Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

24 Oct 2010

പുന്നപ്ര വയലാര്‍, ചില കള്ളങ്ങളുടെ അനുസ്മരണം

1946 ഒക്റ്റോബര്‍ 24ന് പുന്നപ്രയില്‍ വലിയൊരു വെടിവെപ്പു നടന്നു. കുറെ പൊലീസുകാരും കുറെയേറെ തൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്നു ദിവസം കഴിഞ്ഞ് ഒക്റ്റോബര്‍ 27 ന് വയലാറിലും വലിയ തോതിലൊരു വെടിവെപ്പ് നടന്നു. അതേ ദിവസം തന്നെ മറ്റു പലയിടങ്ങളിലും ധാരാളം പേരെ പൊലീസും പട്ടാളവും വെടിവെച്ചു കൊന്നു. എല്ലാ സംഭവങ്ങളിലുമായി എത്ര പേര്‍ മരിച്ചെന്നതിനെക്കുറിച്ച് പല കണക്കുമുണ്ട്. അഞ്ഞൂറെന്നും ആയിരമെന്നുമൊക്കെ. പലരായി പറഞ്ഞ കണക്കുകള്‍‌ പൊരുത്തപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്തവിധം വൈരുധ്യമുള്ളതാണ്.  കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അനുസ്മരണം പോലെയല്ലാതെ ചില കാര്യങ്ങള്‍ അനുസ്മരിക്കാനാണ് ഈ കുറിപ്പ്. കുറെ കുപ്പ ചികഞ്ഞ് കണ്ടെത്തേണ്ട കാര്യങ്ങളെക്കുറിച്ച് തുടക്കമെന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയുകമാത്രമേ ഇവിടെ ചെയ്യുന്നുള്ളൂ.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ കഥകള്‍ പ്രകാരം ഒക്റ്റോബര്‍ 24 ന് പുന്നപ്രയില്‍ നടന്നത് ആസൂത്രിതമായ ഒരു ആക്രമണമായിരുന്നു. പതിന്നായിരക്കണക്കിന് തൊഴിലാളികള്‍ അതില്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍നിന്നു വന്ന ജാഥകള്‍ ഒരുമിച്ചു ചേര്‍ന്ന് അപ്ലോണ്‍ അറോജ് എന്ന സ്റ്റേറ്റു കോണ്‍ഗ്രസ്സുകാരന്റെ വീട്ടില്‍ നടത്തിയിരുന്ന പൊലീസ് കേമ്പ് ആക്രമിക്കുകയായിരുന്നു. പൊലീസ് കേമ്പ് ആക്രമിക്കുന്നതിനുവേണ്ടി സമര നേതാക്കന്മാര്‍ കൂടി തീരുമാനമെടുത്തതിനെപ്പറ്റി കെ സി ജോര്‍ജ് പുന്നപ്ര വയലാര്‍ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നതു നോക്കുക.
 എല്ലാം ആസൂത്രിതം! യുദ്ധനായകനാണ് പറയുന്നത്. ഇതിന് അനുസരിച്ചുള്ള വിവരണങ്ങള്‍ ഇഷ്ടംപോലെ കൊടുത്തിട്ടുമുണ്ട് അവര്‍ പറഞ്ഞത് എന്ന അദ്ധ്യായത്തില്‍. വളണ്ടിയര്‍ സേനയ്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്. എല്ലാ വീടുകളിലും വിശിഷ്ടമായ വിഭങ്ങളുണ്ടാക്കി കഴിക്കുന്നത്, പൊലീസ് കേമ്പ് നാലുപുറത്തുനിന്നും വളയുന്നത്, കേമ്പിന്റെ തലവന്‍ നാടാര്‍ എന്ന സബ് ഇന്‍സ്പെക്റ്റര്‍ മെഗാഫോണിലൂടെ ജനങ്ങളോടു പിരിഞ്ഞുപോവാനാവശ്യപ്പെടുന്നത്, ജനം കേമ്പ് പിരിച്ചുവിടാനാവശ്യപ്പെട്ട് മുന്നോട്ടു കുതിക്കുന്നത്, മുന്നറിയിപ്പായി പൊലീസ് ചെങ്കൊടി ഉയര്‍ത്തുന്നത്, ഫലമില്ലാതെ വെടിവെയ്ക്കുന്നത്. അതിന്നിടെ ഒരാളുടെ വിവരണത്തിലെങ്കിലും ഇന്‍സ്പെക്റ്റര്‍ കൈകൂപ്പി പിരിഞ്ഞുപോവാനായി യാചിച്ചു എന്നും കാണാം. ഇതൊക്കെ 1972-ല്‍ കെ സി ജോര്‍ജ് വിപുലീകരിച്ചു പ്രസിദ്ധീകരിച്ച പുന്നപ്ര വയലാറില്‍.
ഇങ്ങനെയൊന്നുമായിരുന്നില്ല എന്നും കഥ. 1947 ല്‍ കെ സി ജോര്‍ജ് എഴുതിയ പുന്നപ്ര വയലാര്‍ എന്ന പുസ്തകത്തില്‍ കേമ്പാക്രമണവുമില്ല, അതിനുള്ള പദ്ധതിയുമില്ല. ഒരു വലിയ ജാഥ ആക്രമംമൂലം വീടുവിട്ടുപോയ ആളുകളെ അവരവരുടെ വീടുകളില്‍ കൊണ്ടുപോയി പാര്‍പ്പിക്കുക എന്ന നിരുപദ്രവകരമായ  ഉദ്ദേശ്യത്തോടെ പോവുമ്പോള്‍ കേമ്പിലെ പൊലീസുകാര്‍ അങ്ങോട്ടുകേറി ആക്രമിച്ചു എന്നായിരുന്നു അന്നത്തെ കഥ.
ഇതാ ഇവിടെക്കാണുക:
ഐതിഹാസിക മാനങ്ങളില്ലാത്ത, ദൈന്യതനിറഞ്ഞ ഈ കഥയായിരുന്നു 1970 കള്‍വരെയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വ്യാഖ്യാനമെന്ന നിലയ്ക്ക് പ്രാബല്യത്തിലുണ്ടായിരുന്നത് എന്നു വേണം കരുതാന്‍. ഇതുപക്ഷേ, പാര്‍ട്ടിയുടെ ഔദ്യോഗിക വ്യാഖ്യാനം മാത്രമായിരുന്നു. സര്‍ സി പിക്കും ആക്ഷന്‍ കമ്മിറ്റിക്കും ഇടയില്‍ സന്ധിസംഭാഷണത്തിനു ശ്രമിച്ച എസ് എന്‍ ഡി പി സംഘത്തലവന്‍ ആര്‍ ശങ്കര്‍ പുറപ്പെടുവിച്ച പ്രസ്താവന (ഒക്റ്റോബര്‍ 30ന്) സാമാന്യം ദീര്‍ഘമായി ഉദ്ധരിക്കുന്നുണ്ട് ശ്രീകണ്ഠന്‍ നായര്‍ തന്റെ ആത്മകഥയില്‍. അതില്‍ തൊഴിലാളികള്‍ പൊലീസിനെ അങ്ങോട്ടു കയറി ആക്രമിച്ച കാര്യവും പറയുന്നുണ്ട്.  
ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ടി വി കെ എഴുതിയ ടി വി തോമസ് ജീവചരിത്രത്തില്‍ കാണുന്നത് കെ കെ കുഞ്ഞന്റെ വിവരണമാണ്. (ടി വി കെ യുടെ പതിവു ശൈലിയില്‍ ഏതു പുസ്തകം ഏതു വര്‍ഷം എന്നൊന്നുമില്ല.) അതുപ്രകാരവും തൊഴിലാളികള്‍ അങ്ങോട്ടു കയറി  ആക്രമിച്ച ഒരു കാര്യമില്ല. എണ്‍പതുകളുടെ മദ്ധ്യത്തില്‍ പോലും 1947 ല്‍ കെ സി ജോര്‍ജ് അവതരിപ്പിച്ച കള്ളത്തിന്റെ സ്വാധീനം നിലനിന്നു എന്നു വേണം ഇതില്‍നിന്നു കരുതാന്‍.
എന്തിനായിരുന്നു ഇങ്ങനെയൊരു കള്ളം കെ സി ജോര്‍ജ് അവതരിപ്പിച്ചത്? എളുപ്പത്തില്‍ പറയാവുന്ന ഒരു കാരണം 1947 ല്‍ പുസ്തകം ഇറങ്ങുമ്പോള്‍ പുന്നപ്ര വയലാറുമായി ബന്ധപ്പെട്ടുള്ള വിവിധ കേസുകള്‍ നടക്കുന്നുണ്ടായിരുന്നു എന്നതാണ്. എന്നാല്‍ 1956 ല്‍ ഈ പുസ്തകത്തിന് പുതിയൊരു എഡിഷനുണ്ടായിരുന്നു. അത് ആദ്യത്തെ എഡിഷനില്‍നിന്ന് ഒരു അധ്യായം കുറച്ചായിരുന്നു. പേജുകള്‍ ലാഭിക്കാനായിരുന്നു അങ്ങനെ ചെയ്തതെന്ന് കെ സി ജോര്‍ജ് ആ എഡിഷനുള്ള മുഖവുരയില്‍ പറയുന്നുണ്ട്. കേസ് ആയിരുന്നു ഈ നുണ പറയാന്‍ കാരണമെങ്കില്‍ ജോര്‍ജിന് അത് അന്നു തിരുത്താവുന്നതേയുണ്ടായിരുന്നുള്ളൂ. വേറൊരു സാധ്യത ഈ കലാപത്തെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുണ്ടായ പ്രചാരണങ്ങളാണ്. ഇന്നിപ്പോള്‍ പറയുക ഈ  സംഭവം പാര്‍ട്ടിയുടെ സ്വാധീനം ജനങ്ങളില്‍ ആഴത്തില്‍ വേരോടുന്നതിനു കാരണമായി എന്നാണെങ്കിലും 1947 ല്‍ കെ സി ജോര്‍ജിന്റെ പുസ്തകത്തില്‍ കാണുന്നത്, അവകാശവാദങ്ങളല്ല, പരാതിയും പരിഭവവും മാത്രം. നാട്ടുകാര്‍ക്കെതിരായി കമ്യൂണിസ്റ്റുകള്‍ ഇങ്ങനെ പച്ചയ്ക്കു പരിഭവം പറയുമോ എന്നു ശങ്കിച്ചുപോവും അതു വായിച്ചാല്‍. പിന്നെ എക്കാലത്തും എന്ന പോലെ, മാധ്യമങ്ങള്‍ക്കെതിരെ.  സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരെ. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ കമ്യൂണിസ്റ്റുകള്‍ക്കൊപ്പം നിന്ന നേതാക്കള്‍ക്കെതിരെ, കമ്യൂണിസ്റ്റുകളല്ലാത്ത ഇടതുപക്ഷക്കാര്‍ക്കെതരിരെ. ഒരു കുട്ട പരിഭവമാണ് കെ സി ജോര്‍ജ് ചൊരിയുന്നത്. ഏതായാലും ഒരു കാര്യം വ്യക്തമാണ്.  സംഭവത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍ പാര്‍ട്ടിയോടുള്ള സമീപനം ജനങ്ങള്‍ക്കിടയില്‍ ഒട്ടും നല്ലതായിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇരുപതിനായിരം പേര്‍ പങ്കെടുക്കുന്ന പ്രകടനം നടത്തി തിരിച്ചുവരവ് നടത്തിയതൊക്കെ പതിവ് അവകാശവാദമാണെങ്കിലും 1948 ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒറ്റ സീറ്റില്‍പ്പോലും വിജയിക്കാനായില്ലെന്ന വാസ്തവം അവിടെയിരിക്കുന്നു. കെ സി ജോര്‍ജിന്റെ പുസ്തകത്തിന്റെ ആദ്യത്തെ എഡിഷന് ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ അവതാരികയില്‍ (ഇതു പിന്നീട് വിപുലീകരിച്ച എഡിഷനില്‍ ഒഴിവാക്കുകയും നമ്പൂതിരിപ്പാടിനെതിരായുള്ള ഒരു അധ്യായം എഴുതിച്ചേര്‍ക്കുകയും ചെയ്തു) വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുന്നപ്ര വയലാറിനെക്കുറിച്ചു പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകള്‍ ജനവിധി തേടുകയെന്നു പറഞ്ഞിരുന്നു. (പുറം ഒന്ന്, രണ്ട്, മൂന്ന്.) ജനങ്ങള്‍ക്കിടയില്‍ നല്ലപിള്ള ചമയാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ കെ സി ജോര്‍ജ് ഈ കള്ളം അവതരിപ്പിച്ചത്?
