Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room
Showing posts with label പുസ്തകനിരൂപണം. Show all posts
Showing posts with label പുസ്തകനിരൂപണം. Show all posts

23 Feb 2010

ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഇ എം എസ്

വിജ്ഞാനവിരോധിയും പുസ്തകവൈരിയുമായ ഇ എം എസിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. മാര്‍ക്സിസം എന്ന സിദ്ധാന്തത്തെ താഴ്ത്തിക്കെട്ടുന്ന ഈ ഇ എം എസ് കൃതി ആനുഷംഗികമായി പറഞ്ഞുപോയ അബദ്ധമല്ല. നിത്യചൈതന്യയതി മാര്‍ക്സിനെയും പ്രൂധോണിനെയും പറ്റി പറഞ്ഞ കാര്യങ്ങളെപ്പറ്റി തന്റെ അറിവില്ലായ്മ നീക്കിത്തരാന്‍ മഹാസൈദ്ധാന്തികനായ ഇ എം എസിനോട് അഭ്യര്‍ത്ഥിച്ച ഒരു പാവം കമ്യൂണിസ്റ്റുകാരന്  28.09.1992 ന് ചിന്തയില്‍ ചോദ്യോത്തര പംക്തിയില്‍ ഇ എം എസ് നല്കിയ മറുപടിയാണ് ഈ കൃതി. സഞ്ചിക 41ല്‍, 328-330 താളുകളില്‍ കാണാം. അതിനെക്കുറിച്ച് വായിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഇ എം എസ്

13 Feb 2010

തര്‍ജ്ജമ, ദേശാഭിമാനി സ്റ്റൈല്‍ (ഹൌവര്‍ഡ് സിന്നും ലാവ്ലിനും)

സോവിയറ്റ് യൂനിയനിലെ ഓവുമാരും ഇസ്കിമാരും എഴുതുന്നതൊന്നും കിട്ടാത്ത ഈ കാലത്ത് അമേരിക്കയിലെ ബുദ്ധിജീവികളില്‍നിന്നാണ് സി പി എം വിജ്ഞാനം ആദാനം ചെയ്യുന്നത്. കമ്യൂണിസത്തിന്റെ പണി ഏതാണ്ടൊക്കെ കഴിഞ്ഞതുകൊണ്ട് കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യങ്ങളെപ്പറ്റി അവരൊന്നും കാര്യമായി ഇപ്പോള്‍ പറയാറില്ലെന്നത് സൌകര്യവുമായി.
ദേശാഭിമാനിയില്‍ വന്ന ഒരു ചരക്കിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. സംഗതി ഇവിടെ കാണാം.  Amy Goodman ന്റെ  ഡെമോക്രസി നൌ എന്ന റ്റെലിവിഷന്‍ പരിപാടിയില്‍ ഹൌവര്‍ഡ് സിന്നിനെപ്പറ്റിയുള്ള എപ്പിസോഡിന്റെ ട്രാന്‍സ്ക്രിപ്റ്റ് ദേശാഭിമാനി വാരിക പരിഭാഷ ചെയ്ത്  പ്രസിദ്ധീകരിച്ചെന്നു തോന്നുന്നു. എന്‍ എസ് സജിത് എന്ന ദേഹമാണ് പരിഭാഷകന്‍. സി പി എം ബുദ്ധിജീവിയാവണം. ആവാതെ വയ്യ. ദേശാഭിമാനിയുടെ ഓണ്‍ലൈന്‍ ആര്‍ക്കൈവ് ബ്ലോഗെറില്‍ ഓടിക്കുന്ന ഏതോ ഇടപെട്ടളയും സഗാവ് അത് യൂനികോഡിലാക്കി ഇവിടെയും പ്രസിദ്ധീകരിച്ചു.
ദേശാഭിമാനിയെ സംബന്ധിക്കുന്ന എന്തെങ്കിലും മണ്ടത്തരമല്ലാതെ വരുമോ? പതിവുപോലെ നിറയെ മണ്ടത്തരമാണ്. transcript മൂലരൂപത്തില്‍ ഇവിടെ കാണാം.
കറുപ്പിലുള്ളത് മൂലരൂപത്തില്‍നിന്ന് ഉദ്ധരിച്ചത്. ചെമപ്പിലുള്ളത് ചെമപ്പന്‍ വ്യാഖ്യാനം. നീല എന്റെ അഭിപ്രായവും.

