Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

27 Aug 2010

എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നെറികേടുകളെപ്പറ്റിയുള്ള അന്വേഷണമാണ് പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ ആത്മകഥകള്‍ ചികയാന്‍ പ്രേരണയായത്. കെ സി ജോര്‍ജെന്ന പൊങ്ങച്ചക്കാരന്റെ ആത്മകഥയ്ക്കുശേഷം (ഭാഗം 1, ഭാഗം 2) എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍ (1987 ല്‍ പ്രകാശനം) അത്ഭുതപ്പെടുത്തി. ജയില്‍ജീവിതം വിവരിക്കുന്ന ഇതിലെ ഒരു ഭാഗം കമ്യൂണിസ്റ്റുകാര്‍ക്ക്  പതിവില്ലാത്ത സത്യസന്ധതകൊണ്ടും പതിവുള്ള വിപ്ലവവീര്യത്തിന്റെ അശ്ലീലമായ ആധിക്യം ഇല്ലാത്തതുകൊണ്ടും വളരെ ശ്രദ്ധേയമായി തോന്നി.  അഗ്നിവീഥികള്‍ പൂര്‍ണ്ണമായും ആത്മകഥയല്ല,   ഒട്ടും കെട്ടുറപ്പുള്ള രചനയുമല്ല. തുടക്കം പരമ്പരാഗതമായ ആത്മകഥന ശൈലിയിലാണ്. കുടുംബപശ്ചാത്തലം ബാല്യം എന്നിവയുടെ വിവരണമുണ്ട് ആദ്യത്തെ ഒരു മുപ്പതു പേജോളം. പ്രക്ഷോഭണങ്ങളിലേര്‍പ്പെട്ട താരുണ്യവും യൌവ്വനവും (ഉദ്ദേശം നാല്പതുപേജില്‍) ജയില്‍വാസവും (വീണ്ടുമൊരു നാല്പതുപേജ്), തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വളരെക്കുറച്ചു മാത്രം ആത്മകഥനവും വളരെക്കൂടുതല്‍ സിദ്ധാന്തം പറച്ചിലും, ഒടുക്കം തനിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള കയ്പേറിയ മറുപടി, ഇങ്ങനെയാണ് അഗ്നിവീഥികളുടെ രൂപം. ജയില്‍വാസകാലവും അതിനു മുമ്പുള്ള പ്രക്ഷോഭണകാലവും വളരെ രസകരമായി എന്നാല്‍ നിറംപിടിപ്പിക്കാതെ, വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കാതെ വിവരിച്ചിട്ടുണ്ട്. ഈ രണ്ടു ഭാഗങ്ങള്‍ക്കുമിടയില്‍ എങ്ങനെയോ ഒരു തുടര്‍ച്ചയില്ലായ്മ വന്നിട്ടുണ്ട്. പ്രഭാത് ബുക് ഹൌസ് എന്ന നിരക്ഷകുക്ഷികള്‍ എത്ര നിരുത്തരവാദപരമായാണ് ഈ പുസ്തകങ്ങളൊക്കെ അടിച്ചിറക്കുന്നത്. മലയാളം ലേശമെങ്കിലും അറിയുന്ന ഒരാള്‍ പ്രൂഫ് നോക്കുന്നില്ല, ഉള്ളടക്കത്തിന് അലക്കം തട്ടുന്നതു നോക്കാന്‍ ആരുമില്ല, പുസ്തകത്തെ സംബന്ധിച്ച പശ്ചാത്തലവിവരങ്ങള്‍ അവതരിപ്പിക്കില്ല- അങ്ങടിച്ചിറക്കുക, പഴയശീലം.
സ്വന്തം ജീവിതത്തിലെ വളരെച്ചുരുങ്ങിയ കാലം മാത്രമാണ് ഇദ്ദേഹം ഈ പുസ്തകത്തിലവതരിപ്പിച്ചത്. അഞ്ചുവര്‍ഷത്തിനുമേല്‍ ജയില്‍വാസം അനുഭവിച്ചു എന്നു പറയുന്നുണ്ടെങ്കിലും ആദ്യത്തെ ആറുമാസത്തെ ജയിലനുഭവം മാത്രമാണ് ഇതിലുള്ളത്. പ്രധാന പ്രവര്‍ത്തന മേഖലയായ ട്രേഡ്‌യൂനിയന്‍ പ്രസ്ഥാനത്തെപ്പറ്റി വളരെ സംക്ഷിപ്തമായ ഒരു അവലോകനം മാത്രം. തന്റെ ഓരോ ജയില്‍വാസത്തെയും പറ്റി വെവ്വേറെ ജയില്‍ ഡയറികളും ഘട്ടംഘട്ടമായ ആത്മകഥനങ്ങളും എഴുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു കോമാളിയുമായി താരതമ്യംചെയ്യുമ്പോള്‍ ശേഖറിനോ കെ സി ജോര്‍ജിനോ എം എന്‍ ഗോവിന്ദന്‍ നായര്‍ക്കോ ഒന്നും ജീവിച്ച കാലം മുഴുവന്‍ പ്രതിപാദിക്കുന്ന ആത്മകഥ എഴുതാന്‍പോലും പാങ്ങില്ലായിരുന്നോ? സമ്പന്ന കുടുംബത്തില്‍ ജനിച്ച് ദരിദ്രനായി ജീവിച്ച  എന്‍ സിയുടെ കാര്യത്തില്‍ ഉപജീവനത്തിനുവേണ്ടിയുള്ള പാച്ചിലില്‍ പുസ്തകമെഴുത്ത് അനാകര്‍ഷകമായി തോന്നിയോ? ഓര്‍മ്മക്കുറിപ്പുകളും ഭൂതകാലത്തെ ചികയലുമെല്ലാം ഇന്നത്തെപ്പോലെ ആനുകാലികങ്ങളുടെ താത്പര്യമായിരുന്നില്ല മുന്‍കാലങ്ങളില്‍ എന്നതും പ്രസാധനം ഇന്നത്തെക്കാള്‍ പാടുപെട്ട ഏര്‍പ്പാടായിരുന്നു എന്നതും കാരണമായിരിക്കാം.
ജീവിച്ചിരിക്കെ പുസ്തകരൂപത്തില്‍ ഇതു പ്രസിദ്ധമായിട്ടില്ല. മരണശേഷം ഇദ്ദേഹം ശേഷിപ്പിച്ച പ്രകാശിതവും അപ്രകാശിതവുമായ ലേഖനങ്ങളെ എഡിറ്റു ചെയ്തു പുസ്തകമാക്കിയ് ടി വി കെ. അതേസമയം ആത്മകഥ എന്നുദ്ദേശിക്കപ്പെട്ടതുതന്നെയായിരുന്നു ഈ ലേഖനങ്ങള്‍. അഗ്നിവീഥികള്‍ എന്ന പേര് എന്‍ സി തന്നെ കൊടുത്തതാണ്.
എന്‍ സി ശേഖര്‍ എന്ന എന്‍ ചന്ദ്രശേഖരപിള്ള തിരുവിതാംകൂറില്‍ ജനിച്ച് ജീവിതത്തിന്റെ അരനൂറ്റാണ്ടോളം കണ്ണൂരില്‍ ജീവിച്ചു. 1931 ല്‍ എന്‍ സി ശേഖര്‍ ഉള്‍പ്പെടുന്ന സംഘമാണ് പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പായ കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിക്കുന്നത്. കമ്യൂണിസ്ററ് ലീഗാണ് ആദ്യമായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മലയാളം പരിഭാഷ തയ്യാറാക്കുന്നതെന്നു പറയുന്നു. 1931 ല്‍ ആദ്യമായി കൃഷ്ണപിള്ളയെ കോഴിക്കോട്ടു വെച്ചു കണ്ടപ്പോള്‍ കമ്യൂണിസ്റ്റ് ലീഗ് പ്രസിദ്ധീകരിച്ചിരുന്ന കമ്യൂണിസ്റ്റ് വിജ്ഞാപനത്തിന്റെ ഒരു പ്രതി കൃഷ്ണപിള്ളയ്ക്കു കൈമാറിയെന്ന് ഇദ്ദേം പറയുന്നു. അന്ന് അപാരമായ ഗാന്ധി ഭക്തിയുണ്ടായിരുന്ന കൃഷ്ണപിള്ള ഇദ്ദേഹവുമായി ഉഗ്രമായ തര്‍ക്കത്തിലേര്‍പ്പെട്ടുവത്രെ. വടകര സമ്മേളനത്തിനു പോവാന്‍ കാശു തികയാതെ കോഴിക്കോട്ടു പരിചയമുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ചെന്നതായിരുന്നു ശേഖര്‍. നേതാവ് നേരത്തേ വടകരയ്ക്കു പോയിരുന്നു. അവിടെ എത്താനുള്ള പണം കൃഷ്ണപിള്ളയാണ് കൊടുക്കുന്നത്. തര്‍ക്കം വളരെ ഉച്ചത്തിലായിരുന്നെങ്കിലും അതുകഴിഞ്ഞ് വളരെ സ്നേഹപൂര്‍വ്വമാണ് കൃഷ്ണപിള്ള പണം തന്ന് യാത്രയാക്കിയതെന്നാണ് ശേഖര്‍ പറയുന്നത്. കമ്യൂണിസവുമായി പരിചയിച്ചതില്‍ തങ്ങള്‍ക്കുള്ള കുറെ വര്‍ഷത്തെ സീനിയോറിറ്റിയെ താഴ്ത്തിക്കെട്ടാന്‍ നമ്പൂതിരിപ്പാട് തന്റെ ചരിത്രങ്ങളിലൂടെ ശ്രമിച്ചതിനെതിരെ കടുത്ത വിരോധം പ്രകടിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിന്റെ അവസാന ഭാഗത്തെ ഒരു ലേഖനത്തില്‍. യൂത്ത് ലീഗ് ഒറ്റപ്പെട്ട ഒരു ഗ്രൂപ്പായിരുന്നെന്നും മറ്റു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടു ബന്ധമില്ലായിരുന്നെന്നും പറഞ്ഞ് അതിനൊരു പ്രാധാന്യവും കൊടുക്കാതിരിക്കുക എന്നതാണ് നമ്പൂതിരിപ്പാട് ചെയ്തത്. തിരുവിതാംകൂറിലെ പ്രബല ഇടതുപക്ഷ സംഘടനയായിരുന്ന യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്യൂണിസ്റ്റ് ലീഗുകാര്‍ ഭാഗഭാക്കായിരുന്നു എന്നതു തന്നെ നമ്പൂതിരിപ്പാടിന്റെ ഈ അവഗണനയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. മാത്രവുമല്ല, ആലപ്പുഴയിലെ തൊഴിലാളി സംഘടനയില്‍ നേതൃത്വനിരയിലുണ്ടായിരുന്ന പൊന്നറ ശ്രീധര്‍ ഈ യൂനിയനുകള്‍ക്ക് ഇടതുപക്ഷ നിറം കൊടുക്കുന്നതില്‍ ഒരു പങ്കം വഹിച്ചിട്ടില്ലെന്നു വരാനിടയില്ല.
