Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

11 Sept 2009

വീണ്ടും ബനാനയെപ്പറ്റി

നേരത്തെ banana, plantain അന്തരത്തെപ്പറ്റി എഴുതിയ സംശയത്തെ പിന്നെയും കുഴക്കുന്ന വിവരമാണ് Oxford English Dictionary നല്കുന്നത്. Plantain എന്ന പദത്തിനുനേരെ ഇങ്ങനെ കൊടുത്തിട്ടുണ്ട്.
A tree-like tropical herbaceous plant (Musa paradisiaca) closely allied to the Banana (M. sapientum), having immense undivided oblong leaves, and bearing its fruit, for which it is extensively cultivated, in long densely-clustered spikes. Musa paradisiaca and M. sapientum (the Banana), if really distinct species, are very closely allied, and some of their numerous varieties are scarcely distinguishable. The names plantain and banana are also imperfectly differentiated. In the West Indies, Western Africa, etc., banana is applied to the forms with a purple-spotted stem, and a smaller and more delicate fruit, which is eaten raw; while the name plantain is given to those with larger and coarser fruit, which is cooked as a vegetable; but in India this usage is reversed, plantain being the general name: see Yule Hobson-Jobson. In French, banane is the general name for both; so bananier a banana- or plantain-tree.
പാകമായി പഴം എന്ന നിലയ്ക്ക് തിന്നുന്ന കായ് banana എന്നും വലിപ്പമേറിയതും പച്ചക്കറിപോലെ പാകംചെയ്തു കഴിക്കേണ്ടതുമായ ഇനം plantain എന്നും വെസ്റ്റ് ഇന്‍ഡീസിലും വെസ്റ്റ് ആഫ്രിക്കയിലും അറിയപ്പെടുമ്പോള്‍ ഇന്ത്യയില്‍ ഇതു നേരേ തിരിച്ചാണത്രേ. ഇങ്ങനെ ഓക്സ്ഫഡ് നിഘണ്ടു പറയുന്നത് ഹോബ്സണ്‍ - ജോബ്സണ്‍ (ഞഞ്ഞാ-മിഞ്ഞാ) Anglo- Indian പദാവലി അടിസ്ഥാനമാക്കിയാണ്. (ഹോബ്സണ്‍- ജോബ്സണ്‍ എന്ന പേര് മുഹറം ആചരിക്കുമ്പോള്‍ ഷിയാകള്‍ നടത്തുന്ന നെഞ്ചത്തടിയുടെ കൂടെയുള്ള "യാ ഹസന്‍ യാ ഹുസൈന്‍" എന്ന നിലവിളിക്ക് സായിപ്പ് ആംഗലച്ഛായ നല്കിയതാണ്.) ഈ ആംഗ്ലോ-ഇന്ത്യന്‍ പദാവലി വാഴപ്പഴത്തെപ്പറ്റി പറയുന്നത് ശരിയാണോ ആവോ. ശരിയാണെങ്കില്‍തന്നെ ഹിന്ദി ബെല്‍റ്റിനപ്പുറം ഇതു ശരിയാവണമെന്നുമില്ല. ഏതായാലും ഒരു കാര്യം ഇപ്പോള്‍ വ്യക്തമാണ്. കണിശമായി ഒരിനം വാഴപ്പഴത്തിനും സവിശേഷമായി banana എന്നു പേരില്ല. നേന്ത്രക്കായ, ഏത്തക്കായ്, മഹേന്ദ്രകദളി എന്നൊക്കെ മാധവന്‍പിള്ളയുടെ നിഘണ്ടു പറഞ്ഞു. അതില്‍നിന്ന് കുറച്ചുകൂടി കടന്ന് വൈരുധ്യവാദകാഴ്ചപ്പാടിന്‍റെ സാമാന്യ-സവിശേഷ ദ്വന്ദ്വങ്ങളെ സമര്‍ത്ഥമായി പ്രയോഗിച്ച് നേന്ത്രപ്പഴമെന്ന സവിശേഷാര്‍ത്ഥം ഇ എം എസ് വേര്‍തിരിച്ചെടുത്തു. ഏതായാലും മഹേന്ദ്രകദളിയെ എന്‍റെ കൈവശമുള്ള എന്‍ ബി എസ് നിഘണ്ടുവില്‍ കാണുന്നില്ല.

4 Sept 2009

നേന്ത്രക്കായും bananaയും

ഇ. എം. എസ്. നമ്പൂതിരിപ്പാടിന്‍റെ ഒരു പുസ്തകം(തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, 1998) അവിടെയിവിടെ വായിച്ചുനോക്കിയപ്പോള്‍ കിട്ടിയ രസകരമായ ഒരു വിവരം ഇവിടെ പറയട്ടെ.
Banana എന്ന ഒരു ഇംഗ്ലീഷ് പദമുണ്ട്. അതിനു സാമാന്യാര്‍ത്ഥവും ഒരു സവിശേഷാര്‍ത്ഥവുമുണ്ട്. എല്ലാത്തരം വാഴപ്പഴങ്ങള്‍ക്കും പൊതുവെ ഉപയോഗിക്കപ്പെടുന്ന ഒരു പേരാണിത്. അതേയവസരത്തില്‍ വാഴപ്പഴങ്ങളില്‍ ഒന്നായ നേന്ത്ര (ഏത്ത) പ്പഴത്തിനു പ്രത്യേകമായും ഈ പദം ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് എന്‍ ബി എസ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 'ഏത്തവാഴ, നേന്ത്രവാഴ, മഹേന്ദ്രകദളി, ഏത്തക്കായ്, ഏത്തപ്പഴം, നേന്ത്രപ്പഴം, വാഴ, വാഴപ്പഴം' എന്ന് പദത്തിന് അര്‍ത്ഥം കൊടുത്തിട്ടുള്ളത്. (പേജ് 154)
മേലുദ്ധരിച്ച ഭാഗം മലയാളത്തിന്‍റെ വളര്‍ച്ചയില്‍ ദിനപ്പത്ര-റേഡിയോ പരിഭാഷകര്‍ക്കുള്ള പങ്ക് എന്ന ലേഖനത്തില്‍നിന്നാണ്. ഇ എം എസ് എന്‍ ബി എസ് നിഘണ്ടുവിനെ വിശ്വസിച്ചു എന്നേയുള്ളൂ. വാഴപ്പഴത്തിനു സാമാന്യമായും മഹേന്ദ്രകദളി, നേന്ത്രപ്പഴം എന്നിവയ്ക്കു സവിശേഷമായും പറയുന്ന പേരാണ് banana എന്നാണപ്പോള്‍ നിഘണ്ടു പറയുന്നത്. സവിശേഷരായ പണ്ഡിതന്മാരുടെ ഉദാഹരണം മറന്ന് സാമാന്യജനങ്ങളുടെ ഉദാഹരണം എടുത്ത് ഇതൊന്നു താരതമ്യം ചെയ്യാം. കള്ള് എന്ന പദത്തിന് സാമാന്യജനത്തിന്‍റെ പറച്ചിലില്‍ തെങ്ങോ പനയോ ചെത്തിയെടുക്കുന്ന നീര് എന്നു മാത്രമല്ല അര്‍ത്ഥം. ചാരായം കുടിച്ചവനെയും കള്ളുകുടിയനെന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ പലനിറത്തിലുള്ളതും ബ്രാണ്ടി, റം, എന്നൊക്കെ പേരിലറിയപ്പെടുന്നതുമായ ലഹരിപാനീയം സര്‍ക്കാര്‍ വില്ക്കുന്നതിനെയും ആളുകള്‍ കള്ളെന്നു പറയും. കള്ളുകുടിയനാണെന്ന് ഇക്കാലത്തു പറഞ്ഞാല്‍ ഈവക വല്ലതും കുടിക്കുന്നവനെന്നാണ് മിക്കപ്പോഴും അര്‍ത്ഥം വരുക. കള്ള് വാങ്ങുക, കള്ളു കുടിക്കുക, എന്നൊക്കെ പറയുമ്പോഴും അങ്ങനെത്തന്നെ. (കൂട്ടത്തില്‍ പ്രചാരം കൂടിയ ബ്രാണ്ടി എന്ന പദവും സാമാന്യാര്‍ത്ഥത്തില്‍ നാട്ടാര് ഉപയോഗിക്കാറുണ്ട്. ബ്രാണ്ടി വാങ്ങുക, കുടിക്കുക എന്നൊക്കെ പറയുമ്പോള്‍ ചിലപ്പോള്‍ കുടിക്കുന്നത്, വോഡ്ക എന്ന പേരിലെ നിറമില്ലാത്ത വെള്ളമാണെന്നു വരാം.) നിഘണ്ടുകാരന്‍ അപ്പോള്‍ കള്ള് എന്നതിന് എന്തര്‍ത്ഥം കൊടുക്കും? ഇ എം എസ് ഉദ്ധരിക്കുന്ന നിഘണ്ടു പോലെയാണെങ്കില്‍ തെങ്ങുനീരും പനനീരും പറഞ്ഞ് ബ്രാണ്ടി, വിസ്കി, റം എന്നൊക്കെ പറയുമായിരിക്കും. സംസാരഭാഷയില്‍ പൊതുവില്‍ മദ്യത്തെപ്പറ്റി പറയുന്ന പദം എന്നു പറയുന്നതാണ് ശരി. അപ്പോള്‍ മഹേന്ദ്രകദളിയും ഏത്തപ്പഴവും സവിശേഷമായി പറയുന്ന നിഘണ്ടുകാരനും അതില്‍നിന്ന് നേന്ത്രപ്പഴമെന്ന് സവിശേഷാര്‍ത്ഥം എടുത്ത ഇ എം എസ്സിനും കൊഞ്ഞ്യാക്കും കള്ള് ആയ സാമാന്യജനത്തിന്‍റെ ഭാഷാബോധമേയുള്ളൂ എന്നാണോ? എന്നുറപ്പിച്ചൂ പറഞ്ഞുകൂടാ. മഹേന്ദ്രകദളി എന്ന പേരിലറിയപ്പെടുന്ന ഇനം നേന്ത്രക്കായ പോലെ വലുതാണോ എന്നറിയില്ല. ആണെങ്കില്‍ നിഘണ്ടുകാരന്‍ ഉദ്ദേശിച്ചത് banana എന്നത് വലിയ ഇനം പഴത്തിനു സവിശേഷമായി പറയുന്ന പദമെന്നാവാം. അപ്പോള്‍ ചെറുപഴങ്ങള്‍ക്ക് എന്തുപേരാണ് വേറെയുള്ളത്? വിക്കിപീഡിയ banana എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.
In popular culture and commerce, "banana" usually refers to soft, sweet "dessert" bananas. The bananas from a group of cultivars with firmer, starchier fruit are called plantains.
വാഴപ്പഴങ്ങളെ പലതായി വേര്‍തിരിക്കേണ്ട ആവശ്യം ഇംഗ്ലീഷ് ഭാഷയ്ക്കുണ്ടായക്കാണില്ല. പക്ഷേ വാഴ വിളയുന്ന നാട്ടിലുണ്ടായിക്കാണം. അതുകൊണ്ട് plantain, bananito, red banana എന്നൊക്കെ പേരുകളുണ്ട് ഓരോ നാട്ടില്‍. നമ്മുടെ നാട്ടില്‍ ഇത്തരം വേര്‍തിരിവുകള്‍ കുറിക്കാന്‍ വേറെവേറെ ഇംഗ്ലീഷ് പദങ്ങളുപയോഗിച്ചതായി ഇതുവരെ കേട്ടിട്ടില്ല. പൂവനും ഞാലിപ്പൂവനും bananito എന്ന് ആസ്ട്രേലിയയില്‍ പറയുന്ന പഴത്തിനോടടുത്തുവരുമായിരിക്കും. പക്ഷേ ആ പദത്തിന് ഇവിടെ പ്രചാരമില്ലല്ലോ. പഴുത്തു തിന്നാന്‍ കൊള്ളാത്തതും കറി, കായബജ്ജി എന്നിവയ്ക്കു യോജിച്ചതും plantain എന്ന കൂട്ടത്തില്‍ പെടുമായിരിക്കും. വെള്ളക്കാര്‍ ഭരിച്ച കാലത്ത് അവരുണ്ടാക്കിയ വല്ല വേര്‍തിരിവിന്‍റെയും അടിസ്ഥാനത്തിലാണോ മാധവന്‍പിള്ളയുടെ നിഘണ്ടുവില്‍ bananaയ്ക്ക് നേന്ത്രപ്പഴം/ഏത്തപ്പഴം എന്ന് സവിശേഷാര്‍ത്ഥം പറഞ്ഞത്?

