Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

25 Jun 2010

പ്രാചീന കേരള ചരിത്രത്തെ പന്തുതട്ടിക്കളിച്ച ഇ എം എസ്

ചരിത്രത്തെപ്പറ്റി പറയുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചു പറയുക തൊഴിലാളിവര്‍‌ഗ്ഗത്തിനു മാത്രമാണ് ശരിയായ ചരിത്രം രചിക്കാനാവുക എന്നാണ്.
ചരിത്രത്തെ ശാസ്ത്രമായി വികസിപ്പിച്ചെടുക്കാന്‍ കഴിയുക തൊഴിലാളിവര്‍ഗത്തിനു മാത്രമാണ്. എന്തെന്നാല്‍ സ്വന്തം വര്‍ഗതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചരിത്രവസ്തുതകള്‍ മറച്ചുവയ്ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരേ ഒരു വര്‍ഗമാണത്. യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നതിനും മുന്‍ വിധികളില്ലാതെ അവയെ വ്യാഖ്യാനിക്കുന്നതിനും, പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടതല്ലെന്നു തോന്നുന്ന അനേകം വസ്തുതകളുടെ സങ്കീര്‍ണമായ ബന്ധത്തെ കൂട്ടിയിണക്കുന്നതിനും, അങ്ങനെ ചരിത്രത്തിലെ സാമൂഹ്യവികാസനിയമങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും തൊഴിലാളിവര്‍ഗത്തിനു മാത്രമേ കഴിയുകയുള്ളൂ. (കേരളം ഇന്നലെ, ഇന്ന്, നാളെ, സഞ്ചിക 65, P 31)
 "ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം" എന്നാണ് ഇതിനെ ഇ എം എസ് വിളിക്കുക. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍മാരായി അറിയപ്പെടുന്നവരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പേനയുന്താന്‍ തയ്യാറുള്ളവരുമായ അക്കാഡമിക്കുകള്‍ പോലും ഈ വര്‍ഗസമീപനം ശരിയായി പാലിക്കാത്തതിനാല്‍ ഈ ചരിത്രപുരുഷന്റെ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. (ഇടതുപക്ഷ ചരിത്രകാരന്‍മാരായി അറിയപ്പെടുന്ന രാജന്‍ഗുരുക്കളും രാഘവവാരിയരും ചേര്‍ന്നെഴുതിയ കേരളചരിത്രത്തെപ്പറ്റി നിരൂപിച്ചിട്ട് "ചരിത്രകാരന്‍ പ്രത്യയശാസ്ത്രത്തിന് അതീതരായിരിക്കണ"മെന്ന അവരുടെ വീക്ഷണത്തെ പരിഹസിക്കുന്ന ഇ എം എസ് ഉദാഹരണം. ചരിത്രവും ചരിത്രരചനയും, ചിന്ത, 2009, പുറം 38) ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം  ശരിയായി ഉള്‍ക്കൊള്ളുന്നതും അതില്‍ ആധികാരികതയുള്ളതും പിന്നെ ആര്‍ക്കാണ്? തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍ എന്നു സ്വയം വിശേഷിപ്പിച്ച ഇ എം എസ് ആണ് തൊഴിലാളിവര്‍ഗത്തിനുവേണ്ടി ഇതു ചെയ്യുകയെന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.
കേരളചരിത്രത്തെ സംബന്ധിച്ചും ഇന്ത്യാചരിത്രത്തെ സംബന്ധിച്ചും മൌലികമായ പ്രശ്നമെന്ന് ഒരു കാലത്ത് വ്യാപകമായി കരുതിപ്പോന്ന ആര്യദ്രാവിഡ സംസ്കാരങ്ങളുടെ സംഘര്‍ഷം/ബന്ധം എന്ന പ്രശ്നവുമായി ബന്ധപ്പെട്ട് 1948 മുതല്‍ തൊണ്ണൂറുകള്‍വരെയുള്ള കാലത്ത് ഇ എം എസ് എടുത്ത വിവിധനിലപാടുകള്‍ ഒന്നു നോക്കുകയേ വേണ്ടൂ, തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍  ശാസ്ത്രീയചരിത്രം എങ്ങനെ എഴുതിയെന്നറിയാന്‍.
