1968 ലെ പുല്പ്പള്ളി പോലീസ് സ്റ്റേഷന് ആക്രമണവേളയില്ദേശാഭിമാനിവാരികയാണ് പറയുന്നത്. ഇവിടെ കാണാം.
മലയാള മനോരമയ്ക്ക് കെ അജിത ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയായിരുന്നു.
2010 ല് ആ പത്രത്തിനവര് ആദരണീയയായ വനിതയായി മാറിയിരിക്കുന്നു!
അതു പറയാന് ബാദ്ധ്യതപ്പെട്ട വലതുപക്ഷ പത്രമാണ് മനോരമ. മനോരമ അങ്ങനെ പറഞ്ഞോ എന്നതു വേറെക്കാര്യം. ദേശാഭിമാനിയില് തന്നെ വന്ന വേറൊരു ലേഖനത്തില് മനോരമയില് വന്നതായി ഉദ്ധരിച്ച കാര്യങ്ങള് കാണുമ്പോള് പക്ഷേ അങ്ങനെയൊന്നും പറഞ്ഞതായി തോന്നുന്നില്ല. എന്നുമാത്രമല്ല അക്കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെപ്പറ്റി എഴുതിയതുമായി തട്ടിച്ചുനോക്കുമ്പോള് ഇ എം എസിനെക്കാള് രാഷ്ട്രീയമാന്യത മനോരമ പ്രദര്ശിപ്പിച്ചിട്ടുണ്ട് എന്നും തോന്നും. ഇന്നിപ്പോള് വര്ഗ്ഗീസിന്റെ പാരമ്പര്യം അവകാശപ്പെടാന് ശ്രമം നടത്തിനോക്കുകയും (സഖാവ് വര്ഗ്ഗീസ് എന്നാണ് ജി പി രാമചന്ദ്രന് എന്ന സി പി എമ്മുകാരന് എഴുതുന്നത്) അജിതയെപ്പറ്റി അക്കാലത്ത് മനോരമ പറഞ്ഞതെന്നു പറഞ്ഞ് പലതും തോണ്ടിപ്പുറത്തിടാന് ശ്രമിക്കുകയും ചെയ്യുന്ന ഈ നക്സലൈറ്റ് സി പി എമ്മുകാര് അന്ന് ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞതിനെപ്പറ്റി മിണ്ടില്ല. ഈ പരിഷകളെ ചില പഴയ സി പി എം നിലപാടുകള് ഓര്മ്മിപ്പിക്കാനായി ഇ എം എസ് നമ്പൂതിരിപ്പാട് ചിന്തയിലെ കോളത്തില് നല്കിയ ചില മറുപടികളിലെ രാഷ്ട്രീയ നെറികേട് ഇവിടെ പരാമര്ശിക്കുന്നു.
അന്ന് നമ്പൂതിരിപ്പാടിന്റെ പ്രധാനവാദം നക്സലൈറ്റുകള് വലതുപക്ഷക്കാരുടെ കൂടെയാണെന്നാണ്. കോണ്ഗ്രസ്സിന്റെ കോടാലിക്കൈ എന്നൊക്കെയാണ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെ വിളിച്ചിരുന്നത്. ഇവരെ കൊലപാതകികളും കുറ്റവാളികളുമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില് അതില് മനോരമയെക്കാള് മുന്പന്തിയിലുള്ളത് ഇ എം എസ് നമ്പൂതിരിപ്പാടാണ്. നക്സലൈറ്റുകളുടെ പ്രധാന ശത്രു സി പി എമ്മുകാരാണെന്നും അവര് വലതുപക്ഷ പിന്തിരിപ്പന്മാരോടൊപ്പം ചേര്ന്ന് വിപ്ലവകാരികളായി സി പി എമ്മുകാരെ കൊല്ലുന്നു എന്നൊക്കെയാണ് ആരോപണം.മാത്രവുമല്ല കുത്തകപ്പത്രങ്ങള് നക്സലൈറ്റുകാര്ക്ക് വ്യാപകമായ പ്രചാരണം നല്കുന്നു എന്നും നമ്പൂതിരിപ്പാട് പറയുന്നുണ്ട് (സഞ്ചിക 44, പുറം,148). അപ്പോള് കോണ്ഗ്രസ്സിന്റെ കോടാലിക്കൈ ആണ്, വലതുപക്ഷക്കാരുമായി ചേര്ന്ന് നല്ല ഇടതന്മാരെ കൊല്ലുന്നു. കുത്തകപ്പത്രങ്ങളുടെ പിന്തുണയുമുണ്ട്. എന്നിട്ട് ഇന്നിപ്പോള് ദേശാഭിമാനിയും അതിന്റെ പേനയുന്തികളും നാണമില്ലാതെ ചരിത്രം തിരുത്തുകയാണ്.
