Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

23 May 2010

എന്റെ സ്വത്വസംരക്ഷണ ഭീതികള്‍, സ്വത്വരാഷ്ട്രീയ ചിന്തകള്‍

ഏതായാലും കുറച്ചുകാലം കഴിഞ്ഞാല്‍ ഭരണം മാറും. എന്നും പ്രതിപക്ഷത്തോടൊപ്പമാവാന്‍ വിധിക്കപ്പെട്ട ഞാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം നിന്ന് (അങ്ങനെയാണ് കാണുന്നവര്‍ക്കു തോന്നുക) കോണ്‍ഗ്രസ്സിനെയും സഖ്യക്കാരെയും പുലഭ്യം വിളിക്കും. അതിനിനി കുറെ മാസങ്ങള്‍ മാത്രം. എന്നാല്‍ പിന്നെ ശേഷിച്ച ഈ കുറച്ചു കാലം മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വിരോധത്തെ ആളിക്കത്തിക്കാതെ, തല്ലാന്‍ ആളെവിടുന്നതിന് അവരില്‍ ആവേശം ജ്വലിപ്പിക്കാതെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ പോരേ? ഒരു കൊല്ലം കഴിഞ്ഞാല്‍ പരസ്യമായി അവരോടു ചേര്‍ന്ന് വലതുപിന്തിരിപ്പന്മാര്‍ക്കെതിരെ പുരോഗമനപരമായി വാചകടമടിക്കാം. പുരോഗമനക്കാരുടെ ആലയില്‍ കയറാം. പോക്കറു പോയാലും മോരിലെ പുളി പോവില്ല. സ്വത്വരാഷ്ട്രീയം പിന്നെയും ശേഷിക്കും. സ്വത്വരാഷ്ട്രീയം സ്വയംഭൂവായി വന്നതല്ല. പല വിശപ്പുകളും തൃപ്തിപ്പെടുത്താന്‍ അതു കൂടിയേ കഴിയൂ. ചലച്ചിത്രോത്സവങ്ങളിലും സാഹിത്യസമ്മേളനങ്ങളിലും സെമിനാറുകളിലും മുട്ടിയുരുമ്മിയും തൊട്ടുതലോടിയും വിട്ടുമാറി കട്ടിലേറിയും വിപ്ലവപ്രാന്തങ്ങളില്‍ നീങ്ങുന്ന ബുദ്ധിജീവിവര്‍ഗ്ഗത്തിന് ലോക്കല്‍ സഖാക്കളെപ്പോലെ ജീവിക്കാനാവുമോ. (ബുദ്ധിജീവിവര്‍ഗ്ഗം എന്നു പറഞ്ഞാല്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഓരം ചാരി നടക്കുന്ന എഴുത്തുകാര്‍, ചിന്തകര്‍‌, മാധ്യമപ്രവര്‍ത്തകര്‍, കലാകാരന്മാര്‍,  വേണമെങ്കില്‍ ബ്ലോഗെഴുത്തുകാരും, ഇതല്ലാതെ ഒരു ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ പൊടിപോലും നാട്ടിലുണ്ടായിരുന്നില്ല സമീപകാലം വരെ.) ഇവരൊന്നും വേണ്ട പാലേരിയിലെ ജനാധിപത്യബോധമുള്ള തന്റേടികള്‍ മതിയെന്നു ചില ചെത്തുതൊഴിലാളി പാരമ്പര്യക്കാര്‍ പറഞ്ഞാലും അവര്‍ വൈകാതെ പഠിച്ചു തിരുത്തിക്കോളും. ഈ ലോക്കല്‍സിനാവുമോ ബൂലോഗത്ത് ഇടപെടാന്‍? ജെ എന്‍ യുവില്‍ വിപ്ലവവായാടിത്തം ചെയ്യാന്‍? ചലച്ചിത്ര നിരൂപണം നടത്താന്‍? വിപ്ലവത്തിന്റെ അമൂര്‍ത്തകല പ്രയോഗിക്കാന്‍? ഐ റ്റി സംഘടന കെട്ടിപ്പടുക്കാന്‍?  പ്രവാസികളില്‍ പാര്‍ട്ടിബോധം വളര്‍ത്താന്‍?  കോപ്പിയടിച്ച് പ്രബന്ധങ്ങള്‍ തട്ടിക്കൂട്ടി പി എഛ് ഡിയും യു ജി സി സ്കെയിലും വാങ്ങി സര്‍വ്വകലാശാലകളില്‍ പാര്‍ട്ടി ചരിത്രം രചിക്കാന്‍? ഒരു തിരുത്തല്‍ രേഖയോ ഒരു ദേശാഭിമാനി ലേഖനമോ ഒരു വിപ്ലവവും ഉണ്ടാക്കാന്‍ പോവുന്നില്ല. ചുരുക്കത്തില്‍ നമ്മുടെ സ്വത്വത്തെ സംരക്ഷിക്കാനുള്ളതും വിനോദത്തിനുള്ളതും അവിടെയുണ്ടാവും, ഇനിയും. എവിടെച്ചെന്നാലും ബുദ്ധിജീവികളില്‍ ഒരു ബുദ്ധിജീവിയായി ജീവിതം സുകരം
