Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

18 Oct 2010

ഇ കെ നായനാരും മുസ്ലീം യുവാവും

ഒളിവിലെ സ്മൃതികള്‍‌ എന്ന നായനാര്‍ കൃതിയില്‍ ശ്രദ്ധയര്‍ഹിക്കുന്ന ചില മുസ്ലീം പരാമര്‍ശങ്ങളുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതിയ വിവിധ ആത്മകഥനങ്ങളില്‍നിന്ന് മുറിച്ചും തറിച്ചുമെടുത്ത കുറെ അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. വിവരിക്കപ്പെടുന്ന കാലം മുഖ്യമായും നാല്പതുകള്‍. മിഴിവുള്ള ചിത്രങ്ങള്‍ ഓര്‍മ്മക്കുറിപ്പുകളിലൂടെ വരയ്ക്കാന്‍ തനിക്കു കഴിവുണ്ടെന്നു നായനാര്‍ വിശ്വസിച്ചിരുന്നു എന്നത് നിസ്സംശയമാണ്. ഒന്നുകില്‍‌ നായനാര്‍ക്ക് വിശദാംശങ്ങളെ സൂക്ഷിക്കുന്ന അസാധാരണമാംവിധം സുദൃഢമായ ഓര്‍മ്മ കൈവശമുണ്ടായിരുന്നു. അല്ലെങ്കില്‍ ഓര്‍മ്മകള്‍ ദുര്‍ബ്ബലമാവുന്നിടത്ത് വേണ്ടത്ര മജ്ജയും മാംസവും നല്കി ആഖ്യാനത്തെ പുഷ്ടിപ്പെടുത്താന്‍ നായനാരുടെ അയവേറിയ സത്യസന്ധത ആത്മകഥനത്തെ അനുവദിച്ചിരുന്നു. സ്വതവേ കവിയായ നായനാര്‍ ഇത്തരം സന്ദര്‍ങ്ങളില്‍ വാരിക്കോരി കാവ്യം പൂശിയാല്‍ നായനാരെ വായിച്ചും കേട്ടും പരിചയിച്ചവര്‍ക്ക് അതില്‍  വൈചിത്ര്യം തോന്നേണ്ടതില്ല. യുവകോമളനായ സുകുമാരനും (നായനാരും) ലക്ഷ്മിയെന്ന തരുണിയും തമ്മിലുണ്ടാവുന്ന അനുരാഗോഷ്മളമായ യുവമാനസൈക്യം ഒളിവുസ്മൃതിയിലെ ഏറ്റവും ശ്രദ്ധേയമായ സന്ദര്‍ഭമാണ്. കുടിലില്‍  വിരിഞ്ഞ സൌഹൃദം [കട്ടിലില്ല] എന്നാണ് ഇക്കാര്യം വിവരിക്കുന്ന അദ്ധ്യായത്തിന്റെ പേര്. കാട്ടിലും മേട്ടിലും വള്ളിക്കുടിലിലും പൊന്തയിലും മാത്രമല്ല ചെറ്റക്കുടിലിലും പ്രണയം പൂവിടാമെന്നായിരിക്കും പുരോഗമന കാവ്യബോധമുള്ള നായനാര്‍ ഉദ്ദേശിച്ചത്.  എങ്കിലും ഉരുക്കിന്റെ ദാര്‍ഢ്യമുള്ള നായനാരുടെ വിപ്ലവബോധത്തിന് അനുരാഗവിവശമാവാന്‍ പറ്റില്ലെന്നതുകൊണ്ട് വിപ്ലവത്തെക്കരുതി ലക്ഷ്മിയെ ത്യജിച്ച് നായനാര്‍ പുതിയ മേച്ചില്‍പ്പുറം തേടും.
ഇതുപോലെ മിഴിവുള്ള വേറൊരു ചിത്രമാണ് നായനാരും കുലടയും മുസ്ലീം ജാരനും സന്ധിക്കുന്ന ഒരു ഒളിവുകാല സന്ദര്‍ഭത്തില്‍ കാണുന്നത്. "മാദകലഹരി മൂര്‍ച്ഛിച്ചിരുന്ന" മാത എന്ന കുലടയെ പ്രാപിക്കാന്‍ വരുന്ന ഒരു യുവാവ് മുസ്ലീമാണോ ക്രിസ്ത്യാനിയാണോ എന്നത് അപ്രധാനമായ ഒരു വിശദാംശം മാത്രമാവേണ്ടതായിരുന്നു. മദോന്മത്തയായ മാത കയറി കൈ പിടിച്ചപ്പോള്‍ കുതറിമാറുന്ന തന്റെ  വിപ്ലവസദാചാരത്തിന്റെ ദാര്‍ഢ്യം വിശദമാക്കാനാണ് നായനാര്‍ ഈ ഉപാഖ്യാനം ചമയ്ക്കുന്നത്. പക്ഷേ യുവാവ് എന്നു പറയുന്നിടത്തെല്ലാം ഒരഞ്ചു തവണയെങ്കിലും മുസ്ലീം എന്നു കൂട്ടിയേ ഈ ജാരനെപ്പറ്റി പറയുന്നുള്ളൂ നായനാര്‍.


