Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

21 Oct 2009

വേണ്ടാത്തനത്തിന്നു കോപ്പിട്ടുവന്നാല്‍

(ഇ എം എസ്സിനെപ്പറ്റി ഈ ബ്ലോഗെറെഴുതിയ ഒരു പോസ്റ്റിനെതിരെ മറ്റൊരു ബ്ലോഗെര്‍ സി പി എമ്മുകാര്‍ക്കു പതിവുള്ള ഭാഷയില്‍ എഴുതിയ പോസ്റ്റിനു മറുപടിയാണിത്.) 

മീനേ, കൊത്തിയതു നന്നായി.
1. അരുളിച്ചെയ്തതും തിരുവുള്ളക്കേടുണ്ടായതും കൊഴണാശ്ശേരിയിലെ കീഴാളസഗാവില്‍ ഏനക്കേടുണ്ടാക്കിയതിനെപ്പറ്റി എന്തു പറയാനാണ്. അതിനു വ്യാകരണം ചികിത്സയാവില്ല. അരുളിച്ചെയ്യുന്നത് ഫലിതമാണ് എന്നത് വ്യാകരണത്തെറ്റാണെന്ന് ശ്യാം ബാലകൃഷ്ണന്റെ അരുളപ്പാടുണ്ട്. ഇതേതു വ്യാകരണ പ്രകാരമാണ് ബാലകൃഷ്ണാ? നമ്പൂതിരിപ്പാടിന് അരുളിച്ചെയ്യാനും തിരുവുള്ളക്കേടു തോന്നാനുമുള്ള അവകാശത്തെ ചോദ്യം ചെയ്തില്ല.  ചില ചില്ലറ 'സ്പെല്ലിങ് മിസ്റ്റേക്കു'കളെപ്പറ്റിയേ (നാട്ടുനടപ്പനുസരിച്ചുള്ള അര്‍ത്ഥത്തില്‍) പറഞ്ഞുള്ളൂ.

19 Oct 2009

ഇ എം എസ്: കോപ്പും കോപ്പ്‌രാട്ടിയും

ഒരു വിവരവുമില്ലാത്ത കാര്യത്തില്‍ പാണ്ഡിത്യപ്രകടനം നടത്താന്‍ ഇ എം എസ്സിനുണ്ടായിരുന്ന കഴിവ് സമ്മതിക്കാതെ വയ്യ. മലയാളവും ഇംഗ്ലീഷും മലയാളത്തിലെ പരിഭാഷയും ഒക്കെ എങ്ങനെ വേണമെന്ന് ഇദ്ദേഹം അരുളിച്ചെയ്യുന്നത്  നല്ല ഫലിതമാണ്.
Ideology എന്ന പദത്തിന് കമ്യൂണിസ്റ്റുകാര്‍ക്കും ബൂര്‍ഷ്വാകള്‍ക്കും ഒരുപോലെ പ്രത്യയശാസ്ത്രം എന്ന പരിഭാഷ ഉണ്ടാവുന്നത് പണ്ട് ഇദ്ദേഹത്തില്‍ തിരുവുള്ളക്കേടുണ്ടാക്കി.
"ഐഡിയോളജിക്കുള്ള ഈ വിപ്ലവകരമായ ഉള്ളടക്കമാകെ നശിപ്പിച്ച് പരസ്പരവിരുദ്ധമായ രണ്ട് ഐഡിയോളജികളെ പ്രത്യയശാസ്ത്രമെന്ന പദപ്രയോഗത്തിന്മേല്‍ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നത് വലിയ ഒരു സാഹസം തന്നെ."

ഒരു ഈസോപ്പ് കഥ

പണ്ട് ഒരു സ്ഥിരോത്സാഹിയും ഒരു സ്ഥിരോദ്ധാരിയും കൂട്ടുകാരായി.

18 Oct 2009

ക്രിസ്തുവിനു പിമ്പ് ഏ ഡിയോ ബി സിയോ?

Anno Domini (In the year of Lord  ക്രിസ്ത്വബ്ദം) മലയാളത്തിലാവുമ്പോള്‍ ഏറ്റവും  പ്രചാരം കിട്ടിയ രൂപം ക്രിസ്തുവിനു പിമ്പ് ആണോ ക്രിസ്തുവര്‍ഷം ആണോ?  ക്രിസ്ത്വബ്ദം ഏതായാലും ഈ രണ്ടും കഴിഞ്ഞ് ഏറെത്താഴെയായി മൂന്നാമതേ വരൂ. അത് ഇപ്പോള്‍ വലുതായൊന്നും ഉപയോഗത്തിലുണ്ടെന്നു തോന്നുന്നില്ല. ഗൂഗിള്‍വഴി മലയാളം യൂനികോഡ്  ഫോണ്ടുപയോഗിച്ചു തിരയുമ്പോള്‍ കൂടുതല്‍ കാണുന്നത് ക്രിസ്തുവര്‍ഷമാണ്. എങ്കിലും എത്രയോ പുസ്തകങ്ങളില്‍ ക്രി. പി. ഉപയോഗിച്ചുകണ്ടിട്ടുണ്ട്.   ഈ പിമ്പ്  ക്രിസ്തുവിന്റെ പിന്നിലേക്കുപോയി പലപ്പോഴും ക്രിസ്തുവിനു മുമ്പായി മാറും. താഴെകൊടുത്ത രണ്ടു സ്ക്രീന്‍ഷോടുകളിലും (ആദ്യത്തേത് മാതൃഭൂമിയില്‍‌ ചരിത്ര സംബന്ധിയായ ലേഖനം തന്നെ!) ബി സി ഉദ്ദേശിച്ചാണ് ക്രിസ്തുവിനു പിമ്പ് എന്നു പ്രയോഗിച്ചത്.





