Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

5 Jun 2009

സുകുമാര്‍ അഴീക്കോട് തോറോയെ പറയുമ്പോള്‍

മുകളില്‍ക്കാണുന്ന നിര്‍ഗ്ഗുണമായ തലക്കെട്ടായിരുന്നില്ല ഈ പോസ്റ്റിനുദ്ദേശിച്ചത്. അഴീക്കോടും പക്ഷിക്കാട്ടവും തോറോയും ചേരുമ്പോള്‍ വരാതിരിക്കാന്‍ വഴിയില്ലാത്ത ഒരു വിസര്‍ജ്ജ്യവിജ്ഞാനീയ പരാമര്‍ശം (scatalogical reference) ആണ് സത്യത്തില്‍ ഈ പോസ്റ്റിനു പ്രേരണ. ശത്രുക്കള്‍ ഏറെയുള്ളതുകൊണ്ട് അതു പറയുന്നില്ല. അഴീക്കോടിനു വിവരമില്ല. ക്ലാസിക്, ക്ലാസിക്കല്‍ എന്നീ പദങ്ങളുടെ അര്‍ത്ഥഭേദം അറിയാതെ ക്ലാസിക് ഭാഷാപദവിയെപ്പറ്റി ലേഖനമെഴുതുകയും പറഞ്ഞുനടക്കുകയും ചെയ്യുന്നതിനെപ്പറ്റി ഞാന്‍ നേരത്തേ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു. അച്യുതാനന്ദനെ നിന്ദിച്ച് കൂട്ടില്‍ കാട്ടിക്കുന്ന പക്ഷിയെപ്പറ്റി പറഞ്ഞ് വിവാദമുണ്ടാക്കി പിന്നെ പറഞ്ഞതിന് ഔന്നത്യം കല്പിച്ചു നല്കാന്‍ തോറോയുടെ മഹദ്വചനത്തെ ഉദ്ധരിക്കുകയാണ് അഴീക്കോട്. അച്യുതാനന്ദന് ആലങ്കാരിക പ്രയോഗം മനസ്സിലാവില്ലെന്നാണ് അഴീക്കോടു പറയുന്നത്. അവതാരിക എഴുതിക്കൊടുക്കാന്‍ വേണ്ടി അച്യുതാനന്ദന്‍റെ പുസ്തകങ്ങള്‍ അഴീക്കോടെങ്കിലും വായിച്ചുനോക്കിക്കാണുമെന്നു വിചാരിക്കാം. അച്യുതാനന്ദന് വിവരമില്ലെന്നു പറയുന്ന നേരത്തുതന്നെ സ്വന്തം വിവരക്കേടു പച്ചയ്ക്കു പറയുന്ന ഗതികേടുണ്ടായി അഴീക്കോടിന്. കൂട്ടില്‍ക്കാട്ടിക്കുന്ന പക്ഷിയെപ്പറ്റി തോറോ എന്തെങ്കിലും പറഞ്ഞോ എന്നറിയില്ല. അന്വേഷിക്കേണ്ടതാണ് (അതിനെപ്പറ്റി വീണ്ടും പറയേണ്ടിവരുമെന്നാണ് തോന്നുന്നത്). It's an ill bird that fouls its own nest തോറോയ്ക്കും മുമ്പ് നൂറ്റാണ്ടുകളായി നിലവിലുള്ള ചൊല്ലാണ്. ലാറ്റിനില്‍ ആയിരം കൊല്ലങ്ങള്‍ക്കപ്പുറം ഈ ശൈലിയുള്ളതായി രേഖയുണ്ട്. ഈ ശൈലിയെപ്പറ്റി ഈ പുസ്തകത്തില്‍ പറയുന്നതു കാണുക. അഴീക്കോട് ഈ proverb കേട്ടുകാണില്ല. പിണറായി വിജയന്റെ പാര്‍ട്ടി അഴീക്കോടിനു സ്വന്തം കൂടായി തോന്നുന്നത്ര അച്യുതാനന്ദന് തോന്നുന്നില്ലെന്ന് അഴീക്കോടിനു മനസ്സിലാവില്ലെങ്കിലും മറ്റുള്ളവര്‍ക്കു മനസ്സിലാവും.

