Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

31 Dec 2009

കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും ഇ എം എസ്സും

സി പി എം വക കൈരളി ചാനലില്‍  രാഷ്ട്രീയപ്രബുദ്ധമായ മിമിക്രി കണ്ട്  വെളുക്കെച്ചിരിക്കുന്ന ഇ എം എസ് നെ സങ്കല്പിച്ചു നോക്കൂ, വെറുതേ, വെറും സങ്കല്പമാണ്. 1997-ല്‍ ചാനലുണ്ടായിരുന്നോ മിമിക്രി തുടങ്ങിയിരുന്നോ എന്നറിയില്ല. എന്നാല്‍ ഇ എം എസ് ന്റെ sensibility, ആസ്വാദനനിലവാരം ഇങ്ങനെ സങ്കല്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

എവിടെനിന്നാണ് ഈ പാര്‍ട്ടിക്ക് ഈ മിമിക്രി സംസ്കാരം കിട്ടിയതെന്നു മനസ്സിലാക്കാന്‍ ഒരു വിഷമവുമില്ല. ഇ എം എസ് തന്നെ ഈ പ്രബുദ്ധമായ സൌന്ദര്യബോധത്തിന്റെ ഉറവിടം. അത്രയും തറയായിരുന്നു നമ്പൂതിരിപ്പാടിന്റെ സൌന്ദര്യബോധം. 1994-ല്‍ ഇദ്ദേഹമെഴുതിയ ഒരു ലേഖനം രാഷ്ട്രീയമായ അസഹിഷ്ണുത എന്ന പേരില്‍ വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആകാശവാണിയില്‍ ശതാഭിഷേകം എന്ന നാടകം വന്നപ്പോള്‍ അതിനെതിരെ കരുണാകര-മുരളീധര ഭക്തര്‍ (ഒരു പക്ഷേ ആന്റണി കോണ്‍ഗ്രസ്സും) കോലാഹലം ഉണ്ടാക്കിയപ്പോള്‍ അതിനെതിരായി നാടകത്തിന്റെ പക്ഷത്തുനിന്ന് എഴുതിയതാണ് ഈ ലേഖനം. കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും നാടകത്തിലെ കഥാപാ ത്രങ്ങളാണ്. (ആരാണവരെന്നു പറയേണ്ടതില്ലല്ലോ.)

കലാമൂല്യമില്ലാത്ത ഒരു രചനയാണിതെന്നാണ് ഒരു വാദം. [...] ആണോ എന്നെനിക്കറിഞ്ഞുകൂട. ഞാനത് കേട്ടിട്ടില്ലല്ലോ.  [...]

തസ്ലീമയുടെ നോവലിനെന്നപോലെ ശതാഭിഷേകത്തിനും ശ്രോതാക്കളുടെ ഹൃദയത്തില്‍ ചെന്നുതറക്കാനുള്ള ശക്തിയുള്ളതിനാലാണല്ലോ കരുണാകര ഭക്തന്മാര്‍ ആ നാടകത്തിനെതിരെ ബഹളം വെച്ചത്. അങ്ങനെ വായനക്കാരുടെ ഹൃദയത്തില്‍ തറക്കുന്ന ലജ്ജ പോലുള്ള നോവലുകളും കാണികളുടെ ഉള്ളില്‍തട്ടുന്ന ശതാഭിഷേകം പോലുള്ള നാടകങ്ങളും കലാമൂല്യമില്ലാത്തവയാണെന്ന് വാശിപിടിക്കുന്ന കലാനിരൂപണ പണ്ഡിത'ന്മാരെക്കുറിച്ച് എനിക്ക് വലിയ ബഹുമാനമില്ല. 
കൃതി ജനപ്രിയമാകയാല്‍ അതിനു കലാമൂല്യമില്ലെന്നു  പറയുന്ന നിലപാട് ശരിയല്ല. ഇതാണോ നമ്പൂതിരിപ്പാട് പറയുന്നത്? അങ്ങനെതോന്നിക്കുമെങ്കിലും അങ്ങനെ ആവാനൊരു തരവുമില്ല. ഈ വിഷയത്തില്‍ അങ്ങനെയൊരു വാദവും ഉയരില്ലല്ലോ.

സത്യംപറഞ്ഞാല്‍ തന്തയ്ക്കുപിറക്കാത്ത വര്‍ത്തമാനമാണിത്. ശതാഭിഷേകം എന്ന നാടകത്തിനു കലാമൂല്യമുണ്ടോ ഇല്ലയോ എന്നു തെളിച്ചുപറയാതെ ഒരു പൊതുപ്രസ്താവത്തിന്റെ നാട്യത്തില്‍ ഇത് അവതരിപ്പിക്കാന്‍ നമ്പൂതിരിപ്പാട് മുടന്തന്‍ ശ്രമം നടത്തുന്നു.  പക്ഷേ വായനക്കാര്‍ക്ക് എളുപ്പം തന്തയെ നിശ്ചയിക്കാം. നാടകം കലാമൂല്യമില്ലാത്തതാണെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ കാണികളുടെ ഉള്ളില്‍ത്തട്ടുന്നതാകയാല്‍ (ഞാന്‍ കേട്ടിട്ടില്ലെങ്കിലും) ഇതു കലാമൂല്യമുള്ളതാണ്. ഇതാണ് ഇ എം എസ് പറയുന്നത്. വക്രബുദ്ധിയാകയാല്‍ അതങ്ങു തെളിച്ചുപറയില്ല നമ്മുടെ നമ്പൂതിരിപ്പാട്. 

