Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

31 Dec 2009

കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും ഇ എം എസ്സും

സി പി എം വക കൈരളി ചാനലില്‍  രാഷ്ട്രീയപ്രബുദ്ധമായ മിമിക്രി കണ്ട്  വെളുക്കെച്ചിരിക്കുന്ന ഇ എം എസ് നെ സങ്കല്പിച്ചു നോക്കൂ, വെറുതേ, വെറും സങ്കല്പമാണ്. 1997-ല്‍ ചാനലുണ്ടായിരുന്നോ മിമിക്രി തുടങ്ങിയിരുന്നോ എന്നറിയില്ല. എന്നാല്‍ ഇ എം എസ് ന്റെ sensibility, ആസ്വാദനനിലവാരം ഇങ്ങനെ സങ്കല്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

എവിടെനിന്നാണ് ഈ പാര്‍ട്ടിക്ക് ഈ മിമിക്രി സംസ്കാരം കിട്ടിയതെന്നു മനസ്സിലാക്കാന്‍ ഒരു വിഷമവുമില്ല. ഇ എം എസ് തന്നെ ഈ പ്രബുദ്ധമായ സൌന്ദര്യബോധത്തിന്റെ ഉറവിടം. അത്രയും തറയായിരുന്നു നമ്പൂതിരിപ്പാടിന്റെ സൌന്ദര്യബോധം. 1994-ല്‍ ഇദ്ദേഹമെഴുതിയ ഒരു ലേഖനം രാഷ്ട്രീയമായ അസഹിഷ്ണുത എന്ന പേരില്‍ വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആകാശവാണിയില്‍ ശതാഭിഷേകം എന്ന നാടകം വന്നപ്പോള്‍ അതിനെതിരെ കരുണാകര-മുരളീധര ഭക്തര്‍ (ഒരു പക്ഷേ ആന്റണി കോണ്‍ഗ്രസ്സും) കോലാഹലം ഉണ്ടാക്കിയപ്പോള്‍ അതിനെതിരായി നാടകത്തിന്റെ പക്ഷത്തുനിന്ന് എഴുതിയതാണ് ഈ ലേഖനം. കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും നാടകത്തിലെ കഥാപാ ത്രങ്ങളാണ്. (ആരാണവരെന്നു പറയേണ്ടതില്ലല്ലോ.)

കലാമൂല്യമില്ലാത്ത ഒരു രചനയാണിതെന്നാണ് ഒരു വാദം. [...] ആണോ എന്നെനിക്കറിഞ്ഞുകൂട. ഞാനത് കേട്ടിട്ടില്ലല്ലോ.  [...]

തസ്ലീമയുടെ നോവലിനെന്നപോലെ ശതാഭിഷേകത്തിനും ശ്രോതാക്കളുടെ ഹൃദയത്തില്‍ ചെന്നുതറക്കാനുള്ള ശക്തിയുള്ളതിനാലാണല്ലോ കരുണാകര ഭക്തന്മാര്‍ ആ നാടകത്തിനെതിരെ ബഹളം വെച്ചത്. അങ്ങനെ വായനക്കാരുടെ ഹൃദയത്തില്‍ തറക്കുന്ന ലജ്ജ പോലുള്ള നോവലുകളും കാണികളുടെ ഉള്ളില്‍തട്ടുന്ന ശതാഭിഷേകം പോലുള്ള നാടകങ്ങളും കലാമൂല്യമില്ലാത്തവയാണെന്ന് വാശിപിടിക്കുന്ന കലാനിരൂപണ പണ്ഡിത'ന്മാരെക്കുറിച്ച് എനിക്ക് വലിയ ബഹുമാനമില്ല. 
കൃതി ജനപ്രിയമാകയാല്‍ അതിനു കലാമൂല്യമില്ലെന്നു  പറയുന്ന നിലപാട് ശരിയല്ല. ഇതാണോ നമ്പൂതിരിപ്പാട് പറയുന്നത്? അങ്ങനെതോന്നിക്കുമെങ്കിലും അങ്ങനെ ആവാനൊരു തരവുമില്ല. ഈ വിഷയത്തില്‍ അങ്ങനെയൊരു വാദവും ഉയരില്ലല്ലോ.

സത്യംപറഞ്ഞാല്‍ തന്തയ്ക്കുപിറക്കാത്ത വര്‍ത്തമാനമാണിത്. ശതാഭിഷേകം എന്ന നാടകത്തിനു കലാമൂല്യമുണ്ടോ ഇല്ലയോ എന്നു തെളിച്ചുപറയാതെ ഒരു പൊതുപ്രസ്താവത്തിന്റെ നാട്യത്തില്‍ ഇത് അവതരിപ്പിക്കാന്‍ നമ്പൂതിരിപ്പാട് മുടന്തന്‍ ശ്രമം നടത്തുന്നു.  പക്ഷേ വായനക്കാര്‍ക്ക് എളുപ്പം തന്തയെ നിശ്ചയിക്കാം. നാടകം കലാമൂല്യമില്ലാത്തതാണെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ കാണികളുടെ ഉള്ളില്‍ത്തട്ടുന്നതാകയാല്‍ (ഞാന്‍ കേട്ടിട്ടില്ലെങ്കിലും) ഇതു കലാമൂല്യമുള്ളതാണ്. ഇതാണ് ഇ എം എസ് പറയുന്നത്. വക്രബുദ്ധിയാകയാല്‍ അതങ്ങു തെളിച്ചുപറയില്ല നമ്മുടെ നമ്പൂതിരിപ്പാട്. 