 ... although recently they gave him an honorary degree, and he addressed the graduating class. Why was he thrown out?
ബിരുദക്ളാസില്‍ പഠിപ്പിച്ചിരുന്ന അദ്ദേഹത്തെ എന്തിനാണ് പുറത്താക്കിയത്?
ഓണററി ബിരുദം സ്വീകരിച്ചുകൊണ്ട് സിന്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളോട് സംസാരിച്ചതാണ് കാര്യം, ബിരുദ ക്ലാസില്‍ പഠിപ്പിച്ചതല്ല.

They didn’t fire him face to face.
മുഖാമുഖം നിന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.
വെടിയൊന്നും ഉതിര്‍ക്കേണ്ട. fire എന്നാല്‍ പണിയില്‍നിന്നു പിരിച്ചുവിടുക എന്നേ അര്‍ത്ഥമുള്ളൂ.

What they needed was for us not to rock the boat.
വഞ്ചി മുങ്ങാതെ നോക്കുക മാത്രമായിരുന്നു ഞങ്ങള്‍ക്ക് വേണ്ടത്.
rock the boat എന്നത് ഒരു ശൈലി. വഞ്ചി മുക്കേണ്ട കാര്യമില്ല. ഞങ്ങള്‍ പ്രശ്നമുണ്ടാക്കരുതെന്നതായിരുന്നു അവര്‍ക്കു വേണ്ടത്.

Howard Zinn traveled to North Vietnam with Father Daniel Berrigan
അദ്ദേഹവും അച്ഛന്‍ ഡാനിയല്‍ ബെറിഗനും വിയത്നാമില്‍
സിന്നിന്റെ അച്ഛനാണ് ബെറിഗന്‍ എന്നര്‍ത്ഥം വരുന്ന രീതിയില്‍ നാലഞ്ചിടത്ത് പറഞ്ഞിട്ടുണ്ട്. വേണ്ടത് ഫാദര്‍ ഡാനിയല്‍ ബെറിഗന്‍ അല്ലെങ്കില്‍ ബെറിഗനച്ഛന്‍.

When Daniel Ellsberg needed a place to hide the Pentagon Papers before they were leaked to the press, he went to Howard and his late wife Roz.
പെന്റഗണ്‍ രേഖകള്‍ പുറത്തുവിട്ടയുടന്‍ ഡാനിയല്‍ എല്‍സ്ബെര്‍ഗ് അഭയം തേടിയത് ഹൊവാഡ് സിന്നിന്റെയും ഭാര്യ റോസിന്റെയും അടുക്കലാണ്.
രേഖ പുറത്തുവിടുന്നതിനുമുമ്പ് ഒളിച്ചുവെയ്ക്കാനാണ് അല്ലാതെ പുറത്തുവിട്ടശേഷം സ്വയം ഒളിക്കാനല്ല.

Twelve hundred heavy bombers, and I was in one of them.
1200 ബോംബര്‍മാരില്‍ ഒരാളായിരുന്നു ഞാന്‍.
ഞാനൊരു ബോംബെറായിരുന്നില്ല. 1200 ബോംബെര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഞാനുണ്ടായിരുന്നു.

Columbia University
കൊളംബോ യൂണിവേഴ്സിറ്റിയില്‍ 

ഒന്നും പറയേണ്ടതില്ല.

We were still battling to get into restaurants.
റെസ്റ്റോറന്റിലേക്ക് പോവാന്‍ ഞങ്ങള്‍ തിരക്കുകൂട്ടുന്ന സമയത്ത്
(കറുത്തവര്‍ഗ്ഗക്കാര്‍ക്ക്) ഭക്ഷണശാലകളില്‍ പ്രവേശനത്തിനായി ഞങ്ങള്‍ പ്രക്ഷോഭം നടത്തുന്ന കാലമായിരുന്നു അത്.
 