പിന്നെ വെറുതേ തടികേടാക്കണോ. ഇ എം എസ്സ് രസായനമൊക്കെ അടുപ്പത്തുനിന്നു വാങ്ങിവെച്ചോട്ടെ ഞാന്‍? 
എന്റെ ആഭിചാരത്തിന്റെ ഏറ്റവും നിര്‍ണ്ണായകഘട്ടമാണിപ്പോള്‍. ഇ എം എസ് ആയിരുന്നില്ല എന്റെ ലക്ഷ്യം. കേരളത്തിലെ ഇടതുപക്ഷവിടുവായത്തം പറയുന്ന നെറികെട്ട ബുദ്ധിജീവിവര്‍ഗ്ഗത്തെയായിരുന്നു ഞാനുന്നം വെച്ചത്. ഇ എം എസ്സിന്റെ വങ്കത്തരങ്ങള്‍ക്കപ്പുറത്തേക്കു ചരിത്രത്തെ സങ്കല്പിക്കാന്‍ വയ്യാത്ത വി‍‍ഡ്ഢിപ്രൊഫസറന്മാരും ചരിത്രകാരന്മാരും (കെരന്തങ്ങള്‍ ഓക്സ്ഫഡില്‍നിന്നും കേംബ്രിജില്‍നിന്നും ഇറങ്ങിയാലും ശരി). ഇ എം എസ്സിന്റെ വിടുവായത്തരത്തിനപ്പുറം സാമൂഹ്യശാസ്ത്രത്തെ കാണാന്‍ പറ്റാത്ത സൈദ്ധാന്തികന്മാര്‍. ഇ എം എസ്സിന്റെ മന്ദബുദ്ധി സൌന്ദര്യശാസ്ത്രത്തിനു ചേരുംപടി സാഹിത്യം രചിച്ചവരും സൌന്ദര്യശാസ്ത്രം രചിച്ചവരും. ഇത്തരക്കാര്‍ക്കെതിരായി നിര്‍ണ്ണായകമായ തെളിവുകള്‍ (ഇവര്‍ ചുമന്ന ഇ എം എസ് വിഴുപ്പ്) ശേഖരിക്കുന്നതില്‍ ഗണ്യമായ പുരോഗതി നേടിയ അവസ്ഥയില്‍ അഞ്ചെട്ടുമാസത്തെ കാമകര്‍മ്മം ഇട്ടേച്ചുപോവാനായി തീരുമാനിച്ചാല്‍  അവയവങ്ങള്‍ തികച്ചിരിക്കുമെന്നുറപ്പാക്കാം. വീണ്ടും വലവീശാം, കാമിക്കാം, ജീവിതം ആഘോഷമാക്കാന്‍ തിരിഞ്ഞുനോക്കാതെ പോയവരെയോര്‍ത്തു നെടുവീര്‍പ്പയയ്ക്കുകയെങ്കിലും ചെയ്യാം. ആകെമുങ്ങി കുളിരുമാറിയ വലതു കൂട്ടരെ തെറിവിളിച്ച് ധാര്‍മ്മികബോധത്തെ അപകടം കൂടാതെ തൃപ്തിപ്പെടുത്തി നിറുത്താം. സൈബെര്‍ക്രൈം സെല്ലിനു മുന്‍പാകെയുള്ള പരാതികള്‍ കടലാസിലൊതുങ്ങും എന്നുറപ്പാക്കാം. തിരിച്ചു പണിയില്‍ കയറാം. സസ്പെന്‍ഷന്‍ കാലത്തെ ആനുകൂല്യങ്ങള്‍ റൊക്കമായി കയ്ക്കലാക്കാം. സഹഗുമസ്തകളെ പഞ്ചാരയടിച്ചു മതികെടാം. ഇ എം എസ് ബാധയില്ലാതെ chilled ബിയര്‍ മൊത്തുകയോ മോന്തുകയോ ആവാം. ആഹാ എന്തു സുഖം!
അവസാനകാലത്ത് നായനാര്‍ക്കുവേണ്ടിയും മാര്‍. പാര്‍ട്ടിക്കുവേണ്ടിയും കവിത ചൊല്ലി എം എല്‍ ഏ ആയ വിപ്ലവകവി പറഞ്ഞതുപോലെ, ഓമലേ, നാം അറിയുന്ന കഥകളില്‍ ഓരോന്നു വീതം മറക്കുക. ആദ്യത്തെയാദ്യം മറക്കുക, അല്ലെങ്കില്‍ അന്ത്യത്തിലുള്ളവയാദ്യം മറക്കുക. എല്ലാം മറക്കുമ്പോഴേക്കും കഥ തീരുമല്ലോ പിന്നെ ഒന്നിച്ചൊരല്പം കിടക്കാം. ധ്വജഭംഗഭീതി ഇല്ലാതില്ല. എങ്കിലും ആരെയെങ്കിലുമൊക്കെ ഒന്നിച്ചൊരല്പം കിടക്കാന്‍ കിട്ടാതെ വരുമോ? കിടക്കവിരിച്ചുവെയ്ക്കേന്നു ഞാന്‍. തല്ലാന്‍ വരല്ലേ. 

