Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

4 Sept 2009

നേന്ത്രക്കായും bananaയും

ഇ. എം. എസ്. നമ്പൂതിരിപ്പാടിന്‍റെ ഒരു പുസ്തകം(തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, 1998) അവിടെയിവിടെ വായിച്ചുനോക്കിയപ്പോള്‍ കിട്ടിയ രസകരമായ ഒരു വിവരം ഇവിടെ പറയട്ടെ.
Banana എന്ന ഒരു ഇംഗ്ലീഷ് പദമുണ്ട്. അതിനു സാമാന്യാര്‍ത്ഥവും ഒരു സവിശേഷാര്‍ത്ഥവുമുണ്ട്. എല്ലാത്തരം വാഴപ്പഴങ്ങള്‍ക്കും പൊതുവെ ഉപയോഗിക്കപ്പെടുന്ന ഒരു പേരാണിത്. അതേയവസരത്തില്‍ വാഴപ്പഴങ്ങളില്‍ ഒന്നായ നേന്ത്ര (ഏത്ത) പ്പഴത്തിനു പ്രത്യേകമായും ഈ പദം ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് എന്‍ ബി എസ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 'ഏത്തവാഴ, നേന്ത്രവാഴ, മഹേന്ദ്രകദളി, ഏത്തക്കായ്, ഏത്തപ്പഴം, നേന്ത്രപ്പഴം, വാഴ, വാഴപ്പഴം' എന്ന് പദത്തിന് അര്‍ത്ഥം കൊടുത്തിട്ടുള്ളത്. (പേജ് 154)
മേലുദ്ധരിച്ച ഭാഗം മലയാളത്തിന്‍റെ വളര്‍ച്ചയില്‍ ദിനപ്പത്ര-റേഡിയോ പരിഭാഷകര്‍ക്കുള്ള പങ്ക് എന്ന ലേഖനത്തില്‍നിന്നാണ്. ഇ എം എസ് എന്‍ ബി എസ് നിഘണ്ടുവിനെ വിശ്വസിച്ചു എന്നേയുള്ളൂ. വാഴപ്പഴത്തിനു സാമാന്യമായും മഹേന്ദ്രകദളി, നേന്ത്രപ്പഴം എന്നിവയ്ക്കു സവിശേഷമായും പറയുന്ന പേരാണ് banana എന്നാണപ്പോള്‍ നിഘണ്ടു പറയുന്നത്. സവിശേഷരായ പണ്ഡിതന്മാരുടെ ഉദാഹരണം മറന്ന് സാമാന്യജനങ്ങളുടെ ഉദാഹരണം എടുത്ത് ഇതൊന്നു താരതമ്യം ചെയ്യാം. കള്ള് എന്ന പദത്തിന് സാമാന്യജനത്തിന്‍റെ പറച്ചിലില്‍ തെങ്ങോ പനയോ ചെത്തിയെടുക്കുന്ന നീര് എന്നു മാത്രമല്ല അര്‍ത്ഥം. ചാരായം കുടിച്ചവനെയും കള്ളുകുടിയനെന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ പലനിറത്തിലുള്ളതും ബ്രാണ്ടി, റം, എന്നൊക്കെ പേരിലറിയപ്പെടുന്നതുമായ ലഹരിപാനീയം സര്‍ക്കാര്‍ വില്ക്കുന്നതിനെയും ആളുകള്‍ കള്ളെന്നു പറയും. കള്ളുകുടിയനാണെന്ന് ഇക്കാലത്തു പറഞ്ഞാല്‍ ഈവക വല്ലതും കുടിക്കുന്നവനെന്നാണ് മിക്കപ്പോഴും അര്‍ത്ഥം വരുക. കള്ള് വാങ്ങുക, കള്ളു കുടിക്കുക, എന്നൊക്കെ പറയുമ്പോഴും അങ്ങനെത്തന്നെ. (കൂട്ടത്തില്‍ പ്രചാരം കൂടിയ ബ്രാണ്ടി എന്ന പദവും സാമാന്യാര്‍ത്ഥത്തില്‍ നാട്ടാര് ഉപയോഗിക്കാറുണ്ട്. ബ്രാണ്ടി വാങ്ങുക, കുടിക്കുക എന്നൊക്കെ പറയുമ്പോള്‍ ചിലപ്പോള്‍ കുടിക്കുന്നത്, വോഡ്ക എന്ന പേരിലെ നിറമില്ലാത്ത വെള്ളമാണെന്നു വരാം.) നിഘണ്ടുകാരന്‍ അപ്പോള്‍ കള്ള് എന്നതിന് എന്തര്‍ത്ഥം കൊടുക്കും? ഇ എം എസ് ഉദ്ധരിക്കുന്ന നിഘണ്ടു പോലെയാണെങ്കില്‍ തെങ്ങുനീരും പനനീരും പറഞ്ഞ് ബ്രാണ്ടി, വിസ്കി, റം എന്നൊക്കെ പറയുമായിരിക്കും. സംസാരഭാഷയില്‍ പൊതുവില്‍ മദ്യത്തെപ്പറ്റി പറയുന്ന പദം എന്നു പറയുന്നതാണ് ശരി. അപ്പോള്‍ മഹേന്ദ്രകദളിയും ഏത്തപ്പഴവും സവിശേഷമായി പറയുന്ന നിഘണ്ടുകാരനും അതില്‍നിന്ന് നേന്ത്രപ്പഴമെന്ന് സവിശേഷാര്‍ത്ഥം എടുത്ത ഇ എം എസ്സിനും കൊഞ്ഞ്യാക്കും കള്ള് ആയ സാമാന്യജനത്തിന്‍റെ ഭാഷാബോധമേയുള്ളൂ എന്നാണോ? എന്നുറപ്പിച്ചൂ പറഞ്ഞുകൂടാ. മഹേന്ദ്രകദളി എന്ന പേരിലറിയപ്പെടുന്ന ഇനം നേന്ത്രക്കായ പോലെ വലുതാണോ എന്നറിയില്ല. ആണെങ്കില്‍ നിഘണ്ടുകാരന്‍ ഉദ്ദേശിച്ചത് banana എന്നത് വലിയ ഇനം പഴത്തിനു സവിശേഷമായി പറയുന്ന പദമെന്നാവാം. അപ്പോള്‍ ചെറുപഴങ്ങള്‍ക്ക് എന്തുപേരാണ് വേറെയുള്ളത്? വിക്കിപീഡിയ banana എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.
In popular culture and commerce, "banana" usually refers to soft, sweet "dessert" bananas. The bananas from a group of cultivars with firmer, starchier fruit are called plantains.
വാഴപ്പഴങ്ങളെ പലതായി വേര്‍തിരിക്കേണ്ട ആവശ്യം ഇംഗ്ലീഷ് ഭാഷയ്ക്കുണ്ടായക്കാണില്ല. പക്ഷേ വാഴ വിളയുന്ന നാട്ടിലുണ്ടായിക്കാണം. അതുകൊണ്ട് plantain, bananito, red banana എന്നൊക്കെ പേരുകളുണ്ട് ഓരോ നാട്ടില്‍. നമ്മുടെ നാട്ടില്‍ ഇത്തരം വേര്‍തിരിവുകള്‍ കുറിക്കാന്‍ വേറെവേറെ ഇംഗ്ലീഷ് പദങ്ങളുപയോഗിച്ചതായി ഇതുവരെ കേട്ടിട്ടില്ല. പൂവനും ഞാലിപ്പൂവനും bananito എന്ന് ആസ്ട്രേലിയയില്‍ പറയുന്ന പഴത്തിനോടടുത്തുവരുമായിരിക്കും. പക്ഷേ ആ പദത്തിന് ഇവിടെ പ്രചാരമില്ലല്ലോ. പഴുത്തു തിന്നാന്‍ കൊള്ളാത്തതും കറി, കായബജ്ജി എന്നിവയ്ക്കു യോജിച്ചതും plantain എന്ന കൂട്ടത്തില്‍ പെടുമായിരിക്കും. വെള്ളക്കാര്‍ ഭരിച്ച കാലത്ത് അവരുണ്ടാക്കിയ വല്ല വേര്‍തിരിവിന്‍റെയും അടിസ്ഥാനത്തിലാണോ മാധവന്‍പിള്ളയുടെ നിഘണ്ടുവില്‍ bananaയ്ക്ക് നേന്ത്രപ്പഴം/ഏത്തപ്പഴം എന്ന് സവിശേഷാര്‍ത്ഥം പറഞ്ഞത്?

