Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

31 Jan 2010

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഇ എം എസ് ഭക്തിയും ചില കൊച്ചുകള്ളങ്ങളും

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഇ എം എസ് ഭക്തി എന്നു പറയണോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരന്റെ ഇ എം എസ് ഭക്തി എന്നു പറയണോ? പാര്‍ട്ടിയില്‍ നിന്നു പുറത്തായ അപ്പുക്കുട്ടന്‍ ഇത്തരമൊരു കള്ളപ്പുസ്തകം എഴുതാനിടയില്ല. അന്നു ചേരയെത്തിന്നുന്ന പാര്‍ട്ടിയില്‍ നടുക്കണ്ടം നോക്കിത്തിന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നു മിടുക്കനായി. ആ മിടുക്കാണ് അറിയപ്പെടാത്ത ഇ എം എസ് എന്ന ജീവചരിത്രം. കുറെയേറെ എഡിഷനുകള്‍. സാഹിത്യ അക്കാദമി അവാര്‍ഡ്. എം എന്‍ വിജയന്റെ മുന്‍കുറി. അതിന്റെ പേര് അസ്വസ്ഥമാക്കുന്ന ഇ എം എസ്... പി ഗോവിന്ദപിള്ളയുടെ അവതാരിക. പറയാതെവിട്ടും വിലയിരുത്താതെ വിട്ടും കാട്ടുന്ന കള്ളങ്ങള്, കൊച്ചുകള്ളങ്ങള്‍‍.
കുഞ്ചു രാവിലെ പായയും ചുരുട്ടി കുളങ്ങരയ്ക്കുപോവുന്നതിന്റെ രഹസ്യം വള്ളിക്കുന്ന് കണ്ടുപിടിച്ച് വിവരിച്ചിരിക്കുന്നു. കിടക്കയില്‍ മുള്ളുന്ന ശീലക്കേടുണ്ട് കുഞ്ചുവിന്. ഇതൊന്നും നാട്ടാര്‍ക്കറിയില്ലല്ലോ. അറിയപ്പെടാത്ത ഇ എം എസ് ആണ് വള്ളിക്കുന്നിന്റെ വിഷയം.

വിവാഹത്തെപ്പറ്റി ഒരദ്ധ്യായമുണ്ട്. ചടങ്ങുകളൊക്കെ വിശദമായി വിവരിച്ചിരിക്കുന്നു. വധുവിന് എച്ചില്‍ നല്കാതെ മുഴുവന്‍കഴിച്ചെണീറ്റ ഇ എം എസ് മണിയറയിലും ആദര്‍ശം പാലിച്ച കാര്യം വള്ളിക്കുന്നു വിവരിക്കുന്നു.

പക്ഷേ... സ്ത്രീധനം വാങ്ങിയതിനെപ്പറ്റി ഒരു പരാമാര്‍ശവുമില്ലല്ലോ. 1987-ലാണ് പുസ്തകമിറങ്ങുന്നത്. 1985-ലാണ് ഇ എം എസ് താന്‍ സ്ത്രീധനം വാങ്ങിയതിനെ തരംതാണ് ന്യായീകരിക്കുന്നത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്തര്‍ജ്ജനം വനിതയുമായുള്ള അഭിമുഖത്തില്‍ ഈ രഹസ്യം പുറത്തുവിടുന്നത്. അപ്പോള്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ഇക്കാര്യം അറിയാതിരിക്കാന്‍ വഴിയില്ല. വിപ്ലവത്തിനുവേണ്ടി ചെയ്ത നെറികേടുകള്‍. ആ നെറികേടുകള്‍ പറയാതിരിക്കുക എന്ന നെറികേടും വിപ്ലവത്തിനുവേണ്ടി. നേരും നെറിയും നിശ്ചയിക്കുന്നത് വിപ്ലവത്തിന്റെ, പാര്‍ട്ടിയുടെ, നേതാക്കന്മാരുടെ സൌകര്യം അനുസരിച്ച്.
പക്ഷേ, ഈ ജീവിതത്തിന്റെ ആദ്യകാലം ഒരു വലിയ തട്ടിപ്പാണെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ പുസ്തകം ഭക്തിതീണ്ടാതെ വായിച്ചാല്‍ കാണാം. അതിനെപ്പറ്റി പിന്നീട്.
വിവാഹത്തെപ്പറ്റി പറയുന്നിടത്ത് ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട്. വിവാഹവേളയില്‍ എന്ന അടിക്കുറിപ്പോടെ. അതിലുള്ളത് തലനരച്ച ഇ എം എസ്. ഏ കെ ജിയുമുണ്ടത്രേ അടുത്ത്. അന്തര്‍ജ്ജനത്തിനും നല്ല  പ്രായം മതിക്കുന്നു.  മുപ്പതാവുന്നതിനുമുമ്പായിരുന്നു വിവാഹം. സ്കേന്‍ കൊടുത്തത് 2003ലെ റിവൈസ്ഡ് എഡിഷന്‍ ബ്ലാക്ക്  & വൈറ്റ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചതില്‍നിന്നാണ്.
ആ  ഫോട്ടോയും ഒരു കൊച്ചുകള്ളമല്ലേ എന്നു സംശയം. തറ്റുടുത്ത്, കുപ്പായമില്ലാതെ, പൂണൂലും കാട്ടി  കോലും പിടിച്ചായിരിക്കുമല്ലോ ചടങ്ങുകള്‍ പ്രകാരം നടന്ന ഈ വിവാഹത്തില്‍ നമ്പൂതിരിപ്പാടിന്റെ രൂപം. പകരം കുപ്പായമിട്ട് സോഫയില്‍ ഭാര്യയോടൊപ്പമിരിക്കുന്ന ഫോട്ടോ കൊടുത്തതും ഒപ്പം ഏ കെ ജി ഉണ്ട് എന്നു പറയുന്നതും ശരിക്കും ഉള്ളതുതന്നെയോ വള്ളിക്കുന്നേ? (സത്യത്തില്‍ നമ്പൂതിരിസമുദായത്തില്‍പ്പെടാത്ത ആരെങ്കിലും ഇ എം എസിന്റെ വിവാഹത്തില്‍ പങ്കുകൊണ്ടോ എന്നറിയാന്‍ താത്പര്യമുണ്ട്.)


മാര്‍ക്സിസ്റ്റുപാര്‍ട്ടി അല്‍ത്തൂസര്‍, ലക്കാന്‍, സിസേക് എന്നിവരെ പിടിച്ചടക്കുന്ന ഫലിതം

കുട്ടിക്കുരങ്ങനെക്കൊണ്ട് ലക്കാനിയന്‍ ചോറു മാന്തിക്കുകയാണ് ദേശാഭിമാനി. വാരിക്കിട്ടിയാല്‍ വിഴുങ്ങാന്‍ നില്ക്കുന്ന സഖാക്കള്‍ വഴിയാണ് അറിഞ്ഞത്.
പക്ഷേ കുരങ്ങന്മാര്‍ക്ക് ഓര്‍മ്മയുണ്ടാവില്ല, ചില ഫ്രെഞ്ച്, ജെര്‍മ്മന്‍ പേരുകള്‍ വഹിക്കുന്ന ദുഷ്ടന്മാരെപ്പറ്റി സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട് എന്തു പറഞ്ഞുവെന്ന്. 
1997ല്‍ ഒരു ചോദ്യത്തിന് നമ്പൂതിരിപ്പാട് കൊടുത്ത ഉത്തരത്തില്‍നിന്നാണിത്. ചോദ്യത്തില്‍ അല്‍ത്തൂസര്‍, അഡോര്‍ണോ, മാന്‍ഡല്‍, ജെയിംസണ്‍ എന്നിവരെപ്പറ്റി പേരെടുത്തു ചോദിക്കുന്നതിനു മറുപടിയാണിത്:
"മാര്‍ക്സിനും എംഗല്‍സിനും ലെനിനും ശേഷം ഉയര്‍ന്നുവന്ന മാര്‍ക്സിസ്റ്റ് ധൈഷണികരെന്ന നിലയ്ക്ക് സച്ചിദാനന്ദന്‍ അവതരിപ്പിക്കുന്ന ആളുകളില്‍ ഗ്രാംഷി ഒഴിച്ച് മറ്റാരും ഈ അര്‍ഥത്തിലുള്ള മാര്‍ക്സിസ്റ്റ് ധൈഷണികരല്ല. അവര്‍ അവരുടെ ധൈഷണികശക്തി ഉപയോഗിച്ച് മാര്‍ക്സിസം-ലെനിനിസത്തെ സമ്പുഷ്ടമാക്കിയിട്ടുണ്ടെന്നുള്ള ധാരണ സത്യവിരുദ്ധമാണ്."  (06.06.1997 ലെ ചോദ്യോത്തരം)
പെട്ടെന്നു കിട്ടിയ ഒരുദ്ധരണി എടുത്തുകൊടുത്തെന്നു മാത്രം. ന്യൂ ലെഫ്റ്റ് എന്നൊക്കെ കേട്ടാല്‍ വിളറിയെടുക്കുമായിരുന്നു നമ്പൂതിരിപ്പാടിന്. ഇതിനെക്കാള്‍ രസമുള്ള കാര്യങ്ങള്‍ ഇവരെപ്പറ്റിയൊക്കെ പറഞ്ഞുകാണുമെന്നുറപ്പാണ്. 
ദേശാഭിമാനിയുടെ യുവചിന്തകന്‍ vulgar marxism എന്ന ലേബല്‍ അധിനിവേശപ്രതിരോധ സമിതിക്കാര്‍ക്കു പതിച്ചും കൊടുത്തിരിക്കുന്നു. 
ചില ഉത്തരാധുനിക ചിന്താധാരകളുമായി (ഉദാഹരണത്തിന്, റെസിസ്റ്റന്‍സ് പോസ്റ്റ് മോഡേണിസം) മാര്‍ക്സിസ്റുകാര്‍ക്ക് സംവദിക്കാനും അവ നല്‍കുന്ന ഉള്‍ക്കാഴ്ചകളെ മാര്‍ക്സിസ്റ്റ് പ്രയോഗത്തിനുവേണ്ടി വിനിയോഗിക്കാനും കഴിയുമെന്ന് അശ്ളീലമാര്‍ക്സിസത്തെ (vulgar marxism) തിരസ്കരിക്കുന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ നിരീക്ഷിച്ചിട്ടുണ്ട്. (നമ്മുടെ പാവം അധിനിവേശ 'പ്രതിരോധഭട'ന്മാര്‍ അശ്ളീലമാര്‍ക്സിസത്തിന്റെ ചതുപ്പില്‍നിന്ന് കരകയറിയിട്ടില്ല. അതിനവര്‍ക്ക് ആവുമെന്നും തോന്നുന്നില്ല) 
നമ്മള്‍ അശ്ലീലമാര്‍ക്സിസത്തെ തിരസ്കരിച്ച് മേല്‍പ്പറഞ്ഞ സൈദ്ധാന്തികരെയെല്ലാം സ്വന്തമാക്കിയിരിക്കുന്നു. ഇ എം എസിസം എന്ന അശ്ലീലത്തെപ്പറ്റി ഇപ്പോള്‍ കാര്യമായൊന്നും മിണ്ടാത്തത് അതു തിരസ്കരിച്ചതുകൊണ്ടായിരിക്കുമോ? അശ്ളീലമാര്‍ക്സിസത്തിന്റെ ചതുപ്പില്‍നിന്ന് കരകയറിയിട്ടില്ലാത്ത അധിനിവേശ 'പ്രതിരോധഭട'ന്മാര്‍ അകപ്പെട്ടിരിക്കുന്ന ചതുപ്പ് അവര്‍ പിടിച്ചാണയിടുന്ന സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട് തന്നെയാവുമോ?

30 Jan 2010

ആര്‍ക്കുവേണം ഇ എം എസ്സിനെ?

ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സമ്പൂര്‍ണ്ണകൃതികള്‍ 99 സഞ്ചികയും ആയി നൂറാമത്തേത് ഉടനെ വരുമെന്നാണ് ആഴ്ചകള്‍ക്കുമുമ്പ് ദേശാഭിമാനി ബുക്സില്‍നിന്ന് അറിഞ്ഞത്. എന്നാല്‍ ഈ സംരംഭത്തെപ്പറ്റി എവിടെയെങ്കിലും എന്തെങ്കിലും വായിച്ചോ കേട്ടോ അറിയാനുണ്ടോ?
പ്രസാധകരായ ചിന്തയുടെ സൈറ്റില്‍ സമ്പൂര്‍ണകൃതികള്‍ എന്നൊരു ലിങ്കുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പേജുകളില്‍. രണ്ടും ശൂന്യം! മരിച്ച് പത്തുവര്‍ഷമായപ്പോഴേക്കും നൂറു വാല്യത്തില്‍ സമ്പൂര്‍ണ്ണകൃതികള്‍ പ്രസിദ്ധീകരിക്കുക എന്നത് ചില്ലറ കാര്യമല്ല. എന്നാല്‍ പ്രസാധകര്‍ക്കുപോലും ഇതൊരു കാര്യമേയല്ലാ എന്നു വന്നാല്‍? ഇ എം എസ് സമ്പൂര്‍ണ്ണകൃതികള്‍ എന്നൊന്നു മാറ്റിയും മറിച്ചും ഗൂഗിളില്‍ തിരഞ്ഞാല്‍ വല്ലതും കിട്ടുമോ? ദേശാഭിമാനിയുടെ ഓണ്‍‌ലൈന്‍ ആര്‍ക്കൈവൊക്കെ ബ്ലോഗെറില്‍ ഓടുന്നുണ്ടല്ലോ. ഒന്നുമില്ല. ബി ആര്‍ പി ഭാസ്കര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഹിന്ദു പത്രത്തില്‍ നടത്തിയ രണ്ടു റിവ്യൂ മാത്രമാണ് കാണാനുള്ളത്. എന്തേ ഇങ്ങനെയൊക്കെ ആയിപ്പോയി?
എങ്ങനെയെങ്കിലും കഴിയുന്നത്ര പ്രചാരം കുറഞ്ഞ രീതിയില്‍ ഈ സൊല്ലയൊന്നൊഴിഞ്ഞു കിട്ടിയാല്‍ മതിയെന്നായോ പ്രസാധകര്‍ക്കും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും?
അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ പൈങ്കിളിയെപ്പറ്റി ഒരു ഫലിതം

24 Jan 2010

ഏതു വങ്കനാണ് ഈ മാതിരി മണ്ടത്തരങ്ങള്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെ പഠിപ്പിച്ചുവിട്ടത്?


