. അദ്ദേഹത്തിന്റെ കണ്ണട അടിച്ചുപൊട്ടിച്ചപ്പോള്‍ ചില്ല് പൊട്ടി കണ്ണില്‍ തറച്ചു. പിന്നീടദ്ദേഹത്തെ ചികിത്സയ്ക്കായി വെല്ലൂരേക്കു കൊണ്ടുപോവേണ്ടിവന്നു എന്നു പറയുന്നു.
ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് ബ്രിട്ടീഷുകാര്‍ നല്കിയ സംഭാവനചെറുതല്ല. ജയില്‍ വഴിയും അവര്‍ ഇക്കാര്യം ചെയ്തുപോന്നു. തൃശ്ശിനാപ്പള്ളി സ്വദേശിയും ബോംബെയില്‍നിന്നുള്ള കമ്യൂണിസ്റ്റുകാരനുമായ വേദാന്തത്തെയും ബോംബെ മേയറുടെ മകനും സമ്പന്നകുടുംബത്തിലെ അംഗവും അഭിഭാഷകനുമായ സൊറാബ് സോളി ബാട്‌ലിവാലയെന്ന സോഷ്യലിസ്റ്റിനെയും തിരുവിതാംകൂറുകാരും കൊച്ചിക്കാരും മലബാറുകാരുമായ കോണ്‍ഗ്രസ് സത്യാഗ്രഹികളുടെ രാഷ്ട്രീയവിദ്യാഭ്യാസത്തിനായി കണ്ണൂര്‍ ജെയിലിലെത്തിച്ച ബ്രിട്ടീഷുകാരുടെ ജയില്‍ വ്യവസ്ഥ ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല.
ബാട്‌ലിവാല ആദര്‍ശനിഷ്ഠയുള്ള സോഷ്യലിസ്റ്റാണ്. ഏ ക്ലാസ് ആണ് വിധിച്ചതെങ്കിലും സി ക്ലാസ് മാത്രമേ സ്വീകരിക്കൂ എന്നദ്ദേഹം നിര്‍ബന്ധം പിടിച്ചതുകാരണം അധികൃതര്‍ വഴങ്ങുകയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് നമ്പൂതിരിപ്പാട് ഇവിടെ ഏ ക്ലാസ് തടവുകാരനായി വരുന്നുണ്ട്. അന്നും സി ക്ലാസുകാര്‍ക്ക് ജയിലില്‍ കൊടിയ മര്‍ദ്ദനമേല്ക്കുന്നുണ്ട്.
ജയില്‍വാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ കാലത്ത് ഭഗത് സിങ്ങിനെയും കൂട്ടരെയും തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത് പൊന്നറ ശ്രീധറും എന്‍ പി കുരുക്കളും ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് ലീഗ് സംഘവും മറ്റുചിലരും ചേര്‍ന്നാണ്. അന്ന് അഭിഭാഷനായിരുന്ന കെ സി ജോര്‍ജും മറ്റു ചില വക്കീലന്മാരും ഈ പ്രവര്‍ത്തനത്തിന് രണ്ടുരൂപ വീതം സംഭാവന നല്കിയെന്ന് ശേഖര്‍ ഓര്‍ക്കുന്നു, രണ്ടു രൂപ അന്നു വലിയ സംഖ്യയാണെന്നും. തുടര്‍ന്നു നടന്ന യോഗത്തില്‍ കടുത്ത ശ്വാസതടസ്സവും വെച്ച് കേസരി ബാലകൃഷ്ണപിള്ള പ്രസംഗിച്ചു.
