Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

14 Apr 2010

ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി

ഇ എം എസ് എക്കാലത്തും അഭിമാനത്തോടെ പൊക്കിപ്പിടിച്ചു നടന്ന സ്വന്തം കൃതിയായ കേരളം മലയാളികളുടെ മാതൃഭൂമിയെപ്പറ്റി അദ്ദേഹം തന്നെ 1994 ല്‍ പറഞ്ഞ ഒരു നുണ അദ്ദേഹത്തിന്റെ ഭക്തന്മാരായ ഏതാനും ബ്ലോഗെര്‍മാരെ കുഴിയില്‍ക്കൊണ്ടുപോയി ചാടിച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്. 
കുഴിയില്‍ച്ചാടിയത് കൊഴണാശ്ശേരിക്കാരനും അയാളുടെ ബ്ലോഗില്‍ പിന്തുണയുമായെത്തിയ സി പി എം ബ്ലോഗെര്‍മാരുമാണ്.
ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും
അഗ്രിഗേറ്ററില്‍ ബുക്മാര്‍ക് ചെയ്തും ഷെയര്‍ ചെയ്തും കൊഴണാശ്ശേരിക്കാരനെ അവര്‍ ആവേശപൂര്‍വ്വം സ്വീകരിക്കുകയും കാലിക്കോസെന്‍ട്രിക്കിന് നേര്‍വഴി ഉപദേശിക്കുകയും ചെയ്തു.
പീറ ശാസ്ത്രജ്ഞനായ ഗോപാലകൃഷ്ണനൊപ്പം കാലിക്കോസെന്‍ട്രിക്കിന്റെയും ശനിദശ ആരംഭിച്ചെന്ന് ഒരു സി പി എമ്മുകാരന്‍ അവിടെ പറഞ്ഞിട്ടിട്ടുണ്ട്.  കാലിക്കോസെന്‍ട്രിക്കിന്റെ മുഖഭാവം വരെ ചിത്രീകരിച്ച ആ വിവരദോഷിയും കൂട്ടരും ഇ എം എസ് നേരിടുന്ന ശനിദശയെപ്പറ്റി അറിയാതിരിക്കാന്‍ കണ്ണ് ഇറുക്കിച്ചിമ്മിയിരിക്കുകയോ മണലില്‍ തലപൂഴ്ത്തിയിരിക്കുകയോ ആണ്. അത് കാലിക്കോസെന്‍ട്രിക്ക് തോണ്ടിയെടുത്തു ബ്ലോഗിലിട്ട ഇ എം എസ് വിവരക്കേടുകൊണ്ടോ കള്ളത്തരങ്ങളെക്കൊണ്ടോ അല്ല. താനേ വന്നുകൂടിയതാണ്. മുന്‍പൊരിക്കല്‍  പറഞ്ഞകാര്യം  ആവര്‍ത്തിക്കുകയാണ്. ഇ എം എസ് സമ്പൂര്‍ണ്ണകൃതികളോളം വലിയൊരു പ്രസാധന സംരഭം ഏതെങ്കിലുമൊരു എഴുത്തുകാരന്റെ കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുണ്ടായതാവട്ടെ ഇന്റെര്‍നെറ്റ് എന്ന മീഡിയത്തിന്റെ ആവിര്‍ഭാവത്തിനു ശേഷവും. ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതുപോയിട്ട് സമ്പൂര്‍ണ്ണകൃതികളെപ്പറ്റി എന്തെങ്കിലും വിവരം ലഭ്യമാവേണ്ടേ. ഇല്ല. സി പി എമ്മിന് പലവകുപ്പിലായി എത്ര വെബ്സൈറ്റുകളുണ്ട്. ഇ എം എസിന്റെ പേരില്‍ പഠന-ഗവേഷണ സ്ഥാപനങ്ങള്‍ തന്നെ കാണും കുറെ. എന്തിനാണ്  ആര്‍ക്കുവേണ്ടിയാണ് ഇവര്‍ "സമ്പൂര്‍ണ കൃതികള്‍" പ്രസിദ്ധീകരിക്കുന്നത്? ഇറങ്ങിയ സഞ്ചികകളുടെ ഇന്‍ഡെക്സെങ്കിലും ലഭ്യമാക്കാനാവില്ലേ? സി പി എമ്മുകാരായ ബ്ലോഗെര്‍മാര്‍ ഡസന്‍ കണക്കിനുണ്ട്. ഇവരൊക്കെ വേറെപ്പണിയൊന്നുമില്ലാത്തതുകൊണ്ട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒക്കെ ബ്ലോഗിലിട്ട് വിപ്ലവപ്രവര്‍ത്തനം നടത്തുകയാണ്. ഇവരൊക്കെ ഇ എം എസ് ഭക്തന്മാരായും വേഷംകെട്ടുമെങ്കിലും ആരും ഇ എം എസ് കൃതി ഒന്നുപോലും കണ്ടമട്ടില്ല.  തുടങ്ങിക്കുടുങ്ങിയ ഒരു പദ്ധതിയാണ് ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ എന്നുറപ്പാണ്.
സ്വന്തം കൃതിയെക്കുറിച്ച് ഇ എം എസ് പറഞ്ഞ നുണയിതാണ്.

