Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

24 Sept 2009

ഇ എം എസ്സും കോപ്പും (ഒന്ന്)

 If Malayalam doesn't display properly on your screen download the text of this post as a pdf file from here.

(ഇത് ബൂര്‍ഷ്വാ പ്രൊപ്പഗന്‍ഡയാണ്. അരസികനായ ഒരു പരേതനെപ്പറ്റി വിരസമായ ഒരു കുറിപ്പ്.)
തന്‍റെ കോപ്പിനെപ്പറ്റി ഇ എം എസ്സു തന്നെ പറഞ്ഞിട്ടുണ്ട്.
[...] എന്നെപ്പറ്റി ചില വിശിഷ്ട സാഹിത്യകാരന്മാര്‍ പറയുന്നത് 'സാഹിത്യവിഷയങ്ങളൊന്നും കൈകാര്യം ചെയ്യാനുള്ള 'കോപ്പ്' ഇ എം എസിനില്ല' എന്നാണ്. അത് ഞാന്‍ സമ്മതിക്കുന്നു. അതേ അവസരത്തില്‍ അവര്‍ക്കില്ലാത്ത ഒരു 'കോപ്പ്' എനിക്കുണ്ട്. ആ കോപ്പെന്താണ്? ഈ നാട്ടിലെ ജനങ്ങളുമായിട്ടുള്ള അടുപ്പം. ഈ നാട്ടില്‍ മാത്രമല്ല ലോകത്താകെയുള്ള മാര്‍ക്സിസ്റ്റ് സിദ്ധാന്തവുമായുള്ള അടുപ്പം- ഈ രണ്ടുംകൊണ്ട് അവര്‍ക്കില്ലാത്ത 'കോപ്പ്' എനിക്കുണ്ടായിട്ടുണ്ട്. ഈ 'കോപ്പ്' കാണാനവര്‍ക്കു കഴിയുന്നില്ല.
(ഇ എം എസിന്‍റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, ഡി സി ബുക്സ്, 1996, p 268)