ജീവിതകാലം മുഴുവന്‍ പൊക്കിക്കൊണ്ടുനടന്ന കേരളം മലയാളികളുടെ മാതൃഭൂമി (1948) യില്‍ തുടങ്ങാം. ഈ കൃതിയില്‍ ഈ വിഷയത്തെപ്പറ്റി  ഇ എം എസ് എന്തു പറഞ്ഞു എന്നറിയാന്‍ ഇപ്പോള്‍ ലഭ്യമായ എഡിഷന്‍വെച്ചു സാധിക്കുമെന്നു തോന്നുന്നില്ല. എന്തെന്നാല്‍ ഒരു അദ്ധ്യായം കൂട്ടിച്ചേര്‍ത്തതൊഴിച്ചാല്‍ 1948 ല്‍ പ്രസിദ്ധീകരിച്ച രൂപത്തില്‍ തന്നെയാണ് പുസ്തകം ഇപ്പോഴുമെന്നാണ് വിവിധ മുഖവുരകളില്‍ ഇ എം എസ് പറയുന്നതെങ്കിലും അതു സത്യമാണെന്നു തോന്നുന്നില്ല. ആ പുസ്തകത്തില്‍ എന്തൊക്കെയോ തട്ടിപ്പുകള്‍ (തുറന്നുപറയാത്ത തിരുത്തുകള്‍) നടന്നിട്ടുണ്ടെന്നു വേണം കരുതാന്‍. ഈ പുസ്തകം 1948 ല്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞ് കുറെ മാസങ്ങള്‍ക്കുശേഷം എഴുതിയ മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം (സഞ്ചിക 10, pp 26-52) എന്ന ലേഖനവുമായി ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ താരതമ്യം ചെയ്യുമ്പോഴാണ് ഈ സംശയം ഉയരുന്നത്. 1948-ല്‍ പുസ്തകം ഇറങ്ങിയപ്പോള്‍ മുണ്ടശ്ശേരി ഇതിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. അതിനുള്ള മറുപടിയാണ് മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം എന്ന ഇ എം എസ് ലേഖനം. ഈ ലേഖനത്തില്‍ മുണ്ടശ്ശേരിയെ ചീത്തവിളിച്ചുകൊണ്ട് കേരളം മലയാളികളുടെ മാതൃഭൂമിയിലെ നിലപാടുകളെ ശരിവെയ്ക്കുകയാണ് ഇ എം എസ്. അപ്പോള്‍ ആ ലേഖനത്തില്‍ ശരിവെയ്ക്കുന്ന നിലപാടാണല്ലോ പുസ്തകത്തില്‍ കാണേണ്ടത്. എന്നാല്‍ പലയിടത്തും കാണുന്നത് അതിനു കടകവിരുദ്ധമായ നിലപാടും! കേരളം മലയാളികളുടെ മാതൃഭൂമി 2009-ലെ പതിപ്പാണ് എന്റെ കൈവശമുള്ളത് .
ഈ ഉദാഹരണം നോക്കുക:
തങ്ങളുടെ കുടുംബസമ്പ്രദായം നിലനിര്‍ത്തുകയും എന്നാല്‍ ബ്രാഹ്മണമേധാവിത്വത്തിന്‍കീഴില്‍പോലും സമുദായത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനം നിലനിറുത്തുകയും ചെയ്യാന്‍ നായന്മാര്‍ക്ക് കഴിഞ്ഞെങ്കില്‍, ആര്യന്മാരെക്കാള്‍ കുറയാതെയോ ഒരുപക്ഷേ കൂടുതല്‍ തന്നെയോ വളര്‍ച്ചയെത്തിയ ഒരു സമുദായമായിരുന്നിരിക്കണം നായന്‍മാരെന്ന് ഊഹിക്കാം.  (കേരളം മലയാളികളുടെ മാതൃഭൂമി, 1989, പുറം 64)
