Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

28 Nov 2009

ഇ എം എസ് നിര്‍ണ്ണയിച്ച കുമാരനാശാന്റെ 'വര്‍ഗ്ഗാടിസ്ഥാനം'

Can't see Malayalam? Read as PDF file. view or download


എഴുത്തച്ഛനും ആശാനും തമ്മില്‍ - ജാതി - ജന്മി - നാടുവാഴി മേധാവിത്വത്തിന്റെയും ബൂര്‍ഷ്വാ പരിവര്‍ത്തനത്തിന്റെയും കാലഘട്ടങ്ങളിലെ കവിതകള്‍ തമ്മില്‍- അരഡസന്‍ നൂറ്റാണ്ടുകളുടെ അന്തരമാണുള്ളത്. (ഇ എം എസ് നമ്പുതിരിപ്പാട്,  തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, first edition 1990, reprint 1998)

ഒന്നും രണ്ടുമല്ല, അരഡസന്‍ നൂറ്റാണ്ടുകള്‍‍! പതിനഞ്ചാം നൂറ്റാണ്ടിന്റെ പാതിമുതല്‍ പതിനാറാം നൂറ്റാണ്ടിന്റെ പാതിവരെയുള്ള കാലമാണ് എഴുത്തച്ഛന്റെ ജീവിതകാലമായി പരിഗണിക്കപ്പെടുന്നത്. 1873-1924 കാലത്ത് ജീവിച്ച കുമാരനാശാനും എഴുത്തച്ഛനും തമ്മില്‍ ആറുനൂറ്റാണ്ടിന്റെ അന്തരം നമ്പൂതിരിപ്പാട് കാണുന്നത് ഏതു കാലഗണനവെച്ചാണാവോ. നമ്പൂതിരിപ്പാടിന്റെ കാലഗണന മരമണ്ടന്‍ ഗണനയാണ്. പന്ത്രണ്ടാം നൂറ്റാണ്ട് കേരളഫ്യൂ‍ഡലിസത്തിന്റെ (അങ്ങനെയൊന്നില്ലെന്നും ഇ എം എസ് ആണയിട്ടിട്ടുണ്ട്) ഏറ്റവും ഉയര്‍ന്ന കാലമെന്നൊരു പ്രമേയം നമ്പൂതിരിപ്പാട് പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. അന്നാണത്രെ മലയാളം രൂപംകൊണ്ടത്. ഫ്യൂഡലിസത്തിന്റെ പുരോഗമനപരമായ കാര്യങ്ങളെ അവിടെക്കൊണ്ടിടേണ്ട ബാദ്ധ്യത നമ്പൂതിരിപ്പാടിനുണ്ട്. നമ്പൂതിരിപ്പാടിന്റെ നിലപാടുപ്രകാരം ഫ്യൂ‍ഡല്‍ പുരോഗമനക്കാരായ ചെറുശ്ശേരിയും എഴുത്തച്ഛനുമൊക്കെ കുറെ പിന്നോട്ടു മാറുന്നത് അതിന്റെ പേരിലാണ്. മലയാള ഭാഷയുടെ വികാസത്തെപ്പറ്റി പറയുമ്പോള്‍ നമ്പൂതിരിപ്പാട് പറയും പോലെ:

ചരിത്രത്തില്‍ രണ്ടുമൂന്ന് നൂറ്റാണ്ടുകളുടെ വ്യത്യാസമൊരു വ്യത്യാസമല്ലല്ലോ.(മലയാളഭാഷ- കേരളപാണിനിയുടെ കാലത്തും അതിനുശേഷവും, 1989, പ്രബന്ധങ്ങള്‍, 239)

6 Nov 2009

ഇ എം എസ്സും കോപ്പും 2, മഹാദാര്‍ശനികന്‍ മാര്‍ക്സിസ്റ്റ് ഗോര്‍ക്കി

 If Malayalam text doesn't display properly on your computer screen, you can download a pdf file of the text here.

ഇ എം എസ്സും കോപ്പും ഒന്നാം ഭാഗം ഇവിടെ വായിക്കുക.  ഇ എം എസ് നമ്പൂതിരിപ്പാടിനെതിരായ സൈദ്ധാന്തികമോ അല്ലാത്തതോ ആയ വിമര്‍ശനമല്ല ഈ കുറിപ്പുകളുടെ ഉദ്ദേശ്യമെന്ന് നേരത്തേ പറഞ്ഞു. നമ്പൂതിരിപ്പാട് മാര്‍ക്സിസത്തിലും അല്ലാത്ത വിഷയങ്ങളിലും നിരക്ഷരനാണെന്നും പുസ്തകം വായിച്ചാല്‍ അദ്ദേഹത്തിനു മനസ്സിലാവില്ലെന്നും എഴുതാനറിയില്ലെന്നും വിവരക്കേടുകള്‍ ദശകങ്ങളോളം ആവര്‍ത്തിച്ചു വിളമ്പിയെന്നും വ്യക്തമാക്കുക, എന്നു വെച്ചാല്‍ പച്ചയ്ക്കു പറയുക- ഇതാണ് ഉദ്ദേശ്യം. കള്ളിവെളിച്ചത്താക്കുക. ഇംഗ്ലീഷില്‍ Debunking എന്നു പറയുന്ന ഏര്‍പ്പാട്. വിവരക്കേടുകളുടെ ഈ ഉപാസകന്‍ വാഴ്ത്തപ്പെട്ടതുപോലെ  മറ്റൊരു വ്യക്തിത്വം കേരളത്തില്‍ വാഴ്തത്തപ്പെട്ടുകാണില്ല. ഇദ്ദേഹത്തിന്റെ ചരിത്രപാണ്ഡിത്യത്തെയും (പാണ്ഡിത്യമില്ലായ്മയെയും) വാഴ്ത്തുന്നവരില്‍ ഐജാസ് അഹമ്മദും രാജന്‍ ഗുരുക്കളും കെ എന്‍ പണിക്കരുമുണ്ട്. പുസ്തകം വായിക്കാതെയാണ് എഴുതിയിരുന്നതെന്നതുപോലും ഇദ്ദേഹത്തിന്റെ കാര്യത്തില്‍ പലരുടെയും കണ്ണില്‍ മികവാണ്. യുക്തിയോടെ ഒരു ഖണ്ഡിക തികച്ചെഴുതാന്‍ കഴിവില്ലാത്ത ഇദ്ദേഹത്തെ ശൈലീവല്ലഭനായി വാഴ്ത്തുന്നവരില്‍ സി ജെ തോമസ്, ഓ എന്‍ വി കുറുപ്പ്, സുകുമാര്‍ അഴീക്കോട് എന്നിവരുണ്ട്. ഇദ്ദേഹത്തിന്റെ ചരിത്രജ്ഞാനം, ശൈലീവിലാസം എന്നിവയെപ്പറ്റി വെവ്വേറെ കുറിപ്പുകളില്‍  പിന്നീടു പറയും. മാക്സിം ഗോര്‍ക്കിയുടെ ഒന്നോ രണ്ടോ ലേഖനം വായിച്ച് മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തില്‍ തനിക്കുള്ള പരിമിതികള്‍ മറികടന്നു ധീരമായി സാഹിത്യലോകത്ത് ഇടപെട്ട്  ഗ്രന്ഥങ്ങള്‍ രചിച്ച് സാഹിത്യസൈദ്ധാന്തികനും സാഹിത്യവിമര്‍ശകനുമായി ഖ്യാതി നേടിയ ഇ എം എസിനെപ്പറ്റിയാണ് ഈ കുറിപ്പ്.)  