കാണികളുടെ ഉള്ളില്‍ത്തട്ടുന്നത് മുഴുവന്‍ കലാമൂല്യമുള്ളതാണെന്നു നമ്പൂതിരിപ്പാട് അംഗീകരിച്ചാല്‍ വെണ്‍മണിയുടെ പിന്തുടര്‍ച്ചക്കാരെന്നു പറഞ്ഞ് താന്‍ ആക്രമിച്ച പൈങ്കിളി പ്രസിദ്ധീകരണങ്ങളും കലാമൂല്യമുള്ളവയാണെന്ന് നമ്പൂതിരിപ്പാട് അംഗീകരിക്കണമായിരുന്നു. അന്നു കരുണാകരനും മുരളീധരനും വിരോധികളായിരുന്നതിനാല്‍ അവരെ പുച്ഛിക്കുന്നതെന്തും പുരോഗമനപരം, അതിനു കലാമൂല്യമുണ്ട് എന്നൊക്കെ നിശ്ചയിക്കുന്ന നാണവും മാനവും കെട്ട ഈ ഇ എം എസ് സെന്‍സിബിലിറ്റിയെ അങ്ങോര്‍ തന്നെ സിദ്ധാന്തരൂപത്തിലും പറഞ്ഞിട്ടുണ്ട്.
പുരോഗമന സാഹിത്യത്തിന്റെ ദൃഷ്ടിയില്‍ രൂപഭദ്രതയ്ക്ക് ഒറ്റ അളവുകോലേ ഉള്ളൂ. ഏറ്റവും അധിക ജനങ്ങളുടെ ഹൃദയത്തില്‍ചെന്ന് തറയ്ക്കത്തക്കവിധം ശക്തിയോടും ഓജസ്സോടും കൂടി ജന്മി മുതലാളി മര്‍ദ്ദനങ്ങള്‍, ബൂര്‍ഷ്വാ ഗവര്‍മെണ്ടുകളുടെ കൊള്ളരുതായ്മകളും അഴിമതിയും, പുരോഹിതന്മാരുടെയും ബൂര്‍ഷ്വാ നാടുവാഴി പണ്ഡിതന്മാരുടെയും നേതൃത്വത്തിലുള്ള  അന്ധവിശ്വാസങ്ങള്‍ എന്നിവയെ തൊലിയുരിച്ചുകാണിക്കുന്നുണ്ടോ; ഇവയോടെല്ലാം പടവെട്ടിക്കൊണ്ട് ഒരു പുതിയ ജനാധിപത്യ സമുദായം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന തൊഴിലാളികള്‍, കൃഷിക്കാര്‍, പാവപ്പെട്ട ഇടത്തരക്കാര്‍, പുരോഗമനവാദികളായ ബുദ്ധിജീവികള്‍ എന്നിവരുടെ ആവേശകരമായ ജീവിതവും സമരവും ഹൃദയാകര്‍ഷകമായ വിധം ചിത്രീകരിക്കുന്നുണ്ടോ? (മലയാളനിരൂപണത്തില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം, പുറം 209, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍)[ ഈ നിലപാട് ലേശം മയപ്പെടുത്തുന്നു എന്നു പറയുന്ന സാഹചര്യത്തില്‍നിന്നാണ് ഈ ഉദ്ധരണി എടുത്തിരിക്കുന്നത്. സാഹചര്യം വ്യക്തമാവാന്‍ പേജ് കാണുക.][എന്തിനു തൊലിമാത്രം ഉരിയണം? മുണ്ടുരിഞ്ഞാല്‍ കൂടുതല്‍ ശക്തിയോടും ഓജസ്സോടും കൂടി   ജനങ്ങളുടെ ഹൃദയത്തില്‍ചെന്ന് തറയ്ക്കില്ലേ. കിങ്ങിണിക്കുട്ടന്റെ ഗുണ്ടകള്‍ മുണ്ടുരിഞ്ഞപ്പോള്‍ ലേശം ജനത്തിന്റെ ഹൃദയത്തില്‍ ഇടം നേടിയ നേതാവിന്റെ മുണ്ട് മഞ്ചേരിയിലെ സഖാക്കള്‍ ഉരിഞ്ഞനാടകം എത്ര കലാമൂല്യമുള്ളതായിരുന്നു. ഇതു മിമിക്രി ചാനല്‍ ആഘോഷിച്ചതായി കേട്ടു, കണ്ടില്ല.]

No comments:

Post a Comment

Google Buzz Public Feed for Calicocentric --