2 May 2009

ജി പി രാമചന്ദ്രന്‍റെ ഉള്‍ക്കാഴ്ച

ജി പി രാമചന്ദ്രന്‍ പു ക സക്കാരനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനും ആകയാല്‍ ഒരു ശത്രുവില്ലാഞ്ഞാല്‍ മൂപ്പര്‍ക്ക് സിദ്ധാന്തം വരില്ല.
സിനിമ ഒരു ദൃശ്യകലയാണെന്നാണ് ആസ്ഥാന നിരൂപകരും പണ്ഡിതരും, അത്ഭുതം മറ നീക്കുന്ന വിധത്തിലെന്ന വണ്ണം കുട്ടികളെ പഠിപ്പിച്ചുതുടങ്ങാറുള്ളത്. ദൃശ്യത്തിന്റെ ഈ കലയിലും കളിയിലും ശബ്ദത്തിന് എന്ത് സ്ഥാനമാണുള്ളത് എന്നും ഈ വിധാതാക്കള്‍ ചോദിച്ചുകളയും.
സംഗതി കാണുന്നത് ഇവിടെ. ആര്‍ക്കെതിരായാണാവോ ഈ നിഴല്‍യുദ്ധം. എഴുത്തില്‍ അവശ്യം പാലിക്കേണ്ട സദാചാരമില്ലായ്മയാണിത്.
പറഞ്ഞു വരുന്നത്, സിനിമ എന്നത് ദൃശ്യത്തിന്റെ മാത്രമല്ല, ശബ്ദത്തിന്റെയും ഒരു കലയും മാധ്യമവുമാണെന്നു തന്നെയാണ്.
ഇതു പറഞ്ഞുവരണമെങ്കില്‍ ഈ ഡോണ്‍ ക്വിക്സോട്ടിനു ചില കാറ്റാടി യന്ത്രങ്ങള്‍ വേണം. ഇവിടെ അങ്ങോര് ചെന്നു കുത്തുന്ന കാറ്റാടികള്‍ സ്വന്തം സൈദ്ധാന്തിക ഭൂതകാലവും സഹമാര്‍ക്സിസ്റ്റ് പാര്‍ട്ടി ചലച്ചിത്ര സൈദ്ധാന്തികന്മാരുടെ (പു ക സ, ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫില്‍മ് സൊസൈറ്റീസ്) സൈദ്ധാന്തിക അഭ്യാസങ്ങളുമാവണം‍. ഇപ്പോള്‍ ടിയാന്‍റെ പ്രധാന സിദ്ധാന്തവേല പിന്തിരിപ്പന്‍ സിനിമയില്‍ മുന്തിരിപ്പഴം കണ്ടെത്തലാണ്. റസൂല്‍‌ പൂക്കുട്ടി, റഹ്മാന്‍ എന്നിങ്ങനെ. ഒക്കെക്കൊള്ളാം വിവരക്കേടുകള്‍ വിളമ്പുന്നതൊഴിച്ചാല്‍. ഗെറ്റിനോ എന്ന അര്‍ജെന്‍റീനക്കാരനായ സംവിധായകന്‍ വെടിയുണ്ടക്കിരയായ കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തിന്‍റെ ആമുഖത്തില്‍ തന്നെ രാമചന്ദ്രന്‍ പറഞ്ഞാണ് അറിയുന്നത്. സംശയം തോന്നി അന്വേഷിച്ചപ്പോള്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും താനിപ്പോഴും ജീവനോടെയുണ്ടെന്നും താന്‍ ചത്തുകാണാന്‍ കൊതിക്കുന്ന ആ നിരൂപകപ്പരിഷയെ കാച്ചണമെന്നുമാണ് ഗെറ്റിനോ പറഞ്ഞത്. രാമചന്ദ്രന്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എന്തു കഥിച്ചാലും അതില്‍ നല്ലൊരു ഭാഗം ഇത്തരം വിവരക്കേടായിരിക്കും. ഈ ലേഖനത്തിലും ഉണ്ട് വിവരക്കേടുകള്‍ വേണ്ടത്ര.
1960കളിലെ സിനിമ-വെരിത്തെ കാലഘട്ടത്തില്‍ യൂറോപ്പിലാകമാനം സ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെടുകയും പുറം ലോകമാണ് തങ്ങളുടെ പ്രതിപാദനരീതിയെ സത്യസന്ധമാക്കുന്നത് എന്ന കടുത്ത നിലപാട് വലിയൊരു വിഭാഗം ചലച്ചിത്രകാരന്മാര്‍ സ്വീകരിക്കുകയും ചെയ്തു. ഈ നിലപാട് അതേ രൂപത്തില്‍ പില്‍ക്കാലത്ത് നിലനിന്നില്ലെങ്കിലും ചിത്രീകരണ സമയത്തെ ശബ്ദങ്ങളാണ് കഴിയാവുന്നത്ര ആധാരമാക്കേണ്ടത് എന്ന നിലപാട് ലോകസിനിമയില്‍ കൂടുതല്‍ കൂടുതലായി അംഗീകരിക്കപ്പെട്ടുവരുന്നു. ഹാന്റ് ഹെല്‍ഡ് ക്യാമറ പോലെ, നീളമുള്ള വടിയുടെ അറ്റത്ത് കെട്ടി വെച്ച മൈക്രോഫോണും നിര്‍ബന്ധമായ ഒരു ചിത്രീകരണ അടിസ്ഥാനമായി ലോകത്തെമ്പാടും ചലച്ചിത്ര പ്രവര്‍ത്തകര്‍ പരിഗണിച്ചു.
Cinéma vérité എന്നത് മുഖ്യമായും ഏതാനും വട്ടന്മാര്‍ (നല്ല അര്‍ത്ഥത്തില്‍) ഒരു കേമറയും ഒരു റെക്കോഡിങ് യന്ത്രവും കയ്യിലേന്തി (ചിലപ്പോള്‍ രണ്ടും ഓരോ കയ്യില്‍) നടന്നു ചെയ്ത അഭ്യാസമായിരുന്നു. documentary നിര്‍മ്മാണത്തിലായിരുന്നു ഈ രീതി. ഈ രീതിയിലെ പ്രധാനമായ ചില ഉദാഹരണങ്ങള്‍ ഇവിടെക്കാണാം. ഒരു അമേരിക്കന്‍ യൂനിവേര്‍സിറ്റി ഹോസ്റ്റ് ചെയ്യുന്ന സൈറ്റ് ആകയാല്‍ ഫ്രെഞ്ച് വെറിതെയെക്കാള്‍ അമേരിക്കന്‍ സ്കൂളിനു പ്രാധാന്യം നല്കിയെന്നു തോന്നുന്നു. ഈ രീതി ചെലുത്തിയ സ്വാധീനം ആ രീതി പാലിച്ച ചിത്രങ്ങളുടെ എണ്ണത്തിനെ അപേക്ഷിച്ച് വളരെ ഗണ്യമായിരുന്നു എന്നു ജെയിംസ് മോണക്കോ പറയുന്ന‍ു. എന്നാല്‍ ഡോക്യുമെന്‍ററി ചലച്ചിത്രത്തിന്‍റെ മേഖലയിലുണ്ടായ ഒരു സ്കൂള്‍ കാരണം യൂറോപ്പിലാകമാനം സ്റ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെട്ടെന്നു പറയാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ. നോക്കണേ, ഏറ്റവും മികച്ച ചലച്ചിത്ര വിമര്‍ശകനുള്ള ദേശീയ അവാര്‍ഡ് പങ്കിട്ട കക്ഷിയാണ് ഈ വിധം വിവരക്കേടുകള്‍ തട്ടിവിടുന്നത്.
ഈ കുറിപ്പിന്‍റെ ശേഷം ഭാഗം മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പു ക സ-ചലച്ചിത്ര സൈദ്ധാന്തിക വങ്കന്മാരെ നിന്ദിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ചാപ്ലിന്‍റെ Great Dictator എന്ന സംഭാഷണ ചലച്ചിത്രത്തിലെ ബാര്‍ബറുടെ ഗിരിപ്രഭാഷണത്തെ രാമചന്ദ്രന്‍ വാഴ്ത്തുന്നതു നോക്കുക.
ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും രാഷ്ട്രീയമായി നിര്‍ണായകമായതുമായ ശബ്ദമുഹൂര്‍ത്തങ്ങളിലൊന്ന് ഈ സിനിമയില്‍ പ്രസിഡണ്ടിനു പകരം ബാര്‍ബര്‍ (രണ്ടും ചാപ്ളിന്റെ ഇരട്ട വേഷങ്ങള്‍) സ്റ്റേജിലെത്തുന്നതും ജനാധിപത്യത്തിന്റെ അനിവാര്യമായ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതുമായ ഭാഗമാണ്.
ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നാണ് ഇതെന്നു രാമചന്ദ്രന്‍ പറയുമ്പോള്‍ രാമചന്ദ്രന്‍ അങ്ങനെ വിചാരിക്കുന്നു എന്നേ അതിനര്‍ത്ഥമുള്ളൂ. രാമചന്ദ്രന്‍ ലോകസിനിമയുടെ ചരിത്രം പറയാന്‍ ആരുമല്ല എന്നതിനാലും മേലുദ്ധരിച്ച ഭാഗം വല്ലാതെ ബാലിശമാണെന്നതിനാലും അതിനെപ്പറ്റി പറയാനൊന്നുമില്ല. (തന്‍റെ ഷൂട്ടിങ് ലൊക്കേഷന്‍റെ പരിസരത്തെവിടെയോ വിരലും കടിച്ചുനിന്ന ഇളിഭ്യന്‍ ചെക്കന്‍ എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അവജ്ഞയോടെ രാമചന്ദ്രനു നേരേ എറിഞ്ഞ അലങ്കാരം ഓര്‍മ്മിക്കാതെ വയ്യ. ഗോപാലകൃഷ്ണനോ രാമചന്ദ്രനോ ഈ ബ്ലോഗെറെ സംബന്ധിച്ചിടത്തോളം ഓര്‍ക്കേണ്ടവരല്ലെങ്കിലും ആ എഴുത്തില്‍ ഗോപാലകൃഷ്ണന്‍ കാട്ടിയ അവജ്ഞയുടെയും നിന്ദയുടെയും ആക്രമം ഓര്‍മ്മയില്‍ കുരുങ്ങിക്കിടക്കുന്നു.) എങ്കിലും മാക്സിം ഗോര്‍ക്കി അമേരിക്കയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ (പുസ്തകം മലയാളത്തിലും സോവിയറ്റു നാട്ടില്‍നിന്ന് അച്ചടിച്ചു വന്നിരുന്നു, പു ക സക്കാര്‍ വായിച്ചിട്ടുണ്ടോ ആവോ, അല്ലെങ്കിലും അമ്മ എന്ന പ്രചാരവേലപ്പുസ്തകത്തിനപ്പുറം ഇവിടത്തെ ഇടതന്മാര്‍ക്ക് ഗോര്‍ക്കിയെ അറിയുമോ) അങ്ങേയറ്റം നിന്ദയോടെ പരാമര്‍ശിച്ച ചാപ്ലിനെപ്പറ്റി പു ക സക്കാര്‍ അഭിമാനവിജൃംഭിതരാവുന്നതു നല്ലകാര്യം. രാമചന്ദ്രന്‍ വാഴ്ത്തുന്ന ചാപ്ലിന്‍ 1931- ലെ ഒരു സോവിയറ്റ് ശബ്ദചിത്രം കണ്ട് അത്ഭുതപ്പെട്ടു. Dziga Vertov ന്‍റെ Enthusiasm: Symphony of the Donbass എന്നാണ് ചിത്രത്തിന്‍റെ പേര്. Dziga Vertov, Defining Documentary Film എന്ന പുസ്തകത്തില്‍ ഈ ചിത്രം കണ്ടശേഷം ചാപ്ലിന്‍ വെര്‍തോവിനു കൊടുത്ത അനുമോദനപത്രത്തില്‍ ഇങ്ങനെ പറയുന്നത് ഉദ്ധരിച്ചിട്ടുണ്ട്.
Never had I know that these mechanical sounds could be managed to sound so beautiful. I regard it as one of the most exhilarating symphonies I have heard. Mr. Vertov is a musician. The professors should learn from him, not quarrel with him. Congratulations.
ഈ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണെന്ന് ചാപ്ലിന്‍ എഴുതിയെന്ന് മോണക്കോയും മറ്റുള്ളവരും ചേര്‍ന്നെഴുതിയ Film Encyclopedia യില്‍ കാണുന്നു. സോവിയറ്റ് യൂനിയനില്‍ അംഗീകാരം നേടിയില്ലെങ്കിലും പുറംലോകത്ത് ഈ ചിത്രം പെട്ടെന്നു തന്നെ പ്രസിദ്ധി നേടിയെന്നും ആ പുസ്തകം പറയുന്നു. ഇങ്ങനെയുള്ള വെര്‍തോവ്, (ഇദ്ദേഹത്തിന്‍റെ ആശയങ്ങളായിരുന്നു Cinéma vérité എന്ന സംജ്ഞയ്ക്കും ആശയത്തിനും ഈ ആശയത്തിന്‍റെ പങ്കുപറ്റിയ വിവിധ സ്കൂളുകള്‍ക്കും പ്രചോദനമായത്) ചലച്ചിത്രത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഏതാനും ചിത്രങ്ങള്‍ ചെയ്ത് അധികാരികളുടെ അപ്രീതി നേടി ചലച്ചിത്ര നിര്‍മ്മാണം സാധ്യമാവാത്ത സാഹചര്യത്തില്‍ ശിഷ്ടജീവിതത്തിന്‍റെ രണ്ടു പതിറ്റാണ്ടുകള്‍ സൃഷ്ടിയ്ക്കു സാദ്ധ്യതയില്ലാതെ അറിയപ്പെടാതെ ജീവിതം തള്ളിനീക്കി വിസ്മൃതിയില്‍ മരിച്ചു. മോസ്കോവിലെ ഏതോ ഒരു പത്രം മാത്രം ചെറിയ ചരമക്കുറിപ്പു പ്രസിദ്ധീകരിച്ചു. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സാംസ്കാരിക മേസ്തിരിമാരായ രാമചന്ദ്രനും പു ക സ സൈദ്ധാന്തികന്മാരും ഉള്‍പ്പുളകം കൊള്ളുന്ന സോവിയറ്റ് ഭരണത്തിനു കീഴില്‍ ചലച്ചിത്രപ്രതിഭയ്ക്കു സംഭവിച്ചത് ഓര്‍ക്കാന്‍ ജി പി രാമചന്ദ്രനു താത്പര്യം കാണുമോഎന്തോ. ചലച്ചിത്രത്തില്‍ ശബ്ദത്തിന്‍റെ പ്രാധാന്യം എടുത്തു പറയാന്‍ കാറ്റാടിയന്ത്രത്തിനു നേരേ കുതിച്ചുചെല്ലുന്ന രാമചന്ദ്രന്‍ ചലച്ചിത്രത്തിലെ ദൃശ്യവിന്യാസത്തിലും ശബ്ദരേഖയിലും പുതുവഴിവെട്ടിയതിന് വിസ്മൃതിക്കു വിധിക്കപ്പെട്ട സോവിയറ്റ് ചലച്ചിത്ര സൈദ്ധാന്തികനെ ഓര്‍മ്മിക്കാതെപോവുന്നതില്‍ ദുരുദ്ദേശ്യം ആരോപിക്കേണ്ടതില്ല. കാരണം, Never attribute to malice that which can be adequately explained by stupidity.