21 May 2010

സി ആര്‍ നീലകണ്ഠനു നേരെ നടന്ന സി പി എം ആക്രമണത്തെക്കുറിച്ച്

രാത്രി വൈകി ഫെയ്സ്ബുക്കിലൂടെ അറിഞ്ഞ് മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കുകയും ഒരു പതിവ് സി പി എം കലാപരിപാടി എന്ന നിലയില്‍ ഈ വിഷയത്തില്‍ പരിഹാസച്ചുവയോടെ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വാര്‍ത്തയില്‍ക്കണ്ട യോഗത്തിന്റെ അദ്ധ്യക്ഷന്റെ പേരു പരിചിതമാണല്ലോ എന്നോര്‍ക്കുകയും ചെയ്തു. നേരം പുലര്‍ന്നാണ് ഫോണില്‍ ആളെ വിളിച്ചന്വേഷിച്ചത്. അതേ, വിചാരിച്ച ആള്‍ തന്നെ. അദ്ദേഹത്തിനും ചെറുതായി കിട്ടിയിട്ടുണ്ട്. വേഗം രക്ഷപ്പെടുകയായിരുന്നു സ്ഥലത്തുനിന്ന്.
സംഭവസ്ഥലത്തുണ്ടായിരുന്ന ആള്‍ പറഞ്ഞപ്പോഴാണ് വാര്‍ത്തയിലുള്ളതിനെക്കാള്‍ ഭീകരമാണ് സംഭവമെന്നു മനസ്സിലായത്. ഒരു വ്യക്തിയെ മുന്‍കൂട്ടി പ്ലാന്‍ചെയ്തു വന്ന് തല്ലിച്ചതച്ച ഒരു സംഘടിത ആക്രമണമായിരുന്നു അത്. നാട്ടിന്‍പുറത്തു നടന്ന പരിപാടി. വീഡിയോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഇല്ലാത്ത സാഹചര്യം. പ്രസംഗം കേള്‍ക്കാനെന്ന ഭാവത്തില്‍ നേരത്തേതന്നെ പത്തിരുപത്തഞ്ചുപേര്‍ മുന്നില്‍ തന്നെ വന്നിരിക്കുന്നു. പ്രസംഗകന്‍ എന്തെങ്കിലും പറഞ്ഞു പ്രകോപിച്ചു എന്നു പറയാനില്ല. പറഞ്ഞു തുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും ഇരിക്കുന്ന കസേരയുമായി സംഘം വേദിയിലേക്കു കുതിക്കുന്നു. തല്ലിത്താഴെയിട്ട് ചതയ്ക്കുന്നു.
മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ സി ആര്‍ നീലകണ്ഠന്‍. സ്കേനിങ് വേണമെന്നു ഡോക്റ്റര്‍മാര്‍ പറഞ്ഞിട്ടുണ്ടത്രെ.
സി പി എം നേതൃത്വം അറിയാതെയാണിതൊക്കെ ഉണ്ടായതെന്നു വിശ്വസിക്കാന്‍ പരമമണ്ടന്മാരാവേണ്ടിവരും.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

9 May 2010

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പങ്കുപറ്റാന്‍ വെമ്പുന്ന ഇ എം എസ് ഭക്തര്‍ക്ക്