But it sank in pretty quickly, and it just changed the way people looked at the war.
അതുപ്രകാരം ഞാന്‍ റിവ്യൂ എഴുതി. എന്നാല്‍ യുദ്ധത്തോടുള്ള ജനങ്ങളുടെ സമീപനത്തില്‍ വന്ന മാറ്റത്തില്‍ പുസ്തകം മുങ്ങിപ്പോയി.
പുസ്തകം മുങ്ങിപ്പോയതല്ല. പുസ്തകം താമസംവിനാ അംഗീകാരം നേടിയതാണ് കാര്യം. sink എന്ന പദത്തിന്റെ ഈ പറയുന്ന അര്‍ത്ഥത്തില്‍: Penetrate into the mind, heart, etc.; be comprehended. (Examples:  He needed a little time to let a notion sink into his mind. (
W. S. Maugham)   It hasn't really sunk in yet that..the children are ours. (Daily Express) (from Shorter Oxford English Dictionary)
 
അമേരിക്കന്‍ ചരിത്രത്തില്‍ ബദല്‍ നായകന്മാര്‍ ഏറെയുണ്ട്. ഫാനി ലോ ഹാമറും ബോബ് മോസസും പോലുള്ളവര്‍. അവര്‍ പൌരാവകാശത്തിനായുള്ള പോരാട്ടത്തിലെ നായകരാണ്.
ആദ്യം പറഞ്ഞത് ഒരു സ്ത്രീ നാമം. നായകനല്ല, നായിക.
 

അടുത്തത് വെറും മണ്ടത്തരമല്ല, പ്രത്യയശാസ്ത്രം ചേര്‍ന്ന തട്ടിപ്പും കൂടിയാണ്.
No matter what we’re told, no matter what tyrant exists, what border has been crossed, what aggression has taken place, it’s not that we’re going to be passive in the face of tyranny or aggression, no, but we’ll find ways other than war to deal with whatever problems we have, because war is inevitably—inevitably—the indiscriminant massive killing of huge numbers of people. And children are a good part of those people. Every war is a war against children.

നമ്മോട് എന്തു പറഞ്ഞു എന്നതല്ല പ്രശ്നം. ക്രൂരനായ ഏത് സ്വേഛാധിപതി ഇവിടെയുണ്ടായിരുന്നോ, ഏതെല്ലാം അതിരുകള്‍ ലംഘിച്ചുവോ ഏതുതരം ആക്രമണങ്ങളും അധിനിവേശങ്ങളും നടന്നു എന്നതൊന്നുമല്ല പ്രശ്നം. സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല. നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുദ്ധമല്ലാതെയുള്ള എല്ലാ മാര്‍ഗങ്ങളും നമ്മള്‍ തേടും. കാരണം യുദ്ധം അനിവാര്യതയാണ്, വിവേചനരഹിതമായി പാവങ്ങളെ കൂട്ടക്കൊലചെയ്യുന്ന അനിവാര്യത. ഈ ഇരകളില്‍ നല്ലപങ്കും കുട്ടികളാണ്. ഒരോ യുദ്ധവും കുട്ടികള്‍ക്കെതിരെയുള്ള യുദ്ധമാണ്.
സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ലത്രെ. അതു സി പി എം മുദ്രാവാക്യം മാത്രം. സിന്‍ പറഞ്ഞതിന് ആ അര്‍ത്ഥമല്ല. യുദ്ധത്തിനെതിരായ പ്രസ്താവനയെ വളച്ചൊടിച്ച് നേരെ വിരുദ്ധമായ അര്‍ത്ഥം വരുത്താനാണ് ദേശാഭിമാനിവക തര്‍ജ്ജമക്കാരന്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി "യുദ്ധം അനിവാര്യതയാണ്" എന്നുവരെ എഴുതിവെച്ചിരിക്കുന്നു. 

ലേബലില്‍ ലാവ്ലിനുമുണ്ട്. പിണറായി വിജയനെ കളിയാക്കുകയാണ്. സെക്രട്ടറി സൂക്ഷിക്കുക. കള്ളന്‍ കപ്പലിലുണ്ട്.  
 