എന്‍ സി ശേഖര്‍ ഇടപെടാന്‍ പ്രയാസമുള്ള എടുത്തുചാട്ടക്കാരനായിരുന്നു എന്നത് പ്രസിദ്ധമാണ്. ഇക്കാര്യം പുസ്തകത്തില്‍ ചേര്‍ത്ത അച്യുതമേനന്റെ ലേഖനത്തിലും പറയുന്നുണ്ട്. ഈ പുസ്കകത്തില്‍ ഇതിനുള്ള ഉദാഹരണങ്ങള്‍ കാണുകയും ചെയ്യാം. കൃഷ്ണപിള്ളയില്‍ ഇദ്ദേഹം എടുത്തു പറയുന്ന ഗുണങ്ങളിലൊന്ന് ശൌര്യമാണ്. ജയിലിലായിരിക്കുമ്പോള്‍ പുഴുത്ത അരിയുടെ ചോറുകൊണ്ടു വിശപ്പടങ്ങാതെ ജയില്‍വളപ്പിലെ തെങ്ങില്‍നിന്ന് കരിക്ക് പറിച്ചയാളെ പരിഹസിച്ച ഒരു അഹിംസാവാദിയെ (ആ സമയത്ത് ജയിലിലുള്ള കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ അനുയായിയാണ് അയാള്‍)  അടിച്ചതിന്റെ പേരില്‍ മെയിന്‍ ബ്ലോക്കിനു പുറത്തുള്ള ക്വാറന്റൈനില്‍ എന്‍ സിയെ അടയ്ക്കുന്നുണ്ട്. കുറൂരിനോട് ഇദ്ദേഹത്തിന്റെ വഴക്ക് സമരകാലത്തു തന്നെ തുടങ്ങുന്നുണ്ട്. കല്ലായിയിലെ കള്ളുഷാപ്പ് പിക്കറ്റിങ് നടത്തി ഓരോ ദിവസവും വളണ്ടിയര്‍മാര്‍ തല്ലുകൊണ്ടിരിക്കെ അവിടേക്കു തിരിഞ്ഞുനോക്കാതെ മാതൃഭൂമിയുടെ മാളികമുകളിലിരുന്ന സമരത്തിന്റെ ഡിക്റ്റേറ്റര്‍ കുറൂരിനെ ആപ്പീസില്‍പോയി ചീത്തവിളിക്കുന്നു എന്‍ സി. പുഴുത്ത അരിയുടെ ചോറിനെതിരെ പ്രതിഷേധിക്കുന്നതില്‍ കുറൂരിനുള്ള എതിര്‍പ്പിനെച്ചൊല്ലിയുള്ള വിരോധം, തടവുകാരുടെ കഷ്ടസ്ഥിതിക്ക് അല്പമെങ്കിലും ആശ്വാസം നല്കാന്‍ കണ്ണുരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശേഖരിച്ചു നല്കിയ വസ്ത്രങ്ങള്‍ വിതരണം ചെയ്യാതെ കെട്ടിവെച്ചതിലുള്ള അനിഷ്ടം, ഇതൊക്കെയുണ്ടെങ്കിലും കുറൂരിനെപ്പറ്റി നല്ലതും പറയുന്നുണ്ട്. (സത്യാഗ്രഹികള്‍ പരാതിപ്പെടരുത്, സുഖസൌകര്യങ്ങള്‍ കാംക്ഷിക്കരുത് എന്നൊക്കെയായിരുന്നു ഗാന്ധിയന്മാരുടെ നിലപാട്.)  പിന്നീട് വടകര സമ്മേളനത്തിനു പോവാന്‍ പണമില്ലാതെ കുറൂരിനെ ചെന്നുകണ്ടപ്പോള്‍ ഒട്ടും അനിഷ്ടം പ്രകടിപ്പിക്കാതെ അദ്ദേഹം സഹായിച്ചകാര്യം പറയുന്നു. കുറൂര്‍ ഇദ്ദേഹത്തെ തന്റെ ഒപ്പം കൂട്ടുകയും ടിക്കെറ്റ് എടുത്തുകൊടുക്കുകയും ചെയ്തു.  കേളപ്പനോടുള്ള നിലപാടിലും രണ്ടുവശവും കാണാനുള്ള സന്നദ്ധതയുണ്ട്. ജയിലില്‍ ചകിരിതല്ലിയതിന്റെ പേരില്‍ കേളപ്പനെ പുച്ഛിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൌമ്യശീലത്തെയും സഹായമനഃസ്ഥിതിയെയും  ഇദ്ദേഹം എടുത്തു പറയുന്നുണ്ട്. പരാതി പറയാന്‍ പാടില്ലാത്തതുകൊണ്ടു കേളപ്പന്‍ ചകിരിതല്ലി. എന്‍ സിയും സഹതടവുകാരും ചകിരി തല്ലുന്ന ജോലി ചെയ്യില്ലെന്നു പറഞ്ഞു പ്രതിഷേധിച്ചു, അതോടെ ആ ജോലി നിറുത്തി അവര്‍ക്ക് മറ്റു ജോലികള്‍ കൊടുത്തു എന്നു പറയുന്നു. എന്‍ സി ക്ക് കിട്ടിയത് കമ്പോസിറ്ററുടെ ജോലി. എന്‍ സിയുടെ ആദ്യ ജയില്‍വാസ കാലം കഴിഞ്ഞ് ഒരു ദശകം കഴിഞ്ഞാണ് ഇ കെ നായനാര്‍ കണ്ണൂര്‍ ജയിലില്‍ ചകിരിതല്ലുന്നത്.
1930 ലെ നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ ഉപ്പുകുറുക്കി സമരം നടത്താന്‍ കേളപ്പന്റെ നേതൃത്വത്തില്‍ ഒരു സംഘം കോഴിക്കോട്ടുനിന്ന് കാല്‍നടയായി പയ്യന്നൂര്‍ക്ക് ജാഥ നടത്തുമ്പോള്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ തിരുവിതാംകൂറില്‍നിന്നുള്ള 25 പേരടങ്ങുന്ന സംഘം പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് കാല്‍നടയായി യാത്ര തിരിക്കുന്നു. ഇക്കൂട്ടത്തില്‍ അംഗമായി പയ്യന്നൂര്‍ക്കുപോവുന്നതാണ് എന്‍ സിയുടെ സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. പിന്നീട് കോഴിക്കോട് നിയമലംഘനം നടത്തിയാണ് ജയിലിലാവുന്നത്. ആറുമാസം തടവാണ് കിട്ടുന്നത്. 
ജയിലില്‍ സമ്പത്തും സാമൂഹ്യപദവിയുമനുസരിച്ചാണ് ക്ലാസ് നല്കിയിരുന്നത്. ഏ,  ബി, സി എന്നിങ്ങനെ ക്ലാസുകള്‍. (തിരുവിതാംകൂറിലെ ജയിലുകളില്‍ ഇങ്ങനെ ക്ലാസ് വ്യത്യാസമില്ലായിരുന്നു.) കൂറൂരിന് പദവിക്കനുസരിച്ച് കിട്ടേണ്ടിയിരുന്നത് ഏ ക്ലാസ് ആയിരുന്നെങ്കിലും ബ്രിട്ടീഷ് മലബാറിലെ പ്രജയല്ലാതിരുന്നതിനാല്‍ ആ ആനുകൂല്യം ഉണ്ടായില്ല. എന്നുമാത്രമല്ല, മറ്റു സി ക്ലാസുകാര്‍ വിശപ്പടക്കാന്‍ ജയില്‍ വളപ്പിലെ കായും കനിയുമൊക്കെ തിന്നപ്പോള്‍ ഗാന്ധിയനാകയാല്‍ അങ്ങോര്‍ക്ക് പ്രതിഷേധംകൂടാതെ പുഴുത്ത അരിയുടെ ചോറുമാത്രം തിന്നേണ്ടിവന്നു.
ബാംഗ്ലൂര്‍ സ്വദേശിയായ വാസുദേവറാവു ജയില്‍ ഗോപുരത്തില്‍ ദേശീയ പതാക കെട്ടിയതിനു ശിക്ഷയായി അദ്ദേഹത്തെ കാല്‍വിലങ്ങ് അണിയിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധമുണ്ടാവുകയും അത് ഒരു ദിവസം അര്‍ദ്ധരാത്രി നടന്ന കടുത്ത ജയിലിനുള്ളിലെ ഭീകരമായ ലാത്തിചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. എന്‍ സി യുടെ പല്ലൊന്നു പൊട്ടിപോവുകയും ചുണ്ടു മുറിയുകയും ചെയ്തു. സി ക്ലാസ് തടവുകാരെ മാത്രമായിരുന്നു മര്‍ദ്ദിച്ചതെന്നാണ് മനസ്സിലാവുന്നത്. ജയിലിനുള്ളിലെ സമരത്തിന് കുറൂര്‍ എതിരായിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ അടിയും ഇടിയും ഏറ്റത് അദ്ദേഹത്തിനായിരുന്നത്രെ. അദ്ദേഹത്തിന്റെ കണ്ണട അടിച്ചുപൊട്ടിച്ചപ്പോള്‍ ചില്ല് പൊട്ടി കണ്ണില്‍ തറച്ചു. പിന്നീടദ്ദേഹത്തെ ചികിത്സയ്ക്കായി വെല്ലൂരേക്കു കൊണ്ടുപോവേണ്ടിവന്നു എന്നു പറയുന്നു.
ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് ബ്രിട്ടീഷുകാര്‍ നല്കിയ സംഭാവനചെറുതല്ല. ജയില്‍ വഴിയും അവര്‍ ഇക്കാര്യം ചെയ്തുപോന്നു. തൃശ്ശിനാപ്പള്ളി സ്വദേശിയും ബോംബെയില്‍നിന്നുള്ള  കമ്യൂണിസ്റ്റുകാരനുമായ വേദാന്തത്തെയും  ബോംബെ മേയറുടെ മകനും സമ്പന്നകുടുംബത്തിലെ അംഗവും അഭിഭാഷകനുമായ സൊറാബ് സോളി ബാട്‌ലിവാലയെന്ന സോഷ്യലിസ്റ്റിനെയും  തിരുവിതാംകൂറുകാരും കൊച്ചിക്കാരും മലബാറുകാരുമായ കോണ്‍ഗ്രസ് സത്യാഗ്രഹികളുടെ രാഷ്ട്രീയവിദ്യാഭ്യാസത്തിനായി കണ്ണൂര്‍ ജെയിലിലെത്തിച്ച ബ്രിട്ടീഷുകാരുടെ ജയില്‍ വ്യവസ്ഥ ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല.
ബാട്‌ലിവാല ആദര്‍ശനിഷ്ഠയുള്ള സോഷ്യലിസ്റ്റാണ്. ഏ ക്ലാസ് ആണ് വിധിച്ചതെങ്കിലും സി ക്ലാസ് മാത്രമേ സ്വീകരിക്കൂ എന്നദ്ദേഹം നിര്‍ബന്ധം പിടിച്ചതുകാരണം അധികൃതര്‍ വഴങ്ങുകയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് നമ്പൂതിരിപ്പാട് ഇവിടെ ഏ ക്ലാസ് തടവുകാരനായി വരുന്നുണ്ട്. അന്നും സി ക്ലാസുകാര്‍ക്ക് ജയിലില്‍ കൊടിയ മര്‍ദ്ദനമേല്ക്കുന്നുണ്ട്.
ജയില്‍വാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ കാലത്ത് ഭഗത് സിങ്ങിനെയും കൂട്ടരെയും തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത് പൊന്നറ ശ്രീധറും എന്‍ പി കുരുക്കളും ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് ലീഗ് സംഘവും മറ്റുചിലരും ചേര്‍ന്നാണ്. അന്ന് അഭിഭാഷനായിരുന്ന കെ സി ജോര്‍ജും മറ്റു ചില വക്കീലന്മാരും ഈ പ്രവര്‍ത്തനത്തിന് രണ്ടുരൂപ വീതം സംഭാവന നല്കിയെന്ന് ശേഖര്‍ ഓര്‍ക്കുന്നു, രണ്ടു രൂപ അന്നു വലിയ സംഖ്യയാണെന്നും. തുടര്‍ന്നു നടന്ന യോഗത്തില്‍ കടുത്ത ശ്വാസതടസ്സവും വെച്ച് കേസരി ബാലകൃഷ്ണപിള്ള പ്രസംഗിച്ചു.
ദീര്‍ഘവും മുഷിപ്പിക്കുന്നതുമായ മാര്‍ക്സിസ്റ്റ് സിദ്ധാന്ത ചര്‍ച്ചയാണ് ഇതിലെ ഒരു പ്രധാന വൈകല്യം. സിദ്ധാന്തം നമ്പൂതിരിപ്പാടിനു മാത്രമല്ല തനിക്കുമറിയാമെന്ന് തെളിയിക്കേണ്ട ആവശ്യകതയായിരിക്കാം അതിനു പ്രേരണ. ഒരിടത്തും ഒന്നാം നിര നേതാവായി ഇദ്ദേഹം സ്വയം പ്രതിഷ്ഠിക്കുന്നില്ല. ആദ്യം പൊന്നറ ശ്രീധറിന്റെയും പിന്നീട് കൃഷ്ണപിള്ളയുടെയും അനുയായിയായാണ് ഇദ്ദേഹത്തെ മനസ്സിലാവുന്നത്.
വളരെ പ്രാധാന്യമുള്ള ഒരു കാര്യം അവസാനഭാഗത്ത് ഇദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. നമ്പൂതിരിപ്പാട് എഴുതിയ ആദ്യത്തെ കേരളചരിത്രങ്ങളിലൊന്നും കയ്യൂരിനെപ്പറ്റി പരാമര്‍മേയില്ലെന്നതിനു കാരണം എന്തായിരുന്നുവെന്ന് ഒരു ഇന്‍സൈഡെര്‍ക്കുമാത്രം വെളിപ്പെടുത്താവുന്ന ആ കാര്യം ഇതാണ്. കയ്യൂര്‍ സാമ്രാജ്യത്വവിരുദ്ധ സമരമല്ലെന്നുള്ള കാര്യം മൊറാഴ കയ്യൂര്‍ സമരങ്ങളെ വിലയിരുത്തിക്കൊണ്ട് നമ്പൂതിരിപ്പാട് അന്നു പാര്‍ട്ടിയില്‍ സര്‍ക്കുലേറ്റ് ചെയ്ത രേഖയില്‍ പറഞ്ഞിരുന്നത്രെ. ഏതായാലും നാല്പതകളുടെ അവസാനത്തിലെ കേരളം മലയാളികളുടെ മാതൃഭൂമി മുതല്‍ 1967 ലെ Kerala: Yesterday, Today and Tomorrow വിലൂടെ  1990ലെ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തിലേക്കു വളര്‍ന്ന ഇ എം എസിന്റെ ചരിത്രത്തിലൊന്നിലും കയ്യൂരില്ല, മൊറാഴയും മട്ടന്നൂരുമേയുള്ളൂ. ചരിത്രമെഴുതി ചരിത്രമെഴുതി സ്വയംപ്രതിഷ്ഠിച്ച ഇ എം എസ് ചെയ്ത അപൂര്‍വ്വം ശരികളിലൊന്നല്ലേ ഇതെന്നാണ് എന്റെ സംശയം. വെള്ളത്തില്‍ച്ചാടിയ ഒരു പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്നത് അത്രവലിയ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭമായൊന്നും തോന്നുന്നില്ല. ഇതിനെക്കുറിച്ചുണ്ടായിട്ടുള്ള ചരിത്രങ്ങള്‍, കുഞ്ഞമ്പുവിന്റെ കീര്‍ത്തനവും കെ കെ എന്‍ കുറുപ്പിന്റെ അക്കാഡമിക് ചരിത്രവും, ഇല്ലായ്മയെ പൊലിപ്പിക്കുന്നതായേ തോന്നിയുള്ളൂ. അതേസമയം പ്രസ്ഥാനം ചെയ്ത വലിയൊരു നെറികേട് എന്ന നിലയില്‍ ഇതിനു ചരിത്രപ്രാധാന്യമുണ്ട്. നമ്പൂതിരിപ്പാടിന്റെ വിലയിരുത്തല്‍ എന്തുമാവട്ടെ, തൂക്കിലേറാന്‍ പോവുന്ന ആ പാവങ്ങളെ ഒന്നു ചെന്നു കാണേണ്ടുന്ന മര്യാദപോലും നമ്പൂതിരിപ്പാട് കാട്ടിയിട്ടില്ല. അഖിലേന്ത്യാ സെക്രട്ടറി ജോഷി പോലും അവരെ സന്ദര്‍ശിച്ചിരുന്നു. അന്നു കോഴിക്കോട്ട് ആപ്പീസു തുറന്ന് ഭരണം നടത്തുന്ന നമ്പൂതിരിപ്പാടിന് കഷ്ടി ഒരു നൂറുകിലോമീറ്റര്‍ സഞ്ചരിച്ച് അവരെ കാണാനാവാഞ്ഞിട്ടല്ല. കമ്യൂണിസ്റ്റുപാര്‍ട്ടി സര്‍ക്കാറിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാലമാണതെന്നും ഓര്‍ക്കണം. ജോഷിക്കും മറ്റും സന്ദര്‍ശിക്കാന്‍ ഒരു തടസ്സവുമുണ്ടായില്ല. മാത്രവുമല്ല 1938-42 കാലത്തെ കൃതികള്‍ സമാഹരിച്ചിരിക്കുന്ന സമ്പൂര്‍ണ്ണകൃതികളുടെ നാലാം സഞ്ചികയില്‍ ഒരിടത്തു മാത്രമാണ് കയ്യൂര്‍ പരാമര്‍ശിക്കപ്പെടുന്നത്. അതാവട്ടെ കോണ്‍ഗ്രസ്സിന്റെ വില്ലേജ് കമ്മിറ്റികളുടെ ലിസ്റ്റ് കൊടുത്തിടത്തും. അക്കാലത്തെ കൃതികള്‍ കുറെയേറെ നഷ്ടപ്പെട്ടുപോയി എന്നാണ് പറയുന്നത്. നഷ്ടപ്പെട്ടതിലും ഉണ്ടാവാനിടയില്ലല്ലോ, 1947 മുതല്‍ 1990 വരെയുള്ള ചരിത്രം നോക്കുമ്പോള്‍.
