Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

20 Jan 2008

മാതൃഭൂമി തൊഴില്‍വാര്‍ത്തയും വിവരാവകാശ നിയമവും


തൊഴില്‍വാര്‍ത്ത എഡിറ്റര്‍ക്ക് അയച്ച കത്താണിത്. കത്തിന് പ്രേരണയായ തൊഴില്‍വാര്‍ത്തയിലെ ലേഖനം ചിത്രരൂപത്തില്‍ കാണാം.

ശ്രീമാന്‍,
തൊഴില്‍ വാര്‍ത്തയില്‍ വിവരാവകാശ നിയമത്തെപ്പറ്റി വന്ന അബദ്ധജടിലവും ദുരുപദിഷ്ടവുമായ ലേഖനമാണ് ഈ കുറിപ്പെഴുതാന്‍ പ്രേരണ. RTI ആക്റ്റിനെപ്പറ്റി ഒരു ഗന്ധവുമില്ലാത്ത ആരോ പടച്ച ഈ ലേഖനം കള്ളനു ചൂട്ടുപിടിക്കാനുദ്ദേശിച്ചുള്ളതാണെന്നു വ്യക്തം.
“സാമൂഹ്യബോധമില്ലാത്ത ചില വ്യക്തികള്‍” “യാതൊരു പ്രയോജനവുമില്ലാത്ത ചോദ്യങ്ങള്‍” ചോദിച്ച് വിവരാവകാശ നിയമം “നിന്ദ്യമായി ദുരുപയോഗം ചെയ്യുന്നു”വെന്നാണ് ലേഖകന്‍റെ ആക്ഷേപം. കഴിഞ്ഞ 20 വര്‍ഷക്കാലത്ത് എത്ര പേര്‍ ബി.എ. പരീക്ഷയെഴുതി, അതില്‍ ആണെത്ര, പെണ്ണെത്ര, അവരില്‍ എത്ര പേര്‍ക്ക് ഫസ്റ്റ്ക്ലാസുണ്ട് എന്നൊക്കെ ചോദിച്ചുകളയുന്നുവത്രേ. ഇങ്ങനെ ലോകത്തൊരാള്‍ക്കും പ്രയോജനമില്ലാത്ത വിവരങ്ങളാണത്രേ ആളുകള്‍ തേടുന്നത്. 30 ദിവസത്തിനകം മറുപടി നല്കിയിരിക്കണമെന്ന് നിബന്ധനയുള്ളതിനാല്‍ ബന്ധപ്പെട്ട ജീവനക്കാരന്‍ ഉടന്‍തന്നെ മറ്റെല്ലാ ജോലികളും മാറ്റിവെച്ച് ഇതിന്‍റെ കണക്കെടുക്കാന്‍ നടക്കുകയായത്രേ. ഇതുകാരണം യുവജനങ്ങളുടെ ഭാവി തകര്‍ന്നടിയുന്നത്രേ. ഇങ്ങനെ ലേഖകന്‍ വിലപിച്ച ശേഷം പിന്നെ നിയമത്തിന്‍റെ വ്യാഖ്യാനമുണ്ട്. നിയമോപദേശമുണ്ട്. നിയമം ശരിക്കു മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നു യൂനിവേര്‍സിറ്റികളെയും പി. എസ്. സിയെയും ഉദ്ബോധിപ്പിക്കുന്നുണ്ട്. അവസാനം അല്പന്മാരുടെ പതിവു വിഭവമായ പിന്‍കുറിപ്പുമുണ്ട്.
ലോകത്താര്‍ക്കും പ്രയോജനമില്ലാത്ത വിവരങ്ങളെപ്പറ്റി ആദ്യം പരിശോധിക്കാം. ഇരുപതു വര്‍ഷത്തിനുള്ളില്‍ എത്ര പേര്‍ ബി ഏ പരീക്ഷയെഴുതിയെന്നതിന്‍റെ ആണും പെണ്ണും വേര്‍തിരിച്ചുള്ള കണക്ക് ആരെങ്കിലും ചോദിച്ചോ അതോ ലേഖകന്‍റെ സങ്കല്പനമാണോ എന്നറിയില്ല. എന്നാല്‍ ഈ വിവരം സമൂഹശാസ്ത്ര രഗംത്ത് അന്വേഷണം നടത്തുന്ന ഒരാള്‍ക്ക് വളരെ പ്രധാനമായിരിക്കാം (അതു വഴി സമൂഹത്തിനുതന്നെയും) എന്ന് ഈ അല്പബുദ്ധി മനസ്സിലാക്കുന്നില്ല. ഇതു മനസ്സിലാക്കാന്‍ ഒരു സാഹചര്യം വിവരിക്കാം. സമീപകാലത്തായി തൊഴിലധിഷ്ഠിതമല്ലാത്ത ഉന്നതവിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളുടെ എണ്ണം വളരെക്കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു എന്നു പൊതുവേ പറയപ്പെടുന്നു, ഉദാഹരണത്തിന് യൂനിവേഴ്സ്റ്റികളിലെ ഡിപാര്‍ട്മെന്‍റുകളില്‍. ആണ്‍കുട്ടികള്‍ തൊഴിലധിഷ്ഠിതമായ പഠനത്തിലേക്കു നീങ്ങുന്നതാണ് ഇതിനു കാരണമായി പറയുന്നത്. ഈ വിഷയത്തില്‍ ഔദ്യോഗികമായി വല്ല കണക്കുകളും ലഭ്യമാണോ എന്നറിയില്ല. ലേഖകന്‍റെയൊക്കെ ബുദ്ധി നിലവാരമേ സര്‍ക്കാരിനും സര്‍വ്വകലാശാലകള്‍ക്കും ഉളളൂ എന്നതിനാല്‍ എളുപ്പം ലഭിക്കുന്ന നിലയില്‍ സ്ഥിതിവിവരക്കണക്കൊന്നും ലഭ്യമല്ല. നമ്മുടെ നാട്ടില്‍ എന്നെന്നും സജീവമായി നില്ക്കുന്ന ഒരു സമൂഹ പ്രശ്നമായ സംവരണത്തിന്‍റെ ഫലങ്ങളെപ്പറ്റി അറിയണമെങ്കില്‍ അധസ്ഥിത വിഭാഗങ്ങളിലെ എത്ര കുട്ടികള്‍ പത്താം ക്ലാസും പ്രീഡിഗ്രിയും പ്ലസ് റ്റുവും ബി ഏയും എം ഏയും ഒക്കെ പാസായി എന്നു കണക്കെടുത്തേ പറ്റൂ. ഇതൊക്കെ ലോകത്താര്‍ക്കും പ്രയോജനമില്ലാത്ത വിവരമാണത്രേ.
ഇത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ ഓരോ തവണയും ചെയ്യുന്ന പണി ഉപേക്ഷിച്ച് ഈ കണക്കെടുപ്പിനു പോവുമെന്നാണോ വിവരാവകാശ നിയമം വിഭാവനം ചെയ്യുന്നത്? ലേഖനമെഴുതിയ കുബുദ്ധി സാമാന്യബുദ്ധിയെങ്കിലും പ്രയോഗിക്കേണ്ടതായിരുന്നു ഇവിടെ. വിവരാവകാശ നിയമത്തിന്‍റെ നാലാം വകുപ്പു പറയുന്ന കാര്യം ഇയ്യാള്‍ വായിച്ചിട്ടുണ്ടോ എന്തോ. നിയമം നിലവില്‍വന്ന് 120 ദിവസങ്ങള്‍ക്കകം സര്‍ക്കാരുകളും സ്ഥാപനങ്ങളും ചെയ്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്ന ചില കാര്യങ്ങളാണ് അവിടെക്കാണുക. എന്താണ് അതിന്‍റെ അര്‍ത്ഥം? ഇക്കാലമത്രയും യാതൊരു എക്കൌണ്ടബിലിറ്റിയും ഇല്ലാതെ നടന്നുപോന്ന സ്ഥാപനങ്ങളെ നേര്‍വഴിക്കു നടത്തുക എന്ന ഉത്തരവാദിത്വം കൂടി ഈ നിയമത്തിനുണ്ട്. വിവരങ്ങള്‍ ഫയലില്‍ കെട്ടിവെച്ചാല്‍ പോരാ, സുതാര്യത വേണമെങ്കില്‍ ഈ വിവരം ജനത്തിനു ലഭ്യമാവുക കൂടിവേണം. ഡിഗ്രികള്‍ സര്‍റ്റിഫിക്കറ്റു രൂപത്തില്‍ കൊടുത്തുവിടുന്നതോടൊപ്പം എത്ര കൊടുത്തു എന്ന കണക്കെഴുതി വെയ്ക്കാന്‍ ആവതില്ലാത്ത സ്ഥാപനങ്ങളാണ് ഇവയെങ്കില്‍ ആദ്യം വേണ്ടത് അവയെ നേരേചൊവ്വേ നടത്തുകയാണ്. ഇതാണ് വിവരാവകാശ നിയമത്തിന്‍റെ പ്രസക്തിയും.
ഏതാനും പതിനായിരമോ അല്ലെങ്കില്‍ ഏതാനും ലക്ഷങ്ങളോ മാത്രം വരുന്ന കണക്കു സൂക്ഷിപ്പ്. അതു ചെയ്യാനാവില്ലേ ഈ സ്ഥാപനങ്ങള്‍ക്ക്? അതുചെയ്യില്ല, ചെയ്യേണ്ടതില്ലെന്നാണ് വിചാരിക്കുന്നത് എന്നത് മറ്റൊരു കാര്യം. ജീവനക്കാരന്‍റെ സര്‍വ്വീസ് ബുക്കും ലീവു സറണ്ടറും മറ്റു കുന്ത്രാണ്ടങ്ങളും സൂക്ഷിക്കാനും പാലിക്കാനുമാണ് ഇവിടെ സര്‍വകലാശാലകള്‍. ചുരുക്കത്തില്‍ അവയുടെ പ്രധാന ഏര്‍പ്പാട് ജീവനക്കാരെ തീറ്റിപ്പോറ്റുക എന്നതാണ്. അതിനുവേണ്ടി വിദ്യാഭ്യാസം എന്ന പേരി‍ല്‍ ചില അഭ്യാസങ്ങളൊക്കെ ഉണ്ടാവുമെന്നു മാത്രം. ജീവനക്കാരുടെ സര്‍വ്വീസ് രേഖകള്‍ സൂക്ഷിക്കുന്നത്ര പ്രാധാന്യത്തോടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളിലെ രേഖകള്‍ സൂക്ഷിക്കണമെന്ന് ഇവയ്ക്ക് നിര്‍ബന്ധമില്ല.

