Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

31 Jan 2010

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഇ എം എസ് ഭക്തിയും ചില കൊച്ചുകള്ളങ്ങളും

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഇ എം എസ് ഭക്തി എന്നു പറയണോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരന്റെ ഇ എം എസ് ഭക്തി എന്നു പറയണോ? പാര്‍ട്ടിയില്‍ നിന്നു പുറത്തായ അപ്പുക്കുട്ടന്‍ ഇത്തരമൊരു കള്ളപ്പുസ്തകം എഴുതാനിടയില്ല. അന്നു ചേരയെത്തിന്നുന്ന പാര്‍ട്ടിയില്‍ നടുക്കണ്ടം നോക്കിത്തിന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നു മിടുക്കനായി. ആ മിടുക്കാണ് അറിയപ്പെടാത്ത ഇ എം എസ് എന്ന ജീവചരിത്രം. കുറെയേറെ എഡിഷനുകള്‍. സാഹിത്യ അക്കാദമി അവാര്‍ഡ്. എം എന്‍ വിജയന്റെ മുന്‍കുറി. അതിന്റെ പേര് അസ്വസ്ഥമാക്കുന്ന ഇ എം എസ്... പി ഗോവിന്ദപിള്ളയുടെ അവതാരിക. പറയാതെവിട്ടും വിലയിരുത്താതെ വിട്ടും കാട്ടുന്ന കള്ളങ്ങള്, കൊച്ചുകള്ളങ്ങള്‍‍.
കുഞ്ചു രാവിലെ പായയും ചുരുട്ടി കുളങ്ങരയ്ക്കുപോവുന്നതിന്റെ രഹസ്യം വള്ളിക്കുന്ന് കണ്ടുപിടിച്ച് വിവരിച്ചിരിക്കുന്നു. കിടക്കയില്‍ മുള്ളുന്ന ശീലക്കേടുണ്ട് കുഞ്ചുവിന്. ഇതൊന്നും നാട്ടാര്‍ക്കറിയില്ലല്ലോ. അറിയപ്പെടാത്ത ഇ എം എസ് ആണ് വള്ളിക്കുന്നിന്റെ വിഷയം.

വിവാഹത്തെപ്പറ്റി ഒരദ്ധ്യായമുണ്ട്. ചടങ്ങുകളൊക്കെ വിശദമായി വിവരിച്ചിരിക്കുന്നു. വധുവിന് എച്ചില്‍ നല്കാതെ മുഴുവന്‍കഴിച്ചെണീറ്റ ഇ എം എസ് മണിയറയിലും ആദര്‍ശം പാലിച്ച കാര്യം വള്ളിക്കുന്നു വിവരിക്കുന്നു.

പക്ഷേ... സ്ത്രീധനം വാങ്ങിയതിനെപ്പറ്റി ഒരു പരാമാര്‍ശവുമില്ലല്ലോ. 1987-ലാണ് പുസ്തകമിറങ്ങുന്നത്. 1985-ലാണ് ഇ എം എസ് താന്‍ സ്ത്രീധനം വാങ്ങിയതിനെ തരംതാണ് ന്യായീകരിക്കുന്നത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്തര്‍ജ്ജനം വനിതയുമായുള്ള അഭിമുഖത്തില്‍ ഈ രഹസ്യം പുറത്തുവിടുന്നത്. അപ്പോള്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ഇക്കാര്യം അറിയാതിരിക്കാന്‍ വഴിയില്ല. വിപ്ലവത്തിനുവേണ്ടി ചെയ്ത നെറികേടുകള്‍. ആ നെറികേടുകള്‍ പറയാതിരിക്കുക എന്ന നെറികേടും വിപ്ലവത്തിനുവേണ്ടി. നേരും നെറിയും നിശ്ചയിക്കുന്നത് വിപ്ലവത്തിന്റെ, പാര്‍ട്ടിയുടെ, നേതാക്കന്മാരുടെ സൌകര്യം അനുസരിച്ച്.
പക്ഷേ, ഈ ജീവിതത്തിന്റെ ആദ്യകാലം ഒരു വലിയ തട്ടിപ്പാണെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ പുസ്തകം ഭക്തിതീണ്ടാതെ വായിച്ചാല്‍ കാണാം. അതിനെപ്പറ്റി പിന്നീട്.
വിവാഹത്തെപ്പറ്റി പറയുന്നിടത്ത് ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട്. വിവാഹവേളയില്‍ എന്ന അടിക്കുറിപ്പോടെ. അതിലുള്ളത് തലനരച്ച ഇ എം എസ്. ഏ കെ ജിയുമുണ്ടത്രേ അടുത്ത്. അന്തര്‍ജ്ജനത്തിനും നല്ല  പ്രായം മതിക്കുന്നു.  മുപ്പതാവുന്നതിനുമുമ്പായിരുന്നു വിവാഹം. സ്കേന്‍ കൊടുത്തത് 2003ലെ റിവൈസ്ഡ് എഡിഷന്‍ ബ്ലാക്ക്  & വൈറ്റ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചതില്‍നിന്നാണ്.
ആ  ഫോട്ടോയും ഒരു കൊച്ചുകള്ളമല്ലേ എന്നു സംശയം. തറ്റുടുത്ത്, കുപ്പായമില്ലാതെ, പൂണൂലും കാട്ടി  കോലും പിടിച്ചായിരിക്കുമല്ലോ ചടങ്ങുകള്‍ പ്രകാരം നടന്ന ഈ വിവാഹത്തില്‍ നമ്പൂതിരിപ്പാടിന്റെ രൂപം. പകരം കുപ്പായമിട്ട് സോഫയില്‍ ഭാര്യയോടൊപ്പമിരിക്കുന്ന ഫോട്ടോ കൊടുത്തതും ഒപ്പം ഏ കെ ജി ഉണ്ട് എന്നു പറയുന്നതും ശരിക്കും ഉള്ളതുതന്നെയോ വള്ളിക്കുന്നേ? (സത്യത്തില്‍ നമ്പൂതിരിസമുദായത്തില്‍പ്പെടാത്ത ആരെങ്കിലും ഇ എം എസിന്റെ വിവാഹത്തില്‍ പങ്കുകൊണ്ടോ എന്നറിയാന്‍ താത്പര്യമുണ്ട്.)


No comments:

Post a Comment