Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

27 Mar 2009

ഇംഗ്ലീഷ് ഭാഷയ്ക്ക് ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് വക ഒരു സംഭാവന

പ്രശസ്തമായ വിവരാവകാശ നിയമത്തിലൂടെ ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പദം സംഭാവന ചെയ്യുകയുണ്ടായി. malafidely എന്നതാണ് ആ പദം. ഏതോ ഗുമസ്തന്‍റെ കൈക്കുറ്റപ്പാടാവണം ആണത്. കാരണം mala fide (മെയ്‌ല ഫൈഡി) എന്ന collocation തന്നെ adverb ആണെന്നറിയാതെ ആദ്യം അതിനെ ഒറ്റപ്പദമാക്കുകയും പിന്നെയതിന്ന് -ly ചേര്‍ത്തുകൊടുക്കുകയുമാണ് ഉണ്ടായത്. എത്ര വിവരക്കേടായാലും ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഒരു നിയമത്തില്‍ രണ്ടു തവണ വരുന്ന പദമായാല്‍ അതിനു നിലയും വിലയുമുണ്ട്. ഈ ബ്ലോഗെര്‍ ഈ പദം തെറ്റാണെന്നു പറഞ്ഞ് ഇന്‍ഡ്യയിലെ മുഖ്യവിവരാവകാശ കമ്മിഷണര്‍ക്ക് ഒരു വര്‍ഷത്തിലേറെ മുമ്പ് ഒരു ഇമെയില്‍ സന്ദേശം അയച്ചു. ഒരു ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് അയച്ച സന്ദേശത്തിന് ഒരു മണിക്കൂറിന്നകം മറുപടി നല്കി കമ്മിഷണര്‍ എന്നെ അത്ഭുതപ്പെടുത്തി. മറുപടിയില്‍ പറഞ്ഞത് ഇന്‍ഡ്യന്‍ ഇംഗ്ലീഷില്‍ അതു സ്വീകാര്യമാണെന്നായിരുന്നു. മറുപടിയോട് എനിക്കു യോജിപ്പില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വബോധം ആദരവുളവാക്കുന്നതാണ്. ഇക്കഴിഞ്ഞ ദിവസം ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിക്ക് ഞാന്‍ ഈ പദം ചൂണ്ടിക്കാട്ടി. ഓക്സ്ഫഡ് ഡിക്‌ഷനറിയെന്നാല്‍ നമ്മുടെ നാട്ടിലെ പണ്ഡിതന്മാരുടെ കണക്കില്‍ കണ്‍സൈസ് ഓക്സ്ഫഡ് ഡിക്‌ഷനറിയാണ്. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിയെന്നത് ഇപ്പോള്‍ ഇരുപതും പിന്നെയൊരു മൂന്നും വാല്യങ്ങളിലുള്ള ബൃഹത്തായ ഗ്രന്ഥമാണ്. ഈ പദത്തെക്കുറിച്ച് അവര്‍ പറഞ്ഞതിന്‍റെ പൊരുള്‍ ഇങ്ങനെ. അതില്‍ വ്യാകരണപ്പിഴ രണ്ടെണ്ണമുണ്ട്. ഒന്ന് അത് ലാറ്റിനും ഇംഗ്ലീഷും മിശ്രണം ചെയ്യുന്നു. രണ്ട് mala fide തന്നെ adverb ആയിരിക്കെ -ly ചേര്‍ക്കുന്നത് വ്യാകരത്തിനു നിരക്കുന്നതല്ല. എങ്കിലും വ്യാകരണപ്പിഴ എന്തിനെങ്കിലും ഉതകുകയാണെങ്കില്‍ അതു സ്വീകാര്യമെന്നു കരുതുന്ന ധാരാളം ആളുകളുണ്ട്. പുതിയ പദങ്ങളുടെ ശേഖരത്തില്‍ ഞങ്ങളിത് ഉള്‍പ്പെടുത്തുകയും ഈ പദത്തിന്‍റെ ഭാവി നിരീക്ഷിക്കുകയും ചെയ്യും. malafidely യോടൊപ്പം മറ്റൊരു ഫ്രെയ്സും കൂടി ചൂണ്ടിക്കാണിച്ചിരുന്നു. Suo moto ആയിരുന്നു അത്. suo motu എന്ന ഫ്രെയ്സ് എങ്ങനെ suo moto എന്ന രൂപത്തില്‍ ഇന്നാട്ടില്‍ പ്രസിദ്ധമായി എന്നറിയില്ല. Wren & Martin നോ അതുപോലെ വല്ലവരുമോ ഒപ്പിച്ചതാണോ? രാമലിഗം പിള്ളയുടെ പേരുവെച്ചു കേരളത്തില്‍ പത്തുലക്ഷം കോപ്പി വിറ്റ തട്ടിപ്പു നിഘണ്ടുവിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുകളില്‍ പറഞ്ഞ OED യില്‍ തെറ്റുകളുണ്ടെന്നു രാമലിംഗം എഡിറ്റു ചെയ്ത വാര്യരുമാര്‍ കണ്ടെത്തിയെന്ന് രാമലിംഗം വിറ്റു കേമനായ കേരളത്തിലെ പ്രമുഖ പ്രസാധകന്‍ പറഞ്ഞു. നാലു കൊല്ലം മുമ്പാണ്. അവരത് OED എഡിറ്റര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും തിരുത്തുമെന്ന ഉറപ്പ് കിട്ടിയെന്നുംകൂടി ചങ്ങാതി പറഞ്ഞു. ഞാനിക്കാര്യം OED യോടു ചോദിച്ചു. ആരും അങ്ങനെയൊന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. വാസ്തവത്തില്‍ OED യെ തിരുത്തി ഈ വങ്കന്‍ നിഘണ്ടു! tomorrow come never എന്ന phrase തിരുത്തി tomorrow comes never എന്ന് അച്ചടിച്ചു കുറെ എഡിഷന്‍ വിറ്റു ഈ വിദ്വാന്മാര്‍! ഈ വിഡ്ഢികളെപ്പറ്റി ഭാഗ്യത്തെ കവച്ചു കടന്ന മണ്ടന്‍ നിഘണ്ടു എന്ന പേരില്‍ നേരത്തേ ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.