എന്‍ സി ശേഖറിന്റെ ഈ കൃതി വ്യക്തമാക്കുന്ന മറ്റൊരു കാര്യം ഇ എം എസിനു നേരെയുണ്ടായ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ ദൌര്‍ബല്യമാണ്. ഇ എം എസ്സിനെപ്പോലെ ഒരു കള്ളനാണയം എങ്ങനെ മൂത്തുവാണു എന്നറിയണമെങ്കില്‍ ഇ  എം എസ്സിനെ വിമര്‍ശിച്ച പ്രസ്ഥാനക്കാരുടെയും പ്രസ്ഥാനത്തില്‍നിന്നു വിട്ടുപോയവരുടെയും വാദങ്ങളിലെ വൈകല്യവും ദൌര്‍ബല്യവും നോക്കിയാല്‍ മതി. അതാവട്ടെ മിക്കവാറും വിദ്യാഭ്യാസനിലവാരവുമായി ബന്ധപ്പെട്ടതും. അറിവുണ്ടായിരുന്ന ചിലരാവട്ടെ (കെ ദാമോദരന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം) കമ്യൂണിസ്റ്റ് വിരുദ്ധത ആരോപിച്ചു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ എന്തോ  പലതും ഉള്ളിലൊതുക്കി മരിച്ചുപോയി. എന്‍ സി ശേഖര്‍ ഉന്നയിക്കുന്ന ഒരാരോപണം നോക്കുക. ഇ എം എസ് കേരളം: ഇന്നലെ ഇന്ന് നാളെ എന്ന കൃതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നത് 1939 ലാണെന്ന ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന വാസ്തവം മറച്ചുവെച്ച് അതു നടന്നത് 1940-42 കാലത്താണെന്നു പറയുന്നു ഇ എം എസ്. ഇവിടെ എന്‍ സിക്കു തെറ്റിപ്പോയി. ആ കൃതിയില്‍ 1939 ലെ പാറപ്പുറം സമ്മേളനത്തെപ്പറ്റിയോ ആ വര്‍ഷം അവസാനം നടന്ന ഏതെങ്കിലും നിര്‍ണ്ണായക നടപടികളെപ്പറ്റിയോ പരാമര്‍ശമില്ലെന്നതു ശരിയാണ്. പകരം 1940 ജനുവരി ഫിബ്രവരികാലത്ത് നടന്ന നിരവധി യോഗങ്ങളില്‍വെച്ചാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കാനുള്ള തീരുമാനം ഉണ്ടായത് എന്നാണ് പറയുന്നത്. 1939 അവസാനം എന്ന് ഒട്ടുമിക്കവരും അംഗീകരിച്ച കാലത്തില്‍നിന്നും രണ്ടുമാസം നീട്ടിയെടുത്തതിന് ഇ എം എസ്സിന് എന്തെങ്കിലും ഗൂഢോദ്ദേശ്യം ഉണ്ടോ എന്നു വ്യക്തമല്ല. എന്തെങ്കിലും കാണാതെ അങ്ങനെ ചെയ്യുന്ന ആളല്ല ഇ എം എസ്. പക്ഷേ 1940-42 കാലത്തെപ്പറ്റി ഇ എം എസ് പറയുന്നത് പാര്‍ട്ടി ഒളിവില്‍ പ്രവര്‍ത്തിച്ച കാലത്തെപ്പറ്റിയാണ്. എന്‍ സി ശേഖറിന്റെ തെറ്റായ വായന ആ കൃതി മലയാളത്തില്‍ അന്നു ലഭ്യമല്ലാതിരുന്നതുകൊണ്ടും ആവാം. 1946-47 ല്‍ മലബാര്‍ പാര്‍ട്ടിയിലെ സംഘടനാപരമായ പ്രതിസന്ധി പാര്‍ട്ടിക്കുള്ളിലെ പുറത്തുപറയാന്‍ കൊള്ളാത്ത അധികാരവടംവലി കാരണമായിരുന്നു എന്നും ഇതില്‍ കൃഷ്ണപിള്ള സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട് ഇ എം എസ്സിനെതിരെ മേശതിരിച്ചിട്ടുവെന്നും എന്‍ സി പറയുന്നു. 1943-45 കാലത്താണ് ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടാവുന്നത്. കൃഷ്ണപിള്ള സ്വന്തം നിലയ്ക്ക് കമ്മിറ്റി പിരിച്ചുവിടുന്നത് 1944ലും. കൃഷ്ണപിള്ളയുടെ 'പാര്‍ട്ടിബോധ'ത്തിന് തട്ടിയ ഈ 'ഉടവാ'ണ് കൃഷ്ണപിള്ളയ്ക്കും മേല്‍ ഇ എം എസ്സിന് ആധിപത്യം നേടിക്കൊടുത്തത്. കേരളത്തിലെല്ലായിടത്തും പാര്‍ട്ടിയുടെ സംഘാടകനായിരുന്ന കൃഷ്ണപിള്ളയും ഒളിത്താവളത്തിലിരുന്ന് മെയ്യനങ്ങാതെ പേനയുന്തിയ ഇ എം എസ്സും. കൃഷ്ണപിള്ളയുടെയും മേല്‍ നേതാവാവാന്‍ നമ്പൂതിരിപ്പാടിനെ സഹായിച്ചത് പാര്‍ട്ടി കേന്ദ്രനേതൃത്വവുമായുള്ള ബന്ധമാവണം. 
ഇ എം എസ് സ്വത്ത് പാര്‍ട്ടിക്കു കൊടുത്തില്ല എന്നു പറയുന്നുണ്ട് എന്‍ സി. പോക്കടം പോലെ കിടന്ന ഒരു ഭൂമി വിറ്റു കിട്ടിയ കാശ് കൊടുത്തെങ്കിലും ജോഷി ആ  പണം പിന്നീട് ഇ എം എസ്സിനു തിരിച്ചുകൊടുത്തെന്നാണ് പറയുന്നത്.  ആര്‍ക്കറിയാം. ഏതായാലും രസകരമായൊരു കാര്യം ഇദ്ദേഹം അതിനെപ്പറ്റി പറയുന്നുണ്ട്.അക്കാലത്ത് പലരും ഇതുപോലെ പാര്‍ട്ടിക്കു സ്വത്ത് കൊടുത്തിരുന്നത്രെ. വിപ്ലവം വന്നിങ്ങ് പടിക്കല്‍ കയറി എന്നോര്‍ത്തിട്ട്. ഏതായാലും മഹാമനസ്കതകൊണ്ടാണ് ഇ എം എസ് സ്വത്തു കൊടുത്തത് എന്നു വിചാരിക്കാന്‍ മന്ദബുദ്ധികളായ ഇ എം എസ് ഭക്തരേ തയ്യാറാവൂ. സ്വത്തു മുഴുവന്‍ പാര്‍ട്ടിക്കു കൊടുത്തു എന്നു പറയുന്നതിലെ തട്ടിപ്പ് ആരൊക്കെയോ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്തിട്ടുണ്ടല്ലോ. 1957 ലെ മുഖ്യമന്ത്രിപദം ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിന്റെ പ്രധാനഭാഗത്ത് വീടു സംഘടിപ്പിച്ചു എന്നും ആരോപണം ഉന്നയിക്കുന്നുണ്ട്. കയ്യൂരിനെപ്പറ്റി പറഞ്ഞതൊഴിച്ചാല്‍ മറ്റുള്ള ആരോപണങ്ങള്‍ക്കൊന്നും വലിയ വിശ്വാസ്യത തോന്നിയില്ല.
ഒരു തൊഴിലാളി കുടുംബത്തിലെ സ്ത്രീയെ കല്യാണം കഴിച്ച് ദാരിദ്ര്യത്തില്‍ കഴിഞ്ഞ ജീവിതമായിരുന്നു ഇദ്ദേഹത്തിന്. രാജ്യസഭയില്‍ അംഗമായിരിക്കുന്ന കാലത്ത് പാര്‍ട്ടിക്കു ലെവി കൊടുത്തില്ല എന്നതാണ് ഇ എം എസ് ഇദ്ദേഹത്തിനെതിരെ പരസ്യമായി ഉന്നയിച്ചിരുന്ന ആരോപണം. പാര്‍ട്ടിയില്‍നിന്ന് ഇദ്ദേഹം സ്വയം പിന്‍വാങ്ങിയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി അങ്ങനെയൊരു കാര്യം അനുവദിക്കാത്തതിനാല്‍ പുറത്താക്കി പാരമ്പര്യം പാലിച്ചു. അങ്ങനെ എത്ര പേര്‍. പുറത്തുപോയവര്‍ മിക്കവരും തങ്ങളുടെ വെറുപ്പ് പ്രകടിപ്പിച്ചത് നമ്പൂതിരിപ്പാടിന്റെ നേരെയായിരുന്നു എന്ന വസ്തുത ശ്രദ്ധേയമാണ്. എന്‍ സി നമ്പൂതിരിപ്പാടിനെപ്പറ്റി പറയുന്നു:
"സഹപ്രവര്‍ത്തകരെ കറിവേപ്പിലപോലെ എടുത്തുകളയുകയും പ്രസ്ഥാനചരിത്രത്തെ വികലമായ വ്യക്തിനിഷ്ഠവീക്ഷണംകൊണ്ട് വികൃതമാക്കാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ ഒന്നൊഴിയാതെ ദുരുപയോഗപ്പെടുത്താനുള്ള ഉപജാപങ്ങള്‍ ഒരു ജീവിതവ്രതമാക്കുകയും ചെയ്ത ഒരേയൊരു നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടാണെന്ന് തുറന്നു പ്രസ്താവിക്കാന്‍ എനിക്ക് അശേഷം മടിയില്ല." 
ഏതായാലും അകിടുപോലെ മുഖത്തു വീര്‍ത്ത മേദസ്സും തൂക്കി ഉളുപ്പില്ലാതെ നുണയും നെറികേടും വിളമ്പി നടക്കുന്ന ഇന്നത്തെ നേതാക്കള്‍ ശേഖറിന്റെ പിന്‍ഗാമികളല്ല.

24 Aug 2010

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച.

നേരത്തേ പറഞ്ഞ ഇല്ലാത്ത സാസ്കാരിക സംഘടനയുടെ പേരില്‍ യോഗം നടത്തി പ്രസംഗിച്ചതിന് അനുബന്ധമായി ഒരു കാര്യമുണ്ടായിരുന്നു. യോഗം നടക്കുന്ന ദിവസം യോഗസ്ഥലത്തിനടുത്തുള്ള ഒരു ഫോണും ഐ ജി ആപ്പീസിലെ ഫോണും തമ്മില്‍  ഉണ്ടായ സംഭാഷണം ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഒരു സുഹൃത്ത് കേട്ടത് പിന്നീട് ജോര്‍ജിനോട് പറയുകയുണ്ടായത്രെ. ജോര്‍ജിനെ ഒന്നാം നമ്പര്‍ ശത്രുവെന്ന നിലയ്ക്ക് നേരിടണമെന്നും നല്ല പാഠം പഠിപ്പിക്കണമെന്നുമായിരുന്നു ഐ ജി ആപ്പീസില്‍നിന്ന് യോഗസ്ഥലത്തെ ഉദ്യോഗസ്ഥന് ഫോണിലൂടെ കിട്ടിയ നിര്‍ദ്ദേശം. അതെന്തായാലും യോഗം നടത്തി ജോര്‍ജ് അയാളുടെ പാട്ടിനുപോയ കാര്യം നേരത്തെ പറഞ്ഞു.