ഇതില്‍ ആദ്യത്തെ കോപ്പിനെപ്പറ്റി എനിക്കൊന്നും പറയാനില്ല. രണ്ടാമത്തെ കോപ്പിനെപ്പറ്റി ഗഡുക്കളായി ചിലതു പറയാനുദ്ദേശിക്കുന്നു. കുറച്ചുകാലം കമ്യൂണിസ്റ്റ് എന്നു പറയുന്ന ഒരു പാര്‍ട്ടിക്കാരനായിട്ടുണ്ടെങ്കിലും പതിന്നേഴു വയസ്സുമുതലുള്ള ഒരഞ്ചുകൊല്ലം (പതിനഞ്ചുകൊല്ലത്തിനപ്പുറം) മാര്‍ക്സിസ്റ്റ് സാഹിത്യം കാര്യമായി വായിച്ചിട്ടുണ്ടെങ്കിലും ഇ എം എസ്സിന്‍റെ രചനകളൊന്നും ഇക്കാലംവരെ വായിച്ചിട്ടില്ല ഞാന്‍. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ഇ എം എസ് അരുന്ധതി റോയിയെപ്പറ്റി പറഞ്ഞ ചില അഭിപ്രായങ്ങള്‍ rediff.com റിപോര്‍ടു ചെയ്തതു വായിച്ചപ്പോഴാണ് ഇദ്ദേഹത്തെ ഒന്നു വായിച്ചുനോക്കാന്‍ ആദ്യമായി താത്പര്യം തോന്നിയത്. പിന്നീട് രണ്ടു പുസ്തകങ്ങള്‍ കൈയ്യില്‍ കിട്ടി. ഒന്നു മേലുദ്ധരിച്ച തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍. പിന്നെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളും (ഇ.എം.എസ് നമ്പൂതിരിപ്പാട്, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി,first edition 1990, reprint 1998). ആദ്യത്തേത് വിവിധ വിഷയങ്ങളിലുള്ള പ്രസംഗങ്ങളും രണ്ടാമത്തേത് സാഹിത്യസംബന്ധിയായ ലേഖനങ്ങളും. അവിടെയിവിടെയായി വായിച്ചുതുടങ്ങിയപ്പോള്‍ മനസ്സിലായത് ഇ എം എസ് അത്ഭുതപ്രതിഭാസമാണെന്നാണ്. ഇ എം എസ്സിന്‍റെ വൈരുദ്ധ്യവാദം ജീവിച്ചിരിക്കെതന്നെ പ്രശസ്തമായിരുന്നല്ലോ. അതു സംബന്ധിച്ച് ചിലരൊക്കെ എഴുതിയ ലേഖനങ്ങളും മറ്റും കണ്ടിട്ടുണ്ട്. മറിച്ചും തിരിച്ചും പറഞ്ഞ് ആഗോള ഡയലക്റ്റിഷ്യന്‍ എന്നു വരെ പേരു സിദ്ധിച്ച ഈ രാഷ്ട്രീയക്കാരനെ പത്രം വായിക്കുന്ന ആര്‍ക്കും അറിയാമായിരുന്നു. അതേ സമയം മാര്‍ക്സിസത്തെപ്പറ്റി ഇദ്ദേഹത്തിനുള്ള അഗാധ പാണ്ഡിത്യവും പ്രശസ്തമായിരുന്നു. മൂലധനം ഇന്ന അദ്ധ്യാത്തില്‍ ഇന്ന ഖണ്ഡിക എന്നു പറയാവുന്ന വിധത്തില് മനഃപാഠമായിരുന്നു അദ്ദേഹത്തിന് എന്നൊക്കെ കേട്ടിട്ടുണ്ട്. കേട്ടതൊന്നുമേ സത്യമല്ലെന്ന് കണ്ടറിഞ്ഞപ്പോഴുണ്ടായ അത്ഭുതമാണ് ഈ ഉദ്യമത്തിനു കാരണം. ഇ എം എസ്സിന്‍റെ സൈദ്ധാന്തിക പാരമ്പര്യവും പേറി നടക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഈ പാര്‍ട്ടിയുടെയും വിശേഷിച്ച് അതിന്‍റെ നേതാവിന്‍റെയും ദാസന്മാരായ ധാരാളം ബുദ്ധിവ്യായാമക്കാരും ആണ് ഇപ്പോഴും കേരളത്തിലെ ആശയരംഗത്തെ പ്രബലശക്തി എന്നതിനാല്‍ ഈ ശ്രമത്തിനു കുറച്ചൊക്കെ പ്രസക്തിയുമുണ്ട്. കാര്യം ആദ്യമേ പറയാം. ഇ എം എസ്സിനു വിവരമില്ലായിരുന്നു. എന്നു വെച്ചാല്‍ മണ്ണും ചാണവും തിരിച്ചറിയാനുള്ള വിവരമില്ലായിരുന്നു. വിവരമില്ല എന്നു പറയുമ്പോള്‍ ഇ എം എസ്സിന് പ്രപഞ്ചോത്പത്തിവിജ്ഞാനം ഇല്ലെന്നോ നാനോസയന്‍സ് അറിയില്ലെന്നോ അല്ല പറയുന്നത്. ഇ എം എസ് എന്ന മഹാ മാര്‍ക്സിസ്റ്റ് ദാര്‍ശനികന് പരമ്പരാഗത മാര്‍ക്സിസത്തിന്‍റെ (ഇ എം എസ് പിന്തുടര്‍ന്ന തരം) പ്രഥമ പാഠങ്ങളായ കൃതികളില്‍ അറിവോ പലപ്പോഴും ഗ്രന്ഥകര്‍ത്താക്കളെ പരിചയം പോലുമോ ഇല്ലായിരുന്നു. എപ്പോഴോ എവിടെനിന്നോ കിട്ടിയ കണ്ടംമുറി വിജ്ഞാനവിവരക്കേട് ദശകങ്ങള്‍ കൊണ്ടു നടന്ന് നൂറ്റൊന്ന് ആവര്‍ത്തിച്ച ഇദ്ദേഹത്തെയാണ് മാര്‍ക്സിസ്റ്റ് ചിന്തകനായി കേരളം കൊണ്ടാടിയത്. പുസ്തകം വായിക്കാനും എഴുതാനും അറിയാവുന്ന ഇടതുപക്ഷക്കാരെ അവിടെയുമിവിടെയുമൊക്കെ കണ്ടിട്ടുണ്ട്. കെ. ദാമോദരന്‍, പി. ഗോവിന്ദപ്പിള്ള എന്നിവര്‍ ഉദാഹരണം. അവര്‍ക്കിടയിലാണ് മാര്‍ക്സിസത്തെപ്പറ്റി നിരക്ഷരനായ ഇ എം എസ് ആരിലും മീതെ ഉയര്‍ന്നു നില്ക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആദ്യമായല്ല ഇത്തരം സിദ്ധാന്തനിരക്ഷരര്‍ 'മേധാ'വിത്വം സ്ഥാപിച്ചു കാണുന്നത്. സ്റ്റാലിനാണ് ഇതില്‍ ഏറ്റവും കേമന്‍. സോവിയറ്റ് യൂനിയനില്‍ പ്രസിദ്ധീകൃതമായിരുന്ന എല്ലാ കൃതികളും വായിച്ചു കാണും ഇദ്ദേഹം എന്ന് സി പി സ്നോ എഴുതിയിട്ടുണ്ട്. അത്രയും വിപുലമായി വായിച്ചയാളാണെങ്കിലും ഇത്ര അരസികനായ എഴുത്തുകാരനും പ്രഭാഷകനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ കാണാനിടയില്ല. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍ ഇദ്ദേഹത്തിന്‍റെ പങ്ക് ഡയലെക്റ്റിക്സിന്‍റെ അടിസ്ഥാനപ്രമാണമായി ഏംഗല്‍സും ശിഷ്യന്മാരും പറഞ്ഞ negation of negation എന്ന തത്ത്വത്തെ വിട്ടുകളഞ്ഞു എന്നതാണെന്ന് അല്‍ത്തൂസര്‍ പരിഹസിച്ചിട്ടുണ്ട്. negation of negation അംഗീകരിക്കയാണെങ്കില്‍ മുതലാളിത്തത്തെ നിഷേധിച്ചുവന്ന സോഷ്യലിസം വീണ്ടും മുതലാളിത്തംകൊണ്ടു നിഷേധിക്കപ്പെടുമെന്നു വരുമല്ലോ എന്നോര്‍ത്താണ് സ്റ്റാലിന്‍ ഇപ്രകാരം വിട്ടുകളഞ്ഞതെന്നും അല്‍ത്തൂസര്‍ കളിയാക്കുന്നുണ്ട്. സ്റ്റാലിന്‍റെ ശരിയായ ശിഷ്യനാണ് ഇ എം എസ് എന്നു പറയാവുന്നതാണ്. (മുതലാളിത്തത്തിനു ഫ്യൂഡലിസത്തിലേക്കു തിരിച്ചുപോവാന്‍ പറ്റാത്തതുപോലെ സോഷ്യലിസത്തില്‍നിന്നു മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്ക് അസാദ്ധ്യമാണെന്ന് ഗോര്‍ബച്ചേവ് ആണിക്കല്ല് തോണ്ടുന്ന സമയത്തും ഇ എം എസ് സിദ്ധാന്തിച്ചത് ഓര്‍ക്കുക.) സ്റ്റാലിന്‍റെ രചനാശൈലിയെ ഇ എം എസ് വാനോളം പുകഴ്ത്തുന്നുണ്ട് സ്റ്റാലിനെ വിലയിരുത്തുമ്പോള്‍ എന്ന പേരില്‍ പ്രസംഗസമാഹാരത്തില്‍ കാണുന്ന പ്രഭാഷണത്തില്‍.
[...] എന്താണ് ലെനിനിസം എന്ന് പഠിപ്പിക്കുന്നതിനുവേണ്ടി സ്റ്റാലിന്‍ തയ്യാറാക്കിയ വളരെ ലളിതവും എന്നാല്‍ പ്രൌഢവുമായ ഒരു പ്രസംഗപരമ്പരയുണ്ട്. അതാണ് ഫൌണ്ടേഷന്‍ ഓഫ് ലെനിനിസം [...]. സഖാവ് സ്റ്റാലിന്‍റെ ഗ്രന്ഥങ്ങള്‍ക്കും ലേഖനങ്ങള്‍ക്കുമെല്ലാം തനതായ ഒരു സവിശേഷതയുണ്ട്. ഇത്ര ചുരുക്കത്തില്‍ ഇത്ര ലളിതമായി കാര്യങ്ങള്‍ പറഞ്ഞുപോവുക സ്റ്റാലിന്‍റെ ഒരു സവിശേഷതയാണ്.


