Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

7 Sep 2007

ഭാഗ്യത്തെ കവച്ചു കടന്ന മണ്ടന്‍ നിഘണ്ടു

മൂര്‍ത്തിയുടെ ഒരു കമെന്‍റിനെ അടിസ്ഥാനമാക്കിയാണ് ഈ പോസ്റ്റ്. മൂര്‍ത്തി ഒരു നാവികശൈലി പറഞ്ഞപ്പോള്‍ കേരളത്തിലെ ഏറ്റവും പ്രചാരം നേടിയ നിഘണ്ടു ഒരു നാവികശൈലിയെ എന്തുകാട്ടി എന്നു പറയാമല്ലോ എന്നോര്‍ത്തു. മൂര്‍ത്തി പറഞ്ഞത് ഇതാണ്:
എനിക്ക് തോന്നുന്നത് അച്ചടിപ്പിശാചിനു പ്രയോഗസാധുത ഉണ്ട് എന്ന് തന്നെയാണ്. അത് ഉപയോഗിക്കുന്നത് വിവരമില്ലാത്തതുകൊണ്ടല്ല എന്നും. പ്രമാദം= തെറ്റ് അല്ലേ? എങ്കിലും നാം എത്രയോ പ്രമാദമായ കേസുകളെക്കുറിച്ച് കേട്ടിരിക്കുന്നു. അര്‍ത്ഥം എങ്ങിനെയോ മാറിപ്പോയി. ഒരു പക്ഷെ, പത്രക്കാര്‍ ആയിരിക്കും കുറ്റവാളികള്‍! ഇംഗ്ലീഷിലെ എത്രയോ വാക്കുകള്‍ ഇങ്ങനെ അര്‍ത്ഥവ്യത്യാസം വന്ന് വിപരീതാര്‍ത്ഥത്തില്‍പ്പോലും ഇന്ന് ഉപയോഗിക്കുന്നുണ്ട്. ചെകുത്താനും കടലിനുമിടയിലെ ചെകുത്താന് ശരിക്കു പറഞ്ഞാല്‍ ശരിക്കുള്ള ചെകുത്താനുമായി ബന്ധമൊന്നുമില്ല. :) a "devil"- a piece of wood or joint that is difficult to reach on a ship.
---മൂര്‍ത്തിയുടെ കമെന്‍റ് ഇവിടെ വരെ--- പ്രയോഗസാധുത ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ ഞാനാളല്ല. അച്ചടിപ്പിശാച് ഒരു ശൈലിയാകയാല്‍ തെറ്റായ ധാരണയില്‍നിന്നു വന്നതാണെങ്കിലും സാര്‍വ്വത്രികതയുണ്ടെങ്കില്‍ സ്വീകരിക്കാവുന്നതാണ്. വെറും വിവരക്കേടല്ല അത്. ഭാവനയും ഉണ്ടതില്‍. അതേസമയം പ്രയോഗം കൊണ്ട് എല്ലാ അപപാഠത്തിനും സാധുത കൈവരുന്നത് നന്നല്ലെന്നു പറഞ്ഞേ പറ്റൂ. യാദൃച്ഛികം എന്ന പദം യാദൃശ്ചികം എന്നായിരിക്കണം കൂടുതലും എഴുതുന്നതും അച്ചടിക്കുന്നതും. അതുകൊണ്ട് യാദൃശ്ചികത്തിനു സാധുതയുണ്ടെന്നു പറയാന്‍ പറ്റില്ല. devil and deep sea യുടെ കാര്യം: മൂര്‍ത്തി പറഞ്ഞിട്ടാണ് ഇങ്ങനെയൊരു ഒറിജിന്‍ ഇതിനു പറയുന്നെന്നു മനസ്സിലായത്. devil എന്നതിന് The seam in the upper deck planking next to a ship's waterways. Also, the seam between the garboard strake and the keel എന്നീ നൌകാസംബന്ധമായ (nautical) അര്‍ത്ഥങ്ങളുണ്ടെങ്കിലും ഇതില്‍നിന്നാണ് ഈ ശൈലി വന്നതെന്ന അഭിപ്രായത്തിന് വളരെയൊന്നും സ്വീകാര്യതയില്ലെന്നാണ് മനസ്സിലാവുന്നത്. ഓക്സഫഡ് ഡിക്‌ഷനറികള്‍ ഈ ശൈലിയെ ഇങ്ങനെ വ്യാഖ്യാനിക്കുന്നില്ല. ഇതു നോക്കുക. പത്തുലക്ഷം കോപ്പിയും നൂറ് 'എഡിഷനും' പിന്നിട്ടതും രാമലിഗം പിള്ളയുടെ പേരില്‍ വില്‍ക്കുന്നതുമായ ഡി സി ബുക്സിന്‍റെ ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം തട്ടിപ്പ് ഡിക്‌ഷനറിയില്‍ ഈയടുത്ത കാലം വരെ ride the Spanish mare എന്നൊരു ശൈലി കൊടുത്തിരുന്നു. (അമ്പതാം 'എഡിഷനിലും' തൊണ്ണൂറാം 'എഡിഷനിലും' അതു കാണുന്നുണ്ട്. അമ്പതാം എഡിഷനില്‍ പേജ് 889-ല്‍, Spanish എന്ന headword-നു താഴെ, തൊണ്ണൂറിലും അങ്ങനെയായിരിക്കും.) അര്‍ത്ഥം ഭാഗ്യത്തെ കവച്ചു കടക്കുക എന്നും. ഭാഗ്യം കാലിന്നിടയിലാണെങ്കില്‍ അതിനെ കവച്ചുകടക്കുന്ന പ്രശ്നം വരില്ലെന്ന സാമാന്യ യുക്തിയൊന്നും നിഘണ്ടു രചിച്ച മണ്ടന് ഉദിച്ചില്ലെന്നു തോന്നുന്നു. bestride the boom as punishment എന്നു ചേംബേര്‍സ് ഡിക്‌ഷനറിയില്‍ ഈ ശൈലിയെ വ്യാഖ്യാനിച്ചതുകണ്ടാണ് ഭാഗ്യത്തെ കവച്ചുകടക്കുക എന്നു മണ്ടന്‍ വെച്ചു പൂശിയത്. നൌകാസംബന്ധമായ ശൈലിയാണത്. കപ്പലിലെ ഒരു ശിക്ഷാ രീതിയാണ് ശൈലിയിലുള്ളത്. പായ്മരത്തിനുമേല്‍ വിലങ്ങനെയുള്ള boom എന്ന തണ്ടില്‍ ഇരിക്കലാണത്. ഈ ശൈലിയിലേക്ക് ഭാഗ്യത്തെ കടത്തിയതെങ്ങനെയെന്ന് ഊഹിക്കാമോ? (നൂറാം എഡിഷനില്‍ ഈ ഭാഗ്യത്തെ കളഞ്ഞു ഈ നിഘണ്ടു. അതിനു പിന്നില്‍ ഒരു കഥയുണ്ട്. അതു പിന്നെ. സെഞ്ചറി വേഗം തികക്കാന്‍ തൊണ്ണൂറാമത് എഡിഷന്‍ കഴിഞ്ഞ് നേരിട്ടു നൂറിലേക്കു കടക്കുകയായിരുന്നു ഈ നിഘണ്ടു എന്നു തോന്നുന്നു. 91 മുതല്‍ 99 വരെയുള്ള എഡിഷനുകളേതെങ്കിലും ആരുടെയെങ്കിലും കയ്യിലുണ്ടോ? )