ആര്യസംസ്കാരത്തെക്കാള്‍ മെച്ചപ്പെട്ടതോ, അല്ലെങ്കില്‍, ആര്യസംസ്കാരത്തോളം വളരുകയെങ്കിലും ചെയ്തതോ ആയ പ്രാചീനകേരളസംസ്കാരത്തിന്റെ മഹനീയത വ്യക്തമാക്കാന്‍- പ്രാചീന കേരളസംസ്കാത്തെക്കാള്‍ ഉയര്‍ന്നതും പുരോഗമനപരവുമായ ഒന്നാണ് ആര്യസംസ്കാരമെന്നും അതാണ് ആര്യസംസ്കാരത്തിന്റെ വിജയത്തിനു കാരണമെന്നുമുള്ള ഇ എം എസിന്റെ അഭിപ്രായത്തെ എതിര്‍ക്കാന്‍  [...] വല്ല പുതുഗവേഷണഫലങ്ങളും പ്രൊഫസര്‍ മുണ്ടശ്ശേരിയുടെ കൈവശമുണ്ടായിരുന്നെങ്കില്‍ നമുക്കദ്ദേഹത്തിന്റെ വാദം സ്വീകരിക്കാമായിരുന്നു. (മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം, 1948 സഞ്ചിക 10, pp 26-52)
ഒരു കൃതി പിന്നീട് തിരുത്തിയെഴുതുന്നുണ്ടെങ്കില്‍ അതിന്റെ മുഖവുരയില്‍ അതു വ്യക്തമാക്കുക എന്ന മര്യാദയൊന്നും നമ്മുടെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദത്തുപുത്രന് ബാധകമല്ലെന്നു തോന്നുന്നു. എന്നുമാത്രമല്ല, തിരുത്തിയിട്ടില്ല എന്ന് വിവിധ മുഖവുരകളില്‍ പറയുന്നുമുണ്ട്. ആര്യന്മാരെക്കാള്‍ വളര്‍ച്ചയെത്തിയ ഒരു സമുദായം (നായന്മാര്‍) പ്രാചീനകേരളത്തില്‍ ഉണ്ടായിരുന്നു എന്ന് 1947 ല്‍ എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമിയുടെ  പ്രാരംഭ എഡിഷനില്‍ പറഞ്ഞെങ്കില്‍ അതേകാര്യം പറഞ്ഞതിന്റെ പേരില്‍ മുണ്ടശ്ശേരിയെ പിന്നീട് ലേഖനത്തിലൂടെ പുലയാട്ടേണ്ടതില്ല. (1948 ആഗസ്റ്റിലാണ് മുണ്ടശ്ശേരിക്കെതിരായി ലേഖനം പ്രസിദ്ധീകരിച്ചു എന്നു പറയുന്നത്.)  ഇ എം എസ്സിന്റെ മാഗ്നം ഓപ്പസ് കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയെപ്പറ്റിയും അതില്‍ പില്‍ക്കാലത്ത് കാട്ടിക്കൂട്ടിയതിനെപ്പറ്റിയും വേറൊരു പോസ്റ്റില്‍ എഴുതാം.
ഏതായാലും കേരളചരിത്രം കുത്തിമറിക്കാന്‍ തുടങ്ങിയ കാലത്ത് ഇ എം എസ്സിന്റെ നിലപാടെന്തായിരുന്നു എന്ന്  മുണ്ടശ്ശേരിയെ തെറിവിളിക്കുന്ന 1948 ലെ ലേഖനത്തില്‍നിന്നു മുകളിലുദ്ധരിച്ച ഖണ്ഡത്തില്‍നിന്നു വ്യക്തമാണ്. കുറെക്കൂടി വ്യക്തമായി ഇക്കാര്യം പറയുന്നു ആ ലേഖനത്തിലെ ഈ ഖണ്ഡിക.