21 Jul 2009

സി പി അബൂബക്കര്‍, International Poet

സി പി അബൂബക്കര്‍ എന്ന കവിയെ പു ക സ ക്കാരല്ലാതെ ഏറെപ്പേര്‍ കേള്‍ക്കാനിടയില്ല. എങ്കിലും ഇദ്ദേഹത്തിന്‍റെ പേര് ഗൂഗ്ള്‍ ചെയ്തുനോക്കിയാല്‍ ആദ്യം കാണുന്ന ലിങ്ക് International Poet: C. P. Aboobacker എന്നു പേരുള്ള പേജിലേക്കാണ്. പരസ്പരം പുറംചൊറിയുന്ന ബ്ലോഗന്മാരുടെ കൂട്ടത്തിലൊരു ബ്ലോഗന്‍ ആണ് ആ പേജിന്നുടമ. അവിടെ അബൂബക്കര്‍ എന്ന കവിയുടെ കാവ്യമുണ്ട്. ഉള്ളി തൊലിപൊളിക്കുന്നതിനെപ്പറ്റിയാണ്. സി പി അബൂബക്കര്‍ കാലിക്കറ്റ് യൂനിവേര്‍സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. കാലിക്കറ്റ് യൂനിവേര്‍സിറ്റിയില്‍ വിരളമായ പ്രാഗല്ഭ്യം എന്ന ഗുണവിശേഷമുള്ള ചില അധ്യാപകരെ (പ്രത്യേകിച്ചും ഡോ. പി. രവീന്ദ്രന്‍ എന്ന റീഡറെ) പിരിച്ചുവിടാന്‍ നാണംകെട്ടു ഗൂഢാലോചന നടത്തുന്ന മാര്‍ക്സിസ്റ്റു പാര്ട്ടി (പിണറായി ഗ്രൂപ്പ്) സിന്‍ഡിക്കേറ്റിനെപ്പറ്റിയാണ് പറയുന്നത്. പത്രക്കാര്‍ ഇടതു സിന്ഡിക്കേറ്റെന്നു വിവരമില്ലാതെ പറയും. സി പി ഐ പോലും ശത്രുപക്ഷത്തു നിറുത്തിയിരിക്കുന്ന ഉപജാപകസംഘത്തിന്‍റെ സിന്‍ഡിക്കേറ്റാണിത്. മേല്പ്പറഞ്ഞ അദ്ധ്യാപകരെ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്യാനായി പടച്ച സബ് കമ്മിറ്റിയുടെ തലപ്പത്തും നമ്മുടെ കവിയുണ്ടായിരുന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഇദ്ദേഹത്തിന്‍റെ കാവ്യഹൃദയം അജ്ഞാതമാണ്. ഇദ്ദേഹം ഓണ്‍ലൈനായി ഓടിക്കുന്ന തണലിനെപ്പറ്റിയൊന്നും അവിടെ ആര്‍ക്കും അറിവുള്ളതല്ല. ഡസന്‍ കണക്കിനു പുസ്തകങ്ങളുടെ കര്‍ത്താവാണ് ഇദ്ദേഹമെന്നാണു പറയുന്നത്. ഇതിലൊക്കെ ഇദ്ദേഹം എന്തു നിറച്ചു എന്നു മനസ്സിലാക്കാന്‍ വിഷമമില്ല. "In the inkpot of poetry, Rose a c minor from scale of octave;" എന്ന കണക്കിലാണ് ഇദ്ദേഹം എഴുതുന്നത്. അതായത്, എന്തും എഴുതിക്കളയും. c minor from scale of octave എന്നുവെച്ചാല്‍ എന്താണെന്ന് ഞാനിദ്ദേഹത്തോടു ചോദിച്ചു. സ്വന്തം കാവ്യം വ്യാഖ്യാനിക്കാറില്ലെന്ന് അദ്ദേഹം മറുപടി തന്നു. സി മൈനര്‍, സ്കെയില്‍, ഒക്റ്റേവ് എന്നൊക്കെ തനിക്കറിയാവുന്ന സംഗീതസംബന്ധിയായ പദങ്ങള്‍ കവി അങ്ങു ചേര്‍ത്തെഴുതി. ചിലപ്പോള്‍ തനിക്കറിയാത്ത പദങ്ങളും ഇദ്ദേഹം പൂശും. In Wait എന്നൊരു കാവ്യകുതൂഹലത്തെപ്പറ്റി വെറുതെ ഞാനൊരു അഭിപ്രായം പറഞ്ഞു. (Lying in wait, പതിയിരിക്കല്‍ എന്നാവാനിടയില്ല കവി ഉദ്ദേശിച്ചത്. ബസ്സും ട്രാമും കപ്പലും കാത്തിരിക്കുന്നതിനെപ്പറ്റിയാണ് പറയുന്നത്.)
Or a tiger roaring gratified With lots of venison tasted.
എന്നാണ് ആ കുതൂഹലത്തിന്‍റെ അവസാനം. അവിടെ venison എന്നതിനു പകരം benison എന്നായിരുന്നു ഉണ്ടായിരുന്നത്. ആ പദത്തിന്‍റെ അര്‍ത്ഥമറിയുമോ എന്നു കളിയാക്കി ചോദിക്കുകയും കവനകുതൂഹലത്തെ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയതുകൊണ്ട് ഞാന്‍ എഴുതിയ comment കവി മാച്ചുകളഞ്ഞു. benison പക്ഷേ venison ആക്കുകയും ചെയ്തു. അതൊരു മാതിരി വൃത്തികേടല്ലേ കവേ. തിരുത്തുന്നെങ്കില്‍ തിരുത്തു നിര്‍ദ്ദേശിച്ച ആളുടെ അഭിപ്രായം മായ്ക്കുന്നതെന്തിന്. ഈ അന്താരാഷ്‌ട്ര കവിയുടെ ഏറ്റവും അവസാനത്തെ ബ്ലോഗ് കാവ്യത്തെ ചെറുതായി ഒന്ന് ആസ്വദിക്കുകയാണ് താഴെ. കാളമൂത്രമെന്ന ക്ലീഷെ അല്ല ഇവിടെ ചേരുക. ആട്ടിന്‍കാട്ടം പോലെ മണിമണിയായി വേറിട്ടാണ് ഈ മുത്തുമണികള്‍ കവി ചൊരിയുന്നത്. When Death is imminent In the threads hanging from heaven Fly butterflies സുവര്‍ക്കത്തില്‍നിന്നു ഞാത്തിയ ഞാഞ്ഞൂലുകളില്‍ വെണ്ണീച്ചകള്‍ പാറുന്നു Sun and Earth Join together Within the dense pores Creation of truth and equality Has begun on the mountain slopes ആദിത്യനും ധരിത്രിയും തിങ്ങിവിങ്ങും ഓട്ടകളില്‍ രമിക്കുമ്പോള്‍ മലഞ്ചരുവുകളില്‍ സത്യത്തിന്‍റെയും സമത്വത്തിന്‍റെയും നിര്‍മ്മിതി തുടങ്ങുന്നു [പൊളിറ്റ്ബ്യൂറോ നടക്കുന്നു] Sculptor has begun meditation Before the heaps of clay കളിമണ്ണുകൂനയ്ക്കുമുന്‍പില്‍ ശില്പി ധ്യാനനിമഗ്നനായിരിക്കുന്നു [ആരുടെ വിഗ്രഹമെന്നു കമ്മിറ്റി പറയുന്നതും കാത്ത്] New fields of struggle Are in formation With kindliness and love As weapons ദയാവായ്പും പ്രേമവും ആയുധമാവുന്ന പുത്തന്‍ രണാങ്കണങ്ങള്‍ ഒരുങ്ങുകയായി [കണ്ണുരൊക്കെ ഇപ്പോള്‍ വാങ്ങിവെച്ചിരിക്കുകയാണ്. അടുപ്പത്തിപ്പോള്‍ friendly fight ആണ്. അച്യുതാനന്ദന് സിന്ദാബാദ് വിളിക്കുന്നവരെയും പോസ്റ്ററൊട്ടിക്കുന്നവരെയും അടിച്ചും കുത്തിയും വെട്ടിയും നിരപ്പാക്കുക, പ്രേമപൂര്‍വ്വം, ദയയോടെ.] Along the paths to heaven Sights of the army of love Marching forward സുവര്‍ക്കത്തിലേക്കുള്ള വഴിയേ പ്രേമസേനകള്‍ അണിയണിയായ് The final moments of Ecstasy Until I dissolve in my end Through wind, rain and sun ഇതൊക്കെക്കണ്ട് ഈ പാവം കവിഹൃദയം തുരീയാനന്ദത്തിലാറാടുന്നു ഒടുക്കം കാറ്റിലും മഴയിലും വെയിലിലും ഞാനെന്‍റെ ലക്ഷ്യത്തിലേക്ക് അലിഞ്ഞുചേരുംവരെയ്ക്കും കാലിക്കറ്റ് യൂനിവേര്‍സിറ്റി നല്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റിലെ നാലാംകിട വിവരക്കേട് ഈ സിന്‍ഡിക്കേറ്റംഗത്തോടു ചൂണ്ടിക്കാണിച്ചപ്പോള്‍ ഉണ്ടായ വ്യക്തിപരമായ അനുഭവമാണ് ഈ അന്താരാഷ്‌ട്ര കവിയില്‍ ഈ ബ്ലോഗര്‍ക്കുള്ള താത്പര്യത്തിനു കാരണം. I am sorry to have discussed things with such a malignant mind, virulent and venomous. You are an erudite in anti communism (അതെന്തു കുന്തമാണാവോ) you are an ignoramus എന്നിത്യാദി personal attacks എനിക്കുനേരേ എറിഞ്ഞു ഇദ്ദേഹം. അങ്ങോട്ടു വല്ലതും അത്തരം പറഞ്ഞിട്ടാണെങ്കില്‍ തരക്കേടില്ല. സര്‍ട്ടിഫിക്കറ്റ് തിരുത്തിയോ? ആര്‍ക്കറിയാം.