 വിവര്‍ത്തനം: എന്‍ എസ് സജിത് കടപ്പാട്: 'ഡെമോക്രസി നൌ'/ദേശാഭിമാനി വാരിക

8 Feb 2010

നായനാരുടെ ഒളിവുകാല സ്മൃതികള്‍

നായനാര്‍ ജീവിതസായാഹ്നത്തിലെഴുതിയ ഈ പുസ്തകം ബഹുരസമാണ്. താന്‍ സഹിച്ച ത്യാഗങ്ങള്‍, യാതനകള്‍ എന്നിവ നാലാളറിയട്ടെ എന്നല്ലാതെ മറ്റൊരു ഉദ്ദേശ്യവും ഈ പുസ്തകം നിറവേറ്റാനുദ്ദേശിക്കുന്നതായി നായനാര്‍ തന്നെ പറയുന്നില്ല. സ്വന്തം ദുരിതവും ത്യാഗവും പറഞ്ഞു കേമനാവുന്നത് ലേശം തരംതാണ ഏര്‍പ്പാടായാണ് ലോകത്തൊട്ടുമിക്കയിടത്തും കരുതപ്പെടുന്നതെന്നു കേരളത്തിലെ ചില കമ്യൂണിസ്റ്റു നേതാക്കന്മാര്‍ക്കറിഞ്ഞുകൂടാ. ഗുരു നിന്നു പാത്തിയാല്‍ നടന്നു പാത്തുന്ന ശിഷ്യന്മാരാവട്ടെ ഇതൊക്കെ വായിച്ച് വികാരവിജൃംഭിതരാവുകയും പുസ്തകത്തില്‍ തൊട്ട് ആണയിട്ട് ഇവരുടെ മഹത്വവും ധാര്‍മ്മികമൂല്യങ്ങളും വാഴ്ത്തുകയും ചെയ്യും. 
അങ്ങനെ പത്ത് കൊല്ലത്തിലധികം കാലത്തെ അജ്ഞാതവാസം കൊണ്ട കൈവന്ന ഒട്ടെറെ അനുഭവങ്ങള്‍. സഹിച്ച യാതനകളും പീഡനങ്ങളും. അവ വിതച്ച ആവേശവും നിശ്ചയദാര്‍ഢ്യവും. 
ആമുഖത്തില്‍ തന്റെ ഒളിവുജീവിതം ഓര്‍ത്ത് നായനാര്‍  പുളകംകൊള്ളുകയാണ്.
വടക്കേ മലബാറില്‍ പിറന്നുവീണ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ കൃഷിക്കാര്‍ നടത്തിയ സമരങ്ങള്‍ക്കും ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത അധ്യായങ്ങള്‍ക്കും കൈയും കണക്കുമില്ല. അതില്‍ എളിയതെങ്കിലും എന്റേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞുവെന്നത് എന്നെ ഏറെ ചരിതാര്‍ഥനാക്കുന്നു. അതിനുവേണ്ടി സഹിച്ച കൊടുംയാതനകളുടെ കയ്പേറിയ അനുഭവങ്ങളും അഗ്നിപരീക്ഷണങ്ങളും മനസിലിട്ട് ചികയുമ്പോള്‍ ഇന്ന് വല്ലാത്ത അനുഭൂതി.
ഇങ്ങനെ ചികയുന്ന ചില അഗ്നിപരീക്ഷണങ്ങള്‍ സി പി എം അന്ധത ബാധിക്കാത്തവര്‍ വായിച്ചാല്‍ മറ്റു ചില അനുഭൂതികളാണുണ്ടാവുക. ഏതാനും ചില ഒളിവുജീവിത അദ്ധ്യായങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു.
ഒരു കാടിനോടുചേര്‍ന്നുകിടക്കുന്ന മൊട്ടക്കുന്നില്‍ നായനാരും സംഘവും പൊലീസിനെ നേരിട്ട കഥ നായനാര്‍ വര്‍ണ്ണിക്കുന്നത് വായിക്കുക. 