സ്വന്തം പാര്‍ട്ടിക്ക് ഒരു വിപ്ലവ ഇമേജൊന്നും എടുക്കാനില്ലാത്തതിനാല്‍  വിപ്ലവവായാടികളായ ചില സി പി എമ്മുകാര്‍ക്ക് നക്സലൈറ്റ് ചരിതം പിടിച്ചെടുക്കാന്‍ ശ്രമിക്കാന്‍മാത്രം തൊലിക്കട്ടിയൊക്കെ വളര്‍ന്നിട്ടുണ്ട്.  നക്സലൈറ്റ് പ്രസ്ഥാനത്തെപ്പറ്റിയും വര്‍ഗ്ഗീസിനെപ്പറ്റിയുമൊക്കെ രോമാഞ്ചം കൊള്ളുന്ന ഇവര്‍ നമ്പൂതിരിപ്പാടും മാര്‍ക്സിസ്റ്റുപാര്‍ട്ടിയും നക്സലൈറ്റുകളോടു സ്വീകരിച്ച നീചമായ നിലപാട് മറന്നോ അറിയില്ലെന്നു നടിച്ചോ ലേശം പഴകിമഞ്ഞച്ച നക്സലൈറ്റ് നിറമുള്ള  പുരോഗമനക്കുപ്പായമിട്ടു നടക്കും. ദേശാഭിമാനിയും  ബ്ലോഗെറിലെ ആര്‍ക്കൈവ് പണിക്കാരും ഈയിടെ വര്‍ഗ്ഗീസിനെയും അജിതയെയും കുറിച്ചൊക്കെ കുറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാള മനോരമ വര്‍ഗ്ഗീസിനെയും അജിതയെയും ചോരക്കൊതിയരായ കൊലപാതകികളായി വിശേഷിപ്പിച്ചതിനെപ്പറ്റിയൊക്കെ അവര്‍ പറയുന്നുണ്ട്.
1968 ലെ പുല്‍‌പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവേളയില്‍
മലയാള മനോരമയ്ക്ക് കെ അജിത ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയായിരുന്നു.
2010 ല്‍ ആ പത്രത്തിനവര്‍ ആദരണീയയായ വനിതയായി മാറിയിരിക്കുന്നു!
ദേശാഭിമാനിവാരികയാണ് പറയുന്നത്. ഇവിടെ കാണാം.
അതു പറയാന്‍ ബാദ്ധ്യതപ്പെട്ട വലതുപക്ഷ പത്രമാണ് മനോരമ. മനോരമ അങ്ങനെ പറഞ്ഞോ എന്നതു വേറെക്കാര്യം. ദേശാഭിമാനിയില്‍ തന്നെ വന്ന വേറൊരു ലേഖനത്തില്‍ മനോരമയില്‍ വന്നതായി ഉദ്ധരിച്ച കാര്യങ്ങള്‍ കാണുമ്പോള്‍ പക്ഷേ അങ്ങനെയൊന്നും പറഞ്ഞതായി തോന്നുന്നില്ല. എന്നുമാത്രമല്ല അക്കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെപ്പറ്റി എഴുതിയതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇ എം എസിനെക്കാള്‍ രാഷ്ട്രീയമാന്യത മനോരമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നും തോന്നും. ഇന്നിപ്പോള്‍ വര്‍ഗ്ഗീസിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ശ്രമം നടത്തിനോക്കുകയും (സഖാവ് വര്‍ഗ്ഗീസ് എന്നാണ് ജി പി രാമചന്ദ്രന്‍ എന്ന സി പി എമ്മുകാരന്‍ എഴുതുന്നത്) അജിതയെപ്പറ്റി അക്കാലത്ത് മനോരമ പറഞ്ഞതെന്നു പറഞ്ഞ് പലതും തോണ്ടിപ്പുറത്തിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ നക്സലൈറ്റ് സി പി എമ്മുകാര്‍ അന്ന് ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞതിനെപ്പറ്റി മിണ്ടില്ല. ഈ പരിഷകളെ ചില പഴയ സി പി എം നിലപാടുകള്‍ ഓര്‍മ്മിപ്പിക്കാനായി ഇ എം എസ് നമ്പൂതിരിപ്പാട് ചിന്തയിലെ കോളത്തില്‍ നല്കിയ ചില മറുപടികളിലെ രാഷ്ട്രീയ നെറികേട് ഇവിടെ പരാമര്‍ശിക്കുന്നു.