21 Oct 2009

വേണ്ടാത്തനത്തിന്നു കോപ്പിട്ടുവന്നാല്‍

(ഇ എം എസ്സിനെപ്പറ്റി ഈ ബ്ലോഗെറെഴുതിയ ഒരു പോസ്റ്റിനെതിരെ മറ്റൊരു ബ്ലോഗെര്‍ സി പി എമ്മുകാര്‍ക്കു പതിവുള്ള ഭാഷയില്‍ എഴുതിയ പോസ്റ്റിനു മറുപടിയാണിത്.) 

മീനേ, കൊത്തിയതു നന്നായി.
1. അരുളിച്ചെയ്തതും തിരുവുള്ളക്കേടുണ്ടായതും കൊഴണാശ്ശേരിയിലെ കീഴാളസഗാവില്‍ ഏനക്കേടുണ്ടാക്കിയതിനെപ്പറ്റി എന്തു പറയാനാണ്. അതിനു വ്യാകരണം ചികിത്സയാവില്ല. അരുളിച്ചെയ്യുന്നത് ഫലിതമാണ് എന്നത് വ്യാകരണത്തെറ്റാണെന്ന് ശ്യാം ബാലകൃഷ്ണന്റെ അരുളപ്പാടുണ്ട്. ഇതേതു വ്യാകരണ പ്രകാരമാണ് ബാലകൃഷ്ണാ? നമ്പൂതിരിപ്പാടിന് അരുളിച്ചെയ്യാനും തിരുവുള്ളക്കേടു തോന്നാനുമുള്ള അവകാശത്തെ ചോദ്യം ചെയ്തില്ല.  ചില ചില്ലറ 'സ്പെല്ലിങ് മിസ്റ്റേക്കു'കളെപ്പറ്റിയേ (നാട്ടുനടപ്പനുസരിച്ചുള്ള അര്‍ത്ഥത്തില്‍) പറഞ്ഞുള്ളൂ.

19 Oct 2009

ഇ എം എസ്: കോപ്പും കോപ്പ്‌രാട്ടിയും

ഒരു വിവരവുമില്ലാത്ത കാര്യത്തില്‍ പാണ്ഡിത്യപ്രകടനം നടത്താന്‍ ഇ എം എസ്സിനുണ്ടായിരുന്ന കഴിവ് സമ്മതിക്കാതെ വയ്യ. മലയാളവും ഇംഗ്ലീഷും മലയാളത്തിലെ പരിഭാഷയും ഒക്കെ എങ്ങനെ വേണമെന്ന് ഇദ്ദേഹം അരുളിച്ചെയ്യുന്നത്  നല്ല ഫലിതമാണ്.
Ideology എന്ന പദത്തിന് കമ്യൂണിസ്റ്റുകാര്‍ക്കും ബൂര്‍ഷ്വാകള്‍ക്കും ഒരുപോലെ പ്രത്യയശാസ്ത്രം എന്ന പരിഭാഷ ഉണ്ടാവുന്നത് പണ്ട് ഇദ്ദേഹത്തില്‍ തിരുവുള്ളക്കേടുണ്ടാക്കി.
"ഐഡിയോളജിക്കുള്ള ഈ വിപ്ലവകരമായ ഉള്ളടക്കമാകെ നശിപ്പിച്ച് പരസ്പരവിരുദ്ധമായ രണ്ട് ഐഡിയോളജികളെ പ്രത്യയശാസ്ത്രമെന്ന പദപ്രയോഗത്തിന്മേല്‍ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നത് വലിയ ഒരു സാഹസം തന്നെ."

ഒരു ഈസോപ്പ് കഥ

പണ്ട് ഒരു സ്ഥിരോത്സാഹിയും ഒരു സ്ഥിരോദ്ധാരിയും കൂട്ടുകാരായി.

18 Oct 2009

ക്രിസ്തുവിനു പിമ്പ് ഏ ഡിയോ ബി സിയോ?

Anno Domini (In the year of Lord  ക്രിസ്ത്വബ്ദം) മലയാളത്തിലാവുമ്പോള്‍ ഏറ്റവും  പ്രചാരം കിട്ടിയ രൂപം ക്രിസ്തുവിനു പിമ്പ് ആണോ ക്രിസ്തുവര്‍ഷം ആണോ?  ക്രിസ്ത്വബ്ദം ഏതായാലും ഈ രണ്ടും കഴിഞ്ഞ് ഏറെത്താഴെയായി മൂന്നാമതേ വരൂ. അത് ഇപ്പോള്‍ വലുതായൊന്നും ഉപയോഗത്തിലുണ്ടെന്നു തോന്നുന്നില്ല. ഗൂഗിള്‍വഴി മലയാളം യൂനികോഡ്  ഫോണ്ടുപയോഗിച്ചു തിരയുമ്പോള്‍ കൂടുതല്‍ കാണുന്നത് ക്രിസ്തുവര്‍ഷമാണ്. എങ്കിലും എത്രയോ പുസ്തകങ്ങളില്‍ ക്രി. പി. ഉപയോഗിച്ചുകണ്ടിട്ടുണ്ട്.   ഈ പിമ്പ്  ക്രിസ്തുവിന്റെ പിന്നിലേക്കുപോയി പലപ്പോഴും ക്രിസ്തുവിനു മുമ്പായി മാറും. താഴെകൊടുത്ത രണ്ടു സ്ക്രീന്‍ഷോടുകളിലും (ആദ്യത്തേത് മാതൃഭൂമിയില്‍‌ ചരിത്ര സംബന്ധിയായ ലേഖനം തന്നെ!) ബി സി ഉദ്ദേശിച്ചാണ് ക്രിസ്തുവിനു പിമ്പ് എന്നു പ്രയോഗിച്ചത്.





പിമ്പ് എന്ന പദമുണ്ടാക്കുന്ന അര്‍ത്ഥശങ്കയാണ് അതിനു കാരണം. പിമ്പ് പിന്നിലും (behind ) ശേഷവും (after) ആവാമെന്നതുകൊണ്ടാവണം ഇങ്ങനെ സംഭവിക്കുന്നത്.  ഈ വെബ്‌സൈറ്റുകളിലെ തെറ്റായ പ്രയോഗം അനന്യമൊന്നുമല്ല. എത്രയോ മലയാളികള്‍ ഈ അബദ്ധധാരണ കൊണ്ടുനടക്കുന്നു. ഈ പിമ്പ് വന്നത് മുമ്പ് പിമ്പ് എന്ന വിപരീതദ്വന്ദ്വത്തിന്റെ അനുചിതമായ പ്രയോഗം വഴിയാവണം.  (ഇതില്‍ ഇ എം എസ്സിനും വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദത്തിനും എന്തെങ്കിലും പങ്കുണ്ടോ എന്നറിയില്ല. എന്നാല്‍ ക്രിസ്തുവര്‍ഷത്തെപ്പറ്റി നമ്പൂതിരിപ്പാട് തട്ടിവിട്ട എമണ്ടന്‍ വിവരക്കേട് സമ്പൂര്‍ണ്ണകൃതികള്‍ 44-ആം വാല്യത്തിലുണ്ട്. അതു സ്കേന്‍ സഹിതം പിന്നീട്.)
വാസ്തവത്തില്‍ ഏ ഡി യെ സംബന്ധിച്ചിടത്തോളം എന്താണ് പിമ്പിലുള്ളത്? ക്രിസ്തുവിന് പിമ്പ് എന്നാല്‍ ക്രിസ്തുവിന്റെ മരണശേഷം എന്നാണ്  ഒന്നാമതായി ഊഹിക്കുക. എത്രയോ ആളുകള്‍ ഇങ്ങനെ വിചാരിക്കുന്നു. ക്രിസ്തു ജനിച്ചതോ ക്രിസ്തുവിനെ ഗര്‍ഭം ധരിച്ചതോ ആയ കാലം മുതലാണ് ക്രിസ്തൂവര്‍ഷം എണ്ണിപ്പോരുന്നത് എന്നതിനാല്‍  ക്രിസ്തുവിന് പിമ്പ് എന്നത് ആശയക്കുഴപ്പത്തിനു മാത്രമേ  ഉതകൂ.  ക്രിസ്തു വര്‍ഷം എന്നോ ക്രിസ്ത്വബ്ദം എന്നോ ഉപയോഗിക്കുന്നതല്ലേ ശരി?