1979-ല്‍ ഇ എം എസ് ചെയ്ത പ്രസംഗമാണ് 'സ്റ്റാലിനെ വിലയിരുത്തുമ്പോള്‍' എന്ന പേരില്‍ കാണുന്നത് (പ്രസംഗങ്ങള്‍, 113-131) സ്റ്റാലിനെ വിലയിരുത്തി പ്രസംഗിക്കാന്‍ പോവുമ്പോള്‍ സോവിയറ്റ് യൂനിയന്‍റെയും സ്റ്റാലിന്‍റെയും ചരിത്രമൊന്ന് പരിശോധിച്ചിട്ടു പോവാന്‍ ഇദ്ദേഹത്തിനാവില്ല. അതുകൊണ്ട് ഇങ്ങനെയൊരു മണ്ടത്തരം അതില്‍ക്കാണാം.
അദ്ദേഹം സോവിയറ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത് ലെനിന്‍ മരിച്ചതുമുതല്‍ക്കാണ്. (പ്രസംഗങ്ങള്‍, 115)


ഇതാണ് ഇ എം എസിന്‍റെ കമ്യൂണിസ്റ്റ് വിജ്ഞാനം! ലെനിന്‍ മരിച്ചത് 1924ലും സ്റ്റാലിന്‍ സെക്രട്ടറിയായത് 1922ലുമാണെന്ന് ഏതാണ്ട് അക്കാലം മുതലേ കമ്യൂണിസ്റ്റ് നേതാവായ ഇ എം എസിന് അറിഞ്ഞുകൂടാ. ഈ പ്രഭാഷണം എഴുതിതയ്യാറാക്കി വായിച്ചതാണെന്നു വേണം കരുതാന്‍. കാരണം അതില്‍ ലെനിന്‍റെ ഒസ്യത്തില്‍നിന്നുള്ള അത്ര ചെറുതല്ലാത്ത ഒരുദ്ധരണി കാണുന്നുണ്ട്. സ്റ്റാലിനെ സംബന്ധിക്കുന്ന ഭാഗമാണ് ഇ എം എസ് ഉദ്ധരിക്കുന്നത്. ലെനിന്‍റെ വില്‍പ്പത്രം വായിക്കുന്ന ആര്‍ക്കും ഏറ്റവും ശ്രദ്ധേയമായി തോന്നുന്ന കാര്യം സ്റ്റാലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശമാണ്.
Stalin is too rude and this defect, although quite tolerable in our midst and in dealing among us Communists, becomes intolerable in a Secretary-General. That is why I suggest that the comrades think about a way of removing Stalin from that post and appointing another man in his stead who in all other respects differs from Comrade Stalin in having only one advantage, namely, that of being more tolerant, more loyal, more polite and more considerate to the comrades, less capricious, etc.


ലെനിന്‍റെ വില്‍പ്പത്രത്തില്‍നിന്ന് ഉദ്ധരിക്കുകയും അതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഈ സ്റ്റാലിനിസ്റ്റ് പക്ഷേ ആ ഭാഗം വിട്ടുകളഞ്ഞു! ഇങ്ങനെയിങ്ങനെയൊക്കെയുള്ള ദോഷങ്ങളുണ്ടെങ്കിലും അതിനെയെല്ലാം കവച്ചുവെയ്ക്കുന്ന ഇന്നിന്ന ഗുണങ്ങളുണ്ടെന്നു പറഞ്ഞാല്‍ കാര്യം എളുപ്പമായല്ലോ. അപ്പോള്‍ സിദ്ധാന്തനിരക്ഷരതയില്‍ മാത്രമല്ല ഇ എം എസ് സ്റ്റാലിന്‍റെ ശിഷ്യനാവുന്നത്. നിര്‍ലജ്ജം വസ്തുതകളെ മറച്ചുവെയ്ക്കുന്നതിലും ഇദ്ദേഹം സ്റ്റാലിനെപ്പോലെയാണ്. ഒരു വിപ്ലവവാര്‍ഷിക വേളയില്‍ ട്രോട്സ്കിയെ വാഴ്ത്തിക്കൊണ്ട് സ്റ്റാലിന്‍ എഴുതിയ ലേഖനം പിന്നീട് ഒരിക്കലും പ്രസിദ്ധീകരിക്കാതെ മൂടിവെച്ച കാര്യം E H Carr എഴുതിയ സോവിയറ്റ് യൂനിയന്‍റെ ചരിത്രത്തില്‍ പറയുന്നുണ്ട്. എന്തിന്, ലെനിന്‍ ആമുഖമെഴുതിയ ജോണ്‍ റീഡിന്‍റെ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള്‍ എന്ന പുസ്തകം സോവിയറ്റ് യൂനിയനില്‍ നിരോധിച്ചാണല്ലോ സ്റ്റാലിന്‍ മാര്‍ക്സിസത്തെ സൈദ്ധാന്തികമായി പോഷിപ്പിച്ചത്. വിഷയം മാറിപ്പോവരുത്. ഇ എം എസിന്‍റെ സൈദ്ധാന്തിക നിലപാടുകളല്ല ഇവിടെ വിഷയം, വിവരക്കേടാണ്. പ്രബന്ധങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ് വീക്ഷണം സാഹിത്യത്തില്‍ എന്നൊരു മുഖവുരയുണ്ട്. അതിലിങ്ങനെ കാണാം.
1937-ല്‍ എഴുതിയ ഒരു ലേഖനത്തോടെയാണല്ലോ ഈ സമാഹാരം തുടങ്ങുന്നത്.അതെഴുതാനുള്ള പ്രേരണ വന്നത് ജീവത്സാഹിത്യപ്രസ്ഥാനത്തിനെതിരായി വന്ന ആരോപണങ്ങളില്‍നിന്നാണ്. അതിന് ആശയപരമായ പ്രചോദനം നല്കിയതാകട്ടെ, വിശ്വമഹാസാഹിത്യകാരനായിരുന്ന മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ലോക പുരോഗമന സാഹിത്യ സമ്മേളനത്തിന്‍റെ ആഹ്വാനമായിരുന്നു. ''സംസ്കാരനായകന്മാരേ, നിങ്ങള്‍ ഏതു ചേരിയില്‍?'' എന്ന ചോദ്യത്തോടെയാണ് ആ ആഹ്വാനം ഉപസംഹരിച്ചത്.


