Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

9 May 2010

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പങ്കുപറ്റാന്‍ വെമ്പുന്ന ഇ എം എസ് ഭക്തര്‍ക്ക്

സ്വന്തം പാര്‍ട്ടിക്ക് ഒരു വിപ്ലവ ഇമേജൊന്നും എടുക്കാനില്ലാത്തതിനാല്‍  വിപ്ലവവായാടികളായ ചില സി പി എമ്മുകാര്‍ക്ക് നക്സലൈറ്റ് ചരിതം പിടിച്ചെടുക്കാന്‍ ശ്രമിക്കാന്‍മാത്രം തൊലിക്കട്ടിയൊക്കെ വളര്‍ന്നിട്ടുണ്ട്.  നക്സലൈറ്റ് പ്രസ്ഥാനത്തെപ്പറ്റിയും വര്‍ഗ്ഗീസിനെപ്പറ്റിയുമൊക്കെ രോമാഞ്ചം കൊള്ളുന്ന ഇവര്‍ നമ്പൂതിരിപ്പാടും മാര്‍ക്സിസ്റ്റുപാര്‍ട്ടിയും നക്സലൈറ്റുകളോടു സ്വീകരിച്ച നീചമായ നിലപാട് മറന്നോ അറിയില്ലെന്നു നടിച്ചോ ലേശം പഴകിമഞ്ഞച്ച നക്സലൈറ്റ് നിറമുള്ള  പുരോഗമനക്കുപ്പായമിട്ടു നടക്കും. ദേശാഭിമാനിയും  ബ്ലോഗെറിലെ ആര്‍ക്കൈവ് പണിക്കാരും ഈയിടെ വര്‍ഗ്ഗീസിനെയും അജിതയെയും കുറിച്ചൊക്കെ കുറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാള മനോരമ വര്‍ഗ്ഗീസിനെയും അജിതയെയും ചോരക്കൊതിയരായ കൊലപാതകികളായി വിശേഷിപ്പിച്ചതിനെപ്പറ്റിയൊക്കെ അവര്‍ പറയുന്നുണ്ട്.
1968 ലെ പുല്‍‌പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവേളയില്‍
മലയാള മനോരമയ്ക്ക് കെ അജിത ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയായിരുന്നു.
2010 ല്‍ ആ പത്രത്തിനവര്‍ ആദരണീയയായ വനിതയായി മാറിയിരിക്കുന്നു!
ദേശാഭിമാനിവാരികയാണ് പറയുന്നത്. ഇവിടെ കാണാം.
അതു പറയാന്‍ ബാദ്ധ്യതപ്പെട്ട വലതുപക്ഷ പത്രമാണ് മനോരമ. മനോരമ അങ്ങനെ പറഞ്ഞോ എന്നതു വേറെക്കാര്യം. ദേശാഭിമാനിയില്‍ തന്നെ വന്ന വേറൊരു ലേഖനത്തില്‍ മനോരമയില്‍ വന്നതായി ഉദ്ധരിച്ച കാര്യങ്ങള്‍ കാണുമ്പോള്‍ പക്ഷേ അങ്ങനെയൊന്നും പറഞ്ഞതായി തോന്നുന്നില്ല. എന്നുമാത്രമല്ല അക്കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെപ്പറ്റി എഴുതിയതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇ എം എസിനെക്കാള്‍ രാഷ്ട്രീയമാന്യത മനോരമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നും തോന്നും. ഇന്നിപ്പോള്‍ വര്‍ഗ്ഗീസിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ശ്രമം നടത്തിനോക്കുകയും (സഖാവ് വര്‍ഗ്ഗീസ് എന്നാണ് ജി പി രാമചന്ദ്രന്‍ എന്ന സി പി എമ്മുകാരന്‍ എഴുതുന്നത്) അജിതയെപ്പറ്റി അക്കാലത്ത് മനോരമ പറഞ്ഞതെന്നു പറഞ്ഞ് പലതും തോണ്ടിപ്പുറത്തിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ നക്സലൈറ്റ് സി പി എമ്മുകാര്‍ അന്ന് ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞതിനെപ്പറ്റി മിണ്ടില്ല. ഈ പരിഷകളെ ചില പഴയ സി പി എം നിലപാടുകള്‍ ഓര്‍മ്മിപ്പിക്കാനായി ഇ എം എസ് നമ്പൂതിരിപ്പാട് ചിന്തയിലെ കോളത്തില്‍ നല്കിയ ചില മറുപടികളിലെ രാഷ്ട്രീയ നെറികേട് ഇവിടെ പരാമര്‍ശിക്കുന്നു.


