Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room
Showing posts with label ഒളിവിലെ സ്മൃതികള്‍. Show all posts
Showing posts with label ഒളിവിലെ സ്മൃതികള്‍. Show all posts

8 Feb 2010

നായനാരുടെ ഒളിവുകാല സ്മൃതികള്‍

നായനാര്‍ ജീവിതസായാഹ്നത്തിലെഴുതിയ ഈ പുസ്തകം ബഹുരസമാണ്. താന്‍ സഹിച്ച ത്യാഗങ്ങള്‍, യാതനകള്‍ എന്നിവ നാലാളറിയട്ടെ എന്നല്ലാതെ മറ്റൊരു ഉദ്ദേശ്യവും ഈ പുസ്തകം നിറവേറ്റാനുദ്ദേശിക്കുന്നതായി നായനാര്‍ തന്നെ പറയുന്നില്ല. സ്വന്തം ദുരിതവും ത്യാഗവും പറഞ്ഞു കേമനാവുന്നത് ലേശം തരംതാണ ഏര്‍പ്പാടായാണ് ലോകത്തൊട്ടുമിക്കയിടത്തും കരുതപ്പെടുന്നതെന്നു കേരളത്തിലെ ചില കമ്യൂണിസ്റ്റു നേതാക്കന്മാര്‍ക്കറിഞ്ഞുകൂടാ. ഗുരു നിന്നു പാത്തിയാല്‍ നടന്നു പാത്തുന്ന ശിഷ്യന്മാരാവട്ടെ ഇതൊക്കെ വായിച്ച് വികാരവിജൃംഭിതരാവുകയും പുസ്തകത്തില്‍ തൊട്ട് ആണയിട്ട് ഇവരുടെ മഹത്വവും ധാര്‍മ്മികമൂല്യങ്ങളും വാഴ്ത്തുകയും ചെയ്യും. 
അങ്ങനെ പത്ത് കൊല്ലത്തിലധികം കാലത്തെ അജ്ഞാതവാസം കൊണ്ട കൈവന്ന ഒട്ടെറെ അനുഭവങ്ങള്‍. സഹിച്ച യാതനകളും പീഡനങ്ങളും. അവ വിതച്ച ആവേശവും നിശ്ചയദാര്‍ഢ്യവും. 
ആമുഖത്തില്‍ തന്റെ ഒളിവുജീവിതം ഓര്‍ത്ത് നായനാര്‍  പുളകംകൊള്ളുകയാണ്.
വടക്കേ മലബാറില്‍ പിറന്നുവീണ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ കൃഷിക്കാര്‍ നടത്തിയ സമരങ്ങള്‍ക്കും ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത അധ്യായങ്ങള്‍ക്കും കൈയും കണക്കുമില്ല. അതില്‍ എളിയതെങ്കിലും എന്റേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞുവെന്നത് എന്നെ ഏറെ ചരിതാര്‍ഥനാക്കുന്നു. അതിനുവേണ്ടി സഹിച്ച കൊടുംയാതനകളുടെ കയ്പേറിയ അനുഭവങ്ങളും അഗ്നിപരീക്ഷണങ്ങളും മനസിലിട്ട് ചികയുമ്പോള്‍ ഇന്ന് വല്ലാത്ത അനുഭൂതി.
ഇങ്ങനെ ചികയുന്ന ചില അഗ്നിപരീക്ഷണങ്ങള്‍ സി പി എം അന്ധത ബാധിക്കാത്തവര്‍ വായിച്ചാല്‍ മറ്റു ചില അനുഭൂതികളാണുണ്ടാവുക. ഏതാനും ചില ഒളിവുജീവിത അദ്ധ്യായങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു.
ഒരു കാടിനോടുചേര്‍ന്നുകിടക്കുന്ന മൊട്ടക്കുന്നില്‍ നായനാരും സംഘവും പൊലീസിനെ നേരിട്ട കഥ നായനാര്‍ വര്‍ണ്ണിക്കുന്നത് വായിക്കുക. 

തോക്കും പിടിച്ചു നില്‍ക്കുന്ന പൊലീസുകാരന്റെ മുന്‍പില്‍ പെട്ട വിപ്ലവസംഘം. നായനാരുടെ കുട കണ്ടു തോക്കാണെന്നു ധരിച്ചുപോയി പൊലീസുകാരന്‍. അയാള്‍ വിസിലടിച്ചു. പരിസരത്താകെയുള്ള പൊലീസുകാരെ വരുത്താനായിരുന്നു വിസിലടി. നായനാരുടെ ചെവിതുളച്ചുകയറിയ വിസിലടി. പിന്നെ നായനാരും സംഘവും എന്തുചെയ്തെന്നോ?