ഇ എം എസ് നമ്പൂതിരിപ്പാട്, പൊട്ടക്കിണറ്റിലെ തവള, ഏഷ്യാറ്റിക് സമൂഹം
 ഇ എം എസ് നമ്പൂതിരിപ്പാട് എന്ന പേരു വഹിക്കുന്ന കൃതികളെല്ലാം ഇ എം എസ് എഴുതിയതാണെന്ന് അര്‍ത്ഥമുണ്ടോ? ഇല്ലെന്നാണ് താഴെക്കൊടുക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇ എം എസ്സിനുവേണ്ടി ആരൊക്കെ പേനയുന്തിക്കാണും? അറിയാന്‍ വഴിയൊന്നുമില്ല.വല്ല സഖാക്കളും മാനസാന്തരപ്പെട്ട് എന്നെങ്കിലും ഏറ്റുപറയുമോ എന്തോ. ഏതായാലും താഴെക്കൊടുത്ത വസ്തുതകള്‍ വായിച്ചിട്ടും ഇ എം എസ് കൃതികളെല്ലാം ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവനെ തല്ലണം. അതേതു പണ്ഡിതനായാലും ശരി.
സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എന്നൊരു കള്ളച്ചരിത്രപുസ്തകം സ്റ്റാലിന്റെ പേരിലറിയപ്പെടുന്നുണ്ട്. അതു സ്റ്റാലിനെഴുതിയതല്ലെന്ന് അന്നും ഇന്നും എല്ലാവര്‍ക്കും അറിയാം. അതുപോലെ ഇ എം എസ് നേതാവായിരിക്കെ മറ്റുള്ളവര്‍ എഴുതിയതും ഇ എം എസിന്റെ പേരില്‍ അറിയപ്പെട്ടിട്ടുണ്ടാവാം. അല്ലെങ്കില്‍ ഇ എം എസ് എഡിറ്ററായ പാര്‍ട്ടി പത്രത്തില്‍ മറ്റുള്ളവര്‍ എഴുതിയതുപോലും പലതും ഇ എം എസ് എന്ന പേരു പേറിയിട്ടുണ്ടാവാം. വസ്തുതകളിലേക്കു വരാം.
തിരഞ്ഞെടുത്ത പ്രസംഗങ്ങളില്‍ (1996, ഡി സി ബുക്സ്) ചേര്‍ത്തിരിക്കുന്ന വര്‍ഗസമരം ഇന്ത്യാചരിത്രത്തില്‍ എന്ന പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണിയാണ് താഴെക്കാണുന്നത്.  "1994 ഡിസംബര്‍ 2-ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്ററില്‍ നടത്തിയ പ്രഭാഷണം" എന്നാണ് ഈ പ്രസംഗത്തെപ്പറ്റി പുസ്തകത്തിലുള്ളത്.
മാര്‍ക്സ് ഒരു ലേഖനത്തില്‍ ഒരിക്കല്‍ അടിമത്തം, ഫ്യൂഡലിസം എന്നിവ രണ്ടിനുമിടയ്ക്ക് ഏഷ്യാറ്റിക് സമൂഹം എന്നുള്ള പദം പ്രയോഗിച്ചിട്ടുണ്ട്. ഏംഗല്‍സ് ആ പദം പ്രയോഗിച്ചിട്ടില്ല. മാര്‍ക്സ് തന്നെ അങ്ങനെ ഒരിക്കല്‍ പ്രയോഗിച്ചതല്ലാതെ പിന്നീട് അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. എന്തുകൊണ്ടെന്നാല്‍ ഏഷ്യാറ്റിക് സമൂഹം എന്നുള്ള പദത്തിന്റെ അര്‍ത്ഥം ഏഷ്യയ്ക്കു പൊതുവായൊരു സമൂഹമുണ്ടായിരുന്നു എന്നാണ്. അതു തെറ്റായിരുന്നു. അക്കാര്യം മാര്‍ക്സിനുതന്നെ ബോദ്ധ്യപ്പെട്ടു. ഏഷ്യയില്‍ത്തന്നെ വിവിധ രാജ്യങ്ങളുണ്ട്. ചൈനയുണ്ട്, ഇന്ത്യയുണ്ട്, ഇന്ന് ഇറാനെന്നു വിളിക്കുന്ന പഴയ പേര്‍ഷ്യയുണ്ട്. ഇങ്ങനെ വിവിധ രാജ്യങ്ങള്‍ ഏഷ്യയിലുണ്ട്. ഇവ ഓരോന്നിനും അതിന്റേതായ സവിശേഷതകളോടുകൂടിയ സമൂഹമുണ്ട്. ആ നിലയ്ക്ക് ഈ രാജ്യങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് ഏഷ്യന്‍ സാമൂഹ്യവ്യവസഥ എന്നു പറയുന്നത് തെറ്റാണെന്ന് മാര്‍ക്സിനും ഏംഗല്‍സിനും ബോദ്ധ്യപ്പെട്ടു.അതിന്റെ ഫലം മാര്‍ക്സിന്റെ മൂലധനം വായിച്ചാല്‍ നമുക്കു കാണാന്‍ കഴിയും. (തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 218)
 ഇതിനെയല്ലേ മാര്‍ക്സിസ്റ്റ് പ്രമാണികഗ്രന്ഥങ്ങളിലുള്ള അഗാധപാണ്ഡിത്യമെന്നു നമ്മള്‍ വിളിക്കേണ്ടത്? ഒറ്റയൊരിക്കല്‍ ഒരു ലേഖനത്തില്‍ മാത്രമാണ് മാര്‍ക്സ് അങ്ങനെ പറഞ്ഞത്. അടുക്കിപ്പെറുക്കാന്‍ അമ്പത് വലിയ വാല്യങ്ങള്‍ വേണ്ടിവന്ന മാര്‍ക്സ്-ഏംഗല്‍സ് സമാഹൃത കൃതികള്‍ (സമ്പൂര്‍ണ്ണമല്ല, അതിനിയും ജെര്‍മ്മന്‍ ഭാഷയില്‍ പോലും പൂര്‍ത്തിയായിട്ടില്ല, ഇ എം എസ്സ് പത്തുവര്‍ഷം കൊണ്ടു നൂറു സഞ്ചികയില്‍ സമ്പൂര്‍ണ്ണമായി, അതായത് ഇ എം എസ് ഇനിയില്ലെന്ന്)  മനഃപാഠമായതുകൊണ്ടാണല്ലോ ഇങ്ങനെ പറയാന്‍ പറ്റുന്നത്. നമ്പൂതിരിപ്പാടിന് മൂലധനം പോലും മനഃപാഠമായിരുന്നെന്ന് എതിരാളികള്‍ പോലും പറയുന്നതുകേട്ടിട്ടുണ്ട്. അതവിടെ ഇരിക്കട്ടെ.
മാര്‍ക്സ് ഒറ്റയൊരിക്കലല്ല പലയിടത്തും ഏഷ്യാറ്റിക് സമൂഹം എന്ന ആശയം പ്രയോഗിച്ചിട്ടുണ്ട്. എന്നുമാത്രമവുമല്ല മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം വലിയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു ഇടവരുത്തുമാറ് പ്രാധാന്യമുള്ള ഒരു കാര്യമായിരുന്നു ഏഷ്യാറ്റിക് വ്യവസ്ഥയെക്കുറിച്ചുള്ള മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും വീക്ഷണം. ഏംഗല്‍സ് ഒരിടത്തും ഈ പദം പ്രയോഗിച്ചില്ലെന്നു പറയുന്നതില്‍ ഒരു കഥയുമില്ല. കാരണം ഈ "പദം" അല്ല പ്രധാനപ്പെട്ട കാര്യം അതിനു പിന്നിലെ ആശയമാണ്. പദങ്ങള്‍ ഏഷ്യാറ്റിക് സമൂഹമെന്നും ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്‌ഷന്‍ എന്നും  ഏഷ്യാറ്റിക് സിസ്റ്റമെന്നും ഓറിയെന്‍റല്‍ ഡെസ്പോട്ടിസമെന്നുമൊക്കെ മാറിമാറി വരുന്നുണ്ട്.  മാറ്റമില്ലാതെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ തുടര്‍ന്ന സമൂഹത്തെപ്പറ്റിയുള്ള  വീക്ഷണം ഏംഗല്‍സും പങ്കുവെച്ചിരുന്നു. ഈ ആശയം തെറ്റാണെന്നു ബോദ്ധ്യപ്പെട്ടുവെന്ന് മൂലധനം വായിച്ചാല്‍ നമുക്കു മനസ്സിലാവുമെന്ന് ഇ എം എസ് പറയുന്നത് മൂലധനത്തിന്റെ ഒന്നാം വാല്യത്തില്‍ ഇതേ ആശയം ഉപയോഗിച്ചിരിക്കുന്നു എന്ന കാര്യം അറിഞ്ഞുകൂടാത്തതുകൊണ്ടാണ്.
[ഇത്രയും ഭാഗം നാലുമാസം മുമ്പ് ഇ എം എസ്സിനെക്കുറിച്ച് പരമ്പരയായി പോസ്റ്റുകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എഴുതിയതാണ്. ഇ എം എസ്സും കോപ്പും രണ്ടാം ഭാഗം അവസാനിക്കുന്നത് മൂന്നാം ഭാഗം ഏഷ്യാറ്റിക് സൊസൈറ്റിയും ഇ എം എസ്സും ആയിരിക്കും എന്നു പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ പഠിക്കേണ്ടുന്ന വിഷയമാണ് എന്നതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ പഠനമെല്ലാം ഇ എം എസ് തന്നെ നിര്‍വ്വഹിച്ചതായി കാണ്കയാല്‍ കൂടുതല്‍ പഠിക്കേണ്ടതില്ലെന്നുകണ്ടു ബാക്കിഭാഗം ചേര്‍ക്കുന്നു] 


സമ്പൂര്‍ണ്ണകൃതികള്‍ സഞ്ചിക 75-ല്‍ സഖാക്കള്‍ സുഹൃത്തുക്കള്‍ എന്നൊരു ഭാഗമുണ്ട്. അവിടെ സുശോഭന്‍ സര്‍ക്കാര്‍ എന്ന പേരുള്ള ഒരു ലേഖനമുണ്ട്. സുശോഭന്‍ സര്‍ക്കാറിന്റെ ബഹുമാനാര്‍ത്ഥം പ്രസിദ്ധീകരിച്ച ഒരു ലേഖനസമാഹാരത്തിന്റെ നിരൂപണമാണ് ഈ ലേഖനം എന്നാണ് വ്യക്തമാവുന്നത്. അതൊന്നും സഞ്ചയിച്ചവര്‍ക്കു മനസ്സിലായ മട്ടില്ല. ഇതിനെ അനുസ്മരണക്കുറിപ്പുകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവിട്ടത് അതുകൊണ്ടാവണം. 1978-80 കാലത്തെപ്പോഴോ ആണ് ഇതെഴുതിയതെന്ന് ഊഹിക്കാം. കാരണം ഈ സഞ്ചികയിലുള്ളത് അക്കാലത്തെ കൃതികളാണ്. (18.03.2010നു ചേര്‍ത്തത്-സുശോഭന്‍ സര്‍ക്കാര്‍ എന്ന ലേഖനം 1980ല്‍ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഇ എം എസിന്റെ സഖാക്കള്‍ സുഹൃത്തുക്കള്‍ എന്ന കൃതിയില്‍ മലയാളത്തില്‍‌ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ പുസ്തകത്തില്‍ കാണുന്നതു പ്രകാരം 1980 ജനുവരി മാസത്തിലാണ് ഈ ലേഖനം ചിന്താ വാരികയില്‍ പ്രസിദ്ധീകൃതമാവുന്നത്.) 
ഈ ലേഖനത്തില്‍നിന്നു ചില ഉദ്ധരണികളിതാ:
ആദ്യമേ ഈ അവലോകനത്തില്‍ ചര്‍ച്ചചെയ്യുന്ന വിഷയമെന്താണെന്നു വ്യക്തമാക്കുന്ന ഈ ഭാഗം നോക്കുക:
മൂന്നാമത്തെ ലേഖനം മൊഹിത്‌സെന്നിന്റെതാണ്. ഏഷ്യാറ്റിക് ഉല്‍പാദനീതിയെക്കുറിച്ച് പ്രത്യക്ഷത്തില്‍ പരാമര്‍ശിച്ചുകൊണ്ടുള്ളതല്ല അത്. വര്‍ഗാധിഷ്ഠിത രീതിശാസ്ത്രവും ഇന്ത്യയുമെന്ന മുഖ്യവിഷയം സംബന്ധിച്ച അതില്‍ ഏഷ്യാറ്റിക് ഉല്‍പാദനരീതിയെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ അവലോകനത്തില്‍ നമുക്ക് ആ പ്രശ്നത്തിലൊതുങ്ങി നില്‍ക്കാം. (സഞ്ചിക 75, 297)
അതായത്, ഈ ലേഖനം സുശോഭന്‍ സര്‍ക്കാറിനെപ്പറ്റിയല്ല, ഏഷ്യാറ്റിക് ഉല്‍പാദനരീതിയെ സംബന്ധിച്ചാണ്.
ഏഷ്യാറ്റിക് സൊസൈറ്റി എന്ന ആശയം മാര്‍ക്സില്‍ ഉദയം ചെയ്തത് അമൂര്‍ത്തമായിട്ടല്ല എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. മുതലാളിത്തവികസനത്തെ സംബന്ധിച്ച് [...] പഠനം നടത്തുന്നതിന്നിടയില്‍ [...] പ്രാങ് മുതലാളിത്ത സാമൂഹ്യരൂപങ്ങളെന്നു വിളിക്കാവുന്ന സ്ഥിതിയില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളെ കണ്ടെത്താന്‍ മാര്‍ക്സിനു ഇടവന്നു. (സഞ്ചിക 75, 299)
1857 ലെ ശിപായി ലഹളയും ജനകീയ കലാപവും മൃഗീയമായി അടിച്ചമര്‍ത്തപ്പെടുന്നതിനുമുമ്പും പിമ്പുമുള്ള നിര്‍ണ്ണായകഘട്ടത്തിലെ സവിശേഷ സംഭവവികാസങ്ങളെ വിലയിരുത്താന്‍ മാര്‍ക്സ് ശ്രമം നടത്തുകയായിരുന്നു. ഇതിന്റെയും മറ്റ് പഠനങ്ങളുടെയും (ചൈന ഉള്‍പ്പെടെ ഏഷ്യയിലെ മറ്റ് ചില രാജ്യങ്ങളെ സംബന്ധിച്ച) ഫലമായി ഒരു കാര്യം അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞു. പ്രാകൃതകമ്യൂണിസം, അടിമത്തം, നാടുവാഴിത്തം, മുതലാളിത്തം എന്ന രീതിയില്‍ നേരത്തെ കണ്ടെത്തിയ ചിട്ടപ്പടിയുള്ള സമൂഹത്തിന്റെ വളര്‍ച്ച ഈ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അപൂര്‍ണമാണ്. പൌരാണിക ഫ്യൂഡല്‍ സമൂഹത്തിനു തൊട്ടുമുമ്പായി ഏഷ്യാറ്റിക് എന്ന പദം ഉള്‍പ്പെടുത്തിയത് ആ യാഥാര്‍ഥ്യം മുറുകെപ്പിടിക്കുന്നതിന് അദ്ദേഹം നടത്തിയ ആദ്യത്തെ ശ്രമത്തിന്റെ ഭാഗമാണ്. (സഞ്ചിക 75, 299-300)
ഇങ്ങനെ 'ഒരു പദം' 'ഉള്‍പ്പെടുത്തിയ'തിനെ ഈ ലേഖനത്തിലുടനീളം ഇ എം എസ് ശരിവെയ്ക്കുകയാണ്. പതിവുപോലെ മാര്‍ക്സിനു തെറ്റിയിട്ടില്ല, മാര്‍ക്സിനെ തെറ്റായി വായിച്ചതാണ് പ്രശ്നം എന്നാണ് ഇ എം എസ് പറയുന്നതിന്റെ പൊരുള്‍. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇ എം എസ് നമ്പൂതിരിപ്പാട് കാര്യവട്ടത്തെ യൂനിവേഴ്സിറ്റി സെന്ററില്‍ നടത്താന്‍ പോവുന്ന പ്രസംഗത്തില്‍ ഏഷ്യാറ്റിക് സൊസൈറ്റിയെപ്പറ്റി പറയാന്‍ പോവുന്ന കാര്യങ്ങളോരോന്നും ഈ ലേഖനത്തില്‍ മുന്‍കൂറായി ഖണ്ഡിച്ചിരിക്കുന്നു.
ഏഷ്യാറ്റിക് സൊസൈറ്റി എന്ന സങ്കല്‍പ്പത്തോട് ഏംഗല്‍സ് യോജിച്ചിരുന്നില്ല എന്നവകാശപ്പെടുന്നവരുടെ ശ്രദ്ധ ഈ സന്ദര്‍ഭത്തില്‍ ദൂറിങിനെതിരെ എന്ന കൃതിയിലെ ഒരു സുപ്രധാന വാചകത്തിലേക്ക് ക്ഷണിച്ചുകൊള്ളട്ടെ.
Oriental Despotism ത്തെപ്പറ്റി ഏംഗല്‍സ് പറയുന്നത് ഉദ്ധരിച്ചശേഷം ഇങ്ങനെ തുടരുന്നു.
പദപ്രയോഗത്തിലുള്ള വ്യത്യാസം ഒഴിച്ചുനിര്‍ത്തിയാല്‍ മാര്‍ക്സും ഏംഗല്‍സും ഒരേ ആശയം തന്നെയാണ് പ്രകടിപ്പിച്ചതെന്ന് കാണാവുന്നതാണ്. പ്രാകൃത കമ്യൂണിസത്തില്‍നിന്ന് അടിമത്തത്തിലേക്കും പിന്നീട് ഫ്യൂഡലിസത്തിലേക്കും അവസാനമായി മുതലാളിത്തത്തിലേക്കും എന്ന പരിവര്‍ത്തനപ്രക്രിയയിലൂടെ കടന്നുപോയിട്ടില്ലാത്ത ഒട്ടേറെ രാജ്യങ്ങളുണ്ട്. മാര്‍ക്സ് ഏഷ്യാറ്റിക്കെന്നും ഏംഗല്‍സ് പൌരസ്ത്യമെന്നും വിളിച്ചത് ഈ സമൂഹത്തെയാണ്. പദപ്രയോഗമെന്തായാലും ഈ സമൂഹങ്ങള്‍ നൂറ്റാണ്ടുകളോളം ചലനമറ്റ നിലയില്‍ ശേഷിച്ചുവെന്നതാണ് അതിലടങ്ങിയ സാരാംശം. (സഞ്ചിക 75, 301)
ഏഷ്യയില്‍ സമൂഹത്തിന്റെ പരിവര്‍ത്തനരഹിതമായ സ്വഭാവം എന്ന ആശയത്തെക്കുറിച്ച് രണ്ടുകാര്യങ്ങള്‍ എടുത്തുപറയുന്നത് പ്രയോജനപ്രദമായിരിക്കും. ഒന്നാമതായി, ഇന്ത്യയെ സംബന്ധിച്ച് മാര്‍ക്സ് എഴുതിയ കാര്യങ്ങള്‍ യാന്ത്രികമായി വായിക്കുന്നതുമൂലം വിശ്വസിച്ചേക്കാനിടയാവുന്നതുപോലെ ഇവിടെ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് അതിനര്‍ത്ഥമില്ല. തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. [...] ഈ മാറ്റങ്ങളൊക്കെത്തന്നെ ഇന്ത്യന്‍ സാമൂഹ്യസംഘടനയുടെ അടിസ്ഥാനമാതൃകയെ (ജാതിയെ ആസ്പദമാക്കിയുള്ള സാമൂഹ്യമായ തൊഴില്‍ വിഭജനത്തോടുകൂടിയ സ്വയം പര്യാപ്തമായ ഗ്രാമീണ സമൂഹം) ഏറെക്കുറെ സ്പര്‍ശിക്കാതെ വിടുകയാണുണ്ടായതെന്ന് ഊന്നിപ്പറയുക മാത്രമാണ് മാര്‍ക്സ് ചെയ്തത്. അതു ശരിയുമാണ്. (സഞ്ചിക 75, 302)
ഏഷ്യാറ്റിക് സൊസൈറ്റി എന്ന മാര്‍ക്സിന്റെ വീക്ഷണം തെറ്റായിരുന്നു എന്ന വാദത്തെയാണ് ഇവിടെ ഖണ്ഡിക്കുന്നത്. ഈ വാദം മാര്‍ക്സ്  ആദ്യകാലത്ത് പുലര്‍ത്തിപോന്നതും പിന്നീട് തിരുത്തിയതുമാണെന്ന വാദത്തെയും ഈ ലേഖനത്തില്‍ തീര്‍ത്തും തള്ളിക്കളയുന്നുണ്ട്, പരോക്ഷമായി. 
ഇതോടനുബന്ധിച്ച് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇന്നത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മിക്കവയും ഏഷ്യാറ്റിക് അഥവാ പൌരസ്ത്യസമൂഹങ്ങളില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നവയാണ് എന്നുള്ളത് ഒരു വസ്തുതയാണ്. അവ നിസംശയമായും മുതലാളിത്തപരമായ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ടെങ്കിലും പരിവര്‍ത്തനരഹിതമെന്നു പറയപ്പെടുന്ന സമൂഹഘടനയുടെ അടിത്തറ മുതലാളിത്തം തകര്‍ത്തിട്ടില്ല. (സഞ്ചിക 75, 306)
 താന്‍ വിമര്‍ശിക്കുന്ന മൂന്നു നിലപാടുകള്‍ എണ്ണിപ്പറയുന്ന ലേഖനകര്‍ത്താവ് രണ്ടാമത്തെ പ്രതിപക്ഷനിലപാടായി ഇതും അവതരിപ്പിക്കുന്നു:

മാര്‍ക്സ് ആദ്യഘട്ടത്തില്‍ മാത്രമാണ് ഏഷ്യാറ്റിക് സൊസൈറ്റിയെന്ന സങ്കല്‍പ്പം എടുത്തുപയോഗിച്ചിരുന്നത്. പില്‍ക്കാലകൃതികളില്‍ അദ്ദേഹം തന്നെയും അതുപേക്ഷിക്കുകയുണ്ടായി. [ഏംഗല്‍സ്?] ഒരിക്കലും ഏഷ്യാറ്റിക് ഉല്‍പ്പാദന രീതിയെന്ന സിദ്ധാന്തത്തോട് യോജിച്ചിരുന്നില്ല. (സഞ്ചിക 75, 298)
(സമ്പൂര്‍ണ്ണകൃതികളുടെ എഡിറ്റര്‍ ദേശാഭിമാനിക്കളരിയില്‍ അഭ്യസിച്ചുവന്നവനാണെന്ന് അവസാനത്തെ അസംബന്ധവാക്യം വ്യക്തമാക്കുന്നു.)

ഇങ്ങനെ അവതരിപ്പിക്കുന്നതല്ലാതെ ലേഖനത്തിലൊരിടത്തും പില്‍ക്കാലകൃതികളില്‍ മാര്‍ക്സ് ഈ നിലപാട് ഉപേക്ഷിച്ചു എന്ന വാദത്തിനെതിരേ നേരേചൊവ്വേ മറുപടി നല്കുന്നില്ല. അതേസമയം മാര്‍ക്സിനു തിരുത്തേണ്ടതായതൊന്നും ഉണ്ടായില്ലെന്നും മാര്‍ക്സിനെ തെറ്റായി വായിച്ചതാണ് പ്രശ്നമെന്നുമാണ് ലേഖനത്തിന്റെ ധ്വനി. ഏംഗല്‍സിന് ഈ നിലപാടുണ്ടായിരുന്നില്ലെന്നത് തെറ്റായ വാദമാണെന്നു പക്ഷേ തെളിച്ചുപറഞ്ഞിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍:
1994ലെ ഇ എം എസ്സിനെസംബന്ധിച്ചിടത്തോളം, മാര്‍ക്സ് ഒറ്റ ലേഖനത്തില്‍ ഒരിക്കല്‍ മാത്രം പറഞ്ഞതും പിന്നീട് തെറ്റെന്നു മനസ്സിലാക്കിയതും ഏംഗല്‍സ് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലാത്തതുമാണ് ഏഷ്യാറ്റിക് സമൂഹമെന്ന 'പദം'. ആ പ്രസംഗത്തില്‍ ഇ എം എസ് എഴുന്നെള്ളിച്ച ചുക്കും ചുണ്ണാമ്പും അറിയാത്ത വങ്കത്തരം ഇ എം എസ് എന്ന സൈദ്ധാന്തികന്റെ ബൌദ്ധിക-വൈജ്ഞാനിക നിലവാരത്തിനു തികച്ചും യോജിക്കുന്നതുമാണ്.

എന്നാല്‍ 1970 കളുടെ അവസാനത്തില്‍ ഇ എം എസ് എഴുതിയതായി സമ്പൂര്‍ണ്ണകൃതികളില്‍ കാണുന്ന ലേഖനം വാസ്തവത്തില്‍ ഇ എം എസ് എഴുതിയതല്ല. കാരണം ഏറെ സംവാദങ്ങളുണ്ടായ ഏഷ്യാറ്റിക് സമൂഹമെന്ന സങ്കല്‍പ്പത്തെക്കുറിച്ച് കുറച്ചെങ്കിലും ധാരണയുള്ളയാളാണ് അതെഴുതിയത്. ലേഖനത്തില്‍ ഇ എം എസ്സിന്റെ കുയുക്തികളും തട്ടിപ്പുകളുമുണ്ടെങ്കിലും അതു സ്വന്തം കൃതിയല്ല. മാര്‍ക്സ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ആശയമാണിതെന്ന വാദത്തിന് പ്രത്യക്ഷത്തില്‍ മറുപടി പറയാതെ തടിതപ്പുന്നത് ഉദാഹരണം. അപ്പോള്‍ ആരോ എഴുതിക്കൊടുത്തതില്‍ ഇ എം എസ് കൈക്രിയ നടത്തിയിട്ടുണ്ടാവാം എന്നുമാത്രം.
1994ലെ പ്രസംഗം ഇ എം എസ് നമ്പൂതിരിപ്പാട് പോയി ഉടലോടെ നടത്തിയതാണ്.  അവിടെ അദ്ദേഹം പറഞ്ഞ പരമവങ്കത്തരങ്ങള്‍ സ്വയം നിരൂപിച്ചെഴുതിയോ കേരള സംസ്ഥാന കമ്മിറ്റിക്കു കീഴിലെ ഏതെങ്കിലും മണ്ടന്‍ കൂലിയെഴുത്തുകാരന്‍ എഴുതിക്കൊടുത്തതോ  ആവാം. പക്ഷേ, 1994 ല്‍ ഇങ്ങനെ എഴുതിയ ഇ എം എസ് 1970കളുടെ അവസാനം എഴുതിയ മേല്‍പ്പറഞ്ഞ ലേഖനം എഴുതാന്‍ ഒരു വഴിയുമില്ല.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലെ ഇ എം എസ്സിനെ വിശ്വസിക്കണോ അതോ 1994 ലെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഇ എം എസ്സിനെ വിശ്വസിക്കണോ എന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാര്‍ തീരുമാനിക്കട്ടെ. ഒരു നിസ്സാര വിഷയത്തില്‍ പതിനഞ്ചുകൊല്ലം മുമ്പ് പഠിച്ച കാര്യങ്ങള്‍ സഖാവ് മറന്നുപോയത് വലിയ കാര്യമല്ലെന്ന് വിനീതവിധേയന്മാര്‍ പൊടുന്നനെ തീരുമാനത്തിലെത്തും മുന്‍പ് ഇക്കാര്യം കൂടി പരിഗണിക്കുന്നത് നന്നാവും.

ഏഷ്യാറ്റിക് സമൂഹത്തെക്കുറിച്ചുള്ള ചര്‍ച്ചയെ സംബന്ധിച്ച് സുശോഭന്‍ സര്‍ക്കാര്‍ എന്ന ലേഖനം പറയുകയാണ്:
ഇതൊക്കെ പാഴ്വേലയാണെന്നും അമൂര്‍ത്തമായ താത്വികതലത്തിലുള്ള ഈ ചര്‍ച്ചകള്‍ക്ക് ഇന്നത്തെ പ്രായോഗികപ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം യാതൊരു പ്രാധാന്യവുമില്ലെന്നും അതുകൊണ്ട് അതവസാനിപ്പിക്കണമെന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ഥജീവിതപ്രശ്നത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ ഹ്രസ്വവീക്ഷണത്തോടുകൂടിയ സമീപനമാണിത്. (സഞ്ചിക 75, 299)
യഥാര്‍ഥ ജീവിതപ്രശ്നമാണിത്. എനിക്കല്ല, സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടിന്. അതിലാവട്ടെ  മണ്ണും ചാണവും അറിഞ്ഞും കൂടായിരുന്നു, നമ്പൂതിരിപ്പാടിന്. ഇനി സഖാക്കളെന്തു ചെയ്യും? സഖാക്കളെ വെറുതെ വിടാം. ഈ ലേഖനം ഇ എം എസ്സിനെ ചരിത്രകാരനെന്ന നിലയില്‍ വാഴ്ത്തുന്ന കെ. എന്‍. പണിക്കര്‍, പ്രഭാത് പട്നായ്ക്, രാജന്‍ഗുരുക്കള്‍ എന്നിവര്‍ക്കൊക്കെ ഞാന്‍ സമര്‍പ്പിക്കുന്നു. 
[ഏഷ്യാറ്റിക് സൊസൈറ്റി, മാര്‍ക്സിന് ഇന്ത്യയെക്കുറിച്ചുള്ള നിലപാട് എന്നീ വിഷയങ്ങളില്‍ സുനീതി കുമാര്‍ ഘോഷ് എഴുതിയ പണ്ഡിതോചിതമായ ലേഖനം ഇവിടെക്കാണാം. 1984ല്‍ ആണ് ആ ലേഖനം Monthly Review പ്രസിദ്ധീകരിക്കുന്നത്. 1984ലെ പണ്ഡിതനെയും 1994ലെ ഇ എം എസിനെയും താരതമ്യം ചെയ്യാനൊന്നുമില്ല. എങ്കിലും ഇ എം സ്സിനെ  വാഴ്ത്തുന്ന പണ്ഡിതന്മാരെ മനസ്സിലാക്കാന്‍ ഘോഷ് ഉപകരിക്കും] 
ജാതി-ജന്മി-നാടുവാഴി മേധാവിത്വമെന്ന ഇ എം എസ്സിന്റെ മഹാസിദ്ധാന്തത്തെപ്പറ്റി വൈകാതെ.

22 Jan 2010

മാര്‍ക്സിസ്റ്റ് ക്ലാസിക്കുകള്‍ കണ്ടിട്ടുപോലുമില്ലാത്ത ഇ എം എസ് മുണ്ടശ്ശേരിയെ പിടിച്ചടക്കുന്നത്


ഇ എം എസ്സിന്റെ സുപ്രസിദ്ധമായ ചില സാഹിത്യസിദ്ധാന്തങ്ങള്‍ ഗുളികരൂപത്തില്‍ നല്കുന്ന ഒരു ലേഖനമാണിത്. സാംസ്കാരിക രംഗത്തെ വര്‍ഗസമരരാഷ്ട്രീയം എന്ന ഈ ലേഖനം 1995-ല്‍ പ്രസിദ്ധീകരിച്ചതും വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചതുമാണ്. ഈ ലേഖനത്തില്‍ ജോസഫ് മുണ്ടശ്ശേരിയെ പിടിച്ചടക്കാന്‍ ഇ എം എസ് നടത്തുന്ന നിര്‍ലജ്ജമായ ശ്രമം കാണാം.


ഒന്ന്

മരിച്ചുപോയ മുണ്ടശ്ശേരിക്കെതിരെ പതിവു വിമര്‍ശനങ്ങള്‍ പതിവുശീലില്‍.  സാഹിത്യകാരന്മാര്‍ പാര്‍ട്ടിക്കാരായാല്‍ അവര്‍ക്കു ഹൃദയച്ചുരുക്കം വരുമെന്നു മുണ്ടശ്ശേരി പറഞ്ഞത്രേ. മുണ്ടശ്ശേരി ജീവനോടെയിരുന്നെങ്കില്‍  ഹൃദയച്ചുരുക്കത്തെ ഇ എം എസ്  ചര്‍വ്വിതചര്‍വ്വണം ചെയ്യുന്നതു കാണുകമാത്രംകൊണ്ട്  ഹൃദയം ചുരുങ്ങിയോ വീര്‍ത്തോ പൊട്ടി മരിക്കുമായിരുന്നു അദ്ദേഹം. നര്‍മ്മബോധം, ആസ്വാദനശേഷി എന്നിവയൊന്നും എന്തെന്നറിയാത്തവര്‍ക്ക്, അരസികന്മാര്‍ക്ക്,  എന്ത് ആവര്‍ത്തനവിരസത! എന്നാല്‍ "പുരോഗമന രാഷ്ട്രീയത്തോട് പ്രതിബദ്ധത ഇല്ലാത്തവരെ മുഴുവന്‍ മറുചേരിയില്‍ അണിനിരത്തുന്ന പ്രവണതയ്ക്ക് എതിരെ മുണ്ടശ്ശേരി പ്രഭൃതികള്‍ നടത്തിയ സമരം പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സഹായിച്ചു" എന്നു പറഞ്ഞുകൊണ്ട് മുണ്ടശ്ശേരിയെ ഇ എം എസ് ഈ ലേഖനത്തില്‍ പിടിച്ചടക്കാന്‍ നോക്കുന്നു. ഏതുകാലത്തെ മുണ്ടശ്ശേരിയെപ്പറ്റിയാണ് ഇ എം എസ് ഇങ്ങനെ പറയുന്നത്? ലൈംഗിക അരാജകത്വത്തിന്റെ വക്താക്കളെന്ന് ഇ എം എസ് തന്നെ മുണ്ടശ്ശേരിയെയും എം പി പോളിനെയും അധിക്ഷേപിച്ച കാലത്തെ! കേസരി ബാലകൃഷ്ണപിള്ളയ്ക്ക് 'ലൈംഗികവിപ്ലവകാരിത്വം' മാത്രമേയുള്ളൂ ('രാഷ്ട്രീയവിപ്ലവകാരിത്വം' ഇല്ല) എന്നു കണ്ട് എം പി പോളും മുണ്ടശ്ശേരിയുംഅദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ചു എന്നാണ് ഇക്കാലത്തെപ്പറ്റി ഇ എം എസ് തന്നെ പറഞ്ഞിട്ടുള്ളത്.  (ഏ ബാലകൃഷ്ണപിള്ള: ബൂര്‍ഷ്വ പണ്ഡിതമൂഢന്‍മാരുടെ ഉത്തമ മാതൃക, 1949) അക്കാലത്ത് മുണ്ടശ്ശേരി പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സഹായിച്ചുവെന്ന് പറയുന്നു ഇ എം എസ്. തെറ്റുതിരുത്തുകയാണ് ഇ എം എസ്സെങ്കില്‍ ആദ്യം വേണ്ടത് അവര്‍ക്കെതിരെ നീചമായ ആക്രമണം അഴിച്ചുവിട്ടതില്‍ ഖേദിക്കുകയായിരുന്നു.
ഇതേ കാര്യത്തെപ്പറ്റി 1994-ല്‍ നമ്പൂതിരിപ്പാട് പറഞ്ഞതുകൂടി ചേര്‍ത്തുവെയ്ക്കുന്നത് നമ്പൂതിരിപ്പാടിന്റെ പറച്ചിലിന്റെ പൊള്ളത്തരം വെളിച്ചത്താക്കും. 
"പക്ഷേ, നൂറുശതമാനവും ശരിയായിരുന്ന നിലപാടെടുക്കുന്നതിനിടയില്‍ ഞങ്ങള്‍ക്ക് ചില തെറ്റുകള്‍ പറ്റി[?! അതേ, നമ്പൂതിരിപ്പാട് പറഞ്ഞതുതന്നെ. എന്തൊരു സുതാര്യ ശൈലി!] അതു ഞങ്ങള്‍ ഏറ്റു പറയുകയും തിരുത്തുകയും ചെയ്തു. പക്ഷേ, സാഹിത്യം സാമൂഹ്യപുരോഗതിക്ക് എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ ഞങ്ങളുടെ നിലപാട് തികച്ചും ശരിയായിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു കാക്കനാടന്‍ തന്റെ ലേഖനത്തില്‍ ഇങ്ങനെ പറഞ്ഞത്: "ദശകങ്ങളായി പറഞ്ഞുപോരുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം (ഞാന്‍) ചെയ്യുന്നത്."ഇനി തികച്ചും ശരിയായ കാര്യം ചെയ്ത ഞങ്ങള്‍ക് എന്തു തെറ്റുപറ്റിയെന്നും അത് ഞങ്ങള്‍ എങ്ങനെ തിരുത്തിയെന്നും ഇപ്പോഴത്തെ ഞങ്ങളുടെ നിലപാടെന്താണെന്നുമുള്ള മാത്യുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാം. "കല സാമൂഹ്യപുരോഗതിക്ക്" എന്ന നിലപാട് തികച്ചും ശരിയാണെങ്കിലും, സാമൂഹ്യപുരോഗതി എന്താണെന്ന കാര്യത്തില്‍ പുരോഗമന സാഹിത്യകാരന്‍മാര്‍കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു[?! സാമൂഹ്യപുരോഗതി എന്തെന്നറിയാത്ത പുരോഗമന-വിപ്ലവകാരികള്‍!] 1947-ല്‍ ഇന്ത്യ സ്വതന്ത്രയായതിനെതുടര്‍ന് ആ സംഭവത്തെ വിലയിരുത്തുന്ന കാര്യത്തില്‍ പുരോഗമന സാഹിത്യകാരന്‍മാരി‍ല്‍പെട്ട കമ്യൂണിസ്റ്റുകാരും അല്ലാത്തവരും തമ്മില്‍ അഭിപ്രായവ്യത്യാസം വന്നു. കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ നിലപാടംഗീകരിക്കാത്തവരെ പുരോഗമന സാഹിത്യകാരന്‍മാരായി അംഗീകരിക്കുകയില്ലെന്ന തികച്ചും വിഭാഗീയമായ നിലപാട് ഞങ്ങളെടുത്തു. നേരെമറിച്ച്, സാഹിത്യകാരന്മാര്‍ രാഷ്ട്രീയപാര്‍ടികളിലംഗങ്ങളായാല്‍ അവര്‍ക് 'ഹൃദയച്ചുരുക്കം' വരുമെന്നും മറ്റുമുള്ള നിലപാടുകള്‍ കമ്യൂണിസ്റ്റിതര സാഹിത്യകാരന്മാരും എടുത്തു. ഇത് പുരോഗമന സാഹിത്യപ്രസ്ഥാനത്തെ ഭിന്നിപ്പിച്ചു. തകര്‍ത്തു.
തുടര്‍ന്ന് പ്രസ്ഥാനം പിളരുന്നതില്‍ തങ്ങളുടെ വിഭാഗീയത വഹിച്ച പങ്കിനെപ്പറ്റി പരാമര്‍ശിക്കുന്നു ഇ എം എസ്. അതുകഴിഞ്ഞ്:

അതേയവസരത്തില്‍ കമ്യൂണിസ്റ്റിതര സാഹിത്യകാരന്മാരുടെ "ഹൃദയച്ചുരുക്കം" "പട്ടാളച്ചിട്ട" മുതലായ വാദഗതികളും ഞങ്ങള്‍ക്കെതിരായ വിഭാഗീയതയുടെ പ്രകടനമായിരുന്നു. പ്രസ്ഥാനത്തെ ഭിന്നിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കെന്നപോലെ കമ്യൂണിസ്റ്റിതര സാഹിത്യകാരന്‍മാര്‍ക്കും പങ്കുണ്ടായിരുന്നുവെന്നര്‍ഥം." (പുരോഗമന സാഹിത്യം ഇന്നലെ, ഇന്ന്, നാളെ, വായനയുടെ ആഴങ്ങളില്‍ 124, 125)
ഇനി ഇതേ സംബന്ധിച്ച് 1988-ല്‍ ഇ എം എസ് എന്തു പറഞ്ഞെന്നും നോക്കാം:
ഈ വാദങ്ങളുന്നയിക്കുന്നതില്‍ [ഹൃദയച്ചുരുക്കം, പട്ടാളച്ചിട്ട എന്നിവയാണ് ഇ എം എസ് ഉദ്ദേശിക്കുന്നത്] മറ്റാരെയുംകാള്‍ മുന്നിലായിരുന്നു മുണ്ടശ്ശേരി മാസ്റ്റര്‍ എന്നുകൂടി ഓര്‍മ്മിക്കുക. (തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 179)
മുണ്ടശ്ശേരി ഇങ്ങനെ കമ്യൂണിസ്റ്റുകളെ എതിര്‍ക്കാന്‍ കാരണമെന്തെന്നും അതേ പ്രസംഗത്തില്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കുന്നുണ്ട്.
സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്നു പുതിയ ഭരണാധികാരികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കമ്യൂണിസ്റ്റുകാര്‍ നീങ്ങാന്‍ തുടങ്ങിയത് അവര്‍ക്കു ദഹിച്ചില്ല. അന്നാണ് മുണ്ടശ്ശേരി മാസ്റ്ററുടെ രൂപഭദ്രതാവാദം മുന്നോട്ടു വന്നതും അതിന്റെ ആക്രമണത്തിനെതിരെ കമ്യൂണിസ്റ്റുകാര്‍ പ്രതിരോധനിര ഉയര്‍ത്തിയതും. (തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ ,178)
കമ്യൂണിസ്റ്റുകാരുടെ പ്രതിരോധനിര എങ്ങനെയായിരുന്നു എന്നു ഞാന്‍ നേരത്തേ എഴുതിയ പോസ്റ്റില്‍ ഉദ്ധരിക്കുന്ന ഇ എം എസ് ലേഖനത്തില്‍ിന്നു വ്യക്തമാണ്. ഇ എം എസ് എന്ന പണ്ഡിതാഭാസന്‍ എന്ന  പോസ്റ്റില്‍ മുണ്ടശ്ശേരിക്കും എം പി പോളിനുമെതിരെ ലൈംഗികഅരാജകത്വത്തില്‍ താത്പര്യമുള്ളവരെന്ന നെറികേട് ഇ എം എസ് കള്ളപ്പേരിലെഴുതിയ ലേഖനത്തിലൂടെ ആരോപിച്ചതിനെപ്പറ്റി പറയുന്നുണ്ട്. മുണ്ടശ്ശേരിയെയോ എം പി പോളിനെയോ കേസരി ബാലകൃഷ്ണപിള്ളയെയോ നേരേനിന്നെതിര്‍ക്കാന്‍ കോപ്പില്ലാതിരുന്ന ഇ എം എസ് ആരോപണങ്ങള്‍ കള്ളപ്പേരിലെഴുതിയ ലേഖനത്തിലൂടെ വലിച്ചെറിഞ്ഞ് പകവീട്ടുന്ന കാഴ്ചയാണ് അതില്‍ കാണുന്നത്.
മുണ്ടശ്ശേരിയോടുള്ള ഒടുങ്ങാത്ത പക മുണ്ടശ്ശേരി മരിച്ചിട്ടും രണ്ടു ദശകം കൊണ്ടു നടന്നു, ഇ എം എസ്. അതിനെപ്പറ്റി ഇവിടെ പറയുന്നുണ്ട്. ഈ മുണ്ടശ്ശേരിയെയാണ് നമ്പൂതിരിപ്പാട് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഒറ്റയടിക്ക് ഒറ്റ പ്രസ്താവത്തിലൂടെ സ്വന്തം പ്രസ്ഥാനത്തിലേക്കു മുതലുകൂട്ടുന്നത്.


രണ്ട്

ചെറുശ്ശേരി-തുഞ്ചന്‍-കുഞ്ചന്‍, ഇവര്‍ക്കു മുമ്പ് മലയാളത്തിനു തനതായ സാഹിത്യമില്ലായിരുന്നു എന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്. ഇതൊരു നാലാംകിട വിവരക്കേടാണെന്നു പറയേണ്ടതില്ലല്ലോ. മൂന്നുനൂറ്റാണ്ടുകളുടെ അന്തരം വരുന്ന കവികളെ ചേര്‍ത്ത് അവര്‍ക്കു മുമ്പേ തനതായ സാഹിത്യമില്ലായിരുന്നു എന്നു പറയുന്നത് നമ്മുടെ നമ്പൂതിരിപ്പാടാണെന്നതുകൊണ്ട് അതില്‍ അത്ഭുതം വേണ്ട. കാരണം ഇങ്ങോര്‍ എഴുത്തച്ഛനും ആശാനും തമ്മില്‍ അരഡസന്‍ നൂറ്റാണ്ടുകളുടെ അന്തരമാണുള്ളത് എന്നു പറഞ്ഞ ദേഹമാണ്. അതിനെപ്പറ്റി ഇവിടെ വായിക്കാം. "ചരിത്രത്തില്‍ രണ്ടുമൂന്ന് നൂറ്റാണ്ടുകളുടെ വ്യത്യാസമൊരു വ്യത്യാസമല്ലല്ലോ" എന്നൊരു ഇ  എം എസ്സിസവും നിലവിലുണ്ട്.  
മറ്റൊരിടത്തു പറഞ്ഞത് തുഞ്ചനുമുമ്പ് മലയാളസാഹിത്യം ഇല്ലായിരുന്നു എന്നാണ്.
തുഞ്ചത്തെഴുത്തച്ഛന്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഭാഷാരൂപാന്തരങ്ങള്‍ സൃഷ്ടിക്കുന്നതുവരെ, കേരളത്തിലെ ജനതയ്ക്ക് തങ്ങളുടെതായ സാഹിത്യമേ ഉണ്ടായിരുന്നില്ല. (സാഹിത്യവും സമൂഹവും, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, 136)
അതു വായിച്ചപ്പോള്‍ ചെറുശ്ശേരിയോ എന്ന് അത്ഭുതപ്പെട്ടിരുന്നു. ഇപ്പോള്‍ ചെറുശ്ശേരിയെക്കൂടി ചേര്‍ത്ത്  നമ്പൂതിരിപ്പാട് അതിനു മുമ്പില്ല എന്നാണ് പറയുന്നത്. താന്‍ കേട്ടിട്ടില്ലാത്ത സാഹിത്യമൊന്നും തനതായ മലയാള സാഹിത്യമല്ല എന്നതാണ് നമ്പൂതിരിപ്പാടിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനം.
ഞാന്‍ ചുറ്റും നോക്കി. ഞാന്‍ കണ്ടു. ഞാനതിനെപ്പറ്റി എഴുതി. അതു മഹത്തായ സിദ്ധാന്തമായി. ഇതാണ് ഇ എം എസ്സിസം.
ഇക്കാര്യം അഭിമാനിക്കേണ്ടുന്ന കാര്യമാണെന്ന പോലെ ഇ എം എസ് ജീവിതകാലം മുഴുവന്‍ പറഞ്ഞുനടന്നിട്ടുമുണ്ട്. തന്റെ വിഖ്യാത ചരിത്രഗ്രന്ഥമായ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അവതരിപ്പിച്ച മഹത്തായ കണ്ടുപിടിത്തമായ ജാതി-ജന്മി-നാടുവാഴി മേധാവിത്വം എന്ന സിദ്ധാന്തം എങ്ങനെ ഉണ്ടായിയെന്ന് ഇദ്ദേഹം പറയുന്നതു നോക്കുക.
ഇത് ഞാനൊരു താത്ത്വികപഠനത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നെത്തിയ നിഗമനമല്ല. ഞാന്‍ ഈ കേരളം നോക്കിക്കണ്ടപ്പോള്‍, കേരളത്തിലെ അന്നത്തെ സ്ഥിതി കാണുകയും കേരളത്തെക്കുറിച്ച് ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ഞാന്‍ കണ്ടത് ഇവിടത്തെ ജാതിമേധാവിത്വവും ജന്മിമേധാവിത്വവും നാടുവാഴിമേധാവിത്വവുമായിരുന്നു.(തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 219)

പരശുരാമന്‍ ഒരറ്റത്തുനിന്നു മഴുവെറിഞ്ഞു എന്നൊക്കെ പറയുന്നതുപോലെ നവകേരളശില്പിയായ ഞാനന്ന് നിന്ന് കേരളം നോക്കിക്കണ്ടപ്പോള്‍ ഈ ഞാന്‍ കണ്ടതെല്ലാമാണ് ഇ എം എസ്സിസമെന്ന മഹാസിദ്ധാന്തം. ജാതി-ജന്മി-നാടുവാഴി മേധാവിത്വമെന്ന മഹാസിദ്ധാന്തം എന്തെന്ന് ഇ എം എസ്സിനു തന്നെ അറിഞ്ഞുകൂടാത്തതും വിവരക്കേടും തരംതാണ തട്ടിപ്പുമാണ്. ഇതിനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞതിനെല്ലാം വിപരീതമായി ഇദ്ദേഹം തന്നെ പറയുന്നതിനെ മാത്രം മുന്‍നിറുത്തിയാണ് ഞാനിതു പറയുന്നത്. അതിനെക്കുറിച്ച് വേറൊരവസരത്തില്‍.

 ഇ എം എസ്സിന്റെ മലയാള സാഹിത്യ സിദ്ധാന്തത്തിലേക്കു വീണ്ടും വരാം. പതിവുപോലെ ഈ ലേഖനത്തില്‍ പറയുന്നതുപ്രകാരവും മൂന്നു ഘട്ടങ്ങളുണ്ട് മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക്. ഒന്നാം ഘട്ടം മേല്‍പ്പറഞ്ഞ ത്രയം, ചെറുശ്ശേരി, തുഞ്ചന്‍, കുഞ്ചന്‍. പിന്നെ പത്തൊമ്പതാംനൂറ്റാണ്ടിലെ രണ്ടാം ത്രയം: ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍. മൂന്നാമതായി പു ക സ സാഹിത്യം. എന്നുവെച്ചാല്‍ വിപ്ലവകവി സഖാവ് കൃഷ്ണന്‍കുട്ടിയും മറ്റും അറക്കവാളുകൊണ്ടറുത്തു പാടിയ കാലഘട്ടം.
പ്രാചീനമലയാളസാഹിത്യത്തെപ്പറ്റി കാലിക്കറ്റ് യൂനിവേര്‍സിറ്റി പ്രസിദ്ധീകരിച്ച ഒരു ഗവേഷണ ഗ്രന്ഥം നിരൂപണം ചെയ്ത് പ്രാചീനമലയാള സാഹിത്യം എന്നൊന്നില്ലെന്നു പറഞ്ഞുകൊണ്ട് ഗവേഷകരുടെ വിവരക്കേട് തിരുത്തിക്കൊടുത്ത മഹാപണ്ഡിതനായ നമ്പൂതിരിപ്പാടിന് അവിടെ ഘട്ടങ്ങള്‍ പക്ഷേ മൂന്നല്ല നാലാണ്. പ്രാചീനമലയാള സാഹിത്യം സങ്കല്പവും യാഥാര്‍ത്ഥ്യവും എന്നു പേരുള്ള  നിരൂപണം 28.04.96 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് അതുള്‍പ്പെടുന്ന സമാഹാരമായ നമ്മുടെ ഭാഷ (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1997) യില്‍ കാണുന്നത്.  നിരൂപണം ചെയ്ത പുസ്തകത്തില്‍ പറയുന്നതും താനതുവരെ കേട്ടിട്ടില്ലാത്തതുമായ കാലത്തിനെയും എവിടെയെങ്കിലും കൊള്ളിക്കേണ്ടേ.

 ജാതി-ജന്മി-നാടുവാഴി മേധാവിത്വ"മെന്ന് ഞാന്‍ വിളിക്കുന്ന കേരളീയ ഫ്യൂഡലിസത്തിന്റെ സംസ്കാരം നാല് ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതിലാദ്യത്തേത് ഈ ഗ്രന്ഥത്തില്‍ [നമ്പൂതിരിപ്പാട് നിരൂപണം ചെയ്യുന്ന ഗവേഷണ ഗ്രന്ഥം] പരാമര്‍ശിക്കപ്പെട്ടിട്ടുള്ള രചനകള്‍. (നമ്മുടെ ഭാഷ,  പുറം 53)

"പിന്നീട് കുപ്രസിദ്ധമായിത്തീര്‍ന്ന വെണ്മണി സാഹിത്യത്തിന്റെ മുന്‍ഗാമികളാണ്" ആ രചനകള്‍ എന്നും നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഒരു വര്‍ഷത്തിനുശേഷം നാലുഘട്ടം കണ്ട ഇ എം എസിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ തരംപോലെ മാറാവുന്ന എണ്ണവും ഘട്ടങ്ങളുമെല്ലാം ആണ്. വിവരമില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ വായില്‍ത്തോന്നിയത് തരംപോലെ വിളിച്ചുപറഞ്ഞതെല്ലാം മഹാസിദ്ധാന്തമായിപ്പോയ കഥതന്നെ വീണ്ടുംവീണ്ടും ആവര്‍ത്തിക്കുന്നത്.


മൂന്ന്

"... മാര്‍ക്സിന്റെ ഭാഷയില്‍ 'പ്രപഞ്ചത്തെ വ്യാഖ്യാനിക്കുക മാത്രമല്ല, മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നു'"  
ലോകത്തെ വ്യാഖ്യാനിക്കുന്നതിനെയും മാറ്റിത്തീര്‍ക്കുന്നതിനെയും പറ്റിയാണ് മാര്‍ക്സ് പറഞ്ഞത്. പ്രപഞ്ചത്തെയല്ല.
ലോകത്തിനു പകരം പ്രപഞ്ചം എന്നായാല്‍ അതിനിത്രവലിയ കുഴപ്പമുണ്ടോ എന്ന് ഇ എം എസ്സിസ്റ്റ് സഖാക്കള്‍ കുപിതരാവുന്നത് എനിക്കു കാണാന്‍ കഴിയുന്നുണ്ട്. ശബ്ദതാരാവാലിയില്‍ പ്രപഞ്ചത്തിന് കൊടുത്ത ഒന്നാമത്തെ അര്‍ത്ഥം ലോകം എന്നല്ലേ എന്നും ഇവര്‍ ചോദിച്ചേക്കും. വരട്ടെ, അപ്പോള്‍ പറയാം. ഇ എം എസ് ഈ വിവരക്കേട്  1995ല്‍ മാത്രമല്ല പറഞ്ഞത്. 1960കളിലെഴുതിയ കാള്‍ മാര്‍ക്സ് പുതുയുഗത്തിന്റെ വഴികാട്ടി എന്ന ലേഖനത്തിലും (സഞ്ചിക 39,  പുറം 161) പറഞ്ഞിട്ടുണ്ട്. മുപ്പതു വര്‍ഷത്തിന്നിടയിലും ഫോയെര്‍ബാഹിനെപ്പറ്റിയുള്ള പതിനൊന്നാമത്തെ തീസിസ് ആയ
The philosophers have only interpreted the world, in various ways; the point is to change it.
എന്നത് എന്താണെന്നു മനസ്സിലാക്കാന്‍ ഇ എം എസ്സിനു കഴിഞ്ഞില്ല. അതിലത്ഭുതമില്ല. ഇ എം എസ്സ് ഉദ്ധരിച്ചിടത്തൊന്നും ഇത് ഇന്നയിടത്തുനിന്നാണെന്നു പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ അത് അച്ചടിച്ച രൂപത്തില്‍ ഇ എം എസ് കണ്ടിട്ടുണ്ടെങ്കിലല്ലേ. എവിടെയോ ആരോ പറഞ്ഞതുകേട്ടു. അതു ജീവിതകാലം മുഴുവന്‍ പ്രയോഗിച്ചു നടന്നു. മാര്‍ക്സിസ്റ്റ് സാഹിത്യത്തിലുള്ള ഇ എം എസ്സിന്റെ വിവരത്തെപ്പറ്റി വിശദമായി വീണ്ടും പറയാം. അടിസ്ഥാന മാര്‍ക്സിസ്റ്റു പുസ്തകങ്ങള്‍ വായിക്കുന്നതുപോയിട്ട് കയ്യിലെടുത്തിട്ടുപോലുമില്ല എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ ഇ എം എസ് തന്നെ പറഞ്ഞത് ഇവിടെ പറയുക മാത്രം തത്കാലം ചെയ്യാം.
ദേബിപ്രസാദ് ചതോപാദ്ധ്യായയുടെ ഒരു കൃതി നിരൂപണം ചെയ്തുകൊണ്ട് Social Scientist എന്ന ജേണലില്‍ ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ ഒരു ലേഖനം Jstor ല്‍ ലഭ്യമാണ്. ഇവിടെ. അതിലിങ്ങനെ പറയുന്നുണ്ട്:
All students of Lenin's writings know that every single piece he wrote-whether they are fairly big tomes like Development of Capitalism in Russia, Imperialism, State and Revolution, and so on, or shorter
propaganda material like What is to be Done, Two Tactics of Social Democracy and so on, or whether they are still shorter articles, notes,
letters, and so on-were the weapons with which he fought non-proletarian ideologies and substantiated the proletarian Marxist theoretical positions.

Development of Capitalism in Russia  എന്നത് ഇ എം എസ് പറയും പോലെ വലിയൊരു പുസ്തകമാണ്. എന്നാല്‍ അതുപോലെ വലുതാണ്   Imperialism, the Highest Stage of Capitalism (നൂറു പേജ്) , State and Revolution (നൂറ്റിപ്പത്തു പേജ്) എന്നാണ് ഇ എം എസ് പറയുന്നത്.  രണ്ടും ഇ എം എസ് കണ്ടിട്ടേയില്ലെന്നു വ്യക്തം.  ആ രണ്ടും ലെനിന്റെ ഏറ്റവും പ്രസിദ്ധമായ കൃതികളില്‍പ്പെടും. ഇവ രണ്ടിനെക്കാള്‍ വലിയ What Is To Be Done?, Two Tactics of Social-Democracy in the Democratic Revolution എന്നിവയോ, ചെറുതും! ഇവയൊന്നും നമ്പൂതിരിപ്പാട് വായിച്ചില്ലെന്നതോ പോട്ടെ, കണ്ടിട്ടുപോലുമില്ല എന്നാണ് ഇതില്‍നിന്നു മനസ്സിലാവുന്നത്.
ആ ലേഖനത്തില്‍ നേരെനിന്ന ഹെഗെലിനെ മാര്‍ക്സും ഏംഗല്‍സും തലകുത്തനെ നിറുത്തിയെന്നും പറയുന്നുണ്ട്.
They were, in other words, turning Hegel upside down, or to put it in Marx's own words, to put Hegel back on his head.
ഇ എം എസിനെ പ്രസിദ്ധീകരിച്ച Social Scientist എന്ന ജേണലിന്റെ നിലവാരം അതില്‍നിന്നു മാത്രം വ്യക്തമാണ്.