അന്ന് നമ്പൂതിരിപ്പാടിന്റെ പ്രധാനവാദം നക്സലൈറ്റുകള്‍ വലതുപക്ഷക്കാരുടെ കൂടെയാണെന്നാണ്. കോണ്‍ഗ്രസ്സിന്റെ കോടാലിക്കൈ എന്നൊക്കെയാണ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെ വിളിച്ചിരുന്നത്. ഇവരെ കൊലപാതകികളും കുറ്റവാളികളുമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മനോരമയെക്കാള്‍ മുന്‍പന്തിയിലുള്ളത് ഇ എം എസ് നമ്പൂതിരിപ്പാടാണ്. നക്സലൈറ്റുകളുടെ പ്രധാന ശത്രു സി പി എമ്മുകാരാണെന്നും അവര്‍ വലതുപക്ഷ പിന്തിരിപ്പന്മാരോടൊപ്പം ചേര്‍ന്ന് വിപ്ലവകാരികളായി സി പി എമ്മുകാരെ കൊല്ലുന്നു എന്നൊക്കെയാണ് ആരോപണം.മാത്രവുമല്ല കുത്തകപ്പത്രങ്ങള്‍ നക്സലൈറ്റുകാര്‍ക്ക് വ്യാപകമായ പ്രചാരണം നല്കുന്നു എന്നും നമ്പൂതിരിപ്പാട് പറയുന്നുണ്ട് (സഞ്ചിക 44, പുറം,148). അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കോടാലിക്കൈ ആണ്, വലതുപക്ഷക്കാരുമായി ചേര്‍ന്ന് നല്ല ഇടതന്മാരെ കൊല്ലുന്നു. കുത്തകപ്പത്രങ്ങളുടെ പിന്തുണയുമുണ്ട്. എന്നിട്ട് ഇന്നിപ്പോള്‍ ദേശാഭിമാനിയും അതിന്റെ പേനയുന്തികളും നാണമില്ലാതെ ചരിത്രം തിരുത്തുകയാണ്.
'മാനുഷിക പ്രശ്ന'ത്തിന്റെ മറവില്‍ നക്സലുകാരാണ് യഥാര്‍ത്ഥ വിപ്ലവകാരികളെന്ന ആശയം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം നടക്കുന്നില്ലേ? വേണു ഒളിവിലായിരുന്ന കാലത്തും അടുത്തകാലത്ത് പുറത്തുവന്നതിന് ശേഷവും ആ നക്സല്‍ നേതാവിന് കുത്തക പത്രങ്ങള്‍ നല്‍കിയ പ്രസിദ്ധീകരണം മാനുഷികമോ രാഷ്ട്രീയമോ? (പുറം 154, സഞ്ചിക 44)
മുണ്ടൂര്‍ രാവുണ്ണി 13 വര്‍ഷം തടവനുഭവിച്ചശേഷം പരോള്‍ ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന സാഹചര്യത്തില്‍ നമ്പൂതിരിപ്പാട് തന്റെ ദുഷ്ടത പ്രകടമാക്കുന്നു. ബൂര്‍ഷ്വാ കോടതി രാഷ്ട്രീയത്തടവുകാരായി പരിഗണിച്ച നക്സലൈറ്റുകാരെ ഇ എം എസ് പരിഗണിക്കുന്നത് സാധാരണ ക്രിമിനലുകളായിട്ടാണ്. അവര്‍ രാഷ്ട്രീയ തടവുകാരല്ലെന്ന് ഇ എം എസ് പറയുന്നു. അതിന്നായി രാഷ്ട്രീയ തടവുകാര്‍ എന്നതിന് സി പി എം നിര്‍വ്വചനം അവതരിപ്പിക്കുന്നു. മുണ്ടൂര്‍ രാവുണ്ണിക്കു പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന നീക്കങ്ങളെ നമ്പൂതിരിപ്പാട് താഴ്ത്തിക്കെട്ടുന്നുണ്ടെങ്കിലും അതിന് അന്നു സി പി എമ്മിലുണ്ടായിരുന്ന എം വി രാഘവന്‍, ചാത്തുണ്ണിമാസ്റ്റര്‍ എന്നിവരുടെ പിന്തുണയുണ്ടായിരുന്നതായി ചോദ്യത്തില്‍നിന്നും നമ്പൂതിരിപ്പാടിന്റെ മറുപടിയില്‍നിന്നും വ്യക്താമാവുന്നു.
 