തോക്കും പിടിച്ചു നില്‍ക്കുന്ന പൊലീസുകാരന്റെ മുന്‍പില്‍ പെട്ട വിപ്ലവസംഘം. നായനാരുടെ കുട കണ്ടു തോക്കാണെന്നു ധരിച്ചുപോയി പൊലീസുകാരന്‍. അയാള്‍ വിസിലടിച്ചു. പരിസരത്താകെയുള്ള പൊലീസുകാരെ വരുത്താനായിരുന്നു വിസിലടി. നായനാരുടെ ചെവിതുളച്ചുകയറിയ വിസിലടി. പിന്നെ നായനാരും സംഘവും എന്തുചെയ്തെന്നോ?

ഞങ്ങളിതു മനസ്സിലാക്കി അല്‍പ്പസമയം തിരിഞ്ഞുനിന്ന് മറുഭാഗം വഴിക്കു നടന്നു. നടക്കുകയായിരുന്നില്ല എങ്ങനെയോ കാലെടുത്തു വെക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി.
ലോറെല്‍, ഹാര്‍ഡി ചലച്ചിത്രത്തിലൊക്കെ കാണുംപോലെ. തോക്കുമായി പൊലീസുകാരന്‍ അപ്പുറം നിന്നു വിസിലടിക്കുന്നു. ചുറ്റുപാടുമുള്ള പൊലീസുകാര്‍ ഓടിവരുന്നു. നായനാരുടെ കുടത്തോക്കുകണ്ട് സ്തബ്ധരാവുന്നു. ആ സമയം വിപ്ലവകാരി സംഘം കുറച്ചുനേരം തിരിഞ്ഞുനില്‍‌ക്കുന്നു. എന്തോ അനുഷ്ഠാനമാവണം. പിന്നെ കാലെടുത്തുവെച്ച് മറുദിശയില്‍ നടക്കുന്നു. വെറുതെയാണോ ഒളിവുജീവിതത്തിന്റെ സുഖത്തെപ്പറ്റി ചില അസൂയാലുക്കള്‍ പറയുന്നത്.
വേറൊരു സംഭവം നോക്കുക:

വനത്തിന്റെ മധ്യത്തിലുള്ള കുടിലാണ് നായനാരുടെ ഷെല്‍ട്ടര്‍. ഒരു പകല്‍ നായനാര്‍ അകത്തിരുന്നു വായിക്കുന്നു. വീട്ടുകാരി ജോലിക്കു പോവാന്‍ പുറപ്പെടുമ്പോള്‍ പൊലീസു വരുന്നതു കാണുന്നു. നായനാരെ വിവരമറിയിക്കുന്നു. ഇറങ്ങിയോടി നായനാര്‍ കാട്ടിലൊളിക്കുന്നു. അവിടെയിരുന്ന് പൊലീസുകാരുടെ പരാക്രമങ്ങള്‍ കാണുന്നു. സി പി എസ് യു ബി ചരിത്രം എന്ന പുസ്തകം കണ്ട് അതാരുടേതാണെന്നു ചോദിച്ചുകൊണ്ട്   കല്യാണിയെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതും വസ്ത്രം വലിച്ചുകീറുന്നതും നായനാര്‍ കാട്ടില്‍ മറഞ്ഞിരുന്നു കാണുന്നു. ഒരുവേള വിപ്ലവകാരിയുടെ കൈതരിച്ചെങ്കിലും പാര്‍ട്ടിബോധം ഉണര്‍ന്നു തന്റെ വിപുലമായ ലക്ഷ്യത്തെപ്പറ്റിയോര്‍ത്ത് അദ്ദേഹം അടങ്ങുന്നു.
ഇതൊക്കെ നടക്കുന്നത് വെറും ഇരുപതടി അകലെ. വീടും കാടും തമ്മില്‍ വെറും ഇരുപതടി അകലം. എന്നിട്ടു പൊലീസുകാര്‍ നായനാരെ കണ്ടില്ല. പട്ടാപ്പകല്‍! വെറും ഇരുപതടി അപ്പുറത്ത് ഒളിവിലെ വീരനായകന്‍ ഇരിക്കുന്നു. ഹമ്പോ എന്തൊരു കാട്! ഇരുപതടിയകലെ ഇത്തരത്തില്‍ ആളെ ഒളിപ്പിക്കാവുന്ന കാട് കഥകളിലേ കണ്ടിട്ടുള്ളൂ.
ഇത്തരം കാടുകള്‍ നായനാരുടെ സ്മൃതിയില്‍ ഒന്നല്ല.  