കാണികളുടെ ഉള്ളില്‍ത്തട്ടുന്നത് മുഴുവന്‍ കലാമൂല്യമുള്ളതാണെന്നു നമ്പൂതിരിപ്പാട് അംഗീകരിച്ചാല്‍ വെണ്‍മണിയുടെ പിന്തുടര്‍ച്ചക്കാരെന്നു പറഞ്ഞ് താന്‍ ആക്രമിച്ച പൈങ്കിളി പ്രസിദ്ധീകരണങ്ങളും കലാമൂല്യമുള്ളവയാണെന്ന് നമ്പൂതിരിപ്പാട് അംഗീകരിക്കണമായിരുന്നു. അന്നു കരുണാകരനും മുരളീധരനും വിരോധികളായിരുന്നതിനാല്‍ അവരെ പുച്ഛിക്കുന്നതെന്തും പുരോഗമനപരം, അതിനു കലാമൂല്യമുണ്ട് എന്നൊക്കെ നിശ്ചയിക്കുന്ന നാണവും മാനവും കെട്ട ഈ ഇ എം എസ് സെന്‍സിബിലിറ്റിയെ അങ്ങോര്‍ തന്നെ സിദ്ധാന്തരൂപത്തിലും പറഞ്ഞിട്ടുണ്ട്.
പുരോഗമന സാഹിത്യത്തിന്റെ ദൃഷ്ടിയില്‍ രൂപഭദ്രതയ്ക്ക് ഒറ്റ അളവുകോലേ ഉള്ളൂ. ഏറ്റവും അധിക ജനങ്ങളുടെ ഹൃദയത്തില്‍ചെന്ന് തറയ്ക്കത്തക്കവിധം ശക്തിയോടും ഓജസ്സോടും കൂടി ജന്മി മുതലാളി മര്‍ദ്ദനങ്ങള്‍, ബൂര്‍ഷ്വാ ഗവര്‍മെണ്ടുകളുടെ കൊള്ളരുതായ്മകളും അഴിമതിയും, പുരോഹിതന്മാരുടെയും ബൂര്‍ഷ്വാ നാടുവാഴി പണ്ഡിതന്മാരുടെയും നേതൃത്വത്തിലുള്ള  അന്ധവിശ്വാസങ്ങള്‍ എന്നിവയെ തൊലിയുരിച്ചുകാണിക്കുന്നുണ്ടോ; ഇവയോടെല്ലാം പടവെട്ടിക്കൊണ്ട് ഒരു പുതിയ ജനാധിപത്യ സമുദായം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന തൊഴിലാളികള്‍, കൃഷിക്കാര്‍, പാവപ്പെട്ട ഇടത്തരക്കാര്‍, പുരോഗമനവാദികളായ ബുദ്ധിജീവികള്‍ എന്നിവരുടെ ആവേശകരമായ ജീവിതവും സമരവും ഹൃദയാകര്‍ഷകമായ വിധം ചിത്രീകരിക്കുന്നുണ്ടോ? (മലയാളനിരൂപണത്തില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം, പുറം 209, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍)[ ഈ നിലപാട് ലേശം മയപ്പെടുത്തുന്നു എന്നു പറയുന്ന സാഹചര്യത്തില്‍നിന്നാണ് ഈ ഉദ്ധരണി എടുത്തിരിക്കുന്നത്. സാഹചര്യം വ്യക്തമാവാന്‍ പേജ് കാണുക.]



[എന്തിനു തൊലിമാത്രം ഉരിയണം? മുണ്ടുരിഞ്ഞാല്‍ കൂടുതല്‍ ശക്തിയോടും ഓജസ്സോടും കൂടി   ജനങ്ങളുടെ ഹൃദയത്തില്‍ചെന്ന് തറയ്ക്കില്ലേ. കിങ്ങിണിക്കുട്ടന്റെ ഗുണ്ടകള്‍ മുണ്ടുരിഞ്ഞപ്പോള്‍ ലേശം ജനത്തിന്റെ ഹൃദയത്തില്‍ ഇടം നേടിയ നേതാവിന്റെ മുണ്ട് മഞ്ചേരിയിലെ സഖാക്കള്‍ ഉരിഞ്ഞനാടകം എത്ര കലാമൂല്യമുള്ളതായിരുന്നു. ഇതു മിമിക്രി ചാനല്‍ ആഘോഷിച്ചതായി കേട്ടു, കണ്ടില്ല.]