22 Mar 2009

സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു

സൂര്യനുതാഴെയുള്ള വിഷയങ്ങളെപ്പറ്റി പറഞ്ഞു നേരം കളയുന്ന കോളമെഴുത്തുകാരുടെ കൂട്ടത്തില്‍ വെയ്ക്കാന്‍ പറ്റില്ല തമോരന്ധ്രങ്ങളില്‍ ആഴ്ന്നിറങ്ങി ഖഗോളത്തിന്‍റെ ആഴവും പരപ്പും അളന്ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ആഴ്ചതോറും വിളമ്പുന്ന ശ്രീമാന്‍ സി. എച്ച്. കുഞ്ഞികൃഷ്ണകുറുപ്പ് അവര്‍കളെ. അദ്ദേഹം അകക്കണ്ണുകൊണ്ട് കണ്ടറിയുന്ന സത്യങ്ങള്‍ മാതൃഭൂമി വായിക്കുന്ന പാമരന്മാര്‍ക്കുകൂടി പകരാന്‍ പത്രാധിപന്മാര്‍ അദ്ദേഹത്തിന് ഞായറാഴ്ച പതിപ്പില്‍ ഒരു ഭാഗം പതിച്ചുനല്കിയിട്ടുണ്ട്. ഈയാഴ്ചത്തെ പ്രാപഞ്ചിക സത്യങ്ങളാണ് ചിത്രരൂപത്തില്‍. പ്രപഞ്ചത്തിന്‍റെ അന്ത്യത്തെപ്പറ്റിയാണ് പ്രവചനം. ശ്യാമപദാര്‍ത്ഥമാണ് ലേഖനത്തിലെ പ്രധാന സാമഗ്രി. തമോദ്വാരങ്ങളിലും ശ്യാമപദാര്‍ത്ഥങ്ങളിലും ഖഗോളശാസ്ത്രജ്ഞനു താത്പര്യമുണ്ടാവുന്നത് സ്വാഭാവികം, കുറ്റം പറയരുത്. തുടക്കത്തിലേ പറയട്ടെ ഇദ്ദേഹത്തിന്‍റെ പ്രപഞ്ചവിജ്ഞാനമൊന്നും ഗ്രഹിക്കാനുള്ള ശേഷി ഈ ബ്ലോഗെര്‍ക്കില്ല. എങ്കിലും ഇന്നു രാവിലെ ഈ കോളമൊന്ന് ഓടിച്ചുവായിച്ചപ്പോള്‍ തോന്നിയ വികല്പമാണ് ഈ പോസ്റ്റിനു കാരണം. മണ്ടന്മാരോട് ഈ ബ്ലോഗെര്‍ക്കു വലിയ ഇഷ്ടമാണ്. ചിലരെ കാണുമ്പോള്‍ അവരെപ്പറ്റി പറയാന്‍ വാക്കുകള്‍ കിട്ടാതെ വരും. (ഉദാഹരണത്തിന് രാമലിംഗം പിള്ള നിഘണ്ടു എഡിറ്റു ചെയ്ത എന്‍. വി. കൃഷ്ണവാര്യര്‍ അവര്‍കള്‍.) മരമണ്ടന്‍, പമ്പരവിഡ്ഢി, വിഡ്ഢിക്കൂശ്മാണ്ഡം, അന്നത്തിനു പകരം മറ്റെന്തൊക്കെയോ തിന്നുന്നവന്‍ എന്നൊക്കെ നിരൂപിച്ച് ഏതെങ്കിലും കള്ളിയില്‍ അവരെ ഒതുക്കാന്‍ നോക്കും. എന്നാല്‍ സി. എച്ച്. കുഞ്ഞികൃഷ്ണകുറുപ്പിനെ ഒതുക്കാന്‍ കള്ളിയൊന്നും കണ്ടില്ലെന്നതായിരുന്നു വികല്പം. ഒടുക്കം നിശ്ചയമായി.
ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു.