ഇതു മാത്രമല്ല, ഈ പുസ്കത്തിലെ പരിഹാസ്യമായ വൈരുധ്യങ്ങളെപ്പറ്റി ദശകങ്ങള്‍ക്കു മുമ്പുതന്നെ ശ്രീകണ്ഠന്‍ നായര്‍ തന്റെ ആത്മകഥയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം അതുപോലെ വിപുലീകരിച്ച എഡിഷനിലും കാണാം. പിടിച്ചെടുത്ത തോക്കുകളുടെ എണ്ണം ഒമ്പതാണെന്ന് ഒരിടത്തും ഏഴാണെന്നു മറ്റൊരിടത്തും പറയുന്നത്, (ഇതു ചിലരുടെ കണക്കു പ്രകാരം 16 വരെ ആവുന്നുണ്ട്) കന്നി 25ആം തിയ്യതി കോണ്‍ഗ്രസ് കമ്മിറ്റി കൂടി പൊതുപണിമുടക്കിന് പിന്തുണ നല്കുമെന്നു പറഞ്ഞതു നടക്കാത്തതിനാല്‍ അന്നു തന്നെ തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗം കൂടി ഗവണ്‍മെന്റിന്റെ ആക്രമണത്തെ നേരിടാന്‍ തീരുമാനിക്കുകയും ഇക്കാര്യം പാര്‍ട്ടിയുടെ പ്രൊവിന്‍ഷ്യല്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യുന്നതിന് അന്നുതന്നെ പത്രോസിനെ കോഴിക്കോട്ടേക്ക് അയക്കുന്നതും പത്രോസ് അന്നുതന്നെ കോഴിക്കോട്ടെത്തുന്നതിലെയും പരിഹാസ്യമായ വൈരുധ്യം- ഇവയെല്ലാം ശ്രീകണ്ഠന്‍ നായര്‍ ചൂണ്ടിക്കാണിക്കുന്നു.
സംഭവം കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍‌ഷം കഴിഞ്ഞ് പുസ്തകം വിപുലീകരിച്ചെഴുതുമ്പോള്‍ മരണസംഖ്യയുടെ കണക്ക് എടുക്കുക എന്നത് അസാധ്യമാണെന്ന് ജോര്‍ജ് പറയുന്നുണ്ട്. പാര്‍ട്ടിയുടെ ഉത്തരവാദിത്വബോധം വ്യക്തമാക്കാന്‍ ഇതു മാത്രം മതി. എന്തേ ഇരുപത്തഞ്ചുകൊല്ലം മുന്‍പ് കണക്കെടുത്തു കൂടായിരുന്നോ? സംഭവം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിയും മുന്‍പു തന്നെ പാര്‍ട്ടിയുടെ സ്വാധീനശേഷി കൂടിയ മേഖലകളായി ചേര്‍ത്തലയും ആലപ്പുഴയും മാറിയിട്ടും അഞ്ഞൂറെന്നും ആയിരമെന്നുമൊക്കെ കൊട്ടക്കണക്കു പോലെ മരണസംഖ്യ പറയേണ്ടി വരുന്ന വിധത്തില്‍ നിരുത്തരവാദമായിരുന്നു പാര്‍ട്ടിയുടെ ഈ സംഭവത്തോടുള്ള സമീപനം. മേലെപ്പറഞ്ഞ വിധത്തില്‍ സംഭവത്തെക്കുറിച്ച് വലിയൊരു നുണ തന്നെ കൊണ്ടുനടന്ന കാലത്ത് വസ്തുതകള്‍ അറിയാന്‍ താത്പര്യം ഉണ്ടാവുകയില്ലെന്നത് സ്വാഭാവികം മാത്രം.

18 Oct 2010

ഇ കെ നായനാരും മുസ്ലീം യുവാവും

ഒളിവിലെ സ്മൃതികള്‍‌ എന്ന നായനാര്‍ കൃതിയില്‍ ശ്രദ്ധയര്‍ഹിക്കുന്ന ചില മുസ്ലീം പരാമര്‍ശങ്ങളുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതിയ വിവിധ ആത്മകഥനങ്ങളില്‍നിന്ന് മുറിച്ചും തറിച്ചുമെടുത്ത കുറെ അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. വിവരിക്കപ്പെടുന്ന കാലം മുഖ്യമായും നാല്പതുകള്‍. മിഴിവുള്ള ചിത്രങ്ങള്‍ ഓര്‍മ്മക്കുറിപ്പുകളിലൂടെ വരയ്ക്കാന്‍ തനിക്കു കഴിവുണ്ടെന്നു നായനാര്‍ വിശ്വസിച്ചിരുന്നു എന്നത് നിസ്സംശയമാണ്. ഒന്നുകില്‍‌ നായനാര്‍ക്ക് വിശദാംശങ്ങളെ സൂക്ഷിക്കുന്ന അസാധാരണമാംവിധം സുദൃഢമായ ഓര്‍മ്മ കൈവശമുണ്ടായിരുന്നു. അല്ലെങ്കില്‍ ഓര്‍മ്മകള്‍ ദുര്‍ബ്ബലമാവുന്നിടത്ത് വേണ്ടത്ര മജ്ജയും മാംസവും നല്കി ആഖ്യാനത്തെ പുഷ്ടിപ്പെടുത്താന്‍ നായനാരുടെ അയവേറിയ സത്യസന്ധത ആത്മകഥനത്തെ അനുവദിച്ചിരുന്നു. സ്വതവേ കവിയായ നായനാര്‍ ഇത്തരം സന്ദര്‍ങ്ങളില്‍ വാരിക്കോരി കാവ്യം പൂശിയാല്‍ നായനാരെ വായിച്ചും കേട്ടും പരിചയിച്ചവര്‍ക്ക് അതില്‍  വൈചിത്ര്യം തോന്നേണ്ടതില്ല. യുവകോമളനായ സുകുമാരനും (നായനാരും) ലക്ഷ്മിയെന്ന തരുണിയും തമ്മിലുണ്ടാവുന്ന അനുരാഗോഷ്മളമായ യുവമാനസൈക്യം ഒളിവുസ്മൃതിയിലെ ഏറ്റവും ശ്രദ്ധേയമായ സന്ദര്‍ഭമാണ്. കുടിലില്‍  വിരിഞ്ഞ സൌഹൃദം [കട്ടിലില്ല] എന്നാണ് ഇക്കാര്യം വിവരിക്കുന്ന അദ്ധ്യായത്തിന്റെ പേര്. കാട്ടിലും മേട്ടിലും വള്ളിക്കുടിലിലും പൊന്തയിലും മാത്രമല്ല ചെറ്റക്കുടിലിലും പ്രണയം പൂവിടാമെന്നായിരിക്കും പുരോഗമന കാവ്യബോധമുള്ള നായനാര്‍ ഉദ്ദേശിച്ചത്.  എങ്കിലും ഉരുക്കിന്റെ ദാര്‍ഢ്യമുള്ള നായനാരുടെ വിപ്ലവബോധത്തിന് അനുരാഗവിവശമാവാന്‍ പറ്റില്ലെന്നതുകൊണ്ട് വിപ്ലവത്തെക്കരുതി ലക്ഷ്മിയെ ത്യജിച്ച് നായനാര്‍ പുതിയ മേച്ചില്‍പ്പുറം തേടും.
ഇതുപോലെ മിഴിവുള്ള വേറൊരു ചിത്രമാണ് നായനാരും കുലടയും മുസ്ലീം ജാരനും സന്ധിക്കുന്ന ഒരു ഒളിവുകാല സന്ദര്‍ഭത്തില്‍ കാണുന്നത്. "മാദകലഹരി മൂര്‍ച്ഛിച്ചിരുന്ന" മാത എന്ന കുലടയെ പ്രാപിക്കാന്‍ വരുന്ന ഒരു യുവാവ് മുസ്ലീമാണോ ക്രിസ്ത്യാനിയാണോ എന്നത് അപ്രധാനമായ ഒരു വിശദാംശം മാത്രമാവേണ്ടതായിരുന്നു. മദോന്മത്തയായ മാത കയറി കൈ പിടിച്ചപ്പോള്‍ കുതറിമാറുന്ന തന്റെ  വിപ്ലവസദാചാരത്തിന്റെ ദാര്‍ഢ്യം വിശദമാക്കാനാണ് നായനാര്‍ ഈ ഉപാഖ്യാനം ചമയ്ക്കുന്നത്. പക്ഷേ യുവാവ് എന്നു പറയുന്നിടത്തെല്ലാം ഒരഞ്ചു തവണയെങ്കിലും മുസ്ലീം എന്നു കൂട്ടിയേ ഈ ജാരനെപ്പറ്റി പറയുന്നുള്ളൂ നായനാര്‍.


ഇപ്രകാരം ജാതികൊണ്ടും മതംകൊണ്ടും ആളുകളെ identify ചെയ്യുന്നതിന് ഒളിവുസ്മൃതിയില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. പക്ഷേ അവയെല്ലാം മുസ്ലീംങ്ങള്‍, ക്രിസ്ത്യാനികള്‍, ഹരിജനങ്ങള്‍ എന്നിവരെക്കുറിച്ചു പറയുമ്പോഴാണ്. നായരെക്കുറിച്ചും നമ്പ്യാരെക്കുറിച്ചും പറയുമ്പോഴില്ലാത്ത ഈ വിശേഷണങ്ങള്‍ ജാതിമതബോധങ്ങള്‍ വേരുറച്ച ഒരു പഴമനസ്സിന്റെ ബഹിര്‍സ്ഫുരണങ്ങളല്ലേ നായരേ? നായരും നമ്പ്യാരും പേരില്‍ വാലുള്ളതുകൊണ്ട് ഈ ഐഡെന്റിറ്റി സ്വതവേ പേറുന്നതുകൊണ്ടാണ് അവരെക്കുറിച്ച് ഇങ്ങനെ വിശേഷണങ്ങള്‍ വേണ്ടാത്തതെന്ന് കരുതി ആശ്വസിക്കാന്‍ ശ്രമിക്കാനും വകയില്ല. കാരണം നമ്പൂതിരിപ്പാടിനെപ്പോലെയും നായനാരെപ്പോലെയും പേരില്‍ ജാതിയുടെ  വാല് കൊണ്ടുനടക്കാതിരുന്ന കേളപ്പനും കെ. ദാമോദരനും ഇതില്‍‌ ജാതി പരാമര്‍ശമില്ലാതെ വിവരിക്കപ്പെടുന്നുണ്ട്. ജാതിവാലുള്ള പേരുകള്‍ ചെല്ലപ്പേരുകളില്‍ ഒളിപ്പിച്ച കേരളീയനും വിഷ്ണുഭാരതീയനും ഏ കെ ജിയും വരുന്നുണ്ട്.