തുടര്‍ന്ന് ആഹ്വാനത്തെ ഇ എം എസ് വ്യാഖ്യാനിക്കുന്നു. അല്പം കഴിഞ്ഞ് വീണ്ടും:
1930-കളുടെ മധ്യഭാഗത്ത് ആഗോളമായി പ്രത്യക്ഷപ്പെട്ട രണ്ട് വിരുദ്ധ ശക്തികളെ ചൂണ്ടിക്കാണിച്ചാണ് ഗോര്ക്കി ലോകത്തിലെ സാംസ്കാരികനായകന്മാരോട് നിങ്ങള്‍ ഏതു ചേരിയില്‍ എന്നു ചോദിച്ചത്. അതിന്‍റെ [sic] തന്നെ ഇന്ത്യന്‍ രൂപമാണ് 1936-ല്‍ ലക്നൌവില്‍ വച്ചു രൂപംകൊണ്ട ഇന്ത്യന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്‍റെ ആശയപരമായ അടിത്തറ.
(വാക്യങ്ങള്‍ ചേര്‍ച്ചയോടെ കോര്‍ത്തെഴുതുന്ന വിദ്യ ഇ എം എസ്സിന് അന്യമാണ്. അച്ചട്ടായി എഴുതാനറിയില്ല എന്നേ ഗോവിന്ദപ്പിള്ള പറഞ്ഞുള്ളൂ. എഴുതാനേ അറിയില്ല എന്നതാണ് വാസ്തവം. ക്ഷമിക്കേണ്ടതാണ്, ഔപചാരിക വിദ്യാഭ്യാസം കമ്മിയായിരുന്നല്ലോ.)ചുരുക്കത്തില്‍ പു ക സ യുടെപോലും അടിവേരു നീളുന്നത് ഈ സമ്മേളനത്തിലേക്കും അവിടെ ഗോര്‍ക്കി നടത്തിയ ആഹ്വാനത്തിലേക്കുമാണ് ഈ ആഹ്വാനത്തെപ്പറ്റി ഇവിടെ മുഖവുരയില്‍ മാത്രമല്ല പറഞ്ഞത് വേറെയിടത്തും കണ്ടു. 1981-ല്‍ നടത്തിയ ഒരു പ്രസംഗം മാര്‍ക്സിസവും സൌന്ദര്യശാസ്ത്രവും എന്ന പേരില്‍ (പ്രബന്ധങ്ങള്‍,194- 202) കാണുന്നുണ്ട്. അതില്‍ ഇങ്ങനെ പറയുന്നു.
മറ്റ് സാംസ്കാരിക നായകന്മാരോടൊപ്പം ഗോര്‍ക്കിയും ലളിതവും ഋജുവുമായ ഒരു ചോദ്യം ചോദിക്കുന്നു. "ലോകത്തെമ്പാടുമുള്ള സാംസ്കാരി നായകന്മാരേ, നിങ്ങള്‍ ആരുടെ ഭാഗത്താണ്? മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ഒരു പുതിയ സാംസ്കാരിക പ്രസ്ഥാനത്തിന്‍റെ തുടക്കം കുറിച്ചു ഇത്.


ഇനി മറ്റൊരിടത്ത് ഇങ്ങനെ കാണുന്നു:
സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്‍റെ ഓര്‍മ്മ പോകുന്നത് 1930-കളുടെ അവസാന വര്‍ഷങ്ങളിലേക്കാണ്. അന്നാണ് കേരളത്തില്‍ ഒരു ജീവല്‍ സാഹിത്യസംഘടന രുപം കൊണ്ടത്.ഈ ജീവല്‍ സാഹിത്യസംഘടന അഖിലേന്ത്യാതലത്തിലുള്ള പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍റെ ഭാഗമായിട്ടാണ് ഇവിടെ രൂപം കൊണ്ടത്. ആ അഖിലേന്ത്യാതലത്തിലുള്ള പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനുതന്നെ ആവേശം കിട്ടിയത് മൊസ്കോവില്‍വെച്ച് മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ഒരു സമ്മേളനത്തിന്‍റെ അഭ്യര്‍ത്ഥനയാണ്. ആ അഭ്യര്‍ത്ഥനയില്‍ ഗോര്‍ക്കി ചോദിച്ചു: "സാംസ്കാരിക നായകന്‍മാരേ, നിങ്ങള്‍ ഏത് ചേരിയിലാണ്? നിങ്ങള്‍ സമാധാനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ചേരിയിലോ അതോ യുദ്ധത്തിന്‍റെയും ഫാസിസത്തിന്‍റെയും ചേരിയിലോ" (സംസ്കാരം, സാഹിത്യം, രാഷ്ട്രീയം, പ്രബന്ധങ്ങള്‍, 287)