27 Dec 2009

അറക്കവാളുപോലറുത്തുപാടിയ വിപ്ലവകവിയും ഇ എം എസ് നമ്പൂതിരിപ്പാടും

ഒടുവിലിക്കരിഞ്ഞ മണ്ണില്‍ നിന്ന്
കണ്ണുനീരണിഞ്ഞ്
അമര്‍ന തേങ്ങലാര്‍ന്
അറക്കവാളുപോലറുത്ത് പാടുവാന്‍
വന്നു നില്‍കയാണ് ഞാന്‍.


ഇങ്ങനെ അറക്കവാളുകൊണ്ടറുത്ത് ഈര്‍ച്ചപ്പൊടി (അറക്കപ്പൊടി)യുണ്ടാക്കുന്നത് കൃഷ്ണന്‍കുട്ടി എന്ന വിപ്ലവകവിയാണ്.  ആദ്യമായി ഈ കവിയുടെ പേരുകേള്‍ക്കുന്നത് ഇ എം എസ്സിന്റെ വായനയുടെ ആഴങ്ങളില്‍ എന്ന ഗ്രന്ഥത്തിലെ നിരൂപണത്തില്‍നിന്നാണ്.
നമ്പൂതിരിപ്പാട് ആരെയും കയ്യയഞ്ഞ് സ്തുതിക്കാറില്ല. തോപ്പില്‍ഭാസിയായാലും പാട്ടബാക്കിയായാലും തായാട്ട് ശങ്കരനായാലും. എന്നാല്‍ കൃഷ്ണന്‍കുട്ടി വിപ്ലവകവിയെ കലവറയില്ലാതെയാണ് നമ്പൂതിരിപ്പാട് സ്തുതിക്കുന്നത്.

കവന അറക്കപ്പൊടി ചൊരിയുന്ന കൃഷ്ണന്‍കുട്ടിയെയല്ലെങ്കില്‍ പിന്നെ ആരെയാണ് ഇ എം എസ് സ്തുതിക്കുക. 
അങ്ങനെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാരുടെ കവിതകളെ 'പടപ്പാട്ടു'കളെന്നു വിശേഷിപ്പിച്ചു പരിഹസിക്കുന്ന യാഥാസ്ഥിതിക ബൂര്‍ഷ്വാ നിരൂപകരുടെ ദൃഷ്ടിയില്‍ ഈ സമാഹാരത്തിന്റെ കര്‍താവ് 'പടപ്പാട്ടുകാര'നെന്ന് പറഞ്ഞു അവഗണിക്കുകയും അപഹസിക്കുകയും ചെയ്യപ്പെട്ടേക്കാം.
പക്ഷേ, ഈ ലേഖകന്‍ ഉള്‍പെടെ തൊഴിലാളിവര്‍ഗത്തിന്റെ സാഹിത്യാസ്വദകര്‍കും ജനകോടികള്‍കും ഇതു ഏതാനും ഉല്‍കൃഷ്ടകവിതകളുടെ സമാഹാരമായി തോന്നും. എന്തുകൊണ്ടെന്നാല്‍. സമൂഹ്യമായും സാംസ്കാരികമായും ഏറ്റവും മുന്നണിയില്‍ നില്‍കുന്ന ജനവിഭാഗങ്ങളുടെ വികാരസാഹചര്യങ്ങള്‍ക് രൂപം നല്കുന്ന കവിതകളാണ് അവയെല്ലാം. 

1994-ലാണ് നമ്പൂതിരിപ്പാട് ഇതു പറഞ്ഞത്. കൃഷ്ണന്‍കുട്ടി ഇപ്പോഴും ജാഥകളില്‍ മുന്നണിയിലാണോ നില്‍ക്കുന്നതെന്ന് അറിയില്ല. 
ഈ സമാഹാരത്തിന്റെ കര്‍താവ് മറ്റ് പലരെയും പോലെ, അബോധപൂര്‍വമായല്ല, തികച്ചും ബോധപൂര്‍വമായാണ് തന്റെ രചനകള്‍ നടത്തിയത്. അവയെ 'പടപ്പാട്ടു'കള്‍ എന്ന് വിളിച്ച് അപഹസിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വകവെയ്ക്കാതെ അദ്ദേഹം മുമ്പോട്ട് പോവുകതന്നെ ചെയ്യും.
ഇങ്ങനെയാണ് നമ്പൂതിരിപ്പാട് കൃഷ്ണന്‍കുട്ടി സ്തുതി അവസാനിപ്പിക്കുന്നത്. എന്താണ് നമ്പൂതിരിപ്പാട് ആത്മവിശ്വാസമില്ലാത്തതുപോലെ (സംപ്രത്യയപരമായ ദമിതാവസ്ഥയിലെന്നപോലെ) പടപ്പാട്ടുകാരനെന്നു പറഞ്ഞു പരിഹസിക്കും പരിഹസിക്കും എന്നാവര്‍ത്തിക്കുന്നതെന്നു മനസ്സിലാവുന്നില്ല. മറ്റുപലരെയും പോലെ അബോധപൂര്‍വ്വമല്ല, ബോധപൂര്‍വ്വമാണ് കള്ളും കഞ്ചാവുമേശാത്ത വിപ്ലവകവി കൃഷ്ണന്‍കുട്ടി രചന നടത്തുന്നത്. ഇത്ര ബോധപൂര്‍വ്വമായി പണിയുന്ന ഈ അറക്കക്കാരന്‍ ഇക്കാലത്ത് എന്താണാവോ അറക്കുന്നത്? കാലത്തിനൊത്തു കവനം മാറിയിട്ടുണ്ടെങ്കില്‍ ചെങ്കല്ലായിരിക്കുമെന്നാണ് തോന്നുന്നത്.
വിപ്ലവക വനത്തിലെ ഈ മുത്തെടുത്തു തന്നതിനോട് ഇ എം എസ് നമ്പൂതിരിപ്പാടിനോടു കടപ്പാടുണ്ട്.