അന്ന് നമ്പൂതിരിപ്പാടിന്റെ പ്രധാനവാദം നക്സലൈറ്റുകള്‍ വലതുപക്ഷക്കാരുടെ കൂടെയാണെന്നാണ്. കോണ്‍ഗ്രസ്സിന്റെ കോടാലിക്കൈ എന്നൊക്കെയാണ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെ വിളിച്ചിരുന്നത്. ഇവരെ കൊലപാതകികളും കുറ്റവാളികളുമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മനോരമയെക്കാള്‍ മുന്‍പന്തിയിലുള്ളത് ഇ എം എസ് നമ്പൂതിരിപ്പാടാണ്. നക്സലൈറ്റുകളുടെ പ്രധാന ശത്രു സി പി എമ്മുകാരാണെന്നും അവര്‍ വലതുപക്ഷ പിന്തിരിപ്പന്മാരോടൊപ്പം ചേര്‍ന്ന് വിപ്ലവകാരികളായി സി പി എമ്മുകാരെ കൊല്ലുന്നു എന്നൊക്കെയാണ് ആരോപണം.മാത്രവുമല്ല കുത്തകപ്പത്രങ്ങള്‍ നക്സലൈറ്റുകാര്‍ക്ക് വ്യാപകമായ പ്രചാരണം നല്കുന്നു എന്നും നമ്പൂതിരിപ്പാട് പറയുന്നുണ്ട് (സഞ്ചിക 44, പുറം,148). അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കോടാലിക്കൈ ആണ്, വലതുപക്ഷക്കാരുമായി ചേര്‍ന്ന് നല്ല ഇടതന്മാരെ കൊല്ലുന്നു. കുത്തകപ്പത്രങ്ങളുടെ പിന്തുണയുമുണ്ട്. എന്നിട്ട് ഇന്നിപ്പോള്‍ ദേശാഭിമാനിയും അതിന്റെ പേനയുന്തികളും നാണമില്ലാതെ ചരിത്രം തിരുത്തുകയാണ്.
'മാനുഷിക പ്രശ്ന'ത്തിന്റെ മറവില്‍ നക്സലുകാരാണ് യഥാര്‍ത്ഥ വിപ്ലവകാരികളെന്ന ആശയം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം നടക്കുന്നില്ലേ? വേണു ഒളിവിലായിരുന്ന കാലത്തും അടുത്തകാലത്ത് പുറത്തുവന്നതിന് ശേഷവും ആ നക്സല്‍ നേതാവിന് കുത്തക പത്രങ്ങള്‍ നല്‍കിയ പ്രസിദ്ധീകരണം മാനുഷികമോ രാഷ്ട്രീയമോ? (പുറം 154, സഞ്ചിക 44)
മുണ്ടൂര്‍ രാവുണ്ണി 13 വര്‍ഷം തടവനുഭവിച്ചശേഷം പരോള്‍ ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന സാഹചര്യത്തില്‍ നമ്പൂതിരിപ്പാട് തന്റെ ദുഷ്ടത പ്രകടമാക്കുന്നു. ബൂര്‍ഷ്വാ കോടതി രാഷ്ട്രീയത്തടവുകാരായി പരിഗണിച്ച നക്സലൈറ്റുകാരെ ഇ എം എസ് പരിഗണിക്കുന്നത് സാധാരണ ക്രിമിനലുകളായിട്ടാണ്. അവര്‍ രാഷ്ട്രീയ തടവുകാരല്ലെന്ന് ഇ എം എസ് പറയുന്നു. അതിന്നായി രാഷ്ട്രീയ തടവുകാര്‍ എന്നതിന് സി പി എം നിര്‍വ്വചനം അവതരിപ്പിക്കുന്നു. മുണ്ടൂര്‍ രാവുണ്ണിക്കു പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന നീക്കങ്ങളെ നമ്പൂതിരിപ്പാട് താഴ്ത്തിക്കെട്ടുന്നുണ്ടെങ്കിലും അതിന് അന്നു സി പി എമ്മിലുണ്ടായിരുന്ന എം വി രാഘവന്‍, ചാത്തുണ്ണിമാസ്റ്റര്‍ എന്നിവരുടെ പിന്തുണയുണ്ടായിരുന്നതായി ചോദ്യത്തില്‍നിന്നും നമ്പൂതിരിപ്പാടിന്റെ മറുപടിയില്‍നിന്നും വ്യക്താമാവുന്നു.
 