19 Apr 2009

അബൂട്ടിയുടെ രസികന്‍ ഇംഗ്ലീഷ്

അബൂട്ടി എന്നദേഹം മുമ്പ് മലയാള മനോരമയില്‍ ഒരിംഗ്ലീഷുകോളം പയറ്റിനോക്കിയിട്ടുണ്ടെന്നു തോന്നുന്നു. അബൂട്ടി ആളൊരു രസികനാണ്. അങ്ങോരു പറയുകയാണ്
PROMYSEL IMENI NARIMANOVA എന്ന പേരു ഞാനാദ്യമായി കേട്ടപ്പോള്‍...
ഇവിടെ കാണാം ഒരു മൂന്നു പേജ് പ്രിവ്യൂ അബൂട്ടിയുടെ രസികന്‍ ഇംഗ്ലീഷ് സ്വന്തം അമ്മായിയമ്മയുടെ പേരുകേള്‍ക്കുന്നത്ര നിസ്സാരമായി അസെര്‍ബൈജാനിലെ ഈ ഗ്രാമത്തിന്റെ പേരു കേട്ട ഈ അബൂട്ടി ആരപ്പാ? പുസ്തകം കണ്ടിട്ടില്ല, വാങ്ങിയിട്ടില്ല, വായിച്ചിട്ടില്ല. വെറുതെ തന്നാലും വായിക്കുകയുമില്ല. ഇന്ദുലേഖയിലെ മൂന്നു പേജു കണ്ടപ്പോള്‍ ഒരു അഭിപ്രായം പാസാക്കണമെന്നു തോന്നി. പക്ഷേ ആ പേജില്‍ മാത്രം അതിനുള്ള സൌകര്യം ഇല്ലാതാക്കിവെച്ചിട്ടുണ്ട്. മറ്റു പുസ്തകങ്ങളെപ്പറ്റി സാദ്ധ്യമാണ്. അബൂട്ടിയുടെ കെരന്തത്തെപ്പറ്റി വയ്യ. പലരും വല്ലതുമൊക്കെ പറഞ്ഞു കാണും. കാരണം, പുത്തകത്തിലെ മൂന്നു പേജ് കൊടുത്തതു വെച്ചു നോക്കുമ്പോള്‍ ഉള്ളടക്കം കട്ടതാണെന്നു കാണാം. ഒരു ജെഫ് മില്ലെറെന്ന സായ്പു വാദ്ധ്യാര് കുറച്ചങ്ങനെ ശേഖരിച്ചുവെച്ചത് ചില ഔട്ടികള് ഞൊട്ടിഞൊട്ടി... നേരത്തെ അഭിപ്രായം സാദ്ധ്യമായിരിക്കണം. പുഴയോരം എന്നൊരു ബ്ലോഗര്‍ ചോദിക്കുന്നു Malayalam എന്ന പദത്തെപ്പറ്റി. അതിനു സായിപ്പ് പറയേണ്ടേ അബൂട്ടിയറിയാന്‍? മാതൃഭൂമിയുടെ സൈറ്റില്‍ കാണുന്ന ഈ രസികത്തം മോശമില്ല. അബൂട്ടിയുടെ വേഡ് റെക്കൊഡ്സ് മാതൃഭൂമി വേള്‍ഡ് റെക്കോഡ്സ് ആക്കിയതാണോ എന്തോ.

14 Apr 2009

കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ മണ്ടന്‍ സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്നു ബിരുദമെടുത്ത ആളാണു നിങ്ങളെങ്കില്‍ കിട്ടിയത് മണ്ടത്തരം എഴുതിവെച്ച സര്‍ട്ടിഫിക്കറ്റ് ആവാന്‍ സാദ്ധ്യതയുണ്ട്. ബി ഏ, ബി എസ് സി ബിരുദധാരികള്‍ക്കു കൊടുക്കുന്നത് മുട്ടനൊരു വ്യാകരണത്തെറ്റുള്ള കടലാസാണ്. ഇതെന്നു തുടങ്ങിയതാണെന്നറിയില്ല. ഏതാണ്ട് ഇരുപതു വര്‍ഷം മുന്‍പേ ഇങ്ങനെയായിരുന്നു. അതിനെപ്പറ്റി കൂടുതല്‍ ഇവിടെ വായിക്കുക.

27 Mar 2009

ഇംഗ്ലീഷ് ഭാഷയ്ക്ക് ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് വക ഒരു സംഭാവന

പ്രശസ്തമായ വിവരാവകാശ നിയമത്തിലൂടെ ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പദം സംഭാവന ചെയ്യുകയുണ്ടായി. malafidely എന്നതാണ് ആ പദം. ഏതോ ഗുമസ്തന്‍റെ കൈക്കുറ്റപ്പാടാവണം ആണത്. കാരണം mala fide (മെയ്‌ല ഫൈഡി) എന്ന collocation തന്നെ adverb ആണെന്നറിയാതെ ആദ്യം അതിനെ ഒറ്റപ്പദമാക്കുകയും പിന്നെയതിന്ന് -ly ചേര്‍ത്തുകൊടുക്കുകയുമാണ് ഉണ്ടായത്. എത്ര വിവരക്കേടായാലും ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഒരു നിയമത്തില്‍ രണ്ടു തവണ വരുന്ന പദമായാല്‍ അതിനു നിലയും വിലയുമുണ്ട്. ഈ ബ്ലോഗെര്‍ ഈ പദം തെറ്റാണെന്നു പറഞ്ഞ് ഇന്‍ഡ്യയിലെ മുഖ്യവിവരാവകാശ കമ്മിഷണര്‍ക്ക് ഒരു വര്‍ഷത്തിലേറെ മുമ്പ് ഒരു ഇമെയില്‍ സന്ദേശം അയച്ചു. ഒരു ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് അയച്ച സന്ദേശത്തിന് ഒരു മണിക്കൂറിന്നകം മറുപടി നല്കി കമ്മിഷണര്‍ എന്നെ അത്ഭുതപ്പെടുത്തി. മറുപടിയില്‍ പറഞ്ഞത് ഇന്‍ഡ്യന്‍ ഇംഗ്ലീഷില്‍ അതു സ്വീകാര്യമാണെന്നായിരുന്നു. മറുപടിയോട് എനിക്കു യോജിപ്പില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വബോധം ആദരവുളവാക്കുന്നതാണ്. ഇക്കഴിഞ്ഞ ദിവസം ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിക്ക് ഞാന്‍ ഈ പദം ചൂണ്ടിക്കാട്ടി. ഓക്സ്ഫഡ് ഡിക്‌ഷനറിയെന്നാല്‍ നമ്മുടെ നാട്ടിലെ പണ്ഡിതന്മാരുടെ കണക്കില്‍ കണ്‍സൈസ് ഓക്സ്ഫഡ് ഡിക്‌ഷനറിയാണ്. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിയെന്നത് ഇപ്പോള്‍ ഇരുപതും പിന്നെയൊരു മൂന്നും വാല്യങ്ങളിലുള്ള ബൃഹത്തായ ഗ്രന്ഥമാണ്. ഈ പദത്തെക്കുറിച്ച് അവര്‍ പറഞ്ഞതിന്‍റെ പൊരുള്‍ ഇങ്ങനെ. അതില്‍ വ്യാകരണപ്പിഴ രണ്ടെണ്ണമുണ്ട്. ഒന്ന് അത് ലാറ്റിനും ഇംഗ്ലീഷും മിശ്രണം ചെയ്യുന്നു. രണ്ട് mala fide തന്നെ adverb ആയിരിക്കെ -ly ചേര്‍ക്കുന്നത് വ്യാകരത്തിനു നിരക്കുന്നതല്ല. എങ്കിലും വ്യാകരണപ്പിഴ എന്തിനെങ്കിലും ഉതകുകയാണെങ്കില്‍ അതു സ്വീകാര്യമെന്നു കരുതുന്ന ധാരാളം ആളുകളുണ്ട്. പുതിയ പദങ്ങളുടെ ശേഖരത്തില്‍ ഞങ്ങളിത് ഉള്‍പ്പെടുത്തുകയും ഈ പദത്തിന്‍റെ ഭാവി നിരീക്ഷിക്കുകയും ചെയ്യും. malafidely യോടൊപ്പം മറ്റൊരു ഫ്രെയ്സും കൂടി ചൂണ്ടിക്കാണിച്ചിരുന്നു. Suo moto ആയിരുന്നു അത്. suo motu എന്ന ഫ്രെയ്സ് എങ്ങനെ suo moto എന്ന രൂപത്തില്‍ ഇന്നാട്ടില്‍ പ്രസിദ്ധമായി എന്നറിയില്ല. Wren & Martin നോ അതുപോലെ വല്ലവരുമോ ഒപ്പിച്ചതാണോ? രാമലിഗം പിള്ളയുടെ പേരുവെച്ചു കേരളത്തില്‍ പത്തുലക്ഷം കോപ്പി വിറ്റ തട്ടിപ്പു നിഘണ്ടുവിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുകളില്‍ പറഞ്ഞ OED യില്‍ തെറ്റുകളുണ്ടെന്നു രാമലിംഗം എഡിറ്റു ചെയ്ത വാര്യരുമാര്‍ കണ്ടെത്തിയെന്ന് രാമലിംഗം വിറ്റു കേമനായ കേരളത്തിലെ പ്രമുഖ പ്രസാധകന്‍ പറഞ്ഞു. നാലു കൊല്ലം മുമ്പാണ്. അവരത് OED എഡിറ്റര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും തിരുത്തുമെന്ന ഉറപ്പ് കിട്ടിയെന്നുംകൂടി ചങ്ങാതി പറഞ്ഞു. ഞാനിക്കാര്യം OED യോടു ചോദിച്ചു. ആരും അങ്ങനെയൊന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. വാസ്തവത്തില്‍ OED യെ തിരുത്തി ഈ വങ്കന്‍ നിഘണ്ടു! tomorrow come never എന്ന phrase തിരുത്തി tomorrow comes never എന്ന് അച്ചടിച്ചു കുറെ എഡിഷന്‍ വിറ്റു ഈ വിദ്വാന്മാര്‍! ഈ വിഡ്ഢികളെപ്പറ്റി ഭാഗ്യത്തെ കവച്ചു കടന്ന മണ്ടന്‍ നിഘണ്ടു എന്ന പേരില്‍ നേരത്തേ ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.