മാതയെ പ്രാപിക്കാന്‍ വരുന്ന ജാരനായും വിപ്ലവകാരിയായ 'നമ്മളെ' പൊലീസിനു പിടിച്ചുകൊടുക്കുമായിരുന്ന മുസ്ലീം ജനതയായും പെണ്ണുകെട്ട് കുറെയേറെ നടത്തുന്നവരായും മാത്രമാണ് ഈ കൃതിയില്‍ മുസ്ലീംങ്ങള്‍ വരുന്നത്.




മുസ്ലീംങ്ങളെപ്പറ്റി പറയുന്നിടത്തെല്ലാം അവര്‍ ശത്രുപക്ഷത്താണെന്നു വന്നാലോ? ഇക്കാലത്ത് ഇസ്ലാമോഫോബിയ എന്ന പേരില്‍ അറിയപ്പെടുന്ന കാര്യം തന്നെയല്ലേ ഇത്? മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ മുന്‍ സ്വത്വവാദികള്‍ ഇപ്പോള്‍ ഓട്ടഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മേഖലയുമാണിത്. നിര്‍മ്മാല്യം എന്ന എം ടി വാസുദേവന്‍ നായര്‍ ചലച്ചിത്രത്തില്‍ ബ്ലേക് & വൈറ്റിലൂടെ നോക്കി മുസ്ലീം വിരുദ്ധതയുടെ പച്ച ബെല്‍റ്റ് കണ്ടെടുത്ത ഒരു ചലച്ചിത്ര നിരൂപകപ്പരിഷയെ ഓര്‍മ്മവരുന്നു. (നിരൂപകപ്പരിഷയുടെ കണ്ടെത്തല്‍ ശരിയാവാം. പക്ഷേ അയാളുടെ ഓട്ടഗവേഷണം സ്വന്തം പാര്‍ട്ടിയിലെ നായന്മാരുടെ ചെറ്റത്തരങ്ങള്‍ക്കു മറപിടിക്കാനാണെന്നതിലാണ് പരാതി.)
ആത്മകഥകളാണ് കഴിഞ്ഞനൂറ്റാണ്ടിലെ കേരളത്തിന്റെ രാഷ്ട്രീയചരിത്രം പഠിക്കാനുള്ള ഏറ്റവും പ്രധാനമായ സാമഗ്രി. മൊയാരത്തിന്റെ ആത്മകഥയോളം പ്രാധാന്യമുള്ള വേറൊരു ചരിത്രഗ്രന്ഥം കേരളത്തിലുണ്ടോ. ആത്മകഥനം ചരിത്ര രചനകൂടിയാവുന്നതിന് കേശവമേനോന്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍, മൊയ്തുമൌലവി, എന്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങളുണ്ട്. ആത്മകഥ അശ്ലീലാവുന്നതിന് ഇ കെ നായനാരോളം പോന്ന വേറൊരുദാഹരണം കണ്ടിട്ടില്ല. കയ്യൂരിന്റെ വീരസമരനായകനായി സ്വയം പ്രതിഷ്ഠിച്ച് ഇങ്ങോര്‍ എഴുതിക്കൂട്ടിയ ആത്മാപദാനങ്ങളെല്ലാം പക്ഷേ അവയുടെ പരസ്പരവൈരുദ്ധ്യവും വിവരക്കേടും നമിത്തം ചേര്‍ത്തുവെച്ചൊരു വായനയില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴും. പോരാത്തതിന് നായനാര്‍ കയ്യൂര്‍ സമരനായകനല്ല കയ്യൂര്‍ തട്ടിപ്പുകാരനാണെന്നു നേരിട്ടും പരോക്ഷമായും വെളിവാക്കുന്ന സമരസഖാക്കളുടെ സ്മരണകളും ഗവേഷണഗ്രന്ഥങ്ങളുമുണ്ട്. നായനാര്‍ വായനക്കിടയില്‍ കിട്ടിയ നേരമ്പോക്കാണ് ഈ കുറിപ്പ്. സമരനായകന്റെ തട്ടിപ്പുകളെപ്പറ്റി വിശദമായി പിന്നീട്.    

10 Oct 2010

കെ സി ജോര്‍ജും യാദൃച്ഛികതകളും- ഭാഗം മൂന്ന്

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും ഒന്നാം ഭാഗം
കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം
സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂറിലെ പാര്‍ടി നേതാവും ആയിരുന്ന കെ സി ജോര്‍ജ് ഒരു പ്രത്യേക തരക്കാരനായിരുന്നു. സമരകാലത്ത് ഒരു ദിവസം എറണാകുളം ഓഫീസില്‍ ഒരാളിരിക്കുന്നതു ഞാന്‍ കണ്ടു. മുഷിഞ്ഞുനാറിയ വസ്ത്രങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ ധരിച്ചിരുന്നു. തങ്ങളുടെ നേതാവായ എം എ, എല്‍ എല്‍ ബി ക്കാരനാണ് അദ്ദേഹം എന്ന് എന്നെ പരിചയപ്പെടുത്തി. എനിക്ക് ആ മനുഷ്യനെ പിടിച്ചില്ല. അയാള്‍ എഴുന്നേറ്റു നടന്നപ്പോള്‍ എനിക്ക് കൂടുതല്‍ കുഴപ്പം തോന്നി. അയാള്‍ മുടന്തനായിരുന്നു. ഇദ്ദേഹം തിരുവിതാംകൂറിലെ എല്ലാ പാര്‍ട്ടിയിലും  പെട്ട ആളുകളുടെ പ്രയിപ്പെട്ട നേതാവായിരുന്നു. ഇദ്ദേഹം സ്വയം ഒരു നേതാവാണെന്നു ഭാവിച്ചില്ല. എന്നാല്‍, ജനങ്ങള്‍ ഇദ്ദേഹത്തെ നേതാവായി അംഗീകരിച്ചു. എല്ലാവരും മോഡേണ്‍ ഹോട്ടലിലും സുഗുണവിലാസത്തിലും ആഹാരം കഴിച്ചപ്പോള്‍ ഈ സഖാവ് ഒന്നരയണയ്ക്കു ഊണുകിട്ടുന്ന ഹോട്ടല്‍ തിരക്കിനടക്കുകയായിരുന്നു.  സഖാവ് ജോര്‍ജിനോടുള്ള എന്റെ മമത പരിചയംകൊണ്ടു വര്‍ദ്ധിച്ചു. സഖാക്കള്‍ ഭാസി, സി എസ്, എം എന്‍ തുടങ്ങിയവരെയും ഞാന്‍ കണ്ടുമുട്ടി. (ഏ കെ ഗോപാലന്‍, എന്റെ ജീവിതകഥ, തിരുവിതാംകൂര്‍ സമരം എന്ന അദ്ധ്യായത്തില്‍നിന്ന്.)
വ്യക്തിപരമായി ഒരു കാര്യത്തിലും മുന്‍കൈ എടുത്തില്ലെങ്കിലും പാര്‍ട്ടിക്ക് വളരെ പ്രയോജനമുള്ള നേതാവായിരുന്നു കെ സി ജോര്‍ജ്. അദ്ദേഹത്തിന് പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ബഹുമാനമായിരുന്നു. വ്യഭിചാരമില്ല, കള്ളുകുടിയുമില്ല, ഒരു വൃത്തികേടുമില്ല. അദ്ദേഹം എത്തുമ്പോള്‍ ഇരിക്കുന്ന ആളുകള്‍ എണീക്കും. (ജി യദുകുലകുമാര്‍ കെ വി പത്രോസ്- കുന്തക്കാരനും ബലിയാടും എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന വര്‍ഗ്ഗീസ് വൈദ്യനുമായുള്ള അഭിമുഖത്തില്‍നിന്നും.)
കൊച്ചിയില്‍ ഒളിവുജീവിതം നയിക്കുന്ന കാലത്ത് ഇദ്ദേഹം അവിടെ ആരെയെങ്കിലും പാര്‍ട്ടിയിലേക്കു കൊണ്ടുവന്നതായി പോലും പറയുന്നില്ല. ഇദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ടി വി തോമസ് അവിടെ വന്നു താമസിക്കാന്‍ തുടങ്ങിയതിനുശേഷമാണ് മഹാരാജാസ് കോളെജിലെ കുറെ വിദ്യാര്‍ത്ഥികളുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയതെന്നു പറഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ കുറ്റിയടിച്ചുകൂടിയ കാലത്ത് ഇദ്ദേഹം തിരുവിതാംകൂറിലേക്കു തീരെ പോയിട്ടില്ലെന്നു പറഞ്ഞുകൂടാ. ഒരിക്കല്‍ പോയി, കൃഷ്ണപിള്ള പറഞ്ഞതുപ്രകാരം. ഇദ്ദേഹം കോഴിക്കോട്ട് ജാപ്പുവിരുദ്ധ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന 1942-44 കാലം. ജപ്പാന്‍കാര്‍ വന്നാല്‍ മാലയിട്ടു സ്വീകരിക്കുമെന്ന് സി പി രാമസ്വാമി അയ്യര്‍ പറഞ്ഞതായി വാര്‍ത്തവന്നിരുന്നത്രെ. ഈ വാര്‍ത്ത തിരുവിതാംകൂറിലെ ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം പ്രചരിച്ചിട്ടുണ്ടെന്നു നോക്കിവരാനായാണ് തിരുവിതാംകൂറില്‍ ഒന്നു ചുറ്റണമെന്ന് കൃഷ്ണപിള്ള ഇദ്ദേഹത്തോടു പറഞ്ഞതത്രെ. കെ സി ജോര്‍ജ് ഒന്നു ജയിലു കേറുകയെങ്കിലും ചെയ്യട്ടെയെന്ന് കൃഷ്ണപിള്ള ഉദ്ദേശിച്ചിരുന്നോ എന്തോ. വെളുത്തമുണ്ടും കാക്കിക്കുപ്പായവും തോര്‍ത്തുകൊണ്ട് തലയിലൊരു കെട്ടുമായി ഇദ്ദേഹം "ഒളിവില്‍ ഒരു യാത്ര" നടത്തി. സാധാരണക്കാര്‍ കയറുന്ന ചായക്കടകളിലും വണ്ടിയിലും മറ്റുമുള്ള സംഭാഷണം കേട്ട് ഇദ്ദേഹത്തിന് അറിയേണ്ട വിവരങ്ങള്‍ ലഭിച്ചു. വഴിയില്‍ ഒരാള്‍ ഇദ്ദേഹത്തെ പിന്തുടരുന്നു. ബസ്സിലിരുന്നു ശ്രദ്ധിക്കലും ഇദ്ദേഹമിറങ്ങിയിടത്ത് ഇറങ്ങലും ചെല്ലുന്നിടത്തെല്ലാം ചെല്ലലും. ഇതു വിവരിക്കുമ്പോഴും സി ഐ ഡി പല്ലവിയുണ്ട്. കുറെ ആലോചിച്ചപ്പോള്‍ ആളെപിടി കിട്ടിയത്രെ. പഴയ സഹപാഠി. ഇങ്ങനെ സി ഐ ഡി നാടകമെല്ലാം എഴുതുമ്പോള്‍ വിശ്വാസ്യതവേണമെന്ന നിര്‍ബന്ധം പോലുമില്ല ജോര്‍ജിന്.
