Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

2 May 2009

ജി പി രാമചന്ദ്രന്‍റെ ഉള്‍ക്കാഴ്ച

ജി പി രാമചന്ദ്രന്‍ പു ക സക്കാരനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനും ആകയാല്‍ ഒരു ശത്രുവില്ലാഞ്ഞാല്‍ മൂപ്പര്‍ക്ക് സിദ്ധാന്തം വരില്ല.
സിനിമ ഒരു ദൃശ്യകലയാണെന്നാണ് ആസ്ഥാന നിരൂപകരും പണ്ഡിതരും, അത്ഭുതം മറ നീക്കുന്ന വിധത്തിലെന്ന വണ്ണം കുട്ടികളെ പഠിപ്പിച്ചുതുടങ്ങാറുള്ളത്. ദൃശ്യത്തിന്റെ ഈ കലയിലും കളിയിലും ശബ്ദത്തിന് എന്ത് സ്ഥാനമാണുള്ളത് എന്നും ഈ വിധാതാക്കള്‍ ചോദിച്ചുകളയും.
സംഗതി കാണുന്നത് ഇവിടെ. ആര്‍ക്കെതിരായാണാവോ ഈ നിഴല്‍യുദ്ധം. എഴുത്തില്‍ അവശ്യം പാലിക്കേണ്ട സദാചാരമില്ലായ്മയാണിത്.
പറഞ്ഞു വരുന്നത്, സിനിമ എന്നത് ദൃശ്യത്തിന്റെ മാത്രമല്ല, ശബ്ദത്തിന്റെയും ഒരു കലയും മാധ്യമവുമാണെന്നു തന്നെയാണ്.
ഇതു പറഞ്ഞുവരണമെങ്കില്‍ ഈ ഡോണ്‍ ക്വിക്സോട്ടിനു ചില കാറ്റാടി യന്ത്രങ്ങള്‍ വേണം. ഇവിടെ അങ്ങോര് ചെന്നു കുത്തുന്ന കാറ്റാടികള്‍ സ്വന്തം സൈദ്ധാന്തിക ഭൂതകാലവും സഹമാര്‍ക്സിസ്റ്റ് പാര്‍ട്ടി ചലച്ചിത്ര സൈദ്ധാന്തികന്മാരുടെ (പു ക സ, ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫില്‍മ് സൊസൈറ്റീസ്) സൈദ്ധാന്തിക അഭ്യാസങ്ങളുമാവണം‍. ഇപ്പോള്‍ ടിയാന്‍റെ പ്രധാന സിദ്ധാന്തവേല പിന്തിരിപ്പന്‍ സിനിമയില്‍ മുന്തിരിപ്പഴം കണ്ടെത്തലാണ്. റസൂല്‍‌ പൂക്കുട്ടി, റഹ്മാന്‍ എന്നിങ്ങനെ. ഒക്കെക്കൊള്ളാം വിവരക്കേടുകള്‍ വിളമ്പുന്നതൊഴിച്ചാല്‍. ഗെറ്റിനോ എന്ന അര്‍ജെന്‍റീനക്കാരനായ സംവിധായകന്‍ വെടിയുണ്ടക്കിരയായ കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തിന്‍റെ ആമുഖത്തില്‍ തന്നെ രാമചന്ദ്രന്‍ പറഞ്ഞാണ് അറിയുന്നത്. സംശയം തോന്നി അന്വേഷിച്ചപ്പോള്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും താനിപ്പോഴും ജീവനോടെയുണ്ടെന്നും താന്‍ ചത്തുകാണാന്‍ കൊതിക്കുന്ന ആ നിരൂപകപ്പരിഷയെ കാച്ചണമെന്നുമാണ് ഗെറ്റിനോ പറഞ്ഞത്. രാമചന്ദ്രന്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എന്തു കഥിച്ചാലും അതില്‍ നല്ലൊരു ഭാഗം ഇത്തരം വിവരക്കേടായിരിക്കും. ഈ ലേഖനത്തിലും ഉണ്ട് വിവരക്കേടുകള്‍ വേണ്ടത്ര.