മൂന്നു നാലു കൊല്ലം മുന്‍പ് ഇദ്ദേഹത്തിന്‍റെ കോളത്തെപ്പറ്റി അഭിപ്രായം എഡിറ്ററന്മാരെ ഇമെയിലായി അറിയിക്കാറുണ്ടായിരുന്നു. പക്ഷേ ഇദ്ദേത്തിന്‍െ അഭൌമ വിജ്ഞാനം പാമരന്മാരുടെ കണ്ണു തട്ടി മലീമസമാവുന്നതില്‍ അവര്‍ക്കൊന്നും ഒരിണ്ടലുമില്ല. അസ്പൃശ്യമായ തമോഗഹ്വരങ്ങളെ വെറുതേ വിടുകയേ രക്ഷയുള്ളൂവെങ്കിലും കുറുപ്പിന്‍റെ പ്രപഞ്ചവിജ്ഞാനത്തിലെ അത്രയൊന്നും അഭൌമമല്ലാത്ത ചില കാര്യങ്ങള്‍ ഒന്നു തൊട്ടുനോക്കുക എന്നൊരു മാമൂല്‍ ബാക്കിയുണ്ട്. പത്തുകൊല്ലം മുമ്പ് ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തമുണ്ടായി. എന്താണത്? അറിയാന്‍ കഴിയാത്ത ഇതിന് ശ്യാമപദാര്‍ത്ഥം എന്നു സംജ്ഞ നല്കിയത്രേ. Darkmater. ജെര്‍മ്മനാണെന്നൊന്നും കരുതരുത്. Dark Matter ആണ് സാധനം. (ഈ ആശയം പത്തല്ല ഒരെഴുപത്തഞ്ചുകൊല്ലം മുമ്പുണ്ടായതെന്നാണ് തികച്ചും ഭൌമമായ ആ വിജ്ഞാനകോശം പറയുന്നത്.) ഈ സാധനം പ്രപഞ്ചത്തിന്‍റെ ആത്യന്തികവിധിക്കു കാരണമാവുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പ്രസ്താവിച്ചത്രേ. ഇങ്ങനെ പത്തുകൊല്ലം മുന്‍പ് ചില പ്രധാനപ്പെട്ട ഗവേഷണ ഫലങ്ങള്‍ പുറത്തു വന്നത് Dark Matter നെപ്പറ്റിയല്ല, Dark Energy യെപ്പറ്റിയാണ്. കുറുപ്പിന്‍റെ ഉറപ്പ് എന്തായിരുന്നാലും ശരി. കുറുപ്പ് എവിടെ തപ്പുന്നു, ശ്യാമസാധനം എവിടെക്കിടക്കുന്നു! പ്രാപഞ്ചിക ശാസ്ത്രജ്ഞനായ "ലിഡ് ക്രിസി"യെ ഉദ്ധരിക്കുന്നു കുറുപ്പ്. ആരാണാവോ ഈ പ്രാപഞ്ചിക ശാസ്ത്രജ്ഞന്‍? സാദ്ധ്യമായ സ്പെല്ലിങ്ങ് എല്ലാം വെച്ച് സെര്‍ച്ചു ചെയ്തിട്ടും ഇങ്ങനെയൊരു ദേഹത്തെ കാണുന്നില്ല. കുറുപ്പിനൊപ്പം തമോരന്ധ്രങ്ങള്‍ തോണ്ടുന്നവനാവാം. മുന്‍പൊരിക്കല്‍ അലന്‍ ബോസ് എന്ന യു എസ് ശാസ്തജ്ഞന്‍ സത്യേന്ദ്ര നാഥ ബോസിന്‍റെ അനന്തിരവനോ മറ്റോ ആണെന്ന് ഇതേ സാധനത്തില്‍ എഴുതി. അവസാനം അല്ലെന്നറിയാന്‍ അത് അലന്‍ ബോസിനോടുതന്നെ ചോദിക്കേണ്ടിവന്നു. ഈ ഇന്ത്യക്കാരുടെ ഓരോ സംശയങ്ങള്‍ എന്ന വെറിയോടെ No എന്ന ഒറ്റപ്പദമായിരുന്നു അലന്‍ ബോസിന്‍റെ മറുപടി."ബ്രിയാന്‍ ഷിമിന്‍", മറ്റൊരിടത്ത് "ഷിമിറ്റ്" (Brian P. Schmidt ആണ് ആള്‍), "ലോറന്‍സ് വെര്‍ക്കിളി നാഷണല്‍ ലബോറട്ടറി" (Lawrence Berkeley National Laboratoryയില്‍ വെര്‍ക്കിളി നോക്കിയിട്ട് കാണുന്നില്ല), സോള്‍ പെര്‍മ്യൂട്ടര്‍ മറ്റൊരിടത്ത് പേള്‍ മൂട്ടേഴ്സ് (Saul Perlmutter ആണ് പെര്‍മ്യൂട്ടറും പേള്‍ മൂട്ടേഴ്സും ആവുന്നത്) എന്നൊക്കെ ചില കണ്ടുപിടിത്തങ്ങള്‍ കുറുപ്പ് വകയായി കാണുന്നുണ്ട്. അതുപോലെയാവാം മേലെപ്പറഞ്ഞ പ്രാപഞ്ചികനും.
