Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

7 May 2010

മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി വേണമത്രെ!

മാതൃഭൂമിയില്‍ മെയ് 6ന് വന്ന വാര്‍ത്തയാണ് താഴെ.
മലയാളഭാഷാചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും-എം.എ. ബേബി


ക്ലാസിക് പദവി പരിശോധിക്കാന്‍ വിദഗ്ധസമിതി


ന്യൂഡല്‍ഹി: മലയാളത്തിന്റെ ഉത്പത്തിയും ചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി അറിയിച്ചു. മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


കൊള്ളാം. സി പി എം മന്ത്രിമാര്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു ക്ലാസിക്കല്‍ ഭാഷാ പദവി സംഘടിപ്പിക്കാന്‍. അഴീക്കോടു പണ്ഡിതരുടെ വിവരംകെട്ട വാക്കുകളില്‍ പറഞ്ഞാല്‍ ക്ലാസിക് ഭാഷാപദവിക്ക്.
അപ്പോള്‍ സഖാവേ ഒരു പ്രശ്നമുണ്ട്. ഭാഷാചരിത്രം പഠിപ്പിക്കുന്നതൊക്കെ കൊള്ളാം. ഇ എം എസിന്റെ ഭാഷാശാസ്ത്രം നമുക്കെന്തെങ്കിലും ചെയ്യേണ്ടിവരും. കാരണം നമ്പൂതിരിപ്പാട് വിളമ്പിവെച്ച വങ്കത്തരങ്ങള്‍ വല്ലവരും കണ്ടുപോയാല്‍ അസൂയാലുക്കള്‍ അതെടുത്ത് ഉദ്ധരിച്ച് മലയാളത്തിനു ക്ലാസിക്കല്‍ പദവി നല്കരുതെന്നു പറഞ്ഞുകളയും. എന്താണ് ഇ എം എസ് പറഞ്ഞതെന്നോ? ഇ എം എസ് വായില്‍ത്തോന്നിയതൊക്കെ പറഞ്ഞിരുന്ന ആളാണെന്ന് അറിയാമല്ലോ. കൂട്ടത്തില്‍ പ്രാചീനമലയാള സാഹിത്യം എന്നൊന്നില്ലെന്ന് അങ്ങോര്‍ അറത്തുമുറിച്ചു പറഞ്ഞുകളഞ്ഞു.
“പ്രാചീനകാലത്ത് മലയാളമെന്ന ഒരു സ്വതന്ത്രഭാഷയുണ്ടായിരുന്നുവോ? ഇല്ലെന്നാണ് ചരിത്രവസ്തുതകൾ തെളിയിക്കുന്നത്." (നമ്മുടെ ഭാഷ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, പുറം 52) 
1996ല്‍ ദേശാഭിമാനി വാരികയിലെഴുതിയ പ്രാചീനമലയാള സാഹിത്യം: സങ്കല്പവും യാഥാര്‍‍ത്ഥ്യവും  എന്ന ലേഖനത്തിലാണ് ഇങ്ങനെ ഈ പണ്ഡിതന്‍ കാച്ചിയത്. ചരിത്രവസ്തുത ഒരു പിണ്ണാക്കും പണ്ഡിതനു പറയാനുണ്ടാവുമെന്ന് ഇ എം എസിനെക്കുറിച്ച് എന്തെങ്കിലും അറിയുന്ന ആരും  പ്രതീക്ഷിക്കില്ലല്ലോ. ഇനി പ്രതീക്ഷിച്ചിട്ടുണ്ടെങ്കിലും കാര്യവുമില്ല. പതിവു സിദ്ധാന്തം നൂറ്റൊന്നു തവണ ആവര്‍ത്തിച്ചത് പിന്നെയും ആവര്‍ത്തിക്കുന്നുണ്ട്. പണ്ട് ഒരു ചെന്തമിഴും കുറെ കൊടുംതമിഴും ഉണ്ടായിരുന്നു. ആ കൊടുംതമിഴുകളില്‍ ചിലത് സംസ്കൃതത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് സാഹിത്യഭാഷയായി മാറാന്‍ തുടങ്ങി. ഇങ്ങനെയാണ് മലയാളവും ആധുനിക തമിഴും ഉണ്ടായത്. ഇങ്ങനെയൊരു മന്തന്‍ സിദ്ധാന്തം ഇങ്ങോര്‍ ഇത്രയേറെ ആവര്‍ത്തിച്ചു നടന്നിട്ടും ഇതുകൊണ്ടെന്തു കാര്യം നമ്പൂതിരിപ്പാടേ എന്നൊരുത്തനും ചോദിച്ചില്ല! ഏതായാലും ഈ പതിവു സിദ്ധാന്തത്തിനപ്പുറം പണ്ഡിതന് ചരിത്രവസ്തുതകള്‍ ഒന്നുമില്ല.  അപ്പോള്‍ പ്രാചീന മലയാളസാഹിത്യം ഇല്ല. മലയാളം ഉണ്ടായതാവട്ടെ തമിഴിന്റെ ഒരു ഭേദം വികസിച്ചും. അതാവട്ടെ സംഭവിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടോടെയും.