പ്രാചീനകേരളസംസ്കാരത്തിന്റെ മേല്‍ ആര്യസംസ്കാരത്തിനു നേടാന്‍ കഴിഞ്ഞ ഈ ജയത്തിനു കാരണം ആര്യസംസ്കാരത്തിന്റെ മേന്മയാണ്; പ്രാചീനസംസ്കാരത്തെക്കാള്‍ വളര്‍ച്ചയെത്തിയ ഒരു സാമൂഹ്യഘടനയും സാമ്പത്തികരീതിയും അതിനുണ്ടായിരുന്നുവെന്ന പരമാര്‍ത്ഥമാണ്. (സഞ്ചിക 10, പുറം 34)
ഇങ്ങനെ നാല്പത്തെട്ടില്‍ പറഞ്ഞ ഇ എം എസ് പക്ഷേ മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ഒന്നു മലക്കം മറിഞ്ഞ് ആര്യമേധാവിത്വസിദ്ധാന്തത്തെ തള്ളിപ്പറഞ്ഞു. 1952 ല്‍ National Question of Kerala എന്ന ഇംഗ്ലീഷിലെഴുതിയ പുസ്തകത്തിലാണിത്. നോക്കണം, തന്റെ ചരിത്രഗ്രന്ഥം മുണ്ടശ്ശേരിയുടെ നിശിതമായി വിമര്‍ശനം നേരിട്ടപ്പോള്‍ കള്ളപ്പേരില്‍ (ഇ എം എസ് അന്ന് ഒളിവിലായിരുന്നതുകൊണ്ട് പി എസ് എന്ന പേരുവെച്ചാണ് മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം എന്ന ലേഖനം 1948 ല്‍ ഇറങ്ങിയതെന്നാണ് സഞ്ചികയിലെ അനുബന്ധക്കുറിപ്പില്‍ കാണുന്നത്, ഏതായാലും ആ കള്ളപ്പേര് ഉപയോഗപ്പെടുത്തി ആത്മപ്രശംസ ചൊരിയുന്നുണ്ട് ലേഖനത്തില്‍ ഇ എം എസ്) തെറിവിളിച്ച് അരിശംതീര്‍ത്ത ഇ എം എസ് തന്റെ മിക്ക നിലപാടുകളും തള്ളിക്കളഞ്ഞ് മുണ്ടശ്ശേരിയുടെ പലനിലപാടുകളും സ്വീകരിച്ചുകൊണ്ട് പുസ്തകമെഴുതിയത് ഇംഗ്ലീഷിലാണ്. മൂന്നുവര്‍ഷം കഴിഞ്ഞാണ് അതിനൊരു മലയാളം പരിഭാഷയുണ്ടായത്. (1952 ലെ National Question of Kerala എന്ന പുസ്തകം ഇ എം എസ് എഴുതിയതല്ലെന്നു കരുതാന്‍ ഇഷ്ടംപോലെ ന്യായങ്ങളുണ്ട്. അതിനെപ്പറ്റി പിന്നീട്.)
വാസ്തവത്തില്‍, ദ്രാവിഡമേന്മയെപ്പറ്റിയുള്ള ഈ പുതിയ സിദ്ധാന്തവും ആര്യമേന്മയെസംബന്ധിച്ച സിദ്ധാന്തംപോലെതന്നെ അശാസ്ത്രീയമാണ്. (സഞ്ചിക 11, പുറം 132)
"പ്രാചീന കേരളചരിത്രത്തെ സംബന്ധിച്ച ദ്രാവിഡപക്ഷത്തെയും ആര്യന്‍ പക്ഷത്തെയും ഉപേക്ഷിക്കുന്നതുകൊണ്ട് രണ്ടുകൂട്ടരും എന്നെ എതിര്‍ക്കുമെന്നതും സ്വാഭാവികമാണ്" എന്നൊരു ആശങ്ക ഇംഗ്ലീഷ് പതിപ്പിനുള്ള മുഖവുരയില്‍ കാണാം (സഞ്ചിക 11, പുറം 116).
