Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

22 Mar 2009

സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു

സൂര്യനുതാഴെയുള്ള വിഷയങ്ങളെപ്പറ്റി പറഞ്ഞു നേരം കളയുന്ന കോളമെഴുത്തുകാരുടെ കൂട്ടത്തില്‍ വെയ്ക്കാന്‍ പറ്റില്ല തമോരന്ധ്രങ്ങളില്‍ ആഴ്ന്നിറങ്ങി ഖഗോളത്തിന്‍റെ ആഴവും പരപ്പും അളന്ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ആഴ്ചതോറും വിളമ്പുന്ന ശ്രീമാന്‍ സി. എച്ച്. കുഞ്ഞികൃഷ്ണകുറുപ്പ് അവര്‍കളെ. അദ്ദേഹം അകക്കണ്ണുകൊണ്ട് കണ്ടറിയുന്ന സത്യങ്ങള്‍ മാതൃഭൂമി വായിക്കുന്ന പാമരന്മാര്‍ക്കുകൂടി പകരാന്‍ പത്രാധിപന്മാര്‍ അദ്ദേഹത്തിന് ഞായറാഴ്ച പതിപ്പില്‍ ഒരു ഭാഗം പതിച്ചുനല്കിയിട്ടുണ്ട്. ഈയാഴ്ചത്തെ പ്രാപഞ്ചിക സത്യങ്ങളാണ് ചിത്രരൂപത്തില്‍. പ്രപഞ്ചത്തിന്‍റെ അന്ത്യത്തെപ്പറ്റിയാണ് പ്രവചനം. ശ്യാമപദാര്‍ത്ഥമാണ് ലേഖനത്തിലെ പ്രധാന സാമഗ്രി. തമോദ്വാരങ്ങളിലും ശ്യാമപദാര്‍ത്ഥങ്ങളിലും ഖഗോളശാസ്ത്രജ്ഞനു താത്പര്യമുണ്ടാവുന്നത് സ്വാഭാവികം, കുറ്റം പറയരുത്. തുടക്കത്തിലേ പറയട്ടെ ഇദ്ദേഹത്തിന്‍റെ പ്രപഞ്ചവിജ്ഞാനമൊന്നും ഗ്രഹിക്കാനുള്ള ശേഷി ഈ ബ്ലോഗെര്‍ക്കില്ല. എങ്കിലും ഇന്നു രാവിലെ ഈ കോളമൊന്ന് ഓടിച്ചുവായിച്ചപ്പോള്‍ തോന്നിയ വികല്പമാണ് ഈ പോസ്റ്റിനു കാരണം. മണ്ടന്മാരോട് ഈ ബ്ലോഗെര്‍ക്കു വലിയ ഇഷ്ടമാണ്. ചിലരെ കാണുമ്പോള്‍ അവരെപ്പറ്റി പറയാന്‍ വാക്കുകള്‍ കിട്ടാതെ വരും. (ഉദാഹരണത്തിന് രാമലിംഗം പിള്ള നിഘണ്ടു എഡിറ്റു ചെയ്ത എന്‍. വി. കൃഷ്ണവാര്യര്‍ അവര്‍കള്‍.) മരമണ്ടന്‍, പമ്പരവിഡ്ഢി, വിഡ്ഢിക്കൂശ്മാണ്ഡം, അന്നത്തിനു പകരം മറ്റെന്തൊക്കെയോ തിന്നുന്നവന്‍ എന്നൊക്കെ നിരൂപിച്ച് ഏതെങ്കിലും കള്ളിയില്‍ അവരെ ഒതുക്കാന്‍ നോക്കും. എന്നാല്‍ സി. എച്ച്. കുഞ്ഞികൃഷ്ണകുറുപ്പിനെ ഒതുക്കാന്‍ കള്ളിയൊന്നും കണ്ടില്ലെന്നതായിരുന്നു വികല്പം. ഒടുക്കം നിശ്ചയമായി.
ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു.
മൂന്നു നാലു കൊല്ലം മുന്‍പ് ഇദ്ദേഹത്തിന്‍റെ കോളത്തെപ്പറ്റി അഭിപ്രായം എഡിറ്ററന്മാരെ ഇമെയിലായി അറിയിക്കാറുണ്ടായിരുന്നു. പക്ഷേ ഇദ്ദേത്തിന്‍െ അഭൌമ വിജ്ഞാനം പാമരന്മാരുടെ കണ്ണു തട്ടി മലീമസമാവുന്നതില്‍ അവര്‍ക്കൊന്നും ഒരിണ്ടലുമില്ല. അസ്പൃശ്യമായ തമോഗഹ്വരങ്ങളെ വെറുതേ വിടുകയേ രക്ഷയുള്ളൂവെങ്കിലും കുറുപ്പിന്‍റെ പ്രപഞ്ചവിജ്ഞാനത്തിലെ അത്രയൊന്നും അഭൌമമല്ലാത്ത ചില കാര്യങ്ങള്‍ ഒന്നു തൊട്ടുനോക്കുക എന്നൊരു മാമൂല്‍ ബാക്കിയുണ്ട്. പത്തുകൊല്ലം മുമ്പ് ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തമുണ്ടായി. എന്താണത്? അറിയാന്‍ കഴിയാത്ത ഇതിന് ശ്യാമപദാര്‍ത്ഥം എന്നു സംജ്ഞ നല്കിയത്രേ. Darkmater. ജെര്‍മ്മനാണെന്നൊന്നും കരുതരുത്. Dark Matter ആണ് സാധനം. (ഈ ആശയം പത്തല്ല ഒരെഴുപത്തഞ്ചുകൊല്ലം മുമ്പുണ്ടായതെന്നാണ് തികച്ചും ഭൌമമായ ആ വിജ്ഞാനകോശം പറയുന്നത്.) ഈ സാധനം പ്രപഞ്ചത്തിന്‍റെ ആത്യന്തികവിധിക്കു കാരണമാവുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പ്രസ്താവിച്ചത്രേ. ഇങ്ങനെ പത്തുകൊല്ലം മുന്‍പ് ചില പ്രധാനപ്പെട്ട ഗവേഷണ ഫലങ്ങള്‍ പുറത്തു വന്നത് Dark Matter നെപ്പറ്റിയല്ല, Dark Energy യെപ്പറ്റിയാണ്. കുറുപ്പിന്‍റെ ഉറപ്പ് എന്തായിരുന്നാലും ശരി. കുറുപ്പ് എവിടെ തപ്പുന്നു, ശ്യാമസാധനം എവിടെക്കിടക്കുന്നു! പ്രാപഞ്ചിക ശാസ്ത്രജ്ഞനായ "ലിഡ് ക്രിസി"യെ ഉദ്ധരിക്കുന്നു കുറുപ്പ്. ആരാണാവോ ഈ പ്രാപഞ്ചിക ശാസ്ത്രജ്ഞന്‍? സാദ്ധ്യമായ സ്പെല്ലിങ്ങ് എല്ലാം വെച്ച് സെര്‍ച്ചു ചെയ്തിട്ടും ഇങ്ങനെയൊരു ദേഹത്തെ കാണുന്നില്ല. കുറുപ്പിനൊപ്പം തമോരന്ധ്രങ്ങള്‍ തോണ്ടുന്നവനാവാം. മുന്‍പൊരിക്കല്‍ അലന്‍ ബോസ് എന്ന യു എസ് ശാസ്തജ്ഞന്‍ സത്യേന്ദ്ര നാഥ ബോസിന്‍റെ അനന്തിരവനോ മറ്റോ ആണെന്ന് ഇതേ സാധനത്തില്‍ എഴുതി. അവസാനം അല്ലെന്നറിയാന്‍ അത് അലന്‍ ബോസിനോടുതന്നെ ചോദിക്കേണ്ടിവന്നു. ഈ ഇന്ത്യക്കാരുടെ ഓരോ സംശയങ്ങള്‍ എന്ന വെറിയോടെ No എന്ന ഒറ്റപ്പദമായിരുന്നു അലന്‍ ബോസിന്‍റെ മറുപടി."ബ്രിയാന്‍ ഷിമിന്‍", മറ്റൊരിടത്ത് "ഷിമിറ്റ്" (Brian P. Schmidt ആണ് ആള്‍), "ലോറന്‍സ് വെര്‍ക്കിളി നാഷണല്‍ ലബോറട്ടറി" (Lawrence Berkeley National Laboratoryയില്‍ വെര്‍ക്കിളി നോക്കിയിട്ട് കാണുന്നില്ല), സോള്‍ പെര്‍മ്യൂട്ടര്‍ മറ്റൊരിടത്ത് പേള്‍ മൂട്ടേഴ്സ് (Saul Perlmutter ആണ് പെര്‍മ്യൂട്ടറും പേള്‍ മൂട്ടേഴ്സും ആവുന്നത്) എന്നൊക്കെ ചില കണ്ടുപിടിത്തങ്ങള്‍ കുറുപ്പ് വകയായി കാണുന്നുണ്ട്. അതുപോലെയാവാം മേലെപ്പറഞ്ഞ പ്രാപഞ്ചികനും.
ഷിമിറ്റും പേള്‍ മൂട്ടേഴ്സും പരീക്ഷണത്തിനുവേണ്ടി ഉപയോഗിച്ചത് ഐ. എ. സൂപ്പര്‍നോവ ആയിരുന്നു.