കൊള്ളാം. ഇപ്പോള്‍ സമ്മേളനം മോസ്കോവിലായി. ഗോര്‍ക്കിയെ ഉദ്ധരിച്ചിരിക്കയാണ്. 1934-ല്‍ സോവിയറ്റ് യൂനിയനില്‍ നടന്ന സോവിയറ്റ് റൈറ്റേര്‍സ് കോണ്‍ഗ്രസ്സാണ് ഉദ്ദേശിച്ചതെങ്കില്‍ അവിടെ ഗോര്‍ക്കി നടത്തിയ പ്രസംഗം ഇവിടെ കാണാം. അതില്‍ ഇങ്ങനെ അഭ്യര്‍ത്ഥനയൊന്നുമില്ല.
മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ലോക പുരോഗമന സാഹിത്യ സമ്മേളനം? അങ്ങനെയൊന്നു നടന്നിട്ടുണ്ടെങ്കിലല്ലേ? 1935-ല്‍ പാരിസില്‍ നടന്ന International Writers' Conference for the Defense of Culture ആണുദ്ദേശിക്കുന്നതെങ്കില്‍ അതില്‍ ഗോര്‍ക്കി പങ്കെടുത്തിട്ടില്ല. അതില്‍ പങ്കെടുത്ത പ്രമുഖരെ ഇവിടെ കാണാം. (ഇതില്‍ ഗോര്‍ക്കി പങ്കെടുത്തെന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ എങ്ങനെയോ ഒരു ധാരണവന്നിട്ടുണ്ട്. കവി സച്ചിദാനന്ദന്‍ Frontline മാഗസിനിലെഴുതിയ ഒരു ലേഖനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് തിരക്കിയപ്പോള്‍ ആ ധാരണയുടെ ഉറവിടം മുല്‍ക്ക്‌രാജ് ആനന്ദിന്‍റെ ഒരു ഓര്‍മ്മപ്പിശകാണെന്നാണ് അദ്ദേഹം നല്കുന്ന സൂചന.) Masters of culture, on whose side you are? എന്ന ഗോര്‍ക്കിയുടെ ചോദ്യം പ്രസിദ്ധമാണ്. അതു പക്ഷേ, പാരിസിലോ മറ്റെവിടെയെങ്കിലുമോ നടന്ന ഏതെങ്കിലും സമ്മേളനത്തിലെ ആഹ്വാനമല്ല. 1932-ല്‍ പ്രസിദ്ധീകരിച്ച ഗോര്‍ക്കിയുടെ ഒരു ലേഖനമാണത്. അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായി ആണ് അതെഴുതിയിരിക്കുന്നത്. ചാര്‍ലി ചാപ്ലിനെയും ജാസ് സംഗീതത്തെയുമൊക്കെ നിന്ദിക്കുന്ന ഈ ലേഖനം മഞ്ഞച്ചെകുത്താന്‍റെ നഗരം എന്ന പേരിലൊരു പുസ്തകത്തിലുള്‍പ്പെടുത്തി റാദുഗ പബ്ലിഷേര്‍സ് മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടക്കാത്ത സമ്മേളനത്തില്‍ പോവാത്ത ആളുടെ നടത്താത്ത ആഹ്വാനത്തിനുമേല്‍ ഇ എം എസ് എന്തൊക്കെ ചരിത്രമാണ് കെട്ടിപ്പൊക്കുന്നത്! മാക്സിം ഗോര്‍ക്കിയെപ്പറ്റി ഇ എം എസിനുള്ള ധാരണ വിചിത്രമാണ്. അതിനെപ്പറ്റി കുറച്ചേറെ പറയാനുള്ളതുകൊണ്ട് അത് വേറൊരു പോസ്റ്റില്‍ പറയാം.
ടോള്‍സ്റ്റോയിയെപ്പറ്റിയോ? പുസ്തകം വായിച്ചാല്‍ നമ്പൂതിരിപ്പാടിന് മനസ്സിലാവില്ലെന്നതിന് നല്ല ഉദാഹരണമാണ് ടോള്‍സ്റ്റോയിയെപ്പറ്റിയുള്ള ഇദ്ദേഹത്തിന്‍റെ ജല്പനങ്ങള്‍.അതിങ്ങനെയൊക്കെ പോകുന്നു:
ആശയപരമായി നോക്കിയാല്‍, വര്‍ഗബന്ധത്തിന്‍റെ ദൃഷ്ടിയില്‍ നോക്കിയാല്‍, ടോള്‍സ്റ്റോയി ഒരു പിന്തിരിപ്പനായിരുന്നു. വിപ്ലവവിരുദ്ധനായിരുന്നു. (പ്രബന്ധങ്ങള്‍, 290)
ഈ വങ്കത്തരമൊന്നും ഉദ്ധരിച്ചു സമയം കളയാന്‍ വയ്യാത്തതുകൊണ്ടും അതിന്‍റെ നര്‍മ്മം ശരിക്കാസ്വദിക്കണമെങ്കില്‍ ആ ഭാഗം പൂര്‍ണ്ണമായി വായിക്കണമെന്നതുകൊണ്ടും ആ പേജ് ഇവിടെ കൊടുക്കുന്നു.



ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവല്‍ അത്യുജ്വലമാണ്. അദ്ദേഹമൊരു ഫ്യൂഡല്‍വര്‍ഗത്തിന്‍റെ പ്രതിനിധിയാണ്. ഫ്യൂഡല്‍ ബന്ധത്തിന്‍റേതായ ആശയങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ സങ്കല്‍പങ്ങള്‍, സ്വപ്നങ്ങള്‍, മുതലായതെല്ലാം ഫ്യൂഡല്‍ വര്‍ഗ്ഗത്തിന്‍െതായിരുന്നു. പക്ഷേ, അദ്ദേഹം യുദ്ധവും സമാധാനവും എന്ന ആ ബൃഹദ്ഗ്രന്ഥം -നോവല്‍- എഴുതിയപ്പോള്‍ അതില്‍ വന്നത് റഷ്യന്‍സമൂഹമാണ്. റഷ്യന്‍ സമൂഹത്തിനകത്ത് വളര്‍ന്നുകൊണ്ടിരുന്ന വിപ്ലവശക്തികളാണ്. അതുകൊണ്ടാകണം ലെനിന്‍ ടോള്‍സ്റ്റോയിയുടെ നോവലുകളെ "റഷ്യന്‍ വിപ്ലവത്തിന്‍റെ കണ്ണാടി" എന്നു വിളിച്ചത്. (പ്രബന്ധങ്ങള്‍, 300)


ടോള്‍സ്റ്റോയിയും അദ്ദേഹത്തിന്‍റെ യുദ്ധവും സമാധാനവും അന്നു ഞങ്ങള്‍ വായിച്ചിരുന്നില്ല. പിന്നീട് വായിച്ചു. അപ്പോള്‍ കാണാന്‍ കഴിഞ്ഞു, റഷ്യന്‍ സമൂഹത്തെ കാര്‍ന്നുകൊണ്ടിരിക്കുന്ന ഫ്യൂഡല്‍ സമൂഹത്തെ ടോള്‍സ്റ്റോയി സത്യസന്ധമായി കണ്ടു- ആ ഫ്യൂഡല്‍ സമൂഹത്തിനകത്ത് വളര്‍ന്നുവരുന്ന വിപ്ലവശക്തികളെ വളരെ വ്യക്തമായി വിവരിക്കാനൊന്നും ടോള്‍സ്റ്റോയിക്ക് കഴിഞ്ഞിട്ടില്ലെന്നത് നേരാണ്. പക്ഷേ, ആ സമൂഹത്തിന്‍റെ തകര്‍ച്ച അദ്ദേഹം കണ്ടു. അതിനാല്‍ അദ്ദേഹത്തിന്‍റെ നോവല്‍ ഒരു വിശ്വപ്രശസ്ത സാഹിത്യകൃതിയായി തീര്‍ന്നു. (പ്രബന്ധങ്ങള്‍, 302)