ആഗസ്ത് 13ആം തിയ്യതിയിലെ പൊലീസ് മര്‍ദ്ദനം ഉണ്ടാക്കിയ ഭീതി മാറ്റുന്നതിനുവേണ്ടി തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രകടനം സംഘടിപ്പിക്കാന്‍ ഇദ്ദേഹം കെ വി പരമേശ്വരനോടു പറയുന്നു. പന്ത്രണ്ടുപേര്‍ പ്രകടനം നടത്തുന്നു. ആ യുവധീരന്മാരെ തനിക്ക് ഒരിക്കലും വിസ്മരിക്കാന്‍ സാധ്യമല്ലെന്ന് ജോര്‍ജ്. അസാധാരണ ധൈര്യമുള്ളവര്‍ക്കേ ആ സമയത്ത് അങ്ങനെയൊരു ജാഥയില്‍ പങ്കെടുക്കാന്‍ കഴിയുള്ളൂ എന്നും അദ്ദേഹം പറയുന്നു. ജാഥ നടക്കുമ്പോള്‍ അദ്ദേഹം എന്തു ചെയ്തു? പ്രകടനത്തിന്റെ പിന്നില്‍ നീങ്ങി. കുറെ ദൂരം നീങ്ങിയപ്പോള്‍ ഒരു വാന്‍ നിറയെ പൊലീസ് വന്നു പ്രകടനം തടഞ്ഞു. ലാത്തിചാര്‍ജ് നടത്തി. ചിലരുടെ തലപൊട്ടി. എല്ലാവരെയും വാനില്‍ വലിച്ചിട്ടു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
"ഞാന്‍ ഓഫീസിലേക്കു മടങ്ങിപ്പോയി."
അതിനടുത്ത ഒരു ദിവസമാണ് ഓണം. തിരുവോണത്തിന് വീട്ടില്‍ പോവണമെന്ന് ജോര്‍ജിന് നിര്‍ബന്ധമാണ്. പോയി. മടങ്ങി വന്നപ്പോള്‍ അറസ്റ്റുണ്ടായി. ലോക്കപ്പില്‍ അപ്പോഴുമുണ്ട് എന്‍ സി ശേഖര്‍. കോടതിയില്‍ ഹാജരാക്കിയിട്ടുപോലുമില്ല. ലോക്കപ്പില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ അബ്ദുള്‍ കരീം എന്ന ഉന്നത പൊലീസുദ്യോഗസ്ഥന്‍ ജോര്‍ജിനെ സന്ദര്‍ശിക്കുന്നു. വെറുതെ കാണാന്‍ വന്നതാണെന്നു പറയുന്നു. അബ്ദുള്‍ കരീം മീററ്റ് ഗൂഢാലോചനക്കേസിലൊക്കെ കമ്യൂണിസ്റ്റുകളെ വേട്ടയാടി പരിചയമുണ്ടായിരുന്ന ആളാണത്രെ.  അബ്ദുള്‍ കരീമുമായി വേറെയും കൂടിക്കാഴ്ചകളുണ്ട്. ജോര്‍ജിന്റെ പ്രീതി പിടിച്ചുപറ്റാന്‍ വെമ്പുന്ന ഈ പൊലീസുദ്യോഗസ്ഥന്‍ എന്തൊക്കെയോ സംശയങ്ങളുയര്‍ത്തുന്നു. ഏതായാലും ഒന്നാം നമ്പര്‍ ശത്രുവായ ജോര്‍ജിനെ തൊട്ടടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി. ശിക്ഷ അന്നുതന്നെ വിധിച്ചു. ഒമ്പതു മാസം വെറും തടവ്. അന്ന് ജയിലില്‍ പോവുന്നത് തടിനന്നാക്കാനും പഠിക്കാനും വിശ്രമത്തിനും ഒക്കെ നല്ലതായി കണക്കാക്കിയിരുന്ന കാലമാണെന്നോര്‍ക്കണം. ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിലും നല്ലത് ജയിലില്‍ പോവുന്നതാണെന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ ജോര്‍ജിന്റെ അമ്മതന്നെ അഭിപ്രായപ്പെടുന്നുണ്ട്. നേരേമറിച്ച് കുളിക്കാനും വസ്ത്രം അലക്കാനും സൌകര്യമില്ലാതെ, വെളിമ്പ്രദേശത്ത് കക്കൂസില്‍ പോവേണ്ടുന്ന, കലത്തില്‍ മൂത്രമൊഴിച്ച് അതിന്റെ മണവുംകൊണ്ട് വൃത്തിയില്ലാത്ത തറയില്‍ കിടക്കേണ്ടുന്ന ലോക്കപ്പ് വാസം അങ്ങേയറ്റം നരകം പിടിച്ചതുമായിരുന്നു. പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ നേരേ ജയിലില്‍ പോകാനാവസരമുണ്ടായത് ജോര്‍ജിന്റെ അസാധാരണമായ ഭാഗ്യം തന്നെ. ഈ സമയത്ത് ഏ കെ ഗോപാലന്‍ തിരുവിതാംകൂര്‍ ജാഥ നയിച്ചെത്തി കോട്ടയം ലോക്കപ്പിലായി. ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെയും സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കാത്തതിനെതിരെയും അദ്ദേഹം നിരാഹാരസമരം നടത്തിയെങ്കിലും സര്‍ക്കാര്‍ പൊതുമാപ്പ് നല്കി എല്ലാവരെയും വിട്ടയയ്ക്കുന്നതുവരെ അദ്ദേഹം ലോക്കപ്പില്‍ തന്നെ കിടന്നു.
ഒന്നാം നമ്പര്‍ ശത്രു കഷ്ടിച്ച് രണ്ടു മാസം ജയിലില്‍ കഴിച്ചതെങ്ങനെ എന്നു പറയുന്നതു നോക്കുക. എല്ലാ നേതാക്കന്മാരും ജയിലിലുണ്ട്. മലബാറുകാരനെങ്കിലും കെ ദാമോദരന്‍ അന്നവിടെ തടവിലാണ്. അയാള്‍ ഹിന്ദി ക്ലാസ് എടുത്തു. പട്ടം മുതല്‍പേര്‍ ജയിലില്‍ ഹിന്ദി പഠിച്ചു. ആ ചുരുങ്ങിയ കാലത്തെ ജയില്‍ ജീവിതം ഏറ്റവും സന്തോഷകരമായ ദിവസങ്ങളായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് എന്നാണ് ജയില്‍വാസത്തെപ്പറ്റി ജോര്‍ജ് പറയുന്നത്. (കക്കൂസിന്റെ വൃത്തി ഒഴിച്ചാല്‍ ജയില്‍വാസം സുഖമായി പണിയെടുക്കാതെ ഭക്ഷണം കഴിച്ച് സൈദ്ധാന്തികവ്യായാമം നടത്താനുള്ള അവസരമായിരുന്നെന്ന് നായനാരുടെ ജയില്‍ ഡയറി വായിച്ചാല്‍ മനസ്സിലാവും.) സൂര്യനു കീഴിലുള്ള സകലവിഷയങ്ങളെപ്പറ്റിയും പരസ്പരം ചര്‍ച്ച ചെയ്തും പാട്ടുപാടിയും രാജാവിന്റെ ജന്മദിനമായ തുലാം 7 വരെ കഴിച്ചു. പിന്നെ വിമോചനവുമായി. തുലാം ഏഴിനാണ് അക്കമ്മ ചെറിയാന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ രാജാവിനു നിവേദനം നല്കാന്‍ കിഴക്കേകൊട്ടയിലേക്കു മാര്‍ച്ച് ചെയ്തതും രാജാവ് നിവേദനം സ്വീകരിക്കാനോ വളണ്ടിയര്‍മാരെ കാണാനോ കൂട്ടാക്കാതെ വേറെ വഴിക്കു രക്ഷപ്പെട്ടതും. അതിനു മുമ്പുതന്നെ പ്രശസ്തമായ ആലപ്പുഴ പണിമുടക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു.  ജയിലില്‍നിന്നിറങ്ങി വിശ്രമമില്ലാതെ ആലപ്പുഴ പണിമുടക്കിലേക്കു നീങ്ങുകയാണ്. പൊന്നറ ശ്രീധറും ശ്രീകണ്ഠന്‍നായരും സമരത്തെ സഹായിക്കാന്‍ ആലപ്പുഴയ്ക്കു പോവാന്‍ തീരുമാനിച്ചും. ഞാനും. എന്നാല്‍ തിരുവനന്തപുരത്ത് നിന്നുകൊണ്ട് പണിമുടക്കിനു പ്രചരണം സംഘടിപ്പിക്കുകയും ഫണ്ട് പിരിക്കുകയും ചെയ്യുന്ന ജോലി ഞാനേറ്റെടുക്കണമെന്ന് പൊന്നറ ശ്രീധര്‍ പറഞ്ഞതു ഞാന്‍ സ്വീകരിച്ചു. പൊന്നറ ആലപ്പുഴ പോയി വിവരങ്ങള്‍ ശേഖരിച്ച് രണ്ടുദിവസംകൊണ്ടു മടങ്ങിയെത്തി. ഫണ്ട് പിരിവിനുശേഷം പൊന്നറയുമൊത്ത് ആലപ്പുഴയ്ക്കു പോയ ഞാന്‍ മനസ്സില്‍ മായാത്ത ചിത്രങ്ങളുമായിട്ടാണ് മടങ്ങിയത്.ആലപ്പുഴപോയി മടങ്ങിവന്നു. അവിടെ എന്തെങ്കിലും ചെയ്തതായി പറയുന്നില്ല. തിരുവട്ടാര്‍ താണുപിള്ളയും ശ്രീകണ്ഠന്‍നായരുമൊക്കെ ആലപ്പുഴ ക്യാമ്പ് ചെയ്തു പണിമുടക്കു സമരത്തെ സഹായിക്കുകയായിരുന്നു എന്നു പറയുന്നതില്‍നിന്നു മനസ്സിലാവുന്നത് താന്‍ അവിടെ നിന്നില്ല എന്നാണ്. ഇദ്ദേഹത്തിന്റെ രീതിയനുസരിച്ച് അവിടെ നില്ക്കാന്‍ ഒരു സാദ്ധ്യതയുമില്ല. ലാത്തിചാര്‍ജും വെടിവെപ്പുമായാണ് സി പി പണിമുടക്കിനെ നേരിട്ടത്. പണിമുടക്കിനെപ്പറ്റി ഒന്നും പറയാതെ ആശയം ഭൌതികശക്തിയാവുന്നതിനെപ്പറ്റിയും തൊഴിലാളിവര്‍ഗ്ഗം തന്റെ ഗുരുവായതിനെപ്പറ്റിയുമൊക്കെ പറഞ്ഞ് സ്വന്തം തടിരക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ആത്മകഥനത്തെയാണ് ഇവിടെ കാണുന്നത്. ഇതു കഴിഞ്ഞ് ഒന്നു രണ്ടു യോഗങ്ങളിലൊക്കെ പങ്കെടുത്തു പ്രസംഗിച്ചപ്പോഴേക്ക് അറസ്റ്റ് വാറണ്ട് വീണ്ടും വന്നു. ചങ്ങനാശ്ശേരിയില്‍വെച്ച് ഇതറിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് പോയി അറസ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചു. അന്ന് കോണ്‍ഗ്രസ്സുകാരുടെ രീതി വാറണ്ടുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ടുപോയി അറസ്റ്റ് കൊടുക്കുക എന്നതാണ്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പൊലീസുകാര്‍ കാത്തുനില്പുണ്ടായിരുന്നു. അറസ്റ്റ് അന്നു വേണ്ട, വീട്ടില്‍പ്പോയി കുളിച്ച് വിശ്രമിച്ചിട്ട്  പിറ്റേന്നാകാം എന്നായി സുഹൃത്തുക്കള്‍. പൊലീസുകാര്‍ക്കും വിരോധമില്ല. പക്ഷേ രാത്രി ഒരു മണിയോടെ പട്ടത്തിന്റെ ഒരു ദൂതന്‍ മതില്‍ ചാടിക്കടന്നു വന്നിരിക്കുന്നു. അറസ്റ്റ് കൊടുക്കാതെ എറണാകുളത്തേക്കു പോവണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട്. പട്ടത്തിനോടും സ്റ്റേറ്റ് കോണ്‍ഗ്രസ്സിനോടും ശേഷിക്കുന്ന മതിപ്പുപോലും ഇല്ലാതായ കാലത്ത് പട്ടം പറഞ്ഞതുപ്രകാരം ഇദ്ദേഹം ചെയ്യുമെന്നതൊക്കെ ലേശം അവിശ്വസനീയമായി തോന്നുന്നു. ഏതായാലും രാത്രി രണ്ടരയോടെ അതിസാഹസികമായി വീട്ടിനു പുറത്ത് കാവല്‍ നിന്ന സി ഐ ഡികളെ കബളിപ്പിച്ച് വേളി സ്റ്റേഷനില്‍ പോയി വണ്ടി കയറുകയാണ് ജോര്‍ജ്. അങ്ങനെയാണ് ജോര്‍ജിന്റെ അണ്ടര്‍ഗ്രൌണ്ട് ജീവിതം ആരംഭിക്കുന്നത്. എറണാകുളത്ത് കൊച്ചി ദിവാന്റെ സി പി വിരോധം ഉപയോഗപ്പെടുത്തി അലട്ടില്ലാത്ത ഒരു ജീവിതം. കൂട്ടിന് വൈക്കം മുഹമ്മദ് ബഷീര്‍. വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെപ്പറ്റി ദുഃഖം പ്രകടിപ്പിക്കുന്നുണ്ട് ഇദ്ദേഹം. നിയമം ലംഘിച്ചു നടത്തിയ സമ്മേളനത്തില്‍ വെടിവെപ്പും ലാത്തിചാര്‍ജുമൊക്കെ പ്രതീക്ഷിച്ചതായിരുന്നു ‍. ഭാഗ്യത്തിന് ഒന്നുമുണ്ടായില്ല. ഗറില്ലാസമരം പോലെ എന്നാണ് അതിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിന്റെ പേര്. പട്ടത്തിന്റെ നിര്‍ദ്ദേശം ആ സമ്മേളനത്തില്‍ പങ്കെടുക്കാതെ രക്ഷപ്പെടുത്തി.