ഈ ലേഖകനില്‍നിന്ന് സ്വാഭാവികമായും ഉയര്‍ന്നുവരാവുന്ന മറ്റൊരു ചോദ്യം ഞാന്‍ മുന്‍കൂട്ടി കാണട്ടെ. എന്തിനാണ് പത്തുനൂറുകോടി ജനങ്ങളുടെ എണ്ണമെടുക്കുന്ന ഈ ഏര്‍പ്പാട്? വാദ്ധ്യാന്മാരും മറ്റു ഉദ്യോഗസ്ഥന്മാരും അവരുടെ പണിയൊക്കെ മാറ്റിവെച്ച് ലോകത്താര്‍ക്കും പ്രയോജനമില്ലാത്ത ജനസംഖ്യാ കണക്കെടുപ്പിന് നടക്കുന്നത് എന്തൊരു കഷ്ടമാണ്. ഇത്തരം വിഡ്ഢികളെയല്ല പറയേണ്ടത്, ഇവര്‍ കാളമൂത്രം പോലെ ഒഴുക്കിവിടുന്ന ദുര്‍ഭാഷണത്തിനു താളുകള്‍ ചെലവിടുന്ന പത്രാധിപന്മാരെയാണ് പറയേണ്ടത്.
വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് എളുപ്പം ലഭ്യമാവുന്ന വിധത്തില്‍ സൂക്ഷിക്കണം എന്നുകൂടി നിയമത്തില്‍ മേല്പറഞ്ഞ ഭാഗത്ത് പറയുന്നുണ്ട്. ഇവിടെ പ്രസക്തമായ മറ്റൊരു കാര്യമുണ്ട്. വിവരാവകാശ നിയമവും വിവര സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധം. ഇത്തരം ഒരു നിയമത്തെ സാദ്ധ്യമാക്കുന്നതില്‍ വിവര സാങ്കേതിക വിദ്യയ്ക്ക് വളരെ പ്രധാനമായ പങ്കുണ്ട്. ഇന്‍ഫര്‍മേഷന്‍ സംഭരിക്കാനും അത് എളുപ്പം ലഭ്യമാക്കാനും ഇന്‍ഫര്‍മേഷന്‍ റ്റെക്നോളജിക്കു കഴിയുമെന്നതുകൊണ്ടു കൂടിയാണ് വിവരാവകാശ നിയമം പ്രാവര്‍ത്തികമാവുന്നത്. ഇന്‍ഫര്‍മേഷന്‍ മേനേജ്മെന്റ് എന്നൊരു കാര്യം നമ്മുടെ നാട്ടില്‍ ആപ്പീസു പ്രവര്‍ത്തന രീതിയില്‍ പൊതുവെ അജ്ഞാതമായിരുന്നു. തിരച്ചില്‍ ഫീസ് എന്നു കേട്ടിട്ടില്ലേ. പല കാര്യത്തിനും സര്‍ക്കാര്‍ ഈടാക്കുന്ന ഈ പീസ് നിലനില്‍ക്കുന്നു എന്നതുതന്നെ കെടുകാര്യസ്ഥതയുടെ തെളിവാണ്. ഒരു കടലാസു കിട്ടണമെങ്കില്‍ ഒരാപ്പീസിലെ ഫയലുകെട്ടുകള്‍ മുഴുവന്‍ തിരയുക എന്ന പരിപാടിയില്‍നിന്നാണ് ഈ പീസിന്‍റെ ഉദ്ഭവമെന്ന് സാമാന്യമായി പറയാം. കംപ്യൂട്ടറുപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഈ തിരച്ചിലും പീസുമൊന്നും വരാന്‍ സ്കോപ്പില്ല. (കംപ്യൂട്ടറിനെ കംപ്യൂട്ടറെന്ന നിലയിലാണ് ഉപയോഗിക്കുന്നതെങ്കില്‍).
ഒരു യൂനിവേര്‍സിറ്റി ഡിപാര്‍ട്മെന്‍റില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു, അവരില്‍ ആണെത്ര, പെണ്ണെത്ര, ജാതി തിരിച്ചു കണക്ക്, എത്ര പേര്‍ ജയിച്ചു, എത്ര പേര്‍ തോറ്റു എന്നതൊക്കെ ഓരോ വര്‍ഷവും തയ്യാറാക്കുന്ന കണക്കുകളില്‍ പെടുന്നതാണ്. ഈ കണക്കുകളെ ചേര്‍ത്തുവെച്ച് ലേഖകന്‍ പറയുന്ന ലോകത്താര്‍ത്തും പ്രയോജനമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയെന്ന നിസ്സാര കാര്യം ചെയ്യാന്‍ വയ്യെങ്കില്‍ അതു നിയമത്തിന്‍റെയോ ചോദ്യം ഉന്നയിക്കുന്നവരുടെയോ കുഴപ്പമല്ല. ലേഖകന്‍റേതുപോലെ തരംതാണ നിലവാരമുള്ള യൂനിവേര്‍സിറ്റി അധികൃതരുടെ ബുദ്ധിയുടെ കുഴപ്പമാണ്.