ലെനിന്‍റെ കണ്ണാടി പ്രയോഗമാണ് ഈ ഫ്യൂഡല്‍ പിന്തിരിപ്പന്‍ മൂരാച്ചിയില്‍ ഇ എം എസ്സിനു താത്പര്യം വരാനുള്ള കാരണം. അന്നു ഞങ്ങള്‍ വായിച്ചിരുന്നില്ല, പിന്നെ വായിച്ചു എന്നതില്‍ ചിരിക്കാനുള്ള കോളുണ്ട്. പിന്നീടായിരിക്കും ഈ ഞങ്ങള്‍ അതു കണ്ണാടിയാണെന്നു മനസ്സിലാക്കിയത്. ഇവിടെ ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറഞ്ഞ കാര്യം ആവര്‍ത്തിക്കാന്‍ മാത്രമേ ഈ വിനയവാന്‍ ഉദ്ദേശിച്ചുള്ളൂ. പക്ഷേ വിവരമില്ലാത്തതുകൊണ്ട് പുസ്തകം വായിച്ചാല്‍ പോലും മനസ്സിലാവാത്തതുകൊണ്ട് പറഞ്ഞതൊന്നും ലെനിന്‍ പറഞ്ഞ കാര്യങ്ങളായില്ലെന്നു മാത്രം.
ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറയുന്നത് ലെനിന്‍ തന്നെ സംക്ഷേപിച്ചത് ഇങ്ങനെ:
Tolstoy is original, because the sum total of his views, taken as a whole, happens to express the specific features of our revolution as a peasant bourgeois revolution. From this point of view, the contradictions in Tolstoy’s views are indeed a mirror of those contradictory conditions in which the peasantry had to play their historical part in our revolution.


ഈ ലേഖനം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ ക്കാണാം.
ബൂര്‍ഷ്വാ വിപ്ലവമെന്നു കമ്യൂണിസ്റ്റുകാര്‍ പറയുന്ന സംഗതിയുടെ പ്രതിനിധിയാണ് ലെനിന്‍റെ ദൃഷ്ടിയില്‍ ഇ എം എസ്സിന്‍റെ ഈ ഫ്യൂഡല്‍ മൂരാച്ചി. Landlord എന്നു ലെനിന്‍ പരിഹാസത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. അതിനര്‍ത്ഥം ടോള്‍സ്റ്റോയ് ഫ്യൂഡല്‍ പിന്തിരിപ്പനാണെന്നാണ് ലെനിന്‍ പറഞ്ഞത് എന്നു മനസ്സിലാക്കണമെങ്കില്‍ ഇ എം എസ്സിനോളം വിവരക്കേടു വേണം. അപ്പോള്‍ പിന്നെ മുതലാളിയായ ഫ്രെഡെറിഹ് ഏംഗല്‍സോ?
ലെനിന്‍ തുടരുന്നു:
On the one hand, centuries of feudal oppression and decades of accelerated post-Reform pauperisation piled up mountains of hate, resentment, and desperate determination. The striving to sweep away completely the official church, the landlords and the landlord government, to destroy all the old forms and ways of landownership, to clear the land, to replace the police-class state by a community of free and equal small peasants—this striving is the keynote of every historical step the peasantry has taken in our revolution; and, undoubtedly, the message of Tolstoy’s writings conforms to this peasant striving far more than it does to abstract “Christian Anarchism”, as his “system” of views is sometimes appraised.


ലെനിന്‍റെ കണ്ണില്‍ ഇത്രയ്ക്കൊക്കെ വിപ്ലവകരമായ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ടോള്‍സ്റ്റോയുടെ വീക്ഷണം. ഇതാണ് ഇ എം എസ്സിന് ഫ്യൂഡല്‍ പിന്തിരിപ്പന്‍ വീക്ഷണമാവുന്നത്!
(ഈ ബ്ലോഗര്‍ക്ക് ലെനിന്‍റെ വീക്ഷണത്തോടു താത്പര്യമില്ല. മാര്‍ക്സിസ്റ്റു സാഹിത്യത്തില്‍ വിവരമില്ലാത്ത ഇ എം എസ്സിന് ലെനിന്‍റെ ഒരു ലഘുവായ ലേഖനം പോലും മനസ്സിലാക്കാനുള്ള ബൌദ്ധിക നിലവാരമില്ലെന്നു കാണിക്കാനാണ് ലെനിന്‍ ഉദ്ദേശിച്ച അര്ത്ഥത്തെപ്പറ്റി പറഞ്ഞത്.)
(തുടരും)
തിരുത്ത്
ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ച തിരുത്ത്. സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കു തിരിച്ചുപോവുന്നത് മുതലാളിത്തില്‍നിന്ന് ഫ്യൂഡലിസത്തിലേക്കു തിരിച്ചുപോവുന്നതിനോടല്ല ഗുരുവചനത്തില്‍ താരതമ്യപ്പെടുത്തിയത്. മനുഷ്യന് കുരങ്ങാവാന്‍ പറ്റാത്തതുപോലെ എന്നായിരുന്നു മൊഴി.

തന്നെക്കൊണ്ടെന്തു പ്രയോജനം എഡിറ്ററേ?

മുണ്ടശ്ശേരി കൃതികള്‍ വാല്യം 2 കൌതുകത്തിന് കയ്യിലെടുത്തു. കറന്‍റ് ബുക്സ്, തൃശൂര്‍, 1981 എഡിഷന്‍, 2004 പതിപ്പ്. എഡിറ്ററന്‍ ഒരു എം. തോമസ് മാത്യു. ഒറ്റ ലേഖനത്തിനൊപ്പവും എഴുതിയ/പ്രസിദ്ധീകരിച്ച വര്‍ഷമില്ല. ഇന്‍ഡെക്സ് ഏതായാലും ഇല്ല. ലൈബ്രറിയിലെ പുസ്തകത്തില്‍ ഒരു ചെറ്റ നടത്തിയിരിക്കുന്ന ഈ എഡിറ്റിങ് കാണുക. ഇവനൊക്കെയായിരിക്കും നാളത്തെ എഡിറ്റര്‍.

11 Sept 2009

നിരക്ഷരകുക്ഷികളുടെ കാവ്യവ്യവസായം

തണല്‍ ഓണ്‍‌ലൈന്‍ എന്ന വെബ്‌സൈറ്റിലെ ഒരു ക്ഷുദ്ര/നിരക്ഷരകാവ്യത്തെപ്പറ്റി താഴെ ലിങ്ക് ചെയ്ത പേജില്‍ വായിക്കുക.