ഒരു കുറ്റിക്കാട്ടിലൊളിച്ച നായനാരെ പൊലീസുകാര്‍ വളഞ്ഞു. 
"പലഭാഗത്തുനിന്നും ടോര്‍ച്ചിന്റെ വെളിച്ചം. ആ വീടം ഈ കാടുമടക്കം ഗുണ്ടകള്‍ പൊലീസിന്റെ സഹായത്തോടെ വളഞ്ഞുനിന്ന് പരിശോധിക്കുകയാണ്. കല്ലേറായിരുന്നു അടുത്ത പ്രയോഗം."
നായനാര്‍ മലര്‍ന്നുകിടക്കുന്ന കുറ്റിക്കാടിന്റെ മധ്യത്തില്‍ വരാന്‍ ധൈര്യംപോരാത്തതുകൊണ്ട് ചുറ്റും നടന്ന് ടോര്‍ച്ചടിക്കുകയും കല്ലെറിയുകയും ചെയ്ത് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ പോയി!
 "തികഞ്ഞ മദാലസയായിരുന്ന" ഒരു യുവതി ഗൃഹനാഥയായുള്ള വീട്ടില്‍ ഒളിവില്‍  താമസിച്ചതും അവളുടെ ജാരന്റെ സന്ദര്‍ശനത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നതും നായനാര്‍ വര്‍ണ്ണിക്കുന്നു. സന്ധ്യ്ക്കു വന്ന് തന്റെ കൈപിടിച്ച ഈ മദാലസയെ കമ്യൂണിസത്തിലെ സ്ത്രീവിമോചന പാഠങ്ങള്‍ നായനാര്‍ പഠിപ്പിച്ചതു വര്‍ണ്ണിക്കുന്നത് നല്ല രസമാണ്.
 
ആദ്യം ഈ മദാലസയോട് ഓതിയ ഈ കമ്യൂണിസ്റ്റ് പാഠങ്ങള്‍ പിന്നീട് താനോതിയത് കെ എം മാണിയോടായിരുന്നുവെന്നും നായനാര്‍ ഓര്‍ക്കുന്നു.
അനുരാഗവിവശയായ തരുണിയോടും നായനാര്‍ ഇതേപാഠങ്ങള്‍ പ്രയോഗിച്ചു. തിരുവിതാംകൂറില്‍ താമസിക്കുന്ന കാലത്തായിരുന്നു മധുരപ്പതിനേഴുകാരിയായ ലക്ഷ്മിക്കു നായനാരോട് അനുരാഗം ഉണ്ടായത്. 
ഗ്രാമത്തിനു ചന്ദനക്കുറി ചാര്‍ത്തുന്ന കായലോരത്തെ ഒരു കൊച്ചുകുടിലിലാണ് ഞാനന്ന് താമസിച്ചത്.
പിന്നെ പ്രേമമെങ്ങനെ വരാതിരിക്കും. നാടുവാഴി സംസ്കാരത്തിനുനേരേ വാക്കുകള്‍കൊണ്ടു പ്രകമ്പനമുണ്ടാക്കുമെങ്കിലും ഈ നായന്മാരുടെ മനസ്സില്‍ ചന്ദനക്കുറി ചിലതൊക്കെ ഉണര്‍ത്തും. ലക്ഷ്മിയോട്  ഒരുമിച്ചുണ്ണുകയും ഒരുമിച്ചു കുളിക്കുകയും ചെയ്തുണ്ടായ പ്രണയം.