5 Jun 2009

സുകുമാര്‍ അഴീക്കോട് തോറോയെ പറയുമ്പോള്‍

മുകളില്‍ക്കാണുന്ന നിര്‍ഗ്ഗുണമായ തലക്കെട്ടായിരുന്നില്ല ഈ പോസ്റ്റിനുദ്ദേശിച്ചത്. അഴീക്കോടും പക്ഷിക്കാട്ടവും തോറോയും ചേരുമ്പോള്‍ വരാതിരിക്കാന്‍ വഴിയില്ലാത്ത ഒരു വിസര്‍ജ്ജ്യവിജ്ഞാനീയ പരാമര്‍ശം (scatalogical reference) ആണ് സത്യത്തില്‍ ഈ പോസ്റ്റിനു പ്രേരണ. ശത്രുക്കള്‍ ഏറെയുള്ളതുകൊണ്ട് അതു പറയുന്നില്ല. അഴീക്കോടിനു വിവരമില്ല. ക്ലാസിക്, ക്ലാസിക്കല്‍ എന്നീ പദങ്ങളുടെ അര്‍ത്ഥഭേദം അറിയാതെ ക്ലാസിക് ഭാഷാപദവിയെപ്പറ്റി ലേഖനമെഴുതുകയും പറഞ്ഞുനടക്കുകയും ചെയ്യുന്നതിനെപ്പറ്റി ഞാന്‍ നേരത്തേ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു. അച്യുതാനന്ദനെ നിന്ദിച്ച് കൂട്ടില്‍ കാട്ടിക്കുന്ന പക്ഷിയെപ്പറ്റി പറഞ്ഞ് വിവാദമുണ്ടാക്കി പിന്നെ പറഞ്ഞതിന് ഔന്നത്യം കല്പിച്ചു നല്കാന്‍ തോറോയുടെ മഹദ്വചനത്തെ ഉദ്ധരിക്കുകയാണ് അഴീക്കോട്. അച്യുതാനന്ദന് ആലങ്കാരിക പ്രയോഗം മനസ്സിലാവില്ലെന്നാണ് അഴീക്കോടു പറയുന്നത്. അവതാരിക എഴുതിക്കൊടുക്കാന്‍ വേണ്ടി അച്യുതാനന്ദന്‍റെ പുസ്തകങ്ങള്‍ അഴീക്കോടെങ്കിലും വായിച്ചുനോക്കിക്കാണുമെന്നു വിചാരിക്കാം. അച്യുതാനന്ദന് വിവരമില്ലെന്നു പറയുന്ന നേരത്തുതന്നെ സ്വന്തം വിവരക്കേടു പച്ചയ്ക്കു പറയുന്ന ഗതികേടുണ്ടായി അഴീക്കോടിന്. കൂട്ടില്‍ക്കാട്ടിക്കുന്ന പക്ഷിയെപ്പറ്റി തോറോ എന്തെങ്കിലും പറഞ്ഞോ എന്നറിയില്ല. അന്വേഷിക്കേണ്ടതാണ് (അതിനെപ്പറ്റി വീണ്ടും പറയേണ്ടിവരുമെന്നാണ് തോന്നുന്നത്). It's an ill bird that fouls its own nest തോറോയ്ക്കും മുമ്പ് നൂറ്റാണ്ടുകളായി നിലവിലുള്ള ചൊല്ലാണ്. ലാറ്റിനില്‍ ആയിരം കൊല്ലങ്ങള്‍ക്കപ്പുറം ഈ ശൈലിയുള്ളതായി രേഖയുണ്ട്. ഈ ശൈലിയെപ്പറ്റി ഈ പുസ്തകത്തില്‍ പറയുന്നതു കാണുക. അഴീക്കോട് ഈ proverb കേട്ടുകാണില്ല. പിണറായി വിജയന്റെ പാര്‍ട്ടി അഴീക്കോടിനു സ്വന്തം കൂടായി തോന്നുന്നത്ര അച്യുതാനന്ദന് തോന്നുന്നില്ലെന്ന് അഴീക്കോടിനു മനസ്സിലാവില്ലെങ്കിലും മറ്റുള്ളവര്‍ക്കു മനസ്സിലാവും.