ഇതിനാകെ ഒരു മാറ്റംവന്നത് ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ്. അതേവരെ വായ്മൊഴിയായി മാത്രം കിടന്നിരുന്ന പല നാടന്‍ഭാഷകളും ഇക്കാലത്തു വരമൊഴിയായി മാറി. അവയിലും സാഹിത്യമുണ്ടാവാന്‍ തുടങ്ങി. അതേവരെ പ്രാകൃത ഭാഷകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന വ്രജഭാഷയില്‍ സാഹിത്യകൃതികള്‍ ഉയര്‍ന്നുവന്നു. ഇതാണു പിന്നീട് ഹിന്ദിയായി വളര്‍ന്നത്. അതുപോലെ മറാത്തി, ബംഗാളി, ഗുജറാത്തി മുതലായി വടക്കേഇന്ത്യയിലും കര്‍ണാടകം, തെലുങ്ക്, മലയാളം മുതലായി തെക്കേ ഇന്ത്യയിലും പുത്തന്‍ വരമൊഴികള്‍ രൂപംകൊണ്ടു. പഴയ പ്രാകൃതഭാഷകള്‍ക്കും കൊടുന്തമിഴുകള്‍ക്കും രൂപഭേദം വരുന്നതോടൊപ്പം അവയില്‍ പലതും പരസ്പരം ലയിക്കുകയും ചെയ്യുകയെന്ന ഒരു സുദീര്‍ഘ പ്രക്രിയയിലൂടെയാണ് ഈ പുതിയ വരമൊഴികള്‍ ജന്മംകൊണ്ടത്.(നമ്മുടെ ഭാഷ, പുറം 28)
ഇങ്ങനെയൊക്കെ പറഞ്ഞ നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയുടെ പു ക സ ക്കാരനും എം. എ. ബേബിയുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പറയുന്നത് ഒന്‍പതാം നൂറ്റാണ്ടിലെ വാഴപ്പള്ളി ചെപ്പേട് മുതല്‍ മലയാള ലിപി ലഭ്യമെന്നാണ്. പതിന്നാലാം നൂറ്റാണ്ടില്‍ ഭഗവദ്ഗീതയ്ക്കു മലയാളഭാഷാന്തരം ഉണ്ടായിയെന്നും പറയുന്നുണ്ട്.
മനോരമ വാര്‍ത്തയിലാണ് ഇതൊക്കെ കാണുന്നത്.
 അപ്പോള്‍ നമ്പൂതിരിപ്പാട് പറഞ്ഞതോ? നമ്പൂതിരിപ്പാട് ഇതെല്ലാം പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പാഠപുസ്തകമാക്കി ഇറക്കിയിട്ടുണ്ട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. അതില്‍നിന്നാണ്  മേലെ ഉദ്ധരിച്ചത്. ഈ പുസ്തകം യൂനിവേഴ്സിറ്റികളില്‍ സിലബസ്സിലുമുണ്ട്.
ഇനിയും പോരെങ്കില്‍ നമ്പൂതിരിപ്പാട് ഇങ്ങനെയും പറഞ്ഞിട്ടുണ്ട്.
തുഞ്ചത്തെഴുത്തച്ഛന്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഭാഷാരൂപാന്തരങ്ങള്‍ സൃഷ്ടിക്കുന്നതുവരെ, കേരളത്തിലെ ജനതയ്ക്ക് തങ്ങളുടെതായ സാഹിത്യമേ ഉണ്ടായിരുന്നില്ല. (സാഹിത്യവും സമൂഹവും, പ്രബന്ധങ്ങള്‍, സാഹിത്യ അക്കാഡമി, പുറം 136)
മണ്ടന്‍ എന്നല്ലാതെ എന്തു പറയാന്‍! ദ്വിതീയാക്ഷരപ്രാസം എന്നാല്‍ എന്താണെന്നറിയാതെ ദ്വിതീയാക്ഷരപ്രാസം അനുഷ്ഠിക്കുന്ന കാവ്യം ദീര്‍ഘമായി ഉദ്ധരിച്ച് കവിക്കു ദ്വിതീയാക്ഷരപ്രാസത്തോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് ഒരു യൂനിവേഴ്സിറ്റിയില്‍ പോയി പ്രഭാഷണ പരമ്പര നടത്തിയ ദേഹമാണ്. ഇതല്ല ഇതിലപ്പുറവും പറയും. 
ഇനി ക്ലാസിക്കല്‍ ഭാഷയെന്നാല്‍ എന്താണാവോ?
വിക്കിപീഡിയ ലേഖനം അതിനെ നിര്‍വ്വചിക്കുന്നത് ഒരു ഭാഷാവിദഗ്ധന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ടാണ്.
A classical language, is a language with a literature that is classical— i.e., it should be ancient, it should be an independent tradition that arose mostly on its own, not as an offshoot of another tradition, and it must have a large and extremely rich body of ancient literature.
ഇന്ത്യാ ഗവണ്‍മെന്റിന്റെ കണക്കില്‍ ക്ലാസിക്കല്‍ ഭാഷയെന്താണെന്ന് അറിയില്ല. ഏതായാലും ഇതില്‍ പറയുന്ന മൂന്നു ഗുണങ്ങളും വേണ്ടിവരുമെന്ന് ഉറപ്പാണ്. ഈ മൂന്നു കാര്യങ്ങളും മലയാളത്തിനുണ്ട് എന്നാണ് പ്രധാനമന്ത്രിയെക്കണ്ട സംഘം തെര്യപ്പെടുത്താന്‍ ശ്രമിച്ചതെന്നും വാര്‍ത്തയില്‍നിന്നു വ്യക്തമാവുന്നുണ്ട്. എന്നാല്‍  ആദ്യത്തെ രണ്ടു ഗുണങ്ങളും മലയാളത്തിനില്ലെന്ന് നമ്പൂതിരിപ്പാട്  പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. പ്രാചീനമല്ല, സ്വതന്ത്രമായി ഉയര്‍ന്നുവന്നതുമല്ല. 
ഇനിയിപ്പോള്‍ എന്തു ചെയ്യും? ക്ലാസിക്കല്‍ പദവി വേണോ നമ്പൂതിരിപ്പാടിന്റെ ഭാഷാസിദ്ധാന്തം വേണോ?