 
"യുവാവും കോമളനുമായ ആ ഏകാന്തവാസിയോട്" എന്നു തന്നെപ്പറ്റിതന്നെ പറയുന്നു നായനാര്‍! 
ഏതായാലും ഈ കോമളന്‍ തരുണിയെ ഉദ്ബോധിപ്പിക്കാനായി പറയുന്ന കാര്യങ്ങള്‍ കമ്യൂണിസ്റ്റുകാരനായ ശ്രീനിവാസന്‍ പെണ്ണുകാണാന്‍പോയി പറയുന്ന കാര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ചിത്രമേതെന്ന് ഓര്‍മ്മയില്ല.
ചന്ദനക്കുറി മാത്രമല്ല. ലേശം ജ്യോതിഷവും നായനാര്‍ക്കു വിരോധമില്ല. കമ്യൂണിസ്റ്റുകാരനായ കണിയാന്‍ പ്രശ്നം വെച്ചു പറഞ്ഞു ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ തോല്‍ക്കും. തോറ്റു, പറഞ്ഞതുപോലെ. യാദൃച്ഛികതയാണോ അതോ ജ്യോതിഷത്തിന്റെ ഫലപ്രാപ്തിയില്‍ അത്ഭുതം കൂറുന്ന വിശ്വാസമാണോ നായനാര്‍ ഇവിടെ പങ്കുവെയ്ക്കുന്നതെന്നു വായനക്കാര്‍ നിശ്ചയിക്കുക.


തന്റെ ഒളിവിലെ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന വിജൃംഭനം പോരാഞ്ഞ് ജൂലിയസ് ഫുച്ചീക്കിനെ കുറച്ചു ദീര്‍ഘമായി ഉദ്ധരിക്കുന്നുണ്ട് നായനാര്‍. അദ്ദേഹത്തെ തൂക്കിക്കൊന്നെന്ന് ഒരു നാലിടത്തെങ്കിലും പറയുകയും ചെയ്യുന്നു. തൂക്കിലേറ്റിയല്ല, കഴുത്തുവെട്ടിയാണ് അദ്ദേഹത്തെ കൊന്നത്. 
ഇങ്ങനെയൊക്കെ ഒളിവിലെ സ്മൃതികളെഴുതി അതു പാര്‍ട്ടിക്കാര്‍‌ വിശ്വസിക്കുമെന്നു വിചാരിക്കുന്ന നേതാക്കളുടെ മനോനില, അതു വിശ്വസിക്കുന്ന അണികളുടെ മനോനില, ഇതൊക്കെ വിചിത്രം തന്നെ.

31 Jan 2010

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഇ എം എസ് ഭക്തിയും ചില കൊച്ചുകള്ളങ്ങളും

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഇ എം എസ് ഭക്തി എന്നു പറയണോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരന്റെ ഇ എം എസ് ഭക്തി എന്നു പറയണോ? പാര്‍ട്ടിയില്‍ നിന്നു പുറത്തായ അപ്പുക്കുട്ടന്‍ ഇത്തരമൊരു കള്ളപ്പുസ്തകം എഴുതാനിടയില്ല. അന്നു ചേരയെത്തിന്നുന്ന പാര്‍ട്ടിയില്‍ നടുക്കണ്ടം നോക്കിത്തിന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നു മിടുക്കനായി. ആ മിടുക്കാണ് അറിയപ്പെടാത്ത ഇ എം എസ് എന്ന ജീവചരിത്രം. കുറെയേറെ എഡിഷനുകള്‍. സാഹിത്യ അക്കാദമി അവാര്‍ഡ്. എം എന്‍ വിജയന്റെ മുന്‍കുറി. അതിന്റെ പേര് അസ്വസ്ഥമാക്കുന്ന ഇ എം എസ്... പി ഗോവിന്ദപിള്ളയുടെ അവതാരിക. പറയാതെവിട്ടും വിലയിരുത്താതെ വിട്ടും കാട്ടുന്ന കള്ളങ്ങള്, കൊച്ചുകള്ളങ്ങള്‍‍.
കുഞ്ചു രാവിലെ പായയും ചുരുട്ടി കുളങ്ങരയ്ക്കുപോവുന്നതിന്റെ രഹസ്യം വള്ളിക്കുന്ന് കണ്ടുപിടിച്ച് വിവരിച്ചിരിക്കുന്നു. കിടക്കയില്‍ മുള്ളുന്ന ശീലക്കേടുണ്ട് കുഞ്ചുവിന്. ഇതൊന്നും നാട്ടാര്‍ക്കറിയില്ലല്ലോ. അറിയപ്പെടാത്ത ഇ എം എസ് ആണ് വള്ളിക്കുന്നിന്റെ വിഷയം.