സ്വന്തം അല്പബുദ്ധി ലേഖകന്‍ എങ്ങനെ വെളിവാക്കുന്നു എന്നുകൂടി പറയുന്നത് ഉചിതമായിരിക്കും.
“പൊതുപ്രവര്‍ത്തനവുമായോ പൊതുതാത്പര്യവുമായോ ബന്ധമില്ലാത്തതും വ്യക്തിയുടെ സ്വകാര്യതയിലേക്കു കടന്നുകയറ്റം നടത്തുന്നതുമായ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ വെളപ്പെടുത്തേണ്ടതില്ലെന്ന് ...
നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട് (എട്ടാം വകുപ്പിന്‍റെ ജെ ഖണ്ഡിക).
ആ ഖണ്ഡിക ഇതാ:
(j) information which relates to personal information the disclosure of which has no relationship to any public activity or interest, or which would cause unwarranted invasion of the privacy of the individual unless the Central Public Information Officer or the State Public Information Officer or the appellate authority, as the case may be, is satisfied that the larger public interest justifies the disclosure of such information:

ഞാന്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഭാഗത്തുനിന്നാണ് ഈ ക്ലോസ് പറഞ്ഞു തുടങ്ങുന്നത്. വ്യക്തിപരമായ വിവരങ്ങളാണെങ്കില്‍ അതു വെളിപ്പെടുത്തണമെങ്കില്‍ മേല്പറയുന്ന വ്യവസ്ഥകളുണ്ടെന്ന്. അതിന് പൊതു താത്പര്യവുമായി ബന്ധം വേണം, അതു വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്നതാവരുത്. ഈ ആരംഭം എടുത്തു കളഞ്ഞാണ് അല്പബുദ്ധിയായ (കുബുദ്ധിയായ) ലേഖകന്‍ തന്‍റെ വ്യാഖ്യാനം ചമച്ചിരിക്കുന്നത്. ലേഖകന്‍ നാണമില്ലാതെ എഴുന്നെള്ളിക്കുന്ന കള്ളവ്യാഖ്യാനപ്രകാരം പൊതുതാത്പര്യവുമായി ബന്ധമില്ലെന്നു പറഞ്ഞ് പല അപേക്ഷകളും കേരളത്തിലെ സര്‍ക്കാരാപ്പീസുകളിലും യൂനിവേര്‍സിറ്റികളിലും നിരസിക്കപ്പെടുമെന്ന് ഉറപ്പാണ്. ഇതു വായിച്ച് പാവം ജനവും കരുതും പൊതുതാത്പര്യം മുന്‍നിറുത്തി ഹരജി നല്കാനുള്ള സംവിധാനമാണ് ഇതെന്ന്. സ്വന്തം പ്രമോഷന്‍ തടഞ്ഞുവെച്ചതിനെപ്പറ്റി ചോദിക്കുന്ന ഒരു ഗുമസ്തന്‍റെ ചോദ്യം പൊതുപ്രവര്‍ത്തനവുമായോ പൊതുതാത്പര്യവുമായോ എങ്ങനെയാണ് ബന്ധപ്പെടുകയെന്ന് ഈ വിവരദോഷിയോട് ചോദിക്കേണ്ടതാണ്?
വീണ്ടും:
“ഏതെങ്കിലുമൊരാള്‍ മറ്റൊരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാനാവശ്യപ്പെട്ടാല്‍ അവ നേരെയങ്ങു നല്കാന്‍ പാടില്ല. ബന്ധപ്പെട്ട വ്യക്തിക്ക് ഇതു സംബന്ധിച്ച് നോട്ടീസ് നല്കണം. അയാളുടെ പ്രതികരണം നേരിട്ട് വാക്കാലോ രേഖാമൂലമോ ലഭിച്ചതിനുശേഷം അതിന്‍റെ അടിസ്ഥാനത്തിലാവണം വിവരങ്ങള്‍ നല്കുകയോ നല്കാതിരിക്കുകയോ വേണ്ടതെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു (പതിനൊന്നാം വകുപ്പിന്‍റെ ഒന്നാം ഖണ്ഡിക).”
ശരാശരി നിലവാരത്തില്‍ കവിഞ്ഞ ഒരു മണ്ടന്‍റെ വ്യാഖ്യാനമാണ് ഇതെന്നു പെട്ടെന്നു തോന്നിപ്പോവാം. കാരണം ആക്റ്റിലെ ഈ ഖണ്ഡിക ഇങ്ങനെയാണ്.
11. (1) Where a Central Public Information Officer or a State Public Information Officer, as the case may be, intends to disclose any information or record, or part thereof on a request made under this Act, which relates to or has been supplied by a third party and has been treated as confidential by that third party, the Central Public Information Officer or State Public Information Officer, as the case may be, shall, within five days from the receipt of the request, give a written notice to such third party of the request and of the fact that the Central Public Information Officer or State Public Information Officer, as the case may be, intends to disclose the information or record, or part thereof, and invite the third party to make a submission in writing or orally, regarding whether the information should be disclosed, and such submission of the third party shall be kept in view while taking a decision about disclosure of information:
മുകളിലെ ഉദാഹരണത്തിലെന്ന പോലെ അല്പബുദ്ധി ഇവിടെയും മര്‍മ്മം (ഹൈലൈറ്റ് ചെയ്ത ഭാഗം) കണ്ടിട്ടില്ല. എന്നാല്‍ മണ്ടനെന്നു പറഞ്ഞ് എഴുതിത്തള്ളാന്‍ വരട്ടെ. തുടര്‍ന്നു പറയുന്നത് കാണുക:
“എന്നാല്‍ ഇതൊന്നും വ്യക്തമായി പഠിക്കാനും മനസ്സിലാക്കാനും [അതായത് ഈ അല്പബുദ്ധി വ്യാഖ്യാനിച്ച പ്രകാരം!] ശ്രമിക്കാതെ, വിവരാവകാശ നിയമമെന്നാല്‍ വ്യക്തി ചോദിക്കുന്നതെല്ലാം നല്കുകയാണെന്ന് തെറ്റായി ധരിച്ച്, കാണുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തയ്യാറാക്കി നല്കാനായി വിലപ്പെട്ട സമയം പാഴാക്കുകയാണ് സര്‍വകലാശാലയിലെയും പി. എസ്. സി. യിലെയും മറ്റും മിക്ക ജീവനക്കാരുമെന്നത് വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരുമായ യുവതലമുറയുടെ ദുരന്തമായി മാറിയിരിക്കുന്നു.”
അഹോ, എന്തൊരു കഥ! പി. എസ്. സി. യിലെയും സര്‍വകലാശാലകളിലെയും മിക്ക ജീവനക്കാരും ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് ഉത്തരം നല്കുന്ന പണിയാണ് ചെയ്തുവരുന്നതത്രേ. ലേഖകന്‍റെ കാപട്യം വെളിപ്പെടുന്നു ഇവിടെ. കാലിക്കറ്റ് യൂനിവേര്‍സിറ്റിയുടെ കാര്യം ഇതെഴുതുന്ന ആള്‍ക്കറിയാം. അവിടെ മിക്ക ജീവനക്കാര്‍ പോയിട്ട് ഒരു പത്തുപേര്‍ പോലും ഇതിനായി സമയം “പാഴ്” ആക്കുന്നില്ല. അല്പബുദ്ധിയല്ല, ദുഷ്ടബുദ്ധിയാണ് ഇവിടെ തെളിയുന്നത്. സര്‍വകലാശാലകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തലപ്പത്തിരിക്കുന്ന പല നെറികെട്ടവന്മാരുടെയും പേടിസ്വപ്നമായിരുന്നു വിവരാവകാശ നിയമം. ഇപ്പോള്‍ നിയമത്തെ ഫലപ്രദമായി അട്ടിമറിക്കാന്‍ പഠിച്ചിരിക്കയാല്‍ പേടി കുറഞ്ഞുകാണും. ഈ നിയമത്തെ കേരളത്തിലെപ്പോലെ ഫലപ്രദമായി അട്ടിമറിക്കാന്‍ മറ്റെവിടെയെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതാണ്. അത്രയ്ക്കാണ് ഇവിടത്തെ ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ സംഘടിതശക്തി. കാടന്‍ സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍നിന്നുപോലും വിവരാവകാശ നിയമം ഉപയോഗിച്ച് ബ്യൂറോക്രസിയെ നിലയ്ക്കുനിറുത്തിയ കഥകള്‍ ഇപ്പോഴും കേള്‍ക്കാം. ഇവിടെയാവട്ടെ ഉത്തരമായി തോന്ന്യാസം എഴുതിക്കൊടുക്കും. മാതൃഭൂമിയുടെ തൊഴില്‍വാര്‍ത്ത പോലുള്ള പ്രസിദ്ധീകരണത്തില്‍ നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തു കള്ളനു ചൂട്ടുപിടിച്ചു കൊടുക്കും.
അവസാനമായി ലേഖകന്‍റെ പിന്‍കുറിപ്പു കൂടു പരാമര്‍ശിക്കേണ്ടതാണ്.
“പരീക്ഷാഫലം വൈകുന്നതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച കത്തിനു മറുപടി നല്കാന്‍ എത്ര ദിവസങ്ങള്‍ ചെലവഴിച്ചുവെന്നും ഇതിലും കുറഞ്ഞ സമയം കൊണ്ട് ഇത്തവണ പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ കഴിയുമായിരുന്നില്ലേ എന്നും ചോദിക്കുന്ന ഒരു കത്തിന് സര്‍വകലാശാല നല്കുന്ന മറുപടി എന്തായിരിക്കും?”
ലേഖകന്‍റെ rhetorical question ആണിത്. ദുഷ്ടബുദ്ധിയും അല്പബുദ്ധിയും ചേര്‍ന്നാലും അങ്ങേയറ്റം തരംതാണ അല്പബുദ്ധിക്കു തന്നെയാണ് മേല്ക്കോയ്മ എന്നാണ് ഈ പിന്‍കുറിപ്പ് വ്യക്തമാക്കുന്നത്.
വിവരാവകാശ നിയമം വിവരം അറിയാനുള്ളതാണ് വിഡ്ഡീ, അഭിപ്രായം ചോദിക്കാനുള്ളതല്ല എന്നാണ് ഈ ലേഖകന്‍റെ ചോദ്യത്തിനുള്ള മറുപടി.
തൊഴില്‍വാര്‍ത്ത നോക്കി പി. എസ്. സി. ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനെപ്പറ്റി തൊഴില്‍വാര്‍ത്ത തന്നെ വമ്പിച്ച അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതു ശരിയാണെങ്കില്‍ ഈ ലേഖകന്‍റെ ദുഷ്ടത വായിച്ച് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ നല്കേണ്ടുന്ന വിവരങ്ങള്‍ പി. എസ്. സി. യും സര്‍വകലാശാലകളും നല്കാതിരിക്കുമെന്നും ഊഹിക്കാം. സമൂഹവിരുദ്ധമായ ഈ റോള്‍ വഹിക്കണോ താങ്കളുടെ പ്രസിദ്ധീകരണം? ലേഖകന്‍ എഴുതിക്കൂട്ടിയ അനര്‍ത്ഥങ്ങള്‍ തള്ളിക്കളഞ്ഞ് തെറ്റുപറ്റിയെന്നു സമ്മതിക്കുന്നതല്ലേ ഉചിതം? ഏതിനും തീരുമാനം താങ്കളുടേത്.