ദീര്‍ഘവും മുഷിപ്പിക്കുന്നതുമായ മാര്‍ക്സിസ്റ്റ് സിദ്ധാന്ത ചര്‍ച്ചയാണ് ഇതിലെ ഒരു പ്രധാന വൈകല്യം. സിദ്ധാന്തം നമ്പൂതിരിപ്പാടിനു മാത്രമല്ല തനിക്കുമറിയാമെന്ന് തെളിയിക്കേണ്ട ആവശ്യകതയായിരിക്കാം അതിനു പ്രേരണ. ഒരിടത്തും ഒന്നാം നിര നേതാവായി ഇദ്ദേഹം സ്വയം പ്രതിഷ്ഠിക്കുന്നില്ല. ആദ്യം പൊന്നറ ശ്രീധറിന്റെയും പിന്നീട് കൃഷ്ണപിള്ളയുടെയും അനുയായിയായാണ് ഇദ്ദേഹത്തെ മനസ്സിലാവുന്നത്.
വളരെ പ്രാധാന്യമുള്ള ഒരു കാര്യം അവസാനഭാഗത്ത് ഇദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. നമ്പൂതിരിപ്പാട് എഴുതിയ ആദ്യത്തെ കേരളചരിത്രങ്ങളിലൊന്നും കയ്യൂരിനെപ്പറ്റി പരാമര്‍മേയില്ലെന്നതിനു കാരണം എന്തായിരുന്നുവെന്ന് ഒരു ഇന്‍സൈഡെര്‍ക്കുമാത്രം വെളിപ്പെടുത്താവുന്ന ആ കാര്യം ഇതാണ്. കയ്യൂര്‍ സാമ്രാജ്യത്വവിരുദ്ധ സമരമല്ലെന്നുള്ള കാര്യം മൊറാഴ കയ്യൂര്‍ സമരങ്ങളെ വിലയിരുത്തിക്കൊണ്ട് നമ്പൂതിരിപ്പാട് അന്നു പാര്‍ട്ടിയില്‍ സര്‍ക്കുലേറ്റ് ചെയ്ത രേഖയില്‍ പറഞ്ഞിരുന്നത്രെ. ഏതായാലും നാല്പതകളുടെ അവസാനത്തിലെ കേരളം മലയാളികളുടെ മാതൃഭൂമി മുതല്‍ 1967 ലെ Kerala: Yesterday, Today and Tomorrow വിലൂടെ 1990ലെ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തിലേക്കു വളര്‍ന്ന ഇ എം എസിന്റെ ചരിത്രത്തിലൊന്നിലും കയ്യൂരില്ല, മൊറാഴയും മട്ടന്നൂരുമേയുള്ളൂ. ചരിത്രമെഴുതി ചരിത്രമെഴുതി സ്വയംപ്രതിഷ്ഠിച്ച ഇ എം എസ് ചെയ്ത അപൂര്‍വ്വം ശരികളിലൊന്നല്ലേ ഇതെന്നാണ് എന്റെ സംശയം. വെള്ളത്തില്‍ച്ചാടിയ ഒരു പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്നത് അത്രവലിയ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭമായൊന്നും തോന്നുന്നില്ല. ഇതിനെക്കുറിച്ചുണ്ടായിട്ടുള്ള ചരിത്രങ്ങള്‍, കുഞ്ഞമ്പുവിന്റെ കീര്‍ത്തനവും കെ കെ എന്‍ കുറുപ്പിന്റെ അക്കാഡമിക് ചരിത്രവും, ഇല്ലായ്മയെ പൊലിപ്പിക്കുന്നതായേ തോന്നിയുള്ളൂ. അതേസമയം പ്രസ്ഥാനം ചെയ്ത വലിയൊരു നെറികേട് എന്ന നിലയില്‍ ഇതിനു ചരിത്രപ്രാധാന്യമുണ്ട്. നമ്പൂതിരിപ്പാടിന്റെ വിലയിരുത്തല്‍ എന്തുമാവട്ടെ, തൂക്കിലേറാന്‍ പോവുന്ന ആ പാവങ്ങളെ ഒന്നു ചെന്നു കാണേണ്ടുന്ന മര്യാദപോലും നമ്പൂതിരിപ്പാട് കാട്ടിയിട്ടില്ല. അഖിലേന്ത്യാ സെക്രട്ടറി ജോഷി പോലും അവരെ സന്ദര്‍ശിച്ചിരുന്നു. അന്നു കോഴിക്കോട്ട് ആപ്പീസു തുറന്ന് ഭരണം നടത്തുന്ന നമ്പൂതിരിപ്പാടിന് കഷ്ടി ഒരു നൂറുകിലോമീറ്റര്‍ സഞ്ചരിച്ച് അവരെ കാണാനാവാഞ്ഞിട്ടല്ല. കമ്യൂണിസ്റ്റുപാര്‍ട്ടി സര്‍ക്കാറിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാലമാണതെന്നും ഓര്‍ക്കണം. ജോഷിക്കും മറ്റും സന്ദര്‍ശിക്കാന്‍ ഒരു തടസ്സവുമുണ്ടായില്ല. മാത്രവുമല്ല 1938-42 കാലത്തെ കൃതികള്‍ സമാഹരിച്ചിരിക്കുന്ന സമ്പൂര്‍ണ്ണകൃതികളുടെ നാലാം സഞ്ചികയില്‍ ഒരിടത്തു മാത്രമാണ് കയ്യൂര്‍ പരാമര്‍ശിക്കപ്പെടുന്നത്. അതാവട്ടെ കോണ്‍ഗ്രസ്സിന്റെ വില്ലേജ് കമ്മിറ്റികളുടെ ലിസ്റ്റ് കൊടുത്തിടത്തും. അക്കാലത്തെ കൃതികള്‍ കുറെയേറെ നഷ്ടപ്പെട്ടുപോയി എന്നാണ് പറയുന്നത്. നഷ്ടപ്പെട്ടതിലും ഉണ്ടാവാനിടയില്ലല്ലോ, 1947 മുതല്‍ 1990 വരെയുള്ള ചരിത്രം നോക്കുമ്പോള്‍.
എന്‍ സി ശേഖറിന്റെ ഈ കൃതി വ്യക്തമാക്കുന്ന മറ്റൊരു കാര്യം ഇ എം എസിനു നേരെയുണ്ടായ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ ദൌര്‍ബല്യമാണ്. ഇ എം എസ്സിനെപ്പോലെ ഒരു കള്ളനാണയം എങ്ങനെ മൂത്തുവാണു എന്നറിയണമെങ്കില്‍ ഇ എം എസ്സിനെ വിമര്‍ശിച്ച പ്രസ്ഥാനക്കാരുടെയും പ്രസ്ഥാനത്തില്‍നിന്നു വിട്ടുപോയവരുടെയും വാദങ്ങളിലെ വൈകല്യവും ദൌര്‍ബല്യവും നോക്കിയാല്‍ മതി. അതാവട്ടെ മിക്കവാറും വിദ്യാഭ്യാസനിലവാരവുമായി ബന്ധപ്പെട്ടതും. അറിവുണ്ടായിരുന്ന ചിലരാവട്ടെ (കെ ദാമോദരന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം) കമ്യൂണിസ്റ്റ് വിരുദ്ധത ആരോപിച്ചു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ എന്തോ പലതും ഉള്ളിലൊതുക്കി മരിച്ചുപോയി. എന്‍ സി ശേഖര്‍ ഉന്നയിക്കുന്ന ഒരാരോപണം നോക്കുക. ഇ എം എസ് കേരളം: ഇന്നലെ ഇന്ന് നാളെ എന്ന കൃതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നത് 