10 Oct 2009

ലൂയി മാല്‍ കണ്ട കേരളം

ലൂയി മാല്‍ എന്ന ഫ്രെഞ്ച് ചലച്ചിത്രകാരന്‍ 1969-ല്‍ ബി ബി സിയുടെയും ഫ്രെഞ്ച്  ടി വിയുടെയും സഹായത്തോടെ  ഇന്ത്യയിലാകെ സഞ്ചരിച്ച് ഒരു ഡോക്യുമെന്ററി പരമ്പര നിര്‍മ്മിച്ചു.  ഇദ്ദേഹം കേരളത്തിലും വന്നു. കലാമണ്ഡലം സന്ദര്‍ശിച്ച് അവിടത്തെ പരിശീലനം ദീര്‍ഘമായി ഷൂട്ട് ചെയ്തു. Phantom India എന്ന പേരില്‍ ഏഴു ഭാഗങ്ങളുള്ള ഒരു ഡോക്യുമെന്ററി പരമ്പരയും പുറമേ Calcutta  എന്ന പേരില്‍ മറ്റൊരു ഡോക്യുമെന്ററിയും  ഇദ്ദേഹം നിര്‍മ്മിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സവിശേഷശ്രദ്ധയുണ്ടായിരുന്നു ലൂയി മാലിന്. പുറത്തറിയാത്ത ഇന്ത്യയെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത് വലിയ കോലാഹലമുണ്ടാക്കി. ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ ബി ബി സിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിറുത്താന്‍ ആവശ്യപ്പെടുംവരെ എത്തി പ്രശ്നങ്ങള്‍.
പരിഷ്കൃതനായ വെള്ളക്കാരന്റെ പുച്ഛത്തോടെയാണെങ്കിലും ഇന്ത്യയിലൊട്ടാകെ ഇത്ര വിപുലമായി  സഞ്ചരിച്ച് ഒരു ഡോക്യുമെന്ററി അക്കാലം വരെ മറ്റാരും നിര്‍മ്മിച്ചിട്ടില്ല. 1959-ല്‍ റോസെല്ലിനി വന്ന് India: Matri Bhumi എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു. അദ്ദേഹം കേരളത്തിലും വന്നിരുന്നു, നീണ്ടകരയിലെ നോര്‍വീജ്യന്‍ സഹായത്തോടെ തുടങ്ങിയ മീന്‍പിടിത്ത വികസന പദ്ധതിയൊക്കെ വിശദമായി ഷൂട്ട് ചെയ്തിരുന്നു. നെഹ്റു കാലത്തെ വികസനം ചിത്രീകരിക്കുയായിരുന്നു അദ്ദേഹം പ്രധാനമായും ചെയ്തത്. optimism ആണ്  അങ്ങോരുടെ കണ്ണാടിയെങ്കില്‍ cynicism ആണ് ലൂയി മാലിന്റേത്.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെപ്പറ്റി പ്രതിപാദിക്കാന്‍ ഇ എം എസ് നമ്പൂതിരിപ്പാട്, ഏ കെ ഗോപാലന്‍, കെ ആര്‍ ഗൌരി, സി എഛ് മുഹമ്മദ് കോയ എന്നിവരുമായുള്ള അഭിമുഖം ലൂയി മാല്‍ ചിത്രീകരിച്ചു. പരമ്പരയിലെ നാലാം ഭാഗമായ  La tentation du reve യില്‍നിന്നുള്ള ഒരു ക്ലിപ്പിങ് താഴെ കാണാം.

2 Oct 2009

ഇ എം എസും കോപ്പും: ഖേദം

ഇ എം എസും കോപ്പും ഒന്നിലെ ഗുരുതരമായ പ്രമാദത്തെപ്പറ്റി രണ്ടുമൂന്ന് ബ്ലോഗര്‍മാര്‍ പുച്ഛിച്ചെങ്കിലും ഒരു ഏതാണ്ടില്‍ പിടിച്ചു ഗൌനിക്കാതിരുന്നു കുറെ ദിവസം. 1920കളുടെ പാതിക്കുവെച്ച് ഒരു ഏതാണ്ട് അങ്ങോട്ടിങ്ങോട്ടു മാറി ഇ എം എസ്സിനെ കമ്യൂണിസ്റ്റ് നേതാവാക്കിക്കളഞ്ഞു ഞാന്‍. ഇ എം എസ് എന്നു കമ്യൂണിസ്റ്റ് നേതാവായെന്ന് അറിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ അതു നിസ്സാരമാക്കി ഏതാണ്ടാക്കുകയായിരുന്നു. ഇ എം എസ് വാക്കും സമൂഹവും എന്നൊരു പുസ്തകം പിന്നീടു കയ്യില്‍വന്നപ്പോഴാണ് അറിഞ്ഞത് പതിന്നാലാം വയസ്സില്‍ ഇ എം എസ് യോഗക്ഷേമസഭയുടെ പ്രദേശികോപസഭയുടെ സിക്രട്ടറി ആയിരുന്നെന്ന്.
"11-12 വയസ്സായ കാലത്തുതന്നെ ഗാന്ധിജിയുടെ സഹകരണ ത്യാഗസന്ദേശം ന്യയമായതാണെന്നു വിശ്വസിക്കുകയും അതിനുവേണ്ടി കൂട്ടുകാരുടെ ഇടയില്‍ പ്രചാരവേല നടത്തുകയും ചേയ്യുന്ന കോണ്‍ഗ്രസ്സുകാരനാണ് ഞാനെന്ന നിലവന്നു. പതിനാലാമത്തെ വയസ്സില്‍ത്തന്നെ ഞാന്‍ യോഗക്ഷേമസഭയുടെ പ്രദേശികോപസഭയുടെ സിക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിനൊന്നും തടസ്സമായ തരത്തിലല്ല ഓത്തുചൊല്ലലും സംസ്കൃതപഠിപ്പുമെന്നതില്‍നിന്ന് എന്‍റെ ഗുരുനാഥന്‍ സാധാരണപോലെ യാഥാസ്ഥിതികനായ ഒരു 'ഓത്ത'നല്ലായിരുന്നുവെന്നു മനസ്സിലാക്കാമല്ലോ."(ഇ എം എസ്: വാക്കും സമൂഹവും 1998, P 25)
നൂറ്റൊന്നാവര്‍ത്തിച്ച് ഡജന്‍ പതിപ്പുകളില്‍ അച്ചടിച്ച് സ്ഫുടം ചെയ്ത മഹാവിവരക്കേടുകളെ നിഷ്പ്രഭമാക്കിയ ഈ വിവരക്കേട് പറ്റിയതില്‍ ഖേദിക്കുന്നു. ഇ എം എസും കോപ്പും തുടരും.