കേരളചരിത്രത്തെ സംബന്ധിച്ച് ഞാന്‍ ചരിത്രഗ്രന്ഥം പഠിക്കാന്‍ തുടങ്ങിയ കാലത്ത് പരശുരാമന്‍ കടലില്‍നിന്ന് പൊക്കിയെടുത്തതാണ് കേരളം എന്നുള്ളതായിരുന്നു പ്രബലമായ ധാരണ. അതിന് ചില വ്യാഖ്യാനങ്ങള്‍ ചിലര്‍ നല്‍കിയിരുന്നു. പിന്നീടു വന്നത് ജാതിവ്യവസ്ഥയാണ്. വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു. അതേസമയത്ത് കേരളത്തിലെ മറ്റൊരു പ്രബല ജാതിയായ ഈഴവര്‍ സിലോണില്‍നിന്ന് (ഇപ്പോഴത്തെ ശ്രീലങ്ക) വന്നവരാണ്. ഇതെല്ലാം പുസ്തകത്തിലുണ്ടായിരുന്നതാണ്. ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു. ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്. ആര് എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം. (വര്‍ഗ്ഗസമരം ഇന്ത്യാ ചരിത്രത്തില്‍ എന്ന 1994 ലെ പ്രസംഗത്തില്‍നിന്നാണ് ഈ ഉദ്ധരണി. തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 1996, ഡി സി ബുക്സ്, പുറം 220)
"എന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥം" കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയാണ്. 1948-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയില്‍ വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു എന്നതിനെ താന്‍ ചോദ്യം ചെയ്തു എന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. എന്നാല്‍ കൃതി വാസ്തവത്തിലെന്താണ് പറയുന്നതെന്നു നോക്കാം. താഴെക്കാണുന്ന സ്കേന്‍ നോക്കുക.