Thanalonline for Illiterate Poetry

വീണ്ടും ബനാനയെപ്പറ്റി

നേരത്തെ banana, plantain അന്തരത്തെപ്പറ്റി എഴുതിയ സംശയത്തെ പിന്നെയും കുഴക്കുന്ന വിവരമാണ് Oxford English Dictionary നല്കുന്നത്. Plantain എന്ന പദത്തിനുനേരെ ഇങ്ങനെ കൊടുത്തിട്ടുണ്ട്.
A tree-like tropical herbaceous plant (Musa paradisiaca) closely allied to the Banana (M. sapientum), having immense undivided oblong leaves, and bearing its fruit, for which it is extensively cultivated, in long densely-clustered spikes. Musa paradisiaca and M. sapientum (the Banana), if really distinct species, are very closely allied, and some of their numerous varieties are scarcely distinguishable. The names plantain and banana are also imperfectly differentiated. In the West Indies, Western Africa, etc., banana is applied to the forms with a purple-spotted stem, and a smaller and more delicate fruit, which is eaten raw; while the name plantain is given to those with larger and coarser fruit, which is cooked as a vegetable; but in India this usage is reversed, plantain being the general name: see Yule Hobson-Jobson. In French, banane is the general name for both; so bananier a banana- or plantain-tree.
പാകമായി പഴം എന്ന നിലയ്ക്ക് തിന്നുന്ന കായ് banana എന്നും വലിപ്പമേറിയതും പച്ചക്കറിപോലെ പാകംചെയ്തു കഴിക്കേണ്ടതുമായ ഇനം plantain എന്നും വെസ്റ്റ് ഇന്‍ഡീസിലും വെസ്റ്റ് ആഫ്രിക്കയിലും അറിയപ്പെടുമ്പോള്‍ ഇന്ത്യയില്‍ ഇതു നേരേ തിരിച്ചാണത്രേ. ഇങ്ങനെ ഓക്സ്ഫഡ് നിഘണ്ടു പറയുന്നത് ഹോബ്സണ്‍ - ജോബ്സണ്‍ (ഞഞ്ഞാ-മിഞ്ഞാ) Anglo- Indian പദാവലി അടിസ്ഥാനമാക്കിയാണ്. (ഹോബ്സണ്‍- ജോബ്സണ്‍ എന്ന പേര് മുഹറം ആചരിക്കുമ്പോള്‍ ഷിയാകള്‍ നടത്തുന്ന നെഞ്ചത്തടിയുടെ കൂടെയുള്ള "യാ ഹസന്‍ യാ ഹുസൈന്‍" എന്ന നിലവിളിക്ക് സായിപ്പ് ആംഗലച്ഛായ നല്കിയതാണ്.) ഈ ആംഗ്ലോ-ഇന്ത്യന്‍ പദാവലി വാഴപ്പഴത്തെപ്പറ്റി പറയുന്നത് ശരിയാണോ ആവോ. ശരിയാണെങ്കില്‍തന്നെ ഹിന്ദി ബെല്‍റ്റിനപ്പുറം ഇതു ശരിയാവണമെന്നുമില്ല. ഏതായാലും ഒരു കാര്യം ഇപ്പോള്‍ വ്യക്തമാണ്. കണിശമായി ഒരിനം വാഴപ്പഴത്തിനും സവിശേഷമായി banana എന്നു പേരില്ല. നേന്ത്രക്കായ, ഏത്തക്കായ്, മഹേന്ദ്രകദളി എന്നൊക്കെ മാധവന്‍പിള്ളയുടെ നിഘണ്ടു പറഞ്ഞു. അതില്‍നിന്ന് കുറച്ചുകൂടി കടന്ന് വൈരുധ്യവാദകാഴ്ചപ്പാടിന്‍റെ സാമാന്യ-സവിശേഷ ദ്വന്ദ്വങ്ങളെ സമര്‍ത്ഥമായി പ്രയോഗിച്ച് നേന്ത്രപ്പഴമെന്ന സവിശേഷാര്‍ത്ഥം ഇ എം എസ് വേര്‍തിരിച്ചെടുത്തു. ഏതായാലും മഹേന്ദ്രകദളിയെ എന്‍റെ കൈവശമുള്ള എന്‍ ബി എസ് നിഘണ്ടുവില്‍ കാണുന്നില്ല.