2 comments:

 1. പണ്ട് വായിച്ച് ഓര്‍മ്മയില്‍ നിന്ന് എഴുതിയതാണ് കപ്പലിലെ Devil ന്റെ കാര്യം. അതില്‍ പെയിന്റോ ഗ്രീസോ ഒക്കെ അടിക്കാന്‍/നന്നാക്കാന്‍ ഒരു വടത്തില്‍ തൂങ്ങി നിന്നു വേണമെന്നും അത് ചെയ്യുന്നവന്റെ പരിതാ‍പകരമായ അവസ്ഥയില്‍ നിന്നുമാണ്ട് ഈ ശൈലി വന്നതെന്നും. ശരിയാവാം തെറ്റാവാം. പക്ഷെ, ചെകുത്താനും കടലിനുമിടയില്‍ എന്ന് മലയാളത്തിലാക്കിയപ്പോള്‍ അതിനു നല്ല ഭംഗി വന്നു എന്ന് പറയാതെ വയ്യ. ഒറിജിനലിന്റെ അര്‍ത്ഥം എന്തായിരുന്നാലും.

  ഇവിടെ ഒരു നല്ല ലേഖനം ഉണ്ട്.വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും സംഭവിക്കുന്ന അര്‍ത്ഥവ്യത്യാസത്തെപ്പറ്റിയുള്ളത്. രസകരമായ രണ്ട് ഉദാഹരണങ്ങള്‍ അതില്‍ നിന്നും.

  'counterfeit' എന്ന വാക്കിന്റെ ആദ്യകാല അര്‍ത്ഥം 'an original'എന്നായിരുന്നു! ‘manufacture‘ എന്നതിന് 'to make by hand' എന്നും.

  രാമലിംഗം പിള്ളയെ ഇവിടെ കൊന്നു കൊല വിളിക്കുന്നുണ്ട്...

  ReplyDelete
 2. നിങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വലിയ വലിയ ഭാഷാശാസ്ത്രവിശകലന വിവാദങ്ങളില്‍ പങ്കെടുക്കാനുള്ള അറിവൊന്നും ഇല്ലാത്ത ഒരു പാമരനാണേയ്...ഒരു ഓഫടിക്കാന്‍ വന്നതാണേയ്...ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ യാദൃച്ഛികം എന്നത് തെറ്റായി എഴുതിയിട്ടുള്ളു..അന്നെന്റെ മലയാളം അദ്ധ്യാപകന്‍ എനിക്ക് പറഞ്ഞു തന്ന കാര്യം സകല ബൂലോകവാസികളുടെയും ശ്രദ്ധയിലേക്കായി ആവര്‍ത്തിക്കട്ടെ...യാദൃച്ഛികത്തിന്റെ ‘ച്ഛ’ നിന്റെ അച്ഛന്റെ ‘ച്ഛ’ .അതുപോലെ പ്രസ്താവനയുടെ ‘ത’നിന്റെ തന്തയുടെ ‘ത’.ഇനിയാരും തെറ്റിക്കില്ലല്ലോ?

  ReplyDelete

Google Buzz Public Feed for Calicocentric --