13 comments:

  1. ശ്രദ്ധേയമായ ലേഖനം... നന്ദി മാഷേ

    ReplyDelete
  2. വളരെ നന്നായി ഇങ്ങനെയൊരു കാര്യം ചെയ്തത്‌.
    അഭിപ്രായം ചോദിക്കാനുള്ളതല്ല ഈ നിയമം എന്നുള്ളത്‌ കുറച്ചു കൂടി പഠിക്കേണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച്‌ ഇവിടെയുള്ള ഈ കമന്റുകൂടി നോക്കൂ.

    ReplyDelete
  3. :) കിട്ടിയാലും ഇല്ലെങ്കിലും ഞാനും പോകുന്നു ഒരു വിവരാവകാശവുമായി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിവരം ലഭിക്കാന്‍ പത്തുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും ഇരുപത്തിരണ്ടുരൂപ രജിസ്ട്രേര്‍ഡ് പോസ്റ്റ് ഫീയും പാഴായി. ഇതാ വഈണ്ടും ഡി.ഡി അയക്കുവാന്‍ പോകുന്നു.

    ReplyDelete
  4. പ്രീയ കാലികട്ടര്‍,

    നല്ലോരു കാര്യം പോസ്റ്റായിട്ടപ്പോള്‍ പ്രതികരിക്കാന്‍ ചുരുക്കം പേരേ എത്തുന്നുള്ള്. സങ്കടം തന്ന.

    ഏതായാലും, ഇക്കാര്യത്തില്‍ (പോസ്റ്റിന്റെ) ഞാനൊരു വിയോജന കുറിപ്പ്‌ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്‌.

    ReplyDelete
  5. ലേഖനം നന്നായി. പത്രപ്രവര്‍ത്തകപ്പരുന്തിന്റെ ശൈലിയിലാണ് ആദ്യം ആലോചന പോയത്. തൊഴില്‍ വാര്‍ത്താ ലേഖനത്തിന്റെ ഉറവിടമേത്? ഉത്തരം, സര്‍വകലാശാലയില്‍ മേപ്പടി അപേക്ഷ പ്രകാരം വിവരം തപ്പിയെടുക്കാനുളള തലവിധി വന്നുപെട്ട ഗുമസ്തനോ, സെക്ഷന്‍ സൂപ്രണ്ടോ ആയിരിക്കാം.

    സര്‍വകലാശാലാ വാര്‍ത്തകള്‍ ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട തൊഴില്‍വാര്‍ത്താ ലേഖകനെക്കൊണ്ട് ഇമ്മാതിരി ഒരു ലേഖനം എഴുതിക്കാന്‍ തീര്‍ച്ചയായും സര്‍വകലാശാലയുടെ അധികാരികള്‍ക്ക് കഴിയും.

    അങ്കിള്‍ എന്ന ബ്ലോഗര്‍ എഴുതിയ വിമര്‍ശനവും വായിച്ചു.

    യഥാര്‍ത്ഥത്തില്‍ സര്‍വകലാശാലയുടെ പിടിയില്‍ നിന്നും കാര്യം തൊഴില്‍വാര്‍ത്താ ലേഖകന്റെ അടുത്തെത്തിയതില്‍ നിന്നു തന്നെ ഒരു കാര്യം വ്യക്തം.

    ബിഎ പരീക്ഷ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍വകലാശാല ബാധ്യസ്ഥമാണ്. അല്ലായിരുന്നെങ്കില്‍ ഈ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലെന്നോ ഇത് വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നോ മറുപടിയെഴുതി അപേക്ഷ മടക്കാമായിരുന്നു.

    അപ്പീലുമായി പോകേണ്ട ബാധ്യത അപേക്ഷകന് വരികയും ചെയ്യുമായിരുന്നു.

