കടലാസു വിജ്ഞാനകോശമല്ലാത്ത മലയാളം വിക്കിപീഡിയയുമായി നേരിട്ടു ബന്ധമില്ലെങ്കിലും...
printer's error അഥവാ അച്ചുപിഴ എന്ന അര്‍ത്ഥത്തില്‍ കാലം കുറെയായി മലയാളത്തില്‍ (പാണ്ഡിത്യപ്രദര്‍ശനമുള്ള എഴുത്തു മലയാളത്തില്‍) ഉപയോഗിച്ചുവരുന്ന പ്രയോഗമാണ് അച്ചടിപ്പിശാച്. ഇത് എങ്ങനെ വന്നു എന്നത് വലിയ ഗവേഷണമൊന്നും കൂടാതെ വ്യക്തമാവുന്ന കാര്യമാണ്. വിവരക്കേടില്‍നിന്നാണ് ഈ പദത്തിന്റെ വരവ്. printer's devil എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ നേര്‍മലയാളമാണ് അച്ചടിപ്പിശാച്. കുഴപ്പം ഇത്രയേയുള്ളൂ, printer's devil -ന് ഇംഗ്ലീഷില്‍ അച്ചുപിഴ എന്ന് അര്‍ത്ഥമില്ല. അതിനര്‍ത്ഥം അച്ചടിശാലയില്‍ പ്രിന്റെറുടെ സഹായിയായി നില്‍ക്കുന്ന ബാലന്‍ എന്നാണ്. പണ്ടത്തെ കാര്യമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള printer's shop-ഉം അവിടെ printer's devil-ഉം ഒന്നുമില്ല.
ഇന്‍ഡ്യന്‍ ഇംഗ്ലീഷില്‍ പലപ്പോഴും ഇത് അച്ചുപിഴ എന്ന അര്‍ത്ഥത്തില്‍ തെറ്റായി ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ഒരു വിജ്ഞാനകോശത്തില്‍ (തെറ്റുകള്‍ മാത്രമുള്ള മലയാളം ബ്രിട്ടാനിക്കയിലല്ല) തെറ്റുകളുണ്ടെന്നു പറഞ്ഞ് ഒരാള്‍ ഉപഭോക്തൃകോടതിയില്‍ കേസുകൊടുത്തപ്പോള്‍ അയാള്‍ക്ക് അനുകൂലമായി തൃശ്ശൂരിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പുറപ്പെടുവിച്ച വിധിയില്‍പ്പോലും ഈ തെറ്റ് ഉണ്ട്. അബദ്ധം വഴിക്കാണെങ്കിലും മലയാളത്തിനു പുതിയൊരു പ്രയോഗം കിട്ടിയല്ലോ എന്നും കരുതാം. (അച്ച് എന്നതിനു തന്നെ പിശാച് എന്നര്‍ത്ഥമുണ്ടെന്ന് ശബ്ദതാരാവലി പറയുന്നു. തമിഴിലെ അചറു എന്ന പദത്തില്‍നിന്നാണ് അതിന്‍റെ നിഷ്പത്തിയെന്നും.)