2 May 2009

ജി പി രാമചന്ദ്രന്‍റെ ഉള്‍ക്കാഴ്ച

ജി പി രാമചന്ദ്രന്‍ പു ക സക്കാരനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനും ആകയാല്‍ ഒരു ശത്രുവില്ലാഞ്ഞാല്‍ മൂപ്പര്‍ക്ക് സിദ്ധാന്തം വരില്ല.
സിനിമ ഒരു ദൃശ്യകലയാണെന്നാണ് ആസ്ഥാന നിരൂപകരും പണ്ഡിതരും, അത്ഭുതം മറ നീക്കുന്ന വിധത്തിലെന്ന വണ്ണം കുട്ടികളെ പഠിപ്പിച്ചുതുടങ്ങാറുള്ളത്. ദൃശ്യത്തിന്റെ ഈ കലയിലും കളിയിലും ശബ്ദത്തിന് എന്ത് സ്ഥാനമാണുള്ളത് എന്നും ഈ വിധാതാക്കള്‍ ചോദിച്ചുകളയും.
സംഗതി കാണുന്നത് ഇവിടെ. ആര്‍ക്കെതിരായാണാവോ ഈ നിഴല്‍യുദ്ധം. എഴുത്തില്‍ അവശ്യം പാലിക്കേണ്ട സദാചാരമില്ലായ്മയാണിത്.
പറഞ്ഞു വരുന്നത്, സിനിമ എന്നത് ദൃശ്യത്തിന്റെ മാത്രമല്ല, ശബ്ദത്തിന്റെയും ഒരു കലയും മാധ്യമവുമാണെന്നു തന്നെയാണ്.
ഇതു പറഞ്ഞുവരണമെങ്കില്‍ ഈ ഡോണ്‍ ക്വിക്സോട്ടിനു ചില കാറ്റാടി യന്ത്രങ്ങള്‍ വേണം. ഇവിടെ അങ്ങോര് ചെന്നു കുത്തുന്ന കാറ്റാടികള്‍ സ്വന്തം സൈദ്ധാന്തിക ഭൂതകാലവും സഹമാര്‍ക്സിസ്റ്റ് പാര്‍ട്ടി ചലച്ചിത്ര സൈദ്ധാന്തികന്മാരുടെ (പു ക സ, ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫില്‍മ് സൊസൈറ്റീസ്) സൈദ്ധാന്തിക അഭ്യാസങ്ങളുമാവണം‍. ഇപ്പോള്‍ ടിയാന്‍റെ പ്രധാന സിദ്ധാന്തവേല പിന്തിരിപ്പന്‍ സിനിമയില്‍ മുന്തിരിപ്പഴം കണ്ടെത്തലാണ്. റസൂല്‍‌ പൂക്കുട്ടി, റഹ്മാന്‍ എന്നിങ്ങനെ. ഒക്കെക്കൊള്ളാം വിവരക്കേടുകള്‍ വിളമ്പുന്നതൊഴിച്ചാല്‍. ഗെറ്റിനോ എന്ന അര്‍ജെന്‍റീനക്കാരനായ സംവിധായകന്‍ വെടിയുണ്ടക്കിരയായ കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തിന്‍റെ ആമുഖത്തില്‍ തന്നെ രാമചന്ദ്രന്‍ പറഞ്ഞാണ് അറിയുന്നത്. സംശയം തോന്നി അന്വേഷിച്ചപ്പോള്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും താനിപ്പോഴും ജീവനോടെയുണ്ടെന്നും താന്‍ ചത്തുകാണാന്‍ കൊതിക്കുന്ന ആ നിരൂപകപ്പരിഷയെ കാച്ചണമെന്നുമാണ് ഗെറ്റിനോ പറഞ്ഞത്. രാമചന്ദ്രന്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എന്തു കഥിച്ചാലും അതില്‍ നല്ലൊരു ഭാഗം ഇത്തരം വിവരക്കേടായിരിക്കും. ഈ ലേഖനത്തിലും ഉണ്ട് വിവരക്കേടുകള്‍ വേണ്ടത്ര.
1960കളിലെ സിനിമ-വെരിത്തെ കാലഘട്ടത്തില്‍ യൂറോപ്പിലാകമാനം സ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെടുകയും പുറം ലോകമാണ് തങ്ങളുടെ പ്രതിപാദനരീതിയെ സത്യസന്ധമാക്കുന്നത് എന്ന കടുത്ത നിലപാട് വലിയൊരു വിഭാഗം ചലച്ചിത്രകാരന്മാര്‍ സ്വീകരിക്കുകയും ചെയ്തു. ഈ നിലപാട് അതേ രൂപത്തില്‍ പില്‍ക്കാലത്ത് നിലനിന്നില്ലെങ്കിലും ചിത്രീകരണ സമയത്തെ ശബ്ദങ്ങളാണ് കഴിയാവുന്നത്ര ആധാരമാക്കേണ്ടത് എന്ന നിലപാട് ലോകസിനിമയില്‍ കൂടുതല്‍ കൂടുതലായി അംഗീകരിക്കപ്പെട്ടുവരുന്നു. ഹാന്റ് ഹെല്‍ഡ് ക്യാമറ പോലെ, നീളമുള്ള വടിയുടെ അറ്റത്ത് കെട്ടി വെച്ച മൈക്രോഫോണും നിര്‍ബന്ധമായ ഒരു ചിത്രീകരണ അടിസ്ഥാനമായി ലോകത്തെമ്പാടും ചലച്ചിത്ര പ്രവര്‍ത്തകര്‍ പരിഗണിച്ചു.
Cinéma vérité എന്നത് മുഖ്യമായും ഏതാനും വട്ടന്മാര്‍ (നല്ല അര്‍ത്ഥത്തില്‍) ഒരു കേമറയും ഒരു റെക്കോഡിങ് യന്ത്രവും കയ്യിലേന്തി (ചിലപ്പോള്‍ രണ്ടും ഓരോ കയ്യില്‍) നടന്നു ചെയ്ത അഭ്യാസമായിരുന്നു. documentary നിര്‍മ്മാണത്തിലായിരുന്നു ഈ രീതി. ഈ രീതിയിലെ പ്രധാനമായ ചില ഉദാഹരണങ്ങള്‍ ഇവിടെക്കാണാം. ഒരു അമേരിക്കന്‍ യൂനിവേര്‍സിറ്റി ഹോസ്റ്റ് ചെയ്യുന്ന സൈറ്റ് ആകയാല്‍ ഫ്രെഞ്ച് വെറിതെയെക്കാള്‍ അമേരിക്കന്‍ സ്കൂളിനു പ്രാധാന്യം നല്കിയെന്നു തോന്നുന്നു. ഈ രീതി ചെലുത്തിയ സ്വാധീനം ആ രീതി പാലിച്ച ചിത്രങ്ങളുടെ എണ്ണത്തിനെ അപേക്ഷിച്ച് വളരെ ഗണ്യമായിരുന്നു എന്നു ജെയിംസ് മോണക്കോ പറയുന്ന‍ു. എന്നാല്‍ ഡോക്യുമെന്‍ററി ചലച്ചിത്രത്തിന്‍റെ മേഖലയിലുണ്ടായ ഒരു സ്കൂള്‍ കാരണം യൂറോപ്പിലാകമാനം സ്റ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെട്ടെന്നു പറയാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ. നോക്കണേ, ഏറ്റവും മികച്ച ചലച്ചിത്ര വിമര്‍ശകനുള്ള ദേശീയ അവാര്‍ഡ് പങ്കിട്ട കക്ഷിയാണ് ഈ വിധം വിവരക്കേടുകള്‍ തട്ടിവിടുന്നത്.
ഈ കുറിപ്പിന്‍റെ ശേഷം ഭാഗം മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പു ക സ-ചലച്ചിത്ര സൈദ്ധാന്തിക വങ്കന്മാരെ നിന്ദിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ചാപ്ലിന്‍റെ Great Dictator എന്ന സംഭാഷണ ചലച്ചിത്രത്തിലെ ബാര്‍ബറുടെ ഗിരിപ്രഭാഷണത്തെ രാമചന്ദ്രന്‍ വാഴ്ത്തുന്നതു നോക്കുക.
ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും രാഷ്ട്രീയമായി നിര്‍ണായകമായതുമായ ശബ്ദമുഹൂര്‍ത്തങ്ങളിലൊന്ന് ഈ സിനിമയില്‍ പ്രസിഡണ്ടിനു പകരം ബാര്‍ബര്‍ (രണ്ടും ചാപ്ളിന്റെ ഇരട്ട വേഷങ്ങള്‍) സ്റ്റേജിലെത്തുന്നതും ജനാധിപത്യത്തിന്റെ അനിവാര്യമായ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതുമായ ഭാഗമാണ്.
ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നാണ് ഇതെന്നു രാമചന്ദ്രന്‍ പറയുമ്പോള്‍ രാമചന്ദ്രന്‍ അങ്ങനെ വിചാരിക്കുന്നു എന്നേ അതിനര്‍ത്ഥമുള്ളൂ. രാമചന്ദ്രന്‍ ലോകസിനിമയുടെ ചരിത്രം പറയാന്‍ ആരുമല്ല എന്നതിനാലും മേലുദ്ധരിച്ച ഭാഗം വല്ലാതെ ബാലിശമാണെന്നതിനാലും അതിനെപ്പറ്റി പറയാനൊന്നുമില്ല. (തന്‍റെ ഷൂട്ടിങ് ലൊക്കേഷന്‍റെ പരിസരത്തെവിടെയോ വിരലും കടിച്ചുനിന്ന ഇളിഭ്യന്‍ ചെക്കന്‍ എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അവജ്ഞയോടെ രാമചന്ദ്രനു നേരേ എറിഞ്ഞ അലങ്കാരം ഓര്‍മ്മിക്കാതെ വയ്യ. ഗോപാലകൃഷ്ണനോ രാമചന്ദ്രനോ ഈ ബ്ലോഗെറെ സംബന്ധിച്ചിടത്തോളം ഓര്‍ക്കേണ്ടവരല്ലെങ്കിലും ആ എഴുത്തില്‍ ഗോപാലകൃഷ്ണന്‍ കാട്ടിയ അവജ്ഞയുടെയും നിന്ദയുടെയും ആക്രമം ഓര്‍മ്മയില്‍ കുരുങ്ങിക്കിടക്കുന്നു.) എങ്കിലും മാക്സിം ഗോര്‍ക്കി അമേരിക്കയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ (പുസ്തകം മലയാളത്തിലും സോവിയറ്റു നാട്ടില്‍നിന്ന് അച്ചടിച്ചു വന്നിരുന്നു, പു ക സക്കാര്‍ വായിച്ചിട്ടുണ്ടോ ആവോ, അല്ലെങ്കിലും അമ്മ എന്ന പ്രചാരവേലപ്പുസ്തകത്തിനപ്പുറം ഇവിടത്തെ ഇടതന്മാര്‍ക്ക് ഗോര്‍ക്കിയെ അറിയുമോ) അങ്ങേയറ്റം നിന്ദയോടെ പരാമര്‍ശിച്ച ചാപ്ലിനെപ്പറ്റി പു ക സക്കാര്‍ അഭിമാനവിജൃംഭിതരാവുന്നതു നല്ലകാര്യം. രാമചന്ദ്രന്‍ വാഴ്ത്തുന്ന ചാപ്ലിന്‍ 1931- ലെ ഒരു സോവിയറ്റ് ശബ്ദചിത്രം കണ്ട് അത്ഭുതപ്പെട്ടു. Dziga Vertov ന്‍റെ Enthusiasm: Symphony of the Donbass എന്നാണ് ചിത്രത്തിന്‍റെ പേര്. Dziga Vertov, Defining Documentary Film എന്ന പുസ്തകത്തില്‍ ഈ ചിത്രം കണ്ടശേഷം ചാപ്ലിന്‍ വെര്‍തോവിനു കൊടുത്ത അനുമോദനപത്രത്തില്‍ ഇങ്ങനെ പറയുന്നത് ഉദ്ധരിച്ചിട്ടുണ്ട്.
Never had I know that these mechanical sounds could be managed to sound so beautiful. I regard it as one of the most exhilarating symphonies I have heard. Mr. Vertov is a musician. The professors should learn from him, not quarrel with him. Congratulations.
ഈ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണെന്ന് ചാപ്ലിന്‍ എഴുതിയെന്ന് മോണക്കോയും മറ്റുള്ളവരും ചേര്‍ന്നെഴുതിയ Film Encyclopedia യില്‍ കാണുന്നു. സോവിയറ്റ് യൂനിയനില്‍ അംഗീകാരം നേടിയില്ലെങ്കിലും പുറംലോകത്ത് ഈ ചിത്രം പെട്ടെന്നു തന്നെ പ്രസിദ്ധി നേടിയെന്നും ആ പുസ്തകം പറയുന്നു. ഇങ്ങനെയുള്ള വെര്‍തോവ്, (ഇദ്ദേഹത്തിന്‍റെ ആശയങ്ങളായിരുന്നു Cinéma vérité എന്ന സംജ്ഞയ്ക്കും ആശയത്തിനും ഈ ആശയത്തിന്‍റെ പങ്കുപറ്റിയ വിവിധ സ്കൂളുകള്‍ക്കും പ്രചോദനമായത്) ചലച്ചിത്രത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഏതാനും ചിത്രങ്ങള്‍ ചെയ്ത് അധികാരികളുടെ അപ്രീതി നേടി ചലച്ചിത്ര നിര്‍മ്മാണം സാധ്യമാവാത്ത സാഹചര്യത്തില്‍ ശിഷ്ടജീവിതത്തിന്‍റെ രണ്ടു പതിറ്റാണ്ടുകള്‍ സൃഷ്ടിയ്ക്കു സാദ്ധ്യതയില്ലാതെ അറിയപ്പെടാതെ ജീവിതം തള്ളിനീക്കി വിസ്മൃതിയില്‍ മരിച്ചു. മോസ്കോവിലെ ഏതോ ഒരു പത്രം മാത്രം ചെറിയ ചരമക്കുറിപ്പു പ്രസിദ്ധീകരിച്ചു. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സാംസ്കാരിക മേസ്തിരിമാരായ രാമചന്ദ്രനും പു ക സ സൈദ്ധാന്തികന്മാരും ഉള്‍പ്പുളകം കൊള്ളുന്ന സോവിയറ്റ് ഭരണത്തിനു കീഴില്‍ ചലച്ചിത്രപ്രതിഭയ്ക്കു സംഭവിച്ചത് ഓര്‍ക്കാന്‍ ജി പി രാമചന്ദ്രനു താത്പര്യം കാണുമോഎന്തോ. ചലച്ചിത്രത്തില്‍ ശബ്ദത്തിന്‍റെ പ്രാധാന്യം എടുത്തു പറയാന്‍ കാറ്റാടിയന്ത്രത്തിനു നേരേ കുതിച്ചുചെല്ലുന്ന രാമചന്ദ്രന്‍ ചലച്ചിത്രത്തിലെ ദൃശ്യവിന്യാസത്തിലും ശബ്ദരേഖയിലും പുതുവഴിവെട്ടിയതിന് വിസ്മൃതിക്കു വിധിക്കപ്പെട്ട സോവിയറ്റ് ചലച്ചിത്ര സൈദ്ധാന്തികനെ ഓര്‍മ്മിക്കാതെപോവുന്നതില്‍ ദുരുദ്ദേശ്യം ആരോപിക്കേണ്ടതില്ല. കാരണം, Never attribute to malice that which can be adequately explained by stupidity.