24 Sept 2009

ഇ എം എസ്സും കോപ്പും (ഒന്ന്)

 If Malayalam doesn't display properly on your screen download the text of this post as a pdf file from here.

(ഇത് ബൂര്‍ഷ്വാ പ്രൊപ്പഗന്‍ഡയാണ്. അരസികനായ ഒരു പരേതനെപ്പറ്റി വിരസമായ ഒരു കുറിപ്പ്.)
തന്‍റെ കോപ്പിനെപ്പറ്റി ഇ എം എസ്സു തന്നെ പറഞ്ഞിട്ടുണ്ട്.
[...] എന്നെപ്പറ്റി ചില വിശിഷ്ട സാഹിത്യകാരന്മാര്‍ പറയുന്നത് 'സാഹിത്യവിഷയങ്ങളൊന്നും കൈകാര്യം ചെയ്യാനുള്ള 'കോപ്പ്' ഇ എം എസിനില്ല' എന്നാണ്. അത് ഞാന്‍ സമ്മതിക്കുന്നു. അതേ അവസരത്തില്‍ അവര്‍ക്കില്ലാത്ത ഒരു 'കോപ്പ്' എനിക്കുണ്ട്. ആ കോപ്പെന്താണ്? ഈ നാട്ടിലെ ജനങ്ങളുമായിട്ടുള്ള അടുപ്പം. ഈ നാട്ടില്‍ മാത്രമല്ല ലോകത്താകെയുള്ള മാര്‍ക്സിസ്റ്റ് സിദ്ധാന്തവുമായുള്ള അടുപ്പം- ഈ രണ്ടുംകൊണ്ട് അവര്‍ക്കില്ലാത്ത 'കോപ്പ്' എനിക്കുണ്ടായിട്ടുണ്ട്. ഈ 'കോപ്പ്' കാണാനവര്‍ക്കു കഴിയുന്നില്ല.
(ഇ എം എസിന്‍റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, ഡി സി ബുക്സ്, 1996, p 268)


ഇതില്‍ ആദ്യത്തെ കോപ്പിനെപ്പറ്റി എനിക്കൊന്നും പറയാനില്ല. രണ്ടാമത്തെ കോപ്പിനെപ്പറ്റി ഗഡുക്കളായി ചിലതു പറയാനുദ്ദേശിക്കുന്നു. കുറച്ചുകാലം കമ്യൂണിസ്റ്റ് എന്നു പറയുന്ന ഒരു പാര്‍ട്ടിക്കാരനായിട്ടുണ്ടെങ്കിലും പതിന്നേഴു വയസ്സുമുതലുള്ള ഒരഞ്ചുകൊല്ലം (പതിനഞ്ചുകൊല്ലത്തിനപ്പുറം) മാര്‍ക്സിസ്റ്റ് സാഹിത്യം കാര്യമായി വായിച്ചിട്ടുണ്ടെങ്കിലും ഇ എം എസ്സിന്‍റെ രചനകളൊന്നും ഇക്കാലംവരെ വായിച്ചിട്ടില്ല ഞാന്‍. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ഇ എം എസ് അരുന്ധതി റോയിയെപ്പറ്റി പറഞ്ഞ ചില അഭിപ്രായങ്ങള്‍ rediff.com റിപോര്‍ടു ചെയ്തതു വായിച്ചപ്പോഴാണ് ഇദ്ദേഹത്തെ ഒന്നു വായിച്ചുനോക്കാന്‍ ആദ്യമായി താത്പര്യം തോന്നിയത്. പിന്നീട് രണ്ടു പുസ്തകങ്ങള്‍ കൈയ്യില്‍ കിട്ടി. ഒന്നു മേലുദ്ധരിച്ച തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍. പിന്നെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളും (ഇ.എം.എസ് നമ്പൂതിരിപ്പാട്, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി,first edition 1990, reprint 1998). ആദ്യത്തേത് വിവിധ വിഷയങ്ങളിലുള്ള പ്രസംഗങ്ങളും രണ്ടാമത്തേത് സാഹിത്യസംബന്ധിയായ ലേഖനങ്ങളും. അവിടെയിവിടെയായി വായിച്ചുതുടങ്ങിയപ്പോള്‍ മനസ്സിലായത് ഇ എം എസ് അത്ഭുതപ്രതിഭാസമാണെന്നാണ്. ഇ എം എസ്സിന്‍റെ വൈരുദ്ധ്യവാദം ജീവിച്ചിരിക്കെതന്നെ പ്രശസ്തമായിരുന്നല്ലോ. അതു സംബന്ധിച്ച് ചിലരൊക്കെ എഴുതിയ ലേഖനങ്ങളും മറ്റും കണ്ടിട്ടുണ്ട്. മറിച്ചും തിരിച്ചും പറഞ്ഞ് ആഗോള ഡയലക്റ്റിഷ്യന്‍ എന്നു വരെ പേരു സിദ്ധിച്ച ഈ രാഷ്ട്രീയക്കാരനെ പത്രം വായിക്കുന്ന ആര്‍ക്കും അറിയാമായിരുന്നു. അതേ സമയം മാര്‍ക്സിസത്തെപ്പറ്റി ഇദ്ദേഹത്തിനുള്ള അഗാധ പാണ്ഡിത്യവും പ്രശസ്തമായിരുന്നു. മൂലധനം ഇന്ന അദ്ധ്യാത്തില്‍ ഇന്ന ഖണ്ഡിക എന്നു പറയാവുന്ന വിധത്തില് മനഃപാഠമായിരുന്നു അദ്ദേഹത്തിന് എന്നൊക്കെ കേട്ടിട്ടുണ്ട്. കേട്ടതൊന്നുമേ സത്യമല്ലെന്ന് കണ്ടറിഞ്ഞപ്പോഴുണ്ടായ അത്ഭുതമാണ് ഈ ഉദ്യമത്തിനു കാരണം. ഇ എം എസ്സിന്‍റെ സൈദ്ധാന്തിക പാരമ്പര്യവും പേറി നടക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഈ പാര്‍ട്ടിയുടെയും വിശേഷിച്ച് അതിന്‍റെ നേതാവിന്‍റെയും ദാസന്മാരായ ധാരാളം ബുദ്ധിവ്യായാമക്കാരും ആണ് ഇപ്പോഴും കേരളത്തിലെ ആശയരംഗത്തെ പ്രബലശക്തി എന്നതിനാല്‍ ഈ ശ്രമത്തിനു കുറച്ചൊക്കെ പ്രസക്തിയുമുണ്ട്. കാര്യം ആദ്യമേ പറയാം. ഇ എം എസ്സിനു വിവരമില്ലായിരുന്നു. എന്നു വെച്ചാല്‍ മണ്ണും ചാണവും തിരിച്ചറിയാനുള്ള വിവരമില്ലായിരുന്നു. വിവരമില്ല എന്നു പറയുമ്പോള്‍ ഇ എം എസ്സിന് പ്രപഞ്ചോത്പത്തിവിജ്ഞാനം ഇല്ലെന്നോ നാനോസയന്‍സ് അറിയില്ലെന്നോ അല്ല പറയുന്നത്. ഇ എം എസ് എന്ന മഹാ മാര്‍ക്സിസ്റ്റ് ദാര്‍ശനികന് പരമ്പരാഗത മാര്‍ക്സിസത്തിന്‍റെ (ഇ എം എസ് പിന്തുടര്‍ന്ന തരം) പ്രഥമ പാഠങ്ങളായ കൃതികളില്‍ അറിവോ പലപ്പോഴും ഗ്രന്ഥകര്‍ത്താക്കളെ പരിചയം പോലുമോ ഇല്ലായിരുന്നു. എപ്പോഴോ എവിടെനിന്നോ കിട്ടിയ കണ്ടംമുറി വിജ്ഞാനവിവരക്കേട് ദശകങ്ങള്‍ കൊണ്ടു നടന്ന് നൂറ്റൊന്ന് ആവര്‍ത്തിച്ച ഇദ്ദേഹത്തെയാണ് മാര്‍ക്സിസ്റ്റ് ചിന്തകനായി കേരളം കൊണ്ടാടിയത്. പുസ്തകം വായിക്കാനും എഴുതാനും അറിയാവുന്ന ഇടതുപക്ഷക്കാരെ അവിടെയുമിവിടെയുമൊക്കെ കണ്ടിട്ടുണ്ട്. കെ. ദാമോദരന്‍, പി. ഗോവിന്ദപ്പിള്ള എന്നിവര്‍ ഉദാഹരണം. അവര്‍ക്കിടയിലാണ് മാര്‍ക്സിസത്തെപ്പറ്റി നിരക്ഷരനായ ഇ എം എസ് ആരിലും മീതെ ഉയര്‍ന്നു നില്ക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആദ്യമായല്ല ഇത്തരം സിദ്ധാന്തനിരക്ഷരര്‍ 'മേധാ'വിത്വം സ്ഥാപിച്ചു കാണുന്നത്. സ്റ്റാലിനാണ് ഇതില്‍ ഏറ്റവും കേമന്‍. സോവിയറ്റ് യൂനിയനില്‍ പ്രസിദ്ധീകൃതമായിരുന്ന എല്ലാ കൃതികളും വായിച്ചു കാണും ഇദ്ദേഹം എന്ന് സി പി സ്നോ എഴുതിയിട്ടുണ്ട്. അത്രയും വിപുലമായി വായിച്ചയാളാണെങ്കിലും ഇത്ര അരസികനായ എഴുത്തുകാരനും പ്രഭാഷകനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ കാണാനിടയില്ല. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍ ഇദ്ദേഹത്തിന്‍റെ പങ്ക് ഡയലെക്റ്റിക്സിന്‍റെ അടിസ്ഥാനപ്രമാണമായി ഏംഗല്‍സും ശിഷ്യന്മാരും പറഞ്ഞ negation of negation എന്ന തത്ത്വത്തെ വിട്ടുകളഞ്ഞു എന്നതാണെന്ന് അല്‍ത്തൂസര്‍ പരിഹസിച്ചിട്ടുണ്ട്. negation of negation അംഗീകരിക്കയാണെങ്കില്‍ മുതലാളിത്തത്തെ നിഷേധിച്ചുവന്ന സോഷ്യലിസം വീണ്ടും മുതലാളിത്തംകൊണ്ടു നിഷേധിക്കപ്പെടുമെന്നു വരുമല്ലോ എന്നോര്‍ത്താണ് സ്റ്റാലിന്‍ ഇപ്രകാരം വിട്ടുകളഞ്ഞതെന്നും അല്‍ത്തൂസര്‍ കളിയാക്കുന്നുണ്ട്. സ്റ്റാലിന്‍റെ ശരിയായ ശിഷ്യനാണ് ഇ എം എസ് എന്നു പറയാവുന്നതാണ്. (മുതലാളിത്തത്തിനു ഫ്യൂഡലിസത്തിലേക്കു തിരിച്ചുപോവാന്‍ പറ്റാത്തതുപോലെ സോഷ്യലിസത്തില്‍നിന്നു മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്ക് അസാദ്ധ്യമാണെന്ന് ഗോര്‍ബച്ചേവ് ആണിക്കല്ല് തോണ്ടുന്ന സമയത്തും ഇ എം എസ് സിദ്ധാന്തിച്ചത് ഓര്‍ക്കുക.) സ്റ്റാലിന്‍റെ രചനാശൈലിയെ ഇ എം എസ് വാനോളം പുകഴ്ത്തുന്നുണ്ട് സ്റ്റാലിനെ വിലയിരുത്തുമ്പോള്‍ എന്ന പേരില്‍ പ്രസംഗസമാഹാരത്തില്‍ കാണുന്ന പ്രഭാഷണത്തില്‍.
[...] എന്താണ് ലെനിനിസം എന്ന് പഠിപ്പിക്കുന്നതിനുവേണ്ടി സ്റ്റാലിന്‍ തയ്യാറാക്കിയ വളരെ ലളിതവും എന്നാല്‍ പ്രൌഢവുമായ ഒരു പ്രസംഗപരമ്പരയുണ്ട്. അതാണ് ഫൌണ്ടേഷന്‍ ഓഫ് ലെനിനിസം [...]. സഖാവ് സ്റ്റാലിന്‍റെ ഗ്രന്ഥങ്ങള്‍ക്കും ലേഖനങ്ങള്‍ക്കുമെല്ലാം തനതായ ഒരു സവിശേഷതയുണ്ട്. ഇത്ര ചുരുക്കത്തില്‍ ഇത്ര ലളിതമായി കാര്യങ്ങള്‍ പറഞ്ഞുപോവുക സ്റ്റാലിന്‍റെ ഒരു സവിശേഷതയാണ്.