26 Dec 2009

ഞാന്‍ നിന്റെ തീപ്പെട്ടിക്കാരനും തരകനും നിന്റെ മോന്റെ തലതൊട്ടപ്പനുമാണ് (മണ്ടന്മാര്‍ ഉണ്ടാകുന്നത്)

ഞാന്‍ നിന്റെ തീപ്പെട്ടിക്കാരനും തരകനും നിന്റെ മോന്റെ തലതൊട്ടപ്പനുമാണ്. 

Matchmaker എന്ന പദത്തെ തീപ്പെട്ടിക്കാരന്‍ എന്നു പരിഭാഷ ചെയ്ത പ്രൊഫസറും കവിയുമായ ഡി വിനയചന്ദ്രനെ എന്തു വിളിക്കണം?





Antonio Skármeta എന്നൊരു എഴുത്തുകാരന്‍ എഴുതിയ പോസ്റ്റ്മേന്‍ എന്നൊരു നോവല്‍ വിനയചന്ദ്രന്‍ പരഭാഷപ്പെടുത്തിയപ്പോഴാണ്  തീപ്പെട്ടിക്കാരനുണ്ടായത്. 
മണ്ടന്മാര്‍ എവിടെനിന്നാണ് ഉണ്ടാവുന്നത്?
(പ്രൊഫസറെപ്പോലുള്ള അശ്ലീലമൊന്നും ഞാന്‍ വായിക്കാറില്ല. വേറൊരാള്‍ കാണിച്ചുതന്നതാണ്.) 

25 Dec 2009

നമ്പൂതിരിപ്പാട് ഫലിതം: പെണ്ണുങ്ങള്‍ പെറ്റുമെലിയാത്ത മധുരമനോജ്ഞമാം ചൈന

ചൈനയില്‍ കുടുംബാസൂത്രണം എന്തിനാണ്? ജനസംഖ്യാവര്‍ദ്ധനവ് തടയാനാണോ? അല്ലേയല്ല. ജനസംഖ്യ കൂടുന്നത് നല്ലതാണെന്നാണ് മാര്‍ക്സിസ്റ്റ് നിലപാട്. ജനസംഖ്യാവര്‍ദ്ധനവ് കുഴപ്പമാണെന്നത് ബൂര്‍ഷ്വാ അര്‍ത്ഥശാസ്ത്ര പണ്ഡിതന്മാര്‍ ആദ്യകാലത്ത് എടുത്തിരുന്നു നിലപാടാണെന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. ഒരു ചോദ്യോത്തരമാണ് ചിത്രമായി കൊടുത്തിരിക്കുന്നത്. (സഞ്ചിക 56)



ജനസംഖ്യാവര്‍ദ്ധനവിനെ മുഖ്യ സാമ്പത്തിക പ്രശ്നമായിക്കണ്ട്, അതു പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയ്ക്ക് ചൈനയില്‍ കുടുംബാസൂത്രണമില്ല.