ഇപ്രകാരം ജാതികൊണ്ടും മതംകൊണ്ടും ആളുകളെ identify ചെയ്യുന്നതിന് ഒളിവുസ്മൃതിയില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. പക്ഷേ അവയെല്ലാം മുസ്ലീംങ്ങള്‍, ക്രിസ്ത്യാനികള്‍, ഹരിജനങ്ങള്‍ എന്നിവരെക്കുറിച്ചു പറയുമ്പോഴാണ്. നായരെക്കുറിച്ചും നമ്പ്യാരെക്കുറിച്ചും പറയുമ്പോഴില്ലാത്ത ഈ വിശേഷണങ്ങള്‍ ജാതിമതബോധങ്ങള്‍ വേരുറച്ച ഒരു പഴമനസ്സിന്റെ ബഹിര്‍സ്ഫുരണങ്ങളല്ലേ നായരേ? നായരും നമ്പ്യാരും പേരില്‍ വാലുള്ളതുകൊണ്ട് ഈ ഐഡെന്റിറ്റി സ്വതവേ പേറുന്നതുകൊണ്ടാണ് അവരെക്കുറിച്ച് ഇങ്ങനെ വിശേഷണങ്ങള്‍ വേണ്ടാത്തതെന്ന് കരുതി ആശ്വസിക്കാന്‍ ശ്രമിക്കാനും വകയില്ല. കാരണം നമ്പൂതിരിപ്പാടിനെപ്പോലെയും നായനാരെപ്പോലെയും പേരില്‍ ജാതിയുടെ  വാല് കൊണ്ടുനടക്കാതിരുന്ന കേളപ്പനും കെ. ദാമോദരനും ഇതില്‍‌ ജാതി പരാമര്‍ശമില്ലാതെ വിവരിക്കപ്പെടുന്നുണ്ട്. ജാതിവാലുള്ള പേരുകള്‍ ചെല്ലപ്പേരുകളില്‍ ഒളിപ്പിച്ച കേരളീയനും വിഷ്ണുഭാരതീയനും ഏ കെ ജിയും വരുന്നുണ്ട്.


മാതയെ പ്രാപിക്കാന്‍ വരുന്ന ജാരനായും വിപ്ലവകാരിയായ 'നമ്മളെ' പൊലീസിനു പിടിച്ചുകൊടുക്കുമായിരുന്ന മുസ്ലീം ജനതയായും പെണ്ണുകെട്ട് കുറെയേറെ നടത്തുന്നവരായും മാത്രമാണ് ഈ കൃതിയില്‍ മുസ്ലീംങ്ങള്‍ വരുന്നത്.
മുസ്ലീംങ്ങളെപ്പറ്റി പറയുന്നിടത്തെല്ലാം അവര്‍ ശത്രുപക്ഷത്താണെന്നു വന്നാലോ? ഇക്കാലത്ത് ഇസ്ലാമോഫോബിയ എന്ന പേരില്‍ അറിയപ്പെടുന്ന കാര്യം തന്നെയല്ലേ ഇത്? മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ മുന്‍ സ്വത്വവാദികള്‍ ഇപ്പോള്‍ ഓട്ടഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മേഖലയുമാണിത്. നിര്‍മ്മാല്യം എന്ന എം ടി വാസുദേവന്‍ നായര്‍ ചലച്ചിത്രത്തില്‍ ബ്ലേക് & വൈറ്റിലൂടെ നോക്കി മുസ്ലീം വിരുദ്ധതയുടെ പച്ച ബെല്‍റ്റ് കണ്ടെടുത്ത ഒരു ചലച്ചിത്ര നിരൂപകപ്പരിഷയെ ഓര്‍മ്മവരുന്നു. (നിരൂപകപ്പരിഷയുടെ കണ്ടെത്തല്‍ ശരിയാവാം. പക്ഷേ അയാളുടെ ഓട്ടഗവേഷണം സ്വന്തം പാര്‍ട്ടിയിലെ നായന്മാരുടെ ചെറ്റത്തരങ്ങള്‍ക്കു മറപിടിക്കാനാണെന്നതിലാണ് പരാതി.)
ആത്മകഥകളാണ് കഴിഞ്ഞനൂറ്റാണ്ടിലെ കേരളത്തിന്റെ രാഷ്ട്രീയചരിത്രം പഠിക്കാനുള്ള ഏറ്റവും പ്രധാനമായ സാമഗ്രി. മൊയാരത്തിന്റെ ആത്മകഥയോളം പ്രാധാന്യമുള്ള വേറൊരു ചരിത്രഗ്രന്ഥം കേരളത്തിലുണ്ടോ. ആത്മകഥനം ചരിത്ര രചനകൂടിയാവുന്നതിന് കേശവമേനോന്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍, മൊയ്തുമൌലവി, എന്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങളുണ്ട്. ആത്മകഥ അശ്ലീലാവുന്നതിന് ഇ കെ നായനാരോളം പോന്ന വേറൊരുദാഹരണം കണ്ടിട്ടില്ല. കയ്യൂരിന്റെ വീരസമരനായകനായി സ്വയം പ്രതിഷ്ഠിച്ച് ഇങ്ങോര്‍ എഴുതിക്കൂട്ടിയ ആത്മാപദാനങ്ങളെല്ലാം പക്ഷേ അവയുടെ പരസ്പരവൈരുദ്ധ്യവും വിവരക്കേടും നമിത്തം ചേര്‍ത്തുവെച്ചൊരു വായനയില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴും. പോരാത്തതിന് നായനാര്‍ കയ്യൂര്‍ സമരനായകനല്ല കയ്യൂര്‍ തട്ടിപ്പുകാരനാണെന്നു നേരിട്ടും പരോക്ഷമായും വെളിവാക്കുന്ന സമരസഖാക്കളുടെ സ്മരണകളും ഗവേഷണഗ്രന്ഥങ്ങളുമുണ്ട്. നായനാര്‍ വായനക്കിടയില്‍ കിട്ടിയ നേരമ്പോക്കാണ് ഈ കുറിപ്പ്. സമരനായകന്റെ തട്ടിപ്പുകളെപ്പറ്റി വിശദമായി പിന്നീട്.    