7 comments:

  1. നമ്പൂതിരിപ്പാട്‌ മലയാളത്തിന്റെ പഴക്കത്തെക്കുറിച്ചു പറഞ്ഞതൊന്നും എം.ഏ. ബേബിയും മറ്റും വായിച്ചിട്ടില്ല. പാവം ഈയെമ്മെസ്സിനു ഇപ്പോള്‍ ആകെയുള്ള ഒരു വായനക്കാരന്‍ കാലിക്കോ ആണെന്ന് കരുതണം.

    നമ്പൂതിരിപ്പാട്‌ പറഞ്ഞത് അബദ്ധം ആയിരിക്കാം. അതെങ്ങനെ ആയാലും, മലയാളം ക്ലാസ്സിക്കല്‍ ഭാഷ ഒന്നുമല്ല എന്ന കാര്യം മറക്കണ്ട. സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ ഒരു ഭാഷയും ക്ലാസ്സിക്കല്‍ ആവില്ല. ഭാഷയ്ക്കോ, മതത്തിനോ സംസ്കാരത്തിനോ ഒക്കെ ഇത്തരം പദവികള്‍ വേണമെന്ന ആവശ്യം ഉയരുന്നത് മനുഷ്യര്‍ക്ക്‌ അപകര്‍ഷതാ ബോധം മൂക്കുമ്പോഴാണ്.