1939 ലാണെന്ന ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന വാസ്തവം മറച്ചുവെച്ച് അതു നടന്നത് 1940-42 കാലത്താണെന്നു പറയുന്നു ഇ എം എസ്. ഇവിടെ എന്‍ സിക്കു തെറ്റിപ്പോയി. ആ കൃതിയില്‍ 1939 ലെ പാറപ്പുറം സമ്മേളനത്തെപ്പറ്റിയോ ആ വര്‍ഷം അവസാനം നടന്ന ഏതെങ്കിലും നിര്‍ണ്ണായക നടപടികളെപ്പറ്റിയോ പരാമര്‍ശമില്ലെന്നതു ശരിയാണ്. പകരം 1940 ജനുവരി ഫിബ്രവരികാലത്ത് നടന്ന നിരവധി യോഗങ്ങളില്‍വെച്ചാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കാനുള്ള തീരുമാനം ഉണ്ടായത് എന്നാണ് പറയുന്നത്. 1939 അവസാനം എന്ന് ഒട്ടുമിക്കവരും അംഗീകരിച്ച കാലത്തില്‍നിന്നും രണ്ടുമാസം നീട്ടിയെടുത്തതിന് ഇ എം എസ്സിന് എന്തെങ്കിലും ഗൂഢോദ്ദേശ്യം ഉണ്ടോ എന്നു വ്യക്തമല്ല. എന്തെങ്കിലും കാണാതെ അങ്ങനെ ചെയ്യുന്ന ആളല്ല ഇ എം എസ്. പക്ഷേ 1940-42 കാലത്തെപ്പറ്റി ഇ എം എസ് പറയുന്നത് പാര്‍ട്ടി ഒളിവില്‍ പ്രവര്‍ത്തിച്ച കാലത്തെപ്പറ്റിയാണ്. എന്‍ സി ശേഖറിന്റെ തെറ്റായ വായന ആ കൃതി മലയാളത്തില്‍ അന്നു ലഭ്യമല്ലാതിരുന്നതുകൊണ്ടും ആവാം. 1946-47 ല്‍ മലബാര്‍ പാര്‍ട്ടിയിലെ സംഘടനാപരമായ പ്രതിസന്ധി പാര്‍ട്ടിക്കുള്ളിലെ പുറത്തുപറയാന്‍ കൊള്ളാത്ത അധികാരവടംവലി കാരണമായിരുന്നു എന്നും ഇതില്‍ കൃഷ്ണപിള്ള സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട് ഇ എം എസ്സിനെതിരെ മേശതിരിച്ചിട്ടുവെന്നും എന്‍ സി പറയുന്നു. 1943-45 കാലത്താണ് ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടാവുന്നത്. കൃഷ്ണപിള്ള സ്വന്തം നിലയ്ക്ക് കമ്മിറ്റി പിരിച്ചുവിടുന്നത് 1944ലും. കൃഷ്ണപിള്ളയുടെ 'പാര്‍ട്ടിബോധ'ത്തിന് തട്ടിയ ഈ 'ഉടവാ'ണ് കൃഷ്ണപിള്ളയ്ക്കും മേല്‍ ഇ എം എസ്സിന് ആധിപത്യം നേടിക്കൊടുത്തത്. കേരളത്തിലെല്ലായിടത്തും പാര്‍ട്ടിയുടെ സംഘാടകനായിരുന്ന കൃഷ്ണപിള്ളയും ഒളിത്താവളത്തിലിരുന്ന് മെയ്യനങ്ങാതെ പേനയുന്തിയ ഇ എം എസ്സും. കൃഷ്ണപിള്ളയുടെയും മേല്‍ നേതാവാവാന്‍ നമ്പൂതിരിപ്പാടിനെ സഹായിച്ചത് പാര്‍ട്ടി കേന്ദ്രനേതൃത്വവുമായുള്ള ബന്ധമാവണം.