1955-ല്‍ എഴുതിയ മലയാളപതിപ്പിനുള്ള മുഖവുരയില്‍ കാര്യങ്ങള്‍ കുറെക്കൂടി തെളിച്ചും അടിവരയിട്ടും പറഞ്ഞിട്ടുണ്ട്. പ്രസക്തമായ ഭാഗത്തിന്റെ സ്കേന്‍ ഇവിടെ നല്കുന്നു
1952ലെ കൃതിയിലെ നിലപാടു മാറ്റം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെയും കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിന്റെയും അടിസ്ഥാനത്തിലാണെന്നാണ് അതിന്റെ മുഖവുരയില്‍ പറയുന്നത്. ഒരു ദശകത്തിനുശേഷം വീണ്ടും നമ്പൂതിരിപ്പാട് ചരിത്രം രചിച്ചു. അതും ഇംഗ്ലീഷില്‍. Kerala: Yesterday, Today and Tomorrow.  ഈ കൃതിയെക്കുറിച്ച് സഞ്ചിക എഡിറ്ററുടെ കുറിപ്പ് പറയുന്നത് ഇത് കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പാണെന്നാണ്. ഏതു വിവിരദോഷിയാണ് ഇതുള്‍പ്പെടുന്ന 65-ആം സഞ്ചിക എഡിറ്റു ചെയ്തതെന്നറിഞ്ഞുകൂടാ. ഇതിലെ പലഭാഗങ്ങളും 1952 ലെ കേരളത്തിന്റെ ദേശീയ പ്രശ്നം എന്ന കൃതിയുടെ പകര്‍പ്പാണ്. അതില്‍‌ ആര്യ-ദ്രാവിഡ വിഷയത്തില്‍ പറയുന്നത് 1952 ലെ കൃതിയില്‍ പറയുന്ന അതേ കാര്യം തന്നെ. (ഏതായാലും പരിഭാഷ ചെയ്ത ഡോ. ഡി. ജയദേവദാസിനു പരിഭാഷ ചെയ്യുന്നതുപോയിട്ട്, പകര്‍ത്തിയെഴുതാന്‍പോലും യോഗ്യതയുണ്ടെന്നു തോന്നുന്നില്ല. അറുപതാം പേജില്‍ ഏംഗല്‍സിന്റെ ഒരു കത്ത് പരിഭാഷ ചെയ്തിരിക്കുന്നത് എത്രമാത്രം നിരക്ഷരശൈലിയിലാണെന്നു നോക്കിയാല്‍ ഇക്കാര്യം മനസ്സിലാവും.)
"യഥാര്‍ത്ഥത്തില്‍ ദ്രാവീഡിയന്‍ഔന്നത്യത്തെസംബന്ധിച്ച ഈ പുതിയ സിദ്ധാന്തം ആര്യന്‍ഔന്നത്യത്തെ സംബന്ധിച്ച സിദ്ധാന്തത്തെപ്പോലെ തന്നെ അശാസ്ത്രീയമാണ്" എന്നാണ് ഈ കൃതി പറയുന്നത് (സഞ്ചിക 65, പുറം 30).
അപ്പോള്‍ 1951 മുതല്‍ 1966 വരെ ഇ എം എസ് ആര്യമേധാവിത്വം അംഗീകരിച്ചില്ലെന്നു നമുക്കു വേണമെങ്കില്‍ പറയാം. പക്ഷേ ഇക്കാലത്തിനിടക്ക് എത്ര മലക്കംമറിച്ചില്‍ നടത്തിയിട്ടുണ്ടാവുമെന്നറിയണമെങ്കില്‍ അക്കാലത്ത് എഴുതിയ ഓരോ കൃതിയും നോക്കേണ്ടിവരും. അതിലൊന്നും വലിയ കാര്യമില്ല.
1981 ല്‍ നമ്പൂതിരിപ്പാട് കേരളചരിത്രവും സംസ്കാരവും: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം എന്നൊരു ചെറിയ കൃതി രചിച്ചു എന്നു കാണുന്നു. തന്റെ മഹത്തായ ആശാന്‍ സ്മാരക പ്രഭാഷണത്തെ വ്യാഖ്യാനിച്ചുകൊണ്ടും അതില്‍ പറഞ്ഞതില്‍ കവിഞ്ഞു പറയാന്‍ വേണ്ടിയുമാണ് ഈ കൃതി രചിച്ചത്.
അതിലിങ്ങനെ പറയുന്നു.
പക്ഷേ, ആര്യസംസ്കാരത്തെക്കാള്‍ പഴക്കമുള്ളതും മേന്‍മയേറിയതുമാണ് ദ്രാവിഡസംസ്കാരമെന്നു പറയുന്നതും ആ ദ്രാവിഡസംസ്കാരത്തില്‍ കേരളത്തിനും പങ്കുണ്ടെന്ന് ഊറ്റംകൊള്ളുന്നതും അര്‍ത്ഥശൂന്യമാണ്. നിരവധി നൂറ്റാണ്ടുകളോളം കാലത്തെ വളര്‍ച്ചയിലൂടെ ആര്യബ്രാഹ്മണസംസ്കാരം വടക്കെ ഇന്ത്യയില്‍ വളര്‍ന്നതിന് ശേഷമാണ് സംഘകാലകൃതികള്‍ പ്രതിഫലിപ്പിക്കുന്ന ദ്രാവിഡസംസ്കാരം തെക്ക് വളര്‍ന്നുവന്നതെന്നതാണ് സത്യം. (കേരളചരിത്രവും സംസ്കാരവും: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ചിന്ത, 2009, പുറം 45)
വീണ്ടും
വടക്കേ ഇന്ത്യയിലേതിനെ അപേക്ഷിച്ച് തെക്കേ ഇന്ത്യയിലേത് താണനിലയിലുള്ള ഒരു സംസ്കാരമായിരുന്നു. അതുകൊണ്ടു വടക്കേ ഇന്ത്യയില്‍നിന്നുള്ള ആക്രമണങ്ങളെ അതിജീവിച്ച് സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ തെക്കെ ഇന്ത്യയിലെ സമൂഹത്തിനു കഴിഞ്ഞില്ല.(പുറം 47) 
 ഈ ഉദ്ധരണിയില്‍ മൂന്നിടത്തെങ്കിലും മുന്‍ ഇ എം എസ്സിനെ 1981-ലെ ഇ എം എസ് നിഷേധിക്കുന്നുണ്ട്.