ഷിമിറ്റും പേള്‍ മൂട്ടേഴ്സും പരീക്ഷണത്തിനുവേണ്ടി ഉപയോഗിച്ചത് ഐ. എ. സൂപ്പര്‍നോവ ആയിരുന്നു.
ഈ ഐ എ സൂപ്പര്‍നോവ കുറുപ്പിന്‍റെ കൂര്‍ത്ത ബുദ്ധിയുടെ ഉത്പന്നമാണ്. സൂപ്പര്‍നോവ#ക്ലാസിഫിക്കേഷന്‍ നോക്കുക. റ്റൈപ്പ് I, റ്റൈപ്പ് II എന്നിങ്ങനെയുള്ള ക്ലാസിഫിക്കേഷനാണ് ഐ എ എന്നു കൂര്‍പ്പിച്ചെടുത്തത്. കുത്തനെ നില്ക്കുന്ന ഒരു വര കണ്ടു കുറുപ്പ് അത് ഐ ആണെന്നു ധരിച്ചുപോയി. സൂപ്പര്‍നോവയുടെ ക്ലാസിഫിക്കേഷന്‍പോലുള്ള നിസ്സാരകാര്യങ്ങളൊന്നും പ്രതിബന്ധമാകാത്തതുകൊണ്ടാണല്ലോ കുറുപ്പിന് ഇങ്ങനെ തമോരന്ധ്രങ്ങളില്‍ ഊളിയിട്ട് അലൌകിക ജ്ഞാനകണങ്ങളുമായി വരാനാവുന്നത്. കുറുപ്പിനെവിട്ട് ഇനി ഭൌതികകാര്യങ്ങളിലേക്കു തിരിച്ചുവരാം.ഇവിടെ പരാമര്‍ശിക്കപ്പെട്ട കോളവും കോളമെഴുത്തുകാരനും വര്‍ഷങ്ങളായി മാതൃഭൂമിയില്‍ എഴുതുന്നു. പത്രത്തില്‍ ഓരോ മാസവും ഈ മാസത്തെ ആകാശം എന്ന പേരില്‍ കോളം. വര്‍ത്തമാന പത്രത്തില്‍ ഇടക്കിടെ (ഇപ്പോഴങ്ങനെ കാണാറില്ല) byline. കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ജ്യോതിശ്ശാസ്ത്രം, പ്രപഞ്ചോത്പത്തി മുതലായ കാര്യങ്ങള്‍ വര്‍ഷങ്ങളായി കുത്തകയാക്കിവെച്ചിരിക്കുന്ന ഇദ്ദേഹം ശരിയായ അര്‍ത്ഥത്തില്‍ സാക്ഷരന്‍പോലുമല്ല. പിന്നെന്താണ് ഈ പത്രത്തിന് ഇയ്യാള്‍ അനുപേക്ഷണീയനാവാന്‍? ഇവിടെ പരാമര്‍ശിക്കുന്ന കോളത്തില്‍നിന്ന് വായനക്കാരിക്ക്/കാരനു കിട്ടുന്ന വിജ്ഞാനമെന്താണ്.
പത്തുകൊല്ലം മുമ്പ് ഞെട്ടിക്കുന്ന ഒരു കണ്ടുപിടിത്തമുണ്ടായി. ശ്യാമപദാര്‍ത്ഥം എന്ന സാധനം (പുനരുക്തി മറക്കുക) പ്രപഞ്ചത്തിന്‍റെ വികാസത്തെ ത്വരപ്പെടുത്തുന്നു. ഈ സാധനം അമ്മായിയമ്മയും നാത്തൂനും എന്നപോലെ ഊര്‍ജ്ജ സാന്ദ്രതയുമായി ഒത്തുചേര്‍ന്ന് പ്രപഞ്ചത്തെ വേര്‍പെടുത്തും. ഒരു ഷിമ്മും ഒരു മൂട്ടയും ചേര്‍ന്നാണ് ഇതു കണ്ടുപിടിച്ചത്. ഐ.എം വിജയനെയും സാമ്പാര്‍പ്പെടിയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു സൂപ്പര്‍നോവയാണ് ഇവര്‍ പരീക്ഷണത്തിനുപയോഗിച്ചത്. ശാസ്ത്രജ്ഞാന്മാരൊക്കെ പേടിച്ച് വയറിളകി ഇരിക്കുകയാണ്. വായനക്കാരും പേടിച്ചു തുടങ്ങണമെന്നതുകൊണ്ട് മാതൃഭുമിയില്‍ ശ്രീ കുറുപ്പ് ഇതൊക്കെ കണ്ടുപിടിച്ച് എഴുതുന്നു.
ഇതാണ് സാക്ഷരലക്ഷങ്ങള്‍ക്കുവേണ്ട വിജ്ഞാനം.

