Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

18 Oct 2009

ക്രിസ്തുവിനു പിമ്പ് ഏ ഡിയോ ബി സിയോ?

Anno Domini (In the year of Lord  ക്രിസ്ത്വബ്ദം) മലയാളത്തിലാവുമ്പോള്‍ ഏറ്റവും  പ്രചാരം കിട്ടിയ രൂപം ക്രിസ്തുവിനു പിമ്പ് ആണോ ക്രിസ്തുവര്‍ഷം ആണോ?  ക്രിസ്ത്വബ്ദം ഏതായാലും ഈ രണ്ടും കഴിഞ്ഞ് ഏറെത്താഴെയായി മൂന്നാമതേ വരൂ. അത് ഇപ്പോള്‍ വലുതായൊന്നും ഉപയോഗത്തിലുണ്ടെന്നു തോന്നുന്നില്ല. ഗൂഗിള്‍വഴി മലയാളം യൂനികോഡ്  ഫോണ്ടുപയോഗിച്ചു തിരയുമ്പോള്‍ കൂടുതല്‍ കാണുന്നത് ക്രിസ്തുവര്‍ഷമാണ്. എങ്കിലും എത്രയോ പുസ്തകങ്ങളില്‍ ക്രി. പി. ഉപയോഗിച്ചുകണ്ടിട്ടുണ്ട്.   ഈ പിമ്പ്  ക്രിസ്തുവിന്റെ പിന്നിലേക്കുപോയി പലപ്പോഴും ക്രിസ്തുവിനു മുമ്പായി മാറും. താഴെകൊടുത്ത രണ്ടു സ്ക്രീന്‍ഷോടുകളിലും (ആദ്യത്തേത് മാതൃഭൂമിയില്‍‌ ചരിത്ര സംബന്ധിയായ ലേഖനം തന്നെ!) ബി സി ഉദ്ദേശിച്ചാണ് ക്രിസ്തുവിനു പിമ്പ് എന്നു പ്രയോഗിച്ചത്.





പിമ്പ് എന്ന പദമുണ്ടാക്കുന്ന അര്‍ത്ഥശങ്കയാണ് അതിനു കാരണം. പിമ്പ് പിന്നിലും (behind ) ശേഷവും (after) ആവാമെന്നതുകൊണ്ടാവണം ഇങ്ങനെ സംഭവിക്കുന്നത്.  ഈ വെബ്‌സൈറ്റുകളിലെ തെറ്റായ പ്രയോഗം അനന്യമൊന്നുമല്ല. എത്രയോ മലയാളികള്‍ ഈ അബദ്ധധാരണ കൊണ്ടുനടക്കുന്നു. ഈ പിമ്പ് വന്നത് മുമ്പ് പിമ്പ് എന്ന വിപരീതദ്വന്ദ്വത്തിന്റെ അനുചിതമായ പ്രയോഗം വഴിയാവണം.  (ഇതില്‍ ഇ എം എസ്സിനും വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദത്തിനും എന്തെങ്കിലും പങ്കുണ്ടോ എന്നറിയില്ല. എന്നാല്‍ ക്രിസ്തുവര്‍ഷത്തെപ്പറ്റി നമ്പൂതിരിപ്പാട് തട്ടിവിട്ട എമണ്ടന്‍ വിവരക്കേട് സമ്പൂര്‍ണ്ണകൃതികള്‍ 44-ആം വാല്യത്തിലുണ്ട്. അതു സ്കേന്‍ സഹിതം പിന്നീട്.)
വാസ്തവത്തില്‍ ഏ ഡി യെ സംബന്ധിച്ചിടത്തോളം എന്താണ് പിമ്പിലുള്ളത്? ക്രിസ്തുവിന് പിമ്പ് എന്നാല്‍ ക്രിസ്തുവിന്റെ മരണശേഷം എന്നാണ്  ഒന്നാമതായി ഊഹിക്കുക. എത്രയോ ആളുകള്‍ ഇങ്ങനെ വിചാരിക്കുന്നു. ക്രിസ്തു ജനിച്ചതോ ക്രിസ്തുവിനെ ഗര്‍ഭം ധരിച്ചതോ ആയ കാലം മുതലാണ് ക്രിസ്തൂവര്‍ഷം എണ്ണിപ്പോരുന്നത് എന്നതിനാല്‍  ക്രിസ്തുവിന് പിമ്പ് എന്നത് ആശയക്കുഴപ്പത്തിനു മാത്രമേ  ഉതകൂ.  ക്രിസ്തു വര്‍ഷം എന്നോ ക്രിസ്ത്വബ്ദം എന്നോ ഉപയോഗിക്കുന്നതല്ലേ ശരി?

2 comments:

  1. "ക്രിസ്തു ജനിച്ചതോ ക്രിസ്തുവിനെ ഗര്‍ഭം ധരിച്ചതോ ആയ കാലം മുതലാണ് ക്രിസ്തുവര്‍ഷം എണ്ണിപ്പോരുന്നത്”

    ക്രിസ്തു ജനിച്ചത് 1സി.ഇ.(എ.ഡി.)യിലാണോ അതോ 4ബി.സി.ഇ.(ബി.സി.)യിലാണോ!!

    “ക്രിസ്തു വര്‍ഷമെന്നോ ക്രിസ്ത്വാബ്ദം എന്നോ ഉപയോഗിക്കുന്നതല്ലേ ശരി?”

    അതിലും നല്ലത് സി.ഇ. (കോമണ്‍ ഈറ) എന്നും ബി.സി.ഇ. (ബിഫോര്‍ കോമണ്‍ ഈറ) എന്നും വിളിക്കുന്നതല്ലേ? കണ്‍ഫ്യൂഷന്‍ ഒഴിവാകുമല്ലോ....

    ReplyDelete
  2. ക്രിസ്തു ജനിച്ചതായി കരുതിപ്പോന്ന വര്‍ഷത്തില്‍നിന്ന് ഏതാനും വര്‍ഷം പുറകിലാണ് ശരിയായ ജനനവര്‍ഷം എന്നാണ് ഇപ്പോഴത്തെ സാമാന്യധാരണ. അതു പിന്നീടുള്ള ബൈബിള്‍ സ്കോളര്‍ഷിപ്പ് നല്കിയ ധാരണയാണ്. Common Era വേണോ Christian Era വേണമോ എന്നത് കുറെക്കൂടി വിപുലമായ പ്രശ്നമാണ്. ഇവിടെ ക്രി പി എന്ന വിവരക്കേടിനെപ്പറ്റി മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചുള്ളൂ. 'ക്രിസ്ത്വാബ്ദം' എന്നു ഞാന്‍ ഉപയോഗിച്ചില്ല. ക്രിസ്ത്വബ്ദം ക്രിസ്താബ്ദം എന്നിങ്ങനെ രണ്ടുരൂപങ്ങള്‍ താരാവലിയില്‍ കാണുന്നു.

    ReplyDelete