സമരവും പ്രതീക്ഷിച്ച് അക്ഷമനായി എറണാകുളത്ത് കഴിയുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. എറണാകുളത്ത് എത്തിയ ഉടന്‍ അവിടത്തെ പൊലീസ് കമ്മിഷനര്‍ ഇദ്ദേഹത്തെ വിളിപ്പിച്ച് സൌഹൃദ സംഭാഷണം നടത്തുന്നു. പിന്നീട് ഒന്നരക്കൊല്ലത്തെ എറണാകുളത്തെ ഒളിവുജീവിതത്തിനിടെ ഒരിക്കലും കൊച്ചി പൊലീസ് തന്റെ കാര്യത്തില്‍ ഇടപെട്ടില്ല. എത്രയോ പൊലീസുദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് വളരെ മര്യാദയായി ഗുഡ് മോണിങ്/ഈവനിങ് മിസ്റ്റര്‍ ജോര്‍ജ് എന്നു പറഞ്ഞ് മര്യാദയോടെ  സംസാരിക്കുന്നത് ഈ കഥയിലുണ്ട്. ഒരുത്തനും അപമര്യാദയായി സംസാരിച്ച കഥയില്ല. പൊങ്ങച്ചക്കാരന്റെ selective memory ആവാം അല്ലാതിരിക്കാം പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പൊലീസ് എന്നു പറഞ്ഞാല്‍ തനിക്ക് നല്ല കണ്ണോടെ അവരെ കാണാന്‍ വയ്യ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതിലെ ഹിപ്പോക്രസി ലേശം കടന്നുപോയില്ലേ. വേറൊരു രസകരമായ കാര്യം പൊലീസ് സ്റ്റേഷനുകളിലും അല്ലാതെയും റൌഡികളും അറിയപ്പെടുന്ന കുറ്റവാളികളുമായി ഇയ്യാള്‍ക്കുള്ള ബന്ധമാണ്. അവരൊക്കെ കാണുന്ന മാത്രയില്‍ ഇദ്ദേഹത്തെ ഗുരുവായി അങ്ങ് അംഗീകരിക്കുന്നു. ഇത്തരം പലരുമായുള്ള ബന്ധത്തെപ്പറ്റിയും പറഞ്ഞുപൊലിപ്പിക്കുന്നുണ്ട് നേതാവ്. കമ്യൂണിസ്റ്റുകാരെ ഒതുക്കാന്‍ സി പി പ്രത്യേകം കൊണ്ടുവന്നു എന്നു പറയുന്ന കരീംസാഹിബ് എന്ന ഐ ജിയെപ്പറ്റി ഇദ്ദേഹം കുറെയേറെ പറയുന്നുണ്ട്. കരീംസാഹിബ് എന്നൊരു അദ്ധ്യായം തന്നെയുണ്ട്. ഇവരുടെ കൂടിക്കാഴ്ചകളിലൊക്കെ കരീംസാഹിബ് വിനീതനും ജോര്‍ജ് അധികാരത്തെ വെല്ലുവിളിക്കുന്നവനുമാണ്. തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ കരീംസാഹിബ് ഇദ്ദേഹത്തെ കാണാന്‍ വന്നത് പതിനെട്ടു വയസ്സു തോന്നിക്കുന്ന ഒരു യുവാവുമൊത്താണ്. മകനാണെന്നാണ് ജോര്‍ജിനു തോന്നിയത്. ക്ഷേമാന്വേഷണം നടത്തിയപ്പോള്‍ തനിക്കു പനി തോന്നുന്നെന്നു ജോര്‍ജ് പറഞ്ഞപ്പോള്‍ അതു മലബന്ധംകൊണ്ടായിരിക്കുമെന്ന് കരീം അഭിപ്രായപ്പെട്ടു. തനിക്കത് ഇതുവരെ ഉണ്ടായിട്ടില്ലെന്നു പറഞ്ഞത് വിശ്വസിക്കാതിരുന്ന കരീമുമായി ജോര്‍ജ് മുഷിഞ്ഞു സംസാരിക്കുന്നു. എന്തേ കല്യാണം കഴിച്ചില്ലെന്നാണ് പിന്നെ ചോദിക്കുന്നത്. ഇതോടെ ശബ്ദമുയര്‍ത്തി ജോര്‍ജ് അയാളെ ശകാരിക്കുന്നു. കരീം പിന്നെ അധികനേരം അവിടെ നില്ക്കാതെ സ്ഥലം വിടുന്നു. ഒന്നരവര്‍ഷം ഇദ്ദേഹം എറണാകുളത്തു കൂടിയതിന്നിടെ സി പിക്കെതിരായി യൂത്ത് ലീഗിന്റെ മെമ്മോറാണ്ടം പരിപാടി, വൈസ്റോയിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പ്രതിഷേധം എന്നിവയും അതു നേരിടുന്നതിനായി സി പിയുടെ വക വ്യാപകമായ അറസ്റ്റും മര്‍ദ്ദനവും നടക്കുന്നു. ഒന്നിലും ഇദ്ദേഹം കാര്യമായി എന്തെങ്കിലും ചെയ്തതായി പറയുന്നില്ല. കുറെ ലഘുലേഖകള്‍ തയ്യാറാക്കിയതായും അച്ചടിച്ചതായും പറയുന്നുണ്ട്. കൊച്ചിയിലെ സര്‍ക്കാരിന്റെ ഒത്താശയോടെ കൊച്ചിയിലിരുന്ന് ഇതൊക്കെ ചെയ്യുന്നത് വലിയ ഒളിപ്രവര്‍ത്തനമൊന്നുമല്ല. അതു തിരുവിതാംകൂറിലെത്തിക്കുന്നതാണ് സാഹസം. അത് ഇദ്ദേഹമാവട്ടെ ചെയ്തതുമില്ല. ശ്രീകണ്ഠന്‍നായരായിരുന്നു അതിന്റെ ചുമതല ഏറ്റെടുത്തതെന്നു പറയുന്നു. എത്ര അണയ്ക്കു ചായയും ചോറും തിന്നു, വാടകകൊടുത്തു എന്നൊക്കെയുള്ള കണക്കു സൂക്ഷിപ്പും ഭക്ഷണം വാങ്ങുന്ന കടയിലെ പറ്റുപുസ്തകത്തില്‍ എഴുതലുമൊക്കെയാണ് ഇക്കാലത്തെ ഇദ്ദേഹത്തിന്റെ ഒളിപ്രവര്‍ത്തനങ്ങള്‍.
ഇദ്ദേഹം തന്നെ പറയുന്നതു നോക്കുക:
തിരുവിതാംകൂറിനു പുറത്തുള്ള പത്രങ്ങള്‍ക്കു പ്രസ്താവനനല്കുന്ന ജോലി മാത്രമായി എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഒതുങ്ങിനില്ക്കുകയായിരുന്നു എനിക്കുതന്നെ ചിലപ്പോള്‍ തോന്നിയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ വാമപക്ഷമായി പ്രവര്‍ത്തിക്കുന്നതിന് ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനം ഞാന്‍ ചെയ്തുകൊണ്ടിരുന്നു.
മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും വായിച്ചവര്‍ വേറെയില്ലാത്തിടത്ത് പ്രസ്താവന എഴുതിക്കൊടുക്കുന്നവന്‍ തന്നെ സംഘാടകനും സൈദ്ധാന്തികനും.
വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കന്മാരെയും പ്രവര്‍ത്തകരെയും വളരെപ്പേരെ സമ്മേളനത്തിനടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തു. സമ്മേളനം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നേതാക്കന്മാര്‍ ജയിലില്‍വെച്ച് മെമ്മോറാണ്ടത്തിലെ ആരോപണങ്ങള്‍ നിരുപാധികം പിന്‍വലിക്കുകയും ചെയ്തു. പക്ഷേ ഇവരെ മോചിപ്പിച്ചില്ല. ആരോപണങ്ങള്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സിനെക്കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെടാന്‍ കാരണമാക്കി. പോരാത്തതിന് നേതാക്കന്മാരൊക്കെ ജയിലിലും. ഇങ്ങനെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നിഷ്ക്രിയമായ അവസ്ഥയില്‍ യൂത്ത് ലീഗിന്റെ ഒരു യോഗം എറണാകുളത്തുവെച്ചു കൂടാന്‍ തീരുമാനിച്ചു. അവിടെ വെച്ചാണ് ബദല്‍ മെമ്മൊറാണ്ടം നല്കുന്നതിനും അത് അച്ചടിച്ചു തിരുവിതാംകൂറില്‍ വിതരണം ചെയ്യാനും തീരുമാനിക്കുന്നത്. ഏ കെ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  നൂറിലധികം പേരുണ്ടായിരുന്നു എന്നാണ് ജോര്‍ജ് ഓര്‍ക്കുന്നത്.  അറസ്റ്റില്‍നിന്ന്  ഒഴിഞ്ഞുമാറി നില്ക്കുന്നത് നാട്ടുകാരുടെ ഇടയില്‍ ഭീരുവെന്ന ദുഷ്പേര് സമ്പാദിക്കുമോ എന്ന് ഇദ്ദേത്തിനു തന്നെ ഉത്കണ്ഠയുണ്ടായതുകൊണ്ട് നിയമം ലംഘിച്ചു ജയിലില്‍ പോവാന്‍ തീരുമാനിച്ചിരുന്ന കാലമായിരുന്നത്രേ. പക്ഷേ ഈ യോഗം അവസാനം ഒരു പ്രമേയം പാസാക്കി. ജോര്‍ജിനെ ഞെട്ടിച്ച ഒരു പ്രമേയം. ജോര്‍ജ് സെക്രട്ടറിയാവണമെന്നും എറണാകുളം കേന്ദ്രമാക്കി സമരം നയിക്കണമെന്നുമായിരുന്നു ആ പ്രമേയം. സെക്രട്ടറി എന്നു പറഞ്ഞാല്‍ സെക്രട്ടറി മാത്രം. കമ്മിറ്റിയൊന്നുമില്ല. ജോര്‍ജിന്റെ എതിര്‍പ്പൊന്നും വിലപ്പോയില്ല. പ്രമേയം പാസായി. സമരം നടത്തുന്നതില്‍ അന്നു കോണ്‍ഗ്രസ് ഡിക്റ്റേറ്റര്‍ക്കുണ്ടായിരുന്ന സ്ഥാനമാണ് യൂത്ത് ലീഗ് യോഗം ഇദ്ദേഹത്തിന് നല്കിയതെന്ന് ജോര്‍ജ്. ഏകാധിപത്യപ്രവര്‍ത്തന സമ്പ്രദായം എന്നു വിമര്‍ശനവും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്. (ഡിക്റ്റേറ്റര്‍ ആയിട്ടാണ് നമ്പൂതിരിപ്പാട് ആദ്യമായി സമരം നടത്തുന്നതും തുടര്‍ന്നു ജയിലില്‍ പോവുന്നതും. അത് 1932 ല്‍.) ഈ ഡിക്റ്റേറ്റര്‍ എന്തു ചെയ്തു എന്നു നോക്കാം. മെമ്മോറാണ്ടം തപാലില്‍ അയച്ചുകൊടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയ പ്രമേയത്തോടെയാണ് സമ്മേളനം അവസാനിച്ചത്. ഇതു താന്‍ തന്നെ കൊണ്ടുപോയി അയച്ചതായി ജോര്‍ജ് പറയുന്നു. മെമ്മൊറാണ്ടത്തിന്റെ ആയിരം കോപ്പികള്‍ അച്ചടിപ്പിക്കുന്നതിനും ഏര്‍പ്പാട് ചെയ്തു. പി ടി പുന്നൂസിനെ നിയമം ലംഘിക്കാന്‍ കാഞ്ഞിരപ്പള്ളിക്കയച്ചു. ഒരു ഓഫീസ് തുറന്നു. "ഓഫീസ് തുറന്നതോടെ സമരവും ആരംഭിച്ചു." അതു പറഞ്ഞു നമ്മള്‍ കാണുന്ന സമരം പുതിയ ആപ്പീസിലെ മുറികള്‍ ആര്‍ക്ക് എന്നതിനെ സംബന്ധിച്ചു വല്ല സമരവുമാണോ? ബഷീര്‍ ഒരു മുറി കരസ്ഥമാക്കിയതിനെപ്പറ്റിയൊക്കെ പറയുന്നുണ്ട്. സമരം എല്ലായിടത്തും പരിപാടിയനുസരിച്ചു നടന്നുകൊണ്ടിരുന്നു. പുതിയ ഇടങ്ങളിലേക്കു വ്യാപിക്കുകയും പുതിയ പ്രവര്‍ത്തകര്‍ രംഗത്തുവരികയും ചെയ്തു. ഇതിലൊക്കെ താന്‍ എന്തെങ്കിലും ചെയ്തതായി ജോര്‍ജിനു പറയാനൊന്നുമില്ല, കുറച്ച് ലഘുലേഖ നേരത്തേ പറഞ്ഞതുപോലെ അച്ചടിച്ച് വിതരണത്തിനായി മറ്റുള്ളവരെ ഏല്പിക്കുന്നതൊഴിച്ചാല്‍. യൂത്ത് ലീഗിന്റെ മെമ്മൊറാണ്ടസമരവും അവസാനിച്ചിരുന്നു എന്ന് ആനുഷംഗികമായ ഒരു പ്രസ്താവത്തോടെ കാര്യങ്ങള്‍ കഴിയുകയും ചെയ്തു. (പതിവുപോലെ സി ഐ ഡികളുടെ സാന്നിദ്ധ്യത്തിന് ഒട്ടും കുറവില്ല. പോരാത്തതിന് ഒരു ഒറ്റുകാരനുമുണ്ട്. പഴയ ആപ്പീസിന്റെയും പുതിയ ആപ്പീസിന്റെയും പരിസരത്തൊക്കെ അവര്‍ ചുറ്റി നടപ്പുണ്ട്.)
