Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

9 Nov 2008

സുകുമാര്‍ അഴീക്കോടിന്‍റെ ഭാഷാശാസ്ത്രം

(ലേഖനത്തിനു വിഷയമായ കാര്യത്തെപ്പറ്റിയല്ല ഈ കുറിപ്പ്. പണ്ഡിതന്മാര്‍ എന്ന പേരു പേറുന്നവര്‍ എഴുതിക്കൂട്ടുന്ന വിവരക്കേടുകളെപ്പറ്റി മാത്രമാണിത്. alimentary canal എന്നാല്‍ വായമുതല്‍ ഗുദം വരെയുള്ള അന്നനാളമെന്നും (അയ്യപ്പപ്പണിക്കര്‍) parabola എന്നാല്‍ ഉമപാലങ്കാരമെന്നും, platoon എന്നാല്‍ പടര്‍പ്പ്, വള്ളിക്കെട്ട് എന്നും (കൃഷ്ണവാര്യര്‍) ഒക്കെ എഴുതി പ്രസിദ്ധീകരിക്കുന്ന മഹാപണ്ഡിതന്മാരായ പ്രഫസറന്മാരുടെ കൂട്ടത്തിലേക്ക് ഇനിയും മുതല്‍ കൂടട്ടെ.)
തെലുഗു, കന്നഡ ഭാഷകള്‍ക്ക് സര്‍ക്കാര്‍ ക്ലാസിക് പദവി കല്പിച്ചു നല്കിയതിനെപ്പറ്റി അഴീക്കോട് എഴുതിയ ലേഖനം ഇന്നാട്ടിലെ പണ്ഡിതശിരോമണികളുടെ തനിനിറം കാണിക്കുന്നതുകൊണ്ട് ഇവിടെയൊന്നെടുത്തു പറയുകയാണ്. "വേലിയിലുള്ളത് ശീലയിലാക്കി" എന്നു പരിഷ്കരിച്ചു വികലമാക്കിയ ഒരു ചൊല്ല് പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുനന്നത്. പച്ചയ്ക്കങ്ങു പറഞ്ഞാല്‍ പോരേ? വേലിയിലിരിക്കുന്ന പാമ്പിനെയെടുത്ത് കോണത്തിലിടുക എന്നതാണ് ശരിക്കും ലേഖനകര്‍ത്താവ് ചെയ്തിരിക്കുന്നത്.
"ക്ലാസിക്‌ സാഹിത്യം എന്നു കേട്ടിട്ടുണ്ട്‌. ക്ലാസിക്‌ ഭാഷ എന്നൊന്നില്ല."
ഇതാണ് സുകുമാര്‍ അഴീക്കോടിന്‍റെ വാദം. ഇല്ലെങ്കില്‍ വേണ്ടാ. ആരെങ്കിലും ഉണ്ടെന്നു പറഞ്ഞോ? കാര്യമിത്രയേയുള്ളൂ. classic എന്നും classical എന്നുമുള്ള പദങ്ങളുടെ വ്യത്യാസം ശ്രീമാന് അറിഞ്ഞുകൂടാ.ഒന്നാമത് സര്‍ക്കാര്‍ കല്പിച്ചുകൊടുത്ത വങ്കന്‍ പദവി ക്ലാസിക് ഭാഷ എന്നല്ല, ക്ലാസിക്കല്‍ ഭാഷ എന്നാണ്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇവിടെ കാണാം. അവസാനം കാണുന്ന "dispose off" മാറ്റിനിറുത്തിയാല്‍ അഴീക്കോടിനെക്കാള്‍ വിവേചനബുദ്ധിയുണ്ട് കുറിപ്പെഴുത്തുകാരന്. ചാള്‍സ് ഡിക്കിന്‍സിന്‍റെ Great Expectations എന്ന കൃതി ഒരു ക്ലാസിക്കാണെന്നു പറയാം. എന്നാല്‍ ആരും അതിനെ ക്ലാസിക്കല്‍ എന്നു പറയില്ല. സാഹിത്യത്തെ സംബന്ധിച്ച് ക്ലാസിക്ക് എന്നതിനും ക്ലാസിക്കല്‍ എന്നതിനും വെവ്വേറെ വിവക്ഷകളുണ്ട്. മൊത്സാര്‍ട്ടിന്‍റെ സംഗീത രചനകള്‍ ക്ലാസിക്കല്‍ സംഗീതമാണ്. ബീറ്റില്‍സ് ബാന്‍ഡിന്‍റെ പല പാട്ടുകളും ക്ലാസിക്കുകളാണ്, എന്നാല്‍ അവയെ ക്ലാസിക്കല്‍ എന്നു പറയാറില്ല. ക്രിക്കിറ്റ്, ചലച്ചിത്രഗാനം എന്നിവയിലൊക്കെ ഈ പദങ്ങള്‍ വലിയ കണിശത കൂടാതെ ഉപയോഗിച്ചു കാണാറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളുടെ scholarship നിലനില്‍ക്കുന്ന മേഖലയില്‍ അഴുകൊഴമ്പന്‍ പദാവലി നടപ്പില്ല. ഇനി അതല്ല classical language എന്നൊന്നേയില്ല എന്നാണ് അഴീക്കോടു പറയുന്നതെങ്കില്‍ അദ്ദേഹത്തിന്‍റെ അറിവില്ലായ്മയെ ഓര്‍ത്ത് സഹതപിക്കാനേ നിവൃത്തിയുള്ളൂ. http://en.wikipedia.org/wiki/Classical_languages ഒടുക്കം ഒരു കഥ പറഞ്ഞുകൊണ്ടാണ് അഴീക്കോട് നിറുത്തുന്നത്.
"സംഗീതത്തെപ്പറ്റി ഒരു ഗന്ധവുമില്ലാതിരുന്ന ഒരു രാജാവ്‌ ദേവന്മാരുടെ ഒരു ഗാനമത്സരത്തില്‍ തെറ്റായ തീരുമാനം എടുത്തതില്‍ കോപിച്ച അപ്പോളോ ദേവന്‍ രാജാവിനു കഴുതച്ചെവി നല്‌കിയെന്ന കഥ കേട്ടിട്ടുണ്ട്‌. കേന്ദ്രത്തില്‍ ഉള്ളതും ആ ഗര്‍ദഭ കര്‍ണന്റെ പിന്‍ഗാമികളാണെന്ന്‌ വരുത്തിത്തീര്‍ക്കരുതേ എന്ന്‌ ഒരപേക്ഷയുണ്ട്‌."
കഥയുടെ കുഴപ്പം ഇത്രയേയുള്ളൂ. ദേവന്‍മാരുടെ മത്സരം അപ്പോളോ ദേവനും പാന്‍ എന്ന ദേവനും തമ്മിലായിരുന്നു. പാനിന്‍റെ കുഴല്‍വിളിയാണ് അപ്പോളോയുടെ തന്ത്രിവാദ്യ സംഗീതത്തെക്കാള്‍ നല്ലതെന്നു പറഞ്ഞ മൈഡാസിന് കഴുതച്ചെവി അപ്പോളോ സമ്മാനിച്ചത് മൈഡാസിന്‍റെ സംഗീതബോധത്തിന്‍റെ കുറവുകൊണ്ടാണോ അതോ അപ്പോളോയുടെ കൊതിക്കെറുകൊണ്ടാണോ?