'മാനുഷിക പ്രശ്ന'ത്തിന്റെ മറവില് നക്സലുകാരാണ് യഥാര്ത്ഥ വിപ്ലവകാരികളെന്ന ആശയം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം നടക്കുന്നില്ലേ? വേണു ഒളിവിലായിരുന്ന കാലത്തും അടുത്തകാലത്ത് പുറത്തുവന്നതിന് ശേഷവും ആ നക്സല് നേതാവിന് കുത്തക പത്രങ്ങള് നല്കിയ പ്രസിദ്ധീകരണം മാനുഷികമോ രാഷ്ട്രീയമോ? (പുറം 154, സഞ്ചിക 44)മുണ്ടൂര് രാവുണ്ണി 13 വര്ഷം തടവനുഭവിച്ചശേഷം പരോള് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന സാഹചര്യത്തില് നമ്പൂതിരിപ്പാട് തന്റെ ദുഷ്ടത പ്രകടമാക്കുന്നു. ബൂര്ഷ്വാ കോടതി രാഷ്ട്രീയത്തടവുകാരായി പരിഗണിച്ച നക്സലൈറ്റുകാരെ ഇ എം എസ് പരിഗണിക്കുന്നത് സാധാരണ ക്രിമിനലുകളായിട്ടാണ്. അവര് രാഷ്ട്രീയ തടവുകാരല്ലെന്ന് ഇ എം എസ് പറയുന്നു. അതിന്നായി രാഷ്ട്രീയ തടവുകാര് എന്നതിന് സി പി എം നിര്വ്വചനം അവതരിപ്പിക്കുന്നു. മുണ്ടൂര് രാവുണ്ണിക്കു പരോള് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന നീക്കങ്ങളെ നമ്പൂതിരിപ്പാട് താഴ്ത്തിക്കെട്ടുന്നുണ്ടെങ്കിലും അതിന് അന്നു സി പി എമ്മിലുണ്ടായിരുന്ന എം വി രാഘവന്, ചാത്തുണ്ണിമാസ്റ്റര് എന്നിവരുടെ പിന്തുണയുണ്ടായിരുന്നതായി ചോദ്യത്തില്നിന്നും നമ്പൂതിരിപ്പാടിന്റെ മറുപടിയില്നിന്നും വ്യക്താമാവുന്നു.
നക്സലൈറ്റുകളുടെ മാര്ഗ്ഗത്തെ കൊലപാതകമെന്നു മുദ്രകുത്തുമ്പോള് ഇ എം എസ് നമ്പൂതിരിപ്പാട് ആവര്ത്തിച്ചുദ്ധരിക്കുന്ന ഒരുദാഹരണം ലെനിന്റെ സഹോദരന്റേതാണ്. നരോദ്നികായിരുന്ന അലെക്സാണ്ടറെ തൂക്കിലേറ്റിയ വിവരമറിഞ്ഞപ്പോള് ഇതല്ല നമ്മുടെ വഴി എന്നു ലെനിന് പ്രഖ്യാപിച്ചെന്നാണ് നമ്പൂതിരിപ്പാട് പറയുക (മുകളില് പുറം 147 കാണുക). ഒന്ന്, ഇങ്ങനെ പറഞ്ഞോ ഇല്ലയോ എന്നത് തര്ക്കവിഷയമാണ്. രണ്ടാമത്, ലെനിനെ സഹോദരന് സ്വാധീനിച്ചതിനെ തള്ളിക്കളയാന് ശ്രമിക്കുന്ന ഈ നിലപാട് സത്യസന്ധതയില്ലായ്മയാണ്.