    സര്‍വകലാശാലാ അധികൃതര്‍ അതു ചെയ്യാതെ, ലേഖകന് കോഴി ബിരിയാണിയും വെട്ടിരുമ്പും വാങ്ങിക്കൊടുത്ത് ലേഖനകോപ്പിരാട്ടി കാണിച്ചതില്‍ നിന്നും കാര്യം സുവ്യക്തം.

    മേപ്പടി വിവരം ചോദിച്ചാല്‍ സര്‍വകലാശാല കൊടുത്തേ തീരു. ആ വിവരം വെച്ച് ഗവേഷിക്കണോ, ആ വിവരം വെച്ച് ഗവേഷിക്കണോ, അത് പുഴുങ്ങി പച്ചമുളകും പച്ചത്തേങ്ങയും അരച്ച ചമ്മന്തിയും കൂട്ടി തിന്നണോ എന്ന് തീരുമാനിക്കേണ്ടത് ടി അപേക്ഷ കൊടുത്തയാളാണ്.

    തൊഴില്‍വാര്‍ത്താ ലേഖകനോ, മാതൃഭൂമി എം ഡി വീരേന്ദ്രകുമാറോ തൃപ്പുത്രന്‍ ശ്രേയംസോ അല്ല.

    പരീക്ഷയ്ക്ക് അപേക്ഷിച്ച ആണെത്ര, പെണ്ണെത്ര, അതില്‍ ഫസ്റ്റ് ക്ലാസെത്ര എന്നൊക്കെയുളള വിവരങ്ങള്‍ തീര്‍ച്ചയായും സര്‍വകലാശാലാ ആസ്ഥാനത്ത് ഉണ്ടാകും. അല്ല, തൊട്ടടുത്ത തട്ടുകടയിലാണ് ഈ വിവരം കിട്ടുന്നതെങ്കില്‍ അത് പറയാനും സര്‍വകലാശാല ബാധ്യസ്ഥമാണ്.

    വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ജീവനക്കാരന്റെ വക്കാലത്തേറ്റെടുത്ത് വ്യാഖ്യാനിക്കുന്ന അങ്കിള്‍ എന്ന ബ്ലോഗറെ ഏതെങ്കിലും ഓഫീസ് അധികാരി മുഖവിലയ്ക്കെടുത്താല്‍ പിഴയും മാനഹാനിയും ഉറപ്പ്.

    ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നവയുടെ പകര്‍പ്പ് മാത്രമാണ് വിവരമെന്ന വ്യാഖ്യാനത്തെ വിവരമില്ലായ്മ എന്ന് വ്യാഖ്യാനിച്ചാല്‍ തെറ്റുണ്ടാവുമോ?

    താലൂക്ക് ഓഫീസിലോ വില്ലേജ് ഓഫീസിലോ നല്‍കിയ ഒരു പരാതിയുടെയോ അപേക്ഷയുടെയോ മേല്‍ സ്വീകരിച്ച നടപടികള്‍ എന്ത് എന്ന് ഒരാള്‍ വിവരാവകാശ നിയമം പ്രകാരം പത്തു രൂപ അടച്ച് ചോദിച്ചാല്‍ എന്തു മറുപടി നല്‍കും?

    വെളളപ്പേപ്പറെടുത്ത് ഇതുവരെ സ്വീകരിച്ച നടപടികളുടെ സംക്ഷിപ്ത രൂപം തയ്യാറാക്കി നല്‍കുമോ, അതോ ഇപ്രകാരം ഒരു റിപ്പോര്‍ട്ട് ഈ ഓഫീസില്‍ സൂക്ഷിച്ചിട്ടില്ല, വേണമെങ്കില്‍ ഫയലിന്റെയാകെ ഫോട്ടോ സ്റ്റാറ്റെടുത്തു തരാം, കൊണ്ടു പോയി ആവശ്യമുളളത് എഴുതിയെടുത്തോ എന്നു പറയുമോ?

    വിവരാവകാശ നിയമത്തെ കൊല്ലേണ്ടത് മടിയും കെടുകാര്യസ്ഥതയും ജാതകവശാല്‍ സ്വന്തമാക്കിയ സര്‍ക്കാര്‍ ജീവനക്കാരന്റെ ആവശ്യമാണ്. അങ്ങനെയുളള സാമൂഹ്യദ്രോഹികളുടെ ചട്ടുകമായതാണ് തൊഴില്‍വാര്‍ത്താ ലേഖകന്‍.

    യഥാര്‍ത്ഥ പ്രതി സര്‍വകലാശാലയ്ക്കുളളില്‍ തന്നെയാണ് സാര്‍!

    ReplyDelete
  6. അങ്കിള്‍ പറയുന്നതാണ് ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആഗ്രഹിക്കുന്നത്. എന്നാല്‍ ഓഫീസ് രേഖകളില്‍ നിന്ന് ക്രോഡീകരിച്ച് നല്‍കേണ്ടതാണെങ്കില്‍ അത് നല്‍കുകയല്ലെ വേണ്ടത്? അതിന് വേണ്ടിവന്ന സേവനത്തിന് ഫീസ് ഈടാക്കുവാനും വ്യവസ്ഥ ഉണ്ടല്ലോ. അറിയുവാനുള്ള അവകാശം എന്നതില്‍ ഒളിഞ്ഞിരിക്കുന്നത് അറിയേണ്ടകാര്യം അറിയിക്കാതെ ഒളിച്ച് വെച്ചിരിക്കുന്നത് നേടിയെടുക്കുക എന്നതല്ലെ? അഴിമതിയും അനീതിയും അവസാനിപ്പിക്കുവാനല്ലെ ഇത്തരത്തില്‍ ഒരു നിയമത്തിന്റെ ആവശ്യം? ചോറിനുള്ളില്‍ പൊതിഞ്ഞിരിക്കുന്ന പൂശണിക്ക വെളിയിലെടുക്കാനുള്ള നിയമം. വ്യാഖ്യാനിച്ച് ഈ നിയമത്തെ ഉദ്യോഗസ്ഥരും ശിങ്കിടികളും കൂടിച്ചേര്‍ന്ന് പ്രയോജനപ്രദമല്ലാതാക്കുമോ? ഒരെണ്ണം പത്തുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് ഇരുത്തിരണ്ടു രൂപയുടെ രജിസ്റ്റേര്‍ഡ് പോസ്റ്റയച്ചത് പാഴായി. എനിക്ക് ഇക്കാര്യത്തില്‍ വഴികാട്ടിയായ എന്‍.ടി.വി ഡയറക്ടര്‍ ഏലിയാസ് ജോണിന് നന്ദി. അടുത്തത് പത്തു രൂപയുടെ ഡി.ഡി മുപ്പത് രൂപ കമ്മീഷന്‍ നല്‍കി അതും മറ്റൊരു കത്തായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റബ്ബര്‍ ബോര്‍ഡിന് അയക്കുകയാണ്. ഒരു മറുപടി കിട്ടിയാല്‍ മതി. വേണ്ടിവന്നാല്‍ കിട്ടേണ്ട വിവരം കിട്ടുന്നതുവരെ അയക്കാം.