വിവാഹത്തെപ്പറ്റി ഒരദ്ധ്യായമുണ്ട്. ചടങ്ങുകളൊക്കെ വിശദമായി വിവരിച്ചിരിക്കുന്നു. വധുവിന് എച്ചില്‍ നല്കാതെ മുഴുവന്‍കഴിച്ചെണീറ്റ ഇ എം എസ് മണിയറയിലും ആദര്‍ശം പാലിച്ച കാര്യം വള്ളിക്കുന്നു വിവരിക്കുന്നു.

പക്ഷേ... സ്ത്രീധനം വാങ്ങിയതിനെപ്പറ്റി ഒരു പരാമാര്‍ശവുമില്ലല്ലോ. 1987-ലാണ് പുസ്തകമിറങ്ങുന്നത്. 1985-ലാണ് ഇ എം എസ് താന്‍ സ്ത്രീധനം വാങ്ങിയതിനെ തരംതാണ് ന്യായീകരിക്കുന്നത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്തര്‍ജ്ജനം വനിതയുമായുള്ള അഭിമുഖത്തില്‍ ഈ രഹസ്യം പുറത്തുവിടുന്നത്. അപ്പോള്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ഇക്കാര്യം അറിയാതിരിക്കാന്‍ വഴിയില്ല. വിപ്ലവത്തിനുവേണ്ടി ചെയ്ത നെറികേടുകള്‍. ആ നെറികേടുകള്‍ പറയാതിരിക്കുക എന്ന നെറികേടും വിപ്ലവത്തിനുവേണ്ടി. നേരും നെറിയും നിശ്ചയിക്കുന്നത് വിപ്ലവത്തിന്റെ, പാര്‍ട്ടിയുടെ, നേതാക്കന്മാരുടെ സൌകര്യം അനുസരിച്ച്.
പക്ഷേ, ഈ ജീവിതത്തിന്റെ ആദ്യകാലം ഒരു വലിയ തട്ടിപ്പാണെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ പുസ്തകം ഭക്തിതീണ്ടാതെ വായിച്ചാല്‍ കാണാം. അതിനെപ്പറ്റി പിന്നീട്.
വിവാഹത്തെപ്പറ്റി പറയുന്നിടത്ത് ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട്. വിവാഹവേളയില്‍ എന്ന അടിക്കുറിപ്പോടെ. അതിലുള്ളത് തലനരച്ച ഇ എം എസ്. ഏ കെ ജിയുമുണ്ടത്രേ അടുത്ത്. അന്തര്‍ജ്ജനത്തിനും നല്ല  പ്രായം മതിക്കുന്നു.  മുപ്പതാവുന്നതിനുമുമ്പായിരുന്നു വിവാഹം. സ്കേന്‍ കൊടുത്തത് 2003ലെ റിവൈസ്ഡ് എഡിഷന്‍ ബ്ലാക്ക്  & വൈറ്റ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചതില്‍നിന്നാണ്.
ആ  ഫോട്ടോയും ഒരു കൊച്ചുകള്ളമല്ലേ എന്നു സംശയം. തറ്റുടുത്ത്, കുപ്പായമില്ലാതെ, പൂണൂലും കാട്ടി  കോലും പിടിച്ചായിരിക്കുമല്ലോ ചടങ്ങുകള്‍ പ്രകാരം നടന്ന ഈ വിവാഹത്തില്‍ നമ്പൂതിരിപ്പാടിന്റെ രൂപം. പകരം കുപ്പായമിട്ട് സോഫയില്‍ ഭാര്യയോടൊപ്പമിരിക്കുന്ന ഫോട്ടോ കൊടുത്തതും ഒപ്പം ഏ കെ ജി ഉണ്ട് എന്നു പറയുന്നതും ശരിക്കും ഉള്ളതുതന്നെയോ വള്ളിക്കുന്നേ? (സത്യത്തില്‍ നമ്പൂതിരിസമുദായത്തില്‍പ്പെടാത്ത ആരെങ്കിലും ഇ എം എസിന്റെ വിവാഹത്തില്‍ പങ്കുകൊണ്ടോ എന്നറിയാന്‍ താത്പര്യമുണ്ട്.)