1960കളിലെ സിനിമ-വെരിത്തെ കാലഘട്ടത്തില്‍ യൂറോപ്പിലാകമാനം സ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെടുകയും പുറം ലോകമാണ് തങ്ങളുടെ പ്രതിപാദനരീതിയെ സത്യസന്ധമാക്കുന്നത് എന്ന കടുത്ത നിലപാട് വലിയൊരു വിഭാഗം ചലച്ചിത്രകാരന്മാര്‍ സ്വീകരിക്കുകയും ചെയ്തു. ഈ നിലപാട് അതേ രൂപത്തില്‍ പില്‍ക്കാലത്ത് നിലനിന്നില്ലെങ്കിലും ചിത്രീകരണ സമയത്തെ ശബ്ദങ്ങളാണ് കഴിയാവുന്നത്ര ആധാരമാക്കേണ്ടത് എന്ന നിലപാട് ലോകസിനിമയില്‍ കൂടുതല്‍ കൂടുതലായി അംഗീകരിക്കപ്പെട്ടുവരുന്നു. ഹാന്റ് ഹെല്‍ഡ് ക്യാമറ പോലെ, നീളമുള്ള വടിയുടെ അറ്റത്ത് കെട്ടി വെച്ച മൈക്രോഫോണും നിര്‍ബന്ധമായ ഒരു ചിത്രീകരണ അടിസ്ഥാനമായി ലോകത്തെമ്പാടും ചലച്ചിത്ര പ്രവര്‍ത്തകര്‍ പരിഗണിച്ചു.
Cinéma vérité എന്നത് മുഖ്യമായും ഏതാനും വട്ടന്മാര്‍ (നല്ല അര്‍ത്ഥത്തില്‍) ഒരു കേമറയും ഒരു റെക്കോഡിങ് യന്ത്രവും കയ്യിലേന്തി (ചിലപ്പോള്‍ രണ്ടും ഓരോ കയ്യില്‍) നടന്നു ചെയ്ത അഭ്യാസമായിരുന്നു. documentary നിര്‍മ്മാണത്തിലായിരുന്നു ഈ രീതി. ഈ രീതിയിലെ പ്രധാനമായ ചില ഉദാഹരണങ്ങള്‍ ഇവിടെക്കാണാം. ഒരു അമേരിക്കന്‍ യൂനിവേര്‍സിറ്റി ഹോസ്റ്റ് ചെയ്യുന്ന സൈറ്റ് ആകയാല്‍ ഫ്രെഞ്ച് വെറിതെയെക്കാള്‍ അമേരിക്കന്‍ സ്കൂളിനു പ്രാധാന്യം നല്കിയെന്നു തോന്നുന്നു. ഈ രീതി ചെലുത്തിയ സ്വാധീനം ആ രീതി പാലിച്ച ചിത്രങ്ങളുടെ എണ്ണത്തിനെ അപേക്ഷിച്ച് വളരെ ഗണ്യമായിരുന്നു എന്നു ജെയിംസ് മോണക്കോ പറയുന്ന‍ു. എന്നാല്‍ ഡോക്യുമെന്‍ററി ചലച്ചിത്രത്തിന്‍റെ മേഖലയിലുണ്ടായ ഒരു സ്കൂള്‍ കാരണം യൂറോപ്പിലാകമാനം സ്റ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെട്ടെന്നു പറയാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ. നോക്കണേ, ഏറ്റവും മികച്ച ചലച്ചിത്ര വിമര്‍ശകനുള്ള ദേശീയ അവാര്‍ഡ് പങ്കിട്ട കക്ഷിയാണ് ഈ വിധം വിവരക്കേടുകള്‍ തട്ടിവിടുന്നത്.