    ReplyDelete
  7. സര്‍വ്വകലാശാലകള്‍ വിവരാവകാശ നിയമത്തെ ഭയക്കും സ്വഭാവികം.സര്‍വകലാശാല കേന്ദ്രങ്ങളില്‍ നടക്കുന്ന അന്യായമായ സമയദൈഘ്യം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഈ നിയമത്തിലൂടെയാണ്.
    ഒരിക്കല്‍ ഒരു സര്‍വ്വകലാശാലയ്ക്കെതിരെ എനിക്കും ഒരു വിവരത്തിനുള്ള അപേക്ഷ എന്റെ മേലാധികാരി മുഖേന കൊടുക്കേണ്ടി വന്നു. അതിനുത്തരം കിട്ടിയപ്പോഴാണറിയുന്നത് 8 മാസമായിട്ടും സബ്മിറ്റ് ചെയ്ത “കുന്തം” യൂണിവേഴ്സിറ്റി ചക്കയാണൊ മാങ്ങയാണൊ എന്ന് നോക്കിയിട്ടില്ലെന്ന്. വിവരാവകാശം ഫയല്‍ ചെയ്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ പിന്നേയും ആ ഫയല്‍ താമസിച്ചു. രണ്ടാമതൊരു അപേക്ഷ കൊടുക്കാന്‍ തുടങ്ങുമ്പോഴാണ് , അത് സ്വയം വിനയാകുമെന്നു കരുതി സര്‍വകലാ ഉദ്ദ്യോഗസ്ഥര്‍ ആ ഫയല്‍ നീക്കിയത്. അങ്ങനെയാവുമ്പോള്‍ ഇത്തരം ഒരു നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതും ഒതുക്കേണ്ടതും സര്‍വ്വകലാശാലകളുടെ അത്യാവശ്യം തന്നെ.
    പ്രതികരണം വളരെ നന്നായി.

    ReplyDelete
  8. വിവരാവകാശം ചിലര്‍ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്ന്‌ പറയാതെ വയ്യ. എനിക്കറിയാവുന്ന ഒരു കോണ്‍ട്രാക്ടര്‍, ഏതോ പാര്‍ട്ടിക്കാര്‍ ചോദിച്ച വലിയ തുക സംഭാവന കൊടുക്കാഞ്ഞതിനാല്‍ , ഈ കോണ്‍ട്രാക്ടര്‍ ചെയ്യുന്ന എല്ലാ വര്‍ക്കിണ്റ്റെയും വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട്‌ ആ പാര്‍ട്ടിയുടെ നേതാവ്‌ വിവരാവകാശത്തിണ്റ്റെ ഒരു കത്ത്‌ ഓഫീസിലേക്ക്‌ അയച്ച കാര്യം എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.

    എന്തായാലും ഇതിനെ പറ്റി വളരെ നല്ല ഒരു ലേഖനമെഴുതിയതിന്‌ അഭിനന്ദനങ്ങള്‍

    ReplyDelete
  9. ചന്ദ്രകുമാര്‍ സാറേ,
    കൊളളാം. മാരീചന് തോന്നുന്നുവെന്ന് താങ്കള്‍ ചില കാര്യങ്ങള്‍ ആരോപിച്ച് അതിന് മറുപടി പറയുന്ന ശൈലി ഇഷ്ടപ്പെട്ടു. പക്ഷേ, സത്യം താങ്കള‍് വ്യാഖ്യാനിക്കും പോലെയാണോ?

    മാരീചന്റെ മനസില്‍ തോന്നുന്നതെല്ലാം വിവരാവകാശ വിവരമനുസരിച്ച് വിവരമാകുമോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കേണ്ടത് താങ്കളല്ലല്ലോ സാര്‍! അതിനധികാരമുളളവര്‍ വേറെയാണ്. തീര്‍ച്ചയായും താങ്കളല്ല.

    താങ്കളുടെ മാതൃഭൂമി ബന്ധമൊന്നും ഇവിടെ ചര്‍ച്ചാ വിഷയമേയല്ല. തൊഴില്‍വാര്‍ത്തയില്‍ പ്രസ്തുത ലേഖനം എഴുതിയ ആളിന്റെ സോഴ്സ് സര്‍വകലാശാലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്നേ പറഞ്ഞുളളൂ. അതിന് താങ്കള്‍ തുളളുന്നതിന്റെ കാരണം മനസിലാകുന്നില്ല.

    സര്‍വസ്വാധീനങ്ങള്‍ക്കും താങ്കള്‍ അതീതനാണോ അല്ലയോ എന്നൊന്നും പരിശോധിക്കാനുളള സമയമോ സാവകാശമോ ഇല്ലെന്നറിയിക്കട്ടെ. ഇവിടെ അതൊന്നുമല്ല പ്രശ്നം.

    കേരള സര്‍വകലാശാലയില്‍ പരീക്ഷയെഴുതിയ കുട്ടികളെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ ഒരാള്‍ വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെടുന്നു. അയാള്‍ക്ക് ആ വിവരങ്ങള്‍ നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍വകലാശാലയാണ്. തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അപേക്ഷകന്‍ അപ്പീല്‍ പോകും. അപ്പീലിന്മേല്‍ തീരുമാനവും വരും. വളരെ സിമ്പിളാണ് കാര്യങ്ങള്‍.