1 comment:

  1. രസകരം തന്നെ!

    അപ്പോ platain ആണ് നേന്ത്രപ്പഴം. banana അല്ല. സായിപ്പ് യഥാര്‍ത്ഥത്തില്‍ banana എന്ന് വിളിച്ചത് നമ്മുടെ ചെറുപഴങ്ങളെയാവാം. മദ്യത്തിനെ മൊത്തം കള്ള് എന്ന് പറയുന്ന നമ്മുടെ ഭാഷാബോധം തന്നെയാവണം bananaക്ക് നേന്ത്രപ്പഴം എന്ന സവിശേഷ അര്‍ത്ഥം കല്‍പ്പിച്ചുകൊടുത്തത്. മാധവന്‍പിള്ളക്ക് തെറ്റുപറ്റി എന്നും പറയാന്‍ വയ്യ. ഭാഷയുണ്ടാക്കുന്നതുതന്നെ സാമാന്യജനമല്ലെ! അവരുടെ ഭാഷാബോധം നിഖണ്ഡു തയ്യാറാക്കുമ്പോള്‍ കണക്കിലെടുത്താല്‍ അതു തെറ്റാവുമോ. ഇനി platain എന്ന വാക്കിന് എന്തര്‍ത്ഥമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത് എന്ന് നോക്കിയില്ലേ?

    ReplyDelete