ഈ കുറിപ്പിന്‍റെ ശേഷം ഭാഗം മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പു ക സ-ചലച്ചിത്ര സൈദ്ധാന്തിക വങ്കന്മാരെ നിന്ദിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ചാപ്ലിന്‍റെ Great Dictator എന്ന സംഭാഷണ ചലച്ചിത്രത്തിലെ ബാര്‍ബറുടെ ഗിരിപ്രഭാഷണത്തെ രാമചന്ദ്രന്‍ വാഴ്ത്തുന്നതു നോക്കുക.
ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും രാഷ്ട്രീയമായി നിര്‍ണായകമായതുമായ ശബ്ദമുഹൂര്‍ത്തങ്ങളിലൊന്ന് ഈ സിനിമയില്‍ പ്രസിഡണ്ടിനു പകരം ബാര്‍ബര്‍ (രണ്ടും ചാപ്ളിന്റെ ഇരട്ട വേഷങ്ങള്‍) സ്റ്റേജിലെത്തുന്നതും ജനാധിപത്യത്തിന്റെ അനിവാര്യമായ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതുമായ ഭാഗമാണ്.
ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നാണ് ഇതെന്നു രാമചന്ദ്രന്‍ പറയുമ്പോള്‍ രാമചന്ദ്രന്‍ അങ്ങനെ വിചാരിക്കുന്നു എന്നേ അതിനര്‍ത്ഥമുള്ളൂ. രാമചന്ദ്രന്‍ ലോകസിനിമയുടെ ചരിത്രം പറയാന്‍ ആരുമല്ല എന്നതിനാലും മേലുദ്ധരിച്ച ഭാഗം വല്ലാതെ ബാലിശമാണെന്നതിനാലും അതിനെപ്പറ്റി പറയാനൊന്നുമില്ല. (തന്‍റെ ഷൂട്ടിങ് ലൊക്കേഷന്‍റെ പരിസരത്തെവിടെയോ വിരലും കടിച്ചുനിന്ന ഇളിഭ്യന്‍ ചെക്കന്‍ എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അവജ്ഞയോടെ രാമചന്ദ്രനു നേരേ എറിഞ്ഞ അലങ്കാരം ഓര്‍മ്മിക്കാതെ വയ്യ. ഗോപാലകൃഷ്ണനോ രാമചന്ദ്രനോ ഈ ബ്ലോഗെറെ സംബന്ധിച്ചിടത്തോളം ഓര്‍ക്കേണ്ടവരല്ലെങ്കിലും ആ എഴുത്തില്‍ ഗോപാലകൃഷ്ണന്‍ കാട്ടിയ അവജ്ഞയുടെയും നിന്ദയുടെയും ആക്രമം ഓര്‍മ്മയില്‍ കുരുങ്ങിക്കിടക്കുന്നു.) എങ്കിലും മാക്സിം ഗോര്‍ക്കി അമേരിക്കയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ (പുസ്തകം മലയാളത്തിലും സോവിയറ്റു നാട്ടില്‍നിന്ന് അച്ചടിച്ചു വന്നിരുന്നു, പു ക സക്കാര്‍ വായിച്ചിട്ടുണ്ടോ ആവോ, അല്ലെങ്കിലും അമ്മ എന്ന പ്രചാരവേലപ്പുസ്തകത്തിനപ്പുറം ഇവിടത്തെ ഇടതന്മാര്‍ക്ക് ഗോര്‍ക്കിയെ അറിയുമോ) അങ്ങേയറ്റം നിന്ദയോടെ പരാമര്‍ശിച്ച ചാപ്ലിനെപ്പറ്റി പു ക സക്കാര്‍ അഭിമാനവിജൃംഭിതരാവുന്നതു നല്ലകാര്യം. രാമചന്ദ്രന്‍ വാഴ്ത്തുന്ന ചാപ്ലിന്‍ 1931- ലെ ഒരു സോവിയറ്റ് ശബ്ദചിത്രം കണ്ട് അത്ഭുതപ്പെട്ടു. Dziga Vertov ന്‍റെ Enthusiasm: Symphony of the Donbass എന്നാണ് ചിത്രത്തിന്‍റെ പേര്. Dziga Vertov, Defining Documentary Film എന്ന പുസ്തകത്തില്‍ ഈ ചിത്രം കണ്ടശേഷം ചാപ്ലിന്‍ വെര്‍തോവിനു കൊടുത്ത അനുമോദനപത്രത്തില്‍ ഇങ്ങനെ പറയുന്നത് ഉദ്ധരിച്ചിട്ടുണ്ട്.