നക്സലൈറ്റുകളുടെ മാര്‍ഗ്ഗത്തെ കൊലപാതകമെന്നു മുദ്രകുത്തുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചുദ്ധരിക്കുന്ന ഒരുദാഹരണം ലെനിന്റെ സഹോദരന്റേതാണ്. നരോദ്നികായിരുന്ന അലെക്സാണ്ടറെ തൂക്കിലേറ്റിയ വിവരമറിഞ്ഞപ്പോള്‍ ഇതല്ല നമ്മുടെ വഴി എന്നു ലെനിന്‍ പ്രഖ്യാപിച്ചെന്നാണ് നമ്പൂതിരിപ്പാട് പറയുക (മുകളില്‍ പുറം 147 കാണുക). ഒന്ന്, ഇങ്ങനെ പറഞ്ഞോ ഇല്ലയോ എന്നത് തര്‍ക്കവിഷയമാണ്.  രണ്ടാമത്, ലെനിനെ സഹോദരന്‍ സ്വാധീനിച്ചതിനെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന ഈ നിലപാട് സത്യസന്ധതയില്ലായ്മയാണ്.
അതൊക്കെ അവിടെയിരിക്കട്ടെ. നമ്പൂതിരിപ്പാടിന് വളരെ വിചിത്രമായ ഒരു യോഗമുണ്ടായിരുന്നു. അനവസരത്തില്‍ വേണ്ടാത്തതു പറഞ്ഞ് തന്റെ വിവരക്കേടു പ്രകടമാക്കുക എന്നതായിരുന്നു അത്. ഈ വിവരക്കേടൊക്കെ മഹാവിജ്ഞാനമായി (വിജയന്റെ ധര്‍മ്മപുരാണത്തിലെ പ്രസാദത്തെ ഓര്‍മ്മിപ്പിക്കുംവിധം) വിഴുങ്ങി നടന്ന അല്പന്മാരായ കുറെ പണ്ഡിതരും അക്കാഡമിക്കുകളും താങ്ങിത്താങ്ങി ഇദ്ദേഹത്തെ ഒരു പരുവത്തിലാക്കുകയും ചെയ്തു. ഫലമോ, മരമണ്ടത്തരങ്ങള്‍ ഏറ്റവും പരിഹാസ്യമായ രീതിയില്‍ വര്‍ഷങ്ങളും ദശകങ്ങളും ഇദ്ദേഹം പറഞ്ഞുനടന്നു. നമ്പൂതിരിപ്പാടിന്റെ അടിത്തറ തോണ്ടുന്ന വിവരക്കേടിന്റെ ഉദാഹരണങ്ങള്‍ ഞാന്‍ നേരത്തേ ഉന്നയിച്ചിട്ടുണ്ട്. മാക്സിം ഗോര്‍ക്കിയെപ്പറ്റിയും, ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെപ്പറ്റിയും ഉള്ള ഉദീരണങ്ങള്‍ അവയില്‍ ചിലതാണ്. ലെനിന്റെ സഹോദരനെപ്പറ്റി അനുചിതമായി പരാമര്‍ശിക്കുമ്പോഴും നമ്പൂതിരിപ്പാട് വങ്കത്തരം എഴുന്നെള്ളിക്കുന്നു. നക്സലിസത്തെപ്പറ്റിയുള്ള ചോദ്യോത്തരങ്ങളടങ്ങുന്ന 44ആം സഞ്ചികയില്‍ ലെനിന്റെ സഹോദരനെപ്പറ്റി ഒരു നാലിടത്തെങ്കിലും വിജ്ഞാനം വിളമ്പുന്നത് ഒറ്റ നോട്ടത്തില്‍ കണ്ടു. ഇതില്‍ മൂന്നിടത്തും പറയുന്നത് ലെനിന്റെ സഹോദരന്‍ ത്സാര്‍ ചക്രവര്‍ത്തിയെ വധിച്ചതിന് തൂക്കിലേറ്റപ്പെട്ടു എന്നാണ്.  ഇങ്ങനെയൊരു തെറ്റ് ഒരിക്കല്‍ വരുത്തുന്നതൊക്കെ സാധാരണമാണ്. എന്നാല്‍ നമ്പൂതിരിപ്പാടിനെപ്പോലെ ശ്രദ്ധേയനായ ഒരെഴുത്തുകാരന്‍ വര്‍ഷങ്ങളോളം ഈ മണ്ടത്തരം എഴുന്നെള്ളിക്കുക എന്നുവെച്ചാല്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ. പ്രസാദം തിന്നുന്ന മന്ദബുദ്ധികള്‍ക്കൊന്നിനും "നമ്പൂതിരിപ്പാടേ, ഇതു തെറ്റാണല്ലോ എന്നു പറയാനുള്ള വിവരം ഇല്ലാതെ പോയി!

ജനകീയ സാംസ്കാരികവേദി, ജനകീയ വിചാരണ എന്നീ കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം പറയുന്ന മറുപടികള്‍ ശ്രദ്ധേയമാണ്. അതിനെപ്പറ്റിയും നക്സലൈറ്റുകളുടെ പൊതുയോഗത്തിന് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം കൊടുക്കാതിരുന്നതിനെ ന്യായീകരിക്കുന്ന നമ്പൂതിരിപ്പാടിന്റെ ജനാധിപത്യ ബോധത്തെപ്പറ്റിയും മറ്റൊരു പോസ്റ്റില്‍ പറയാം.