നക്സലൈറ്റുകളുടെ മാര്‍ഗ്ഗത്തെ കൊലപാതകമെന്നു മുദ്രകുത്തുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചുദ്ധരിക്കുന്ന ഒരുദാഹരണം ലെനിന്റെ സഹോദരന്റേതാണ്. നരോദ്നികായിരുന്ന അലെക്സാണ്ടറെ തൂക്കിലേറ്റിയ വിവരമറിഞ്ഞപ്പോള്‍ ഇതല്ല നമ്മുടെ വഴി എന്നു ലെനിന്‍ പ്രഖ്യാപിച്ചെന്നാണ് നമ്പൂതിരിപ്പാട് പറയുക (മുകളില്‍ പുറം 147 കാണുക). ഒന്ന്, ഇങ്ങനെ പറഞ്ഞോ ഇല്ലയോ എന്നത് തര്‍ക്കവിഷയമാണ്.  രണ്ടാമത്, ലെനിനെ സഹോദരന്‍ സ്വാധീനിച്ചതിനെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന ഈ നിലപാട് സത്യസന്ധതയില്ലായ്മയാണ്.
അതൊക്കെ അവിടെയിരിക്കട്ടെ. നമ്പൂതിരിപ്പാടിന് വളരെ വിചിത്രമായ ഒരു യോഗമുണ്ടായിരുന്നു. അനവസരത്തില്‍ വേണ്ടാത്തതു പറഞ്ഞ് തന്റെ വിവരക്കേടു പ്രകടമാക്കുക എന്നതായിരുന്നു അത്. ഈ വിവരക്കേടൊക്കെ മഹാവിജ്ഞാനമായി (വിജയന്റെ ധര്‍മ്മപുരാണത്തിലെ പ്രസാദത്തെ ഓര്‍മ്മിപ്പിക്കുംവിധം) വിഴുങ്ങി നടന്ന അല്പന്മാരായ കുറെ പണ്ഡിതരും അക്കാഡമിക്കുകളും താങ്ങിത്താങ്ങി ഇദ്ദേഹത്തെ ഒരു പരുവത്തിലാക്കുകയും ചെയ്തു. ഫലമോ, മരമണ്ടത്തരങ്ങള്‍ ഏറ്റവും പരിഹാസ്യമായ രീതിയില്‍ വര്‍ഷങ്ങളും ദശകങ്ങളും ഇദ്ദേഹം പറഞ്ഞുനടന്നു. നമ്പൂതിരിപ്പാടിന്റെ അടിത്തറ തോണ്ടുന്ന വിവരക്കേടിന്റെ ഉദാഹരണങ്ങള്‍ ഞാന്‍ നേരത്തേ ഉന്നയിച്ചിട്ടുണ്ട്. മാക്സിം ഗോര്‍ക്കിയെപ്പറ്റിയും, ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെപ്പറ്റിയും ഉള്ള ഉദീരണങ്ങള്‍ അവയില്‍ ചിലതാണ്. ലെനിന്റെ സഹോദരനെപ്പറ്റി അനുചിതമായി പരാമര്‍ശിക്കുമ്പോഴും നമ്പൂതിരിപ്പാട് വങ്കത്തരം എഴുന്നെള്ളിക്കുന്നു. നക്സലിസത്തെപ്പറ്റിയുള്ള ചോദ്യോത്തരങ്ങളടങ്ങുന്ന 44ആം സഞ്ചികയില്‍ ലെനിന്റെ സഹോദരനെപ്പറ്റി ഒരു നാലിടത്തെങ്കിലും വിജ്ഞാനം വിളമ്പുന്നത് ഒറ്റ നോട്ടത്തില്‍ കണ്ടു. ഇതില്‍ മൂന്നിടത്തും പറയുന്നത് ലെനിന്റെ സഹോദരന്‍ ത്സാര്‍ ചക്രവര്‍ത്തിയെ വധിച്ചതിന് തൂക്കിലേറ്റപ്പെട്ടു എന്നാണ്.  ഇങ്ങനെയൊരു തെറ്റ് ഒരിക്കല്‍ വരുത്തുന്നതൊക്കെ സാധാരണമാണ്. എന്നാല്‍ നമ്പൂതിരിപ്പാടിനെപ്പോലെ ശ്രദ്ധേയനായ ഒരെഴുത്തുകാരന്‍ വര്‍ഷങ്ങളോളം ഈ മണ്ടത്തരം എഴുന്നെള്ളിക്കുക എന്നുവെച്ചാല്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ. പ്രസാദം തിന്നുന്ന മന്ദബുദ്ധികള്‍ക്കൊന്നിനും "നമ്പൂതിരിപ്പാടേ, ഇതു തെറ്റാണല്ലോ എന്നു പറയാനുള്ള വിവരം ഇല്ലാതെ പോയി!

ജനകീയ സാംസ്കാരികവേദി, ജനകീയ വിചാരണ എന്നീ കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം പറയുന്ന മറുപടികള്‍ ശ്രദ്ധേയമാണ്. അതിനെപ്പറ്റിയും നക്സലൈറ്റുകളുടെ പൊതുയോഗത്തിന് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം കൊടുക്കാതിരുന്നതിനെ ന്യായീകരിക്കുന്ന നമ്പൂതിരിപ്പാടിന്റെ ജനാധിപത്യ ബോധത്തെപ്പറ്റിയും മറ്റൊരു പോസ്റ്റില്‍ പറയാം.

7 May 2010

മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി വേണമത്രെ!

മാതൃഭൂമിയില്‍ മെയ് 6ന് വന്ന വാര്‍ത്തയാണ് താഴെ.
മലയാളഭാഷാചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും-എം.എ. ബേബി


ക്ലാസിക് പദവി പരിശോധിക്കാന്‍ വിദഗ്ധസമിതി


ന്യൂഡല്‍ഹി: മലയാളത്തിന്റെ ഉത്പത്തിയും ചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി അറിയിച്ചു. മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