17 Mar 2009

ഓണ്‍ലൈന്‍ വിജ്ഞാനം സര്‍ക്കാര്‍ വക

ആളുകളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ തട്ടിപ്പടച്ച ഒരു വെബ്സൈറ്റാണ് ഇവിടെ പ്രതിപാദ്യം. വെബ്4ഓള്‍ ആണത്. സര്‍വ്വവിജ്ഞാനകോശം എന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിലെ റ്റെക്സ്റ്റ് യൂനികോഡിലേക്കു മാറ്റി പ്രസിദ്ധീകരിക്കുന്നതാണ് അവിടത്തെ ഏര്‍പ്പാട്. ഈ അടുത്ത ദിവസം വരെ ഇതിന്‍റെ രൂപം ആര്‍ക്കും എക്കൌണ്ട് ഉണ്ടാക്കി എഡിറ്റു ചെയ്യാമെന്ന തോന്നലുളവാക്കും വിധമായിരുന്നു. ഗൂഗ്ള്‍ കേഷിലെ പേജിന്‍റെ സ്ക്രീന്‍ഷോട്ടില്‍ മുകളില്‍ വലത്തേയറ്റത്തു കാണുന്ന create account എന്ന ലിങ്ക് നോക്കുക. ചില പ്രകടമായ തെറ്റുകള്‍ കണ്ടപ്പോള്‍ ടോക്പേജില്‍ അതിനെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താമെന്നു കരുതി എക്കൌണ്ട് ഉണ്ടാക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് ഈ രൂപം ആളെപ്പറ്റിക്കുന്നതാണെന്നു മനസ്സിലായത്. വെബ്മാസ്റ്ററുടെ ഇമെയില്‍ ഐഡി സൈറ്റില്‍ ലഭ്യമാണ്. ആ അഡ്രസ്സിലേക്ക് ഒരു മെയില്‍ അയച്ചു. തെറ്റുധരിപ്പിക്കുന്ന രൂപത്തെപ്പറ്റിയും ഒരു ലേഖനത്തിന്‍റെ തലക്കെട്ടിലെ തെറ്റിനെപ്പറ്റിയും അതില്‍ പറഞ്ഞിരുന്നു. Abbey Theatre നെപ്പറ്റിയുള്ള ലേഖനത്തിന്‍റെ തലക്കെട്ടിനെപ്പറ്റിയായിരുന്നു പറഞ്ഞത്. മറുപടിയൊന്നും വന്നില്ല. പിന്നീടൊരു ദിവസം ഇക്കാര്യം ഓര്‍മ്മവന്നപ്പോള്‍ പഴയ മെയിലിനെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട് രണ്ടാമത് ഒരു സന്ദേശംകൂടി അയച്ചു. അതിനു വന്ന മറുപടി ഒന്നാന്തരമായിരുന്നു. ആരെന്നില്ല, എന്തെന്നില്ല. ഒറ്റവാക്യം.
What is wrong with the title?
ഒരു മറുപടി അയയ്ക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടയോ മര്യാദയോ ഇല്ല. ഞാനുന്നയിച്ച പ്രധാനവിഷയത്തെപ്പറ്റി പരാമര്‍ശമേയില്ല! എന്തൊരു വിജ്ഞാനകൌശികന്‍! അതിന് അതേ നാണയയത്തില്‍ ഞാന്‍ തിരിച്ചടിച്ചു.
The chief problem must be that you are not good for the job as is evident from the impolite and unintelligent way you replied. Other problems, you will see by and by.
(ഒരുപക്ഷേ ഈ പാവം വെബ്മാസ്റ്റര്‍ ഒരു വിരലുപയോഗിച്ചു കുത്തിക്കുത്തി അരമണിക്കൂറെടുത്തു രചിച്ചതാവാം ആ മറുപടി. മറുപടിയില്‍ പാലിക്കേണ്ട മര്യാദ അതില്‍ പാലിക്കണമെങ്കില്‍ അയാള്‍ക്കൊരു ദിവസം മുഴുവനിരുന്നു കീബോര്‍ഡില്‍ തിരുപ്പിടിക്കേണ്ടി വരുമായിരിക്കാം.) ഏതായാലും അബി തിയെറ്റര്‍ എന്ന രണ്ടു പ ദമുള്ള തലക്കെട്ടിനെ ഒറ്റപ്പദമാക്കി എഴുതിയത് ചൂണ്ടിക്കാട്ടിയാലും മനസ്സിലാവാത്ത ആള്‍ വിജ്ഞാനകോശത്തിന്‍റെ നാലയലൊത്തൊന്നും നില്‍ക്കാന്‍ പാടില്ല. ഇത്തരക്കാരുടെ നിയന്ത്രണത്തില്‍ ഈ കോശം അറിവില്ലായ്മയുടെ സമാഹാരമായി അനുദിനം വളരുന്നു. കണ്‍വേര്‍ട് ചെയ്തെടുക്കുന്ന റ്റെക്സ്റ്റ് പെയ്സ്റ്റു ചെയ്യുന്നതിലപ്പുറം ഒന്നും അറിയാത്തവര്‍ സര്‍ക്കാര്‍മുറപോലെ (പത്തു മുതല്‍ അഞ്ചുവരെ വിജ്ഞാനകോശ രചന, ഇടയ്ക്ക് ചോറിനും ചായയ്ക്കും ഇടവേള) ഓണ്‍ലൈന്‍ വിജ്ഞാനം വിളമ്പോള്‍ സംഭവിക്കുന്നതെന്തെന്ന് ദസ്തായെവ്സ്കിയെപ്പറ്റിയുള്ള ഈ പേജ് നോക്കിയാല്‍ മതി. ഫോര്‍മാറ്റ് ചെയ്യാനറിയാത്തതുകൊണ്ടോ സര്‍ക്കാര്‍ മുറയില്‍ formatting ഇല്ലാത്തതുകൊണ്ടോ ഒറ്റ വരിയില്‍ നീളത്തില്‍ക്കിടക്കുന്ന റ്റെക്സ്റ്റിന്‍റെ വലുപ്പം നോക്കുക:
പട്ടാളത്തിലെ ഡോക്ടറായ മിഖയില്‍ ദസ്തയെവ്സ്കിയുടെയും ആത്മീയകാര്യങ്ങളില്‍ തത്പരയായിരുന്ന മരിയയുടെയും ഏഴുമക്കളില്‍ രണ്ടാമനായി 1821 ഒ. 30-ന് ഫയദോര്‍ ദസ്തയെവ്സ്കി മോസ്ക്കോയില്‍ ജനിച്ചു. കുട്ടിക്കാലത്ത് അമ്മയുടെ സ്വാധീനം കൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യങ്ങളില്‍ ഫയദോര്‍ ആകൃഷ്ടനായിരുന്നു. കര്‍ക്കശനും സംശയാലുവുമായിരുന്ന പിതാവ് ഉണ്ടാക്കുന്ന കുടുംബകലഹങ്ങള്‍ ഫയദോറിന്റെ മനസ്സിനെ ഭയവിഹ്വലതകള്‍കൊണ്ട് നിറച്ചിരുന്നു. രോഗബാധിതയായിരുന്ന മാതാവ് 1837 ഫെ. 22-ന് 37-ാം വയസ്സില്‍ അന്തരിച്ചു. 16-ാമത്തെ വയസ്സില്‍ ഫയദോര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. 22-ാം വയസ്സില്‍ പ്രശസ്തമായ നിലയില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുളാ പ്രവിശ്യയ്ക്കടുത്ത് തന്റെതന്നെ ചെറിയ കൃഷിത്തോട്ടത്തില്‍വച്ച് 1939-ല്‍ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം. എന്‍ജിനീയറിങ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം 1843-ല്‍ യുദ്ധകാര്യ മന്ത്രാലയത്തിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിയില്‍ പ്രവേശിച്ചു.
ഈ പോസ്റ്റ് എഴുതുന്നതിന്‍റെ തലേദിവസം പെയ്സ്റ്റു ചെയ്ത ലേഖനമാണത്. എന്നാല്‍ നാളെ അതൊക്കെ ഫോര്‍മേറ്റു ചെയ്തും
ഉീീല്സ്യെ, എലീറീൃ ങശസവമശഹ്ീശരവ
(blind conversion മൂലം മലയാള ലിപിയിലേക്കു മാറിയ English text) ഇംഗ്ലീഷിലേക്കു മാറ്റിയും വായനയ്ക്കു പാകമാക്കുമെന്നു വിചാരിക്കരുത്. ഒരു വര്‍ഷം പഴക്കമുള്ളതു മുതല്‍ മിക്കവാറും ലേഖനങ്ങളുടെ സ്ഥിതിയിതാണ്. വെറുതെയാണോ സര്‍ക്കാര്‍കാര്യം മുറപോലെ എന്ന ചൊല്ലുണ്ടായത്. മുകളിലെ ലേഖനത്തിന്‍റെ അവസാനം പെരുമ്പടവം ശ്രീധരന്‍ എന്നൊരു പേരു കാണാം. ഈ ലേഖനം സര്‍വ്വവിജ്ഞാനകോശം എന്ന പുസ്തകത്തിനുവേണ്ടി എഴുതിയിരിക്കുന്നത് ശ്രീ ശ്രീധരനാണ് എന്നുവേണം ഇതില്‍നിന്നു കരുതാന്‍. മുകളില്‍ ഉദ്ധരിച്ച ഭാഗത്ത് ദസ്തായെവ്സ്കിയുടെ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നതിനെപ്പറ്റി പറയുന്നു.
പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം.
തല്ലിക്കൊല്ലുന്നു, അതു കണ്ടു, അപസ്മാരവും വന്നു. നല്ല പൊരുത്തം. ഇതിനു പക്ഷേ വാസ്തവവുമായി എന്തെങ്കിലും പൊരുത്തമുണ്ടോ? ഇംഗ്ലീഷ് വിക്കിപീഡിയയില്‍നിന്നുള്ള ഈ ഭാഗം വായിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇല്ലെന്നാണ്.
Fyodor's father died in 1839. Though it has never been proven, it is believed by some that he was murdered by his own serfs.[6] According to one account, they became enraged during one of his drunken fits of violence, restrained him, and poured vodka into his mouth until he drowned. An account similarly noted in "Notes From the Underground." Another story holds that Mikhail died of natural causes, and a neighboring landowner invented the story of his murder so that he might buy the estate inexpensively.
പെരുമ്പടവത്തിന്‍റേത് പൈങ്കിളി വിജ്ഞാനമാവാനേ സാദ്ധ്യതയുള്ളൂ. താഴെപ്പറയുന്നതുകൂടി നോക്കുക:
'ചൂതാട്ടക്കാരന്‍' എഴുതുന്ന ദിവസങ്ങളില്‍ ദസ്തയെവ്സ്കി അനുഭവിച്ച വന്യവും ഭ്രാന്തവുമായ ആത്മസംഘര്‍ഷങ്ങളെയും സര്‍ഗാത്മക വ്യഥയെയും കഥാവസ്തുവാക്കി പെരുമ്പടവം ശ്രീധരന്‍ എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ മലയാളത്തില്‍ വേറിട്ടു നില്ക്കുന്ന ഒന്നാണ്.
ലേഖനം പെരുമ്പടവം എഴുതിയതാണെങില്‍ മുകളിലുദ്ധരിച്ച പ്രസ്താവത്തെപ്പറ്റി പറയാവുന്നത് ഉളുപ്പില്ലായ്മ എന്നുമാത്രമാണ്. വേറിട്ടു നില്കുകയോ നില്ക്കാതിരിക്കുകയോ ചെയ്യട്ടെ, ഒരു വിജ്ഞാനകോശത്തിലേക്കുള്ള ലേഖനത്തില്‍ സ്വന്തം കൃതിയെപ്പറ്റി വേറിട്ടുനില്ക്കുന്നതെന്നു വിലയിരുത്തുന്നത് അല്പത്തമാണ്. മലയാളം ബ്രിട്ടാനിക്ക എന്ന തട്ടിപ്പു പുസ്തകത്തില്‍ (ഡി സി ബുക്സും ബ്രിട്ടാനിക്ക ഇന്‍ഡ്യയും ചേര്‍ന്നു പ്രസിദ്ധീകരിച്ചത്) കേരളം എന്ന ലേഖനത്തില്‍ കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ ഡി സി ബുക്സ് വഹിച്ച സ്തുത്യര്‍ഹമായ പങ്ക് എടുത്തു പറയുന്നതുപോലെ അശ്ലീലം.