കാള്‍ മാര്‍ക്സ് പുതുയുഗത്തിന്റെ വഴികാട്ടി എന്ന ലേഖനത്തില്‍ 1844-45 കാലത്ത് ഏംഗല്‍സ് എഴുതിയ ലേഖനത്തില്‍ പറഞ്ഞതുപോലെ എന്നു പറഞ്ഞുകൊണ്ട് ഒരു വ്യാജ ഉദ്ധരണി കൊടുത്തിട്ടുണ്ട്. (സഞ്ചിക 39,  പുറം 150) 
ചിന്തയും അസ്തിത്വവും തമ്മില്‍, ആത്മാവും പ്രകൃതിയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്; ഇതില്‍ ഏതാണ് ആദ്യം ഉണ്ടായത്; ഇതാണ് തത്വശാസ്ത്രത്തിന്റെ വിശേഷിച്ചും ആധുനിക തത്വശാസ്ത്രത്തിന്റെ മുമ്പിലുള്ള മൌലികമായ മഹാപ്രശ്നം..."
മൂലകൃതിയോട് നീതി പുലര്‍ത്താതെ നടത്തിയ ഈ ഉദ്ധരണി Ludwig Feuerbach and the End of Classical German Philosophy എന്ന കൃതിയില്‍നിന്നുള്ളതാണ്. അതാവട്ടെ 1886ലെ കൃതിയും. എവിടെന്നു കിട്ടി ഇ എം എസ് ന് 1844-45 കാലം? ഹ്യൂമനിസവും വര്‍ഗസമരവും സാഹിത്യത്തില്‍ എന്ന പേരില്‍ കെ. ദാമോദരനെ വിമര്‍ശിക്കുന്ന ഒരു ലേഖനത്തില്‍ (1972-ല്‍ എഴുതിയത്, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, 122) ഇതേ ഉദ്ധരണിയുണ്ട്. സ്റ്റാലിന്റെ സി പി എസ് യു ചരിത്രത്തില്‍നിന്ന് ഉദ്ധരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അവിടെ ഉദ്ധരിക്കുന്നത്. 
"അദ്ദേഹം മാര്‍ക്സിനെ ഉദ്ധരിക്കുന്നു:
ചിന്തയും അസ്തിത്വവും തമ്മിലും
..."
ശരിക്കും സി പി എസ് യു ചരിത്രത്തിലുള്ളതാവട്ടെ,
Engels says:
"The question of the relation of thinking to being,...
അതിവിടെ കാണാം.

(മാര്‍ക്സിസ്റ്റ് കൃതികളെ ഇ എം എസ് ദുര്‍വ്യാഖ്യാനം ചെയ്തതിന് ഇ എം എസ്സിനെമാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇ എം എസ്സിനു വിവരക്കേടുകള്‍ എഴുതിക്കൊടുത്ത സഖാക്കള്‍ക്കുമുണ്ട് ഉത്തരവാദിത്വം. ഇ എം എസ്സിന്റെ പേരിലറിയപ്പെടുന്ന കൃതികള്‍ എല്ലാം ഇ എം എസ് എഴുതിയതാണോ? അല്ലേയല്ല. അതിനെക്കുറിച്ചാണ് അടുത്ത പോസ്റ്റില്‍.)

19 Jan 2010

ഒരു തടിച്ച നോവലും നമ്പൂതിരിപ്പാടും ശകലം ബല്‍സാക്കും

നമ്പൂതിരിപ്പാട് ഒരു പുസ്തകം വായിച്ചാല്‍ അതു നാട്ടാരെ മുഴുവന്‍ അറിയിക്കുമായിരുന്നു. അതു നന്നായി. നമ്പൂതിരിപ്പാടിന്റെ വായന എത്ര ദരിദ്രമായിരുന്നു എന്നറിയാന്‍ അദ്ദേഹത്തിന്റെ കൃതികളിലൂടെ കണ്ണോടിച്ചാല്‍ മതി. യുദ്ധവും സമാധാനവും എന്ന തടിച്ച നോവല്‍ 1995-ല്‍ കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയില്‍ മൂന്നുമാസംകൊണ്ടു വായിച്ചുതീര്‍ത്ത ഇ എം എസ് അതിനെപ്പറ്റി റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്ന പേരില്‍ നിരൂപിക്കുകയും ചെയ്തു.
റഷ്യന്‍ വിപ്ലവത്തോട് പ്രതിബദ്ധനായി അതിന്റെ പുരോഗതിയെ സഹായിക്കുന്നതിന് വേണ്ടി സോദ്ദേശമായി രചിച്ച കൃതിയല്ല ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും. പക്ഷേ ഗോര്‍കിയേയും ഷോളോഖോവിനെയും മറ്റും പോലെയുള്ള ബദ്ധപ്രതിജ്ഞരായ നോവല്‍ കര്‍താക്കളെപ്പോലെ വിപ്ലവപ്രസ്ഥാനത്തെ സഹായിക്കാന്‍ അബോധപൂര്‍വ്വമായെങ്കിലും ശ്രമിച്ച ഒരുത്തമ കലാസാഹിത്യകാരന്റെ മനോഹര കൃതികളില്‍ ഏറ്റവും മനോഹരമാണ് യുദ്ധവും സമാധാനവും.(വായനയുടെ ആഴങ്ങളില്‍, 271-275)

ഈ ഉദ്ധരണിയിലെ രണ്ടാമത്തെ വാക്യം ഇ എം എസിന്റെ പ്രശസ്തമായ ലളിതസുതാര്യശൈലിക്ക് ഉത്തമനിദര്‍ശനമാണ്. (ഈ ശൈലിയെ സുകുമാര്‍ അഴീക്കോട് വാനോളം പുകഴ്ത്തിയതിനെപ്പറ്റി വേറൊരു പോസ്റ്റില്‍ പിന്നീട് എഴുതും) ഇതു വായിച്ചാല്‍ എന്താണു മനസ്സിലാവുക? എത്ര രീതിയില്‍ ഈ വാക്യത്തെ വ്യാഖ്യാനിക്കാം? 
അബോധപൂര്‍വ്വമായെങ്കിലും ശ്രമിച്ച എന്നാല്‍ എന്താണ് അര്‍ത്ഥം? നമ്പൂതിരിപ്പാടാരാ സൈക്കോഅനലിസ്റ്റോ? ശ്രമിക്കുക എന്നത് ബോധപൂര്‍വ്വമായ പ്രവൃത്തിയാണ്. അബോധപൂര്‍വ്വമായി സഹായിച്ചു എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. അബോധപൂര്‍വ്വമായി ശ്രമിക്കുന്നതെങ്ങനെയെന്നു നമ്പൂതിരിപ്പാട് പറഞ്ഞിട്ടില്ല.  "ഗോര്‍കിയേയും ഷോളോഖോവിനെയും മറ്റും പോലെയുള്ള ബദ്ധപ്രതിജ്ഞരായ നോവല്‍ കര്‍താക്കളെപ്പോലെ വിപ്ലവപ്രസ്ഥാനത്തെ സഹായിക്കാന്‍ അബോധപൂര്‍വ്വമായെങ്കിലും ശ്രമിച്ച" എന്നു പറഞ്ഞാലോ? ഗോര്‍ക്കിയും ഷോളഹോവും അബോധപൂര്‍വ്വമായി വിപ്ലവപ്രസ്ഥാനത്തെ സഹായിച്ചവരാണെന്നാണോ? അല്ലെങ്കില്‍ ഗോര്‍ക്കിയെയും ഷോളഹോവിനെയും പോലെ ബോള്‍ഷെവിക്കു സാഹിത്യകാരനായിരുന്നു ടോള്‍സ്റ്റോയ് എന്നാണോ? വങ്കത്തരമാണ് നമ്പൂതിരിപ്പാട് എഴുതിയത്. പോരാത്തതിന് ടോള്‍സ്റ്റോയിയുടെ മുഴുവന്‍ കൃതികളും വായിച്ച് അതില്‍ മികച്ചതാണ് യുദ്ധവും സമാധാനവും എന്നു നിശ്ചയിച്ചതുപോലെ അതിനെപ്പറ്റി അഭിപ്രായം പറയുന്ന ശരികേടും.


ബോധപൂര്‍വ്വമായിട്ടല്ലാതെ പുരോഗമന സാഹിത്യകൃതികള്‍ രചിക്കുന്ന സാഹിത്യകാരന്മാരുണ്ട്. കലാകാരന്മാരുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറഞ്ഞതാണ്. ആശയപരമായി നോക്കിയാല്‍, വര്‍ഗബന്ധത്തിന്‍റെ ദൃഷ്ടിയില്‍ നോക്കിയാല്‍, ടോള്‍സ്റ്റോയി ഒരു പിന്തിരിപ്പനായിരുന്നു. വിപ്ലവവിരുദ്ധനായിരുന്നു. പക്ഷേ കലാകാരന്‍ എന്ന നിലയ്ക്ക് ജീവിതയാഥാര്‍ഥ്യം നോക്കിക്കണ്ടപ്പോള്‍ അദ്ദേഹത്തെ റഷ്യന്‍വിപ്ലവത്തിന്റെ കണ്ണാടി എന്നാണ് ലെനിന്‍ വിശേഷിപ്പിച്ചത്. ടോള്‍സ്റ്റോയിയുടെ കൃതികളെന്നാല്‍ റഷ്യയില്‍ വളര്‍ന്നുകൊണ്ടിരുന്ന കാര്‍ഷികവിപ്ലവത്തിന്റെ കണ്ണാടിയാണ്. അവ ബോധപൂര്‍വമല്ലാതെ അബോധപൂര്‍വമായി വിപ്ലവത്തെ സഹായിച്ചു. ടോള്‍സ്റ്റോയ് എന്ന വ്യക്തിയുടെ ആശയപരമായ നിലപാട്, വര്‍ഗപരമായ അടിസ്ഥാനം, ഇവയും കലാകാരന്‍ എന്ന നിലക്ക് ലോകയാഥാര്‍ഥ്യം അദ്ദേഹം കണ്ടതും സംബന്ധിച്ച് വലിയൊരു വൈരുധ്യമുണ്ടായിരുന്നു. ആശയപരമായും വര്‍ഗപരമായും പിന്തിരിപ്പനായ ഒരാള്‍ കലാകാരനെന്ന നിലക്ക് ജീവിതം പഠിച്ച് ജീവിതത്തില്‍നിന്ന് സംഭവങ്ങളെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ച അവസരത്തില്‍ വിപ്ലവകാരിയായിത്തീര്‍ന്നു. (പ്രബന്ധങ്ങള്‍, 290)
വര്‍ഗ്ഗപരമായും ആശയപരമായും പിന്തിരിപ്പന്‍ ആയ ഒരാള്‍ ലോകയാഥാര്‍ഥ്യം കണ്ട് വിപ്ലവകാരിയായിപ്പോയ കഥ ഇ എം എസ് എത്രയോ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. ഇ എം എസ്സ് ലാവണ്യശാസ്ത്രാരിഷ്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവകളാണ് ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറഞ്ഞതും മാര്‍ക്സ് ബല്‍സാക്കിനെപ്പറ്റി പറഞ്ഞതും.  ഇതില്‍ ബല്‍സാക്കിനെപ്പറ്റി ഇ എം എസ് മാര്‍ക്സിനെക്കൊണ്ട് പറയിച്ച ആ അജ്ഞാത സാധനം എന്തെന്ന് ഈ പോസ്റ്റില്‍ പിന്നീട് പറയുന്നു.

 വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തില്‍ ഗോര്‍ക്കിയുടെ അമ്മയെപ്പറ്റിയുള്ള ലേഖനത്തില്‍ ഇ എം എസ് ടോള്‍സ്റ്റോയിയെപ്പറ്റിയും ചിലതെല്ലാം പറയുന്നത് രസമാണ്.
ഗോര്‍കിയെ ടോള്‍‌സ്റ്റോയിയുമായി താരതമ്യപ്പെടുത്തുന്നത് ഈ സന്ദര്‍ഭത്തില്‍ സഹായകരമായിരിക്കും. ഗോര്‍കിയെപ്പോലെ  റഷ്യന്‍ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തോട് പ്രതിബദ്ധതയുള്ള ഒരു നോവല്‍ കര്‍‌താവായിരുന്നില്ല ടോള്‍‌സ്റ്റോയി. പക്ഷേ അദ്ദേഹവും ഗോര്‍കിയെപ്പോലെ റഷ്യന്‍ വിപ്ലവത്തെ കലാസുഭഗമായ സത്യസന്ധതയോടെ ചിത്രീകരിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രചനകളെ റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്ന് ലെനിന്‍ വിശേഷിപ്പിച്ചത്. ഗോര്‍കിയുടെ അമ്മപോലെ ടോള്‍‌സ്റ്റോയിയുടെ നോവലുകളും റഷ്യന്‍ തൊഴിലാളിവര്‍ഗവിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ചയെ സഹായിച്ചു.
പക്ഷേ ഗോര്‍കിയും ടോള്‍‌സ്റ്റോയിയും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്. വിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ചയെ സഹായിക്കണമെന്ന് ബോധപൂര്‍വമായ ഉദ്ദേശ്യം ഗോര്‍കിക്കെന്നപോലെ ടോള്‍‌സ്റ്റോയിക്കില്ലായിരുന്നു. പ്രതിഭാശാലിയയായ കലാകാരന്‍ എന്ന നിലക്ക് യാഥാര്‍ഥ്യം കാണുകയും സത്യസന്ധമായി ചിത്രീകരിക്കുകയുമാണ് അദ്ദേഹം ചെയ്തത്. റഷ്യന്‍ സമൂഹത്തില്‍ ഉയര്‍നുവരാന്‍ തുടങ്ങിയ വിപ്ലവശക്തികളെ പ്രതിഭാശാലിയായ നോവല്‍ കര്‍താവെന്ന നിലയ്ക്ക് അദ്ദേഹം സത്യസന്ധമായി ചിത്രീകരിച്ചു. അപ്പോള്‍ സ്വയം വിപ്ലവകാരിയല്ലാത്ത അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിപ്ലവസ്വഭാവം കൈവന്നുവെന്നര്‍ഥം.(വായനയുടെ ആഴങ്ങളില്‍, 292)

റഷ്യന്‍ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തോട് പ്രതിബദ്ധതയുള്ള ഒരു നോവല്‍ കര്‍‌താവായിരുന്നില്ല ടോള്‍‌സ്റ്റോയി എന്നു പറയുന്നത് എന്തൊരു വിവരക്കേടാണ്! ഇദ്ദേഹത്തിന്റെ പ്രധാന നോവലുകളായ യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവ റഷ്യയില്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം തുടങ്ങുന്നതിനു ദശകങ്ങള്‍ക്കുമുമ്പേ രചിക്കപ്പെട്ടതാണ്. പ്രബന്ധത്തില്‍നിന്നുദ്ധരിച്ചിടത്ത് പറയുന്നത് കാര്‍ഷിക വിപ്ലവത്തിന്റെ കണ്ണാടിയെന്നും ഇവിടെ വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തില്‍നിന്നുദ്ധരിച്ചിടത്ത് വിപ്ലവത്തിന്റെ കണ്ണാടിയെന്നുമാണ്. (രണ്ടും തൊണ്ണൂറുകളിലെഴുതിയത്.) സാഹചര്യത്തില്‍നിന്ന് ഊഹിക്കാവുന്നത് തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തെപ്പറ്റിയാണ്  ഈ ലേഖനത്തില്‍ ഇ എം എസ് പറയുന്നത് എന്നാണ്.  1994 ആവുമ്പോഴേക്കും വാര്‍ദ്ധക്യസഹജമായ അപചയം ഇദ്ദേഹത്തിന്റെ ബുദ്ധിയെ ബാധിച്ചതുകൊണ്ടാകാം ഇത്. [എന്നാല്‍ ഇക്കാലമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും ധൈഷണികമായ കാലഘട്ടം എന്നാണ് ചിലര്‍ പറയുന്നത്. ഇ എം എസ് അന്തോണിയോ ഗ്രാംഷിയെക്കണ്ട കാലം.]


മാര്‍ക്സ്-ബല്‍സാക്ക് മര്‍ക്കടമുഷ്ടി
ബല്‍സാക്ക് എന്ന പേര് കേരളത്തില്‍ ഏറ്റവും അധികം ഉച്ചരിച്ചത് ഇ എം എസ് നമ്പൂതിരിപ്പാടവണം. സാഹിത്യത്തെപ്പറ്റി പറയുമ്പോഴൊക്കെ മാര്‍ക്സ് ബല്‍സാക്കിനെപ്പറ്റി പറഞ്ഞത് എന്നും പറഞ്ഞ് നമ്പൂതിരിപ്പാട് തുടങ്ങും. ബല്‍സാക്കിന്റെ ഏതെങ്കിലും കൃതി ഇദ്ദേഹം വായിച്ചിരിക്കാന്‍ ഒരു സാദ്ധ്യതയുമില്ല. മാര്‍ക്സ് ബല്‍സാക്കിനെപ്പറ്റി പറഞ്ഞതായി ഇദ്ദേഹം പറയുന്നത് വ്യാജമാണെന്നതിനാല്‍ അതും വായിക്കാനിടയില്ല.