19 Apr 2009

അബൂട്ടിയുടെ രസികന്‍ ഇംഗ്ലീഷ്

അബൂട്ടി എന്നദേഹം മുമ്പ് മലയാള മനോരമയില്‍ ഒരിംഗ്ലീഷുകോളം പയറ്റിനോക്കിയിട്ടുണ്ടെന്നു തോന്നുന്നു. അബൂട്ടി ആളൊരു രസികനാണ്. അങ്ങോരു പറയുകയാണ്
PROMYSEL IMENI NARIMANOVA എന്ന പേരു ഞാനാദ്യമായി കേട്ടപ്പോള്‍...
ഇവിടെ കാണാം ഒരു മൂന്നു പേജ് പ്രിവ്യൂ അബൂട്ടിയുടെ രസികന്‍ ഇംഗ്ലീഷ് സ്വന്തം അമ്മായിയമ്മയുടെ പേരുകേള്‍ക്കുന്നത്ര നിസ്സാരമായി അസെര്‍ബൈജാനിലെ ഈ ഗ്രാമത്തിന്റെ പേരു കേട്ട ഈ അബൂട്ടി ആരപ്പാ? പുസ്തകം കണ്ടിട്ടില്ല, വാങ്ങിയിട്ടില്ല, വായിച്ചിട്ടില്ല. വെറുതെ തന്നാലും വായിക്കുകയുമില്ല. ഇന്ദുലേഖയിലെ മൂന്നു പേജു കണ്ടപ്പോള്‍ ഒരു അഭിപ്രായം പാസാക്കണമെന്നു തോന്നി. പക്ഷേ ആ പേജില്‍ മാത്രം അതിനുള്ള സൌകര്യം ഇല്ലാതാക്കിവെച്ചിട്ടുണ്ട്. മറ്റു പുസ്തകങ്ങളെപ്പറ്റി സാദ്ധ്യമാണ്. അബൂട്ടിയുടെ കെരന്തത്തെപ്പറ്റി വയ്യ. പലരും വല്ലതുമൊക്കെ പറഞ്ഞു കാണും. കാരണം, പുത്തകത്തിലെ മൂന്നു പേജ് കൊടുത്തതു വെച്ചു നോക്കുമ്പോള്‍ ഉള്ളടക്കം കട്ടതാണെന്നു കാണാം. ഒരു ജെഫ് മില്ലെറെന്ന സായ്പു വാദ്ധ്യാര് കുറച്ചങ്ങനെ ശേഖരിച്ചുവെച്ചത് ചില ഔട്ടികള് ഞൊട്ടിഞൊട്ടി... നേരത്തെ അഭിപ്രായം സാദ്ധ്യമായിരിക്കണം. പുഴയോരം എന്നൊരു ബ്ലോഗര്‍ ചോദിക്കുന്നു Malayalam എന്ന പദത്തെപ്പറ്റി. അതിനു സായിപ്പ് പറയേണ്ടേ അബൂട്ടിയറിയാന്‍? മാതൃഭൂമിയുടെ സൈറ്റില്‍ കാണുന്ന ഈ രസികത്തം മോശമില്ല. അബൂട്ടിയുടെ വേഡ് റെക്കൊഡ്സ് മാതൃഭൂമി വേള്‍ഡ് റെക്കോഡ്സ് ആക്കിയതാണോ എന്തോ.

14 Apr 2009

കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ മണ്ടന്‍ സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്നു ബിരുദമെടുത്ത ആളാണു നിങ്ങളെങ്കില്‍ കിട്ടിയത് മണ്ടത്തരം എഴുതിവെച്ച സര്‍ട്ടിഫിക്കറ്റ് ആവാന്‍ സാദ്ധ്യതയുണ്ട്. ബി ഏ, ബി എസ് സി ബിരുദധാരികള്‍ക്കു കൊടുക്കുന്നത് മുട്ടനൊരു വ്യാകരണത്തെറ്റുള്ള കടലാസാണ്. ഇതെന്നു തുടങ്ങിയതാണെന്നറിയില്ല. ഏതാണ്ട് ഇരുപതു വര്‍ഷം മുന്‍പേ ഇങ്ങനെയായിരുന്നു. അതിനെപ്പറ്റി കൂടുതല്‍ ഇവിടെ വായിക്കുക.

27 Mar 2009

ഇംഗ്ലീഷ് ഭാഷയ്ക്ക് ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് വക ഒരു സംഭാവന