5 comments:

 1. 'വായമുതല്‍ ഗുദം വരെ നീളുന്ന' ആ 'അന്നനാള'ത്തിന്റെ കാര്യമോര്‍ത്ത് ചിരിച്ച് ഒരു വഴിയായി.

  പണ്ഡിത ശ്രേഷ്ഠന്മാര്‍ തന്നെ ഇങ്ങനെയാണെങ്കില്‍ 'മെഡിക്കല്‍ ' വാക്കുകള്‍ക്ക് തത്തുല്യ മലയാള/സ്ംസ്കൃത പദം തപ്പി നട്ടം തിരിയുന്ന ഈയുള്ളവന്റെയൊക്കെ കാര്യം എന്തരോ !

  ReplyDelete
 2. ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

  നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

  ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

  ReplyDelete
 3. എന്തെല്ലാം ബൌദ്ധികവ്യായാമങ്ങൾ!

  ReplyDelete
 4. വേലിയിലിരുന്നതിനെ ശീലയിലാക്കി എന്നത്‌ ചൊല്ലിനെ പരിഷ്കരിച്ചുവികലമാക്കിയതാണ്‌ എന്നതിനോടു മാത്രം യോജിക്കാന്‍ കഴിയുന്നില്ല. ശീല എന്നതിനു നിഘണ്ടുവില്‍ കോണകം എന്നൊരര്‍ത്ഥവും കാണുന്നുണ്ട്‌. മധ്യതിരുവിതാംകൂറില്‍ ചീല എന്നും പറയാറുണ്ട്‌.

  ബാക്കി ഇവിടെ.

  ReplyDelete
 5. ശീല ച്ചാല്‍ തുണി. പരിഷ്കരിച്ചതുതന്നെ. അതിന്‍റെ പരിക്കും പറ്റി. കോണോത്തിന്‍റെ അടുത്തെങ്ങാനുമെത്തുമോ ആ അര്‍ഥത്തില്‍ ശീല. നാലഞ്ചു കോണം അയലില്‍ക്കിടക്കുമ്പോള്‍ മുത്താച്ചി (മുത്തശ്ശി) എന്തിനാ പൊതക്കാതെ (പുതയ്ക്കാതെ) കെടക്കുന്നത്, കോണോത്തില് നീലം മുക്കിയ പോലെ എന്നൊക്കെ ശൈലിയുമുണ്ട്. അല്ലേലും ഈ തിരുവിതാംകൂറുകാരുക്കു ചില തകരാറൊക്കെയുണ്ട്. സര്‍ക്കാരാപ്പീസിലെ പരിചയം വെച്ചു പറയട്ടെ. മേശവലിപ്പിന് ഡ്രോ എന്നേ പറയൂ. ഡ്രോയര്‍ എന്നു പറഞ്ഞാല്‍ അടിവസ്ത്രത്തിനും ആ പേരില്ലേ. യു എസ് ഇംഗ്ലീഷു പ്രകാരം ഡ്രോ എന്നു വലിപ്പിനു പറയുമെന്നറിഞ്ഞല്ല ഈ പരിഷ്കാരം വരുത്തിയത്.
  അതൊക്കെ നര്‍മ്മം.
  ഈ കടല്‍ക്കിഴവന്മാരെ വിഡ്ഡികളെന്നു തിരിച്ചറിയുകയും പറയുകയും ചെയ്യാന്‍ വൈകുംതോറും...

  ReplyDelete

Google Buzz Public Feed for Calicocentric --