1. ആര്യസംസ്കാരം ദ്രാവിഡസംസ്കാരത്തെക്കാള്‍ കേമമാണെന്നു പറയുന്നിടത്ത്
2. ദ്രാവിഡസംസ്കാരത്തില്‍ കേരളത്തിനു പങ്കില്ലെന്നു പറയുന്നിടത്ത്
3. ദ്രാവിഡ സംസ്കാരം ആര്യസംസ്കാരത്തിനു നിരവധി നൂറ്റാണ്ടുകള്‍ പിന്നീടാണ് വന്നതെന്നു പറയുന്നിടത്ത്
ഏതായാലും 1981 ല്‍ മുണ്ടശ്ശേരി ജീവിച്ചിരിപ്പില്ല. ഇ എം എസ് നമ്പൂതിരിപ്പാട് വീണ്ടും ഇ എം എസ് നമ്പൂതിരിപ്പാട് ആയി. ആര്യന്‍സംസ്കാരം വീണ്ടും ദ്രാവിഡസംസ്കാരത്തെക്കാള്‍ മേന്മയേറിയതായി.
ഇനി 1990ലെ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന കൃതി എന്തു പറയുന്നു എന്നു നോക്കാം.
ആര്യാവര്‍ത്തത്തില്‍ രൂപംകൊണ്ടതും തമിഴകത്തേതും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഏതിനാണ് കൂടുതല്‍ പഴക്കമുള്ളത്, ഏതാണ് കൂടുതല്‍ ഉജ്ജ്വലമായിരുന്നത്? ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിലാണ് ആര്യപക്ഷപാതികളും ദ്രാവിഡപക്ഷപാതികളും അന്യോന്യം ഏറ്റുമുട്ടുന്നത്.
നിഷ്പക്ഷമായും സത്യസന്ധമായും വസ്തുതകള്‍ പരിശോധിക്കുന്ന ഒരാള്‍ക്കും ദ്രാവിഡപക്ഷപാതികളുടെ നിലപാടംഗീകരിക്കാന്‍ വയ്യ. തമിഴകത്ത് രചിക്കപ്പെട്ട സംഘകാലകൃതികള്‍, ആര്യാവര്‍ത്തത്തിലെ ഋഗ്വേദാദി സംസ്കൃതസാഹിത്യ കൃതികളെ അപേക്ഷിച്ച് പഴക്കം കുറഞ്ഞവയാണെന്നു മാത്രമല്ല, വിവിധ സാഹിത്യ-വിജ്ഞാന ശാഖകളില്‍ രചിക്കപ്പെട്ട സംസ്കൃതസാഹിത്യത്തെ അപേക്ഷിച്ച് തമിഴ് സാഹിത്യം ദരിദ്രമാണുതാനും. (കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍, ചിന്ത, 2008, പുറം 12)
1990-ല്‍ ചരിത്രം രചിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രശ്നം അവതരിപ്പിക്കുന്നതുതന്നെ കുഞ്ചു വളര്‍ന്നതേയില്ലെന്നല്ലേ കാണിക്കുന്നത്? വളര്‍ന്നാലെന്ത് വളര്‍ന്നില്ലെങ്കിലെന്ത്, കുഞ്ചു ഒരു പ്രതിഭാസമാണ്. കാരണം കുഞ്ചു എല്ലാം പറഞ്ഞിട്ടുണ്ട്. കുഞ്ചു പറയാത്തതൊന്നുമില്ല. ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നു കുഞ്ചു പറഞ്ഞു. അല്ല ആദിനായരില്‍നിന്നുണ്ടായവരാണെന്നും കുഞ്ചു പറഞ്ഞു. ജാതി വ്യവസ്ഥ നമ്പൂതിരിമാര്‍ കൊണ്ടുവന്നതാണെന്നു പറഞ്ഞു. അല്ല ഇവിടെത്തന്നെ ഉണ്ടായതാണെന്നു പറഞ്ഞു. സ്വകാര്യസ്വത്ത് നമ്പൂതിരി വന്നതിനുശേഷമാണ് ഉണ്ടായതെന്നു പറഞ്ഞു, അല്ല നായന്‍മാര്‍ തന്നെ സ്വകാര്യ സ്വത്ത് വികസിപ്പിച്ചിരുന്നു എന്നു പറഞ്ഞു. ബാബിലോണിയയിലേക്കും ഫിനീഷ്യയിലേക്കും തേക്ക് 5000, 3000, 2000 എന്നീ വര്‍ഷങ്ങള്‍ക്കു മുമ്പ് കയറ്റി അയച്ചിരുന്നു എന്നു പറഞ്ഞു. അന്നാടുകളിലേക്കു നായന്‍മാര്‍ കപ്പലോട്ടി കച്ചവടം നടത്തിയിരുന്നു എന്നു പറഞ്ഞു. ഇല്ല ഒരു കച്ചവടവും ഇവിടത്തുകാര്‍ ചെയ്തിരുന്നില്ല, വരുന്നവര്‍ വാങ്ങിക്കൊണ്ടുപോയതല്ലാതെ എന്നും പറഞ്ഞു. കുരുക്ഷേത്രത്തിലെ യുദ്ധത്തിന് കേരളത്തില്‍നിന്ന് അരികൊണ്ടു പോയത് കൃഷി അക്കാലത്തേ വന്‍തോതില്‍ വികസിച്ചതിന്റെ തെളിവാണെന്നു പറഞ്ഞു. എന്നാല്‍ ആര്യന്മാര്‍ വരുന്നതിനുമുമ്പ് ഇവിടെ വികസിച്ച ഒരു സംസ്കാരം ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ലെന്നും അരികൊണ്ടുപോയത് പിന്നീട് മഹാഭാരത്തില്‍ കൂട്ടിച്ചേര്‍ത്തതാവാം എന്നും പറഞ്ഞു. ക്രിസ്തുവിനു ആയിരം വര്‍ഷം മുമ്പാണ് നമ്പൂതിരിമാര്‍ കേരളത്തില്‍ വന്നതെന്നു പറഞ്ഞ് മുണ്ടശ്ശേരിയുടെ മേല്‍ കുതിര കയറി. പിന്നെയത് ബി സി രണ്ടാം ശതകം മുതല്‍ എന്നായി. പോരാഞ്ഞ്  "കേരളത്തിന്  രണ്ടുമൂവായിരത്തിലധികം കൊല്ലത്തെ പഴക്കമില്ല, രണ്ടുമൂവായിരത്തിനുമുമ്പുള്ള കേരളത്തെക്കുറിച്ച് ഒരു തെളിവുമില്ല" എന്നും സമ്മതിച്ചു.
ജാത്യാലുള്ളത് തൂത്താല്‍ പോവില്ലെന്നു പറഞ്ഞതുപോലെ, എന്തൊക്കെ പഠിച്ചാലും, എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാലും കുഞ്ചു അവസാനം കുഞ്ചു തന്നെ. നമ്പൂതിരിപ്പാട് ആര്യനും നമ്പൂതിരിയും തന്നെ. അതൊക്കെക്കഴിഞ്ഞിട്ടേ നായരും തീയ്യരുമൊക്കെയുള്ളൂ.