ഇത് ടോള്‍‌സ്റ്റോയിയുടെ കാര്യത്തില്‍ ലെനിന്‍ പറഞ്ഞുവെങ്കില്‍  ബത്സാക്കിന്റെ കാര്യത്തില്‍ മാര്‍ക്സ് നേരത്തെ പറഞ്ഞിരുന്നു. ബല്‍സാക് ആശയപരമായി നോക്കിയാലും വര്‍ഗപരമായി നോക്കിയാലും പിന്തിപ്പാണ്. പക്ഷേ ബല്‍സാക്കിന്റെ കൃതികള്‍ അന്നത്തെ യൂറോപ്യന്‍ വിപ്ലവത്തെ സഹായിക്കുന്നവയായിരുന്നു. (പ്രബന്ധങ്ങള്‍, 290)
മാര്‍ക്സ് ബല്‍സാക്കിനെപ്പറ്റി പറഞ്ഞു എന്നു ഡജന്‍ കണക്കിന് ഇടത്ത് ഇ എം എസ് പറയുന്ന കാര്യം വിവരക്കേടുകൊണ്ടും വ്യാജമായി ഉദ്ധരിക്കാനുള്ള പ്രവണതകൊണ്ടും സംഭവിച്ചുപോയതാണ് (ഇ എം എസ്സിന്റെ  വ്യാജ ഉദ്ധരണികളെപ്പറ്റി ഒരു കുറിപ്പ്  വേറെ എഴുതുന്നുണ്ട്). വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തില്‍ കാണുന്ന ഗോര്‍കിയുടെ അമ്മയും രൂപഭദ്രതാവാദവും,റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്നീ രണ്ടു ലേഖനങ്ങളിലും ഈ ബല്‍സാക്ക് മണ്ടത്തരം കാണാം. 1972-ല്‍ എഴുതിയ ഹ്യൂമനിസവും വര്‍ഗസമരവും സാഹിത്യത്തില്‍ എന്ന ലേഖനത്തിലും (പ്രബന്ധങ്ങള്‍, 127) ഇതേ മണ്ടത്തരം കാണാം.  പറഞ്ഞിട്ടുണ്ട്, പറഞ്ഞിട്ടുണ്ട് എന്നു പറയുകയല്ലാതെ പറഞ്ഞതെന്താണെന്ന് കൃത്യമായി പരാവര്‍ത്തനം ചെയ്യുകയോ ഉദ്ധരിക്കുകയോ ഇല്ല. ഏംഗല്‍സ് ഒരു കത്തില്‍ ബല്‍സാക്കിനെപ്പറ്റി പറഞ്ഞതാണ് ഇ എം എസ് മാര്‍ക്സിന്റെ പെടലിക്കു കെട്ടിവെച്ചത്. ഇയ്യാളെയാണ് അഗാധപണ്ഡിതന്‍ എന്ന് മാന്യവിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. മണ്ടന്മാര്‍ മണ്ടന്മാരായിരിക്കുന്നത് അവര്‍ അബദ്ധം ചെയ്യുന്നതുകൊണ്ടല്ല, മണ്ടത്തരത്തിലെ മര്‍ക്കടമുഷ്ടി അയയാതെ തുടരുന്നതുകൊണ്ടാണ് എന്നതിന് ഇ എം എസ്സിന്റെ നൂറ്റൊന്നാവര്‍ത്തിച്ച ഈ മാര്‍ക്സ് - ബല്‍സാക്ക് കോപ്രാട്ടി നല്ല ഉദാഹരണമാണ്. വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തില്‍ ഡോ. മോഹന്‍തമ്പി എഴുതിയ ഒരു പുസ്തകത്തിന്റെ നിരൂപണവുമുണ്ട് (പുറം 180-184). 1992-ലാണ് ആ നിരൂപണം എഴുതിയത്. ഗോര്‍ക്കിയെപ്പറ്റിയും ടോള്‍സ്റ്റോയിയെപ്പറ്റിയും പറഞ്ഞ നേരത്തേ സൂചിപ്പിച്ച ഗോര്‍കിയുടെ അമ്മയും രൂപഭദ്രതാവാദവും,റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി  എന്നീ ലേഖനങ്ങളെഴുതുന്നതിനു മുമ്പാണ് ഇതെഴുതിയത്. ഡോ തമ്പിയുടെ പുസ്തകം മാര്‍ക്സിയന്‍ സാഹിത്യ സിദ്ധാന്തത്തെപ്പറ്റിയാണെന്നാണ് മനസ്സിലാവുന്നത്. തമ്പിയുടെ പുസ്തകത്തില്‍നിന്ന് ബല്‍സാക്കിനെപ്പറ്റി പറയുന്ന ഭാഗം തന്നെ ഇ എം എസ് ഉദ്ധരിക്കുന്നുണ്ട്. ആ ഉദ്ധരണിയില്‍ മാര്‍ക്സിന്റെ പേരല്ല ഉള്ളത്, ഏംഗല്‍സിന്റേതാണ്. പക്ഷേ ഉദ്ധരിക്കുന്നതിനു മുമ്പുതന്നെ അതു മാര്‍ക്സിന്റെ പേരില്‍ കെട്ടിവെയ്ക്കുന്നു ഇ എം എസ്.
മാര്‍ക്സും ഏംഗല്‍സും ബല്‍സാക്കിനെക്കുറിച്ചും ലെനിന്‍ ടോള്‍സ്റ്റോയിയെക്കുറിച്ചും നടത്തിയ നിരീക്ഷണങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഡോ തമ്പി തുടരുന്നു:
രാഷ്ട്രീയമായി ബല്‍സാക്ക് നിയമങ്ങളോട് ബഹുമാനമുള്ളവനും നാശോന്മുഖമായ ഫ്യൂഡല്‍ പ്രഭുത്വത്തിന്റെ അനുഭാവിയുമായിരുന്നെന്ന് ഏംഗല്‍സ് വ്യക്തമാക്കുന്നു.

 തന്റെ വിരക്കേട് തമ്പിയുടെ വായില്‍ തിരുകിവെയ്ക്കുകയാണ് ഇ എം എസ്. ഡോ. തമ്പിക്കറിയാം ബല്‍സാക്കിനെപ്പറ്റി പറഞ്ഞതു മാര്‍ക്സാണോ ഏംഗല്‍സാണോ എന്ന്. എവിടെയാണു പറഞ്ഞതെന്നും അറിയാം. മാര്‍ക്സിസ്റ്റ് സാഹിത്യത്തില്‍ നിരക്ഷരകുക്ഷിയായ ഇ എം എസ്സിന് ഇതൊന്നും അറിയില്ല. അറിഞ്ഞില്ലെങ്കിലെന്ത്, അറിയാവുന്ന ഡോ തമ്പി വെറുമൊരു പുസ്തകമെഴുത്തുകാരനും സഖാവ് ഇ എം എസ് ആഗോള മാര്‍ക്സിസ്റ്റ് ദാര്‍ശനികനുമാണ്. തന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ നിരൂപണം ഇ എം എസ് എഴുതിയത് ഡോ. തമ്പി വായിച്ചുണ്ടാവില്ലേ. മാര്‍ക്സ് സാഹിത്യത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞിടത്തൊക്കെ മാര്‍ക്സ് ബല്‍സാക്കിനെപ്പറ്റി എന്നു പറഞ്ഞു തുടങ്ങുന്ന തട്ടിപ്പ് ഈ ഒറ്റ നിരൂപണത്തിലെ ഉദ്ധരണിയില്‍ മാത്രം (തമ്പിയുടെ പുസ്തകത്തില്‍നിന്ന് ഉദ്ധരിക്കുന്നു എന്നതുകൊണ്ടുമാത്രം) ഇല്ലാതായിപ്പോയത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ? പറയാന്‍ വയ്യ.

15 Jan 2010

ഒരു കമ്യൂണിസ്റ്റ് നമ്പൂതിരിയുടെ ആചാരവിപ്ലവം അഥവാ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ വേളി


സ്ത്രീധനത്തിനെതിരായ പ്രവര്‍ത്തനം അജണ്ടയിലെ പ്രധാനപ്പെട്ട ഒരിനമായിരുന്ന യോഗക്ഷേമസഭയുടെ നേതാവായ ഇ എം എസ് നമ്പൂതിരിപ്പാട് സ്ത്രീധനം വാങ്ങി സകല മതപരമായ ചടങ്ങുകളും പാലിച്ച് വേളികഴിച്ച കഥ സഖാവുതന്നെ പറഞ്ഞതു സ്കേന്‍ ചെയ്ത് ഇ എം എസ് എന്തു സ്ത്രീധനം വാങ്ങിയെന്നറിയുമോ സഗാവേ? എന്ന പേരില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. നമ്പൂതിരിപ്പാടിന്റെ അന്തര്‍ജ്ജനം വനിതയിലെ അഭിമുഖത്തില്‍ പറഞ്ഞുപോയ സത്യം (അഭിമാനത്തോടെ പറഞ്ഞതായിരുന്നോ അറിവില്ലായ്മകൊണ്ടു പറഞ്ഞതായിരുന്നോ എന്നറിയില്ല) നമ്പൂതിരിപ്പാട് ചിന്തയില്‍ വിശദീകരിക്കുന്നത് എന്തൊരു തരംതാണ രീതിയിലാണ്! സ്വന്തം ശരികേട് ന്യായീകരിക്കാന്‍ തരംപോലെ പറയുന്ന ഈ മഹാചിന്തകന്‍ എന്തൊക്കെ  അസംബന്ധങ്ങളാണ് പറഞ്ഞുകൂട്ടുന്നത്!
ഒരു സ്ഥലത്ത്, ഒരു സന്ദര്‍ഭത്തില്‍, അതിപ്രധാനമായി തോന്നുന്നത് മറ്റൊരിക്കല്‍ മറ്റൊരിടത്ത് അത്രതന്നെ പ്രധാനമല്ലെന്ന് വന്നേക്കാം. (1985-ല്‍ ചിന്തയില്‍ നല്കിയ ഉത്തരത്തില്‍നിന്ന്)

അന്ന് (1937-ല്‍) സ്ത്രീധനം വാങ്ങിയത് അത്ര പ്രധാനമല്ലെന്നു പറയാനാണല്ലോ ഈ സാമാന്യപ്രസ്താവം. 1937-ല്‍ സ്ത്രീധനം വാങ്ങി വേളികഴിക്കുന്നതിനു കുറച്ചുവര്‍ഷം മുമ്പ് യോഗക്ഷേമസഭ വിട്ടു നമ്പൂതിരിപ്പാട്. പിന്നീട് ഉറച്ച കമ്യൂണിസ്റ്റായ ഇ എം എസ് 1944-ല്‍ വീണ്ടും വന്നു യോഗക്ഷേമസഭയുടെ 34ആം വാര്‍ഷികത്തില്‍ ആദ്ധ്യക്ഷ്യം വഹിക്കാന്‍. ഒരു അദ്ധ്യക്ഷപ്രസംഗവും നടത്തി നമ്മുടെ നമ്പൂതിരി. നമ്പൂതിരി മനുഷ്യനാകാന്‍ എന്ന പേരില്‍ 'ചരിത്രപ്രസിദ്ധമായ' ഈ പ്രസംഗം പലവിധ സമാഹാരങ്ങളിലും പ്രസിദ്ധീകരിക്കുന്നത്  ഇന്നും തുടരുന്നു.  ഞാന്‍ ഈ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഉദ്ധരിക്കുന്നത്  ഈ സമാഹാരത്തില്‍നിന്ന്- ഇ എം എസിന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, എഡിറ്റര്‍ സി. ഭാസ്കരന്‍, ഡി സി ബുക്സ്, 1996, pp19-61. ഈ പ്രസംഗത്തില്‍ സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രസംഗിച്ച നമ്പൂതിരിപ്പാട് സ്ത്രീധനത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. 
അതിനുമുമ്പ് താന്‍ യോഗക്ഷേമസഭ വിടാനുള്ള കാരണം നമ്പൂതിരിപ്പാട് പറയുന്നതു നോക്കാം. പത്തുകൊല്ലം മുമ്പ് താന്‍ സമുദായപ്രവര്‍ത്തനത്തില്‍നിന്നു വിട്ടുപോയത് ലക്ഷ്യം നേടി ഇനിയൊന്നും ചെയ്യാനില്ലെന്ന അവസ്ഥയുണ്ടായതുകൊണ്ടല്ലെന്നു പറഞ്ഞ് നമ്പൂതിരിപ്പാട് തുടരുന്നു:
കാല്‍നൂറ്റാണ്ടുകാലത്തെ സമുദായപ്രവര്‍ത്തനത്തിന്റെ ഫലം സമുദായത്തിലെ ചെറിയൊരു വിഭാഗത്തെ മാത്രമേ സ്പര്‍ശിച്ചിട്ടുള്ളുവെന്നും സമുദായത്തിലെ ബഹുഭൂരിപക്ഷം സ്ത്രീപുരുഷന്മാര്‍ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയില്‍ത്തന്നെ കിടക്കുകയാണെന്നും എനിക്കന്ന് ബോദ്ധ്യമുണ്ടായിരുന്നു. അങ്ങനെയുള്ള സമുദായത്തെ ഇനി മുന്നോട്ടു നീക്കേണ്ടത് ഏതു വഴിക്കാണെന്നും അതിനെന്തുചെയ്യണമെന്നും എനിക്കു വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. [...] പക്ഷേ എന്റെ ഈ അഭിപ്രായം സമുദായത്തെക്കൊണ്ടു സ്വീകരിപ്പിക്കാനെനിക്കു കഴിഞ്ഞില്ല. (നമ്പൂതിരി മനുഷ്യനാകാന്‍)
സമുദായത്തിലെ ബഹുഭൂരിപക്ഷം സ്ത്രീപുരുഷന്മാര്‍ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയില്‍ത്തന്നെ കിടക്കുമ്പോള്‍ സമുദായത്തെ മുന്നോട്ടു നീക്കേണ്ടത് എങ്ങനെയെന്നു നല്ല ബോദ്ധ്യമുള്ള ഈ നമ്പൂതിരിയുവാവ്  ചെയ്തത് നല്ല സമ്പന്നമായ (സ്ത്രീധനം നല്കാന്‍ കെല്പുള്ള) ഒരു കുടുംബത്തിലെ നല്ലൊരു കന്യകയെ (വിധവയല്ല) നല്ല തുക (6500 രൂപ) സ്ത്രീധനം  വാങ്ങി വേളി കഴിച്ചു എന്നതാണ്.
ഇതിനു തന്നെ കുറ്റം പറയാന്‍ പാടുണ്ടോ എന്നാണ് സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട് 1985ല്‍ ചിന്തയില്‍ പറയുന്നതിന്റെ പൊരുള്‍. (എന്റെ മഹാവിപ്ലവപ്രവര്‍ത്തനത്തിന്നിടെ "യാഥാസ്ഥിതകത്വത്തിനു കീഴടങ്ങലെന്നു പെറ്റി ബൂര്‍ഷ്വാ വിപ്ലവകാരികളും യുക്തിവാദികളും വിശേഷിപ്പിക്കാറുള്ള ചില നടപടികള്‍ ഞാന്‍ ചെയ്തിട്ടുണ്ടാവും".)
വീണ്ടും 1944-ലെ പ്രസംഗത്തില്‍നിന്ന്:

 സമുദായത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച വിധവാവിവാഹം, പൂണൂല്‍പൊട്ടിക്കല്‍, ഘോഷാബഹിഷ്കരണം എന്നിവയൊക്കെ കഴിഞ്ഞ് കുറെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും യാഥാസ്ഥിതികത്വം മേല്‍ക്കൈ നേടിയതിനെപ്പറ്റിയാണ് ഇ എം എസ് പറയുന്നത്. സ്വയം ഈ യാഥാസ്ഥിതികത്വം പാലിച്ച് സ്ത്രീധനം തരമാക്കിയശേഷം!
വീണ്ടും:
ഈ പരിപാടിയുടെ പ്രധാനമായ ഉന്നം പെണ്‍കൊട കഴിയാന്‍ ഇന്നുള്ള വിഷമങ്ങള്‍ തീര്‍ക്കുകയെന്നതായിരിക്കണമെന്നു ഞാനഭിപ്രായപ്പെടുന്നു.
പെണ്‍കൊടകഴിക്കാനുള്ള വിഷമത്തിന് പലകാരണങ്ങളും പലരും പറയുന്നത് കേട്ടിട്ടുണ്ട്. സ്ത്രീധനസമ്പ്രദായമുള്ള കാലത്തോളം ഇതു നിലനില്‍ക്കുമെന്നും അതുകൊണ്ടത് അവസാനിപ്പിക്കാന്‍ യോഗക്ഷേമസഭ കാര്യമായെന്തെങ്കിലും ചെയ്യണമെന്ന് ഒരുപക്ഷം.

സ്ത്രീധനസമ്പ്രദായമാണ് സ്ത്രീകളെ കന്യകമാരാക്കി ഇരുത്താന്‍ അനവധി കുടുംബങ്ങളെ നിര്‍ബന്ധിക്കുന്നതെന്നതിനു സംശയമില്ല. (മൂന്ന് ഉദ്ധരണികളും നമ്പൂതിരി മനുഷ്യനാകാന്‍ എന്ന പ്രസംഗത്തില്‍നിന്ന്)
ഇതൊക്കെ 1944ല്‍ പറഞ്ഞ ഇ എം എസ്സാണ് 1937ല്‍ സ്ത്രീധനം വാങ്ങി എല്ലാ പ്രാകൃതമായ ചടങ്ങുകളും പാലിച്ച് വേളികഴിച്ചത്. അതു കഴിഞ്ഞ് വീണ്ടും പുരോഗമനപ്രഭാഷണം! വേളിക്കുമുമ്പും വേളിക്കുപിമ്പും മഹാവിപ്ലവി, പുരോഗമനക്കാരന്‍, മഹാത്യാഗി, പിന്നെയെന്തൊക്കെയല്ല. 
ഇതെല്ലാമുള്‍ക്കൊള്ളുന്ന സാമൂഹ്യ പരിഷ്കാര പ്രസ്ഥാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത്. അതില്‍ വലിയൊരളവോളം വളര്‍ച്ചയുണ്ടായിക്കഴിഞ്ഞിരുന്നുവെങ്കിലും അതു പൂര്‍ത്തിയാകാത്ത ഒരു ഘട്ടത്തിലാണ് (നാല്‍പ്പത്തിയെട്ടുവര്‍ഷം മുമ്പ്) എന്റെ വിവാഹം.(1985-ലെ ചിന്താപംക്തിയില്‍)

സമുദായത്തിലെ പരിഷ്കാരം പൂര്‍ത്തിയാകാത്ത കാലഘട്ടത്തിലായതുകൊണ്ട് എന്റെ വിവാഹം അങ്ങനെ ആയിപ്പോയിയെന്ന്. സമുദായത്തിലെ പരിഷ്കരണ നടപടികള്‍ തന്റെ വിപ്ലവചിന്താഗതിയോളം ഉയരാത്തതിനാല്‍ സമുദായ പ്രവര്‍ത്തനം നിറുത്തി വിപ്ലവപ്രവര്‍ത്തനം തുടങ്ങിയയാളാണ് ഈ അവസരവാദം  എഴുന്നള്ളിക്കുന്നത്. 
പിന്നെ പറയുന്നത് താന്‍ വെറുമൊരു സാമൂഹ്യപരിഷ്കാര പ്രവര്‍ത്തകനല്ലെന്നും "രാഷ്ട്രീയ രംഗത്തുകൂടി പുരോഗമന ചിന്താഗതി വച്ചു പുലര്‍‌ത്തുകയും അതു പ്രവൃത്തിയില്‍ വരുത്തുകയും ചെയ്ത ഒരാളാണ് ഞാന്‍" എന്നും.
ആരാണീ ഞാന്‍! എന്നിട്ടീഞാനെന്തു ചെയ്തു? ഞാന്‍ ചെയ്തത് എന്താണെന്നു മനസ്സിലാക്കാനുള്ള ഏറ്റവും നല്ല ഉപാധി ഞാന്‍ 1944-ല്‍ ചെയ്ത പ്രസംഗത്തിലെ ഈ ഭാഗമാണ്.