14 Mar 2009

മാതൃഭൂമിയുടെ ഇംഗ്ലീഷുപാഠം

ഇംഗ്ലീഷില്‍ വൃത്തിയായി ഒരു വാക്യംപോലും എഴുതാനാറിയാതെയും കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ പ്രാഥമികജ്ഞാനം പോലുമില്ലാതെയും ഒരാള്‍ ആഴ്ചതോറും ഇംഗ്ലീഷുഭാഷാ കോളമെഴുത്തു തുടങ്ങിയാല്‍ എങ്ങനെയുണ്ടാവുമെന്നു കാണണമെങ്കില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ Second Language എന്ന പംക്തി നോക്കിയാല്‍ മതി. ഇതിനു മുന്‍പുള്ള ചില ലക്കങ്ങള്‍ ഓടിച്ചുനോക്കുകയും കണ്ട അബദ്ധങ്ങള്‍ ലേഖകനെ അറിയിക്കുകയും ചെയ്തിരുന്നു. ലേഖകന്‍ നന്ദിപൂര്‍‌വ്വം പ്രതികരിക്കുകയും ചെയ്തു. പക്ഷേ എന്തുചെയ്യാം, വിവരക്കേടുകള്‍ ആഴ്ചതോറും പ്രസിദ്ധീകരിക്കുന്നതിനു വിരാമമില്ല. ആരെ ഉദ്ദേശിച്ചാണ് ഈ കോളം എന്നുവരെ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. അതിലപ്പുറം കടന്നു കോളമെഴുത്തു നിറുത്തണം എന്നു പറയാനാവില്ലല്ലോ. ലേഖകനു മനസ്സിലായോ എന്തോ. മലയാളികള്‍ക്കായി ഇംഗ്ലീഷു കോളമെഴുതുന്നതു പൊതുവില്‍ വിവരദോഷികളുടെ പണിയാണെന്നു തോന്നുന്നു. ഈ പംക്തിയുടെ 2009 മാര്‍ച്ച് 15 ലക്കത്തിലെ ഗഡു ആണ് ഇതെഴുതാന്‍ നിര്‍ബ്ബന്ധിക്കുന്നത്. English idioms നെപ്പറ്റിയാണ് ശ്രീ ജയരാജ് ഈ ആഴ്ച എഴുതിയത്. എന്താണ് idiom എന്നു ജയരാജിന് അറിയില്ല. അതെന്താണെന്നു രണ്ടു പേജിലായി പരസ്പരവിരുദ്ധമായി പറഞ്ഞിട്ടുണ്ട്. ഒരിടത്തു പറഞ്ഞിരിക്കുന്നതു നോക്കുക:
Idioms are generally considered informal or slang and are, therefore, not widely used in formal writing.
ഈ പറഞ്ഞത് ശുദ്ധവിവരക്കേടാണെന്നത് ഒരു കാര്യം. idioms എന്നാലെന്തെന്നോ slang എന്നാലെന്തെന്നോ ഇയ്യാള്‍ക്ക് അറിഞ്ഞുകൂടാ എന്ന് ഈ പ്രസ്താവം വ്യക്തമാക്കുന്നു. എന്നാല്‍ മറ്റൊരിടത്ത് പറഞ്ഞിരിക്കുന്നതു നോക്കുക:
There are several idioms which are considered to be informal or colloquial in nature. Therefore informal or colloquial idioms are generally used in spoken English only.
ആദ്യം പറഞ്ഞ പ്രസ്താവനയുടെ വിപരീതമാണിത്. ഏതാനും ഇഡിയംസ് (several idioms) informal ആണെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ബാക്കിയുള്ളവ formal ആണെന്നാണല്ലോ. ചുരുക്കത്തില്‍ formal English, informal English, idiom, slang ഇവയൊന്നും എന്തെന്ന് ഇദ്ദേഹത്തിനറിഞ്ഞുകൂടാ. പോരാത്തതിന് സര്‍വ്വസാധാരണമായ several എന്ന പദത്തിന്‍റെ അര്‍ത്ഥവും ഇദ്ദേഹത്തിനറിയില്ല. several എന്നാല്‍ more than two but not many എന്നര്‍ത്ഥം. ഏതാനും എന്നു പറയാം. ഇദ്ദേഹം ഇത് ഉപയോഗിച്ചത് many എന്ന അര്‍ത്ഥത്തിലാണെന്നു തോന്നുന്നു. അതായത് നേരേ വിപരീതമായി!. മലയാളികള്‍ പതിവായി വരുത്തുന്ന തെറ്റാണിത്. മലയാളികള്‍ മാത്രമല്ല, ഒരുപക്ഷേ ഇന്ത്യക്കാര്‍ പൊതുവേ. ഹിന്ദു പത്രത്തില്‍ ഈ പദം മിക്കപ്പോഴും തെറ്റായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്ന് ആ പത്രത്തിന്‍റെ readers' editorക്ക് ഞാനെഴുതിയിരുന്നു. ഡെസ്കിലുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് editor മറുപടിയും തന്നു. പക്ഷേ പതിവു