ഞങ്ങളിതു മനസ്സിലാക്കി അല്‍പ്പസമയം തിരിഞ്ഞുനിന്ന് മറുഭാഗം വഴിക്കു നടന്നു. നടക്കുകയായിരുന്നില്ല എങ്ങനെയോ കാലെടുത്തു വെക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി.
ലോറെല്‍, ഹാര്‍ഡി ചലച്ചിത്രത്തിലൊക്കെ കാണുംപോലെ. തോക്കുമായി പൊലീസുകാരന്‍ അപ്പുറം നിന്നു വിസിലടിക്കുന്നു. ചുറ്റുപാടുമുള്ള പൊലീസുകാര്‍ ഓടിവരുന്നു. നായനാരുടെ കുടത്തോക്കുകണ്ട് സ്തബ്ധരാവുന്നു. ആ സമയം വിപ്ലവകാരി സംഘം കുറച്ചുനേരം തിരിഞ്ഞുനില്‍‌ക്കുന്നു. എന്തോ അനുഷ്ഠാനമാവണം. പിന്നെ കാലെടുത്തുവെച്ച് മറുദിശയില്‍ നടക്കുന്നു. വെറുതെയാണോ ഒളിവുജീവിതത്തിന്റെ സുഖത്തെപ്പറ്റി ചില അസൂയാലുക്കള്‍ പറയുന്നത്.
വേറൊരു സംഭവം നോക്കുക:

വനത്തിന്റെ മധ്യത്തിലുള്ള കുടിലാണ് നായനാരുടെ ഷെല്‍ട്ടര്‍. ഒരു പകല്‍ നായനാര്‍ അകത്തിരുന്നു വായിക്കുന്നു. വീട്ടുകാരി ജോലിക്കു പോവാന്‍ പുറപ്പെടുമ്പോള്‍ പൊലീസു വരുന്നതു കാണുന്നു. നായനാരെ വിവരമറിയിക്കുന്നു. ഇറങ്ങിയോടി നായനാര്‍ കാട്ടിലൊളിക്കുന്നു. അവിടെയിരുന്ന് പൊലീസുകാരുടെ പരാക്രമങ്ങള്‍ കാണുന്നു. സി പി എസ് യു ബി ചരിത്രം എന്ന പുസ്തകം കണ്ട് അതാരുടേതാണെന്നു ചോദിച്ചുകൊണ്ട്   കല്യാണിയെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതും വസ്ത്രം വലിച്ചുകീറുന്നതും നായനാര്‍ കാട്ടില്‍ മറഞ്ഞിരുന്നു കാണുന്നു. ഒരുവേള വിപ്ലവകാരിയുടെ കൈതരിച്ചെങ്കിലും പാര്‍ട്ടിബോധം ഉണര്‍ന്നു തന്റെ വിപുലമായ ലക്ഷ്യത്തെപ്പറ്റിയോര്‍ത്ത് അദ്ദേഹം അടങ്ങുന്നു.
ഇതൊക്കെ നടക്കുന്നത് വെറും ഇരുപതടി അകലെ. വീടും കാടും തമ്മില്‍ വെറും ഇരുപതടി അകലം. എന്നിട്ടു പൊലീസുകാര്‍ നായനാരെ കണ്ടില്ല. പട്ടാപ്പകല്‍! വെറും ഇരുപതടി അപ്പുറത്ത് ഒളിവിലെ വീരനായകന്‍ ഇരിക്കുന്നു. ഹമ്പോ എന്തൊരു കാട്! ഇരുപതടിയകലെ ഇത്തരത്തില്‍ ആളെ ഒളിപ്പിക്കാവുന്ന കാട് കഥകളിലേ കണ്ടിട്ടുള്ളൂ.
ഇത്തരം കാടുകള്‍ നായനാരുടെ സ്മൃതിയില്‍ ഒന്നല്ല.  


ഒരു കുറ്റിക്കാട്ടിലൊളിച്ച നായനാരെ പൊലീസുകാര്‍ വളഞ്ഞു. 
"പലഭാഗത്തുനിന്നും ടോര്‍ച്ചിന്റെ വെളിച്ചം. ആ വീടം ഈ കാടുമടക്കം ഗുണ്ടകള്‍ പൊലീസിന്റെ സഹായത്തോടെ വളഞ്ഞുനിന്ന് പരിശോധിക്കുകയാണ്. കല്ലേറായിരുന്നു അടുത്ത പ്രയോഗം."
നായനാര്‍ മലര്‍ന്നുകിടക്കുന്ന കുറ്റിക്കാടിന്റെ മധ്യത്തില്‍ വരാന്‍ ധൈര്യംപോരാത്തതുകൊണ്ട് ചുറ്റും നടന്ന് ടോര്‍ച്ചടിക്കുകയും കല്ലെറിയുകയും ചെയ്ത് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ പോയി!
 "തികഞ്ഞ മദാലസയായിരുന്ന" ഒരു യുവതി ഗൃഹനാഥയായുള്ള വീട്ടില്‍ ഒളിവില്‍  താമസിച്ചതും അവളുടെ ജാരന്റെ സന്ദര്‍ശനത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നതും നായനാര്‍ വര്‍ണ്ണിക്കുന്നു. സന്ധ്യ്ക്കു വന്ന് തന്റെ കൈപിടിച്ച ഈ മദാലസയെ കമ്യൂണിസത്തിലെ സ്ത്രീവിമോചന പാഠങ്ങള്‍ നായനാര്‍ പഠിപ്പിച്ചതു വര്‍ണ്ണിക്കുന്നത് നല്ല രസമാണ്.
 