 കമ്യൂണിസ്റ്റുകാരനായ ഒരു നമ്പൂതിരിക്ക് അയാള്‍ കമ്യൂണിസ്റ്റുകാരനാണെന്ന കാരണത്താല്‍തന്നെ ആചാരവിപ്ലവം നടത്തണം.
 ഞാനന്ന് ഒരു ആചാരവിപ്ലവം നടത്തി. സ്ത്രീധനം വാങ്ങി, അഗ്നിസാക്ഷിയായി, ഷോഡശക്രിയകളോടെ നടത്തിയ ആ ആചാരവിപ്ലവം നാട്ടാരാരും അറിഞ്ഞിരുന്നില്ല. ചുരുങ്ങിയ പക്ഷം സ്ത്രീധനം വാങ്ങിയ കാര്യമെങ്കിലും. വെറും ഏഴു വര്‍ഷത്തിനുശേഷം സമുദായത്തിന്റെ ഒരു മഹാസമ്മേളനത്തിനു പോയി 'കമ്യൂണിസ്റ്റുകാരനായ ഒരു നമ്പൂതിരിക്ക് അയാള്‍ കമ്യൂണിസ്റ്റുകാരനാണെന്ന കാരണത്താല്‍തന്നെ ആചാരവിപ്ലവം നടത്തണം എന്നു പറയാന്‍' കഴിയുമാറ് ഭദ്രമായിരുന്നു ആ രഹസ്യം!   പക്ഷേ എന്തു ചെയ്യാം, അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ അന്തര്‍ജ്ജനം ഒരു അഭിമുഖത്തില്‍ അതെല്ലാം വലിച്ചുപുറത്തിട്ടുകളഞ്ഞു!

'പുരോഗമനചിന്താഗതി സ്ഥലകാല ഭേദങ്ങള്‍ക്ക് അതീതമല്ല' എന്ന് ഇ എം എസ് പഠിപ്പിച്ചതിനാല്‍ ഇന്ന് നമുക്കറിയാം. 1937-ഉം 1944-ലും തമ്മില്‍ സ്ഥലകാലഭേദങ്ങള്‍ എന്തുമാത്രമുണ്ടായിരുന്നു  (1944, വീണ്ടും യോഗക്ഷേമസഭയില്‍ പോയി പുരോഗമനം പ്രസംഗിച്ച വര്‍‌ഷം) എന്ന് 1985-ല്‍ സ്വന്തം അനാചാരത്തെ ന്യായീകരിക്കുമ്പോള്‍ ഇ എം എസ് ഓര്‍മ്മിച്ചില്ല. പകരം എന്റെ മക്കളൊന്നും സ്ത്രീധനം വാങ്ങിയില്ല എന്നു പറഞ്ഞു തടിതടപ്പുകയാണ്.  താനന്നു സ്വസമുദായത്തെയും സമുദായോന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയും കമ്യൂണിസ്റ്റുകാരെയും പരിഗണിക്കാതെ ഒരു വേളിയും വന്‍തുകയും ഒരുമിച്ചു വരിച്ചത് ശരികേടായിപ്പോയെന്ന് അരനൂറ്റാണ്ടു കഴിഞ്ഞുപോലും നമ്പൂതിരിപ്പാടിനു തോന്നിയില്ല. എന്തൊരു വ്യക്തിത്വം! 
അതിനുവേണ്ടി അവലംബിക്കുന്ന ന്യായങ്ങളോ?
അതുവേണ്ടെന്നോ ആ തുക പോരെന്നോ പറയാതെ വിവാഹം നടത്താന്‍ ഏര്‍പ്പാട് ചെയ്യുകയാണുണ്ടായത്. (ചിന്ത, 1985)

ആര്? ഞാനാവാം, വേറെയാരെങ്കിലുമാവാം. കര്‍ത്താവിനെ പ്രകടമാക്കാതെ മലയാളത്തില്‍ വാക്യമെഴുതാം. ഞാനാണ് എന്നാല്‍ ഞാനല്ല എന്നു ധ്വനിപ്പിക്കാന്‍ അത് ഇത്ര സൂത്രത്തില്‍ പ്രയോഗിച്ച ഉദാഹരണം വേറെ ഏറെയുണ്ടാവില്ല. ഭാഷാവിദഗ്ധനല്ലേ നമ്പൂതിരിപ്പാട്!
എന്നാല്‍ ബൂര്‍ഷ്വാ നേതൃത്വത്തിലുള്ള സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തന്നെ തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള സര്‍വതോമുഖമായ വിപ്ലവ പ്രസ്ഥാനമാക്കി മാറ്റാനാണ് ഞാന്‍ ശ്രമിച്ചത്. (ചിന്ത, 1985)

സ്ത്രീധനം വാങ്ങി പാര്‍ട്ടിക്കുകൊടുത്തു എന്നാണോ വിശ്വസ്ത സഖാക്കള്‍ ഇതിനെ വ്യാഖ്യാനിക്കുക? മുകളിലെ ഉദ്ധരണി തുടരുന്നു:

അതിന്റെ ഫലമായി വിപ്ലവപ്രസ്ഥാനത്തിന്റെ എല്ലാ വശങ്ങളും കൂടുതല്‍ കൂടുതല്‍ ശക്തി സമ്പാദിച്ചിട്ടുണ്ടു താനും.

ഏത്? സ്ത്രീധനം വാങ്ങിച്ചതുകൊണ്ട് വിപ്ലവപ്രസ്ഥാനത്തിന്റെ എല്ലാ വശങ്ങളും കൂടുതല്‍ കൂടുതല്‍‌ ശക്തി സമ്പാദിച്ചതുകൊണ്ടുണ്ടായ പിന്തിരിപ്പന്‍മാരുടെ വിരോധം മാത്രമല്ലേ ഈ ദുഷ്പ്രചരണമെല്ലാം!

13 Jan 2010

ഇ എം എസ് എന്തു സ്ത്രീധനം വാങ്ങിയെന്നറിയുമോ സഗാവേ?

അവസാന ഖണ്ഡിക വായിക്കാന്‍ മറക്കല്ലേ...
കോണകമുടുത്തുനടക്കുന്ന കാലത്തേ യോഗക്ഷേമസഭയുടെ ഏതോ ഉപസഭയുടെ എന്തോ ഉപനേതാവ്. പുരോഗമനം ഗമിച്ചു ഗമിച്ചു വയസ്സു പത്തിരുപത്തെട്ടായപ്പോഴേക്കും കമ്യൂണിസ്റ്റായത്രേ. പിന്നെയൊന്നു കെട്ടി. വേളിയായിരുന്നു. ഷോഡശക്രിയകളുണ്ടായിരുന്നു. ജലസേചനമൊക്കെ (സേകം) പരാമര്‍ശിക്കുന്നുണ്ട് ഗ്രന്ഥങ്ങളില്‍. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ എം എസ് എന്ന ഗ്രന്ഥം ആദ്യരാത്രിയെപ്പറ്റി ഒരു പൈങ്കിളി വിവരണം നല്കുന്നുണ്ട്. പക്ഷേ സ്ത്രീധനം പറയുന്നില്ല. യോഗക്ഷേമസഭയുടെ നേതാവായിരുന്നു. ഈ സഭ നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ എതിര്‍ക്കാനായിരുന്നു എന്നു പറയുന്നു. അവര്‍ നേരിട്ട മുഖ്യ അനാചാരങ്ങളിലൊന്ന് സ്ത്രീധനമായിരുന്നു.

ഈ പ്രവര്‍ത്തനത്തിനിടക്ക് "യാഥാസ്ഥിതികത്വത്തിനു കീഴടങ്ങ"ലെന്ന് പെറ്റിബൂര്‍ഷ്വാ വിപ്ലവകാരികളും യുക്തിവാദികളും വിശേഷിപ്പിക്കാറുള്ള ചില നടപടികള്‍ ചിലപ്പോള്‍ ഞാന്‍ ചെയ്തിട്ടുണ്ടാകും. എന്നാല്‍ ബൂര്‍ഷ്വാ നേതൃത്വത്തിലുള്ള സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തന്നെ തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള സര്‍വതോമുഖമായ വിപ്ലവ പ്രസ്ഥാനമാക്കി മാറ്റാനാണ് ഞാന്‍ ശ്രമിച്ചത്. അതിന്റെ ഫലമായി വിപ്ലവ പ്രസ്ഥാനത്തിന്റെ എല്ലാ വശങ്ങളും കൂടുതല്‍ ശക്തി സമ്പാദിച്ചിട്ടുണ്ടു താനും.
(1985-ല്‍ ചിന്തയിലെ ചോദ്യോത്തര കോളത്തില്‍ നല്കിയ മറുപടി)
സമ്പൂര്‍ണ്ണകൃതികള്‍, സഞ്ചിക 53, 294-298)




11 Jan 2010

ഇടപെട്ടളയുമോ സഗാക്കള്‍?

 ഡി വൈ എഫ് ഐ സമ്മേളനത്തില്‍ ശ്രീരാമകൃഷ്ണന്‍ വായിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെയും പറയുന്നുണ്ടെന്ന്:
'കഴിയുന്നത്ര സഖാക്കള്‍ ബ്ലോഗ്‌ രജിസ്റ്റര്‍ചെയ്യാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും പ്രത്യേക വിഷയത്തിലായിരിക്കണം ബ്ലോഗുകള്‍. ഇങ്ങനെ ലഭിക്കുന്ന സ്വീകാര്യത ഉപയോഗിച്ച്‌ ഇതര ബ്ലോഗുകളില്‍ 'കമന്റു'കളിലൂടെ ഇടപെടണം. ഓര്‍ക്കുട്ടില്‍ സമയം ചെലവഴിക്കുന്ന കമ്പ്യൂട്ടര്‍ സാക്ഷരരായ സഖാക്കള്‍ ഫേസ്‌ബുക്കിലും ശ്രദ്ധിക്കണം' - സംഘടനാരേഖ നിര്‍ദ്ദേശിക്കുന്നു. 
മാതൃഭൂമിയില്‍ വന്നതാണ്.
മലയാളപത്രങ്ങളില്‍ മാത്രമല്ല. ഇവിടെയും കാണുന്നു.


The report also asks DYFI cadres to be active in cybersphere. Apart from engaging in social networking sites like Orkut, Twitter and Facebook, maximum number of workers should start blogging to propagate the ideologies and programmes of DYFI.
തത്കാലം സി പി എമ്മുകാര്‍ക്കുവേണ്ടതുമാത്രം വില്ക്കുന്ന ഈ ബ്ലോഗെറെപ്പോലുള്ളവര്‍ക്ക് പ്രതീക്ഷയ്ക്കു വല്ല വകയും ഉണ്ടോ?  ഇടപെട്ടളയുമോ സഗാക്കള്‍?

2 Jan 2010

നമ്പൂതിരിപ്പാടിന്റെ ഗോര്‍ക്കിയും മുണ്ടശ്ശേരിയുടെ പ്രേതവും

ദശകങ്ങള്‍ ആവര്‍ത്തിച്ച മാക്സിം ഗോര്‍ക്കി മണ്ടത്തരം

മാക്സിം ഗോര്‍ക്കി ഇ  എം എസ്സിനെ സംബന്ധിച്ചിടത്തോളം മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് ചിന്തകനായിരുന്നു. ഉറച്ച മാര്‍ക്സിസ്റ്റ് ദാര്‍ശനികനായിരുന്നു. ഇ എം എസ് മാക്സിം ഗോര്‍ക്കിയുടെ പേര് എപ്പോഴെല്ലാം പറഞ്ഞോ അപ്പോഴൊക്കെ സ്വന്തം മണ്ടത്തരം അദ്ദേഹം വിളിച്ചുപറയുകയായിരുന്നു. കാരണം വളരെക്കനത്ത വാക്കുകളില്‍ ഗോര്‍ക്കിയെപ്പറ്റി അദ്ദേഹം നൂറുതവണ ഘോഷിച്ചതൊന്നും ആയിരുന്നില്ല ഗോര്‍ക്കി.
ഒന്നോ രണ്ടോ ലേഖനങ്ങളില്‍ ഒരു വിവരക്കേട് പറ്റിപ്പോയി അതു പ്രസിദ്ധീകരിച്ചും പോയി ആ ധാരണ കുറക്കാലം മാറിയതുമില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. എന്നാല്‍ ദശകങ്ങളോളം  വങ്കത്തരം നൂറുരൂപത്തില്‍ പറഞ്ഞും എഴുതിയും പ്രസിദ്ധീകരിച്ചും ജീവിച്ച ഒരു മഹാപണ്ഡിതന്‍ മഹാപ്രതിഭാസം തന്നെ. അതും എന്തുമാതിരി മണ്ടത്തരം! അതിലും പ്രധാനമായത്  മറ്റൊരു കാര്യമാണ്. ഇദ്ദേഹത്തെ വായിച്ചവര്‍ (ആരെങ്കിലും വായിച്ചിരുന്നെങ്കില്‍) എന്തൊരു മന്ദബുദ്ധികളായിരുന്നു!  ("നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ കൂട്ടത്തില്‍ ഇത്രയേറെ വിഷയങ്ങളെപ്പറ്റി വായിക്കുകയും എഴുതുകയും ചെയ്യുന്ന മറ്റൊരാളുമില്ലെന്ന് എനിക്കുമാത്രമല്ല, കേരളീയര്‍ക്കാകമാനം അറിയാം", എന്ന്  ഇ എം എസ്സിനെപ്പറ്റി ഗുപ്തന്‍ നായര്‍. കളിയാക്കുകയാണോ ഗുപ്തന്‍ നായര്‍ എന്നു വ്യക്തമല്ല.)
ചരിത്രപരമായ ഭൌതികവാദത്തിന്റെതായ ഈ വീക്ഷണത്തിന് സൌന്ദര്യശാസ്ത്രപരമായ വ്യാഖ്യാനം നല്‍കുന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകരില്‍ പ്രധാനിയാണ് മാക്സിം ഗോര്‍ക്കി. അസാമാന്യപ്രതിഭാശാലിയായ സാഹിത്യകാരന്‍, മാര്‍ക്സിസം-ലെനിനിസത്തിന്റെ കര്‍ശനമായ വീക്ഷണത്തോടെ സൌന്ദര്യശാസ്ത്രപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരൂപകന്‍ എന്നീ രണ്ടു നിലയില്‍ പ്രശസ്തനായിരുന്നു ഗോര്‍ക്കി.  തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, 220)
അനശ്വര സാഹിത്യകാരനും മാര്‍ക്സിസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവനുമായ മാക്സിം ഗോര്‍ക്കി (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്, 196)
പലപ്പോഴും പല പാളിച്ചകള്‍ക്കിരയായിട്ടുണ്ടെങ്കിലും ഗോര്‍ക്കി ഒരു മാര്‍ക്സിസ്റ്റായിരുന്നു. (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്, 268‍)
വിശ്വോത്തര സാഹിത്യകാരനും മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് ദര്‍ശനത്തില്‍ അടിയുറച്ചുനില്ക്കുന്ന ബുദ്ധിജീവിയുമായിരുന്ന മാക്സിം ഗോര്‍ക്കി ( തെരഞ്ഞെടുത്ത പ്രബന്ധങ്ങള്, 273‍)
ഇതെല്ലാം ഇ എം എസ് നിരക്ഷരനായിരുന്നു എന്നതിനു തെളിവുമാത്രമാണ്. മാക്സിം ഗോര്‍ക്കി മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് ചിന്തകനായിരുന്നെന്ന് ഇ എം എസ് എന്ന വിഡ്ഢിയല്ലാതെ വേറെയാരും പറഞ്ഞിട്ടുണ്ടാവില്ല. മാര്‍‌ക്സിസം-ലെനിനിസത്തെക്കുറിച്ച് ഒരു ചുക്കും ഗോര്‍ക്കി എഴുതിയിട്ടുമില്ല.  ബോള്‍ഷെവിക്കുകളെ കടുത്ത ഭാഷയില്‍‌ വിമര്‍ശിക്കുന്ന ഒരു പുസ്തകം ഗോര്‍ക്കിയുടേതായി ഉണ്ട്. വിപ്ലവാനന്തര കാലത്ത് ബോള്‍ഷെവിക്കുകളോടു തെറ്റിപ്പിരിഞ്ഞ കാലത്തെ Untimely thoughts: essays on revolution, culture, and the Bolsheviks, 1917-1918. അതുപോലും സൈദ്ധാന്തിക ലേഖനങ്ങളല്ല. ഇങ്ങനെയൊരു കാലത്തെപ്പറ്റിയോ പുസ്തകത്തെപ്പറ്റിയോ ഇ എം എസ് കേട്ടിരിക്കാനിടയില്ല. മാര്‍ക്സിസ്റ്റ് വിരുദ്ധമായ ആശയങ്ങള്‍ നിറഞ്ഞ വ്യക്തിത്വത്തിന്റെ ശിഥിലീകരണം എന്ന പരട്ട പ്രബന്ധത്തെ അനര്‍ഘകൃതിയായി പരിഗണിച്ച് അതില്‍നിന്ന് മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം വശത്താക്കിക്കളഞ്ഞ  ഇ എം എസ്സിന് ഗോര്‍ക്കി എന്നാല്‍ താന്‍ നാലഞ്ചു പതിറ്റാണ്ടുമുമ്പും പിന്നെയിപ്പോഴും (1994-ല്‍)  വായിച്ച അമ്മ എന്ന നോവല്‍ മാത്രമാണ്. പിന്നെയിപ്പറഞ്ഞ പരട്ട പ്രബന്ധവും.  (ഈ പരട്ട പ്രബന്ധം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മാര്‍ക്സിസ്റ്റുകള്‍ക്ക് ഇദ്ദേഹം ശിപാര്‍ശചെയ്യുന്നതിനെപ്പറ്റി ഞാന്‍ നേരത്തേ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു.) 