7 comments:

 1. ഡോ: എം.ഏ കുട്ടപ്പനെതിരേ (കോൺഗ്രസ്; 2001-04 കാലത്ത് പട്ടികജാതി ക്ഷേമമന്ത്രിയായിരുന്നു) “ആ ഹരിജനില്ലേടോ, എം.എൽ.ഏ കുട്ടപ്പൻ, അയാള് മേശപ്പുറത്ത് കയറി..” എന്നു തുടരുന്ന ഒരു വാചകത്തിലൂടെ നായനാർ ഒരുമാതിരി ക്ണാപ്പ് വർത്തമാനം നടത്തിയ സംഭവം ഓർമ്മയുണ്ട്. 1996ലെ മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രിയായി കയറിയതിനു ശേഷം നായനാർ തലശേരിയിൽ നിന്ന് ബൈ ഇലക്ഷനു നിൽക്കുന്ന സമയം - അവിടത്തെ ഒരു തെരഞ്ഞെടുപ്പ് മീറ്റിംഗായിരുന്നു വേദി. അന്ന് ആ വാചകം അയിത്താചരണത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും, വാചകം പറഞ്ഞയാൾ അയിത്താചരണം വച്ചുപുലർത്തുന്നയാളല്ലെന്നുമൊക്കെയുള്ള പൌരാവകാശനിയമത്തിലെ ‘ഞങ്ങണമ’ ഞ്യായം പറഞ്ഞാണ് 2004 വരെ നീണ്ട കോടതി പ്രൊസീഡിംഗ്സിൽ നായനാരെ വെറുതേ വിട്ടത് ! :((
  അന്നത്തെ ‘ഡയലോഗ്’ യാദൃച്ഛികമല്ലായിരുന്നുവെന്ന് തന്നെയാണ് ഞാനും കരുതുന്നത്.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. സ്വയം പുകഴ്ത്തുന്നതിന്റെ പേരു ആത്മ കഥ എന്നല്ല; ആത്മ പ്രശംസ എന്നാണു.