22 Mar 2009

സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു

സൂര്യനുതാഴെയുള്ള വിഷയങ്ങളെപ്പറ്റി പറഞ്ഞു നേരം കളയുന്ന കോളമെഴുത്തുകാരുടെ കൂട്ടത്തില്‍ വെയ്ക്കാന്‍ പറ്റില്ല തമോരന്ധ്രങ്ങളില്‍ ആഴ്ന്നിറങ്ങി ഖഗോളത്തിന്‍റെ ആഴവും പരപ്പും അളന്ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ആഴ്ചതോറും വിളമ്പുന്ന ശ്രീമാന്‍ സി. എച്ച്. കുഞ്ഞികൃഷ്ണകുറുപ്പ് അവര്‍കളെ. അദ്ദേഹം അകക്കണ്ണുകൊണ്ട് കണ്ടറിയുന്ന സത്യങ്ങള്‍ മാതൃഭൂമി വായിക്കുന്ന പാമരന്മാര്‍ക്കുകൂടി പകരാന്‍ പത്രാധിപന്മാര്‍ അദ്ദേഹത്തിന് ഞായറാഴ്ച പതിപ്പില്‍ ഒരു ഭാഗം പതിച്ചുനല്കിയിട്ടുണ്ട്. ഈയാഴ്ചത്തെ പ്രാപഞ്ചിക സത്യങ്ങളാണ് ചിത്രരൂപത്തില്‍. പ്രപഞ്ചത്തിന്‍റെ അന്ത്യത്തെപ്പറ്റിയാണ് പ്രവചനം. ശ്യാമപദാര്‍ത്ഥമാണ് ലേഖനത്തിലെ പ്രധാന സാമഗ്രി. തമോദ്വാരങ്ങളിലും ശ്യാമപദാര്‍ത്ഥങ്ങളിലും ഖഗോളശാസ്ത്രജ്ഞനു താത്പര്യമുണ്ടാവുന്നത് സ്വാഭാവികം, കുറ്റം പറയരുത്. തുടക്കത്തിലേ പറയട്ടെ ഇദ്ദേഹത്തിന്‍റെ പ്രപഞ്ചവിജ്ഞാനമൊന്നും ഗ്രഹിക്കാനുള്ള ശേഷി ഈ ബ്ലോഗെര്‍ക്കില്ല. എങ്കിലും ഇന്നു രാവിലെ ഈ കോളമൊന്ന് ഓടിച്ചുവായിച്ചപ്പോള്‍ തോന്നിയ വികല്പമാണ് ഈ പോസ്റ്റിനു കാരണം. മണ്ടന്മാരോട് ഈ ബ്ലോഗെര്‍ക്കു വലിയ ഇഷ്ടമാണ്. ചിലരെ കാണുമ്പോള്‍ അവരെപ്പറ്റി പറയാന്‍ വാക്കുകള്‍ കിട്ടാതെ വരും. (ഉദാഹരണത്തിന് രാമലിംഗം പിള്ള നിഘണ്ടു എഡിറ്റു ചെയ്ത എന്‍. വി. കൃഷ്ണവാര്യര്‍ അവര്‍കള്‍.) മരമണ്ടന്‍, പമ്പരവിഡ്ഢി, വിഡ്ഢിക്കൂശ്മാണ്ഡം, അന്നത്തിനു പകരം മറ്റെന്തൊക്കെയോ തിന്നുന്നവന്‍ എന്നൊക്കെ നിരൂപിച്ച് ഏതെങ്കിലും കള്ളിയില്‍ അവരെ ഒതുക്കാന്‍ നോക്കും. എന്നാല്‍ സി. എച്ച്. കുഞ്ഞികൃഷ്ണകുറുപ്പിനെ ഒതുക്കാന്‍ കള്ളിയൊന്നും കണ്ടില്ലെന്നതായിരുന്നു വികല്പം. ഒടുക്കം നിശ്ചയമായി.
ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു.
മൂന്നു നാലു കൊല്ലം മുന്‍പ് ഇദ്ദേഹത്തിന്‍റെ കോളത്തെപ്പറ്റി അഭിപ്രായം എഡിറ്ററന്മാരെ ഇമെയിലായി അറിയിക്കാറുണ്ടായിരുന്നു. പക്ഷേ ഇദ്ദേത്തിന്‍െ അഭൌമ വിജ്ഞാനം പാമരന്മാരുടെ കണ്ണു തട്ടി മലീമസമാവുന്നതില്‍ അവര്‍ക്കൊന്നും ഒരിണ്ടലുമില്ല. അസ്പൃശ്യമായ തമോഗഹ്വരങ്ങളെ വെറുതേ വിടുകയേ രക്ഷയുള്ളൂവെങ്കിലും കുറുപ്പിന്‍റെ പ്രപഞ്ചവിജ്ഞാനത്തിലെ അത്രയൊന്നും അഭൌമമല്ലാത്ത ചില കാര്യങ്ങള്‍ ഒന്നു തൊട്ടുനോക്കുക എന്നൊരു മാമൂല്‍ ബാക്കിയുണ്ട്. പത്തുകൊല്ലം മുമ്പ് ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തമുണ്ടായി. എന്താണത്? അറിയാന്‍ കഴിയാത്ത ഇതിന് ശ്യാമപദാര്‍ത്ഥം എന്നു സംജ്ഞ നല്കിയത്രേ. Darkmater. ജെര്‍മ്മനാണെന്നൊന്നും കരുതരുത്. Dark Matter ആണ് സാധനം. (ഈ ആശയം പത്തല്ല ഒരെഴുപത്തഞ്ചുകൊല്ലം മുമ്പുണ്ടായതെന്നാണ് തികച്ചും ഭൌമമായ ആ വിജ്ഞാനകോശം പറയുന്നത്.) ഈ സാധനം പ്രപഞ്ചത്തിന്‍റെ ആത്യന്തികവിധിക്കു കാരണമാവുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പ്രസ്താവിച്ചത്രേ. ഇങ്ങനെ പത്തുകൊല്ലം മുന്‍പ് ചില പ്രധാനപ്പെട്ട ഗവേഷണ ഫലങ്ങള്‍ പുറത്തു വന്നത് Dark Matter നെപ്പറ്റിയല്ല, Dark Energy യെപ്പറ്റിയാണ്. കുറുപ്പിന്‍റെ ഉറപ്പ് എന്തായിരുന്നാലും ശരി. കുറുപ്പ് എവിടെ തപ്പുന്നു, ശ്യാമസാധനം എവിടെക്കിടക്കുന്നു! പ്രാപഞ്ചിക ശാസ്ത്രജ്ഞനായ "ലിഡ് ക്രിസി"യെ ഉദ്ധരിക്കുന്നു കുറുപ്പ്. ആരാണാവോ ഈ പ്രാപഞ്ചിക ശാസ്ത്രജ്ഞന്‍? സാദ്ധ്യമായ സ്പെല്ലിങ്ങ് എല്ലാം വെച്ച് സെര്‍ച്ചു ചെയ്തിട്ടും ഇങ്ങനെയൊരു ദേഹത്തെ കാണുന്നില്ല. കുറുപ്പിനൊപ്പം തമോരന്ധ്രങ്ങള്‍ തോണ്ടുന്നവനാവാം. മുന്‍പൊരിക്കല്‍ അലന്‍ ബോസ് എന്ന യു എസ് ശാസ്തജ്ഞന്‍ സത്യേന്ദ്ര നാഥ ബോസിന്‍റെ അനന്തിരവനോ മറ്റോ ആണെന്ന് ഇതേ സാധനത്തില്‍ എഴുതി. അവസാനം അല്ലെന്നറിയാന്‍ അത് അലന്‍ ബോസിനോടുതന്നെ ചോദിക്കേണ്ടിവന്നു. ഈ ഇന്ത്യക്കാരുടെ ഓരോ സംശയങ്ങള്‍ എന്ന വെറിയോടെ No എന്ന ഒറ്റപ്പദമായിരുന്നു അലന്‍ ബോസിന്‍റെ മറുപടി."ബ്രിയാന്‍ ഷിമിന്‍", മറ്റൊരിടത്ത് "ഷിമിറ്റ്" (Brian P. Schmidt ആണ് ആള്‍), "ലോറന്‍സ് വെര്‍ക്കിളി നാഷണല്‍ ലബോറട്ടറി" (Lawrence Berkeley National Laboratoryയില്‍ വെര്‍ക്കിളി നോക്കിയിട്ട് കാണുന്നില്ല), സോള്‍ പെര്‍മ്യൂട്ടര്‍ മറ്റൊരിടത്ത് പേള്‍ മൂട്ടേഴ്സ് (Saul Perlmutter ആണ് പെര്‍മ്യൂട്ടറും പേള്‍ മൂട്ടേഴ്സും ആവുന്നത്) എന്നൊക്കെ ചില കണ്ടുപിടിത്തങ്ങള്‍ കുറുപ്പ് വകയായി കാണുന്നുണ്ട്. അതുപോലെയാവാം മേലെപ്പറഞ്ഞ പ്രാപഞ്ചികനും.
ഷിമിറ്റും പേള്‍ മൂട്ടേഴ്സും പരീക്ഷണത്തിനുവേണ്ടി ഉപയോഗിച്ചത് ഐ. എ. സൂപ്പര്‍നോവ ആയിരുന്നു.
ഈ ഐ എ സൂപ്പര്‍നോവ കുറുപ്പിന്‍റെ കൂര്‍ത്ത ബുദ്ധിയുടെ ഉത്പന്നമാണ്. സൂപ്പര്‍നോവ#ക്ലാസിഫിക്കേഷന്‍ നോക്കുക. റ്റൈപ്പ് I, റ്റൈപ്പ് II എന്നിങ്ങനെയുള്ള ക്ലാസിഫിക്കേഷനാണ് ഐ എ എന്നു കൂര്‍പ്പിച്ചെടുത്തത്. കുത്തനെ നില്ക്കുന്ന ഒരു വര കണ്ടു കുറുപ്പ് അത് ഐ ആണെന്നു ധരിച്ചുപോയി. സൂപ്പര്‍നോവയുടെ ക്ലാസിഫിക്കേഷന്‍പോലുള്ള നിസ്സാരകാര്യങ്ങളൊന്നും പ്രതിബന്ധമാകാത്തതുകൊണ്ടാണല്ലോ കുറുപ്പിന് ഇങ്ങനെ തമോരന്ധ്രങ്ങളില്‍ ഊളിയിട്ട് അലൌകിക ജ്ഞാനകണങ്ങളുമായി വരാനാവുന്നത്. കുറുപ്പിനെവിട്ട് ഇനി ഭൌതികകാര്യങ്ങളിലേക്കു തിരിച്ചുവരാം.ഇവിടെ പരാമര്‍ശിക്കപ്പെട്ട കോളവും കോളമെഴുത്തുകാരനും വര്‍ഷങ്ങളായി മാതൃഭൂമിയില്‍ എഴുതുന്നു. പത്രത്തില്‍ ഓരോ മാസവും ഈ മാസത്തെ ആകാശം എന്ന പേരില്‍ കോളം. വര്‍ത്തമാന പത്രത്തില്‍ ഇടക്കിടെ (ഇപ്പോഴങ്ങനെ കാണാറില്ല) byline. കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ജ്യോതിശ്ശാസ്ത്രം, പ്രപഞ്ചോത്പത്തി മുതലായ കാര്യങ്ങള്‍ വര്‍ഷങ്ങളായി കുത്തകയാക്കിവെച്ചിരിക്കുന്ന ഇദ്ദേഹം ശരിയായ അര്‍ത്ഥത്തില്‍ സാക്ഷരന്‍പോലുമല്ല. പിന്നെന്താണ് ഈ പത്രത്തിന് ഇയ്യാള്‍ അനുപേക്ഷണീയനാവാന്‍? ഇവിടെ പരാമര്‍ശിക്കുന്ന കോളത്തില്‍നിന്ന് വായനക്കാരിക്ക്/കാരനു കിട്ടുന്ന വിജ്ഞാനമെന്താണ്.
പത്തുകൊല്ലം മുമ്പ് ഞെട്ടിക്കുന്ന ഒരു കണ്ടുപിടിത്തമുണ്ടായി. ശ്യാമപദാര്‍ത്ഥം എന്ന സാധനം (പുനരുക്തി മറക്കുക) പ്രപഞ്ചത്തിന്‍റെ വികാസത്തെ ത്വരപ്പെടുത്തുന്നു. ഈ സാധനം അമ്മായിയമ്മയും നാത്തൂനും എന്നപോലെ ഊര്‍ജ്ജ സാന്ദ്രതയുമായി ഒത്തുചേര്‍ന്ന് പ്രപഞ്ചത്തെ വേര്‍പെടുത്തും. ഒരു ഷിമ്മും ഒരു മൂട്ടയും ചേര്‍ന്നാണ് ഇതു കണ്ടുപിടിച്ചത്. ഐ.എം വിജയനെയും സാമ്പാര്‍പ്പെടിയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു സൂപ്പര്‍നോവയാണ് ഇവര്‍ പരീക്ഷണത്തിനുപയോഗിച്ചത്. ശാസ്ത്രജ്ഞാന്മാരൊക്കെ പേടിച്ച് വയറിളകി ഇരിക്കുകയാണ്. വായനക്കാരും പേടിച്ചു തുടങ്ങണമെന്നതുകൊണ്ട് മാതൃഭുമിയില്‍ ശ്രീ കുറുപ്പ് ഇതൊക്കെ കണ്ടുപിടിച്ച് എഴുതുന്നു.
ഇതാണ് സാക്ഷരലക്ഷങ്ങള്‍ക്കുവേണ്ട വിജ്ഞാനം.