പ്രശസ്തമായ വിവരാവകാശ നിയമത്തിലൂടെ ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പദം സംഭാവന ചെയ്യുകയുണ്ടായി. malafidely എന്നതാണ് ആ പദം. ഏതോ ഗുമസ്തന്‍റെ കൈക്കുറ്റപ്പാടാവണം ആണത്. കാരണം mala fide (മെയ്‌ല ഫൈഡി) എന്ന collocation തന്നെ adverb ആണെന്നറിയാതെ ആദ്യം അതിനെ ഒറ്റപ്പദമാക്കുകയും പിന്നെയതിന്ന് -ly ചേര്‍ത്തുകൊടുക്കുകയുമാണ് ഉണ്ടായത്. എത്ര വിവരക്കേടായാലും ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഒരു നിയമത്തില്‍ രണ്ടു തവണ വരുന്ന പദമായാല്‍ അതിനു നിലയും വിലയുമുണ്ട്. ഈ ബ്ലോഗെര്‍ ഈ പദം തെറ്റാണെന്നു പറഞ്ഞ് ഇന്‍ഡ്യയിലെ മുഖ്യവിവരാവകാശ കമ്മിഷണര്‍ക്ക് ഒരു വര്‍ഷത്തിലേറെ മുമ്പ് ഒരു ഇമെയില്‍ സന്ദേശം അയച്ചു. ഒരു ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് അയച്ച സന്ദേശത്തിന് ഒരു മണിക്കൂറിന്നകം മറുപടി നല്കി കമ്മിഷണര്‍ എന്നെ അത്ഭുതപ്പെടുത്തി. മറുപടിയില്‍ പറഞ്ഞത് ഇന്‍ഡ്യന്‍ ഇംഗ്ലീഷില്‍ അതു സ്വീകാര്യമാണെന്നായിരുന്നു. മറുപടിയോട് എനിക്കു യോജിപ്പില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വബോധം ആദരവുളവാക്കുന്നതാണ്. ഇക്കഴിഞ്ഞ ദിവസം ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിക്ക് ഞാന്‍ ഈ പദം ചൂണ്ടിക്കാട്ടി. ഓക്സ്ഫഡ് ഡിക്‌ഷനറിയെന്നാല്‍ നമ്മുടെ നാട്ടിലെ പണ്ഡിതന്മാരുടെ കണക്കില്‍ കണ്‍സൈസ് ഓക്സ്ഫഡ് ഡിക്‌ഷനറിയാണ്. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിയെന്നത് ഇപ്പോള്‍ ഇരുപതും പിന്നെയൊരു മൂന്നും വാല്യങ്ങളിലുള്ള ബൃഹത്തായ ഗ്രന്ഥമാണ്. ഈ പദത്തെക്കുറിച്ച് അവര്‍ പറഞ്ഞതിന്‍റെ പൊരുള്‍ ഇങ്ങനെ. അതില്‍ വ്യാകരണപ്പിഴ രണ്ടെണ്ണമുണ്ട്. ഒന്ന് അത് ലാറ്റിനും ഇംഗ്ലീഷും മിശ്രണം ചെയ്യുന്നു. രണ്ട് mala fide തന്നെ adverb ആയിരിക്കെ -ly ചേര്‍ക്കുന്നത് വ്യാകരത്തിനു നിരക്കുന്നതല്ല. എങ്കിലും വ്യാകരണപ്പിഴ എന്തിനെങ്കിലും ഉതകുകയാണെങ്കില്‍ അതു സ്വീകാര്യമെന്നു കരുതുന്ന ധാരാളം ആളുകളുണ്ട്. പുതിയ പദങ്ങളുടെ ശേഖരത്തില്‍ ഞങ്ങളിത് ഉള്‍പ്പെടുത്തുകയും ഈ പദത്തിന്‍റെ ഭാവി നിരീക്ഷിക്കുകയും ചെയ്യും. malafidely യോടൊപ്പം മറ്റൊരു ഫ്രെയ്സും കൂടി ചൂണ്ടിക്കാണിച്ചിരുന്നു. Suo moto ആയിരുന്നു അത്. suo motu എന്ന ഫ്രെയ്സ് എങ്ങനെ suo moto എന്ന രൂപത്തില്‍ ഇന്നാട്ടില്‍ പ്രസിദ്ധമായി എന്നറിയില്ല. Wren & Martin നോ അതുപോലെ വല്ലവരുമോ ഒപ്പിച്ചതാണോ? രാമലിഗം പിള്ളയുടെ പേരുവെച്ചു കേരളത്തില്‍ പത്തുലക്ഷം കോപ്പി വിറ്റ തട്ടിപ്പു നിഘണ്ടുവിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുകളില്‍ പറഞ്ഞ OED യില്‍ തെറ്റുകളുണ്ടെന്നു രാമലിംഗം എഡിറ്റു ചെയ്ത വാര്യരുമാര്‍ കണ്ടെത്തിയെന്ന് രാമലിംഗം വിറ്റു കേമനായ കേരളത്തിലെ പ്രമുഖ പ്രസാധകന്‍ പറഞ്ഞു. നാലു കൊല്ലം മുമ്പാണ്. അവരത് OED എഡിറ്റര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും തിരുത്തുമെന്ന ഉറപ്പ് കിട്ടിയെന്നുംകൂടി ചങ്ങാതി പറഞ്ഞു. ഞാനിക്കാര്യം OED യോടു ചോദിച്ചു. ആരും അങ്ങനെയൊന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. വാസ്തവത്തില്‍ OED യെ തിരുത്തി ഈ വങ്കന്‍ നിഘണ്ടു! tomorrow come never എന്ന phrase തിരുത്തി tomorrow comes never എന്ന് അച്ചടിച്ചു കുറെ എഡിഷന്‍ വിറ്റു ഈ വിദ്വാന്മാര്‍! ഈ വിഡ്ഢികളെപ്പറ്റി ഭാഗ്യത്തെ കവച്ചു കടന്ന മണ്ടന്‍ നിഘണ്ടു എന്ന പേരില്‍ നേരത്തേ ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.