1979-ല്‍ ഇ എം എസ് ചെയ്ത പ്രസംഗമാണ് 'സ്റ്റാലിനെ വിലയിരുത്തുമ്പോള്‍' എന്ന പേരില്‍ കാണുന്നത് (പ്രസംഗങ്ങള്‍, 113-131) സ്റ്റാലിനെ വിലയിരുത്തി പ്രസംഗിക്കാന്‍ പോവുമ്പോള്‍ സോവിയറ്റ് യൂനിയന്‍റെയും സ്റ്റാലിന്‍റെയും ചരിത്രമൊന്ന് പരിശോധിച്ചിട്ടു പോവാന്‍ ഇദ്ദേഹത്തിനാവില്ല. അതുകൊണ്ട് ഇങ്ങനെയൊരു മണ്ടത്തരം അതില്‍ക്കാണാം.
അദ്ദേഹം സോവിയറ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത് ലെനിന്‍ മരിച്ചതുമുതല്‍ക്കാണ്. (പ്രസംഗങ്ങള്‍, 115)


ഇതാണ് ഇ എം എസിന്‍റെ കമ്യൂണിസ്റ്റ് വിജ്ഞാനം! ലെനിന്‍ മരിച്ചത് 1924ലും സ്റ്റാലിന്‍ സെക്രട്ടറിയായത് 1922ലുമാണെന്ന് ഏതാണ്ട് അക്കാലം മുതലേ കമ്യൂണിസ്റ്റ് നേതാവായ ഇ എം എസിന് അറിഞ്ഞുകൂടാ. ഈ പ്രഭാഷണം എഴുതിതയ്യാറാക്കി വായിച്ചതാണെന്നു വേണം കരുതാന്‍. കാരണം അതില്‍ ലെനിന്‍റെ ഒസ്യത്തില്‍നിന്നുള്ള അത്ര ചെറുതല്ലാത്ത ഒരുദ്ധരണി കാണുന്നുണ്ട്. സ്റ്റാലിനെ സംബന്ധിക്കുന്ന ഭാഗമാണ് ഇ എം എസ് ഉദ്ധരിക്കുന്നത്. ലെനിന്‍റെ വില്‍പ്പത്രം വായിക്കുന്ന ആര്‍ക്കും ഏറ്റവും ശ്രദ്ധേയമായി തോന്നുന്ന കാര്യം സ്റ്റാലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശമാണ്.
Stalin is too rude and this defect, although quite tolerable in our midst and in dealing among us Communists, becomes intolerable in a Secretary-General. That is why I suggest that the comrades think about a way of removing Stalin from that post and appointing another man in his stead who in all other respects differs from Comrade Stalin in having only one advantage, namely, that of being more tolerant, more loyal, more polite and more considerate to the comrades, less capricious, etc.