17 Mar 2009

ഓണ്‍ലൈന്‍ വിജ്ഞാനം സര്‍ക്കാര്‍ വക

ആളുകളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ തട്ടിപ്പടച്ച ഒരു വെബ്സൈറ്റാണ് ഇവിടെ പ്രതിപാദ്യം. വെബ്4ഓള്‍ ആണത്. സര്‍വ്വവിജ്ഞാനകോശം എന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിലെ റ്റെക്സ്റ്റ് യൂനികോഡിലേക്കു മാറ്റി പ്രസിദ്ധീകരിക്കുന്നതാണ് അവിടത്തെ ഏര്‍പ്പാട്. ഈ അടുത്ത ദിവസം വരെ ഇതിന്‍റെ രൂപം ആര്‍ക്കും എക്കൌണ്ട് ഉണ്ടാക്കി എഡിറ്റു ചെയ്യാമെന്ന തോന്നലുളവാക്കും വിധമായിരുന്നു. ഗൂഗ്ള്‍ കേഷിലെ പേജിന്‍റെ സ്ക്രീന്‍ഷോട്ടില്‍ മുകളില്‍ വലത്തേയറ്റത്തു കാണുന്ന create account എന്ന ലിങ്ക് നോക്കുക. ചില പ്രകടമായ തെറ്റുകള്‍ കണ്ടപ്പോള്‍ ടോക്പേജില്‍ അതിനെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താമെന്നു കരുതി എക്കൌണ്ട് ഉണ്ടാക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് ഈ രൂപം ആളെപ്പറ്റിക്കുന്നതാണെന്നു മനസ്സിലായത്. വെബ്മാസ്റ്ററുടെ ഇമെയില്‍ ഐഡി സൈറ്റില്‍ ലഭ്യമാണ്. ആ അഡ്രസ്സിലേക്ക് ഒരു മെയില്‍ അയച്ചു. തെറ്റുധരിപ്പിക്കുന്ന രൂപത്തെപ്പറ്റിയും ഒരു ലേഖനത്തിന്‍റെ തലക്കെട്ടിലെ തെറ്റിനെപ്പറ്റിയും അതില്‍ പറഞ്ഞിരുന്നു. Abbey Theatre നെപ്പറ്റിയുള്ള ലേഖനത്തിന്‍റെ തലക്കെട്ടിനെപ്പറ്റിയായിരുന്നു പറഞ്ഞത്. മറുപടിയൊന്നും വന്നില്ല. പിന്നീടൊരു ദിവസം ഇക്കാര്യം ഓര്‍മ്മവന്നപ്പോള്‍ പഴയ മെയിലിനെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട് രണ്ടാമത് ഒരു സന്ദേശംകൂടി അയച്ചു. അതിനു വന്ന മറുപടി ഒന്നാന്തരമായിരുന്നു. ആരെന്നില്ല, എന്തെന്നില്ല. ഒറ്റവാക്യം.
What is wrong with the title?
ഒരു മറുപടി അയയ്ക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടയോ മര്യാദയോ ഇല്ല. ഞാനുന്നയിച്ച പ്രധാനവിഷയത്തെപ്പറ്റി പരാമര്‍ശമേയില്ല! എന്തൊരു വിജ്ഞാനകൌശികന്‍! അതിന് അതേ നാണയയത്തില്‍ ഞാന്‍ തിരിച്ചടിച്ചു.
The chief problem must be that you are not good for the job as is evident from the impolite and unintelligent way you replied. Other problems, you will see by and by.
(ഒരുപക്ഷേ ഈ പാവം വെബ്മാസ്റ്റര്‍ ഒരു വിരലുപയോഗിച്ചു കുത്തിക്കുത്തി അരമണിക്കൂറെടുത്തു രചിച്ചതാവാം ആ മറുപടി. മറുപടിയില്‍ പാലിക്കേണ്ട മര്യാദ അതില്‍ പാലിക്കണമെങ്കില്‍ അയാള്‍ക്കൊരു ദിവസം മുഴുവനിരുന്നു കീബോര്‍ഡില്‍ തിരുപ്പിടിക്കേണ്ടി വരുമായിരിക്കാം.) ഏതായാലും അബി തിയെറ്റര്‍ എന്ന രണ്ടു പ ദമുള്ള തലക്കെട്ടിനെ ഒറ്റപ്പദമാക്കി എഴുതിയത് ചൂണ്ടിക്കാട്ടിയാലും മനസ്സിലാവാത്ത ആള്‍ വിജ്ഞാനകോശത്തിന്‍റെ നാലയലൊത്തൊന്നും നില്‍ക്കാന്‍ പാടില്ല. ഇത്തരക്കാരുടെ നിയന്ത്രണത്തില്‍ ഈ കോശം അറിവില്ലായ്മയുടെ സമാഹാരമായി അനുദിനം വളരുന്നു. കണ്‍വേര്‍ട് ചെയ്തെടുക്കുന്ന റ്റെക്സ്റ്റ് പെയ്സ്റ്റു ചെയ്യുന്നതിലപ്പുറം ഒന്നും അറിയാത്തവര്‍ സര്‍ക്കാര്‍മുറപോലെ (പത്തു മുതല്‍ അഞ്ചുവരെ വിജ്ഞാനകോശ രചന, ഇടയ്ക്ക് ചോറിനും ചായയ്ക്കും ഇടവേള) ഓണ്‍ലൈന്‍ വിജ്ഞാനം വിളമ്പോള്‍ സംഭവിക്കുന്നതെന്തെന്ന് ദസ്തായെവ്സ്കിയെപ്പറ്റിയുള്ള ഈ പേജ് നോക്കിയാല്‍ മതി. ഫോര്‍മാറ്റ് ചെയ്യാനറിയാത്തതുകൊണ്ടോ സര്‍ക്കാര്‍ മുറയില്‍ formatting ഇല്ലാത്തതുകൊണ്ടോ ഒറ്റ വരിയില്‍ നീളത്തില്‍ക്കിടക്കുന്ന റ്റെക്സ്റ്റിന്‍റെ വലുപ്പം നോക്കുക:
പട്ടാളത്തിലെ ഡോക്ടറായ മിഖയില്‍ ദസ്തയെവ്സ്കിയുടെയും ആത്മീയകാര്യങ്ങളില്‍ തത്പരയായിരുന്ന മരിയയുടെയും ഏഴുമക്കളില്‍ രണ്ടാമനായി 1821 ഒ. 30-ന് ഫയദോര്‍ ദസ്തയെവ്സ്കി മോസ്ക്കോയില്‍ ജനിച്ചു. കുട്ടിക്കാലത്ത് അമ്മയുടെ സ്വാധീനം കൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യങ്ങളില്‍ ഫയദോര്‍ ആകൃഷ്ടനായിരുന്നു. കര്‍ക്കശനും സംശയാലുവുമായിരുന്ന പിതാവ് ഉണ്ടാക്കുന്ന കുടുംബകലഹങ്ങള്‍ ഫയദോറിന്റെ മനസ്സിനെ ഭയവിഹ്വലതകള്‍കൊണ്ട് നിറച്ചിരുന്നു. രോഗബാധിതയായിരുന്ന മാതാവ് 1837 ഫെ. 22-ന് 37-ാം വയസ്സില്‍ അന്തരിച്ചു. 16-ാമത്തെ വയസ്സില്‍ ഫയദോര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. 22-ാം വയസ്സില്‍ പ്രശസ്തമായ നിലയില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുളാ പ്രവിശ്യയ്ക്കടുത്ത് തന്റെതന്നെ ചെറിയ കൃഷിത്തോട്ടത്തില്‍വച്ച് 1939-ല്‍ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം. എന്‍ജിനീയറിങ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം 1843-ല്‍ യുദ്ധകാര്യ മന്ത്രാലയത്തിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിയില്‍ പ്രവേശിച്ചു.
ഈ പോസ്റ്റ് എഴുതുന്നതിന്‍റെ തലേദിവസം പെയ്സ്റ്റു ചെയ്ത ലേഖനമാണത്. എന്നാല്‍ നാളെ അതൊക്കെ ഫോര്‍മേറ്റു ചെയ്തും
ഉീീല്സ്യെ, എലീറീൃ ങശസവമശഹ്ീശരവ
(blind conversion മൂലം മലയാള ലിപിയിലേക്കു മാറിയ English text) ഇംഗ്ലീഷിലേക്കു മാറ്റിയും വായനയ്ക്കു പാകമാക്കുമെന്നു വിചാരിക്കരുത്. ഒരു വര്‍ഷം പഴക്കമുള്ളതു മുതല്‍ മിക്കവാറും ലേഖനങ്ങളുടെ സ്ഥിതിയിതാണ്. വെറുതെയാണോ സര്‍ക്കാര്‍കാര്യം മുറപോലെ എന്ന ചൊല്ലുണ്ടായത്. മുകളിലെ ലേഖനത്തിന്‍റെ അവസാനം പെരുമ്പടവം ശ്രീധരന്‍ എന്നൊരു പേരു കാണാം. ഈ ലേഖനം സര്‍വ്വവിജ്ഞാനകോശം എന്ന പുസ്തകത്തിനുവേണ്ടി എഴുതിയിരിക്കുന്നത് ശ്രീ ശ്രീധരനാണ് എന്നുവേണം ഇതില്‍നിന്നു കരുതാന്‍. മുകളില്‍ ഉദ്ധരിച്ച ഭാഗത്ത് ദസ്തായെവ്സ്കിയുടെ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നതിനെപ്പറ്റി പറയുന്നു.
പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം.
തല്ലിക്കൊല്ലുന്നു, അതു കണ്ടു, അപസ്മാരവും വന്നു. നല്ല പൊരുത്തം. ഇതിനു പക്ഷേ വാസ്തവവുമായി എന്തെങ്കിലും പൊരുത്തമുണ്ടോ? ഇംഗ്ലീഷ് വിക്കിപീഡിയയില്‍നിന്നുള്ള ഈ ഭാഗം വായിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇല്ലെന്നാണ്.
Fyodor's father died in 1839. Though it has never been proven, it is believed by some that he was murdered by his own serfs.[6] According to one account, they became enraged during one of his drunken fits of violence, restrained him, and poured vodka into his mouth until he drowned. An account similarly noted in "Notes From the Underground." Another story holds that Mikhail died of natural causes, and a neighboring landowner invented the story of his murder so that he might buy the estate inexpensively.
പെരുമ്പടവത്തിന്‍റേത് പൈങ്കിളി വിജ്ഞാനമാവാനേ സാദ്ധ്യതയുള്ളൂ. താഴെപ്പറയുന്നതുകൂടി നോക്കുക:
'ചൂതാട്ടക്കാരന്‍' എഴുതുന്ന ദിവസങ്ങളില്‍ ദസ്തയെവ്സ്കി അനുഭവിച്ച വന്യവും ഭ്രാന്തവുമായ ആത്മസംഘര്‍ഷങ്ങളെയും സര്‍ഗാത്മക വ്യഥയെയും കഥാവസ്തുവാക്കി പെരുമ്പടവം ശ്രീധരന്‍ എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ മലയാളത്തില്‍ വേറിട്ടു നില്ക്കുന്ന ഒന്നാണ്.
ലേഖനം പെരുമ്പടവം എഴുതിയതാണെങില്‍ മുകളിലുദ്ധരിച്ച പ്രസ്താവത്തെപ്പറ്റി പറയാവുന്നത് ഉളുപ്പില്ലായ്മ എന്നുമാത്രമാണ്. വേറിട്ടു നില്കുകയോ നില്ക്കാതിരിക്കുകയോ ചെയ്യട്ടെ, ഒരു വിജ്ഞാനകോശത്തിലേക്കുള്ള ലേഖനത്തില്‍ സ്വന്തം കൃതിയെപ്പറ്റി വേറിട്ടുനില്ക്കുന്നതെന്നു വിലയിരുത്തുന്നത് അല്പത്തമാണ്. മലയാളം ബ്രിട്ടാനിക്ക എന്ന തട്ടിപ്പു പുസ്തകത്തില്‍ (ഡി സി ബുക്സും ബ്രിട്ടാനിക്ക ഇന്‍ഡ്യയും ചേര്‍ന്നു പ്രസിദ്ധീകരിച്ചത്) കേരളം എന്ന ലേഖനത്തില്‍ കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ ഡി സി ബുക്സ് വഹിച്ച സ്തുത്യര്‍ഹമായ പങ്ക് എടുത്തു പറയുന്നതുപോലെ അശ്ലീലം.