ഇ എം എസ് അമ്മ വായിച്ചത് 

അങ്ങനെ രണ്ടാംവട്ടം അമ്മ വായിച്ച് ഇ എം എസ് ഒരു ലേഖനമെഴുതി. ഗോര്‍കിയുടെ അമ്മയും രൂപഭദ്രതാവാദവും. അമ്മ വീണ്ടും വായിച്ചപ്പോള്‍ അത് രൂപഭദ്രതാവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന ഒരു കൃതിയായി ഇ എം എസ്സിനു തോന്നിയത്രേ. രണ്ടു 'മനോഹരം', ഒരു 'കാവ്യാത്മകം' എന്നിങ്ങനെ ചില്ലറ പദപ്രയോഗത്തിലൂടെ അമ്മയ്ക്ക് പുരോഗമനപരമായ ഉള്ളടക്കം മാത്രമല്ല കാവ്യാത്മകമായ രൂപവുമുണ്ടെന്ന് ഇ എം എസ് അങ്ങു പറഞ്ഞുവെയ്ക്കുകയാണ്. മുദ്രാവാക്യം എഴുതാന്‍ പോലും കൊള്ളാത്ത ഒരു പരട്ട കവിയെ വാഴ്ത്തുന്ന ഇ എം എസ്സിന്റെ കാവ്യാത്മകതയല്ലേ. അത് എന്തിനു കൊള്ളും?
പുരോഗമനപരമായ ഉള്ളടക്കത്തിന്റെയും ഭദ്രമായ രൂപത്തിന്റെയും അടിവേര് ഒന്നുതന്നെയാണ്- സാമൂഹ്യ യാഥാര്‍ഥ്യത്തിന്റെ സത്യസന്ധവും കാവ്യാത്മകവുമായ ചിത്രീകരണം. ഗോര്‍കിയുടെ അമ്മയിലെ വിപ്ലവപരമായ ഉള്ളടക്കം തന്നെയാണ് അതിന്റെ കാവ്യാത്മകമായ രൂപവും നിര്‍ണ്ണയിക്കുന്നത്. (ഗോര്‍കിയുടെ അമ്മയും രൂപഭദ്രതാവാദവും, വായനയുടെ ആഴങ്ങളില്‍, 291)
(ഊന്നല്‍ ഞാന്‍ നല്കിയത്.) പുരോഗനമനപരമായ ഉള്ളടക്കമുണ്ടെങ്കില്‍ രൂപം താനേ കേമമായിക്കൊള്ളും എന്നു തന്നെയാണ് ഇ എം എസ് പറയുന്നത്. അതേ, അതുകൊണ്ടാല്ലോ കൃഷ്ണന്‍കുട്ടി വിപ്ലവകാരി കേമനായ കവിയായിപ്പോയത്.  പുരോഗമനപരമായ ഉള്ളടക്കം ഉണ്ട്, കാരണംആംഗ്ലോഇന്ത്യന്‍ ഡ്രൈവു പഠിക്കാന്‍ പോവാത്ത, ഡേറ്റിംഗിനു പോവാത്ത, അറക്കവാളുപോലെറുത്തു പാടുന്ന കവിതയല്ലേ.  അത്രയുമായാല്‍ പിന്നെ  കാവ്യാത്മകമായ രൂപം താനേ ഉണ്ടാവും.

ടോള്‍‌സ്റ്റോയിക്കൊപ്പം വരുന്ന ഗോര്‍ക്കി

ഈ ലേഖനത്തില്‍ പക്ഷേ ഇ എം എസ് ഗോര്‍ക്കിയെപ്പറ്റി പതിവുപല്ലവിയില്‍ വരാത്ത ചില കാര്യങ്ങള്‍കൂടി പറയുന്നു.
ടോള്‍സ്റ്റോയിയെപ്പോലുള്ള മറ്റു റഷ്യന്‍ നോവല്‍ കര്‍താക്കളില്‍നിന്ന് വ്യത്യസ്തനായിരുന്നു ഗോര്‍കി. അദ്ദേഹത്തിന് റഷ്യയിലെ തൊഴിലാളി വര്‍ഗവിപ്ലവ പ്രസ്ഥാനത്തോട് പ്രകടമായ പ്രതിബദ്ധതയുണ്ടായിരുന്നു. ലെനിന്റെ സുഹൃത്തായിരുന്ന അദ്ദേഹം റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ചയെ ചിത്രീകരിക്കാനാണ് അമ്മയിലൂടെ ഗോര്‍കി ശ്രമിക്കുന്നത്. [വാക്യത്തിന്റെ വൈകല്യം പുസ്തകത്തിലേത്.] അദ്ദേഹം പാര്‍ടിയുടെ പട്ടാളച്ചിട്ടക്ക് വിധേയനായിരുന്നു എന്നും അദ്ദേഹത്തിന് ഹൃദയച്ചുരുക്കം ഉണ്ടായിരുന്നു എന്നും രൂപഭദ്രതാവാദക്കാര്‍പോലും പറയുമെന്ന് തോന്നുന്നില്ല. റഷ്യന്‍ നോവല്‍ കര്‍താക്കളുടെ ഇടയില്‍ ടോള്‍സ്റ്റോയിക്കുള്ളത്ര തന്നെ ഉയര്‍ന്ന സ്ഥാനം ഗോര്‍കിക്കുണ്ടെന്ന് അവര്‍ സമ്മതിക്കും. (വായനയുടെ ആഴങ്ങളില്‍, 289)
പാര്‍ട്ടിയുടെ പട്ടാളച്ചിട്ടയ്ക്കു വിധേയനായിരുന്നില്ല ഗോര്‍ക്കി എന്നതുകൊണ്ട് എന്താണ്  നമ്പൂതിരിപ്പാട് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. പാര്‍ട്ടിക്കാരനല്ലെന്നാണോ? ഗോര്‍ക്കി പാര്‍ട്ടിക്കാരനായിരുന്ന കാലമുണ്ടായിരുന്നു. പാര്‍ട്ടിയുടെ വിരോധിയായ കാലവുമുണ്ടായിരുന്നു.  ഏതായാലും 'അടിയുറച്ച മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ദാര്‍ശനികനായ' ഗോര്‍ക്കിയെ അല്ല ഇദ്ദേഹം രൂപഭദ്രതാവാദക്കാര്‍ (മുണ്ടശ്ശേരിയുടെ പ്രേതം) എന്ന സാങ്കല്പിക ശത്രുവിനു നേരേ ഉയര്‍ത്തിക്കാട്ടുന്നത്. ഇത് അവസരവാദം ആവാനിടയില്ല. താന്‍ ദശകങ്ങള്‍ ആവര്‍ത്തിച്ചുനടന്ന  മണ്ടത്തരം മണ്ടത്തരമാണെന്ന് ആരോ പറഞ്ഞുകൊടുത്ത പ്രകാരം മയപ്പെടുത്തുകയാണ് ഇവിടെ ഇ എം എസ് ചെയ്യുന്നതെന്നു തോന്നുന്നു. ഏതായാലും ആ മണ്ടത്തരം മയപ്പെടുത്തിയെങ്കിലും അടുത്ത ശ്വാസത്തില്‍ വേറെ മണ്ടത്തരം പറഞ്ഞേ നമ്പൂതിരിപ്പാട്  നിറുത്തുന്നുള്ളൂ.
'റഷ്യന്‍ നോവല്‍ കര്‍താക്കളുടെ ഇടയില്‍ ടോള്‍സ്റ്റോയിക്കുള്ളത്ര തന്നെ ഉയര്‍ന്ന സ്ഥാനം ഗോര്‍കിക്കുണ്ടെന്ന് അവര്‍ സമ്മതിക്കും' എന്നാണ് പുതിയ കണ്ടുപിടിത്തം.ഈ അവര്‍ ഇല്ലാത്ത ഒരു വസ്തു ആകയാല്‍ ആരാണ് ഇതിനെ ചോദ്യം ചെയ്യുക. [ഇങ്ങനെ സാങ്കല്പികമായി അവരെ കണ്ടുപിടിച്ചാണ് രൂപഭദ്രതാവാദം എന്നതിനോട് ഈ സൈദ്ധാന്തികന്‍ നിഴല്‍യുദ്ധം ചെയ്തതെന്നാണ് ഗുപ്തന്‍ നായരുടെ ഇ എം എസിന്റെ തിരുത്തലിന് ഒരു തിരുത്ത് എന്ന ലേഖനത്തില്‍നിന്നു മനസ്സിലാവുന്നത്. രൂപവും ഭാവവും രണ്ടാണെന്നു പറഞ്ഞ മുണ്ടശ്ശേരിക്കെതിരായിരുന്നു ഈ നിഴല്‍യുദ്ധം മുഖ്യമായും. എഴുപത്തിയേഴില്‍ മരിച്ചുപോയ മുണ്ടശ്ശേരിക്കാവുമോ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇ എം എസ് എന്ന പ്രതികാരബുദ്ധി താന്‍ പറയാത്തത് തന്റെ പേരില്‍ ആരോപിച്ച് തനിക്കെതിരെ നിഴല്‍യുദ്ധം നടത്തുന്നത് തടയാന്‍. ഇ എം എസ്സിന്റെ ഈ വൃത്തികേടിനെ കുറിക്കാന്‍ ബൌദ്ധികസത്യസന്ധത എന്ന കടിച്ചാല്‍ പൊട്ടാത്ത പദമൊക്കേ ഇവിടെ ഉപയോഗിക്കേണ്ട കാര്യമുണ്ടോ എന്നു സംശയമുണ്ട്. ചെറ്റത്തരമല്ലേ നമ്പൂതിരിപ്പാട് കാണിക്കുന്നത്.  മുണ്ടശ്ശേരിയോ ഗുപ്തന്‍ നായരോ ഇ എം എസ്സിന്റെ പരട്ടവിജ്ഞാനമല്ല പങ്കിടുന്നതെന്നും രൂപം ഭാവം എന്നീ വിഷയങ്ങളില്‍ അവര്‍ക്കുള്ള വിജ്ഞാനത്തിന്റെ ഉറവിടം ഇ എം എസ്സിന്റേതുപോലെ സ്റ്റാലിനിസ്റ്റ് കോപ്രാട്ടിക്കൃതികളല്ലെന്നും ഗുപ്തന്‍ നായരുടെ ലേഖനം വായിച്ചാല്‍ വ്യക്തമാവും. ഗുപ്തന്‍ നായരുടെ ലേഖനത്തില്‍നിന്ന് സ്കേന്‍ ചെയ്തു ചേര്‍ത്തിരിക്കുന്ന പേജു നോക്കൂ. (ഇ എം എസ്- വിയോജനക്കുറിപ്പുകള്‍ എന്നൊരു പുസ്തകത്തിലാണ് ഈ ലേഖനം കണ്ടത്)

മുണ്ടശ്ശേരിയും ഗുപ്തന്‍ നായരും എവിടെ ഇ എം എസ് എവിടെ എന്നറിയാന്‍ അത്രയും മതി.]
പക്ഷേ ഇ എം എസ്  എന്തെല്ലാം പറഞ്ഞാലും നോവലിസ്റ്റുകളുടെ കൂട്ടത്തില്‍   ടോള്‍സ്റ്റോയിയുടെ അത്ര ഉയര്‍ന്ന സ്ഥാനം അമ്മ എന്ന നോവലിന്റെ പേരില്‍ ഗോര്‍ക്കിക്ക്  പമ്പരവിഡ്ഢികളേ കൊടുക്കൂ. സ്വന്തം കൃതിയെക്കുറിച്ച് ഗോര്‍ക്കിക്കു തന്നെ മതിപ്പില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്. റഷ്യയിലെ കമ്യൂണിസ്റ്റുകള്‍ക്കാവട്ടെ അത്രയും ഇല്ലായിരുന്നു. ലെനിന്‍ ഈ കൃതിയെപ്പറ്റി timely book എന്നു മാത്രം പറഞ്ഞത് ഗോര്‍ക്കി തന്നെ വിവരിക്കുന്നുണ്ട്. പ്ലെഹനോവ് അതിനെ കണക്കിനു കളിയാക്കുന്നുമുണ്ട്. സാഹിത്യത്തില്‍ ഗോര്‍ക്കിയുടെ സ്ഥാനം ഉറപ്പിക്കുന്നത് നോവലുകളെക്കാള്‍ (ആത്മകഥാപരമായ trilogy യെ നോവലായി പരിഗണിക്കുന്നില്ലെങ്കില്‍)  മറ്റു കൃതികളാണ് എന്നത് ഗോര്‍ക്കിയെക്കുറിച്ച് സാമാന്യമായി അറിയുന്നവര്‍ക്കറിയാം. ഇതൊന്നും പക്ഷേ ഇ എം എസ്സിനെപ്പോലുള്ള അവസരവാദി രാഷ്ട്രീയക്കാര്‍ സാഹിത്യത്തെപ്പറ്റി പറയുമ്പോള്‍ അവര്‍ക്കു ബാധകമല്ലല്ലോ.  നോക്കണം 19-ആം നൂറ്റാണ്ടിലെ റഷ്യന്‍ നോവലുകള്‍ എത്രയോ എണ്ണം ലോകസാഹിത്യത്തിലെ ഏറ്റവും ഉത്കൃഷ്ടമായ കൃതികളുടെ കൂട്ടത്തില്‍ വ്യാപകമായി പറയാറുണ്ട്. ലേര്‍മന്തോവ്, ഗണ്‍ചറോവ്, ഗോഗോള്‍, ദസ്തായെവ്സ്കി, തുര്‍ഗെന്യെവ്, അങ്ങനെ പലരുടെയും കൃതികള്‍. ഇക്കൂട്ടത്തില്‍ ടോള്‍സ്റ്റോയ് വരും. ഗോര്‍ക്കി നാലയലത്തൊന്നും വരില്ല. നമ്പൂതിരിപ്പാടിനു വരും, കാരണം വിവരമില്ലായ്മ തന്നെ. അങ്ങനെ നമ്പൂതിരിപ്പാട് വിചാരിച്ചാല്‍ അതിനെപ്പറ്റി കുറ്റംപറയേണ്ടതില്ല ഒന്നുമില്ലെങ്കില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ റഷ്യയിലെ ഏറ്റവും പ്രശസ്തനായ സാഹിത്യകാരനെങ്കിലുമായിരുന്നു ഗോര്‍ക്കി എന്നു പറഞ്ഞുകൂടേ. ശരി, എന്നാല്‍ താന്‍ ആരോടാണോ സംവാദത്തിലേര്‍പ്പെടുന്നത് അവര്‍ അങ്ങനെ വിചാരിക്കുന്നെന്നു പറയുന്നത് നെറികേടാണ്. 
മുണ്ടശ്ശേരിയുടെ പ്രേതം ഇ എം എസ്സിനെ അവസാനം വരെ വേട്ടയാടിയിരുന്നു എന്നു തോന്നുന്നു. സ്വയം കൊണ്ടാടുന്ന കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ ചരിത്രമില്ലെന്നും ചരിത്രമെഴുതാന്‍ ഇ എം എസ് കൊള്ളില്ലെന്നും പറഞ്ഞ മുണ്ടശ്ശേരിയെ അത്ര എളുപ്പം മറക്കാന്‍ ഇ എം എസ്സിന് ആവില്ലല്ലോ. നല്ലകാലത്ത് എന്തൊക്കെ മുണ്ടശ്ശേരി മാറ്റി പറഞ്ഞിട്ടുണ്ടെങ്കിലും ശരി. മരിച്ചിടത്തും വെറുതെവിടാതെ മുണ്ടശ്ശേരി പറയാത്ത കാര്യങ്ങള്‍ മുണ്ടശ്ശേരിയുടെ തലയില്‍ കെട്ടിവെച്ച് ചിത്രവധം ചെയ്തു രസിക്കുകയാണ് ഇ എം എസ് ന്റെ ദുഷ്ടബുദ്ധി.  

1994-ല്‍ അമ്മ എന്ന നോവല്‍ നിരൂപണം ചെയ്യുന്ന ഇ എം എസ് ആ കൃതിയെക്കുറിച്ച് ഒന്നും പറയുന്നില്ല. രണ്ടു പേജ് കഥ സംഗ്രഹിച്ചതൊഴിച്ചാല്‍. ഇങ്ങനെ ചില മൊഴിമുത്തുകള്‍ ഇല്ലെന്നു പറഞ്ഞുകൂടാ.

മറ്റു വര്‍ഗ്ഗങ്ങളിലും ജനവിഭാഗങ്ങളിലും പെട്ട വിപ്ലവകാരികളെ കൂടി തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരാക്കി മാറ്റുന്ന മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനത്തിന്റെ കാവ്യാത്മകമായ ചിത്രീകരണമാണ് ഗോര്‍കിയുടെ അമ്മ.
അമ്മ അലിഗറിയാണെന്നാണോ നമ്പൂതിരിപ്പാട് പറയുന്നത്? ആര്‍ക്കറിയാം. അങ്ങനെയാണെങ്കിലും ആ പ്രസ്താവത്തിന്റെ ഗൌരവമറിയാതെ എവിടെയോ എന്തോ കണ്ടോ അല്ലെങ്കില്‍ ആരെയോ മര്‍ക്കടനെപ്പോലെ അനുകരിച്ചോ നടത്തുന്ന ഈ നിരുത്തരവാദപരമായ ജല്പനത്തിന് ഒരര്‍ത്ഥവും പ്രസക്തിയും ഇല്ല, ഇ എം എസ്സിന്റെ വിവരക്കേടിന് ഉദാഹരണം എന്നല്ലാതെ.




[അടുത്ത പോസ്റ്റ്- നമ്പൂതിരിപ്പാടിന്റെ ലെനിന്‍-ടോള്‍‌സ്റ്റോയ് ബല്‍സാക്ക്-മാര്‍ക്സ് മണ്ടത്തരങ്ങളെപ്പറ്റി ഒരിക്കല്‍ക്കൂടി]