ലെനിന്‍റെ വില്‍പ്പത്രത്തില്‍നിന്ന് ഉദ്ധരിക്കുകയും അതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഈ സ്റ്റാലിനിസ്റ്റ് പക്ഷേ ആ ഭാഗം വിട്ടുകളഞ്ഞു! ഇങ്ങനെയിങ്ങനെയൊക്കെയുള്ള ദോഷങ്ങളുണ്ടെങ്കിലും അതിനെയെല്ലാം കവച്ചുവെയ്ക്കുന്ന ഇന്നിന്ന ഗുണങ്ങളുണ്ടെന്നു പറഞ്ഞാല്‍ കാര്യം എളുപ്പമായല്ലോ. അപ്പോള്‍ സിദ്ധാന്തനിരക്ഷരതയില്‍ മാത്രമല്ല ഇ എം എസ് സ്റ്റാലിന്‍റെ ശിഷ്യനാവുന്നത്. നിര്‍ലജ്ജം വസ്തുതകളെ മറച്ചുവെയ്ക്കുന്നതിലും ഇദ്ദേഹം സ്റ്റാലിനെപ്പോലെയാണ്. ഒരു വിപ്ലവവാര്‍ഷിക വേളയില്‍ ട്രോട്സ്കിയെ വാഴ്ത്തിക്കൊണ്ട് സ്റ്റാലിന്‍ എഴുതിയ ലേഖനം പിന്നീട് ഒരിക്കലും പ്രസിദ്ധീകരിക്കാതെ മൂടിവെച്ച കാര്യം E H Carr എഴുതിയ സോവിയറ്റ് യൂനിയന്‍റെ ചരിത്രത്തില്‍ പറയുന്നുണ്ട്. എന്തിന്, ലെനിന്‍ ആമുഖമെഴുതിയ ജോണ്‍ റീഡിന്‍റെ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള്‍ എന്ന പുസ്തകം സോവിയറ്റ് യൂനിയനില്‍ നിരോധിച്ചാണല്ലോ സ്റ്റാലിന്‍ മാര്‍ക്സിസത്തെ സൈദ്ധാന്തികമായി പോഷിപ്പിച്ചത്. വിഷയം മാറിപ്പോവരുത്. ഇ എം എസിന്‍റെ സൈദ്ധാന്തിക നിലപാടുകളല്ല ഇവിടെ വിഷയം, വിവരക്കേടാണ്. പ്രബന്ധങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ് വീക്ഷണം സാഹിത്യത്തില്‍ എന്നൊരു മുഖവുരയുണ്ട്. അതിലിങ്ങനെ കാണാം.
1937-ല്‍ എഴുതിയ ഒരു ലേഖനത്തോടെയാണല്ലോ ഈ സമാഹാരം തുടങ്ങുന്നത്.അതെഴുതാനുള്ള പ്രേരണ വന്നത് ജീവത്സാഹിത്യപ്രസ്ഥാനത്തിനെതിരായി വന്ന ആരോപണങ്ങളില്‍നിന്നാണ്. അതിന് ആശയപരമായ പ്രചോദനം നല്കിയതാകട്ടെ, വിശ്വമഹാസാഹിത്യകാരനായിരുന്ന മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ലോക പുരോഗമന സാഹിത്യ സമ്മേളനത്തിന്‍റെ ആഹ്വാനമായിരുന്നു. ''സംസ്കാരനായകന്മാരേ, നിങ്ങള്‍ ഏതു ചേരിയില്‍?'' എന്ന ചോദ്യത്തോടെയാണ് ആ ആഹ്വാനം ഉപസംഹരിച്ചത്.


തുടര്‍ന്ന് ആഹ്വാനത്തെ ഇ എം എസ് വ്യാഖ്യാനിക്കുന്നു. അല്പം കഴിഞ്ഞ് വീണ്ടും:
1930-കളുടെ മധ്യഭാഗത്ത് ആഗോളമായി പ്രത്യക്ഷപ്പെട്ട രണ്ട് വിരുദ്ധ ശക്തികളെ ചൂണ്ടിക്കാണിച്ചാണ് ഗോര്ക്കി ലോകത്തിലെ സാംസ്കാരികനായകന്മാരോട് നിങ്ങള്‍ ഏതു ചേരിയില്‍ എന്നു ചോദിച്ചത്. അതിന്‍റെ [sic] തന്നെ ഇന്ത്യന്‍ രൂപമാണ് 1936-ല്‍ ലക്നൌവില്‍ വച്ചു രൂപംകൊണ്ട ഇന്ത്യന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്‍റെ ആശയപരമായ അടിത്തറ.
(വാക്യങ്ങള്‍ ചേര്‍ച്ചയോടെ കോര്‍ത്തെഴുതുന്ന വിദ്യ ഇ എം എസ്സിന് അന്യമാണ്. അച്ചട്ടായി എഴുതാനറിയില്ല എന്നേ ഗോവിന്ദപ്പിള്ള പറഞ്ഞുള്ളൂ. എഴുതാനേ അറിയില്ല എന്നതാണ് വാസ്തവം. ക്ഷമിക്കേണ്ടതാണ്, ഔപചാരിക വിദ്യാഭ്യാസം കമ്മിയായിരുന്നല്ലോ.)ചുരുക്കത്തില്‍ പു ക സ യുടെപോലും അടിവേരു നീളുന്നത് ഈ സമ്മേളനത്തിലേക്കും അവിടെ ഗോര്‍ക്കി നടത്തിയ ആഹ്വാനത്തിലേക്കുമാണ് ഈ ആഹ്വാനത്തെപ്പറ്റി ഇവിടെ മുഖവുരയില്‍ മാത്രമല്ല പറഞ്ഞത് വേറെയിടത്തും കണ്ടു. 1981-ല്‍ നടത്തിയ ഒരു പ്രസംഗം മാര്‍ക്സിസവും സൌന്ദര്യശാസ്ത്രവും എന്ന പേരില്‍ (പ്രബന്ധങ്ങള്‍,194- 202) കാണുന്നുണ്ട്. അതില്‍ ഇങ്ങനെ പറയുന്നു.
മറ്റ് സാംസ്കാരിക നായകന്മാരോടൊപ്പം ഗോര്‍ക്കിയും ലളിതവും ഋജുവുമായ ഒരു ചോദ്യം ചോദിക്കുന്നു. "ലോകത്തെമ്പാടുമുള്ള സാംസ്കാരി നായകന്മാരേ, നിങ്ങള്‍ ആരുടെ ഭാഗത്താണ്? മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ഒരു പുതിയ സാംസ്കാരിക പ്രസ്ഥാനത്തിന്‍റെ തുടക്കം കുറിച്ചു ഇത്.