2 comments:

 1. കമ്മ്യൂണിസ്റ്റുകളുടെ സാർവ്വ ദേശീയ ഗാനം പൊതുയോഗത്തിൽ പാടിയതിന് ,നായനാരുടെ പോലീസ് കേസെടുത്തിട്ടുണ്ട്.

  ReplyDelete
 2. അഭിപ്രായങ്ങള്‍ സൗകര്യം അനുസരിച്ച് മാറ്റിപ്പറയാനുള്ള കമ്മ്യൂണിസ്റ്റു കാരുടെ അവകാശത്തെ നിഷേധിക്കാന്‍ താങ്കളെ ആരാണ് അധികാരപ്പെടുത്തിയത്?

  ഗാന്ധിയെക്കുറിച്ച് "മഹാനായ" സ്റ്റാലിന്റെ കാലത്തെ "ദ ഗ്രേറ്റ് സോവിയറ്റ് എന്സൈക്ലോപ്പീടിയ"-യില്‍ കൊടുത്തിരുന്ന ഈ കമന്റ് പ്രസിദ്ധമാണ്:

  "വാണിയ ജാതിയില്‍ പിറന്ന ഈ പിന്തിരിപ്പന്‍, ജനങ്ങളെ വഞ്ചിക്കുകയും അവര്‍ക്കെതിരെ സാമ്രാജ്യവാദികളെ സഹായിക്കുകയും ചെയ്തു. പുണ്യാത്മാക്കളെ അനുകരിച്ചു. ജനപ്രീണനത്തിനായി ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവനും ബ്രിട്ടീഷുകാരുടെ ശത്രുവുമായി അഭിനയിക്കുകയും, മതപരമായ അന്ധവിശ്വാസങ്ങളെ വന്‍തോതില്‍ ചൂഷണം ചെയ്യുകയും ചെയ്തു."

  രണ്ടാം ലോക മഹയുദ്ധതിനിടെ നിലപാട് മാറ്റി ബ്രിട്ടനെ പിന്തുണക്കാന്‍ നിര്‍ബന്ധിതരായ നമ്മുടെ സഖാക്കള്‍, സുഭാഷ് ചന്ദ്രബോസിനെ വിളിച്ച തെറികള്‍ അവര്‍ ഇപ്പോള്‍ ആവര്‍ത്തിക്കണം എന്ന് കാലിക്കോ പറയുമോ? ബോസിനെ വിമര്‍ശിച്ച് മുദ്രാവാക്യം എഴുതേണ്ടിവന്ന കാര്യം കമ്മ്യൂണിസ്റ്റ് കവി ചെറുകാട് അദ്ദേഹത്തിന്റെ "ജീവിതപ്പാത"-യില്‍ പറയുന്നുണ്ട്. അദ്ദേഹം എഴുതിക്കൊടുത്ത ഉശിരന്‍ വരി ഇതായിരുന്നു: "നമ്മുടെ നേതാവല്ലാദുഷ്ടന്‍, ജപ്പാന്‍കാരുടെ കാല്‍നക്കി." എന്നാല്‍ പാര്‍ട്ടി സംഘടിപ്പിച്ച ജപ്പാന്‍ വിരുദ്ധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ ചെറുകാടിന്റെ മുദ്രാവാക്യം, "നമ്മുടെ നേതാവല്ലാച്ചെറ്റ" എന്നു തിരുത്തി വിളിക്കുന്നത്‌ കേട്ട അദ്ദേഹം അത്ഭുതപ്പെട്ടു. "ദുഷ്ടനെ", "ചെറ്റ" ആക്കാനുള്ള തീരുമാനം മുകളില്‍ നിന്നു വന്നതായിരുന്നത്രെ.

  ഗാന്ധിയേയും, ബോസിനെയും മറ്റും തെറി വിളിക്കുന്നത്‌ നിര്‍ത്താം എങ്കില്‍ നക്സല്‍ വര്‍ഗീസിനോടും മറ്റും ഒന്നു മയപ്പെടുന്നതില്‍ തെറ്റെന്താണ്? പണ്ടു ഈയെമ്മെസ് പറഞ്ഞതൊക്കെ കണ്ണില്‍ ചോരയില്ലാതെ ഓര്‍മ്മിപ്പിച്ചു സഖാക്കളെ വിഷമിപ്പിച്ചാല്‍ ദൈവം പൊറുക്കില്ലെന്ന് ഓര്‍ത്താല്‍ വേണ്ടില്ല.

  ReplyDelete

Google Buzz Public Feed for Calicocentric --