പക്ഷേ ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്ന നയം കര്‍ക്കശമായി നടപ്പാക്കുന്നതു പിന്നെ എന്തിനായിരിക്കും? (1984-ലാണ് നമ്പൂതിരിപ്പാട് ഈ ഉത്തരം കൊടുത്തത്. 1970-കളുടെ അവസാനം മുതല്‍ ഒരുകുഞ്ഞുമാത്രം എന്ന നയം ചൈനയില്‍ പിന്തുടരുന്നു.)
അതിനു കാരണം നമ്പൂതിരിപ്പാട് വ്യക്തമാക്കുന്നു:
എന്നാല്‍ അമ്മമാരുടെ ആരോഗ്യം പരിഗണിച്ച് പ്രസവത്തിന്റെ എണ്ണം കുറയ്ക്കുകയെന്ന അടിസ്ഥാനത്തില്‍ കുടുംബാസൂത്രണമുണ്ട്.
സ്ത്രീപ്രശ്നത്തില്‍ ഇത്രയും വിപ്ലവാത്മകമായ നിലപാടെടുത്ത കമ്യൂണിസ്റ്റ് ആചാര്യന്‍ വേറെയുണ്ടോ? കുട്ടികള്‍ എത്രയായാലും പേറൊറ്റമാത്രം. അതില്‍ക്കൂടുതല്‍ പെറുന്നത് പെണ്ണുങ്ങളുടെ ആരോഗ്യത്തിനു ഹാനികരം.  ചൈനയില്‍ പോയിവന്നയാളാണ് പറയുന്നത്. കൂറ കപ്പലില്‍പ്പോയതു പോലെ എന്നൊരു ചൊല്ല് ഓര്‍മ്മ വരുന്നു. സാര്‍വ്വത്രികമായിരുന്ന അബോര്‍ഷന്‍ ക്ലിനിക്കുകളും പെണ്ണുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനായിരിക്കണം. അവയെപ്പറ്റി നമ്പൂതിരിപ്പാട് ഒന്നും പറയുന്നില്ല. 
ഇത് അവസരവാദത്തിന്റെ കൂട്ടത്തിലോ വിവരക്കേടിന്റെ കൂട്ടത്തിലോ കൂട്ടേണ്ടതെന്നു മനസ്സിലാവുന്നില്ല. 

19 Dec 2009

നമ്പൂതിരിപ്പാട് ഫലിതം: വീണിടത്ത് കിടന്ന് ഉരുളുന്ന ഇ എം എസ് അല്പത്തരം

സമ്പൂര്‍ണ്ണകൃതികള്‍ മറിച്ചുനോക്കുന്തോറും നമ്പൂതിരിപ്പാട് ഫലിതം കൂടുതല്‍ക്കൂടുതല്‍ അശ്ലീലമായിവരുന്നു. മണ്ടത്തരവും വിവരക്കേടും ഈ വിധം അശ്ലീലമാവുമെന്നു വിചാരിച്ചില്ല. 1980-ല്‍ ഇ എം എസ് ഒരു ചോദ്യത്തിന് ഉത്തരം നല്കിയതാണ് ചിത്രമായി ചേര്‍ത്തിരിക്കുന്നത്. ഇ എം എസ് നടത്തിയ പരിഭാഷയിലെ ഒരു വൈകല്യത്തെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ആശയപ്പാപ്പരത്തിന് ഉദാഹരണമായി വേണു തന്റെ ഒരു പുസ്തകത്തില്‍ പറഞ്ഞതിനെപ്പറ്റിയാണ് ഒരു സംഘം വിദ്യാര്‍ത്ഥികളുടെ ചോദ്യം.


From previous philosophy there remains “the science of thought and its laws—formal logic and dialectics.”
എന്ന ലെനിന്റെ വാക്യത്തെ നമ്പൂതിരിപ്പാട് പരിഭാഷ ചെയ്തത്
"ഭൂതകാല ദര്‍ശനങ്ങളില്‍ ബാക്കിനില്ക്കുന്നത് ചിന്തയുടെയും അതിന്റെ നിയമങ്ങളുടെയും ശാസ്ത്രമായിരിക്കും- യുക്തിയുടെ രൂപങ്ങളും വൈരുധ്യ ദര്‍ശനവും."
ഇതില്‍ ഫോര്‍മല്‍ ലോജിക് എന്നതിനെ യുക്തിയുടെ രൂപങ്ങള്‍ ('യുക്തിയുടെ രൂപഭേദങ്ങള്‍' എന്നാണ് താന്‍ പറഞ്ഞതെന്ന സൂചനയും നമ്പൂതിരിപ്പാട് തരുന്നുണ്ട്, ശരിക്കും പറഞ്ഞത് ഏതാണാവോ) എന്നു മൊഴിമാറ്റിയതിനെപ്പറ്റിയാണ് വേണു വിമര്‍ശിക്കുന്നത് എന്നാണു മനസ്സിലാവുന്നത്. രൂപപരമായ ലോജിക് എന്നതിനെ യുക്തിയുടെ രൂപങ്ങള്‍ എന്ന് ദാര്‍ശനിക പാപ്പരത്തം അനുഭവിക്കുന്ന  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ താത്ത്വികാചാര്യന്‍ തെറ്റായി എടുക്കുന്നു.