ഇനി മറ്റൊരിടത്ത് ഇങ്ങനെ കാണുന്നു:
സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്‍റെ ഓര്‍മ്മ പോകുന്നത് 1930-കളുടെ അവസാന വര്‍ഷങ്ങളിലേക്കാണ്. അന്നാണ് കേരളത്തില്‍ ഒരു ജീവല്‍ സാഹിത്യസംഘടന രുപം കൊണ്ടത്.ഈ ജീവല്‍ സാഹിത്യസംഘടന അഖിലേന്ത്യാതലത്തിലുള്ള പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍റെ ഭാഗമായിട്ടാണ് ഇവിടെ രൂപം കൊണ്ടത്. ആ അഖിലേന്ത്യാതലത്തിലുള്ള പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനുതന്നെ ആവേശം കിട്ടിയത് മൊസ്കോവില്‍വെച്ച് മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ഒരു സമ്മേളനത്തിന്‍റെ അഭ്യര്‍ത്ഥനയാണ്. ആ അഭ്യര്‍ത്ഥനയില്‍ ഗോര്‍ക്കി ചോദിച്ചു: "സാംസ്കാരിക നായകന്‍മാരേ, നിങ്ങള്‍ ഏത് ചേരിയിലാണ്? നിങ്ങള്‍ സമാധാനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ചേരിയിലോ അതോ യുദ്ധത്തിന്‍റെയും ഫാസിസത്തിന്‍റെയും ചേരിയിലോ" (സംസ്കാരം, സാഹിത്യം, രാഷ്ട്രീയം, പ്രബന്ധങ്ങള്‍, 287)


കൊള്ളാം. ഇപ്പോള്‍ സമ്മേളനം മോസ്കോവിലായി. ഗോര്‍ക്കിയെ ഉദ്ധരിച്ചിരിക്കയാണ്. 1934-ല്‍ സോവിയറ്റ് യൂനിയനില്‍ നടന്ന സോവിയറ്റ് റൈറ്റേര്‍സ് കോണ്‍ഗ്രസ്സാണ് ഉദ്ദേശിച്ചതെങ്കില്‍ അവിടെ ഗോര്‍ക്കി നടത്തിയ പ്രസംഗം ഇവിടെ കാണാം. അതില്‍ ഇങ്ങനെ അഭ്യര്‍ത്ഥനയൊന്നുമില്ല.
മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ലോക പുരോഗമന സാഹിത്യ സമ്മേളനം? അങ്ങനെയൊന്നു നടന്നിട്ടുണ്ടെങ്കിലല്ലേ? 1935-ല്‍ പാരിസില്‍ നടന്ന International Writers' Conference for the Defense of Culture ആണുദ്ദേശിക്കുന്നതെങ്കില്‍ അതില്‍ ഗോര്‍ക്കി പങ്കെടുത്തിട്ടില്ല. അതില്‍ പങ്കെടുത്ത പ്രമുഖരെ ഇവിടെ കാണാം. (ഇതില്‍ ഗോര്‍ക്കി പങ്കെടുത്തെന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ എങ്ങനെയോ ഒരു ധാരണവന്നിട്ടുണ്ട്. കവി സച്ചിദാനന്ദന്‍ Frontline മാഗസിനിലെഴുതിയ ഒരു ലേഖനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് തിരക്കിയപ്പോള്‍ ആ ധാരണയുടെ ഉറവിടം മുല്‍ക്ക്‌രാജ് ആനന്ദിന്‍റെ ഒരു ഓര്‍മ്മപ്പിശകാണെന്നാണ് അദ്ദേഹം നല്കുന്ന സൂചന.) Masters of culture, on whose side you are? എന്ന ഗോര്‍ക്കിയുടെ ചോദ്യം പ്രസിദ്ധമാണ്. അതു പക്ഷേ, പാരിസിലോ മറ്റെവിടെയെങ്കിലുമോ നടന്ന ഏതെങ്കിലും സമ്മേളനത്തിലെ ആഹ്വാനമല്ല. 1932-ല്‍ പ്രസിദ്ധീകരിച്ച ഗോര്‍ക്കിയുടെ ഒരു ലേഖനമാണത്. അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായി ആണ് അതെഴുതിയിരിക്കുന്നത്. ചാര്‍ലി ചാപ്ലിനെയും ജാസ് സംഗീതത്തെയുമൊക്കെ നിന്ദിക്കുന്ന ഈ ലേഖനം മഞ്ഞച്ചെകുത്താന്‍റെ നഗരം എന്ന പേരിലൊരു പുസ്തകത്തിലുള്‍പ്പെടുത്തി റാദുഗ പബ്ലിഷേര്‍സ് മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടക്കാത്ത സമ്മേളനത്തില്‍ പോവാത്ത ആളുടെ നടത്താത്ത ആഹ്വാനത്തിനുമേല്‍ ഇ എം എസ് എന്തൊക്കെ ചരിത്രമാണ് കെട്ടിപ്പൊക്കുന്നത്! മാക്സിം ഗോര്‍ക്കിയെപ്പറ്റി ഇ എം എസിനുള്ള ധാരണ വിചിത്രമാണ്. അതിനെപ്പറ്റി കുറച്ചേറെ പറയാനുള്ളതുകൊണ്ട് അത് വേറൊരു പോസ്റ്റില്‍ പറയാം.
ടോള്‍സ്റ്റോയിയെപ്പറ്റിയോ? പുസ്തകം വായിച്ചാല്‍ നമ്പൂതിരിപ്പാടിന് മനസ്സിലാവില്ലെന്നതിന് നല്ല ഉദാഹരണമാണ് ടോള്‍സ്റ്റോയിയെപ്പറ്റിയുള്ള ഇദ്ദേഹത്തിന്‍റെ ജല്പനങ്ങള്‍.അതിങ്ങനെയൊക്കെ പോകുന്നു:
ആശയപരമായി നോക്കിയാല്‍, വര്‍ഗബന്ധത്തിന്‍റെ ദൃഷ്ടിയില്‍ നോക്കിയാല്‍, ടോള്‍സ്റ്റോയി ഒരു പിന്തിരിപ്പനായിരുന്നു. വിപ്ലവവിരുദ്ധനായിരുന്നു. (പ്രബന്ധങ്ങള്‍, 290)
ഈ വങ്കത്തരമൊന്നും ഉദ്ധരിച്ചു സമയം കളയാന്‍ വയ്യാത്തതുകൊണ്ടും അതിന്‍റെ നര്‍മ്മം ശരിക്കാസ്വദിക്കണമെങ്കില്‍ ആ ഭാഗം പൂര്‍ണ്ണമായി വായിക്കണമെന്നതുകൊണ്ടും ആ പേജ് ഇവിടെ കൊടുക്കുന്നു.



ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവല്‍ അത്യുജ്വലമാണ്. അദ്ദേഹമൊരു ഫ്യൂഡല്‍വര്‍ഗത്തിന്‍റെ പ്രതിനിധിയാണ്. ഫ്യൂഡല്‍ ബന്ധത്തിന്‍റേതായ ആശയങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ സങ്കല്‍പങ്ങള്‍, സ്വപ്നങ്ങള്‍, മുതലായതെല്ലാം ഫ്യൂഡല്‍ വര്‍ഗ്ഗത്തിന്‍െതായിരുന്നു. പക്ഷേ, അദ്ദേഹം യുദ്ധവും സമാധാനവും എന്ന ആ ബൃഹദ്ഗ്രന്ഥം -നോവല്‍- എഴുതിയപ്പോള്‍ അതില്‍ വന്നത് റഷ്യന്‍സമൂഹമാണ്. റഷ്യന്‍ സമൂഹത്തിനകത്ത് വളര്‍ന്നുകൊണ്ടിരുന്ന വിപ്ലവശക്തികളാണ്. അതുകൊണ്ടാകണം ലെനിന്‍ ടോള്‍സ്റ്റോയിയുടെ നോവലുകളെ "റഷ്യന്‍ വിപ്ലവത്തിന്‍റെ കണ്ണാടി" എന്നു വിളിച്ചത്. (പ്രബന്ധങ്ങള്‍, 300)