മാറിയിട്ടില്ല. [ലേഖകന്‍ ഈ പദം തെറ്റായ അര്‍ത്ഥത്തില്‍ മറ്റൊരിടത്തും ഉപയോഗിച്ചിട്ടുണ്ട്. "Several electronic gadgets are available these days." ലേഖകന് ഈ പദത്തിന്‍റെ അര്‍ത്ഥമറിയില്ലെന്ന് ഉറപ്പ്.] അതുമാത്രവുമല്ല മുകളിലെ രണ്ടുവാക്യങ്ങളുടെ കുഴപ്പം. എഴുതിയിരിക്കുന്നത് ആദ്യത്തെ വാക്യം cause ഉം രണ്ടാമത്തെ വാക്യം അതിന്‍റെ effect ഉം എന്നനിലയില്‍ causal connectionലാണ്. Therefore എന്ന adverb ഈ ബന്ധം സ്ഥാപിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ ഇവിടെ രണ്ടു വാക്യങ്ങളും തമ്മില്‍ അങ്ങനെ ബന്ധമൊന്നുമില്ല. അവ ഇങ്ങനെ മൊഴിമാറ്റാം.
അനൌപചാരികമോ സംഭാഷണത്തിലുപയോഗിക്കുന്നതോ ആയ ഏതാനും ശൈലികളുണ്ട്. അതുകൊണ്ട് അവ പൊതുവേ സംഭാഷണത്തില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
ഈ അസംബന്ധമാണ് ആ രണ്ടു വാക്യങ്ങളുടെ അര്‍ത്ഥം. എഴുത്തില്‍ പ്രകടമാവുന്ന ചിന്താവൈകല്യമാണിത്. അതിനു മറ്റൊരുദാഹരണം കൂടി പറയാം.
The background and etymological origins [sic] of most idioms is [sic] at best obscure. Some[sic] idioms of[sic] English have first been seen seen in the works of writers like Shakespeare, Sir Walter Scott, Lewis Carroll and contemporary novelists. An example of Shakespearian quotation can be found in the following sentence: "As a social worker, you certainly see the seamy side of life." Biblical references [sic] are also the source of many idioms."
ആദ്യത്തെ വാക്യത്തില്‌ are നു പകരം is ഉപയോഗിച്ച പരിഹാസ്യമായ തെറ്റുമുതല്‍ (ഇംഗ്ലീഷുഭാഷാ കോളത്തിലാണ് ഈ പൊട്ടത്തെറ്റ്) etymological origins (നാലാംകിട പുനരുക്തി) ഉം idioms of English ഉം (in ആണ് ശരിയായ preposition) ബൈബിള്‍ source ആവുന്നതിനു പകരം biblical references സോര്‍സ് ആവുന്നതും പോലുള്ള പ്രയോഗവൈകല്യങ്ങള്‍ (infelicities)വരെ ഈ വാക്യങ്ങളില്‍ നിറഞ്ഞിരിക്കുന്നു. അതിലുപരിയായി അവയ്ക്കു നിദാനമായ ചിന്താശൂന്യതയാണ് മുഴച്ചുനില്‍ക്കുന്നത്. മിക്കവാറും ശൈലികള്‍ എങ്ങനെ രൂപമെടുത്തുവെന്നത് അജ്ഞാതമാണെന്നു പറഞ്ഞ് അതിന്‍റെ തുടര്‍ച്ചയായി യുക്തിപരമായ വികാസം എന്നനിലയില്‍ അടുത്ത വാക്യത്തില്‍ പറയുന്നത് തുടക്കം കൃത്യമായി അറിയാവുന്ന ശൈലികളെപ്പറ്റിയാണ്. നേരത്തേ therefore എന്നത് അസംബന്ധമായി ഉപയോഗിച്ചതുപോലെ contrast/juxtapose ചെയ്യേണ്ടിടത്ത് അതു ചെയ്യാതെ വിരുദ്ധകാര്യങ്ങളെ ഘടിപ്പിച്ചിരിക്കുന്നു. ഇതിലപ്പുറം പറയുന്നത് overkill ആയിപ്പോവുകയേയുള്ളൂ. രണ്ടുദാഹരണങ്ങള്‍കൂടി പറഞ്ഞു നിറുത്താം. ലേഖകന്‍റെ ശൈലി to make a fast duck ശരി to make a fast buck ലേഖകന്‍റെ ശൈലി to eat one's head ശരി to bite one's head off Free Image Hosting at www.ImageShack.us

QuickPost Quickpost this image to Myspace, Digg, Facebook, and others! Free Image Hosting at www.ImageShack.us

QuickPost Quickpost this image to Myspace, Digg, Facebook, and others!

Google Buzz Public Feed for Calicocentric --