വൈസ്റോയിയുടെ വരവിനോടനുബന്ധിച്ചുള്ള പ്രതിഷേധവും ഇങ്ങനെയൊക്കെ. സഖാവ് ജോര്‍ജ് എറണാകുളത്ത് സുരക്ഷിതമായിരിക്കുകയും സമരം നടത്തുന്നവര്‍ തിരുവിതാംകൂറില്‍ തല്ലുകൊള്ളുകയും. അങ്ങനെയിരിക്കെ കൃഷ്ണപിള്ള ജോര്‍ജിനെ ആളെവിട്ട്  കോഴിക്കോട്ടേക്ക് വിളിപ്പിക്കുന്നു. അവിടെ കെ പി സി സി ആപ്പീസില്‍ ജോര്‍ജ് കൃഷ്ണപിള്ള, ഇ എം എസ് എന്നിവരെ കാണുന്നു. യൂത്ത് ലീഗിന്റെ സമരം സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാക്കുമെന്നും അതിനാല്‍ അതു പിന്‍വലിക്കണമെന്നും നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നു. (കെ പി സി സി നേതാക്കളായിരിക്കെതന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരും കമ്യൂണിസ്റ്റുകാരും ആയിരുന്ന ഇതേ നേതാക്കന്മാരാണ് കുറെ മാസങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്സിനെ പിളര്‍ത്തി  കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ മൊത്തത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കി മാറ്റുന്നത്  എന്നൊരു ഐറണി ഓര്‍ക്കാതെ വയ്യ.) ജോര്‍ജിനോടൊപ്പം കെ ദാമോദരനും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തെന്നാണ് പറയുന്നത്. പക്ഷേ അവസാനം നേതൃത്വത്തിന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നു. സര്‍വ്വാധിപതി കോഴിക്കോട്ടു പോയി സമരം പിന്‍വലിക്കാമെന്നു സമ്മതിച്ചു പോരുന്നു. ഇവിടെ ജോര്‍ജ്  പറയാതെ പോവുന്ന ചില കാര്യങ്ങളുണ്ട്. ഒരു കൊല്ലം മുന്‍പുവരെ ജോര്‍ജ് യൂത്ത് ലീഗ് സമരത്തിന്റെ ഒരു അനുഭാവി മാത്രമായിരുന്നു. ജോര്‍ജ് നേതാവയതില്‍പിന്നെ അന്നത്തെ നേതാക്കന്മാര്‍ക്ക് എന്തു സംഭവിച്ചു? സര്‍വ്വാധിപതിയുടെ ഈ നീക്കങ്ങളോട് അവരുടെയൊക്കെ നിലപാടെന്തായിരുന്നു? പൊന്നറ ശ്രീധര്‍ എറണാകുളത്തെ യോഗത്തിനു പങ്കെടുത്തില്ല എന്നകാര്യം എല്ലാവരും ശ്രദ്ധിച്ചു എന്നു മാത്രം കാണുന്നുണ്ട്. ഏതായാലും എങ്ങനെയൊക്കെയോ ഇദ്ദേഹം നേതാവാവുകയും മാസങ്ങള്‍കൊണ്ട് പ്രസ്ഥാനത്തെതന്നെ ഇല്ലാതാക്കുന്നതിന് ഉപകരണമാവുകയും ചെയ്തു. ഇതേ കാലത്ത് എറണാകുളത്ത് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആപ്പീസ് തുറന്ന് സംഘടനയുടെ പ്രവര്‍ത്തനകേന്ദ്രം അങ്ങോട്ടു മാറ്റുന്നുണ്ട്. എം എന്‍ ഗോവിന്ദന്‍ നായര്‍ സജീവ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി എറണാകുളത്തിനും തിരുവിതാംകൂറിനും ഇടയ്ക്ക് ഓടുന്നുണ്ട്. ഇതൊന്നും പക്ഷേ കെ സി ജോര്‍ജിന്റെ ഓര്‍മ്മയിലില്ല! 
എമ്മെന്റെ ആത്മകഥയില്‍ വിവരിക്കുന്ന ഒരു കാര്യം ചില സൂചനകളൊക്കെ തരുന്നുണ്ട്.  എം എന്‍ ഗോവിന്ദന്‍നായര്‍ പോയി എറണാകുളത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ് ആപ്പീസ് തുടങ്ങുന്നു. 1939 ഒക്റ്റോബറിലാണെന്നു തോന്നുന്നു ഇത്. പക്ഷേ ആപ്പീസിന്റെ ചുമതല ഏറ്റെടുക്കേണ്ടിയിരുന്ന നേതാക്കള്‍ പറഞ്ഞ സമയത്ത് എത്തിയില്ല. അപ്പോഴേക്കും തിരുവനന്തപുരത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് ആപ്പീസ് പൊലീസ് കയ്യേറി കഴിഞ്ഞിരുന്നു. സി പിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം ബഹിഷ്കരിക്കാനും മറ്റുമുള്ള നടപടികളെ ദിവാന്‍ ഉടന്‍ നിരോധിച്ചു. സി പിയുടെ ദുശ്ചെയ്തികള്‍ വിവരിക്കുന്ന ഒരു ലഘുലേഖ സി പിയുടെ കാര്‍ട്ടൂണ്‍ സഹിതം അച്ചടിച്ചത് തിരുവിതാംകൂറിലേക്ക് ഒളിച്ചുകടത്താന്‍ എന്തു ചെയ്യണമെന്നറിയാതെ എമ്മെന്‍ വിഷമിക്കുന്നു. ഉപദേശം തേടാനായി ആകെയുള്ളത് യൂത്ത് ലീഗ് നേതാവായി സീതീസ് ബില്‍ഡിംഗില്‍ വാഴുന്ന കെ സി ജോര്‍ജ്. ജോര്‍ജിനെപ്പോയി കണ്ടു. ജോര്‍ജ് സഹായിച്ചില്ല എന്ന് എമ്മെന്‍ പറയുന്നില്ല. പക്ഷേ വായിക്കുന്നവര്‍ക്ക് മനസ്സിലാവുക മറ്റൊന്നല്ല. ഒടുക്കം പെട്ടിയും ചുമന്ന് എമ്മെന്‍ തന്നെ പോവുകയാണ്. 
(തുടരും)   

22 Aug 2010

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും

ചില മഹാജീവിതങ്ങളില്‍ യാദൃച്ഛികതകള്‍ക്ക് അളവറ്റ ശക്തിയാണ്. അവിശ്വസനീയമായ യാദൃച്ഛികതകളുടെ ആഖ്യായികപോലെ തോന്നുന്നു കെ സി ജോര്‍ജ് എഴുതിയ എന്റെ ജീവിതയാത്ര  എന്ന ആത്മകഥ1985 ലാണ് നാഷനല്‍ ബുക് സ്റ്റാള്‍ ഇതു പ്രസിദ്ധീകരിച്ചത്. 660 പേജുണ്ട്. ഇതിലെ ഒന്നാം അദ്ധ്യായം മനോരമയില്‍ വായിച്ച വിഷ്ണുഭാരതീയന്‍ ഇദ്ദേഹത്തിനെഴുതിയ ഒരു കത്ത് പിന്നീടൊരു അദ്ധ്യായത്തില്‍ കൊടുത്തിട്ടുണ്ട്. മനോരമയില്‍ ഖണ്ഡശഃ  പ്രസിദ്ധീകരിച്ചിരുന്നോ എന്ന കാര്യം പുസ്തകത്തിലില്ല. തിരുവിതാംകൂറിലെ ഏറ്റവും ഉന്നതനായ കമ്യൂണിസ്റ്റ് നേതാവ് എന്നതിനെക്കാള്‍ പുന്നപ്ര വയലാര്‍ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ കര്‍ത്താവ് എന്ന നിലയ്ക്കാണോ ഇപ്പോള്‍ കെ സി ജോര്‍ജ് കൂടുതലും അറിയപ്പെടുന്നത്? പിളര്‍പ്പിനുശേഷം സി പി എമ്മില്‍ കയറാത്ത നേതാക്കളുടെയൊക്കെ വില ചരിത്രത്തില്‍ കുത്തനെയിടിഞ്ഞിട്ടുണ്ട്. മലബാറിലും തിരുവിതാംകൂറിലും ഒരുപോലെ ഓടിനടന്നു പ്രവര്‍ത്തിച്ച ഫയര്‍ബ്രാന്‍ഡ് ആക്റ്റിവിസ്റ്റും പണ്ഡിതനായ മാര്‍ക്സിസ്റ്റുമായിരുന്ന കെ ദാമോദരനെ നിഷ്പ്രഭനാക്കി മണ്ടനും പ്രക്ഷോഭരംഗത്തു കാണാത്തവനുമായ ഇ എം എസ്  മാര്‍ക്സിസ്റ്റ് ചിന്തകനായി വിരാജിച്ചതുപോലെ.
താന്‍ ഏറെക്കുറെ ഇല്ലാത്ത (നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇല്ലാത്ത) പുന്നപ്ര വയലാര്‍ സംഭവങ്ങളുടെ കഥനത്തിനിടയില്‍ ഇദ്ദേഹം ഇ എം എസിനെക്കുറിച്ചുന്നയിക്കുന്ന ഒരു ഗുരുതരമായ ആരോപണമാണ്  (ഇതും, ഇതും കാണുക) കെ സി ജോര്‍ജിന്റെ ആത്മകഥ ചികയാന്‍ പ്രേരണയായത്. പുന്നപ്ര വെടിവെപ്പ് നടന്നതിന്റെ അടുത്ത ദിവസം ഇ എം എസ് നമ്പൂതരിരിപ്പാട് യോഗക്ഷേമസഭയുടെ ഒരു യോഗത്തില്‍ പങ്കെടുത്തു പ്രസംഗിച്ചപ്പോള്‍ ആ സംഭവത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നതാണ് ജോര്‍ജ് വേറൊരാളുടെ വായിലൂടെ പറഞ്ഞുവെയ്ക്കുന്ന ആരോപണം. ഇ എം എസ് അങ്ങനെ ചെയ്താല്‍ അതില്‍ അത്ഭുതമില്ല. കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പേരില്‍ ആയിരത്തിലധികം പേജുള്ള ഒരു ചരിത്രം എഴുതിയതില്‍ പുന്നപ്ര വയലാര്‍ സംഭവത്തെ അദ്ദേഹം ശ്ലോകത്തില്‍ കഴിച്ചതു കണ്ടാലറിയാം നമ്പൂതിരിപ്പാട് ഇതിനൊക്കെ എന്തു പ്രാധാന്യം കൊടുത്തിരുന്നുവെന്ന്.
പക്ഷേ കെ സി ജോര്‍ജിന്റെ ആത്മകഥ വായിച്ചപ്പോള്‍ കടിച്ചവനെക്കാള്‍ വലിയതു മാളത്തിലിരിക്കുന്നല്ലോ എന്നാണ് തോന്നിയത്. എന്തിന്, കുടിലതന്ത്രക്കാരന്‍ നമ്പൂതിരി ഇതിലും ഭേദമാണല്ലോ എന്നുപോലും തോന്നി.
ആത്മകഥനം രസകരമാക്കാനുള്ള ജോര്‍ജിന്റെ പൊടിക്കൈകള്‍ ഇന്നത്തെ വായനക്കാരില്‍ വിപരീതഫലമാണ് ചെയ്യാനിട. തന്റെ വീരശൂരപരാക്രമങ്ങള്‍ എത്രയെണ്ണമാണെന്നോ ജോര്‍ജ് വര്‍ണ്ണിക്കുന്നത്. 1938 ല്‍ പൊലീസ് വാനിനുപിന്നാലെ അരമുക്കാല്‍ മണിക്കൂര്‍ കാര്‍ ചെയ്സ് നടത്തി വാനില്‍ കൊണ്ടുപോയിരുന്ന പത്തുപന്ത്രണ്ടു സമരക്കാരെ ഒരു വനപ്രദേശത്തുനിന്ന് മോചിപ്പിച്ച് പൊലീസിനെക്കൊണ്ടുതന്നെ നഗരത്തില്‍ തിരിച്ചെത്തിച്ച പരാക്രമമൊക്കെ ജോര്‍ജ് വര്‍ണ്ണിക്കുന്നതു കേട്ടാല്‍ വേലുത്തമ്പി, പഴശ്ശി പിന്നെ കെ സി ജോര്‍ജ് എന്നൊക്കെ വേണ്ടിവരും പറയുക.