22 Mar 2009

സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു

സൂര്യനുതാഴെയുള്ള വിഷയങ്ങളെപ്പറ്റി പറഞ്ഞു നേരം കളയുന്ന കോളമെഴുത്തുകാരുടെ കൂട്ടത്തില്‍ വെയ്ക്കാന്‍ പറ്റില്ല തമോരന്ധ്രങ്ങളില്‍ ആഴ്ന്നിറങ്ങി ഖഗോളത്തിന്‍റെ ആഴവും പരപ്പും അളന്ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ആഴ്ചതോറും വിളമ്പുന്ന ശ്രീമാന്‍ സി. എച്ച്. കുഞ്ഞികൃഷ്ണകുറുപ്പ് അവര്‍കളെ. അദ്ദേഹം അകക്കണ്ണുകൊണ്ട് കണ്ടറിയുന്ന സത്യങ്ങള്‍ മാതൃഭൂമി വായിക്കുന്ന പാമരന്മാര്‍ക്കുകൂടി പകരാന്‍ പത്രാധിപന്മാര്‍ അദ്ദേഹത്തിന് ഞായറാഴ്ച പതിപ്പില്‍ ഒരു ഭാഗം പതിച്ചുനല്കിയിട്ടുണ്ട്. ഈയാഴ്ചത്തെ പ്രാപഞ്ചിക സത്യങ്ങളാണ് ചിത്രരൂപത്തില്‍. പ്രപഞ്ചത്തിന്‍റെ അന്ത്യത്തെപ്പറ്റിയാണ് പ്രവചനം. ശ്യാമപദാര്‍ത്ഥമാണ് ലേഖനത്തിലെ പ്രധാന സാമഗ്രി. തമോദ്വാരങ്ങളിലും ശ്യാമപദാര്‍ത്ഥങ്ങളിലും ഖഗോളശാസ്ത്രജ്ഞനു താത്പര്യമുണ്ടാവുന്നത് സ്വാഭാവികം, കുറ്റം പറയരുത്. തുടക്കത്തിലേ പറയട്ടെ ഇദ്ദേഹത്തിന്‍റെ പ്രപഞ്ചവിജ്ഞാനമൊന്നും ഗ്രഹിക്കാനുള്ള ശേഷി ഈ ബ്ലോഗെര്‍ക്കില്ല. എങ്കിലും ഇന്നു രാവിലെ ഈ കോളമൊന്ന് ഓടിച്ചുവായിച്ചപ്പോള്‍ തോന്നിയ വികല്പമാണ് ഈ പോസ്റ്റിനു കാരണം. മണ്ടന്മാരോട് ഈ ബ്ലോഗെര്‍ക്കു വലിയ ഇഷ്ടമാണ്. ചിലരെ കാണുമ്പോള്‍ അവരെപ്പറ്റി പറയാന്‍ വാക്കുകള്‍ കിട്ടാതെ വരും. (ഉദാഹരണത്തിന് രാമലിംഗം പിള്ള നിഘണ്ടു എഡിറ്റു ചെയ്ത എന്‍. വി. കൃഷ്ണവാര്യര്‍ അവര്‍കള്‍.) മരമണ്ടന്‍, പമ്പരവിഡ്ഢി, വിഡ്ഢിക്കൂശ്മാണ്ഡം, അന്നത്തിനു പകരം മറ്റെന്തൊക്കെയോ തിന്നുന്നവന്‍ എന്നൊക്കെ നിരൂപിച്ച് ഏതെങ്കിലും കള്ളിയില്‍ അവരെ ഒതുക്കാന്‍ നോക്കും. എന്നാല്‍ സി. എച്ച്. കുഞ്ഞികൃഷ്ണകുറുപ്പിനെ ഒതുക്കാന്‍ കള്ളിയൊന്നും കണ്ടില്ലെന്നതായിരുന്നു വികല്പം. ഒടുക്കം നിശ്ചയമായി.
ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു.
മൂന്നു നാലു കൊല്ലം മുന്‍പ് ഇദ്ദേഹത്തിന്‍റെ കോളത്തെപ്പറ്റി അഭിപ്രായം എഡിറ്ററന്മാരെ ഇമെയിലായി അറിയിക്കാറുണ്ടായിരുന്നു. പക്ഷേ ഇദ്ദേത്തിന്‍െ അഭൌമ വിജ്ഞാനം പാമരന്മാരുടെ കണ്ണു തട്ടി മലീമസമാവുന്നതില്‍ അവര്‍ക്കൊന്നും ഒരിണ്ടലുമില്ല. അസ്പൃശ്യമായ തമോഗഹ്വരങ്ങളെ വെറുതേ വിടുകയേ രക്ഷയുള്ളൂവെങ്കിലും കുറുപ്പിന്‍റെ പ്രപഞ്ചവിജ്ഞാനത്തിലെ അത്രയൊന്നും അഭൌമമല്ലാത്ത ചില കാര്യങ്ങള്‍ ഒന്നു തൊട്ടുനോക്കുക എന്നൊരു മാമൂല്‍ ബാക്കിയുണ്ട്. പത്തുകൊല്ലം മുമ്പ് ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തമുണ്ടായി. എന്താണത്? അറിയാന്‍ കഴിയാത്ത ഇതിന് ശ്യാമപദാര്‍ത്ഥം എന്നു സംജ്ഞ നല്കിയത്രേ. Darkmater. ജെര്‍മ്മനാണെന്നൊന്നും കരുതരുത്. Dark Matter ആണ് സാധനം. (ഈ ആശയം പത്തല്ല ഒരെഴുപത്തഞ്ചുകൊല്ലം മുമ്പുണ്ടായതെന്നാണ് തികച്ചും ഭൌമമായ ആ വിജ്ഞാനകോശം പറയുന്നത്.) ഈ സാധനം പ്രപഞ്ചത്തിന്‍റെ ആത്യന്തികവിധിക്കു കാരണമാവുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പ്രസ്താവിച്ചത്രേ. ഇങ്ങനെ പത്തുകൊല്ലം മുന്‍പ് ചില പ്രധാനപ്പെട്ട ഗവേഷണ ഫലങ്ങള്‍ പുറത്തു വന്നത് Dark Matter നെപ്പറ്റിയല്ല, Dark Energy യെപ്പറ്റിയാണ്. കുറുപ്പിന്‍റെ ഉറപ്പ് എന്തായിരുന്നാലും ശരി. കുറുപ്പ് എവിടെ തപ്പുന്നു, ശ്യാമസാധനം എവിടെക്കിടക്കുന്നു! പ്രാപഞ്ചിക ശാസ്ത്രജ്ഞനായ "ലിഡ് ക്രിസി"യെ ഉദ്ധരിക്കുന്നു കുറുപ്പ്. ആരാണാവോ ഈ പ്രാപഞ്ചിക ശാസ്ത്രജ്ഞന്‍? സാദ്ധ്യമായ സ്പെല്ലിങ്ങ് എല്ലാം വെച്ച് സെര്‍ച്ചു ചെയ്തിട്ടും ഇങ്ങനെയൊരു ദേഹത്തെ കാണുന്നില്ല. കുറുപ്പിനൊപ്പം തമോരന്ധ്രങ്ങള്‍ തോണ്ടുന്നവനാവാം. മുന്‍പൊരിക്കല്‍ അലന്‍ ബോസ് എന്ന യു എസ് ശാസ്തജ്ഞന്‍ സത്യേന്ദ്ര നാഥ ബോസിന്‍റെ അനന്തിരവനോ മറ്റോ ആണെന്ന് ഇതേ സാധനത്തില്‍ എഴുതി. അവസാനം അല്ലെന്നറിയാന്‍ അത് അലന്‍ ബോസിനോടുതന്നെ ചോദിക്കേണ്ടിവന്നു. ഈ ഇന്ത്യക്കാരുടെ ഓരോ സംശയങ്ങള്‍ എന്ന വെറിയോടെ No എന്ന ഒറ്റപ്പദമായിരുന്നു അലന്‍ ബോസിന്‍റെ മറുപടി."ബ്രിയാന്‍ ഷിമിന്‍", മറ്റൊരിടത്ത് "ഷിമിറ്റ്" (Brian P. Schmidt ആണ് ആള്‍), "ലോറന്‍സ് വെര്‍ക്കിളി നാഷണല്‍ ലബോറട്ടറി" (Lawrence Berkeley National Laboratoryയില്‍ വെര്‍ക്കിളി നോക്കിയിട്ട് കാണുന്നില്ല), സോള്‍ പെര്‍മ്യൂട്ടര്‍ മറ്റൊരിടത്ത് പേള്‍ മൂട്ടേഴ്സ് (Saul Perlmutter ആണ് പെര്‍മ്യൂട്ടറും പേള്‍ മൂട്ടേഴ്സും ആവുന്നത്) എന്നൊക്കെ ചില കണ്ടുപിടിത്തങ്ങള്‍ കുറുപ്പ് വകയായി കാണുന്നുണ്ട്. അതുപോലെയാവാം മേലെപ്പറഞ്ഞ പ്രാപഞ്ചികനും.
ഷിമിറ്റും പേള്‍ മൂട്ടേഴ്സും പരീക്ഷണത്തിനുവേണ്ടി ഉപയോഗിച്ചത് ഐ. എ. സൂപ്പര്‍നോവ ആയിരുന്നു.
ഈ ഐ എ സൂപ്പര്‍നോവ കുറുപ്പിന്‍റെ കൂര്‍ത്ത ബുദ്ധിയുടെ ഉത്പന്നമാണ്. സൂപ്പര്‍നോവ#ക്ലാസിഫിക്കേഷന്‍ നോക്കുക. റ്റൈപ്പ് I, റ്റൈപ്പ് II എന്നിങ്ങനെയുള്ള ക്ലാസിഫിക്കേഷനാണ് ഐ എ എന്നു കൂര്‍പ്പിച്ചെടുത്തത്. കുത്തനെ നില്ക്കുന്ന ഒരു വര കണ്ടു കുറുപ്പ് അത് ഐ ആണെന്നു ധരിച്ചുപോയി. സൂപ്പര്‍നോവയുടെ ക്ലാസിഫിക്കേഷന്‍പോലുള്ള നിസ്സാരകാര്യങ്ങളൊന്നും പ്രതിബന്ധമാകാത്തതുകൊണ്ടാണല്ലോ കുറുപ്പിന് ഇങ്ങനെ തമോരന്ധ്രങ്ങളില്‍ ഊളിയിട്ട് അലൌകിക ജ്ഞാനകണങ്ങളുമായി വരാനാവുന്നത്. കുറുപ്പിനെവിട്ട് ഇനി ഭൌതികകാര്യങ്ങളിലേക്കു തിരിച്ചുവരാം.ഇവിടെ പരാമര്‍ശിക്കപ്പെട്ട കോളവും കോളമെഴുത്തുകാരനും വര്‍ഷങ്ങളായി മാതൃഭൂമിയില്‍ എഴുതുന്നു. പത്രത്തില്‍ ഓരോ മാസവും ഈ മാസത്തെ ആകാശം എന്ന പേരില്‍ കോളം. വര്‍ത്തമാന പത്രത്തില്‍ ഇടക്കിടെ (ഇപ്പോഴങ്ങനെ കാണാറില്ല) byline. കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ജ്യോതിശ്ശാസ്ത്രം, പ്രപഞ്ചോത്പത്തി മുതലായ കാര്യങ്ങള്‍ വര്‍ഷങ്ങളായി കുത്തകയാക്കിവെച്ചിരിക്കുന്ന ഇദ്ദേഹം ശരിയായ അര്‍ത്ഥത്തില്‍ സാക്ഷരന്‍പോലുമല്ല. പിന്നെന്താണ് ഈ പത്രത്തിന് ഇയ്യാള്‍ അനുപേക്ഷണീയനാവാന്‍? ഇവിടെ പരാമര്‍ശിക്കുന്ന കോളത്തില്‍നിന്ന് വായനക്കാരിക്ക്/കാരനു കിട്ടുന്ന വിജ്ഞാനമെന്താണ്.
പത്തുകൊല്ലം മുമ്പ് ഞെട്ടിക്കുന്ന ഒരു കണ്ടുപിടിത്തമുണ്ടായി. ശ്യാമപദാര്‍ത്ഥം എന്ന സാധനം (പുനരുക്തി മറക്കുക) പ്രപഞ്ചത്തിന്‍റെ വികാസത്തെ ത്വരപ്പെടുത്തുന്നു. ഈ സാധനം അമ്മായിയമ്മയും നാത്തൂനും എന്നപോലെ ഊര്‍ജ്ജ സാന്ദ്രതയുമായി ഒത്തുചേര്‍ന്ന് പ്രപഞ്ചത്തെ വേര്‍പെടുത്തും. ഒരു ഷിമ്മും ഒരു മൂട്ടയും ചേര്‍ന്നാണ് ഇതു കണ്ടുപിടിച്ചത്. ഐ.എം വിജയനെയും സാമ്പാര്‍പ്പെടിയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു സൂപ്പര്‍നോവയാണ് ഇവര്‍ പരീക്ഷണത്തിനുപയോഗിച്ചത്. ശാസ്ത്രജ്ഞാന്മാരൊക്കെ പേടിച്ച് വയറിളകി ഇരിക്കുകയാണ്. വായനക്കാരും പേടിച്ചു തുടങ്ങണമെന്നതുകൊണ്ട് മാതൃഭുമിയില്‍ ശ്രീ കുറുപ്പ് ഇതൊക്കെ കണ്ടുപിടിച്ച് എഴുതുന്നു.
ഇതാണ് സാക്ഷരലക്ഷങ്ങള്‍ക്കുവേണ്ട വിജ്ഞാനം.