നമ്പൂതിരിപ്പാടിന്റെ നിരക്ഷരത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദാര്‍ശനികമായ പാപ്പരത്തിന്റെ ദൃഷ്ടാന്തമായിക്കണ്ട വേണു വേറെക്കുറെ കാര്യങ്ങള്‍ പറയുന്ന മറ്റൊരു ദൃഷ്ടാന്തമാണ്. പച്ചവിവരക്കേടിനെ പച്ചവിവരക്കേടായി കാണാനുള്ള കഴിവില്ലായ്മ. ('സംപ്രത്യയപരമായ ദമിതാവസ്ഥ?' കടപ്പാട്, പി കെ പോക്കര്‍ഡോട്ട്കോം) നമ്പൂതിരിപ്പാടിന്റെ പച്ചമണ്ടത്തരത്തെ Marxist cant ഉപയോഗിച്ച് വിവരിക്കുമ്പോള്‍ ആ പച്ചവിവരക്കേടിനു സിദ്ധിക്കുന്നത് സംവാദത്തിന്റെ ലോകത്ത് അതിനൊരിക്കലും കിട്ടാന്‍ പാടില്ലാത്ത നിലനില്പാണ്.
നമ്പൂതിരിപ്പാടിന്റെ പച്ചവിവരക്കേടിന് ഏറ്റവും പറ്റിയ ഉദാഹരണമല്ല ഈ വികലപരിഭാഷ. എന്നാല്‍ ചോദ്യത്തിനുത്തരം പറയുന്നതിന്റെ കൂട്ടത്തില്‍ വേണുവിനെ കളിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നമ്പൂതിരിപ്പാട് പറയുന്ന കാര്യങ്ങള്‍ നമ്പൂതിരിപ്പാടിന്റെ അല്പത്തരത്തിനുള്ള തരക്കേടില്ലാത്ത ദൃഷ്ടാന്തമാണ്.
വേണുവിനെതിരായി നമ്പൂതിരിപ്പാട് ഒന്നാമതായി പറയുന്നത് ലോജിക് എന്ന പദത്തെ മലയാളമാക്കിയില്ല എന്നാണ്. ലോജിക് എന്ന പദം എല്ലാ മലയാളികള്‍ക്കും അറിയാമെന്നാണോ വേണു കരുതുന്നതെന്നാണ് നമ്പൂതിരിപ്പാട് ചോദിക്കുന്നത്.
ഏതായാലും കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടെ ദാര്‍ശനിക പാപ്പരത്തത്തിന് ഉദാഹരണം തേടി പുറപ്പെട്ട ഈ താത്വികാചാര്യന്‍ ലോജിക് എന്ന ഇംഗ്ലീഷ് പദത്തിന് മലയാളം കണ്ടുപിടിക്കാന്‍ കഴിയാതെ വിമര്‍ശിച്ചിട്ടുള്ളത് രസകരമായിരിക്കുന്നു.
ഇത്ര തുച്ഛമായ ഒരു കാര്യം പറയാന്‍ അത്ര അല്പനായ ഒരാള്‍ക്കേ കഴിയൂ. ഈ അല്പത്തരം രണ്ടു തവണ പറഞ്ഞുറപ്പിച്ചേ നമ്പൂതിരിപ്പാട് അടങ്ങുന്നുള്ളൂ. ലോജിക് എന്ന സംജ്ഞകൊണ്ട് വിവക്ഷിതമാവുന്ന കാര്യം പറയാന്‍ എഴുത്തിലായാലും പറച്ചിലിലായാലും കേരളത്തില്‍ മുഖ്യമായി ഉപയോഗിക്കപ്പെടുന്ന പദം ലോജിക് എന്നതു തന്നെയാണ് ഈ സൈദ്ധാന്തികന് അറിഞ്ഞുകൂടേ? യുക്തിയെന്നോ തര്‍ക്കമെന്നോ തര്‍ക്കവിദ്യയെന്നോ തര്‍ക്കശാസ്ത്രമെന്നോ ന്യായശാസ്ത്രമെന്നോ മാറിയും മറിഞ്ഞും വരുന്ന പദങ്ങള്‍ എല്ലാം ചേര്‍ന്നാലും (ഉപയോഗത്തിന്റെ വ്യാപ്തിയിലും പ്രയോജനത്തിലും) ലോജിക്കിനൊപ്പമെത്തില്ലെന്ന കാര്യം അറിഞ്ഞുകൂടെങ്കില്‍ ഈ അല്പജ്ഞന്‍ വായാടിത്തം കുറയ്ക്കുകയെങ്കിലും വേണമായിരുന്നു.
തര്‍ജ്ജമ ചെയ്യുന്നത് പാണ്ഡിത്യപ്രകടനത്തിനല്ല എന്നു പറഞ്ഞുകൊണ്ടാണ് നമ്പൂതിരിപ്പാട് തുടങ്ങുന്നത്. വേണു ചെയ്യുന്നത് വെറുമൊരു പദാനുപദതര്‍ജ്ജമയാണ്. പാണ്ഡിത്യ പ്രദര്‍ശനം നടത്തുന്നത് വാസ്തവത്തില്‍ formal logic നെ മലയാളിക്കു മനസ്സിലാക്കിക്കാനായി വ്യാഖ്യാനം ചമയ്ക്കുന്ന നമ്പൂതിരിപ്പാടാണ്. ലോജിക് എന്നതു മനസ്സിലാകാത്ത മലയാളിക്ക് യുക്തിയുടെ രൂപഭേദങ്ങള്‍ എന്നു പറഞ്ഞാല്‍ formal logic ന്റെ അര്‍ത്ഥം പിടികിട്ടുമെന്നു വിശ്വസിക്കണമെങ്കില്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെപ്പോലെ മൂഢനാവണം.
ഏതായാലും അവസാനം നമ്പൂതിരിപ്പാട് സ്വയം കുഴികുഴിച്ചുവെയ്ക്കുന്നുമുണ്ട്:
ഫോര്‍മല്‍ എന്ന ഇംഗ്ലീഷ് പദം ഉപയോഗിക്കുമ്പോള്‍ ഇംഗ്ലീഷ് അറിയാവുന്ന വായനക്കാര്‍ക്കു മനസ്സിലാവുന്ന കാര്യം രൂപപരമായ എന്ന മലയാളം പ്രയോഗിച്ചാല്‍ ഇംഗ്ലീഷ് അറിയാത്ത മലയാളികള്‍ക്കു മനസ്സിലാവുമോ? ഇല്ലെന്നാണ് എനിക്കു തോന്നുന്നത്.
ഇതു നമ്പൂതിരിപ്പാട്  പറയുന്നത് ശരിയാണ്. എന്നാല്‍ ഇതേപോലെ formal logic എന്ന പദത്തെ യുക്തിയുടെ രൂപഭേദങ്ങള്‍ എന്നു വികലമായി മൊഴിമാറ്റിയതുകൊണ്ട് രൂപപരമായ ലോജിക്കെന്ന അര മൊഴിമാറ്റത്തിലും കവിഞ്ഞ് ഒരു ചുക്കും കൂടുതല്‍ തെളിയുന്നില്ലെന്നു സമ്മതിക്കാനുള്ള മാന്യത ഇല്ലായ്മയും ലോജിക്കിനു മലയാളം പറയാന്‍ പറ്റാത്തത്തിന് വേണുവിനെ കളിയാക്കാന്‍ ശ്രമിക്കുന്ന അല്പത്തരവുമാണ് ശരിയല്ലാത്തത്.