    ഇതില്‍ താങ്കളുടെ നെടുങ്കന്‍ വ്യാഖ്യാനങ്ങള്‍ക്ക് എവിടെയാണ് സാര്‍ പ്രസക്തി? വിവരം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട സര്‍വകലാശാല അധികൃതര്‍ തൊഴില്‍വാര്‍ത്തയുടെ അല്‍പബുദ്ധിയായ ഒരു ലേഖകനെ സ്വാധീനിച്ച് പരാതിക്കാരനെ പൊതുസമൂഹത്തില്‍ ശല്യക്കാരനായി അവതരിപ്പിച്ചത് ശരിയോ എന്നാണ് ചോദ്യം. അതില്‍ കയറിപ്പിടിച്ച് വിവരാവകാശം മൊത്തമായി വ്യാഖ്യാനിക്കാനുളള ചുമതല താങ്കള്‍ ഏറ്റെടുത്തത് മനസിലാക്കാം. എന്നാല്‍ അത് തൊണ്ട തൊടാതെ എല്ലാവരും വിഴുങ്ങണമെന്ന് ശഠിച്ചാലോ?

    ഒരു അപേക്ഷയിന്മേലെടുത്ത നടപടികള്‍ വിവരാവകാശം മുഖേനെ ചോദിക്കുന്നതിനെ, ഒരു ഓഫീസിലെ ഫയലുകളിന്മേലെടുത്ത തീരുമാനം മുഴുവനും ചോദിച്ചെന്ന് വരുത്തിത്തീര്‍ക്കുന്ന തര്‍ക്ക ശാസ്ത്ര ന്യായം കൊളളാം. ഈ തരത്തില്‍ സംവാദങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ തൊലിക്കട്ടി അല്‍പമൊന്നുമല്ല വേണ്ടത്.

    ഒരു താലൂക്കാഫീസിലെ എല്ലാ ഫയലിന്മേലും കൈക്കൊണ്ട നടപടികള്‍ പത്തു രൂപ അടച്ച് ചോദിച്ചാല്‍ എന്ത് മറുപടിയാണ് കിട്ടുന്നത് എന്നാലോചിക്കാന്‍ സാമാന്യബുദ്ധി മതി. അങ്ങനെ ചെയ്യുന്നവര്‍ തന്നെയാണ് ഓഫീസ് അധികാരികളും. അത് ചെയ്യാന്‍ ആകെ ധൈര്യമുളള ഒരാള്‍ പെന്‍ഷനായി വീട്ടിലിരിക്കുന്നു എന്നൊക്കെ നടിച്ചാല്‍, ആരാണ് സാര്‍ സമ്മതിച്ചു തരുന്നത്? ഇത് കേരളമല്ലേ, നമ്മള്‍ മലയാളികളും.

    സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുവയസില്‍ താഴെ പ്രായമുളള കുട്ടികള്‍ എത്ര എന്നോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ എത്ര തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു എന്ന കണക്കോ ഒക്കെ ആരാണ്ട് ചോദിച്ചെന്ന മട്ടില്‍ സംവാദം നടത്തുന്ന കുബുദ്ധിയും കുയുക്തിയും വിലപ്പോവില്ല സാര്‍.

    മുട്ടിന് മുട്ടിന് ഞാനാണെങ്കില്‍ എന്നാവര്‍ത്തിക്കുന്നുണ്ട് താങ്കളുടെ കമന്റില്‍. താങ്കളെപ്പോലുളളവര്‍ അല്ലാതായത് ഈ സമൂഹത്തിന്റെ പുണ്യമെന്നല്ലാതെ എന്തു പറയാന്‍!

    കാലിക്കട്ടറുടെ ലേഖനത്തിലെ വിഷയം വ്യക്തമാണ്. ഒന്നുകില്‍ ആവശ്യപ്പെട്ട വിവരം നല്‍കുക. നല്‍കാന്‍ കഴിയില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കി അപേക്ഷകന് മറുപടി നല്‍കുക. പരിഗണിക്കപ്പെടാനാവാത്ത ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെങ്കില്‍ അക്കാര്യം വ്യക്തമാക്കി അപേക്ഷ നിരസിക്കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

    അതല്ലാതെ തൊഴില്‍വാര്‍ത്തയെ മറയാക്കി വിവരാവകാശത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ പെന്‍ഷന്‍ പറ്റിയ ഉദ്യോഗസ്ഥരോ ശ്രമിച്ചാല്‍, ചെറുക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. അതൊന്ന് സൂചിപ്പിച്ചെന്നേയുളളൂ.

    പിന്നെ കോടതിയിലും മറ്റും നിലനില്‍ക്കുന്ന വാദങ്ങളെക്കുറിച്ചോര്‍മ്മിച്ച് തലപുകയ്ക്കാന്‍ ഈയുളളവനില്ല. അത് കോടതിയുടെയും കോടതിയെ സമീപിക്കുന്നവന്റെയും പരിഗണനാ വിഷയമാണ്. പിന്നെ വക്കീലന്മാരുടെയും.

    ReplyDelete
  10. പ്രിയ മാരീചന്‍,

    മാതൃഭൂമി ലേഖകന്‍ ചെയ്തതാണ് കൂടുതല്‍ തെറ്റ്‌ എന്നുള്ളതാണ് താങ്കളുടെ മുഖ്യ വിഷയം എന്നു തോന്നുന്നു. എനിക്കതില്‍ തല്പര്യമില്ല.

    പിന്നെ ‘വിവരങ്ങള്‍ നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍വകലാശാലയാണ്‘ എന്നുള്ള അഭിപ്രായത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. മാരീചനോ ഞാനോ അല്ല. നമ്മളെന്തിനു മുഷിയണം, അല്ലേ?. അതു കൊണ്ട്‌ ഞാന്‍ നിര്‍ത്തുന്നു.

    ReplyDelete
  11. പ്രീയ മാരീചന്‍,

    ഓഫ് ടോപിക്ക്‌: നമ്മുടെ ഖജനാവ്‌ ചോരുന്നതേതെല്ലാം വിധത്തിലെന്ന്‌ ഒരു പരിശോധന നടത്തിയെന്ന ഒരപരാധം കൂടി ഞാന്‍ ഇവിടെ നടത്തിയിട്ടുണ്ട്‌. സമയം കിട്ടുമ്പോള്‍ ഒന്നു നോക്കണേ.

    ReplyDelete
  12. Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Projetores, I hope you enjoy. The address is http://projetor-brasil.blogspot.com. A hug.

    ReplyDelete