കൊള്ളാം. സി പി എം മന്ത്രിമാര്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു ക്ലാസിക്കല്‍ ഭാഷാ പദവി സംഘടിപ്പിക്കാന്‍. അഴീക്കോടു പണ്ഡിതരുടെ വിവരംകെട്ട വാക്കുകളില്‍ പറഞ്ഞാല്‍ ക്ലാസിക് ഭാഷാപദവിക്ക്.
അപ്പോള്‍ സഖാവേ ഒരു പ്രശ്നമുണ്ട്. ഭാഷാചരിത്രം പഠിപ്പിക്കുന്നതൊക്കെ കൊള്ളാം. ഇ എം എസിന്റെ ഭാഷാശാസ്ത്രം നമുക്കെന്തെങ്കിലും ചെയ്യേണ്ടിവരും. കാരണം നമ്പൂതിരിപ്പാട് വിളമ്പിവെച്ച വങ്കത്തരങ്ങള്‍ വല്ലവരും കണ്ടുപോയാല്‍ അസൂയാലുക്കള്‍ അതെടുത്ത് ഉദ്ധരിച്ച് മലയാളത്തിനു ക്ലാസിക്കല്‍ പദവി നല്കരുതെന്നു പറഞ്ഞുകളയും. എന്താണ് ഇ എം എസ് പറഞ്ഞതെന്നോ? ഇ എം എസ് വായില്‍ത്തോന്നിയതൊക്കെ പറഞ്ഞിരുന്ന ആളാണെന്ന് അറിയാമല്ലോ. കൂട്ടത്തില്‍ പ്രാചീനമലയാള സാഹിത്യം എന്നൊന്നില്ലെന്ന് അങ്ങോര്‍ അറത്തുമുറിച്ചു പറഞ്ഞുകളഞ്ഞു.
“പ്രാചീനകാലത്ത് മലയാളമെന്ന ഒരു സ്വതന്ത്രഭാഷയുണ്ടായിരുന്നുവോ? ഇല്ലെന്നാണ് ചരിത്രവസ്തുതകൾ തെളിയിക്കുന്നത്." (നമ്മുടെ ഭാഷ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, പുറം 52) 
1996ല്‍ ദേശാഭിമാനി വാരികയിലെഴുതിയ പ്രാചീനമലയാള സാഹിത്യം: സങ്കല്പവും യാഥാര്‍‍ത്ഥ്യവും  എന്ന ലേഖനത്തിലാണ് ഇങ്ങനെ ഈ പണ്ഡിതന്‍ കാച്ചിയത്. ചരിത്രവസ്തുത ഒരു പിണ്ണാക്കും പണ്ഡിതനു പറയാനുണ്ടാവുമെന്ന് ഇ എം എസിനെക്കുറിച്ച് എന്തെങ്കിലും അറിയുന്ന ആരും  പ്രതീക്ഷിക്കില്ലല്ലോ. ഇനി പ്രതീക്ഷിച്ചിട്ടുണ്ടെങ്കിലും കാര്യവുമില്ല. പതിവു സിദ്ധാന്തം നൂറ്റൊന്നു തവണ ആവര്‍ത്തിച്ചത് പിന്നെയും ആവര്‍ത്തിക്കുന്നുണ്ട്. പണ്ട് ഒരു ചെന്തമിഴും കുറെ കൊടുംതമിഴും ഉണ്ടായിരുന്നു. ആ കൊടുംതമിഴുകളില്‍ ചിലത് സംസ്കൃതത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് സാഹിത്യഭാഷയായി മാറാന്‍ തുടങ്ങി. ഇങ്ങനെയാണ് മലയാളവും ആധുനിക തമിഴും ഉണ്ടായത്. ഇങ്ങനെയൊരു മന്തന്‍ സിദ്ധാന്തം ഇങ്ങോര്‍ ഇത്രയേറെ ആവര്‍ത്തിച്ചു നടന്നിട്ടും ഇതുകൊണ്ടെന്തു കാര്യം നമ്പൂതിരിപ്പാടേ എന്നൊരുത്തനും ചോദിച്ചില്ല! ഏതായാലും ഈ പതിവു സിദ്ധാന്തത്തിനപ്പുറം പണ്ഡിതന് ചരിത്രവസ്തുതകള്‍ ഒന്നുമില്ല.  അപ്പോള്‍ പ്രാചീന മലയാളസാഹിത്യം ഇല്ല. മലയാളം ഉണ്ടായതാവട്ടെ തമിഴിന്റെ ഒരു ഭേദം വികസിച്ചും. അതാവട്ടെ സംഭവിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടോടെയും.