    ReplyDelete
  2. //സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ ഒരു ഭാഷയും ക്ലാസ്സിക്കല്‍ ആവില്ല. ഭാഷയ്ക്കോ, മതത്തിനോ സംസ്കാരത്തിനോ ഒക്കെ ഇത്തരം പദവികള്‍ വേണമെന്ന ആവശ്യം ഉയരുന്നത് മനുഷ്യര്‍ക്ക്‌ അപകര്‍ഷതാ ബോധം മൂക്കുമ്പോഴാണ്.//

    ഒരൊപ്പ്.

    ReplyDelete
  3. കാലിക പ്രസക്തിയുള്ള പോസ്റ്റ്.
    ഈ.എം.എസ്.എന്ന തൊഴിലാളിവര്‍ഗ്ഗ വിരുദ്ധനായ
    വരട്ടുവാദക്കാരന്‍ മൂരാച്ചിയെ നംബൂതിരിയായതുകൊണ്ടു മാത്രമാണ്
    കേരളം തലയില്‍ ചുമന്നതെന്നു പറയാം.
    മുടിഞ്ഞ (ഹഹഹ...)ഓര്‍മ്മശക്തിയുള്ള വിരുതന്മാരും സ്വാര്‍ത്ഥന്മാരും
    ഇങ്ങനെ പുരോഗതിയുടെ മുന്നില്‍ വിലങ്ങുതടിയായി നില്‍ക്കും:)
    ഓര്‍മ്മശക്തി കൂടിയ സ്വാര്‍ത്ഥി ബ്രാഹ്മണന്‍ കൂടിയായാല്‍
    ഇടിവെട്ടിയവനെ പാംബുകടിച്ചതുപോലെയായി
    സമൂഹത്തിന്റെ ഗതി !!!

    സുകുമാരേട്ടന്‍ കോട്ട് ചെയ്ത ജോര്‍ജ്ജ് കുട്ടിയുടെ വാചകം
    പരമ സത്യം തന്നെ !!! അഭിനന്ദനങ്ങള്‍.

    കാലിക്കോ സെണ്ട്രിക്കിന്റെ ഫോണ്‍ നംബറൊന്നു വേണമായിരുന്നല്ലോ. മെയിലയച്ചാല്‍ മതി.
    chithrakaran@gmail.com

    ReplyDelete
  4. ജോര്‍ജുകുട്ടി / ജോര്‍ജുകുട്ടി പറഞ്ഞത് ശരിതന്നെ. ഇ.എം.എസ് എന്നല്ല ആരും എല്ലായ്പ്പൊഴും ശരിയാവണമെന്നില്ലല്ലോ. താനാണ് ആത്യന്തികമായ ശരി എന്ന് വിശ്വസിക്കുന്നത് മതവാദികളുടെ ലക്ഷണമാണെന്ന് തോന്നുന്നു.

    ReplyDelete
  5. മലയാളത്തിനു ക്ലാസിക് പദവി കിട്ടാൻ കാരണമൊന്നുമില്ല.മൂന്നു നൂറ്റാണ്ടു മുമ്പുവരെ ഉപയോഗിച്ചിരുന്ന ഭാഷ പരിചയപ്പെട്ടാൽ മതി.
    ബ്രാഹ്മണിക്കലായ് താർക്കിക ബുദ്ധികൊണ്ട് കാലം കഴിച്ചു കൂട്ടിയ തന്ത്രശാലിയായ ബുദ്ധിജീവി.ചില ഭക്തരല്ലാതെ ആരെങ്കിലും ടിയാനെ ഓർക്കുമോന്നു കണ്ടറിയണം.

    ReplyDelete
  6. ക്ലാസിക് പദവിയല്ല, ക്ലാസിക്കല്‍ പദവി. എന്റെ ക്ലാസിക് പ്രയോഗം ഒരു ലിങ്കാണ്. അഴീക്കോടു പണ്ഡിതരുടെ മണ്ടത്തരത്തിലേക്കുള്ളത്.