"കൊച്ചിയെ സംബന്ധിച്ചിടത്തോളം ഒരു അഭയാര്‍ത്ഥിയായും തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ഒരു പിടികിട്ടാപ്പുള്ളിയായി ഒളിവിലും ഞാന്‍ ഒന്നൊന്നരക്കൊല്ലത്തോളം എറണാകുളത്തു കഴിച്ചുകൂട്ടിയ കാലത്തെ ജീവിതത്തെപ്പറ്റി അല്പമെങ്കിലും അറിഞ്ഞെങ്കില്‍ മാത്രമേ ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ ശരിയായി വിലിയിരുത്താന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഞാന്‍ എറണാകുളം ക്യാമ്പിലേക്കു മടങ്ങുകയാണ്."
ഈ ലൈനിലൊക്കെയാണ് വാചകമടി. പക്ഷേ ആ 'മടക്കം' വല്ലാതെ നിരാശപ്പെടുത്തുമെന്നുമാത്രം. സീതീസ് ബില്‍ഡിങ് ഒരു ക്യാമ്പായിമാറി. തിരുവിതാംകൂറിന്റെ നാനാഭാഗത്തുനിന്നും കോണ്‍ഗ്രസ്സിലെ സജീവപ്രവര്‍ത്തകരായ യുവാക്കള്‍ ഓഫീസില്‍ വന്നുകൊണ്ടിരുന്നു. അവിടെ ഇദ്ദേഹവും ബഷീറും സ്ഥിരതാമസക്കാരായും പിന്നെ അടിക്കടി വരുന്നവരായി കെ ദാമോദരനും ടി എം രാഘവനും പിന്നീട് ടി വി തോമസും ഉണ്ടായിരുന്നു. "ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ ശരിയായി വിലിയിരുത്താന്‍"  "ഒന്നൊന്നരക്കൊല്ലത്തോളം എറണാകുളത്തു കഴിച്ചുകൂട്ടിയ കാലത്തെ ജീവിതത്തെപ്പറ്റി"വിശദീകരിക്കാന്‍ എറണാകുളം ക്യാമ്പിലേക്കു മടങ്ങിയ ഇദ്ദേഹം മേല്പറഞ്ഞ ക്യാമ്പ് വിശേഷം മൂന്നോ നാലോ വാക്യം പറഞ്ഞതൊഴിച്ചാല്‍ പിന്നെ മൂന്നു ഖണ്ഡികയില്‍  പറയുന്നത് പോക്കുമുതലാളിയുടെ ഹോട്ടലിലെ ചോറ്, മീന്‍കറി എന്നിവയെപ്പറ്റിയും അവിടെ ഇവര്‍ പറ്റുസൂക്ഷിക്കുന്നതിനെപ്പറ്റിയുമാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇതാണ് ഈ ആത്മകഥയുടെ വിശേഷം. പ്രക്ഷോഭപരിപാടികളെപ്പറ്റി പറയുന്നതിലും വായനാസുഖം ചോറും മീന്‍കറിയും പകര്‍ച്ചയും, ആഴ്ചയിലൊരിക്കലോ അതില്‍ക്കൂടുതലോ കാണുന്ന സിനിമയും നല്കുമെന്നതില്‍ സംശയമില്ല. ശ്രീകണ്ഠന്‍ നായരുടെ ഡബിള്‍ റേഷന്‍ വിട്ടുപോയിട്ടില്ല. കുറ്റം പറയരുതല്ലോ, ഉള്ളപ്പോള്‍ അങ്ങനെ തിന്നുമെങ്കിലും ഇല്ലാത്തപ്പോള്‍ മുണ്ടുമുറുക്കി പട്ടിണി കിടക്കാന്‍ ശ്രീകണ്ഠന് ഒരു പ്രയാസവുമുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം വകവെച്ചുകൊടുക്കുന്നുണ്ട്. മുറ്റമടിക്കാനും മറ്റുള്ളവര്‍ ഇട്ടഴിച്ചിട്ടുപോയ കുപ്പായവും മുണ്ടും അലക്കാനും ജോര്‍ജിനും മടിയുണ്ടായിരുന്നില്ലെന്നതും ഓര്‍ക്കാം. സിനിമയ്ക്കു പോവുന്നതും കരിഞ്ചന്ത ടിക്കറ്റ് വാങ്ങാന്‍ നോക്കി കബളിപ്പിക്കപ്പെട്ടതും മൂന്നുനാലു  പേജില്‍ വിവരിച്ചയുടനെ ഒരു പോക്കറ്റടി സംഭത്തെപ്പറ്റി മൂന്നദ്ധ്യായങ്ങളിലായി പത്തുപത്തര പേജില്‍ ഉപന്യസിച്ചിട്ടുണ്ട് ഇദ്ദേഹം. (മനോരമ ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: വന്നതാണ് സാധനം. വായനക്കാരെക്കൂടി പരിഗണിക്കേണ്ടേ, വിപ്ലവം മാത്രം പോരല്ലോ.) സ്ഥാനമോഹിയെന്ന് ഇദ്ദേഹം ആക്ഷേപിക്കുന്ന ശ്രീകണ്ഠന്‍നായരുടെ ആത്മകഥ വായിച്ചുനോക്കിയിരുന്നെങ്കില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ആത്മകഥ എങ്ങനെയിരിക്കണമെന്ന് മനസ്സിലാക്കാമായിരുന്നു ഇദ്ദേഹത്തിന്. കുറച്ചൊക്കെ പൊങ്ങച്ചം മാറ്റിവെച്ചാല്‍ ബാക്കി മുഴുവന്‍ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭത്തിന്റെയും ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെയും ചരിത്രമാണ് ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞ കാല ചിത്രങ്ങള്‍ എന്ന പേരില്‍ എഴുതിയത്.
എറണാകുളത്തുവെച്ച് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ഇടതുപക്ഷം ഉണ്ടാക്കുന്നതിനുള്ള ഒരു യോഗം നടത്തി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശമായിരുന്നു ഇത്. യോഗം വിളിച്ചുകൂട്ടുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ടി വി തോമസ് ആകയാല്‍ തോമസ് ആയിരിക്കും സെക്രട്ടറി എന്നായിരുന്നു എല്ലാവരുടെയും ധാരണ. പക്ഷേ സെക്രട്ടറിയായി കെ സി ജോര്‍ജ് നിര്‍ദ്ദേശിച്ചത് എം എന്‍ ഗോവിന്ദന്‍നായരെ. നായരാവട്ടെ യോഗത്തില്‍ പങ്കെടുക്കാത്ത ആളും. ടി വി തോമസിനെപ്പറ്റി പറയുന്നതില്‍ പലയിടത്തും മുള്ളുണ്ട്. ആലപ്പുഴയിലെ കന്നിട്ടയിലെ തൊഴിലാളി യൂനിയന്റെ വാര്‍ഷികത്തെപ്പറ്റി ആലോചിക്കുന്നതിന് പത്രോസും മാത്യുവുമെല്ലാം എറണാകുളത്തു വരുന്നു. ടി വി തോമസിനെ ആ യൂനിയന്റെ പ്രസിഡണ്ടാക്കണം എന്ന നിര്‍ദ്ദേശവുമായിട്ടാണത്രെ അവര്‍ വന്നത്. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം തനിക്കിഷ്ടമല്ലെന്നാണ് ടി വിയുടെ നിലപാട്. പക്ഷേ അവര്‍ക്കു നിര്‍ബന്ധം, ടി വി തന്നെ വേണമെന്ന്. "പല ന്യായങ്ങള്‍ പറഞ്ഞ് അതില്‍നിന്ന് ഒഴിഞ്ഞു മാറാനായിരുന്നു ടി വിയുടെ ശ്രമം. അവസാനമായി അതൊരു തീരുമാനമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ എങ്കില്‍പ്പിന്നെ എനിക്കൊന്നും പറയാനില്ലെന്നു പറഞ്ഞ് ടി വി അതു സ്വീകരിക്കുകയാണു ചെയ്തത്." അങ്ങനെ ടി വിയെ എറണാകുളത്തുനിന്ന് ജോര്‍ജ് പറഞ്ഞുവിടുന്നു. ടി വി യല്ലേ ആള്‍. അങ്ങോര്‍‌ ആലപ്പുഴപോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആലപ്പുഴ കയര്‍ വര്‍ക്കേഴ്സ് യൂനിയന്റെകൂടി പ്രസിഡന്റായി. "ടി വി തോമസിനെ അന്ന് നിര്‍ബന്ധിച്ച് സ്വീകരിപ്പിച്ചില്ലായിരുന്നെങ്കില്‍ ടി വിയുടെ ആ പ്രത്യേക കഴിവ് ആരുമറിയാതെ പോകുമായിരുന്നില്ലേ എന്ന് എനിക്കു തോന്നിയിട്ടുണ്ട്." ഇക്കാര്യം പില്‍ക്കാലത്ത് ടി വി തോമസിനോടു പറയുകയും തോമസിന്റെകൂടി അപ്രൂവല്‍ നേടുകയും ചെയ്തു ഇദ്ദേഹം. പൊലീസിനും സി പി യ്ക്കും മുമ്പില്‍ കുലുങ്ങാതെ ഉറച്ചു നില്‍ക്കുന്ന തന്റെ ചിത്രത്തില്‍ വാരിക്കോരി ചായം പൂശുന്ന ഇദ്ദേഹം മറ്റുള്ളവരെ പേടിക്കുടലന്മാരായി വരച്ചുവെച്ചിട്ടുമുണ്ട്. ഒരു ദിവസം എറണാകുളത്ത് ഇവര്‍ താമസിക്കുന്ന സീതി ബില്‍ഡിങ്ങില്‍ പൊലീസുദ്യോഗസ്ഥന്റെ വേഷം ധരിച്ച ഒരാള്‍ വന്ന് ജോര്‍ജിനെ തിരക്കുന്നു. ഇയ്യാളെ കണ്ടപാടെ അവിടെയുണ്ടായിരുന്ന വറുഗ്ഗീസ് വൈദ്യനും ശ്രീകണ്ഠന്‍ നായരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതും ഉരുണ്ടുപെരണ്ടു വീണതും (ഇരുവരും പരസ്പരം ആരോപിച്ചതാണിത്) ഇദ്ദേഹം രസകരമായി വിവരിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥന്‍ ജോര്‍ജിന്റെ സുഹൃത്തായ പട്ടാള ആപ്പീസറായിരുന്നുവത്രെ. ഈ ആപ്പീസര്‍ ജോര്‍ജിനെ നഗരത്തില്‍ പരക്കെ അന്വേഷിച്ചിട്ടും ആരും അദ്ദേഹത്തെപ്പറ്റി പറഞ്ഞുകൊടുത്തില്ലത്രെ. അത്രയ്ക്കു കൂറായിരുന്ന എറണാകുളത്തെ ജനത്തിന് ഇദ്ദേഹത്തോടെന്ന്. അങ്ങനെ അന്വേഷിച്ചലഞ്ഞാണ് ഒടുക്കം ആ സുഹൃത്തായ ആപ്പീസര്‍ ജോര്‍ജിന്റെയടുക്കല്‍ എത്തിയത്. ഈ കഥ പറയുമ്പോള്‍ ഒരു കാര്യം ജോര്‍ജ് തുറന്നു പറയുന്നുണ്ട്. താന്‍ എറണാകുളത്ത് യാതൊരു പൊതുജനസമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്ന്. "എറണാകുളത്ത് സമരമൊക്കെ ഒടുങ്ങിയതുകൊണ്ട്" "എറണാകുളത്തുകാരോട് തനിക്കുണ്ടായ മുന്‍വിധി" തിരിച്ചറിയുകയാണ് ജോര്‍ജ്. നല്ല കമ്യൂണിസ്റ്റ്. (പുറം 465)
എറണാകുളത്തെ അലസമായ ഒളിവുജീവിതം ഇദ്ദേഹത്തിനു പിന്നീട് വലിയ നാണക്കേടു തോന്നിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. കാരണം വീണ്ടും ഇതേ കാര്യങ്ങള്‍ ആത്മകഥയില്‍ ആവര്‍ത്തിക്കുന്നുണ്ട്.