ആദ്യം ഈ മദാലസയോട് ഓതിയ ഈ കമ്യൂണിസ്റ്റ് പാഠങ്ങള്‍ പിന്നീട് താനോതിയത് കെ എം മാണിയോടായിരുന്നുവെന്നും നായനാര്‍ ഓര്‍ക്കുന്നു.
അനുരാഗവിവശയായ തരുണിയോടും നായനാര്‍ ഇതേപാഠങ്ങള്‍ പ്രയോഗിച്ചു. തിരുവിതാംകൂറില്‍ താമസിക്കുന്ന കാലത്തായിരുന്നു മധുരപ്പതിനേഴുകാരിയായ ലക്ഷ്മിക്കു നായനാരോട് അനുരാഗം ഉണ്ടായത്. 
ഗ്രാമത്തിനു ചന്ദനക്കുറി ചാര്‍ത്തുന്ന കായലോരത്തെ ഒരു കൊച്ചുകുടിലിലാണ് ഞാനന്ന് താമസിച്ചത്.
പിന്നെ പ്രേമമെങ്ങനെ വരാതിരിക്കും. നാടുവാഴി സംസ്കാരത്തിനുനേരേ വാക്കുകള്‍കൊണ്ടു പ്രകമ്പനമുണ്ടാക്കുമെങ്കിലും ഈ നായന്മാരുടെ മനസ്സില്‍ ചന്ദനക്കുറി ചിലതൊക്കെ ഉണര്‍ത്തും. ലക്ഷ്മിയോട്  ഒരുമിച്ചുണ്ണുകയും ഒരുമിച്ചു കുളിക്കുകയും ചെയ്തുണ്ടായ പ്രണയം.

 
"യുവാവും കോമളനുമായ ആ ഏകാന്തവാസിയോട്" എന്നു തന്നെപ്പറ്റിതന്നെ പറയുന്നു നായനാര്‍! 
ഏതായാലും ഈ കോമളന്‍ തരുണിയെ ഉദ്ബോധിപ്പിക്കാനായി പറയുന്ന കാര്യങ്ങള്‍ കമ്യൂണിസ്റ്റുകാരനായ ശ്രീനിവാസന്‍ പെണ്ണുകാണാന്‍പോയി പറയുന്ന കാര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ചിത്രമേതെന്ന് ഓര്‍മ്മയില്ല.
ചന്ദനക്കുറി മാത്രമല്ല. ലേശം ജ്യോതിഷവും നായനാര്‍ക്കു വിരോധമില്ല. കമ്യൂണിസ്റ്റുകാരനായ കണിയാന്‍ പ്രശ്നം വെച്ചു പറഞ്ഞു ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ തോല്‍ക്കും. തോറ്റു, പറഞ്ഞതുപോലെ. യാദൃച്ഛികതയാണോ അതോ ജ്യോതിഷത്തിന്റെ ഫലപ്രാപ്തിയില്‍ അത്ഭുതം കൂറുന്ന വിശ്വാസമാണോ നായനാര്‍ ഇവിടെ പങ്കുവെയ്ക്കുന്നതെന്നു വായനക്കാര്‍ നിശ്ചയിക്കുക.


തന്റെ ഒളിവിലെ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന വിജൃംഭനം പോരാഞ്ഞ് ജൂലിയസ് ഫുച്ചീക്കിനെ കുറച്ചു ദീര്‍ഘമായി ഉദ്ധരിക്കുന്നുണ്ട് നായനാര്‍. അദ്ദേഹത്തെ തൂക്കിക്കൊന്നെന്ന് ഒരു നാലിടത്തെങ്കിലും പറയുകയും ചെയ്യുന്നു. തൂക്കിലേറ്റിയല്ല, കഴുത്തുവെട്ടിയാണ് അദ്ദേഹത്തെ കൊന്നത്. 
ഇങ്ങനെയൊക്കെ ഒളിവിലെ സ്മൃതികളെഴുതി അതു പാര്‍ട്ടിക്കാര്‍‌ വിശ്വസിക്കുമെന്നു വിചാരിക്കുന്ന നേതാക്കളുടെ മനോനില, അതു വിശ്വസിക്കുന്ന അണികളുടെ മനോനില, ഇതൊക്കെ വിചിത്രം തന്നെ.