14 Mar 2009

മാതൃഭൂമിയുടെ ഇംഗ്ലീഷുപാഠം

ഇംഗ്ലീഷില്‍ വൃത്തിയായി ഒരു വാക്യംപോലും എഴുതാനാറിയാതെയും കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ പ്രാഥമികജ്ഞാനം പോലുമില്ലാതെയും ഒരാള്‍ ആഴ്ചതോറും ഇംഗ്ലീഷുഭാഷാ കോളമെഴുത്തു തുടങ്ങിയാല്‍ എങ്ങനെയുണ്ടാവുമെന്നു കാണണമെങ്കില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ Second Language എന്ന പംക്തി നോക്കിയാല്‍ മതി. ഇതിനു മുന്‍പുള്ള ചില ലക്കങ്ങള്‍ ഓടിച്ചുനോക്കുകയും കണ്ട അബദ്ധങ്ങള്‍ ലേഖകനെ അറിയിക്കുകയും ചെയ്തിരുന്നു. ലേഖകന്‍ നന്ദിപൂര്‍‌വ്വം പ്രതികരിക്കുകയും ചെയ്തു. പക്ഷേ എന്തുചെയ്യാം, വിവരക്കേടുകള്‍ ആഴ്ചതോറും പ്രസിദ്ധീകരിക്കുന്നതിനു വിരാമമില്ല. ആരെ ഉദ്ദേശിച്ചാണ് ഈ കോളം എന്നുവരെ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. അതിലപ്പുറം കടന്നു കോളമെഴുത്തു നിറുത്തണം എന്നു പറയാനാവില്ലല്ലോ. ലേഖകനു മനസ്സിലായോ എന്തോ. മലയാളികള്‍ക്കായി ഇംഗ്ലീഷു കോളമെഴുതുന്നതു പൊതുവില്‍ വിവരദോഷികളുടെ പണിയാണെന്നു തോന്നുന്നു. ഈ പംക്തിയുടെ 2009 മാര്‍ച്ച് 15 ലക്കത്തിലെ ഗഡു ആണ് ഇതെഴുതാന്‍ നിര്‍ബ്ബന്ധിക്കുന്നത്. English idioms നെപ്പറ്റിയാണ് ശ്രീ ജയരാജ് ഈ ആഴ്ച എഴുതിയത്. എന്താണ് idiom എന്നു ജയരാജിന് അറിയില്ല. അതെന്താണെന്നു രണ്ടു പേജിലായി പരസ്പരവിരുദ്ധമായി പറഞ്ഞിട്ടുണ്ട്. ഒരിടത്തു പറഞ്ഞിരിക്കുന്നതു നോക്കുക:
Idioms are generally considered informal or slang and are, therefore, not widely used in formal writing.
ഈ പറഞ്ഞത് ശുദ്ധവിവരക്കേടാണെന്നത് ഒരു കാര്യം. idioms എന്നാലെന്തെന്നോ slang എന്നാലെന്തെന്നോ ഇയ്യാള്‍ക്ക് അറിഞ്ഞുകൂടാ എന്ന് ഈ പ്രസ്താവം വ്യക്തമാക്കുന്നു. എന്നാല്‍ മറ്റൊരിടത്ത് പറഞ്ഞിരിക്കുന്നതു നോക്കുക:
There are several idioms which are considered to be informal or colloquial in nature. Therefore informal or colloquial idioms are generally used in spoken English only.
ആദ്യം പറഞ്ഞ പ്രസ്താവനയുടെ വിപരീതമാണിത്. ഏതാനും ഇഡിയംസ് (several idioms) informal ആണെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ബാക്കിയുള്ളവ formal ആണെന്നാണല്ലോ. ചുരുക്കത്തില്‍ formal English, informal English, idiom, slang ഇവയൊന്നും എന്തെന്ന് ഇദ്ദേഹത്തിനറിഞ്ഞുകൂടാ. പോരാത്തതിന് സര്‍വ്വസാധാരണമായ several എന്ന പദത്തിന്‍റെ അര്‍ത്ഥവും ഇദ്ദേഹത്തിനറിയില്ല. several എന്നാല്‍ more than two but not many എന്നര്‍ത്ഥം. ഏതാനും എന്നു പറയാം. ഇദ്ദേഹം ഇത് ഉപയോഗിച്ചത് many എന്ന അര്‍ത്ഥത്തിലാണെന്നു തോന്നുന്നു. അതായത് നേരേ വിപരീതമായി!. മലയാളികള്‍ പതിവായി വരുത്തുന്ന തെറ്റാണിത്. മലയാളികള്‍ മാത്രമല്ല, ഒരുപക്ഷേ ഇന്ത്യക്കാര്‍ പൊതുവേ. ഹിന്ദു പത്രത്തില്‍ ഈ പദം മിക്കപ്പോഴും തെറ്റായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്ന് ആ പത്രത്തിന്‍റെ readers' editorക്ക് ഞാനെഴുതിയിരുന്നു. ഡെസ്കിലുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് editor മറുപടിയും തന്നു. പക്ഷേ പതിവു മാറിയിട്ടില്ല. [ലേഖകന്‍ ഈ പദം തെറ്റായ അര്‍ത്ഥത്തില്‍ മറ്റൊരിടത്തും ഉപയോഗിച്ചിട്ടുണ്ട്. "Several electronic gadgets are available these days." ലേഖകന് ഈ പദത്തിന്‍റെ അര്‍ത്ഥമറിയില്ലെന്ന് ഉറപ്പ്.] അതുമാത്രവുമല്ല മുകളിലെ രണ്ടുവാക്യങ്ങളുടെ കുഴപ്പം. എഴുതിയിരിക്കുന്നത് ആദ്യത്തെ വാക്യം cause ഉം രണ്ടാമത്തെ വാക്യം അതിന്‍റെ effect ഉം എന്നനിലയില്‍ causal connectionലാണ്. Therefore എന്ന adverb ഈ ബന്ധം സ്ഥാപിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ ഇവിടെ രണ്ടു വാക്യങ്ങളും തമ്മില്‍ അങ്ങനെ ബന്ധമൊന്നുമില്ല. അവ ഇങ്ങനെ മൊഴിമാറ്റാം.
അനൌപചാരികമോ സംഭാഷണത്തിലുപയോഗിക്കുന്നതോ ആയ ഏതാനും ശൈലികളുണ്ട്. അതുകൊണ്ട് അവ പൊതുവേ സംഭാഷണത്തില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
ഈ അസംബന്ധമാണ് ആ രണ്ടു വാക്യങ്ങളുടെ അര്‍ത്ഥം. എഴുത്തില്‍ പ്രകടമാവുന്ന ചിന്താവൈകല്യമാണിത്. അതിനു മറ്റൊരുദാഹരണം കൂടി പറയാം.
The background and etymological origins [sic] of most idioms is [sic] at best obscure. Some[sic] idioms of[sic] English have first been seen seen in the works of writers like Shakespeare, Sir Walter Scott, Lewis Carroll and contemporary novelists. An example of Shakespearian quotation can be found in the following sentence: "As a social worker, you certainly see the seamy side of life." Biblical references [sic] are also the source of many idioms."
ആദ്യത്തെ വാക്യത്തില്‌ are നു പകരം is ഉപയോഗിച്ച പരിഹാസ്യമായ തെറ്റുമുതല്‍ (ഇംഗ്ലീഷുഭാഷാ കോളത്തിലാണ് ഈ പൊട്ടത്തെറ്റ്) etymological origins (നാലാംകിട പുനരുക്തി) ഉം idioms of English ഉം (in ആണ് ശരിയായ preposition) ബൈബിള്‍ source ആവുന്നതിനു പകരം biblical references സോര്‍സ് ആവുന്നതും പോലുള്ള പ്രയോഗവൈകല്യങ്ങള്‍ (infelicities)വരെ ഈ വാക്യങ്ങളില്‍ നിറഞ്ഞിരിക്കുന്നു. അതിലുപരിയായി അവയ്ക്കു നിദാനമായ ചിന്താശൂന്യതയാണ് മുഴച്ചുനില്‍ക്കുന്നത്. മിക്കവാറും ശൈലികള്‍ എങ്ങനെ രൂപമെടുത്തുവെന്നത് അജ്ഞാതമാണെന്നു പറഞ്ഞ് അതിന്‍റെ തുടര്‍ച്ചയായി യുക്തിപരമായ വികാസം എന്നനിലയില്‍ അടുത്ത വാക്യത്തില്‍ പറയുന്നത് തുടക്കം കൃത്യമായി അറിയാവുന്ന ശൈലികളെപ്പറ്റിയാണ്. നേരത്തേ therefore എന്നത് അസംബന്ധമായി ഉപയോഗിച്ചതുപോലെ contrast/juxtapose ചെയ്യേണ്ടിടത്ത് അതു ചെയ്യാതെ വിരുദ്ധകാര്യങ്ങളെ ഘടിപ്പിച്ചിരിക്കുന്നു. ഇതിലപ്പുറം പറയുന്നത് overkill ആയിപ്പോവുകയേയുള്ളൂ. രണ്ടുദാഹരണങ്ങള്‍കൂടി പറഞ്ഞു നിറുത്താം. ലേഖകന്‍റെ ശൈലി to make a fast duck ശരി to make a fast buck ലേഖകന്‍റെ ശൈലി to eat one's head ശരി to bite one's head off Free Image Hosting at www.ImageShack.us