    ചില ഭക്തര്‍ ഓര്‍ക്കും. ആ ഭക്തര്‍ക്കാണ് കേരളത്തിലെ ധൈഷണിക മണ്ഡലത്തില്‍ നിര്‍ണ്ണയാവകാശം. EMS Conundrum എന്ന പേരില്‍ കുറച്ചു മാസം മുമ്പെഴുതിയ ഒരു പോസ്റ്റിന് രാജന്‍ ഗുരുക്കളുടെ ഒരു കമന്റുണ്ടായിരുന്നു. അദ്ദേഹം ഇ എം എസ്സിനെപ്പറ്റി ഒരു ഗവേഷണത്തിലാണെന്ന്. ആ ചര്‍ച്ച അദ്ദേഹം തുടര്‍ന്നില്ല. ഏറെക്കാലം കൂടി ഒരു ബുദ്ധിജീവി ലേഖനം വായിച്ചു. സി പി എമ്മിന്റെ മതവുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ച് സുനില്‍ ഇളയിടം എന്ന സി പി എമ്മുകാരന്‍ എഴുതിയ ഒരു പരട്ട ലേഖനം. അതില്‍ ഒറ്റയൊരിടത്തുമാത്രം ഇ എം എസിനെ പരാമര്‍ശിക്കുന്നു. ഉദ്ധരണിയില്ല, റെഫെറെന്‍സില്ല, ഒറ്റയൊരിടത്തെ പരാമര്‍ശം മാത്രം. പക്ഷേ അതിലൂടെ ആശാന്‍ പറഞ്ഞുവെയ്ക്കുന്നത് മാര്‍ക്സിസത്തിന്റെ മതത്തോടുള്ള ശരിയായ സമീപനം മനസ്സിലാക്കിയത് ഇ എം എസ് മാത്രമാണെന്നും.
    ഇതൊരു നെറികേടാണ്. ഇ എം എസ് കൃതിയില്‍നിന്നുദ്ധരിക്കാന്‍ ഒരു ബുദ്ധിജീവിക്കും ധൈര്യമില്ല. പകരം അവര്‍ ഇത്തരം പരാമര്‍ശങ്ങളില്‍ നമ്പൂതിരിപ്പാടിനെ പൊലിപ്പിക്കും. യുക്തിവാദവും മതവിശ്വാസവുമായി ബന്ധപ്പെട്ടാണ് ഇ എം എസ് ഏറ്റവും വലിയ നെറികേടുകള്‍ പറഞ്ഞുകൂട്ടിയത്. യുക്തിവാദി പ്രസ്ഥാനത്തെ തകര്‍ക്കുക എന്നതു സി പി എം താത്പര്യമായി മാറിയത് ഇ എം എസ്സിന് യുക്തിവാദികളോട് നേരിട്ടെതിര്‍‌ക്കാന്‍ വയ്യാത്ത ദൌര്‍ബല്യങ്ങളുണ്ടായിരുന്നു എന്നതുകൊണ്ടു മാത്രമാണ്. ഈ ദൌര്‍ബല്യങ്ങളെ മതത്തോടുള്ള മാര്‍ക്സിസ്റ്റ് വിവേകമായി വ്യാഖ്യാനിക്കാം, ലേശം ഉളുപ്പു കുറവാണെങ്കില്‍. ഇങ്ങനെയാണ് കേരളത്തിലെ വലിയൊരു ഭാഗം അക്കാഡമിക്കുകള്‍ സിദ്ധാന്തം രചിച്ചും പാര്‍ട്ടിക്കുവേണ്ടി പേനയുന്തിയും പിഴച്ചുപോവുന്നത്. മലബാര്‍ കലാപത്തില്‍ പുരോഗമനം കണ്ടെത്തിയതിന്‍റെ പകിട്ട് നമ്പൂതിരിപ്പാടിനു ചാര്‍ത്തിക്കൊടുത്ത കെ എം പണിക്കരുടെ തട്ടിപ്പിനെപ്പറ്റി ഒരു പോസ്റ്റെഴുതുന്നുണ്ട്. ഇ എം എസ് അല്ല എന്റെ ലക്ഷ്യം. ഈ തട്ടിപ്പുകാരാണ്.

    ReplyDelete
  7. 1000 വർഷം പഴക്കമുണ്ടായാലും ഇല്ലെങ്ങിലും മലയാളത്തിന്‌ ക്ലാസിക്കൽ പദവി കിട്ടിയാൽ, ആ വകയിൽ കുറേ കേന്ദ്ര ഫണ്ട് കിട്ടും. എന്നാൽ പിന്നെ ബേബിയും ആന്റണിയും ബാക്കിയെല്ലാവരും കൂടി അതൊന്ന്‌ വാങ്ങിയെടുക്കുനതല്ലെ നല്ലത്‌.

    തമിഴിന്‌ കിട്ടുന്ന ഫണ്ട് മലയാളത്തിനും കിട്ടട്ടെ...

    ReplyDelete