ഇതിനാകെ ഒരു മാറ്റംവന്നത് ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ്. അതേവരെ വായ്മൊഴിയായി മാത്രം കിടന്നിരുന്ന പല നാടന്‍ഭാഷകളും ഇക്കാലത്തു വരമൊഴിയായി മാറി. അവയിലും സാഹിത്യമുണ്ടാവാന്‍ തുടങ്ങി. അതേവരെ പ്രാകൃത ഭാഷകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന വ്രജഭാഷയില്‍ സാഹിത്യകൃതികള്‍ ഉയര്‍ന്നുവന്നു. ഇതാണു പിന്നീട് ഹിന്ദിയായി വളര്‍ന്നത്. അതുപോലെ മറാത്തി, ബംഗാളി, ഗുജറാത്തി മുതലായി വടക്കേഇന്ത്യയിലും കര്‍ണാടകം, തെലുങ്ക്, മലയാളം മുതലായി തെക്കേ ഇന്ത്യയിലും പുത്തന്‍ വരമൊഴികള്‍ രൂപംകൊണ്ടു. പഴയ പ്രാകൃതഭാഷകള്‍ക്കും കൊടുന്തമിഴുകള്‍ക്കും രൂപഭേദം വരുന്നതോടൊപ്പം അവയില്‍ പലതും പരസ്പരം ലയിക്കുകയും ചെയ്യുകയെന്ന ഒരു സുദീര്‍ഘ പ്രക്രിയയിലൂടെയാണ് ഈ പുതിയ വരമൊഴികള്‍ ജന്മംകൊണ്ടത്.(നമ്മുടെ ഭാഷ, പുറം 28)
ഇങ്ങനെയൊക്കെ പറഞ്ഞ നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയുടെ പു ക സ ക്കാരനും എം. എ. ബേബിയുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പറയുന്നത് ഒന്‍പതാം നൂറ്റാണ്ടിലെ വാഴപ്പള്ളി ചെപ്പേട് മുതല്‍ മലയാള ലിപി ലഭ്യമെന്നാണ്. പതിന്നാലാം നൂറ്റാണ്ടില്‍ ഭഗവദ്ഗീതയ്ക്കു മലയാളഭാഷാന്തരം ഉണ്ടായിയെന്നും പറയുന്നുണ്ട്.
മനോരമ വാര്‍ത്തയിലാണ് ഇതൊക്കെ കാണുന്നത്.
 അപ്പോള്‍ നമ്പൂതിരിപ്പാട് പറഞ്ഞതോ? നമ്പൂതിരിപ്പാട് ഇതെല്ലാം പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പാഠപുസ്തകമാക്കി ഇറക്കിയിട്ടുണ്ട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. അതില്‍നിന്നാണ്  മേലെ ഉദ്ധരിച്ചത്. ഈ പുസ്തകം യൂനിവേഴ്സിറ്റികളില്‍ സിലബസ്സിലുമുണ്ട്.
ഇനിയും പോരെങ്കില്‍ നമ്പൂതിരിപ്പാട് ഇങ്ങനെയും പറഞ്ഞിട്ടുണ്ട്.
തുഞ്ചത്തെഴുത്തച്ഛന്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഭാഷാരൂപാന്തരങ്ങള്‍ സൃഷ്ടിക്കുന്നതുവരെ, കേരളത്തിലെ ജനതയ്ക്ക് തങ്ങളുടെതായ സാഹിത്യമേ ഉണ്ടായിരുന്നില്ല. (സാഹിത്യവും സമൂഹവും, പ്രബന്ധങ്ങള്‍, സാഹിത്യ അക്കാഡമി, പുറം 136)
മണ്ടന്‍ എന്നല്ലാതെ എന്തു പറയാന്‍! ദ്വിതീയാക്ഷരപ്രാസം എന്നാല്‍ എന്താണെന്നറിയാതെ ദ്വിതീയാക്ഷരപ്രാസം അനുഷ്ഠിക്കുന്ന കാവ്യം ദീര്‍ഘമായി ഉദ്ധരിച്ച് കവിക്കു ദ്വിതീയാക്ഷരപ്രാസത്തോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് ഒരു യൂനിവേഴ്സിറ്റിയില്‍ പോയി പ്രഭാഷണ പരമ്പര നടത്തിയ ദേഹമാണ്. ഇതല്ല ഇതിലപ്പുറവും പറയും. 
ഇനി ക്ലാസിക്കല്‍ ഭാഷയെന്നാല്‍ എന്താണാവോ?
വിക്കിപീഡിയ ലേഖനം അതിനെ നിര്‍വ്വചിക്കുന്നത് ഒരു ഭാഷാവിദഗ്ധന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ടാണ്.
A classical language, is a language with a literature that is classical— i.e., it should be ancient, it should be an independent tradition that arose mostly on its own, not as an offshoot of another tradition, and it must have a large and extremely rich body of ancient literature.
ഇന്ത്യാ ഗവണ്‍മെന്റിന്റെ കണക്കില്‍ ക്ലാസിക്കല്‍ ഭാഷയെന്താണെന്ന് അറിയില്ല. ഏതായാലും ഇതില്‍ പറയുന്ന മൂന്നു ഗുണങ്ങളും വേണ്ടിവരുമെന്ന് ഉറപ്പാണ്. ഈ മൂന്നു കാര്യങ്ങളും മലയാളത്തിനുണ്ട് എന്നാണ് പ്രധാനമന്ത്രിയെക്കണ്ട സംഘം തെര്യപ്പെടുത്താന്‍ ശ്രമിച്ചതെന്നും വാര്‍ത്തയില്‍നിന്നു വ്യക്തമാവുന്നുണ്ട്. എന്നാല്‍  ആദ്യത്തെ രണ്ടു ഗുണങ്ങളും മലയാളത്തിനില്ലെന്ന് നമ്പൂതിരിപ്പാട്  പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. പ്രാചീനമല്ല, സ്വതന്ത്രമായി ഉയര്‍ന്നുവന്നതുമല്ല. 
ഇനിയിപ്പോള്‍ എന്തു ചെയ്യും? ക്ലാസിക്കല്‍ പദവി വേണോ നമ്പൂതിരിപ്പാടിന്റെ ഭാഷാസിദ്ധാന്തം വേണോ?

Google Buzz Public Feed for Calicocentric --