QuickPost Quickpost this image to Myspace, Digg, Facebook, and others! Free Image Hosting at www.ImageShack.us

QuickPost Quickpost this image to Myspace, Digg, Facebook, and others!

6 Feb 2009

കോളമെഴുത്തുകാരന്‍റെ ഗതികേട്

കാര്യമായി ഒന്നും പറയാനില്ലാതെ ആഴ്ച/പക്ഷം തോറും പേനയുന്തി കോളം നിറയ്ക്കുന്നവര്‍ വിവരക്കേടും അസംബന്ധവും എഴുന്നെള്ളിക്കാതിരിക്കാന്‍ വഴിയില്ല. നിരര്‍ത്ഥകമെങ്കിലും നാടകീയമായ തലക്കെട്ടും, ആര്, എന്ത്, എവിടെ എന്നൊന്നും വ്യക്തമാക്കാതെ കേട്ടുകേള്‍വിയില്ലാത്ത കവികളെയും പുസ്തകകങ്ങളെയും എഴുത്തുകാരെയും ഉദ്ധരിച്ചും അടിസ്ഥാനമില്ലാത്ത ചില sweeping generalisations നടത്തിയുമൊക്കെ വേണം പിന്നെ anticipated readership-നുവേണ്ടി കെട്ടിയാടുന്നത്. ഇതിനു മുന്‍പുള്ള എന്‍റെ പോസ്റ്റ് സി എസ് വെങ്കിടേശ്വരന്‍ എന്ന മാധ്യമ പണ്ഡിതന്‍ മാതൃഭൂമി ആഴ്ചപതിപ്പിലെ സ്വന്തം കോളത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫിബ്രവരി 1) ഒരു കവിതയെ കൊന്നുതിന്നതിനെപ്പറ്റിയായിരുന്നു. തുറന്നു പറഞ്ഞാല്‍ ആ കവിതയുടെ ശവത്തില്‍ തട്ടി നിന്നതിനാല്‍ വെങ്കിടേശ്വരന്‍റെ ലേഖനം വായിച്ചിരുന്നില്ല. പിന്നീടാണ് അതു വായിച്ചതും ignorant, sloppy writing ന്‍െറ ഒന്നാന്തരം ഉദാഹരണമാണ് അതെന്നു മനസ്സിലായതും. അതിനെക്കുറിച്ചു ചിലത് പറയുന്നത് പ്രസക്തമായിരിക്കും. Sage എന്ന ചെടിയെ വനയോഗി ആയി തെറ്റായി മനസ്സിലാക്കിപ്പോയതും രണ്ടു പേരുകള്‍ തെറ്റിപ്പോയതും മാത്രമാണ് കവിതയ്ക്കു സംഭവിച്ചതെന്നും അതിനു ലേഖകനെ പഴിക്കുന്നത് ശരിയല്ലെന്നും ആരെങ്കിലും നിനച്ചാലോ. എന്നാല്‍ അതിലപ്പുറം ഇതിലുണ്ട്. വെങ്കിടേശ്വരന്‍റെ ലേഖനം വായിച്ചിട്ട് ഈ ബ്ലോഗെര്‍ക്ക് കാര്യമായി ഒന്നും മനസ്സിലായില്ല, ചില സാധാരണമായ കാര്യങ്ങളൊഴിച്ചാല്‍. നാലു ചലച്ചിത്രങ്ങളുടെ പേരും സംവിധായകന്‍റെ രാജ്യവും പറഞ്ഞാല്‍ അതു മനസ്സിലാക്കാന്‍ വലിയ ധിഷണയൊന്നും വേണ്ടല്ലോ. ഭൂമിക, തന്‍റേടം, സ്ഥാനപ്പെടുത്തുക, കാഴ്ചപ്പെടുത്തുക, അപരം, ബഹുസ്വരത, പരികല്പന (ഒരിക്കലും ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിക്കാത്ത പദം: ചിലര്‍ക്ക് ഇത് ഹൈപ്പോതെസിസും മറ്റു ചിലര്‍ക്കു കോണ്‍സെപ്റ്റും ആണ്) തുടങ്ങി anticipated readership-നുവേണ്ട പദാവലിയും അവ സൃഷ്ടിക്കുന്ന വ്യാജ സൈദ്ധാന്തിക പ്രതീതിയും പതിവുപോലെ ഉണ്ട്. പിന്നെ പലയിടത്തുനിന്നായി തോണ്ടിയെടുത്തിരിക്കുന്ന വിജ്ഞാനശകലങ്ങള്‍ പാകപ്പെടുത്താതെ/വേവിക്കാതെ ചിതറിയിട്ടിട്ട് അതില്‍നിന്ന് ഒരു തരത്തിലും സിദ്ധിക്കാത്ത സിദ്ധാന്തിക്കലും. ഈ ഭാഗം കാണുക: Gitai യെപ്പറ്റി ഇദ്ദേഹം പറഞ്ഞതൊന്നും ഒരു കറുത്ത അറിവിലേക്കും വായനക്കാരെ എത്തിക്കുന്നില്ല. It does not follow. ലേഖനകര്‍ത്താവ് എങ്ങനെ അവിടെയെത്തുന്നു എന്നത് അദ്ദേഹത്തിനു തന്നെയേ അറിയൂ. [എങ്കിലും ഈ ലേഖനത്തിന്‍റെ anticipated readership-ന് ഇവിടെ ഒരു യുക്തിഭംഗവും അനുഭവപ്പെടാനിടയില്ല. സാര്‍വ്വത്രികമായ ദുരന്തവും കറുത്ത അറിവുമെല്ലാം ഉണ്ടാക്കുന്ന illusion അവരെ പുളകം കൊള്ളിക്കും. യുക്തി അവര്‍ക്കു വിഷയമാവാനിടയില്ല] ലേഖനം അവസാനിക്കുന്നതും ഇതേ തരത്തില്‍.
"'താന്‍ ഏതു പോത്താഴത്തുകാരനാണ്?' എന്ന ചോദ്യം സ്ഥലപരമല്ല മറിച്ച് എന്നും സാംസ്കാരികമായ ഒന്നായിരുന്നു എന്ന കാര്യം ഇന്നത്തെ ലോകസിനിമ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു."
ഉദീരണം മുഴങ്ങുന്നതാണ്. പക്ഷേ നേരത്തേ പറഞ്ഞപോലെ Non sequitur. മാത്രവുമല്ല നേരത്തേ നടത്തിയ ചില പ്രസ്താവങ്ങള്‍ക്കു വിരുദ്ധവുമാണിത്. "സ്ഥലപരമായ" ദേശാതിര്‍ത്തികള്‍ ദൃഢവും മൂര്‍ത്തവുമായി നിന്നിരുന്ന കാലത്തെ അവ മാഞ്ഞുപോവുന്ന വര്‍ത്തമാനകാലവുമായി ഒന്നിലധികം ഇടത്ത് contrast ചെയ്തതിനുശേഷമാണ് താന്‍ ആദ്യം പറഞ്ഞതെന്തെന്നു മറന്നുകൊണ്ട് ഈ മുഴങ്ങുന്ന അസംബന്ധം ലേഖകന്‍ ഉച്ചരിക്കുന്നത്. കാള്‍ മാര്‍ക്സിനെ ഉദ്ധരിക്കുന്ന ലാഘവത്തോടെ ഒരു ഫ്രെഡറിക് ബോഹ്രറെ ഉദ്ധരിക്കാന്‍ പുറപ്പെടുന്നുണ്ട് ലേഖകന്‍. ഉദ്ധരിച്ചോ ഇല്ലയോ എന്നു വ്യക്തമല്ല. ബോഹ്രറുടേതെന്ത് വെങ്കിടേശ്വരന്‍റേതെന്ത് എന്നു വായിക്കുന്നവര്‍ക്ക് മനസ്സിലാവാന്‍ വഴിയില്ല. ആരാണാവോ ഈ ബോഹ്രര്‍? ഒരു പുസ്തകവും (അതു സാമാന്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് Google Scholar search കാണിക്കുന്നു) കുറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ച ഒരു യൂനിവേര്‍സിറ്റി പ്രൊഫസര്‍. എന്തിനാണ് ലേഖനകര്‍ത്താവ് ഈ പ്രൊഫസറുടെ വാക്കുകളില്‍ പറയുന്നത്? കേട്ടു പരിചയിക്കാത്ത പേരുകള്‍ എടുത്ത് എറിയുന്നതാണ് പാണ്ഡിത്യത്തിന്‍റെ ലക്ഷണം എന്നതാണോ? Ulzhan എന്ന ചലച്ചിത്രത്തെ ചില്ലറ സൈദ്ധാന്തിക വിശകലനത്തിനു വിധേയമാക്കുന്നു ലേഖകന്‍. "ഈ നായകന്‍ നമ്മളില്‍ കൊളോണിയല്‍ ഓര്‍മ്മകളുണര്‍ത്തുന്ന ഒരു 'ബിംബ'മാണ്" എന്നിത്യാദി. ഈ സൈദ്ധാന്തിക ജല്പനങ്ങള്‍ ഒരര്‍ത്ഥവും കൈമാറുന്നില്ല. ലേഖകന്‍ പറയുന്നത് മനസ്സിലാവണമെങ്കില്‍ ലേഖകന് ഈ ആശയങ്ങള്‍ കിട്ടിയ ഉറവിടം പരിശോധിക്കണം. കൊളോണിയലിസത്തിന്‍റെയും മറ്റു ചില കാര്യങ്ങളുടെയും ഓര്‍മ്മ "നമ്മളില്‍" ലേഖനകര്‍ത്താവ് വരുത്തുന്നത് ഇതേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് മറ്റാരോ ഈ ചിത്രത്തെ review ചെയ്തതുകൊണ്ടു മാത്രമാണ്. ഇവിടെ കാണാം അങ്ങനെയൊരു നിരൂപണം. കടപ്പാട് രേഖപ്പെടുത്താതെ ആശയങ്ങള്‍ ഭാഗികമായാണെങ്കിലും സ്വീകരിക്കുന്നത് plagiarismത്തിന് അടുത്തു നില്ക്കും. ലേഖകന്‍റെ സ്വന്തം ധിഷണയുടെ ഉത്പന്നങ്ങളാണ് ഈ സിദ്ധാന്തം എന്നു കരുതാന്‍ ഒരു ന്യായവുമില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അതു വ്യക്തമാക്കാന്‍ അദ്ദേഹത്തിന് ആവുമായിരുന്നു. ഇവിടെ ഉറവിടം നോക്കിയാല്‍ മാത്രമേ ലേഖകന്‍ പറയാന്‍ ശ്രമിക്കുന്നതെന്തെന്നു മനസ്സിലാവുകയുള്ളൂ. അവിടെനിന്നും ഇവിടെനിന്നും നുള്ളിയെടുത്ത അസംസ്കൃത ശകലങ്ങളാണ് ലേഖകന്‍ വിളമ്പുന്നത്.
പതിറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലിനുശേഷവും കെട്ടടങ്ങാത്ത കുര്‍ദ് സംഗീതത്തിന്‍റെ അയ്നൂര്‍ ശബ്ദം നമ്മെ ചരിത്രം പോലെ പിന്തുടരുന്നു.
എന്താണാവോ ഈ അയ്നൂര്‍ ശബ്ദം. അങ്ങനെ വല്ല ശബ്ദവുമുണ്ടാവാം. അല്ലെങ്കില്‍ ഇതു വിവരക്കേടാവാം. വായനക്കാര്‍ മുഴുവന്‍ പരാമൃഷ്ടമായ ചലച്ചിത്രം കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കില്‍ തുര്‍ക്കി/കുര്‍ദ് സംഗീതം പരിചയിച്ചവരാവില്ല. വായനക്കാര്‍ക്കു മനസ്സിലാവണം എന്നു കരുതി എഴുതുന്നവരാരും ഇത്തരം പരാമര്‍ശങ്ങള്‍ വിശദീകരണം കൂടാതെ നടത്തില്ല. മനഃപൂര്‍വ്വം എഴുത്തിനെ ദുര്‍ഗ്രഹമാക്കാന്‍ ശ്രമിക്കുന്നവര്‍ നേരേമറിച്ച് ഇത്തരം cultural references അവിടെയും ഇവിടെയും നുള്ളിയിടും. ലേഖനം ചിത്രരൂപത്തില്‍ കാണുന്നതിന് താഴെക്കാണുന്ന thumbnails ക്ലിക്ക് ചെയ്യുക. Free Image Hosting at www.ImageShack.us QuickPost Quickpost this image to Myspace, Digg, Facebook, and others! Free Image Hosting at www.ImageShack.us QuickPost Quickpost this image to Myspace, Digg, Facebook, and others! സി എസ് വെങ്കിടേശ്വരന്‍ എഡിറ്റോറിയല്‍ ഉപദേഷ്ടാവായുള്ള ഒരു വെബ് മാഗസിന് (വാസ്തവത്തില്‍ ബ്ലോഗ് ഫീഡുകളുടെ aggregate മാത്രം) ആദ്യത്തെ പോസ്റ്റ് ഞാന്‍ സബ്മിറ്റ് ചെയ്തു. ഇല എന്നാണ് ഈ സംരംഭത്തിന്‍റെ പേര്. ഒരു മറുപടിപോലും ഇല്ല. അതിനെക്കുറിച്ച് വീണ്ടും ചിലതു പറയാനുണ്ട്, അടുത്ത പോസ്റ്റില്‍.

1 Feb 2009

സി. എസ്. വെങ്കിടേശ്വരന്റെ മ(യ്യ)ത്തായിക്കവിത

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കോളമെഴുതുന്നു പ്രശസ്ത ചലച്ചിത്ര നിരൂപകനായ വെങ്കിടേശ്വരന്‍. സിനിമാ ടോക്കീസ് എന്നു പേര് കോളത്തിന്. കഴിഞ്ഞ ആഴ്ചയിലെ ലക്കത്തിനു തലക്കെട്ട് നാടകീയമാണ്. കൊഴുപ്പു കൂട്ടാന്‍ ഒരു കവിത ഊരും പേരുമില്ലാതെ കൊടുത്തിട്ടുണ്ട് എപ്പിഗ്രാഫ് കണക്കെ. പേരില്ലെന്നു പറഞ്ഞാല്‍ തികച്ചും ശരിയല്ല. ഒരു പേരുണ്ട്. തെളിച്ചു പറയുന്നത് സന്ദര്‍ഭത്തിന് യോജിച്ചതല്ലെന്നു കരുതിക്കാണണം. ലേഖനത്തില്‍ പറയുന്നത് ഊരും വേരുമറ്റ ചലച്ചിത്രങ്ങളെപ്പറ്റിയാണെന്നു തോന്നുന്നു. കവിതയുടെ വെങ്കിടേശ്വരപരിഭാഷ വായിച്ചിട്ട് ഒന്നും തോന്നിയില്ല, സനുസ്സിയെയും അതില്‍ പറയുന്നോ എന്നു മാത്രം സംശയിച്ചു. പിന്നീടെപ്പൊഴോ വെറുതേ ഗൂഗ്ള്‍ ചെയ്തു നോക്കിയപ്പോള്‍ വെങ്കിടേശ്വരന്‍ മയ്യത്താക്കിയ കവിത കണ്ടു. വല്യ മുന്തിയ ചരക്കൊന്നുമല്ല. എന്നാലും വെങ്കിടേശ്വരന്‍റെ കൈക്രിയ മുന്തിയതുതന്നെ. ഇതാണു മൂലകൃതി.

HISTORY OF MY FACE

My lips came with a caravan of slaves That belonged to the Grand Sanussi. In Al-Jaghbub he freed them. They still live in the poor section of Benghazi Near the hospital where I was born.

They never meant to settle In Tokara those Greeks Whose eyebrows I wear --then they smelled the wild sage And declared my country their birthplace.

The Knights of St. John invaded Tripoli. The residents of the city Sought help from Istanbul. In 1531 The Turks brought along my nose.

My hair stretches back To a concubine of Septimus Severus. She made his breakfast, Bore four of his sons.

Uqba took my city In the name of God. We sit by his grave And I sing to you: Sweet lashes, arrow-sharp, Is that my face I see Reflected in your eyes?

കിട്ടിയത് ഇവിടെനിന്ന്.

HISTORY OF MY FACE

വെങ്കിടേശ്വരന്‍ മത്തവയെ മത്താവി ആക്കി. ലിബിയയിലെ നഗരമായ ബെങ്ഗാസിയെ ബെങ്സായ് ആക്കി. (ഇടതുപക്ഷ ബുദ്ധിജീവിയായതുകൊണ്ട് ഷാങ്ഹായ്ക്ക് അടുത്തു പ്രതിഷ്ഠിച്ചതാവാം.) ഇതൊക്കെപ്പോട്ടെ, then they smelled the wild sage എന്നതിന് പിന്നെയവര്‍ ആ വനയോഗിയെ അറിയാനിടയാവുകയും എന്നെഴുതണമെങ്കില്‍! ശ്രീ വെങ്കിടേശ്വര കവേ...