"എന്റെ ചുറ്റുപാടിനെപ്പറ്റി എനിക്കുണ്ടായിരുന്ന മുന്‍വിധിയും മനോനിഷ്ഠമായ സമീപനവും മൂലമാണ് എറണാകുളത്തെ ജനങ്ങളുമായി ബന്ധപ്പെടുന്നതിന് എനിക്കു കഴിയാതെ പോയതെന്ന് അല്പം വൈകി മാത്രമാണു മനസ്സിലായത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് ഉണ്ടായിക്കൂടാത്ത ഒരു  വലിയ തെറ്റാണ് എനിക്കു  പറ്റിയത്." (പുറം 476)
ആദ്യകാലത്ത് ജാതി, സമുദായ സ്വാധീനമുള്ളതാണ് രാഷ്ട്രീയം എന്നു പറഞ്ഞു മാറിനിന്നു. പിന്നീട് ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലഘട്ടം എറണാകുളത്തുകാര്‍ കൊള്ളരുതാത്തവര്‍ എന്നു പറഞ്ഞ് പകര്‍ച്ചകഴിച്ചും വാചകമടിച്ചും കഴിച്ചു. എങ്കിലെന്ത്? നേതാവാവാന്‍ ഇതൊന്നും പ്രതിബന്ധമല്ലല്ലോ. മലബാറില്‍ ഉണ്ടുറങ്ങിയും സിദ്ധാന്തം പഠിച്ചും ഒളിവുജീവിതം നയിച്ച ഇ എം എസ്സ് ഇതിനു മറ്റൊരുദാഹരണം.

തന്റെ ലാളിത്യമാകുന്ന ഔന്നത്യം വെളിവാക്കുന്ന കുറെ ഉദാഹരണങ്ങള്‍ ഇദ്ദേഹം കൊടുക്കുന്നത് വളരെ അരോചകമായി അനുഭവപ്പെട്ടു. ഇദ്ദേഹവും സുഹൃത്തായ വി. അച്യുതമേനോനും എറണാകുളത്ത് ഒരു റോഡിലൂടെ നടക്കുകയാണ്. ഒരു ചെറുപ്പക്കാരന്‍ ഒരു കേന്‍വാസ് ചാരുകസേരയും വില്പനയ്ക്കുവെച്ചിരിക്കുന്നത് കണ്ട് ജോര്‍ജ് അതിന്റെ വില ചോദിച്ചു. "യജമാനനിഷ്ടമുള്ളതു തന്നാല്‍ മതി" എന്നായിരുന്നു മറുപടി.
"പെട്ടെന്നെന്റെ ഭാവം മാറി. ആരെന്നാ പറഞ്ഞത്? യജമാനനെന്നോ?" ഞാന്‍ ശബ്ദമുയര്‍ത്തി ദേഷ്യഭാവത്തില്‍ ചോദിച്ചു. അയാള്‍ ആകെ പരുങ്ങി എന്റെ കണ്ണിലേക്കു തുറിച്ചുനോക്കിക്കൊണ്ട് നില്ക്കുകയാണ്... "നിങ്ങളെന്നെ അറിയുമോ? ഞാനാരാണെന്നാ വിചാരിച്ചത്? യജമാനന്‍ പോലും!" അയാള്‍ എന്തോ വലിയ അബദ്ധം പറ്റിയതുപോലെ ക്ഷമാപണരൂപത്തില്‍, എനിക്കറിഞ്ഞുകൂടാ എന്നു പറഞ്ഞപ്പോള്‍, "വഴിയേ പോകുന്ന എമ്പോക്കികളെയൊക്കെ യജമാനന്‍ എന്നു വിളിക്കാന്‍ നാണമില്ലല്ലോ. നിങ്ങള്‍ക്കാരാണ് യജമാനന്‍? സ്വതന്ത്രമായി സ്വന്തം ജോലിചെയ്തുജീവിക്കുന്ന നിങ്ങള്‍ എന്തിനാണ് മറ്റുള്ളവരെ യജമാനന്‍ എന്നുവിളിക്കുന്നത്? ഇതു നിറുത്തണം കേട്ടോ."
ഭാഗ്യത്തിന് ഈ പെര്‍ഫോമന്‍സ് സുഹൃത്തായ അച്യുതമേനോനില്‍ ഉളവാക്കിയ തോന്നല്‍ കൂടി ജോര്‍ജ് പറയുന്നുണ്ട്. നേരംപോക്കിനുള്ള ഒരഭിനയമായിരുന്നു അതെന്നാണ് അങ്ങോര്‍ക്കു തോന്നിയതത്രെ. (പുറം 470) വക്കീലായിരിക്കെ ആപ്പീസില്‍ കാണാന്‍ വരുന്നവരും ഗുമസ്തന്മാരും ഇദ്ദേഹം പുറത്തുപോകുമ്പോഴും അകത്തു വരുമ്പോഴും എഴുന്നേറ്റുനിന്ന് ബഹുമാനിക്കുന്നത് കാരണം പ്രാക്റ്റീസ് നിറുത്താന്‍പോവുകയാണെന്ന് മുഖ്യഗുമസ്തനായ പാച്ചുപ്പിള്ളയോട് പറയുന്നത് വിശദമായി വര്‍ണ്ണിക്കുന്നതാണ് ഇതുപോലെ പല്ലുപുളിക്കുന്ന മറ്റൊരു വിനയപ്രകടനം. "ഞാനിതിനുമുമ്പ് പല വക്കീല്‍ ഓഫീസിലും ഇരുന്നിട്ടുണ്ട്. അവിടെയെല്ലാം ഇതില്ലെങ്കിലാണ് പരാതി. ഇവിടുന്ന് അതിഷ്ടപ്പെടുന്നില്ലെങ്കില്‍ അതിനിയും ഉണ്ടാവുകയില്ല" എന്നു പാച്ചുപ്പിള്ളയെക്കൊണ്ടു പറയിച്ചേ ഇദ്ദേഹത്തിന്റെ വിനയം തൃപ്തിയടയുകയുള്ളൂ. (പുറം 471)
രസകരമായൊരു സംഭവം സ്വയം വിമര്‍ശനം എന്നു പേരിട്ട അദ്ധ്യായത്തില്‍ വിവരിക്കുന്നു. തമ്പ്രാന്‍ കമ്യൂണിസ്റ്റും അടിയാന്‍ കമ്യൂണിസ്റ്റും തമ്മിലുള്ള അന്തരമാണ് അതില്‍. 1948-49 കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാടുമൊത്ത് ഒളിവില്‍ കഴിയുമ്പോള്‍ ചൊവ്വരയിലെ ഒരില്ലം രണ്ടുമൂന്നാഴ്ച ഷെല്‍റ്റര്‍ ആയി ഉപയോഗിച്ചതിനെപ്പറ്റിയാണത്. ജോര്‍ജിനെ ആ ഇല്ലത്തിനടുത്തൊരു അടിയാന്റെ വീട്ടിലാണ് താമസിപ്പിച്ചത്. നമ്പൂതിരിപ്പാടിനെ മറ്റൊരിടത്തും. അടിയാന്‍ അയ്യപ്പനും ജോര്‍ജും തമ്മില്‍ മങ്ങിയ നിലാവുള്ള ഒരു രാത്രി കുടിലിന്റെ മുറ്റത്തുവെച്ചു നടന്ന സംഭാഷണത്തിലെ ഒരു ഭാഗം ഇതാ.
"എന്റെ അടുത്ത ചോദ്യം: ഞാനാരാണെന്നു വല്ലവരും പറഞ്ഞോ എന്നായിരുന്നു. അയ്യപ്പന്‍ ഒന്നു മടിച്ചിട്ട്, പേരൊന്നും പറഞ്ഞില്ല. ഒരു കമ്യൂണിസ്റ്റാണ്, വലിയ ആളാണ് എന്നുമാത്രം പറഞ്ഞു. അല്പം നിര്‍ത്തീട്ട്, കൊച്ചുതമ്പുരാനും കമ്യൂണിസ്റ്റാ എന്നുകൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളോ? അയ്യപ്പന്റെ മറുപടി പെട്ടെന്നായിരുന്നു. ആണെ. അടിയങ്ങളും അതാണെ എന്നായിരുന്നു. ആ മറുപടി ആത്മധൈര്യം തുളുമ്പുന്നതായിരുന്നെന്ന് എനിക്കു തോന്നി."
തുടര്‍ന്ന് ജോര്‍ജ് അയ്യപ്പനെ ഉദ്ബോധിപ്പിക്കുന്നു. കള്ളി, മാടം, കരിക്കാടി, അടിയന്‍ എന്നീ പദങ്ങളൊക്കെ നിരോധിക്കുന്നു.
എറണാകുളത്തെ റിക്ഷാതൊഴിലാളികളെ ജോര്‍ജ് സംഘടിപ്പിച്ചു എന്നൊക്കെ പലയിടത്തും കാണുന്നുണ്ട്. കഥയെന്താണെന്ന് ജോര്‍ജു തന്നെ പറയുന്നുണ്ട്. തിരുവിതാംകൂറില്‍നിന്നു ക്രിമിനല്‍‌ കേസില്‍പ്പെട്ട് ഒളിച്ചോടിയെത്തിയവരാണ് എറണാകുളത്തെ റിക്ഷാക്കാര്‍ കൂടുതലുമത്രെ. തന്നെപ്പോലെ തന്നെ എന്നു ജോര്‍ജ്. റെയില്‍വേ സ്റ്റേഷനിലും ബോട്ടുജെട്ടിയിലുമുള്ള കുറെപ്പേരെ കണ്ടു സംസാരിച്ചു. ഒരു യോഗം വിളിച്ചു. പതിനഞ്ചു പേര്‍. അടുത്ത യോഗത്തിന് അഞ്ച്. അതും ആദ്യം വന്നവരല്ല.
"എന്റെ ആ പരിപാടി പരാജയമടഞ്ഞു എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ," എന്നു ജോര്‍ജ് തന്നെ പറയുന്നുണ്ടെങ്കിലും തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ദേഹത്തിന് എറണാകുളത്തെ ജീവിതത്തിന്നിടയില്‍ എന്തെങ്കിലും പൊതുജനപ്രവര്‍ത്തനം നല്കേണ്ടേയെന്ന് അനുയായികള്‍ക്കു തോന്നിയതുകൊണ്ടാവണം ഇദ്ദേഹം റിക്ഷാതൊഴിലാളികളെ സംഘടിപ്പിച്ചു എന്നൊരു കഥയുണ്ടായത്. (പുറം 477-480)
 ഇദ്ദേഹം വീരോചിതമായി പൊരുതിയ ഒരു കാര്യം തോര്‍ത്തും സോപ്പും പൊതുവായി ഉപയോഗിക്കുന്നതിനെതിരായാണ്.