അടുത്ത നമ്പൂതിരിപ്പാട് ഫലിതം- ഇ എം എസ്സും ചൈനയിലെ പെണ്ണുങ്ങളുടെ പേറും

18 Dec 2009

സി പി എം ബ്ലോഗെര്‍മാര്‍ക്കെന്തു നമ്പൂതിരിപ്പാട്

അല്പം പാളിപ്പോയ പരീക്ഷണമായിരുന്നു ഈ പോസ്റ്റ്. അതിന്റെ പ്രാരംഭരൂപം ഇങ്ങനെ.
വാസ്തവമായി ഒരു വാക്യംപോലുമില്ലാതെ തീര്‍ത്തും കെട്ടിച്ചമച്ച പോസ്റ്റായിട്ടായിരുന്നു ഇത് ഉദ്ദേശിച്ചത്. എന്നാല്‍ ഈ ബ്ലോഗെറുടെ അറിവില്ലായ്മകൊണ്ട് സി പി ഐ പിളര്‍ന്ന വര്‍ഷം മാത്രം ശരിയായിപ്പോയി. നമ്പൂതിരിയുടെ ഉദ്ധരണി വ്യാജമായിരുന്നു. അതില്‍ നമ്പൂതിരിപ്പാടിന്റേതായി "അവര്‍ അവരുടേതെന്നും..." എന്ന പ്രയോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊക്കെ അസംബന്ധം എഴുതിവെച്ചാല്‍ ഏതെങ്കിലും സി പി എം ബ്ലോഗെര്‍ പ്രതികരിക്കുമോ എന്നറിയാനായിരുന്നു പരീക്ഷണം. പ്രതികരിച്ചില്ല. അവരുടെ സംപ്രത്യയപരമായ ദമിതാവസ്ഥ പ്രതീക്ഷിച്ചതിലും അപ്പുറത്താണ്. ഈ ബ്ലോഗെര്‍ എന്തു പറഞ്ഞാലും അവര്‍ക്കു കുഴപ്പമില്ല. വെറുതെ പ്രതികരിച്ച് ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
നമ്പൂതിരിപ്പാടും കോപ്പും നമ്പൂതിരിപ്പാട് ഫലിതങ്ങളും തുടരും.

12 Dec 2009

ഇ എം എസ് എന്ന പണ്ഡിത ആഭാസന്‍

പണ്ഡിതാഭാസന്‍ എന്നത് ഇ എം എസിന്റെ സ്വന്തം പ്രയോഗമാണ്. കേസരി ബാലകൃഷ്ണപിള്ളയ്ക്കു നേരെയാണ് അതു പ്രയോഗിച്ചത്. 1949-ല്‍. philistine എന്ന പദത്തിനു മൊഴിമാറ്റം കണ്ടുപിടിച്ചതാണ് നമ്പൂതിരിപ്പാട്. നമ്പൂതിരിപ്പാടിന്റെ നിരക്ഷരപരിഭാഷയില്‍ philistine എന്ന പദത്തിന്റെ വിവക്ഷകളറിയാത്തതുകൊണ്ടാണ് ആഭാസന്‍ പണ്ഡിതനുമായിപ്പോയത്. ഫിലിസ്റ്റീന്‍ എന്ന പദത്തിന് Shorter Oxford ഇങ്ങനെ അര്‍‌ത്ഥം കൊടുത്തിട്ടുണ്ട്.