അതൊക്കെ അവിടെയിരിക്കട്ടെ. നമ്പൂതിരിപ്പാടിന് വളരെ വിചിത്രമായ ഒരു യോഗമുണ്ടായിരുന്നു. അനവസരത്തില് വേണ്ടാത്തതു പറഞ്ഞ് തന്റെ വിവരക്കേടു പ്രകടമാക്കുക എന്നതായിരുന്നു അത്. ഈ വിവരക്കേടൊക്കെ മഹാവിജ്ഞാനമായി (വിജയന്റെ ധര്മ്മപുരാണത്തിലെ പ്രസാദത്തെ ഓര്മ്മിപ്പിക്കുംവിധം) വിഴുങ്ങി നടന്ന അല്പന്മാരായ കുറെ പണ്ഡിതരും അക്കാഡമിക്കുകളും താങ്ങിത്താങ്ങി ഇദ്ദേഹത്തെ ഒരു പരുവത്തിലാക്കുകയും ചെയ്തു. ഫലമോ, മരമണ്ടത്തരങ്ങള് ഏറ്റവും പരിഹാസ്യമായ രീതിയില് വര്ഷങ്ങളും ദശകങ്ങളും ഇദ്ദേഹം പറഞ്ഞുനടന്നു. നമ്പൂതിരിപ്പാടിന്റെ അടിത്തറ തോണ്ടുന്ന വിവരക്കേടിന്റെ ഉദാഹരണങ്ങള് ഞാന് നേരത്തേ ഉന്നയിച്ചിട്ടുണ്ട്. മാക്സിം ഗോര്ക്കിയെപ്പറ്റിയും, ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെപ്പറ്റിയും ഉള്ള ഉദീരണങ്ങള് അവയില് ചിലതാണ്. ലെനിന്റെ സഹോദരനെപ്പറ്റി അനുചിതമായി പരാമര്ശിക്കുമ്പോഴും നമ്പൂതിരിപ്പാട് വങ്കത്തരം എഴുന്നെള്ളിക്കുന്നു. നക്സലിസത്തെപ്പറ്റിയുള്ള ചോദ്യോത്തരങ്ങളടങ്ങുന്ന 44ആം സഞ്ചികയില് ലെനിന്റെ സഹോദരനെപ്പറ്റി ഒരു നാലിടത്തെങ്കിലും വിജ്ഞാനം വിളമ്പുന്നത് ഒറ്റ നോട്ടത്തില് കണ്ടു. ഇതില് മൂന്നിടത്തും പറയുന്നത് ലെനിന്റെ സഹോദരന് ത്സാര് ചക്രവര്ത്തിയെ വധിച്ചതിന് തൂക്കിലേറ്റപ്പെട്ടു എന്നാണ്. ഇങ്ങനെയൊരു തെറ്റ് ഒരിക്കല് വരുത്തുന്നതൊക്കെ സാധാരണമാണ്. എന്നാല് നമ്പൂതിരിപ്പാടിനെപ്പോലെ ശ്രദ്ധേയനായ ഒരെഴുത്തുകാരന് വര്ഷങ്ങളോളം ഈ മണ്ടത്തരം എഴുന്നെള്ളിക്കുക എന്നുവെച്ചാല് അതിന് ഒരര്ത്ഥമേയുള്ളൂ. പ്രസാദം തിന്നുന്ന മന്ദബുദ്ധികള്ക്കൊന്നിനും "നമ്പൂതിരിപ്പാടേ, ഇതു തെറ്റാണല്ലോ എന്നു പറയാനുള്ള വിവരം ഇല്ലാതെ പോയി!
ജനകീയ സാംസ്കാരികവേദി, ജനകീയ വിചാരണ എന്നീ കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം പറയുന്ന മറുപടികള് ശ്രദ്ധേയമാണ്. അതിനെപ്പറ്റിയും നക്സലൈറ്റുകളുടെ പൊതുയോഗത്തിന് മൈക്ക് ഉപയോഗിക്കാന് അനുവാദം കൊടുക്കാതിരുന്നതിനെ ന്യായീകരിക്കുന്ന നമ്പൂതിരിപ്പാടിന്റെ ജനാധിപത്യ ബോധത്തെപ്പറ്റിയും മറ്റൊരു പോസ്റ്റില് പറയാം.