ഈ ഐ എ സൂപ്പര്‍നോവ കുറുപ്പിന്‍റെ കൂര്‍ത്ത ബുദ്ധിയുടെ ഉത്പന്നമാണ്. സൂപ്പര്‍നോവ#ക്ലാസിഫിക്കേഷന്‍ നോക്കുക. റ്റൈപ്പ് I, റ്റൈപ്പ് II എന്നിങ്ങനെയുള്ള ക്ലാസിഫിക്കേഷനാണ് ഐ എ എന്നു കൂര്‍പ്പിച്ചെടുത്തത്. കുത്തനെ നില്ക്കുന്ന ഒരു വര കണ്ടു കുറുപ്പ് അത് ഐ ആണെന്നു ധരിച്ചുപോയി. സൂപ്പര്‍നോവയുടെ ക്ലാസിഫിക്കേഷന്‍പോലുള്ള നിസ്സാരകാര്യങ്ങളൊന്നും പ്രതിബന്ധമാകാത്തതുകൊണ്ടാണല്ലോ കുറുപ്പിന് ഇങ്ങനെ തമോരന്ധ്രങ്ങളില്‍ ഊളിയിട്ട് അലൌകിക ജ്ഞാനകണങ്ങളുമായി വരാനാവുന്നത്. കുറുപ്പിനെവിട്ട് ഇനി ഭൌതികകാര്യങ്ങളിലേക്കു തിരിച്ചുവരാം.ഇവിടെ പരാമര്‍ശിക്കപ്പെട്ട കോളവും കോളമെഴുത്തുകാരനും വര്‍ഷങ്ങളായി മാതൃഭൂമിയില്‍ എഴുതുന്നു. പത്രത്തില്‍ ഓരോ മാസവും ഈ മാസത്തെ ആകാശം എന്ന പേരില്‍ കോളം. വര്‍ത്തമാന പത്രത്തില്‍ ഇടക്കിടെ (ഇപ്പോഴങ്ങനെ കാണാറില്ല) byline. കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ജ്യോതിശ്ശാസ്ത്രം, പ്രപഞ്ചോത്പത്തി മുതലായ കാര്യങ്ങള്‍ വര്‍ഷങ്ങളായി കുത്തകയാക്കിവെച്ചിരിക്കുന്ന ഇദ്ദേഹം ശരിയായ അര്‍ത്ഥത്തില്‍ സാക്ഷരന്‍പോലുമല്ല. പിന്നെന്താണ് ഈ പത്രത്തിന് ഇയ്യാള്‍ അനുപേക്ഷണീയനാവാന്‍? ഇവിടെ പരാമര്‍ശിക്കുന്ന കോളത്തില്‍നിന്ന് വായനക്കാരിക്ക്/കാരനു കിട്ടുന്ന വിജ്ഞാനമെന്താണ്.
പത്തുകൊല്ലം മുമ്പ് ഞെട്ടിക്കുന്ന ഒരു കണ്ടുപിടിത്തമുണ്ടായി. ശ്യാമപദാര്‍ത്ഥം എന്ന സാധനം (പുനരുക്തി മറക്കുക) പ്രപഞ്ചത്തിന്‍റെ വികാസത്തെ ത്വരപ്പെടുത്തുന്നു. ഈ സാധനം അമ്മായിയമ്മയും നാത്തൂനും എന്നപോലെ ഊര്‍ജ്ജ സാന്ദ്രതയുമായി ഒത്തുചേര്‍ന്ന് പ്രപഞ്ചത്തെ വേര്‍പെടുത്തും. ഒരു ഷിമ്മും ഒരു മൂട്ടയും ചേര്‍ന്നാണ് ഇതു കണ്ടുപിടിച്ചത്. ഐ.എം വിജയനെയും സാമ്പാര്‍പ്പെടിയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു സൂപ്പര്‍നോവയാണ് ഇവര്‍ പരീക്ഷണത്തിനുപയോഗിച്ചത്. ശാസ്ത്രജ്ഞാന്മാരൊക്കെ പേടിച്ച് വയറിളകി ഇരിക്കുകയാണ്. വായനക്കാരും പേടിച്ചു തുടങ്ങണമെന്നതുകൊണ്ട് മാതൃഭുമിയില്‍ ശ്രീ കുറുപ്പ് ഇതൊക്കെ കണ്ടുപിടിച്ച് എഴുതുന്നു.
ഇതാണ് സാക്ഷരലക്ഷങ്ങള്‍ക്കുവേണ്ട വിജ്ഞാനം.

1 comment:

  1. Type Iaക്ക് “ഐ.ഏ” എന്നെഴുതണമെങ്കില്‍ ടിയാന്റെ വിജ്ഞാനം അപാരം. സപ്ലിമെന്റിലെ ആ കോളം വായിക്കാറില്ല. ഇന്ന് തപ്പിയെടുപ്പിച്ചു വായിച്ചു.
    ബ്ലണ്ടര്‍ഫുള്‍ !!

    മെയിന്‍ പേപ്പറില്‍ ‘ഈ മാസത്തെ ആകാശവും’ ചില വെബ് സൈറ്റുകളില്‍ നിന്ന് നിന്ന് ചൂണ്ടുന്നതാണെന്ന് തോന്നിയിട്ടുണ്ട്.

    ReplyDelete