ഇ എം എസ് സ്വത്ത് പാര്‍ട്ടിക്കു കൊടുത്തില്ല എന്നു പറയുന്നുണ്ട് എന്‍ സി. പോക്കടം പോലെ കിടന്ന ഒരു ഭൂമി വിറ്റു കിട്ടിയ കാശ് കൊടുത്തെങ്കിലും ജോഷി ആ പണം പിന്നീട് ഇ എം എസ്സിനു തിരിച്ചുകൊടുത്തെന്നാണ് പറയുന്നത്. ആര്‍ക്കറിയാം. ഏതായാലും രസകരമായൊരു കാര്യം ഇദ്ദേഹം അതിനെപ്പറ്റി പറയുന്നുണ്ട്.അക്കാലത്ത് പലരും ഇതുപോലെ പാര്‍ട്ടിക്കു സ്വത്ത് കൊടുത്തിരുന്നത്രെ. വിപ്ലവം വന്നിങ്ങ് പടിക്കല്‍ കയറി എന്നോര്‍ത്തിട്ട്. ഏതായാലും മഹാമനസ്കതകൊണ്ടാണ് ഇ എം എസ് സ്വത്തു കൊടുത്തത് എന്നു വിചാരിക്കാന്‍ മന്ദബുദ്ധികളായ ഇ എം എസ് ഭക്തരേ തയ്യാറാവൂ. സ്വത്തു മുഴുവന്‍ പാര്‍ട്ടിക്കു കൊടുത്തു എന്നു പറയുന്നതിലെ തട്ടിപ്പ് ആരൊക്കെയോ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്തിട്ടുണ്ടല്ലോ. 1957 ലെ മുഖ്യമന്ത്രിപദം ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിന്റെ പ്രധാനഭാഗത്ത് വീടു സംഘടിപ്പിച്ചു എന്നും ആരോപണം ഉന്നയിക്കുന്നുണ്ട്. കയ്യൂരിനെപ്പറ്റി പറഞ്ഞതൊഴിച്ചാല്‍ മറ്റുള്ള ആരോപണങ്ങള്‍ക്കൊന്നും വലിയ വിശ്വാസ്യത തോന്നിയില്ല.
ഒരു തൊഴിലാളി കുടുംബത്തിലെ സ്ത്രീയെ കല്യാണം കഴിച്ച് ദാരിദ്ര്യത്തില്‍ കഴിഞ്ഞ ജീവിതമായിരുന്നു ഇദ്ദേഹത്തിന്. രാജ്യസഭയില്‍ അംഗമായിരിക്കുന്ന കാലത്ത് പാര്‍ട്ടിക്കു ലെവി കൊടുത്തില്ല എന്നതാണ് ഇ എം എസ് ഇദ്ദേഹത്തിനെതിരെ പരസ്യമായി ഉന്നയിച്ചിരുന്ന ആരോപണം. പാര്‍ട്ടിയില്‍നിന്ന് ഇദ്ദേഹം സ്വയം പിന്‍വാങ്ങിയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി അങ്ങനെയൊരു കാര്യം അനുവദിക്കാത്തതിനാല്‍ പുറത്താക്കി പാരമ്പര്യം പാലിച്ചു. അങ്ങനെ എത്ര പേര്‍. പുറത്തുപോയവര്‍ മിക്കവരും തങ്ങളുടെ വെറുപ്പ് പ്രകടിപ്പിച്ചത് നമ്പൂതിരിപ്പാടിന്റെ നേരെയായിരുന്നു എന്ന വസ്തുത ശ്രദ്ധേയമാണ്. എന്‍ സി നമ്പൂതിരിപ്പാടിനെപ്പറ്റി പറയുന്നു:
"സഹപ്രവര്‍ത്തകരെ കറിവേപ്പിലപോലെ എടുത്തുകളയുകയും പ്രസ്ഥാനചരിത്രത്തെ വികലമായ വ്യക്തിനിഷ്ഠവീക്ഷണംകൊണ്ട് വികൃതമാക്കാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ ഒന്നൊഴിയാതെ ദുരുപയോഗപ്പെടുത്താനുള്ള ഉപജാപങ്ങള്‍ ഒരു ജീവിതവ്രതമാക്കുകയും ചെയ്ത ഒരേയൊരു നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടാണെന്ന് തുറന്നു പ്രസ്താവിക്കാന്‍ എനിക്ക് അശേഷം മടിയില്ല."
ഏതായാലും അകിടുപോലെ മുഖത്തു വീര്‍ത്ത മേദസ്സും തൂക്കി ഉളുപ്പില്ലാതെ നുണയും നെറികേടും വിളമ്പി നടക്കുന്ന ഇന്നത്തെ നേതാക്കള്‍ ശേഖറിന്റെ പിന്‍ഗാമികളല്ല.
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
13 years ago
നല്ല അറിവുകള്‍ക്ക് നന്ദി.
ReplyDelete