അപ്പോള്‍ ഇങ്ങനെ പറഞ്ഞുകൂടേ? സ്വയം ഒരു ചരിത്രവിദ്യാര്‍ത്ഥിയെന്നു വിളിച്ച നമ്പൂതിരിപ്പാട്  നിതാന്തമായ അന്വേഷണത്തിന്റെ ഭാഗമായി തെറ്റുകളില്‍നിന്നു ശരിയിലേക്കു നീങ്ങുകയായിരുന്നു. ഈ നിലപാടു മാറ്റങ്ങള്‍ കാണിക്കുന്നത് അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണയും സത്യാന്വേഷണത്വരയും ആണെന്ന്? മുണ്ടശ്ശേരിയെ പുലയാട്ടുകയും അദ്ദേഹത്തിന്റെ വാദങ്ങളെ താന്‍ മുമ്പെതിര്‍ത്തതെന്നു സമ്മതിക്കാതെ സ്വന്തം വാദമായി എടുക്കുകയും ചെയ്ത ഇ എം എസ് ഏതായാലും നല്ലൊരു ചരിത്ര വിദ്യാര്‍ത്ഥിതന്നെ! ചരിത്രത്തിലെ ഇദ്ദേഹത്തിന്റെ സത്യാന്വേഷണത്തെപ്പറ്റി പക്ഷേ വീണ്ടും പറയാനുണ്ട്. യാതൊരു തത്ത്വദീക്ഷയുമില്ലായ്മ മാത്രമാണ് ഇങ്ങനെ നിര്‍ലജ്ജം നിലപാടുമാറ്റാന്‍ (സത്യത്തില്‍ നിലപാടേ ഇല്ലാതിരിക്കാന്‍‌) ഇദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് മറ്റൊരുദാഹരണം പറഞ്ഞുകൊണ്ട് കാണിക്കാം. അത് ഈ പോസ്റ്റിന്റെ രണ്ടാം ഭാഗമാവും.

ചരിത്രപുരുഷനായ ഇ എം എസ് 'കേരളചരിത്ര'ത്തെ എടുത്ത് അമ്മാനമാടുന്നതു കാണുമ്പോള്‍ ചാപ്ലിന്റെ  Great Dictator എന്ന ചലച്ചിത്രത്തിലെ ഒരു രംഗമാണ് ഓര്‍മ്മവരുന്നത്. കൈകൊണ്ടും കാല്‍കൊണ്ടും മേശപ്പുറത്തു കമിഴ്ന്നുകിടന്ന് ആസനംകൊണ്ടും ഭൂഗോളത്തെ മാറിമാറി തഴുകുകയും തൊഴിക്കുകയും ചെയ്യുന്ന ചാപ്ലിന്റെ സര്‍വ്വാധിപതിയെപ്പോലെ ഇ എം എസ് ചരിത്രത്തെ പന്തുതട്ടിക്കളിച്ചു. ചലച്ചിത്രത്തിലെ ഭൂഗോളം പോലെ മുള്ളുകുത്തിയാല്‍ പൊട്ടിപ്പോവുന്നതുമാണ് ഇ എം എസ് തട്ടിക്കളിച്ച ഊതിവീര്‍പ്പിച്ച കേരളചരിത്രവും. ശുദ്ധവങ്കത്തരം. ഇടതുപക്ഷ ചരിത്രകാരന്മാര്‍ക്കുപോലും  ചരിത്രരചന നടത്തുമ്പോള്‍ ഇ എം എസ് ചരിത്രത്തെ ദൂരെ നിറുത്തണം, പിന്നീട് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നാണംകെട്ട് ഇ എം എസ് സ്തുതി പാടുമെങ്കിലും.


നമ്പൂതിരിപ്പാട് ഉന്നയിക്കുന്ന വിഷയങ്ങളില്‍ താത്പര്യമോ അദ്ദേഹം മാറിമാറി സ്വീകരിച്ച പക്ഷങ്ങളിലേതെങ്കിലുമൊന്നിനോടു പക്ഷപാതമോ ഈ ബ്ലോഗെര്‍ക്കില്ല.

1 comment:

  1. "ഈ പോസ്റ്റില്‍ നമ്പൂതിരിപ്പാട് ഉന്നയിക്കുന്ന വിഷയങ്ങളില്‍ താത്പര്യമോ അദ്ദേഹം മാറിമാറി സ്വീകരിച്ച പക്ഷങ്ങളിലേതെങ്കിലുമൊന്നിനോടു പക്ഷപാതമോ ഈ ബ്ലോഗെര്‍ക്കില്ല."

    why this disclaimer ?

    ReplyDelete

Google Buzz Public Feed for Calicocentric --