4 Sept 2009

നേന്ത്രക്കായും bananaയും

ഇ. എം. എസ്. നമ്പൂതിരിപ്പാടിന്‍റെ ഒരു പുസ്തകം(തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, 1998) അവിടെയിവിടെ വായിച്ചുനോക്കിയപ്പോള്‍ കിട്ടിയ രസകരമായ ഒരു വിവരം ഇവിടെ പറയട്ടെ.
Banana എന്ന ഒരു ഇംഗ്ലീഷ് പദമുണ്ട്. അതിനു സാമാന്യാര്‍ത്ഥവും ഒരു സവിശേഷാര്‍ത്ഥവുമുണ്ട്. എല്ലാത്തരം വാഴപ്പഴങ്ങള്‍ക്കും പൊതുവെ ഉപയോഗിക്കപ്പെടുന്ന ഒരു പേരാണിത്. അതേയവസരത്തില്‍ വാഴപ്പഴങ്ങളില്‍ ഒന്നായ നേന്ത്ര (ഏത്ത) പ്പഴത്തിനു പ്രത്യേകമായും ഈ പദം ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് എന്‍ ബി എസ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 'ഏത്തവാഴ, നേന്ത്രവാഴ, മഹേന്ദ്രകദളി, ഏത്തക്കായ്, ഏത്തപ്പഴം, നേന്ത്രപ്പഴം, വാഴ, വാഴപ്പഴം' എന്ന് പദത്തിന് അര്‍ത്ഥം കൊടുത്തിട്ടുള്ളത്. (പേജ് 154)
മേലുദ്ധരിച്ച ഭാഗം മലയാളത്തിന്‍റെ വളര്‍ച്ചയില്‍ ദിനപ്പത്ര-റേഡിയോ പരിഭാഷകര്‍ക്കുള്ള പങ്ക് എന്ന ലേഖനത്തില്‍നിന്നാണ്. ഇ എം എസ് എന്‍ ബി എസ് നിഘണ്ടുവിനെ വിശ്വസിച്ചു എന്നേയുള്ളൂ. വാഴപ്പഴത്തിനു സാമാന്യമായും മഹേന്ദ്രകദളി, നേന്ത്രപ്പഴം എന്നിവയ്ക്കു സവിശേഷമായും പറയുന്ന പേരാണ് banana എന്നാണപ്പോള്‍ നിഘണ്ടു പറയുന്നത്. സവിശേഷരായ പണ്ഡിതന്മാരുടെ ഉദാഹരണം മറന്ന് സാമാന്യജനങ്ങളുടെ ഉദാഹരണം എടുത്ത് ഇതൊന്നു താരതമ്യം ചെയ്യാം. കള്ള് എന്ന പദത്തിന് സാമാന്യജനത്തിന്‍റെ പറച്ചിലില്‍ തെങ്ങോ പനയോ ചെത്തിയെടുക്കുന്ന നീര് എന്നു മാത്രമല്ല അര്‍ത്ഥം. ചാരായം കുടിച്ചവനെയും കള്ളുകുടിയനെന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ പലനിറത്തിലുള്ളതും ബ്രാണ്ടി, റം, എന്നൊക്കെ പേരിലറിയപ്പെടുന്നതുമായ ലഹരിപാനീയം സര്‍ക്കാര്‍ വില്ക്കുന്നതിനെയും ആളുകള്‍ കള്ളെന്നു പറയും. കള്ളുകുടിയനാണെന്ന് ഇക്കാലത്തു പറഞ്ഞാല്‍ ഈവക വല്ലതും കുടിക്കുന്നവനെന്നാണ് മിക്കപ്പോഴും അര്‍ത്ഥം വരുക. കള്ള് വാങ്ങുക, കള്ളു കുടിക്കുക, എന്നൊക്കെ പറയുമ്പോഴും അങ്ങനെത്തന്നെ. (കൂട്ടത്തില്‍ പ്രചാരം കൂടിയ ബ്രാണ്ടി എന്ന പദവും സാമാന്യാര്‍ത്ഥത്തില്‍ നാട്ടാര് ഉപയോഗിക്കാറുണ്ട്. ബ്രാണ്ടി വാങ്ങുക, കുടിക്കുക എന്നൊക്കെ പറയുമ്പോള്‍ ചിലപ്പോള്‍ കുടിക്കുന്നത്, വോഡ്ക എന്ന പേരിലെ നിറമില്ലാത്ത വെള്ളമാണെന്നു വരാം.) നിഘണ്ടുകാരന്‍ അപ്പോള്‍ കള്ള് എന്നതിന് എന്തര്‍ത്ഥം കൊടുക്കും? ഇ എം എസ് ഉദ്ധരിക്കുന്ന നിഘണ്ടു പോലെയാണെങ്കില്‍ തെങ്ങുനീരും പനനീരും പറഞ്ഞ് ബ്രാണ്ടി, വിസ്കി, റം എന്നൊക്കെ പറയുമായിരിക്കും. സംസാരഭാഷയില്‍ പൊതുവില്‍ മദ്യത്തെപ്പറ്റി പറയുന്ന പദം എന്നു പറയുന്നതാണ് ശരി. അപ്പോള്‍ മഹേന്ദ്രകദളിയും ഏത്തപ്പഴവും സവിശേഷമായി പറയുന്ന നിഘണ്ടുകാരനും അതില്‍നിന്ന് നേന്ത്രപ്പഴമെന്ന് സവിശേഷാര്‍ത്ഥം എടുത്ത ഇ എം എസ്സിനും കൊഞ്ഞ്യാക്കും കള്ള് ആയ സാമാന്യജനത്തിന്‍റെ ഭാഷാബോധമേയുള്ളൂ എന്നാണോ? എന്നുറപ്പിച്ചൂ പറഞ്ഞുകൂടാ. മഹേന്ദ്രകദളി എന്ന പേരിലറിയപ്പെടുന്ന ഇനം നേന്ത്രക്കായ പോലെ വലുതാണോ എന്നറിയില്ല. ആണെങ്കില്‍ നിഘണ്ടുകാരന്‍ ഉദ്ദേശിച്ചത് banana എന്നത് വലിയ ഇനം പഴത്തിനു സവിശേഷമായി പറയുന്ന പദമെന്നാവാം. അപ്പോള്‍ ചെറുപഴങ്ങള്‍ക്ക് എന്തുപേരാണ് വേറെയുള്ളത്? വിക്കിപീഡിയ banana എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.
In popular culture and commerce, "banana" usually refers to soft, sweet "dessert" bananas. The bananas from a group of cultivars with firmer, starchier fruit are called plantains.
വാഴപ്പഴങ്ങളെ പലതായി വേര്‍തിരിക്കേണ്ട ആവശ്യം ഇംഗ്ലീഷ് ഭാഷയ്ക്കുണ്ടായക്കാണില്ല. പക്ഷേ വാഴ വിളയുന്ന നാട്ടിലുണ്ടായിക്കാണം. അതുകൊണ്ട് plantain, bananito, red banana എന്നൊക്കെ പേരുകളുണ്ട് ഓരോ നാട്ടില്‍. നമ്മുടെ നാട്ടില്‍ ഇത്തരം വേര്‍തിരിവുകള്‍ കുറിക്കാന്‍ വേറെവേറെ ഇംഗ്ലീഷ് പദങ്ങളുപയോഗിച്ചതായി ഇതുവരെ കേട്ടിട്ടില്ല. പൂവനും ഞാലിപ്പൂവനും bananito എന്ന് ആസ്ട്രേലിയയില്‍ പറയുന്ന പഴത്തിനോടടുത്തുവരുമായിരിക്കും. പക്ഷേ ആ പദത്തിന് ഇവിടെ പ്രചാരമില്ലല്ലോ. പഴുത്തു തിന്നാന്‍ കൊള്ളാത്തതും കറി, കായബജ്ജി എന്നിവയ്ക്കു യോജിച്ചതും plantain എന്ന കൂട്ടത്തില്‍ പെടുമായിരിക്കും. വെള്ളക്കാര്‍ ഭരിച്ച കാലത്ത് അവരുണ്ടാക്കിയ വല്ല വേര്‍തിരിവിന്‍റെയും അടിസ്ഥാനത്തിലാണോ മാധവന്‍പിള്ളയുടെ നിഘണ്ടുവില്‍ bananaയ്ക്ക് നേന്ത്രപ്പഴം/ഏത്തപ്പഴം എന്ന് സവിശേഷാര്‍ത്ഥം പറഞ്ഞത്?