Never had I know that these mechanical sounds could be managed to sound so beautiful. I regard it as one of the most exhilarating symphonies I have heard. Mr. Vertov is a musician. The professors should learn from him, not quarrel with him. Congratulations.
ഈ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണെന്ന് ചാപ്ലിന്‍ എഴുതിയെന്ന് മോണക്കോയും മറ്റുള്ളവരും ചേര്‍ന്നെഴുതിയ Film Encyclopedia യില്‍ കാണുന്നു. സോവിയറ്റ് യൂനിയനില്‍ അംഗീകാരം നേടിയില്ലെങ്കിലും പുറംലോകത്ത് ഈ ചിത്രം പെട്ടെന്നു തന്നെ പ്രസിദ്ധി നേടിയെന്നും ആ പുസ്തകം പറയുന്നു. ഇങ്ങനെയുള്ള വെര്‍തോവ്, (ഇദ്ദേഹത്തിന്‍റെ ആശയങ്ങളായിരുന്നു Cinéma vérité എന്ന സംജ്ഞയ്ക്കും ആശയത്തിനും ഈ ആശയത്തിന്‍റെ പങ്കുപറ്റിയ വിവിധ സ്കൂളുകള്‍ക്കും പ്രചോദനമായത്) ചലച്ചിത്രത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഏതാനും ചിത്രങ്ങള്‍ ചെയ്ത് അധികാരികളുടെ അപ്രീതി നേടി ചലച്ചിത്ര നിര്‍മ്മാണം സാധ്യമാവാത്ത സാഹചര്യത്തില്‍ ശിഷ്ടജീവിതത്തിന്‍റെ രണ്ടു പതിറ്റാണ്ടുകള്‍ സൃഷ്ടിയ്ക്കു സാദ്ധ്യതയില്ലാതെ അറിയപ്പെടാതെ ജീവിതം തള്ളിനീക്കി വിസ്മൃതിയില്‍ മരിച്ചു. മോസ്കോവിലെ ഏതോ ഒരു പത്രം മാത്രം ചെറിയ ചരമക്കുറിപ്പു പ്രസിദ്ധീകരിച്ചു. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സാംസ്കാരിക മേസ്തിരിമാരായ രാമചന്ദ്രനും പു ക സ സൈദ്ധാന്തികന്മാരും ഉള്‍പ്പുളകം കൊള്ളുന്ന സോവിയറ്റ് ഭരണത്തിനു കീഴില്‍ ചലച്ചിത്രപ്രതിഭയ്ക്കു സംഭവിച്ചത് ഓര്‍ക്കാന്‍ ജി പി രാമചന്ദ്രനു താത്പര്യം കാണുമോഎന്തോ. ചലച്ചിത്രത്തില്‍ ശബ്ദത്തിന്‍റെ പ്രാധാന്യം എടുത്തു പറയാന്‍ കാറ്റാടിയന്ത്രത്തിനു നേരേ കുതിച്ചുചെല്ലുന്ന രാമചന്ദ്രന്‍ ചലച്ചിത്രത്തിലെ ദൃശ്യവിന്യാസത്തിലും ശബ്ദരേഖയിലും പുതുവഴിവെട്ടിയതിന് വിസ്മൃതിക്കു വിധിക്കപ്പെട്ട സോവിയറ്റ് ചലച്ചിത്ര സൈദ്ധാന്തികനെ ഓര്‍മ്മിക്കാതെപോവുന്നതില്‍ ദുരുദ്ദേശ്യം ആരോപിക്കേണ്ടതില്ല. കാരണം, Never attribute to malice that which can be adequately explained by stupidity.

Google Buzz Public Feed for Calicocentric --