ഇതില്‍ നമ്പൂതിരിമാര്‍ പുറമേനിന്നു വന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നുവന്നു, എവിടെനിന്നുവന്നു എന്നു തുടങ്ങിയ കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ.
എന്ന് 1948-ല്‍ താന്‍ എഴുതിവെച്ച കൃതിയെപ്പറ്റിയാണ് നമ്പൂതിരിപ്പാട് മേല്‍പ്പറഞ്ഞ നുണ പറയുന്നത്.
(സ്കേന്‍ ചെയ്ത പേജു പ്രകാരം തെക്കേ ഇന്ത്യയിലെ പ്രദേശങ്ങളില്‍നിന്നു വന്നതിനെപ്പറ്റിയാണ് ഇ എം എസ് പറയുന്നത്. ആ വ്യത്യാസം പക്ഷേ ഇവിടെ അപ്രസക്തമാണ്. ആന്ധ്രയില്‍നിന്നു വന്നവര്‍ തന്നെ ആര്യസംസ്കാരത്തിന്റെ വരവോടെ അവിടെ എത്തിയതാണെന്ന് തുടര്‍ന്നു പറയുന്നുണ്ട് നമ്പൂതിരിപ്പാട്.)
ഏതായാലും ഒരു കാര്യം ഉറപ്പാണ്. ആ വങ്കന്റെ ബ്ലോഗില്‍ ആഘോഷിക്കാനും ഉപദേശം ചൊരിയാനും ആവേശം കാട്ടിയ സി പി എം ബ്ലോഗെര്‍മാരൊന്നും ഇവിടെ ചര്‍ച്ചയ്ക്കു വരില്ല. ഇ എം എസ് പറഞ്ഞതെന്തെന്ന് നിഷേധിക്കാനാവാത്ത വിധം തെളിയിക്കുന്നതുകൊണ്ടല്ല, തെറ്റു ധരിക്കരുത്. അവരൊക്കെ വളരെ തിരക്കുപിടിച്ച ആളുകളായതുകൊണ്ടാണ്. 
(1948-ലെ പുസ്തകത്തിലെ നിലപാട് പിന്നീട് ഇ എം എസ് തിരുത്തി എന്നു പറയുന്നു. 1964-ല്‍ ഇതേ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനെഴുതിയ മുഖവുരയില്‍ നമ്പൂതിരിമാരുടെ വരവിനെ നിഷേധിക്കുന്നുണ്ട് നമ്പൂതിരിപ്പാട്. ഈ നിലപാട് മാറ്റത്തെക്കുറിച്ചൊക്കെ ദീര്‍ഘമായി എഴുതിയ ഒരാള്‍ക്ക് 1948 ല്‍ താനെന്താണ് എഴുതിയതെന്നു മറന്നുപോവാനൊന്നും ഇടയില്ല. സൌകര്യപൂര്‍വ്വം ഒരു നുണ തട്ടിവിട്ടതാണ് ചിന്തകന്‍ എന്നാണ് തോന്നുന്നത്.)

9 Apr 2010

ഡോ ബി ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി!


ഇതിനോടുകൂടി സപ്തംബര്‍ 2008ല്‍ ഡോ ഇക്ബാലിനെപ്പറ്റി ഞാനെഴുതിയ പോസ്റ്റ് ചേര്‍ത്തുവായിക്കുമ്പോഴാണ് രസം.
ബൌദ്ധിക സ്വത്താവകാശവും ബൌദ്ധിക സത്യസന്ധതയും
ഒരു പ്രബന്ധത്തിന്റെ മുക്കാല്‍ഭാഗവും കോപ്പിയടിച്ചെഴുതി സെമിനാറില്‍ അവതരിപ്പിച്ച ഡോ ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി പറയുന്നത് എന്തു തരം ഐറണിയാണ് സുഹൃത്തുക്കളേ? ഇയ്യാള്‍ക്ക് അപ്പറയുന്ന സംഗതി എള്ളോളമുണ്ടായിരുന്നെങ്കില്‍ (അല്ലെങ്കില്‍ ഞാന്‍ പറഞ്ഞശേഷം ഉണ്ടായിപ്പോയെങ്കില്‍) ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സിലിന്റെ വെബ്സൈറ്റിലെങ്കിലും കടപ്പാട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടാമായിരുന്നു.
ഡോക്റ്റര്‍ ഇക്ബാല്‍ അടിസ്ഥാനപരമായി ഒരു സി പി എമ്മുകാരനാണ് എന്നു പറഞ്ഞാല്‍ അതില്‍  അങ്ങോരെപ്പറ്റി പറയാനുള്ളതെല്ലാം അടങ്ങിയിരിക്കുന്നു. 
______________________________
ഡിസംബര്‍ 11
ഇന്നിതാ മനോരമയിലും ഈ ദേഹം ബൌദ്ധികസത്യസന്ധതയെപ്പറ്റി വാചകമടിക്കുന്നു!