An uneducated or unenlightened person; a person indifferent or hostile to culture, or whose interests and tastes are commonplace and material.
കേരളത്തില്‍ philistine എന്നറിയപ്പെടാന്‍ ഇ എം എസ്സിനെക്കാള്‍ യോഗ്യനായി മറ്റൊരാളുണ്ടാവില്ല. അതിനുതെളിവാണ് താഴെക്കാണുന്ന ഇ എം എസ് ലേഖനം. പക്ഷേ സാധാരണമായി ഫിലിസ്തീന്‍ എന്ന നാമം അര്‍ത്ഥമാക്കുന്ന തരമല്ല.  അരുന്ധതീറോയിയുടെ നോവെലിനെപ്പറ്റി  (ഞാന്‍ വായിച്ചിട്ടില്ല, വിരസമായിത്തോന്നി) ലൈംഗികവൈകൃതം ആരോപിച്ച ഇ എം എസ്സിനെ ഫിലിസ്റ്റീന്‍ എന്നു പറയാം. എന്നാല്‍ മകളുടെ നോവെലിനെപ്പറ്റി നല്ലതു പറഞ്ഞു എന്നതിന്റെ പേരില്‍ മേരി റോയിയെപ്പറ്റി ലൈംഗികവൈകൃതം പരോക്ഷമായി ആസ്വദിക്കുന്നവളെന്നു പറഞ്ഞയാളെ, നവകേരളശില്പിയോ ഏതു കോപ്പനോ ആവട്ടെ അയാള്‍, ആഭാസനെന്നു പറയാതെ വയ്യ.

8 Dec 2009

ഇ എം എസ്സിന്റെ ഒരു മഞ്ഞക്കൊച്ചു പുസ്തകം




ആശാനും മലയാള സാഹിത്യവും എന്നാണ് പുറംചട്ടയില്‍ മുന്നിലുള്ളത്. ലേഖനമാണോ പ്രസംഗമാണോ എന്നൊന്നും കൊടുക്കേണ്ടിടത്തൊന്നും കൊടുത്തിട്ടില്ല. "ഈ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയതില്‍" എന്നാദ്യത്തെ വാക്യം വായിക്കുമ്പോഴാണ് ഇതു പ്രഭാഷണമാണെന്നറിയുന്നത്. പുസ്തകം അവസാനം വരെ വായിച്ചാലും എന്ന് എവിടെ നടത്തിയ പ്രഭാഷണം എന്നു മനസ്സിലാവില്ല. തൊഴിലാളി വർഗ്ഗത്തിനു വേണ്ടി വിളമ്പുന്ന വിജ്ഞാനമല്ലേ, അത്രയൊക്കെ മതി തലയും വാലും എന്നു വര്‍ഗ്ഗചിന്തകന്മാ‍ര്‍ വിചാരിച്ചുകാണും.

4 Dec 2009

ക്രിസ്ത്വബ്ദവും നമ്പൂതിരിപ്പാടിന്റെ എമണ്ടന്‍ വിവരക്കേടും

ചോദ്യമിങ്ങനെ:

കാലം (വര്‍ഷം) അളക്കുന്നതിന് ക്രിസ്തുവിനെ മധ്യഘടകമായി സ്വീകരിച്ചിരിക്കുന്നത് എന്തുകൊണ്ട്? ക്രിസ്തുവിന് മുമ്പും പിമ്പും ഉള്ള കാലയളവില്‍ ഏതെങ്കിലും ഒന്ന് കാലം അളക്കുന്നതില്‍ മാദ്ധ്യമമായി സ്വീകരിച്ചതായി കാണുന്നില്ല. ക്രിസ്തുവിന്റെ ജനനത്തിനു മുമ്പുള്ള കാലം ബി സി എന്നും മരണത്തിനു ശേഷമുള്ള കാലം എ ഡി എന്നും കണക്കാക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ ജീവിതകാലം (38 വര്‍ഷം) ഇവ രണ്ടിലും ഉള്‍പ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട്? മാര്‍ക്സിയന്‍ വീക്ഷണത്തില്‍ ഇതിന് ഒരു വിശദീകരണം നല്‍കാമോ?

നല്കി, നമ്പൂതിരിപ്പാട്, വിശദീകരണം. മാര്‍ക്സിയന്‍ വീക്ഷണത്തില്‍ വേണം ചോദിച്ചയാള്‍ക്ക് മറുപടി. കൊടുത്തൂ, അങ്ങനെത്തന്നെ. 

ക്രിസ്ത്വബ്ദം- നമ്പൂതിരിപ്പാടിന്റെ എമണ്ടന്‍ വിവരക്കേട്