ഏതായാലും ചരിത്രപ്രധാനമായ യാദൃച്ഛികതകള്‍ കുറെയെണ്ണം ഇവിടെയൊന്നു പറയുകയാണ്. ജോര്‍ജ് കഥനം തുടങ്ങുന്നത് ഗവേഷകനായ ഒരു സായ്പുമായുള്ള കൂടിക്കാഴ്ച വിവരിച്ചുകൊണ്ടാണ്. സുറിയാനി നസ്രാണിയായി ജോര്‍ജ് എങ്ങനെ കമ്യൂണിസ്റ്റായി എന്നന്വേഷിക്കുന്ന ഗവേഷകനോട് തന്റെ ജീവിതകഥ സാമാന്യം ദീര്‍ഘമായി വിവരിക്കുന്ന രീതിയിലാണ് ആത്മകഥയുടെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങള്‍.  ഈ ഗവേഷകനെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രംകൊണ്ട് ബ്രെയ്ന്‍വാഷ് ചെയ്തുകളയാമെന്നാണ് ജോര്‍ജ് വിചാരിച്ചതെന്നു തോന്നുന്നു. ക്രിസ്തു ഒരു കമ്യൂണിസ്റ്റ് വിശുദ്ധനാണെന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുമായിരുന്നു എന്നൊക്കെയാണ് മൂപ്പര്‍ ധ്വരയെ തെര്യപ്പെടുത്തുന്നത്.  ഗവേഷകന്‍ ഇതൊക്കെ ചിരിച്ചുകൊണ്ട് കേട്ടതും ജോര്‍ജുതന്നെ പറയുന്നുണ്ട്. പെബ്ബിന്റെ സോവിയറ്റ് കമ്യൂണിസത്തില്‍നിന്നും ജോണ്‍ സ്റ്റുവേര്‍ട്ട് വീല്‍ പറഞ്ഞതുമൊക്കെ ഉദ്ധരിക്കുന്നുണ്ട് ധ്വരയോട് ജോര്‍ജ്. പെബ്ബ് വെബ്ബാവണം. മറ്റേയാള്‍ മില്ലാണല്ലോ. വീണ്ടും കാണുകയാണെങ്കില്‍ താന്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായെന്ന് അദ്ദേഹം തന്നോടു പറയാനിടവരുമെന്ന് പറഞ്ഞാണ് ജോര്‍ജ് ഗവേഷകനുമായുള്ള സംഭാഷണം അവസാനിപ്പിക്കുന്നത്.
1921ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു എന്നു പറയുന്ന ജോര്‍ജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അംഗത്വം നിലനിറുത്തുന്നതില്‍ (നാലണ അംഗത്വം ഏറെക്കുറെ മുടങ്ങാതെ...) കൂടുതലായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഏറ്റുപറയുന്നുണ്ട്. എങ്കിലും താന്‍ അത്യന്തം താത്പര്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് അവകാശവാദം. അതെങ്ങനെയാണ് ശ്രദ്ധിച്ചതെന്നു നമുക്കു നോക്കാം.
തിരുവനന്തപുരത്ത് ബി എല്‍-ന് പഠിക്കുമ്പോള്‍ സഹപാഠിനിയെ കളിയാക്കിക്കൊണ്ട് ഫാന്‍സി ഡ്രസ് അവതരിപ്പിച്ച ജോര്‍ജിനെ കോളജില്‍നിന്നു പുറത്താക്കി. ഒരു ദിവസമെങ്കിലും തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുമെന്നു വെല്ലുവിളിപോലെ പ്രിന്‍സിപ്പലിനോട് പറഞ്ഞ് ജോര്‍‌ജ് നിയമബിരുദം എടുക്കാനായി അലഹബാദിലേക്കു വണ്ടികയറുന്നു. അവിടെച്ചെന്നപ്പോള്‍ യൂനിവേഴ്സിറ്റി അടച്ചിരിക്കയാണ്. ഒരു മാസം കഴിഞ്ഞേ തുറക്കുകയുള്ളൂ. ഉടനെ നാഗ്പൂര്‍ യൂനിവേഴ്സിറ്റിയിലേക്കു തിരിച്ചു. അവിടെ ഫീസൊക്കെയടച്ചു ചേര്‍ന്നു. ആദ്യത്തെ ദിവസം ക്ലാസ് ആരംഭിച്ച് അരമണിക്കൂറേ ആയുള്ളൂ. അതാ സമരത്തിന്റെ ആരവം. സമരക്കാര്‍ ക്ലാസിലെത്തി എല്ലാവരോടു ക്ലാസ് ബഹിഷ്കരിക്കാന്‍ പറഞ്ഞു. ജോര്‍ജ് ഭാണ്ഡം മുറുക്കി. ലക്നൌവിലേക്ക്. ലക്നൌ യൂനിവേഴ്സിറ്റിയില്‍ ചെന്നപ്പോള്‍ അവിടെയും അടച്ച സമയമാണ്, ഒരു മാസം കഴിഞ്ഞേ ക്ലാസ് ആരംഭിക്കൂ. കാക്കാന്‍ തീരുമാനിച്ച ജോര്‍ജ് അവിടെ ഒരു പാലത്തിനുമുകളില്‍ വിഹരിക്കുന്ന വാനരപ്പടയില്‍നിന്നു പില്‍ക്കാല സമരജീവിതത്തിലേക്കു വേണ്ട വിലപ്പെട്ട യുദ്ധപാഠങ്ങള്‍ പഠിച്ചു. യുദ്ധത്തിന്റെ അടവുകളും തന്ത്രങ്ങളുമെല്ലാം (മുന്നേറുക, പിന്‍വാങ്ങുക, പുന:സംഘടിപ്പിക്കുക, പിന്നെയും മുന്നേറുക) ആ കുരങ്ങന്മാരില്‍നിന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയതെന്നു പറയാം. (വാനരന്‍ പഠിപ്പിച്ച പാഠം എന്ന അദ്ധ്യായം)
ലക്നൌവില്‍ ഒരു മാസം കാത്ത് ക്ലാസ് തുടങ്ങി അഞ്ചാറു ദിവസമായപ്പോഴേക്കും സമരം തുടങ്ങി അവിടെയും യൂനിവേഴ്സിറ്റി അടച്ചു. ഇങ്ങനെയൊക്കെ ചുറ്റും സമരം നടക്കുമ്പോഴും അതിലൊന്നും പങ്കെടുക്കാതിരിക്കാന്‍ തനിക്കെങ്ങനെയോ സാധിച്ചു എന്നാണ് ജോര്‍ജ് പറയുന്നത്. (മഹാവിപ്ലവകാരിയായ തനിക്ക് എങ്ങനെ അതുകഴിഞ്ഞു എന്നു ജോര്‍ജ് ആശ്ചര്യം കൂറുമ്പോള്‍ എം എന്‍ ഗോവിന്ദന്‍നായര്‍ തന്റെ ആത്മകഥയില്‍ ജോര്‍ജിനെപ്പറ്റി പറയുന്നത് അതിന്റെ കൂടെ വായിക്കാവുന്നതാണ്. സി പി ക്കെതിരായ ആരോപണങ്ങളടങ്ങുന്ന മെമ്മോറാണ്ടം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്   പിന്‍വലിച്ചശേഷം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന മെമ്മോറാണ്ടം വീണ്ടും കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഇടതരുള്‍പ്പെടുന്ന യൂത്ത് ലീഗ്  1939-ലോ 1940ലോ  എറണാകുളം കേന്ദ്രമാക്കി ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ കെ സി ജോര്‍ജ് പങ്കെടുക്കുന്നതു കണ്ടപ്പോഴാണ് അദ്ദേഹം ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നു താന്‍ ആദ്യമായി മനസ്സിലാക്കുന്നതെന്നാണ് എം എന്‍ പറയുന്നത്. അതുവരെ അദ്ദേഹത്തിന്റെ ധാരണ മറിച്ചായിരുന്നത്രെ. അതിനുമുമ്പ് ഇദ്ദേഹം തിരുവിതാംകൂറില്‍ നടത്തിയ പരാക്രമങ്ങള്‍ എം എന്‍ അറിയാഞ്ഞിട്ടോ എന്തോ.) ഏതായാലും വാനരനില്‍നിന്ന് യുദ്ധതന്ത്രവും ലക്നൌ യൂനിവേഴ്സ്റ്റിയില്‍നിന്ന് ഒരു ബിരുദവും കരസ്ഥമാക്കി തിരുവിതാംകൂറില്‍വന്ന് അദ്ദേഹം വക്കീലായി പ്രാക്റ്റീസ് തുടങ്ങി.
ഭാഷകൊണ്ടൊരു യുദ്ധം എന്നൊരദ്ധ്യായമുണ്ട്. അതും വീമ്പു പറച്ചിലാണ്. മലയാളമറിയാത്തവരോടു മലയാളത്തില്‍ സംസാരിച്ച് അവരെ സംഭ്രമിപ്പിച്ചു താന്‍ വിജയിച്ച അനുഭവങ്ങളാണ് അവിടെ വര്‍ണ്ണിക്കുന്നത്. അല്പത്തരത്തെ നേട്ടമാക്കാന്‍ ഇയ്യാളെ കഴിച്ചേ ആളുള്ളൂ എന്നു തോന്നും വായിച്ചാല്‍. 
1937ല്‍  മാത്രമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പാതി ടൈപ്പ് ചെയ്തതും പാതി എഴുതിയതുമായ ഒരു പ്രതി തനിക്കു ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ആദ്യകാലത്ത് തനിക്ക് രാഷ്ട്രീയത്തോട് അനിഷ്ടം തോന്നാനുള്ള കാരണം തിരുവിതാംകൂറില്‍ അന്നു രാഷ്ട്രീയരംഗം സാമുദായികമായി ചേരിതിരിഞ്ഞ അവസ്ഥയാണ് എന്ന ദ്ദേഹം പറയുന്നുണ്ട്.  1931ലോ മറ്റോ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് എന്‍ സി ശേഖറിന്റെയും മറ്റും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് തുടങ്ങിയിരുന്നെന്നാലോചിക്കണം. രാഷ്ട്രീയത്തിലേക്ക് എന്നൊരു അദ്ധ്യായമുണ്ട്. അതില്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനമായി പറയുന്നത് ആകെക്കൂടി ആലപ്പുഴവരെ ഒന്നു പോയിനോക്കിയ കാര്യമാണ്. തൊഴിലാളിപ്രവര്‍ത്തനത്തിനുവേണ്ടിയാണ് പോയത്. തൊഴിലാളികള്‍ അതിനു പാകമായിട്ടില്ല എന്നു കണ്ട് തിരിച്ചുപോരുകയും ചെയ്തു. 1936 ല്‍ മുനിസിപ്പല്‍ ഇലക്‌ഷനില്‍ മത്സരിച്ചതാണ് ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളായിട്ടല്ല. അതില്‍ വിജയിച്ചു. മുനിസിപ്പല്‍ കൌണ്‍സില്‍ യോഗത്തില്‍ തിരുവനന്തപുരത്ത് ഒരു ജനനനിയന്ത്രണ ക്ലിനിക് തുടങ്ങണമെന്ന് ഇദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നത്രെ. ആരും പിന്തുണച്ചില്ല. 1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആരംഭിച്ചതോടെ സംഘടനാ പ്രവര്‍ത്തനം ഇദ്ദേഹം നടത്തിയതായി പറയുന്നുണ്ട്.
മര്‍ദ്ദനമേറ്റതായി ഇദ്ദേഹം പറയുന്ന ഏക സന്ദര്‍ഭം ചെങ്ങന്നൂരില്‍ ഒരു സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗം കലക്കാന്‍ പൊലീസിന്റെ പിന്തുണയോടെ റൌഡികള്‍ ശ്രമിച്ചപ്പോഴാണ്. പ്ലാറ്റ്ഫോറത്തിലിരുന്നവരെ താഴെയിറക്കാന്‍ റൌഡികള്‍ ബലംപ്രയോഗിച്ച നേരം പിന്നില്‍നിന്ന് തലയ്ക്ക് ലാത്തികൊണ്ടൊരു അടിയേല്‍ക്കുകയും തല അല്പം പൊട്ടുകയും ചെയ്തു. ഏതായാലും റൌഡികളെയും പൊലീസുകാരെയും നാട്ടുകാര്‍ കല്ലെറിഞ്ഞോടിക്കുകയായിരുന്നു.
ഏ കെ ഗോപാലന്റെ വകയിലെ ഒരനുജനെന്നു കെ സി ജോര്‍ജ്  പറയുന്ന ഏ കെ നാരായണന്‍  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി തിരുവിതാംകൂറില്‍ വന്ന കാലത്ത് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് പത്തുപതിനഞ്ചുമിനിറ്റോളം തനിച്ചുനിന്ന് പൊലീസിന്റെ തല്ലുകൊണ്ട കാര്യം ജോര്‍ജ് ആവേശത്തോടെ വിവരിക്കുന്നുണ്ട്. പൊലീസ് മൈതാനത്തേക്കു പ്രവേശനം നിരോധിച്ചിരുന്നു. നാരായണന്‍ തന്ത്രത്തില്‍ മൈതാനത്തില്‍ കടന്നുകയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. നാരായണനെ മര്‍ദ്ദിക്കാന്‍ തുടങ്ങും മുമ്പ് മര്‍ദ്ദകവീരനായ ഒരു റാവുത്തര്‍ എന്ന ഇന്‍‌സ്പെക്റ്ററുമായി ജോര്‍ജ് അങ്ങോട്ടു കയറി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഡി എസ് പി വന്ന് ജോര്‍ജിനോടു ക്ഷമാപണം നടത്തി ഇന്‍‌സ്പെക്റ്ററെ അവിടെന്നു മാറ്റുകയും ചെയ്തകാര്യമൊക്കെ പറയുന്നുണ്ട്. പതിവുപോലെ വീമ്പുപറച്ചില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന നാരായണനെ തല്ലുന്നതിനു ജോര്‍ജ് കാഴ്ചക്കാരന്‍ മാത്രമായിരുന്നു എന്നു വേണം കരുതാന്‍.
റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് കെ സി ജോര്‍ജ് ഒരു യോഗത്തില്‍ പ്രസംഗിച്ചകാര്യം പറയുന്നതു രസമാണ്.  സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയോ യൂത്ത് ലീഗിന്റെയോ  പേരില്‍ യോഗം നടത്തിക്കൂട. രണ്ടിനും നിരോധനമുണ്ട്. ഇല്ലാത്ത ഒരു സാംസ്കാരികസമിതിയുടെ പേരില്‍ യോഗം നടത്തി. അക്രമരാഹിത്യത്തെക്കുറിച്ചായിരുന്നു പ്രസംഗം. കേള്‍ക്കാനാരുമുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാവുന്നത്. പിന്നീട് യൂത്ത് ലീഗ് നിയമം ലംഘിച്ച് ഒരു യോഗം നടത്തി. വമ്പിച്ചയോഗം. പൊന്നറ ശ്രീധര്‍, ശ്രീകണ്ഠന്‍ നായര്‍, പുതുപ്പള്ളി രാഘവന്‍ പിന്നെയും കുറെപ്പേര്‍ നിയമം ലംഘിച്ചു പ്രസംഗിച്ചു. ഈ സംഭവത്തോടെ ജോര്‍ജ് യൂത്ത് ലീഗിനോടു കൂടുതല്‍ അടുക്കുന്നതേയുള്ളൂ. അതുകൊണ്ട് നിയമം ലംഘിക്കാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. പ്രസംഗിച്ച എല്ലാവരെയും അറസ്റ്റു ചെയ്തു ലോക്കപ്പിലിട്ടു. പൊലീസ് സ്റ്റേഷന്റെ മുന്നിലെ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഒരു  വക്കീലാപ്പീസില്‍ ജോര്‍ജും ഒന്നു രണ്ടു സ്നേഹിതന്മാരും ഉറക്കമിളച്ചു കാവലിരുന്നതിനാല്‍ ലോക്കപ്പിലടച്ചവരെ മര്‍ദ്ദിച്ചില്ല. അടുത്ത ദിവസം ഇവരുടെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത് ജോര്‍ജ് തന്നെ. തന്റെ അവസാനത്തെ കേസ് എന്നാണ് ജോര്‍ജ് അതിനെപ്പറ്റി പറയുന്നത്. കേസ് തോറ്റു എന്നും. ഇക്കാലത്തൊന്നും ജോര്‍ജ് യൂത്ത് ലീഗില്‍ ചേര്‍ന്നിരുന്നില്ല, സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ അവരെ സഹായിക്കുക മാത്രമേ ചെയ്തുള്ളൂവെന്നു പറയുന്നു. അതിനു മുന്‍പുതന്നെ എന്‍ സി ശേഖറിനെ അറസ്റ്റ് ചെയ്യുകയും 18 ദിവസം ശിക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ വിടുമ്പോള്‍ സ്വീകരിക്കാന്‍ ഹാരവുമായി ജോര്‍ജ് ജെയിലില്‍ പോവുന്നു. പക്ഷേ വിട്ടയുടന്‍ വീണ്ടും അറസ്റ്റ് ചെയ്തു ലോക്കപ്പിലേക്കു കൊണ്ടുപോയി. (കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പില്‍ മാസങ്ങളോളം ഇടുക എന്നതായിരുന്നു സി പി യുടെ കാലത്തെ പ്രധാന ശിക്ഷാരീതി എന്നു തോന്നുന്നു.) ഏതായാലും മാലയുമായി പോയ തനിക്ക് എന്‍ സി യുടെ കാര്യത്തില്‍ അന്വേഷണം നടത്താനോ എന്തെങ്കിലും ചെയ്യാനോ പറ്റിയില്ല എന്നു ജോര്‍ജ് പറയുന്നു. കാരണം യൂത്ത് ലീഗിന്റെ നിയമലംഘനത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ദ്രുതഗതിയിലാണ് നീങ്ങിയത്. ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതല്ലാതെ എന്തു കാര്യമാണ് ദ്രുതഗതിയില്‍ ഇദ്ദേഹം ചെയ്തതെന്നു പക്ഷേ പറയുന്നില്ല. ഒരു വമ്പിച്ച വിദ്യാര്‍ത്ഥി ജാഥ കടന്നുപോവുന്നതു നോക്കിനിന്ന കാര്യം പറയുന്നുണ്ട്. ജാഥയെ ലാത്തിചാര്‍ജ് ചെയ്തു. പക്ഷേ ഇദ്ദേഹം അപ്പോഴേക്കും വേറൊരു തിരിച്ചിലില്‍പ്പെടുന്നു. തന്റെ സഹപ്രവര്‍ത്തകനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് ഇദ്ദേഹം സ്റ്റേഷനില്‍ചെന്ന് പൊലീസ് കമ്മിഷനറെ വിരട്ടി സഹപ്രവര്‍ത്തകനെയും കൊണ്ടു മടങ്ങി. (യൂനിവേഴ്സിറ്റി കോളജിന്റെ കാമ്പസില്‍ കുതിരപ്പൊലീസ് വിദ്യാര്‍ത്ഥികളെ നേരിട്ട ഒരു സംഭവത്തിനും ജോര്‍ജ് സാക്ഷിയാണ്. തന്റെ തലയ്ക്കു മുകളിലൂടെയാണ് ഒരു കുതിര ചാടിയതെന്നൊക്കെ അദ്ദേഹത്തിനു തോന്നിയെങ്കിലും ഒരു പോറലും അദ്ദേഹത്തിനേല്‍ക്കുന്നില്ല.)
1938 ആഗസ്റ്റ് 18-ന് നിയമലംഘനം ആരംഭിക്കാന്‍ തീരമാനിച്ചതനുസരിച്ച് ഒന്നാം തീയതി പ്രാക്റ്റീസ് നിറുത്തിയതായി ഇദ്ദേഹം പത്രത്തില്‍ പരസ്യം ചെയ്തത്രെ. ഇത്തരം നാടകീയതകള്‍ വേണ്ടത്രയുണ്ട് ആത്മകഥയില്‍. 18 ന് നടക്കാതെ നീണ്ടുപോയി ആഗസ്ത് 28ന് നിയമലംഘനം നടക്കുമ്പോളാണ് മുകളില്‍ പറഞ്ഞ കാര്‍ ചെയ്സും മറ്റും നടക്കുന്നത്. അന്നു പുലര്‍ച്ചെ ഇദ്ദേഹം ഉറക്കമില്ലാതെ കിടന്ന് ആ ദിവസം എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കുന്നു. തനിക്ക് സമരത്തില്‍ പങ്കെടുക്കാനോ അതു കാണാനോ അനുവാദമില്ലെന്ന് അദ്ദേഹം പറയുന്നു. ഈ നിരോധനം (സഹപ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയത്) തന്നെ അല്പം അസ്വസ്ഥനാക്കിയെന്നദ്ദേഹം പറയുന്നു. അന്നു നാലു മണിക്ക് ജോര്‍ജ് കോണ്‍ഗ്രസ് ആപ്പീസില്‍ അസ്വസ്ഥനായിരിക്കുന്നു. എല്ലാവരും കടപ്പുറത്തേക്കു പോയിക്കഴിഞ്ഞു. എന്തു നടക്കുന്നു എന്നു കാണുകയെങ്കിലും വേണമെന്ന ചിന്തയോടെ തന്റെ മേലുള്ള നിരോധനം ലംഘിച്ച് ഒരു ജഡ്ക്കയില്‍ കയറി അദ്ദേഹം പുറപ്പെടുന്നു. പുത്തന്‍ചന്ത പൊലീസ് സ്റ്റേഷന്റെ തെക്കുവശത്തെ വഴിയില്‍ക്കൂടി ജഡ്ക്ക അതിവേഗം ഓടിച്ചു പോകുമ്പോള്‍ ഒരു കാര്‍ പെട്ടെന്ന് ജഡ്ക്കയുടെ മുന്‍പില്‍ വന്നുനിന്ന് വഴി തടഞ്ഞു. കെ പി നീലകണ്ഠപ്പിള്ള ചാടിയിറങ്ങി അദ്ദേഹത്തെ ശകാരിച്ചു. 
"നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍; പോകേണ്ടെന്നു  പറഞ്ഞിരുന്നതല്ലേ." അപ്പോളാണ് ഞാന്‍ ഒരു വലിയ തെറ്റാണ് ചെയ്തതെന്ന ബോധം എനിക്കുണ്ടായത്. പിന്നീട് നിയമലംഘനത്തെപ്പറ്റിയുള്ള വിവരങ്ങളറിയാന്‍ എനിക്കു വെമ്പലായിരുന്നു. 
അന്ന് തിരുവനന്തപുരത്ത് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.
അടുത്ത നിയമലംഘനം മൂന്നു ദിവസം കഴിഞ്ഞാണ്. പൊലീസ് യുദ്ധസന്നാഹം ഒരുക്കിയിരുന്നു. എല്ലാം ശരിയായി കാണത്തക്കവിധത്തില്‍ റോഡിന്റെ തെക്കുവശത്തുള്ള ഉയര്‍ന്ന മണല്‍ത്തിട്ടയില്‍ ആളുകളുടെ ഇടയില്‍ മുന്‍പന്തിയില്‍ ഞാന്‍ നിലയുറപ്പിച്ചു. (ഗാന്ധിത്തൊപ്പി ധരിച്ചിട്ടുണ്ട്.) പൊലീസ് കമ്മീഷനര്‍ എല്ലാവരോടും മാറിപ്പോവാന്‍ പറയുന്നു. പൊലീസുകാര്‍ ലാത്തിവീശുന്നു. എല്ലാവരും ഓടുന്നു. ജോര്‍ജ് മാത്രം ശേഷിക്കുന്നു. കമ്മിഷനര്‍ എന്തിനാണ് ഇവിടെ നില്ക്കുന്നതെന്ന് ഇംഗ്ലീഷില്‍ ചോദിക്കുന്നു. ഇതെല്ലാം കാണാനെന്നാണ് ജോര്‍ജിന്റെ മറുപടി. ഒരു കോണ്‍ഗ്രസ് നേതാവിന്റെ കാറും ഡ്രൈവറും റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. ആ കാറാണ് പിന്നീട് ജോര്‍ജ് ചെയ്സിനുപയോഗിക്കുക. നിയമം ലംഘിക്കുന്ന നേതാക്കള്‍ കുറെപ്പേരോടെ അവിടെയെത്തുന്നതോടെ യുദ്ധം ആരംഭിക്കുന്നു. പൊലീസ് നേതാക്കളുടെ കൂടെയുള്ളവരെ നേരിടുന്നു. ജനം കടപ്പുറത്തെ പൂഴി വാരി പൊലീസുകാരുടെ നേരെയെറിയുന്നു. ഇതിനിടയിലാണ് കുറെപ്പേരെ അറസ്റ്റ് ചെയ്തു ജോര്‍ജ് നില്ക്കുന്നതിനു സമീപം നിറുത്തിയിരുന്ന വാനില്‍ കയറ്റുന്നത്. പത്തുപതിനഞ്ചുപേരെ കയറ്റിയിട്ട് കൊണ്ടുപോയി കടലില്‍ എറിയാനാണ് കമ്മിഷനര്‍ കല്പിച്ചത്. വാന്‍ കിഴക്കോട്ടു പാഞ്ഞുപോയി. അപ്പോഴാണ് സഖാവ് ജോര്‍ജ് നേരത്തെ അവിടെ നിറുത്തിയിട്ടതായി പറഞ്ഞ കാറില്‍ ചാടിക്കയറി വിട്ടോ എന്നു കല്പിക്കുന്നതും തുടര്‍‌ന്നു ചെയ്സ് നടക്കുന്നതും. വാന്‍ കാഴ്ചയില്‍നിന്നു മറഞ്ഞിട്ടും അതിനെ പിന്തുടര്‍ന്ന് ഒരു കാട്ടുപ്രദേശത്തുവെച്ചു കണ്ടുപിടിച്ച് ഒരു പെര്‍ഫോമന്‍സുണ്ട് ജോര്‍ജിന്റെ വക. അതില്‍ ഒരു കേമറ പ്രയോഗവുമുണ്ട്, രസകരമായിട്ട്. ആരും ഇറങ്ങരുത്, ചുണയുണ്ടെങ്കില്‍ ഇറക്കട്ടെ എന്ന് അട്ടഹസിച്ചുകൊണ്ട് ഞാന്‍ വാനിന്റെ വാതില്‍ക്കല്‍ നിലയുറപ്പിച്ചു, ഇറങ്ങണം ഇറങ്ങണം എന്നുപറഞ്ഞുകൊണ്ട് നിസ്സഹായനായി  ഇന്‍സ്പെക്റ്റര്‍ നിന്നു, എന്ന ലൈനില്‍ കാര്യങ്ങള്‍ പോകവേ ജോര്‍ജിന് കാറിലുള്ള സുഹൃത്തിന്റെ കയ്യിലെ കേമറ പെട്ടെന്നോര്‍മ്മ വന്നു. പിന്നെ അതെടുത്തു വാനിന്റെയും മറ്റും ഫോട്ടോ എടുക്കാന്‍ പോവുകയാണ് ജോര്‍ജ്. കേമറയിലൂടെ ജോര്‍ജ് നോക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇന്‍സ്പെക്റ്ററും പൊലീസുകാരും ചാടിക്കയറി വാന്‍ തിരിച്ചോടിച്ചു. വീണ്ടും ചെയ്സ്. തനിക്കു പടമെടുക്കാനറിയുമായിരുന്നില്ലെന്നും കേമറയില്‍ ഫിലിം ഇല്ലായിരുന്നെന്നും ജോര്‍ജ്. ഇങ്ങനെ ഇദ്ദേഹം കാര്‍ ചെയ്സ് നടത്തിയ ദിവസം ചെങ്ങന്നൂരും പുതുപ്പുള്ളിയിലും നടന്ന നിമയലംഘനം വെടിവെപ്പില്‍ കലാശിക്കുകയും ഓരോ രക്തസാക്ഷികള്‍ ഉണ്ടാവുകയും ചെയ്യുന്നു. നെയ്യാറ്റിന്‍കര വെടിവെപ്പ് നടന്നതും രാഘവന്‍ രക്തസാക്ഷിയായതും  അതേ ദിവസം തന്നെയാണ്.
(തുടരും)