പിമ്പ് എന്ന പദമുണ്ടാക്കുന്ന അര്‍ത്ഥശങ്കയാണ് അതിനു കാരണം. പിമ്പ് പിന്നിലും (behind ) ശേഷവും (after) ആവാമെന്നതുകൊണ്ടാവണം ഇങ്ങനെ സംഭവിക്കുന്നത്.  ഈ വെബ്‌സൈറ്റുകളിലെ തെറ്റായ പ്രയോഗം അനന്യമൊന്നുമല്ല. എത്രയോ മലയാളികള്‍ ഈ അബദ്ധധാരണ കൊണ്ടുനടക്കുന്നു. ഈ പിമ്പ് വന്നത് മുമ്പ് പിമ്പ് എന്ന വിപരീതദ്വന്ദ്വത്തിന്റെ അനുചിതമായ പ്രയോഗം വഴിയാവണം.  (ഇതില്‍ ഇ എം എസ്സിനും വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദത്തിനും എന്തെങ്കിലും പങ്കുണ്ടോ എന്നറിയില്ല. എന്നാല്‍ ക്രിസ്തുവര്‍ഷത്തെപ്പറ്റി നമ്പൂതിരിപ്പാട് തട്ടിവിട്ട എമണ്ടന്‍ വിവരക്കേട് സമ്പൂര്‍ണ്ണകൃതികള്‍ 44-ആം വാല്യത്തിലുണ്ട്. അതു സ്കേന്‍ സഹിതം പിന്നീട്.)
വാസ്തവത്തില്‍ ഏ ഡി യെ സംബന്ധിച്ചിടത്തോളം എന്താണ് പിമ്പിലുള്ളത്? ക്രിസ്തുവിന് പിമ്പ് എന്നാല്‍ ക്രിസ്തുവിന്റെ മരണശേഷം എന്നാണ്  ഒന്നാമതായി ഊഹിക്കുക. എത്രയോ ആളുകള്‍ ഇങ്ങനെ വിചാരിക്കുന്നു. ക്രിസ്തു ജനിച്ചതോ ക്രിസ്തുവിനെ ഗര്‍ഭം ധരിച്ചതോ ആയ കാലം മുതലാണ് ക്രിസ്തൂവര്‍ഷം എണ്ണിപ്പോരുന്നത് എന്നതിനാല്‍  ക്രിസ്തുവിന് പിമ്പ് എന്നത് ആശയക്കുഴപ്പത്തിനു മാത്രമേ  ഉതകൂ.  ക്രിസ്തു വര്‍ഷം എന്നോ ക്രിസ്ത്വബ്ദം എന്നോ ഉപയോഗിക്കുന്നതല്ലേ ശരി?