തോര്‍ത്തും സോപ്പും പൊതുവായി ഉപയോഗിക്കുന്നത് സൌഹൃദത്തിന്റെയും സഹകരണത്തിന്റെയും ഒരു ചിഹ്നമായിപ്പോലും യുവാക്കള്‍ കരുതുന്നതായിട്ട് ഹോസ്റ്റല്‍ ജീവിതത്തിലും മറ്റും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സൌകര്യവും സന്ദര്‍ഭവും ലഭിക്കുമ്പോഴെല്ലാം ഞാന്‍ അതിനെതിരെ പ്രചരണം നടത്താറുണ്ട്. അതിലൊന്ന് 1944-ല്‍ കോഴിക്കോട്ടു പാര്‍ട്ടി ഓഫീസില്‍ വച്ചാണ് നടന്നത്. 
അതൊരു സംഭവം തന്നെ. പാര്‍ട്ടി ആപ്പീസാണെങ്കിലും സ്വന്തമായി ഒരു മുറി പൂട്ടും താക്കോലുമായി കൈവശം വെയ്ക്കുന്ന നേതാവ് നനഞ്ഞ തോര്‍ത്തുമാത്രം മുറിക്കുപുറത്ത് ഒരു അയയില്‍ ഇടും. ഒരിക്കല്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ തോര്‍ത്ത് മറ്റാരോ ഉപയോഗിച്ചതായി മനസ്സിലായി. തുടര്‍ന്ന് അന്വേഷണമായി. അവസാനം പുള്ളിയെ പിടിച്ചു. കോപാകുലനായി ജോര്‍ജ് അയാളോട് പറയുകയാണ്.
"ഞാന്‍ ആരെന്ന് നിങ്ങള്‍ക്കറിയാമോ? ... എനിക്ക് സിഫിലിസോ ഗൊണേറിയയോ ഇല്ലെന്നോ ഉണ്ടെന്നോ നിങ്ങള്‍ക്കറിയാമോ? അവിടെല്ലാമിട്ടു തോര്‍ത്തുന്ന മുണ്ട് നിങ്ങള്‍ നിങ്ങളുടെ മുഖത്തിട്ടു തോര്‍ത്തും. പോരെ... നമ്മുടെ ഇത്തരം ദുശ്ശീലങ്ങളെപ്പറ്റി ഞാന്‍ പിന്നെയും അല്പം കൂടി സംസാരിച്ചുകഴിഞ്ഞപ്പോള്‍ സി എം (സി എം കുഞ്ഞുരാമന്‍ നായര്‍ എന്ന ഓഫീസ് സെക്രട്ടറി) വളരെ കാര്യമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചു. "കെ സി ഈ വിഷയത്തെപ്പറ്റി ഒരു പുസ്തകമെഴുതണം. വളരെ അത്യാവശ്യമാണ്."
ഭാഗ്യവശാല്‍ വൃഷണവും മുഖവും തോര്‍ത്തുന്ന മുണ്ടിനെപ്പറ്റി ഒരു ഗ്രന്ഥം കെ സി ജോര്‍ജ് രചിച്ചിച്ല. എന്‍ സി ശേഖറിന്റെ കോണകത്തില്‍നിന്നു മുറിച്ചെടുത്ത തുണ്ടുകള്‍കൊണ്ട് എണ്ണപുരട്ടി ദോശ ചുട്ടപ്പോള്‍ പക്ഷേ ഇദ്ദേഹം ശേഖറിനെ കോണം ചെറുതായാലും പാര്‍‍ട്ടി വളരുന്നുണ്ടല്ലോ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കുഞ്ഞനന്തന്‍‌ നായര്‍ ഓര്‍ക്കുന്നുണ്ട്. 

തിരുവിതാംകൂറില്‍നിന്നുള്ള കെ പി സി സി അംഗമായി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു, വമ്പിച്ച ഭൂരിപക്ഷത്തോടെ. തോല്പിച്ചത് ജി രാമചന്ദ്രനെ. അതിനെപ്പറ്റി ജോര്‍ജു തന്നെ പറയുന്നത് ഇങ്ങനെ:
"ഞാന്‍ ഒന്നും ചെയ്തില്ല. ഒന്നും അറിഞ്ഞുമില്ല. ആരൊക്കെയോ എന്തൊക്കെയോ ചെയ്തു. ഞാന്‍ ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു എന്നുള്ള വിവരമാണ് എനിക്കു ലഭിച്ചത്.
അറസ്റ്റ് കൊടുക്കാതെയുള്ള എന്റെ എറണാകുളത്തെ താമസം നീണ്ടുപോകുന്നതുകൊണ്ട് രാഷ്ട്രീയരംഗത്തുള്ള എന്റെ വിലയിടിയുമെന്നുള്ള എന്റെ ഭയം തെറ്റായിരുന്നു എന്നും എനിക്കു വ്യക്തമാക്കിത്തന്ന സംഭവമായിരുന്നു അത് എന്ന് ജോര്‍ജ് ഈ വിജയത്തെ വിലയിരുത്തുന്നുണ്ട്.
വൈകാതെ അറസ്റ്റ് സംഭവിക്കുകയും ചെയ്തു. പൊന്നാനിയിലേക്ക് ഒരു സ്റ്റഡി ക്ലാസ് നടത്താന്‍ കമ്യൂണിസ്റ്റ് സാഹിത്യവും കക്ഷത്തുവെച്ചു പോവുമ്പോഴാണ് തിരുവിതാംകൂര്‍ പൊലീസിന്റെ പിടിയിലാവുന്നതും പിന്നീട് കുറെക്കാലം വിവിധ ലോക്കപ്പുകളില്‍ സുഖവാസം നടത്തേണ്ടിവരുന്നതും. പറവൂരിനടുത്തുനിന്ന് അറസ്റ്റ് ചെയ്തു കാറില്‍ നാടെല്ലാം കറക്കി, പല ലോക്കപ്പുകളില്‍ പാര്‍പ്പിച്ച്, പൊലീസുവക സല്‍ക്കാരമെല്ലാം നല്കി, കമ്യൂണിസ്റ്റ് രഹസ്യ സംഘടനയുടെ ഗൂഢാലോചനക്കാരനായ നേതാവെന്നു ലേബലും കൊടുത്ത് ജോര്‍ജിനെ പ്രതിഷ്ഠിക്കുന്നത് തിരുവിതാംകൂര്‍ ഭരണകൂടമാണെന്നു തോന്നും. കയ്യിലുള്ള എന്തോ പീറസാഹിത്യത്തിന്റെ പേരിലാണ് കമ്യൂണിസ്റ്റ് ഗൂഢാലോചനക്കാരനെന്ന ലേബല്‍ സി പി രാമസ്വാമി അയ്യര്‍ തന്നെ നിയമസഭയിലെ പ്രസ്താവനവഴി  ജോര്‍ജിന് നല്കുന്നത്. പോരെങ്കില്‍ ജോര്‍ജിനെതിരെയുള്ള സി പിയുടെ പ്രസ്താവനയ്ക്കു മറുപടി ഗാന്ധി വകയും. സി പി ജോര്‍ജിനെ തന്തയില്ലാത്തവനെന്നു വിളിച്ചെന്നാണ് പറയുന്നത്. പക്ഷേ, ജോര്‍ജിനെ വളരെ കരുതലോടെയാണ് സി പി കൊണ്ടുനടന്നത്. ലോക്കപ്പിനുള്ളില്‍ കട്ടില്‍, പായ, ബീഡി ഇതൊക്കെ നല്കിയിരുന്നു. അതേസമയം മറ്റുള്ളവരുടെ കാര്യമോ? തിരുവനന്തപുരത്ത് ലോക്കപ്പില്‍ എത്തുമ്പോള്‍ അവിടെ ഒമ്പതു മാസമായി ലോക്കപ്പില്‍ നരകതുല്യമായി കഴിയുന്ന നാലു കോണ്‍ഗ്രസ്സുകാരെയാണ് ജോര്‍ജ് കാണുന്നത്. ജോര്‍ജ് പക്ഷേ അവിടെ ഒരു ദിവസം മാത്രം കഴിച്ചുകൂട്ടുന്നേയുള്ളൂ. പൊലീസ് കമ്മീഷനറായ കരീം സാഹിബ് ഇദ്ദേഹത്തെ തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ വന്ന് കാണുന്നുണ്ട്. ജോര്‍ജിനു പനിയുണ്ടെന്നു പറഞ്ഞപ്പോള്‍ അതു മലബന്ധംകൊണ്ടായിരിക്കുമെന്നു പറഞ്ഞതിന്റെ പേരില്‍ കരീം സാഹിബ്ബിനോടു തട്ടിക്കയറുന്നു ജോര്‍ജ്. അടുത്ത ചോദ്യം ജോര്‍ജ് എന്താണ് കല്യാണം കഴിക്കാത്തതെന്നായിരുന്നു. ഇതോടെ ജോര്‍ജ് പൊലീസുദ്യോഗസ്ഥനെ ചീത്തവിളിക്കാന്‍ തുടങ്ങി. ഇങ്ങനെയൊക്കെയാണെങ്കിലും പരുഷമായി പൊലീസ് പെരുമാറിയ ഒരു സംഭവംപോലും ജോര്‍ജിനു പറയാനില്ലെന്നതാണ് രസകരമായ വസ്തുത. തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ ആറുമാസമാണ് ഇദ്ദേഹം ഉണ്ടുറങ്ങി കഴിച്ചത്. അക്കാലത്ത് ഇദ്ദേഹം ഒരു പട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നുണ്ട്. ഈ ചങ്ങാത്തം ഏഴെട്ടു പേജിലായി വര്‍ണ്ണിക്കുന്നുണ്ട്.
***
ഭീകരനായ ഈ കമ്യൂണിസ്റ്റിനെ പൊലീസുകാര്‍ തിരുവനന്തപുരത്തു കോടതിയില്‍ ഹാജരാക്കി കഴക്കൂട്ടത്തെ ലോക്കപ്പിലേക്ക് തിരിച്ചുകൊണ്ടുപോവുന്നത് ഒരിക്കല്‍ ട്രെയിനില്‍. ഒരു കൊല്ലത്തെ ജയില്‍ ശിക്ഷ കിട്ടി ഇദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോവുന്നു. അവിടെയും വി ഐ പി പദവി തന്നെ.