ടോള്‍സ്റ്റോയിയും അദ്ദേഹത്തിന്‍റെ യുദ്ധവും സമാധാനവും അന്നു ഞങ്ങള്‍ വായിച്ചിരുന്നില്ല. പിന്നീട് വായിച്ചു. അപ്പോള്‍ കാണാന്‍ കഴിഞ്ഞു, റഷ്യന്‍ സമൂഹത്തെ കാര്‍ന്നുകൊണ്ടിരിക്കുന്ന ഫ്യൂഡല്‍ സമൂഹത്തെ ടോള്‍സ്റ്റോയി സത്യസന്ധമായി കണ്ടു- ആ ഫ്യൂഡല്‍ സമൂഹത്തിനകത്ത് വളര്‍ന്നുവരുന്ന വിപ്ലവശക്തികളെ വളരെ വ്യക്തമായി വിവരിക്കാനൊന്നും ടോള്‍സ്റ്റോയിക്ക് കഴിഞ്ഞിട്ടില്ലെന്നത് നേരാണ്. പക്ഷേ, ആ സമൂഹത്തിന്‍റെ തകര്‍ച്ച അദ്ദേഹം കണ്ടു. അതിനാല്‍ അദ്ദേഹത്തിന്‍റെ നോവല്‍ ഒരു വിശ്വപ്രശസ്ത സാഹിത്യകൃതിയായി തീര്‍ന്നു. (പ്രബന്ധങ്ങള്‍, 302)


ലെനിന്‍റെ കണ്ണാടി പ്രയോഗമാണ് ഈ ഫ്യൂഡല്‍ പിന്തിരിപ്പന്‍ മൂരാച്ചിയില്‍ ഇ എം എസ്സിനു താത്പര്യം വരാനുള്ള കാരണം. അന്നു ഞങ്ങള്‍ വായിച്ചിരുന്നില്ല, പിന്നെ വായിച്ചു എന്നതില്‍ ചിരിക്കാനുള്ള കോളുണ്ട്. പിന്നീടായിരിക്കും ഈ ഞങ്ങള്‍ അതു കണ്ണാടിയാണെന്നു മനസ്സിലാക്കിയത്. ഇവിടെ ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറഞ്ഞ കാര്യം ആവര്‍ത്തിക്കാന്‍ മാത്രമേ ഈ വിനയവാന്‍ ഉദ്ദേശിച്ചുള്ളൂ. പക്ഷേ വിവരമില്ലാത്തതുകൊണ്ട് പുസ്തകം വായിച്ചാല്‍ പോലും മനസ്സിലാവാത്തതുകൊണ്ട് പറഞ്ഞതൊന്നും ലെനിന്‍ പറഞ്ഞ കാര്യങ്ങളായില്ലെന്നു മാത്രം.
ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറയുന്നത് ലെനിന്‍ തന്നെ സംക്ഷേപിച്ചത് ഇങ്ങനെ:
Tolstoy is original, because the sum total of his views, taken as a whole, happens to express the specific features of our revolution as a peasant bourgeois revolution. From this point of view, the contradictions in Tolstoy’s views are indeed a mirror of those contradictory conditions in which the peasantry had to play their historical part in our revolution.


ഈ ലേഖനം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ ക്കാണാം.
ബൂര്‍ഷ്വാ വിപ്ലവമെന്നു കമ്യൂണിസ്റ്റുകാര്‍ പറയുന്ന സംഗതിയുടെ പ്രതിനിധിയാണ് ലെനിന്‍റെ ദൃഷ്ടിയില്‍ ഇ എം എസ്സിന്‍റെ ഈ ഫ്യൂഡല്‍ മൂരാച്ചി. Landlord എന്നു ലെനിന്‍ പരിഹാസത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. അതിനര്‍ത്ഥം ടോള്‍സ്റ്റോയ് ഫ്യൂഡല്‍ പിന്തിരിപ്പനാണെന്നാണ് ലെനിന്‍ പറഞ്ഞത് എന്നു മനസ്സിലാക്കണമെങ്കില്‍ ഇ എം എസ്സിനോളം വിവരക്കേടു വേണം. അപ്പോള്‍ പിന്നെ മുതലാളിയായ ഫ്രെഡെറിഹ് ഏംഗല്‍സോ?
ലെനിന്‍ തുടരുന്നു:
On the one hand, centuries of feudal oppression and decades of accelerated post-Reform pauperisation piled up mountains of hate, resentment, and desperate determination. The striving to sweep away completely the official church, the landlords and the landlord government, to destroy all the old forms and ways of landownership, to clear the land, to replace the police-class state by a community of free and equal small peasants—this striving is the keynote of every historical step the peasantry has taken in our revolution; and, undoubtedly, the message of Tolstoy’s writings conforms to this peasant striving far more than it does to abstract “Christian Anarchism”, as his “system” of views is sometimes appraised.


ലെനിന്‍റെ കണ്ണില്‍ ഇത്രയ്ക്കൊക്കെ വിപ്ലവകരമായ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ടോള്‍സ്റ്റോയുടെ വീക്ഷണം. ഇതാണ് ഇ എം എസ്സിന് ഫ്യൂഡല്‍ പിന്തിരിപ്പന്‍ വീക്ഷണമാവുന്നത്!
(ഈ ബ്ലോഗര്‍ക്ക് ലെനിന്‍റെ വീക്ഷണത്തോടു താത്പര്യമില്ല. മാര്‍ക്സിസ്റ്റു സാഹിത്യത്തില്‍ വിവരമില്ലാത്ത ഇ എം എസ്സിന് ലെനിന്‍റെ ഒരു ലഘുവായ ലേഖനം പോലും മനസ്സിലാക്കാനുള്ള ബൌദ്ധിക നിലവാരമില്ലെന്നു കാണിക്കാനാണ് ലെനിന്‍ ഉദ്ദേശിച്ച അര്ത്ഥത്തെപ്പറ്റി പറഞ്ഞത്.)
(തുടരും)
തിരുത്ത്
ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ച തിരുത്ത്. സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കു തിരിച്ചുപോവുന്നത് മുതലാളിത്തില്‍നിന്ന് ഫ്യൂഡലിസത്തിലേക്കു തിരിച്ചുപോവുന്നതിനോടല്ല ഗുരുവചനത്തില്‍ താരതമ്യപ്പെടുത്തിയത്. മനുഷ്യന് കുരങ്ങാവാന്‍ പറ്റാത്തതുപോലെ എന്നായിരുന്നു മൊഴി.

തന്നെക്കൊണ്ടെന്തു പ്രയോജനം എഡിറ്ററേ?

മുണ്ടശ്ശേരി കൃതികള്‍ വാല്യം 2 കൌതുകത്തിന് കയ്യിലെടുത്തു. കറന്‍റ് ബുക്സ്, തൃശൂര്‍, 1981 എഡിഷന്‍, 2004 പതിപ്പ്. എഡിറ്ററന്‍ ഒരു എം. തോമസ് മാത്യു. ഒറ്റ ലേഖനത്തിനൊപ്പവും എഴുതിയ/പ്രസിദ്ധീകരിച്ച വര്‍ഷമില്ല. ഇന്‍ഡെക്സ് ഏതായാലും ഇല്ല. ലൈബ്രറിയിലെ പുസ്തകത്തില്‍ ഒരു ചെറ്റ നടത്തിയിരിക്കുന്ന ഈ എഡിറ്റിങ് കാണുക. ഇവനൊക്കെയായിരിക്കും നാളത്തെ എഡിറ്റര്‍.