10 Oct 2009

ലൂയി മാല്‍ കണ്ട കേരളം

ലൂയി മാല്‍ എന്ന ഫ്രെഞ്ച് ചലച്ചിത്രകാരന്‍ 1969-ല്‍ ബി ബി സിയുടെയും ഫ്രെഞ്ച്  ടി വിയുടെയും സഹായത്തോടെ  ഇന്ത്യയിലാകെ സഞ്ചരിച്ച് ഒരു ഡോക്യുമെന്ററി പരമ്പര നിര്‍മ്മിച്ചു.  ഇദ്ദേഹം കേരളത്തിലും വന്നു. കലാമണ്ഡലം സന്ദര്‍ശിച്ച് അവിടത്തെ പരിശീലനം ദീര്‍ഘമായി ഷൂട്ട് ചെയ്തു. Phantom India എന്ന പേരില്‍ ഏഴു ഭാഗങ്ങളുള്ള ഒരു ഡോക്യുമെന്ററി പരമ്പരയും പുറമേ Calcutta  എന്ന പേരില്‍ മറ്റൊരു ഡോക്യുമെന്ററിയും  ഇദ്ദേഹം നിര്‍മ്മിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സവിശേഷശ്രദ്ധയുണ്ടായിരുന്നു ലൂയി മാലിന്. പുറത്തറിയാത്ത ഇന്ത്യയെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത് വലിയ കോലാഹലമുണ്ടാക്കി. ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ ബി ബി സിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിറുത്താന്‍ ആവശ്യപ്പെടുംവരെ എത്തി പ്രശ്നങ്ങള്‍.
പരിഷ്കൃതനായ വെള്ളക്കാരന്റെ പുച്ഛത്തോടെയാണെങ്കിലും ഇന്ത്യയിലൊട്ടാകെ ഇത്ര വിപുലമായി  സഞ്ചരിച്ച് ഒരു ഡോക്യുമെന്ററി അക്കാലം വരെ മറ്റാരും നിര്‍മ്മിച്ചിട്ടില്ല. 1959-ല്‍ റോസെല്ലിനി വന്ന് India: Matri Bhumi എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു. അദ്ദേഹം കേരളത്തിലും വന്നിരുന്നു, നീണ്ടകരയിലെ നോര്‍വീജ്യന്‍ സഹായത്തോടെ തുടങ്ങിയ മീന്‍പിടിത്ത വികസന പദ്ധതിയൊക്കെ വിശദമായി ഷൂട്ട് ചെയ്തിരുന്നു. നെഹ്റു കാലത്തെ വികസനം ചിത്രീകരിക്കുയായിരുന്നു അദ്ദേഹം പ്രധാനമായും ചെയ്തത്. optimism ആണ്  അങ്ങോരുടെ കണ്ണാടിയെങ്കില്‍ cynicism ആണ് ലൂയി മാലിന്റേത്.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെപ്പറ്റി പ്രതിപാദിക്കാന്‍ ഇ എം എസ് നമ്പൂതിരിപ്പാട്, ഏ കെ ഗോപാലന്‍, കെ ആര്‍ ഗൌരി, സി എഛ് മുഹമ്മദ് കോയ എന്നിവരുമായുള്ള അഭിമുഖം ലൂയി മാല്‍ ചിത്രീകരിച്ചു. പരമ്പരയിലെ നാലാം ഭാഗമായ  La tentation du reve യില്‍നിന്നുള്ള ഒരു ക്ലിപ്പിങ് താഴെ കാണാം.

2 Oct 2009

ഇ എം എസും കോപ്പും: ഖേദം

ഇ എം എസും കോപ്പും ഒന്നിലെ ഗുരുതരമായ പ്രമാദത്തെപ്പറ്റി രണ്ടുമൂന്ന് ബ്ലോഗര്‍മാര്‍ പുച്ഛിച്ചെങ്കിലും ഒരു ഏതാണ്ടില്‍ പിടിച്ചു ഗൌനിക്കാതിരുന്നു കുറെ ദിവസം. 1920കളുടെ പാതിക്കുവെച്ച് ഒരു ഏതാണ്ട് അങ്ങോട്ടിങ്ങോട്ടു മാറി ഇ എം എസ്സിനെ കമ്യൂണിസ്റ്റ് നേതാവാക്കിക്കളഞ്ഞു ഞാന്‍. ഇ എം എസ് എന്നു കമ്യൂണിസ്റ്റ് നേതാവായെന്ന് അറിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ അതു നിസ്സാരമാക്കി ഏതാണ്ടാക്കുകയായിരുന്നു. ഇ എം എസ് വാക്കും സമൂഹവും എന്നൊരു പുസ്തകം പിന്നീടു കയ്യില്‍വന്നപ്പോഴാണ് അറിഞ്ഞത് പതിന്നാലാം വയസ്സില്‍ ഇ എം എസ് യോഗക്ഷേമസഭയുടെ പ്രദേശികോപസഭയുടെ സിക്രട്ടറി ആയിരുന്നെന്ന്.
"11-12 വയസ്സായ കാലത്തുതന്നെ ഗാന്ധിജിയുടെ സഹകരണ ത്യാഗസന്ദേശം ന്യയമായതാണെന്നു വിശ്വസിക്കുകയും അതിനുവേണ്ടി കൂട്ടുകാരുടെ ഇടയില്‍ പ്രചാരവേല നടത്തുകയും ചേയ്യുന്ന കോണ്‍ഗ്രസ്സുകാരനാണ് ഞാനെന്ന നിലവന്നു. പതിനാലാമത്തെ വയസ്സില്‍ത്തന്നെ ഞാന്‍ യോഗക്ഷേമസഭയുടെ പ്രദേശികോപസഭയുടെ സിക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിനൊന്നും തടസ്സമായ തരത്തിലല്ല ഓത്തുചൊല്ലലും സംസ്കൃതപഠിപ്പുമെന്നതില്‍നിന്ന് എന്‍റെ ഗുരുനാഥന്‍ സാധാരണപോലെ യാഥാസ്ഥിതികനായ ഒരു 'ഓത്ത'നല്ലായിരുന്നുവെന്നു മനസ്സിലാക്കാമല്ലോ."(ഇ എം എസ്: വാക്കും സമൂഹവും 1998, P 25)
നൂറ്റൊന്നാവര്‍ത്തിച്ച് ഡജന്‍ പതിപ്പുകളില്‍ അച്ചടിച്ച് സ്ഫുടം ചെയ്ത മഹാവിവരക്കേടുകളെ നിഷ്പ്രഭമാക്കിയ ഈ വിവരക്കേട് പറ്റിയതില്‍ ഖേദിക്കുന്നു. ഇ എം എസും കോപ്പും തുടരും.