17 Mar 2009

ഓണ്‍ലൈന്‍ വിജ്ഞാനം സര്‍ക്കാര്‍ വക

ആളുകളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ തട്ടിപ്പടച്ച ഒരു വെബ്സൈറ്റാണ് ഇവിടെ പ്രതിപാദ്യം. വെബ്4ഓള്‍ ആണത്. സര്‍വ്വവിജ്ഞാനകോശം എന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിലെ റ്റെക്സ്റ്റ് യൂനികോഡിലേക്കു മാറ്റി പ്രസിദ്ധീകരിക്കുന്നതാണ് അവിടത്തെ ഏര്‍പ്പാട്. ഈ അടുത്ത ദിവസം വരെ ഇതിന്‍റെ രൂപം ആര്‍ക്കും എക്കൌണ്ട് ഉണ്ടാക്കി എഡിറ്റു ചെയ്യാമെന്ന തോന്നലുളവാക്കും വിധമായിരുന്നു. ഗൂഗ്ള്‍ കേഷിലെ പേജിന്‍റെ സ്ക്രീന്‍ഷോട്ടില്‍ മുകളില്‍ വലത്തേയറ്റത്തു കാണുന്ന create account എന്ന ലിങ്ക് നോക്കുക. ചില പ്രകടമായ തെറ്റുകള്‍ കണ്ടപ്പോള്‍ ടോക്പേജില്‍ അതിനെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താമെന്നു കരുതി എക്കൌണ്ട് ഉണ്ടാക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് ഈ രൂപം ആളെപ്പറ്റിക്കുന്നതാണെന്നു മനസ്സിലായത്. വെബ്മാസ്റ്ററുടെ ഇമെയില്‍ ഐഡി സൈറ്റില്‍ ലഭ്യമാണ്. ആ അഡ്രസ്സിലേക്ക് ഒരു മെയില്‍ അയച്ചു. തെറ്റുധരിപ്പിക്കുന്ന രൂപത്തെപ്പറ്റിയും ഒരു ലേഖനത്തിന്‍റെ തലക്കെട്ടിലെ തെറ്റിനെപ്പറ്റിയും അതില്‍ പറഞ്ഞിരുന്നു. Abbey Theatre നെപ്പറ്റിയുള്ള ലേഖനത്തിന്‍റെ തലക്കെട്ടിനെപ്പറ്റിയായിരുന്നു പറഞ്ഞത്. മറുപടിയൊന്നും വന്നില്ല. പിന്നീടൊരു ദിവസം ഇക്കാര്യം ഓര്‍മ്മവന്നപ്പോള്‍ പഴയ മെയിലിനെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട് രണ്ടാമത് ഒരു സന്ദേശംകൂടി അയച്ചു. അതിനു വന്ന മറുപടി ഒന്നാന്തരമായിരുന്നു. ആരെന്നില്ല, എന്തെന്നില്ല. ഒറ്റവാക്യം.
What is wrong with the title?
ഒരു മറുപടി അയയ്ക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടയോ മര്യാദയോ ഇല്ല. ഞാനുന്നയിച്ച പ്രധാനവിഷയത്തെപ്പറ്റി പരാമര്‍ശമേയില്ല! എന്തൊരു വിജ്ഞാനകൌശികന്‍! അതിന് അതേ നാണയയത്തില്‍ ഞാന്‍ തിരിച്ചടിച്ചു.
The chief problem must be that you are not good for the job as is evident from the impolite and unintelligent way you replied. Other problems, you will see by and by.
(ഒരുപക്ഷേ ഈ പാവം വെബ്മാസ്റ്റര്‍ ഒരു വിരലുപയോഗിച്ചു കുത്തിക്കുത്തി അരമണിക്കൂറെടുത്തു രചിച്ചതാവാം ആ മറുപടി. മറുപടിയില്‍ പാലിക്കേണ്ട മര്യാദ അതില്‍ പാലിക്കണമെങ്കില്‍ അയാള്‍ക്കൊരു ദിവസം മുഴുവനിരുന്നു കീബോര്‍ഡില്‍ തിരുപ്പിടിക്കേണ്ടി വരുമായിരിക്കാം.) ഏതായാലും അബി തിയെറ്റര്‍ എന്ന രണ്ടു പ ദമുള്ള തലക്കെട്ടിനെ ഒറ്റപ്പദമാക്കി എഴുതിയത് ചൂണ്ടിക്കാട്ടിയാലും മനസ്സിലാവാത്ത ആള്‍ വിജ്ഞാനകോശത്തിന്‍റെ നാലയലൊത്തൊന്നും നില്‍ക്കാന്‍ പാടില്ല. ഇത്തരക്കാരുടെ നിയന്ത്രണത്തില്‍ ഈ കോശം അറിവില്ലായ്മയുടെ സമാഹാരമായി അനുദിനം വളരുന്നു. കണ്‍വേര്‍ട് ചെയ്തെടുക്കുന്ന റ്റെക്സ്റ്റ് പെയ്സ്റ്റു ചെയ്യുന്നതിലപ്പുറം ഒന്നും അറിയാത്തവര്‍ സര്‍ക്കാര്‍മുറപോലെ (പത്തു മുതല്‍ അഞ്ചുവരെ വിജ്ഞാനകോശ രചന, ഇടയ്ക്ക് ചോറിനും ചായയ്ക്കും ഇടവേള) ഓണ്‍ലൈന്‍ വിജ്ഞാനം വിളമ്പോള്‍ സംഭവിക്കുന്നതെന്തെന്ന് ദസ്തായെവ്സ്കിയെപ്പറ്റിയുള്ള ഈ പേജ് നോക്കിയാല്‍ മതി. ഫോര്‍മാറ്റ് ചെയ്യാനറിയാത്തതുകൊണ്ടോ സര്‍ക്കാര്‍ മുറയില്‍ formatting ഇല്ലാത്തതുകൊണ്ടോ ഒറ്റ വരിയില്‍ നീളത്തില്‍ക്കിടക്കുന്ന റ്റെക്സ്റ്റിന്‍റെ വലുപ്പം നോക്കുക:
പട്ടാളത്തിലെ ഡോക്ടറായ മിഖയില്‍ ദസ്തയെവ്സ്കിയുടെയും ആത്മീയകാര്യങ്ങളില്‍ തത്പരയായിരുന്ന മരിയയുടെയും ഏഴുമക്കളില്‍ രണ്ടാമനായി 1821 ഒ. 30-ന് ഫയദോര്‍ ദസ്തയെവ്സ്കി മോസ്ക്കോയില്‍ ജനിച്ചു. കുട്ടിക്കാലത്ത് അമ്മയുടെ സ്വാധീനം കൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യങ്ങളില്‍ ഫയദോര്‍ ആകൃഷ്ടനായിരുന്നു. കര്‍ക്കശനും സംശയാലുവുമായിരുന്ന പിതാവ് ഉണ്ടാക്കുന്ന കുടുംബകലഹങ്ങള്‍ ഫയദോറിന്റെ മനസ്സിനെ ഭയവിഹ്വലതകള്‍കൊണ്ട് നിറച്ചിരുന്നു. രോഗബാധിതയായിരുന്ന മാതാവ് 1837 ഫെ. 22-ന് 37-ാം വയസ്സില്‍ അന്തരിച്ചു. 16-ാമത്തെ വയസ്സില്‍ ഫയദോര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. 22-ാം വയസ്സില്‍ പ്രശസ്തമായ നിലയില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുളാ പ്രവിശ്യയ്ക്കടുത്ത് തന്റെതന്നെ ചെറിയ കൃഷിത്തോട്ടത്തില്‍വച്ച് 1939-ല്‍ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം. എന്‍ജിനീയറിങ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം 1843-ല്‍ യുദ്ധകാര്യ മന്ത്രാലയത്തിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിയില്‍ പ്രവേശിച്ചു.
ഈ പോസ്റ്റ് എഴുതുന്നതിന്‍റെ തലേദിവസം പെയ്സ്റ്റു ചെയ്ത ലേഖനമാണത്. എന്നാല്‍ നാളെ അതൊക്കെ ഫോര്‍മേറ്റു ചെയ്തും
ഉീീല്സ്യെ, എലീറീൃ ങശസവമശഹ്ീശരവ
(blind conversion മൂലം മലയാള ലിപിയിലേക്കു മാറിയ English text) ഇംഗ്ലീഷിലേക്കു മാറ്റിയും വായനയ്ക്കു പാകമാക്കുമെന്നു വിചാരിക്കരുത്. ഒരു വര്‍ഷം പഴക്കമുള്ളതു മുതല്‍ മിക്കവാറും ലേഖനങ്ങളുടെ സ്ഥിതിയിതാണ്. വെറുതെയാണോ സര്‍ക്കാര്‍കാര്യം മുറപോലെ എന്ന ചൊല്ലുണ്ടായത്. മുകളിലെ ലേഖനത്തിന്‍റെ അവസാനം പെരുമ്പടവം ശ്രീധരന്‍ എന്നൊരു പേരു കാണാം. ഈ ലേഖനം സര്‍വ്വവിജ്ഞാനകോശം എന്ന പുസ്തകത്തിനുവേണ്ടി എഴുതിയിരിക്കുന്നത് ശ്രീ ശ്രീധരനാണ് എന്നുവേണം ഇതില്‍നിന്നു കരുതാന്‍. മുകളില്‍ ഉദ്ധരിച്ച ഭാഗത്ത് ദസ്തായെവ്സ്കിയുടെ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നതിനെപ്പറ്റി പറയുന്നു.
പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം.
തല്ലിക്കൊല്ലുന്നു, അതു കണ്ടു, അപസ്മാരവും വന്നു. നല്ല പൊരുത്തം. ഇതിനു പക്ഷേ വാസ്തവവുമായി എന്തെങ്കിലും പൊരുത്തമുണ്ടോ? ഇംഗ്ലീഷ് വിക്കിപീഡിയയില്‍നിന്നുള്ള ഈ ഭാഗം വായിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇല്ലെന്നാണ്.
Fyodor's father died in 1839. Though it has never been proven, it is believed by some that he was murdered by his own serfs.[6] According to one account, they became enraged during one of his drunken fits of violence, restrained him, and poured vodka into his mouth until he drowned. An account similarly noted in "Notes From the Underground." Another story holds that Mikhail died of natural causes, and a neighboring landowner invented the story of his murder so that he might buy the estate inexpensively.
പെരുമ്പടവത്തിന്‍റേത് പൈങ്കിളി വിജ്ഞാനമാവാനേ സാദ്ധ്യതയുള്ളൂ. താഴെപ്പറയുന്നതുകൂടി നോക്കുക:
'ചൂതാട്ടക്കാരന്‍' എഴുതുന്ന ദിവസങ്ങളില്‍ ദസ്തയെവ്സ്കി അനുഭവിച്ച വന്യവും ഭ്രാന്തവുമായ ആത്മസംഘര്‍ഷങ്ങളെയും സര്‍ഗാത്മക വ്യഥയെയും കഥാവസ്തുവാക്കി പെരുമ്പടവം ശ്രീധരന്‍ എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ മലയാളത്തില്‍ വേറിട്ടു നില്ക്കുന്ന ഒന്നാണ്.
ലേഖനം പെരുമ്പടവം എഴുതിയതാണെങില്‍ മുകളിലുദ്ധരിച്ച പ്രസ്താവത്തെപ്പറ്റി പറയാവുന്നത് ഉളുപ്പില്ലായ്മ എന്നുമാത്രമാണ്. വേറിട്ടു നില്കുകയോ നില്ക്കാതിരിക്കുകയോ ചെയ്യട്ടെ, ഒരു വിജ്ഞാനകോശത്തിലേക്കുള്ള ലേഖനത്തില്‍ സ്വന്തം കൃതിയെപ്പറ്റി വേറിട്ടുനില്ക്കുന്നതെന്നു വിലയിരുത്തുന്നത് അല്പത്തമാണ്. മലയാളം ബ്രിട്ടാനിക്ക എന്ന തട്ടിപ്പു പുസ്തകത്തില്‍ (ഡി സി ബുക്സും ബ്രിട്ടാനിക്ക ഇന്‍ഡ്യയും ചേര്‍ന്നു പ്രസിദ്ധീകരിച്ചത്) കേരളം എന്ന ലേഖനത്തില്‍ കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ ഡി സി ബുക്സ് വഹിച്ച സ്തുത്യര്‍ഹമായ പങ്ക് എടുത്തു പറയുന്നതുപോലെ അശ്ലീലം.