ചക്കരക്കടവില്‍നിന്ന് ആ അര്‍ദ്ധരാത്രിയില്‍ ബന്ധനസ്ഥനായി ആരംഭിച്ച നീണ്ട യാത്രയ്ക്കിടെ ഉണ്ടായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമെല്ലാം അഞ്ചാംകെട്ടില്‍ എത്തിയതോടെ ഞാന്‍ മറന്നു. എനിക്കു വേണ്ടപ്പെട്ടവരുടെ മധ്യത്തില്‍. ഞാന്‍ ഇനിയും ജയിലിനുള്ളില്‍ ബന്ധനസ്ഥനാണെന്നുള്ള പരമാര്‍ത്ഥം ഞാന്‍ മറന്നു. സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയതുപോലെ എനിക്കു തോന്നി. (പുറം 551)
വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദം നല്കിയ ധൈര്യം കൊണ്ടാവണം പലരെയും കെ സി ജോര്‍ജ് ചികിത്സിച്ചു കളയുന്നുണ്ട്. സി കേശവന്റെ ഉദരരോഗത്തെ ചികിത്സിക്കുന്നത് ഹിറ്റ്സ് ബാത്തുകൊണ്ട്. സിറ്റ്സ് ബാത്ത് അഥവാ ഹിപ്പ് ബാത്തിനെ ഹിറ്റ്സ്  ബാത്ത്  എന്നാണ് ജോര്‍ജ് വിളിക്കുന്നത്. ഈ ചികിത്സ വലിയ അപകടമില്ലെന്നു വെയ്ക്കാം. ചുഴലിദീനമുള്ള ചെല്ലപ്പന്‍ എന്ന പയ്യനെ ബലമായി കുളിപ്പിച്ച് ചികിത്സിച്ചതും കുഴപ്പത്തിലെത്തിയില്ല. (പക്ഷേ കോഴിക്കോട്ട് പോയി കുറച്ചു മാസം താമസിച്ചു ജോര്‍ജ് തിരിച്ചുവന്നപ്പോഴേക്കും ചെല്ലപ്പന്‍ ദീനംമൂത്ത് മരിച്ചുപോയി. ഇതുപോലെ ജോര്‍ജ് പോയതിന്റെ ദുഃഖം താങ്ങാനാവാതെ ചാമിയെന്നൊരു പയ്യനും മരിച്ചുപോയതായി ജോര്‍ജ് എഴുതിയിട്ടുണ്ട്.) കാട്ടായിക്കോണം ശ്രീധറിന്റെ പ്രേമത്തെ ചികിത്സിച്ചു മാറ്റിയതും കുഴപ്പമില്ല. പക്ഷേ പിശാശിനെ പേടിയുണ്ടായിരുന്ന കാട്ടായിക്കോണം സദാനന്ദനെ ചികിത്സിക്കാന്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം യക്ഷികളുടെ ആവാസസ്ഥാനമെന്നു വിശ്വാസമുണ്ടായിരുന്ന അമ്പലത്തിനു സമീപം രാത്രി തനിച്ചാക്കി കൂട്ടുകാര്‍ കടന്നുകളഞ്ഞതു കുറെ കടന്നകയ്യായിപ്പോയിയെന്ന് ജോര്‍ജു തന്നെ സമ്മതിക്കുന്നുണ്ട്. പേടിത്തൊണ്ടനായ സദാനന്ദന്‍ യക്ഷി പിടിക്കാതിരിക്കാന്‍ മുണ്ടും കുപ്പായവും ഊരി കയ്യില്‍വെച്ചുവത്രെ. നൂല്‍ബന്ധമില്ലാത്ത പുരുഷന്മാരെ യക്ഷികള്‍ സമീപിക്കില്ല പോലും. മനോരമയ്ക്കുവേണ്ടി ഖണ്ഡശഃ എഴുതുമ്പോള്‍ നൂലുബന്ധമൊക്കെ അഴിക്കണം.  നവയുവാവായ കാട്ടായിക്കോണം തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കെ സി ജോര്‍ജിനെ ആദ്യമായി തിരുവനന്തപുരത്തു തുറന്ന പാര്‍ട്ടി ആപ്പീസില്‍ (ജോര്‍ജിന്റെ ഭാഷയില്‍ മൂട്ടവനം) വന്നു കാണുമ്പോഴാണ് അയാളുടെ പ്രേമം ജോര്‍ജ് ചികിത്സിച്ചുമാറ്റുന്നത്. പക്ഷേ ഈ കാട്ടായിക്കോണം പിന്നീട് സി പി എം കാരനായപ്പോള്‍ അവര്‍ക്കു ചരിത്രം തിരുത്തിയെഴുതണമല്ലോ. "ഉള്ളൂര്‍ ഗോപിയും കെ സി ജോര്‍ജുമൊക്കെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍,‍" എന്ന് ഒളിവുകാല സ്മൃതികളില്‍ നായനാര്‍ എഴുതി കാട്ടായിക്കോണത്തെ ജോര്‍ജിന്റെയും മേല്‍ പൊക്കിവെയ്ക്കുന്നു.
ഈ ഭീകര കമ്യൂണിസ്റ്റിനെ തിരുവനന്തപുരത്തുനിന്ന് പെരുമ്പാവൂര്‍ക്ക് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നത് രസമുള്ള വിവരണമാണ്. നടക്കേണ്ടിടത്തൊക്കെ ജോര്‍ജ് മുന്‍പില്‍ നടക്കും. പത്തുമുപ്പതടി പിന്നില്‍ പൊലീസും. കോടതിയില്‍ ജോര്‍ജ് കമ്യൂണിസ്റ്റാണെന്നാണ് കേസ്. വേണമെങ്കില്‍ തനിക്കത് നിഷേധിക്കാമായിരുന്നെങ്കിലും "എനിക്കാവശ്യം എന്നെ ഒരു കമ്യൂണിസ്റ്റായി മുദ്രകുത്തണം എന്നുള്ളതായിരുന്നു" എന്ന് ജോര്‍ജ്. കമ്യൂണിസ്റ്റ് സാഹിത്യവും കക്ഷത്തുവെച്ച് പൊന്നാനിക്കു പുറപ്പെട്ടത് ഏതായാലും നല്ല സമയത്താണ്. പില്‍ക്കാല ജീവിതത്തില്‍ പറയാനായി ഒന്നാന്തരം ജയില്‍വാസവും കേസും തടികേടാവാതെ സംഘടിപ്പിക്കാനായി. കുറ്റം സമ്മതിച്ച് ഒരു വര്‍ഷം കഠിനതടവും വാങ്ങി ജോര്‍ജ് തിരിച്ച് സെന്‍ട്രല്‍ ജയിലിലേക്ക്.
"ഞാന്‍ കമ്യൂണിസ്റ്റാണെന്നുള്ള ഗവണ്മെന്റിന്റെ അംഗീകാരം പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ തിരുവിതാംകൂറിലെ ബൂര്‍ഷ്വാ പത്രങ്ങള്‍ക്കു കമ്യൂണിസ്റ്റ് വിരുദ്ധപ്രചരണം നടത്തുന്നതിനു രംഗം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ കമ്യൂണിസം എന്ന ആശയത്തോടുള്ള അലര്‍ജി ആ പ്രചരണത്തില്‍ക്കൂടിത്തന്നെ നീക്കപ്പെട്ടതിന്റെ ചരിത്രമാണ് പിന്നീടുള്ള ചരിത്രം."
അസാദ്ധ്യ പദ്ധതി തന്നെ! പക്ഷേ ഇതോടുകൂടി ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യമുണ്ട്. തിരുവിതാംകൂറിലായാലും മലബാറിലായാലും ഓര്‍മ്മക്കുറിപ്പുകളെഴുതിയ നേതാക്കള്‍ പറഞ്ഞുവെച്ച ഒരു കാര്യം. അന്ന് കമ്യൂണിസ്റ്റ് എന്നു പറയുക വലിയ അഭിമാനമായിരുന്നു എന്ന്. ജയിലില്‍ രാഷ്ട്രീയ തടവുകാര്‍ മാത്രമായിരുന്നില്ല ഈ നേതാവിനു കൂട്ട്. റൌഡികളും കള്ളന്മാരുമായും സൌഹൃദം സ്ഥാപിക്കാന്‍ ഇദ്ദേഹത്തിന് പ്രത്യേക പാടവമുണ്ടായിരുന്നു എന്നു തോന്നും. പെരുമ്പാവൂരും ലോക്കപ്പില്‍ ഇദ്ദേഹത്തിനൊരു കൂട്ടുകാരനെ കിട്ടി. പത്മനാഭപിള്ള അഥവാ മമ്മദ് എന്ന എണ്‍പതിനോടടുത്തു പ്രായമുള്ള ഒരു മോഷ്ടാവ്. ഈ സൌഹൃദം അവിടെ കഴിഞ്ഞില്ലെന്നും സെന്‍ട്രല്‍ ജയില്‍, ആലപ്പുഴ സബ് ജെയില്‍ എന്നിവിടങ്ങളില്‍ തുടര്‍ന്നെന്നും ഇദ്ദേഹം പറയുന്നു. ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിപ്ലകാരികളായ രാഷ്ട്രീയക്കാരോട് നിയമവ്യവസ്ഥയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന കുറ്റവാളികള്‍ക്കുള്ള മമതയെപ്പറ്റി ജോര്‍ജ് അന്യത്ര ഉപന്യസിക്കുന്നുമുണ്ട്. കാഞ്ഞിരപ്പള്ളി കുര്യന്‍, കാള പരമേശ്വരന്‍, മൂവാറ്റു പുഴക്കാരന്‍ കേശവന്‍ നായര്‍ എന്നീ റൌഡികളെ "magic of the heart" എന്ന "മന്ത്ര"മുപയോഗിച്ച് മനസ്സുമാറ്റിയ കാര്യം പറയുമ്പോഴാണ് ഇത്.
ആലപ്പുഴ സബ് ജെയിലിന്റെ ഉദ്ഘാടനം ജോര്‍ജിനെയും കൂട്ടരെയും പ്രവേശിപ്പിച്ചുകൊണ്ടാണ്. ഏറെ സൌകര്യങ്ങള്‍ ആലപ്പുഴ സബ് ജയില്‍ ജീവിതം ഒരു യഥാര്‍ത്ഥ ജയില്‍ ജീവിതമല്ലാതാക്കി മാറ്റി എന്നാണ് ഇദ്ദേഹം പറയുന്നത്. സൌകര്യങ്ങള്‍ക്കു പുറമേ സഹപാഠിയായിരുന്ന ജയിലര്‍ ഹസ്സനുമായുള്ള അടുത്ത സൌഹൃദം, കുമ്പളത്തു ശങ്കുപിള്ളയുടെ സാന്നിദ്ധ്യം, റൌഡികളായ ചങ്ങാതിമാര്‍ എന്നീ ഘടകങ്ങളും അതിനു പിന്നിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. (പുറം 592) ആലപ്പുഴ സബ് ജെയിലില്‍നിന്ന് രക്ഷപ്പെടാനുള്ള പാര്‍ട്ടി പദ്ധതിയുണ്ടായിരുന്നത്രെ. ഒരേ സമയം നൂറ്റമ്പത് മൈലകലെയുള്ള ഇടവാക്കുടി എന്ന സ്ഥലത്ത് തടവിലായിരുന്ന കൃഷ്ണപിള്ളയും ഇദ്ദേഹവും ഒരുമിച്ച് ജയില്‍ ചാടുമെന്നായിരുന്നു പദ്ധതി. രണ്ടും ഒത്തുവരാതിരുന്നതുകൊണ്ട് ചാട്ടവും നടന്നില്ല. ജയില്‍ ചാട്ടവും കമ്യൂണിസ്റ്റ് വീരലക്ഷണമായിരുന്നു. ഏ കെ ജിയുടെ ജയില്‍ ചാട്ടം ഒരു സംഭവമായിരുന്നല്ലോ. പുന്നൂസും ചാടിയിട്ടുണ്ടെന്നു തോന്നുന്നു.
"ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഭൂഗര്‍ഭസംഘടന പ്രവര്‍ത്തിക്കാനുള്ള [sic] പരിപാടിയാണു രൂപീകരിച്ചിരുന്നത്. അതുകൊണ്ട് ഒരാള്‍ മാത്രം ചാടിയതുകൊണ്ട് പരിപാടി നടപ്പാക്കാന്‍ കഴിയുകയില്ലല്ലോ. ഒരു വീരസാഹസിക പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയല്ല കമ്യൂണിസ്റ്റുകാര്‍ ജയില്‍ ചാടുന്നത്. പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയാണ്. (പുറം 586)
ഇതൊക്കെ കേട്ടാല്‍ തോന്നുക ജയിലിലാവുന്നതിനു മുന്‍പ് ഇങ്ങോരെന്തോ മലമറിക്കുകയായിരുന്നെന്നാണ്.
സൂര്യപ്രകാശം കാണാതെ ഞാന്‍ ജയിലറയില്‍ കിടന്നു നരകിച്ചു ചാകുകയേയുള്ളു എന്നുള്ള സര്‍ സി പിയുടെ പ്രഖ്യാപനം അതേപടി ഞാന്‍ വിശ്വസിച്ചിരുന്നില്ലെങ്കിലും കുറെക്കാലം ജയിലില്‍ കഴിയേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു.(പുറം 592)
ഏതായാലും ശിക്ഷാകാലം മുഴുവനുമൊന്നും ജോര്‍ജ് ജെയിലില്‍ കിടന്നില്ല. യുദ്ധം ജനകീയമായില്ലേ. പിന്നെ കമ്യൂണിസ്റ്റുകാരെന്തിന് ജയിലില്‍ കിടക്കണം? പക്ഷേ തന്നെ വിടാന്‍ അതാണു കാരണമെന്ന് ജോര്‍ജ് പറയുന്നില്ല. നാണക്കേടുകൊണ്ടാവണം. വിടുന്നതും വിശേഷരീതിയില്‍ തന്നെ. ജയിലര്‍തന്നെ വറുഗീസ് വൈദ്യനെ ജയിലിലേക്കു വരുത്തി അദ്ദേഹത്തിന്റെ കൂടെ ജോര്‍ജിനെ പറഞ്ഞുവിടുകയാണ്. ഇതേ കാലത്തു തന്നെ കൃഷ്ണപിള്ളയും ജയില്‍ മോചിതനാവുന്നു. കല്ല്യാണവും കഴിക്കുന്നു. കല്യാണം കഴിഞ്ഞ കൃഷ്ണപിള്ളയും ഭാര്യയും കൂടി ഏഴംകുളത്ത് ജോര്‍ജിന്റെ വീട്ടില്‍ ഒരാഴ്ച താമസിക്കാനായിരുന്നു പരിപാടിയെങ്കിലും "രണ്ടു ദിവസത്തെ താമസത്തിനിടയില്‍ ഞാനും കൃഷ്ണപിള്ളയുംകൂടി തിരുവിതാംകൂറില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പരിപാടി തയ്യാറാക്കി". തുടര്‍ന്ന് കൃഷ്ണപിള്ളയുടെ ഭാര്യയെ അവിടെ വിട്ട് അവര്‍ ആലപ്പുഴയ്ക്കു പോവുന്നു. 
ക്രിപ്സ് മിഷന്റെ ഇന്ത്യാസന്ദര്‍ശനം സംബന്ധിച്ച് 1942-മാര്‍ച്ച് മാസം 25-ആം തീയതി ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്ന രാഷ്ട്രീയത്തടവുകാരെയെല്ലാം മോചിപ്പിച്ചു. അതിന്റെ ഭാഗമായി മലബാര്‍ ജില്ലയിലെ തടങ്കല്‍പ്പുള്ളികളായിരുന്ന ഇ എം എസ്സും മറ്റും വിമോചിതരായി. (പുറം 596)
കൊള്ളാം. കെ സി ജോര്‍ജിന് എണ്‍പതുകളില്‍ ഈ പുസ്തകം എഴുതുമ്പോള്‍ ഇത്ര ഓര്‍മ്മത്തെറ്റോ? ഇ എം എസ് 1942 ല്‍ ഒളിവുജീവിതം വിട്ടു പുറത്തുവരികയേ ഉണ്ടായുള്ളൂ. ജയിലില്‍ പോയില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ സമുന്നത നേതാവിന് ഇതൊന്നും ഓര്‍മ്മയില്ലെങ്കില്‍ പിന്നെ എന്താണ് ഓര്‍മ്മയുണ്ടാവുക?
ജയില്‍ മോചിതനായ കമ്യൂണിസ്റ്റ് നേതാവിന് ആലപ്പുഴ ഒരു സ്വീകരണം നല്കാന്‍ നേതാവു തന്നെ പങ്കെടുത്ത യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും ടി വി തോമസിന്റെ എതിര്‍പ്പുകാരണം അതു നടന്നില്ല. ട്രേഡ് യൂനിയന്‍ വേറെ, പാര്‍ട്ടി വേറെ എന്നായിരുന്നു തോമസിന്റെ നിലപാട്. 
തൊഴിലാളി യോഗത്തില്‍ ഞാന്‍ സംസാരിക്കുന്നതുതന്നെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാക്കിയേക്കുമെന്നുള്ള ഭയം ടി വി തോമസ് പ്രകടിപ്പിച്ചതായി ഞങ്ങളുടെ ചര്‍ച്ചായോഗത്തില്‍ ഉണ്ടായിരുന്ന സ്വാമി പത്മനാഭന്‍ വെളിപ്പെടുത്തി. ടി. വി. അതില്‍ പങ്കെടുത്തിരുന്നുമില്ല. ട്രേഡ് യൂനിയനെ ആ ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റായി മുദ്രകുത്തി അടിച്ചമര്‍ത്തുമെന്നുള്ള ഭയമാണ് ടി വിക്കുണ്ടായിരുന്നത്. (പുറം 600)
പത്രോസാവട്ടെ നേരേ തിരിച്ചും.  ഏതായാലും പത്രോസിന്റെ പക്ഷക്കാര്‍ കമ്യൂണിസ്റ്റു നേതാവിനെ ഒരു ചെറിയ യോഗത്തില്‍ പ്രസംഗിപ്പിച്ചു, ചേര്‍ത്തലയില്‍. നൂറു നൂറ്റമ്പതു പേര്‍ കേള്‍ക്കാനുണ്ടായിരുന്ന യോഗം  മഴ പെയ്തു തടസ്സപ്പെട്ടു. 
അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം നടന്ന പുന്നപ്ര-വയലാര്‍ സമരത്തില്‍ക്കൂടി പുന്നപ്ര പ്രദേശം പ്രശസ്തിയിലേക്കുയര്‍ന്നത് അന്നു പെയ്ത മഴ അവിടെ അന്ന് വിതറപ്പെട്ട കമ്യൂണിസത്തിന്റെ വിത്ത് നനച്ചു വളര്‍ത്തിയതു കൊണ്ടാണോ എന്നു തോന്നിപ്പോവും. (പുറം 604)
ഇതു വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. ടി വി തോമസിന്റെ വിവേകവും പത്രോസിന്റെ തെമ്മാടിത്തരവും ഏറ്റുമുട്ടിയതില്‍ പത്രോസിന്റെ പക്ഷത്തിനു മുന്‍തൂക്കം കിട്ടിയതില്‍ കെ സി ജോര്‍ജിന്റെ കൈ എന്തെന്ന്. "ഐതിഹാസികമായ സമരങ്ങള്‍" നടത്തിയ ആലപ്പുഴ തൊഴിലാളി വര്‍ഗ്ഗത്തിനെ കമ്യൂണിസം പഠിപ്പിച്ചത് താന്‍ അന്ന് വിളിച്ചു ചേര്‍ത്ത മഴയില്‍ കലങ്ങിയ യോഗം ആണെന്നു പറയുന്നത് ശകലം അല്പത്തരമല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെ വിത്തിട്ട് പോയ കമ്യൂണിസ്റ്റുകാരന്‍ പുന്നപ്രയിലെയും വയലാറിലെയും കൂട്ടക്കൊലകള്‍ക്കുശേഷം ആലപ്പുഴയില്‍നിന്ന് പിടികൊടുക്കാതെ ഓടിപ്പോവുന്നതാണ് കാണുന്നത്.1943-ലെ ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തിരുവിതാംകൂറില്‍നിന്ന് പങ്കെടുത്തത് രണ്ടുപേരായിരുന്നു, പൂര്‍ണ്ണ പ്രതിനിധിയായി ജോര്‍ജും വോട്ടില്ലാത്ത കാന്‍ഡിഡേറ്റ് മെംബറായി കെ വി പത്രോസും.  പുന്നൂസല്ല, ടി വി അല്ല, എം എന്‍ അല്ല പത്രോസ്! പത്രോസിന്റേതായി ഉണ്ടായ ഒരു ഹ്രസ്വകാലത്തിന് കെ സി ജോര്‍ജിന്റെ സംഭാവനയെന്താണെന്ന് വല്ല സൂചനയും അതു തരുന്നുണ്ടോ ആവോ?
ടി വി തോമസിനെപ്പറ്റി പറയുന്നിടത്തൊക്കെ ചില മുനയുള്ള പരാമര്‍ശങ്ങള്‍ കാണാം. തൊഴിലാളികള്‍ക്കിടയില്‍ ടി വി തോമസിനോളം ജനകീയ അംഗീകാരമുള്ള വേറൊരു നേതാവില്ലെന്നത് ഈ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി നേതാവില്‍ അസൂയയുളവാക്കിയോ എന്തോ. 
ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് സി പി ചില നേതാക്കളെ തടവിലാക്കി. ജോര്‍ജിനെ അറസ്റ്റു ചെയ്തു പാളയം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ അക്കാമ്മ ചെറിയാനുമുണ്ട്. അവരുമായി സംസാരിച്ചു നില്‍ക്കെ അറസ്റ്റ് ഇല്ലെന്നും പോവാമെന്നും വിവരം കിട്ടി ജോര്‍ജ് പോവുന്നു. സി പിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് പോവാനനുവദിച്ചതെന്ന് ജോര്‍ജ് ഊഹിക്കുന്നു. 
ഐക്യകക്ഷികളുടെ യുദ്ധസംരംഭങ്ങളുടെ നേരെയുള്ള കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയമായിരിക്കും അതിനു കാരണമെന്ന് എനിക്കു തോന്നി. (പുറം 614)
ജനകീയയുദ്ധവും പക്ഷം ചേരലുമൊന്നും പച്ചയ്ക്കു പറയാന്‍ വയ്യാത്തതുകൊണ്ട് ശ്ലോകത്തില്‍ കഴിക്കുകയാണ് ജോര്‍ജ്.  ഇക്കാലത്ത് ജീവാനന്ദം എന്ന തെക്കന്‍ തിരുവിതാംകൂറുകാരനായ കമ്യൂണിസ്റ്റിനെ തടങ്കലില്‍നിന്നു വിടുവിക്കാനായി ജോര്‍ജ് സി പിയെ പോയിക്കാണുകയും അതു സാധിക്കുകയും ചെയ്തതായി ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. മുന്‍പ് തന്തയില്ലാത്തവനെന്നു വിളിച്ചി സി പിയെ ഒരിക്കലും കാണില്ലെന്ന് പിന്നീട് ഇദ്ദേഹം പറയുന്നുണ്ടെങ്കിലും.