  ReplyDelete
 4. നായനാര്‍ തന്റെ പുളിച്ച ഫലിതത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും തികഞ്ഞ ഒരു സവര്‍ണഫാഷിസ്റ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. അതു പക്ഷേ ഇവിടത്തെ മാധ്യമങ്ങള്‍ (മനോരമ ഉള്‍പ്പെടെ) ഭംഗിയായി മറച്ചു വച്ച് നായനാരെ ഒരു നിഷ്കളങ്കനും രസികനും ഒക്കെയാക്കിയാണ് അവതരിപ്പിക്കുന്നത്, ഇപ്പോഴും. അതുകൊണ്ടാണ് ഈ എം എസ് അന്തരിച്ചപ്പോള്‍ പോലും ഉണ്ടാകാത്ത ജനപ്രീതിയും ദലിത് സ്ത്രീകളുടെ കരച്ചിലും മറ്റും നായനാര്‍ മരിച്ചപ്പോള്‍ ഉണ്ടായത്. അപൂര്‍വമായാണ് ഇത്തരം തുറന്നുകാട്ടലുകള്‍ . പക്ഷേ സഖാക്കള്‍ തങ്ങള്‍ക്കു മറുപടി പറയാന്‍ പറ്റാത്ത ഇത്തരം കണ്ടെത്തലുകളെ തമസ്കരിച്ച് അവഗണിക്കും. മുഖ്യധാരയില്‍പെടാത്ത മാധ്യമങ്ങളില്‍പ്പോലും ഇത്തരം തുറന്നുകാട്ടലുകള്‍ വരാത്തതിനാല്‍ ജനം തങ്ങളുടെ നായനാര്‍ സ്തുതിയില്‍ കൂപമണ്ഡൂകങ്ങളെപ്പോലെ കഴിയും. മാധ്യമങ്ങള്‍ (ബൂര്‍ഷ്വാ- സിന്‍ഡിക്കേറ്റ് ) ഒരിക്കലും ഈ പ്രതിഛായയ്ക്കു മങ്ങലേല്‍പ്പിക്കില്ല. ജാതി വേറെ. രാഷ്ട്രീയം വേറെ. അതറിയാത്ത കഴുതകള്‍ അവര്‍ണരാണ്. അതുകൊണ്ടാണ് അവരെ ബാക്ക്-വേഡ്(ശരിക്കും ഓക്-വേഡ്)ക്ലാസ് എന്നു വിളിക്കുന്നത്.

  ReplyDelete
 5. നായനാര്‍ മാത്രമല്ല സിപിഎമ്മിലേയും മറ്റു കമ്മ്യൂണിസ്റ്റു കക്ഷികളിലേയും എല്ലാ സവര്‍ണനേതാക്കന്മാരും ജാതിമതചിന്തകള്‍ കൊണ്ടു നടന്നവരും അവരുടെ ജീവിതത്തില്‍ അവ മറികടക്കാനാവാത്തവരുമായിരുന്നു. ഇഎംഎസ്സിന്റെ നാലുമക്കളും നമ്പൂരി സമുദായത്തില്‍ നിന്നു തന്നെ വിവാഹം കഴിച്ചു. നായനാരുടെ മകന്‍ കൃഷ്ണകുമാറിന്റെ വിവാഹത്തിന് വധു ഇരുനൂറു പവനില്‍ വിഭൂഷിതയായാണ് പത്രത്താളുകളില്‍ പ്രത്യക്ഷയായത്. സവര്‍ണനേതാക്കള്‍ക്കൊന്നും സ്വന്തം ജീവിതം കൊണ്ട് അന്ധവിശ്വാസ-അനാചാരങ്ങളുടെ ഭാരതീയ പാരമ്പര്യത്തെ യാതൊരു വിധത്തിലും മറികടക്കാനായില്ലെങ്കിലും എഴുത്തിലും പ്രസംഗത്തിലും ഉളുപ്പില്ലാതെ വീമ്പടിച്ചു നടന്നു. അവര്‍ പ്രകടിപ്പിച്ച കാപട്യം എഴുത്തില്‍ നിന്നും ഒളിപ്പിച്ചു വെക്കാന്‍ പരാജയപ്പെട്ടതാണ് നായനാരെപ്പോലുള്ളവരെ കുടുക്കിയിരിക്കുന്നത്. ഏതായാലും ചില അന്ധരായ പാര്‍ട്ടി ഭക്തര്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും തങ്ങളുടെ കമന്റുകളിലൂടെ അവയൊക്കെ സമ്മതിച്ചു തരുന്നത് ആശ്വാസകരം തന്നെ !!!!!!

  ReplyDelete
 6. നിദർശനങ്ങളിൽ നിന്ന് ധാരണകളിലേക്കെത്തുന്നതാണ് ശരിയായ അന്വേഷണത്തിന്റെ പാത. നിങ്ങളാവഴിക്കാണെന്നത് സന്തോഷം തരുന്നു. മറ്റേവഴിയുണ്ടല്ലോ, ധാരണകൾക്കൊത്ത നിദർശനങ്ങൾ തപ്പിപ്പിടിക്കുന്നത്, അതിൽ താത്പര്യമില്ല. ‘സ്വത്വവാദികളുടെ ഓട്ടഗവേഷണം'(ഒന്നാന്തരം പ്രയോഗം) അതാണ്.

  ReplyDelete

Google Buzz Public Feed for Calicocentric --